ഴ പെയ്തു‌തോർന്നാലും ചില മരങ്ങളിൽ മഴ ബാക്കിനിൽക്കും.  ഓരോ ചെറിയകാറ്റിലും മരം പഴയ പെരുമഴയെ തന്നാലാവും വിധം പുനഃസൃഷ്ടിച്ചുകൊണ്ടിരിക്കും. മഴയെപ്പോലെയല്ലെങ്കിലും മരം മഴയെ വായിക്കുന്നതിനുമുണ്ട് അതിന്റേതായ സൗന്ദര്യവും പ്രസക്തിയും. മദ്ധ്യകേരളത്തിലെ കളിയരങ്ങുകളുടെ കഴിഞ്ഞ ഏതാനും ദശകങ്ങളെ ശാലീനമനോഹരമായ സംഗീതം കൊണ്ടു പുഷ്കലമാക്കിയ പാലനാട് ദിവാകരന്റെ സംഗീതം  അത്തരമൊന്നാണ്. ഉണ്ണികൃഷ്ണക്കുറുപ്പിന്റെ കഥകളിപ്പാട്ട്  തടംതല്ലിയാർത്തുപെയ്ത ശേഷം, ആ സംഗീതം ബാക്കിനിന്ന ഏറ്റവും സുവ്യക്തമായ കണ്ഠം പാലനാടിന്റേതായിരുന്നു. മറ്റനേകം ഗേയമാർഗങ്ങളിലൂടെ കഥകളിസംഗീതം  വഴിമാറിയും വളർന്നും രൂപാന്തരപ്പെടുമ്പോഴും പാലനാടിന്റെ സംഗീതം കുറുപ്പാശാന്റെ ബാണിയിൽ തരിമ്പും ഇളക്കമില്ലാതെ ഉറച്ചുനിന്നു. ആ സ്വത്വബോധത്തെ ബഹുമാനിക്കാതെ പോകാനാവില്ല.

കഥകളിയെക്കുറിച്ച് ഇന്നോളമിറങ്ങിയതിൽ പ്രാമാണികചരിത്രഗ്രന്ഥമായ കഥകളിരംഗത്തിന്റെ കർത്താവായ കെ പി എസ് മേനോൻ ഓരോ ചരിത്രഘട്ടങ്ങളെയും അതാതുഘട്ടത്തെ നിർണ്ണയിക്കുകയോ പുതുക്കിപ്പണിയുകയോ ചെയ്ത ഏതെങ്കിലും ആചാര്യന്റെ പേരിലാണ് തരം തിരിച്ചിട്ടുള്ളത്. ഇട്ടീരിപ്പണിക്കരുടെ കാലം, കുഞ്ചുക്കർത്താവിന്റെ കാലം എന്നിങ്ങനെ. ആധുനിക കഥകളി സംഗീതചരിത്രത്തെ അപ്രകാരം വിഭജിക്കുകയാണെങ്കിൽ, വെങ്കിടകൃഷ്ണ ഭാഗവതരുടെ കാലം നീലക‌ണ്ഠൻ നമ്പീശന്റെ കാലം എന്നിവ കഴിഞ്ഞാൽ ശങ്കരൻ എമ്പ്രാന്തിരിയുടെ കാലം എന്നായിരിക്കും പ്രായേണ രേഖപ്പെടുത്തപ്പെടുക. തന്റെ കാലത്തെ നിർണയിക്കാൻ പോന്നതരം ഭാവുകത്വ നിർമ്മിതിയും പരിണാമവും ഉണ്ടായത് നമ്പീശനു ശേഷം എമ്പ്രാന്തിരിയുടെ സംഗീതത്തിൽ തന്നെയായിരിയ്ക്കണം. എന്നാൽ അതേകാലത്ത്, കഥകളിസംഗീതമന്നോളം രുചിച്ചിട്ടില്ലാത്തത്രയും മധുരോദാരമായ സംഗീതം കൊണ്ട് കഥകളിയാസ്വാദകരെ വ്യാമുഗ്ധരാക്കിയ സംഗീതപ്രതിഭയായിരുന്നു ഉണ്ണികൃഷ്ണക്കുറുപ്പ്. തികഞ്ഞ പ്രതിഭയുടെ പാട്ട്. അനിതരസാധാരണമായ വെങ്കലനാദം, കേരളീയമെന്നു വിവക്ഷിക്കാവുന്ന ഭാവം, നവനവോന്മേഷശാലിയായ സംഗീതബോധം ഇവയുടെയെല്ലാം സമ്മേളനമായിരുന്നു കുറുപ്പാശാന്റെ പാട്ട്. ഉണ്ണികൃഷ്ണക്കുറുപ്പിന്റെ പാട്ടിനു മാത്രമായി ഒരു ആസ്വാദകവൃന്ദം തന്നെ കഥകളിയരങ്ങിൽ രൂപപ്പെട്ടിരുന്നു. കഥകളിസംഗീതത്തെ സ്വതന്ത്രാസ്തിത്വ മനോഭാവത്തോടെ കാണുന്ന ആസ്വാദകരുടെ കടന്നുവരവും കാസറ്റുകളിലെ റെക്കോഡിങ്ങും ചേർന്ന് കുറുപ്പാശാന്റെ പാട്ടിനു ആവേശകരമായ പിന്തുണയും പരിവേഷവും ലഭിച്ചു. ഹിന്ദുസ്ഥാനി രവീന്ദ്രസംഗീതം മുതൽ കളമെഴുത്തുപാട്ട് വരെ നീളുന്ന അനേകം സംഗീതധാരകളുടെ കൂറടക്കമുള്ള കഥകളിത്തൊണ്ടയുമായി കുറുപ്പ് പാടുമ്പൊൾ കാലവും സഹൃദയസമൂഹവും അകമ്പടി സേവിച്ചതിൽ അത്ഭുതപ്പെടാനൊന്നുമില്ല. ഇന്നും നമുക്കു കേൾക്കാവുന്ന അന്നത്തെ അനേകം റെക്കോഡുകളിൽ  ഉണ്ണികൃഷ്ണക്കുറുപ്പിന്റെ മാസ്മരികമായ, കഥകളിപ്പറ്റുള്ള സംഗീതം നമ്മെ അമ്പരപ്പിക്കും. എഴുപതുകൾ മുതൽ എൺപതുകളുടെ മദ്ധ്യം വരെ കുറുപ്പാശാന്റെ വസന്തകാലമായിരുന്നു, കഥകളിസംഗീതത്തിന്റെയും. 1988ൽ ഉണ്ണികൃഷ്ണക്കുറുപ്പ് ലോകം വിട്ടുപോവുമ്പോൾ പകർപ്പില്ലാത്ത ഒരദ്ധ്യായത്തിനാണ് തിരശ്ശീല വീണത്. കഥകളി ചെണ്ട വാദകൻ കലാ. കൃഷ്ണൻകുട്ടിപ്പൊതുവാളിന്റെ വാക്കുകളിൽ; ” കുറുപ്പ് ഉയർന്നുയർന്നു പാടി, പാടിപ്പാടി ഉയർന്നു. ആ ഉയർന്ന നിലയിൽ തന്നെ ഉയിർ വെടിഞ്ഞു.”

ഇത്രയും പറയാതെ പാലനാട് ദിവാകരൻ എന്ന കഥകളിസംഗീതജ്ഞന്റെ ഉരുവത്തെ  ചരിത്രപരമായി രേഖപ്പെടുത്താനാവില്ല.  ഇന്നും കളിയ്ക്കു പോവും മുൻപ് കുറുപ്പാശാന്റെ കാസറ്റ് കേൾക്കും എന്ന പാലനാട് ദിവാകരന്റെ വാക്കുകളിൽ അദ്ദേഹത്തിന്റെ കഥകളിസംഗീതസമീപനം സൂക്ഷ്മവും നിശിതവുമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഒരു കാലത്തിന്റെ കഥകളിസംഗീതരംഗപടം മുഴുവൻ നിറഞ്ഞ, ഇതിഹാസസമാനനായ തന്റെ ഗുരുനാഥന്റെ മാർഗത്തെ ശീലശുദ്ധമായി പരിരക്ഷിക്കുകയായിരുന്നു  അടിസ്ഥാനപരമായും ആത്യന്തികമായും പാലനാട് ദിവാകരന്റെ ദൗത്യം.  തന്റെ കാലത്തിലെ മികച്ച മിക്ക സംഗീതജ്ഞർക്കും ഒപ്പം പാടിയെങ്കിലും അവരാരുടേയും മാർഗമല്ല തന്റേതെന്നും, താൻ ഉണ്ണികൃഷ്ണക്കുറുപ്പിന്റെ പാരമ്പര്യത്തിലെ കണ്ണിയാണെന്നും, അതു വേർപെടാതെ  കാക്കണമെന്നുമുള്ള സ്വപ്രത്യയസ്ഥൈര്യം, തന്റെ ഇടത്തെപ്പറ്റിയുള്ള സുവ്യക്തമായ ബോദ്ധ്യം പാലനാടിന്റെ സംഗീതത്തെ നിർണയിക്കുകയും രൂപീകരിക്കുകയും ചെയ്തു.

ആസ്വാദകസമൂഹം ഏതുകലയിലും കൊളോസിസുകളെ പിന്നിട്ടുപോരാൻ മടിക്കുന്നത് സ്വാഭാവികമാണ്. യേശുദാസിനു ശേഷം മറ്റേതുഗായകനേയും ദാസ് ശബ്ദവുമായി താരതമ്യപ്പെടുത്താതെ കാണാൻ കഴിയാത്തവിധം ജനകീയസംഗീതഭാവുകത്വം തന്നെ കേരളത്തിൽ തുറുങ്കിലടക്കപ്പെട്ടിരിയ്ക്കുന്നു എന്നിരിയ്ക്കേ, പാരമ്പര്യകലയിലെ കാര്യം പറയാനില്ലല്ലോ. കുറുപ്പിന്റെ വിയോഗശേഷം

Comments

comments