ഇതിനിടയില്‍ ചിത്രം വിറ്റ് ഉപജീവനം കഴിക്കാന്‍ വേണ്ടി ആര്‍ട്ട് ഗാലറികൾ നിര്‍മ്മിക്കാനും, അക്കാദമിയുടെ സഹായങ്ങള്‍ ഉപയോഗിക്കാനും, ചിത്രകലാ ക്യാമ്പുകള്‍ നടത്തി കുറഞ്ഞ വിലയ്ക്കാണെങ്കിലും ചിത്രങ്ങള്‍ വില്‍ക്കാനും ഒക്കെ പരിശ്രമിച്ചു കൊണ്ട്, അതിനുള്ളില്‍ മെരുങ്ങുന്ന വിധം ‘സ്വകീയ ശൈലികള്‍’ ആവിഷ്കരിച്ച്‘വ്യത്യസ്ത’രാകാൻ ശ്രമിച്ചവരും ഉണ്ടായിട്ടുണ്ട്. പക്ഷെ പൊതുസമൂഹത്തില്‍ ഇവർ പരിഗണിക്കപ്പെട്ടത് ചെറു വൃത്തങ്ങളില്‍ ആണ്. തുറന്നു പ്രഖ്യാപിക്കുന്ന രാഷ്ട്രീയ ചായ് വുകള്ക്കോ സാഹിത്യ- മാധ്യമ മണ്ഡലവുമായുള്ള ബന്ധത്തിനോ ആണ് ഇവരുടെ ചിത്രങ്ങളെക്കാളും ശില്പ്പങ്ങളെക്കാളും കൂടുതൽ സ്വന്തം ചുറ്റുവട്ടത്ത് പോലും പ്രാധാന്യം കൽപ്പിക്കപ്പെട്ടത്. ഇങ്ങനെ സ്വന്തം സമൂഹത്തില്‍ തന്നെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ചിത്ര-ശില്പകലയുടെ ഈ നാട്ടുനടപ്പിനെ അവഗണിച്ചവര്‍ പലരും ചിത്രകലയുടെ മുഖ്യധാര ഉള്ള നഗരങ്ങളെ – പാരീസ്, മുംബൈ പോലുള്ളവയെ – തങ്ങളുടെ മാനസലോകങ്ങളായി തെരഞ്ഞെടുത്തു.ഇപ്രകാരം ഉപജീവനത്തില്‍ ഊന്നുന്ന സാമ്പ്രദായികതയുടെയും ധൈഷണികമായ വേറിടലിന്റെയും രണ്ടു വ്യത്യസ്ത ധാരകള്‍ കലാപ്രവർത്തനത്തില്‍ ഉണ്ട്. ഇത് ഇതിനകത്തെ ചരിത്രപരമായ പ്രശ്നങ്ങളോടെ അധികമാരും അത്ര കാര്യമായി പരിഗണിച്ചിട്ടില്ല.
ഒരുപക്ഷെ 60കളിലെയും 70 കളിലെയും കാനായി കുഞ്ഞുരാമന്റെ ശില്പ്പങ്ങൾ ആദ്യമായി കേരള സമൂഹത്തില്‍ കലയുടെ സമൂഹബന്ധത്തെ കൃത്യം അടയാളപ്പെടുത്തി എന്ന് പറയാം. ഒരു പ്രതിമയല്ല,‘സർഗ്ഗസൃഷ്ടിയായ ശില്പം’ തന്നെ പൊതുസ്ഥലത്ത് സ്ഥാപിച്ച് കാനായി കലയെ സാമൂഹികമായ ഒരു തുറസ്സില്‍ നിര്‍ബന്ധമായും വരുത്തുകയും, തന്റെ സമൂഹത്തിന്റെ മനസ്സിലെ ആദിപ്രരൂപങ്ങളെ ആധുനിക പാശ്ചാത്യ രൂപങ്ങളുമായി ഘടിപ്പിക്കുകയും ചെയ്തതിനാലാകാം അത്. ബാലന് നമ്പ്യാരും എ.രാമചന്ദ്രനും ഇത് ചെയ്തെങ്കിലും രവിവര്‍മ്മയ്ക്ക് ശേഷം സമന്വയത്തിന്റെ മൌലികമായ രൂപം പ്രദേശവാസികള്‍ക്ക് ഉള്‍ക്കൊള്ളാവുന്നവിധം കാനായിയുടെ ശില്പ വിദ്യയിൽ, മലയാളി കണ്ടു.
ഇതിനിടയില്‍ മദ്രാസ് സ്കൂളിൽ മെനഞ്ഞ താന്ത്രിക്കും, ആദിമതയുടെ ദുരൂഹ ചിഹ്നങ്ങളും കേരളത്തിലെ സാഹിതീയ ആധുനികതയില്‍, പത്രപ്രവര്‍ത്തനപരമായ ഒരിടത്ത് മാത്രമേ നിന്നുള്ളൂ. എയെസ്സും നമ്പൂതിരിയും പോലുള്ള നമ്മുടെ രേഖാചിത്രീകരണകാരന്മാര് കുറെയൊക്കെ അവരുടെ ‘മദ്രാസ് സ്കൂൾ’ പശ്ചാത്തലം പ്രയോജനപ്പെടുത്തി. എങ്കിലും അതൊക്കെ കലയുടെയല്ല, മറിച്ച് പത്രപ്രവർത്തനതിന്റെയോ സാഹിത്യവായനയുടെയോ രെജിസ്റ്ററില്‍ ചെന്ന് പതിച്ചു. കാനായിയുടെ മൌലികമായ അഭിസംബോധന ഷോക്കടിപ്പിച്ചത് യഥാര്‍ത്ഥത്തിൽ ഗ്രാമീണമായ അനുഭവങ്ങള്‍ മുന്നിട്ടുനില്ക്കുന്ന കേരളത്തിലെ മനുഷ്യരുടെ ലിംഗവിവേചിതമായ (gendered) ആധുനികതയെ ആയിരുന്നു. ‘ഷോക്കടിപ്പിക്കുന്ന ആധുനിക ചിത്രകാരന്റെ’ ഒരു രൂപം തന്നെ ആയിരുന്ന കാനായിക്ക് തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജിൽ അധ്യാപകനായി ഇരുന്നുകൊണ്ട് തന്റെ ചുറ്റുമുള്ള ചെറുപ്പക്കാരെ, പ്രത്യേകിച്ച് കലാ വിദ്യാര്‍ഥികളെ സ്വാധീനിക്കാനും കഴിഞ്ഞു. എന്നാല്‍ എൺപതുകളിലെ കലാ വിദ്യാര്‍ഥികൾ തങ്ങളുടെ ധൈഷണികമായ വേർപെടലുകളില്‍ കാനായിയെ ഒരു മാതൃകയെന്നതേക്കാൾ ഒരു പ്രചോദനം ആയി മാത്രമേ എടുത്തുള്ളൂ എന്നതാണ് മറ്റൊരു സത്യം. അവര്‍ കേരള സമൂഹത്തിന്റെ സമ്പ്രദായങ്ങളില്‍ അരികില്‍ കിടക്കുന്ന സ്വന്തം അതിജീവനത്തിന്റെ പ്രശ്നം അതിലേക്ക് ഏറ്റെടുത്തു. ഒന്നുപറയാം, കേരളത്തിലെ കലാധ്യയന സ്ഥാപനങ്ങളില്‍ തന്നെയാണ്, കലാ വിദ്യാര്‍ഥി സമൂഹത്തിൽ നിന്ന് തന്നെയാണ്, ധൈഷണികമായ വേറിടലിന് തുടക്കം കുറിച്ചത്.
Be the first to write a comment.