[button color=”” size=”” type=”3d” target=”” link=””]മേൽക്കോയ്മ കാണിക്കുന്ന സംസ്ക്കാരം ഒരു സംസ്ക്കാരമേ അല്ല എന്ന് മഗ്‌സെസെ പുരസ്കാരം സ്വീകരിച്ചു കൊണ്ടു നടത്തിയ നന്ദി പ്രസംഗത്തിൽ തെന്നിന്ത്യൻ ക്ലാസ്സിക്കൽ സംഗീതജ്ഞനായ ടി എം കൃഷ്ണ പറഞ്ഞതാണ് ഈ ചെറിയ കുറിപ്പിന്റെ ആധാരം.[/button]
പ്രസംഗത്തിന്റെ ഉപസംഹാരത്തിൽ പത്തൊൻപതാം നൂറ്റാണ്ടിലെ തമിഴ് കവി ഗോപാലകൃഷ്ണ  ഭാരതി എഴുതിയ ‘നന്ദനാർ ചരിത’ത്തിലെ ഒരു  വരി കൃഷ്ണ ഉദ്ധരിക്കുകയുണ്ടായി.
‘വരുഗലാമോ, അയ്യാ, ഉൻതൻ അരികിൽ നിൻറു കൊണ്ടാടവും പാടവും നാൻ’ എന്ന ആ ഗാനശകലത്തിന്റെ വാഗർത്ഥം,
 “ദൈവമേ, നിന്റെ അരികിൽ വരാൻ എനിക്ക് അനുമതി ലഭിക്കുമോ? നിന്റെ അരികിൽ വരാൻ കഴിയുന്നതിനെ ഉത്സവമാക്കി പാടുവാൻ എനിക്ക് കഴിയുമോ?’ എന്നാണ്.
തമിഴ് ശൈവഭക്തി പ്രസ്ഥാനത്തിലെ പ്രമുഖ വക്താക്കൾ ആയ 63 നായനാർമാരിൽ ഒരാളായിരുന്ന നന്ദനാർ 7 -8 നൂറ്റാണ്ടുകളിൽ ജീവിച്ച ദലിത് കവി ആയിരുന്നു. ദ്രാവിഡത്തിലെ ആദ്യവിപ്ലവകാരി എന്ന് ഗാന്ധി വിശേഷിപ്പിച്ച ആളായിരുന്നു നന്ദനാർ. ചിദംബരം അമ്പലത്തിൽ പ്രവേശനം കിട്ടാൻ ആ ഭക്തൻ നടത്തിയ സമരമാണ് അദ്ദേഹത്തെ നായനാർമാരിൽ ഒരാളായി മാറ്റിയത്.
1                                      നന്ദനാർ : Icon in the Tirupunkur Temple
നന്ദനാർ നടത്തിയ സമരങ്ങൾ ഇപ്പോൾ മറ്റൊരു തരത്തിൽ ഇന്ത്യയിൽ നടക്കുന്നു എന്നും അതിനാലാണ് കോയ്മാസംസ്ക്കാരം സംസ്കാരമില്ലായ്മ തന്നെയാണെന്നും  കൃഷ്ണ ഊന്നി പറഞ്ഞത്. കൃഷ്ണ നടത്തുന്ന, അല്ലെങ്കിൽ നടത്തുന്നു എന്നദ്ദേഹം കരുതുന്ന ചെന്നൈ വിപ്ലവത്തിന്റെ സാധ്യതകളും പരിമിതികളും എന്താണ് ? കൃഷ്ണ പ്രതിനിധാനം ചെയ്യുന്ന ‘ക്‌ളാസിക്കൽ’ എന്നു വിളിപ്പേരുള്ള സംഗീതശാഖയിലെ മേൽക്കോയ്മാവിതാനങ്ങളെ എങ്ങനെ, ഏതളവു വരെ ചോദ്യം ചെയ്യാനാകും? ഒരു ചങ്ങാതി എന്നോട് അടക്കം പറഞ്ഞത് പുറത്തു പറയട്ടെ  “അഭിജാത ബ്രാഹ്മണൻ ആയതിനാൽ ടി എം കൃഷ്ണക്ക് ഇതൊക്കെ പറഞ്ഞു നടക്കാൻ കഴിയും. നെയ്യാറ്റിൻകര വാസുദേവനെ പോലെ ഒരു പിന്നാക്ക ജാതിക്കാരൻ ഇതു പറഞ്ഞിരുന്നെങ്കിൽ ചെന്നൈ ചെവി കൊടുക്കില്ലായിരുന്നു“. എന്നുവെച്ച് കൃഷ്ണ ഉന്നയിക്കുന്ന ചോദ്യങ്ങൾ അപ്രസക്തമാകുന്നില്ല. ഞാൻ ഇതെഴുതാനിരിക്കുന്ന ദിവസം (3 September ) ഹിന്ദു പത്രത്തിൽ വന്ന വാർത്ത തന്നേ അതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുവാൻ കഴിയും.
2
                                                        ഇളങ്കോവൻ
മധുരയിലെ വടപളഞ്ഞിയിലെ ദളിത് കോളനിയിൽ താമസിക്കുന്ന എ. ഇളങ്കോവൻ പകൽ മുഴുവൻ മധുര മുൻസിപ്പാലിറ്റിയിലെ നിരത്തുമാലിന്യം നീക്കുന്ന പണി ചെയ്യുന്നു. നാലു തലമുറകളായി അദ്ദേഹത്തിൻറെ കുടുംബം ഈ ജോലി ആണ് ചെയ്യുന്നത്. വൈകുന്നേരം ഇളങ്കോവൻ തവിൽ കലാകാരനാണ്. കർണാടക സംഗീതചരിത്രത്തിന്റെ ആത്മാവ് തന്നെയായ നാഗസ്വരത്തിന്റെ താളവാദ്യമാണല്ലോ തവിൽ. പകൽ മുഴുവൻ കാക്കി യൂണിഫോമിൽ അഴുക്കു മാറ്റുന്ന ഇളങ്കോവന് വൈകുന്നേരം വരുന്ന ഭാവാന്തരത്തിന്റെ പിന്നിലുള്ള വേദനയുടെ ശ്രുതി അപമാനത്തിന്റെ നൂറ്റാണ്ടുകളെ പ്രതിനിധീകരിക്കുന്നുണ്ട്. പ്രൊഫ ഗോപാൽ ഗുരു എഡിറ്റ് ചെയ്ത ‘Humiliation : Claim and Context ‘ എന്ന പുസ്തകം നന്ദനാർ അനുഭവിച്ച അപമാനത്തെക്കുറിച്ച് പരാമശിക്കുന്നില്ല എങ്കിലും ജാതിഭേദവും ഉച്ചനീചത്ത്വവും ദളിതരിൽ നൂറ്റാണ്ടുകളിലൂടെ ഏൽപ്പിച്ച അപമാനങ്ങളെ സമഗ്രമായി പഠിക്കാനുള്ള ശ്രമം ആയിരുന്നു. അപമാനിക്കുന്നവനും അപമാനിതനാവുന്നവനും അതേക്കുറിച്ച് ബോധവാന്മാർ അല്ലെങ്കിൽ അപമാനം എന്ന പ്രശ്നം അവിടെ ഉദിക്കുന്നില്ല എന്ന് ‘ആഷിസ്‌ നന്ദി’ ഒരു ലേഖനത്തിൽ ഈ പുസ്തകത്തിൽ പറയുന്നുണ്ട്. അപമാനിതൻ താൻ അപമാനിക്കപ്പെട്ടു എന്ന് തിരിച്ചറിയുന്ന നിമിഷം മുതൽ പ്രശ്‍നം ആരംഭിക്കുന്നു എന്ന് നന്ദി പറയുന്നു. 2016 ഇല്‍ ഇളങ്കോവനു വേണ്ടി കൃഷ്ണ പതിനെട്ടാം നൂറ്റാണ്ടിലെ ഗോപാലകൃഷ്ണ  ഭാരതിയുടെ  വരികൾ ഉദ്ധരിക്കുമ്പോൾ മനസ്സിലേക്ക് വരുന്ന ഒരു രംഗം 1935 ൽ പുറത്തിറങ്ങിയ നന്ദനാർ സിനിമയുമായി ബന്ധപ്പെട്ട ഒരു സംഭവമാണ്. ആഷിസ്‌ നന്ദി പറയുന്ന കാര്യം അരങ്ങേറിയ ഒരു നേരം. നന്ദനാർ ആയി അഭിനയിച്ചത് അക്കാലത്തെ മഹാഗായിക കെ.ബി. സുന്ദരാംബാൾ. അബ്രാഹ്മണ. സിനിമയിൽ നന്ദനാരുടെ ചിദംബര പ്രവേശം തടയുന്ന ബ്രാഹ്മണ പ്രമുഖനായി വേഷമിട്ടത് അക്കാലത്തെ മഹാ ഗായകനായിരുന്ന  മഹാരാജപുരം വിശ്വനാഥ അയ്യരും. സിനിമയുടെ അവസാനഭാഗത്ത് നന്ദനാരുടെ കാൽ തൊട്ടു ‘വാദ്ധ്യാർ’ (വിശ്വനാഥയ്യർ) വന്ദിക്കുന്ന രംഗം എടുക്കുന്ന നേരം സുന്ദരാംബാൾ അതിന് വിസമ്മതിച്ചു. കഥാപാത്രത്തിന്റെയും  അഭിനേതാവിന്റേയും ജീവിതങ്ങൾ കലങ്ങി മറിയുന്ന അവസ്ഥ. രണ്ടുപേരും പരസ്പരം തൊഴുന്നതായി ചിത്രീകരിച്ചു. അബ്രാഹ്മണനായ / അബ്രാഹ്മണയായ നന്ദനാരെ / സുന്ദരാംബാളിനെ തൊഴുതതുകാരണം ജന്മനാടായ കുംഭകോണത്തെ അഗ്രഹാര ഗ്രാമങ്ങളിൽ  മഹാരാജപുരം വിശ്വനാഥ അയ്യർക്കു വലിയ എതിർപ്പ് നേരിടേണ്ടി വന്നു.
3
                                      സുന്ദരാംബാളും വിശ്വനാഥ അയ്യരും
എന്നാൽ നാം ഓർത്തിരിക്കേണ്ട മറ്റൊരു കലാപം അക്കാലത്ത് നടക്കുന്നുണ്ടായിരുന്നു. ഇന്നത്തെ ഇളങ്കോവന്മാർക്കു വേണ്ടി ടി.എൻ. രാജരത്തിനം പിള്ള എന്ന പ്രതിഭാശാലി തഞ്ചാവൂർ കുംഭകോണം പ്രദേശങ്ങളിൽ നാഗസ്വരത്തിന്റെ അഭൗമാന്തരീക്ഷത്തിൽ ഇശൈ വെള്ളാളർ സമുദായത്തിന്റെയും താൻ പ്രതിനിധാനം ചെയ്യുന്ന ലാവണ്യലോകത്തിന്റെയും സ്വത്വപതാക ഉയർത്താൻ ഉള്ള ശ്രമത്തിലായിരുന്നു.  വായ്പ്പാട്ടുകാർക്കും വൈണികർക്കും ഇരുന്ന് കച്ചേരി നടത്താമെങ്കിൽ എന്തിന് നാഗസ്വരക്കാർ മാത്രം അഞ്ചു മണിക്കൂർ നിന്ന് കച്ചേരി നടത്തണം എന്നദ്ദേഹം ചോദിച്ചു. ആദ്യമായി ഇരുന്നു കച്ചേരി നടത്തിയ നാഗസ്വരം കലാകാരനെ ‘ചക്രവർത്തി’ എന്ന് അവർ വിളിച്ചത് സംഗീത പ്രതിഭയെ മാത്രം പരിഗണിച്ചായിരിക്കില്ല, അദ്ദേഹം ഉണ്ടാക്കിയ ആ സ്വത്വസിംഹാസനം കൂടി പരിഗണിച്ചായിരിക്കണം.
4                                            ടി എൻ രാജരത്തിനം പിള്ള
കൃഷ്ണ അവാർഡ് വാങ്ങിക്കൊണ്ടുനടത്തിയ പ്രസംഗത്തിൽ ഉദ്ധരിച്ച ഗാനശകലത്തിന്റെ ബാക്കി ഭാഗത്ത് നന്ദനാർ ചിദംബര ശിവനോട് പറയുന്നുണ്ട്
 “ഭൂമിയിൽ പുലയനായ് പിറന്തേനെ നാൻ ,പുണ്യം ശെയ്യാതേ ഇരുന്തേനെ’ എന്ന് . താഴ്ന്ന ജാതിയിൽ പിറന്ന താൻ ഈ ജീവിതസാഗരത്തിന്റെ തിരയും കോളും കടന്ന് ഈ കരയിൽ എത്തിയത് അങ്ങയെ അടുത്തു കാണാൻ ആണെന്ന് ‘ നന്ദനാർ പാടുന്നു. മധുരൈ സോമസുന്ദരം (അബ്രാഹ്മണൻ) കേരളത്തിൽ ഉത്സവ കച്ചേരികൾക്കു വരുമ്പോൾ വയലിനും മൃദംഗവും വായിക്കുന്ന ബ്രാഹ്മണ കലാകാരന്മാർക്ക് ഉത്സവ കമ്മിറ്റിക്കാർ നേരത്തെ സദ്യ വിളമ്പി, സോമുവിന് പിന്നാലെ ഒറ്റയ്ക്ക് വിളമ്പുന്നതിനെ കുറിച്ച് വായിച്ചിട്ടുണ്ട്. ചെന്നൈനഗരത്തെ  വന്ന്, കണ്ടു, കീഴടക്കിയ ഉസ്താദ് ബഡെ ഗുലാം അലി ഖാന്റെ കാൽ തൊട്ടു വന്ദിച്ച ജി എൻ ബാലസുബ്രഹ്മണ്യത്തിന് നേരിടേണ്ടി വന്ന എതിർപ്പ് ചരിത്രമാണ്.
5ബഡെ ഗുലാം അലി ഖാനും ജി എൻ ബാലസുബ്രഹ്മണ്യവും (ഉസ്താദിന്റെ ഇടതു വശം )
ടി എം കൃഷ്ണ ഒരു വലിയ വിഭാഗം കർണാടക സംഗീത പ്രേമികൾക്കും സംഗീതജ്ഞർക്കും അനഭിമതനാണ് ഇപ്പോൾ. ചിലർ പറയും കൃഷ്ണ ഒരു ശരാശരി ഗായകൻ മാത്രമാണ്, പാടുന്നതിൽ കൂടുതൽ പറയുകയാണ് അദ്ദേഹത്തിന് ഹിതം എന്ന്. കർണാടക സംഗീതത്തിന്റെ   യഥാസ്ഥിതിയിൽ സംരക്ഷിതർ ആയവർ, അല്ലെങ്കിൽ ഭാവിയിൽ സംരക്ഷിതർ ആയേക്കും എന്ന് പ്രത്യാശിക്കുന്നവർ ആണ് കൃഷ്ണയുടെ എതിരാളികളിൽ ഒരു വലിയ വിഭാഗം. ടി എം കൃഷ്ണയെക്കാൾ നന്നായി പാടുന്നവർ ഇല്ല എന്ന അഭിപ്രായക്കാരനല്ല ഞാൻ. എന്നാൽ കൃഷ്ണയുടെ സംഗീതവും  ആകർഷകം തന്നെയാണ്. ചോദ്യങ്ങൾ സ്വയം ഉന്നയിക്കുന്നവ തന്നെയാണ്. ആ പാട്ടും ഒരു ഈടുവെയ്പു  തന്നെയാണ്. അതിനാൽ അദ്ദേഹത്തിൻറെ വാക്കുകൾക്കും പാട്ടിനും ചെവി ഓർക്കാൻ ആഹ്ലാദമുണ്ട്.
മാഞ്ചി രാഗത്തിലുള്ള ‘വരുഗലാമോ അയ്യാ’ എന്ന കൃതിയിലെ   ‘ഭൂമിയിൽ പുലയനായ് പിറന്തേനെ നാൻ’ എന്ന ഭാഗം പാലക്കാട് കെ വി നാരായണസ്വാമി ‘ഭൂമിയിൽ ഹീനനായ് പിറന്തേനെ ഞാൻ ‘ എന്ന് പാടുന്നതും , എം ഡി രാമനാഥൻ ‘പുലയനായ്’ എന്നു തന്നെ പാടുന്നതും ഭാരതിയാർ എഴുതിയത് ഞാൻ മാറ്റണോ എന്ന് പറയുമ്പോൾ സദസ്സ് ചിരിക്കുന്നതും  കേട്ടു നോക്കൂ:
1 . പാലക്കാട് കെ വി നാരായണസ്വാമി :

2 . എം ഡി രാമനാഥൻ:

അസുഖകരമായ ചോദ്യങ്ങൾ കേൾക്കാൻ തയ്യാറായാൽ മാത്രമേ ലോകോത്തരമായ ഒരു ക്‌ളാസിക്കൽ സംഗീത ശാഖക്ക് സ്വയം വീണ്ടെടുക്കാൻ കഴിയൂ. ആ ചോദ്യങ്ങളെ പൂർണമായും കേട്ടില്ല എന്ന് നടിച്ചാൽ അതിന്റെ നഷ്ടം സംഗീതത്തിനും ആ സംഗീതത്തെ ഉൽപാദിപ്പിക്കുന്ന സമൂഹത്തിനും ആയിരിക്കും.

വരുഗലാമോ: കൃതിയും അർത്ഥവും :

Comments

comments