സമീപവർഷങ്ങളിൽ നഗരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മേളകളിലൊന്ന് അന്താരാഷ്ട്ര ക്വീർ റ്റാംഗോ ഫെസ്റ്റിവൽആണു. പരമാവധി ലാഭം കൊയ്യുക എന്ന ലക്ഷ്യത്തിന്മേൽ മുൻവിധികൾ മാറ്റി വച്ചിരിക്കുകയാണു. സ്വവർഗ്ഗജോഡികൾക്കായി പ്രത്യേക ആഡംബരബോട്ട് സർവ്വീസുകളും പ്രത്യേക റ്റാംഗോ പാക്കേജുകളും തയ്യാറാകുന്നു.  അന്താരാഷ്ട്ര ആൻ-പെൺ സ്വവർഗ്ഗ സഞ്ചാരി അസ്സോസിയേഷൻ (The International Gay and Lesbian Travel Association) അതിന്റെ മൂന്നാം വാർഷിക സമ്മേളനം 2010ൽ നടത്തിയത് അവിടെയായിരുന്നു. കാനഡയിൽ നിന്നുള്ള സംഘടനയുടെ പ്രസിഡന്റ് റ്റാനിയ ചർച്ച്മച്ച് എന്തുകൊണ്ടാണു ഇത് ഇത്രയും പ്രധാനപ്പെട്ട ഒരു വ്യവസായമായി മാറിയതെന്ന് വിശദീകരിക്കുകയുണ്ടായി.

സ്വവർഗ്ഗാനുരാഗ ടൂറിസം എല്ലാ വർഷവും ബില്യൺ കണക്കിനു ഡോളറാണു ലഭ്യമാക്കുന്നത്.  കുട്ടികളില്ല എന്ന കാരണത്താൽ  ഒരു കലണ്ടർ വർഷത്തിലെ അക്കാദമിക വർഷത്തിന്റെ കണക്ക് നോക്കാതെ നിർബാധം യാത്ര ചെയ്യുന്ന ഒരു സമൂഹമാണത്. അതിലുപരി മൂന്നു കാരണങ്ങളാൽ  അവർ കൂടുതൽ സമ്പന്നരാണു ഉയർന്ന വിദ്യാഭ്യാസം, കുട്ടികളെ ഉത്പാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക രംഗത്ത് മാറ്റിവയ്പ്പുകൾ ആവശ്യമായി മാറാത്തത്, കുട്ടികൾ രോഗബാധിതരാകുന്നത് കൊണ്ട് ഉണ്ടായേക്കാവുന്ന ജോലിസമയ നഷ്ടം എന്നത് അവരെ ബാധിക്കുന്നില്ല എന്നീ കാരണങ്ങൾ മൂലം.

വർഷാവർഷം 300,000 സന്ദർശകരെയും 60 മില്യൺ ഡോളർ വിദേശ കറൻസിയും ലഭ്യമാക്കുന്ന, അനുദിനം വളരാൻ സാഹചര്യമുള്ള ഒരു വ്യവസായമാണു സ്വവർഗ്ഗ ടൂറിസം.  2003 മുതൽ സ്വവർഗ്ഗപ്രേമികളെ ലക്ഷ്യം വെച്ച് ധാരാളം റെസ്റ്റോറെന്റുകളും താമസകേന്ദ്രങ്ങളും അർജ്ജന്റീനയിൽ ആരംഭിച്ചിട്ടുണ്ട്.  ജിജ്ഞാസ ഉണർത്തുന്ന ഒരു കാര്യം സ്വവർഗ്ഗ, ക്വീർ സൗഹാർദ്ദ കേന്ദ്രങ്ങളിലേക്ക് പോകുന്നവർ, അവരിൽത്തന്നെ LGBT സമൂഹത്തിന്റെ ഭാഗമായി സ്വയം കണക്കാക്കാത്തവർ പോലും ആ സഞ്ചാരങ്ങളിലൂടെ വളർത്തുന്നത്  ബോർദ്യൂവിന്റെ (Pierre Bourdieu) ആ സംജ്ഞയെയാണു സാംസ്കാരിക തലസ്ഥാനം. അവിടം ശാന്തമായിരിക്കുകയാണു. ആധുനികവും പരിഷ്കൃതവും ഉയർന്ന സാംസ്കാരികമൂല്യങ്ങളും വാങ്ങൽ ശേഷിയുമുള്ള സ്ഥലം എന്ന് പ്രസിദ്ധമായിരിക്കുന്നു. കണക്കനുസരിച്ച് അർജ്ജന്റീനയിലേക്കുള്ള ടൂറിസ്റ്റുകളിൽ 20 % ഈ സ്വവർഗ്ഗ പ്രേമികളാണു. 2007 ഒക്ടോബർ 19നു നഗരത്തിൽ ആദ്യ സ്വവർഗ്ഗ ഹോട്ടൽ തുറന്നതിനോടൊപ്പം രണ്ട് പ്രധാനപ്പെട്ട സംഭവങ്ങളും അരങ്ങേറി.  ഒന്ന്  പത്താമത് ലോക സ്വവർഗ്ഗ സോക്കർ ടൂർണ്ണമെന്റ്. മറ്റൊന്ന് ആദ്യ റ്റാംഗോ ക്വീർ ഫെസ്റ്റിവൽ.  2012 മേയിൽ ബ്യൂണോസ് അയേഴ്സിലേക്കുള്ള ടാംഗോ ടൂറിസത്തെക്കുറിച്ചുള്ള ഒരു   സി എൻ എൻ  റിപ്പോർട്ടിൽ ഈ സാംസ്കാരിക പരിവർത്തനം പ്രത്യേകമായി ഉൾക്കൊള്ളിച്ചിരുന്നു. വീഡിയോകളും കൂടിയുള്ള ഈ റിപ്പോർട്ടിൽ  രണ്ട് സ്വവർഗ്ഗപ്രേമികൾ – ഒരു ഫുട്ബോൾ കളിക്കാരനും ഒരു പട്ടാളക്കാരനും – ഒന്നിച്ച് റ്റാംഗോ നൃത്തം ചവിട്ടുന്ന ചിത്രമുള്ള ഒരു നഗരസ്മരണിക കൂടി ഉൾപ്പെടുത്തിയിരുന്നു. 

2013ൽ നഗരത്തിലെ ആദ്യ സ്വവർഗ്ഗ മിലൊംഗയായ ( റ്റാംഗോ നൃത്തവേദി) ലാ മാർഷലിന്റെ പത്താമത് വാർഷികം ആഘോഷിച്ചുകൊണ്ടുള്ള ഒരു വിളംബരം നടത്തുക വഴി ബ്യൂണോസ് അയേഴ്സ് ഗവണ്മെന്റ്  അതിന്റെ നിയമപരമായ നിലനിൽപ്പ് അരക്കിട്ടുറപ്പിച്ചു. എന്നാൽ ഭാഗികമായെങ്കിലും സമീപകാല റ്റാംഗോ ക്വീർ ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന  നിമിഷങ്ങൾ വന്നത് അത്രയ്ക്കൊന്നും സാധ്യമല്ലാത്ത ഒരു കേന്ദ്രത്തിൽ നിന്നായിരുന്നു.  ദക്ഷിണ കൊറിയയിൽ നിന്നുള്ള പെനിൻസുല ചൊ എന്ന ഒരു കുറിയ സ്ത്രീയിൽ നിന്ന്. സിയോളിൽ തന്റെ നൃത്തപങ്കാളിയായ  ജിൻസുക് മുച്ചാച്ചപാർക്കിനൊപ്പം രംഗത്തെ ഏറ്റവും പ്രധാനപ്പെട്ടയാൾ എന്ന ഖ്യാതി ചൊ സ്വന്തമാക്കി.  അവരുടെ നൃത്തങ്ങളുടെ വീഡിയോകൾ ഫേയ്സ് ബുക്കും യൂറ്റ്യൂബും അടക്കമുള്ള സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകൾ വഴി ലോകമെങ്ങുമുള്ള ക്വീർ സമൂഹങ്ങൾക്കിടയിൽ വളരെ പ്രിയപ്പെട്ടതായിത്തീർന്നു. 2012ൽ ടോക്കിയോയിൽ വച്ച് നടന്ന സ്റ്റേജ് റ്റാംഗോയിലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ അവർ വിജയിച്ചു. എന്നാൽ ആ നൃത്തം നയിച്ചത് ചോ ആയിരുന്നില്ല. പാസോ ഹാൻ എന്ന പുരുഷനാണു ആ നൃത്തം നയിച്ചത്. ചാമ്പ്യൻഷിപ്പ് വിജയിച്ച സ്ഥിതിക്ക് ആ ജോഡികൾക്ക് ബ്യൂണോസ് അയേഴ്സിൽ വച്ച് നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനാകുമായിരുന്നു. എന്നാൽ ചൊ വിസമ്മതിച്ചു. തനിക്ക് നൃത്തം നയിക്കണം എന്ന് അവർ ആവശ്യപ്പെട്ടു.  ഹോംകോങ്ങിൽ നിന്നുള്ള നർത്തകരായ ലില്ലി, റെയ്മണ്ട് എന്നിവരുടെ സഹായത്തോടെ ബ്യൂണോസ് അയേഴ്സിലെ ഒഫിഷ്യലുകളുമായി ബന്ധപ്പെടുകയും പ്രതിഷേധം ഉയർത്തുകയും ചെയ്തു. ച്യാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ ആദ്യമായി 2013 ആഗസ്റ്റിൽ ഒരേ ലിംഗത്തിൽ പെട്ടവർ ചേർന്നുള്ള ജോഡികൾക്ക് മൽസരത്തിൽ പങ്കെടുക്കുവാനുള്ള അവസരം ഉണ്ടാകും എന്ന്  ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു. റ്റാംഗോ ക്വീർ പ്രസ്ഥാനത്തിന്റെ ഈ വിജയം ഫേയ്സ്ബുക്കിൽ വലിയ രീതിയിൽ ആഘോഷിക്കപ്പെടുകയും ലോകമെങ്ങുമുള്ള LGBT നൃത്തക്കാർക്ക് വേണ്ടി അവർ നടത്തിയ പരിശ്രമങ്ങളെ പ്രകീർത്തിച്ചുകൊണ്ട് സന്ദേശപ്രവാഹങ്ങൾ അവരെ തേടി എത്തുകയും ചെയ്തു.

2013 ആഗസ്റ്റിൽ 37 രാജ്യങ്ങളിൽ നിന്നായി 556 ജോഡികൾ ലോക റ്റാംഗോ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തപ്പോൾ അതിൽ നാലെണ്ണം ഒരേ ലിംഗത്തിൽ പെട്ട ജോഡികളായിരുന്നു. ഒരിക്കൽ കൂടി, ഇതൊരിക്കലും ലൈംഗികതയെ ഒരേ ലിംഗത്തിൽ പെട്ടവർ ചേർന്നുള്ള നൃത്തവുമായി ഏകീകരിച്ചു കാണലല്ല. അവയിൽ പങ്കെടുത്ത ഒരേ ലിംഗത്തിൽ പെട്ട ജോഡികൾ സ്വവർഗ്ഗപ്രേമികളാണോ എന്നത് അപ്രസക്തമാണു. പൊതുപ്രമാണം അനുസരിച്ച് പുരുഷൻ നയിക്കുന്നു, സ്ത്രീ പിന്തുടരുന്നു എന്ന റ്റാംഗോ രീതിയിൽ നിന്ന് വ്യത്യസ്തരാകുക വഴി അവർ ക്വീർകളായി അടയാളപ്പെടുകയാണു. പ്രധാനമായത് അവർക്ക്  എങ്ങനെ സംഗീതാത്മകമായി ഇഴുകിച്ചേരാം എന്നുള്ളതാണു. ഇങ്ങനെയെങ്കിലും ഒട്ടുമിക്ക അന്താരാഷ്ട്ര മീഡിയകളും അവരെ സ്വവർഗ്ഗപ്രേമികൾഎന്നാണു അഭിസംബോധന ചെയ്തത്. ഇക്കിളിപ്പെടുത്തുന്ന ഒരു തലക്കെട്ടിനായി വ്യഗ്രരായ ജേർണലിസ്റ്റുകളുടെ അനുമാനങ്ങൾക്കപ്പുറം വീഡിയോകൾ ഉൾപ്പടെയുള്ള എല്ലാ വാർത്തകൾ കാട്ടിയത് സ്റ്റേജിൽ ഈ ജോഡികൾക്ക് ലഭിച്ച ഗംഭീരമായ സ്വീകാര്യതയും അനുമോദനങ്ങളുമാണു. മുഖ്യധാരയിൽ ഒരുപാടൊന്നും സ്ഥാനം ഇല്ലാതിരുന്ന റ്റാംഗോ ക്വീർ ഒടുവിൽ അതിന്റെ ജന്മനഗരത്തിൽ വച്ചു തന്നെ ഊഷ്മളമായി ആശ്ലേഷിക്കപ്പെടുകയായിരുന്നു. അത് നിർണ്ണായകമായ ഒരു നാഴികക്കല്ലാണു.

Comments

comments