ജനാധിപത്യത്തിൽ പുതിയ സർക്കാരുകൾ അധികാരമേറ്റാൽ
സാധാരണയായി രണ്ടു മാസമെന്നോ നൂറു ദിവസമെന്നോ ഒക്കെ പറഞ്ഞു കൊണ്ടുള്ള ഒരുമധുവിധുകാലം അനുവദിക്കാറുണ്ട്. പ്രതിപക്ഷപാർട്ടികളും മാധ്യമങ്ങളുമൊക്കെ ആ സമയത്തിനിടയിൽ ഗൗരവമേറിയ വിമർശനങ്ങൾ ഉന്നയിക്കാതെ, പുതിയ സർക്കാരിനു പ്രവർത്തിക്കാൻ അവസരം നൽകുന്നു എന്നാണു വെയ്പ്. എന്നാൽ നൂറു ദിവസം പോകട്ടെ, ഏതാനും ദിവസം പോലും തനിക്ക് അങ്ങനെ ഒരു മധുവിധു ആർഭാടം അനുവദിച്ചുകിട്ടിയില്ല എന്നാണു പുതിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാതിപ്പെടുന്നത്. പ്രത്യക്ഷത്തിൽ ഇതു ശരിയാണു. പക്ഷേ, ഈ യാഥാർത്ഥ്യത്തിനുഒരു മറുവശമുണ്ട്. ഈ മധുവിധു കാലത്ത് പുതിയ അധികാരികൾ ജനവിരുദ്ധ നടപടികൾ സ്വീകരിക്കാതിരിക്കുന്നത് സ്വാഭാവിക നീതിയാണു. മോദി ഈ മര്യാദ അല്പം പോലുംപാലിച്ചില്ല. ജനവിരുദ്ധ നയപ്രഖ്യാപനങ്ങളിൽ നിന്ന് തുടങ്ങി ജനങ്ങളുടെനിത്യജീവിതം ദുരിതപൂർണ്ണമാക്കുന്ന പ്രായോഗിക പരിപാടികൾ പ്രഖ്യാപിക്കുക മാത്രമല്ല, നടപ്പിലാക്കുകയും ചെയ്തിരിക്കുകയാണു. മധുവിധുകാലത്ത് ഇത്രയും ജനവിരുദ്ധ നടപടികൾ ഒരുമിച്ചെടുത്ത മറ്റൊരു അധികാരി നമ്മുടെ നാട്ടിൽ ഉണ്ടായിട്ടില്ല. ജനങ്ങളും രാഷ്ട്രീയ പാർട്ടികളും ഇത്തരം നടപടികൾക്ക് മുന്നിൽ നിശ്ശബ്ദത പാലിക്കണം എന്ന് ആവശ്യപ്പെടുന്നത് അധികര പ്രമത്തനും വിവേകശൂന്യനുമായ ഒരു അധികാരിയുടെ അഹങ്കാരപ്രഖ്യാപനം മാത്രമാണു. എന്നാൽ അധികാരികളുടെ ഇത്തരം നിലപാടുകളോട് ജനങ്ങളെക്കാളും രാഷ്ട്രീയപർട്ടികളെക്കാളും ഫലപ്രദമായി പ്രതികരിക്കുവാൻ കഴിയുന്ന മാധ്യമങ്ങളിൽ ഗണ്യമായ വിഭാഗവും നാണം കെട്ട നിശ്ശബ്ദത പാലിക്കുന്ന കാര്യവും എടുത്തു പറയേണ്ടതുണ്ട്.
സാമ്പത്തിക നയത്തിന്റെ കാര്യത്തിൽ 1991 മുതൽ ഇന്ത്യയിൽ നടപ്പിലാക്കി വന്ന വിപണിയെ കയറൂരി വിടുന്ന ഉദാരവൽക്കരണ നയം തന്നെയായിരിക്കും മോദി സർക്കാരും പിന്തുടരുക എന്ന് എലാവരും പ്രതീക്ഷിച്ചിരുന്നത് തന്നെയാണു. ഗുജറാത്ത് മോഡലിൽ ഈ നയം തന്നെയായിരുന്നു നട്ടെല്ല്. അതിൽ നിന്ന് വ്യത്യസ്തമായ ജാലവിദ്യകളൊന്നും മോദിക്കറിയില്ലെന്നും വ്യക്തമായിരുന്നു. കോർപ്പറേറ്റുകളെ കയ്യയച്ച്സഹായിക്കുക എന്നത് ഉദാരവൽക്കരണ നയക്കാരുടെ പൊതുവായ സമീപനമാണു. മോദി ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. ഭൂമിയും മറ്റ് അടിസ്ഥാനസൗകര്യങ്ങളും നാമമാത്രമായ വിലയ്ക്ക് നല്കുക, നികുതികൾ ഭാഗികമായോ പൂർണ്ണമായോ ഇളവ് ചെയ്തു കൊടുക്കുക തുടങ്ങിയതെല്ലാം മോദിയുടെ സ്റ്റൈലായിരുന്നു.കേന്ദ്രാധികാരത്തിൽ എത്തിയപ്പോൾ കോർപ്പറേറ്റുകളോടുള്ള മോദിയുടെ വിധേയത്വം പതിന്മടങ്ങ് വർദ്ധിച്ചിരിക്കുകയാണു. കാരണം, യുപിഎയും മറ്റും തിരഞ്ഞെടുപ്പിൽ ചിലവാക്കിയതിന്റെ പതിന്മടങ്ങ് തുകയാണു മോദിസ്റ്റൈൽ പ്രചരണത്തിനു വേണ്ടി വാരിയെറിഞ്ഞത്. അതെല്ലാം കോർപ്പറേറ്റുകളുടെ കയ്യയച്ചുള്ള സഹായം കൊണ്ട്സാധ്യമായതാണു. സ്വാഭാവികമായും ആ ചിലവഴിച്ചതിന്റെ എത്രയോ മടങ്ങായിരിക്കും അവർ തിരിച്ച് ആവശ്യപ്പെടുക. തനിക്ക് വോട്ട് ചെയ്ത ജനങ്ങളെ പൂർണ്ണമായി വിസ്മരിച്ചുകൊണ്ട് മോദി കോർപ്പറേറ്റുകളുമായിട്ടാണു മധുവിധു ആഘോഷിച്ചത്.തന്റെ നടപടികളെല്ലാം രാജ്യനന്മയെ ലക്ഷ്യമാക്കിയുള്ളതാണെന്ന പ്രഖ്യാപനങ്ങളൊന്നും ഇനി ജനങ്ങളെ വഞ്ചിക്കാൻ പര്യാപ്തമല്ല. സ്വന്തം പാർട്ടി അണികൾ പോലും അത് മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നതാണു വാസ്തവം. കേരളത്തിൽ ഞാൻ സംസാരിക്കാനിടയായ ബിജെപി പ്രവർത്തകരും അനുഭാവികളും ഒരേ സ്വരത്തിൽപറഞ്ഞത് ജനങ്ങളുടെ മുഖത്തു നോക്കാനാവാത്ത വിധം നാണം കെട്ടു പോയെന്നാണു.വിലക്കയറ്റ നിയന്ത്രണവും ദാരിദ്ര്യനിർമ്മാർജ്ജനവും പോലുള്ള മോഹനവാഗ്ദാനങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് മോദി കോർപ്പറേറ്റുകളുമായി മധുവിധു ആഘോഷിക്കുന്നത് നിസ്സഹായരായി നോക്കി നിൽക്കുവാനേ ബിജെപി പ്രവർത്തകർക്ക് കഴിയുന്നുള്ളൂ. കേരളത്തിലെ അവസ്ഥ ഇതാണെങ്കിൽ സംസ്ഥാനഭരണം കൂടി കയ്യാളുന്ന സംസ്ഥാനങ്ങളിലെ പ്രവർത്തകർക്ക് ജനങ്ങളെ അഭിമുഖീകരിക്കുവാൻ എത്രത്തോളമാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
വിപണിയെ കയറൂരിവിട്ടാൽ സമൂഹത്തിന്റെ സാമ്പത്തികാവശ്യങ്ങളെല്ലാം തനിയെ പരിഹരിക്കപ്പെട്ടോളും എന്ന് വാദിക്കുന്ന വിപണി മൗലികവാദമാണു ഈ സാമ്പത്തിക നയങ്ങൾക്കെല്ലാം പിന്നിൽ പ്രവർത്തിക്കുന്നത്. വിപണിയെ ഒഴിവാക്കാനാകിലെന്നും അത് സാമൂഹ്യപ്രക്രിയയുടെ അനിവാര്യ ഭാഗമാണെന്നും ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. വിപണിയെ പൂർണ്ണമായി നിർമ്മാർജ്ജനം ചെയ്യാൻ ശ്രമിച്ച കമ്മൂണിസ്റ്റ് പരീക്ഷണം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലെത്തിയത് കണ്ടതാണല്ലൊ. വിപണി മൗലികവാദത്തിന്റെ ഗതിയും അതാണെന്ന് തെളിഞ്ഞു കൊണ്ടിരിക്കുകയാണു. വികസിത മുതലാളിത്ത രാജ്യങ്ങളെല്ലാം വിപണിയെ കടിഞ്ഞാണിട്ട് നിയന്ത്രിക്കാൻ തുടങ്ങിയിരിക്കുന്നു. സാമൂഹ്യമേഖലകളെ നേരിട്ട് ബാധിക്കുന്ന സേവനമേഖലകളെല്ലാം ജനാധിപത്യപരമായ സാമൂഹ്യനിയന്ത്രണത്തിൽ കൊണ്ടുവരുന്ന രീതിക്ക് പാശ്ചാത്യനാടുകളിൽ പ്രിയം വർദ്ധിച്ചു കൊണ്ടിരിക്കുന്ന കാലാത്താണു ഇന്ത്യയിൽ എല്ലാ മേഖലയിലും വിപണിയെ കയറൂരി വിടുന്നത്.
രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് പെട്രോൾ വിലനിയന്ത്രിക്കുന്നതിൽ സർക്കാരിനുണ്ടായിരുന്ന നിയന്ത്രണാധികാരം പൂർണ്ണമായി എടുത്തുകളഞ്ഞപ്പോൾ മന്മോഹൻ സിംഗ് പ്രഖ്യാപിക്കുകയുണ്ടായി പെട്രോളിന്റെ വിലവിപണി നിശ്ചയിക്കട്ടെ എന്ന്. അതിൻ പ്രകാരം ഡീസൽ വില നിയന്ത്രണം കൂടി എടുത്തു കളയാൻ യുപിഎ സർക്കാർ തീരുമാനിച്ചതാണു. എന്നാൽ കോൺഗ്രസ്സ് നേതൃത്വവുംമറ്റും ഇടപെട്ട് ആ തീരുമാനം പിൻവലിക്കുകയാണുണ്ടായത്. ഇപ്പോൾ അംബാനി ഗ്രൂപ്പിനെ തൃപ്തിപ്പെടുത്താനായി മോദി സർക്കാർ ഡീസൽ വില നിയന്ത്രണം പൂർണ്ണമായി എടുത്തു കളയുകയാണു. അറബ് ലോകത്തെ യുദ്ധാന്തരീക്ഷം കൂടുതൽ വഷളായാൽ, ലോകവിപണിയിൽ എണ്ണയുടെ വില വർദ്ധിച്ചാൽ ഇന്ത്യയിൽ ജനജീവിതം ദുസ്സഹമാകുവാൻ പോവുകയാണു. എണ്ണവില നിർണ്ണയത്തിൽ സർക്കാരിനു യാതൊരു പങ്കുമില്ലാതെ വരുന്നതോടെ സ്ഥിതി ഗുരുതരമാകുമെന്ന് ഉറപ്പാണു.
ദീർഘകാലമായി ജനപ്രിയതയ്ക്ക് വേണ്ടി റെയിൽവെ നിരക്കുകൾ കൂട്ടാതിരുന്നത് റെയിൽവെ സംവിധാനത്തിന്റെ ആധുനികവൽക്കരണത്തെ ഗണ്യമായി ബാധിച്ചിട്ടുണ്ട് എന്നുള്ളത് വസ്തുതയാണു. അതുകൊണ്ട് റെയിൽവെ യാത്രാക്കൂലിയും ചരക്കുകൂലിയും വർദ്ധിപ്പിച്ചതിനെ തെറ്റ് പറയാനാവില്ല. എന്നാൽ റെയിൽവെ ബജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ, പാർലമെന്റിൽ ചർച്ചയ്ക്ക് അവസരം നൽകാതെ ഇത്തരം ജനവിരുദ്ധ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന രീതി മോദിയുടെ അധികാര കേന്ദ്രീകരണ രീതിയുടെ ഭാഗം തന്നെയാണു. ഡീസൽ വിലക്കയറ്റവും റെയിൽവെ ചരക്കുകൂലി വർദ്ധനവും ഒരുമിച്ച് വന്നതോടെ, വിലക്കയറ്റം നിയന്ത്രണാതീതമാകുമെന്ന് ഉറപ്പാണു. ജനജീവിതത്തെ ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് യാതൊരു ഉത്കണ്ഠയുമില്ലാതെയാണു മോദി സർക്കാർ തീരുമാനങ്ങളെടുത്തു കൊണ്ടിരിക്കുന്നത്.
വിദേശനാണ്യം ആകർഷിക്കാനായി പ്രതിരോധമേഖലയിൽ 100 ശതമാനം വരെ വിദേശനിക്ഷേപമാകാം എന്ന തീരുമാനത്തിൽ രാജ്യരക്ഷയെ അപകടപ്പെടുത്തുന്ന അപകടമുണ്ടെന്ന വിമർശനത്തിൽ കാമ്പില്ല. പ്രതിരോധ മേഖലയിൽ ഏറ്റവുമധികം ഇറക്കുമതി നടത്തുന്ന രാജ്യങ്ങളിലൊന്നാണു ഇന്ത്യ. അത്തരം ഉല്പന്നങ്ങൾ ബന്ധപ്പെട്ട കമ്പനികൾ ഇവിടെ വന്ന് ഉല്പാദിപ്പിച്ച് തരുന്നതു വഴി വിദേശനാണ്യം ലാഭിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യാം. സാങ്കേതികവിദ്യ നമ്മുടെ രാജ്യത്തിനു കൈമാറാൻ തയ്യാറാവുന്നവർക്ക് മാത്രമാണു 100 ശതമാനം നിക്ഷേപ അനുവാദം . അതും ഗുണപ്രദമായ തീരുമാനം തന്നെയാണു. യുപിഎ സർക്കാർ 49 ശതമാനം വരെ വിദേശനിക്ഷേപം അനുവദിച്ചിരുന്നിടത്ത് ഈ പുതിയ തീരുമാനത്തിൽ അപാകതയൊന്നുമില്ല.
ചെറുകിട, ചില്ലറ വില്പനമേഖലയിലേക്ക് വൻകിട വിദേശ കമ്പനികളെ കടന്നു വരാൻ അനുവദിക്കുന്നത് സംബന്ധിച്ച് മുൻസർക്കാർ എടുത്ത തീരുമാനം വൻ എതിർപ്പിനെ തുടർന്നാണു പിൻവലിക്കപ്പെട്ടത്. ആരംഭത്തിൽ ഈ തീരുമാനത്തിലേക്ക് തന്നെയാണു മോദി സർക്കാരും നീങ്ങിയതെങ്കിലും എതിർപ്പിനെ തുടർന്ന് തൽക്കാലം മാറ്റിവെച്ചിരിക്കുന്നു. മണ്ണെണ്ണ, പാചകവാതക വിലവർദ്ധനവും തൽക്കാലത്തേക്ക് മാത്രമാണു മാറ്റി വെച്ചിട്ടുള്ളത്. സബ്സിഡികളും പൊതു വിതരണ സമ്പ്രദായവും പാടെ നിർത്തലാക്കുക എന്ന വിപണി മൗലികവാദ നിലപാടിന്റെ സ്വാധീനം തന്നെയാണു മുൻസർക്കാരിന്റെ നടപടികളിൽ എന്നപോലെ മോദി സർക്കാരിന്റെ നീക്കങ്ങളിലും കാണാനാവുന്നത്.
ഭരണത്തിന്റെ കാര്യക്ഷമതയെപ്പറ്റി തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ പ്രചരണങ്ങലെല്ലാം വെറും പൊള്ളയായ വാചകക്കസർത്തുകളായിരുന്നെന്ന് അതിവേഗം തെളിഞ്ഞു കൊണ്ടിരിക്കുകയാണു. ഗുജറാത്ത് മോഡൽ വ്യക്തി കേന്ദ്രീകൃത അധികാരമല്ലാതെ മറ്റൊന്നും ഈ ദിശയിൽ സംഭവിക്കാൻ പോകുന്നില്ല. പ്ലാനിംഗ് കമ്മീഷനെ ഫലത്തിൽ ഇല്ലാതാക്കലും മത്രിമാരുടെ തീരുമാനങ്ങളെല്ലാം പ്രധാനമന്ത്രിയിലൂടെ മാത്രം അന്തിമ തീരുമാനങ്ങളാകാനുള്ള സംവിധാനങ്ങളും മന്ത്രിമാരുടെ ഉപസമിതി ഇല്ലാതാക്കലുമെല്ലാം അമിതമായ വ്യക്ത്യാധിഷ്ഠിത അധികാര കേന്ദ്രീകരണത്തിലേയ്ക്കുള്ള ചുവടുവെയ്പ്പുകൾ തന്നെയാണു.
ഈ അധികാരകേന്ദ്രീകരണം ഫാസിസ്റ്റ് സ്വഭാവം കൈവരിക്കുവാൻ അധികം പ്രയാസമുണ്ടാവില്ല. സർക്കാരേതര സംഘടനകളും പൗരാവകാശ, മനുഷ്യാവകാശ, സിവിൽ സമൂഹ സംഘടനകളുമെല്ലാം ഒന്നടങ്കം രാജ്യദ്രോഹ പ്രവർത്തനങ്ങളാണു നടത്തുന്നതെന്ന് വരുത്തിത്തീർക്കാനുള്ള അന്വേഷണ ഏജൻസികൾ വഴിയുള്ള നീക്കങ്ങളും ജനാധിപത്യവിരുദ്ധ അന്തരീക്ഷം സൃഷ്ടിക്കുന്നതിലേക്കാണു നയിക്കാൻ പോകുന്നത്.ജനാധിപത്യത്തെ ചലനാത്മകമാക്കുന്നതിൽ പ്രധാനപങ്ക് വഹിക്കുന്ന ഇത്തരം ജനാധിപത്യപ്രസ്ഥാനങ്ങളുടെ നാവടപ്പിക്കാനുള്ള ദുരുപദിഷ്ട നീക്കം തന്നെയാണിത്.
ഗുജറാത്തിൽ നരേന്ദ്രമോദിയുടെ എല്ലാ നീക്കങ്ങൾക്കും ചുക്കാൻ പിടിച്ച, മോദിയുടെ വലം കൈ ആയിരുന്ന അമിത് ഷാ മോദിയുടെ കേന്ദ്രരാഷ്ട്രീയത്തിലും രണ്ടാമനായി അതിവേഗം വളർന്നു കൊണ്ടിരിക്കുകയാണു. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി തീരുമാനിക്കപ്പെട്ടപ്പോൾ തന്നെ മോദി എടുത്ത ആദ്യ തീരുമാനങ്ങളിലൊന്ന് തന്റെ വലം കയ്യായ അമിത് ഷായെ യുപിയുടെതിരഞ്ഞെടുപ്പ് ചുമതലക്കാരനായി അയക്കുക എന്നതായിരുന്നു. കോർപ്പറേറ്റ് മാനേജ്മെന്റ് വിദഗ്ദ്ധൻ കൂടിയായ അമിത് ഷാ ആരെയും അതിശയിപ്പിക്കുന്ന രീതിയിലാണു തന്നെ ഏൽപ്പിച്ച ജോലി നിർവ്വഹിച്ചത്. ഒരു വശത്ത് വർഗ്ഗീയധ്രുവീകരണത്തിനു ആക്കം കൂട്ടുന്ന കലാപങ്ങൾക്ക് വഴിമരുന്നിട്ട് കൊടുക്കുന്നതോടുകൂടി എല്ലാ ആധുനിക സംവിധാനങ്ങളും ഉപയോഗിച്ചു കൊണ്ടുള്ള പ്രചരണ സംവിധാനങ്ങളൊരുക്കുന്നതിൽ സോഷ്യൽ എഞ്ചിനീയറിംഗിനെ സമർത്ഥമായി ഉപയോഗിക്കുകയും ചെയ്തു. യുപി യിൽ മുൻ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് 10 സീറ്റുകൾ കിട്ടിയിരുന്ന സ്ഥാനത്ത് ഇത്തവണ സീറ്റ് 73. മറ്റൊരു സാധാരണ രാഷ്ട്രീയക്കാരനും ചിന്തിക്കാൻ പോലുമാകാത്ത ഇത്തരം നേട്ടങ്ങൾ കൈവരിച്ച അമിത് ഷായെ ബിജെപി പ്രസിഡന്റാക്കിക്കൊണ്ട് സർക്കാരിന്റെയും പാർട്ടിയെയും ഒരേ സമയം തന്റെ കൈപ്പിടിയിൽ ഒതുക്കാനുള്ള ശ്രമങ്ങളാണു മോദി നടത്തിക്കൊണ്ടിരിക്കുന്നത്. ഈ ലക്ഷ്യം നേടുന്നതിൽ നിന്ന് മോദിയെ തടയാൻ കഴിവുള്ള ശക്തികളൊന്നും ഇന്ന് ബിജെപിയിലോ സംഘപരിവാറിലോ ഇല്ല. ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റ ഉടനെ മോദി ചെയ്തത് പാർട്ടിയിലെ തന്റെ വിമർശകരെയും എതിരാളികളെയും ഒതുക്കുക എന്നതാണു. അവരാരും പിന്നെ തലപൊക്കിയിട്ടില്ല. അഖിലേന്ത്യാ തലത്തിൽ മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതിനു എതിരെ അദ്വാനിയോടൊപ്പം പരസ്യ നിലപാടെടുത്ത, മദ്ധ്യപ്രദേശിൽ മൂന്നാം തവണയും മുഖ്യമന്ത്രിയായ കരുത്തനായ ചൗഹാനെ ബിജെപിയുടെ അഖിലേന്ത്യാ നേതൃനിരയിൽ മോദി ഒറ്റപ്പെടുത്തിക്കഴിഞ്ഞു എന്നാണു റിപ്പോർട്ടുകൾ. തനിക്ക് ഭീഷണിയാകുമെന്ന് മോദി കണ്ടിട്ടുള്ള ഏത് നേതാവും തലയുയർത്തി നിൽക്കാത്ത സാഹചര്യം മോദി ഉണ്ടാക്കുമെന്ന് ഉറപ്പിച്ചു കഴിഞ്ഞു. അതാണു ഗുജറാത്ത് മോഡൽ മോദി സ്റ്റൈൽ.
മുൻ സോളിസിറ്റർ ജനറലും, സുപ്രീം കോടതി നിശ്ചയിച്ച അമിക്കസ് ക്യൂറിയുമായ, ഗുജറാത്തിലെ കപട ഏറ്റുമുട്ടൽ കൊലപാതകങ്ങളെ കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തി അമിത്ഷായെ പ്രതിക്കൂട്ടിലെത്തിക്കുന്നതിനും മോദിക്കെതിരെ വിരൽ ഉയർത്തുന്നതിനും മുൻകൈയ്യെടുത്ത ഗോപാൽ സുബ്രഹ്മണ്യത്തെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കുന്നതിനുള്ള എല്ലാ നടപടികളും മുൻ സർക്കാരിന്റെ കാലത്ത്പൂർത്തിയാക്കിയിരുന്നതാണു. നിയമനം മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. പക്ഷേ പുതിയ സർക്കാർ ആ നിയമനം തടഞ്ഞു കഴിഞ്ഞു. 25 വർഷക്കാലം ഐബിയുടെയും സിബിഐയുടെയും നിയമോപദേഷ്ടാവായി പ്രവർത്തിച്ചിട്ടുള്ള ഗോപാൽ സുബ്രഹ്മണ്യത്തിനെതിരെ ഐബിയെ കൊണ്ടും സിബിഐയെ കൊണ്ടും റിപ്പോർട്ടുകൾ പടച്ചുണ്ടാക്കിക്കാനുള്ള നീക്കങ്ങളാണു നടക്കുന്നത്. സർക്കാരിന്റെയോ ഏതെങ്കിലും ജഡ്ജിമാരുടെയോ സ്വഭാവസർട്ടിഫിക്കറ്റൊന്നും തനിക്കാവശ്യമില്ലെന്നും, തന്റെ മുൻചെയ്തികളിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും, അതിനു വേണ്ടി എന്തു വില കൊടുക്കേണ്ടി വന്നാലും താൻ കൂസില്ലെന്നുമുള്ള ഗോപാാൽ സുബ്രഹ്മണ്യത്തിന്റെ പ്രഖ്യാപനം, മോദി ഉയർത്തുന്ന ഫാസിസ്റ്റ് വെല്ലുവിളിയെ നേരിടാൻ പോന്ന ജനാധിപത്യ ധീരതെയെയാണു പ്രതിഫലിപ്പിക്കുന്നത്.
മോദി സ്റ്റൈലിന്റെ ഭാഗമായ കെടുകാര്യസ്ഥതയില്ലാത്ത കഴിവുറ്റ ഭരണം സാധ്യമാക്കുന്നതിനു ആവശ്യമായ പല പരിഷ്കാരങ്ങളും ദില്ലി ഭരണ സിരാകേന്ദ്രത്തിൽ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇന്ദിരാ ഗാന്ധിയുടെ അടിയന്തിരാവസ്ഥാ ഉദ്യോഗസ്ഥവൃന്ദത്തിൽ സൃഷ്ടിച്ച ഭയത്തിന്റെ ചെറിയൊരു പതിപ്പ് ദില്ലിയിലെ ഉദ്യോഗസ്ഥവൃന്ദത്തിന്റെ പെരുമാറ്റത്തിൽ പ്രകടമാണെന്നാണു റിപ്പോർട്ടുകളും. ബാബുമാർ 9.30നു തന്നെഓഫീസുകളിലെത്താനും ഫയലുകൾ നീക്കാനും തുടങ്ങിയിരിക്കുന്നുവത്രെ. മോദിയുടെ വ്യക്ത്യാധിഷ്ഠിത അധികാര കേന്ദ്രീകരണ ശൈലിയെ കുറിച്ചുള്ള വിമർശനമുയർന്നപ്പോൾ പലരും ചൂണ്ടിക്കാട്ടിയത് ഇന്ദിരാ ഗാന്ധിയുടെ ശൈലിയുംഅതു തന്നെയായിരുന്നല്ലൊ എന്നതാണു. അതെ. അതുകൊണ്ടും തന്നെയാണു ഇന്ത്യയിൽ അടിയന്തിരാവസ്ഥ നിലവിൽ വന്നതും. പക്ഷേ, ഇന്ദിരാ ഗാന്ധിയുടെ ഫാസിസ്റ്റ് പ്രവണതയിൽ നിന്ന് ഏറെ വ്യത്യസ്തമാണു മോദിയുടേത്. മതേതര ജനാധിപത്യത്തിൽ അടിയുറച്ച് 125 വർഷം നില നിന്നു പോന്ന കോൺഗ്രസ്സിൽ ഉണ്ടായ താൽക്കാലിക അപഭ്രംശമായിരുന്നു ഇന്ദിരാ ഗാന്ധിയുടെ അടിയന്തിരാവസ്ഥ. എന്നാൽ ഫാസിസ്റ്റ്ഉള്ളടക്കമുള്ള മതാധിഷ്ഠിത രാഷ്ട്രീയത്തിൽ ഉറച്ചു നിൽക്കുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന്റെ നേതൃതലത്തിൽ ഉണ്ടായിട്ടുള്ള കുറേക്കൂടി ഭീഷണമായ അപഭ്രംശമാണു മോദിയുടേത്.
ഇതിനെ ഫലപ്രദമായി നേരിടുകയുംമറികടക്കുകയും ചെയ്യണമെങ്കിൽ, കോൺഗ്രസ്സും മറ്റു ജനാധിപത്യ പാർട്ടികളും നിലനിർത്തിപ്പോരുന്ന വ്യവസ്ഥാപിത പാർലമെന്ററി രാഷ്ട്രീയം പോരാ. കേന്ദ്രീകൃതവും അതുകൊണ്ടു തന്നെ രഹസ്യാത്മകവുമായ ഫാസിസ്റ്റ് രാഷ്ട്രീയത്തെ നേരിടാൻ ഒന്നും മറച്ചു വയ്ക്കാത്ത, സുതാര്യവും അതു കൊണ്ടു തന്നെ ധീരവുമായ ഒരു പുതിയ രാഷ്ട്രീയം ഇന്ത്യയിലുടനീളം ആഞ്ഞടിയ്ക്കേണ്ടതുണ്ട്. ഇപ്പോൾ ബിജെപ്പിക്ക് ലഭിച്ച 31 ശതമാനം വോട്ടു തന്നെ അതിനു അടുത്ത തിരഞ്ഞെടുപ്പുകളിൽ നിലനിർത്താൻ കഴിയണമെന്നില്ല. അപ്പോൾ മോദിയും കൂട്ടരും വർഗ്ഗീയതയുടെ തുറുപ്പ് ശീട്ട് എടുത്തിടാനുള്ള സാധ്യതയും തള്ളികളഞ്ഞുകൂടാ. അതുകൊണ്ട് ദീർഘകാലാടിസ്ഥാനത്തിൽ തന്നെയാണു പുതിയ രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിക്കേണ്ടത്.
ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥാക്കാലത്ത്, ഒരു പിടി തീവ്രവാദികളൊഴിച്ചാൽ പൊതുവെ മലയാളിസമൂഹം നാണംകെട്ട നിലപാടാണെടുത്തത്. ഇന്ദിരാഗാന്ധി തല കുനിയ്ക്കാൻആവശ്യപ്പെട്ടപ്പോൾ സാഷ്ടാംഗപ്രണാമം നടത്തിയവരാണു ഇവിടുത്തെ ബുദ്ധിജീവികളും മാധ്യമങ്ങളുമൊക്കെ. ചില പരോക്ഷ സൂചനകൾ നൽകുന്നതല്ലാതെ, മോദി പരസ്യമായി ഒരു ഭീഷണിയും ഉയർത്തിയിട്ടില്ല. പക്ഷേ തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു തൊട്ടുമുൻപ് വരെ മോദിക്കെതിരെ ലേഖനങ്ങളും റിപ്പോർട്ടുകളും തുടർച്ചയായി പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന മലയാളി മുഖ്യധാരാ മാധ്യമങ്ങളെല്ലാം മോദിയ്ക്കെതിരെ ഒരക്ഷരം ഉരിയാടുന്നില്ല. ഈ മാധ്യമ വീരന്മാരുടെ ദയനീയമായ നില്പ് കണ്ട് നമുക്ക് ലജ്ജിച്ച് തല താഴ്ത്താം







Be the first to write a comment.