മുൻ സോളിസിറ്റർ ജനറലും, സുപ്രീം കോടതി നിശ്ചയിച്ച അമിക്കസ് ക്യൂറിയുമായ, ഗുജറാത്തിലെ കപട ഏറ്റുമുട്ടൽ കൊലപാതകങ്ങളെ കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തി അമിത്ഷായെ പ്രതിക്കൂട്ടിലെത്തിക്കുന്നതിനും മോദിക്കെതിരെ വിരൽ ഉയർത്തുന്നതിനും             മുൻകൈയ്യെടുത്ത ഗോപാൽ സുബ്രഹ്മണ്യത്തെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കുന്നതിനുള്ള എല്ലാ നടപടികളും മുൻ സർക്കാരിന്റെ കാലത്ത്പൂർത്തിയാക്കിയിരുന്നതാണു. നിയമനം മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. പക്ഷേ പുതിയ സർക്കാർ ആ നിയമനം തടഞ്ഞു കഴിഞ്ഞു.  25 വർഷക്കാലം ഐബിയുടെയും സിബിഐയുടെയും നിയമോപദേഷ്ടാവായി പ്രവർത്തിച്ചിട്ടുള്ള ഗോപാൽ സുബ്രഹ്മണ്യത്തിനെതിരെ ഐബിയെ കൊണ്ടും സിബിഐയെ കൊണ്ടും റിപ്പോർട്ടുകൾ പടച്ചുണ്ടാക്കിക്കാനുള്ള നീക്കങ്ങളാണു നടക്കുന്നത്. സർക്കാരിന്റെയോ ഏതെങ്കിലും ജഡ്ജിമാരുടെയോ സ്വഭാവസർട്ടിഫിക്കറ്റൊന്നും തനിക്കാവശ്യമില്ലെന്നും, തന്റെ മുൻചെയ്തികളിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും, അതിനു വേണ്ടി എന്തു വില കൊടുക്കേണ്ടി വന്നാലും താൻ കൂസില്ലെന്നുമുള്ള ഗോപാാൽ സുബ്രഹ്മണ്യത്തിന്റെ പ്രഖ്യാപനം, മോദി ഉയർത്തുന്ന ഫാസിസ്റ്റ് വെല്ലുവിളിയെ നേരിടാൻ പോന്ന ജനാധിപത്യ ധീരതെയെയാണു പ്രതിഫലിപ്പിക്കുന്നത്.
   മോദി സ്റ്റൈലിന്റെ ഭാഗമായ കെടുകാര്യസ്ഥതയില്ലാത്ത കഴിവുറ്റ ഭരണം സാധ്യമാക്കുന്നതിനു ആവശ്യമായ പല പരിഷ്കാരങ്ങളും ദില്ലി ഭരണ സിരാകേന്ദ്രത്തിൽ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇന്ദിരാ ഗാന്ധിയുടെ അടിയന്തിരാവസ്ഥാ ഉദ്യോഗസ്ഥവൃന്ദത്തിൽ സൃഷ്ടിച്ച ഭയത്തിന്റെ ചെറിയൊരു പതിപ്പ് ദില്ലിയിലെ ഉദ്യോഗസ്ഥവൃന്ദത്തിന്റെ പെരുമാറ്റത്തിൽ പ്രകടമാണെന്നാണു റിപ്പോർട്ടുകളും. ബാബുമാർ 9.30നു തന്നെഓഫീസുകളിലെത്താനും ഫയലുകൾ നീക്കാനും തുടങ്ങിയിരിക്കുന്നുവത്രെ. മോദിയുടെ വ്യക്ത്യാധിഷ്ഠിത അധികാര കേന്ദ്രീകരണ ശൈലിയെ കുറിച്ചുള്ള വിമർശനമുയർന്നപ്പോൾ പലരും ചൂണ്ടിക്കാട്ടിയത് ഇന്ദിരാ ഗാന്ധിയുടെ ശൈലിയുംഅതു തന്നെയായിരുന്നല്ലൊ എന്നതാണു. അതെ. അതുകൊണ്ടും തന്നെയാണു ഇന്ത്യയിൽ അടിയന്തിരാവസ്ഥ നിലവിൽ വന്നതും. പക്ഷേ, ഇന്ദിരാ ഗാന്ധിയുടെ ഫാസിസ്റ്റ് പ്രവണതയിൽ നിന്ന് ഏറെ വ്യത്യസ്തമാണു മോദിയുടേത്. മതേതര ജനാധിപത്യത്തിൽ അടിയുറച്ച് 125 വർഷം നില നിന്നു പോന്ന കോൺഗ്രസ്സിൽ ഉണ്ടായ താൽക്കാലിക അപഭ്രംശമായിരുന്നു ഇന്ദിരാ ഗാന്ധിയുടെ അടിയന്തിരാവസ്ഥ. എന്നാൽ ഫാസിസ്റ്റ്ഉള്ളടക്കമുള്ള മതാധിഷ്ഠിത രാഷ്ട്രീയത്തിൽ ഉറച്ചു നിൽക്കുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന്റെ നേതൃതലത്തിൽ ഉണ്ടായിട്ടുള്ള കുറേക്കൂടി ഭീഷണമായ അപഭ്രംശമാണു മോദിയുടേത്.
   ഇതിനെ ഫലപ്രദമായി നേരിടുകയുംമറികടക്കുകയും ചെയ്യണമെങ്കിൽ, കോൺഗ്രസ്സും മറ്റു ജനാധിപത്യ പാർട്ടികളും നിലനിർത്തിപ്പോരുന്ന വ്യവസ്ഥാപിത പാർലമെന്ററി രാഷ്ട്രീയം പോരാ. കേന്ദ്രീകൃതവും അതുകൊണ്ടു തന്നെ രഹസ്യാത്മകവുമായ ഫാസിസ്റ്റ് രാഷ്ട്രീയത്തെ നേരിടാൻ ഒന്നും മറച്ചു വയ്ക്കാത്ത, സുതാര്യവും അതു കൊണ്ടു തന്നെ ധീരവുമായ ഒരു പുതിയ രാഷ്ട്രീയം ഇന്ത്യയിലുടനീളം ആഞ്ഞടിയ്ക്കേണ്ടതുണ്ട്. ഇപ്പോൾ ബിജെപ്പിക്ക് ലഭിച്ച 31 ശതമാനം വോട്ടു തന്നെ അതിനു അടുത്ത തിരഞ്ഞെടുപ്പുകളിൽ നിലനിർത്താൻ കഴിയണമെന്നില്ല. അപ്പോൾ മോദിയും കൂട്ടരും വർഗ്ഗീയതയുടെ തുറുപ്പ് ശീട്ട് എടുത്തിടാനുള്ള സാധ്യതയും തള്ളികളഞ്ഞുകൂടാ. അതുകൊണ്ട് ദീർഘകാലാടിസ്ഥാനത്തിൽ തന്നെയാണു പുതിയ രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിക്കേണ്ടത്.
   ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥാക്കാലത്ത്, ഒരു പിടി തീവ്രവാദികളൊഴിച്ചാൽ പൊതുവെ മലയാളിസമൂഹം നാണംകെട്ട നിലപാടാണെടുത്തത്. ഇന്ദിരാഗാന്ധി തല കുനിയ്ക്കാൻആവശ്യപ്പെട്ടപ്പോൾ സാഷ്ടാംഗപ്രണാമം നടത്തിയവരാണു ഇവിടുത്തെ ബുദ്ധിജീവികളും മാധ്യമങ്ങളുമൊക്കെ. ചില പരോക്ഷ സൂചനകൾ നൽകുന്നതല്ലാതെ, മോദി പരസ്യമായി ഒരു ഭീഷണിയും ഉയർത്തിയിട്ടില്ല. പക്ഷേ തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു തൊട്ടുമുൻപ് വരെ മോദിക്കെതിരെ ലേഖനങ്ങളും റിപ്പോർട്ടുകളും തുടർച്ചയായി പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന മലയാളി മുഖ്യധാരാ മാധ്യമങ്ങളെല്ലാം മോദിയ്ക്കെതിരെ ഒരക്ഷരം ഉരിയാടുന്നില്ല. ഈ മാധ്യമ വീരന്മാരുടെ ദയനീയമായ നില്പ് കണ്ട് നമുക്ക് ലജ്ജിച്ച് തല താഴ്ത്താം

 

Comments

comments