2001ലെ സാമ്പത്തികത്തകർച്ചയ്ക്ക് ശേഷം പ്രത്യേകിച്ചും രാജ്യത്തിന്റെ വരുമാനത്തിന്റെ പ്രധാനശ്രോതസ്സായി വർത്തിച്ചത് ബ്യൂണോസ് അയേഴ്സിൽ 1990കളിലുണ്ടായ റ്റാംഗൊ ടൂറിസത്തിന്റെ അഭൂതപൂർവ്വമായ വളർച്ചയായിരുന്നു. യൂറോപ്പിൽ നിന്നും അമേരിക്കൻ ഐക്യനാടുകളിൽ നിന്നും ധാരാളമായി വന്ന ഈ ടൂറിസ്റ്റുകൾ നിലവിലിരുന്ന വ്യവസ്ഥിതിയെ ചോദ്യം ചെയ്തു. മിലൊംഗാകളിൽ (ടാംഗോ നൃത്തങ്ങളിൽ) വ്യവസ്ഥാപിതമായി തുടർന്നു വന്ന മാമൂലുകളെ അവർ തുടർച്ചയായി ധിക്കരിക്കുക മാത്രമല്ല റ്റാംഗോ നൃത്ത വേദികളും പഠനക്ലാസ്സുകളും സ്വവർഗ്ഗ, ഉഭയലിംഗ, മൂന്നാംലിംഗസ്വത്വങ്ങളോട് കൂടുതൽ സൗഹാർദ്ദപരമായി പെരുമാറണമെന്നും അവർ ആവശ്യപ്പെട്ടു. നഗരത്തിലേക്ക് എത്തിച്ചേർന്ന മിക്കവർക്കും കാണാൻ കഴിഞ്ഞത് നഗരനിലപാടുകളുമായി ഇഴുകി ചേരാൻ വിമുഖത കാണിക്കുന്നവരോട് അത് പരുഷവും അനിഷ്ടപരമായുമാണു പെരുമാറുന്നത് എന്നാണു. LGBT (Lesbian Gay Bisexual Transgender) നർത്തകർ മാത്രമല്ല ലിംഗവ്യത്യസ്തഭേദമന്യേ വിഭിന്ന ലൈംഗികസ്വഭാവങ്ങളുള്ളവരായ ആളുകളെല്ലാം തന്നെ നഗരത്തിന്റെ ഈ അടഞ്ഞ വ്യവസ്ഥിതിയിൽ മടുത്ത് പോയിരുന്നു. ലിംഗസ്വത്വത്തെ പ്രതിനിധാനം ചെയ്യുന്ന വേഷവിധാനങ്ങളും അണിഞ്ഞ് ലിംഗസ്വത്വം വെളിവാക്കിക്കൊണ്ടുള്ള മണിക്കൂറുകൾ നീണ്ട  പ്രകടനവും വഴിയേ നൃത്തം ചെയ്യാൻ അനുവാദം ലഭിക്കൂ  എന്ന രീതിയിൽ നൃത്തവേദികളിൽ അമിതമായ വിധത്തിൽ പുലർത്തിപ്പോന്ന നിയമങ്ങൾക്കെതിരെ ഇവരെല്ലാം തന്നെ ക്വീർ പ്രസ്ഥാനവുമായി ഐക്യപ്പെടുവാൻ ആരംഭിച്ചു.

പുതുതായി വന്നവരിൽ നൃത്തവേദികളിൽ നിലനിന്നിരുന്ന ഈ കർക്കശമായ ലിംഗനിയമങ്ങളെ ചോദ്യം ചെയ്യാനും ഒരേ ലിംഗ നൃത്തത്തിൽ ഏർപ്പെടാനും ശ്രമിച്ചവർക്കെല്ലാം സ്വവർഗ്ഗരതിയോടുള്ള എതിർപ്പ് നിമിത്തമുള്ള പരുഷമായ പെരുമാറ്റങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. അവരെ സംബന്ധിച്ച് ഇവയെല്ലാം മറ്റു രീതികളിൽ ഈ നൃത്തത്തെ മനസ്സിലാക്കുവാൻ പ്രേരിപ്പിക്കുകയും തൽഫലമായി രാജ്യത്തെ മുഴുവൻ ടൂറിസം വ്യവസായത്തെയും മാറ്റിത്തീർക്കാൻ സഹായിക്കുകയും ചെയ്തു. വിവിധ ദേശങ്ങളിൽ നിന്നുള്ള ക്വീർ പ്രവർത്തകരുടെ ഒത്തു ചേരലുകൾ വഴി ബ്യൂണോസ് അയേഴ്സിൽ പണ്ടേ തന്നെ നിലനിന്നിരുന്ന  ഒരേ ലിംഗ റ്റാംഗോ നൃത്തം  കൂടുതൽ സ്വതന്ത്രമാം വിധം  അരങ്ങേറുവാൻ തുടങ്ങി. ഈ ഐക്യപ്പെടൽ കരുത്തിലേക്കും കരുത്ത് അധികാരത്തിലേക്കും വളരുകയും ഒടുക്കം അർജന്റീനിയൻ സർക്കാരിനു തന്നെ ക്വീർ പ്രസ്ഥാനത്തിന്റെ  പ്രചാരകർ ആകേണ്ടി വരികയും അവിടം സ്വവർഗ്ഗ സൗഹാർദ്ദടൂറിസ്റ്റ് കേന്ദ്രമെന്ന് സ്ഥാപിക്കാൻ വ്യഗ്രതപ്പെടുകയും ചെയ്യേണ്ടി വരികയാണുണ്ടായത്.

മനസ്സിലാക്കേണ്ടുന്ന ഒരു കാര്യമുണ്ട്. റ്റാംഗോ ക്വീർ പ്രസ്ഥാനം തുടക്കത്തിൽ തന്നെ നൃത്തം എന്നതിലായി മാത്രം ഒതുങ്ങി നിന്നിരുന്ന ഒന്നല്ല. ബൗദ്ധികമായ വിചിന്തനങ്ങളെ വളർത്തിക്കൊണ്ട്  നിർബന്ധിതമായ എതിർലിംഗ ലൈംഗികതയെയും (heterosexuality) ലിംഗസ്വത്വ നിർമ്മാണത്തെയും (gender construction) മനസ്സിലാക്കുന്നതിനും അതു വഴി ഒരു സാംസ്കാരിക പരിവർത്തനവും കൂടിയായിരുന്നു അത് ലക്ഷ്യം വെച്ചത്. മനുഷ്യാവകാശങ്ങളെ സംബന്ധിച്ചുള്ള ഒന്ന്. സ്വവർഗ്ഗ ജോഡികൾക്ക് നൃത്തത്തിൽ മറ്റൊരു രീതിയിലുള്ള പ്രാതിനിധ്യവും ഇടവും കണ്ടെത്തുന്നതിനും ആവശ്യപ്പെട്ടുകൊണ്ടുള്ളതുമായ ഒന്ന്.

Comments

comments