നാഗരികവും നവീനവുമായ അനുഭവസ്ഥലികളാണ് നാം അവയിൽ കാണുത്. എന്നാൽ അവയ്ക്കുള്ളിലെ മൂല്യമണ്ഡലം മേൽപറഞ്ഞ ആധുനികപൂർവതയുടേതാണ്.

ലോകസഞ്ചാരി എന്ന കവിതയിൽ പിതൃബിംബത്തെ നെഞ്ചേറ്റുത് കാണാം.

ലോകസഞ്ചാരിയാണച്ഛനിഛയ്‌ക്കൊത്തു
കാലങ്ങളെല്ലാം കുറുകേ കടന്നവൻ
ഭീതമാം സായന്തനങ്ങളിൽ സംഗീത
സാരമായ് സ്വന്തനിശബ്ദത മാറ്റിയോൻ

ഭദ്രവും വിശ്വസ്തവും തെളിമയാർതുമായ ബാല്യത്തിന്റെ അർപ്പിതജീവിതം അച്ഛനിൽ സുരക്ഷിതത്വമനുഭവിക്കുന്നു. ചലിക്കാത്ത വിശ്വാസമാണത്.

കത്തുന്ന കപ്പൽ, ഇതിന്നണിയത്തു ഞാൻ
നിൽക്കയാമൊക്കെദ്ദഹിച്ചുതീരും വരെ
അച്ഛൻ പറയാതിറങ്ങുകയില്ല ഞാൻ
കപ്പലും ഞാനും വെറും ചാരമാം വരെ

അച്ഛന്എന്ന കവിത മുഴുവനായും തന്റെ പിതാവിനോടുള്ള ആത്മനിവേദനമാണ്.

അച്ഛനു ശേഷം എനിക്ക് ആരുമില്ലാതായി തീർന്നു. അകലെയെങ്കിലും എന്റെ വേരിലും തളിരിലും അച്ഛനുണ്ടായിരുന്നു.

എൻ.പി.പ്രണാമം, ഒളപ്പമണ്ണ, ബാലാമണിയമ്മയ്ക്ക്, തുടങ്ങിയ കവിതകളിലൊക്കെ പൂർവികപാരമ്പര്യങ്ങളോടുള്ള മമതകളും പൂജകളുമായ് ചേർന്നാണ് പിതൃത്വം പ്രവർത്തിക്കുത്.

നഷ്ടപ്പെടു പിതൃക്കൾ ചിദാകാശ-
നിത്യപ്രകാശങ്ങൾ സന്ധ്യയിൽ രാത്രിയിൽ
ഉറ്റുനോക്കുന്നു വഴിവെളിച്ചത്തിനായി
ഉജ്ജ്വല താരകളെ പാന്ഥരെപ്പോഴും”(എൻ.പി.പ്രണാമം)

ബാലാമണിയമ്മയെ തന്റെ ഇഷ്ടകവിയായി പലപാട് വിജയലക്ഷ്മി വിശദീകരിക്കുന്നുണ്ട്. ആ സ്‌നേഹോദാരതകൾക്കകത്ത് പൂർവകവിപാരമ്പര്യത്തോടുള്ള ആദരമെന്നതിനേക്കാൾ  സവിശേഷമായ ആദർശാകത്മമൂല്യമണ്ഡലങ്ങളോടുള്ള ചാർച്ചയാണുള്ളത്.

ഏറെ വയസ്സെനിക്കില്ലെിരിക്കിലും
ദ്യോവിലെ ശോഭകൾ നോക്കിനിൽക്കേ,അു
ജാലകച്ചില്ലിൽ ഞാൻ കേട്ടു മൃദുസ്വരം
താവകമെന്നു തിരിഞ്ഞതില്ലെങ്കിലും” -(ബാലാമണിയമ്മയ്ക്ക്)

വിൽപ്പത്രമെന്ന കവിതയിൽ പാരമ്പര്യത്തിന്റെ ഈ ആദർശാത്മകത ചരാചരപ്രകൃതിയോടുള്ള ഇണക്കമായും ഇഴുകിച്ചേരലായും കവി കണ്ടെടുക്കുന്നു. ഇവിടെ പാരമ്പര്യത്തിന്റെ ഒസ്യത്തായി കവി മകനു ചിലത് നൽകുന്നു. പ്രകൃതി സൗന്ദര്യങ്ങളും (സ്വച്ഛമാം വെയിലിൻ തിളക്കമാകുന്ന സ്വർണം, കാറ്റ്, മരങ്ങളുടെ മർമ്മരം…) അവയിൽ വീണുപോകുന്ന നിർമലമായ സ്വപ്‌നാത്മകമായ ചേതസ്സുമാണവ.

ദുഃഖങ്ങളിൽ നിത്യമോചനമേകുമീ
സ്വപ്‌നങ്ങൾ വിൽപത്രമായി നൽകുന്നു ഞാൻ

പിതൃത്വമെന്ന അധീശകേന്ദ്രത്തോടുള്ള സംവാദമണ്ഡലമായാണ് വിജയലക്ഷ്മിയിലെ പാരമ്പര്യകാമനകൾ പ്രവർത്തിക്കുന്നതെന്ന് മേൽപറഞ്ഞ കവിതകൾ സാക്ഷ്യപ്പെടുത്തുന്നു. സ്ത്രീകവിത എന്ന പൊതുസംജ്ഞയ്ക്കു കീഴിൽ വിജയലക്ഷ്മിയുടെ കവിതയെ ഉൾച്ചേർത്തു നിർത്തുമ്പോഴുള്ള സംഘർഷം തിരിച്ചറിയാൻ ഈയൊരു നോട്ടക്കോൺ സഹായിക്കുമെന്നു തോന്നുന്നു. പ്രത്യേകിച്ചും തച്ചന്റെ മകൾ, മൃഗശിക്ഷകൻ എന്നീ രണ്ടു കവിതകളെയും അടുത്തു പരിശോധിക്കുമ്പോൾ പ്രതിഷ്ഠാപിതമായ ചില യുക്തികൾ അസ്ഥിരപ്പെടുതായും തോന്നുന്നു.

മൃഗശിക്ഷകൻ: നിസ്സഹായമായ പിൻവാങ്ങൽ
മൃഗശിക്ഷകനിലെ ആഖ്യാനം മൃഗം/ഇര ശാസകനോടു നടത്തുന്ന ഏകഭാഷണമാണ് . ഭയമാണിവിടത്തെ വികാരം. അധീശത്വം നിലനിർത്താൻ വേണ്ടി സ്ഥിരമായി ചലിപ്പിച്ചെടുക്കുന്ന, ഉറപ്പിച്ചെടുക്കുന്ന വികാരം തന്നെയാണ് ഭയം. അവിടുന്ന് കുതറിമാറാൻ പലതരത്തിലും ആഗ്രഹിക്കുന്ന വിധേയിയാണ് കവിതയിലെ ആഖ്യാതാവ്. അടിമകണക്ക് ഒതുങ്ങിയതെങ്കിലും താൻ പാവയല്ലഎന്ന തിരിച്ചറിവ് അതിനുണ്ട്. ഇടക്ക് അതിന്റെ വനചേതസ്സിൽ ഒരു പാരമ്പര്യഘടകമായി രക്ഷാദൂതനായി ഒരു മൃഗപൗരാണികൻകടന്നുവരുന്നു. സൂര്യനെ പിടിക്കാൻ പോയ അതിപുരാതനനായ ആ കാരണവരിൽ പിതാവു തന്നെയാണുള്ളത്. രക്ഷിതാവായ പുരുഷരൂപം തന്നെയാണത്. ആ നോട്ടം ഊർജദായകമാണ്. പക്ഷേ, അതേറ്റുവാങ്ങാൻ ശേഷിയില്ല.

കുനിയുന്നൂ കൺകളവന്റെ നോട്ടത്തിൽ
തളരുന്നൂ ദേഹമവന്റെ ഹാസത്തിൽ
തൊഴുതുപോകയാണവനെത്താണുഞാൻ
അരുതുനോക്കുവാനതിതേജസ്വിയെ
ച്ചുഴിഞ്ഞു നോക്കിയാലുടയും കണ്ണുകൾ
അതിനുമുൻപീ നഖമുനകളാൽ തന്നെ
ഇനിയീകൺകൾ ഞാൻ പിഴുതുമാറ്റട്ടെ

നിർണായകമാണ് ഈ വിധി.വിമോചനത്തിന്റെ തീവ്രമായ ഒരു ഘട്ടത്തിലെ നിസ്സഹായമായ പിൻവാങ്ങൽ .
“….ഭയം,ഭയം മാത്ര
മടിമ ഞാൻ കുനിഞ്ഞിരിക്കുന്നു
മുതുകിൽ നിൻ ചാട്ടയുലച്ചുകൊള്ളുക
വലയത്തിൽ ചാടാനുണർന്നിരിപ്പു ഞാൻ

സ്വാതന്ത്ര്യം ഏറ്റെടുക്കാനോ താങ്ങാനോ ആവുന്നില്ല .അത് പുതിയ ഉത്തരവാദിത്തം ആവശ്യപ്പെടുന്നു. സ്വാതന്ത്ര്യം കിനാവു മാത്രമായി തുടരാനാണ് ഇര ഇഷ്ടപ്പെടുത്. സ്വാതന്ത്ര്യ ത്തിനായുള്ള ആ മുറവിളി ഒരു സ്വയംനീതിമൽക്കരണവും അതുകൊണ്ട് സുരക്ഷയുമാണ്.

പിതൃമൂല്യങ്ങളുടെ സംഘർഷഭൂമിക
എഴുത്തിന്റേതുൾപ്പെടെയുള്ള സർഗാത്മകതയിൽ സ്ത്രീയുടെ ആധികാരികതയെന്ത്? അവളുടെ അനന്യത എപ്രകാരമാണ്? അത് സ്വയംഭരണാധിഷ്ഠിതമാണോ?  ഈ ചോദ്യങ്ങൾ അവസാനിക്കുന്നില്ല. തച്ചന്റെ മകളുടെ പ്രത്യയശാസ്ത്രപരമായ ബോധവിതാനങ്ങൾ തീർച്ചയായും സ്ത്രീവാദപരം തന്നെയാണ്. എന്നാൽ അതിന്റെ അബോധപ്രതലം സുനിശ്ചിതമല്ല. കൂടിക്കുഴഞ്ഞു കിടക്കുന്ന അധീശമൂല്യങ്ങളും വൈകാരികരാഷ്ട്രീയങ്ങളും ചേർന്ന് പിതാവിന്റെ അധീശനിലകളിലേക്കു തന്നെ കൂപ്പു കുത്തി വീഴുന്ന കാഴ്ച്ച ഉണ്ട്. ജേഷ്ഠന്റെ ദുർവിധിയിൽ ഉണരുന്ന ആത്മബോധവും കരുതലും സ്വന്തം ജീവിതത്തെക്കുറിച്ചുള്ള താക്കീതുകളും കരുതലുകളുമാകുന്നു.

പോകയാണിന്നുളിപ്പെട്ടിയും മുഴ
ക്കോലുമായ്- വീതുളിക്കിരയായിടാ

എന്ന് നിശ്ചയദാർഢ്യവുമുണ്ട്. എങ്കിലും പോകാതെവയ്യ. ഈ പോക്ക് എവിടേക്ക് എന്നതിനേക്കാൾ എവിടെനിന്ന് എന്നിടത്താണ് തീവ്രമാകുന്നത്. അപ്പോഴും അച്ഛന്റെ വാക്ക്, അനുഗ്രഹാശിസ്സുകൾ കൂടെയുണ്ട്.

”…നടക്കുക
ഏതു ദിക്കിൽ നീ പോകിലും പോകാത്ത
പേരുനിൻ വിരൽത്തുമ്പിലെന്നോർക്കണം

പിതാവിന്റെ തുടർച്ച ശിൽപകലയായി സർഗാത്മകതയായി കൂടെയുണ്ട്. വീതുളിക്കിരയായിടാ എന്നു പറയുമ്പോൾ സ്വയം വീതുളി വീണു മരിക്കുതിനേക്കാൾ അച്ഛൻ ആ അവസരം നേരിടരുതെന്ന കരുതലും ഉണ്ടിവിടെ. പിതൃമൂല്യങ്ങളെ ആദർശാത്മകമായി സംരക്ഷിക്കുക എന്ന അബോധത്തിൽ നിന്നല്ലേ ആ സ്വയംഭ്രഷ്ടത ഇറങ്ങിപ്പോക്ക് സാധ്യമാകുന്നത്?അവിടെ നിന്നു പോകാതിരുന്നാൽ ഉണ്ടാകാനിടയുളള, പാപമാകാനിടയുള്ള ഗുരുനിന്ദയിൽ നിന്നുമുള്ള പലായനം കൂടിയാണത്. നെഞ്ചിലേറ്റു കനത്തൊരു കല്ലുളി ഓർമകൾ കൊണ്ടു നിർമിച്ചതാണ്. അതു കൊല്ലാനല്ല, സ്വന്തം ലോകങ്ങളെ നിർമിക്കാനുള്ളതാണ് എന്നുമവൾക്കറിയാം. പിതൃത്വത്തിന്റെ (ദേശീയതയുടെ ) മൂല്യമണ്ഡലങ്ങളോടുള്ള വൈകാരിക അബോധത്തിന്റെ രാഷ്ട്രീയം സ്‌ത്രൈണസർഗാത്മകതയെ ഒരേസമയം ആവേശം കൊള്ളിക്കുന്നു, അത്രതന്നെ അതേസമയം അതിനെ വെല്ലുവിളിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. മറ്റു ചിലപ്പോൾ സ്വയം ഒറ്റുകൊടുക്കുകയും ചെയ്യുന്നു. ഇങ്ങനെ സന്ദിഗ്ധമാണ് ഇവിടത്തെ വിമോചന കാമന.

പ്രണയകാമന

വിജയലക്ഷ്മിയുടെ തന്നെ അധികം ആഘോഷിക്കപ്പെടാത്ത ചില കവിതകളിലേക്കു കൂടി നാം പോകേണ്ടതുണ്ട്. അവിടെ കടന്നുവരുന്ന വിധ്വംസകതകൾ പതിവു സ്ത്രീപക്ഷയുക്തിയുടെ പരിമിതികളെ നല്ലവണ്ണം വെളിവാക്കുന്നവയാണ്.കാരണം നിലവിലുള്ള വ്യവസ്ഥയിൽ സ്‌ത്രൈണത എങ്ങിനെ ഒഴിവാക്കപ്പെട്ടു എന്നതിനേക്കാൾ  നിർണായകമാണ് അടിസ്ഥാനപരമായി അത്തരം ഒഴിവാക്കലുകളിലൂടെയും ന്യൂനീകരണങ്ങളിലൂടെയും തമസ്‌കരണങ്ങളിലൂടെയുമാണ് വ്യവസ്ഥാപിത കലാസാഹിത്യചിന്തകൾ തന്നെ പടുത്തയർത്തപ്പെട്ടതെന്ന തിരിച്ചറിവ്. അവയാകട്ടെ പൊതുവായ ഒരു സ്വാംശീകരണയുക്തിയോടെ സ്വീകരിച്ചതിനെക്കുറിച്ചാണ് നാമിവിടെ ആകുലരാവുന്നത്. സ്ത്രീയുടെ സർഗാത്മകത, ഏല്പിച്ചു കൊടുത്ത മുഴക്കോലിലോ അനുഗ്രഹവചസ്സുകളിലോ വീതുളിയിലോ അല്ല, അവളുടെ വിധ്വസംകമായ ആധികാരികതകളിൽ കൂടി പടർന്നേറുന്നവയെന്ന് യയാതി പറയുന്നു. മഴുവിന്റെ കഥ എഴുതിയ ബാലാമണിയമ്മയുടെ വൃദ്ധകന്യ എന്ന കവിതയെ പ്രമേയസാമ്യം കൊണ്ട് ഇക്കവിത ഓർമിപ്പിച്ചേക്കാം. പെണ്ണിന്റെ സ്വതന്ത്രവും സ്വൈരവും നിറഞ്ഞ കാമനകളെ ഇക്കവിത എഴുതുന്നു. അരയാൽച്ചുവട്ടിൽ ധ്യാനസ്ഥനായിക്കണ്ട മുനിയോടായിരുന്നു കാമനകളുണർന്നത്, പിന്നീട് ഹരിചന്ദനം പോൽ വിശുദ്ധി വഴിയുന്ന നിഷ്‌കളങ്കനായ കുമാരനു നേർക്കുള്ള വാൽസല്യം കലർന്ന പ്രണയം സ്വീകരിക്കപ്പെടാതെ പോകുന്നു. പിന്നീടു കലപ്പയെന്തിപ്പോകുന്ന സംഘത്തോടൊപ്പം സഞ്ചരിച്ച് അവൾ മഴമേഘം തിരഞ്ഞ് മിഴികൾ മദ്ധ്യാഹ്‌നസൂര്യനിലർപ്പിച്ച ദൃഢചിത്തനെ കാണുന്നു. ഉത്തപ്തനായ ആ പുരുഷനെയും വെടിഞ്ഞവൾ തളർന്നു തണലത്തിരിക്കുമ്പോൾ യയാതിയെ കണ്ടുമുട്ടുകയാണ്. ഇരവു പകലുകളെ ഉടയാടകളാക്കി,സൂര്യനെയും നക്ഷത്രങ്ങളെയും അലങ്കാരങ്ങളാക്കി ആ പ്രണയസിംഹം ചുഴറ്റുന്ന സട മാത്രമായിത്തീർന്നു പ്രപഞ്ചം..! പ്രണയകാമനകളിലൂടെ ഉരുത്തിരിച്ചെടുക്കുന്ന സ്വേച്ഛയുടെ സ്വയംനിർണയനമാണീ കവിതയുടെ ഭാവരാഷ്ട്രീയത്തെ വേറിട്ടതാക്കുന്നത്. കൗസല്യയിലും പരോക്ഷവ്യംഗ്യമാകുന്നത് ഉദ്ദാമമായ സ്‌ത്രൈണദാഹം തന്നെ. ദശരഥന്റെ ധർമപത്‌നിയും രാമന്റെ മാതാവും മാത്രമാകേണ്ടിവരുന്ന അവസ്ഥകളുടെ നിഷേധം അവളുടെ സ്വപ്നങ്ങളിലുണ്ട്.  കൈകേയിയെപ്പോലെ ദശരഥനുമായിച്ചേർന്ന് പ്രണയത്താൽ ഒരുമിച്ചിരുധൂമധാരകളായിപ്പിണഞ്ഞുയരാൻകൗസല്യക്കു മോഹമില്ലാഞ്ഞല്ല. പക്ഷേ,

അമ്മയാണെനിക്കു നീ ദേവീ,നിൻ മടിത്തട്ടി
ലുണ്ണിയാവുമ്പോഴെനിക്കഭയം,സമാശ്വാസംഎന്നാണ് രാജാവിന്റെ ഭാവം.

 മാതൃഭാവമേ തിരക്കുന്നു നിത്യവും ഭവാൻ,
നാരുനാരായെൻ കരൾ നരയ്ക്കാതെന്തേ പിന്നെ?എന്നവൾ തിരിച്ചറിയുന്നു.

വിട്ടുപോകൂഎ കവിതയിൽ മാതൃത്വത്തിന്റെ ധാർമികഭാരത്തെ എത്രയും കയ്യൊഴിയാനുള്ള വെമ്പലാണുള്ളത്.

ഭാഗവതം സ്‌ത്രൈണമായ ദൈവശാസ്ത്രത്തെക്കുറിച്ചുള്ള ചിന്തയെ ഉണർത്തുന്നു.പുരുഷൻ സന്ധ്യയ്ക്കു കുളിച്ചെല്ലാ ശല്യത്തിൽ നിന്നും വേറിട്ടുവായിക്കുന്ന ദിവ്യമായ ഭാഗവതം. വന്നു കേൾക്കാനയാൾ വിളിക്കുന്നു.അടുക്കളവേലകൾ അവളെ തടയുന്നു.

കരി പറ്റിയകയ്യാൽ
മരണം വരെത്തീരാ-
മഹാഭാഗവതം ഞാൻ
മറിച്ചു വായിക്കുന്നു.
മടിയാതെന്നും; അങ്ങു
കേൾക്കുവാൻ വരുന്നില്ല!

കൊല, കാക്ക, എൻ.ജി.ഒ, ഒരു നിശ്ചലദൃശ്യം, വിനോദം, ഇനിയെന്തു വിൽക്കും, സെൽഫ് പോർട്രെയിറ്റ് വെറുമോരു കത്ത്(രാജന്) തുടങ്ങിയ  അനേകം പുറം കവിതകളുടെ ഒരുധാരയും വിജയലക്ഷ്മിയിലുണ്ട്. ഇവിടെ കണ്ടെടുക്കാത്ത ഇനിയും നിരവധി ധാര/തലങ്ങളുണ്ട്. ഇവയെല്ലാം ചേർന്നു നിർമിക്കുന്ന പലമയിലും കലർപ്പിലും ഇടർച്ചകളിലും ബഹുസ്വരതയിലുമാണ് ആ കവിതകൾ മനസ്സിലാക്കപ്പെടേണ്ടതെന്നു കരുതുന്നു. ഉറച്ചു പോയ ലേബലുകൾക്കപ്പുറം, തീർപ്പുയുക്തികൾക്കപ്പുറം കവിത അതിന്റെ സന്ദിഗ്ദ്ധമായ വഴികളിലൂടെ യാത്ര തുടരട്ടെ..

Comments

comments