പൊറുക്കാമുറിവിലോ
കുളമ്പു കൊണ്ടു ? കഷ്ടം !
ക്ഷമിക്കുകെവിടെയാ-
ണിടമൊന്നൊതുങ്ങുവാൻ!

കഴുത്തു ചേർത്തുകെട്ടി
അടുക്കി നിറച്ചൊരീ
ചതുര വണ്ടിത്തട്ടി-
ലിടുക്കം,കുടുക്കവും.

നുകമമർന്ന മുതു-
കുയരുകില്ല,ചാട്ട
ചതച്ചൊരിടംകണ്ണിൽ
തെളിച്ചമൊട്ടുമില്ല.

അരികെച്ചേർന്നു നില്ക്കൂ
വാലാട്ടിയോടിയ്ക്കട്ടെ
ഉണങ്ങാവൃണത്തിലെ
പുളയ്ക്കും പ്രാണികളെ.

എന്തിനീയിണമിഴി
നിറഞ്ഞു പിടയുന്നു?
ദീനമൊരൊച്ച വിങ്ങും
തൊണ്ടയിൽ കുരുങ്ങുന്നു?

കച്ചിക്കിടാവിനായു-
മൂറിയൊരുറവട-
ഞ്ഞുണങ്ങി വിണ്ടു വിത്തു-
കുരുക്കാതുള്ളറയും.

എന്തിനോർക്കുന്നു വിട്ട
തൊഴുത്തിൻ തണുപ്പുമാ-
ത്തൊടി തൻ തണലും ?
ഇന്നിവിടെയാണു നമ്മൾ.

തളർന്നു കുഴഞ്ഞൊരീ-
യുരുമ്മി നില്പ്പിലൊരു
ചുടുനിശ്വാസമെന്റെ
കവിളിൽ പതിയ്ക്കുന്നു…

ഉടഞ്ഞു പോയൊരുഷ്ണ
ഖനിയതെങ്ങിനുള്ളി-
ലിരമ്പിത്തുറക്കുന്നു,
ഞരമ്പിൽ തുടിയ്ക്കുന്നു !

ഒന്നിനുമല്ലാതെയൊ-
ന്നടുത്തു നില്ക്കൂ
നെറ്റി കവിളിൽ ചേർക്കൂ,
ശ്വാസം ശ്വാസത്തിലലിയട്ടെ…

ഇറച്ചിപ്പൊതികളായ്
പകുത്തു പോകും മുന്നേ
പകർത്താം ശേഷിക്കുമീ-
യുയിരിൻ ചൂടും ചൂരും.

എച്ചിലിലെല്ലിൻ തുണ്ടായ്
അഴുകുമ്പോഴുമൊട്ടു ബാക്കി
നില്ക്കട്ടെയിറ്റു
സ്നേഹത്തിൻ തരികളും…

Comments

comments