ദീർഘകാലമായി ജനപ്രിയതയ്ക്ക് വേണ്ടി റെയിൽവെ നിരക്കുകൾ കൂട്ടാതിരുന്നത് റെയിൽവെ സംവിധാനത്തിന്റെ ആധുനികവൽക്കരണത്തെ ഗണ്യമായി ബാധിച്ചിട്ടുണ്ട് എന്നുള്ളത് വസ്തുതയാണു. അതുകൊണ്ട് റെയിൽവെ യാത്രാക്കൂലിയും ചരക്കുകൂലിയും വർദ്ധിപ്പിച്ചതിനെ തെറ്റ് പറയാനാവില്ല. എന്നാൽ റെയിൽവെ ബജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ, പാർലമെന്റിൽ ചർച്ചയ്ക്ക് അവസരം നൽകാതെ ഇത്തരം ജനവിരുദ്ധ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന രീതി മോദിയുടെ അധികാര കേന്ദ്രീകരണ രീതിയുടെ ഭാഗം തന്നെയാണു. ഡീസൽ വിലക്കയറ്റവും റെയിൽവെ ചരക്കുകൂലി വർദ്ധനവും ഒരുമിച്ച് വന്നതോടെ, വിലക്കയറ്റം നിയന്ത്രണാതീതമാകുമെന്ന് ഉറപ്പാണു. ജനജീവിതത്തെ ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് യാതൊരു ഉത്കണ്ഠയുമില്ലാതെയാണു മോദി സർക്കാർ തീരുമാനങ്ങളെടുത്തു കൊണ്ടിരിക്കുന്നത്.

വിദേശനാണ്യം ആകർഷിക്കാനായി പ്രതിരോധമേഖലയിൽ 100 ശതമാനം വരെ വിദേശനിക്ഷേപമാകാം എന്ന തീരുമാനത്തിൽ രാജ്യരക്ഷയെ അപകടപ്പെടുത്തുന്ന അപകടമുണ്ടെന്ന വിമർശനത്തിൽ കാമ്പില്ല. പ്രതിരോധ മേഖലയിൽ ഏറ്റവുമധികം ഇറക്കുമതി നടത്തുന്ന രാജ്യങ്ങളിലൊന്നാണു ഇന്ത്യ. അത്തരം ഉല്പന്നങ്ങൾ ബന്ധപ്പെട്ട കമ്പനികൾ ഇവിടെ വന്ന് ഉല്പാദിപ്പിച്ച് തരുന്നതു വഴി വിദേശനാണ്യം ലാഭിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യാം. സാങ്കേതികവിദ്യ നമ്മുടെ രാജ്യത്തിനു കൈമാറാൻ തയ്യാറാവുന്നവർക്ക് മാത്രമാണു 100 ശതമാനം നിക്ഷേപ അനുവാദം . അതും ഗുണപ്രദമായ തീരുമാനം തന്നെയാണു. യുപിഎ സർക്കാർ 49 ശതമാനം വരെ വിദേശനിക്ഷേപം അനുവദിച്ചിരുന്നിടത്ത് ഈ പുതിയ തീരുമാനത്തിൽ അപാകതയൊന്നുമില്ല.
   ചെറുകിട, ചില്ലറ വില്പനമേഖലയിലേക്ക് വൻകിട വിദേശ കമ്പനികളെ കടന്നു വരാൻ അനുവദിക്കുന്നത് സംബന്ധിച്ച് മുൻസർക്കാർ എടുത്ത തീരുമാനം വൻ എതിർപ്പിനെ തുടർന്നാണു പിൻവലിക്കപ്പെട്ടത്. ആരംഭത്തിൽ ഈ തീരുമാനത്തിലേക്ക് തന്നെയാണു മോദി സർക്കാരും നീങ്ങിയതെങ്കിലും എതിർപ്പിനെ തുടർന്ന് തൽക്കാലം മാറ്റിവെച്ചിരിക്കുന്നു. മണ്ണെണ്ണ, പാചകവാതക വിലവർദ്ധനവും തൽക്കാലത്തേക്ക് മാത്രമാണു മാറ്റി വെച്ചിട്ടുള്ളത്. സബ്സിഡികളും പൊതു വിതരണ സമ്പ്രദായവും പാടെ നിർത്തലാക്കുക എന്ന വിപണി മൗലികവാദ നിലപാടിന്റെ സ്വാധീനം തന്നെയാണു മുൻസർക്കാരിന്റെ നടപടികളിൽ എന്നപോലെ മോദി സർക്കാരിന്റെ നീക്കങ്ങളിലും കാണാനാവുന്നത്.
   ഭരണത്തിന്റെ കാര്യക്ഷമതയെപ്പറ്റി തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ പ്രചരണങ്ങലെല്ലാം വെറും പൊള്ളയായ വാചകക്കസർത്തുകളായിരുന്നെന്ന് അതിവേഗം തെളിഞ്ഞു കൊണ്ടിരിക്കുകയാണു. ഗുജറാത്ത് മോഡൽ വ്യക്തി കേന്ദ്രീകൃത അധികാരമല്ലാതെ മറ്റൊന്നും ഈ ദിശയിൽ സംഭവിക്കാൻ പോകുന്നില്ല. പ്ലാനിംഗ് കമ്മീഷനെ ഫലത്തിൽ ഇല്ലാതാക്കലും മത്രിമാരുടെ തീരുമാനങ്ങളെല്ലാം പ്രധാനമന്ത്രിയിലൂടെ മാത്രം അന്തിമ തീരുമാനങ്ങളാകാനുള്ള സംവിധാനങ്ങളും മന്ത്രിമാരുടെ ഉപസമിതി ഇല്ലാതാക്കലുമെല്ലാം അമിതമായ വ്യക്ത്യാധിഷ്ഠിത അധികാര കേന്ദ്രീകരണത്തിലേയ്ക്കുള്ള ചുവടുവെയ്പ്പുകൾ തന്നെയാണു.
   ഈ അധികാരകേന്ദ്രീകരണം ഫാസിസ്റ്റ് സ്വഭാവം കൈവരിക്കുവാൻ അധികം പ്രയാസമുണ്ടാവില്ല. സർക്കാരേതര സംഘടനകളും പൗരാവകാശ, മനുഷ്യാവകാശ, സിവിൽ സമൂഹ സംഘടനകളുമെല്ലാം ഒന്നടങ്കം രാജ്യദ്രോഹ പ്രവർത്തനങ്ങളാണു നടത്തുന്നതെന്ന് വരുത്തിത്തീർക്കാനുള്ള അന്വേഷണ ഏജൻസികൾ വഴിയുള്ള നീക്കങ്ങളും ജനാധിപത്യവിരുദ്ധ അന്തരീക്ഷം സൃഷ്ടിക്കുന്നതിലേക്കാണു നയിക്കാൻ പോകുന്നത്.ജനാധിപത്യത്തെ ചലനാത്മകമാക്കുന്നതിൽ പ്രധാനപങ്ക് വഹിക്കുന്ന ഇത്തരം ജനാധിപത്യപ്രസ്ഥാനങ്ങളുടെ നാവടപ്പിക്കാനുള്ള ദുരുപദിഷ്ട നീക്കം തന്നെയാണിത്.
   ഗുജറാത്തിൽ നരേന്ദ്രമോദിയുടെ എല്ലാ നീക്കങ്ങൾക്കും ചുക്കാൻ പിടിച്ച, മോദിയുടെ വലം കൈ ആയിരുന്ന അമിത് ഷാ മോദിയുടെ കേന്ദ്രരാഷ്ട്രീയത്തിലും രണ്ടാമനായി അതിവേഗം വളർന്നു കൊണ്ടിരിക്കുകയാണു. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി തീരുമാനിക്കപ്പെട്ടപ്പോൾ തന്നെ മോദി എടുത്ത ആദ്യ തീരുമാനങ്ങളിലൊന്ന് തന്റെ വലം കയ്യായ അമിത് ഷായെ യുപിയുടെതിരഞ്ഞെടുപ്പ് ചുമതലക്കാരനായി അയക്കുക എന്നതായിരുന്നു. കോർപ്പറേറ്റ് മാനേജ്മെന്റ് വിദഗ്ദ്ധൻ കൂടിയായ അമിത് ഷാ ആരെയും അതിശയിപ്പിക്കുന്ന രീതിയിലാണു തന്നെ ഏൽപ്പിച്ച ജോലി നിർവ്വഹിച്ചത്. ഒരു വശത്ത് വർഗ്ഗീയധ്രുവീകരണത്തിനു ആക്കം കൂട്ടുന്ന കലാപങ്ങൾക്ക് വഴിമരുന്നിട്ട് കൊടുക്കുന്നതോടുകൂടി എല്ലാ ആധുനിക സംവിധാനങ്ങളും ഉപയോഗിച്ചു കൊണ്ടുള്ള പ്രചരണ സംവിധാനങ്ങളൊരുക്കുന്നതിൽ സോഷ്യൽ എഞ്ചിനീയറിംഗിനെ സമർത്ഥമായി ഉപയോഗിക്കുകയും ചെയ്തു. യുപി യിൽ മുൻ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് 10 സീറ്റുകൾ കിട്ടിയിരുന്ന സ്ഥാനത്ത് ഇത്തവണ സീറ്റ് 73. മറ്റൊരു സാധാരണ രാഷ്ട്രീയക്കാരനും ചിന്തിക്കാൻ പോലുമാകാത്ത ഇത്തരം നേട്ടങ്ങൾ കൈവരിച്ച അമിത് ഷായെ ബിജെപി പ്രസിഡന്റാക്കിക്കൊണ്ട് സർക്കാരിന്റെയും പാർട്ടിയെയും ഒരേ സമയം തന്റെ കൈപ്പിടിയിൽ ഒതുക്കാനുള്ള ശ്രമങ്ങളാണു മോദി നടത്തിക്കൊണ്ടിരിക്കുന്നത്. ഈ ലക്ഷ്യം നേടുന്നതിൽ നിന്ന് മോദിയെ തടയാൻ കഴിവുള്ള ശക്തികളൊന്നും ഇന്ന് ബിജെപിയിലോ സംഘപരിവാറിലോ ഇല്ല. ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റ ഉടനെ മോദി ചെയ്തത് പാർട്ടിയിലെ തന്റെ വിമർശകരെയും എതിരാളികളെയും ഒതുക്കുക എന്നതാണു. അവരാരും പിന്നെ തലപൊക്കിയിട്ടില്ല. അഖിലേന്ത്യാ തലത്തിൽ മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതിനു എതിരെ അദ്വാനിയോടൊപ്പം പരസ്യ നിലപാടെടുത്ത, മദ്ധ്യപ്രദേശിൽ മൂന്നാം തവണയും മുഖ്യമന്ത്രിയായ കരുത്തനായ ചൗഹാനെ ബിജെപിയുടെ അഖിലേന്ത്യാ നേതൃനിരയിൽ മോദി ഒറ്റപ്പെടുത്തിക്കഴിഞ്ഞു എന്നാണു റിപ്പോർട്ടുകൾ. തനിക്ക് ഭീഷണിയാകുമെന്ന് മോദി കണ്ടിട്ടുള്ള ഏത് നേതാവും തലയുയർത്തി നിൽക്കാത്ത സാഹചര്യം മോദി ഉണ്ടാക്കുമെന്ന് ഉറപ്പിച്ചു കഴിഞ്ഞു. അതാണു ഗുജറാത്ത് മോഡൽ മോദി സ്റ്റൈൽ.

Comments

comments