രാഷ്ട്രീയം എന്ന വാക്കേ  അലർജിയായ ഒരു പ്രൊഫസർക്ക് പക്ഷാഘാതം വന്നു. പക്ഷാഘാതം വരുന്നതിനു തൊട്ടുമുൻപ്, തന്റെ ആഘാതത്തോടുള്ള സകലദേഷ്യവും സങ്കടവും ചേർത്ത് പ്രൊഫസർ ഉച്ചരിച്ച വാക്ക് ‘രാഷ്ട്രീയം’ എന്നായിരുന്നു. പിന്നെ സംഭവിച്ചതെന്തെന്നാൽ, ആ വാക്ക് മാത്രം നാവിൽ ശേഷിച്ചു. പിന്നീട് മരണം വരെ  എല്ലാത്തിനുമുള്ള അദ്ദേഹത്തിന്റെ ശബ്ദപ്രതികരണം ‘രാഷ്ട്രീയം’ എന്നായിപ്പോയി. “ഫാനിടൂ” “ ലൈറ്റോഫ് ചെയ്യൂ” “മരുന്നുതരൂ” എന്നിങ്ങനെ എല്ലാറ്റിനും, അവസാനം വരെ ‘രാഷ്ട്രീയം’ എന്നായിരുന്നു പ്രൊഫസറുടെ വാക്ക്. മാക്‌സ് അദെരത്ത് അരാഷ്ടീയവാദത്തിന്റെ രാഷ്ട്രീയപക്ഷത്തെപ്പറ്റി പറയുമ്പോഴുദാഹരിച്ച ഈ കഥയിൽ രണ്ട് സംജ്ഞകൾക്കു പ്രാധാന്യമുണ്ട്. ഒന്നു തീർച്ചയായും രാഷ്ട്രീയം, രണ്ട് പക്ഷാഘാതം. ‘രാഷ്ട്രീയരഹിതമായി ഒന്നുമില്ല’ എന്നതിനൊപ്പം പക്ഷാഘാതവും ശ്രദ്ധിക്കാവുന്നതാണ്. നിഷ്പക്ഷം എന്നൊരു പക്ഷമില്ല, വാസ്തവം. എന്നാൽ പക്ഷാഘാതവും ഒരു പക്ഷമല്ല, രോഗാവസ്ഥയാണ്. തീർച്ചയായും പക്ഷം വേണം. തീർച്ചയും മൂർച്ചയുമുള്ള പക്ഷം. അതു പക്ഷേ പക്ഷാഘാതമായാൽ, വിപരീതമാവും ഫലം.

ഞാനെഴുതുന്നതിവിടെ സംഗീതത്തെക്കുറിച്ചാണ്. പാട്ടുകേൾക്കുന്നതിനെക്കുറിച്ചാണ്. രാഷ്ടീയമുക്തവും ഭാവഗാനാത്മകവുമായ ഭാഷ വാരിധി തന്നിൽ തിരമാലകളെന്ന പോലെ വരാൻ പ്രാർത്ഥിക്കേണ്ടതും പ്രാവർത്തികമാക്കേണ്ടതുമാണ്. (ഓരോരോ കീഴ്‌വഴക്കങ്ങളാവുമ്പൊ…) പക്ഷേ ഇങ്ങനെ തുടങ്ങാനാണ് തോന്നുന്നത്. കാരണം എഴുതുന്നത് എം ഡി രാമനാഥനെക്കുറിച്ചാണ്.

രാമനാഥനെപ്പോലെ പ്രേക്ഷകവിരുദ്ധകോടികളിൽ ജീവിക്കുന്ന മറ്റൊരു ശാസ്ത്രീയസംഗീതജ്ഞനെ ഇന്ത്യയിൽ കണ്ടെത്താൻ പ്രയാസമാണ്. എം ഡി രാമനാഥന്റെ സംഗീതം ഒരു ‘ബുദ്ധിജീവിജാട’യാണെന്നു ചിലർ,  ഏറ്റവും നിഷ്കളങ്കവും നൈസർഗികവുമായ സംഗീതമാണതെന്നു മറ്റു ചിലർ. എം ഡി രാമനാഥനു ശാരീരമേ ഇല്ലെന്നു ചിലർ,  ശാരീരത്തിന്റെ ഉടലുരുവമാണ് രാമനാഥനെന്നു മറ്റു ചിലർ. രാമനാഥസംഗീതത്തിന് ആഴമില്ല എന്നു ചിലർ, ഏറ്റവും ഗഹനഭാവമാർന്ന സംഗീതമെന്നു മറ്റുചിലർ. പാറയിൽ ചിരട്ടയിട്ടുരക്കുന്ന അസഹ്യശബ്ദമെന്നു ചിലർ, ഏറ്റവും ശ്രവണഭംഗിയാർന്ന ശബ്ദമെന്നു മറ്റുചിലർ.  ആസകലം രാമനാഥസംഗീതം വെറുക്കുന്നു എന്നു ചിലർ,  ആജന്മം എം ഡി ആർ ശബ്ദത്തിന് അടിമയെന്നു മറ്റു ചിലർ.  ഇങ്ങനെ ഉത്തരധ്രുവത്തിലും ദക്ഷിണധ്രുവത്തിലുമാണ് ‘എം ഡി ആർ കേൾവികൾ’ ഇന്ന് അടയാളപ്പെടുത്തപ്പെടുന്നത്.mdr-v-2

കലുഷമായ ഈ  ഭിന്നഭാവുകത്വങ്ങൾക്കിടക്ക് ഒന്നുമാത്രം അനുസ്യൂതം നടക്കുന്നു – രാമനാഥൻ പാടിക്കൊണ്ടിരിക്കുന്നു. ജീവനുള്ളപ്പോഴുള്ളതിലും സജീവമായി. ലോകമെമ്പാടുമുള്ള ദക്ഷിണേന്ത്യൻ സംഗീതാരാധകരിൽ മാസ്റ്റേഴ്‌സ് മ്യൂസിക്കിലെ പ്രിയങ്കരനായി രേഖപ്പെടുത്തപ്പെടുന്നത് മിക്കപ്പോഴും രാമനാഥനാകുന്നു. ജീവിച്ചിരുന്നപ്പോൾ എട്ടോ പത്തോ പേർ മാത്രം മുന്നിലുണ്ടായിരുന്ന കച്ചേരികൾ പലതും ഇന്ന് ആയിരങ്ങൾ  ഐപ്പോഡിലും മൊബൈലിലും കേൾക്കുന്നു. രാമനാഥൻ സിനിക്കുകൾ തുടർച്ചയായി പിറവിയെടുക്കുന്നു. മറ്റാരേയും തനിക്കിനി കേൾക്കേണ്ട എന്ന തീരുമാനത്തോളം പലരുടേയും ചെവിയടഞ്ഞു പോകുന്നു. ദിനചര്യയെന്നോണം ഒരേ  എം ഡി ആർ കീർത്തനം/ രാഗാലാപനം രാവിലെ കേൾക്കുന്ന ഒരാളെയ‌ല്ല, പലരെപ്പറ്റിയും ഇപ്പോഴറിയുന്നു. വെള്ളം കണ്ടാൽ ആക്രമണകാരിയാവുന്നൊരു മനോരോഗി, കൽപ്പാത്തിയിൽ  രാമനാഥന്റെ രീതിഗൗളയ്ക്കു മുന്നിൽ അനുസരണപ്പെടുന്ന അത്ഭുതം എന്റെ കാമ്പസ് കാലത്തു നേരിട്ടനുഭവമാണ്. എം ഡി ആറിനോളം സഫലമായൊരു മരണാനന്തരജീവിതം ഇരുപതാം നൂറ്റാണ്ടിലെ മറ്റൊരു ദക്ഷിണേന്ത്യൻ സംഗീതജ്ഞനു ലഭിച്ചു കാണില്ല.

കാര്യമിങ്ങനെയിരിക്കേ,  രാമനാഥസംഗീതത്തിനെന്തിന് രാഷ്ടീയപ്രാരംഭം? (ഇടതുപക്ഷക്കാരുടെ അസുഖം, എന്തിലുമേതിലും രാഷ്ട്രീയം കലർത്തുന്ന ഏർപ്പാട്…എന്നല്ലേ? അതുതന്നെ) നാമൊരു കലാനുഭവഘടനയുടെ രാഷ്ടീയത്തെ പരിശോധിക്കുന്നതെങ്ങനെ എന്ന പ്രശ്നം അപ്പോഴാദ്യമുണ്ട്. ഒരു ചലച്ചിത്രത്തെ പരിശോധിക്കുമ്പോൾ തലക്കു വെളിവുള്ളവർ ചെയ്യാറുള്ള പ്രധാനകാര്യം, ചലച്ചിത്രം പുറമേ പ്രഖ്യാപിക്കുന്ന രാഷ്ട്രീയവും ക്യാമറ നിൽക്കുന്ന രാഷ്ടീയനിലപാടും  വിഭിന്നമാണോ എന്നു തിരിച്ചറിയുകയാണ്. പലപ്പോഴും ചലച്ചിത്രങ്ങളിൽ ഇതു സുവ്യക്തമായും രണ്ടായി നിൽക്കുന്നത്tmkrishna-2 നാം കണ്ടിട്ടുണ്ട്. ഇത് ഏതു കലാനുഭവഘടനയിലും പ്രസക്തമാണ്. ഉദാഹരണത്തിന്, ഇപ്പോൾ മാഗ്സസെ ജേതാവായ ടി എം കൃഷ്ണയെ നോക്കുക, കൃഷ്ണ അനവരതം സംസാരിക്കുന്ന, അതിപ്രസക്തവും വിധ്വംസനാത്മകവുമായ നിലപാടുകളുണ്ട്. അതിനപ്പുറത്ത്, കച്ചേരിഘടനയെ എത്ര തിരിച്ചുമറിച്ചിട്ടാലും ശെമ്മാങ്കുടി ശ്രീനിവാസ അയ്യങ്കാരുടെ ബലിഷ്ഠസങ്കേതബാണിയിലുള്ള കൃഷ്ണയുടെ സംഗീതനിലപാടുകളുമുണ്ട്. വിമർശനാത്മകമായ പരിശോധനകൾക്ക് ഇനി വിധേയമാകേണ്ട ഈ  അന്തരം ഇന്നു കണക്കാക്കപ്പെടാതെ പോവുന്നുണ്ടെങ്കിലും അതു സംഭവിക്കാതെ വയ്യ. പറഞ്ഞുവന്നത്, തന്റെ മീഡിയവും താനും  ചേർന്ന രാമനാഥന്റെ സംഗീതാസ്തിത്വം രാഷ്ട്രീയമായി പരിശോധിക്കപ്പെടുക എന്നത് അത്ര മോശമായ കാര്യമൊന്നുമല്ല എന്നതാണ്.

അവസാനത്തിൽ നിന്ന് ആരംഭിയ്ക്കാം – സംഗീതകലാനിധിപ്പട്ടം ലഭിക്കാത്ത എം ഡി രാമനാഥന്റെ ആരോഗ്യം 1980-കളുടെ തുടക്കത്തോടെ ക്ഷയിച്ചുതുടങ്ങി.1983-ൽ അദ്ദേഹത്തിനു തൊണ്ടയിൽ അർബുധബാധയുണ്ടെന്നു കണ്ടെത്തി.  കടുത്ത തൊണ്ടവേദനയിലും രാമനാഥൻ 1984 മാർച്ച് വരെയും പാടി. ചികിൽസക്കു പണം വേണമായിരുന്നു. രാമനാഥനു പാടാനേ അറിയുമായിരുന്നുള്ളൂ. വേദനയോടെ പാടിപ്പാടിത്തീർന്ന്, 1984 മാർച്ച് അവസാനം ആശുപത്രിയിലായി. കടുത്ത സാമ്പത്തികവൈഷമ്യത്തോടെ ആശുപത്രിക്കിടക്കയിൽ കിടക്കുന്ന രാമനാഥനെ സഹായിക്കാൻ ഒരു ഗവൺമെന്റുമുണ്ടായില്ല,  അക്കാദമിയുമുണ്ടായില്ല, സഭകളുമുണ്ടായില്ല. ശബ്ദം പൊങ്ങാത്ത സമയത്ത് രാമനാഥൻ എഴുതിക്കാണിച്ചു : “ എനിക്കൽപ്പം ശബ്ദം തന്നാൽ ഹോസ്പിറ്റൽ ബില്ലിനുള്ളtnr-1 പണം ഞാൻ പാടിയുണ്ടാക്കാം”. പത്നി വിശാലാക്ഷി രാമനാഥൻ പിന്നീട് എഴുതിയത്  “ഒരു സംഗീതജ്ഞനും ആശുപത്രിക്കിടക്കയിൽ വന്നു അദ്ദേഹത്തെ കണ്ടതായി എനിക്കോർക്കാൻ കഴിയുന്നില്ല” എന്നാണ്. മരിക്കും മുൻപ് രാമനാഥന് സംഗീതകലാനിധി നൽകി ആദരിക്കണമെന്ന് ആരാധകരിൽ ചിലരാഗ്രഹിച്ചു. അവരൊത്തുകൂടി നടത്തിയ ശ്രമങ്ങളെ മറ്റു ചിലരുടെ അധികാരതന്ത്രങ്ങൾ തകർത്തുകളഞ്ഞു. 1984 ഏപ്രിൽ 27-ന് ടി എൻ രാജരത്നം പിള്ളയെപ്പോലെ സംഗീതകലാനിധികളല്ലാത്ത അനശ്വരസംഗീതജ്ഞരുടെ മരണനിരയിലേക്ക് രാമനാഥൻ മറഞ്ഞുപോയി.

അധികാരം അന്യായമായി അതിജീവിക്കുന്നവരുടെ മാത്രം പക്ഷമാണ്. അവർ നിർമ്മിച്ചെടുത്ത ബ്രാഹ്മണിക് സഭാസംസ്കാരത്തിന് രാമനാഥനെപ്പോലൊരു ഗായകന്റെ ദരിദ്രദയനീയമായ അന്ത്യം അത്രമേൽ നിസ്സാരവും അവഗണനാർഹവുമായിരുന്നു. എന്നാൽ മരണശേഷം അവർ നടത്തുന്നms3 ‘കൾച്ചറൽ അക്വയറിംഗ്’ രാമനാഥനെയും എളുപ്പം വിഗ്രഹമാക്കിത്തീർത്തു. “വഴിവെട്ടിയ ഞങ്ങടെ മൂപ്പനെ / വഴിപോൽ ബഹുമാനിക്കണമല്ലോ” എന്ന ന്യായമനുസരിച്ച് രാമനാഥസ്മൃതികൾ സഭകളുടെ ആവകാശമായി. “നൊമ്മ രാമനാഥ”നായി. അന്ന് എല്ലാ സഭകളിലും നിറഞ്ഞ സദസ്സിനു മുന്നിൽ പാടിയ മഹാരാജപുരം സന്താനം പോലും ഇന്നു അപൂർവ്വം ചിലരുടെ ഗൃഹാതുരകേൾവിയിലൊതുങ്ങുമ്പോൾ ‘എം ഡി ആർ’ എന്ന ത്ര്യക്ഷരി, പാതാളത്തിൽ നിന്നു പൂത്തുയർന്ന സുഗന്ധം പോലെ തെളിഞ്ഞുവന്നു. എന്തുകൊണ്ട്?

രാമനാഥനെ  കേട്ട കാലം
ആകാശവാണിയിലെ കർണാടകസംഗീതം പ്രധാന ശാസ്ത്രീയസംഗീതശ്രവണസാദ്ധ്യതയായിരുന്ന ബാല്യത്തിൽ,  ജി എൻ ബി യോshemangudi-v2 ശെമ്മാങ്കുടിയോ നെയ്യാറ്റിൻക‌ര വാസുദേവനോ കേട്ടിരുന്നെന്നു വരും, രാമനാഥൻ  ആണ് എന്ന അനൗൺസ്‌മെന്റ് കേൾക്കുമ്പൊഴേ റേഡിയോ ഓഫ് ചെയ്യും. ‘ഇത്തരമൊരു ശ്രുതിയിൽ, ഇത്തരമൊരു ശബ്ദത്തിൽ, എന്തു പാട്ട്’ എന്നു എം ഡി ആറിനെക്കുറിച്ചു പരിഹാസത്തോടെ സംസാരിച്ച ഒരു വൈകുന്നേരത്തിൽ ഒരു മുതിർന്ന ചങ്ങാതി പറഞ്ഞു: “ആദ്യമാർക്കും പാവയ്ക്കയുടെ രുചി ഇഷ്ടമാവില്ല. ‘കയ്‌പ്പ്  ഒരു സ്വാദല്ല, ദുസ്വാദാണ്’ എന്നു വാദിക്കുകയും ചെയ്യും. പിന്നെപ്പിന്നെ പലരുചികൾ ശീലം വന്ന നാവ്  പാവക്കയുടെ രുചിയെ തിരിച്ചറിയും. അതിനു കാലമെടുത്തേക്കും.”

അന്ന് എലീറ്റിസമെന്നു തള്ളിക്കളഞ്ഞ ആ വാചകത്തിന്റെ അകപ്പൊരുൾ കുറച്ചുവർഷങ്ങൾക്കു ശേഷമാണ് ഞാനറിഞ്ഞത്. പ്രീഡിഗ്രിക്കാലത്തെന്നോ ഒരു ലഹരിരാവിന്റെ ഒടുക്കത്തിൽ, ഞാൻ രാമനാഥന്റെ കാംബോജി കേട്ടു. ‘ഓ, രംഗശായീ…’ എന്ന ഒരൊറ്റ കീർത്തനത്തിൽ ഞാൻ രാമനാഥനിലേക്കു ജ്ഞാനസ്നാനപ്പെട്ടു. അന്നു വരെ ‘സംഗതി’യെന്നു സംഗീതക്ലാസിൽ കേട്ടിരുന്ന സംഗതിയല്ല ‘സംഗതി’ എന്നു ഞാൻ തിരിച്ചറിയുകയായിരുന്നു. രംഗനാഥനെ ഉണർത്താനായെന്ന വണ്ണം,  പലവിതാനത്തിൽ താഴ്‌ന്നും പൊങ്ങിയും പ്രസരിക്കുന്ന ജലമർമ്മരങ്ങൾ പോലെ, ഓരോ തവണയും രാമനാഥൻ ‘ഓ…’ എന്നു നീട്ടിയെടുക്കുന്ന സംഗതികളുടെ പേരാണ് സംഗതിയെങ്കിൽ, ഞാനിന്നോളം പരിചയപ്പെട്ട സംഗതികളെല്ലാം പാളിപ്പോയെന്നു പശ്ചാത്തപിച്ചു. “പിലിചിതേ, ഓ-യനുഹരാ-രാദാ” (നിന്നെ ഞാനെന്റെയരികിലേക്ക് വിളിക്കുന്നു, നീ വരില്ലേ…?” എന്നു രാമനാഥഹൃദയം പാടുമ്പോൾ അകത്തെവിടെയോ ഒരു പ്രാവ് ചിറകിട്ടടിച്ചു. പിന്നെ, ഏറെക്കാലത്തേക്ക് രാമനാഥശബ്ദമല്ലാതെ മറ്റൊന്നും ഞാൻ നാദമായി കേട്ടില്ല.

സംഗീതത്തിന്റെ മഹാവനങ്ങളിൽ വിഹരിക്കുന്ന സിംഹങ്ങളെ ദക്ഷിണേന്ത്യൻ സംഗീതത്തിൽ പലപ്പോഴും കേൾക്കാം. ശെമ്മാങ്കുടിയെ കേൾക്കുക, ഒരു രാഗത്തിന്റെ കൊടുങ്കാടൊന്നാകെ അദ്ദേഹം നിങ്ങൾക്കു മുന്നിൽ തുറന്നുതരും. ഓരോ രാഗവൃക്ഷവും, അവയുടെ നാരുവേരുപടലമടക്കം, ഇഴചീന്തിച്ചീന്തി കാണിച്ചുതരും. മുകളിൽ‌ ഇടക്കു കാണുന്ന ആകാശം വരെ താരസ്ഥായിയിൽ പൊങ്ങി, ഒന്നു കൈയ്യെത്തിപ്പിടിക്കാൻ ശ്രമിച്ച്, നാം പ്രതീക്ഷിക്കാത്തത്ര ഉയരത്തിൽ ചാടി, നിങ്ങളെ വിസ്മയിപ്പിക്കും. കുതിച്ചുപായുന്ന സ്വരസഞ്ചാരങ്ങളുടെ കാട്ടുപുഴകൾ, അവയുടെ ചുഴിമലരികളടക്കം, ധീരതയോടെ നീന്തിമറിയുന്നതെങ്ങനെയെന്ന് കാണിച്ചുതരും. എന്നാൽ രാമനാഥനിൽ നിങ്ങളിവയൊന്നും പ്രതീക്ഷിക്കരുത്. ഇവയൊന്നും രാമനാഥൻ ചെയ്യില്ലെന്നല്ല. ഇവയുടെ സമഗ്രവിശദാംശങ്ങൾ നിങ്ങൾക്കു മുന്നിൽ നിവർത്തിവെക്കാനല്ല രാമനാഥൻ പാടുന്നത്. മഹാവനത്തിൽ നിന്ന് ഒരു വൃക്ഷത്തിന്റെ ഇല പറിച്ചുകൊണ്ടുവന്ന്, അതു കൈകളിൽ ഞെരടി, നമ്മളോട് ഗന്ധമാസ്വദിക്കാൻ പറയുകയാണയാൾ. “നോക്കൂ, ഈ മണത്തിലില്ലേ ആ കാട് മുഴുവനും?” എന്നയാൾ ചോദിക്കുമ്പോൾ നാം അറിയാതെ തലകുലുക്കി സമ്മതിച്ചുപോവും. ‘മോക്ഷമു’ എന്ന മൂന്നക്ഷരത്തിൽ മൂന്നോ നാലോ തവണ നിർത്തി, ‘മോക്ഷമുഗലദ’ എന്നു പൂരിപ്പിച്ചുപാടുന്നതിനിടയിലുള്ള മൗനത്തിൽ, മായാതീതസ്വരൂപീണീ എന്ന മായാമാളവഗൗളയുടെ നിശ്ശബ്ദതയിൽ – ഒരു തമാലവനമൊന്നാകെ പിൻതിരയിലുണ്ടെന്നു നാമറിയും.

രാമനാഥന്റെ ശക്തിദുർഗമായ നിരവലിൽ അദ്ദേഹം ചെയ്തിരുന്നതതെന്തോ, അതാണ് ഇന്നു നിരവലുകളിൽ നിന്നു നഷ്ടപ്പെട്ടിരിക്കുന്നതെന്നു തോന്നുന്നു. അതുവരെയുള്ള വേഗം കുറച്ച്,  ധ്യാനാവസ്ഥയിലെന്നവണ്ണം നിരവലിലേക്കു സാവധാനം പ്രവേശിക്കുന്ന രാമനാഥൻ അനന്യമായ അനുഭവമാണ്.  ഏതോ പാവനസ്ഥലത്തേക്കെന്ന പോലെ സഗൗരവം പ്രവേശിക്കുന്ന നിരവലിന്റെ പ്രാരംഭം പുരോഗമിക്കുന്നത് ഒരോ വാക്കും, പിന്നെയോരോ ശബ്ദവുമെടുത്ത് ഭംഗി നുകരലിലൂടെയാണ്. ഏതെങ്കിലും ശബ്ദസൗന്ദര്യമുള്ളൊരു വരിയെന്നതല്ല നിരവലിൽ രാമനാഥന്റെ നിലപാട്.  പ്രസിദ്ധമായ ‘എന്തരോ മഹാനുഭാവുലു’ രാമനാഥൻ പാടുന്നത് കേൾക്കുക. ത്യാഗരാജോൽസവത്തിലെ സംഘഗാനത്തിലേക്കു വകയിരുത്തപ്പെട്ട പഞ്ചരത്നകൃതികളിൽ പെടുന്ന എന്തരോ മഹാനുഭാവുലു മനോധർമ്മസാദ്ധ്യതകൾക്ക് പരിമിതികളുണ്ടെന്ന പൊതുബോധത്തിൽ പെടുന്ന കൃതിയാണ്. രാമനാഥന്റെ വിഷയമല്ല പൊതുബോധം. രാഗാലാപനവും നിരവലും കൽപ്പനാസ്വരവുമടക്കം  പഞ്ചരത്നകൃതിയിൽ രാമനാഥൻ പാടും. ശ്രീരാഗത്തിന്റെ ഊടും പാവും ആദ്യവരിയിൽ തന്നെ രാമനാഥൻ നെയ്തെടുക്കുന്നത് ശ്രദ്ധിക്കുക. ‘മഹാനുഭാവുലു’ എന്നാണ് പലപ്പോഴും രാമനാഥൻ പാടിത്തുടങ്ങുന്നത്. പിന്നെ ഏറെ സമയമെടുത്ത് ആദ്യവരിയെ ആസ്വദിക്കുന്നു. വീണ്ടും ഓരോ ആവർത്തനങ്ങളിലും ‘മഹാനുഭാവുലു’വിൽ വന്നു തങ്ങി നിൽക്കുന്നു. “എത്രയെത്ര മഹാത്മാക്കൾ” എന്ന കലയുടെ നിതാന്തമായ ആശ്ചര്യമാണ് ഈ കൃതിയുടെ മർമ്മമെന്ന് രാമനാഥനറിയാം.  ഓരോ പല്ലവികളുടെയും അവതരണത്തിൽ ഈ സൗന്ദര്യബോധം കാണാം. ഖരഹരപ്രിയയിലുള്ള ‘രാമാ നീ സമാനമെവരു’ പോലുള്ളവയിൽ ഓരോ ആവൃത്തികളിലും ഭാവഭേദങ്ങളുടെ വിസ്മയം കാണാം.

ചില പ്രത്യേകരാഗങ്ങളിൽ എം ഡി ആർ കൈവെച്ച ശേഷം വളർച്ചയുണ്ടായിട്ടില്ല എന്ന് ഇരുതലമൂർച്ചയുള്ള ഒരു അഭിപ്രായം ഒരു ഗായകസുഹൃത്തൊരിക്കൽ പറഞ്ഞു. അത്തരമൊന്നാണ് കേദാരം. ഭജന സേയവേ, പരമാനന്ദനടനാ, രാമാ നീപൈ എന്നിങ്ങനെ കേദാരരാഗകൃതികൾ രാമനാഥൻ പാടിത്തെളിച്ചെടുത്ത ശേഷം പിന്നീട് ഒന്നും ചെയ്യാനില്ലെന്നു തോന്നിപ്പിച്ചവയാണ്. ഇവയേക്കാളുമൊക്കെ വിസ്മയാവഹമായി കേദാരത്തിൽ രാമനാഥൻ പാടിയ കൃതി. ആനന്ദനടനപ്രകാശമാണ്. ഓരോ ചരണത്തിനും ശേഷം ചൊൽക്കെട്ടുകൾ വരുന്ന ദീക്ഷിതർ കൃതി രാമനാഥന്റെ ഗേയമാർഗത്തിന് കൃത്യമായിണങ്ങുന്നു. ആനന്ദഭൈരവിയുടെ അതീവസാന്ദ്രമായ മറ്റൊരുതലം വെളിപ്പെടുത്തുന്ന ആലാപനം  ശ്യാമാശാസ്ത്രികളുടെ ‘ഓ ജഗദംബ’ പാടുമ്പോൾ കേൾക്കാം.

രാമനാഥന്റെ എട്ടോളം വ്യത്യസ്ത ആലാപനത്തിന്റെ റിക്കോഡുകൾ ഉള്ള കീർത്തനമാണ് ഹിന്ദോളത്തിലുള്ള ‘സാമജവരഗമന’. ഓരോന്നിലും സൂക്ഷ്മവും സ്ഥൂലവുമായ വൈജാത്യങ്ങളുടെ, ഹിന്ദോളരാഗത്തിലുള്ള ജ്ഞാനസ്ഥസംഗീതത്തിന്റെ പ്രവാഹം അനുഭവിക്കാം.  പദവിഭജനസാമർത്ഥ്യവും ഉച്ചാരണവൈദഗ്ദ്ധ്യവും രാമനാഥനു പ്രധാനമായിരുന്നില്ല എന്നു വിമർശിക്കുന്നവർ അദ്ദേഹത്തിന്റെ സാമജവരഗമന കേൾക്കണം. “യാദവകുലമുരളീ- വാദനവിനോദ” (യാദവകുല – മുരളീവാദനവിനോദ) എന്നും  സാധുഹൃദ്‌സാരസാബ്‌ജപാലകാല – തീത വിഖ്യാത (സാധുഹൃദ്സാരസാബ്‌ജപാല – കാലാതീത – വിഖ്യാത) എന്നും അദ്ദേഹം പാടുന്നതെങ്ങനെ എന്നറിയണം.

രാമനാഥനെഴുതിയ പലകൃതികളും ഇന്നു മറ്റാരുടെയൊക്കെയോ പേരുകളുടെ മുഖവുരയോടെ കച്ചേരികളിൽ കേൾക്കാം. ഹുസൈനിയിലുള്ള  ‘എന്ന കുറ്റം സെയ്തേനോ’ പോലുള്ള തീവ്രവിലാപങ്ങൾ, ബാഗേശ്രീയുടെ ശാന്തഗഭീരസൗന്ദര്യം മുഴുവനാവിഷ്കരിക്കുന്ന ‘സാഗരശയനവിഭോ’, ‘ഹരനും ഹരിയും’ പോലെ  അഠാണയുടെ സിംഹനാദം മുഴങ്ങുന്ന കീർത്തനങ്ങൾ, ജനനീ നതജനപാലിനീ പോലെ ശങ്കരാഭരണത്തിന്റെ ചാരുത തിളങ്ങുന്ന കൃതികൾ… അങ്ങനെ സാമാന്യം വലിയൊരു കൃതിസഞ്ചയം രാമനാഥൻ എഴുതിയവയാണ്. കെ വി നാരായണസ്വാമി പലപ്പോഴും രാമനാഥകൃതികളെ വല്ലാത്തൊരു വാൽസല്യഭാവത്തോടെ താലോലിച്ചു പാടിയിരുന്നു.mdr-c4

നമുക്ക് ആദ്യത്തെ ചോദ്യത്തിലേക്ക്, വിസ്മയാവഹമായ ഈ മരണാന്തരജീവിതത്തിന്റെ കാരണത്തിലേക്ക് വരാം.  രാമനാഥൻ തന്റെ കച്ചേരികളെ ഒരിക്കലും അനാവശ്യമായി പ്രകടനപരമാക്കിയില്ല. ഏതു സംഗീതവും സമയകലയാണെന്നറിഞ്ഞ്, തൽക്കാലത്തിന്, പാടുന്ന ആ നിമിഷങ്ങൾക്ക് അദ്ദേഹം പാട്ടിനെ വിട്ടുകൊടുത്തു. ഒരു വർണ്ണവും നാട്ടകൃതിയുമില്ലാതെ, ‘ചക്കനിരാജ’ എന്നു നേരിട്ടു ചിലപ്പോൾ കച്ചേരി തുടങ്ങി. ‘ദരിശനം കണ്ടേൻ’ എന്നു നേരിട്ടു പല്ലവിയിൽ കച്ചേരി തുടങ്ങി. ഇടക്കിടെ ഒപ്പമുള്ള വാദകരോടും പ്രേക്ഷകരോടും സംസാരിച്ചു. അത്യുജ്ജ്വലമായി കാപ്പിരാഗം പാടിക്കഴിഞ്ഞ് വയലിനിൽ ഒരു ശരാശരി കാപ്പിരാഗം മാത്രം കേട്ടപ്പോൾ ‘ ഇത് നെസ്കാഫേയായിരുക്കേ’ എന്നു നിഷ്കളങ്കമായി പരിഹസിച്ചു. സിന്ധുഭൈരവി തില്ലാന പാടിക്കൊണ്ടിരുന്നപ്പോൾ പതിവിനു വിപരീതമായി മൃദംഗത്തിൽ കുസൃതികൾ മാത്രം വായിച്ചു പാട്ടുകാരനെ കുഴപ്പിക്കാൻ നോക്കിയ മൃദംഗചക്രവർത്തിയോട് ഇടയിലൊന്നു താളമിടഞ്ഞു നിർത്തി, രാമനാഥന്റെ തൊണ്ടയിൽ മാത്രം കേൾക്കുന്ന രണ്ടുമൂന്ന് അമൂർത്തശബ്ദങ്ങളുണ്ടാക്കി, കുഴഞ്ഞിരിക്കുന്ന മൃദംഗക്കാരനോട് “ഇത് ഇങ്കെ വരര്ത്, അങ്കെ വരാത്.” എന്നു ചിരിച്ചു. ‘മറവാതിര് മനമേ’ എന്ന സ്വന്തം രചന പാടുമ്പോൾ ലാൽഗുഡി ജയരാമനും ഉമയാൾപുരം ശിവരാമനും പക്കത്തിനിരിക്കുന്നത് ശ്രദ്ധിച്ച് ‘ ജയരാമനെ, ശിവരാമനെ മറവാതിര് മനമേ’ എന്നു മാറ്റിപ്പാടി രസിച്ചു. ‘ഹരിയും ഹരനും’ എന്ന സ്വന്തം കൃതി പാടിക്കൊണ്ടിരുന്നപ്പോൾ അഠാണരാഗം വന്നുനിറഞ്ഞുകവിഞ്ഞു സഹിക്കാതെ, ഇടയിൽ നിർത്തി അഠാണരാഗം പാടിത്തുടങ്ങി. ഇങ്ങനെ, അനേകം സ്വാഭാവികതകളുടെ പ്രവാഹമായിരുന്നു രാമനാഥന്റെ സംഗീതം. അതിശൈലീകരണത്തിന്റെ, കൃത്യമായി  പപ്പും പൂടയും പറിച്ചു സ്റ്റഫ് ചെയ്ത സംഗീതക്കച്ചേരിവിഭവങ്ങളുടെ ഈ കറുത്തകാലത്ത് രാമനാഥനെപ്പോലൊന്ന് കേൾക്കാനാവില്ല. പ്രതിഭാദാരിദ്ര്യത്തിന്റെ പ്രശ്നമല്ല അത്. ഉപഭോഗസംസ്കാരം പിടിമുറുക്കിയ, വിപണിയുടെ ഏകതാനതക്ക് പരുവപ്പെട്ട നമ്മുടെ ‘പാട്ടുചന്ത’ക്ക് അത് അപ്രാപ്യമായതുകൊണ്ടാണ്.

kvNarayanaswamy-2
കെ വി നാരായണസ്വാമി

അരിയക്കുടി കച്ചേരിപദ്ധതിയെ അതേപടി അനുസരിക്കാൻ അരിയക്കുടിയുടെ പ്രധാനശിഷ്യൻ കെ വി എൻ പോലും മുതിർന്നിട്ടില്ല. എം ഡി രാമനാഥനാവട്ടെ, വിധ്വംസനാത്മകമായി സംഗീതത്തിന്റെ അധികാരത്തെ, വ്യവസ്ഥയെ, കേവലശീലങ്ങളുടെ  നിരർത്ഥകതയെ ചോദ്യം ചെയ്തുകൊണ്ടിരുന്നു. അതുകൊണ്ടുതന്നെയാണ് ബ്രാഹ്മണിക്ക് ജ്ഞാനവ്യവസ്ഥക്ക് തള്ളാനും കൊള്ളാനുമാവാതെ, രാമനാഥൻ ഇറയത്തു നിന്നത്. അവസാനം ആരും തിരിഞ്ഞുനോക്കാതെ മറഞ്ഞുപോയത്.  തന്റെ ജീവിതത്തെ തനിക്കുനേരെ പിടിച്ചാൽ വ്യക്തമായി കാണാനാവും വിധം തെളിച്ചമുള്ള ജീവിതത്തിന്റെ രാഷ്ട്രീയത്തിന് എന്നും രാഷ്ട്രീയമൂല്യമുണ്ട്. അതു തിരിച്ചറിയാതെയാണ് പലപ്പോഴും പുരോഗമനവാദികൾ പോലും രാമനാഥവിമർശകരായത്.

രാവിലെ ഉണർന്നു ജനാലതുറക്കുമ്പോൾ, കോടമഞ്ഞുവീണ കലാക്ഷേത്രയുടെ പ്രഭാതങ്ങളിൽ കാമ്പസിനകത്തുള്ള മരങ്ങൾക്കിടയിലൂടെ ശിഷ്യനോടു പാടിയും സംസാരിച്ചും നടക്കുന്ന ടൈഗർ വരദാചാരിയേയും ഏകാഗ്രജിജ്ഞാസയോടെ ഗുരുനാഥനെ കേട്ട് അനുഗമിച്ചിരുന്ന രാമനാഥനെന്ന ശിഷ്യനേയും രുഗ്മിണീദേവി അരുണ്ഡേൽ ഓർമ്മിച്ചിട്ടുണ്ട്. കോടമഞ്ഞിൽ നിന്ന് തെളിഞ്ഞുവരുന്ന പുലർച്ചയേപ്പോലെ, പിന്നിലെ ഇരുൾത്തിളക്കത്തിനും മുന്നിലെ വെയിൽപ്പെരുക്കത്തിനുമിടയിൽ എം ഡി ആർ പാടിക്കൊണ്ടിരിക്കുന്നു – ഇന്നലെയും, ഇന്നും, തീർച്ചയായും നാളെയും.

Comments

comments