മാധ്യമശേഷിയാണ്.  ഒരുപക്ഷേ ലക്ഷക്കണക്കിനാളുകളെ ഭൂമുഖത്തി നിന്ന് തൂത്തുകളഞ്ഞ നൃശംസതകൾ അത്രയും ആളുകളുടെ സംവേദനശേഷിയേയാണ് ഭൂമിയിൽ നിന്നും ഇല്ലാതാക്കിയത്.  അതിനാൽ ഭൂമി എന്നത് തകർക്കപ്പെട്ടഒരു സംവേദന/വിനിമയ ശൃംഖല കൂടിയാണ്. വർഷങ്ങൾക്കുശേഷം ഗാസയിൽ സ്ത്രീകളും കുട്ടികളും കാരണമില്ലാതെ കൊല്ലപ്പെടുമ്പോൾ റോളുകൾ പരസ്പരം വെച്ചുമാറുക എന്നതല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല.  അതേ കൊല. അതേ ചോര, അതേ നിസ്സഹായത, അതേ കരച്ചിൽ. അതേ അതേ ഹതാശത.

പളപളപ്പിന്റെ ചരിത്രത്തിന് സമാന്തരമായ ഈ ചരിത്രത്തിന്റെ മാധ്യമവിതാനമാണ് ഒരു പക്ഷേ കുറേക്കാലമായി കവിത. ഇതാണ് പുതിയ കവിതകളുടെ ഊടും പാവും. ഇവിടെ പുതിയ കവിത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇരുപതാം നൂറ്റാണ്ടിൽ വിവിധ ഭാഷകളിൽ ഉരുത്തിരിയുകയും പലപല പരിണാമങ്ങളിലൂടെ കടന്നുപോവുകയും ചെയ്ത ആ വലിയ ഒഴുക്കിനെയാണ്. ലോകത്തെ വീണ്ടും വീണ്ടും നിർമ്മിക്കേണ്ടിവന്ന കണ്ടെടുക്കേണ്ടി വന്ന ആ പ്രവൃത്തിയേയാണ്. അവർക്ക് സംഗീതം മാത്രമല്ല നിർമ്മിക്കേണ്ടിയിരിക്കുന്നത്.  ശകാരവും ചെറുത്തുനിൽപ്പുകളും കൂടിയാണ്.

ഇതിന് സമാന്തരമല്ലെങ്കിലും, മറ്റൊരു തരത്തിൽ മലയാളത്തിലും ഇതൊക്കെ സംഭവിക്കുന്നുണ്ട്.  ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ മഹാകവി കുമാരനാശാനിൽ, കവിത ഒരു മാധ്യമപ്രവർത്തനം ആകുന്നതിന്റെ ആദിയ സൂചനകൾ കാണുന്നുണ്ട്.  അക്കാലത്ത് തട്ടുതട്ടുകളായി പിരിഞ്ഞുകിടന്നിരുന്ന മനുഷ്യബന്ധങ്ങളിൽ നിന്ന് അദ്ദേഹത്തിന് സമത്വത്തിന്റേതായ  ഒരു ചേരുവ സൃഷ്ടിക്കണമായിരുന്നു. ഒരു ജാത്യോന്മുഖ സമൂഹത്തിന്റെ ആന്തരയുക്തികളുടെ വിമർശനം വായിക്കാൻ നമുക്ക് ആശാനിലേക്ക് പോയേ തീരു.  ഒരു പക്ഷേ ആശാന്റെ പ്രത്യേകത ഏറ്റവും കൂടുതൽ പ്രത്യക്ഷപ്പെട്ടഒരു മാധ്യമമേഖല ജാതിയാഥാർത്ഥ്യങ്ങളുമായി ബന്ധപ്പെട്ടതാണ്. എന്നാൽ അന്നത്തെ സമൂഹത്തിലും ചിന്തയിലും അന്വേഷണത്തിലും അത്രയൊന്നും തെളിഞ്ഞുകാണാതിരുന്ന ലിംഗപദവിയുടെ വൈജാത്യങ്ങളിലും ആശാൻ ശ്രദ്ധയോടെ വ്യാപരിച്ചു.  ഇതിന്റെയൊക്കെ ഫലമായാണ് പ്രണയംഎന്ന സമത്വത്തിൽ മാത്രം നിലനിൽക്കുന്ന ഒരു സാംസ്‌ക്കാരിക സവിശേഷതയെ ആശാൻ നിർമ്മിക്കുന്നത്.  എന്നാൽ ആ കണ്ടെത്തലിനെ കല്പിത കഥകൾ ഉപയോഗിച്ചാണ് ആശാൻ നിർവ്വഹിക്കുന്നത്. ഒരു പക്ഷേ, കഥാംശത്തിൽ മുങ്ങിപ്പോയ ഒരു മാധ്യമവിചാരമാണ് ആശാന്റെ കവിതയിൽ കാണുക.  വൈലോപ്പിള്ളിയും ഇടശ്ശേരിയും പിയും ബാലാമണിയമ്മയും ഒക്കെ എത്തുമ്പോഴേയ്ക്കും കല്പിത കഥകൾ നെയ്യുന്ന തറി തകർക്കപ്പെടുന്നുണ്ട്. വൈലോപ്പിള്ളിയിലൊക്കെ യാഥാർത്ഥ്യത്തിനുമേൽ ഉണ്ടാക്കുന്ന ഒരു കഥാപ്രതീതി മാത്രമാണ് കാവ്യവൃത്തിയെ മുന്നോട്ടുകൊണ്ടുപോകുന്നത്.  അതായത് ഒരു മാധ്യമപ്രവർത്തനം എന്ന നിലയിൽ കവിത കുറേകൂടി സ്വാതന്ത്രമാക്കപ്പടുന്നുണ്ട്.  ആശാന്റെ കഥാപാത്രങ്ങൾക്ക് നമ്മൾ നമ്മുടെ ഉള്ളിൽ മാത്രം പൗരത്വം കൊടുക്കുമ്പോൾ വൈലോപ്പിള്ളിയുടെ കഥാപാത്രങ്ങൾക്ക് പുറത്തും പൗരത്വം കൊടുക്കുന്നുണ്ട്. ഫ്യൂഡലിസത്തിന്റെ ഉന്നതിയിലൂടെയും ക്ഷയോന്മുഖതയിലൂടെയും കടന്നുപോകുന്ന കുടിയൊഴിക്കലിലെ നായകൻ /പ്രതിനായകൻ നാം അല്ലെങ്കിൽ നമ്മുടെ മുൻതലമുറ കണ്ടിട്ടുള്ള ആളാണ്.  അന്നത്തെ ഏറ്റവും വലിയ വരുമാന സ്രോതസ്സുകളായ, ഇന്ത്യയുടെ ഭാവി എന്ന് വിശ്വസിക്കപ്പെട്ടിരുന്ന, വയലുകളുടെ വിശാല വിസ്മൃതിയ്ക്കുള്ളിൽ നിന്നാണ് കണ്ണീർപ്പാടവും യുഗപരിവർത്തനവും പോലുള്ള അനേകം കവിതകൾ എഴുതപ്പെട്ടത്.  ദേശത്തിന്റെയും സംസ്‌ക്കാരത്തിന്റെയും മാറ്റിവരപ്പുകളെ ചൂണ്ടിക്കാട്ടിയാണ് പി.കുഞ്ഞിരാമൻ നായർ ആ മാധ്യമപ്രവർത്തനത്തിന്റെ സവിശേഷതകൾ നിർവ്വഹിച്ചത്.  ബാലാമണിയമ്മയിൽ പ്രത്യക്ഷപ്പെട്ടവേലക്കാരികളേക്കാൾ, മറ്റൊരിടത്തും ദൈന്യസ്ത്രീത്വം പ്രത്യക്ഷപ്പെട്ടിട്ടേയില്ല.  ഒരു പക്ഷേ കവിത നടത്തിയ മാധ്യമപ്രവർത്തനത്തിന്റെ ഏറ്റവും വലിയ സാക്ഷാത്ക്കാരം സാധിച്ചത് ഇടശ്ശേരിയിലാണ്. കുറ്റിപ്പുറം പാലംഒരു പത്രവാർത്ത തുടങ്ങുന്നതുപോലെ വസ്തുസ്ഥിതി കഥനത്തിന്റെ രീതിയിൽ തുടങ്ങി കാലത്തേയും വരാൻ പോയ കാലത്തേയും ഇത്ര തെളിച്ചത്തിൽ കാണാൻ കഴിഞ്ഞ കവിതകൾ അധികമില്ല.

          അറുപതുകളിലെയും എഴുപതുകളിലെയും കവിത പരിശോധിക്കുകയാണെങ്കിൽ, ഒരു പക്ഷേ, ആധുനികതയുടെ ആദ്യകാലങ്ങളിൽ കവിത എന്ന മാധ്യമ പ്രവർത്തനം ദിശതെറ്റിയുഴറുന്നതു കാണാം.  എൻ.വി.യിൽ പൊതുസ്ഥലങ്ങൾ കൂടുതൽ കൂടുതൽ പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരുന്നു. അയ്യപ്പപ്പണിക്കരിലും കക്കാടിലുമൊക്കെ നഗരങ്ങൾ വന്നുകൊണ്ടേയിരുന്നു.  ഒരു പക്ഷേ അയ്യപ്പപ്പണിക്കരാണ് കവിത എന്ന മാധ്യമ പ്രവർത്തനത്തെ അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിച്ചത് എന്നു കാണാൻകഴിയും.  പാസ്സേജ് ടു അമേരിക്ക പോലുള്ള കവിതകൾ അങ്ങനെ ഉണ്ടാകുന്നതാണ്.  വ്യക്തികൾക്കും സൗഹൃദങ്ങൾക്കും സമർപ്പിച്ചിട്ടുള്ള ഒരു രീതി തുടങ്ങി വയ്ക്കുന്നതും പണിക്കരാണ്.  പിൽക്കാലത്ത് പണിക്കരുടെ ഈ തറയിൽ സച്ചിദാനന്ദൻ വ്യത്യസ്ത രീതിയിലുള്ള ഊടും പാവും മെനയുന്നുണ്ട്. വിസ്മൃതമാകുന്നുണ്ട്. ഒരുപക്ഷേ സച്ചിദാനന്ദനിൽ നിന്ന് ഈ തറി കൈപ്പറ്റുന്നത് ബാലചന്ദ്രൻ ചുള്ളിക്കാട് ആണെന്നു പറയാം. പക്ഷേ, ഒരേ തറിയിലാണ് പ്രവർത്തിച്ചതെങ്കിലും അവർ ചെയ്ത പുടവകൾ വ്യത്യസ്തമായിരുന്നു.  വ്യത്യസ്ത രീതികളിൽ അഭിസംബോധന ചെയ്യുവയായിരുന്നു അവ.

          സ്വാതന്ത്ര്യം പോലുള്ള വലിയ ചരിത്രസംഭവങ്ങളെ ആഘോഷപൂർണ്ണമാക്കിയ ഉപരിപ്ലവ മാധ്യമ പ്രവർത്തനം നടത്തിയ കവിതകളൊക്കെ ഒന്നുകിൽ വിസ്മൃതിപ്പെട്ടു, അല്ലെങ്കിൽ ദേശഭക്തിയുടെ ഷെൽഫിൽ പ്രദർശിപ്പിക്കപ്പെട്ടു.  അക്കാലത്തെ യഥാർത്ഥ കവിതകൾ സ്വാതന്ത്ര്യത്തിനുള്ളിലെ തരംതിരിവുകളെ മുന്നോട്ടു വയ്ക്കുന്നതായിരുന്നു. പിൽക്കാലത്ത് സ്വാതന്ത്ര്യത്തിന്റെ വർണ്ണങ്ങൾ മങ്ങിത്തുടങ്ങിയ കാലത്ത്, കമ്മ്യൂണിസ്റ്റ് ഇന്റർനാഷനലിസത്തിന്റെ ഒരു സവിശേഷകാലത്ത്, പൊട്ടിപ്പുറപ്പെട്ടനക്‌സൽ ബാരികലാപത്തിന്റെ വ്യത്യസ്ത റിപ്പോർട്ടുകൾ മലയാള കവിതയിൽ സംഭവിക്കുന്നുണ്ട്.  കെ.ജി.എസിന്റെ ബംഗാൾആ നിലയിൽ നിരീക്ഷിച്ചാൽ  അക്കാര്യം റിപ്പോർട്ട് ചെയ്ത ആദ്യകവിതയാണെ് കാണാൻ കഴിയും. അതിന്റെ പ്രത്യേകത കവിത ഒരു മാധ്യമ പ്രവർത്തനമാണ് എന്ന് അംഗീകരിക്കപ്പെട്ടഒരു ഘടന ആദ്യമായി മലയാളത്തിലുണ്ടാകുന്നു എതാണ്. ഇതിഹാസത്തിൽ റിപ്പോർട്ടർ എന്ന നിലയിൽ മാത്രം പരിചയപ്പെട്ട സഞ്ജയനെയാണ് ആ കവിത അഭിസംബോധന ചെയ്യുന്നത്.  ഒരു പക്ഷേ, അക്കാലം ഉയർത്തിയ പ്രതീക്ഷകളുടേയും പ്രത്യാശയുടേയും വ്യത്യസ്ത രീതിയിലുള്ള റിപ്പോർട്ടിംഗ് ആണത്.  എന്നാൽ ചോരയും കണ്ണീരുമൊഴുക്കി തകർന്നുവീണ ആ പ്രത്യാശയെപ്പറ്റിയുള്ള ഉജ്ജ്വലമായ റിപ്പോർട്ടിംഗും കെ.ജി.എസിന്റെ മറ്റൊരു കവിത നടത്തി.മെഴുക്കുപുരണ്ട ചാരുകസേര.

ബംഗാൾ ഉയർത്തിവിട്ടപുതിയ മാധ്യമ പ്രവർത്തനരീതി സച്ചിദാനന്ദനിലും മറ്റും തുടരുന്നുണ്ട്.  ഇന്ത്യാ, നിന്റെ വയറ്റിൽപ്പിറന്നതിന്റെ നാണം മറയ്ക്കാൻ/ ഒരു ദേശീയ പതാകപോലുമില്ലാതെ ഞാൻ ചൂളിയുറഞ്ഞുപോകുന്നുഎന്ന മട്ടിൽ കവിത ഒരു ബദൽ മാധ്യമ പ്രവർത്തനമാണ് എന്ന് ശരി വയ്ക്കുന്ന വരികൾ ധാരാളമുണ്ടായി. മുഖ്യധാര മാധ്യമ പ്രവർത്തനത്തോട് നോരിട്ടേറ്റുമുട്ടുന്ന രീതികൾ, ഇന്ത്യയുടെ ക്രിക്കറ്റ് വിജയങ്ങളെപ്പറ്റിയും മറ്റുമുള്ള വാർത്തകളോട് കവിത എന്ന മാധ്യമം ഉപയോഗിച്ച് സച്ചിദാനന്ദൻ കലഹിക്കുന്നുണ്ട്. ഇതൊടൊപ്പം വർദ്ധിച്ചുവരു പരിസ്ഥിതി പ്രാധാന്യത്തെപ്പറ്റി സുഗതകുമാരിയും വിനയചന്ദ്രനും മറ്റും കവിതയിലൂടെ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

          ആഗോളവത്ക്കരണവും ബാബ്‌റി മസ്ജിദിന്റെ തകർച്ചയും സാങ്കേതിക വിപ്ലവവും പെട്ടെന്ന് മാറ്റിത്തീർത്ത ഒരു സമൂഹത്തിലാണ് ഇന്ന് കവിത പ്രവർത്തിക്കുന്നത്.  ഇത്രയധികം ന്യൂസ് ചാനലുകൾ ഉള്ള മറ്റൊരു ദേശം കേരളത്തെപ്പോലെ കുറവാണ്. അതുകൊണ്ടുതന്നെ ബദൽ മാധ്യമപ്രവർത്തനം എന്നത് മറ്റൊരു തലത്തിലേക്ക് കടക്കുന്നുണ്ട്. ഇന്ന് കേരളത്തിലെഴുതുന്ന ഏതു കവിയുടേയും കവിതയെടുത്ത് നോക്കിയാൽ ആഴത്തിലുള്ള പ്രാദേശിക റിപ്പോർട്ടിംഗ് കാണാം. അങ്ങനെ പ്രാദേശികമായി വേരാഴ്ത്തി അന്താരാഷ്ട്രതയിലേയ്ക്ക് തലയുയർത്തിപ്പിടിക്കുന്ന ഒരു ബദൽ മാധ്യമമായി കവിത ഉയർന്നു നിൽക്കുന്നു.

 

Comments

comments