സര്‍ഗ്ഗസ്വാതന്ത്ര്യം പരമപ്രധാനമാണെന്നുള്ള ഉറച്ച അഭിപ്രായം യഥാര്‍ത്ഥ പുരോഗമന സാഹിത്യകാരനായ എം.പി.പോളിന് ഉണ്ടായിരുന്നു.

നിരൂപകഷള്‍ക്കം ബുദ്ധിശക്തി കൊണ്ടും പാണ്ഡിത്യം കൊണ്ടും അപഗ്രഥനപാടവം കൊണ്ടും ഗ്രന്ഥപരിചയ വൈപുല്യം കൊണ്ടും നിരൂപക പഞ്ചകത്തേക്കാള്‍ ഒട്ടും പിറകിലല്ലെന്ന് ഡോ.ലീലാവതി കണ്ടെത്തിയിട്ടുണ്ട്. “നിരൂപണവിധേയമായ കൃതികളുടെ സമഗ്രസത്ത കണ്ടെത്താനും ആഴങ്ങളിലേക്കിറങ്ങിച്ചെല്ലാനും സന്തുലിത വീക്ഷണത്തോടെ മൂല്യനിര്‍ണ്ണയം ചെയ്യാനും മാരാര്‍ മുണ്ടശ്ശേരി ഗ്രൂപ്പിനേക്കാള്‍ കൂടുതല്‍ വ്യഗ്രതയും നിഷ്‌ക്കര്‍ഷതയും പ്രകടിപ്പിച്ചു. പൂര്‍വ്വ നിശ്ചയങ്ങളും കടുംപിടിത്തങ്ങളും പെട്ടെന്നു പിടിച്ചെടുക്കുന്ന ശൈലീവിശേഷണങ്ങളും ഇല്ലാത്തതു കൊണ്ട് ഇവരുടെ നിരൂപണങ്ങള്‍ വെടിക്കെട്ടു പോലെ ശബ്ദായമാനമായിട്ടില്ല. പക്ഷേ കൂടുതല്‍ വസ്തുനിഷ്ഠവും സത്യസന്ധവും സന്തുലിതവുമായതുകൊണ്ട് കാലത്തിന്റെചേറ്റിക്കൊഴിക്കല്‍ കഴിയുമ്പോള്‍ പതിരായിപ്പറന്നു പോവുകയില്ല” (സത്യം ശിവംസന്ദരം‘, പക്വവും സന്തുലിതവുമായ നിരൂപണം. പേജ് 250) എന്ന് ഉറപ്പിച്ചുപറയാന്‍ അവര്‍ മടികാണിക്കുന്നില്ല. അക്കൂട്ടത്തിലെഡോ.കെ.എന്‍.എഴുത്തച്ഛനെപ്പറ്റി അവരിപ്രകാരം പറയുന്നു; “മാര്‍ക്‌സിസ്റ്റ് തത്വശാസ്ത്രത്തിന്റെ പൊരുള്‍ പഠിച്ചറിഞ്ഞെങ്കിലും മാനവ വിചിന്തനത്തിന്റെ അവസാന വാക്കാണ് മാര്‍ക്‌സ് എന്നു ധരിച്ചില്ല. ഒരു രാഷ്ട്രീയ കക്ഷിയുടെയും ദല്ലാളോ വക്താവോ ആവാത്തതിനാല്‍ ആരും പൊക്കിപ്പിടിച്ചു നടന്നില്ല. ധൈഷണികജീവിതത്തിന്റെ സ്വതന്ത്രത എന്നും സൂക്ഷിച്ചു. ഏതു വിജ്ഞാനശാഖയില്‍ നിന്നും തന്റെ യുക്തി വിചാരത്തിനും ശാസ്ത്രീയ വീക്ഷണത്തിനും അഭിമതമായവ സ്വീകരിച്ചു” (‘സത്യം ശിവം സുന്ദരം, സാഹിത്യ നിരൂപണത്തിലേയ്ക്ക് ഡോ.കെ.എന്‍.എഴുത്തച്ഛന്റെ സംഭാവന, പേജ് 127). വിതണ്ഡതയോ പാണ്ഡിത്യ പ്രകടനമോ അലങ്കോലപ്പെടുത്താത്ത നിരൂപണമാണ് ഗുപ്തന്‍ നായരുടേത് എന്നും യുവരംഗകോലാഹലങ്ങള്‍ അതില്‍ കാണുകയില്ലെന്നും വീരരസമല്ല ശാന്തരസമാണ്അനുഭവപ്പെടുകയെന്നും ഡോ.ലീലാവതി അഭിപ്രായപ്പെടുന്നു. എന്നാല്‍ രണ്ടുതരം നിരൂപണത്തിനോടും താല്‍പര്യമുള്ളവര്‍ ആസ്വാദകര്‍ക്കിടയില്‍ ഉള്ളതു കൊണ്ട് രണ്ടിനും പ്രാധാന്യമുണ്ടെന്നാണ് അവരുടെ കണ്ടെത്തല്‍. “ദുര്യോധനവധത്തിന് നളചരിതമോ നളചരിതത്തിന് ദുര്യോധനവധമോ പകരം വെക്കാന്‍ പറ്റുമോ?” (‘സത്യംശിവം സുന്ദരം‘, പക്വവും സന്തുലിതവുമായ നിരൂപണം, പേജ് 254). പഠനം അപഗ്രഥനം, മൂല്യനിര്‍ണ്ണയം എന്നിവയില്‍ ശ്രദ്ധിച്ച് നിര്‍മ്മലമായി നിരൂപണംചെയ്യുന്നതാണ് എന്‍.വി.കൃഷ്ണവാരിയരുടെ രീതി. ഏതു വാങ്മയത്തേയും സാഹിത്യമാക്കുന്നത് അതിന്റെ സൗന്ദര്യാത്മകതയാണെന്നും അതിന്റെ പ്രതിജ്ഞാബദ്ധത, സത്യശിവോന്മുഖത, പ്രധാനമാണെന്നും എന്‍.വി.വിശ്വസിച്ചു. മാറ്റവും പുരോഗതിയുമുണ്ടാക്കി സമൂഹശിവോന്മുഖമാവണമെങ്കില്‍ സാഹിത്യകൃതിയ്ക്ക് കലാചാരുതയുണ്ടാവണമെന്നും സൗന്ദര്യാത്മകത നിശ്ചയിക്കുന്നത് ഭാവയിത്രിയായ പ്രതിഭയുള്ള സഹൃദയനാണെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്ത നിരൂപകനാണ് എന്‍.വി.യെന്ന ഡോ.ലീലാവതി അഭിപ്രായപ്പെടുന്നു.

കവിതയെ മാനസികാപഗ്രഥനരീതിയിലൂടെ വ്യാഖ്യാനിക്കുന്നതില്‍ തികഞ്ഞ അപൂര്‍വ്വതയും പ്രതിഭാ ശക്തിയും പ്രകടിപ്പിച്ച നിരൂപകനെന്ന് എം.എന്‍.വിജയനെ ഡോ.ലീലാവതി പ്രകീര്‍ത്തിക്കുന്നുണ്ട് പല സന്ദര്‍ഭങ്ങളിലും. പുതിയ സിദ്ധാന്തങ്ങള്‍ കണ്ടെത്തിയില്ലെങ്കിലും, സ്വന്തം ശബ്ദം വേറിട്ടു കേള്‍പ്പിച്ചാല്‍ത്തന്നെ വഴികാട്ടിയായി അംഗീകരിക്കപ്പെടുന്നതിന് ഉദാഹരണമാണ് കെ.പി.അപ്പനെന്നും ചൂണ്ടിക്കാണിക്കുന്നു. സീതാകാവ്യപഠനം സുകുമാര്‍ അഴീക്കോടിന്റെ ശ്രദ്ധേയമായ സംഭാവനയായി ഡോ.ലീലാവതി വിലയിരുത്തുന്നു. “ചിര തപസ്സുകൊണ്ടു പോലും കെട്ടടങ്ങാത്ത ഒരഗ്നി സീതയുടെ അന്തരാത്മാവിനെ ദഹിപ്പിച്ചുകൊണ്ടിരുന്നതിന്റെ വൈകാരിക സത്യം വ്യക്തമാക്കിത്തരികയും അതിന്റെ മാനുഷികത സ്ഥാപിക്കുകയും ചെയ്തു എന്നതാണ് അഴിക്കോടിന്റെ നൂതന സംഭാവന” (സത്യം ശിവംസുന്ദരം‘, അഴിക്കോടിന്റെ സീതാകാവ്യപഠനം, പേജ് 222). എന്നാല്‍ അദ്ദേഹത്തിന്റെ മലയാള സാഹിത്യ വിമര്‍ശനത്തിലെ വൈദേശിക സ്വാധീനംഎന്ന ഗ്രന്ഥത്തെ വിലയിരുത്തുമ്പോള്‍ സമകാലികരായ വിമര്‍ശകരില്‍ പലരേയും ഒഴിവാക്കിയതിനെ ഡോ.ലീലാവതി രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.ഒച്ചപ്പാടുണ്ടാക്കിയ തിരസ്‌കാരങ്ങളിലൂടെ ഖണ്ഡന വിമര്‍ശന കേന്ദ്രത്തില്‍ നിലയുറപ്പിച്ചുവെങ്കിലും മലയാള സാഹിത്യ നിരൂപണത്തില്‍ നൂതനമായവഴിത്തിരിവുണ്ടാക്കിയെന്ന് സുകുമാര്‍ അഴീക്കോടിന്റെ നിരൂപണത്തെപ്പറ്റിപറയുന്നത് മുണ്ടശ്ശേരിയുടെ ശൈലിയില്‍ അധികപ്പറ്റ് ആയിരിക്കും” (സാഹിത്യനിരൂപണത്തിലെ ദിശാബോധംമലയാളത്തിലെ പ്രയുക്ത നിരൂപണത്തില്‍, പേജ് 59). സത്യം കണ്ടെത്താനുള്ള ശ്രമത്തില്‍ അവരെല്ലാവരെപ്പറ്റിയും നല്ലതു മാത്രമല്ല പറയുന്നതെന്നു വ്യക്തമാകുന്നുണ്ടല്ലോ. അമ്മ നിരൂപണംഎന്നു പറയുന്നത് വേണ്ടി വന്നാല്‍ ശിക്ഷിക്കുകയും ചെയ്യുന്ന അമ്മയെക്കൂടി  ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും.

കവിതാമണ്ഡലത്തിലേക്കുപ്രവേശിക്കുമ്പോള്‍ പ്രത്യേകമായ ഒരാഹ്വാനം തന്നെ ഡോ.ലീലാവതിക്കുണ്ട്.വര്‍ണ്ണരാജിയുടെ ആമുഖത്തില്‍ അവരിപ്രകാരം പറയുന്നു; “മലയാളത്തിലെ മറ്റുസാഹിത്യ ശാഖകളെങ്ങനെയായാലും ഒരു മായാത്ത മഴവില്ലിന്റെ ശോഭയുണ്ട്കവിതയ്ക്ക്. ശബളാഭമായ വര്‍ണ്ണരാജിക്ക് കാന്തിമണ്ഡലത്തിനു പുറമെ ഒരു കാന്തമണ്ഡലവുമുണ്ട്. അവ കുറച്ചെങ്കിലും അനാവരണം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഈ ഉദ്യമം ധന്യമായി”. ഈ വാക്കുകളില്‍ നിന്നുതന്നെ തന്റെ നിരൂപണത്തിന്റെ ലക്ഷ്യം കവിതയുടെ സൗന്ദര്യ ദര്‍ശനമാണെന്നുവ്യക്തമാകുന്നുണ്ടല്ലോ. എന്താണ് ഉത്തമ കവിത, എന്താണ് ആസ്വാദനം എന്നതിനെക്കുറിച്ചും വ്യക്തമായ ധാരണയോടെയാണ് അവര്‍ കവിതയെ സമീപിക്കുന്നത്. വയലാറിന്റെ കവിതയ്ക്ക് ആഴമില്ല എന്നു പറയുന്ന നിരൂപകര്‍ക്ക് മറുപടികൊടുത്തുകൊണ്ട്, കവിതാധ്വനിയിലെ സര്‍ഗ്ഗസംഗീതം എന്ന ലേഖനത്തിന്റെആമുഖത്തില്‍ ഇങ്ങനെ വിശദീകരിക്കുന്നു (പേജ് 111). ഭാരതീയ സാഹിത്യനിരൂപണത്തില്‍ കവിതയുടെ ആഴത്തെക്കുറിച്ച് ധാരാളം പഠനങ്ങള്‍ നടന്നിട്ടുണ്ട്. അര്‍ത്ഥധ്വനികളെപ്പറ്റിയും രസഭാവധ്വനികളെപ്പറ്റിയും നിഷ്‌കൃഷ്ടവും സൂക്ഷ്മവുമായ കാഴ്ചപ്പാട് അവര്‍ക്കുണ്ടായിരുന്നു. രസധ്വനിയും ഭാവധ്വനിയും മറ്റുമുള്ള കവിത അവര്‍ ഉത്തമകോടിയില്‍ കണ്ടു. ഉക്തിവൈചിത്ര്യമോ പ്രതിക സംവിധാന സങ്കീര്‍ണ്ണതയോ ഒന്നുമില്ലെങ്കിലും ധ്വനിസൗന്ദര്യമുണ്ടെങ്കില്‍ കവിത ആഴമുള്ളതാകും. അര്‍ത്ഥ സങ്കീര്‍ണ്ണത, ദുരൂഹത മുതലായവ ഇല്ലാത്ത ലളിത കവിതയ്ക്കും ആഴവും ഗൗരവവുമുണ്ടെന്ന്പൗരസ്ത്യര്‍ അംഗീകരിച്ചു. സങ്കീര്‍ണ്ണമായ വസ്തു ധ്വനിയോ അലങ്കാരധ്വനിയോ ഉണ്ടായാലേ കവിത ഉത്തമമാകൂ എന്ന് ശഠിച്ചില്ലെന്നു മാത്രമല്ല അഗ്രപൂജ നല്‍കേണ്ടത് രസഭാവധ്വനികള്‍ക്കാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ശൃംഗാരവീരാദി രസങ്ങള്‍ക്ക് സമഗ്ര ജീവിത ചിത്രണമുള്ള കൃതികളിലേ പ്രസക്തിയുള്ളൂ. അനന്തമായ മാനുഷഭാവങ്ങളില്‍ ഏതു ധ്വനിപ്പിച്ചാലും മുക്തകമോ ലഘു കവിതയോ ഉത്തമഗണത്തില്‍പ്പെടും. പൗരസ്ത്യ സാഹിത്യ നിരൂപണത്തിന്റെ വെളിച്ചത്തില്‍  വിശാലമായ കാഴ്ചപ്പാടോടു കൂടിയാണ് അവര്‍ കവിത അവതരിപ്പിക്കുന്നത്.അന്തര്‍ഭാവം ആസ്വാദകന്റെ വ്യക്തിത്വത്തില്‍ നിദ്രാണാവസ്ഥയിലെങ്കിലും കുടികൊണ്ടാല്‍ മാത്രമേ അയാള്‍ക്ക് ആ കൃതി ആസ്വദിക്കാന്‍ കഴിയുകയുളളൂ. ആത്മാലാപ രൂപത്തിലുള്ള ഭാവഗീതങ്ങളുടെ ഉറവ പൊട്ടുന്നത് ആദ്ധ്യാത്മികദുഃഖത്തില്‍ നിന്നായാലും അതിഭൗതിക ദുഃഖത്തില്‍ നിന്നായാലും അതുമായി ഹൃദയസംവാദം നേടണമെങ്കില്‍ തദനുസൃതമായ മനഃസജ്ജീകരണം ആവശ്യമാണ്. വാഴക്കുലക്കു വേണ്ട മനഃസജ്ജീകരണമല്ല ഗീതാജ്ഞലി ആസ്വദിക്കാന്‍ വേണ്ടത് (വര്‍ണ്ണരാജി‘, മഹാനായ ദാര്‍ശനിക കവി, പേജ് 10-11.) ഏതുതരം കൃതികളെയും ആസ്വദിക്കാനുള്ള മനഃസജ്ജീകരണം അവര്‍ക്കുള്ളതു കൊണ്ടാണ് അവരുടെ കവിതാനിരൂപണം മണ്ഡന നിരൂപണമായത്.

നവതരംഗംഎന്ന കൃതിയില്‍ ആശാന്‍ കവിയും മനുഷ്യനുംഎന്ന ലേഖനത്തില്‍ യുങ്ങിന്റെ മനഃശാസ്ത്ര തത്വങ്ങള്‍ ഉപയോഗിച്ചാണ് ഡോ.ലീലാവതി ആശാന്റെ കഥാപാത്രങ്ങളേയും അവയിലെ സാത്വിക പ്രണയസങ്കല്പങ്ങളേയും കവിയുടെ ജീവിതവുമായി ബന്ധപ്പെടുത്തി അപഗ്രഥിക്കുന്നത്.ആശാന്റെ അടിച്ചമര്‍ത്തപ്പെട്ട ജീവിതരീതിയും സഹജമായ ആത്മീയതയും ഉരുകിച്ചേര്‍ന്നൊന്നായി അബോധതലത്തില്‍ കൈക്കൊള്ളുന്ന ഉദാത്ത രൂപങ്ങള്‍തന്നെയാണ് നളിനിയെപ്പോലുള്ള കഥാപാത്രങ്ങളായി രൂപം കൊള്ളുന്നത്. നളിനി കവിയുടെ അന്തരാത്മാവിന്റെ പൂര്‍ണ്ണാവതരാമാണ്. മറ്റു സ്ത്രീകള്‍അംശാവതാരങ്ങളും. യുങ്ങിന്റെ ഭാഷയില്‍ ആശാന്റെ അനിമയാണ് നളിനി. അത്തല്‍തീര്‍ന്ന യമിയാവാന്‍ ആശാനിലെ ദിവാകരത്വംകൊതിച്ചാലും ജയിക്കുന്നത്നളിനീത്വമാണ്. രക്തിയും വിരക്തിയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ വിജയംവിരക്തിക്കല്ല രക്തിക്കാണ്. ഭൗതികതയും, ആത്മീയതയും തമ്മിലുള്ളസംഘര്‍ഷത്തില്‍ ആശാന്റെ ജീവിതത്തിലും ജയിക്കുന്നത് ഭൗതികതയാണല്ലോ. ആശാന്റെഅബോധമനസ്സറിയാന്‍ അപഗ്രഥിക്കേണ്ടത് സ്ത്രീ കഥാപാത്രങ്ങളേയും ബോധമനസ്സിന്റെപ്രവണതയറിയാന്‍ പഠിക്കേണ്ടത് പുരുഷകഥാപാത്രങ്ങളേയുമാണ്. ദിവാകരത്വം ആശാന്റെ പേഴ്‌സോണയുടെ (ബാഹ്യവ്യക്തിത്വം) അംശവും നളിനി ഷാഡോയുടെ (ആന്തരവ്യക്തിത്വം) അംശവുമാണ്. പേഴ്‌സോണയുടെ തീവ്രവിരക്തിയും ഷാഡോയുടെ ഉല്‍ക്കടരക്തിയും തമ്മിലുള്ള സംഘര്‍ഷത്തില്‍ ജയിക്കുന്നത് രക്തിയാണ്; നളിനീത്വമാണ്. വിരക്തിയുടെ ദര്‍ശനം ജയിച്ചു എന്നു പറയുന്നത് കവിതയുടെ ആഴത്തില്‍ പ്രവേശിക്കാത്ത നിരൂപകരാണ്. അല്ലാതെ കവിയോ കഥാപാത്രമോ അല്ല.ചിന്താവിഷ്ടയായ സീതയിലും രക്തി വിരക്തിയുടെ സംഘര്‍ഷമാണ് വിഷയമായികണ്ടെത്തുന്നത്. ആശാന്റെ അനിമയാണ്, മമതയില്‍ മൂല്യം കാണുന്ന സീതയുടെ രൂപത്തില്‍ നിര്‍മ്മമതയെ ജീവിതദര്‍ശനമാക്കിയ രാമനെന്ന പേഴ്‌സോണയെ വിമര്‍ശിക്കുന്നത്. ചുരുക്കത്തില്‍ ആശാന്റെ ആന്തര വ്യക്തിത്വത്തിന്റെഅനിമയുടെ, അവതാരങ്ങളാണ് മമതയിലും രക്തിയിലും മൂല്യം കാണുന്ന സ്ത്രീകഥാപാത്രങ്ങള്‍. അവര്‍ പേഴ്‌സോണയുടെ അവതാരങ്ങളായ ബുദ്ധന്റെ മാതൃകയിലുള്ള പുരുഷകഥാപാത്രങ്ങളോട് ഏറ്റുമുട്ടുന്നു. ഈ പ്രക്രിയ കവിയുടെ അന്തരാത്മാവില്‍ നിരന്തരമായിട്ടുള്ളതു കൊണ്ടാണ് ഒരേ പാറ്റേണിലുള്ള പ്രമേയങ്ങള്‍ ആശാന്‍ സ്വീകരിച്ചത് എന്ന് ഡോ.ലീലാവതി വിശദീകരിക്കുന്നു. കുമാരനാശാന്‍ ആത്മീയരംഗത്തും

Comments

comments