സംഭവിക്കുന്നതൊക്കെയും എന്താണ്? എന്തിനാണ് അസ്വസ്ഥതയുടെ ദിനരാത്രങ്ങൾ തലച്ചോറിനെ കീഴടക്കുന്നത്? ആർക്കു പിന്നാലെയാണ് ഞാനലയുന്നത് ! ഇദ്രീസ് ആരാണ്? രേഖയെ എവിടെയാണ് കണ്ടുമുട്ടിയത്? എപ്പോഴാണവൾ ഓർമ്മയിൽ നിന്നും ഇറങ്ങിപ്പോയത്? എന്തിനാണ് ഞാൻ നീലിയുടെ കോളേജിലേക്ക് പോയത്? ഇപ്പോഴെന്തു കൊണ്ടാണ് സ്വപ്നങ്ങളിൽ ഒരു എട്ടാംക്ലാസുകാരന്റെ കൂർത്ത മുഖം തലപൊക്കുന്നത് ! അവിടെ എവിടെയോ രേഖയില്ലേ? ഏത് ബെഞ്ചിലായിരുന്നു നീ ഇരുന്നിരുന്നത്?….കോൺസ്റ്റബിൾ കുട്ടൻപിള്ള നിന്റെ ആരാണ്? ആര് പറഞ്ഞാണ് ഞാനയാളെക്കുറിച്ചറിഞ്ഞത്? എസ്.ബി.ടി.യുടെ വടക്കേക്കാട് ശാഖയുടെ എ.ടി.എം.കൗണ്ടറിലെ സെക്യൂരിറ്റിയാണിപ്പോഴയാൾ. ഓർമ്മ വരുന്നുണ്ട്, നീലിയാണ് എന്നോട് കുട്ടൻപിള്ളയെ കുറിച്ച് പറഞ്ഞത്. അവൾടെ അയൽവാസിയാണ് കുട്ടൻപിള്ള. നീലിയുടെ അമ്മൂമ്മനാക്ക് ഒരു കഥ പറയുന്നു…… എന്റെ ഹൃദയത്തിൽ ഒരു സിനിമാ ടൈറ്റിൽ തെളിയുന്നു, ഡയറി ഓഫ് കോൺസ്റ്റബിൾ കുട്ടൻപിള്ള.
സീൻ ഒന്ന്, തോട്ടക്കാട്ടുകര എന്ന അതിമനോഹരമായ ഗ്രാമം. മൈര്… തലയിലേക്ക് ചതിക്കാത്ത ചന്തു കയറി വരുന്നു.
“രേഖാ, നമ്മൾ എട്ട്.ജെ-യിൽ വിജയകുമാരി ടീച്ചറുടെ ക്ലാസിൽ ഇരിക്കുകയാണ്. നിനക്ക് വായിക്കാനായി ഒരിക്കലും വെടിപ്പല്ലാത്ത കയ്യക്ഷരത്തിൽ ഞാൻ കഥകളെഴുതി വെച്ചിട്ടില്ലേ? നിന്നെ ഞാൻ പണ്ടെപ്പഴോ പ്രണയിച്ചിട്ടുണ്ട്. പക്ഷേ, എനിക്ക് വേറെ ഒന്നും ഓർമ്മ വരുന്നില്ല.”
“ഉം.., കുറച്ചുനേരം ഉറങ്ങ്. അല്ലെങ്കിൽ പഴയ എട്ടാംക്ലാസുകാരനായി ഒരു കഥയെഴുത്.”
മുറിയിൽ നിന്നും പുറത്തിറങ്ങുമ്പോൾ രേഖയുടെ കണ്ണുകൾ നിറഞ്ഞു. ഓർമ്മയിൽ ഒരു ചെറിയ പ്രണയം! അറിയില്ല, ഒരു കൂട്ടുകാരന്റെ മുഖം തെളിഞ്ഞു വരുന്നു…. സ്റ്റെതസ്‌ക്കോപ്പിനോടും വെളുത്ത കോട്ടിനോടും ഏറെ ഇഷ്ടപ്പെടുന്ന മരുന്ന് മണത്തോടും വല്ലാത്ത വെറുപ്പ് തോന്നി. ഞാൻ മറന്നു പോയ, ഓർമ്മയിൽ കളഞ്ഞുപോയ തിരക്കഥയിൽ അങ്ങനെ എവിടെയൊക്കെയോ രേഖയെ തെരഞ്ഞുകൊണ്ടിരുന്നു. ആൽത്തരിക്കുഴി ജനകീയ വായനശാലയിൽ ഒരു കത്ത് ഇരിപ്പുണ്ടല്ലോ, ഇദ്രീസിനേയും കാത്ത്! അതെടുക്കാൻ വരുന്ന കുട്ടൻപിള്ളയുടെ മകളാണ് രേഖ.
ഏകാന്തതയുടെ ഒരു ദ്വീപിനെ കീഴടക്കാൻ നിലാമഴയുടെ ചെറിയൊരു ഫ്രെയിം മതി. അത് മാത്രം മതി, സിനിമാക്കഥ പോലെ സ്വപ്നങ്ങൾ പൂക്കാൻ….. ഇദ്രീസിന്റെയൊരു കത്ത്, അല്ല… ഇദ്രീസിന് ചെല്ലേണ്ടൊരു കത്ത്, ആൽത്തരിക്കുഴി ജനകീയ വായനശാലയുടെ പൂതലിച്ച മരത്തട്ടിലെ പുസ്തകക്കൂട്ടങ്ങൾക്കിടയിൽ കിടപ്പുണ്ട്. ആ കത്ത് കിട്ടേണ്ടത് ഇദ്രീസിനാണെങ്കിലും ഒരിക്കലുമത് അയാളിലേക്ക് എത്തുകയില്ലെന്നെനിക്കറിയാം. കാരണം, ഈ കഥ പറയുന്നതും ഞാനാണ്! ഇതിലെ കഥാപാത്രം ആരാണ്? അല്ലെങ്കിൽ, കഥയെന്താണ് ? ഇതൊന്നുമറിയില്ലെങ്കിലും കൃത്യമായ എല്ലാ വഴിയളവുകളും ഓർമ്മയിൽ…. അല്ലെങ്കിൽ, മറവിയിൽ കിടപ്പുണ്ട്. എന്താണ് ഓർമ്മ, എന്താണ് മറവി! ആ കത്ത് ആരാണ് എടുക്കുന്നതെന്ന് കൃത്യമായി അറിയില്ല. പക്ഷേ, അതെടുക്കേണ്ടത് ഒരു പെണ്ണിന്റെ നല്ല ചുവന്ന കുപ്പിവളകളിട്ട കൈകളാകണമെന്ന് എനിക്കുറപ്പുണ്ട്. കത്തിരിക്കുന്ന പുസ്തകം ആ കൈകൾ തന്നെയാണ് എടുക്കേണ്ടത്. മൂന്നാമതായി അവൾ തെരഞ്ഞെടുത്ത ഡിക്റ്റക്ടീവ് നോവലിനകത്തായിരിക്കണം കത്തിരിക്കേണ്ടത്. നോവലിന്റെ പേരിപ്പോൾ ഓർത്തെടുക്കാൻ കഴിയുന്നില്ല. പേരിനേ വ്യക്തതയില്ലാത്തതായുള്ളൂ, പുസ്തകത്തിന്റെ ചട്ടയ്ക്ക് വല്ലാത്തൊരു മാസ്മരികതയും വ്യക്തതയുമുണ്ട്. നല്ലയിരുട്ടും നിഗൂഢതയും പ്രകടമാകുന്നതായിരുന്നു ഡിക്റ്റക്ടീവ് നോവലിന്റെ കവർ. ദേ, ഇപ്പോൾ ഡോക്ടർ തന്നിട്ടുപോയ സിഗരറ്റുകളിലെ അവസാനത്തെ സിഗരറ്റിന്റെ പാതികത്തിയ ചാരംപോലെയൊന്ന്! ഈ ചാരംപോലെ ഇരുട്ടുള്ള ഒരു രാത്രി…. അന്നാണ്, തന്റെ ജീവിത്തിലാദ്യമായി സ്വമനസ്സാലെ കുട്ടൻപിള്ളയൊരു പുസ്തകം വായിക്കുന്നത്. ആ രാത്രി തന്നെ ഇദ്രീസ് കൊല്ലപ്പെടുമെന്നത് ഇരുട്ടിന്റെ നീതിയായിരിക്കാം. അല്ലെങ്കിൽ, ഒരു തിരക്കഥയിൽ അനിവാര്യമായ ആദ്യത്തെ പത്തുമിനിറ്റുകൾക്കിടയിൽ സംഭവിച്ചേക്കാവുന്ന ഷോക്ക് ട്രീറ്റുമെന്റ് !…
ഇവിടെയാണ്, എന്റെ കഥയിലെ കഥാപാത്രങ്ങളുടെ ജീവിതം രേഖപ്പെടുത്തി തുടങ്ങുന്നത്. മറവിയുടെ ഓർമ്മയുടെ ടൈറ്റിൽ തെളിയുന്നതും ഇവിടെ വെച്ചാണ്. ചി ലപ്പോൾ, ഇതൊരു സാധ്യത മാത്രമായിരിക്കും! അറിയില്ല. എന്നാൽ, ടൈറ്റിൽ ഇങ്ങനെ കുറിക്കണം ; ക്ലൈമാക്‌സ് ഒളിപ്പിച്ചുവെച്ചൊരു പുസ്തകം! കഥ, എവിടെയെത്തി നിൽക്കുമെന്നോ എങ്ങനെ അവസാനിക്കുമെന്നോ അറിയില്ല. ഞാനിപ്പോൾ, ഒരു യാത്രയിലാണ്… ബസ്സിൽ, എന്റെ തൊട്ടടുത്ത് നീലിയിരിപ്പുണ്ട്. പശ്ചാത്തലസംഗീതമായി ഒരു ചലച്ചിത്രത്തിലെ പാട്ടാണ് ഓർമ്മയിലേക്ക് നുരകുത്തി വരുന്നത്! വടക്കേക്കാട് ഗവൺമെന്റ് കോളേജിൽ ഇന്നാണോ ഫിലിംഫെസ്റ്റിവൽ നടന്നത്. ‘ഞാൻ സ്റ്റീവ്‌ലോപ്പസ്സിനെ’ കുറിച്ച് ലീഫും നോയലും ചർച്ച ചെയ്തത് എന്നാണ്? ഞാനെന്നാണ് അവരെയെല്ലാം പരിചയപ്പെട്ടത്! ഇന്ന്, ഞായറാഴ്ചയാണ്. മനോരോഗികൾക്ക് പതിവായി സിനിമ കാണിക്കുന്ന ഞായറാഴ്ച. സൺ ഡയറക്റ്റിന്റെ സ്‌പെഷ്യൽ പാക്കിൽ ഇന്ന് ‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന ചലച്ചിത്രം ഓടിക്കൊണ്ടേയിരിക്കുന്നുണ്ട്. ‘തെരുവുകൾ നീ, ഞാൻ വേഗമായ്……………………………….
ഒരിക്കലും മറക്കാൻ കഴിയാത്ത എന്തോ ഒന്ന്! ഒരു കൊളുത്തിവലിക്കലെവിടെയോ തോന്നിപ്പിച്ച സിനിമ. ചിലപ്പോൾ തെറ്റായിരിക്കാം, ഈ സിനിമ കാണുമ്പോഴൊക്കെ ഓർമ്മയിലേക്ക് ഇടിച്ചുകുത്തിയെത്തുന്നൊരു ബൈബിൾ വചനമുണ്ട്… ‘നിന്റെ പുത്രനാൽ നീ ചോദ്യം ചെയ്യപ്പെടും.’
സിഗരറ്റ് കത്തിത്തീർന്നു. വെറുതെയത് പഞ്ഞിയുടെ അവസാനം വരെയും കത്തി, ഇനിയൊരു പുകയ്ക്ക് പോലും സ് കോപ്പില്ലാത്ത രീതിയിൽ….അതങ്ങനെയങ്ങനെ….., നിലത്ത് കുത്തിക്കെടുത്തണോ ഈ സിഗരറ്റ് ? അതിന് പോലും കഴിയില്ല. എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്? കൈ പൊള്ളി. പഞ്ഞി, താഴേക്കിട്ട് ചവിട്ടി. എന്റെ ഓർമ്മകളെ ആരാണിങ്ങനെ നക്കിത്തുടച്ച് വെറുമൊരു ഒന്നാംക്ലാസുകാരന്റെ സ്ലേറ്റ് പോലെയാക്കിയത്? ഒന്നുമെഴുതാത്തൊരു പുസ്തകം പോലെയാക്കിയത്! എന്തോ? ഐ ഡോണ്ട് നോ… എനിക്കീ കഥയുടെ തുടക്കമൊന്ന് കിട്ടിയാൽ മതി.
ഓർമ്മകളെ ഒരു പത്രവാർത്ത പോലെ ക്രോഡീകരിച്ച്, അതുവഴി എന്റെ ചരിത്രത്തെ തിരിച്ചു പിടിക്കണം. എന്തോന്ന് ചരിത്രം? ചുരുക്കിപ്പറഞ്ഞാൽ 1993 മാർച്ച് 2-ന് ഇദ്രീസ് കൊല്ലപ്പെടുന്നു. ഇദ്രീസിന് ജാനകി അയച്ച അവസാനത്തെ കത്ത് കുട്ടൻപിള്ളയുടെ മകൾ രേഖയ്ക്ക് കിട്ടുന്നു. അന്ന്, ജീവിതത്തിൽ ആദ്യമായി സ്വമനസ്സാലെ അയാളൊരു പുസ്തകം വായിക്കുന്നു. അയാളെ ആ ഡിക്റ്റക്ടീവ് നോവൽ വായിക്കാൻ പ്രേരിപ്പിച്ച ഘടകം എന്താണെന്നാലോചിച്ചാൽ, അതൊരു ചെറിയ കൗതുകമായി തോന്നിയേക്കാം. തന്റെ മകൾക്ക് ഇദ്രീസ് എഴുതിയതാണെന്ന് പേടിച്ച്….. അതിന്റെ ദേഷ്യത്തിലാണ്, ആദ്യമയാൾ കത്തെടുത്ത് വായിക്കാൻ തുടങ്ങുന്നത്. വായിച്ചു തീർന്നപ്പോൾ, കിട്ടിയ ആശ്വാസമോ ആഹ്ലാദമോ എന്താണെന്നറിയില്ല! എന്തോ ഒന്ന് കത്തിൽ നിന്നയാളെ നോവലിലേക്ക് തള്ളിയിടാൻ പ്രേരിപ്പിച്ചിട്ടുണ്ട്.
തന്റെ മകളൊരിക്കലും ഇദ്രീസിന്റെ ഭാര്യയാകുന്നതോ കാമുകിയാകുന്നതോ സങ്കൽപ്പിക്കാൻ കുട്ടൻപിള്ളയ്ക്ക് കഴിയില്ല. അതുകൊണ്ടാണ് അവിചാരിതമായി ഡ്യൂട്ടി കഴിഞ്ഞ് തിരികെ വരുമ്പോൾ വായന ശാലയ്ക്ക് മുമ്പിൽ വെച്ച് പുസ്തകം കൈമാറുന്ന മകളേയും ഇദ്രീസിനേയും അയാൾ കാണുന്നത്. കണ്ടപാടെ ചോദ്യവും പറച്ചിലുമൊന്നുമില്ലാതെ ആ പുസ്തകവും പിടിച്ചു വാങ്ങി, മകളേയും വലിച്ചിഴച്ചുകൊണ്ടാണയാൾ വീട്ടിലേക്ക് പോന്നത്.
വഴിനീളെയുള്ള അച്ഛന്റെ മൗനത്തിൽ, കാർമേഘംപോലെ ഉരുണ്ടു കൂടിയ മുഖത്തെ നിരാശ യിൽ… ഒന്നും പറയാൻ കഴിയാതെ രേഖ വീട്ടിനകത്തേക്ക് കയറിപ്പോയി, മകൾക്ക് പിറകെ കുട്ടൻപിള്ളയും. വീട്ടിലെത്തിയ ശേഷം ഏകദേശം ഒരു മണിക്കൂർ നേരത്തെ ആലോചനയ്ക്ക് ശേഷം കുട്ടൻപിള്ള കത്തു വായിക്കാൻ തുടങ്ങി. അങ്ങനെയാണ് അയാളാദ്യം കത്തിലും പിന്നെ നോവലിലും കുടുങ്ങി പ്പോയത്. അന്ന്, പുസ്തകം വായിച്ചു കൊണ്ടിരിക്കേ കുട്ടൻപിള്ള എന്ന സൈക്കിൾ പോലീസുകാരനിൽ ഒരു കുറ്റാന്വേഷകൻ ജനിച്ചു. അന്ന്, അതേ രാത്രിയിലാണ് എന്റെ കഥയിലെ നായകനായ ഇദ്രീസ് കൊല്ലപ്പെടേണ്ടത്! കൃത്യമായി പറഞ്ഞാൽ ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന് ശേഷമുള്ളൊരു കാലത്ത് കേരളത്തിലെ ഒരു ഗ്രാമത്തിലാണ് ഈ കൊലപാതകം നടക്കേണ്ടത്. ഇദ്രീസടക്കമുള്ള എന്റെ കഥാപാത്രങ്ങൾ ജീവിക്കേണ്ട പ്രദേശത്തിന് ഞാൻ വടക്കേക്കാടെന്ന് പേരിടുന്നു. തിരക്കഥയിലേക്ക് കൊലപാതകത്തെ മാറ്റിയെഴുതുമ്പോൾ തിരശ്ശീലയിൽ തെളിഞ്ഞുകാണേണ്ടത് ഇങ്ങനെയാണ് – ‘ഇദ്രീസ് കൊല്ലപ്പെട്ട രാത്രി. 1993 മാർച്ച് 2.’ അവിടെയാണ്… ഇദ്രീസ് കൊല്ലപ്പെടുന്നിടത്താണ് എന്റെ സിനിമയുടെ ടൈറ്റിൽ തെളിയുന്നത്. ഇല്ല…. ആദ്യമാലോചിക്കുമ്പോൾ ടൈറ്റിൽ തെളിയേണ്ടത് അവിടെത്തന്നെയാണ്. പക്ഷേ, സിനിമ എപ്പോഴും ഒരു കൊമേഴ്‌സ്യൽ തീട്ടപ്പരിപാടി ആയതുകൊണ്ട് പ്രേക്ഷകനെ പിടിച്ചിരുത്തണം! അതിനാൽ, ഇദ്രീസ് കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് നടന്ന സംഘട്ടനത്തിന്റെ തീവ്രതയിൽ ടൈറ്റിൽ തെളിഞ്ഞാൽ മതി. അതാകുമ്പൊ സിനിമയ്ക്കിത്തിരി സസ്‌പെൻസൊക്കെ ഉണ്ടാകും.
ബാക്കി കഥയിനി ഫ്‌ളാഷ് ബാക്കിൽ പറയാം!….
—————————–
അധ്യായം – 1: കേൾക്കപ്പെടാത്തവർ – വടക്കേക്കാട് ഗവമെന്റ് കോളേജ് മാഗസിൻ 2014-15
അധ്യായം – 2: രൂപരഹിതമായ ജീവിതങ്ങൾ
അധ്യായം – 3: ഉന്മാദത്തിന്റെ വേരുകൾ
അധ്യായം – 4: ആകാശത്തിലേക്ക് തുറക്കുന്ന വാതിൽ
Be the first to write a comment.