നേതാക്കളില്ല – ഒരു ആഹ്വാനംമാത്രം. പിന്നീട് കേരളം കണ്ടത് ഇക്കാലമത്രയും വേരോട്ടമുള്ള ഒരു മത-രാഷ്ട്രീയ സംഘടനയ്ക്കും സാധ്യമല്ലാത്ത മുന്നേറ്റമായിരുന്നു. നവമാധ്യമങ്ങള്‍ ചുംബനത്തെ പറ്റിമാത്രം തുടര്‍ന്നുള്ള  ദിവസങ്ങളില്‍ സംസാരിച്ചു. ചുംബിക്കരുതെന്ന് തിട്ടൂരം നല്‍കിയവര്‍ക്കു മുന്നില്‍, നവമാധ്യമത്തിന്റെ പ്ലാറ്റ്‌ഫോമിൽ ചുംബനത്തിന്റെ പൊടിപൂരമായിരുന്നു പിന്നീട് കണ്ടത്. എം.ബി രാജേഷ് എം.പി ഇടതു വിങ്ങില്‍ നിന്നും വി.ടി ബല്‍റാം എം.എല്‍.എ വലതുവിങ്ങില്‍ നിന്നും സമരാനുകൂലമായ  പ്രസ്താവനകള്‍ നടത്തി. അവര്‍ കുറച്ചുകൂടി യൗവ്വനത്തെ മനസിലാക്കിയിരിക്കുന്നു.

ചുംബനസമര ദിവസം മറൈന്‍ഡ്രൈവ് കണ്ടത് കേരളചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ മുന്നേറ്റത്തെയായിരുന്നു. 30 സമരക്കാരും 300 പ്രതിഷേധക്കാരും. 30000 കാണികളും – എന്ന് ചിലരതിനെ പരിഹസിച്ചു കണ്ടു. സത്യമതല്ല. നൂറില്‍ താഴെ മാത്രം വരുന്ന, ചുംബനസമരത്തിനെതിരെ ആയുധമേന്തിയ മുസ്ലിം- ഹിന്ദു വര്‍ഗ്ഗീയഗുണ്ടകളെ പോലീസ് അടിച്ച് തുരത്തിയിരുന്നെങ്കില്‍, ചുംബനസമരത്തിൽ പതിനായിരങ്ങൾ പങ്കെടുത്തേനെ. കുടുംബവുമായി സമരത്തിനെത്തിയവര്‍ക്ക് സമാധാനസമരം  ചെയ്യാന്‍ അവസരമൊരുക്കുകയെന്ന കടമ നിര്‍വ്വഹിക്കാൻ പോലീസിന് കഴിഞ്ഞില്ല. തടിച്ചു കൂടിയ ജനത്തിനു നേരെ പോലീസ് ഇരുപതോളം തവണ ലാത്തി വീശി. അടി കിട്ടിയവരാരും ആശുപത്രിയില്‍ പോയി കിടക്കുകയോ, നേതാക്കന്മാരുടെ സന്ദര്‍ശനത്തിനായി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയോ ചെയ്തില്ലെന്നത് ശരി. പക്ഷെ, എനിക്കറിയാവുന്ന പത്തോളം പേര്‍ക്ക് നല്ല അടി കിട്ടി. ചിലര്‍ക്ക് അതിക്രൂരമായി തന്നെ. അവര്‍ സ്വയം ചികിത്സ തേടി, തിങ്കളാഴ്ച ജോലിയ്ക്ക് പോയി. പക്ഷെ, ലാത്തിയടി ഇത്രയേ ഉള്ളൂ എന്നവര്‍ക്ക് മനസിലായി. ഇനിയും സമരത്തിനിറങ്ങും അവര്‍, കരുവാളിച്ചത് അവരുടെ കരുത്താണ്. ആ കരുത്തിനെയാകും ഇനിയുള്ള ജനകീയ സമരങ്ങളില്‍ പോലീസിന് നേരിടേണ്ടി വരിക.

മറൈന്‍ ഡ്രൈവിൽ നടന്ന സമരത്തില്‍ വിജയിച്ചത് ചുംബന സമരവും പരാജയപ്പെട്ടത് പോലീസുമാണ്. സാധാരണ സമരങ്ങളുടെ രീതി, ആഹ്വാനം ചെയ്ത സംഘടനയുടെ നേതാവും പോലീസ് മേധാവിയും തമ്മില്‍ ചര്‍ച്ച ചെയ്യുന്നു. സമരം ഇങ്ങനെയായിരിക്കുമെന്ന ധാരണ ഉണ്ടാകുന്നു. ലക്ഷ്യത്തിന്റെ 100 മീറ്റർ ഇപ്പുറത്തു വെച്ച് തടയുന്നു. പിന്നെ കുത്തിയിരിപ്പ്, മുദ്രാവാക്യം വിളി, തൊട്ടറസ്റ്റ്. സ്റ്റേഷനിലേയ്ക്ക് പോലീസ് വാനില്‍ പോകുന്നു. പേരെഴുതി വെച്ച് പിരിഞ്ഞു പോകുന്നു.

എന്നാല്‍  ചുംബനസമരത്തില്‍ സംഭവിച്ചത് അതല്ല. ആഹ്വാനം ചെയ്തവരെ തിരഞ്ഞു പിടിച്ച് ലോ കോളേജിന്റെ മുന്നില്‍ നിന്ന് പ്രകടനം ആരംഭിക്കാന്‍ പോലീസ് തന്നെ നിര്‍ദ്ദേശിക്കുന്നു. അവര്‍ പ്രകടനം  തുടങ്ങിയപ്പോൾ തന്നെ അറസ്റ്റ് ചെയ്ത് വാനിൽ കയറ്റുന്നു. അവര്‍ അവിടെ വെച്ചും പോലീസ് വാനില്‍ വെച്ചും ചുംബിക്കുന്നു. അതോടെ ചാനല്‍ ലൈവുകൾ പ്രഖ്യാപിക്കുന്നു, ഇതാ ചുംബന സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയിരിക്കുകയാണ്. ഇനി പ്രതിഷേധവുമായെത്തിയവരെ പിരിച്ചു വിടുന്നതോടെ സമരം തീരുമെന്ന്. മറൈന്‍ ഡ്രൈവിൽ സമരക്കാര്‍ക്ക് എത്താനായില്ല, സമരം പരാജയം എന്ന നിലയിലുള്ള വ്യാഖ്യാനങ്ങള്‍.

പെട്ടെന്നാണ്, മറൈന്‍ ഡ്രൈവിൽ ചുംബനസമരം നടത്തുമെന്ന് പ്രഖ്യാപിച്ച അതേ സ്ഥലത്ത് നൂറുകണക്കിന് യുവാക്കള്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമുയര്‍ത്തി ചുംബനസമരം തുടങ്ങിയത്. യുവതികളും യുവാക്കളും അക്കൂട്ടത്തിലുണ്ടായിരുന്നു. ചുംബിക്കും… ചുംബിക്കും മരണം വരെയും ചുംബിക്കും എന്നവര്‍ മുദ്രാവാക്യം മുഴക്കി. ചാനല്‍ ക്യാമറകൾ പറഞ്ഞു – നോക്കൂ… ആ ആള്‍ക്കൂട്ടത്തിലേയ്ക്ക് സൂം ചെയ്യൂ. സൂം ചെയ്തപ്പോള്‍ കണ്ട കാഴ്ച  ആവേശകരമായിരുന്നു. ചുംബിക്കുമെന്ന് പ്രഖ്യാപിച്ച മറൈൻ ഡ്രൈവിൽ അവർ ചുംബിച്ചു. എതിര്‍ക്കാനെത്തിയവര്‍ക്ക് തൊടാനായില്ല ആ ചുംബിതരെ.

അവര്‍ക്കൊപ്പം സമരം ചെയ്യാനെത്തിയ വേറെ പലരും ചേര്‍ന്നു. ഭാര്യാഭര്‍ത്താക്കന്മാരും. മക്കളുമായെത്തിയ മധ്യവയ്‌സ്‌ക്കരുമെല്ലാം ആ ചുംബിതര്‍ക്കൊപ്പം ചേരാൻ പാഞ്ഞടുത്തു. പക്ഷെ, അപ്പോഴേയ്ക്കും പോലീസ് ലാത്തി വീശി. ഭീകരതയാണ് പോലീസവിടെ സൃഷ്ടിച്ചത്. പെണ്‍കുട്ടികളെ പോലും അടിച്ചു വീഴ്ത്തി. വനിതാപോലീസല്ല, പുരുഷ പോലീസാണ് സമരം ചെയ്ത പെണ്‍കുട്ടികളെ നേരിട്ടത്. ലാത്തിക്ക് അടിച്ചത്. ജീപ്പില്‍ കുത്തിനിറച്ചത് – അതേ, മറൈന്‍ഡ്രൈവിലെ ചുംബനസമരത്തെ എതിര്‍ത്തതും തകര്‍ക്കാൻ ശ്രമിച്ചതും പോലീസാണ്. വര്‍ഗ്ഗീയഗുണ്ടകളെക്കാൾ ഭീകരമായ ഗുണ്ടായിസം അധികാരത്തില്‍ നിന്നാണുണ്ടായത്. പക്ഷെ, അതാരും പറഞ്ഞു കേട്ടില്ല.

സമാധാനപരമായി, സമരവുമായി തടിച്ചു കൂടുന്ന ജനക്കൂട്ടം ഇനിയും വര്‍ദ്ധിക്കുകയേയുള്ളു. അത്തരം ഒരു ജനത്തെ തോക്കുകൊണ്ടും ലാത്തികൊണ്ടും നേരിടുന്ന പോലീസ്, ഒരു മണ്ടന്‍ പോലീസാണ്. ഇനി വരാനിരിക്കുന്ന സമരങ്ങള്‍ അഡ്ജസ്റ്റ്‌മെന്റ് സമരങ്ങളാവില്ലെന്ന് കേരളത്തിലെ പോലീസ് തിരിച്ചറിയേണ്ടതുണ്ട്. ആ സമരത്തെ കൈകാര്യം ചെയ്യാനുള്ള രീതികള്‍ ഏതെങ്കിലും പോളീടെക്‌നിക്കില്‍ പോയി വശമാക്കുകയാണ് ഉചിതം. അല്ലാത്ത പക്ഷം, അയ്യേ ഇതാ പഴഞ്ചന്‍ പോലീസ് എന്നു പരിഹസിക്കപ്പെടുകയേയുള്ളു – മറൈന്‍ഡ്രൈവിലെ ചുംബന സമരം, കേരളത്തിലെ പോലീസ് അറുപഴഞ്ചനാണ് എന്നാണ് തെളിയിച്ചത്.

ചുംബിച്ച അരുന്ധതി

അമേരിക്ക കാശുമുടക്കി വിമോചന സമരം നടത്തി കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ താഴെയിറക്കിയെന്നു പറയുമ്പോള്‍ പുളുവടിക്കല്ലേയെന്ന് പരിഹസിക്കുന്ന ചിലരിപ്പോഴുമുണ്ട്. വോട്ടെടുപ്പിലൂടെ ലോകത്ത് ആദ്യമായി കമ്യൂണിസ്റ്റ്പാര്‍ട്ടി അധികാരത്തിൽ വന്ന കേരളം എന്നത് ഒരു തുടര്‍ച്ചയുടെ ഭാഗമാണ്.കേരളത്തിലെ കുരുമുളക് തിരക്കി ഇറങ്ങിയ വഴിക്കാണ് കൊളംബസ് അമേരിക്ക കണ്ടുപിടിച്ചതു തന്നെ. കേരളം എന്നും പ്രസക്തമാണ്. സമരങ്ങള്‍ സൃഷ്ടിക്കാനും മാറ്റാനും കേരളത്തിനാകും. മലയാളിയെ, ഈ മണ്ണിനെ ഭയക്കുന്നത് അതിനാലാണ്. ചുംബന സമരം മലയാളിയുടെ ചിന്തയാണ്. ഹൈദ്രബാദില്‍ മലയാളി വിദ്യാര്‍ത്ഥിനി അരുന്ധതിയുടെ നേതൃത്വത്തില്‍ കേരളത്തിലെ സമരത്തോട് ഐക്യദാഢ്യം പ്രഖ്യാപിച്ച് ചുംബനക്കൂട്ടായ്മ നടന്നു. ദില്ലിയിലും ചെന്നൈയിലും നടന്നു – ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണമെന്ന ഇന്ത്യൻ യൗവ്വനത്തിന്റെ മുറവിളിയുടെ സമരമായി ചുംബനസമരം മാറുകയാണ്. ചൊവ്വയിലൊക്കെ പോയ രാജ്യമാണ്, പക്ഷെ ആ മണ്ണില്‍ ചുംബിക്കാനായി സമരം നടക്കുകയാണ്. റൂളിങ് പാര്‍ട്ടിയുടെ ആളുകളാണ് ചുംബിക്കാന്‍ അനുവദിക്കാത്തത് എന്നാണ് ലോകമാധ്യമങ്ങള്‍ കൊച്ചിയിലെ സമരത്തെ റിപ്പോര്‍ട്ട് ചെയ്തത്. ഇവന്റ് മാനേജ്‌മെന്റ് സംഘവും ഫോട്ടോഷോപ്പും ഒരു ലോകനേതാവിനെ ഇന്ത്യയില്‍ നിന്ന് മോഡിയിലൂടെ സൃഷ്ടിക്കാൻ കോടാനുകോടികൾ ചെലവഴിക്കുമ്പോഴാണ്, ഫേസ്ബുക്കില്‍ നടത്തിയ ഒരാഹ്വാനത്തിലൂടെ മോഡിക്കുമുകളില്‍ വാളായി തൂങ്ങാൻ കൊച്ചിയിലെ ചുംബന സമരത്തിന് കഴിഞ്ഞത്. സ്വാതന്ത്ര്യത്തിനായുള്ള സമരം വളരെ വേഗത്തില്‍ എതിരാളിയാരെന്ന് തിരിച്ചറിയും. കാരണം, സമരക്കാരെക്കാള്‍ മുമ്പേ എതിരാളി കളത്തിലെത്തിയിട്ടുണ്ടാകും – കൊച്ചിയില്‍ കണ്ടതുപോലെ.

ഇന്ത്യയിലെ യുവാക്കള്‍ വൈകാതെ നടത്താനിരിക്കുന്ന വലിയ സമരത്തിന്റെ മുന്നോടിയാകാന്‍ കൊച്ചിയിലെ സമരത്തിന് കഴിഞ്ഞു. യഥാര്‍ത്ഥ നമോവൈകാതെ പുകഞ്ഞ് പുറത്തുചാടും. കൊച്ചിയിലെ പോലീസിനെ പോലെ പഴഞ്ചനാകാതിരിക്കാൻ ഇന്ത്യയിലെ സേനാവിഭാഗങ്ങളെ വേഗത്തില്‍ പരിശീലിപ്പിക്കേണ്ടതുണ്ട്. സമരം സമാധാനം എന്ന ആയുധം എടുക്കുമ്പോള്‍ അതിനു നേരെ വെടിയുണ്ട പരാജിതന്റെ രോദനമേയാകൂ. വലിയസമരങ്ങള്‍, അതും സ്വാതന്ത്ര്യസമരം ഇന്ത്യ വൈകാതെ നേരിടാനിരിക്കെ അതിനായി തയ്യാറായിരിക്കുക എന്നത് സേനയുടെ മനോവീര്യം കൂട്ടുകയേയുള്ളു.

വാളും, കുറുവടിയുമേന്തിയ സ്വന്തം ഗുണ്ടകളെ ഉപയോഗിച്ച് സമരത്തെ അടിച്ചമര്‍ത്താൻ സാധിക്കുമെന്ന് തോന്നുന്നില്ല. കാരണം, ഇനിയൊരു ഏകാധിപതിക്ക് വാഴാനുള്ള സ്‌പേസ് ഭൂമിയിലില്ല. അതിനാല്‍, ഏകാധിപത്യത്തെ ഭയപ്പെടാൻ മാത്രം ബുദ്ധിശൂന്യത ഇക്കാലത്തിനില്ല. വോട്ട് എന്നത് എത്രമാത്രം ഫലവത്തായി, ഉപയോഗിക്കാമെന്നത് ഇന്ത്യ ഇക്കാലമത്രയും കണ്ടിട്ടില്ല. രാഷ്ട്രീയപ്പാര്‍ട്ടികളുടെ വോട്ട് ബാങ്കിയിരിക്കുക എന്ന ദൗത്യമാണ് ജനത്തിനുണ്ടായിരുന്നത്. ആ സ്ഥിതി മാറുകയാണ്. ജനം തീരുമാനിക്കുന്ന ജനാധിപത്യംനടപ്പിലാകാന്‍ പോവുകയാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥ ജനാധിപത്യത്തിന്റെ ശബ്ദം കേരളത്തില്‍ നിന്നുയരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. 68- 72 എന്ന പരാജയം ഇരുമുന്നണിക്കും നല്‍കിയ ജനമാണ് ഇവിടുത്തേത്.

ചുംബനസമരം നടന്ന അതേ ദിവസമാണ്, കെ.എം മാണിക്കെതിരായ അഴിമതി ആരോപണം ഉണ്ടായത്. പിന്നീട് സിപിഐ- സിപിഎം തര്‍ക്കം- തിരഞ്ഞെടുപ്പിനോടടുക്കുമ്പോൾ കേരളത്തിൽ സംഭവിക്കുന്ന പുതിയ കൂട്ടുകെട്ടുകള്‍ എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. കേരളത്തിലെ രാഷ്ട്രീയമോ ഭരണമോ ആരും ശ്രദ്ധിക്കുന്നില്ലെന്ന് കരുതിയിരിക്കുകയാണ് ചിലർ. എന്നാല്‍, അതങ്ങിനെയല്ല. എല്ലാം സസൂഷ്മം ശ്രദ്ധിക്കപ്പെടുന്നുണ്ട്. ചുംബനസമരാനന്തര തിരഞ്ഞെടുപ്പാകും ഇത്തവണ നിയമസഭയിലേക്കുണ്ടാകുന്നത്. അത് തിരച്ചറിയുന്ന ഇഎംഎസ് ബുദ്ധി സിപിഎമ്മില്‍ അവശേഷിക്കുന്നതു കൊണ്ടാണ്, അതിന്റെ സംസ്ഥാന സെക്രട്ടറി നേരിട്ട് സമരാനുകൂല നിലപാടെടുത്തതെന്ന് സംശയിക്കാവുന്നതേയുള്ളു. വോട്ട് രാഷ്ട്രീയത്തിനപ്പുറമുള്ള കമ്യൂണിസം ആ പാര്‍ട്ടിയിൽ അവശേഷിക്കുന്നതായി അറിവില്ലാത്തതിനാലാണ് ഇത്തരം സംശയങ്ങള്‍.

കോഴിക്കോട് തെരുവില്‍ മധുരചുംബനം 7ന് 

കൊച്ചിയിലെ കിസ് ഓഫ് ലവിനു ശേഷം, കോഴിക്കോട് കിസ് ഇന്‍ ദി സ്ട്രീറ്റ് ആഹ്വാനം ചെയ്യപ്പെട്ടു കഴിഞ്ഞു. അഡ്വ. മുഹമ്മദ് രജീഫടക്കമുള്ള കോഴിക്കോടന്‍ യൗവ്വനമാണ് അവിടെ സമരത്തിനിറങ്ങുന്നത്. ഡിവൈഎഫ്‌ഐ സ്‌നേഹ ശൃംഖല എന്ന പേരിലുള്ള സമരവുമായും തെരുവിലുണ്ട്. സദാചാര ഗുണ്ടായിസത്തിനും വര്‍ഗ്ഗീയതയ്ക്കുമെതിരായ സമരം എന്നാണ് ഡിവൈഎഫ്‌ഐയുടെ ക്യാംപയിൻ. ചുംബനസമരം സ്വാതന്ത്ര്യത്തിനായുള്ള സമരമാണെന്ന് ആവര്‍ത്തിക്കട്ടെ. വര്‍ഗ്ഗീയത, സദാചാരഗുണ്ടായിസം എന്നിവ മാത്രമല്ല ചുംബനസമരത്തിലൂടെ എതിര്‍ക്കപ്പെടുന്നത്എന്നിടത്താണ് ചുംബന സമരത്തിന്റെ പ്രസക്തി. അതുകൊണ്ടു തന്നെയാണ് അവിടെയും ഇവിടെയും തൊടാതെ സ്‌നേഹശൃംഖലയെന്ന് പേരിട്ട് ഡിവൈഎഫ്‌ഐ ഉഴപ്പുന്നത്.

സ്വാതന്ത്ര്യം എന്നതിനെ മാത്രമേ ചുംബനവുമായി ചേര്‍ത്ത് വായിക്കാനാവൂ. തെരുവില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാനുള്ള സ്വാതന്ത്ര്യമാണ് അതെന്നാണ് ആരോപണം. ആളുകള്‍ ചുറ്റും നില്‍ക്കെ, ലൈംഗികതയുടെ സ്വകാര്യത അനുഭവിക്കാനാകുന്ന ഏദൻതോട്ടമായി ഭൂമി മാറുമെന്നത് അവിശ്വസനീയമായ ഒരു ലക്ഷ്യമാവുകയല്ലേയുള്ളു. യാഥാര്‍ഥ്യം അതാകാനിടയില്ല. നായയ്ക്കും കോഴിക്കുമൊക്കെ മാത്രമാകും ഇനിയും അത് സാധ്യമാവുക. ആ മൃഗങ്ങള്‍ക്ക് ഈഗോയില്ല. കോഴിയോ നായയോ തെരുവില്‍ ഇണചേരുമ്പോള്‍ അത് ഒളിഞ്ഞു നോക്കുന്ന സ്വജാതി മൃഗങ്ങളേയും കണ്ടിട്ടില്ല.

സ്വാതന്ത്ര്യമാണ് ചുംബനസമരത്തിലൂടെ മുഴങ്ങുന്ന കാഹളം. ആനന്ദത്തോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യം. അതേ സ്വാതന്ത്ര്യമാണ് നില്‍പ്പു സമരം നടത്തുന്ന ആദിമനിവാസികളും ചോദിക്കുന്നത്. ആനന്ദത്തോടെ ജീവിക്കുകയെന്നത് ഞങ്ങളുടെ അവകാശമാണ്. അതിനിടയില്‍ ഒരു ഇടനിലക്കാരന്റേയും ആവശ്യമില്ല. ഇടനിലക്കാരാ, ഞങ്ങളുടെ കാടും ഞങ്ങളുടെ ചുംബനവും ഞങ്ങളുടെ സ്വാതന്ത്ര്യമാണ്.

സ്വാതന്ത്ര്യത്തിനു വേണ്ടി യാചിക്കുന്ന എല്ലാവര്‍ക്കും വേണ്ടി ചുംബനം സമരമാകുമ്പോൾ, ഭയംചിലരുടെ കാല് നനച്ച് മൂത്രമായൊഴുകുമെന്നേയുള്ളു.

കോഴിക്കോട് നടക്കാനിരിക്കുന്ന കിസ് ഇന്‍ ദി സ്ട്രീറ്റ്, കിസ് ഓഫ് ലവിന്റെ അടുത്തചുവടാണ്. ചുംബനത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയം വ്യക്തതയോടെ പറഞ്ഞാണ് കിസ് ഇന്‍ ദി സട്രീറ്റ് ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്നത്. സ്വാതന്ത്ര്യം ആവശ്യപ്പെടുന്നവരോട് നിങ്ങള്‍ എങ്ങനെ പെരുമാറും എന്നാണ് ഞങ്ങള്‍ അവിടെയെല്ലാം നോക്കുന്നത്. നിങ്ങള്‍ ആലോചിച്ച് പെരുമാറൂ – അധികാരംഒരു തോന്നലാണ്. പക്ഷെ, അവകാശം ഒരു തോന്നലേയല്ല!

 

Comments

comments