വര്‍ത്തമാന കാലഘട്ടത്തിലെ വ്യാവഹാരിക വായനാശൈലിയുടെ വ്യാകരണത്തില്‍ നിന്നുകൊണ്ടുള്ള PRDS (പ്രത്യക്ഷ രക്ഷാ ദൈവ സഭ) വായന കഴിഞ്ഞ കുറേ പതിറ്റാണ്ടിന്റെ ധാരണകളില്‍ നിന്നും മുൻപോട്ട് സഞ്ചരിച്ചിട്ടുണ്ടെന്ന വസ്തുത  അംഗീകരിക്കുമ്പോള്‍ തന്നെ, ഇന്നും സമൂഹത്തില്‍ ഒരുപാട് തെറ്റി വായിക്കപ്പെടുന്ന ഒരു പ്രസ്ഥാനമാണ് പ്രത്യക്ഷ രക്ഷാ ദൈവ സഭ  എന്നു പറയാതെ വയ്യ. പൊതുസമൂഹത്തില്‍ നിലനിന്നിരുന്ന PRDS സങ്കല്‍പ്പങ്ങളെ ചോദ്യം ചെയ്ത് 90-കളില്‍  ആരംഭിച്ച PRDS പുനര്‍വായന ശക്തമായ സംവാദങ്ങളും ഒപ്പം പഠനങ്ങള്‍ക്കുമുള്ള വാതായനങ്ങള്‍ തുറന്നിടുകയുണ്ടായി. അതേ തുടര്‍ന്നാണ്  പ്രൊട്ടസ്റ്റന്റ് സഭകളുടെ നിരയില്‍ വായിക്കപ്പെട്ടിരുന്ന പ്രത്യക്ഷ രക്ഷാ ദൈവ സഭ നവോത്ഥാന കേരളചരിത്രത്തിലെ ഒഴിച്ചു കൂടാനാവാത്ത സാന്നിധ്യമായി പരക്കെ  അംഗീകരിക്കപ്പെടുന്നത്. ഇതിനെ പിന്‍പറ്റിയുണ്ടായ ഭൂരിഭാഗം PRDS എഴുത്തുകളും ജീവചരിത്ര രചനകളും (പൊയ്കയില്‍ ശ്രീ കുമാരഗുരുദേവന്റെ) ക്രിസ്തുമതത്തിലെ ജാതി വിവേചനങ്ങള്‍ക്കെതിരായി പൊയ്കയില്‍ അപ്പച്ചനാല്‍ രൂപീകരിക്കപ്പെട്ട മറ്റൊരു ക്രിസ്തീയ / സ്വതന്ത്ര സഭയാണെന്ന സാമാന്യ/അബദ്ധ വായനയിലേക്ക് PRDS-നെ എത്തിക്കുകയായിരുന്നു (പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ഉള്ളടക്കങ്ങളില്‍ ജാതി വിമര്‍ശനം പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായി ഉരുത്തിരിയുന്ന ഒന്നാണ്).

നവോത്ഥാന പ്രസ്ഥാനങ്ങളെ അവതരിപ്പിക്കുവാന്‍ ചരിത്രകാരന്മാര്‍ പൊതുവായി സ്വീകരിച്ച രീതീശാസ്ത്രമുപയോഗിച്ചാണ് PRDS-നെയും വ്യാഖ്യാനിച്ചത്. തന്മൂലം  പ്രത്യക്ഷ രക്ഷാ ദൈവ സഭ വിനിമയം ചെയ്ത് പോന്ന വിശാലമായ സ്വതന്ത്ര ആശയമണ്ഡലത്തെ അവ ന്യൂനവൽക്കരിക്കുകയാണ് ചെയ്തത്. അതിനൊപ്പം പൊയ്കയില്‍ അപ്പച്ചന്റെ ദേഹവിയോഗത്തിന് ശേഷമുള്ള സംഘര്‍ഷപൂരിതമായ കാലഘട്ടത്തെ ചരിത്രകാരന്മാര്‍ അവഗണിച്ചതും വികലമായി അവതരിപ്പിച്ചതും കൂടുതല്‍ തെറ്റിദ്ധാരണകള്‍ക്ക് ഇടയാക്കി. കേരളത്തിലെ പുരോഗമന ജനാധിപത്യ ചിന്തകരോ സ്ത്രീപക്ഷ എഴുത്തുകാരോ പ്രസിഡണ്ട്‌ എന്ന നിലയില്‍ ദീര്‍ഘകാലം സഭാ ജനങ്ങളെ ആത്മീയമായും ഭൌതീകമായും നയിച്ച വി. ജാനമ്മ* എന്ന അമ്മച്ചിയെ പരിഗണിച്ചില്ല എന്നത് ചിന്തിക്കേണ്ട വിഷയമാണ്. ഒരു പക്ഷേ കേരളത്തിന്റെ ചരിത്രത്തിൽ തന്നെ 46 വർഷത്തോളം  ഒരു പ്രസ്ഥാനത്തെ നയിച്ച മറ്റൊരു ദളിത് സ്ത്രീയും ഉണ്ടായിരിക്കില്ല.

പൊയ്കയില്‍ അപ്പച്ചന്റെ ജീവിതകാലഘട്ടത്തിലേക്ക് സഭയെ ചുരുക്കുന്ന രീതി  മാറി അതിന് ശേഷമുള്ള സന്ദര്‍ഭങ്ങളും സംഭവങ്ങളും സഭാചരിത്ര വായനയില്‍ ഉൾപ്പെടേണ്ടതുണ്ട്. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ സമ്പൂര്‍ണ്ണമായ ചരിത്രത്തെ അവതരിപ്പിക്കുകയല്ല, മറിച്ച് ഒരു പുനര്‍വായനയുടെ ആവശ്യകതയെ ബോധ്യപ്പെടുത്തുവാനുള്ള ശ്രമമാണ് ഈ ലേഖനം.

ചരിത്രമെഴുത്തിന്റെ  വിവിധ പാഠങ്ങള്‍

ചരിത്രമെന്നത് കഴിഞ്ഞ കാലസംഭവങ്ങളെ അതെപടി കാലാനുക്രമമായി പകർത്തുന്ന പ്രക്രിയ ആണെന്നാണ് പൊതുവിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ സമൂഹത്തിലെ പൊതുബോധത്തിന്റെ  മുന്‍വിധികളും താല്പര്യങ്ങളും ചരിത്രമെഴുത്തില്‍ പ്രതിഫലിക്കും എന്ന പ്രശസ്ത ചരിത്രകാരന്‍ ജോൺ ഹോപ്  ഫ്രാങ്ക്ലിന്റെ അഭിപ്രായം കണക്കിലെടുക്കുമ്പോള്‍ തീര്‍ച്ചയായും ചരിത്രമെഴുത്തിനെയും ചരിത്രവായനയും  സംബന്ധിച്ച പൊതുധാരണകള്‍  തിരുത്തലിനു വിധേയമാകേണ്ടി വന്നേക്കാം.

രാജാക്കന്മാരുടേയും  ചക്രവര്‍ത്തിമാരുടേയും വീരകഥകളും ഭരണവര്‍ഗ്ഗത്തിന്റെ കലാ സാഹിത്യ സംസ്കാരവുമാണ് ചരിത്രമായി മുൻപ് പാഠവല്‍ക്കരിക്കപ്പെട്ടത്. പൌരസ്ത്യ വിവക്ഷയില്‍ എഴുതപ്പെട്ട കൊളോണിയല്‍ ചരിത്രമെഴുത്തുകളോ  ഭരണവര്‍ഗ്ഗ വീക്ഷണത്തെ വിമര്‍ശിച്ച മാര്‍ക്സിയന്‍ / ഇടത് പക്ഷ എഴുത്തുകളോ ജാതി വ്യവസ്ഥിത സമൂഹത്തിലെ താഴെ തട്ടിലാക്കപ്പെട്ട ജനതയെ അടയാളപ്പെടുത്തുന്നതില്‍ വിമുഖത കാണിച്ചെന്നു അവരുടെ എഴുത്തുകള്‍ തന്നെ സാക്ഷീകരിക്കുന്നുണ്ട്. ജാതിയുടെ ജീർണ്ണതയില്‍ നിന്നുള്ള വിമോചന വിപ്ലവങ്ങള്‍ നടന്ന നവോത്ഥാനകാലത്ത് കീഴാള വിഭാഗങ്ങളുടെ അപ്രത്യക്ഷതയെ കേരളത്തിന്റെ പൊതുമണ്ഡലത്തിലേക്ക് ആദ്യമായി അവതരിപ്പിച്ചത്  പൊയ്കയില്‍ അപ്പച്ചനാണ് – “കാണുന്നില്ലോരക്ഷരവും എന്റെ വംശത്തെ പറ്റി, കാണുന്നുണ്ടനേക വംശത്തിന്‍ ചരിത്രങ്ങള്‍..” എന്ന പാട്ടിലൂടെ. ഇതിനര്‍ത്ഥം കീഴാള സമൂഹത്തിനു ചരിത്രമില്ലെന്നല്ല മറിച്ച് അധികാര വര്‍ഗ്ഗത്തിന്റെ കണ്ണുകളിലൂടെ / ബോധ്യങ്ങളിലൂടെ മുകളില്‍ നിന്നും കീഴോട്ട് നോക്കുന്ന ലംബമാനമായ രീതിയിലാണ് ചരിത്രം എഴുതപ്പെട്ടതെന്നാണ് മനസിലാക്കേണ്ടത്.

അധികാരവും, സ്വത്തും, കാലങ്ങളെ അതിജീവിക്കാന്‍ തക്ക ഈടുറ്റ വസ്തുകളും, എഴുത്തും, വായനയും എല്ലാം സവര്‍ണ്ണ വിഭാഗങ്ങളില്‍ നിഷിപ്തമായിരുന്നതിനാല്‍ കഴിഞ്ഞ കാല ശേഷിപ്പുകളുടെയും ഔദ്യോഗിക രേഖകളുടെയും  പഠനത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള രീതിശാസ്ത്രം കീഴാള ജനതയെ ചരിത്ര പരിസരങ്ങള്‍ക്ക് യോഗ്യരല്ലാതാക്കി തീര്‍ത്തു.

80-കളില്‍ രൂപം കൊണ്ട കീഴാള പഠനങ്ങള്‍ (Subaltern Studies) താഴെ തട്ടില്‍ നിന്നുള്ള കാഴ്ചകളെ അഭിസംബോധന ചെയ്ത്കൊണ്ട്  കീഴാള പരിസരങ്ങളെയും ജീവിതത്തെയും സങ്കീര്‍ണതകളെയും ചരിത്രരചനാ സാമഗ്രികളായി പരിഗണിച്ച് അത് വരെ തുടര്‍ന്നു പോന്ന ചരിത്ര രചനാ രീതിശാസ്ത്രത്തെ പൊളിച്ചു കളഞ്ഞു. ഇതിന്റെ തുടര്‍ച്ചയെന്നോണം ചരിത്രബോധ്യങ്ങളിളും എഴുത്തുകളിലും പുതിയ മാനങ്ങള്‍ ഉടലെടുക്കുകയുണ്ടായി. എന്നാല്‍ കേരളത്തില്‍ കീഴാള നവോത്ഥാന പ്രസ്ഥാനങ്ങളെ കുറിച്ചുള്ള വിലയിരുത്തലുകളില്‍ ഈ മാറ്റങ്ങള്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ല എന്ന് വി.വി.സ്വാമി നിരീക്ഷിക്കുന്നുണ്ട്. 69-ല്‍ പൊയ്കയില്‍ ശ്രീകുമാര ഗുരുദേവന്റെ ജീവചരിത്രം രചിക്കുമ്പോള്‍ അക്കാലഘട്ടത്തില്‍  അംഗീകരിക്കപ്പെട്ട രചനാരീതീശാസ്ത്രമാണ് കൊച്ച് തിരുമേനി (പി.ജെ.തങ്കപ്പന്‍)* അവലംബിച്ചത്. അതൊരു ബോധപൂര്‍വമായ പ്രവര്‍ത്തനമായിരുന്നു. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ആത്മീയതയെ പാടെ അവഗണിച്ച് സാമൂഹ്യ ഇടപെടലിന് പ്രാധാന്യം കൊടുക്കുന്നതായി കാണാം. ഇത് സഭയുടെ മര്‍മ്മപ്രധാനമായ രക്ഷാ നിര്‍ണ്ണയയോഗത്തില്‍ അവതരിപ്പിച്ചു പോന്ന ശ്രീകുമാര ഗുരുദേവ ജീവചരിത്ര ആഖ്യാനത്തില്‍ നിന്നും തികച്ചും വിഭിന്നമായിരുന്നു. ഇതേ സമയത്താണ് PRDS ക്രിസ്തുമതത്തിന്റെ ഭാഗമാണെന്ന് കാണിച്ച് ശിഷ്യന്മാരില്‍ ഒരാളായിരുന്ന ഞാലിയാകുഴി സൈമണ്‍ യോഹന്നാന്‍ അധികാര തര്‍ക്കങ്ങളുടെ ഭാഗമായി കേസ് കൊടുക്കുന്നത്. ഇതിനെ പ്രതിരോധിക്കാനാവണം മാര്‍ത്തോമ – ബ്രദര്‍ മിഷന്‍- വേര്‍പാട് സഭ എന്നിവയില്‍ പ്രവര്‍ത്തിച്ചുവെന്നും പിന്നീട് ഉപേക്ഷിച്ചെന്നും സൂചിപ്പിച്ചത്. ഉപേക്ഷിച്ചെന്ന വാദത്തെ സാധൂകരിക്കക്കേണ്ട സാഹചര്യം അന്നുണ്ടായിരുന്നുവെന്ന് മനസിലാക്കണം. എന്നാല്‍ ഉപേക്ഷിച്ചുവെന്ന വാദം തന്നെയാണ് പിന്നീടുണ്ടായ എല്ലാ ജീവചരിത്ര രചനകളിലും എഴുത്തുകളിലും ക്രൈസ്തവ പശ്ചാത്തലം നിലനിര്‍ത്താന്‍ കാരണമായത്. (വ്യവസ്ഥയുടെ നടപ്പാതകള്‍ – ജീവചരിത്ര പുനരാഖ്യാന സമിതി 2017)

പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ പരിണാമ ഘട്ടങ്ങളും നേരിട്ട തെറ്റിധാരണകളും

 പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ചരിത്രത്തെ മൂന്ന് ഘട്ടമായി തിരിക്കാം.

  1. പൊയ്കയില്‍ അപ്പച്ചന്റെ ജനനം മുതല്‍ ശരീരമാറ്റം വരെ
  2. അപ്പച്ചന്റെ ശരീരമാറ്റത്തിനു ശേഷം മുതല്‍ അമ്മച്ചിയുടെ ശരീരമാറ്റം വരെ.
    3. അമ്മച്ചിയുടെ ശരീരമാറ്റത്തിനു ശേഷം.

ശ്രീകുമാര ഗുരുദേവ ജീവചരിത്രങ്ങള്‍ എല്ലാം മുഖ്യമായും ഒന്നാം ഘട്ടത്തെയാണ് പ്രതിപാദിക്കുന്നത്. എന്നാലവ എഴുതപ്പെട്ടത് രണ്ടാം ഘട്ടത്തിലോ മൂന്നാം ഘട്ടത്തിലോ ആയതിനാല്‍ അവ വായിക്കുന്നതിനു സമാന്തരമായി പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ രണ്ടും മൂന്നും ഘട്ടത്തെ കൂടി മനസിലാക്കുവാനുള്ള ശ്രമങ്ങള്‍ ഉണ്ടായെങ്കിലേ കൂടുതലായി PRDS-നെ മനസിലാക്കാന്‍ സാധിക്കൂ.

പ്രത്യക്ഷ രക്ഷാ ദൈവ സഭ ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ടത് അത് ക്രിസ്തുമതത്തിന്റെ ഭാഗമാണെന്ന വാദത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. എന്നാല്‍ അന്നത്തെ ക്രൈസ്തവ സഭയുടെ ചരിത്ര രേഖകളില്‍ അപ്പച്ചനെ ദൈവമായി അരാധിക്കുന്ന, ക്രൈസ്തവ വിശ്വാസങ്ങള്‍ക്ക് എതിരായി സംസാരിക്കുന്ന കൂട്ടമായാണ് പ്രത്യക്ഷ രക്ഷാ ദൈവ സഭയെ  വിവരിച്ചിരിക്കുന്നത് (കെ.വി.സൈമണ്‍). ക്രൈസ്തവ സഭ നേരിടുന്ന വെല്ലുവിളിയായി പോലും PRDS-നെ മിഷനറി രേഖകളില്‍ നിന്നും വായിക്കാനാവും (ഡബ്ല്യു.എസ്.ഹണ്ട്). ക്രൈസ്തവ ആശയത്തെയും ബൈബിളിനെയും ജ്ഞാനപരമായ സംവാദങ്ങളിലൂടെയാണ് PRDS അപ്രസക്തമാക്കുന്നത്. പൊതു സമക്ഷം ബൈബിള്‍ സംസാരിക്കുന്ന ഉപദേശിയെന്ന പ്രച്ഛന്നതയെ നിലനിര്‍ത്തികൊണ്ട് അപ്പച്ചന്‍ ആന്തരികമായൊരു ജ്ഞാനസംവാദലോകത്തെ ശിഷ്യര്‍ക്കിടയില്‍ നിര്‍മ്മിച്ചിരുന്നു. റോമാക്കാര്‍ക്കും കൊരിന്ത്യര്‍ക്കും എഴുതപ്പെട്ട ബൈബിളില്‍ തിരുവിതാംകൂറിലെ പുലയര്‍ക്ക് എന്ത് കാര്യമെന്ന ചോദ്യം ബൈബിളിന്റെ സാര്‍വ്വദേശീയതയെ തന്നെ പ്രശ്നവല്‍ക്കരിക്കുന്നുണ്ട്. ബൈബിളിനെ തത്വശാസ്ത്രപരമായ തോത് ആയാണ് അപ്പച്ചന്‍ പരിഗണിച്ചത്. അതിനാല്‍ തന്നെ ആദം കുടുംബത്തിലെ പാപം തങ്ങള്‍ക്ക് ബാധകമല്ലെന്നും “എഴുതപ്പെട്ട വചനത്തില്‍ പിടിക്കപ്പെട്ടവരെല്ലാം വിടുവിന്‍ വേഗം എഴുത്ത് നമുക്കുള്ളതല്ലല്ലോ” എന്ന് PRDS പ്രഖ്യാപിക്കുന്നു. 1908-ല്‍ വാകത്താനത്ത് വച്ച് നടന്ന യോഗത്തില്‍ തിരിച്ചറിവുണ്ടായ സഭാംഗങ്ങള്‍ ബൈബിളിനെ അഗ്നിക്കിരയാക്കുന്നുമുണ്ട്. ഇവയെല്ലാം സൂചിപ്പിക്കുന്നത്  PRDS ക്രിസ്തുമതത്തിന്റെ ഭാഗമല്ലെന്നു മാത്രമല്ല ക്രൈസ്തവ സഭകളിലെ ജാതി വിവേചനങ്ങള്‍ക്കെതിരായി രൂപം കൊണ്ട പ്രസ്ഥാനമല്ലെന്നു കൂടിയാണ്.

പതിനൊന്നാം നൂറ്റാണ്ടില്‍ യൂറോപ്പിലെ ടാൻചെം (Tanchelm) എന്ന നാടോടി ഉപദേശി മുതല്‍ ദക്ഷിണാഫ്രിക്കയിലെ ഇസൈയാഹ് ഷേമ്പേയെന്ന (Isaiah Shembe) സുലു പ്രവാചകന്‍ വരെയുള്ള നിരവധി പ്രവാചകര്‍ ക്രിസ്തീയതക്ക് സമാന്തരമായി സഭകളോ കൂട്ടായ്മകളോ സ്ഥാപിച്ചിട്ടുണ്ടെന്ന്  ‘ദ പഴ്സ്യൂട്ട് ഓഫ് ദ മില്ലേനിയം’ എന്ന പുസ്തകത്തില്‍ നോര്‍മാന്‍ കോഹ് പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ അത്തരം സമാന്തര സഭകള്‍ ക്രിസ്തീയ ആശയങ്ങളെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തി സ്ഥാപകര്‍ സ്വയം പ്രവാചക പദവി പ്രഖ്യാപിക്കുകയായിരുന്നു. ക്രൈസ്തവ സഭകളിലെ ജാതി ആയിരുന്നു തര്‍ക്കവിഷയമെങ്കില്‍  ക്രിസ്തുവിനേയും ബെബിളിനെയും നിഷേധിക്കുന്നതിനു പകരം മേല്‍ സൂചിപ്പിച്ച പ്രവാചകരുടെ മാതൃക പിന്തുടരുന്നത് പര്യാപ്തമായേനെ. കൊളോണിയല്‍ ആധുനികതയുടെ ഭാഗമായി രൂപപ്പെട്ട അല്ലെങ്കില്‍ ക്രൈസ്തവ ആശയമണ്ഡലത്തില്‍ നിന്നും പ്രചോദനം കൊണ്ട് രൂപീകരിച്ച പ്രസ്ഥാനമാണ്‌ PRDS എന്ന കോളോണിയല്‍ വായനയും തള്ളികളയേണ്ടതാണ്. എന്തെന്നാല്‍ പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ കാതലായ വിഷയമെന്നത് അടിമ വിഷയവും (ക്രൈസ്തവ വിശ്വാസത്തില്‍ നിന്നും വത്യസ്തമായ) രക്ഷയും പ്ലാന്‍ കെട്ടിടമെന്ന വിഷയവുമാണ്‌. ഇതില്‍ കൊളോണിയല്‍ ആധുനികതയെയോ ക്രിസ്തീയ ആശയങ്ങളോ കാണാന്‍ സാധിക്കില്ല.

സ്ത്രീകളുടെ പദവി പ്രത്യക്ഷ രക്ഷാ ദൈവ സഭയില്‍

മറ്റ്  ആത്മീയ പ്രസ്ഥാനങ്ങള്‍ക്ക് വിപരീതമായി സ്ത്രീകളുടെ പ്രാതിനിധ്യത്തെയും അവകാശങ്ങളെയും വളരെ ഗൌരവമായി പ്രത്യക്ഷ രക്ഷാ ദൈവ സഭ പരിഗണിച്ചിരുന്നുവെന്നത് എടുത്ത് പറയേണ്ട വസ്തുതയാണ്. സ്ത്രീ പുരുഷ സമത്വത്തെ പ്രത്യക്ഷ രക്ഷാ ദൈവ സഭ പൊതു സമത്വ ബോധ്യങ്ങളില്‍ നിന്ന് വിഭിന്നമായാണ്‌ കണ്ടിരുന്നത്. സ്ത്രീയും പുരുഷനുമെന്നു വേണ്ട ഏതൊരു വ്യക്തിയും വത്യസ്തരാണെന്നത് വസ്തുതയാണ്. അതിനാല്‍ ജൈവീകമായല്ല മറിച്ച് അവരിലെ ദൈവീക ചൈതന്യത്താലാണ് സമത്വമെന്ന ഭാവനയുണ്ടാവുന്നത്. പുരുഷനും സ്ത്രീകള്‍ക്കും പ്രത്യേകം നിര്‍ദേശങ്ങള്‍ സഭയില്‍ ഉണ്ടാവുന്നത് അങ്ങനെയാണ്. സ്ത്രീകള്‍ക്ക് മാത്രമായി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടെന്നു പറയുന്നത് യാഥാര്‍ത്ഥ്യമല്ല. ഉദാഹരണത്തിനു ശുചിത്വത്തിന്റെ ഭാഗമായി സ്ത്രീകള്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ അനുവര്‍ത്തിക്കേണ്ട നിര്‍ദേശങ്ങള്‍ കേവലം സ്ത്രീകള്‍ മാത്രം അചരിക്കണമെന്നല്ല മറിച്ച് ഭക്ഷണം ആര് പാകം ചെയ്താലും ഈ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ നടത്തിപ്പിലും സ്ത്രീ പ്രാതിനിധ്യം ഉണ്ടായിരുന്നു. കുഴിയടി മറിയ, കുളകുറ്റി അമ്മ തുടങ്ങിയ ഉപദേഷ്ടാക്കളായ അമ്മമാര്‍ യോഗങ്ങള്‍ നടത്തിയിരുന്നു. പൌരോഹിത്യത്തില്‍ സ്ത്രീ പങ്കാളിത്തം പ്രത്യക്ഷ രക്ഷാ ദൈവ സഭ ഉറപ്പാക്കിയിരുന്നു. 1930-ല്‍ ശ്രീമൂലം പ്രജാസഭയില്‍ സ്ത്രീ പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ട് പ്രത്യക്ഷ രക്ഷാ ദൈവ സഭയിലെ സ്ത്രീകള്‍ നിവേദനം നല്‍കിയിരുന്നു. പ്രാതിനിധ്യത്തിന്റെ രാഷ്ട്രീയം പ്രത്യക്ഷ രക്ഷാ ദൈവ സഭ വര്‍ഷങ്ങള്‍ക്ക് മുൻപ് തന്നെ മനസിലാക്കിയിരുന്നവെന്നു വേണം മനസിലാക്കാന്‍. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ നിലനിൽപ്പിലും പ്രതിരോധത്തിലും സ്ത്രീകളുടെ പ്രാതിനിധ്യവും പ്രാധാന്യവും ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട സംഭവങ്ങളാണ്. വാകത്താനത്ത് യോഗത്തിനിടയില്‍ വച്ചുണ്ടായ സവര്‍ണ്ണരുടെ ആക്രമണങ്ങളെ സ്ത്രീകള്‍ തവിയും തിളച്ച വെള്ളവും ഉപയോഗിച്ചാണ്‌ പ്രതിരോധിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് അപ്പച്ചനെ ശത്രുക്കളില്‍ നിന്നും രക്ഷപെടുത്താന്‍ സംരക്ഷണ കവചം തീര്‍ത്തത് കുമരകം ചിന്ന, ആഞ്ഞിളിമ്മൂട്ടില്‍ മാര്‍ത്ത, മൈലത്തടി തങ്ക, ആനക്കുഴി അന്ന, ഏട്ടിനാംകുഴി സാറ, മണ്ണൂത്തടം മോര്‍ദ്ദേഖ, കുന്നേല്‍ കുട്ടി തുടങ്ങിയ അമ്മമാരായിരുന്നു. വെട്ടിയാട് എന്ന സ്ഥലത്ത് നടന്ന അക്രമത്തില്‍ വെട്ടിയാട്ട് ഏലി എന്ന അമ്മ രക്തസാക്ഷിയായത് പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ചരിത്രത്തിലെ മറക്കാനാവാത്ത ഏടുകളില്‍ ഒന്നാണ്. ഇന്നും അമ്മയുടെ സ്മരണകള്‍ തിളക്കമാര്‍ന്ന് നില്‍ക്കുന്നുണ്ട്.

രണ്ടാം ഘട്ടം- അപ്പച്ചന്റെ ശരീരമാറ്റത്തിനു ശേഷം

പൊയ്കയില്‍ അപ്പച്ചന് ശേഷമുള്ള ഘട്ടം പ്രത്യക്ഷ രക്ഷാ ദൈവ സഭയെ സംബന്ധിച്ച് സംഘര്‍ഷങ്ങള്‍ നിറഞ്ഞതായിരുന്നു. അപ്പച്ചന്റെ ദേഹവിയോഗം സൃഷ്ടിച്ച അസ്ഥിരാവസ്ഥയെ മറികടക്കാന്‍ പ്രത്യക്ഷ രക്ഷാ ദൈവ സഭ ഒട്ടും ഒരുങ്ങിയിരുന്നില്ല. പിന്നീട് സഭയെ കാത്തിരുന്നത് പ്രതിസന്ധികളുടെയും പ്രതിബന്ധങ്ങളുടെയും നാളുകളായിരുന്നു.

ശരീര വേര്‍പാടിന് മുൻപായി 1114 കുംഭമാസത്തില്‍ അപ്പച്ചന്‍ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. “ഭാവി ഭരണ നടത്തിപ്പിന് വേണ്ടി ഭക്തിയും ദൈവഭയവും ആത്മാര്‍ഥതയും സഭയുടെ തത്വോപദേശങ്ങളില്‍ അടിയുറച്ച വിശ്വാസവും സഭാംഗങ്ങള്‍ക്ക് വിശ്വസ്ഥതയുമുള്ള ഒരാളെ സഭയുടെ അധ്യക്ഷനായി തിരെഞ്ഞെടുത്താല്‍ കൊള്ളാമെന്നു അഭിപ്രായപ്പെടുന്നു” എന്നായിരുന്നു അതിന്റെ ഉള്ളടക്കം. പ്രമുഖരായ ശിഷ്യന്മാരുള്‍പ്പടെ ആരുടേയും പേര് പരാമർശിക്കപ്പെട്ടില്ല എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ അപ്പച്ചന്റെ ശരീരകാലത്ത് അതിനാരും ധൈര്യപ്പെട്ടില്ല. അപ്പച്ചന്റെ ശിഷ്യന്മാരില്‍ ഏറ്റവും പ്രമുഖന്‍ ഞാലിയാകുഴി സൈമണ്‍ യോഹന്നാനായിരുന്നു. ബഹുമാനാര്‍ത്ഥം കൊച്ചപ്പച്ചന്‍ എന്നായിരുന്നു അദേഹത്തെ ഏവരും വിളിച്ചിരുന്നത്. വിയോഗത്തിനുശേഷം പ്രത്യക്ഷ രക്ഷാ ദൈവ സഭ നേരിട്ട അനിശ്ചിതത്വത്തെ തുടര്‍ന്ന് അന്നുണ്ടായിരുന്ന പ്രമുഖരായ ശിഷ്യരുടെയും ഗോത്രനേതാക്കളുടേയും നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തിര യോഗം ഒരു പ്രവര്‍ത്തക സമിതിയോഗം രൂപീകരിക്കുകയും അതിന്റെ അദ്ധ്യക്ഷനായി അദ്ദേഹത്തെ തിരെഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍ പ്രത്യക്ഷ രക്ഷാ ദൈവ സഭ വലിയൊരു ഭരണ പ്രതിസന്ധിയെയാണ് അഭിസംബോധന ചെയ്യാന്‍ തുടങ്ങിയത്. സഭാവക വസ്തുക്കളും സ്ഥാപനങ്ങളും മിക്കവാറും ഋണബാധ്യതകളാലും കയ്യേറ്റങ്ങളാലും അന്യാധീനപ്പെട്ട് സഭയ്ക്ക് നഷ്ടമാവാന്‍ തുടങ്ങി. ആ സമയത്ത് വസ്തുക്കളുടെ പ്രമാണങ്ങളോ സ്ഥാപനങ്ങളുടെ നിയന്ത്രണം പോലുമോ സഭയിക്കില്ലായിരുന്നു. തുടര്‍ന്ന് 1116 തുലാം മാസം 3 തീയതി സഭയുടെ ആസ്ഥാനത്ത് താന്നിക്കല്‍ റ്റി.സി.ഉമ്മന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അമ്മച്ചിയെ സഭയുടെ ആജീവനാന്ത പ്രസിഡന്റായി തെരെഞ്ഞടുത്തു. പ്രത്യക്ഷ രക്ഷാ ദൈവ സഭ 1116 വരെയുള്ള ഭരണ റിപ്പോര്‍ട്ടില്‍ ആ കാലഘട്ടത്തില്‍ (1939-41) സഭ നേരിട്ട പ്രതിസന്ധികളും അവ മറികടക്കാന്‍ കൈക്കൊണ്ട പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് വിശദമാക്കുന്നുണ്ട്. (പൊയ്കയില്‍ ശ്രീകുമാരഗുരു ചരിത്ര രൂപരേഖയില്‍, കെ.റ്റി.റെജികുമാര്‍, പുറം 85-87). തുടര്‍ന്ന് അമ്മച്ചി 46 വർഷം അഹോരാത്രം സ്ത്രീയുടെ പരിമിതികളെ മറികടന്നുകൊണ്ട് ധീരമായി പ്രത്യക്ഷ രക്ഷാ ദൈവ സഭയെ നയിച്ചത്  ചരിത്രമാണ്.

കോടതി വ്യവഹാരങ്ങളും പ്രതിസന്ധികളും

അമ്മച്ചിയുടെ ശരീരകാലത്ത് സിവിലായും ക്രിമിനലായും 150 കേസുകളോളം ഉണ്ടായിരുന്നു. അതിലേറ്റവും പ്രധാനപ്പെട്ട കേസ് ഞാലിയാകുഴി സൈമണ്‍ യോഹന്നാനാന്‍ PRDS ക്രിസ്തീയ സഭയാണെന്ന് വാദിച്ച് നല്‍കിയ കേസായിരുന്നു. അതേ തുടര്‍ന്ന് നടന്ന വ്യവഹാരങ്ങളില്‍ 1962-ല്‍ പി.ആര്‍.ഡി.എസ്  ക്രിസ്തീയ സഭയാണെന്ന് കോടതി വിധി ആവുകയും റിസീവര്‍ ഭരണത്തിലാവുകയും ചെയ്തു. അമ്മച്ചി ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുയും 1966-ല്‍ പ്രത്യക്ഷ രക്ഷാ ദൈവ സഭ ക്രിസ്തുമതമല്ലെന്നും ജാതി വര്‍ണ്ണരഹിതമായ ഒരു ആതമീയകൂട്ടായ്മയാണെന്നുമുള്ള സുപ്രധാന വിധി സമ്പാദിക്കുകയും ചെയ്തു. സൈമണ്‍ യോഹന്നാന്‍ പി.ആര്‍.ഡി.എസ് പ്രസിഡന്റ് എന്ന പേരില്‍ അനേകം പേര്‍ക്ക് തീറായി എഴുതിക്കോടുത്തിരുന്ന അനേകം നമ്പര്‍ വസ്തുക്കള്‍ കോട്ടയം സബ് കോടതിയില്‍ വ്യവഹാരപ്പെട്ട് തിരിച്ചെടുക്കുന്നതിന് വിധി അമ്മച്ചി സമ്പാദിച്ചു. സഭയ്ക്കുവേണ്ടി വസ്തുക്കള്‍ വാങ്ങിച്ചേര്‍ക്കുവാനല്ലാതെ ആര്‍ക്കും സ്ഥാപകനുപോലും സഭയിലുള്ള എല്ലാ അംഗങ്ങളുടെയും അറിവും സമ്മതവും കൂടാതെ സഭാവക വസ്തുക്കള്‍ പണയെടുത്തുകയോ കൈമാറ്റം ചെയ്യുവാനോ അധികാരമില്ലെന്നുള്ള സുപ്രധാന വിധി സമ്പാദിച്ചതും അമ്മച്ചിയുടെ പ്രവര്‍ത്തനഫലമായാണ്. ഇതോടൊപ്പം അപ്പച്ചന്റെ ശരീരകാലത്ത് സമ്പാദിച്ച വസ്തു വകകള്‍ കടം തീര്‍ക്കാത്തതിനാല്‍ അന്യാധീനപ്പെട്ടു പോയേക്കാവുന്നവയെ കടം വീടി തിരിച്ചു പിടിച്ചു സഭയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു. ശ്രീ.സന്തോഷ്‌ ഓ.കെ. പരാമര്‍ശിക്കുന്നത് പോലെ സഭാജനങ്ങളുടെ സമ്പാദ്യങ്ങള്‍ കേവലം അഹന്തനിഷ്ടത കാരണം പാഴാക്കി കളയുകയായിരുന്നില്ല, മറിച്ച് സഭയുടെ വസ്തുവകകള്‍ തിരിച്ചു പിടിക്കുവാനും, സഭയുടെ അസ്തിത്വത്തെ തന്നെ നിലനിര്‍ത്തുവാനും നടത്തിയ അക്ഷീണമായ പോരാട്ടമായിരുന്നുവെന്നു തിരിച്ചറിയേണ്ടതുണ്ട്. അത് തിരിച്ചറിഞ്ഞ ജനത നല്‍കിയ പങ്ക് നാണയതുട്ടുകളില്‍ അളക്കുവാന്‍ സാധ്യമല്ല. കാലങ്ങള്‍ക്കിപ്പുറം സഭാ ജനങ്ങള്‍ അനുഭവിക്കുന്ന സ്വാശ്രയത്വവും (സ്വത്ത് വകകള്‍) സ്വത്വബോധവും (ഹൈക്കോടതി വിധിയിലൂടെ) അമ്മച്ചിയുടെ പ്രവര്‍ത്തനങ്ങളുടെ പ്രത്യക്ഷ ഉത്തരങ്ങളാണ്.

ആഭ്യന്തര കലഹങ്ങളെ ധീരമായി ചെറുക്കുകയും പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ സുസ്ഥിരത വീണ്ടെടുത്ത് സംഘടിത രൂപത്തിലേക്ക് സഭയെ രൂപപെടുത്തിയെടുത്തത് അമ്മച്ചിയുടെ ഗംഭീരമായ നേത്രുത്വപാടവത്തെയാണ്‌ സൂചിപ്പിക്കുന്നത്.

പ്രത്യക്ഷ രക്ഷാ ദൈവ സഭ സംഘടിത രൂപത്തിലേക്ക്

പ്രത്യക്ഷ രക്ഷാ ദൈവ സഭയ്ക്ക് യുവജന സംഘം, മഹിളാ സമാജം, കുമാരദാസ സംഘം, കലാ സാംസ്കാരിക മേഖലയിലെ മുന്നേറ്റങ്ങള്‍ക്കായി ആചാര്യ കലാക്ഷേത്രം, സര്‍ക്കാര്‍ ജീവനക്കാരുടെ എംപ്ലോയീസ് ഫോറം, കുട്ടികള്‍ക്കായി സ്റ്റഡി ക്ലാസ്സ്‌, സഭയുടെ മുഖപത്രമായ ആദിയര്‍ദീപം തുടങ്ങിയ പോഷക ഘടകങ്ങള്‍ ഉണ്ടായത് അമ്മച്ചിയുടെ നേതൃത്വത്തിലാണ്. പൊയ്കയില്‍ ശ്രീകുമാര ഗുരുദേവന്റെ ഭൌതീക ശരീരം അടക്കം ചെയ്ത് ഇടത്ത് അഞ്ചു നിലയുള്ള മണ്ഡപം, അപ്പച്ചന്‍ വസിച്ചിരുന്ന കുടില്‍ സ്മാരകമായി നിലനിര്‍ത്തിയത്, ളെച്ചിമാതാ മണ്ഡപം, അടിമ സ്മാരക സ്തംഭം, ശ്രീ കുമാര ഗുരുദേവ ജന്മദിന ശതാബ്ദി സ്മാരക സ്റ്റേജ്, ഹെഡ് ഓഫീസ്, വിവിധ ശാഖാ മന്ദിരങ്ങള്‍ തുടങ്ങിയവയുടെ സ്ഥാപനവും അമ്മച്ചിയുടെ കാലയിളവിലാണ് നടത്തിയത്. സാമ്പത്തികമായി വളരെ കഷ്ടതകള്‍ അനുഭവിക്കുന്ന അവസ്ഥ ഉണ്ടായിട്ട് കൂടി സഭയുടെ വളർച്ചയ്ക്ക്  അനുസൃതമായ കാര്യപദ്ധതികള്‍ ആസൂത്രണം ചെയ്ത് വിജയിപ്പിക്കാനായി. അനാഥരും നിര്‍ധനരുമായവരെ അമ്മച്ചി സഭാ ആസ്ഥാനം നില കൊള്ളുന്ന ഇരവിപേരൂരില്‍ കൂടെ നിർത്തിയിരുന്നു. പലരും വിദ്യാഭ്യാസം  നേടിയതും പിന്നീട് ജോലി ചെയ്തിരുന്നതും ഇരവിപേരൂരില്‍ നിന്നു കൊണ്ടായിരുന്നു. മുന്‍ എസ്.സി./എസ്.റ്റി. കമ്മീഷന്‍ ആയിരുന്ന റിട്ട. ജഡ്ജ്. പി.എന്‍.വിജയകുമാര്‍ അത്തരത്തില്‍  അവിടെ നിന്ന് പഠിച്ച് ജോലി ചെയ്തിരുന്ന വ്യക്തിയാണ് (അദ്ദേഹം സഭയുടെ ജനറല്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്).

പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ സാമൂഹ്യ ഇടപെടലുകള്‍
ആഭ്യന്തരമായ പ്രതിസന്ധികളും സാമ്പത്തിക പരാധീനതകളും നിലനില്‍ക്കുമ്പോള്‍ തന്നെ പ്രത്യക്ഷ രക്ഷാ ദൈവ സഭ സാമൂഹ്യമായി വിവിധ  കാലഘട്ടങ്ങളിലായി നിരവധി ഇടപെടലുകള്‍ നടത്തുന്നുണ്ട്. 1950-ല്‍ ആള്‍ കേരള പട്ടികജാതി പട്ടിക വര്‍ഗ്ഗ ഫെഡറേഷന് സഭ രൂപം നല്‍കിയത് അത്തരമൊരു പ്രവര്‍ത്തനമാണ്. 1973-ല്‍ ഏപ്രില്‍ 10-ന് പി.ആര്‍.ഡി.എസ് ഹെഡ്  ആഫീസില്‍ വച്ച്  ഇന്ത്യന്‍ വൈസ് പ്രസിഡന്റായിരുന്ന വി.വി.ഗിരിക്ക് സ്വീകരണം നല്‍കുകയുണ്ടായി. 1979 ഏപ്രില്‍ 11-ന് അഖിലേന്ത്യ അംബേദ്ക്കറിസ്റ്റ് കണ്‍വെന്‍ഷന്റെ ഭാഗമായി നടത്തിയ വാഹനപ്രചരണ ജാഥ ഹെഡ്  ആഫീസില്‍ വച്ച് അമ്മച്ചി ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 14-ന് തിരുവനന്തപുരം വി.ജെ.റ്റി.ഹാളില്‍ നടന്ന സമ്മേളനത്തില്‍ പ്രത്യേക ക്ഷണപ്രകാരം പങ്കെടുത്ത് സംസാരിക്കുകയും ചെയ്തു. 1980  ഒക്‌ടോബര്‍ 31-ന് അയ്യങ്കാളി പ്രതിമയ്ക്ക് സ്വീകരണം നല്‍കിയതും പ്രതിമ നിര്‍മ്മിതിയുടെ ട്രസ്റ്റിന് (അയ്യങ്കാളി ട്രസ്‌ററ്) പ്രത്യക്ഷ രക്ഷാ ദൈവസഭ സംഭാവന നല്‍കിയതും അക്കാലത്തെ ശ്രദ്ധേയ സംഭവങ്ങളാണ്. തുടര്‍ന്ന് നവംബര്‍ 10-ന് തിരുവനന്തപുരം വെള്ളയമ്പലത്ത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രസ്തുത പ്രതിമ അനാവരണം നിര്‍വ്വഹിച്ചപ്പോള്‍  പ്രത്യേക ക്ഷണം സ്വീകരിച്ച് യോഗത്തില്‍ പങ്കെടുത്ത് അമ്മച്ചി സംസാരിക്കുകയും ചെയ്തിരുന്നു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ചുകൊണ്ട് എറണാകുളത്ത് നടന്ന ദലിത് പിന്നോക്ക സമരത്തില്‍ പി.ആര്‍.ഡി.എസ്  ഇടപെടുകയും തങ്ങളുടേതായ പങ്ക് വഹിക്കുകയും ചെയ്തിരുന്നു. സംവരണ കാലാവധി ദീര്‍ഘിപ്പിക്കണമെന്ന് കാണിച്ചുകൊണ്ട് കേരള ഇന്‍സ്റ്റിറ്റ്യൂട്ട്  ഫോര്‍ റിസര്‍ച്ച് ട്രെയിനിംഗ് ആൻഡ് ഡവലപ്മെന്റ് സറ്റഡീസ് ഓഫ് എസ് സി ആൻഡ് എസ് ടി ഡയറക്ടര്‍ ഡോ. പി.ആര്‍.ജി മാത്തൂരിന് പ്രത്യക്ഷ രക്ഷാ ദൈവ സഭ മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നു.

അപ്പച്ചന് ശേഷം സഭ സാമൂഹ്യ ഇടപെടലുകള്‍ നടത്തിയിട്ടില്ല എന്ന വാദത്തിനു മറുപടിയാണ് മേല്‍ സൂചിപ്പിച്ച ചില സംഭവങ്ങള്‍. നിലവിലെ പി.ആര്‍.ഡി.എസ് പഠനങ്ങള്‍ ഇത് വിസ്മരിച്ചു പോകുന്നുണ്ട്. എന്നിരുന്നാലും സഭ 1940-കള്‍ക്കുശേഷം വിവിധ ദലിത് ആശയങ്ങളോടും മുന്നേറ്റങ്ങേളോടും സംവദിച്ചിരുന്നുവെന്നും സംവരണം പോലുള്ള വിഷയങ്ങള്‍ മുഖ്യ അജെണ്ടകളില്‍ ഒന്നായിരുന്നുവെന്നും വേണം മനസിലാക്കാന്‍. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ പൊതുവായ അലസവായനയില്‍ നിന്നും വിഭിന്നമായൊരു PRDS ബോധ്യം ഉണ്ടാവേണ്ടത് ജനാധിപത്യ കേരളത്തിന്റെ ആവശ്യകതയാണ്. അത്തരമൊരു വായന ഒരു പക്ഷെ പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ മൂന്നാം ഘട്ടത്തെ ശോഭനമാക്കാന്‍ സഹാകരമായേക്കും.

ഗ്രന്ഥസൂചിക
1) ജീവചരിത്ര പുനരാഖ്യാന സമിതി – വ്യവസ്ഥയുടെ നടപ്പാതകള്‍, സ്ലേറ്റ്‌ പബ്ലികേഷന്‍.
2) സ്വാമി.വി.വി. – കേരള നവോത്ഥാനവും പ്രത്യക്ഷ രക്ഷാ ദൈവ സഭയും, ആദിയര്‍ദീപം പബ്ലിക്കേഷന്‍.
3) സനല്‍ മോഹന്‍. പി. – മോഡേണിനിറ്റി ഓഫ് സ്ലേവറി, Oxford University Press New York.
4) ദേവിക.ജെ. – കുല സ്ത്രീകളും ചന്തപ്പെണ്ണങ്ങളും ഉണ്ടായതെങ്ങനെ, സി.ഡി.എസ്  തിരുവനന്തപുരം.
5) റെജികുമാര്‍.കെ.റ്റി. – പൊയ്കയില്‍ ശ്രീകുമാരഗുരു ചരിത്ര രൂപരേഖയില്‍, സഹോദരന്‍ പബ്ലിക്കേഷന്‍.
6) സ്വാമി.വി.വി./ അനില്‍.ഇ.വി. – പ്രത്യക്ഷ രക്ഷാ ദൈവ സഭ – ഓര്‍മ്മ, പാട്ട്, ചരിത്രരേഖകള്‍, ആദിയര്‍ദീപം പബ്ലിക്കേഷന്‍.
7) കോഹ് നോര്‍മാന്‍ – ദ പഴ്സ്യൂട്ട് ഓഫ് ദ മേല്ലെനിയം, Oxford University Press New York.
8) സന്തോഷ്‌.ഓ.കെ. – പൊയ്കയില്‍ ശ്രീകുമാരഗുരു നവോത്ഥാന ചരിത്രപാഠങ്ങള്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്  തിരുവനന്തപുരം.
9) ചിറപ്പാട് രാജേഷ്‌ – പൊയ്കയില്‍ അപ്പച്ചന്‍, ചിന്ത പബ്ലിഷേഴ്സ്‌ തിരുവനന്തപുരം.

ലേഖനങ്ങള്‍:
1) സരിന്‍ ബാബു/ റ്റി.തരുണ്‍ – ദിവ്യമാതാവ്-വ്യക്തി, സഭ, ചരിത്രം, ആചാര്യജ്യോതിസ് ഉപവാസ പതിപ്പ് 2014.

മറ്റ് റഫറൻസുകള്‍:
1) പി.ആര്‍.എം. കുമാര്‍ – ഷഷ്ടിപൂര്‍ത്തി സ്മാരക ലഘുലേഖ, PRDS, H.O ഇരവിപേരൂര്‍.

*വി.ജാനമ്മ (അമ്മച്ചി) – പൊയ്കയില്‍ ശ്രീകുമാര ഗുരുദേവന്റെ (അപ്പച്ചന്‍) ഭാര്യ.
*പി.ജെ.തങ്കപ്പന്‍ (കൊച്ച് തിരുമേനി) –  പൊയ്കയില്‍ ശ്രീകുമാര ഗുരുദേവന്റെയും അമ്മച്ചിയുടെയും രണ്ടാമത്തെ മകന്‍
*സഭ – പ്രത്യക്ഷ രക്ഷാ ദൈവ സഭ

കവർ ചിത്രം: കടപ്പാട് – അരവിന്ദ് രാജു

പൊയ്കയിൽ  അപ്പച്ചന്റെയും പിആർഡിഎസ്സിന്റെയും ജീവിത-ചരിത്രമുഹൂർത്തങ്ങൾ  അടയാളപ്പെടുത്തിക്കൊണ്ട് അരവിന്ദ് രാജു വരച്ച ചിത്രങ്ങൾ  കാണാൻ  ഇവിടെ ക്ലിക്ക് ചെയ്യുക.

Comments

comments