കോൺഗ്രസ് ഇല്ലാത്ത ഇന്ത്യയെന്ന ബി ജെ പിയുടെ രാഷ്ട്രീയം ഉന്നം വയ്ക്കുന്നത് നെഹ്രുവിന്റെ ഇന്ത്യയെ ചരിത്രത്തിൽ നിന്നു തുടച്ചു മാറ്റുകയാണെന്ന് വർത്തമാനകാലസംഭവങ്ങൾ വെളിവാക്കുന്നു. അതിന്റെ ഭാഗമായി മഹാത്മാഗാന്ധിയെയും അംബേദ്കറെയും സ്വന്തം രാഷ്ട്രീയ ഭൂപടത്തിൽ പ്രതിഷ്ഠിക്കാനുള്ള ശ്രമം തുടങ്ങിയിട്ട് അധികനാളുകളായിട്ടില്ല. എന്നാൽ ദീനദയാൽ ഉപാധ്യയയും ശ്യാമപ്രസാദ് മുഖർജിയും നെഹ്രുവിനു ബദലാവില്ലെന്ന യാഥാർത്ഥ്യം തിരിച്ചറിയാനുള്ള വിവേകമില്ലാത്തതുകൊണ്ടാണെന്നു തോന്നുന്നു ആർ എസ്സ് എസ്സിന്റെ ആർഷഭാരതസങ്കൽപ്പം പ്രാവർത്തികമാക്കാനുള്ള ദൗത്യമേറ്റെടുത്ത ബി ജെ പി സ്വയം അപഹാസ്യമാകുന്നത്.

നരേന്ദ്രമോഡിയുടെ നേതൃത്വത്തിൽ ബി ജെ പി കേന്ദ്രത്തിൽ അധികാരത്തിലെത്തിയതിന്റെ പിന്നിൽ മുപ്പതു ശതമാനം വോട്ടർമാരുടെ പിന്തുണ മാത്രമാണുണ്ടായിരുന്നതെന്നത് വെറുമൊരു സത്യമാണു. അത് അംഗീകരിക്കാതെ സ്വന്തം രാഷ്ട്രീയ ലക്ഷ്യങ്ങൾ നടപ്പാക്കാൻ അധികാരത്തെ ഉപയോഗിക്കുന്നത് ബി ജെ പിക്ക് തിരിച്ചറിയാനാവുമെന്നതും തീർച്ചയാണു. ബി ജെ പിയുടെ ആദ്യരൂപമായ ജനസംഘത്തിനോ ആർ എസ്സ് എസ്സിനോ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ത്യാഗം നടത്തിയതായി അവകാശപ്പെടാനാവില്ല. എന്നാൽ കോൺഗ്രസ്സിന്റെ സ്ഥിതി അതല്ല. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടു നിൽക്കുന്നതാണു ആ രാഷ്ട്രീയപ്പാർട്ടിയുടെ ചരിത്രം. മഹാത്മാ ഗാന്ധിയിൽ നിന്നു തുടങ്ങുന്ന അഭിമാനകരമായ ആ പാരമ്പര്യത്തെ ഇല്ലാതാക്കാൻ നരേന്ദ്രമോഡിക്കോ ബി ജെ പിക്കോ സാധിക്കുകയില്ല. മഹാത്മാഗാന്ധിയുടെ വധവും ഗുജറാത്തിലെ വംശഹത്യയിൽ കലാശിച്ച ന്യൂനപക്ഷ സമുദായത്തോടുള്ള എതിർപ്പും ബാബറിപ്പള്ളിയുടെ തകർച്ചയും ബി ജെ പിയെ പിന്തുടർന്നുകൊണ്ടിരിക്കുന്നതാണു.

ഇന്ദിരാഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും തപാൽമുദ്രകൾ പിൻവലിച്ചശേഷം ഇവർക്കുപകരം ദീനദയാൽ ഉപാദ്ധ്യയയുടെയും ശ്യാമപ്രസാദ് മുഖർജിയുടെയും സ്മാരകതപാൽ മുദ്രകൾ പുറപ്പെടുവിച്ചാൽ ചരിത്രം തിരുത്തിയെഴുതാൻ കഴിയുമെന്നു വിശ്വസിക്കുന്നവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണു ജീവിക്കുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടി സ്വാതന്ത്ര്യം നേടിയവരിൽ ഒട്ടും അപ്രധാനമല്ലാത്ത സ്ഥാനം നെഹ്രു കുടുംബത്തിനുള്ളതാണു. കുട്ടിയായിരിക്കുമ്പോൾ വാനരസേന രൂപീകരിച്ച് സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായ ഇന്ദിരാഗാന്ധി പിൽക്കാലത്ത് ഇന്ത്യയുടെ പ്രധാനമന്ത്രിയായത് ജനങ്ങളുടെ ഹൃദയപൂർണ്ണമായ സഹകരണത്തോടുകൂടിയായിരുന്നു. ശരിയാണു, സ്വേച്ഛാധിപത്യത്തിന്റെ പേടിപ്പെടുത്തുന്ന മുഖമായ അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ച് ജനാധിപത്യത്തെ ധ്വംസിക്കാൻ അവർ ശ്രമിച്ചതാണു. അതിനു അവരെ ജനങ്ങൾ മാതൃകാപരമായി ശിക്ഷിക്കുകയുണ്ടായി. എന്നാൽ ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന നിലയ്ക്ക് അവർ നൽകിയ സംഭാവനകൾ ആർക്കും നിരാകരിക്കാനാവുന്നതല്ല.

പതിനാറു കൊല്ലം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന നെഹ്രുവിന്റെ ഔദ്യോഗികവസതിയായിരുന്നു ഡൽഹിയിലെ തീന്മൂർത്തി ഭവനം. അവിടെയാണു നെഹ്രു മെമ്മോറിയൽ മ്യൂസിയം പ്രവർത്തിക്കുന്നത്. ഒരു വിജ്ഞാനകേന്ദ്രമെന്ന നിലയ്ക്ക് സാർവ്വദേശീയ പ്രശംസ നേടിയ ആ സ്ഥാപനത്തിലും ഇടപെടാൻ മോഡി സർക്കാർ നടപടികളെടുത്തിരിക്കുകയാണു.

ഇതിനു സമാന്തരമായാണു എൻ.ജി.ഓകളുടെ പ്രവർത്തനം നിയന്ത്രിക്കാനുള്ള നടപടികൾ. ഗവണ്മെന്റിന്റെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ അതിധീരമായ നിലപാടുകളെടുക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ഗ്രീൻപീസ് പോലുള്ള എൻ.ജി.ഓകളുടെ സ്വാതന്ത്ര്യം നിയന്ത്രിക്കാൻ നടത്തുന്ന ശ്രമങ്ങൾ വ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഗുജറാത്തിലെ വംശഹത്യയുമായി ബന്ധപ്പെട്ട യഥാർത്ഥ കുറ്റവാളികളെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരാൻ പ്രസിദ്ധ അഭിഭാഷകയായ ടീസ്റ്റാ സ്റ്റെൽവാദ് നടത്തുന്ന ശ്രമങ്ങൾ തടയാനായി അവരുടെ മേൽ കള്ളക്കേസുകൾ ചുമത്തുകയാണിപ്പോൾ.

അങ്ങനെ രാഷ്ട്രീയമായ അസഹിഷ്ണുതയുടെ അവതാരങ്ങളായി മാറിയിരിക്കുകയാണു ബി ജെ പി സർക്കാർ പ്രതിനിധികൾ. അവരിൽ മുൻപിൽ നിൽക്കുന്നത് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രിയായ രാജ്നാഥ് സിംഗാണു. ആർ എസ്സ് എസ്സിന്റെ രാഷ്ട്രീയ ദൗത്യം സാക്ഷാത്കരിക്കലാണെന്ന് തോന്നുന്നു അദ്ദേഹത്തിന്റെ ജീവിതലക്ഷ്യം. ഈ വിധം ചരിത്രത്തെ വികലമാക്കാനും തിരുത്തിയെഴുതാനും നടക്കുന്ന ഹീനശ്രമങ്ങൾ ഇന്ത്യയുടെ മതനിരപേക്ഷതയെയായിരിക്കും കീറിമുറിക്കുന്നതെന്ന് നാം തിരിച്ചറിയണം.

Comments

comments