ലക്ഷ്യം തെറ്റാതെ സ്ഥാനത്തു കൊള്ളുന്ന സിനിമയാണ് ഖാലിദ് റഹ്മാന്റെ  ‘ഉണ്ട’. കുഴമറിച്ചിലുകൾ ധാരാളമുള്ള, ഇന്ത്യൻ ഭരണ നിർവഹണ രീതിയിലെ ‘chaotic Situations’-നെ  പരിഹാസത്തോടെ നോക്കികാണുന്ന സിനിമയ്ക്ക്  ഹാസ്യവും ഉദ്വേഗവും മികച്ച വെടിമരുന്നായി. ഉണ്ടയുടെ പ്രമേയത്തിന് പലതല വ്യാഖാന സാധ്യതയുണ്ട്. ഒപ്പം പുതുമയും.

സംവിധായകൻ : ഖാലിദ് റഹ്മാൻ

പൊതുവെ ഇത്തരം ‘മിഷൻ’ സിനിമകളിൽ നായക കഥാപാത്രത്തിന് ലഭിക്കുന്ന അമിത പ്രാധാന്യം, അതിമാനുഷികത, രക്ഷാകർതൃത്വ ദൗത്യം തുടങ്ങിയ ക്ലീഷെകളെ  മറികടക്കാൻ ‘ഉണ്ട’യിൽ സംവിധായകൻ ശ്രമിക്കുന്നുണ്ട്. അവസാനത്തെ സംഘട്ടനരംഗം വരെയുള്ള ഭാഗങ്ങളിൽ അതിൽ അതിശയകരമായി വിജയിച്ചിട്ടുമുണ്ട്.

 അഭിനേതാക്കളുടെ മികവാർന്ന പ്രകടനം, സിനിമയുടെ ആത്മാവ് അടയാളപ്പെടുത്തുന്ന സംഗീതം, എഡിറ്റിംഗ്, കലാസംവിധാനം, ഛായാഗ്രഹണം, കളറിംഗ്, തുടക്കം മുതൽ ഒഴുക്കോടെ നീങ്ങുന്ന കഥ പറച്ചിലിൽ തിരക്കഥ പുലർത്തുന്ന കയ്യടക്കം, സംഭാഷണങ്ങളിലെ മിതത്വം -കൃത്യത –  ഗൗരവം,  പല തലങ്ങളിൽ വായിക്കാവുന്ന കഥാപാത്രസൃഷ്ടികൾ, സിനിമയുടെ അകത്ത് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ വിഷയങ്ങൾ / വീക്ഷണങ്ങൾ എന്നിങ്ങനെ നിരവധി ഘടകങ്ങൾ ‘ഉണ്ട’യെ ശ്രദ്ധേയമായ സിനിമയാക്കുന്നു. ഈ ഘടകങ്ങളെ തികച്ചും വിശ്വസനീയമായി  അവതരിപ്പിക്കുന്നതിൽ സംവിധായകൻ ഖാലിദ് റഹ്മാൻ കാണിക്കുന്ന മിടുക്ക് അഭിനന്ദനമർഹിക്കുന്നു.

മാവോയിസ്റ്റ് മേഖലയിൽ ഇലക്ഷൻ നടത്താനെത്തുന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ കഥ പറഞ്ഞ, രാജ്കുമാർ റാവു പ്രധാന കഥാപാത്രമായ ‘ന്യൂട്ടൻ’ എന്ന ഹിന്ദി ചിത്രത്തിലെ അന്തരീക്ഷം,  ചില രാഷ്ടീയ നിലപാടുകൾ, എന്നിവ ഉണ്ടയിലും കാണാം. എന്നിരുന്നാലും ‘ന്യൂട്ടനി’ൽ നിന്ന്  വ്യത്യസ്തവും വ്യക്തിത്വവും ഉള്ള സിനിമ തന്നെയാണ് ഉണ്ട.

കുറച്ചു വർഷങ്ങൾക്കു മുമ്പ് ഛത്തീസ്ഗഡിൽ ഇലക്ഷൻ ഡ്യൂട്ടിക്കു പോയ മലയാളി പോലീസ് ഉദ്യോഗസ്ഥർ അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളാണ് ‘ഉണ്ട’യ്ക്ക് വിഷയമാകുന്നത്. ഇടുക്കിയിലെ കെ.എ.പി ബറ്റാലിയനിൽ നിന്ന് ഛത്തീസ്ഗഡിലേക്ക് പുറപ്പെടുന്ന ഒരു കൂട്ടം  പോലീസുകാർ, അതും ചെറുപ്പക്കാർ. ഭീതിദമായ ഒരു ഒരു അടിയന്തിരഘട്ടത്തിലേക്ക്, വേണ്ടത്ര ആയുധങ്ങളോ, പ്രായോഗിക പരിചയമോ, തയ്യാറെടുപ്പുകളോ ഇല്ലാതെ നയിക്കപ്പെടുന്ന ഒരു കൂട്ടം മനുഷ്യർ… അതുണ്ടാക്കുന്ന ചിരിയും ആകാംക്ഷയുമാണ് ‘ഉണ്ട’ യുടെ പ്രാഥമികമായ ഗ്രിപ്പിങ്ങ് പോയിന്റ്.

തുടക്കം മുതൽ പോലീസുകാരോടൊപ്പം കാണിയേയും യാത്ര ചെയ്യിപ്പിക്കുകയാണ് സംവിധായകൻ. പോലീസുകാരുടെ ഇടയിൽ ക്യാമറ ഉറപ്പിച്ച്, മിഡ് ഷോട്ടുകളും, ക്ലോസ് ഷോട്ടുകളും ധാരാളമായി ഉപയോഗിച്ച് സംവിധായകനും ഛായാഗ്രാഹകനും ഇതു സാധിക്കുന്നു. വെളിച്ചപ്രസരണത്തിലും ശബ്ദസന്നിവേശത്തിലും പുലർത്തുന്ന ‘യാഥാർത്ഥ്യ പ്രതീതി’ അർത്ഥപൂർണമായി മാറുന്ന സിനിമാനുഭവം കൂടി ഈ സിനിമ നൽകുന്നുണ്ട്.

അതിമാനുഷികതയും സാഹസികതയും അതിവൈകാരികതയും കുത്തി നിറച്ച് കാണിയുടെ പല വിധ ദൗർബല്യങ്ങൾ ചൂഷണം ചെയ്ത് വൻ വിജയം നേടിയ തുഷാരം, നായർസാബ്, സൈന്യം തുടങ്ങിയ സിനിമകൾ ( അവസാനത്തെ രണ്ടിലും മമ്മൂട്ടി തന്നെയായിരുന്നു നായകനും) മലയാളത്തിൽ പൂർവമാതൃകകളായി ഉണ്ടായിരുന്നിട്ടും തികഞ്ഞ വാണിജ്യ സിനിമയാകാനുള്ള ഉല്പന്നങ്ങൾ  ധാരാളമുള്ള പ്ലോട്ട് ആണ് ഈ സിനിമയുടേതെനുള്ളപ്പോഴും ആ ചിത്രങ്ങളിൽ നിന്ന് മാറി ചിന്തിക്കാൻ ഖാലിദ് റഹ്മാൻ കാണിക്കുന്ന ധൈര്യത്തിന്  കയ്യടി കൊടുക്കണം. തന്റെ താരപ്പകിട്ടിന്റെ പുറംതോട് തകർത്ത് മമ്മൂട്ടി എന്ന അഭിനേതാവ് സൃഷ്ടിക്കുന്ന പിന്തുണ ‘ഉണ്ട’യെ ‘സെൻസിബിൾ’ ആയ സിനിമയാക്കുന്നു.

മലയാളത്തിലെ എല്ലാ അഭിനേതാക്കളും സ്വീകരിക്കേണ്ടുന്ന മാതൃകാപരമായ നിലപാടുകൂടിയാണ് ഈ പിന്തുണ. സിനിമയാണ് സൃഷ്ടി, താരമല്ല എന്ന സ്റ്റേറ്റ്മെൻറ്  ഇന്ന് അനിവാര്യമായിരിക്കുന്നു.

പല ‘സിസ്റ്റ’ങ്ങളുടെ സങ്കീർണതകൾ, നന്മതിന്മകൾ, വിരോധാഭാസങ്ങൾ എന്നിവയെല്ലാം അതിസൂക്ഷ്മമായി ചർച്ചയ്ക്ക് വെക്കുന്ന ഒരു കൂട്ടം മനുഷ്യരാണ് ‘ഉണ്ട’യിലെ ഓരോ കഥാപാത്രവും എന്നത് എഴുത്തിലെ മികവ് അടയാളപ്പെടുത്തുന്നുണ്ട്.

‘പോലീസ് ‘  എന്ന അച്ചടക്കത്തിന്റേയും സമർപ്പണത്തിനേറെയും സംഘടിത സംവിധാനം പലജാതി കെടുകാര്യസ്ഥതകളുടേയും ജാതി/ മത/ സ്വാർത്ഥ താല്പര്യങ്ങളും വാഴുന്നിടമാണെന്ന് സമർത്ഥമായി, കാര്യമാത്രപ്രസക്തമായി ഈ സിനിമ പറഞ്ഞു വെക്കുന്നു. വലിയ തോതിലുള്ള സായുധ കലാപങ്ങളോ വെടിവെപ്പുകളോ നേരിട്ട് ശീലിച്ചിട്ടില്ലാത്ത, അതിന് തയ്യാറെടുപ്പുകൾ നടത്തിയിട്ടില്ലാത്ത കേരള പോലീസിന്റെ സുരക്ഷാ സംവിധാനത്തിന്റെ ദയനീയാവസ്ഥ ചിരിക്കല്ല, ചിന്തയ്ക്കും കൂടി  വക നല്കുന്നതാണ്.

സമരം നടത്തുന്ന SFI പിള്ളേരുടെ മെക്കിട്ട് കേറാൻ അനുവാദം ചോദിക്കുന്ന സുധി കോപ്പയുടെ പോലീസ് ഓഫീസർ കാണിക്കുന്ന ആവേശമുണ്ടല്ലോ, അതിലുണ്ട് നമ്മടെ പോലീസിന്റെ ചില നേര ഉശിരുകൾ!

പോലീസ് സേനയ്ക്കകത്തെ ജാതിവിവേചനങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം വന്ന വാർത്തകൾ ശരിക്കും നടുക്കമുളവാക്കുന്നതാണ്. അതേ പോലെ സമർദ്ദങ്ങൾ പോലീസുകാരിൽ സൃഷ്ടിക്കുന്ന വൈകാരികാഘാതങ്ങൾ ഈ ദിവസങ്ങളിൽ കേരളം ചർച്ച ചെയ്യുന്ന വിഷയമാണ്.

പോലീസ് സേനയിലെ ‘ബിജു’എന്ന ആദിവാസി യുവാവ് സഹപ്രവർത്തകനായ ഉണ്ണിയിൽ നിന്ന് സിനിമയുടെ തുടക്കം മുതൽ നേരിടുന്ന കളിയാക്കലുകൾ സിനിമ പുരോഗമിക്കവേ കൃത്യമായ ജാതി/ വർഗ്ഗ പരാമർശമായി വളരുന്നത് കാണാം.

‘മാവോയിസ്റ്റ് മേഖല ‘ എന്ന അരികുവൽക്കരണത്തിൽ നമ്മുടെ വനവാസികൾ നേരിടുന്ന അതിഭീഷണവും ക്രൂരവുമായ അതിക്രമങ്ങളുടെ ‘പാൻ ഇന്ത്യൻ ‘സ്വഭാവത്തെ  പ്രഹര ശേഷിയോടെ ഉണ്ടയിൽ പതിച്ചിട്ടിരിക്കുന്നു.

ബിജുവും ഛത്തീസ്ഗഡിലെ ആദിവാസി കുനാൽ ചന്ദും നേരിടുന്നത് ഒരേ തരം  സംശയദൃഷ്ടികളെയാണ്. അവർ ഏതു നിമിഷവും displaced ആവാൻ നിർബന്ധിക്കപ്പെടുന്നവരാണ്. ഏതു നിമിഷവും സംശയിക്കത്തക്ക സാഹചര്യത്തിൽ ജീവിക്കുന്നവരാണ്. അറസ്റ്റും രക്തസാക്ഷിത്വവും വിധിക്കപ്പെട്ടവരാണ് – അവർ ഭാഷാതീതമായ വിശപ്പിന്റെ രാഷ്ട്രീയം സംസാരിക്കുന്നവരാണ്. അവരൊഴിഞ്ഞു പോകുന്ന മേഖലകൾ ക്വാറി മുതലാളിമാർ ഇടിച്ചു നിരത്താൻ തക്കം പാർത്തിരിക്കുകയാണ്. ഒരേ സമയം പോലീസിന്റെയും മാവോവാദികളുടേയും ഇരകളായി ജീവിക്കുന്ന ഈ മനുഷ്യരെ ഇങ്ങനെയാക്കി തീർക്കുന്ന സിസ്റ്റത്തെ നിശിതമായി വിമർശിക്കാൻ/ പരിഹസിക്കാൻ ‘ഉണ്ട‘ എന്ന സിനിമയ്ക്ക് കഴിയുന്നുണ്ട്.

ഹിംസയുടെ ഉല്പന്നം ഹിംസ മാത്രമായിരിക്കുമെന്ന്, തോക്കേന്തി നില്ക്കുന്ന കുനാൽ ചന്ദിന്റെ ചെറു ബാലൻ നടുക്കത്തോടെ ഓർമിപ്പിക്കുന്ന നിമിഷമാണ് ഈ സിനിമയിൽ ഏറെ ഹൃദയത്തിൽ  സ്പർശിച്ചത്. കാലാകാലങ്ങളായി ഭരണകൂടാനുമതിയോടെ തുടരുന്ന അസമത്വങ്ങൾ/ ചൂഷണ സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന ഇത്തരം  കുരുതി പൂക്കളുടെ ഒടുവിലത്തെ കണ്ണിയാണ് ആ ബാലൻ. അവനോട് അവസാനമായി എസ്.ഐ മണികണ്ഠൻ പറയുന്ന വാചകത്തിൽ അനുകമ്പയുടെ സമുദ്രമുണ്ട്. അതുമാത്രമാണ് അക്രമത്തിനെതിരെയുള്ള മരുന്ന്. ആ ഭാഗം/ ഭാവം അതിന്റെ ആഴത്തിൽ മമ്മൂട്ടി എന്ന അഭിനേതാവ്  തിരശീലയിൽ കാണിച്ചുതരുന്നുണ്ട്.

ഉത്തരേന്ത്യയിൽ തിരഞ്ഞെടുപ്പ്  സിസ്റ്റം എങ്ങനെ അട്ടിമറിക്കപ്പെടുന്നു എന്നതിന്റെ നേർ ചിത്രം കൂടി ‘ഉണ്ട‘യിലുണ്ട്. സിനിമയിൽ ഒരിക്കലും പ്രത്യക്ഷവല്ക്കരിക്കാത്ത മാവോയിസ്റ്റുകളെക്കാൾ നിന്ദ്യമായി ബൂത്ത് പിടിച്ചെടുക്കുകയും തിരഞ്ഞെടുപ്പു സംവിധാനം അപ്പാടെ കൈക്കരുത്തിനാൽ നിയന്ത്രിക്കുകയും ചെയ്യുന്ന രാഷ്ട്രീയ മാഫിയകളെ   തുറന്നു കാട്ടുന്നുണ്ട് ഈ ചിത്രം.

വിവാഹം/ കുടുംബം/ പ്രണയം എന്ന സംവിധാനത്തിൽ വ്യക്തിയിടത്തിന്റെ പല ഭാവങ്ങൾ കൂടി ഈ സിനിമയിൽ ചർച്ചയ്ക്ക് വെക്കുന്നുണ്ട് സംവിധായകൻ. എസ്.ഐ മണികണ്ഠനും ഭാര്യ ലളിതയും തമ്മിലുള്ള ഫോൺ വിളികളിൽ പരസ്പരാശ്രിതത്വവും വിശ്വാസവും സ്നേഹവുമുള്ള ഭാര്യാ-ഭർതൃബന്ധത്തിന്റെ ചിത്രണമുണ്ട്. അമിത സംഭാഷണങ്ങളില്ലാതെ വലിച്ചു നീട്ടലില്ലാതെ ഈ കുടുംബചിത്രം വ്യക്തമാവുന്നുണ്ട് കാണിക്ക്.
ഇതിന് നേർവിപരീതമായി പരസ്പര വിശ്വാസം നഷ്ടപ്പെട്ട, വേർപിരിയലിന്റെ വക്കത്ത് നില്ക്കുന്ന  ജോജോയും (ഷൈൻ ടോം ചാക്കോ) ഭാര്യയുമായി നടത്തുന്ന വാക്ക് തർക്കങ്ങൾ ആ ‘സിസ്റ്റ’ത്തിന്റെ തകർച്ചയക്കും ഉദാഹരണമാകുന്നു.
പ്രസവമടുത്ത ഭാര്യയെ വിട്ടു പോരേണ്ടി വന്ന ഗോകുലൻ ആ ബന്ധത്തിന്റെ  ആകാംക്ഷയും ആധിയും ആർദ്രതയും തനിമയോടെ കാണിച്ചു തരുന്നു.
വിവാഹത്തിന് തയ്യാറെടുക്കുന്ന ഗിരീഷ്, പ്രണയ സാക്ഷാത്ക്കാരത്തിന്റെ കാത്തിരിപ്പിലാണ്. സഹപ്രവർത്തകന്റെ സഹോദരി കൂടിയാണ് അയാളുടെ പ്രതിശ്രുതവധു.
ആദിവാസി ഊരിൽ നിന്ന് ‘ഒരു നിലയും വിലയുമുണ്ടാവാൻ’ അമ്മയുടെ നിർബന്ധപ്രകാരം പോലീസിൽ ചേർന്ന ബിജു, അതിന്റെ അർത്ഥശൂന്യതയിൽ വേദനിക്കുന്നവനാണ്. അമ്മയ്ക്കും മകനുമിടയിൽ നഷ്ടപ്പെട്ടു പോയ മിണ്ടാട്ടങ്ങളെ കുറിച്ച് ചെറുതെങ്കിലും സൂചനയുണ്ട്.

സിനിമയിലെ 5 പ്രധാന കഥാപാത്രങ്ങളും ഇത്തരത്തിൽ വിവാഹം/ കുടുംബമെന്ന സിസ്റ്റത്തിന്റെ പല സാധ്യതകൾ / പരിമിതികൾ  പ്രതിനിധീകരിക്കുന്നത് അല്പം കൃത്രിമമായി തോന്നി. പക്ഷെ, അതു സംഭവ്യവുമാണ്.

അഭിനേതാക്കൾ എല്ലാവരും കഥാപാത്രങ്ങളായി മാറി എന്നതാണ് ഉണ്ടയിലെ ഏറ്റവും മികച്ച ഗുണം. ‘അഭിനേതാക്കളുടെ സിനിമ’യെന്ന് വിളിക്കാവുന്ന തരം വിശ്വസനീയമായ പ്രകടനം എല്ലാവരും നടത്തിയിരിക്കുന്നു. കാസ്റ്റിങ്ങിൽ നടത്തിയ തിരഞ്ഞെടുപ്പുകൾ മികച്ചത്. കുനാൽ ചന്ദ്, മകൻ, ആദിവാസി ഗോത്ര സമൂഹം, കപിൽദേവ് തുടങ്ങിയ തദ്ദേശീയ കഥാപാത്രങ്ങളും ഈ സിനിമയുടെ ശ്വാസമാവുന്നു.

ഈ സമീപകാലത്ത് കണ്ട മമ്മൂട്ടിയുടെ മികച്ച പ്രകടനങ്ങളിലൊന്നാണ് ഉണ്ടയിലെ മണികണ്ഠൻ. പോലീസ് ‘ജോലി’ സാധാരണക്കാരനായ ഒരു മനുഷ്യൻ. ചില ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നു എന്നു തോന്നുന്ന നടപ്പും ഇരിപ്പും. അയാളിലെ ഉൾഭയങ്ങൾ തന്റെ നിയന്ത്രിത ശരീരഭാഷയിലൂടെ ഒട്ടും അമിതമാവാതെ അദ്ദേഹം പ്രേക്ഷക മനസ്സിൽ രേഖപ്പെടുത്തുന്നു. അല്പം അയഞ്ഞ വസ്ത്രങ്ങൾ,  ആത്മവിശ്വാസമില്ലായ്മ നിഴലിക്കുന്ന മുഖം, അല്പം പതിഞ്ഞതാളം; അതേ സമയം  കാണിക്കു ഒരു മുഷിപ്പും മടുപ്പും ഉണ്ടാക്കാതെ അവതരിപ്പിച്ചിരിക്കുന്നു.

എല്ലാവരോടും കരുതലും സൂക്ഷിക്കുന്ന ഒരു ‘ വല്യേട്ടൻ’ തന്നെയാണ് ഈ മണികണ്ഠൻ മനസുകൊണ്ട്. ഏറ്റവും ‘minimal’ ആയ പ്രവൃത്തികളിലൂടെ, Subtle acting-ലൂടെ മണികണ്ഠനെ അവതരിപ്പിച്ച മമ്മൂട്ടി, തന്നിലെ താരത്തിന് മലയാളി പ്രേക്ഷകർക്കിടയിലുള്ള ക്ലീഷെ ഇമേജിനെ ഓർമിപ്പിക്കാതിരിക്കാനാവുന്നുണ്ട്. കാലത്തിനനുസരിച്ച് സ്വയം പുതുക്കുന്ന ഒരഭിനേതാവിന് മാത്രം സാധിക്കുന്ന രസവിദ്യയാണത്. എങ്കിലും അവസാന സംഘർഷത്തിൽ, സാഹചര്യമാണ് ഹീറോയെ സൃഷ്ടിക്കുന്നത് എന്ന് ന്യായീകരിക്കാമെങ്കിലും audio -video punctuation-ൽ വന്ന ശൈലീമാറ്റം അതുവരെ സിനിമ പിന്തുടർന്ന യാഥാർത്ഥ്യത്തിന് ഒരു തരി പോറലേല്പിച്ചു എന്ന് പറയാതെ വയ്യ.

സംഘടിതമായി പോലീസ് സേന നടത്തുന്ന ചെറുത്തു നില്പിന്നിടയിൽ മണികണ്ഠൻ എസ്. ഐ ക്ക് മാത്രം കിട്ടിയ ‘പ്രിവിലേജുകൾ’ ഒഴിവാക്കാമായിരുന്നു എന്ന് തോന്നി. ഹെൽമറ്റ്, ജാക്കറ്റ് എന്നിവ ധരിക്കാതെ നില്ക്കുന്ന അയാൾക്ക് Low Angle composition/ slow motion shots, high energy music, dramatic entry തുടങ്ങിയവ കൂടിയായപ്പോൾ ഹീറോയിസം തെല്ല് കൂടിപ്പോയി. ടീം ലീഡർ എന്ന നിലയിൽ ആ  കഥാപാത്രത്തിന് അത്തരമൊരു സന്ദർഭത്തിൽ, അങ്ങനെയൊരു ഊന്നൽ ആകാം. പക്ഷേ എത്ര നിയന്ത്രിച്ചാലും പത്തു നാല്പതു കൊല്ലം നിറഞ്ഞാടിയ ഒരു നടന്റെ ലെഗസി ഉണ്ടല്ലോ, അത് കയ്യടിയും ആരവുമായി കാണിയിൽ പടരുന്നത് തടയുവതെങ്ങിനെ! അവിടെ സിനിമയുടെ ഏകാഗ്രതയ്ക്ക് ഭംഗം വന്നു. (തിയറ്റർ സാക്ഷ്യം !)

ലുക്മാൻ അവതരിപ്പിച്ച ബിജു എന്ന ആദിവാസി യുവാവ് അസാധാരണമായ മിഴിവോടെ ഉണ്ടയിൽ നിറഞ്ഞു നില്ക്കുന്നുണ്ട്. നല്ല അഭിനയം കൊണ്ടും സംഭാഷണത്തനിമ കൊണ്ട് ലുക്മാൻ ബിജുവിനെ സൃഷ്ടിച്ചിരിക്കുന്നു. തുടക്കം മുതൽ പരാധീനത നിറഞ്ഞ ഒരാളായി ബിജു നമുക്കനുഭവപ്പെടുന്നുണ്ട്. ‘വിശപ്പ്’ എന്തുമാത്രം വലിയ അനുഭവമാണ് അയാൾക്ക്. ഒട്ടും പ്രകടനപരമല്ലാത്ത പെരുമാറ്റം കൊണ്ടും  അരക്ഷിതത്വം നിഴലിക്കുന്ന കണ്ണുകൾ കൊണ്ടും ലുക്മാൻ തിരശീലയിൽ ബിജുവായി ജീവിക്കുന്നുണ്ട്. മലയാള സിനിമ ഏറ്റെടുക്കേണ്ടുന്ന ചെറുപ്പങ്ങളിലൊന്നാണിയാൾ.

ഗോകുലൻ അതേ പേരിൽ തന്നെയാണ് പ്രത്യക്ഷപ്പെട്ടത്. ഭാര്യ പ്രസവിക്കാൻ കിടക്കുന്നതിന്റെ ഉത്കണ്ഠകൾക്കിടയിൽ വന്നു പെട്ട ദൗത്യത്തിൽ നിസഹായനായ മനുഷ്യൻ. സംഭാഷണത്തിന്റെ മൗലികതയും രൂപത്തിലെ നാടത്തവും മുതൽക്കൂട്ടാവുന്ന നടൻമാരിൽ ഒരാൾ. അർജുൻ അശോക്, ഡോ. റോണി തുടങ്ങി എല്ലാവരും സിനിമയുടെ ശരീരമായി നില്ക്കുന്നു.

ഛായാഗ്രഹകൻ സജിത്ത് യഥാർത്ഥ്യബോധം നിലനിർത്തി തന്നെ ദൃശ്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സൂര്യപ്രകാശം തന്റെ ഫ്രെയിമുകളിൽ സ്വാഭാവിക സാന്നിധ്യമായി അവതരിപ്പിക്കുന്നതിൽ ഛായാഗ്രാഹകൻ പുലർത്തുന്ന ശ്രദ്ധ കൗതുകമായി തോന്നി. സേനാ ക്യാമ്പിന്റെ അകത്തുള്ള ദൃശ്യങ്ങളിൽ ഈ മിടുക്ക് എടുത്തു കാണാം. തമാശയും ദയനീയതയും ചേർന്നു വരുന്ന സിനിമയിൽ സീനിന്റെ  ഫോക്കസ് നഷ്ടപ്പെടാതെ, അധികം വർണാഭമാക്കാനോ, അമിത ശ്രദ്ധ പിടിച്ചുപറ്റാനോ  ഛായാഗ്രാഹകൻ സജിത് പുരുഷൻ  ശ്രമിക്കുന്നില്ല എന്നത് അംഗീകരിക്കേണ്ട കാര്യം.  രാത്രിദൃശ്യങ്ങളിലെ കഥാസാഹചര്യങ്ങൾ ഈ സിനിമയുടെ ഛായാഗ്രാഹണത്തിന് ശരിക്കും വെല്ലുവിളിയാണ്. അത് നന്നായി നിർവഹിക്കപ്പെട്ടിട്ടുണ്ട്.

കലാ സംവിധായകൻ തിരഞ്ഞെടുത്ത ലൊക്കേഷനുകൾ, സേന ക്യാമ്പ് വിശ്വസനീയമാണ്. ന്യൂട്ടനിലെ ഇലക്ഷൻ ബൂത്തുമായി ചില സാമ്യങ്ങളുണ്ടെങ്കിലും മറ്റൊരു ദേശത്തിന്റെ ഭൂമിശാസ്ത്രവും പരിതസ്ഥിതിയും making belief ചെയ്യാൻ  കലാസംവിധായകന് പറ്റിയിട്ടുണ്ട്.

അഭിനേതാക്കളുടെ പ്രകടനത്തിൽ മുന്നോട്ടു പോകുന്ന സന്ദർഭങ്ങളിൽ അതിന് വേണ്ട സമയം നല്കിയും ചിരിയും പരിഹാസവും വർക്കൗട്ട് ആവുന്നതിന്  ജാഗ്രത കാണിച്ചും, സിനിമയുടെ പേസ്, emergency of situations വേണ്ടിടത്ത് ഷാർപ്പ് കട്ടുകളും ഉപയോഗിച്ച് ബുദ്ധിപൂർവം ഉണ്ട എഡിറ്റ് ചെയ്തിട്ടുണ്ട്.

സിനിമയുടെ സംഗീതം, സിനിമയുടെ ആത്മാവ് പ്രേക്ഷകർക്ക് അതേ തീവ്രതയിൽ  അനുഭവവേദ്യമാക്കുന്ന അപൂർവ്വ നിമിഷങ്ങൾ ‘ഉണ്ട’ യുടെ സൗണ്ട് ട്രാക്കിനെ ഏറെ പ്രിയപ്പെട്ടതാക്കുന്നു. സിനിമയിൽ നിന്ന് വേറിട്ട് ഒരു നിലനില്പില്ലാത്ത വിധം അത് ചേർന്നു നില്ക്കുന്നു. folk music-നോടൊപ്പം സിനിമയുടെ energy & emergency ഭാവം കുടി mix ചെയ്താണ് പ്രശാന്ത് പിള്ളയുടെ സംഗീതം. പലായനം ചെയ്യേണ്ടി വരുന്ന/ ഉന്മൂലനം ചെയ്യപ്പെടുന്ന ആദിമ ഗോത്രങ്ങളുടെ വേദന, പുതിയ കാല സംഗീത അഭിരുചികളോട് ചേർന്നു നിന്നു കൊണ്ട് തന്നെ ആവിഷ്കരിക്കാൻ പ്രശാന്തിന് കഴിഞ്ഞിട്ടുണ്ട്.

ശബ്ദലേഖനവും, ശബ്ദമിശ്രണവും മികച്ച നിലവാരത്തോടൊപ്പം കഥാപാത്രങ്ങളുടെ mindscape കൂടെ അടയാളപ്പെടുത്തുന്നുണ്ട് – പ്രത്യേകിച്ച് മണികണ്ഠന്റെ. കാട്ടിൽ തമ്പടിച്ച ഒരു സംഘത്തിന് ഭീതി കൂട്ടാൻ സ്ഥിരം പ്രയോഗിക്കുന്ന തരം വന്യമൃഗ ശബ്ദഘോഷങ്ങൾ ഒഴിവാക്കിയിരിക്കുന്നു. നിശബ്ദതയും പതുക്കെ സംസാരിക്കുന്ന കഥാപാത്രങ്ങളുടെ, താല്ക്കാലികമെങ്കിലും  നിയന്ത്രിത ജീവിത സാഹചര്യവും ശബ്ദ പഥത്തിൽ പ്രതിഫലിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.

തിരക്കഥ – സംഭാഷണങ്ങൾ എടുത്തു പറയേണ്ടുന്ന പൊരുത്തങ്ങളുടേതാണ് ‘ഉണ്ട’യിൽ. ‘ഉണ്ടകളും’ കൊണ്ട് ആസിഫ് അലിയും വിനയ് ഫോർട്ടും വരുന്ന രംഗം വേണമായിരുന്നോ എന്ന സന്ദേഹമുണ്ട്. അതു പോലെ മണികണ്ഠൻ വായിച്ചു കൊണ്ടിരിക്കുന്ന ‘ആത്മാവിനെ തിരയുന്നവർ’ എന്ന പുസ്തകത്തിലെ ചില images, ആപത് നിമിത്തങ്ങളായി  വന്നു പോകുന്നതും കൃത്രിമത്വമായി അനുഭവപ്പെട്ടു. ഒരു suspense /curiosity element നിർബന്ധപൂർവ്വം കുത്തി നിറച്ചതു പോലായി അത്. സംഭാഷണങ്ങൾ over crowded ആവാതെ, പ്രതിപാത്രം സ്ഥിരത നിലനിർത്തിക്കൊണ്ട് തന്നെ അവസാനം വരെ കൊണ്ടുപോയി. പരിമിതമായ ഇടത്ത് ഒത്തുചേരുന്ന മനുഷ്യർക്കിടയിലെ ബന്ധങ്ങൾ / സംഭാഷണങ്ങൾ / സന്ദർഭങ്ങൾ പെട്ടെന്ന് ഏകതാനമാകാനിടയുണ്ട്. അതിനെ അതിശയകരമായി ഈ സിനിമ മറികടന്നിട്ടുണ്ട്.
തിരക്കഥാരചയിതാവിന് ബിഗ് ഷേക് ഹാൻഡ്!

ഒരു സാധാരണ സിനിമയെ നല്ല സിനിമയാക്കുന്നത് സംവിധായകൻ അതിൽ ചേർത്തിരിക്കുന്ന അർത്ഥതലങ്ങൾ/ രാഷ്ടീയ നിലപാടുകൾ കൂടി ഇഴപിരിച്ചെടുക്കുമ്പോഴാണ്. രണ്ടാമത്തെ സിനിമയിലെത്തുമ്പോഴെക്കും ഖാലിദ് റഹ്മാൻ ക്രാഫ്റ്റ് കൊണ്ടും പ്രമേയത്തിന്റെ ആഴം കൊണ്ടും മുന്നേറുന്നുണ്ട്. അഭിനേതാക്കളെ വഴക്കിയെടുക്കുന്നതിൽ, അവരെ കഥാപാത്രമാക്കി മാറ്റുന്നതിൽ സംവിധായകനെന്ന നിലയിൽ ഖാലിദ് റഹ്മാൻ തുടർച്ചയായി വിജയിക്കുന്നു.

അവസാന ഷോട്ടിൽ റെയിലരികിൽ ഉപേക്ഷിക്കപ്പെട്ട bullet box ന് മേൽ കിടന്ന് ഒരു കുരങ്ങൻ കാണിക്കുന്ന വിക്രിയകളിലുണ്ട് നമ്മുടെ സിസ്റ്റത്തിന് നേരെയുള്ള രോഷപ്രകടനമെല്ലാം!

ഉണ്ട നമ്മൾ കാണേണ്ട സിനിമയാണ്.`

Comments

comments