ശവപ്പെട്ടിയുമായിട്ടാണ് അണ്ടര്‍ടേക്കര്‍ വന്നിരിക്കുന്നത് .അണ്ടര്‍ ടേക്കറുടെ ഓരോ പഞ്ചിനുംഹൂശ്!”എന്ന ഒച്ചയുണ്ടാക്കി കബീര്‍ മുകളിലോട്ടും താഴോട്ടും ചാടി .
ഇന്ന് മാര്‍ക്കറ്റ് ഡൌണ്‍ ആണോ ?”
നോ മോം ,സ്റ്റെഡി
ലാപ്പ്ടോപ്പ് മടിയില്‍ ,കണ്ണ്‍ ടി വിയില്‍ ,മനസ്സ് വേറെങ്ങോ എന്നതാണ് കബീറിന്റെ സ്ഥിതി . അത് കൊണ്ട് തന്നെയാണ് അവന്‍ മാര്‍ക്കറ്റില്‍ നടത്തുന്ന കണക്കു കൂട്ടലുകള്‍ ഒക്കെ പിഴക്കുന്നതും .കെയ്ന്‍ അണ്ടര്‍ ടേക്കറെ ഇടിച്ചു പത്തിരിയാക്കിക്കഴിഞ്ഞിരുന്നു . അതും പോരാഞ്ഞ് അണ്ടര്‍ ടേക്കര്‍ കൊണ്ട് വന്ന ശവപ്പെട്ടിയില്‍ തന്നെ അയാളെ ഇട്ടു പൂട്ടി അതിനു തീയും കൊടുക്കുന്നു..ജെന്നി ശ്വാസം പിടിച്ചിരിക്കുകയായിരുന്നു .അയാള്‍ ശരിക്കും ചെയ്തതാകുമോ ?അണ്ടര്‍ ടേക്കര്‍ ചത്തു പോകില്ലേ ? “ഹാ ,അത് കലക്കി കബീറിന്‍റെ ആഹ്ലാദം .
ലിവിംഗ് റൂമിലെ സെറ്റിയില്‍ വേരുറച്ചു പോയ ഒരു മകനും ബെഡ് റൂമിനും ബാല്‍ക്കണിക്കും അപ്പുറം ലോകമില്ലാത്ത മകളും !ഉം ,തന്‍റേത് വല്ലാത്ത വിധി തന്നെ .
കിറ്റി ഇപ്പോഴും വന്നിട്ടില്ല ,ലോണില്‍ പതിവായി കളിക്കാറുള്ള കുട്ടികള്‍ പോലും ഇല്ല ഇന്ന് .ഈ കിറ്റി ഇതെവിടെപ്പോയി ?
ഷവറില്‍ നിന്ന് വെള്ളം പെയ്യുന്ന ശബ്ദം കേട്ടു ആരാണീ സമയത്ത് കുളിമുറിയില്‍ ?”
ബബിത ,എന്‍റെ ഫ്രണ്ട് ലാപ്ടോപ്പില്‍ നിന്നു കണ്ണെടുക്കാതെ തന്നെ കബീര്‍ മറുപടി പറഞ്ഞു .
ഫ്രണ്ട് ??”
മൈ ഗേള്‍ ഫ്രണ്ട് ,അവള്‍ക്ക് ആഫ്റ്റര്‍ സിക്സ് ഓ ക്ലോക്ക് ഒരു പാര്‍ട്ടി അറ്റന്‍ഡ് ചെയ്യണം
കബീര്‍ ,നീയിതെന്ത് ഭാവിച്ചാണ് ?
ജെന്നിക്ക് ദേഷ്യം തിളച്ചു .ഈയിടെയായി അവള്‍ക്ക് ബി പി വല്ലാതെ കൂടുതലാണ് .അരിശം തീര്‍ക്കാന്‍ അവള്‍ മുഷ്ടി ചുരുട്ടി ടീപ്പോയില്‍ ശക്തിയായി ഇടിച്ചു .
ലാപ്പില്‍ നിന്ന് മുഖമുയര്‍ത്തി കബീര്‍ ശാന്തഭാവത്തില്‍ ചോദിച്ചു മോം , നിങ്ങള്‍ക്കെന്താണ് വേണ്ടത് ?”
എനിക്കോ ?ജെന്നിയുടെ വാക്കുകളില്‍ തീ പാറി :”എനിക്കോ ?നിന്‍റെ ഫ്രണ്ട്സ് ഇവിടെ വരുന്നതൊക്കെ നിന്‍റെ കാര്യം .പക്ഷെ അവര്‍ എന്‍റെ അടുക്കളയും കുളിമുറിയും ഉപയോഗിക്കാന്‍ പാടില്ല
വൈ ?”
വാട്ടര്‍ ചാര്‍ജ്ജും കറന്റ്‌ ചാര്‍ജ്ജും കൊടുക്കുന്നത് ഞാനാണ്. എനിക്കിഷ്ടമല്ല വെള്ളം പാഴാക്കുന്നത്
കബീര്‍ ലാപ്പ് മടിയില്‍ നിന്ന് മാറ്റി എഴുന്നേറ്റു .ജെന്നിയുടെ ചെയറില്‍ കാല്‍ കയറ്റി വെച്ച് കബീര്‍ ജെന്നിയുടെ മുഖത്ത് ഉറ്റു നോക്കി .അവന്‍റെ ഉച്ഛാസത്തില്‍ ഹാന്‍സിന്‍റെയും ബീയറിന്‍റെയും സമ്മിശ്ര ഗന്ധം .”മോം ,ഇതെന്‍റെ വീടാണ്, ഇവിടെ ഞാന്‍ എനിക്കിഷ്ടമുള്ളത് പോലെ ചെയ്യും
അല്ല ,ഇത് നിന്‍റെ വീടല്ല. എന്നെ ഇങ്ങനെ തീ തിന്നാന്‍ വിട്ടിട്ട് കള്ളും കുടിച്ചു പെണ്ണ് പിടിച്ച് നടക്കുന്ന നിന്‍റെ തന്ത കെട്ടിത്തന്നതല്ല .ഞാന്‍ അദ്ധ്വാനിച്ചുണ്ടാക്കിയതാണ്.നീ വെറും അതിഥി.ഞാന്‍ ഇറങ്ങാന്‍ പറഞ്ഞാല്‍ ആ നിമിഷം ഇറങ്ങേണ്ട വെറും അതിഥി ജെന്നി ചീറി . കബീര്‍ ഒന്ന് പതറി .ആത്മവിശ്വാസമില്ലാത്ത സ്വരത്തില്‍ അവന്‍ പറഞ്ഞു ..”ഓക്കേ ഓക്കേ ,. ഐ ഷാല്‍ പേ ദി ബില്‍സ് നെക്സ്റ്റ് മന്ത് ഓണ്‍വേര്‍ഡ്സ്
ഹും, നീയോ, മാസാന്തം ക്രെഡിറ്റ്‌ കാര്‍ഡ്‌ ബില്ലടക്കാന്‍ എന്‍റെ പേഴ്സില്‍ കയ്യിട്ടു വാരുന്ന നീയോ?തല്‍ക്കാലം ആ പെണ്ണിനോട് എന്‍റെ പണം ഇനിയും പാഴാക്കാതെ ഇറങ്ങിവരാന്‍ പറയൂ
കബീറിന്‍റെ വാതില്‍മുട്ടിനു മറുപടിയായി ഒരു തല മാത്രം ബാത്ത് റൂമിന് വെളിയിലേക്ക് നീണ്ടു .കബീറിന്‍റെ സെലക്ഷനെ പറ്റി പണ്ടേ ജെന്നിക്ക് അത്ര മതിപ്പില്ലെങ്കിലും, ഈ മാസം അവന്‍റെ ഡീമാറ്റ്‌ അക്കൗണ്ടില്‍ കരടികള്‍ വിളയാടുകയാണെന്ന് ജെന്നിക്ക് ഉറപ്പായി . ഇല്ലെങ്കില്‍ ഇത്ര മോശം ഒരു പെണ്ണിനെ അവന്‍ കൂടെ കൊണ്ട് വരികയില്ല! .
അസഹിഷ്ണുത വെളിവാക്കിയ ഒരു ഗോഷ്ടി കാട്ടി തല അകത്തേക്ക് തന്നെ വലിഞ്ഞു . ജെന്നിക്ക് ദേഷ്യം തീര്‍ന്നിരുന്നില്ല .കബീറിന്‍റെ ഭാവഭേദങ്ങളൊഴിഞ്ഞ നിശ്ചലമായ മുഖം കണ്ടാല്‍ താന്‍ ഇനിയും എന്തെങ്കിലും പറഞ്ഞു പോകുമെന്ന് ഭയന്ന് ജെന്നി ബാല്‍ക്കണിയിലേക്ക് നീങ്ങി .
റോഡില്‍ ആകെ ട്രാഫിക്‌ ജാമായിരിക്കുന്നു .അസഹ്യമായ ശബ്ദത്തില്‍ വാഹനങ്ങളില്‍ നിന്ന് ഹോണുകള്‍ മുഴങ്ങി .ഡ്രൈവര്‍മാര്‍ തല പുറത്തേക്കിട്ടു ചീത്ത വാക്കുകള്‍ വിളിച്ചു കൂവി .ചിലരൊക്കെ എഞ്ചിന്‍ ഓഫാക്കാന്‍ പോലും മെനക്കെടാതെ വണ്ടിയില്‍ നിന്നിറങ്ങിയോടി.ഫുട്പാത്തിലും പതിവില്ലാതെ തിരക്ക് കണ്ടു .എല്ലാവരും ഓടുകയായിരുന്നു . വിളക്ക്കാലുകള്‍ പോലും കൂട്ടത്തില്‍ ഓടുന്നുണ്ടെന്നു തോന്നി . ചിലരൊക്കെ അതിനിടെ വീണു . വീണവര്‍ വീണ്ടും എഴുന്നേറ്റ് ഓടി . എന്തെങ്കിലും അപകടം സംഭവിച്ച് കാണുമോ?ഏത് ചെകുത്താനെ പേടിച്ചാണ് ഇവരെല്ലാം ഒരേ ദിശയില്‍ത്തന്നെ ഇങ്ങനെ ഓടുന്നത് ?
എന്തോ പന്തികേടുണ്ട് . ജെന്നി ടി വി ട്യൂണ്‍ ചെയ്ത് നോക്കി .വാര്‍ത്താ ചാനലുകളും മറ്റ് ചാനലുകളും ഒന്നും ഇല്ല .കേബിള്‍ കട്ട്‌ ആയിരിക്കുന്നു . കടുത്ത നീലവെളിച്ചം പുതച്ച ടി വി നിശബ്ദം .എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് ?

Comments

comments