ന്ത്യയിലെ പാർലമെന്ററി ജനാധിപത്യ ഇടതുപക്ഷത്തിന്റെഇന്നലെവരെ മുഖ്യം എന്നു വിളിച്ചിരുന്ന സി പി ഐ എമ്മിലേത് മുഖ്യമായും പരിഷ്ക്കരണ ശ്രമങ്ങള്‍ വിരൽചൂണ്ടുന്നത് ഒരു ലാറ്റിന്‍ അമേരിക്കന്‍ പിങ്ക് വിപ്ലവ’’ പാതയിലെക്കാണെന്നു കരുതാവുന്നതാണ്. ആ പാര്‍ട്ടി മറ്റുള്ള മുപ്പത്താറു ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ പോലെ ഒരു  ദശാസന്ധിയിലാണ് എന്ന വസ്തുത നിലനില്‍ക്കെതന്നെ അതില്‍ നടക്കുന്ന ജനാധിപത്യ വികേന്ദ്രീകരണ വിപുലീകരണ നീക്കങ്ങള്‍ ലാറ്റിന്‍  അമേരിക്കയില്‍ കഴിഞ്ഞ അമ്പതു  വര്‍ഷം നടന്ന പരീക്ഷണങ്ങളെ അനുസ്മരിപ്പിക്കുന്നു. പ്രത്യേകിച്ചും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകം. സി പി ഐ എമ്മില്‍ സാര്‍വദേശീയത എന്ന സങ്കല്‍പ്പം നിലനിന്ന കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനദശകങ്ങളില്‍ ലാറ്റിന്‍ അമേരിക്കയുമായി “നയതന്ത്ര ബന്ധത്തിന്റെ ചുമതല വഹിച്ചിരുന്ന സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലേക്കുള്ള വരവും പോസ്റ്റ്‌ നിയോ ലിബറലിസം എന്നു വിളിക്കപ്പെടുന്ന പിങ്ക് വിപ്ലവങ്ങളിലെക്കുള്ള ചായ് വിനു ആക്കംകൂട്ടുന്നു. മതങ്ങളോടുള്ള പാര്‍ട്ടിയുടെ സമീപനം മതനിരപേക്ഷതയില്‍ നിന്ന്  മതസൌഹാർദ്ദത്തിലേക്ക് തിരിയുമ്പോള്‍ അതുമൊരു ലാറ്റിന്‍ അമേരിക്കന്‍ സൂചനയാണ്.

ലിബറേഷേന്‍ തിയോളജി പോലുള്ള, മതങ്ങളുടെ സമീപനം ലാറ്റിന്‍ അമേരിക്കന്‍ ലെഫ്റ്റിനെ എത്രകണ്ട് അതിജീവനത്തിനു സഹായിച്ചു  എന്ന വസ്തുത കൂടി കണക്കിലെടുത്താവണം സി പി ഐ എമ്മിന്റെ നീക്കവും. കര്‍ക്കശമായ കേഡർ ഘടനയില്‍ നിന്നു മാറി ലിബറല്‍ ലെഫ്റ്റിനെയും സെന്ററിസ്റ്റ് പാര്‍ട്ടികളെയും കൂടെ  ചേര്‍ത്താണ് അവിടെ ജനാധിപത്യ മാര്‍ഗങ്ങളിലൂടെ ഒട്ടേറെ രാജ്യങ്ങളില്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നതും ക്രിയാത്മക മാറ്റങ്ങള്‍ അതാതു രാജ്യങ്ങളിൽ സൃഷ്ടിച്ചതും. വെനിസ്വേലന്‍ പ്രസിഡന്റ് ആയിരുന്ന ഹ്യൂഗോ ഷാവേസിന്റെ മരണത്തോടെ നേതൃത്വമില്ലാതെ മങ്ങി നില്‍ക്കുന്ന ആ പ്രസ്ഥാനം ഇപ്പോള്‍  ബോളീവിയയിലെക്കാണു പ്രതീക്ഷയോടെ നോക്കുന്നത്. ഇന്ത്യക്കും ആ മാതൃക സ്വീകാര്യമാണെന്ന് പുതിയ നീക്കങ്ങള്‍ സൂചിപ്പിക്കുന്നു. ലാറ്റിന്‍ അമേരിക്കയെ പോലെ  ഇന്ത്യന്‍ ഇടതുപാര്‍ട്ടികളും സായുധവിപ്ലവം, അടവ്  നയം എന്നിവയ്ക്ക് മോറോട്ടോറിയം  പ്രഖ്യാപിച്ചതും ഒരു സൈന്‍ ബോര്‍ഡാണ്. നിയോ ലിബറലിസത്തില്‍ നിന്ന് മുന്നേറി മാര്‍ക്കറ്റിസത്തിലേക്ക് ആക്രമണാത്മാകമായി മുന്നേറിയ മുതലാളിത്തം സൃഷ്ടിച്ച മലവെള്ളപ്പാച്ചിലില്‍ അണിയവും പാമരവും തകര്‍ന്ന ഇന്ത്യന്‍ ഇടതു ജനാധിപത്യത്തിന്റെ അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടമായി കൂടി ഇതിനെ കാണാം. ജനകീയ ജനാധിപത്യവാദികളെയും ദേശീയജനാധിപത്യവാദികളെയും ഉൾക്കൊണ്ട അമ്പതുകളുടെ ആദ്യത്തില്‍ തന്നെ സിപി മുന്നോട്ടു വച്ചതും ഇതേ ആശയമായിരുന്നു. പിന്നീട് ഇടതുപക്ഷ ഐക്യത്തിന് വേണ്ടി അവർ ആ നിലപാട് മാറ്റി. ഇതത്രയും ജനാധിപത്യപ്രക്രിയയില്‍ പങ്കെടുക്കുന്ന പാര്‍ട്ടികളെക്കുറിച്ച്. മറുവശത്ത്‌ സായുധസമരത്തെ പിന്തുണയ്ക്കുന്ന പാര്‍ട്ടികളും സജീവമായുണ്ട്. ഇന്ത്യയിലെ അറുന്നൂറിൽ ഇരുന്നൂറോളം ജില്ലകളിൽ എണ്ണത്തില്‍ ഇവര്‍ക്ക് നിര്‍ണ്ണായകമായ സ്വാധീനമുണ്ട് എന്നാണു സര്‍ക്കാര്‍ വിലയിരുത്തല്‍. മാവോയിസ്റ്റുകള്‍ എന്ന് പൊതുവേ വിളിക്കപ്പെടുന്ന ഇവര്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ ഉരുക്കു മുഷ്ടിയില്‍ ഞെരിഞ്ഞമരുകയാണ് എന്നതും വസ്തുത. നൂറ്റി ഇരുപത്തഞ്ചുകോടി  ജനങ്ങള്‍, അതില്‍ എൺപത്തിമൂന്നു കോടി ഗ്രാമീണര്‍, ആയിരത്തോളം ഭാഷകള്‍, അതിലേറെ ആചാരങ്ങള്‍ – അതില്‍ ഗണ്യമായ പങ്കും വ്യവസ്ഥാപിത മതങ്ങളില്‍ ഒന്നും പെടാത്തവ – ഈ ഇന്ത്യന്‍ സാഹചര്യം പാർലമെന്ററി ഇടതു പാര്‍ട്ടികള്‍ എങ്ങിനെയാണ് അഭിമുഖീകരിക്കുക എന്നത് കൌതുകത്തോടെ കാത്തിരുന്നു കാണേണ്ട ഒന്നാണ്. കോൺഗ്രസ്സിന്റെ അധികാര കുത്തക തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച പാര്‍ട്ടികള്‍ അത് പോസ്റ്റ്‌ മണ്ഡല്‍ സാഹചര്യത്തോടെ സാധിച്ചെങ്കിലും പകരം എന്ത് എന്ന അമ്പരപ്പ് അവരെ ഇപ്പോള്‍ ഒരു പേക്കിനാവുപോലെ കൂടുതല്‍ അലട്ടുന്നുണ്ടാവണം.  കോൺഗ്രസ്സിന്റെ ശൂന്യതയില്‍ കടന്നു വന്നത് വര്‍ഗീയതയാണ്. അതിന്റെ തുടര്‍ച്ചയായി മത – കോര്‍പ്പറേറ്റ് ഫാസിസം ഇന്ത്യയെ വിഴുങ്ങും എന്ന ആശങ്ക നിലനില്‍ക്കെയാണ് ജനാധിപത്യത്തിലേക്കുള്ള ഇടതു പാര്‍ട്ടികളുടെ സമ്പൂര്‍ണ്ണ ചുവടു മാറ്റം എന്നതും ശ്രദ്ധേയം.

ഈയവസരത്തില്‍ ലാറ്റിന്‍ അമേരിക്കയില്‍ നടന്ന മാറ്റങ്ങള്‍ ഒരുവട്ടം കൂടി ഓര്‍ക്കുന്നത് ഉചിതമായിരിക്കും. ചെ ഗവേരയ്ക്കും ക്യൂബയ്ക്കും ശേഷം ലാറ്റിന്‍ അമേരിക്കയില്‍ നടന്ന വിഖ്യാതമായ മാറ്റം ചിലിയിലാണ്. സാല്‍വദോര്‍ അലെൻഡെ തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരമേറ്റതായിരുന്നു അത്. തുടര്‍ന്ന് സി ഐ എ ഇടപെടലിലൂടെ യുഎസ്സ് അദ്ദേഹത്തെ വധിക്കുകയും പട്ടാള ഭരണം നിലവില്‍ വരികയും ചെയ്തതും എഴുപതുകളുടെ ആദ്യത്തിലാണ് (1970 – 1973). തുടര്‍ന്ന് വന്ന രണ്ടു പതിറ്റാണ്ടുകള്‍ ചിലിയന്‍ പട്ടാള ഏകാധിപതി ഒഗസ്റ്റോ പിനോച്ചെയുടെ നേതൃത്വത്തില്‍ നിരവധി രാജ്യങ്ങളില്‍ ഇടതുപക്ഷത്തെ കൂട്ടത്തോടെ വേട്ടയാടുന്നതാണ് കണ്ടത്. അര്‍ജന്റീന, ചിലി, ബൊളീവിയ, പാരാഗ്വെ, ഉറുഗ്വെ, ബ്രസീല്‍ എന്നിങ്ങിനെ അമേരിക്കന്‍ഭൂഖണ്ടത്തിന്റെ വിവിധ ദേശങ്ങളില്‍ കൂട്ടക്കൊലകള്‍ നടന്നു. വംശഹത്യക്ക് സമാനമായ കൂട്ടക്കൊലകൾ.

ഇതിനിടെ
1979 ല്‍ നിക്കരാഗ്വയില്‍ അനസ്താഷ്യോ സോമോസയുടെ ദീര്‍ഘകാലഭരണം അവസാനിപ്പിച്ചു സാണ്ടിനിസ്റ്റ ദേശീയ വിമോചനമുന്നണി അധികാരത്തില്‍ വന്നു. സമോസയുടെ വിമര്‍ശകരായി മാറിയ അവിടുത്തെ ക്രിസ്ത്യന്‍സഭയുടെ സഹായത്തോടെ ആയിരുന്നു മുന്നണി അധികാരം പിടിച്ചത്. സാണ്ടിനിസ്റ്റ മുന്നണിക്കെതിരെ യു എസ്സ് ആളും ആയുധവും നല്‍കി വലതുപക്ഷകലാപങ്ങള്‍ അഴിച്ചു വിട്ടു. 1981ൽ അധികാരമേറ്റ റൊണാള്‍ഡ് റീഗന്‍ ലത്തീന്‍ അമേരിക്കയില്‍ വലതുപക്ഷഗ്രൂപ്പുകളെ അക്രമാസക്തമായിത്തന്നെ പിന്തുണച്ചു. അക്കാലമാണ് ആ മേഖല ഏറ്റവും രക്തരൂഷിതമായ ഒട്ടേറെ കലാപങ്ങള്‍ കണ്ടത്. അടിച്ചമര്‍ത്തലിന്റെ അക്കാലമാണ് ലത്തീന്‍ അമേരിക്കയില്‍ പിന്നീടു വന്ന പിങ്ക് വസന്തത്തിനു വിത്ത്‌ പാകിയതും. കൂട്ടക്കൊലയിലൂടെ ആ ഭൂഖണ്ടത്തിന്റെ മണ്ണും കൃഷിയും സ്വത്തും  വിദേശികള്‍ കയ്യടക്കുകയായിരുന്നു. ഇന്ത്യ നേരിടാന്‍ പോകുന്ന വലിയ വിപത്തും ഇതുതന്നെയാണ് എന്നു പല കേന്ദ്രങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇപ്പോള്‍തന്നെ അത്  ആരംഭിച്ചു കഴിഞ്ഞു എന്നു വാദിക്കുന്നവരാണ് മാവോയിസ്റ്റുകള്‍. മറ്റുള്ളവരും ഏറെക്കുറെ അത് അംഗീകരിക്കുന്നുണ്ടെങ്കിലും.
എല്‍ സാൽവഡോറില്‍ 1980ല്‍ തുടങ്ങിയ രൂക്ഷമായ ആഭ്യന്തരകലാപം വിമതനേതാവ് ആര്‍ച്ച് ബിഷപ്പ് ഓസ്ക്കാര്‍ റോമെറോയുടെ കൊലപാതകത്തിന്റെ തുടര്‍ച്ച  ആയിരുന്നു. യു എസ്സിന്റെ “നേതൃത്വത്തില്‍” യൂണിയന്‍ നേതാക്കളെയും പുരോഹിതരെയും അടക്കം ആയിരക്കണക്കിന് വിപ്ലവകാരികളെ കൊലപ്പെടുത്തി. 1992 വരെ ഇതു തുടര്‍ന്നു. പിന്നീട് ഒരു ദേശീയ ഒത്തുതീര്‍പ്പിലൂടെ കലാപം ആഭ്യന്തരകക്ഷികള്‍ തന്നെ അവസാനിപ്പിച്ചു. സോവിയറ്റ്  ബ്ലോക്ക് പൂര്‍ണ്ണമായും തകര്‍ന്ന കാലം. ഏകധ്രുവലോകം എന്ന് യു എസ്സ് പിന്നീടുള്ള കാലത്തെ വിശേഷിപ്പിച്ചു. അവരുടെ അധിനിവേശ നീക്കങ്ങള്‍ മറ്റു രൂപങ്ങള്‍ പ്രാപിച്ചു. മുന്‍ഗണനാക്രമങ്ങള്‍ മാറി. 

ഗ്വാട്ടിമാലയില്‍ നാല്‍പ്പതുകളുടെ മധ്യത്തിൽ വിദ്യാര്‍ത്ഥികളും അധ്യാപകരും ബുദ്ധിജീവികളും ചേര്‍ന്ന് മുന്നോട്ടുവച്ച റാഡിക്കല്‍ പരിഷ്ക്കാരപ്രസ്ഥാനത്തെ – ഒക്ടോബര്‍ വിപ്ലവകാരികള്‍ – 1954 ല്‍ സിഐഎ യുടെ സഹായത്തോടെ അട്ടിമറിയിലൂടെ അവസാനിപ്പിച്ചു. 1980കളില്‍ അതിരൂക്ഷമായ കൂട്ടക്കൊലകള്‍ നടന്നു. സിവില്‍സമൂഹത്തിലെ ഇടതുപക്ഷക്കാരെ – സര്‍വ്വകലാശാലകള്‍, ഗ്രാമങ്ങള്‍ തുടങ്ങി സര്‍വ്വ മേഖലകളിലും അടിച്ചമര്‍ത്തി. ആകെ രണ്ടുലക്ഷം പേര്‍ കൊല്ലപ്പെട്ടു. 1996ല്‍ പ്രസിഡന്റ് ആയിരുന്ന അല്‍വാരോ അസ്രൂവും വിമത നേതാവ് റൊണാള്‍ഡോ മോറാനും സന്ധിയിലെത്തി.

1970 കളുടെ മധ്യത്തോടെ ക്യൂബന്‍ വിപ്ലവ നായകന്‍ ലത്തീന്‍ അമേരിക്കയുടെ അമരക്കാരനായി. 2008 വരെ കാസ്ട്രോ പകര്‍ന്ന തീയിലാണ് സാമ്രാജ്വത്വ വിരുദ്ധ, സോഷ്യലിസ്റ്റ് ആശയങ്ങള്‍ ലത്തീനമേരിക്ക ഊതിക്കാച്ചി എടുത്തത്. ഇതാണ് പിങ്ക് വിപ്ലവം എന്ന് പൊതുവേ അറിയപ്പെടുന്നത്. 2000 ആണ്ടുകളുടെ മധ്യത്തില്‍  ആണ് അത് പക്വാവസ്ഥയില്‍ എത്തിയത്. വെനിസ്വേലയില്‍ ഷാവേസ്, ബ്രസീലില്‍ ലുലാ , ഇക്ക്വഡോറില്‍ കൊറീയ, ബൊളീവിയയില്‍ ഈവാമോറാലിസ് തുടങ്ങി ഒട്ടേറെ ഭരണാധികാരികളെ സ്വാധീനിച്ച ക്യൂബന്‍ മാതൃക ലത്തീന്‍ അമേരിക്കയില്‍ വീണ്ടും സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് മുന്‍‌തൂക്കം നല്‍കി.  യു എസ്സിന്റെ പ്രോക്സി ഭരണകൂടങ്ങളില്‍ നിന്നും കുതറി മാറിയ ലത്തീന്‍ അമേരിക്കയുടെ  ജനസസംഖ്യയില്‍ നാലില്‍ മൂന്നും സോഷ്യലിസ്റ്റ് ഭരണത്തിലായി.

അന്ന് ആരഭിച്ച ജനകീയ മുന്നേറ്റങ്ങളുടെ നാള്‍വഴിക്കുറിപ്പുകള്‍ ഇങ്ങനെപോകുന്നു. ലത്തീന്‍ അമേരിക്കന്‍ വിപ്ലവ പ്രസ്ഥാനങ്ങളുടെ തലതൊട്ടപ്പനായി അറിയപ്പെടുന്ന സൈമണ്‍ ബോളിവിയറുടെ ആശയങ്ങള്‍ ഉള്‍ക്കൊണ്ട ഹ്യൂഗോ ഷാവേസ് 1999-ല്‍ ബൊളീവിയയില്‍ തെരഞ്ഞെടുക്കപ്പെടുന്നു. 2013 മരിക്കും വരെ തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ട ഷാവേസ് ആണ് ആധുനിക ലത്തീന്‍ അമേരിക്കയുടെ ശബ്ദവും കാര്‍ക്കശ്യക്കാരനായ മുതലാളിത്ത വിരോധിയും യു എസിന് ബദലായി ഒരു ജനകീയനായകനുമായത്. വെനിസ്വേലയുടെ എണ്ണനിക്ഷേപം ദേശസാല്‍ക്കരിച്ചു കൊണ്ട് അദ്ദേഹം നടത്തിയ മുന്നേറ്റം ലോകത്താകമാനം ഇടതു പക്ഷത്തിനു പുത്തന്‍  ഊര്‍ജ്ജവും പ്രതീക്ഷയും നല്‍കി.

ഈ മുന്നേറ്റങ്ങളുടെ  ചുവടുപിടിച്ചു ബ്രസീലില്‍ 2002 ലും 2006 ലും തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ലൂയിസ് ഇനാഷ്യോ ലുലാ ഡി സില്‍വ വമ്പിച്ച സാമൂഹ്യ  പരിഷ്കാരങ്ങള്‍ നടപ്പിലാക്കി ബ്രസീലിനെ ഒരു സാമ്പത്തിക ശക്തിയാക്കി വളര്‍ത്തി. ദശലക്ഷങ്ങള്‍ പട്ടിണിയില്‍ നിന്ന് കരകയറിയത് ഇക്കാലത്താണ്.

2004 ഒക്ടോബറില്‍ ഉറുഗ്വെ ഒരു വിസ്മയം കണ്ടു. ഡോക്ടര്‍ തബാറെ വാസ്ക്യൂസ് അവിടത്തെ ആദ്യ ഇടതുപക്ഷ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ  ആദ്യ നടപടികളില്‍ ഒന്ന് പട്ടിണി നിർമ്മാർജനത്തിനായി പ്രതിവർഷം ഒരു കോടി ഡോളര്‍ എന്ന പദ്ധതിയായിരുന്നു. അദ്ദേഹത്തെ തുടർന്ന് 2010-ൽ പ്രസിഡന്റ് പദവിയിലേക്ക് പഴയൊരു ഇടതുപക്ഷ ഗറിലയാണു വന്നത്. ഇന്ത്യൻ മാതൃകകളിൽ മണിക് സർക്കാരിനെ ഓർമ്മിപ്പിക്കുന്ന ജോസ് മ്യുജിക്ക ലളിതജീവിതശൈലി കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ചു.

2006 ല്‍ ചിലിയില്‍ സ്ഥാനമേറ്റ ആദ്യ വനിതാ പ്രസിഡന്റ്  മിച്ചെല്ലേ ബാചിലെറ്റ് സോഷ്യല്‍ ഡെമോക്രാറ്റ് ആയിരുന്നു. പിനോഷെയുടെ ഭരണകാലത്ത് പീഡിപ്പിച്ചു  കൊല്ലപ്പെട്ട, അലെൻഡെയുടെ സഹപ്രവര്‍ത്തകനായിരുന്ന, ആല്‍ബര്‍ട്ടോ ബാച്ചിലെയുടെ മകള്‍.

കോച്ചബാമ്പ ജലസമരത്തിന്റെ നേതൃത്വം വഹിച്ച തൊഴിലാളിനേതാവ് ഈവ മൊറാലെസ് ബൊളീവിയയില്‍ 2006 ല്‍ അധികാരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. യുഎസ്സിന്റെ നിശിത വിമര്‍ശകനായ മൊറാലെസ് നടപ്പാക്കിയ ഭൂപരിഷ്ക്കരണം അവിടത്തെ ജനതയ്ക്ക് പുതുജീവന്‍ നല്‍കി. രാജ്യത്തിന്റെ എണ്ണനിക്ഷേപത്തില്‍ നിന്നുള്ള ലാഭം ജനങ്ങള്‍ക്ക്‌ തുല്യമായി വിതരണം ചെയ്യപ്പെടുന്നു എന്നുറപ്പ് വരുത്തിയതും അദ്ദേഹമാണ്. എണ്ണയില്‍ നിന്നുള്ള ലാഭത്തിനുള്ള നികുതി എൺപത്തിന്നാലു ശതമാനമായി വര്‍ദ്ധിപ്പിച്ചു കൊണ്ടാണ് അദ്ദേഹം ഇത് സാധ്യമാക്കിയത്. ദേശസാല്‍ക്കരണവും ഒരു അജണ്ട ആയിരുന്നു. 2006ല്‍ ഇക്ക്വഡോറില്‍ അധികാരമേറ്റ റാഫേല്‍ കൊറീയ സമാനമായ പരിഷ്കാരങ്ങളാണു പിന്തുടര്‍ന്നത്.

സോഷ്യലിസ്റ്റ് ജനാധിപത്യത്തിന്റെ ഈ മാതൃകകള്‍ ഇപ്പോഴും ലത്തീന്‍ അമേരിക്കന്‍ ജനതയെ ഉത്തേജിപ്പിക്കുന്നു. സായുധവിപ്ലവത്തിന്റെയും  പിങ്ക് വിപ്ലവത്തിന്റെയും മുളകള്‍ പൊട്ടിയത് നൂറ്റാണ്ടുകളിലൂടെ നീണ്ട പ്രതിരോധ പോരാട്ടങ്ങളുടെ ഫലഭൂയിഷ്ഠമായ മണ്ണില്‍ വീണ വിത്തുകളില്‍ നിന്നാണ്. അവയിലെ ദേശീയമായ വൈജാത്യങ്ങള്‍ നിലനില്‍ക്കെത്തന്നെ അവയുടെ പൊതുസ്വഭാവം സോഷ്യലിസ്റ്റ് ആഭിമുഖ്യമായിരുന്നു. ജനതയെ ഏകോപിപ്പിക്കുക എന്നതായിരുന്നു അവരുടെ മാര്‍ഗം.

ഇന്ത്യ പാർലമെന്ററി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും സി പി ഐ എം എടുക്കുന്ന മുൻകൈയ്യിലൂടെ ഈ പാതയിലേക്കാണ് നീങ്ങുന്നത്‌ എന്ന് പുതിയ പരിഷ്ക്കാരങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. തദ്ദേശീയമായി അവയുടെ ജയപരാജയങ്ങള്‍ പ്രവചിക്കാന്‍ ആവാത്ത വിധം സങ്കീർണ്ണമാണ് ഇന്ന് ഇന്ത്യന്‍ സാഹചര്യവും ആഗോള ശക്തിക്ഷയങ്ങളും. യു എസ്സിന്റെ  പ്രത്യയശാസ്ത്രപരവും സാമ്പത്തികവുമായ മുൻഗണന ഇന്ന് ഏഷ്യാ പസഫിക്കിനാണു. യു എസ് ഒരു പ്രതീകമാണ്. പടിഞ്ഞാറന്‍ അര്‍ദ്ധഭൂഗോളത്തിലെ കോര്‍പ്പറേറ്റുകളുടെ  പ്രതീകം. വ്യാപാര കുത്തക നേടാന്‍ യുദ്ധം മികച്ച ആയുധമാണ് എന്ന് നൂറ്റാണ്ടുകള്‍ മുന്‍പേ കണ്ടെത്തിയവരുടെ തലതൊട്ടപ്പന്‍. അവരുടെ ആക്രമോത്സുകമായ നീക്കങ്ങളെ ആണ് ഇന്ന് ഇന്ത്യയും അഭിമുഖീകരിക്കുന്നത്. ഒപ്പം ഫാസിസ്റ്റ് വര്‍ഗീയതയും. ഇതിനെ ചെറുക്കാന്‍ പ്രത്യയശാസ്ത്ര ശാഠ്യം മാത്രം മതിയാകില്ല എന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇന്ത്യയിലും പറഞ്ഞു തുടങ്ങിയിരിക്കുന്നു. മതാധിഷ്ഠിതസമൂഹമുള്ള ഇന്ത്യയില്‍ ഇതിന്റെ പരിണാമം ആ സമീപനത്തിലെ മുള്ളും പൂവും തിരിച്ചറിയുന്നിടത്ത്‌ നിന്നാണ് തുടര്‍ച്ചയും ഇടര്‍ച്ചയും വളര്‍ച്ചയും.

Comments

comments