പോക്കുവെയിലേറ്റ് കബീറിന്റെ മുഖം ചുവന്നിരുന്നു .അവസാന ശ്രമമെന്നോണം ജെന്നി യാചിച്ചു .”നിന്‍റെ സിസ്റ്റര്‍ അല്ലെ അവള്‍? ഒന്നെന്‍റെ കൂടെ വരൂ “അടുത്തു നില്‍ക്കുന്നവര്‍ ശ്രദ്ധിക്കുന്നതില്‍ അപമാനിതയായാണ് അവളതു പറഞ്ഞത്
“മോം,ലുക്ക്ദാറ്റ് ഓള്‍ഡ്മാന്‍ ,ഹൌ ഫാസ്റ്റ് ഹീ ഈസ് റണ്ണിംഗ്,എഴുന്നേറ്റ് നടക്കാന്‍വയ്യാത്ത അയാളൊക്കെ ഇനി രക്ഷപ്പെട്ടിട്ടെന്തിനാ? “ഫുട്പാത്തിലൂടെ ഓടിക്കൊണ്ടിരുന്ന ഒരു വയസ്സനെ ചൂണ്ടിക്കാട്ടി കബീര്‍ പറഞ്ഞു
“നീ ഒന്നു വരുന്നുണ്ടോ?” .ജെന്നി കബീറിന്‍റെ കൈ പിടിച്ച് വലിച്ചു.കബീര്‍ നിഷ്പ്രയാസം തന്‍റെ കൈ സ്വതന്ത്രമാക്കി റോഡിലേക്ക് തന്നെ ശ്രദ്ധ തിരിച്ചു .ഒരു കാര്‍ണിവല്‍ ആണ് അവിടെ നടക്കുന്നതെന്ന് അവന്‍റെ മട്ടു കണ്ടാല്‍ തോന്നുമായിരുന്നു
മോം ,നിങ്ങള്‍ എന്തിനാണ് ഇങ്ങനെ വേവലാതിപ്പെടുന്നത് ?ഇത്ര ബേജാറാകാന്‍ അവള്‍ നിങ്ങളുടെ മകള്‍ ഒന്നുമല്ലല്ലോ ?”
നിസ്സാരഭാവത്തില്‍ കബീര്‍ പറഞ്ഞത് കേള്‍ക്കെ ജെന്നിയുടെ നിയന്ത്രണത്തിന്‍റെ സേഫ്റ്റി വാള്‍വുകളെല്ലാം ഊരിത്തെറിച്ചു . “എന്‍റെ മകളാണവള്‍” ;തന്‍റെ മാനാഭിമാനങ്ങളെ കുറിച്ചുള്ള ചിന്തകളെല്ലാം ഉപേക്ഷിച്ചു ജെന്നി അലറി .”നീ പക്ഷെ ആ പന്നീടെ മോന്‍ തന്നെ . ആപത്തില്‍ എന്നെ ഓരോ വട്ടവും ഉപേക്ഷിക്കുമ്പോഴും,കബീര്‍ ,നീ നിന്‍റെ ആ തന്തപ്പിശാചിന്‍റെ വൃത്തികെട്ട മകനാകുന്നു “
കരഞ്ഞു കൊണ്ട് ജെന്നി ഓടിപ്പോയി .അവള്‍ക്ക് ഓടാതിരിക്കാന്‍ കഴിയുമായിരുന്നില്ല .അവള്‍ക്ക് കല്യാണിയെ രക്ഷിക്കണമായിരുന്നു.
വാതിലും ഗ്രില്ലിട്ട ജനാലകളും തീര്‍ത്ത പ്രതിരോധം ജെന്നിക്ക് എത്ര ശ്രമിച്ചിട്ടും മറി കടക്കാനായില്ല.വാതിലില്‍ ഇടിച്ചിടിച്ചു അവളുടെ കയ്യിലെ തൊലി പൊളിഞ്ഞു ചോര വന്നു.തൊണ്ട പൊട്ടുമാറുച്ചത്തില്‍ അവള്‍ “കല്യാണീ” എന്നു നിലവിളിച്ചു കൊണ്ടിരുന്നു . ശൂന്യാകാശത്ത് നിന്നു പോലും അത് കേള്‍ക്കാമായിരുന്നെങ്കിലും കല്യാണി അകത്തു ശാന്തമായി ഉറങ്ങുക തന്നെയായിരുന്നു .വാതില്‍ ചവിട്ടിപ്പൊളിക്കാന്‍ പോലും ജെന്നി വിഫലമായി ശ്രമിച്ചു .പക്ഷേ ഒരു യുദ്ധം കഴിഞ്ഞത് പോല്‍ ദേഹം മുഴുവന്‍ ചോരയൊലിക്കുന്ന സ്ഥിതിയിലെത്തിയതല്ലാതെ വേറെ പ്രയോജനം ഒന്നുമുണ്ടായില്ല .ജെന്നി കരഞ്ഞു കൊണ്ട് തല കാല്‍ മുട്ടില്‍ ഒളിപ്പിച്ചു വിവശയായി നിലത്തിരുന്നു .അവള്‍ സുനാമി തന്നെയും കൊണ്ട് പൊയ്ക്കൊള്ളട്ടെ എന്ന്‍ മനസ്സില്‍ ഉറപ്പിച്ചു.താന്‍ മാത്രം ആശ്രയമുണ്ടായിരുന്ന ഒരു പാവത്തിനെ രക്ഷിക്കാന്‍ കഴിയാത്ത താന്‍ മാത്രം ജീവിച്ചിരുന്നിട്ടെന്ത്?
“ങ്യാവൂ“
കിറ്റിയുടെ ശബ്ദം!! ..അടുത്തെവിടെയോ അവള്‍ ഉണ്ട് .ഇടനാഴിക്കപ്പുറത്ത് എവിടെയോ അവള്‍ ഉണ്ട് .ജെന്നി പിടഞ്ഞെണീറ്റ് ശബ്ദം കേട്ട ദിക്കിലേക്ക് ഓടി .ഈ ലോകത്ത്താന്‍ സ്നേഹിക്കുന്ന , തന്നെ സ്നേഹിക്കുന്ന രണ്ടു പേരില്‍ ഒരാളെയെങ്കിലും രക്ഷിക്കണം .ആ മാളികക്ക് ഇത്രയേറെ ഇടനാഴികളും ഗോവണികളും ഉണ്ടെന്ന് അന്നാദ്യമായി ജെന്നി മനസ്സിലാക്കി.കിറ്റിയുടെ ശബ്ദം അകന്നും അടുത്തും അവളെ കബളിപ്പിച്ചു കൊണ്ടിരുന്നു . ഒടുവില്‍ കുറെ നേരത്തെ തിരച്ചിലിന് ശേഷം ജെന്നി ശബ്ദത്തിന്‍റെ ഉടമയെ കണ്ടെത്തി .അത് പക്ഷേ കിറ്റി ആയിരുന്നില്ല .കഷ്ടിച്ച് ഒരു വയസ്സു മറ്റോ പ്രായം വരുന്ന ഒരു പെണ്‍കുഞ്ഞ് ആയിരുന്നു അത് .സുനാമി വരുന്നുവെന്ന് കേട്ട് പരക്കം പായുന്നതിനിടെ ആരുടെയോ കൈ വിട്ടുപോയ ഒരു കുഞ്ഞ് . വിവരിക്കാനാവാത്ത ആശ്വാസത്തോടെയും ആഹ്ലാദത്തോടെയും ജെന്നി ആ കുഞ്ഞിനെ വാരിയെടുത്തു.”മുത്തേ ,എന്‍റെ കിറ്റീ,എന്‍റെ പൂച്ചപ്പെണ്ണേ ,, എന്‍റെ കല്യാണീ “എന്നൊക്കെ ഒരു ഭ്രാന്തിയെപ്പോലെ അവള്‍ പുലമ്പിക്കൊണ്ടിരുന്നു .പിന്നെ പുതിയതായി കൈ വന്ന ആവേശത്തോടെ അവള്‍ ടെറസ്സിലേക്ക് ഓടി
പ്രവര്‍ത്തിക്കാതായ ലിഫ്റ്റ് ഉപേക്ഷിച്ചു ഓരോ പടികളും എണ്ണിക്കയറി എങ്ങനെയെല്ലാമോ ടെറസ്സിലെത്തുമ്പോള്‍ ജെന്നി ഒരു പക്ഷാഘാതത്തിന്‍റെ പകുതി കടന്നിരുന്നു .കിതപ്പ് അടക്കാന്‍ കഴിയാതെ ഒരു നായയെപ്പോലെ ശ്വാസമെടുക്കുമ്പോഴും ജെന്നിയുടെ കണ്ണുകള്‍ കബീറിനെത്തേടി.”നോക്ക് ,നായിന്‍റെ മോനെ ,ഞാനെന്‍റെ കുഞ്ഞിനെ കൊണ്ട് വന്നത് നോക്കെടാ ” എന്ന് അവള്‍ക്ക് അവനോടു പറയേണ്ടതുണ്ടായിരുന്നു .
ദൂരെ കടല്‍ ദിക്കൊക്കെത്തോല്‍പ്പിച്ച വിജിഗീഷുവായിച്ചമയുന്നത് അവര്‍ക്കപ്പോള്‍ കാണാനായി . കടല്‍ മെല്ലെ മെല്ലെ അടുത്തു വന്നു .ആരെയോ ഭയന്നോടുമ്പോഴും കടല്‍ കണ്മുന്നില്‍ കണ്ടതെല്ലാം വാരിയെടുത്തു .കെട്ടിടങ്ങള്‍ , തെരുവുകള്‍ ,മനുഷ്യര്‍ , വിളക്കുകാലുകള്‍, വാഹനങ്ങള്‍ എല്ലാം മുത്തും ചിപ്പിയുമെന്ന പോല്‍ തന്‍റെ ഭാണ്ഡത്തിലൊതുക്കി തിരമാലകള്‍ മുന്നോട്ട് തന്നെ നീങ്ങി .ജലനിരപ്പ്, ഒരു പാല്‍പ്പാത്രം തിളച്ചു തൂവുമ്പോളെന്നത് പോലെ മെല്ലെ മെല്ലെ ഉയര്‍ന്നു വന്നു .ജലത്തിന് മീതെ കളിപ്പാട്ടങ്ങളെന്ന പോലെ ബസ്സുകളും കാറുകളും ഒഴുകി നടന്നു .ഒരു സ്ഫടികക്കട്ടയില്‍ വരച്ചു ചേര്‍ക്കപ്പെട്ടതെന്ന പോലെ ജലത്തിലേക്ക് അതല്ലാത്തതെല്ലാം ഒട്ടിപ്പോയി . വെള്ളത്തുള്ളികള്‍ കുതിരകളെന്ന മാതിരി ആകാശത്തിലേക്ക് കുതിച്ചു ചാടി .പരിഭ്രമം കൊണ്ട് ചുവന്ന സൂര്യന്‍ പോലും ആ മലവെള്ളപ്പാച്ചിലില്‍ മൂക്ക് കുത്തി വീണു .
ചുറ്റും ഇരുട്ട് പരക്കെ ,കണ്ണുനീരിനേക്കാള്‍ ഉപ്പുള്ള ഒരു തിരയുടെ സ്പര്‍ശം ജെന്നി അറിഞ്ഞു .ആ രാക്ഷസത്തിര അവരെ വിഴുങ്ങി .എത്ര മുറുക്കിപ്പിടിച്ചിട്ടും അവളുടെ മാറോട് ചേര്‍ത്തു പിടിച്ചിരുന്ന കുഞ്ഞ് അവളുടെ കൈ വിട്ടു പോയി . .
പിന്നെ ഇരുട്ടായി .കെട്ടിടങ്ങളും മരങ്ങളും ഭൂമിയില്‍ വേരുള്ളതൊക്കെയും കടല്‍ കൊണ്ട് പോയി .കടല്‍ മാത്രമേ ശേഷിച്ചുള്ളൂ , കടലോളം കടല്‍ . പ്രപഞ്ചത്തിന്‍റെ വക്കോളം അത് തുള്ളിത്തുളുമ്പി .എല്ലാ ജീവന് മീതെയും അനാദിയായ സത്യമായി അത് തിരതുള്ളി .യുഗങ്ങള്‍ക്ക് ശേഷം ഒരു ദിവസം സൂര്യന്‍റെ മുഖം കടലിനു മീതെ തളിരിട്ടു . ജലോപരിതലത്തില്‍ ആ സൂര്യരശ്മികള്‍ക്ക് അഭിമുഖമായി ആഴങ്ങളില്‍ എവിടെയോ വേരൂന്നിയ , ഒരു കൂറ്റന്‍ താമരമൊട്ടു കൂമ്പി . ചെറു രശ്മികള്‍ക്ക് നേരെ ഓരോരോ ദളങ്ങളായി മെല്ലെ മെല്ലെ വിടര്‍ന്നു വന്നു .അതിന്‍റെ പരന്ന ഇലകളിലൊന്നില്‍ കാല്‍വിരലുണ്ടും പല്ലില്ലാത്തൊണ്ണ കാട്ടിച്ചിരിച്ചും മറ്റൊരു ജീവന്‍റെ അനുരണനത്തിനായി കാത്തുകൊണ്ടും ജെന്നി കിടന്നു . കല്‍പ്പാന്ത കാലത്തിന്‍റെ അവസാനത്തിനു ശേഷം ഒരു പ്രപഞ്ചത്തിന്‍റെ തോലടര്‍ന്ന് വിരിയുന്ന പുതിയ പ്രപഞ്ചത്തിന്‍റെ ആദ്യ മൂലമന്ത്രം സര്‍വ്വലോകങ്ങള്‍ക്കും വേണ്ടി അവളുടെ നാവില്‍നിന്നുതിര്‍ന്നു. “ങ്ങ്യാവൂ!!”………………………..
Be the first to write a comment.