എന്റെ ഓര്‍മ തെറ്റാണെങ്കില്‍
ഇന്ത്യ ജനാധിപത്യ രാജ്യമാണ്
ജനങ്ങള്‍ സുഖമായി ഇരിക്കുമ്പോള്‍
ജനപ്രതിനിധികള്‍ നിന്ന് പ്രസംഗിക്കുന്നു
ചിന്താശക്തിയില്ലെങ്കില്‍
ഇന്ത്യ മതേതര രാജ്യമാണ്
ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും
ജൈനനും ശിഖനും ബൗദ്ധനും
ലൊട്ടുലൊടുക്കു മറ്റ് മതസ്ഥരും
ഒരേ പായയില്‍ കിടക്കുന്നു
ഒരേ ചായ കുടിക്കുന്നു
ഒരേ പാത്രത്തില്‍ നിന്ന്
നാനാത്വത്തില്‍ ഏകത്വം
കഴിക്കുന്നു
മറിച്ചുപറയുകയാണെങ്കില്‍
അഭിപ്രായസ്വാതന്ത്ര്യമുള്ള
രാജ്യമാണ് ഇന്ത്യ
പുരപ്പുറത്ത് കോഴി കൂവുന്നു
മണ്ണിരകള്‍ നൂലുനൂല്‍ക്കുന്നു
ആര് വിലക്കുന്നു?
ദേശീയജലജീവി
സുസു എന്ന ഡോള്‍ഫിന്‍
പുണ്യപൗരാണികതയുടെ
മെഴുക്കുപുരണ്ട ഗംഗയില്‍
ആണ്ടിരുന്നെഴുതുന്ന
അടിത്തട്ട് കവിതകള്‍
വെളിച്ചം കാണാതിരുന്നിട്ടുണ്ടോ?
ബംഗാള്‍ കടുവകളെഴുതുന്ന കഥകള്‍ക്ക്
ആരെങ്കിലും വട്ടം നിന്നിട്ടുണ്ടോ
വെടിയുതിര്‍ത്തിട്ടുണ്ടോ?
കിളികളെ
അതിര്‍ത്തികളില്‍
ആരും തടഞ്ഞുവെയ്ക്കുന്നില്ല
സ്വപ്‌നം കണ്ട നീര്‍ത്തടങ്ങളിലേക്ക് പറക്കുന്നു
തിരിച്ചറിയല്‍ കാര്‍ഡ് പോലുമില്ലാതെ
മരംകൊത്തിയെഴുതുന്ന പത്രികയെ
ആര് വിലക്കുന്നു?
ഇലകളെ വായിക്കുന്ന പുഴുക്കളെ ആര് തടയുന്നു?
മറവിരോഗം ഉണ്ടെങ്കില്‍
ഓരോ ഇന്ത്യക്കാരനും
ഇഷ്ടമുള്ള ഇണയെ തേടാം.
കണ്ടിട്ടില്ലേ
വെയിലും മഴയും വരുമ്പോള്‍
കാട്ടിലെ കുറുക്കന്റെ കല്യാണം?
പ്രണയപുഷ്പങ്ങള്‍ വിരിയുമ്പോള്‍
മത്തടിച്ച്
മണം പിടിച്ച്
മരങ്ങളുടെ മുകളില്‍
ഇണചേരുന്ന രാജവെമ്പാലകളുടെ
സ്വൈരസല്ലാപങ്ങളില്‍ ഇടങ്കോലിട്ട ചരിത്രമുണ്ടോ
Be the first to write a comment.