അദ്ധ്യായം 4 : ഗാന്ധി v/s ഹിന്ദുത്വ @ ബീഹാർ
————————————————————–
പാറ്റ്നയിൽ ഗാന്ധി വണ്ടിയിറങ്ങിയത് 1947 മാർച്ച് 5 നാണ്. ഡോ. സെയ്ദ് മഹ്മൂദിൻ്റെ വീട്ടിലാണ് ഗാന്ധി ക്യാമ്പ് ചെയ്തത്. കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം ജവഹർലാൽ നെഹ്റു നേരത്തേ തന്നെ ഗാന്ധിയെ നവഖലിയിലെ ശ്രീറാംപൂരിൽ വന്ന് കണ്ടിരുന്നു. നെഹ്റുവിനൊപ്പം ബീഹാർ സന്ദർശിച്ച ഡോ. രാജേന്ദ്രപ്രസാദ്, ഗാന്ധിയെ ഡോ. സെയ്ദ് മഹ്മൂദിൻ്റെ വീട്ടിൽ വെച്ച് സന്ദർശിക്കുകയുണ്ടായി. കൂടാതെ ജയപ്രകാശ് നാരായൺ, ബീഹാറിലെ മന്ത്രിസഭാംഗങ്ങൾ, ജിന്നയുടെ മുസ്ലീം ലീഗിൻ്റെ നേതാക്കൾ, പാറ്റ്ന യൂണിവേഴ്സിറ്റി വൈസ് ചാൻസലർ സർ സി പി എൻ സിംഗ് എന്നിവരോടൊപ്പം പീഡിതരായ മുസ്ലീം സമുദായത്തിൻ്റെ പ്രതിനിധികളും ഗാന്ധിയെ സന്ദർശിച്ചു.
ബീഹാർ, ഗാന്ധിയെ സംബന്ധിച്ചിടത്തോളം ഇന്ത്യയിൽ തൻ്റെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ച സ്ഥലമായിരുന്നു. ചമ്പാരനിലെ നീലം കൃഷിക്കാരുടെ ദയനീയ ജീവിതത്തോട് ചേർന്നു നിന്ന് പൊരുതി വിജയിച്ചു കൊണ്ടാണ്, ഗാന്ധി തൻ്റെ അഹിംസാ സമരത്തിൻ്റെ ഉദ്ഘാടനം ഇന്ത്യയിൽ നടത്തിയത്. അതേ ബീഹാറിൻ്റെ മണ്ണിലാണ് ഹിന്ദു വംശീയ വാദത്തിൻ്റെ കെട്ടഴിച്ചിട്ട ഹിംസയുടെ തീ ആത്മശുദ്ധീകരണത്തിൻ്റേയും സമൂഹശുദ്ധീകരണത്തിൻ്റേയും വഴികളിലൂടെ ഊതിക്കെടുത്താൻ ഗാന്ധി എത്തിയത്. നവഖലിയിൽ സ്വീകരിച്ച മാർഗ്ഗം തന്നെയാണ് ബീഹാറിലും ഗാന്ധി അവലംബിച്ചത്. വൈകീട്ടത്തെ പ്രാർത്ഥനാ സമ്മേളനവേളയിലൂടെ ബീഹാറിലെ ജനതയോടും ഗവണ്മെൻ്റിനോടും സംഘടനകളോടും തനിക്ക് അറിയിക്കാനുള്ളത് പറയുക.
ഇന്ന് ഗാന്ധി മൈതാൻ എന്നറിയപ്പെടുന്ന പാറ്റ്നയിലെ ബാങ്കിപ്പൂർ മൈതാനത്തിലാണ് തൻ്റെ മിക്കവാറും പ്രാർത്ഥനാ സമ്മേളനങ്ങൾ ഗാന്ധി നടത്തിയത്. ഇന്ന് ലോകത്തിലെ ഏറ്റവും ഉയരമുള്ള ഗാന്ധിയുടെ വെങ്കലപ്രതിമ നിൽക്കുന്നത് അതേ മൈതാനത്തിലാണ്. പക്ഷെ, ജീവിച്ചിരിക്കുമ്പോൾ ഗാന്ധി ആ മൈതാനത്ത് നിൽക്കുമ്പോൾ മനസ്സ് കാറ്റുപിടിച്ച ദീപം പോലെ ജീവന്മരണ പോരാട്ടത്തിലായിരുന്നു. തനിക്ക് ധാർമ്മിക ശക്തി പ്രദാനം ചെയ്ത അതേ മതചിന്തകളുടെ മറപറ്റി ഇന്ത്യ അതുവരെ കണ്ടിട്ടില്ലാത്ത ഹിംസ ഒരു കൂട്ടം പൈശാചിക ശക്തികൾ അഴിച്ചു വിട്ടിരിക്കുകയാണ്. അതും ജാലിയൻവാലാബാഗുകൾ സൃഷ്ടിച്ച ബ്രിട്ടീഷ് വൈദേശിക ശക്തികൾ പോകാനിരിക്കേ. സ്വാതന്ത്ര്യം തന്നെ അട്ടിമറിക്കാനുള്ള അവരുടെ നീക്കം ഗാന്ധിയെ നടുക്കി. ഒന്നുകിൽ സ്വാതന്ത്ര്യം പടിവാതിലിൽ വെച്ച് അട്ടിമറിക്കുക, അല്ലെങ്കിൽ ഹിംസയുടെ അരാജകത്വം സൃഷ്ടിച്ച് ബ്രിട്ടീഷ് ഭരണത്തെ തുടരാൻ അനുവദിക്കുക. ഇതായിരുന്നു ഹിന്ദുത്വവാദികളുടെ ലക്ഷ്യമെന്ന് അവ്യക്തമായെങ്കിലും ഗാന്ധി മനസ്സിലാക്കി.
“ധാരാളം കോൺഗ്രസ്സുകാർ അവരുടെ മുസ്ലീം സൃഹൃത്തുക്കളെ, മുസ്ലീം സഹോദരരെ രക്ഷിക്കുന്നതിനായി ജീവൻ ത്യജിച്ചിട്ടുണ്ട്. എങ്കിലും മുസ്ലീങ്ങളോട്, ബീഹാർ ഹിന്ദുക്കൾ ചെയ്തതായി പറയപ്പെടുന്ന അപമാനകരമായ പ്രവൃത്തികൾക്കും അവർക്കേറ്റ പരിക്കുകൾക്കും അത് ഒരുത്തരമല്ല. അവർ ബീഹാർ ലഹളയെ കാണുന്നത് ചരിത്രത്തിൽ നടന്ന സമാന്തരതകളില്ലാത്ത ക്രൂരതയായിട്ടാണ്. അങ്ങനെയല്ല എന്ന് ഞാൻ വിശ്വസിക്കുന്നുണ്ടെങ്കിൽ എനിക്ക് ബീഹാറിലെ ഹിന്ദുക്കളേക്കാൾ വൃത്തികെട്ടതായി ക്രൂരകൃത്യങ്ങൾ നടത്തിയ മനുഷ്യമൃഗങ്ങൾ ചരിത്രത്തിൽ ഉണ്ടായിരുന്നുവെന്ന് ഉദാഹരണങ്ങൾ എടുത്തുകാണിക്കാം. എന്നാൽ താരതമ്യങ്ങൾ ഉണ്ടാക്കുകയും കുറ്റകൃത്യങ്ങളുടെ ഗുരുത്വം സ്വർണ്ണത്തുലാസ് കൊണ്ടളക്കുകയും ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിന് വിരുദ്ധമായി യഥാർത്ഥമായി പശ്ചാത്തപിക്കുന്ന ഒരുവൻ, ഞാൻ എൻ്റെ മുൻഗാമിയേക്കാൾ മെച്ചപ്പെട്ടവനാണ് എന്ന് കരുതി സ്വയം മുഖസ്തുതി നടത്താൻ മുതിരുകയില്ല.
പ്രതികാരത്തിന് നിയമ വിധേയമായ ഒരു സ്ഥലമുണ്ട്. നല്ലത് ചെയ്തു കൊണ്ട് തങ്ങളുടെ മുൻഗാമികളെ നിഷ്ക്രിയരാക്കുകയും സേവനകർമ്മത്തിൽ തങ്ങളുടെ അദ്ധ്വാനമർപ്പിക്കുകയും ചെയ്യുക എന്നതാണത്. ഇന്ത്യയിലെ എല്ലാ ഭാഗത്തുമുള്ള വിചാരഹീനരായ ഹിന്ദുക്കൾ വ്യാജമായി കെട്ടിപ്പുണരുന്ന വിശ്വാസം നവഖലി സാക്ഷ്യം വഹിച്ച നിയമരാഹിത്യത്തെ ബീഹാർ തടഞ്ഞുവെന്നാണ്. ഞാനവരെ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നത് അത്തരം രീതിയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് നരകശിക്ഷയിലേയ്ക്കും അടിമത്തത്തിലേയ്ക്കും ഉള്ള വഴിയാണെന്നാണ്. അല്ലാതെ സ്വാതന്ത്ര്യത്തിലേയ്ക്കും ധീരതയിലേയ്ക്കുമുള്ളതല്ല. ഇവിടെ പ്രദർശിപ്പിക്കപ്പെട്ട പ്രാകൃതത്വം ഒരു നാഗരികതയേയോ മതത്തേയോ രക്ഷിക്കാനോ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാനോ ഉള്ള സംഗതിയാണെന്ന് വിശ്വസിക്കുന്നത് ഭീരുത്വം മാത്രമാണ്. ഞാൻ ഈയിടെ നേരിട്ടറിഞ്ഞ കാര്യങ്ങളിൽ നിന്നു കൊണ്ട് പറയാൻ കഴിയുന്നത്, എവിടെ ഭീരുത്വമുണ്ടോ, അതിൻ്റെ മറുപുറത്ത് ക്രൂരതയുമുണ്ട് എന്നതാണ്.”
1947 മാർച്ച് 6 ന് ഗാന്ധി സംസാരിച്ചതിൻ്റെ ചുരുക്കം ഇതാണ്. “ഹിന്ദുക്കളും മുസ്ലീങ്ങളും അടുത്തടുത്ത് സമാധാനകാംക്ഷികളായ അയൽക്കാരായി ജീവിച്ച ഒരു കാലമുണ്ടായിരുന്നു. ഇന്നത് വന്നു ഭവിച്ചിട്ടുള്ളത് സുഹൃത്തുക്കളെന്ന് നിനച്ച് പരസ്പരം നോക്കാൻ പോലും കഴിയാത്തത്ര ഒരു കാലമായാണ്. ഏറ്റവും ചുരുങ്ങിയത് പരസ്പരശത്രുക്കളെന്ന നിലയിലെങ്കിലും പെരുമാറാതിരിക്കുക.
ഹോളിയുടെ അവസരം മുസ്ലീങ്ങളെ വീണ്ടും ആക്രമിച്ചു കൊണ്ട് അടയാളപ്പെടുത്താനാണ് പോകുന്നതെന്ന് മുസ്ലീങ്ങൾ ഭയക്കുന്നുണ്ട് ( പിറ്റേന്നായിരുന്നു ഹോളി). ”
“വന്ദേമാതരം, ജയ് ഭാരത്, ജയ്ഹിന്ദ് തുടങ്ങിയ അട്ടഹാസങ്ങൾ ഇന്ന് മുസൽമാൻമാരെ ഭയപ്പെടുത്തുന്നു. ഭാരത് കി ജയ് എന്ന മുദ്രാവാക്യം മുസൽമാൻ കി ക്ഷയ് എന്നർത്ഥമാക്കുന്നുണ്ടോ? അത്തരം അവസ്ഥയിലേയ്ക്ക് കാര്യങ്ങൾ മാറുന്നത് ലജ്ജാകരമായ ഒന്നാണ്. ഞാൻ അനേകം മുസ്ലീംലീഗ് സുഹൃത്തുക്കളെ കാണുകയും അവർ എനിക്ക് മുന്നിൽ ഹൃദയം തുറന്നതായി അനുഭവപ്പെടുകയും ചെയ്തു. അവരെന്നോട് ചോദിച്ചത് മുസ്ലീങ്ങളെ ബീഹാറിൽ താമസിക്കാൻ അനുവദിക്കുമോ എന്നാണ്. ഡോ. സെയ്ദ് മഹ്മൂദിനെപ്പോലെ കോൺഗ്രസ്സിനുള്ളിലെ മുസ്ലീം സുഹൃത്തുക്കളും വർത്തമാന സാഹചര്യത്തിൽ അവർ അനുഭവിക്കുന്ന വൈഷമ്യങ്ങൾ പ്രകടിപ്പിക്കുകയുണ്ടായി. സഹോദരൻ സഹോദരന് മേൽ നടത്തുന്ന ഈ ഭീകരവത്ക്കരണം, ശരിയാണെങ്കിൽ, എന്നെ സംബന്ധിച്ചിടത്തോളം അസഹനീയമാണ്. ഒരു ഭ്രാന്തൻ കർമ്മത്തിന് പകരം മറ്റൊരു ഭ്രാന്തൻ കർമ്മം കൊണ്ട് പകരം വെയ്ക്കാനാണോ അവർ ശ്രമിക്കുന്നത്? അങ്ങനെയെങ്കിൽ ഒരു രക്തസമുദ്രത്തിൽ ഇന്ത്യ മുങ്ങിത്താണു പോകും.”
ഗാന്ധി തുടർന്നത് ഇങ്ങനെയാണ് : “അവർക്കു നേരെ ചെയ്ത കൃത്യങ്ങളിൽ പശ്ചാത്തപിക്കുന്നുണ്ടെന്ന് മാത്രമല്ല, മുമ്പ് ഉണ്ടായിരുന്ന പോലെ അവരോടുള്ള സ്നേഹം നിറച്ചിട്ടുണ്ടെന്ന് ഓരോ മുസ്ലീമിനും ബോധ്യമാകുന്ന തരത്തിലാണ് ഹോളി ആഘോഷിക്കേണ്ടത്. പഴയ സൗഹൃദത്തിൻ്റെ തിരിച്ചുപിടിക്കലിൻ്റെ അടയാളമായി ഹോളിയെ മാറ്റാൻ സാധിച്ചാൽ അത് യഥാർത്ഥമായ മതാഘോഷമായി തീരും.”
മതത്തെ, മറ്റുള്ളവരെ കൊന്നൊടുക്കാനുള്ള അനുമതിപത്രമായി കണക്കാക്കിയ ഹിന്ദുത്വവാദികളുടെ ദർശനത്തെ നേർക്ക് നേർ നിന്ന് നേരിടുകയാണ് ഗാന്ധി ചെയ്തത്. അവരുടെ ഉപകരണമായി തീരാവുന്ന ഹിന്ദുസമൂഹത്തിന് മുന്നിൽ, മതത്തെ സ്നേഹത്തിൻ്റേയും മൈത്രിയുടേയും അടയാളമായി അവതരിപ്പിക്കുന്ന ഒന്നായിട്ടാണ് ബീഹാർ പര്യടനത്തിൽ ഉടനീളം ഗാന്ധി പ്രയോഗിച്ചത്. ലഹളയിൽ ഹിന്ദുക്കൾ തട്ടിക്കൊണ്ടുപോയ മുസ്ലീം സ്ത്രീകളെ അവരുടെ വീട്ടിൽ, മുഴുവൻ പശ്ചാത്താപത്തോടും കൂടി, തിരിച്ചു കൊണ്ടാക്കാൻ ഗാന്ധി ആവശ്യപ്പെട്ടു. അല്ലെങ്കിൽ തൻ്റെ അടുത്തോ ഡോ. രാജേന്ദ്രപ്രസാദിൻ്റെ അടുത്തോ അവരെ തിരിച്ചെത്തിക്കുക.
മനുഷ്യർക്കിടയിലെ സാഹോദര്യം എന്ന ആശയം വളരുന്നത് മതങ്ങൾക്കിടയിലെ സാഹോദര്യവും സമുദായങ്ങൾക്കിടയിലെ സാഹോദര്യവും സംഭവിക്കുമ്പോഴാണ് എന്ന് ഗാന്ധി കരുതി. ഇസ്ലാം മതവും ഹിന്ദുമതവും സഹോദരീമതങ്ങളാണ്. ഇന്ത്യയിലെ എല്ലാ മതങ്ങളും തമ്മിൽ തമ്മിൽ സാഹോദര്യമല്ലാതെ മറ്റൊന്നുമില്ല. ഓരോ മതാഘോഷങ്ങളും മറ്റ് മതങ്ങളുമായി സാഹോദര്യം പ്രഖ്യാപിക്കുന്ന മഹോത്സവങ്ങളാക്കി മാറ്റുന്നതോടെ ബ്രാഹ്മണ രാഷ്ട്രീയത്തിൻ്റെ പ്രായോഗിക മാർഗ്ഗങ്ങളിൽ വലിയ തടസ്സം സൃഷ്ടിക്കാമെന്ന് ഗാന്ധി കരുതി. കാരണം രാഷ്ട്രീയ ബ്രാഹ്മണ്യത്തിന്റെ പ്രായോഗികക്ഷമത മതാഘോഷങ്ങളിലൂടെയാണ് അവർ സ്ഥാപിച്ചെടുത്തത്. ഹിന്ദു മതോത്സവങ്ങളേയും ആഘോഷങ്ങളേയും മുസ്ലീംവിരുദ്ധ പ്രകടനമാക്കിക്കൊണ്ടാണ് തിലക് മുതലുള്ളവർ പ്രവർത്തിച്ചിരുന്നത്. അതിനെതിരെയുള്ള ദർശനത്തെ ഉത്സവങ്ങളുടെ സത്തയാക്കാനാണ് ഗാന്ധി ശ്രമിച്ചത്. 1947 മാർച്ച് 7 ൻ്റെ പ്രാർത്ഥനാ സമ്മേളനത്തിലും ഈ ശ്രമം തുടരുന്നുണ്ട്.
“ബീഹാർ തുളസീദാസൻ്റെ രാമായണത്തിൻ്റെ നാടാണ്. ആ ധീരമായ ഇതിഹാസത്തിൻ്റെ സംഗീതത്തിനൊപ്പം, പഠിപ്പില്ലാത്ത, ദരിദ്രനായ ബീഹാറിയുടെ ശബ്ദം എപ്പോഴും മുഴങ്ങാറുണ്ട്. എന്താണ് പാപമെന്നും മതപരമായ മേന്മ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്തെന്നും അവർക്കറിയാം. അത്തരത്തിലുള്ളവരുടെ കൈയ്യിൽ നിന്നു വന്ന തെറ്റായ പ്രവൃത്തികൾ ഭീകരമാം വിധം വലുപ്പമുള്ളവയാണ്. എന്തുകൊണ്ട് അവരുടെ പ്രായശ്ചിത്തവും അത്ര തന്നെ വലിപ്പത്തിൽ ഉള്ളതായിക്കൂടാ? ഒരു ചൊല്ലുണ്ട്. പാപി എത്ര വലിപ്പമുള്ളവനാണോ, അത്രയും വലിപ്പമുള്ളതാകണം വിശുദ്ധനും. തങ്ങളുടെ കൈയ്യിൽ നിന്ന് കഷ്ടത അനുഭവിച്ചവരെ സമീപിച്ച് അവർക്ക് ശരിയായത് ചെയ്യുന്നത് അതേ വലിപ്പത്തിൽ തന്നെയാകണം.”
ബീഹാറിലെ വംശഹത്യ പലപ്പോഴും കോൺഗ്രസ്സിനുള്ളിലെ ഹിന്ദുക്കൾക്കുള്ളിൽ തന്നെ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചിരുന്നു. അവരിൽ പലരും അതിനെ കൊൽക്കൊത്തയിലും നവഖലിയിലും നടന്ന വർഗ്ഗീയലഹളയുടെ പ്രതികരണമായാണ് വീക്ഷിച്ചത്. ഇന്ത്യയെ വിഴുങ്ങാൻ, സ്വാതന്ത്ര്യസമരം ഉല്പാദിപ്പിച്ച കൂട്ടായ സമരത്തിൻ്റെ മൂല്യങ്ങളെ വിഴുങ്ങാൻ, കാത്തുനില്ക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ ഫാസിസ്റ്റ് മാനങ്ങൾ കാണാനോ മനസ്സിലാക്കാനോ അവർക്ക് കഴിഞ്ഞില്ല. മതത്തെയും മതബോധത്തേയും അഴിമതി വല്ക്കരിച്ചും ഹിംസാത്മകമാക്കിയുമാണ് അത് രാഷ്ടീയ നേട്ടങ്ങൾ കൈവരിക്കുക എന്ന ആഴനോട്ടം അവർക്ക് സിദ്ധിച്ചിരുന്നില്ല. അവർ അക്രമത്തെ എതിർത്തു. പക്ഷെ, അക്രമങ്ങൾക്ക് പിന്നിലെ അധികാരക്കൊതിയരായ രാഷ്ട്രീയ ബ്രാഹ്മണിസത്തെ കാണാനുള്ള ദർശന വിശാലത അവർക്ക് ഉണ്ടായിരുന്നില്ല. ഗാന്ധിയുടെ തുടർച്ചയായ പ്രസംഗങ്ങളും പര്യടനങ്ങളുമാണ്, ന്യൂനപക്ഷത്തിന് ജനാധിപത്യപരമായ സാന്ത്വനം ഒരു പരിധി വരെയെങ്കിലും നൽകിയത്. ഗാന്ധി, ഹിന്ദുക്കളെ മുൻനിർത്തി നേർക്കുനേർ സംസാരിച്ചു. ന്യൂനപക്ഷം എന്നത് ഇന്ത്യയുടെ ജനജീവിതത്തിൻ്റെ ഉർവ്വരമായ ഞരമ്പ് ആണെന്ന് ബോധ്യപ്പെടുത്താൻ ശ്രമിച്ചു. അവർ ഉപകരണമായി തീർന്ന തെറ്റിൻ്റെ വ്യാസം എത്ര വലിപ്പമുള്ളതാണെന്ന് ബോധ്യപ്പെടുത്തി.
മുസ്ലീങ്ങളുടെ പക്കലുണ്ടായിരുന്ന ഒരു കോടി രൂപയെങ്കിലും കവർച്ച ചെയ്യുകയോ നശിപ്പിക്കുകയോ ചെയ്തിട്ടുണ്ട് എന്ന റിപ്പോർട്ടുകളെ മുൻനിർത്തി ഗാന്ധി സംസാരിച്ചത് “കവർന്നെടുത്ത ആസ്തികൾ തിരിച്ചുകൊടുക്കുകയും ബീഹാർ പ്രവിശ്യയിൽ നടത്തിയ അക്രമങ്ങളുടെ ഫലമായുണ്ടായ നഷ്ടങ്ങൾ പരിഹരിക്കുകയും ചെയ്യുക ഹിന്ദുക്കളുടെ കടമയായിരിക്കുന്നു” എന്നാണ്.
ഇതിനിടെ ഹിന്ദുക്കളെ കുറ്റപ്പെടുത്തുന്നത് നിർത്തണം എന്നാവശ്യപ്പെട്ട് ഗാന്ധിക്ക് ഹിന്ദുത്വവാദികളിലൊരാളിൽ നിന്ന് ഒരു കമ്പിസന്ദേശം ലഭിക്കുകയുണ്ടായി. 1947 മാർച്ച് 8 ന് ഗാന്ധി നടത്തിയ പ്രാർത്ഥനാനന്തര പ്രഭാഷണത്തിൽ അതിനെപ്പറ്റി പരാമർശിക്കുന്നുണ്ട്.
“ബീഹാറിലെ ഹിന്ദുക്കളെ ആക്ഷേപിക്കാൻ പാടുള്ളതല്ല. എന്തുകൊണ്ടെന്നാൽ അവർ ചെയ്തതെല്ലാം കടമയെക്കുറിച്ചുള്ള അവബോധത്തിൽ നിന്നുകൊണ്ടാണ് എന്ന് മുന്നറിയിപ്പ് നൽകുന്ന കമ്പിസന്ദേശം കിട്ടിയതിൽ എനിക്കുള്ള അമ്പരപ്പ് രേഖപ്പെടുത്തട്ടെ. ഈ മുന്നറിയിപ്പ് എഴുതിയ ആൾ ഇന്ത്യക്കോ ഹിന്ദുമതത്തിനോ യാതൊരു നന്മയും ചെയ്യാത്തവനാണെന്ന് പറയാൻ എനിക്ക് യാതൊരു മടിയുമില്ല. എൻ്റെ സ്വന്തം മതത്തിൽ വിശ്വസിച്ച് ജീവിക്കുന്ന ഹിന്ദുവായി തന്നെയാണ് ഞാൻ സംസാരിക്കുന്നത്. എന്നാൽ ഹിന്ദുവായിരിക്കേ തന്നെ ഞാനൊരു നല്ല മുസ്ലീമാണ്, ക്രിസ്ത്യാനിയാണ്, ജൂതനാണ് എന്നവകാശപ്പെടാൻ കഴിയുക വഴി കുറച്ചു കൂടി നല്ല ഹിന്ദുവെന്ന് അവകാശപ്പെടാൻ എന്നെ പ്രാപ്തനാക്കുന്നു. സഹജീവികളായ ഹിന്ദുക്കളോടോ, മറ്റേതെങ്കിലും സഹജീവികളോടോ തെറ്റ് ചെയ്യുന്നവർ നല്ല ഹിന്ദുക്കളാണെന്ന അവകാശവാദം പിൻവലിക്കണം.”
വംശഹത്യ എന്ന പരികല്പന പോലെത്തന്നെ അപരിചിതമായിരുന്ന പരികല്പനയാണ് മതേതരത്വം എന്നതും. മതേതരത്വത്തിൻ്റെ സംസ്കാരം എങ്ങനെയാണ് മനുഷ്യരിൽ, പ്രത്യേകിച്ച് ഹിന്ദു സമുദായത്തിൽ പെട്ടവരിൽ, പ്രവർത്തിക്കേണ്ടത് എന്ന് തൻ്റേതായ രീതിയിൽ പറയുകയായിരുന്നു, ഗാന്ധി. മതേതരത്വ സങ്കല്പം ഭൂരിപക്ഷ – ന്യൂനപക്ഷ ദ്വന്ദ്വത്തിൽ എങ്ങനെയാണ് പെരുമാറേണ്ടത് എന്ന കാര്യത്തിൽ ഗാന്ധിക്ക് കൃത്യമായ ധാരണ ഉണ്ടായിരുന്നു എന്ന് ബീഹാർ പ്രസംഗങ്ങൾ കൃത്യമായി കാണിച്ചു തരുന്നുണ്ട്. പിൽക്കാലത്ത് ഇന്ത്യൻ ഭരണഘടനയും മറ്റും മതേതരത്വത്തെ നിർവ്വചിച്ച ശേഷം മതേതരത്വം പൊതുമണ്ഡലത്തിൽ ആവിഷ്ക്കരിക്കപ്പെട്ടത് ആധുനിക ഭാഷയിലാണ്. ഗാന്ധിയുടെ ഭാഷ അതല്ലായിരുന്നു എന്നു മാത്രം. ഹിന്ദുത്വ രാഷ്ട്രീയക്കാർ തങ്ങളുടെ വിളനിലമായി ഉപയോഗിച്ച അതേ മതമണ്ഡലത്തെ തന്നെ ഗാന്ധി അവർക്കെതിരായി ഉപയോഗിച്ചു. അത് ഫലപ്രദമായിരുന്നു എന്നല്ല പറയേണ്ടത്. അത് മാത്രമാണ് ഫലപ്രാപ്തിയിലെത്തിച്ചത്.
ബീഹാറിൽ പര്യടനം നടത്തുന്ന ഖാൻ അബ്ദുൾ ഗാഫർഖാൻ 1947 മാർച്ച് 8 ന് പാറ്റ്നയിൽ എത്തിച്ചേർന്നു. ബീഹാറിൽ സമാധാനം പുന:സ്ഥാപിക്കുന്നതിനും മുസ്ലീങ്ങളുടെ പുനർവാസം ഉറപ്പുവരുത്തതിനും എന്തു ചെയ്യണമെന്ന കാര്യത്തിൽ ചർച്ച നടത്തി. മാർച്ച് 9 ന്റെ പ്രാർത്ഥനാനന്തര പ്രഭാഷണത്തിൽ ഗാന്ധി ഇക്കാര്യം ഉന്നയിച്ചു. 1947 മാർച്ച് 11 ൻ്റെ പ്രഭാഷണത്തിൽ പിറ്റേന്ന് മുതൽ കലാപബാധിത പ്രദേശങ്ങളിൽ ചുറ്റിസഞ്ചരിക്കാനുള്ള തൻ്റെ പദ്ധതി ഗാന്ധി വെളിപ്പെടുത്തുകയുണ്ടായി.
1947 മാർച്ച് 11 വരെയുള്ള ഗാന്ധിയുടെ പ്രാർത്ഥനാ സമ്മേളനങ്ങൾ പാറ്റ്നയിലെ ബാങ്കിപ്പൂർ മൈതാനത്തിലാണ് നടന്നത്. മുസ്ലീം അഭയാർത്ഥികൾക്ക് വേണ്ടിയുള്ള ഫണ്ട് പിരിവും അവിടെ വെച്ച് ഗാന്ധി നടത്തുകയുണ്ടായി. ഏതാണ്ട് 2000 രൂപയോളം സംഭാവനയായി കിട്ടി. ഏതാനും പേർ ആഭരണങ്ങൾ സംഭാവന നൽകി.
1947 മാർച്ച് 12 ന് ഗാന്ധിയുടെ പര്യടനം ആരംഭിച്ചു. അദ്ദേഹം സന്ദർശിച്ച ആദ്യഗ്രാമം പാറ്റ്നയ്ക്കടുത്തുള്ള കുമ്റഹാർ എന്ന് പേരുള്ള ഗ്രാമമായിരുന്നു. പുരാതനാവശിഷ്ടങ്ങൾക്ക് പേരുകേട്ട ആ ഗ്രാമം കലാപത്തിൽ തകർന്നിരുന്നു. പാറ്റ്ന നഗരത്തിലെ മംഗൾ തലാവിലാണ് അന്ന് ഗാന്ധി പ്രാർത്ഥനാ സമ്മേളനം കൂടിയത്. ഇന്ത്യയുടെ യഥാർത്ഥ ചരിത്രമുഹൂർത്തം എന്തെന്ന് വെളിപ്പെടുത്താനാണ് ഈ സമ്മേളനത്തിൽ ഗാന്ധി ശ്രമിച്ചത്.
“ഇന്ത്യ വിടാൻ ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചിരിക്കുന്നു. ഇന്ത്യ എന്നത് യാഥാർത്ഥ്യബോധമുള്ള ഒരു രാഷ്ട്രമാണ്. അവർ ബ്രിട്ടീഷുകാർക്ക് ഇനി മുതൽ വഴങ്ങില്ല എന്ന് മനസ്സിലായപ്പോൾ അവർ ആ രാജ്യത്തിന് മേലുള്ള അവരുടെ അധികാരം പിൻവലിക്കാൻ സംശയിച്ചില്ല. അത് ബ്രിട്ടീഷ് ചരിത്രത്തിൻ്റെ ഭൂതകാലത്തിൻ്റെ ഭാഗം മാത്രമാകാൻ പോകുന്നു. അപ്പോൾ ഇന്ത്യക്കാരുടെ ഉത്തരവാദിത്വം എന്താണ് ? ആക്രമണത്തിന് ആക്രമണം എന്നിടത്തേയ്ക്ക് നാം നമ്മിൽത്തന്നെ മടങ്ങിപ്പോകേണ്ടതുണ്ടോ? അത് വഴി മാതൃരാജ്യത്തെ കീറി മുറിക്കുന്ന നമ്മുടെ അടിമത്തത്തെ ശാശ്വതവല്ക്കരിക്കേണ്ടതുണ്ടോ? അവസാനം നാം ഹിന്ദുസ്ഥാൻ, പാകിസ്ഥാൻ, ബ്രാഹ്മണിസ്ഥാൻ, അച്യുതിസ്ഥാൻ തുടങ്ങിയ കഷണങ്ങളായി മാറേണ്ടതുണ്ടോ? ബംഗാളിലും ബീഹാറിലും നടന്നതിനേക്കാൾ, പഞ്ചാബിലും അതിർത്തി പ്രദേശങ്ങളിലും നടക്കുന്നതിനേക്കാൾ വലിയ ഭ്രാന്ത് മറ്റെന്തെങ്കിലുമുണ്ടോ ?”
തൻ്റെ പര്യടനത്തിൻ്റെ അനുഭവങ്ങളും ഈ പ്രഭാഷണത്തിൽ ഗാന്ധി പങ്കുവെച്ചു. “ഞാൻ ബീഹാറിൽ വന്നത് ഇവിടുത്തെ ജനങ്ങൾ അഴിച്ചുവിട്ട ഭ്രാന്തിൻ്റെ വൈപുല്യം ബോധ്യപ്പെടുന്നതിൽ ജനങ്ങളെ സഹായിക്കാനാണ്. അവരെ പശ്ചാത്താപത്തിലേയ്ക്ക് പ്രേരിപ്പിക്കുക വഴി അവർ ചെയ്ത തെറ്റുകളിൽ നിന്ന് അവരെ മോചിപ്പിക്കുക എന്നതാണ് എൻ്റെ ഉദ്ദേശ്യം. മുസ്ലീം കുടുംബങ്ങളുടെ തകർന്ന വീടുകൾ എൻ്റെ കണ്ണുകളെ നിറച്ചു. പക്ഷെ, എൻ്റെ ഹൃദയത്തെ ഉരുക്കുവല്ക്കരിച്ച്, തൻ്റെ മുസ്ലീം സഹോദരരോട് തൻ്റെ കടമ അനുവർത്തിക്കാൻ ഹിന്ദുക്കളെ പഠിപ്പിക്കാനാണ് ഞാൻ വന്നത്. ചമ്പാരൻ സത്യഗ്രഹത്തിൻ്റെ കാലത്ത്, ബുദ്ധൻ ചുറ്റി നടക്കുകയും പ്രബോധനം നടത്തുകയും ചെയ്ത ബീഹാർ, ഉന്നതങ്ങളിലേയ്ക്കെത്തിയിരുന്നു. ഇപ്പോഴും അതിന് അങ്ങനെ ഉയരാനാകുകയും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേയ്ക്ക് അതിൻ്റെ തിളക്കം പ്രസരിപ്പിക്കാനാകുകയും ചെയ്യും. കറയറ്റ അഹിംസയ്ക്ക് മാത്രമേ ആ വിതാനത്തിലേയ്ക്ക് അതിനെ ഉയർത്താനാകൂ.”
ഹിന്ദുത്വശക്തികളുടെ പിടിയിലകപ്പെട്ട ഹിന്ദുക്കളെ അവരിൽ നിന്നും മോചിപ്പിക്കാനുള്ള ഗാന്ധിയുടെ ശ്രമം, ബീഹാറിൽ ഭാഗികമായി വിജയിക്കുകയുണ്ടായി. 1947 മാർച്ച് 13 ന് ഫുൽവാരി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പാർസ ഗ്രാമത്തിലെ തകർന്ന മുസ്ലീം വീടുകൾ ഖാൻ അബ്ദുൾ ഗാഫർഖാനുമൊത്ത് ഗാന്ധി സന്ദർശിക്കുകയുണ്ടായി. സിപാറ എന്ന ഗ്രാമത്തിൽ വെച്ച് ഒരു കൂട്ടം ഗ്രാമീണർ ഗാന്ധിയുടെ വാഹനം തടയുകയും മുസ്ലീം ദുരിതാശ്വാസ നിധിയിലേയ്ക്ക് കുറച്ചു പണം സംഭാവന ചെയ്യുകയും ചെയ്തു. അതോടൊപ്പം ഗ്രാമീണർ ഒപ്പിട്ട ഒരു കത്തും ഗാന്ധിക്ക് അവർ കൈമാറുകയുണ്ടായി. അതിൽ ഇങ്ങനെ എഴുതിയിരുന്നു.
“ഞങ്ങളുടെ മഹാപാപത്തിന് മാപ്പു തരിക. ഞങ്ങളുടെ കൈകൊണ്ട് ഞങ്ങളുടെ മുസ്ലീം സഹോദരർ അനുഭവിക്കേണ്ടി വന്ന സഹനങ്ങളോർത്ത്, ജീവൻ്റേയും സ്വത്തിൻ്റേയും നഷ്ടമടക്കം, ഞങ്ങൾ ലജ്ജിക്കുന്നു. ഞങ്ങളുടെ പശ്ചാത്താപത്തിൻ്റേയും പ്രായശ്ചിത്തത്തിൻ്റേയും അടയാളമെന്ന നിലയിൽ, മുസ്ലീം ഇരകളെ സഹായിക്കാനുള്ള ഉപാധിയായി ഈ സംഭാവന നൽകുകയാണ്. ഞങ്ങൾ വീണ്ടും താങ്കളോട് മാപ്പപേക്ഷിക്കുന്നു. ഒരിക്കൽ കൂടി ഇങ്ങനെ സംഭവിക്കില്ല എന്ന് ഉറപ്പു നൽകുന്നു.”
പാർസയിൽ നിന്ന് അദ്ദേഹം പോയത് അബ്ദുള്ള ചൗക്കിലെ പ്രാർത്ഥനാ മൈതാനത്തേക്കാണ്. മാർച്ച് 14 ന് ഗ്രാമപര്യടനത്തിന് ശേഷം അദ്ദേഹം ഖുസ്രുപൂരിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്തു. അവിടെയും ഗോത്രവികാരങ്ങളുണർത്തുന്ന മതബോധത്തിൽ നിന്നും ജനങ്ങളെ വിമോചിപ്പിക്കാനുള്ള പ്രഭാഷണമാണ് അദ്ദേഹം നടത്തിയത്. “ബീഹാറി ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കുമിടയിലെ പഴയ മട്ടിലുള്ള ബന്ധം പുന:സ്ഥാപിക്കുക എന്നതാണ് എൻ്റെ ലക്ഷ്യം. അവരെപ്പറ്റി പറയാൻ കഴിയുന്നത് അവർ സഹോദരീ സഹോദരന്മാരെപ്പോലെ കഴിഞ്ഞിരുന്നു എന്നല്ല, അവർ പരസ്പരം സഹോദരീ സഹോദരർ തന്നെയായിരുന്നു. അല്ലറ ചില്ലറ വ്യത്യസ്തകളും, എന്തിന് കലഹം പോലും അവർ തമ്മിൽ ചിലപ്പോൾ സംഭവിച്ചിരുന്നു എങ്കിലും ഹൃദയഭേദകമായ അകൽച്ച അവർക്കിടയിൽ, ഇപ്പോൾ സംഭവിച്ചതു പോലെ, ഒരിക്കലും ഉണ്ടായിരുന്നില്ല. എനിക്ക് ഒരു തരത്തിലും ആലോചിക്കാൻ കഴിയാത്ത തരം വേദനാജനകമായ സംഗതികൾ സംഭവിച്ചിരിക്കുന്നു. പക്ഷെ, അത്തരം സംഗതികളെ പശ്ചാത്തലത്തിലേയ്ക്ക് മാറ്റിവെയ്ക്കാനും വർത്തമാന സന്ദർഭത്തിൽ അവരുടെ ഉത്തരവാദിത്വം എന്ത് എന്ന് ചിന്തിക്കാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്.”
മാർച്ച് 15 ന് ജഗത് നാരായൺ ലാൽ, എം എൽ എ യും പാറ്റ്ന ജില്ല മുസ്ലീം സ്റ്റുഡൻ്റ് ഫെഡറേഷൻ പ്രവർത്തകരും ബീഹാറിലെ കമ്യൂണിസ്റ്റുകാരും ഗാന്ധിയെ കാണുകയുണ്ടായി. മാർച്ച് 16 ന് ബീഹാറിലെ മന്ത്രിമാർ അദ്ദേഹത്തെ കണ്ടു. മുസ്ലീങ്ങളുടെ പുനരധിവാസത്തിന് ഒരു പദ്ധതി അങ്ങനെ, ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ ഒരു വലിയ ഐക്യമുന്നണി, സാംസ്കാരികമായി രൂപീകരിക്കാൻ ഗാന്ധിയുടെ ബീഹാർ പര്യടനം കൊണ്ട് സാധിച്ചു. ഖാൻ അബ്ദുൾ ഗാഫർഖാൻ അദ്ദേഹത്തിൻ്റെ വലം കൈയ്യായി ബീഹാറിൽ കൂടെ സഞ്ചരിച്ചു. ബീഹാറിൽ ഗാന്ധി എത്തും മുമ്പേ തന്നെ ഗാഫർഖാൻ എത്തിയിരുന്നു. പാറ്റ്നയിൽ, സിക്കുകാരുടെ പരമോന്നതരിൽ ഒരാളായ ഗുരു ഗോവിന്ദ് സിങ്ങിൻ്റെ ജന്മസ്ഥലത്ത്, ഗുരുദ്വാര ഹർമിന്ദറിൽ ഹിന്ദുക്കളുടേയും മുസ്ലീങ്ങളുടേയും സിക്കുകാരുടേയും സംയുക്ത സമ്മേളനം അദ്ദേഹം വിളിച്ചു കൂട്ടിയിരുന്നു. ഗാഫർഖാൻ ആ സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് ഇങ്ങനെ സംസാരിച്ചു.
“ഇന്ത്യ ഒരു ഭ്രാന്തു പിടിച്ച നരകസ്ഥലിയായാണ് ഇപ്പോൾ കാണപ്പെടുന്നത്. നമ്മുടെ വീടിന് നമ്മൾ തന്നെ തീ കൊടുക്കുന്നത് കണ്ട് എൻ്റെ ഹൃദയം വിങ്ങിപ്പൊട്ടുന്നു. ഇന്ത്യയ്ക്ക് മേൽ താഴ്ന്നിറങ്ങുന്ന ഇരുട്ട് കണ്ടിരിക്കേ, ഒരിറ്റ് വെളിച്ചത്തിനായി ഞാൻ അങ്ങുമിങ്ങും പരതുകയാണ്. “
ആ പ്രഭാഷണം എത്രമാത്രം ഫലപ്രദമായിരുന്നുവെന്ന് പത്രറിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കാനാകും. “ഓരോ വാക്കിലും സുതാര്യത വെച്ചു പുലർത്തിയ ആ മനുഷ്യൻ്റെ ആത്മാർത്ഥത കേൾവിക്കാരിൽ അഗാധമായ മുദ്ര പതിപ്പിച്ചു. അദ്ദേഹം പറഞ്ഞതിനാൽ ഒന്നും പുതുതായി ഉണ്ടായിരുന്നില്ല. എങ്കിലും ഒരു കനപ്പെട്ട ഹൃദയത്തിൽ നിന്നും പുറപ്പെട്ട ലളിതമായ വാക്കുകൾ ഉത്തരം കിട്ടേണ്ട ഒരു ചോദ്യമായി കേൾവിക്കാരിൽ കുടുങ്ങി. അതിർത്തി ഗാന്ധിയുടെ സമ്മേളനങ്ങളിൽ കണ്ട സാഹോദര്യവും ആരാധനാലയത്തിൽ വ്യത്യസ്ത മതവിഭാഗങ്ങളെ ഒരുമിപ്പിച്ചതും ഖിലാഫത്ത് ദിനങ്ങളെ ഓർമ്മിപ്പിച്ചു.”
1947 മാർച്ച് 16 ന് ഗാന്ധി മൗനവൃത്തിലായതിനാൽ ബാങ്കിപ്പൂർ മൈതാനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്തത് ഖാൻ അബ്ദുൾ ഗാഫർ ഖാൻ എന്ന ബാദ്ഷാ ഖാൻ ആണ്. അവിടേയും ഒരുമയ്ക്ക് വേണ്ടി നിലകൊള്ളാനുള്ള ആഹ്വാനമാണ് അദ്ദേഹം നടത്തിയത്. ഇന്ത്യ എന്ന രാജ്യത്തിൻ്റെ പേര് നശിപ്പിക്കുന്ന സഹോദരഹത്യകളിൽ നിന്ന് മാറി നിൽക്കാൻ അദ്ദേഹം ജനങ്ങളോടഭ്യർത്ഥിച്ചു. മാർച്ച് 17 ന് പര്യടനത്തിന് പുറപ്പെടുമ്പോൾ ഗാന്ധിക്കൊപ്പം ഖാൻ അബ്ദുൾ ഗാഫർ ഖാൻ, ഉസ്ലം ഖാൻ, അനുഗ്രഹ നാരായണ സിൻഹ, മഖ്ദൂം ഷാ എന്നിവരും ബീഹാർ പ്രവിശ്യാ കോൺഗ്രസ്സ് കമ്മറ്റി പ്രവർത്തകരും ഉണ്ടായിരുന്നു. റെയിൽവേ സ്‌റ്റേഷനിൽ കൂട്ടക്കൊല നടന്ന മസൗർഹി (തരേഗ്ന) യിലായിരുന്നു അന്ന് പ്രാർത്ഥനാ സമ്മേളനം നടന്നത്. അതിന് ശേഷം പ്രത്യേക തീവണ്ടിയിൽ മടങ്ങി വരുമ്പോൾ പൂൺ പൂൺ റെയിൽവേ സ്റ്റേഷനിൽ വെച്ച് ഒരു ഹിന്ദു വിദ്യാർത്ഥി ഗാന്ധിയുടെ കൈയ്യിൽ ഒരു എഴുത്തേല്പിച്ചു. അതിൽ എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു. “ലഹളയിൽ പങ്കെടുത്തതിൽ ഞാൻ ഖേദിക്കുന്നു. മുസ്ലീം വിദ്യാർത്ഥികളെ ഇനി മേലിൽ ഞാൻ ദ്രോഹിക്കില്ല. അവരോട് അവരുടെ ഗ്രാമങ്ങളിലേയ്ക്ക് മടങ്ങി വരാൻ ഞാൻ അഭ്യർത്ഥിക്കുന്നു.”
1947 മാർച്ച് 18 ന് ബിർഗ്രാമത്തിൽ വെച്ച് ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്തത് മസൗർഹിയിൽ നടന്ന കൂട്ടക്കൊലയെ അനുസ്മരിച്ചു കൊണ്ടാണ്. ഗാന്ധി നവഖലിയിൽ ആയിരുന്ന സമയത്ത് ജിന്നയുടെ മുസ്ലീംലീഗുകാർ മസൗർഹിയിൽ നടന്ന സംഭവങ്ങളെക്കുറിച്ച് ഒരു റിപ്പോർട്ട് തരികയുണ്ടായി. അതിൽ പറഞ്ഞിട്ടുള്ള കൂട്ടക്കൊല, ഊതി വീർപ്പിച്ച ഒന്നായാണ് ഗാന്ധി അന്നു കണ്ടത്. എന്നാൽ മസൗർഹി സന്ദർശിച്ചപ്പോഴാണ് അത് സത്യസന്ധമായ റിപ്പോർട്ട് ആയിരുന്നുവെന്ന് അദ്ദേഹം മനസ്സിലാക്കുന്നത്. നവഖലി ദിനം ആചരിച്ചു കൊണ്ടാണ് ഹിന്ദുത്വ ശക്തികൾ ബീഹാറിൽ അക്രമം അഴിച്ചു വിട്ടത്. ഏതാണ്ട് ഈ സമയത്ത് തന്നെ പഞ്ചാബിൽ നടന്ന അക്രമ സംഭവങ്ങളെ മുൻനിർത്തി 1947 മാർച്ച് 23 ന് പഞ്ചാബ്ദിനം ആചരിക്കാൻ ഹിന്ദുത്വ ശക്തികൾ ആഹ്വാനം ചെയ്തിരുന്നു. അത് മുസ്ലീങ്ങൾക്കുള്ളിൽ. വലിയ ആശങ്കകൾ വളർത്തിയിരുന്നു. അത് സത്യമാകരുതേ എന്ന് ആശിക്കുന്നതായി ഗാന്ധി പറഞ്ഞു. അത്തരമൊരു സംഭവം അരങ്ങേറിയാൽ തന്റെ മുസ്ലീം സുഹൃത്തുക്കൾക്കൊപ്പം അഗ്നിയിൽ വെന്തു കരിയാനാണ് താനിഷ്ടപ്പെടുന്നതെന്നും. “ദൈവത്തോടുള്ള എൻ്റെ നിരന്തര പ്രാർത്ഥന അത്തരമൊരു ഭീകരവും ലജ്ജാകരവുമായ അത്തരം ഒരു ദൃശ്യത്തിന് സാക്ഷ്യം വഹിക്കാൻ എന്നെ ജീവനോടെ അവശേഷിപ്പിക്കരുതേ “എന്നാണെന്നും.
സെയിൻ, ബാർണി എന്നീ ഗ്രാമങ്ങളിലെ നിവാസികൾ ഗാന്ധിക്കെഴുതിയ കത്തുകൾ ആ സമ്മേളനത്തിൽ വെച്ച് വായിക്കപ്പെട്ടു. സെയിൻ നിവാസികൾ ഇങ്ങനെയാണെഴുതിയത് : ”ഞങ്ങളുടെ ഉത്തരവാദിത്വരഹിതമായ പെരുമാറ്റം വഴി അങ്ങേയ്ക്കുണ്ടായ വേദനയിൽ ഞങ്ങൾ പശ്ചാത്തപിക്കുന്നു. ഉണ്ടായ ദുരന്തത്തിൽ ഞങ്ങളെല്ലാവരും ഖേദം പ്രകടിപ്പിക്കുന്നു. പുറത്തെ നിയമരാഹിത്യത്തിൻ്റെ അന്തരീക്ഷത്തിലും ഇവിടെ ഞങ്ങൾ, മുസ്ലീങ്ങളും ഹിന്ദുക്കളും സഹോദരരെപ്പോലെ കഴിയുന്നു. ഇന്നു പോലും സെയിനിൽ ഞങ്ങൾ സഹോദരരെപ്പോലെയാണ് കഴിയുന്നതെന്ന് അഭിമാനത്തോടും സന്തോഷത്തോടും കൂടി ഉറക്കെപ്പറയാൻ ഞങ്ങൾക്കാകും. സ്നേഹത്തിലും സമന്വയത്തിലും തുടരാൻ ഞങ്ങളെ ആശിർവദിക്കാൻ ഞങ്ങൾ അങ്ങയോട് ആവശ്യപ്പെടുന്നു.”
ബാർണിയിലെ ഗ്രാമവാസികൾ ഇങ്ങനെയാണ് എഴുതിയിരുന്നത്. “ചുറ്റുപാടും ലഹള പടർന്നു പിടിച്ചപ്പോൾ ഞങ്ങൾ ഒരു സമാധാനക്കമ്മറ്റി രൂപീകരിച്ച് അസ്വസ്ഥതകൾ ഞങ്ങളുടെ ഗ്രാമത്തിലേയ്ക്ക് വ്യാപിക്കുന്നത് തടയുകയുണ്ടായി. ഇവിടെ മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. ‘ ഇപ്പോഴും ഞങ്ങൾ ഒരേ രീതിയിലാണ് പ്രവർത്തിക്കുന്നത്. ഞങ്ങൾ എക്കാലവും സഹോദരരായി ജീവിക്കുന്നത് തുടരുമെന്ന് അങ്ങേയ്ക്ക് ഞങ്ങൾ ഉറപ്പുതരുന്നു.”
ഇത്തരം പ്രതിരോധങ്ങളുടേയും പശ്ചാത്താപങ്ങളുടേയും പ്രത്യാശകൾ അല്പാല്പമായി വിതറിയാണ് ബീഹാറിലുടനീളം ഹിന്ദുത്വത്തിൻ്റെ ഹിന്ദുരാഷ്ട്ര നിർമ്മാണ ശ്രമങ്ങൾക്കെതിരെ ഗാന്ധി വലിയൊരു അടിത്തറ പണിതത്. ഹിന്ദു വംശീയ രാഷ്ട്രീയത്തിൻ്റെ ശത്രുതയുടെ കേന്ദ്രത്തിലേയ്ക്ക്, ആരെയും ശത്രുവായി കാണാത്ത ഗാന്ധി, നടന്നു കയറുകയായിരുന്നു. അത് ഒരർത്ഥത്തിൽ ചരിത്രദൗത്യമായിരുന്നു. ചരിത്രം ഗാന്ധിയിൽ കെട്ടിയേല്പിച്ച ഒന്ന്.
1947 മാർച്ച് 19 ന് സമന്വയ ദൗത്യത്തിൻ്റെ രണ്ടാം ഘട്ടത്തിലേയ്ക്ക് ഗാന്ധി കടക്കുന്നുണ്ട്. ഒരു പക്ഷേ, മാർച്ച് 23 ന് പഞ്ചാബ്ദിനം ആചരിക്കാൻ ഹിന്ദുത്വ ശക്തികൾ കോപ്പു കൂട്ടുന്നതിനെ ചെറുക്കാൻ തൃണമൂലതലത്തിൽ പ്രതിരോധ ശാക്തീകരണം നടത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹത്തിന് തോന്നിയിരിക്കണം. ബിർ ഗ്രാമത്തിൽ വെച്ച്, സന്നദ്ധസേനകൾ രൂപീകരിക്കാനും അഭയാർത്ഥികളേയും കലാപബാധിതരേയും സേവിക്കാനുമുള്ള പ്രായോഗിക നിർദ്ദേശങ്ങൾ ഗാന്ധി നൽകുകയുണ്ടായി. മസൗർഹി പ്രദേശത്തെ രണ്ടു ഗ്രാമങ്ങൾ അന്താരിയും ഗൊറിയാഘാരിയും ഗാന്ധി, പ്രാർത്ഥനാ സമ്മേളനത്തിലേയ്ക്ക് പോകും വഴി സന്ദർശിക്കുകയുണ്ടായി. അന്താരിയിൽ വെച്ച് 60 പേർ ഒപ്പിട്ട പശ്ചാത്താപക്കത്ത് അദ്ദേഹത്തിന് ലഭിച്ചു.
“ബഹുമാനപ്പെട്ട ബാപ്പു,
അന്താരിയിലും പരിസരഗ്രാമങ്ങളിലുമുള്ള ഞങ്ങൾ അങ്ങയുടെ പാദങ്ങളിൽ നമസ്ക്കരിച്ച് ദൈവത്തെ സാക്ഷി നിർത്തി, സംഭവിച്ച കാര്യങ്ങളിൽ ഞങ്ങൾ അങ്ങേയറ്റം ഖേദിക്കുന്നു എന്ന് പ്രഖ്യാപിക്കുന്നു. അങ്ങയെ ഇവിടേയ്ക്കെത്തിച്ച അവസരത്തിനും അത് അങ്ങയിൽ ഉണ്ടാക്കിയ അഗാധ വേദനയ്ക്കും കാരണഭൂതമായതിനെച്ചൊല്ലി ഞങ്ങൾ അങ്ങേയറ്റം ലജ്ജിക്കുന്നു. ഞങ്ങൾ അങ്ങേയ്ക്ക് മുന്നിൽ ശപഥം ചെയ്യുന്നതെന്തെന്നാൽ അന്താരിയിലേയും പരിസരഗ്രാമങ്ങളിലേയും നിവാസികളായ ഞങ്ങൾ ഇനി മുതൽ മുസ്ലീങ്ങളെ ഞങ്ങളുടെ രക്തസഹോദരരായി കരുതും. ഇക്കഴിഞ്ഞ നിർഭാഗ്യകരമായ സംഭവങ്ങൾക്ക് മുമ്പ് കരുതിയിരുന്നതു പോലെ.”
ബിറിൽ രണ്ടുദിവസം താമസിച്ചു കൊണ്ട് അയൽഗ്രാമങ്ങളായ ബാറാമയും ഹാർളയും ഗാന്ധി സന്ദർശിച്ചു. 1947 മാർച്ച് 20 ന് അദ്ദേഹം മസൗർഹിയിൽ മടങ്ങിയെത്തി. ബിറിൽ വെച്ച് കണ്ടറിഞ്ഞ വസ്തുതകൾ തൻ്റെ ഹൃദയത്തെ തകർത്തുകളയാതിരിക്കാൻ അത്യന്തം പണിപ്പെടേണ്ടി വന്നു എന്ന് അന്നത്തെ പ്രാർത്ഥനാ സമ്മേളനത്തിൽ ഗാന്ധി സംസാരിച്ചു. വരാനിരിക്കുന്ന ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അടിസ്ഥാന സങ്കല്പനങ്ങളിലൊന്ന് പ്രായപൂർത്തി വോട്ടവകാശം ആയിരിക്കണം എന്ന തൻ്റെ അഭിപ്രായം മുൻനിർത്തിക്കൊണ്ടുതന്നെ, അങ്ങനെ തെരഞ്ഞെടുത്തതല്ലെങ്കിലും നിലവിലിരിക്കുന്ന കോൺഗ്രസ്സ് ഗവണ്മെൻ്റിനെ, ദുരിതാശ്വാസ പദ്ധതികൾ ഇഴഞ്ഞുനീങ്ങുന്നതിനെ മുൻനിർത്തി അദ്ദേഹം വിമർശിക്കുകയുണ്ടായി. “സർക്കാർ എന്നാൽ ഇപ്പോൾ ഇംഗ്ലണ്ടിൽ നിന്നും വരുന്ന ആജ്ഞയ്ക്കനുസരിച്ച് വർത്തിക്കുന്ന സർക്കാർ അല്ല. ബീഹാറികളാൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാൽ രൂപവത്ക്കരിക്കപ്പെട്ട സർക്കാർ ആണ്. അതിനാൽ സർക്കാരിൻ്റെ യജമാനരും അംഗങ്ങളും, അതിൻ്റെ യഥാർത്ഥ അർത്ഥത്തിൽ തന്നെ, ബീഹാറികളുടെ സേവകരാണ്. പൂർണ്ണമായും സ്ത്രീകളുടേയും പുരുഷന്മാരുടേയും പ്രായപൂർത്തി വോട്ടവകാശത്തിൻ്റെ പേരിലല്ല, ഈ സർക്കാരിനെ തെരഞ്ഞെടുത്തതെന്ന വസ്തുത ഞാൻ സമ്മതിക്കുമ്പോൾ തന്നെ അത് ഇന്നാട്ടിലെ അനേകായിരങ്ങളുടെ പ്രാതിനിധ്യം വഹിക്കുന്ന ഒന്നാണ് .”
ഹാർളയിൽ അദ്ദേഹം നടത്തിയ പ്രസംഗത്തിൽ ഹിന്ദുക്കൾക്ക് കുറേക്കൂടി ഉത്തരവാദിത്വം ഏല്പിച്ചു നൽകുകയുണ്ടായി. തകർന്ന ഗ്രാമങ്ങൾ ഷവലും പിക്കാക്സുമെടുത്ത് ശുചീകരിക്കുന്ന പണി അവർ ഏറ്റെടുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. അങ്ങനെ പുനർനവീകരിക്കപ്പെട്ട ഇടത്തേയ്ക്കാണ് മുസ്ലീം അഭയാർത്ഥികളെ തിരികെയെത്തിക്കേണ്ടത്. പുതിയ മനസ്സും അതിൻ്റെ പ്രതിഫലമെന്നോണം പുതിയ സ്ഥലവും എന്ന ദർശനമായിരുന്നു ഗാന്ധിയെ നയിച്ചത്. 1947 മാർച്ച് 21 ന് ഹാൻസ്ഡിഹ എന്ന ഗ്രാമം സന്ദർശിച്ച് ചുറ്റുപാടുമുള്ള നിരവധി ഗ്രാമങ്ങളിലെ മുസ്ലീം അഭയാർത്ഥി പ്രതിനിധികളുമായി ഗാന്ധി ചർച്ച നടത്തി. അനുരഞ്ജനം സാധ്യമാക്കാൻ മരിക്കാൻ വരെ തയ്യാറാണെന്ന് ഗാന്ധി അവരെ അറിയിച്ചു.
1947 മാർച്ച് 30ന് ഗാന്ധി, ഇൻ്റർ ഏഷ്യൻ റിലേഷൻസ് കോൺഫറൻസിൽ പങ്കെടുക്കുന്നതിനായി ബീഹാർ വിട്ട് ഡെൽഹിയിലേയ്ക്ക് പോയി. ഡെൽഹിയിലിരുന്നു കൊണ്ടും ബീഹാറിൻ്റെ സമാധാനം വീണ്ടെടുക്കുന്ന തുടർപരിപാടികളിൽ ഗാന്ധി മുഴുകുകയുണ്ടായി. ജിന്നയുമായി ചേർന്ന് ബീഹാറിൻ്റെ സമാധാനസ്ഥിതിക്കായി ഒരു സംയുക്തപ്രസ്താവന 1947 ഏപ്രിൽ 15 ന് ഗാന്ധി പുറപ്പെടുവിക്കുകയുണ്ടായി. വീണ്ടും 1947 ഏപ്രിൽ 17 മുതൽ ബീഹാർ പര്യടനം അദ്ദേഹം തുടങ്ങി വെച്ചു. അത് 1947 ഏപ്രിൽ 30 വരെ നീണ്ടു നിന്നു. അതിന് ശേഷം വീണ്ടും 1947 മെയ് 15 ന് ഗാന്ധി പാറ്റ്നയിലെത്തി. 1947 മെയ് 25 വരെ ആ പര്യടനം തുടർന്നു.
ഇങ്ങനെ 3 ഘട്ടങ്ങളിലായി നടത്തിയ ഗാന്ധിയുടെ തീവ്രമായ ഇടപെടൽ താത്ക്കാലികമായി ഹിന്ദുത്വത്തിന്റെ പിടിയിലേയ്ക്ക് പോയ ഹിന്ദുക്കളെ അവിടെ നിന്നും വിമോചിപ്പിച്ചതായി നമുക്ക് മനസ്സിലാക്കാം. പശ്ചാത്താപക്കത്തുകളുടെ പരമ്പരക്കൊപ്പം ബീഹാറിലെ കലാപങ്ങളുംനിലച്ചു. ബീഹാറിലെ വംശഹത്യയെ അതേ അളവിൽ രാജ്യമെമ്പാടും വ്യാപിപ്പിക്കാനുള്ള ഹിന്ദുത്വ ശക്തികളുടെ ശ്രമത്തിന് വലിയൊരു തിരിച്ചടിയായി ഗാന്ധിയുടെ സന്ദർശനം മാറി. അതോടൊപ്പം രൂപവത്ക്കരിക്കാനിരിക്കുന്ന ഇന്ത്യൻ റിപ്പബ്ളിക്കിൻ്റെ അടിസ്ഥാനമൂല്യങ്ങളിലൊന്നായി മാറേണ്ടത് മതേതരത്വമാണെന്ന ധാരണയെ പൊതുമണ്ഡലത്തിൽ ഉറപ്പിക്കാനും, തിരിഞ്ഞുനോക്കുമ്പോൾ, ആ പര്യടനങ്ങൾ സഹായിച്ചു എന്ന് മനസ്സിലാകാനാകും.







Be the first to write a comment.