ണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വി പി സിംഗ് സര്‍ക്കാര്‍ നടപ്പാക്കുന്ന കാലം. രാജ്യമെങ്ങും ജാതി വെറിയന്മാര്‍ അതിനെ അട്ടിമറിക്കാന്‍ കോപ്പ് കൂട്ടുന്നു. തിണക്കല്‍ പദ്മനാഭന്‍ എന്ന ടി പത്മനാഭൻ അതുവരെ കഥകള്‍ മാത്രമേ എഴുതിയിരുന്നുള്ളൂ. പ്രകാശം പരത്തുന്ന പെണ്‍കുട്ടി മുതല്‍ ശേഖൂട്ടി വരെ. മഖന്‍ സിങ്ങിന്‍റെ മരണം മുതല്‍ കടയനല്ലൂരില്‍ ഒരു സ്ത്രീ വരെ. എഴുത്തുകാരന്‍ സാമൂഹിക കാര്യങ്ങളില്‍ ഇടപെടരുത് എന്നായിരുന്നു അതുവരെ ഉള്ള വാദം. അത് കൊണ്ട് അദ്ദേഹം കഥകള്‍ മാത്രം എഴുതി. അതും പ്രപഞ്ചത്തിലെ ഏറ്റവും മികച്ച കഥകള്‍. അണ്ഡകടാഹത്തിലെ ഏറ്റവും മികച്ച കഥകള്‍. കാലാതിവര്‍ത്തിയായ കഥകള്‍.അണ്ഡകടാഹത്തിന്‍റെ ഉണ്ടതകള്‍. കോഴിക്കോട്ടെ വാസുവിന് ഒന്നും സ്വപ്നം കാണാന്‍ പറ്റാത്ത കഥകള്‍. അന്നൊക്കെ  ചെറുകഥ ആയിരുന്നു ഭൂമിയുടെ അച്ചുതണ്ടും. കഥ അല്ലാതെ എന്തെകിലും എഴുതിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ അദ്ദേഹം കടയനല്ലൂരിലെ സ്ത്രീയെ പോലെ ചോദിക്കും: ഉടമ്പ് തൊട്ട് പാറുങ്കളെ.

എങ്കിലും മണ്ഡല്‍ കമ്മിഷന്‍ പത്മനാഭനിലെ സാമൂഹിക ജീവിയെ കുലുക്കി ഉണര്‍ത്തി. ദുര്‍ബലര്‍ ഭൂമിക്കു അവകാശികള്‍ ആയെക്കുമോ എന്ന പേടി പുഴ കടന്നു മരങ്ങള്‍ക്കിടയിലൂടെ വന്ന് അദ്ധേഹത്തെ വലയം ചെയ്തു. ഗോപാല്‍പൂരിലെ കടല്‍ കാറ്റിന് പോലും ആ പേടിയെ തണുപ്പിക്കാന്‍ ആയില്ല. ജാതി സംവരണം അദ്ദേഹത്തിന് പ്രകാശം പരത്താത്ത പെണ്‍കുട്ടിയെപ്പോലെ ആയി.

നേരെ ഒരു ലേഖനം വച്ച് കാച്ചി. അതും മനോരമയുടെ മുഖപ്രസംഗ താളില്‍. കഥയല്ലാത്ത ഒരു ഗദ്യം കാല ഭൈരവനില്‍ നിന്നും ആദ്യമായി പെയ്തിറങ്ങി. മണ്ഡല്‍ കമ്മിഷന്‍ നടപ്പാക്കരുത്. കത്തുന്ന രഥചക്രങ്ങള്‍ക്കിടയില്‍ ജാതി മേലാളന്മാരുടെ സംവരണ വിരുദ്ധ മനോഭാവങ്ങള്‍ക്ക് വേണ്ടി കഥകൃത്ത് കുരിശില്‍ കിടന്നു. പൊട്ടിതെറിച്ചു.

പള്ളിക്കുന്നിലെ വീട്ടു മുറ്റത്തെ മുരിങ്ങ മരത്തില്‍ ഒരുപാട് കായുകള്‍ പിന്നെയും ഉണ്ടായി. ഇലകളും ഉണ്ടായി. അവകൊണ്ടുള്ള ഉപ്പേരികളും തോരനുകളും കറികളും കഥകളും പലതു പിറന്നു. അന്നൊക്കെ പാമ്പുകളോട് ആയിരുന്നു സ്നേഹം. പശുവിനോടുള്ള സ്നേഹവും പശു മാംസം തിന്നുന്നവരോടുള്ള വിരോധവും അടുത്തിടെ മാത്രം വന്നതാണ്‌.

പറശ്ശിനിക്കടവില്‍ ചുട്ടെരിക്കപ്പെട്ട പാമ്പുകള്‍ക്ക് പള്ളിക്കുന്നില്‍ അപ്പോസ്തലൻ ഉണ്ടായി. ആരെ നീ കൊത്തുന്നു പാമ്പേ എന്ന് ചോദിച്ച കുഞ്ഞാപ്പ പട്ടാന്നൂമാരെ പേടിപ്പിച്ചു ഓടിച്ചു. പാമ്പ് വളര്‍ത്തല്‍ കേന്ദ്രത്തിനു തീയിട്ടവരുടെ മാനസീകാവസ്ഥ പാര്‍ട്ടി കൂറില്‍ അല്പം സൈദ്ധാന്തിക മനശാസ്ത്ര പരമായി അപഗ്രഥിച്ച എം എന്‍ വിജയന്‍ ആ ക്രോധത്തില്‍ ചുട്ടുചാമ്പലായി.

ലോകമെങ്ങും വിജയനെ അദ്ദേഹം കൊന്നു കൊലവിളിച്ചു നടന്നു. വിജയന്‍ പിന്തുണച്ച മാര്‍ക്സിസ്റ്റ്‌ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ ഗതിയും വേറെ ഒന്നായിരുന്നില്ല. അന്നെല്ലാം ആ പേര് കേട്ടാല്‍ സഖാക്കള്‍ കോപം കൊണ്ട് വിറച്ചു. അങ്ങനെ പപ്പനാവന്‍ എന്ന പരമ പുച്ഛം നിറഞ്ഞ വിളിപ്പേരും വീണു.

അന്നത്തെ പത്മനാഭനല്ല ഇന്നത്തെ പത്മനാഭൻ. അന്നത്തെ വിജയനെ ഇന്ന് ചിലർ പാര്‍ട്ടി വിരുദ്ധനനാക്കി. അന്നത്തെ പത്മനാഭൻ ഇന്ന് പാര്‍ട്ടിയുടെ പ്രിയംകരന്‍ ആയി. ഏറ്റവും ക്രാന്തദര്‍ശിയായ ഭരണാധിപന്‍ പിണറായി വിജയന്‍ ആയിരിക്കും എന്ന് അദ്ദേഹം ദീർഘദര്‍ശനം ചെയ്തു. യുവധാരയിലും മറ്റും അദ്ദേഹം അഭിനവ പാബ്ലോ നെരൂദയായി. പാര്‍ട്ടി വേദികളില്‍ അദ്ദേഹം വിപ്ലവത്തിന്‍റെ ജ്വലിക്കുന്ന കൊള്ളിമീനും തീപന്തവുമായി. പാര്‍ട്ടിയില്‍ വിഭാഗീയത ആളി കത്തിച്ചവരെ അദ്ദേഹം ചീത്ത വിളിച്ച് ഒതുക്കി.

എന്നിട്ടും പത്മനാഭൻ പ്രഹേളിക ആണെന്ന് ശത്രുക്കള്‍.

ബീഫ് തിന്നുന്നവര്‍ക്ക് എതിരെ അദ്ദേഹം ജ്വലിച്ചത് കഴിഞ്ഞ ദിവസമാണ്. പോലിസ്-ഭരണകൂട ഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷിയായ കാരായി രാജന് കെട്ടി വച്ച കാശു കൊടുക്കുന്നതിനും ഒരു നാള്‍ മുന്‍പ്. അതിനും മുന്‍പ് ഘര്‍ വാപസി നല്ലതാണ് എന്നും പറഞ്ഞിരുന്നു. കാവിക്കും ചുവപ്പിനും ഇടയിലെ അകലം കുറവ് ആണെന്ന് ധരിച്ച പോലെ. ചുവപ്പ് അലക്കിയാല്‍ കാവിയാകുമെന്ന് തിരിച്ചറിയും പോലെ.

കാരായിക്ക് കാശു കൊടുത്തത് പോലെ ഇടതു പശ്ചാത്തലമുള്ള എഴുത്തുകാരെ അനുകരിച്ച് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ വേണ്ടെന്നു വയ്ക്കാമായിരുന്നു. അതും ചെയ്തില്ല. വസന്തം ഏതു വഴിയാണ് വരിക എന്നറിയില്ലല്ലോ.

രക്തക്കപുരണ്ട പുരസ്കാരങ്ങള്‍ വാങ്ങരുത് എന്ന് പറഞ്ഞത് അദ്ദേഹം തന്നെയാണ്. എന്നാല്‍ കൊലപാതക കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്ക് കെട്ടിവയ്ക്കാന്‍ കാശു കൊടുക്കരുത് എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. എഴുത്തുകാര്‍ ആത്മ വിമര്‍ശനം നടത്തണം എന്നദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തെ ആരും വിമര്‍ശിച്ചു കൂടാ. വിമര്‍ശന സാഹിത്യ ശാഖ തന്നെ നിരോധിക്കണം എന്നാണ് അദ്ദേഹം പറയുന്നത്.

വീട് നഷ്ടപ്പെട്ട കുട്ടിയുടെ മനസ്സ് അദ്ദേഹത്തിന് മനസ്സിലാകും. എന്നാല്‍ മകനെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വിഷമം മനസ്സിലാകില്ല.പാമ്പും പഴുതാരയും അദ്ദേഹത്തിന് പ്രിയപ്പെട്ടവര്‍ ആണ്. എന്നാല്‍ വിജയന്മാരും വാസുമാരും അല്ല. ജ്ഞാനപീഠം കാശു കൊടുത്താല്‍ കിട്ടും എന്ന് അദ്ദേഹം പറയും. അക്കാദമി അവാര്‍ഡുകളെ ക്കുറിച്ച് അങ്ങനെ പറയില്ല.

ന്‍വിയുടെ ഇന്നിംഗ്സ് തീർന്നെന്ന്ദ്ദേഹത്തിനു പറയാം. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ കഥാകൃത്ത്‌ താന്‍ അല്ലെന്നു ആരെങ്കിലും പറഞ്ഞാല്‍ അവര്‍ക്ക് ക്യാപിറ്റൽ പണിഷ്മെന്റ് ഉറപ്പ്. നായരേക്കാള്‍ ഭേദം വാര്യര്‍ ആണെന്നൊക്കെ അദ്ദേഹത്തിന് ജാതി പറയാം. മറ്റാരും പറയരുത്.

സംസ്ഥാനത്ത് ഇടതു ഭരണവും കേന്ദ്രത്തില്‍ മോഡിയുടെ തുടര്‍ച്ചയും വരുമ്പോളാണ് അദ്ദേഹം കഷ്ടപ്പെട്ട് പോകുക. എവിടേക്ക് കൂറ് കാണിക്കും. കാരായി സിന്ദാബാദ്‌. ഘര്‍ വാപസിയും സിന്ദാബാദ്‌. ബീഫ് നിരോധനത്തിനും കൂടെ സിന്ദാബാദ്‌.
——————————————————————–

(ഫേസ്ബുക്ക് എഴുത്തിൽ നിന്നും അനുവാദത്തോടുകൂടി പ്രസിദ്ധീകരിക്കുന്നത്)

Comments

comments