ല്ല നാളേകളെ സ്വപ്നം കാണുന്ന ഒരു മധ്യവർഗ കുടുംബത്തിന്‍റെ പ്രധാന നിക്ഷേപം എന്തിലാണ്? വീടും, പറമ്പും, കാറും സ്വർണ്ണവും ഒന്നുമല്ല. തങ്ങളുടെ കുട്ടികളെ ആണ് ഒരു മധ്യവർഗ ഇന്ത്യൻ കുടുംബം വരും കാലത്തിനു വേണ്ട സ്ഥിരനിക്ഷേപം ആയി കാണുന്നത്. അത് കൊണ്ടാണ്, സർക്കാർ സ്കൂളുകളെ ഉപേക്ഷിച്ച് നിലവാരം കൂടുതലെന്നു കരുതുന്ന സ്വകാര്യ സ്ഥാപനങ്ങളെ തേടുന്നതും, ട്യൂഷൻ അടക്കം പലതരം കോച്ചിങ്ങുകൾക്കും പണം കണ്ടെത്തുന്നതും. ഇതെല്ലാം കഴിഞ്ഞിട്ടും, പൊതു സ്ഥാപനത്തിൽ പ്രവേശനം കിട്ടിയില്ലെങ്കിൽ വിദ്യാഭ്യാസ വായ്പ എടുത്ത്, താങ്ങാനാവാത്ത ഫീസ് കൊടുത്ത്, സ്വകാര്യ കോളേജുകളിൽ ഉന്നത വിദ്യാഭ്യാസത്തിനായി വിടുന്നതും. തങ്ങളുടെ വരുമാനത്തിന്‍റെ പല ഇരട്ടിയാണ് പല കുടുംബങ്ങളും വിദ്യാഭ്യാസത്തിനായി ചിലവാക്കുന്നത്.

നവംബര്‍ 2019ൽ പ്രസിദ്ധീകരിച്ച NSSO യുടെ 75ആം റൌണ്ട് സർവ്വേ പ്രകാരം ഒരു കുട്ടിയുടെ പ്രൈമറി വിദ്യാഭ്യാസ വാർഷിക ചിലവ് 6024 രൂപ ആണ് (നഗര പ്രദേശത്ത് ഇതിന്‍റെ ഇരട്ടി, 13516 രൂപ). ഹയർ സെക്കന്ററി സ്കൂളിൽ ഒരു കുട്ടിക്ക് 13845 രൂപ ചിലവാക്കേണ്ടി വരും (നഗര പ്രദേശത്ത് 23832 രൂപ). സാധാരണ ഒരു ബിരുദത്തിന് 14264 രൂപയും, ബിരുദാനന്തര ബിരുദത്തിനാണെങ്കിൽ 18110 രൂപയും ഒരു കുട്ടിയ്ക്ക് കുടുംബം ചെലവാക്കുന്നു. (ഇവിടെ ഒരു കാര്യം ഓർക്കണം, ഈ കണക്കിൽ ശാസ്ത്ര സാങ്കേതിക ബിരുദ-ബിരുദാനന്തര വിഷയങ്ങൾ പെടുന്നില്ല, അത് ഇതിന്‍റെ മൂന്നും നാലും ഇരട്ടിയാണ്). ഈ തുകയിൽ ഫീസും അനുബന്ധ ചിലവുകളും മാത്രമേ ഉൾക്കൊള്ളിച്ചിട്ടുള്ളു, ഹോസ്റ്റൽ ഫീസ് ഇതിൽ പെടുന്നില്ല. ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന കുട്ടികൾ 2% വീടുകളിലേ ഉള്ളൂ എങ്കിലും അവരുടെ വാർഷിക വിദ്യാഭ്യാസ ചെലവ് എന്നത് 55186 രൂപയായാണ്. ഇതൊന്നും അത്ര വലിയ തുക അല്ല എന്ന് വാദിക്കുന്ന ഒരു വലിയ മധ്യവർഗം നമ്മുടെ ചുറ്റിലും ഉണ്ട്. ഒരു ഇന്ത്യൻ കുടുംബത്തിന്‍റെ വരുമാനം എത്രയാണ് എന്നതിനെ കുറിച്ചുള്ള വിവരമില്ലായ്മയാണ്, ഇത്തരം അഭിപ്രായത്തിലേക്ക് ജനത്തെ വളരെ പെട്ടെന്ന് എത്തിക്കുന്നത്. ഒരു തരത്തിലെ അറിവിന്‍റെ അസമത്വം (ഇൻഫർമേഷൻ അസിമിറ്ററി).

ഇതു മനസ്സിലാക്കണമെങ്കിൽ ഒരു സാധാരണ ഇന്ത്യൻ കുടുംബത്തിന്‍റെ മാസവരുമാനം എന്തെന്ന് അറിയണം. എന്നാലേ ഒരു കുടുംബം വിദ്യാഭ്യാസത്തിലൂടെ തങ്ങളുടെ ഉന്നതിക്കായി ശ്രമിക്കുന്ന ബുദ്ധിമുട്ടുകളുടെ വ്യാപ്തി അറിയാൻ പറ്റു.

10 ട്രില്യൺ രൂപ മാർക്കറ്റ് വിലയുള്ള റിലയൻസിന്‍റെ ഉടമസ്ഥരായ അംബാനി കുടുംബത്തിന്റേയും, ഇന്ത്യയിലെ 119 ബില്യണയേഴ്സിന്റേയും മൊത്ത വരുമാനവും ബാക്കി വരുന്ന 1.35 ബില്യൺ ജനത്തെയും കൂട്ടികിട്ടുന്ന, ആളോഹരി വരുമാനത്തിന്‍റെ കണക്കെടുത്താൽ പോലും വാർഷിക ആളോഹരി വരുമാനം വെറും 126406 രൂപ മാത്രമാണ്. ഇത് സർക്കാരിന്‍റെ കണക്കാണ്. ആളോഹരി വരുമാനം വെറും ഉപരിപ്ലവ കണക്കാണ് എന്നത് തിരിച്ചറിയണമെങ്കിൽ ഇതുകൂടി മനസിലാക്കണം. ഇന്ത്യയുടെ 73% സ്വത്ത് വെറും ഒരു ശതമാനത്തിന്‍റെ കൈവശം ആണ് (ഓക്സ്‌ഫാമെന്ന അന്തർദേശിയ NGO യുടെ കണക്ക് പ്രകാരം).

2016ൽ ഐസിഇ 360 എന്ന സംഘടന ഇന്ത്യയിലെ 61000 കുടുംബങ്ങളുടെ വരവ് ചിലവ് കണക്കെടുപ്പ് നടത്തി, അതിൻ പ്രകാരം, ഒരു ശരാശരി ഇന്ത്യൻ കുടുംബത്തിന്‍റെ മാസവരുമാനം 16840 രൂപ മാത്രമാണ്. സാമ്പത്തിക ശ്രേണിയുടെ ഏറ്റവും താഴെ നിൽക്കുന്ന 20% കുടുംബത്തിന്റേതാകട്ടെ 7739 രൂപയും. ഈ സർവ്വേ പ്രകാരം ഏകദേശം 60% കുടുംബങ്ങൾക്ക് 10000 രൂപയുടെ അടുത്തേയുള്ളൂ മാസവരുമാനം. അതായത് വാർഷിക കുടുംബ വരുമാനം 1.2 ലക്ഷമോ അതിനടുത്ത തുക. ഇത്തരം ഒരു കുടുംബത്തിൽ നിന്നും സോഷ്യൽ സയൻസ്, ലിബറൽ ആർട്സ് വിഷയങ്ങളിൽ ബിരുദബിരുദാനന്തരത്തിന് പഠിക്കുന്ന ഒരു കുട്ടിയുണ്ടെങ്കിൽ, അവരുടെ വാർഷിക വരുമാനത്തിന്‍റെ 10-20% വരെ ചിലവാകും. ഒന്നിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ രണ്ടാമത്തെ ആളുടെ ഉന്നത വിദ്യാഭ്യാസം അവർക്ക് ഒരുതരത്തിലും താങ്ങാൻ ആവുന്നതല്ല. അവർ ഹോസ്റ്റലിൽ ആണെങ്കിൽ, സ്‌കോളർഷിപ് ഇല്ലെങ്കിൽ, എത്ര മിടുക്കുണ്ടെങ്കിലും പഠനം തുടരാൻ കഴിയില്ല. ശാസ്ത്ര-സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തിപ്പെടുക എന്നത് സാമൂഹിക സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള ഒരു കുട്ടിക്ക് മിടുക്ക് കൊണ്ട് മാത്രം നേടാൻ പറ്റാവുന്ന കാര്യം അല്ല. അവരുടെ സാന്നിധ്യം ഇത്തരം സ്ഥാപനങ്ങളിൽ തീർത്തും ഇല്ലാത്തതിന് പ്രധാന കാരണം സാമ്പത്തികശേഷിക്കുറവ് തന്നെയാണ്.

ഇവിടെയാണ് ഡൽഹിയിലെ ജവാഹർലാൽ നെഹ്രു സർവകലാശാലയിലെ (JNU) കുട്ടികൾ മുന്നോട്ടു വച്ച ചില കണക്കുകൾ സത്യമാവുന്നത്. JNU വിലെ വിദ്യാർഥികളുടെ 40% വരുന്നത് വാർഷിക വരുമാനം 1.44 ലക്ഷത്തിനു താഴെയുള്ള കുടുംബങ്ങളിൽ നിന്നാണെന്ന്. കുറഞ്ഞ ഫീസും, സാമൂഹിക സാമ്പത്തിക അധഃസ്ഥിതാവസ്ഥ (deprivation points) അടിസ്ഥാനമാക്കിയ പ്രവേശന മാനദണ്ഡങ്ങളും ഉള്ളതിനാലാണ്, JNU വിൽ രാമ നാഗയും ജിതേന്ദ്ര സുനയും അടക്കമുള്ള സാമൂഹികവും സാമ്പത്തികവുമായി ഏറ്റവും താഴെനിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് തല ഉയർത്തിതന്നെ പഠിക്കാൻ കഴിയുന്നത്. ഫീസ് കൂട്ടുക, പ്രവേശന മാനദണ്ഡങ്ങൾ മാറ്റുക എന്നാൽ JNU വും നഗര മധ്യവർഗത്തിനായി വഴിമാറുകയാണ്. പൊതു വിദ്യാലയത്തിൽ ഉണ്ടാകേണ്ട ബഹുസ്വരതയുടെ ശൃംഖല മുറിച്ചു മാറ്റുകയാണ്. മഹാഭൂരിപക്ഷത്തിന്‍റെ നികുതി പണം കൊണ്ട് പ്രബലരായ ഒരു ചെറിയ വരേണ്യ വർഗം നിയന്ത്രിക്കുന്ന ഒരു രാജ്യം ആയി മാറുകയാണ് ഇന്ത്യ.

കോളേജ് പഠനത്തോടൊപ്പം മീൻ വിൽക്കാൻ പോകുന്ന ഹനാൻ ഹമീദും, പൊതു വിദ്യാലയത്തിൽ ആയിരുന്നിട്ട് പോലും, ചെലവിനായി പെയിന്‍റ് പണി വരെ ചെയ്തിരുന്ന മഹാരാജാസിലെ ക്യാമ്പസ് രാഷ്ട്രീയത്തിന്‍റെ ഇര ആയ അഭിമന്യുവും, തനിക്ക് കിട്ടുന്ന സ്‌കോളർഷിപ്പിന്‍റെ ഒരംശം വീട്ടിലേക്ക് അയച്ചു കൊടുക്കുന്ന JNU ക്യാമ്പസിലെ പലകുട്ടികളും, എന്തിന് ഹോസ്റ്റലിൽ ഭക്ഷണത്തിന് മുൻപിലിരിക്കുമ്പോൾ തന്‍റെ വീട്ടുകാർ എന്തെങ്കിലും കഴിച്ചിട്ടുണ്ടാകുമോ എന്ന് ആകുലപ്പെടുന്ന കുട്ടികളൊക്കെ പഠിക്കുന്നിടമാണ് JNU അടക്കം ഉള്ള പൊതു സർവ്വകലാശാലകൾ. ഇവിടങ്ങളിലെ ഫീസ് ഏറ്റവും താഴേക്കിടയിലുള്ളവർക്ക് താങ്ങാൻ പറ്റുന്നരീതിയിൽ നിലനിറുത്തുമ്പോൾ കുറച്ചു് പേർക്ക് തല ഉയർത്തി നിന്ന് പഠിക്കാനും ആത്മവിശ്വാസത്തോടെ തങ്ങളുടെ ഭാവി കരുപിടിപ്പിക്കാനും ഈ രാജ്യം നൽകുന്ന വളരെ ചുരുങ്ങിയ അവസരം ആണ് ഇത്. ഒരു ജനാധിപത്യ രാജ്യത്തിന് അത്യാവശ്യമായ സമത്വം, തുല്യത, സാമൂഹിക നീതി ഏതൊക്കെ എന്താണെന്ന് പഠിപ്പിക്കുക മാത്രമല്ല, ദൈന്യംദിന ജീവിതത്തിൽ ഒരു പരിധി വരെ പ്രയോഗത്തിൽ വരുത്തുന്ന ഇത്തരം പൊതു ഇടങ്ങൾ നിലനിര്‍ത്തേണ്ടത് ഒരു രാജ്യം എന്ന നിലയിൽ നാം കൊണ്ടുനടക്കുന്ന ചില മൂല്യങ്ങൾ നിലനിര്‍ത്താൻ അത്യാവശ്യം ആണ്.

Comments

comments