നിരൂപണത്തിന്റെമാതൃമുഖം‘, ‘അമ്മ നിരൂപണംഎന്നൊക്കെ ഡോ.എം.ലീലാവതിയുടെ നിരൂപണത്തെ വിശേഷിപ്പിക്കാറുണ്ട്. അതു വാഴ്ത്തലാണോ ഇകഴ്ത്തലാണോ എന്നറിഞ്ഞു കൂടാ.പുരുഷന്‍മാരുടേതെന്നു മാത്രം കരുതിപ്പോരുന്ന കര്‍മ്മമണ്ഡലങ്ങളി ഒരുസ്ത്രീ കടന്നു കയറുമ്പോള്‍, ഉല്‍ബുദ്ധരെന്നവകാശപ്പെടുന്ന പുരുഷന്‍മാര്‍പോലും അസഹിഷ്ണുക്കളാകാറുണ്ട്. ഇന്നത്തെ കാലത്തു പോലും കാഥികകളും കവയിത്രികളും കൂടി ഈ അസഹിഷ്ണുതയില്‍ നിന്ന് ഒഴിവാക്കപ്പെടാറില്ല. എന്നിട്ടും വളരെ ചെറുപ്രായത്തില്‍ത്തന്നെ പുരുഷന്മാര്‍ മാത്രം അടക്കിഭരിക്കുന്ന നിരൂപക മണ്ഡലത്തില്‍ കടന്നുകയറി സ്വന്തം ഇരിപ്പിടം കണ്ടെത്തുകയും അതുറപ്പിക്കുകയും ചെയ്ത നിരൂപകയാണ് ഡോ.എം.ലീലാവതി. ഇന്നു സ്വന്തം കര്‍മ്മമണ്ഡലത്തില്‍ ഊര്‍ജ്ജസ്വലയായി വര്‍ത്തിക്കുന്നതിന് പ്രായമോ ആരോഗ്യമോ ഒന്നും അവര്‍ തടസ്സമായി കാണുന്നില്ല. നിരൂപണത്തിന്റെ ലക്ഷ്യം സത്യം കണ്ടെത്തലാണെന്ന ഉറച്ച വിശ്വാസം അവര്‍ക്കെന്നും ഉണ്ടായിരുന്നു. പലപുസ്തകങ്ങളിലായി പരന്നു കിടക്കുന്ന ലേഖനങ്ങളില്‍ നിന്നും പഠനങ്ങളില്‍ നിന്നും ഇക്കാര്യം നമുക്കു വായിച്ചെടുക്കാനാവും.

നിരൂപണത്തിന്റെ ലക്ഷ്യത്തെക്കുറിച്ച്, സാഹിത്യം സൗന്ദര്യാനുഭൂതിയിലൂടെ ശിവസാക്ഷാല്‍ക്കരിക്കുന്നു എന്നും സാഹിത്യ നിരൂപണം സൗന്ദര്യ ശിവങ്ങളുടെസത്ത തേടലാണെന്നും ശിവസൗന്ദര്യങ്ങള്‍ ഒത്തു ചേരുന്ന കാവ്യാര്‍ത്ഥ വിധാനം  തേടുന്ന നിരൂപണം സത്യ-ശിവസൗന്ദര്യമണ്ഡലങ്ങളില്‍ വ്യാപരിക്കുന്നു എന്നുംസത്യം ശിവം സുന്ദരംഎന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ ഡോ.എം.ലീലാവതി പറയുന്നുണ്ട്. മുണ്ടശ്ശേരിയുടെ നിരൂപണ രീതിയെ വിമര്‍ശിക്കുന്ന ഘട്ടത്തില്‍, സാഹിത്യകാരന്‍ ആനപ്പാപ്പനാവുന്നതു ശരിയല്ലെന്നു പറയുമ്പോള്‍, സാഹിത്യനിരൂപണം സാഹിത്യകാരന്മാരെ നന്നാക്കാനോ നശിപ്പിക്കാനോ മാത്രം ഉദ്ദിഷ്ടമല്ലെന്നും, അത് സത്യത്തിന്റെ അന്വേഷണവും അനാവരണവുമാണെന്നും ആസ്വാദകരെക്കൂടി ഉദ്ദേശിച്ചിട്ടുള്ളതാണെന്നും എഴുതിയിട്ടുണ്ട്. ആസ്വാദകരോട് സത്യം പറയുക എന്നതാവണമല്ലോ നിരൂപകന്റെ ഒന്നാം ധര്‍മ്മം എന്നും കൂടി അവര്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു (സത്യം ശിവം സുന്ദരം‘, മലയാള നിരൂപണം പി.കെ.യ്ക്കു ശേഷം പേജ് 92).

ഈ സത്യം കണ്ടെത്താന്‍ നിരൂപകന് കൈമുതലായിട്ടു വേണ്ടത് വിജ്ഞാനമാണ് എന്നവര്‍ ഉറപ്പിച്ചു പറയുന്നു. നിര്‍മ്മാതാക്കള്‍ക്കുള്ളതിനേക്കാള്‍ വൈജ്ഞാനിക സജ്ജീകരണം നിരൂപകന് ഉണ്ടായേമതിയാകൂ. എങ്കില്‍ മാത്രമേ അവരുടെ കൃതികളുടെ ആഴങ്ങളിലേക്ക് നിരൂപകന് പ്രവേശിക്കാനും സത്യം കണ്ടെത്താനും ആസ്വാദകനെ നയിക്കാനും കഴിയൂ. ഒരു കവി ആവിഷ്‌ക്കരിക്കുന്ന ജീവിതം പൂര്‍ണ്ണമായി അറിയണമെങ്കില്‍ അതിനോട് തന്മയീഭാവം പ്രാപിക്കത്തക്കവണ്ണം കാവ്യാനുശീലനാഭ്യാസാദികളെക്കൊണ്ട് മനോമുകുരത്തെ വിശദീഭൂതമാക്കണമെന്നത് സഹൃദയത്വത്തെ സംബന്ധിച്ച് പണ്ടേ നാം അംഗീകരിച്ചുകഴിഞ്ഞ മൗലിക തത്വമാണല്ലോ. ഒരു കൃതി ആസ്വദിക്കാന്‍ പലതരം വിജ്ഞാനങ്ങള്‍ ആവശ്യമായി വരും. ഒരു മാര്‍ഗ്ഗത്തിലൂടെ മാത്രം പോയാല്‍ സത്യത്തിന്റെ ഒരുമുഖം മാത്രമേ കാണുകയുള്ളൂ. സത്യത്തിന് പല രൂപങ്ങളുള്ളതു കൊണ്ട് അതുകണ്ടുപിടിക്കാന്‍ പല മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടി വരും. അതിനാല്‍ ഒരു കൃതി ആസ്വദിക്കാന്‍ വര്‍ഗ്ഗ വൈരുദ്ധ്യതത്വശാസ്ത്രം, മനഃശാസ്ത്രദര്‍ശനം തുടങ്ങിയ എല്ലാ വിജ്ഞാന ശാഖകളുമായും നിരൂപകനു പരിചയമുണ്ടായിരിക്കണം.അതില്ലാത്തവര്‍ക്ക് പ്രോക്രസ്റ്റസ്സിന്റെ കട്ടില്‍ പോലെ സ്വന്തം വിശ്വാസപ്രമാണങ്ങളെ മാത്രം ആശ്രയിക്കേണ്ടി വരും. അപ്പോഴാണ് നിരൂപണം അന്ധന്റെ ആനക്കാഴ്ചയായിത്തീരുക. കാലത്തിന്റെ മാറ്റമനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന സാഹിത്യവുമായി മാനസിക സംവാദം ഉണ്ടാകാതിരിക്കുമ്പോഴാണ് നിരൂപകന്‍ സൃഷ്ടികളെ നിരാകരിക്കുകയും പരിഹസിക്കുകയും ഭസ്മീകരിക്കുകയും ചെയ്യുന്നത്. താന്‍ സാഹിത്യത്തെ സമീപിക്കുന്ന രീതിയെപ്പറ്റി അവരിപ്രകാരം പറയുന്നു; “സാഹിത്യത്തെ ഭാര്യയെന്ന പോലെയോ സഹോദരിയെന്ന പോലെയോ ഒക്കെ സമീപിക്കാം, ഞാന്‍ സാഹിത്യത്തെ ഭര്‍ത്താവിനെയെന്ന പോലെ സ്‌നേഹത്തോടെയും മനഃശാസ്ത്രപരമായുമെല്ലാം സമീപിക്കുന്നു. അതിലെന്താണ് തെറ്റ് ? വിജ്ഞാനപദ്ധതികളിലധിഷ്ഠിതമായ സാഹിത്യ നിരൂപണങ്ങള്‍ സമഗ്ര ദര്‍ശനത്തിന് ഓരോ വിധത്തില്‍ സഹായകമായിത്തീരുന്നു” (സത്യം ശിവം സുന്ദരം, മലായള നിരൂപണംപി.കെയ്ക്ക് ശേഷം, പേജ് 2,93). കാലോചിതമായി വിജ്ഞാനവും മനഃസജ്ജീകരണവും നേടാന്‍ ശ്രമിക്കുന്നതു കൊണ്ടാണ് പ്രാചീന സാഹിത്യകാരന്മാരുടെ കൃതികള്‍ മുതല്‍ ആധുനിക സാഹിത്യകാരന്മാരുടെ കൃതികളോടു വരെ തന്മയീഭവിക്കാനും സത്യസൗന്ദര്യങ്ങള്‍ ഇഴ വിടര്‍ത്തിക്കാണിക്കാനും കലാമൂല്യമില്ലാത്തതിനെ പതിരായി തള്ളാനും ഡോ.ലീലാവതിക്ക് കഴിഞ്ഞത്. തന്റെ നിരൂപണ രീതിയെപ്പറ്റിയും അവരിപ്രകാരം പറയുന്നുണ്ട്; “പൗരസ്ത്യ മാര്‍ഗ്ഗത്തോടാണ്എനിക്കാഭിമുഖ്യമുള്ളത്, സാമൂഹ്യശാസ്ത്രം, മനഃശാസ്ത്രം മുതലായവയെപ്പറ്റി ലഭിച്ചിട്ടുള്ള പരിമിതമായ അറിവുകള്‍ വിചിന്തനങ്ങളില്‍ കലരുമെങ്കിലും അടിസ്ഥാനപരമായി കൈക്കൊള്ളുന്ന സമീപന രീതി പൗരസ്ത്യമാണ്. സമൂഹാബോധമനസ്സ്, ആദിപ്രതീകം മുതലായ പദങ്ങള്‍ യുങ്ങിന്റെ മനഃശാസ്ത്ര പദ്ധതിയില്‍ നിന്ന്എടുക്കാറുണ്ടെങ്കിലും അവ കണ്ടു വ്യക്തമാക്കാവുന്ന ആശയങ്ങള്‍ പൗരസ്ത്യപദ്ധതിക്ക് അപരിചിതമല്ല. തികച്ചും മനഃശാസ്ത്രപരം എന്നു വിശേഷിപ്പിക്കാവുന്നതല്ല എന്റെ അപഗ്രഥന രീതി. സൈക്കോ അനാലിസിസ്സിന്റെമണ്ഡലങ്ങളിലേക്ക് ഞാന്‍ പ്രവേശിക്കാറേയില്ല. എന്നാല്‍ അവയൊക്കെ കൊക്കില്‍കൊള്ളുന്നവര്‍ കൊത്തിയെടുക്കുന്നതു കാണുമ്പോള്‍ അന്യര്‍ക്ക് അസഹിഷ്ണുതപാടില്ല എന്നാണെന്റെ പക്ഷം” (സത്യം ശിവം സുന്ദരം‘, രണ്ടു തരം സങ്കീര്‍ണ്ണതകള്‍, പേജ് 106107). രണ്ടിനേയും ആകാവുന്നിടത്തോളം സമന്വയിപ്പിക്കുന്നതോടൊപ്പം സ്വഭാഷാ സാഹിത്യത്തിന്റെ ആഴങ്ങളിലേക്ക് വേരുള്ള നിരൂപണമായിരിക്കണമെന്നും അവര്‍ക്കു നിര്‍ബന്ധമുണ്ട്. സിദ്ധാന്തവിജ്ഞാനംകൊണ്ടു മാത്രം നല്ല നിരൂപണമുണ്ടാവില്ലെന്നും സാധന മാത്രമോ പാണ്ഡിത്യം മാത്രമോ പോരെന്നും ശക്തിയും പദസ്വാധീനവും ലോകജ്ഞാനം, അനുഭവസമ്പന്നത എന്നിവയും നിരൂപകനില്‍ ഒത്തിണങ്ങണമെന്നും അവര്‍ക്കഭിപ്രായമുണ്ട്. ചുരുക്കത്തില്‍ ഭാവയിത്രി പ്രതിഭയും വിജഞാനവും ഒന്നിച്ചാല്‍ മാത്രമേ നല്ലനിരൂപകനും നല്ല നിരൂപണവും ഉണ്ടാവുകയുള്ളു എന്നാണ് അവര്‍ വിശ്വസിക്കുന്നത്.

തനിയ്ക്കാഭിമുഖ്യമുള്ള നിരൂപണ രീതിയെപ്പറ്റിയും ഡോ.ലീലാവതി സൂചന നല്‍കുന്നുണ്ട്. “സാഹിത്യത്തെ മൗലികമായ ഒരു വാങ്മയ കലയായി നിരീക്ഷിക്കുകയും സൗന്ദര്യപരമായ ഭാവബന്ധങ്ങള്‍ ഇഴ വിടര്‍ത്തിക്കാണിക്കുകയും, അവയുടെ അസ്തതല ജീവിത യാഥാര്‍ത്ഥ്യങ്ങളും സാമൂഹിക മൂല്യങ്ങളും അനാവരണം ചെയ്യുകയും ഈ പ്രക്രിയയില്‍ ഏതെങ്കിലും പദ്ധതിയോടു മാത്രമായി ഒട്ടിപ്പിടിക്കാതിരിക്കാന്‍ ശ്രമിക്കുകയും, പൂര്‍വ്വനിശ്ചയങ്ങളോ വ്യക്തിനിഷ്ഠ താല്‍പ്പര്യങ്ങളോ കൂടാതെ ഉന്മീലനവിദ്യ കയ്യാളുകയും ചെയ്യേണ്ടവരാണ് പഴംകൂറ്റുകാര്‍” എന്ന് (സാഹിത്യ നിരൂപണത്തിലെ ദിശാബോധം‘, ദിശാബോധം മലയാളത്തിലെ പ്രയുക്ത നിരൂപണത്തില്‍, പേജ് 62). നിരൂപണഷള്‍ക്കത്തിന്റെ (ഡോ.രാഘവന്‍പിള്ള, ഗുപ്തന്‍നായര്‍, ഡോ.കെ.എന്‍.എഴുത്തച്ഛന്‍, എന്‍.വി.കൃഷ്ണവാരിയര്‍, എം.പി.ശങ്കുണ്ണിനായര്‍, എന്‍.കൃഷ്ണപ്പിള്ള) നിരൂപണരീതിയെ അഭിന്ദിക്കവേ, ആ ദിശാബോധം തന്നെയാണ് തനിക്കും സ്വീകാര്യമായിട്ടുള്ളതെന്നും നിരൂപണത്തില്‍ അവരുടെ പിന്‍ഗാമിതന്നെയാണ് താനെന്നും സൂചിപ്പിക്കുക കൂടിയാണ് ഡോ.ലീലാവതി ചെയ്യുന്നത്.നിരൂപണം എങ്ങനെയാവരുതെന്നും അവര്‍ക്കഭിപ്രായമുണ്ട്. “നിരൂപണത്തിന്റെ ലക്ഷ്യം പര്‍വ്വതങ്ങളെ തകര്‍ക്കുകയല്ല. അങ്ങനെ തകര്‍ത്താല്‍ പിന്നെയുണ്ടാവുന്ന മണ്ണൊലിപ്പു കൊണ്ട് ഭാഷയും സാഹിത്യവും തരിശുഭൂമിയായിത്തീരുകയാവും ഫലം. നിരൂപണത്തിന് ഡയനാമൈറ്റിന്റെ ശക്തിയുണ്ടെങ്കില്‍ അതുപയോഗിക്കേണ്ടത് പാറക്കെട്ടുകള്‍ പൊട്ടിച്ച്അവയ്ക്കിടയില്‍ വര്‍ത്തിക്കുന്ന കുളുര്‍ത്ത സൗന്ദര്യപൂരത്തെ പുറത്തുകൊണ്ടുവന്ന് വരള്‍ച്ച തീര്‍ക്കാനാണ്” (സത്യം ശിവം സുന്ദരം‘, മലയാളനിരൂപണം പി.കെയ്ക്കു ശേഷം, പേജ് 89). “സാഹിത്യകാരന്മാരെ കൊന്നു കൊലവിളിക്കാന്‍ ഉദ്യുക്തരായ ഉന്മൂല വിദഗ്ധരല്ല ഉന്മൂലനവിരുദ്ധാണ് കൂടുതല്‍ ബഹുമാന്യര്‍. വെടിക്കെട്ടു കണ്ട് കണ്ണുതള്ളിപ്പോവുന്നവരുണ്ട്. തായമ്പകയുടെ നാദോത്സവം പക്ഷേ അധഃകൃതമാവുകയില്ല. കമ്പക്കെട്ടു നിരൂപണത്തേക്കാള്‍  തായമ്പക നിരൂപണത്തിന് സാഹിത്യശിവപുരം എന്നും കാതോര്‍ക്കാറുണ്ട്”  (‘സാഹിത്യനിരൂപണത്തിലെ ദിശാബോധം‘, ദിശാബോധം മലയാളത്തിലെ പ്രയുക്ത നിരൂപണത്തില്‍, പേജ് 60) തുടങ്ങി അഭിപ്രായങ്ങള്‍ ഒച്ചപ്പാടുണ്ടാക്കുന്ന ഖണ്ഡനവിമര്‍ശനങ്ങളോടുള്ള അവയുടെ വിപ്രതിപത്തിയിലേക്കാണ്

Comments

comments