അയ്യയ്യോ! പാത്തീങ്കളാ… അന്ത   പൊണ്ണ്.. 

 തല പൊക്കി രൂക്ഷമായി  നോക്കി.. 

 എന്നടീ … തേവിടിയാപ്പയലേ .. അന്ത  മുണ്ടത്ത്ക്ക് എന്ന ആച്ച്.. 

 അവ  കീഴെ ഗുതിച്ച്ട്ടാങ്കെ.. കീഴെ വീഴ് ന്ത്   ശെത്ത് ട്ടാങ്കെ  .. 

ഉച്ചത്തില്‍ അലറി .. 

 ഉള്ളേപ്പോടീ… ശെത്തം കേക്ക കൂടാത്..  

പുറത്തേക്കുള്ള വാതിലടച്ച്  തഴുതിട്ടു. ഇന്ന്  ഇപ്പോ വിറയ്ക്കുന്നവനും  പൊങ്ങുന്നവനും  ഒലിയ്ക്കുന്നവനും  ഒന്നും ഇങ്ങോട്ട് വരേണ്ട.. നേരവും  കാലവും ഒന്നും  നോക്കേണ്ടാത്ത ഒരു കര്‍മ്മമല്ലേ.. അവനൊക്കെ. അതിനാണല്ലോ പുരയും തുറന്നു വെച്ച് ഇരിക്കുന്നത്.. 

വായില്‍  അറപ്പിന്‍റെ കൊഴുത്ത കഫം തികട്ടി..

പുടവത്തലപ്പെടുത്ത് തലയിലിട്ട് നടു മുറ്റത്തേക്ക്  ഇറങ്ങിച്ചെന്നു.. ഒന്നേ  നോക്കിയുള്ളൂ.  തല പിളര്‍ന്നു പോയിരിക്കുന്നു… കണ്ണു  തുറിച്ചു നില്‍ക്കുന്നുണ്ട്.. ചോര  ഒഴുകിയിറങ്ങുന്നു. 

വലിയൊരു രക്തപ്പൂക്കളമായി … മാര്‍ഗഴി മാസക്കോലത്തിന്‍റെ പരപ്പില്‍…

ച്ഛര്‍ദ്ദിയ്ക്കാന്‍  വരുന്നുണ്ടെന്നും തല കറങ്ങുന്നുണ്ടെന്നും തോന്നി. 

അല്‍പ ജീവന്‍ ബാക്കിയുണ്ടാവുമോ? ഹേയ്, രക്ഷപ്പെടാന്‍  ഒരു വഴിയുമുണ്ടെന്ന്  തോന്നുന്നില്ല.  തല  മുഴുവന്‍ വിനായകനടിച്ച നാളികേരം  പോലെ തകര്‍ന്നു കഴിഞ്ഞു.

അല്ലെങ്കില്‍ ഇനി  രക്ഷപ്പെടുത്തിയിട്ട്  ഉണക്കി വെച്ച് വറ്റലാക്കുമോ?

അവള്‍ വാട്ടര്‍ടാങ്കിന്‍റെ മുകളില്‍ കയറി നിന്നാവും ഇത്  ചെയ്തിരിക്കുക. നടുമുറ്റത്തിന്‍റെ ചുറ്റുമുള്ള  മുറികളില്‍  പെണ്ണുങ്ങളുടെ  കണ്ണുകള്‍  പേടിച്ചരണ്ട് നില്‍ക്കുന്നത് കണ്ടില്ലെന്നു നടിച്ചുവെങ്കിലും ഒരു നിമിഷം  പതറിപ്പോയി.. കൈയും കാലും  കുഴഞ്ഞു. വായില്‍ ഉമിനീര്‍ തെളിഞ്ഞു.

ഒതുങ്ങാത്ത  ഭയത്തോടെ  സെല്ലെടുത്ത് അയ്യാവിനെ വിളിച്ചു നോക്കി. 

ഭാഗ്യം, ഉടനെ കോള്‍   കിട്ടി.. 

ചുരുങ്ങിയ വാക്കുകളില്‍ ഒതുക്കിയ ഒച്ചയില്‍ വിവരം  പറഞ്ഞു.

പെണ്ണു ചാടിച്ചത്തതാണ്. നടുമുറ്റത്ത് പിണമുണ്ട്.  കേസ് വരക്കൂടാത്. വല്ല റോഡിലോ റെയില്‍പ്പാളത്തിലോ ഒക്കെയാക്കി…  

അയ്യാവിന്‍റെ  വെടലച്ചിരി   സെല്ലിനെ തകര്‍ത്തു കളയുമെന്ന്  തോന്നി.

എന്നാലും തലകുലുക്കി സമ്മതിച്ചു.. 

 എല്ലാം  അയ്യാ പറയുമ്പോലെ.. 

ഇതാണ് തേവിടിയാപ്പുര  നടത്തുമ്പോഴുള്ള ഗുണം. വലിയ  പോലീസാപ്പീസറെ പോലും ഇങ്ങനെ എപ്പോള്‍ വിളിച്ചാലും കിട്ടും. ഒരു  സാധാരണക്കാരി എന്തിനു അയ്യാളുടെ ഭാര്യയോ അമ്മയോ വിളിച്ചാലും  ഇത്ര വേഗം ഫോണ്‍  കിട്ടില്ല.  പറഞ്ഞ  കാര്യം  നടക്കില്ല.

ഇന്നു രാത്രി വേറേ  ഒരുത്തനേം കേറ്റണ്ട.. പോലീസുകാര്‍ മതി. പെണ്‍ പിള്ളേര്‍ നിലയ്ക്ക് നില്‍ക്കാനും  പോലീസുകാരെ കേറ്റല്‍ ഒരു  വഴിയാണ്.. പാപ്പി മിസ്സ് ആരാണെന്ന്  ഇടയ്ക്കൊക്കെ  പോലീസുകാരെ കേറ്റി പേടിപ്പിച്ചാലേ ഇവറ്റകള്‍ക്കും ഒരു താക്കീതാവൂ.

അയ്യാവിനു പിന്നെ  മിസ്സു  മതി… അല്ലെങ്കിലും  മിസ്സിനറിയാത്ത  വിദ്യാവിശേഷങ്ങളുണ്ടോ.. 

 ഈ ന്യൂ ജെന്‍ കാലത്തും നീ താന്‍ എന്‍ റാണി  യെന്നല്ലേ അയ്യാ  അവസാനത്തെ  കിതപ്പു താളത്തില്‍ വഴിഞ്ചുകൊട്ടുന്നത്. 

എന്നാലും ആ നര്ന്തു പെണ്ണ്.. മേലേന്ന്  ഗുതിയ്ക്കും മുന്‍പ് 

അവള്‍  കെഞ്ചി കാലുപിടിച്ചിട്ടും   മനമലിഞ്ഞില്ല.  ഇന്നത്തേക്ക്  ഇനി  വേറെ ആരും വേണ്ട എന്നേ അവൾ പറഞ്ഞുള്ളൂ. 

മിടുക്കിപ്പെണ്ണാണ്..  

അഞ്ചും ആറും  ആണുങ്ങളൊന്നും  അവള്‍ക്ക് ഒരു  പ്രശ്നമേയല്ല.. ചില ദിവസം സ്വന്തം  കൈ കൊണ്ട് അവള്‍ക്ക്  പാലും  മുട്ടയുമൊക്കെ ഇടവേളകളില്‍ നല്‍കാറുണ്ട്.. വരട്ടിയ ആട്ടിറച്ചിയും കൊടുക്കാറുണ്ട്.

 രാസാത്തി , എന്‍  കണ്ണ്   എന്ന്  പുകഴ്ത്താറുണ്ട്.. 

എന്നാലും അവളുടെ ഉള്ളില്‍ എന്തൊക്കേയോ അഴിയാത്ത   കടുംകെട്ടുകളുണ്ട്. 

 ആണുങ്ങള്‍ക്ക് തുണിയഴിക്കാനേ  അറിയൂ. പെണ്‍മനസ്സിന്‍റെ  കടുംകെട്ട് അഴിയ്ക്കാന്‍  അറിയില്ല.

 കഴിഞ്ഞ കാര്‍ത്തികൈ  മാസം,  ആണുങ്ങളില്ലാതിരുന്ന  ഒരു  ഉച്ചയ്ക്ക് അവളും  മുനിയമ്മയും കൂടി സംസാരിക്കുന്നത്  ഒട്ടു കേട്ടതാണ്.

മനസ്സാരുക്ക്   വേണമെടീ അറിവു കെട്ട മുണ്ടം   എന്ന് അവള്‍  മുനിയമ്മയോട് ചീറി. 

അവള്‍ വന്നിട്ട് അധിക നാളായിരുന്നില്ല.

മുനിയമ്മയ്ക്ക് വല്ലതും  അറിയാമായിരിക്കുമോ?  ആദ്യം  ഒരു  സിഗരറ്റുണ്ടാക്കി വലിക്കാം. എന്നിട്ട് മുനിയമ്മയെ വിളിച്ച് ചോദിയ്ക്കാം..

സിഗരറ്റില്‍ കുറച്ചു മരുന്നിലകള്‍ ഞെക്കിക്കൊള്ളിച്ചു നല്ല  ഒരു  പുകയെടുത്തപ്പോള്‍ ഒരു സുഖം..  

ഈ പുരയ്ക്കുള്ളിലും  ഒരു സുഖം. 

അതാണ്  ഉറക്കെ അലറിയത്.. 

മുനിയമ്മ കിലുകിലെ വിറയ്ക്കുന്നുണ്ടായിരുന്നു. വായ പൊത്തിപ്പിടിച്ച്  കരയുന്നുണ്ടായിരുന്നു. 

എന്നാലും  കരുണയില്ലാതെ പിന്നേയും അലറുക തന്നെ ചെയ്തു. ഭയമുണ്ടെങ്കിലേ സത്യം പറയൂ.  

എതുക്ക് ടീ  അന്ത പൊറുക്കി അപ്പടി ശെയ്തത്?  വല്ലതും തെരിയുമാ  .. പോലീസ് കിലീസ്  എല്ലാം വന്ത് കേപ്പാങ്ക.. അത്ക്ക് മുന്നാടി എല്ലാം ശൊല്ലിക്കോ. 

 അവളെയാ നീങ്ക പൊറുക്കി കൂപ്പടറ്ത്..എത്ര സമ്പാദിച്ച്  പോട്ടിര്ക്കാ  അവള്‍ ഉങ്കളുക്ക്    മുനിയമ്മ  ഒന്നു ജ്വലിച്ചുവെങ്കിലും പെട്ടെന്ന്  ഒതുങ്ങി..

ആ നിമിഷം തന്നെ ചാടിയെണീറ്റ് അവളുടെ  കരണത്തൊന്നു കൊടുത്തു. 

 പാപ്പി മിസ്സ്ക്ക് ട്ടെ വെളയാട്ടൊന്നും  വെച്ച്ക്കാതെ  എന്ന  താക്കീതിനും മറന്നില്ല.  ഒന്നും  പിന്നെയ്ക്ക് ബാക്കി വയ്ക്കരുതെന്നാണ്  ഒരു വേശ്യാത്തലവിയുടെ  ജീവിതം പഠിപ്പിച്ചു തന്നിട്ടുള്ളത്.  ആദ്യം സ്വന്തം  കാര്യം.. പിന്നെ മതി  മറ്റെല്ലാം..

പണം  ആദ്യം .. എന്ന  പോലെ 

ചോദ്യത്തിനു ഉത്തരം  ആദ്യം.. അല്ലാതെ ചോദ്യമല്ല.

 മുനിയമ്മ  തേങ്ങിക്കരഞ്ഞുകൊണ്ട് പറഞ്ഞു. ഒന്നും അറിയില്ല മിസ്സ്. ഇന്ന് രാവിലെ  മുതല്‍ എനിക്കും ആള്‍ക്കാരുണ്ടായിരുന്നു.    അമുദ വന്ന് നിലവിളിച്ചു കരഞ്ഞപ്പോഴാണ്  ഞാനറിഞ്ഞത്. 

പൊക്കോ പോയി വല്ലതും  തിന്ന്..  കൂടീരുന്നു വര്‍ത്തമാനം പറഞ്ഞ് വല്ല  കഥയുമാക്കി പോലീസിന്‍റടുത്തു നിന്ന്  മേടിയ്ക്കണ്ടാന്ന് എല്ലാവരോടും പറഞ്ഞേക്ക്.

ഇന്നത്തെ ദിവസത്തിനു എന്തായിരുന്നു പ്രത്യേകത… 

മെല്ലെ എണീറ്റ് അവളുടെ  മുറിയിലേക്ക് നടന്നു.  എല്ലായിടവും സൂക്ഷ്മമായി നോക്കി.അല്‍പം  കഞ്ചാവു പുകച്ചാല്‍ ശ്രദ്ധ വല്ലാതെ വര്‍ദ്ധിക്കുമെന്ന് പറഞ്ഞു തന്നത്…  അതെ , ആ താടിക്കാരന്‍ പാട്ടുകാരനാണ്. ഒരു പാട്ടിലെ  വീണയുടേയും വയലിന്‍റേയും എന്നു വേണ്ട.. പാട്ടു കേള്‍ക്കുമ്പോള്‍ ,  പരിസരത്തിലെ ഒരു ഇലയനങ്ങുന്നതും കൂടി  അറിയുമെന്ന് പറഞ്ഞു തന്നത്… 

കാഴ്ച കൂടുതല്‍ സൂക്ഷ്മമാവുമോ … അങ്ങനെ  ആരും പറഞ്ഞു തന്നില്ല.. സ്വയം തോന്നിയതുമില്ല ഇതുവരെ. 

ആ മുറിയില്‍ നിന്ന് ഒന്നും കിട്ടിയില്ല. 

ഒന്നു രണ്ട്  പൌഡര്‍ ടിന്നുകളും ചുണ്ടില്‍ തേയ്ക്കുന്ന ചായവും കുറച്ച്  മാത്രം സെന്‍റ് ബാക്കിയായ ഒരു കൊച്ചു കുപ്പിയുമേ  കണ്ടുള്ളൂ.

എല്ലാം വില കുറഞ്ഞത്.. 

പിന്നെ അവളുടെ തുണികളാണ്..  അതും കൂടുതലൊന്നുമില്ല.  തുണികള്‍ക്കു നേരെ മുകളില്‍  നാശം പിടിച്ച  റബര്‍ ഉറപ്പാക്കറ്റുകള്‍  കണ്ടു. അപ്പോഴേ ഒന്നു കാര്‍ക്കിച്ചു  തുപ്പാന്‍ തോന്നിയെങ്കിലും  അതടക്കി.  തുണികള്‍  നീക്കി നോക്കുന്നതിനിടയില്‍ ഒരു സ്റ്റേ ഫ്രീ  പാക്കറ്റ്  കാലിലേക്ക് ഉരുണ്ട് വീണു.

അവള്‍  ഒരു തമിഴത്തി തന്നെയായിരുന്നു. സേലമോ  ഉശലാം പെട്ടിയോ അങ്ങനെ എവിടുന്നോ  .ആരോ  കല്യാണം  കഴിച്ചു കൊണ്ടു വന്ന് ഇവിടെയാക്കിത്തന്നതാണ്. അവനേതു കഴുവേറി മോനാണെന്ന്  ചിന്നയ്യനോട്  ചോദിച്ചുമില്ല. ചിന്നയ്യനാണ് കാശു വാങ്ങിയത്. ഭാര്യയെ  വില്‍ക്കുന്ന തെണ്ടിയുടെ ഊരും പേരുമൊക്കെ  ഓര്‍മ്മിക്കുന്നതെന്തിനാണ്?

ഒരു വിവരവും  കിട്ടിയില്ല.

ങാ പോട്ടെ..  

നേരാം വണ്ണം നോക്കുന്ന തള്ളയും തന്തയുമൊന്നും ഇല്ലായിരിക്കും .. ഉണ്ടായിരുന്നങ്കില്‍ കെട്ടിയ പെണ്ണിനെ വേശ്യാലയത്തില്‍ വില്‍ക്കുന്ന തെണ്ടിയ്ക്ക് മോളെ പിടിച്ച്  കൊടുക്കില്ലല്ലോ.  അതോ ഇനി  അത്ര ഗതികെട്ടവരായിരുന്നോ അവര്‍… ആ പരമദ്രോഹി അവളെ   വരദക്ഷിണയെന്നും  മറ്റും പറഞ്ഞ്,   തന്തയ്ക്കും  തള്ളയ്ക്കും കുറച്ച് രൂപ  കൊടുത്ത് മേടിച്ചതാവുമോ? ചിന്നയ്യനു അങ്ങനെയും  ബിസിനസ്സുണ്ട്. കോളേജില്‍ പഠിക്കുന്ന ചെറുക്കന്മാരാണ് ഇക്കാര്യത്തില്‍ ചിന്നയ്യനെ സഹായിക്കുന്നത്.. 

അവളെ  ഇവിടെ കൊണ്ടുവന്നാക്കിയവന്‍റെ രൂപം ഓര്‍മ്മയിലേ ഇല്ല… 

ആദ്യമൊക്കെ  വരുന്ന  പെണ്ണുങ്ങളുടെ കഥ കേട്ടിരുന്നു..  പിന്നെപ്പിന്നെ അത്  നിറുത്തി. കഥയും ഊരും പേരുമൊക്കെ  അറിഞ്ഞാല്‍ പെണ്ണുങ്ങള്‍ പിന്നെ  സതിയും സാവിത്രിയുമായി വേഷം കെട്ടാന്‍ തുടങ്ങും. നല്ല വാക്കും സ്നേഹവും   കാണിച്ചാല്‍ പിന്നെ  അവളുമാരെ വഴക്കിയെടുക്കാന്‍ വലിയ പ്രയാസമാണ്. ചിന്നയ്യനേയും രാമുവിനേയും ഒക്കെ വിളിച്ച് കൈയും കാലും കൊണ്ട് മര്യാദ പഠിപ്പിക്കേണ്ടി വരും.

എന്നാലും എന്തിനാവും ആ പെണ്ണ്  …. 

രാവിലെ  പത്ത് മണിയ്ക്കാണ്  ഒരുത്തന്‍ അവളുടെ മുറിയിലേക്ക് പോയത്…  മൂന്നാലു  ആയിരത്തിന്‍റെ  നോട്ടുകള്‍ അവന്‍ കൈയിലിട്ടു തന്നത് വ്യക്തമായി ഓര്‍മ്മയുണ്ട്.. അതാണ് ഉച്ചയായപ്പോഴും  അവളൂടെ മുറി വാതുക്കല്‍ ചെന്ന് മണിയടിക്കാതിരുന്നത്….

ആ നാശം പിടിച്ചവന്‍ എപ്പോള്‍ പോയോ എന്തോ…. 

അതു കഴിഞ്ഞാവണം ഇനി  ഒരാളും വരേണ്ടെന്ന് അവള്‍ കെഞ്ചിയത്.  അതിനു വഴങ്ങിയില്ല.  സാധ്യമല്ലെന്ന്  അവളോട്  തീര്‍ത്ത്  പറഞ്ഞപ്പോഴാണ് പെണ്ണ്  ഒരിയ്ക്കലും  ചെയ്യാത്തതു പോലെ  അലറിയത്.. 

അവള്‍ സമ്മതിച്ചില്ലെങ്കില്‍ ഒരുത്തനും അവളെ തൊടില്ലെന്ന്… 

കത്തിക്കയറുന്ന ആ എരിവും ജ്വലിക്കുന്ന  കണ്ണുകളും കണ്ടപ്പോള്‍  പുച്ഛമാണ് തോന്നിയത്.  കൈ വീശി രണ്ടെണ്ണം പൊട്ടിച്ചതും അതുകൊണ്ടാണ്.

കൂടെ കിടന്ന  പെണ്ണിനോട്  പ്രേമമാണെന്നും പുറത്തോട്ട്  കൊണ്ടു പോവട്ടെ എന്നും ചോദിച്ച് ചില വൃത്തികെട്ടവന്മാര്‍ വരാറുണ്ട്. അവരാണ് അഞ്ഞൂറും ആയിരവും  ആയി  ജാസ്തി പൈസ തരാറ്.. അങ്ങനെ എന്തെങ്കിലും  വിശ്വസിച്ചു പോയാല്‍ പെണ്ണുങ്ങള്‍ ഇമ്മാതിരി  ലഹളകൂട്ടലും കോപപ്പെടലും  സാവിത്രീ ചമയലുമൊക്കെ  വെച്ചു നടത്താറുണ്ട്.  

പ്രേമം എന്ന് പറഞ്ഞവനോ , കൊണ്ടു പോയിട്ട് ഏഴും എട്ടും    പേരുടെ പ്രേമം തീര്‍ത്ത് .. 

അങ്ങനെ വേദനപ്പെട്ടുടല്‍ തകര്‍ന്ന്  മരിച്ചു പോയ പെണ്ണുങ്ങളുമുണ്ട്…

ഈ കടലുള്ളതുകൊണ്ട്  ആ പെണ്‍ ശരീരങ്ങളെ അങ്ങു മായിച്ചു കളയും. പോലീസുകാര്‍  കാശ് നല്ലോണം  പിടുങ്ങും.. തോന്നുമ്പോഴൊക്കെ  കയറി വന്ന് വാടി  .. എന്ന് കല്‍പിക്കും.  എന്നാലും  തേവിടിയാപ്പുര അടപ്പിയ്ക്കാറില്ല. 

മുറിയിലേക്ക്  മടങ്ങി. 

കുറച്ച്   തണുത്ത  വെള്ളം  വരുത്തിക്കുടിച്ചു. 

പുരയാകെ  നിശ്ശബ്ദമാണ്. മരണത്തിന്‍റെ അസുഖകരമായ മണവും പരന്നിരിക്കുന്നു. പേടിച്ചാവണം  ഒറ്റയെണ്ണം  പുറത്തിറങ്ങിയിട്ടില്ല.

അയ്യാ പറഞ്ഞത്  പോലെ  ഒരു  മാരുതിവാന്‍ ശബ്ദമില്ലാതെ   മുറ്റത്ത്  വന്ന്  നിന്നപ്പോഴേ സമാധാനമായുള്ളൂ.  നാലു തടിയന്മാര്‍ ചടുപിടുന്നനെ കയറി വന്നു, ഇമ്മാതിരി കാര്യങ്ങളില്‍ നല്ല  വിവരമുള്ളവരാണെന്ന്  അവരുടെ ചലനങ്ങള്‍  അറിയിച്ചു .. 

ക്ഷണനേരം കൊണ്ട്  പിണം പൊതിഞ്ഞ്  വാനില്‍ കയറ്റി ..  നടുമുറ്റം കഴുകി വെടുപ്പാക്കി.. വന്ന അതേ  വേഗതയില്‍ ഇറങ്ങിപ്പോയി. 

അയ്യാവിനെ  വിളിച്ച്  വിവരം  അറിയിച്ചു.   ഉം..  എന്ന  ഘനപ്പിച്ച മൂളല്‍ മാത്രമേ മറുപടിയായി കേട്ടുള്ളൂ.  അയ്യാ  പറയുമ്പോലെ കാണ്‍ഫ്രന്‍സിലായിരിക്കും. അല്ലെങ്കില്‍ ഒരു  കൊഞ്ചലുണ്ടാവാറുണ്ട്..

അങ്ങനെ ആ മാരണമൊഴിഞ്ഞു. 

മുറികളില്‍ ഒളിച്ചിരിക്കുന്ന പെണ്ണുങ്ങളെ  ഒന്നിച്ച് വിളിച്ചു ഗൌരവത്തില്‍  പറഞ്ഞു. 

അനാവശ്യമായി സംസാരിച്ച് കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കരുത്.  ഇന്ന്  പോലീസുകാര്‍ മാത്രമേ ഇവിടെ വരു. ഭംഗിയായി പെരുമാറിക്കൊള്ളണം.. കേട്ടല്ലോ.   

അങ്ങനെ  ആരും  കൂട്ടമായി വരാന്‍ പോകുന്നില്ലെന്ന് അറിയാതെയല്ല. എന്നാലും   ഭയപ്പെടുത്തി ഭീഷണിപ്പെടുത്തി ,  നിറുത്തണം. കാരണം,ഭയമാണ് ഈ ബിസിനസിന്‍റെ പ്രധാന മൂലധനം.. ദാരിദ്ര്യവും ചതിയും വഞ്ചനയും  ചൂഷണവും  സഹായ മൂലധനങ്ങള്‍ മാത്രമാണ്. ഭയമില്ലെങ്കില്‍ ഇതിനെയെല്ലാം   അവസാനമില്ലാതെ എതിര്‍ക്കാന്‍  തേവിടിശ്ശി പെണ്ണുങ്ങള്‍  പോലും മടിക്കില്ല. 

രാജ്യം  ഭരിയ്ക്കുന്ന  അതേ  തന്ത്രം  വേണം  ഒരു  തേവിടിയാപ്പുര  ഭരിയ്ക്കാനും..  

പെണ്ണുങ്ങള്‍  പോയപ്പോള്‍ കട്ടിലില്‍ മലര്‍ന്നു കിടന്നു. കുറച്ചു നേരം  ഉറങ്ങിയാല്‍ കൊള്ളാമെന്ന് തോന്നി. 

ഒരു സിഗരറ്റ്  കൂടി ഉണ്ടാക്കിപ്പുകച്ചാലോ? 

എഴുന്നേറ്റപ്പോഴാണ്  അമുദ  നിന്നു പരുങ്ങുന്നത്  കണ്ടത്.. 

ഉം.  എന്തെടീ.. എന്താ  ?

അവള്‍ മുഖം  താഴ്ത്തി …  കണ്ണുകള്‍ പിടയുന്നതു  കണ്ടു. കണ്ണീരൊഴുകുന്നതും  കണ്ടു.

അഴാമെ  കാര്യത്തെ ശൊല്ലടീ.. 

അമുദ  പൊട്ടിപ്പിളര്‍ന്നു.. 

അക്കാ..  അന്ത ആളു .. ആള്‍.. 

അത്രേയുള്ളൂ.

എത്ര  ചെറിയ  ഒരു  കഥയാണ്..  അതെ, ഇമ്മാതിരി പെണ്ണുങ്ങളോട് അങ്ങനെ  ഒരു  സ്നേഹമായി..  തലോടലായി.. സ്വന്തമായി  .. എന്‍റെ  … എന്‍റെ  പെണ്ണേ എന്ന് വിളിക്കാന്‍… കൈയില്‍ കിടത്തി ഉമ്മ വെയ്ക്കാന്‍… 

സ്നേഹത്തോടെ  അവളുടെ പേരുച്ചരിയ്ക്കാന്‍..  

പതുക്കെപ്പതുക്കെ അവളില്‍ അലിഞ്ഞു ചേരാന്‍.. 

എന്നിട്ട്  കണ്ണീരൊഴുകുന്ന  മിഴികളുമായി അവളെത്തന്നെ  നോക്കിയിരിക്കാന്‍..  

സ്വന്തം നഷ്ടങ്ങളെക്കുറിച്ചും  വേദനകളെക്കുറിച്ചും  മരണത്തെക്കുറിച്ചും  സംസാരിക്കാന്‍.. 

അങ്ങനെ ഏതോ  ഒരുത്തന്‍ ഈ  ദിവസം …   അവന്‍  … അവനവളുടെ ഭയത്തെയാണ് ഇല്ലാതാക്കിയത്..   അവളെ ഓമനിച്ചോമനിച്ച് … അവന്‍ ഇല്ലാതാക്കിയത്  ഭയത്തേയും ഉണര്‍ത്തിയത് അഭിമാനത്തേയുമായിരുന്നു.

ഒരുത്തന്‍ അടിയ്ക്കുമ്പോള്‍  നിന്ദിക്കുമ്പോള്‍ അപമാനിക്കുമ്പോള്‍ ഒക്കെ ചില പെണ്‍ ശരീരങ്ങളില്‍ അഭിമാനമുണരുന്നതു കണ്ടിട്ടുണ്ട്. സ്നേഹിച്ചോമനിച്ചാലും.. ചിലപ്പോള്‍  അങ്ങനെയാവുമായിരിക്കും..   

അഭിമാനമുണ്ടായാല്‍ പിന്നെ  തേവിടിയാപ്പുര.. 

അമുദം  പതുക്കെപറഞ്ഞു.. 

അതുക്കപ്പുറം  അവളുക്ക്  ഇങ്കെ ഇരുക്കമുടിയാത്.. 

അങ്ങനെ  അഭിമാനമുണര്‍ന്നാല്‍,  ഭയം ഇല്ലാതായാല്‍ പാപ്പി മിസ്സിനും  ഇവിടെ കഴിയാന്‍ പറ്റില്ലെന്ന് അവളോട് പറഞ്ഞില്ല.

പൊയ്ക്കൊള്ളാന്‍  പറഞ്ഞിട്ട്  സിഗരറ്റ്  കത്തിച്ച് ആഴത്തിലൊരു പുക വലിച്ചു..
————————————————————————————–

Comments

comments