വൈകുന്നേരാകാശമെന്നപോൽ *കർക്കടകിയിൽ നിന്നും കുഞ്ഞുങ്ങൾ കുഞ്ഞോറഞ്ചുപ്പൂക്കളായ്‌ കൊഴിഞ്ഞു

കൊലപാതകശേഷം
ചുറ്റുവട്ടത്തു‌നിന്നും
എന്തെങ്കിലുമൊക്കെ
മോഷ്ടിക്കുന്ന
പൊട്ടസ്വഭാവമുണ്ടയാൾക്ക്‌
ആ വീട്ടിലെയൊരുസ്പൂണോ
ഹെയർ ക്ലിപ്പോ
അടിവസ്ത്രമോ
സീറോബൾബോ
അങ്ങനെയുള്ളതെ-
ന്തെങ്കിലുമൊന്നയാൾ
കൂടെക്കൂട്ടും

ഇക്കഴിഞ്ഞ കൊലക്ക്‌ ശേഷം
അപ്പാർട്ടുമെന്റിൽ നിന്നും
പുറപ്പെടുന്നതിനു മുൻപ്‌,
കൊല്ലപ്പെട്ടയാളെന്നോ
വയർ കുറയ്ക്കുന്നതിനു
കഴിക്കുവാനായി മുളപ്പിച്ച പയർ
മറന്ന് പോയതിനാൽ
നനച്ചു വളർത്തേണ്ടി വന്ന
തോട്ടത്തിലെ
ഇത്തിരിയിൽ ഇത്തിരിയായ
ഒരു പയർ ചെടിയെ
നീലയും വെളുപ്പും കലർന്ന
കാൻവാസ്‌ ഷൂസിൽ
മണ്ണു പൊത്തി അയാൾ
നട്ടു കൊണ്ടു പോയി,
മുറിയിലെ മരയലമാരയിൽ
മറ്റ്‌ ട്രോഫികൾക്കൊപ്പം ചേർത്ത്‌
അഭിമാനം കൊണ്ടു

ചെരിപ്പ്‌ തൊട്ട്‌ ലീന
അത്തർകുപ്പി തൊട്ട്‌ സെബാസ്റ്റി
സിഗററ്റ്‌ ലൈറ്റർ തൊട്ട്‌ ലോഗി
പാന്റീസ്‌ തൊട്ട്‌ മോണി
വാച്ച് തൊട്ട്‌ ഫ്രാൻസിസ്‌
ദിവസത്തിലൊരുനേരമെങ്കിലും
അയാളെല്ലാവരേയുമോർക്കും
ഫ്രീസറിൽ കോഴിയിറച്ചിക്കും
ഐസ്ക്രീം ചെപ്പുകൾക്കുമൊപ്പം
വച്ചിരിക്കുന്ന കൃഷ്ണ-
മണികളും ശരീരഭാഗങ്ങളും
മാത്രം മന:പൂർവ്വം ഒഴിവാക്കും

വൈകീട്ട്‌ ഭക്ഷണം കഴിഞ്ഞ്
കുലുക്കുഴിഞ്ഞ വെള്ളം
ജനൽ വഴി
തുപ്പിക്കളയേണ്ടതിനു പകരം
ഷൂസിലേക്കുപാറ്റിയപ്പോൾ
കുഞ്ഞുഇലകളിൽ തട്ടി
ചെടിയൊന്നു ചാഞ്ഞു
അധികമായ വെള്ളം
അടിഭാഗത്തു കൂടെ
ചോർന്നൊലിച്ചു
ഭക്ഷണത്തിന്റെ
ചെറുതരികൾ
മണ്ണിൽ പാടപോൽ
പറ്റിക്കിടന്നു

അകാലത്തിൽ മരണപ്പെട്ട മകനും
അതിനാൽ ഉപേക്ഷിച്ചു പോയ ഭാര്യക്കും
കട്ടുതിന്നുന്ന പൂച്ചക്കും ശേഷം
മുറി സന്ദർശിക്കുന്ന
നാലാമത്തെ ജീവവസ്തുവായ
പയർ വള്ളിയെ അതോടെ
അലമാരയിൽ നിന്നും
‌എഴുത്ത്‌ മേശയിലേക്ക്‌
മാറ്റി വച്ചു

പയർ ചെടി
സൂര്യപ്രകാശത്തിനു നേരെ
കൈകൾ നീട്ടി വളരുന്നതും
ഭാര്യയതിനെ
അവരുടെ കുഞ്ഞെന്ന് കരുതി
കൊഞ്ചിച്ച്‌ വഴി മാറ്റി വിടുന്നതും
മറ്റും ഓർത്ത്‌ ആശ്വസിക്കുവാൻ
ഇടയ്ക്ക്‌ ശ്രമിച്ചു
പിന്നെ പതിവ്‌ പോലെ
ആകാശത്ത്‌ കൂടിച്ചേരുകയും
പിരിയുകയും ചെയ്യുന്ന
ആകെമൊത്തമുണ്ടായിരുന്ന
112692 മേഘങ്ങളെ
ചില്ല് ജനലിലൂടെ
എണ്ണിത്തുടങ്ങി

സ്വയം ചുളുക്കുകൾ
നിവർത്തും പ്ലാസ്റ്റിക്ക്‌കുപ്പികൾ
മാത്രം രാത്രിമുഴുക്കെ
അയാളോട്‌ മിണ്ടിക്കൊണ്ടിരുന്നു

മുറിഞ്ഞു വീണ മരത്തിന്റെ
ദ്വാരത്തിലൂടെ പതിച്ച
വെളിച്ചത്തിനാൽ
പ്രകാശിച്ച കാടിനെ
സ്വപ്നം കണ്ട്‌ ഉണർന്നപ്പോഴേ
ഷൂസടക്കം ചെടിയുടെ വാടിയ
തണ്ടിനേയും ഇലകളേയും
നെഞ്ചിൽ ചേർത്ത്‌
കിച്ചൂ കിച്ചൂവെന്ന് പരിതപിച്ചു
പല്ലുതേച്ച്‌ അവസാനമൊരു
കുഞ്ഞുകവിൾ
വെള്ളം വഹിച്ച്‌
ഷൂസിൽ തുപ്പി

പുറത്ത്‌ കാറ്റിൽ
ഉണങ്ങിയ ഇലകൾ
പൊഴിച്ച മരത്തിന്റെ
കക്ഷത്തിലൊരു കൂട്ടിൽ
പക്ഷി കൂർത്തകൊക്കിനാൽ
പുഴുക്കളെ പൊളിഞ്ഞ
കുഞ്ഞു വായകളിലേക്കിറക്കി

സാധാരണയൊരു
എട്ട്പത്ത്‌ ദിവസം കൊണ്ട്‌
ഇരയെ ചുറ്റിപ്പറ്റി ‌
അവസാനിപ്പിക്കുന്ന
രീതിയായിരുന്നു
അയാളുടേത്‌

പത്ത്‌ ദിവസത്തിനുശേഷം
മുൻപേ കണ്ടുവച്ചയൊരുവളുടെ
വീട്ടിലേക്കുള്ള കോണിപ്പടികൾ
ചവിട്ടിക്കയറുന്നതിനിടെ
കിച്ചുവിനിന്നൊരു വാട്ടമുണ്ടോ?
അവന്റെ ഇടുപ്പിൽ ഒരുറുമ്പിനെ കണ്ടിരുന്നോ?
ഇറ്റിച്ചവെള്ളം ഒരു തുള്ളി കൂടിപ്പോയോ?
വയറുവേദനയ്ക്ക്‌
ആ കള്ളിപ്പൂച്ചയെങ്ങാൻ
കൂമ്പ്‌ കടിയ്ക്കുമോ?
ജനലടച്ച്‌ കുറ്റിയിട്ടിരുന്നോ?
കാറ്റിൽ തുറന്ന്
മരത്തിലെ പക്ഷി
ഇലകൾ കൂട്ടിത്തുന്നി
കൂടുണ്ടാക്കുമോ?
ഇന്ന് 04:37 നു തന്നെ
വെയിൽ കൃത്യമായി
ഇലകളിൽ പതിക്കുമോ?
കെട്ടിടത്തിനു താഴെ
കൂട്ടിയിട്ടിരിക്കുന്ന
ചിരട്ടകളിൽ മഴവെള്ളം നിറഞ്ഞ്‌
കൊതുകുമുട്ടയിട്ട്‌ വിരിഞ്ഞ്‌
തണ്ടിലെ നീരു
കുടിക്കുവാൻ വരുമോ?
കിച്ചുവിന്റെ കാര്യം കേട്ടറിഞ്ഞ്‌
ഭാര്യ തിരിച്ചു വരുമായിരിക്കുമോ?
പുറത്തെ മരങ്ങൾക്കിടയിലേക്ക്‌
കിച്ചുവിനെ ഇപ്പോൾ വിട്ടാൽ
വല്ല അപകടവും പറ്റുമോ?
രാത്രി ലൈറ്റിട്ട്‌
ഉറങ്ങിയതിനാൽ
വല്ല നിശാശലഭവും
വന്നൊളിച്ചിരിപ്പുണ്ടാവുമോ?

ജാക്കറ്റിലൊളിപ്പിച്ച
സ്പാനറുമായി അയാൾ
കോളിംഗ്‌ ബെല്ലമർത്തി
വാതിൽ തുറന്ന യുവതിയെ
അയാൾക്ക്‌ കാണ്‌വതില്ല
ചോദ്യങ്ങളൊന്നുമേ കേൾപ്പതില്ല
അവർക്ക്‌ പിറകിലായൊരുമൂലയിൽ
ചെറിയമൺച്ചട്ടിയിലൊരുചെടി
ഒരുചെടി

തിരികെ വീട്ടിലെത്തിയുടനേ
നീലയും വെളുപ്പും കലർന്ന
കാൻവാസ്‌ ഷൂസ്‌ ചുവരിലേക്ക്‌
വലിച്ചെറിഞ്ഞു,
എന്നിട്ടും പറ്റിപ്പിടിച്ച
പയർ ചെടിയെ
ഷൂസിലെ മണ്ണിൽ നിന്നും
പറിച്ചെടുത്തു
ഇലകൾ ഞെരിച്ചു
സിരകളുടച്ചു
വേരുകളും തണ്ടും
കടിച്ചു മുറിച്ചു
ചവച്ചരച്ചു നീരു കുടിച്ചു
അയാൾക്ക് കുറുകെ
പച്ച മണം കവിഞ്ഞു

മുറി പരിശോധിക്കുവാൻ
പോലീസ്‌ വാതിലടർത്തി
ഉള്ളിൽ കയറിയപ്പോൾ
വെളുത്ത കിടക്കയിൽ വിരി പോലെ
ഒരു മനുഷ്യന്റെ ഉടലാകൃതിയിൽ
ഇത്തിരിയിൽ ഇത്തിരികളായ
പയർ ചെടികൾ മുളച്ചു നിന്നു

അന്നേരം
പുറത്തെ മരച്ചില്ലയെ
കുലുക്കിക്കൊണ്ട്‌
ഒരു പക്ഷി കൊമ്പിൻ-
ത്തുമ്പിൽ നിന്നും കുതിച്ചുയർന്നു
പിറകെ കുഞ്ഞുങ്ങൾ
ചിറക്‌ കുടഞ്ഞു നിവർന്നു
ആകാശത്തിൽ ഒരു‌ മേഘം
രണ്ട്‌ കുഞ്ഞുങ്ങളായി പിരിഞ്ഞു


*കർക്കടകി – പെൺഞണ്ട്

Comments

comments