വലിയൊരു ആസ്വാദനസമൂഹം കഥകളി കാണലേ നിർത്തി. പലരും കുറുപ്പുപോയി, ഇനിയെന്തു കഥകളിപ്പാട്ട്! എന്നു നിരാശപ്പെട്ടു. ചിലർ കുറുപ്പിന്റെ റെക്കോഡുകളിൽ അഭിരമിച്ച് തൃപ്തിയടഞ്ഞു. കുറുപ്പിനുശേഷമുള്ള ഏതാനും വർഷങ്ങളിൽ ആ അസാനിദ്ധ്യം പകരുന്ന വേദന പങ്കുവെക്കാത്ത കളിയരങ്ങുകൾ കുറവായിരുന്നെന്നു തന്നെ പറയാം. ആ സമയത്ത് പാലനാടിന്റെ പാട്ട് വലിയൊരു ഔഷധമായിരുന്നു. കുറുപ്പാശാന്റെ സ്മരണയുണർത്തുന്ന പാലനാടിന്റെ ഗേയമാർഗവും സംഗതികളുടെ ക്രമീകരണവും കുറുപ്പാശാന്റെ ഓർമ്മയെ പ്രോജ്വലിപ്പിക്കുന്നതിനൊപ്പം വലിയൊരു ആസ്വാദകസമൂഹത്തെ ഏറെ സന്തോഷിപ്പിയ്ക്കുകയും ചെയ്തു.

എന്തെല്ലാമായിരുന്നു കുറുപ്പാശാനിൽ നിന്ന് പാലനാടിലേക്ക് പ്രവഹിച്ച സംഗീതസംബന്ധിയായ സവിശേഷതകൾ? കുറുപ്പാശാൻ പാടുന്ന പോലെ എന്നു തോന്നിപ്പിച്ച ഘടകങ്ങൾ എന്തെല്ലാമായിരുന്നു? ഇവയെല്ലാം സൂക്ഷ്മവിശകലനമർഹിക്കുന്ന കാര്യങ്ങളാണ്. അരങ്ങിലെ നിൽപ്പിലും ചേങ്ങിലപിടുത്തത്തിലും പൊന്നാനിത്തത്തിലുമു‌ള്ള സാമ്യങ്ങൾ ഉപരിപ്ലവം മാത്രം; അതിന്റെയും അകമടരുകളിൽ കുറുപ്പാശാന്റെ സംഗീതസംസ്കാരത്തെ പാലനാട് അടുത്തറിയുകയും ആവിഷ്കരിക്കാൻ പ്രാപ്തി നേടുകയും ചെയ്തിട്ടുണ്ട്. കുറുപ്പാശാൻ നടത്തിയിരുന്ന രാഗമാറ്റങ്ങൾ,  സാഹിത്യത്തിൽ കുറുപ്പാശാൻ നിലനിർത്തിയിരുന്ന പാഠം, കഥകളിക്കായാണ് പാടുന്നത് എന്ന പ്രയുക്തബോധം ഇവയെല്ലാം പാലനാട് ദിവാകരൻ അനന്യസാധാരണമാം വണ്ണം  ഓർത്തുവെക്കുകയും അനായാസം ആവിഷ്കരിക്കുകയും ചെയ്തു. കറുപ്പാശാന്റെ പാട്ടിൽ കാണുന്ന സംയമനബോധം എന്ന ഗുണം വിസ്തരിച്ചു പാടേണ്ട ഒരു പദത്തിൽ ആദ്യ ആവൃത്തിയിൽ ഇന്ന സംഗതിയെന്നും തുടർന്നുള്ള ആവർത്തികളിൽ ഇന്നിന്നതെന്നുമുള്ള സുനിയതമായ ബോധവും അതിന്റെ ആവിഷ്കരണത്തിലുള്ള സംയമനവും അച്ചടക്കവും പിനീട് അതേമട്ടിൽ പ്രകാശിച്ചു കാണുക പാലനാട് ദിവാകരനിലാണ്. എത്ര ആവേശഭരിതമായ രംഗമാണെങ്കിലും പാട്ടിന്റെ സംയമനം കാത്തുശീലിക്കാനുള്ള കുറുപ്പിന്റെ സിദ്ധിയാണ് നാം പാലനാടിലും കാണുന്നത്.

ഉണ്ണികൃഷ്ണക്കുറുപ്പിന്റെ കാലശേഷമുള്ള കഥകളിസംഗീതപരിണാമത്തിൽ പാലനാടിന്റെ നിലപാട് നിരന്തരം പരിഷ്കരിക്കപ്പെടുകയല്ല, തെളിമയാർന്ന ഒരു സംഗീതവസന്തത്തിന്റെ ഓർമ്മപ്പെടുത്തലായി നിലനിൽക്കുകയാണ് ചെയ്തത്. എന്നാൽ മറ്റുചില ഘടകങ്ങളിൽ സാമാന്യകഥകളിസംഗീതജ്ഞരേക്കാളും പാലനാട് ഏറെ മുന്നിൽ നിന്നു ഉദാഹരണത്തിന് അക്ഷരവ്യക്തി. സാമാന്യമായ അക്ഷരസ്ഫുടതയിലപ്പുറം മനസ്സിരുത്താത്ത കഥകളിസംഗീതജ്ഞർ കുറവാനെന്നിരിക്കേ, പാലനാടിന്റെ പാട്ടിൽ ഓരോ അക്ഷരവും അതാതിന്റെ മൃദു ഖര ഘോഷ ശബ്ദങ്ങൾ സുവ്യക്തമായി അനുവർത്തിക്കുന്നത് കേൾക്കാം. കളരിയിലെ ചൊല്ലിയാട്ടശീലം കുറവായിട്ടും ഏതു ചിട്ടപ്പെട്ട കഥയും പാടുകയും ആചാര്യന്മാരാൽ അഭിനന്ദനം ലഭിക്കുകയൂം  ചെയ്യുന്നു എന്നത് പാലനാടിന്റെ സൗഭാഗ്യമാണ്.

പാലനാട് ദിവാകരന്റെ ശിഷ്യരും ശിങ്കിടികളുമായി പാടിത്തെളിഞ്ഞവർ ഏറെയാണ്. ഇന്നു നോക്കുമ്പോൾ  അതൊരു ചരിത്രപരമായ പ്രയോജനം കൂടി നിർവ്വഹിക്കുകയും ചെയ്തു. അന്നത്തെ കഥകളിസംഗീതജ്ഞരിൽ തലമുതിർന്നവർ ഹൈദരലിയും ശങ്കരൻ എമ്പ്രാന്തിരിയും ആണെങ്കിലും ചെറുപ്പക്കാരായ സംഗീതജ്ഞരെ ഏറ്റവും ശക്തമായി സ്വാധീനിച്ച സംഗീതജ്ഞൻ വെണ്മണി ഹരിദാസ് ആണ്. കളരിപ്രധാനവും ഭാവപ്രധാനവുമായ കഥകൾക്ക് ഒരേപോലെ അനുയോജ്യവും നിപുണവുമായ ശാരീരവും വൈദഗ്ദ്ധ്യവും സ്വായത്തമാക്കിയ വെണ്മണിയുടെ സംഗീതം അടുത്തതലമുറയിലെ മിക്ക ഗായകരുടേയും  മാതൃകയായി. അതുകൊണ്ടുതന്നെ, ഇന്നത്തെ ചെറുപ്പക്കാരിൽ മിക്കവരിലും വെണ്മണിയുടെ പാട്ടുമാർഗത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സ്വാധീനം കാണാം. എന്നാൽ, മദ്ധ്യകേരളത്തിലെ എൺപത് തൊണ്ണൂറുകളിലെ അരങ്ങുകളീൽ വലിയൊരു ശതമാനത്തിന്റെ നിയന്ത്രണം പാലനാടിന്റെയും ശിഷ്യരുടേയും കൈകളിലായിരുന്നു. അത്തിപ്പറ്റ രവിയേയും നെടുമ്പള്ളി രാംമോഹനേയും പോലുള്ള ഗായകർ മാത്രമല്ല, കോട്ടക്കൽ മധുവിനേപ്പോലുള്ള പ്രഖ്യാപിതകളരികളിലെ ഗായകർ തന്നെയും പാടിത്തെളിഞ്ഞു വന്നതിൽ പാലനാടിന്റെ അരങ്ങുകൾക്ക് വലിയ പങ്കുണ്ട്.  അവരാരിലും തന്നെ മേ‌ൽപ്പറഞ്ഞ വെണ്മണിയുടെ അനുഗായകസ്വഭാവം കാണാനാവില്ല എന്നുമാത്രമല്ല, സ്വന്തമായൊരു ഗേയവ്യക്തിത്വം രൂപപ്പെടുത്തിയെടുക്കാൻ മിക്കവർക്കും സാധിക്കുകയും ചെയ്തു.  ഇത്തരത്തിൽ, കഥകളിസംഗീതത്തിന്റെ പുതിയ തലമുറയിലെ ചില എണ്ണപ്പെട്ട ഗായകരുടെ വളർച്ചയിൽ സവിശേഷമായ പ്രാധാന്യവും പാലനാട് ദിവാകരന്റെ സംഗീതജീവിതത്തിനുണ്ട്.

വലിയ പ്രതിഭകൾ വന്നുപോയശേഷമുണ്ടാവുന്ന അനുരണനങ്ങൾ തുടർന്ന് ആ മേഖലയിലെ ഒരു തലമുറയെ അതിശക്തമായി സ്വാധീനിക്കുക സ്വാഭാവികമായ പ്രക്രിയയാണ്. മലയാളകവിതയിൽ ചങ്ങമ്പുഴയ്ക്കു ശേഷം വയലാറിനേപ്പോലെ അനവധി ഉദാഹരണങ്ങൾ ഓരോ കലാപരിസരത്തിൽ നിന്നും എടുത്തുകാണിക്കാനാവും. അനുകരണങ്ങളേക്കാൾ ധ്വനനശേഷി എപ്പോഴും അത്തരം അനുരണനങ്ങൾക്കുണ്ട്. സവിശേഷമായ ഒരു ചരിത്രഘട്ടം നിർമ്മിച്ച ഭാവുകത്വത്തെ അനുരണനകലാകാരന്മാർ നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും. അടുത്ത ഘട്ടത്തിലേക്കുള്ള കലയുടെ വികാസപരിണാമങ്ങളെ അവർ ശക്തമായി സ്വാധീനിക്കുകയും ചെയ്യും. ഉണ്ണികൃഷ്ണക്കുറുപ്പിൽ നിന്ന് പാലനാടിലേക്കുള്ള ദൂരത്തെ  അങ്ങനെയാണ് ഇന്നു വായിച്ചെടുക്കാനാവുക. ശാലീനമായൊരു ഭംഗി കൊണ്ട് എത്രയോ രാവുകളെ പാലനാടിന്റെ സംഗീതം ധന്യമാക്കിയിട്ടുണ്ട്. രാമൻകുട്ടിനായരാശാന്റെ ഒരു ബാലിവിജയത്തിന് തൃശ്ശൂരിൽ വെച്ച് കേട്ട രാവണ കേൾക്ക എന്ന ശങ്കരാഭരണം, കഥകളിസമാരോഹത്തിലെ രംഭാപ്രവേശത്തിന് പി ഡി നമ്പൂതിരിയുടെ ഇടയ്ക്കയുടെ അകമ്പടിയോടെ കേട്ട ആശര നാഥാ എന്ന ആനന്ദഭൈരവി കഥകളിയോട് പാലിൽ പഞ്ചസാരയെന്ന വണ്ണം അലിഞ്ഞുപോയ അത്തരം അനേകമരങ്ങുകൾ ഓർമ്മിച്ചെടുക്കാം. തന്റെ ഗുരുനാഥമാർഗത്തിന്റെ മർമ്മമായ രംഗബോധം ഒരിക്കലും പാലനാടിന്റെ സംഗിതത്തിൽ നിന്ന് കൈമോശം വന്നുകണ്ടിട്ടില്ല.

മഴ പെയ്തു തോർന്നാലും നിലയ്ക്കാതെ, നിർത്താതെ പെയ്യുന്ന ഈ സംഗീതശാഖിയ്ക്ക് അറുപതുവയസ്സ് കലണ്ടറിലെ ഒരു സൂചകം മാത്രമാണ്. ഇനിയുമേറെക്കാലം തോരാതെ പെയ്യാനുള്ള സംഗീതവും ആർജ്ജവവും പാലനാടിന്റെ ശാരീരത്തിനു നിക്കിയിരിപ്പുണ്ട്. മാർഗ്ഗഭ്രംശങ്ങളില്ലാതെ ഇനിയുമേറെ നാൾ ആ സംഗീതം കഥകളിയാസ്വാദകരെ തൃപ്തിപ്പെടുത്തുമെന്ന് നമുക്കാഗ്രഹിക്കാം.

Comments

comments