ഉസ്‌ക്കൂളിൽ പഠിച്ചിട്ടുണ്ട് സാറന്മാരേ. ഭരിക്കുവർ അങ്ങനെയാകണമെന്ന നീതിസാരമാണ് ജനത്തിന്റെ മനസിലുള്ളത്. മറ്റൊരു സമരത്തിനില്ലാത്തവിധം ജനപിന്തുണ ചുറ്റുപാടുനിന്നും നിൽപ്പു സമരത്തിലേയ്ക്ക് പതിയപ്പതിയെ ഇരച്ചു വരുതു കണ്ടോ? അത് ആ നീതിബോധം ജനത്തിനുള്ളതുകൊണ്ടാണ്.

മീഡിയ കണ്ടില്ലെന്ന് നടിച്ചങ്ങനെ നിൽക്കുകയായിരുന്നു. എക്‌സ്‌ക്ലൂസീവായ സിനിമാത്തലകൾ നിൽപ്പ് സമരത്തിന് പിന്തുണയുമായി എത്തിയപ്പോൾ മീഡിയയ്ക്ക് കണ്ടില്ലെന്ന് നടിക്കാനായില്ല. ആഷിക്ക് അബുവടക്കമുള്ളവർ തിരുവനന്തപുരത്തെത്തി നിൽപ്പു സമരത്തിന്റെ രാഷ്ട്രീയം പറഞ്ഞപ്പോൾ മീഡിയക്ക് അവിടെ ഓബിവാനുകളുമായി കാത്തു നിൽക്കേണ്ടി വന്നു. അവർ വന്നത്, നിൽപ്പെന്ന സമരത്തിന്റെ തീഷ്ണതയിൽ മനം നൊന്തതുകൊണ്ടുതന്നെയാകണം. ഒന്നു നിന്നു നോക്കൂ, തുടർച്ചയായി ഒരു മണിക്കൂറെങ്കിലും, അപ്പോഴറിയാം ആ നിൽപ്പിന്റെ തീവ്രത. അവകാശം രേഖയാകുന്നതു വരെ കാത്തു നിൽക്കാൻ ആ കാട്ടുവാസികൾ തയ്യാറാകുമ്പോൾ, നിൽപ്പും നിൽപ്പിന്റെ രാഷ്ട്രീയവും ചുറ്റും പരക്കുകയാണ്.

ആദിവാസി ഭൂസമരം സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുക്കുകയാണ്. ഫേസ്ബുക്കും വാട്ട്സ്ആപ്പുമടക്കമുള്ള മാധ്യമങ്ങളിൽ രോക്ഷാകുലരായ ജനം സമരം തുടങ്ങിയിട്ട് നിൽപ്പ് സമരത്തോളം മാസങ്ങളായി. പലരും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രൊഫൈൽ ചിത്രങ്ങൾ മാറ്റി. ആ മാധ്യമങ്ങളിലെ കൂട്ടായ്മകളിലൂടെ സംഘടിച്ച് കേരളം പലയിടങ്ങളിൽ ഐക്യദാർഢ്യനിൽപ്പ് നിന്നു. ക്യാംപസുകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിൽക്കാൻ തുടങ്ങി. കേരളം വളർന്നു കയറിയ ദേശങ്ങളിലും ഐക്യദാർഢ്യവുമായി മലയാളികൾ നിന്നു. രാഷ്ട്രീയ- മതാതീതമായി ജനം നിൽപ്പ് സമരത്തോട് ഐക്യപ്പെടുകയാണ്. മനസുകൊണ്ട്… ലൈക്കുകൾ കൊണ്ട് സമരത്തിനൊപ്പം നിൽക്കുകയാണ് കേരളം- മുമ്പ് കണ്ടിട്ടില്ലാത്ത വിധം.

പ്രൊഫഷണലുകൾ… വിദ്യാർത്ഥികൾ… വീട്ടമ്മമാർ… കലാപ്രവർത്തകർ എല്ലാവരും നിൽപ്പിനൊപ്പം നിൽക്കുകയാണ്. വഴിയടച്ച് രാപ്പകൽ സമരം ചെയ്തതിന് രോക്ഷാകുലയായ സന്ധ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചവരും നിൽപ്പിനൊപ്പമുണ്ട്. മാറ്റമില്ലാത്തതായി കേരളത്തിലെ സമരരൂപങ്ങൾ മാത്രമേയുള്ളു എന്ന സ്ഥിതിയാണ് നിൽപ്പോടെ മാറുന്നത്.

അരാഷ്ട്രീയമായ കൂട്ടമാണ് ഇതെന്ന തേഞ്ഞ വാദം അവിടെ നിൽക്കട്ടെ. പൊട്ടിമുളയ്ക്കുകയില്ല ഒരു കൂട്ടവും എന്ന് ആദ്യം തിരിച്ചറിയുക. ഒരാൾ നിൽപ്പ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒരു പോസ്റ്റിടുമ്പോൾ അത് ലൈക്ക് ചെയ്യുകയോ, ഷെയർ ചെയ്യുകയോ ചെയ്യുന്നിടത്ത് കൂട്ടായ്മയുടെ ആദ്യ വിത്ത് വീഴുകയായി. ആദിവാസി ഭൂസമരമാണ് നിൽപ്പു സമരമെന്ന് പിന്നെയാകാം അവർ തിരിച്ചറിയുന്നതു പോലും. എല്ലാം കേട്ടുകഴിഞ്ഞു മാത്രം ഉണ്ടാകേണ്ട, ‘പാവം ആദിവാസിഎന്ന അനുകമ്പ വളരെ വേഗത്തിലാണ് ഇവിടെ ഉണ്ടാകുന്നത്. മുത്തങ്ങയിലും ചെങ്ങറയിലും കണ്ട കാഴ്ചകൾ മതി ഇത്തരത്തിലൊരു ബോധം വേഗത്തിൽ ആ സഹജീവികളോട് രൂപപ്പെടാൻ. ആദിവാസിക്കൊപ്പം രാഷ്ട്രീയപ്പാർട്ടികളാരും നിൽക്കില്ല എന്ന തിരിച്ചറിവ് നേരത്തേ തന്നെ ഉള്ളതിനാൽ ഞാൻ അവർക്കൊപ്പമാണെന്ന തീരുമാനവും വേഗത്തിലാകും. എനിക്ക് കഴിയുന്നത് ഞാനവർക്കായി ചെയ്യും എന്നതിലേയ്ക്ക് കൃത്യതയോടെ ഓരോരുത്തരിലും എത്തുകയായി.

1. സമരം എന്നത് കലാരൂപമാണല്ലോ. അതിലുള്ളടക്കം ചെയ്യപ്പെട്ടആശയത്തെ സമരകലയിലൂടെ അവർ അതരിപ്പിക്കുകയാണ്. നിൽപ്പു സമരം തുടങ്ങിയ ശേഷം മൂത്രപ്പുരയില്ലാത്ത സ്‌കൂളിലെ കുട്ടികൾ പൊതുനിരത്തിൽ നിരന്നു നിന്ന് മുള്ളി പ്രതിഷേധിച്ചതു കണ്ടു. ഒരു വിദ്യാർത്ഥി സംഘടനയും ഒരു മുള്ളൽ സമരം പ്രഖ്യാപിക്കാനിടയില്ല. പക്ഷെ, മുള്ളുക എന്നതിനെ തന്നെ സമരരൂപമാക്കിയപ്പോൾ അത് കൂടുതൽ കലാപരമായി – സമരരൂപമപ്പാടെ മാറുകയാണ്. നിൽപ്പ്‌സമരം, അതിന്റെ സമരഘടനയിൽ തന്നെ നല്ല കലാരൂപമാണ്. വരാനിരിക്കുന്ന കലാരൂപങ്ങൾക്കും അവ കുറിക്കുന്ന കലാപങ്ങൾക്കും മുന്നോടിയാണത്.

2. വിദൂരമായ ലക്ഷ്യത്തിലേയ്ക്ക് യാത്രചെയ്യുന്ന സംഘടനകളും ആ യാത്രയിലെ അംഗത്വവും എന്നതിനപ്പുറം തൊട്ടുമുന്നിലുള്ള ലക്ഷ്യത്തിനായി പെട്ടെന്ന് എവിടെ നിന്നൊക്കെയോ തടിച്ചു കൂടുന്ന, അധികാരത്തിന്റെ ഇന്റലിജൻസ് ബ്യൂറോകൾക്ക് മണത്തറിയാൻ സാധിക്കാത്ത സമരങ്ങളുടെ ഫ്‌ളാഷ്‌മോബുകൾഇനിയും പൊട്ടിപ്പുറപ്പെടുകതന്നെ ചെയ്യും.

3. വയലൻസ്, സമരത്തിനുള്ളിൽ തന്നെ അതിനെതിരെ ഗൂഢാലോചന നടത്തുതാണ്. ഒറ്റുകൊടുക്കുതാണ്. കണ്ട സമരങ്ങളിലെല്ലാം ഹിംസകൊണ്ട് സമരത്തെ ചതിച്ച കരിങ്കാലികളേറെയുണ്ട്. ഹിംസാത്മകമല്ലാത്ത സമരങ്ങൾക്കു നേരെ തോക്കുചൂണ്ടാനാവില്ലല്ലോ. ഹിംസയെന്നത് ഏറ്റവും പ്രാചീനമായ സമരമുറയാണ്. തൃപ്പൂണിത്തുറ ആർഎൽവി കോളേജിലെ വിദ്യാർത്ഥികൾ തലസ്ഥാനത്ത് വർഷങ്ങൾക്ക് മുമ്പ് നടത്തിയൊരു സമരമുണ്ട്, അവർ അവരുടെ രക്തംകൊണ്ട് ചിത്രം വരച്ചാണ് സമരം ചെയ്തത്. അവർ രക്തംചൊരിഞ്ഞത് അങ്ങനെയായിരുന്നു. അതുകൊണ്ടുതന്നെ, ഭീഷണിപ്പെടുത്തി സമരങ്ങളെ പരാജയപ്പെടുത്തുന്ന അധികാര തന്ത്രം നിൽപ്പടക്കമുള്ള സമരങ്ങളോട് വിലപ്പോകുമെന്ന് തോന്നുന്നില്ല.

4. മലയാള യൗവ്വനത്തിലെ ചുറുചുറുക്കുള്ള താരങ്ങൾ – ശ്രീനാഥ് ഭാസി, സോബിൻ, ഷ്രിന്ദ, പൂർണ്ണിമ, മൈഥിലി. നിൽപ്പ് സമരത്തോട് ഒപ്പം നിൽക്കാൻ കൈക്കുഞ്ഞിനെയും എടുത്തു വന്ന സംവിധായക ദമ്പതികളായ രാജീവ് രവിയും ഗീതുവും. ആദ്യമേ എത്തിയ ആഷിക്കും റിമയും. കലാപ്രവർത്തകരായ റിയാസ്‌കോമു, ബോസ്‌കൃഷ്ണമാചാരി. സംഗീതകാരൻ ബിജിപാൽ- നിൽപ്പ് സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചവരുടെ നിരയങ്ങനെ നീളുകയാണ്. കച്ചവടപരിപാടികളുമായി നടക്കുന്ന നിങ്ങളാരാണു ഇത്തരം ഗൗരവമുള്ള വിഷയങ്ങളിൽ ഇടപെടാൻ? ഇതൊക്കെ നിങ്ങളുടെ പബ്ലിസിറ്റി സ്റ്റണ്ടല്ലേ എന്ന് പുച്ഛിച്ചവരുമുണ്ട്. സമരങ്ങളുടേയും പ്രതികരണങ്ങളുടേയും മേൽ ചിലർക്കുണ്ടായിരുന്ന കുത്തക തകരുകയാണ്. പ്രതികരണരക്തം ചിലരുടെ മാത്രം സിരയിലുള്ളതാണെന്ന അഹങ്കാരമിനിയങ്ങോട്ട് വാഴില്ല. ഇരിക്കുന്നിടത്ത് നിന്ന് മുളച്ച വേരുകളിലൂടെ വെള്ളവും വളവും കണ്ടെത്തി ജീവിച്ച് നിങ്ങളങ്ങ് മരിക്കും. എല്ലാവർക്കും തെളിഞ്ഞ ബുദ്ധിയുള്ള കാലമാണിത്. ബുദ്ധിജീവികൾ എന്ന പ്രത്യേക വർഗ്ഗം വംശനാശഭീഷണിയിലാണ്. നമ്മിൽ പലരും അവസാനത്തെ ആസ്ഥാന ബുദ്ധിജീവികളും.

5. പത്രവായനയും ന്യൂസ് ചാനൽ കാഴ്ചയും കുറയുകയാണെന്നത് ആ തൊഴിലിടങ്ങളിൽ ജോലി ചെയ്യുന്ന സുഹൃത്തുക്കൾ തിരിച്ചറിയണം. കണ്ണീർപ്പരമ്പരകളോടുള്ള ബോധപൂർവ്വമായ അകലം പോലെയാണത്. നിങ്ങൾ നിരത്തുന്ന തലക്കെട്ടുകളോ, ബ്രേക്കിങ്ങ് ന്യൂസുകളോ അല്ല ഓരോ ദിവസവും കൂടുതൽപ്പേർ ചർച്ച ചെയ്യുതെന്ന് തിരിച്ചറിയുക. യേശുദാസ് ജീൻസിനെ പറ്റി നടത്തിയ പരാമർശം സാമൂഹ്യമാധ്യമങ്ങളിൽ വന്നതുകൊണ്ടു മാത്രമാണ് പത്രങ്ങൾക്കും ചാനലുകൾക്കും ഏറ്റുപിടിക്കേണ്ടി വന്നത്. എഡിറ്റർമാർ തീരുമാനിക്കുന്നകേരളം എന്നഅപ്രമാദിത്യം ഇന്നില്ല. സാമൂഹ്യമാധ്യമങ്ങൾ പത്രങ്ങളേയും – ചാനലിനേയും ബ്രേക്കിങ് ന്യൂസുകൾ കൊണ്ട് നയിക്കുകയാണിന്ന്. സാമൂഹ്യമാധ്യമങ്ങളെക്കാൾ കരുത്തോടെ ബ്രേക്കിങ് ന്യൂസുകൾ കണ്ടെത്തിയില്ലെങ്കിൽ വരാനിരിക്കുന്ന സമരകാലത്ത്, ആ സമൂഹത്തിലെ മീഡിയ ഒരിക്കലും നിങ്ങളായിരിക്കില്ല – നിൽപ്പുസമരം പൊതുമീഡിയ തമസ്‌ക്കരിച്ചിട്ടും സജീവമായി സമൂഹത്തിലെത്തിയതെങ്ങനെയെന്ന് മനസിലാക്കുക. കാരണം ആ തിരിച്ചറിവില്ലെങ്കിൽ മീഡിയ പ്രവർത്തനം എന്ന തൊഴിലാകാം അപ്രസക്തമാവുക.

6. പണിയില്ലാതാകുന്ന പ്രൊഫഷനലുകൾ, വംശീയ അധിക്ഷേപങ്ങൾ സഹിക്കാതെ തെരുവിലേയ്ക്ക് ആർത്തിറങ്ങിയേക്കാവുന്ന ഇതര സംസ്ഥാന തൊഴിലാളികൾ, നിന്ന് നിന്ന് മടുത്ത സെയിൽസ് ഗേൾസ്, കൂട്ടത്തോടെ തിരിച്ചയക്കപ്പെടുന്ന പ്രവാസികൾ, ആലംബഹീനരാകുന്ന വൃദ്ധർ – ഇവരെല്ലാം സമരവുമായി തെരുവിലേയ്ക്കിറങ്ങും. അത് ഒരു രാഷ്ട്രീയപ്പാർട്ടിയുടേയും ശക്തിപ്രകടനമായിരിക്കില്ല. വിശപ്പായിരിക്കും അവരെ സമരങ്ങളിലേയ്ക്ക് വലിച്ചിറക്കുക അവരുടെ സമരങ്ങൾ കമ്പനികാണാനിരിക്കുതേയുള്ളു.

7. വോട്ട് രാഷ്ട്രീയത്തോട് സമൂഹത്തിന് പൊതുവെയുള്ള പുച്ഛത്തിന്റെ സൂചനയാണ്, പാർട്ടികൾക്ക് സമരത്തിന് ആളെക്കിട്ടാത്ത അവസ്ഥ. കൊലപാതകങ്ങൾ നടത്തിയുള്ള ഭീഷണിപ്പെടുത്തലുകളും നടപ്പിലാകില്ല. പോലീസ് സ്‌റ്റേഷനുകൾക്കു പോലും ജനമൈത്രി പോലീസ് എന്നു പേര് മാറ്റേണ്ടി വന്നു. പ്രവൃത്തിയിൽ ജനമൈത്രിയില്ലാത്ത രാഷ്ട്രീയപ്പാർട്ടികൾക്ക് വോട്ട് രേഖപ്പെടുത്തുതിലും നല്ലത്, നോട്ടയ്ക്ക് വോട്ട് നൽകുതാണെ് ജനം ചിന്തിക്കുന്ന സമരവും വരാനിരിക്കുതാണ്. തിരഞ്ഞെടുത്തു വിട്ടയാളെ തിരിച്ചു വിളിക്കാനുള്ള അവകാശവും ജനം ചോദിക്കും.

നിൽപ്പ് സമരവും അതിനോടുള്ള ഐക്യദാർഢ്യവും വരാനിരിക്കുന്ന സമരങ്ങളിലേയ്ക്ക് പ്രതീക്ഷാനിർഭരമായ സൂചനകൾ നൽകുന്നുണ്ട്. സമരം ചെയ്യുന്നവരെ മാവോയിസ്റ്റ് എന്നു വിളിച്ച് സമരം പൊളിക്കാനുള്ള ചീള് നമ്പരുകൾ ജനത്തെ വെറുപ്പിക്കുന്നതാണ്. ഉണ്ടെന്ന് നിങ്ങൾ പറയുന്ന, ജനത്തിന് ഇതേവരെ ബോധ്യപ്പെടാത്ത ആ മാവോയിസ്റ്റുകളെക്കാൾ കാൽപ്പനികരായ കമ്യൂണിസ്റ്റുകളെ ഒത്തിരി കണ്ടതാണ്. തോക്കേന്തിയുള്ള ഭീഷണി അധികാരത്തിന്റേതാണ്. തോക്കുപോലുള്ള ആയുധമേന്തുന്നവർ ഭീരുക്കളാണ്. അത്തരം ഭീരുത്വമല്ല നിൽപ്പ് സമരം. നിൽപ്പിന്റെ ധീരതയോളം വരില്ല തോക്കിന്റെ ഠപ്പേയെന്ന് തിരിച്ചറിയുന്നതിനാൽ, നിൽക്കുകയാണ്, ജനം കാടിനൊപ്പം!

Comments

comments