മറന്നുകൂട. അതിന്റെ ആവർത്തനമായി മനുഷ്യക്കോട്ടയും കണ്ടു – ആ സമരങ്ങളിൽ ഉയർത്തിയ മുദ്രാവാക്യം മറന്നു പോയി. അന്നേവരെ കണ്ടതിൽ വെച്ച് മറക്കാനാവാത്ത സമരമുറയായിട്ടു കൂടി!

കായംകുളം താപനിലയത്തിനെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ വൻബാനർ ജാഥയിൽ കിലോമീറ്ററുകളോളം നീളത്തിൽ ബാനറേന്തി. പരിഷത്ത് തന്നെ ആചാരപരമായി കൊണ്ടാടിയിരുന്ന കലാജാഥയായിരുന്നു പിന്നീടുള്ള ഒരു സ്ഥിരം സമരരൂപം! പുകയില്ലാത്ത അടുപ്പ്, യൂറിക്കോത്സവം തുടങ്ങിയ ഉള്ളടക്കത്തിൽ സമരമുള്ള പ്രവർത്തനങ്ങളിലും പരിഷത്ത് സജീവമായിരുന്നു!

അങ്ങനെ കംപ്യൂട്ടറും മൊബൈലും ഇന്റർനെറ്റും ന്യൂസ്ചാനലുകളും കൈവേഗമുള്ള ഒരു മാന്ത്രികന്റെ കൺകെട്ട് വിദ്യപോലെ പെട്ടന്നങ്ങ് ചുറ്റും നിരന്നു.

പെട്ടെന്നൊരു ദിവസം, ഒരു പെണ്ണ് സെക്രട്ടേറിയേറ്റ് നടയിൽ നിൽക്കുന്ന വേലുത്തമ്പിദളവയുടെ വാളിനു കീഴടക്കാനാവാത്ത മൂർച്ചയോടെ നിന്നു- സി.കെ ജാനു. അക്കാലമത്രയും ഉയർന്നു കേൾക്കാത്ത മൂർച്ച അവരുടെ ആവശ്യത്തിനുണ്ടായിരുന്നു – ആദിവാസിക്ക് ഭൂമി വേണം!

മൃഗങ്ങൾക്കൊപ്പം മാത്രം കണ്ടിരുന്ന വനമനുഷ്യർ തിരോന്തരത്തേയ്ക്ക് കാടിറങ്ങി. കാടിറങ്ങി വന്ന് കുരങ്ങും പുലിയും കരടിയും ആനയും പട്ടയം ചോദിച്ചാൽ തോന്നുന്ന കോമഡിയാണ് പലർക്കും തോന്നിയത്. കാട് നിങ്ങളുടേതല്ലേ… നിങ്ങൾ അവിടെയല്ലേ ? പിന്നെന്തിന് പട്ടയം ? എന്ന നിലയിലുള്ള പൊതുബോധം. മാനിഫെസ്റ്റോ മറിച്ചു നോക്കുന്ന തിരക്കിലായി പാർട്ടികൾ- ഇക്കൂട്ടരെപ്പറ്റി എവിടെയും പറയുന്നില്ലല്ലോയെന്ന് അവർ പുസ്തകം മടക്കി. അവർ രാഷ്ട്രീയ ബോധമില്ലാത്തവരായതിനാൽ മുദ്രാവാക്യം മുഴക്കാനറിയില്ലായിരുന്നു. അവർ അവരുടെ പാട്ടുകളിലൂടെ.. വായ്‌മൊഴിവഴക്കങ്ങളിലൂടെ… തുകലിലൂടെ… കുഴലിലൂടെ ഗർജ്ജിച്ചു. സംഭവം കൈവിട്ടുപോകുമെന്ന് ഉറപ്പായപ്പോൾ തലസ്ഥാനം കൂടെയൊരു കോൽക്കളിയും കളിച്ച്  വാഗ്ദാനങ്ങൾ വാരിക്കൊടുത്ത് അവരെ കാട്ടിലേയ്ക്ക് തിരിച്ചയച്ചു. വാഗ്ദാനം കൊടുക്കാൻ മാത്രം അറിയാവുന്ന വർഗ്ഗമാണ് സെക്രട്ടേറിയേറ്റിലുള്ളത് – അത് നടപ്പിലാകില്ലല്ലോ.

അവർ മുത്തങ്ങയിൽ കുടിൽക്കെട്ടി സമരത്തിന്റെ രൂപം മാറ്റി. അധികാരം അവർക്കു നേരെ തോക്കുകൊണ്ട് മറുപടി പറഞ്ഞു – അങ്ങനെയൊരു പോർമുഖം മുമ്പ് ചരിത്രപുസ്തകത്തിൽ കണ്ട ഏതോ യുദ്ധത്തിൽ മാത്രമേയുണ്ടായിരുന്നുള്ളു. തോക്കുമായി പാഞ്ഞടുക്കുന്ന പോലീസും വടികളും കയ്യിൽ കിട്ടിയ ആയുധങ്ങളുമായി പാഞ്ഞടുക്കു കാട്ടുമനുഷ്യരും. ആ യുദ്ധം ചാനലുകളിലൂടെ വിശദമായി കണ്ട് ജനം തരിച്ചിരുന്നു. അതൊരു ശക്തിപ്രകടനമല്ലെന്നും സമരമാണെന്നും ജനം തിരിച്ചറിഞ്ഞു. ഇങ്ങനെ മരണം കൊണ്ട് സമരം ചെയ്യണമെങ്കിൽ അവരുടേത് ശരിക്കുള്ള പ്രശ്നമാണെന്ന പൊതുബോധമാണ് മുത്തങ്ങ വെടിവെയ്പ്പിനു ശേഷം ഉണ്ടായത്. കാടും അവിടുള്ള മനുഷ്യരും പൊതുബോധത്തിന്റെ ഭാഗമായത് അപ്പോഴാണ്. സിനിമയിൽ കാണുന്ന മുത്തുമാലയിട്ട്ബ്ലൗസിടാതെ സാരിചുറ്റിയ ജയഭാരതിയായിരുന്നു അതേ വരെ മലയാളിയെ സംബന്ധിച്ച് ആദിവാസി. അവിവാഹിതരായ അമ്മമാർ എാന്നൊക്കെ കേട്ടപ്പോൾ, സാക്ഷരതയും കൊണ്ട് കാടുകേറിയവർ കൊടുത്തതാണെന്ന ഗോസിപ്പ് പറഞ്ഞതിനപ്പുറമൊന്നും ഒന്നും അറിയാതിരുന്ന പൊതുബോധത്തിന് വെടിയുണ്ട കൊണ്ട ഞെട്ടലായി മുത്തങ്ങ!

ചെങ്ങറയിൽ റബ്ബർമരക്കൊമ്പുകളിൽ പോളിസ്റ്റർ സാരി കെട്ടി, , മറ്റേ അറ്റം കുടുക്കാക്കി ആത്മഹത്യ ചെയ്യാൻ കയറി നിന്നവരുടെ കണ്ണിലെ തീ… മണ്ണെണ്ണയും തലവഴി ഒഴിച്ച് അവിടെ വീറോടെ ജീവനുള്ള തീക്കുണ്ഡമാകാൻ നിന്ന വൃദ്ധസ്ത്രീകൾ… കേരളത്തിന്റെ പൊതുബോധം ആദിവാസിയിലേയ്ക്ക് വീണ്ടുമുണരുകയായിരുന്നു. നിഷ്‌കളങ്കരായ കുഞ്ഞുങ്ങൾ കരയുമ്പോൾ ആരും പറയില്ലേ, വിശന്നിട്ടാകും അതിനെന്തേലും കൊടുക്കെന്ന്, അതേപോലെ ആദിവാസികളോട് അനുകമ്പയുള്ളൊരു ജനത സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു, ഇതടക്കമുള്ള ആദിവാസി സമരങ്ങളിലൂടെ. അവർക്ക് എന്തൊക്കയോ പ്രശ്നങ്ങളുണ്ട്, അത് തങ്ങളുടെ പ്രശ്‌നങ്ങളെക്കാൾ വലുതാണ്, റോഡിലെ ഗട്ടറുകൾ നികത്തുതിലും വലുത്… പാൽവില കൂടുന്നതിലും വലുത്… സബ്‌സിഡി സിലിണ്ടർ കുറയ്ക്കുതിലും വലുത്… പ്ലീസ്, സർക്കാർ അവരുടെ പ്രശ്‌നമൊന്ന് വേഗം പരിഹരിച്ചു കൂടെ എന്നതു തന്നെയാണ് പൊതുബോധം. കാരണം, ആദിവാസികളുടെ സമരം വിശക്കുന്ന കുഞ്ഞിന്റെ കരച്ചിൽ പോലെ നിഷ്‌കളങ്കമെന്ന് പൊതുജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. അതുപോലും പരിഹരിക്കാനാവാത്ത മണ്ടശിരോമണികളാണ് സർക്കാരെന്ന് വന്നാൽ, നിലവിലുള്ള ഭരണ- പ്രതിപക്ഷ രാഷ്ട്രീയക്കൂട്ടങ്ങൾ പൊതുബോധത്തിൽ നിന്ന് പടിയടയ്ക്കപ്പെടും.

എന്നിരിക്കെയാണ്, വീണ്ടും കാട് സെക്രട്ടേറിയേറ്റ് നടയിലേയ്ക്കിറങ്ങിയത്. ഇപ്പോൾ നിൽപ്പാണ് സമരം. നിൽക്കുകയാണ്, നിലനിൽപ്പിനായി ഒരു ജനത. ആദിവാസിയായ ഒരു മന്ത്രി തങ്ങളുടെ മന്ത്രിസഭയിലുണ്ടെന്ന് വീമ്പിളക്കുന്ന സർക്കാരിനു മുന്നിലാണ് ഈ നിൽപ്പെന്നതാണ് സമരത്തിന്റെ കരിന്തമാശ. ഒന്നും മിണ്ടാതെ നിൽപ്പോട് നിൽപ്പാണ്. എന്തുമിണ്ടാൻ… എന്തു വിളിച്ചു പറയാൻ – എല്ലാം എല്ലാവർക്കും അറിയാവുന്നതല്ലേ?

പഠിപ്പുമുടക്കും കല്ലേറും നിർത്തുകയാണെന്നും പുതിയ സമരമുറകളിലേയ്ക്ക് പ്രവേശിക്കുകയാണെന്നും ശക്തിയുള്ള പാർട്ടികളിലെ വിദ്യാർത്ഥി- യുവജന പ്രസ്ഥാനങ്ങൾ പ്രഖ്യാപിച്ചപ്പോൾ നിൽപ്പ് സമരം തുടങ്ങിക്കഴിഞ്ഞിരുന്നു.  അവരുടെ മുദ്രാവാക്യം കൈചുരുട്ടി ആകാശത്തേയ്‌ക്കെറിഞ്ഞല്ല. പകരം, ഭൂമിയിലേയ്ക്ക് കാൽ അമർത്തിച്ചവിട്ടിയാണ്.

വിശുവലഞ്ഞ പശു പയർ വള്ളിയെന്ന് കരുതി രാജസഭയുടെ മണിവള്ളിയിൽ കടിച്ചതും ആരോ പരാതി പറയാനാണ് വന്നതെന്ന് കരുതി പുറത്തിറങ്ങിയ രാജാവ്, വിശപ്പാണ് ആ മിണ്ടാപ്രാണിയുടെ പരാതിയെന്ന് തിരിച്ചറിയുകയും പരിഹരിക്കുകയും ചെയ്തതൊക്കെ ജനം

Comments

comments