വിദ്യാഭ്യാസം ഒരു മിഥ്യയല്ല. സാമൂഹിക ജീവിതത്തിൻറെ സമസ്ത മേഖലകളിലും സ്വാധീനമറിയിച്ചു കഴിഞ്ഞ ഒരു യാഥാർത്ഥ്യമാണത്.മായികമായ മോഹങ്ങൾക്കും ,പ്രലോഭനങ്ങൾക്കും അധീശ ശക്തികളുടെ സമ്മർദ്ദങ്ങൾക്കും വിധേയനാകാത്തൊരു വ്യക്തിയുടെ നിർമാണ പ്രക്രിയയിലെ അഭിവാജ്യ ഘടകമാണ് വിദ്യാഭ്യാസം .ഏതു കാലഘട്ടത്തിലും സമൂഹത്തിലെ പ്രബലവർഗം സമ്പത്തും വിദ്യാഭ്യാസവും കൂടുതലുള്ളവരായിരുന്നു .അതിനാലാകണം കേരള വിദ്യാഭ്യാസാനുഭവത്തിൽ രണ്ടാം നൂറ്റാണ്ടിന്റെ നീണ്ട ചരിത്രമെടുത്താൽ വിദ്യാഭ്യാസമൊരു കാലത്ത് ,സവർണ ഹൈന്ദവരുടെ പാരമ്പര്യത്തിന് വേണ്ടി മാത്രം നിഷ്കർഷിക്കപ്പെട്ടിരുന്നതാണ് എന്നു കാണാം .2015 ആയപ്പോഴേക്കും ഏവർക്കും തുല്യ നിലവാരത്തോടെ പങ്കിടാനാകുന്ന ഒന്നായി അത് മാറിക്കഴിഞ്ഞു .അഥവാ അതിനായുള്ള സമരപരമ്പരകൾ ലക്ഷ്യം കണ്ടു .എന്നാൽ വിദ്യാഭ്യാസത്തെ ഒരു വൈജ്ഞാനിക -സാംസ്കാരിക പ്രമേയമെന്ന നിലക്ക് പഠിച്ചറിഞ്ഞിട്ടുള്ളവർക്ക് ഒരിക്കലും അംഗീകരിക്കനൊ ഉൾക്കൊള്ളാനോ കഴിയാത്ത മാറ്റങ്ങൽ സമീപകാലത്ത് നാം സാക്ഷ്യം വഹിച്ചു .

സാമൂഹിക നീതിയിലധിഷ്ടിതമായ പൊതുവിദ്യാഭ്യാസം സ്വകാര്യ മേഖലക്ക് തീറെഴുതിയയതാണ് അതിലൊന്നാമത് .പണമുണ്ടെങ്കിൽ ആർക്കും എന്തും പഠിക്കാമെന്ന സ്ഥിതി ഗതികളിലേക്ക് തത്ഭലമായി കാര്യങ്ങൾ മാറി മറിയാൻ തുടങ്ങി . അതിശയോക്തി കൂടാതെ തന്നെ – പണം സമ്പാദിക്കാനുള്ള ഉപാധിയായി  വിദ്യാഭ്യാസം  കച്ചവടവത്കരിക്കപ്പെട്ടു .കൊടുക്കും തോറുമേറും എന്ന് നാം പറഞ്ഞു പഠിച്ച വിദ്യ ,ചോരന്മാർ കൊണ്ടുപോകില്ല എന്ന വിശ്വാസം നഷ്ടപ്പെട്ടു .മൂല്യമുള്ള സർട്ടിഫിക്കറ്റുകൾക്ക് വേണ്ടി ,മൂല്യമില്ലാത്തൊരു ജനത പണക്കിഴികളുമായി കാത്തു നിൽക്കുന്ന ; നിയമം പോലും നിസ്സംഗമാകുന്ന വേളകൾ .തുടർവിദ്യാഭ്യാസതലങ്ങളിൾ സർവകലാശാലകൾ മാത്രമല്ല  യുജിസി ,എ ഐ സി റ്റി ഇ ,മെഡിക്കൽ കൌന്സിലുകളടക്കമുള്ള ഉന്നത വിദ്യാഭ്യാസ ഏജൻസികളുടെ പ്രവർത്തനങ്ങളിൽ  പോലും സംശയത്തിൻറെ കരിനിഴൽ പടർന്നു കഴിഞ്ഞു .

പഠിച്ച അറിവുകൾ സമൂഹത്തിനു വേണ്ടി ഉപയോഗപ്പെടുത്താനാണ് ഗാന്ധിയും കലാമും അടക്കമുള്ള മഹത്തുക്കൾ ഇന്ത്യയോടാവിശ്യപ്പെട്ടത് .ഭൗദികവിദ്യാഭ്യാസം കൊണ്ട് സ്വന്തം ഭൗദികസാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ എവിടെയും ആരും നിഷ്കർഷിച്ചു കാണുന്നില്ല .എന്നാൽ സ്വാർത്ഥതാൽപര്യങ്ങൾക്ക്‌ വേണ്ടിയും സാമൂഹ്യ ബഹുമതിക്ക് വേണ്ടിയും വിദ്യാഭ്യാസം തന്നെ വിലക്കെടുക്കന്നവരോട് നിങ്ങൾ സമൂഹ നന്മക്കു വേണ്ടി പ്രയത്നിക്കൂ  എന്ന് പറയുന്നതെങ്ങനെ ?വല്ലാത്ത അസമത്വങ്ങൾ സൃഷ്ടിച്ചു കൊണ്ട് പണമുള്ളവൻ ,ഇല്ലാത്തവനെ പരിഹസിച്ചു മുന്നേറുന്നു .തൊഴിലില്ലായ്മയും ,പട്ടിണിയും അറിവില്ലായ്മയുടെ മാത്രം സൃഷ്ടിയല്ല മറിച്ച് അവസരമില്ലായ്മയുടെ ബാക്കി പത്രങ്ങളാണ് എന്നതും ഇന്ത്യ തിരിച്ചറിയേണ്ടതില്ലേ? നയങ്ങളിലെ പോരായ്മകൾക്ക്‌ പിന്നാലെയാണ് അഴിമതിയുടെ അതിപ്രസരവും .അമേരിക്ക പോലും നമിക്കുന്ന നമ്മുടെവിദ്യാഭ്യാസം വാസ്തവത്തിൽ എത്ര അധപ്പതിച്ചതാണെന്ന് അധികാരികളറിയാൻ ഇനിയുമെത്ര കാലം കാത്തിരിക്കേണ്ടി വരും !

വ്യാപം – രാജ്യമൊട്ടാകെ വ്യാപകമായി ചർച്ച ചെയ്യുന്ന ഈ പേര്, മധ്യപ്രദേശ് പ്രൊഫഷനൽ എക്സാമിനേഷൻ ബോർഡിൻറെ ഹിന്ദി പേരായ മധ്യപ്രദേശ് വ്യാവസായിക് പരീക്ഷ മണ്ഡലത്തിന്റെ ചുരുക്കെഴുത്താണ് . വ്യാപത്തിന്റെ  നാടകീയമായ നാൾവഴികൾ പരിശോധിച്ചാൽ ഇത്രയധികം ഇന്ത്യൻ വിദ്യാഭ്യാസ മേഖലയെ പിടിച്ചുലച്ച മറ്റൊരു പ്രതിസന്ധി ഉണ്ടായിട്ടില്ലെന്ന് കാണാം .പ്രൊഫഷനൽ കോഴ്സുകളിലേക്കും ,സർക്കാർ സർവീസിലേക്കും വ്യാപം നടത്തിയ മത്സരപരീക്ഷകളിൽ നടന്ന ക്രമക്കേടുകളാണ് കേസിനാധാരം .1995 ൽ റിപ്പോർട്ട്‌ ചെയ്ത ആദ്യ കേസ് മുതൽ 2015 ൽ മെഡിക്കൽ ,ഫുഡ്‌ ഇൻസ്പെക്ടർ ,പോലീസ് കൊസ്റ്റബിൽ പരീക്ഷകളിലും ,അധ്യാപക നിയമനങ്ങളിലും നടന്ന അഴിമതി പരമ്പരകൾ കണക്കറ്റതാണ് .മധ്യപ്രദേശ് സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ നടക്കുന്ന വ്യാപത്തിന്റെ പിന്നിൽ കോഴ വാങ്ങി സീറ്റ് നൽകാൻ തയാറായി നിന്നത് ആരാണെന്ന ചോദ്യം ഇത്തരണത്തിൽ അസാധുവാണ് .ഐക്യമത്യം മഹാബലം എന്നാ പഴഞ്ചൊല്ലിനെ അന്വർഥമാക്കി കൊണ്ട് രാഷ്ട്രീയക്കാരും ,സർക്കാർ ഉദ്യോഗസ്ഥരും ,ഇടനിലക്കാരും പരീക്ഷാർഥികളും ഒന്നിനൊന്നു മെച്ചമായി പയറ്റി .മുഖ്യനും ഗവർണറും ,ജഡ്ജിയും … ആരും പിന്നിലല്ല !!!

പ്രധാനമായും മൂന്നു വിധത്തിലായിരുന്നു വ്യാപം തട്ടിപ്പ്. ആൾമാറാട്ടം ,എഞ്ചിൻ – ബോഗി സംവിധാനം ,ഓ എം ആർ ക്രമക്കേട് എന്നിങ്ങനെ  മൂന്നു വിധം  .കോഴ നൽകിയ വിദ്യാർത്ഥിക്ക് വേണ്ടി മിടുക്കനായ മറ്റൊരുവൻ പരീക്ഷയെഴുതി .പരീക്ഷാർഥി യുടെ അഡ്മിറ്റ്‌കാർഡിലെ ചിത്രം മാറ്റിയൊയൊട്ടിച്ച്  ആൾമാറാട്ടം .രണ്ടു വിദ്യാർഥികൾക്കിടയിൽ തട്ടിപ്പ് സംഘാംഗം ഇരിക്കുകയും മൂന്നാമന്റെ കയ്യിലെ ശരിയുത്തരം രേഖപ്പെടുത്തിയ ഉത്തരക്കടാലാസ്  പരീക്ഷാർഥിക്ക് കാണാനാകും വിധം വെക്കുകയും ചെയ്യുന്നു .മൂന്നാമൻ എഞ്ചിനും ,പരീക്ഷാർഥി ബോഗിയും .മൂന്നാം വഴിയാകട്ടെ ഉത്തരക്കടാലാസിൽ ഒന്നും രേഖപ്പെടുത്തേണ്ട എന്ന ധാരണയിൽ കൈമാറുന്ന ഓ എം ആർ ഷീറ്റുകളാണ് .പരിശോധനക്ക് മുമ്പ് തട്ടിപ്പുകാർ ശരിയുത്തരങ്ങൾ സമയം പോലെ രേഖപ്പെടുത്തിക്കൊള്ളും .എത്ര പൈശാചികമായ മാർഗങ്ങൾ !എന്നിട്ടും വേണ്ട തെളിവുകളില്ലാതെ വ്യാപം മറ്റു പലതിനെയും പോലെ തേഞ്ഞു മായാൻ മുതിരുന്നു .സാക്ഷികൾ അങ്ങിങ്ങായി നിഗൂഡ സാഹചര്യത്തിൽ മരണപ്പെടുന്നു . അതും പോരാതെ ഉന്നത പോലീസ് മേധാവികൾ തന്നെ കോപി അടിക്കു പിടിക്കപ്പെടുകയും ,കെട്ടിടങ്ങളിൽ അള്ളിപ്പിടിച്ചു വലിഞ്ഞു കയറി വിദ്യാർത്ഥികൾക്ക് ബന്ധു ജനങ്ങൾ കോപി നൽകുകയും ചെയ്തു പോരുന്നു ..സ്വച്ഛം ..സുന്ദരം! രണ്ടു ചോദ്യച്ചിന്ഹങ്ങൾ മുഖാമുഖം നിൽക്കുന്ന വ്യാപാത്തിന്റെ മുദ്ര പോലെ ഇവയെല്ലാം ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി അവശേഷിക്കുന്നു.

പരിഹാരമില്ലേ ? നീതി ദേവത പതിവ് പോലെ കണ്ണ്‍ മൂടിക്കെട്ടി നിൽക്കുമ്പോൾ മാറ്റമുണ്ടാകേണ്ടത് ഏതു ഭാഗത്ത് നിന്നാണ് ?ജ്ഞാനം സർവത്രികമാകുകയും പരിജ്ഞാനം നൂറിലൊരാൾ പോലും കണ്ടെത്താൻ കഴിയാതെയും തുടർന്നാൽ കഥ ശുഭപര്യവസാനം കാണുകയില്ല .പ്രസംഗത്തിലോ ആശയങ്ങളിലോ ,രചനകളിലോ അല്ല വിദ്യാഭ്യാസ സംരക്ഷണം ഊന്നേണ്ടത്. ജനാധിപത്യപരമായ അറിവുൽപാദനം പോലെ തന്നെ ജനാധിപത്യപരമായ അറിവു പങ്കു വെക്കലും നടന്നേ തീരൂ ..അടിത്തറയില്ലാത്ത കേവല സർട്ടിഫികറ്റുകൾ  തായ് വേരില്ലാത്ത വടവൃക്ഷം പോലെ കാലാന്തരത്തിൽ നിലംപരിശാകും .ജ്ഞാനം അറിവാണ്, പരിജ്ഞാനം അറിവിനെ എങ്ങനെ ഉപയോഗിക്കാം എന്ന തിരിച്ചറിവും .

കാലം കണ്ടെത്തുന്ന വൃണങ്ങൾ സമൂഹം പൊറുക്കുകയില്ലയെന്ന സാമാന്യ ബോധം നമ്മിലുണ്ടാകട്ടെ .അപ്പോഴും ,പ്രത്യാശയുടെ മുകുളങ്ങൾ പുത്തൻ വിദ്യർത്ഥികളിലൂടെ, നവ വിദ്യാഭ്യാസ പ്രക്രിയയിലൂടെ പിറന്നു വീഴുമെന്നു പ്രത്യാശിക്കാം .

Comments

comments