ചെറുകഥാ സാഹിത്യത്തിന്റെ നടപ്പുരീതികളിൽ നിന്ന് കുതറി മാറുന്ന കഥകൾ
(പ്രശാന്തൻ കാക്കശ്ശേരിയുടെ കഥകളെ കുറിച്ചുള്ള പഠനം) – ഡോ. രാജേഷ് എം.ആർ.

ചെറുകഥയുടെ നടപ്പുരീതികളിൽ നിന്ന് കുതറിമാറുന്നവയാണ് പ്രശാന്തൻ കാക്കശ്ശേരിയുടെ കഥകൾ. അർത്ഥത്തിന്റെ അനുസ്യൂതമായ നീട്ടിവയ്ക്കലുകളായി പ്രശാന്തന്റെ അശാന്തമായ എഴുത്തുകൾ മാറുന്നു. സാഹിത്യം ഇല്ല. എഴുത്ത് മാത്രമേ ഉള്ളൂ. ഭിന്നചരിത്ര സന്ദർഭങ്ങൾ എഴുത്തിൽ ഇടപെടുമ്പോൾ രൂപപ്പെടുന്ന വ്യവഹാരങ്ങളിലൊന്നാണ് സാഹിത്യം. ഇത്തരത്തിൽ നോക്കുമ്പോൾ ഈ കഥാസമാഹാരം എഴുത്തിന്റെ പുതുവഴികളാണ് തേടുന്നത്. രേഖീയവും അരേഖീയവുമായ ആഖ്യാനങ്ങൾ, കഥപറച്ചിലിലെ ഹനുമാൻ ചാട്ടങ്ങൾ, കല്ലുകടിയേൽക്കുന്നതുമാതിരിയുള്ള പദപ്രയോഗങ്ങൾ, യുക്തികൊണ്ട് മനസ്സിലാക്കാനാവാത്ത പ്രമേയങ്ങൾ എന്നിവയൊക്കെ പ്രശാന്തൻ കാക്കശ്ശേരിയുടെ എഴുത്തിനെ ശ്രദ്ധേയമാക്കുന്നു. അമൂർത്തവും ശിഥിലവും അയഥാർത്ഥവുമായ കഥനതന്ത്രങ്ങളിലൂടെയാണ് പ്രശാന്തൻ സഞ്ചരിക്കുന്നത്. ചിത്രകലയുടെ വിവിധ ഴാനറുകളുടെ സമ്മിശ്രണം കഥകളിൽ കലരുന്നുണ്ടോയെന്ന സംശയം ആഖ്യാന തന്ത്രങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. പ്രശാന്തന്റെ കഥകൾക്ക് മുൻമാതൃകകൾ അന്വേഷിച്ച് മെനക്കെടാതെ മുന്നോട്ടു പോകുന്നതായിരിക്കും വായനക്കാർക്ക് ഉചിതം.

പ്രശാന്തൻ കാക്കശ്ശേരി
പ്രശാന്തൻ കാക്കശ്ശേരി

അവ്യവസ്ഥമായ പ്രമേയങ്ങളും കഥനരീതികളുമാണ് പ്രശാന്തന്റെ ചെറുകഥകളിൽ കാണുന്നത്. പരിഹാസവും രൂക്ഷവിമർശനവും നിലനിൽക്കുന്ന സൗന്ദര്യശീലങ്ങളെ തകിടം മറിക്കുന്ന എഴുത്തു രീതികളാണ്. ”കഥയുടെ ചട്ടക്കൂട് പൊളിച്ചുകളയുകയും സ്ഥിരമായി വേറൊന്ന് നിർമ്മിക്കാതിരിക്കുകയും ചെയ്യുന്ന വേറിട്ട രചനാ രീതിയാണ് പ്രശാന്തൻ കാക്കശ്ശേരിയുടെ കഥകളുടെ പ്രത്യേകത. ഹിംസയുടെ കടലിരമ്പവും നക്ഷത്രത്തിന്റെ തിളക്കവും ഒന്നിച്ചു ചേരുന്ന ‘വിഗ്രഹ രചന’ അതായിട്ടാണ് എനിക്ക് പ്രശാന്തന്റെ കഥകൾ അനുഭവപ്പെടുന്നത്.” എന്ന് സാറജോസഫ് അഭിപ്രായപ്പെടുന്നു. ”പ്രശാന്തന്റെ കഥകൾ, കാലത്തിനോടും ദേശത്തിനോടും ചരിത്രത്തിനോടും നടത്തിയ അവിഹിത വേഴ്ചകകളിൽ നിന്നുണ്ടായ സന്തതികളാണ്. തുരുമ്പിച്ച വാക്കുകൾ കൊണ്ടാണ് പ്രശാന്തൻ കാക്കശ്ശേരി കഥയെഴുതുന്നത്. സൂക്ഷിച്ചു വായിച്ചില്ലെങ്കിൽ കൈ/കണ്ണ് മുറിയും” എന്ന് ഡോ. മൂഞ്ഞിനാട് പത്മകുമാർ രേഖപ്പെടുത്തുന്നുണ്ട്. ഈ അഭിപ്രായങ്ങളെല്ലാം ചൂണ്ടിക്കാട്ടുന്നത് പ്രശാന്തന്റെ കഥകളിൽ കാണുന്ന അവ്യവസ്ഥ, നടപ്പുരീതിയുടെ ധിക്കാരം, കഥയുടെ വേറിട്ട വഴികൾ എന്നിവ തന്നെയാണ്. പ്രശാന്തന്റെ എഴുത്ത് ഇത്തരത്തിൽ നോക്കുമ്പോൾ ധിക്കാരങ്ങളാണ്, അതിക്രമങ്ങളാണ്. അത് സമൂഹത്തിനെ നോക്കി ഇളകി ചിരിക്കുന്നു. പരിഹസിക്കുന്നു.

മലയാള ചെറുകഥയുടെ ചരിത്ര വഴികളിൽ പ്രശാന്തന്റെ രചനകളുടെ നിഴലുകൾ കാണണമെന്നില്ല. പ്രശാന്തൻ എഴുതുന്നത് തന്റെ ആത്മസാക്ഷാത്കാരത്തിനു വേണ്ടിയാണ്. അഭിമുഖം, ആത്മകഥനം, സുഹൃത്തിനോടുള്ള കഥപറച്ചിൽ എന്നിങ്ങനെയുള്ള രീതികളാണ് ഈ കഥകളിൽ കണ്ടുവരുന്നത്. ഏതൊരു എഴുത്തും സാഹിത്യമാകുന്നത് സമകാലിക ചരിത്രത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചായിരിക്കും. ഇവിടെ പ്രശാന്തൻ തന്റെ ചെറുകഥയ്ക്കുള്ളിൽ അർത്ഥം ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന് നാം ഓർക്കേണ്ടതില്ല. വർത്തമാനകാല സാഹചര്യങ്ങൾ പ്രശാന്തന്റെ കഥകളെ ആവശ്യപ്പെടുന്നുണ്ട്. പ്രശാന്തന്റെ കഥകൾക്ക് അർത്ഥം കൊടുക്കുന്നത് പ്രക്ഷുബ്ധമായ ഇന്ത്യൻ സംസ്‌കാരികാവസ്ഥ തന്നെയാണെന്ന് പറയാം. മത – ജാതി ധ്രുവീകരണത്തിന്റയും കോർപ്പറേറ്റ് അധീശത്വാധികാരത്തിന്റെയും സമകാലിക പശ്ചാത്തലത്തിന്റെ അന്തഃസംഘർഷങ്ങൾ ഈ കഥകൾ ഉൾക്കൊള്ളുന്നുണ്ടെന്ന് കാണാം. ഗൃഹാതുരത്തിന്റെയോ കാല്പനികതയുടേയോ സൗന്ദര്യാത്മകമായ ഭാഷയല്ലാ പ്രശാന്തൻ ഉപയോഗിക്കുന്നത്. യുക്തിയുടെയോ രേഖീയതയുടേയോ കഥനമല്ലാ ഇവിടെ കാണുന്നത്. നീതി നിഷേധിക്കപ്പെടുന്ന, അസമത്വ ലോകത്തിൽ അവ്യവസ്ഥമായ, വായനയെ മുറിക്കുന്ന ഭാഷാ (അ)ക്രമമാണ് ഇവിടെ കാണുന്നത്. പ്രശാന്തന്റെ കഥകളെ വായിക്കുവാനുള്ള എളിയ ശ്രമമാണ് ഇവിടെ നടത്തുന്നത്.

ഒന്ന്
സാഹിത്യ എഴുത്തിന്റെ പിന്നാമ്പുറങ്ങളിലേക്കുള്ള ഒരു യാത്രയാണ് ‘ഇന്റർവ്യൂ’ എന്ന കഥ. പ്രാദേശിക എഴുത്തുകാരെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുവാൻ ശ്രമിക്കുന്ന ഒരു സംഘം, എഴുത്തുകാരനായ സത്യവ്രതന്റെ അടുത്തെത്തുന്നതാണ് കഥാപരിസരം. ഒരു സാഹിത്യകാരനുവേണ്ട ഗുണഗണങ്ങളൊന്നുമില്ലാത്ത സത്യവ്രതൻ ‘സീക്രട്‌ സ്റ്റോറീസ്’ എന്ന സ്ഥാപനം നടത്തുകയാണ്. അത് ഒരുസ്വകാര്യ കമ്പനി ഏറ്റെടുക്കുവാനുള്ള തന്ത്രപ്പാടിലാണ്. ഇന്റർവ്യൂ നടത്തുന്നവർ സത്യവ്രതനെ പ്രശസ്തനാക്കുവാനും അവാർഡ് തരപ്പെടുത്തി കൊടുക്കുവാനും ശ്രമിക്കുന്നു. സത്യവ്രതൻ ഇപ്പോൾ പ്രതിസന്ധിയുടെ ഘട്ടത്തിലാണെന്ന് പറയുന്നു. സമകാലിക സാഹിത്യരംഗം പലതരത്തിലുള്ള സാംസ്‌കാരിക ജീർണ്ണതകളാൽ കലുഷിതമാണെന്നാണ് ഈ കഥ ചൂണ്ടിക്കാണിക്കുന്നത്.

‘ഭ്രാന്തൻ കൃഷ്ണൻകുട്ടിയുമായി പ്രശസ്ത ചിന്തകൻ ടിക്‌റ്റോ നടത്തിയ അഭിമുഖത്തിൽ നിന്ന്’ എന്ന കഥ, ഭ്രാന്തമായ ഒരു ജീവിതാവസ്ഥയുടെ ചിത്രീകരമാണ്. കൃഷ്ണൻകുട്ടിയുടെ കുട്ടിക്കാലത്ത് അച്ഛൻ അമ്മയെ മർദ്ദിക്കുന്നത് കണ്ടാണ് അയാൾ വളർന്നത്. ”അച്ഛനെന്നാൽ ശത്രുവോ മിത്രമോ അല്ല, അതിനിടയിലുള്ള ഏതോ ഒരു നൂൽപ്പാലമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു”. അച്ഛന്റെയും സുബൈദയുടേയും മരണമാണ് കൃഷ്ണൻകുട്ടിയുടെ ജീവിതത്തിന്റെ മാനസികനില താളം തെറ്റാനിടയാക്കിയത്. സുബൈദയെ പന്നികൾ തിന്നിട്ടുണ്ടാകുമെന്ന് വിശ്വസിച്ച് പന്നികളുടെ വയർ കീറിയപ്പോൾ അതിൽ കാണുന്നില്ല. അപ്പോൾ കുഞ്ഞ് അമ്മയെ വിഴുങ്ങിയിട്ടുണ്ടാവുമെന്ന് ചിലർ വാദിച്ചു. ”അവർ കുഞ്ഞിന്റെ വയർ കീറിമുറിച്ച് നോക്കുമ്പോൾ സുബൈദ ഉടലോടെ പുറത്തേക്കു ചാടി” ഭ്രാന്തമായ ഒരാവിഷ്‌കാരമാണ് ഇവിടെ കാണുന്നത്. കൃഷ്ണൻ കുട്ടിയുടെ മാനസികമായ പ്രശ്‌നങ്ങളെ മാജിക്കൽ റിയലിസത്തിന്റെ ആഖ്യാനരീതി ഉപയോഗിച്ച് പ്രശാന്തൻ കാക്കശ്ശേരി അവതരിപ്പിക്കുന്നു. ഈ രണ്ടു കഥകളിലും അഭിമുഖമാണ് നാം കാണുന്നത്. മുതലാളിത്തത്തിന്റെ, മാധ്യമ സംസ്‌കാരത്തിന്റെ കടന്നുവരവ് വ്യക്തിയുടെ സ്വകാര്യതകളെ അപ്രസക്തമാക്കുകയും ശിഥിലീകരിക്കുകയും ചെയ്യുന്നതായിട്ടാണ് ഈ കഥകൾ പറയുന്നത്.

‘കുള്ളന്റെ ആത്മകഥയിലെ എഴുതപ്പെടാത്ത ഭാഗങ്ങൾ’ എന്ന കഥ അച്ഛനെ കൊന്ന പൊട്ടന്റെ സഹോദരന്റെ ആത്മകഥനമാണ്. പൊട്ടൻ, കുള്ളൻ, കുരുടൻ എന്നീ മൂവരുടെ അച്ഛനെ പൊട്ടൻചേട്ടൻ ഒരു കാരണവുമില്ലാതെ കൊന്നുവെന്നാണ് കഥ പറയുന്നത്. ഞങ്ങൾക്ക് മൂന്നുപേർക്കും അച്ഛനോട് യാതൊരുതരത്തിലുള്ള വൈരാഗ്യവും ഉണ്ടായിരുന്നില്ല. പൊട്ടൻ ചേട്ടൻ വെറുതെ ഒരു നേരംപോക്കിനുവേണ്ടി മാത്രമാണ് അച്ഛനെ കൊന്നുകളഞ്ഞിരിക്കുന്നതെന്നാണ് കുള്ളൻ പറയുന്നത്. അച്ഛനെ കൊന്ന ദിനത്തിൽ കുള്ളനായ ഞാൻ റേഡിയോ പ്രവർത്തിപ്പിച്ചു. റേഡിയോയിലൂടെ ലോകത്ത് നിരന്തരം ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പലസ്തീൻ, ഇസ്രായേൽ, ഇറാക്ക് എന്നീ രാജ്യങ്ങളുടെ വാർത്തകളാണ് കുള്ളൻ കേട്ടത്. ഭിന്നശേഷിക്കാരായ ഇവർ സമൂഹത്തിൽ നിരന്തരം പരിഹാസങ്ങൾക്ക് വിധേയരാകുന്നവരാണ്. മാധ്യമ ലോകം പീഢിതരുടെ വാർത്തകൾ വിൽക്കുന്നവരാണ്. യുക്തികളുടെ ലോകത്ത് നിന്ന് തെറിച്ചു നിൽക്കുന്നവരാണ് ഈ മൂന്നുപേരും അതിനാലായിരിക്കാം തങ്ങളെ ഏറ്റവുമധികം സ്‌നേഹിക്കുന്ന ഒരാളെ ഒരു കാരണവുമില്ലാതെ കൊന്നത്. അംഗവൈകല്യം സമൂഹത്തിൽ ഭ്രാന്തമായ ഒരു അവസ്ഥയാണുണ്ടാക്കുന്നതെന്നും യുക്തിക്കപ്പുറത്താണ് അതിന്റെ നിലയെന്നും ഈ കഥയെ മുൻനിർത്തി പറയാവുന്നതാണ്.

ആത്മഹത്യയുടെ വിവിധ വഴികൾ തേടിയുള്ള ഒരു യാത്രയാണ് ‘ഭീകരത-ഒരു പുനർവായന’ എന്ന കഥ. കയർ കഴുത്തിൽ കെട്ടി അത്മഹത്യ ചെയ്യുക, തീവണ്ടിക്കുമുമ്പിൽ നിന്ന് മരിക്കുക, ഒരു ചാവേറായി ട്രെയിനിൽ കയറി ആത്മഹത്യ ചെയ്യുക ഇങ്ങിനെയൊക്കെ ഭീകരമായി മരിക്കാൻ ആലോചിക്കുന്ന മാഷ് അതിവിചിത്രമായ ഒരാളാണ്. മരണാനന്തരം തന്നെ കുറിച്ച് ജനങ്ങൾ ചിന്തിക്കണം, സംസാരിക്കണം എന്ന് വിചാരിക്കുന്ന ഒരു അവസ്ഥതന്നെ എത്ര ഭീകരമാണ്.

‘ഭീകരത-ഒരു പുനർവായന’ എന്ന കഥ ആത്മഹത്യയേയും ഭീകരതയേയും തമ്മിൽ ചേർത്ത് വിശദീകരിക്കുവാനുള്ള ശ്രമമാണ.് മരണത്തിന്റെ വ്യത്യസ്തയിലൂടെ ശ്രദ്ധ നേടാനായി ഒരാൾ നടത്തുന്ന പരിശ്രമത്തെ എങ്ങനെയാണ് കാണേണ്ടത്, നല്ലവനായി, കുടുംബനാഥനായി, പരിസ്ഥിതിവാദിയായി ജീവിക്കുന്നവർ സമൂഹത്തിന് ആവശ്യമുണ്ടോയെന്ന ചിന്ത ഈ കഥ ഉയർത്തുന്നുണ്ട്. ഭീകരവാദത്തിന്റെ രാഷ്ട്രീയം മതചിന്തകൾ മാത്രമല്ലായെന്ന വാദം ഈ കഥ ഉയർത്തുന്നു.

‘ചവിട്ടുകാളയെക്കുറിച്ച് ഒരു പ്രബന്ധം’ എന്ന കഥ നിലനിൽക്കുന്ന എല്ലാ വ്യവസ്ഥകളേയും പരിഹാസത്തിന് വിധേയമാക്കുന്നു. കണ്ടാറുവിന്റെ ചവിട്ടുകാളയെ കുറിച്ച് ഫെമിനിസ്റ്റ്, സ്വാതന്ത്ര്യസമര സേനാനി, സരസ്വതി ടീച്ചർ ഇങ്ങനെ പലരും പറയുന്നത് വ്യത്യസ്ത കാര്യങ്ങളാണ്. ”ആദിയിൽ ദൈവം ചവിട്ടുകാളയെ സൃഷ്ടിച്ചു. സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ ചവിട്ടുകാളകൾ മൂക്കുകയർ പൊട്ടിച്ച് വികസ്വര രാഷ്ട്രത്തിലേക്ക് പാഞ്ഞുവന്നു. രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിൽ ചവിട്ടുകാളകളുടെ സന്തതികൾ നൊന്തുപെറ്റു. കൃഷ്ണൻ ഗോപസ്ത്രീകളുടെ ചവിട്ടുകാളയായിരുന്നു” പല കാലങ്ങളിലൂടെ ദേശങ്ങളിലൂടെയുള്ള ഒരു ചാട്ടമാണ് ഈ കഥയിലൂടെ കഥാകൃത്ത് നടത്തിയിരിക്കുന്നത്. ലൈഗികതയുടെ ബിംബമെന്ന രീതിയിൽ വളരുകയാണ് ‘ചവിട്ടുകാള’ കഥയുടെ അവസാനത്തിൽ.

‘ഇവൾ മാക്‌സിം ഗോർക്കിയുടെ അമ്മയല്ല’ എന്ന കഥ അപ്പുണ്ണി എന്ന സാധാരണക്കാരന്റെ ആസാധാരണ മരണത്തെ തുടർന്ന് ജീവിതത്തിന്റെ ഫ്‌ളാഷ്ബാക്ക് ആവിഷ്‌കാരമാണ് കാണുന്നത്. ജീവചരിത്ര കഥകൾ അസാധാരണമായ ജിവിതം നയിക്കുന്ന, അധികാര ഭരണകേന്ദ്രങ്ങൾ കയ്യാളുന്നവരുടെ മാത്രമല്ലായെന്ന ചിന്തയാണ് ഇവിടെ കാണുന്നത്.മുതലാളി/തൊഴിലാളി എന്ന ദ്വന്ദ്വത്തെ പ്രശ്‌നവത്കരിക്കുന്ന കഥയാണ് ‘ശ്വേതരക്താണു’. ”ഞാൻ നിന്റെ മുതലാളിയുടെ രക്തത്തിൽ കിടന്നുകൊണ്ടുതന്നെ എന്റെ തൊഴിലാളിക്കുവേണ്ടി വാദിച്ചുകൊണ്ടിരിക്കും. ലാൽ സലാം” കഥയുടെ കേന്ദ്രത്തിലേക്കു സഞ്ചരിക്കുന്ന ഒന്നായി ഈ വാചകം മാറുന്നുണ്ടെന്നു തോന്നുന്നു.

മാനസിക വിഭ്രാന്തിയെക്കുറിച്ചുള്ള അതിമനോഹരമായ ഒരു കുടുംബകഥയാണ് ‘ഒറിജിൻ ഓഫ് സ്പീഷീസ്.’ അസാധാരണ പ്രതിഭാസമായ അശോകന്റെ ജീവിതത്തെയാണ് കഥാകൃത്ത് അവതരിപ്പിക്കുന്നത് . അശോകന്റെ ഭാര്യയായ ‘സാഹിറ’ ഡോക്ടറുടെ അടുത്ത് പ്രശ്‌നങ്ങൾ പറഞ്ഞു തുടങ്ങുന്നിടത്താണ് കഥാരംഭം. അശോകന്റെ മാനസിക നില ക്രമം തെറ്റിയതായി മനസ്സിലാക്കിപ്പിക്കുന്ന കഥ പിന്നീട് സാഹിറയുടെ മാസിക പ്രശ്‌നങ്ങളിലേക്കും സഞ്ചരിക്കുന്നു.

ആഖ്യാനത്തിലെ സവിശേഷതയാണ് ‘ഭാനുമതി ഡോട് കോം’ എന്ന കഥയെ ശ്രദ്ധേയമാക്കുന്നത്. പണക്കാരനും പാവപ്പെട്ടവും കുറേകാലമായി അയൽക്കാരായി ജീവിക്കുന്നത് ലോകത്തെ സർവ്വസാധാരണമായ പ്രതിഭാസമാണ്. ഈ പുതുമയല്ലാത്ത വിഷയമാണ് കഥയിൽ കടന്നുവരുന്നത്. ഗോപാലന്റെ ഭാര്യ ഭാനുമതിയുടെ കഥപറയുന്നതാണ് എന്റെ പണിയെന്ന് കഥാകാരൻ വെളിപ്പെടുത്തുന്നുണ്ട്. അതികഥയുടെ ഒരു രൂപമാണ് ഇവിടെ കഥാകൃത്ത് സ്വീകരിച്ചിരിക്കുന്നത്. ഒരു കൃതി സ്വയം അതിന്റെ അസ്തിത്വം തുറന്നു കാണിക്കുന്നതാണ് അതികഥ. കഥക്കുള്ളിലെ കഥ പറച്ചിലാണിവിടെ നടക്കുന്നത്. കഥയുടെ സൃഷ്ടിരഹസ്യങ്ങൾ വെളിപ്പെടുത്തുന്നതിലൂടെ കഥയുടെ ദൈവിക പദവി തകർക്കുക എന്നതും ഇത്തരം കഥാഖ്യാനത്തിന്റെ ലക്ഷ്യങ്ങളാണ്. വർഗ്ഗവൈരുദ്ധ്യത്തിന്റെ പ്രശ്‌നങ്ങളെ പുതിയ കാലത്ത് ആവിഷ്‌കരിക്കലാണ് ‘ഭാനുമതി ഡോട് കോം’ ചെയ്യുന്നത്. ബഹുരാഷ്ട്ര മുതലാളിത്തത്തിന്റെ തന്ത്രങ്ങളെയാണ് ഇവിടെ കാണുന്നത്. പ്രശാന്തൻ കാക്കശ്ശേരിയുടെ മറ്റു കഥകളിൽ കാണുന്നതുപോലെയുള്ള ചിതറിയതും വിഭ്രാത്മകവുമായ ചിന്തകളാണ് ഈ കഥയിലും കാണുന്നത്. മുതലാളിത്തത്തിനെതിരെയുള്ള പുതു വിപ്ലവ ചിന്തകൾക്കാണ് ഗോപാലേട്ടനും തുടർന്ന് ഭാനുമതിയും ആലോചിക്കുന്നത്.

രണ്ട്

ജനിക്കാൻ പോകുന്ന ഒരു കുട്ടിയിലൂടെ തന്റെ അമ്മയുടെയും സമകാലിക ലോകത്തെയും വിവരിക്കുവാനാണ് ‘സ്‌ത്രൈണം വിതക്കുന്ന പാടം’ എന്ന ചെറുകഥ ശ്രമിക്കുന്നത്. ഗർഭപാത്രത്തിൽ വെച്ച് കഥ പറഞ്ഞു തുടങ്ങുന്ന ഈ ജീവൻ തന്റെ ജീവിതത്തിന്റെ മുൻകാല സാധ്യതകൾ ഇല്ലാതായതിനെയും ഇവിടെ ചൂണ്ടിക്കാട്ടുന്നു. ആത്മകഥയുടെയും ഓർമ്മകുറിപ്പുകളുടേയും അനുഭവാഖ്യാനമാണ് ഇവിടെ പിന്തുടരുന്നത്. ക്രിസ്തുവിനു മുമ്പ്, ജാലിയൻവാലാഭാഗ് കൂട്ടക്കൊല, ബാബറിമസ്ജിദ് എന്നിങ്ങനെയുള്ള കാലഘട്ടങ്ങൾ ഇവിടെ പരാമർശിക്കപ്പെടുന്നുണ്ട്. ”ബാബറി മസ്ജിദിന് മുമ്പും പിമ്പുമുള്ള കാലയളവിൽ ഞാൻ ജനിക്കാൻ പോകുന്നതിൽ ഖേദിക്കുന്നു. ചരിത്രത്തിന്റെ സുവർണ്ണ കാലഘട്ടങ്ങളിൽ ജനിച്ച് സുവർണ്ണ കാലഘട്ടങ്ങളുടെ കഥപറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ ജനിച്ചതിനു ശേഷം സുർണ്ണ കാലഘട്ടം ഉണ്ടാക്കുകയാണ് വേണ്ടതെന്ന് എനിക്ക് നല്ലതുപോലെ അറിയാം”

സമൂഹത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ ജീവിക്കുന്ന, ചൂഷണം അനുഭവിക്കുന്ന ഒരു തലമുറയുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്ന ഒരു കാലത്തോടാണ് ‘സ്‌ത്രൈണം വിതയ്ക്കുന്ന പാടം’ സംവദിക്കുന്നത്.

രതിയിലേർപ്പെടുന്ന സന്ദർഭത്തിൽ പോക്കാച്ചി തവളകളുടെ ശബ്ദം കേട്ട് അത് മുദ്രാവാക്യം വിളിക്കുകയണെന്ന് പറയുന്ന സുന്ദരന്റെ ഭാര്യ ‘തവള ജന്മ’ത്തിലെ അസാധരണ കഥാപാത്രമാണ്. ഭാര്യയും ഭർത്താവും തമ്മിലുള്ള അസാധാരണമായ ഒരു ബന്ധമാണ് ഈ കഥ കാണിച്ചുതരുന്നത്.

”തവളകൾ മുദ്രാവാക്യങ്ങൾ വിളിച്ച് എന്തൊക്കെയാണെന്നോ പറയുന്നത്. ഞങ്ങളെ ഇനിയും പൊട്ടക്കിണറ്റിലേക്ക് തള്ളിയിട്ട് പൊട്ടക്കിണറ്റിലെ ചെറിയ ആകാശം മാത്രം കാണിച്ച് നിങ്ങൾ സംതൃപ്തിപ്പെട്ട് ജീവിച്ച് മരിക്കേണ്ട എന്ന്”. തവളകളുടെ ജീവിതം ദുഃസ്സഹമാക്കിയ സാഹചര്യങ്ങളോടുള്ള പ്രതിഷേധമാണ് ഇവിടെ കാണുന്നത്. അവരുടെ ശബ്ദങ്ങൾ മുദ്രാവാക്യങ്ങളായി തിരിച്ചറിയുന്നത്, പീഢിതാനുഭവങ്ങളോട് വേണ്ട പോലെ ഇടപെടുന്നവർ മാത്രമാണ്. ഉഴുതു മറിച്ച മണ്ണിന്റെ ആഴത്തട്ടിൽ നിന്നും മലമുകളിൽ നിന്നും വരുന്ന ഈ ശബ്ദങ്ങൾ കീഴാള ജീവിതങ്ങളെ സൂചിപ്പിക്കുന്നുണ്ട്. മൂലസമൂഹത്തെ പരിഗണിക്കാത്ത വികസന സങ്കൽപ്പങ്ങളോടുള്ള വിമർശനം കൂടിയാകാം തവളകളുടെ ഈ മുദ്രാവാക്യം വിളികളിലൂടെ അർത്ഥമാക്കപ്പെടുന്നത്. അടിസ്ഥാന ജനതക്ക് യാതൊരു വളർച്ചയുമില്ലാതെ, അവരെ കൂടുതൽ കൂടുതൽ ദാരിദ്ര്യത്തിലേക്ക് തള്ളിനീക്കുന്ന ഭരണകൂട പ്രവർത്തനങ്ങളോടുള്ള പ്രതിഷേധമായിരിക്കാം തവളകളുടെ ഈ മുദ്രാവാക്യങ്ങൾ.

‘വാട്‌സ്ആപ്പും ഫെയ്‌സ് ബുക്കും ഇല്ലാത്ത നളിനി’ എന്ന ചെറുകഥ നളിനി എന്ന കുടുംബിനിയുടെ ജിവിതത്തിലേക്ക് ഒരു മൊബൈൽ ഫോൺ വഴി ‘ജാരൻ’ കടന്നുവരുന്നതുമായി ബന്ധപ്പെട്ടാണ്. ”ജാരൻ എന്ന വാക്ക് നോക്കിലോ വാക്കിലോ ചിന്തയിലോ വരാത്ത പാവം ഒരു ഗ്രാമീണ യുവതിയായിരുന്നു നളിനി” എന്നാണ് കഥാകൃത്ത് നളിനിയെ വിശേഷിപ്പിക്കുന്നത്. നളിനിക്ക് ദിവാകരനോടുള്ള കടുത്ത പ്രണയത്തെ ഇതിൽ വിവരിക്കുന്നുണ്ട്. നളിനിയുടെ ഭരണശാസനകളിലൂടെ അവളുടെ വ്യക്തിത്വത്തിലെ അസാധരണമായ സവിശേഷതകളെ ഇവിടെ വ്യക്തമാക്കുന്നുണ്ട്. ദിവകാരന് വഴിയിൽ നിന്നുകിട്ടിയ മൊബൈൽ ഫോണാണ് കഥാഗതിയെ മാറ്റിമറിക്കുന്നത്. മൊബൈൽ ഫോണാണ് കഥയിൽ വില്ലനാകുന്നത്. ഗ്രാമീണമായ സൗന്ദര്യത്തെ, ജീവിതത്തെ തകർത്തുകൊണ്ട് മൊബൈൽഫോണിലൂടെ ജാരൻ കടന്നുവരുന്നു. ആധുനിക പൂർവ്വ ലോകത്തിന്റെ സ്വഭാവങ്ങൾ കാണുന്ന ഈ ഗ്രാമത്തിന്റെ വിശുദ്ധിയെ, കുടുംബ ബന്ധത്തിന്റെ ഇഴയടുപ്പങ്ങളെ ഇല്ലാതാക്കുവാനാണ് മൊബൈൽഫോൺ ശ്രമിക്കുന്നത്. ജാരൻ നിരന്തരം പറയുന്നത് ദിവാകരൻ ഒരു പോങ്ങനാണെന്നാണ്. ആധുനികാനന്തര വിവരസാങ്കേതിക വിദ്യയുടെ ലോകം നിലവിലെ സമൂഹത്തിലെ ബന്ധത്തെ ചിതറിക്കുകയും ശകലിതമാക്കുകയും ചെയ്യുന്നു. അത് പുതിയ ലോകം വാഗ്ദാനം ചെയ്യാമെന്ന മോഹം നൽകികൊണ്ട് നിരന്തരം പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ഇത്തരമൊരു പ്രലോഭനത്തിനും വഴങ്ങാതെയിരിക്കുന്ന ദേശസംസ്‌കാരങ്ങളും കാണാമെന്ന പ്രതീക്ഷ കഥ മുന്നോട്ടുവെയ്ക്കുന്നുണ്ട്.

എഴുത്തും വായനയും തമ്മിലുള്ള ബന്ധത്തിന്റെ ഒരന്വേഷണമാണ് ‘വായനക്കാരന്റെ ജാതി’ എന്ന കഥ. ബുദ്ധിമാനായ എഴുത്തുകാരൻ/വിഡ്ഢി എന്നീ ദ്വന്ദങ്ങൾക്കുള്ളിലാണ് ഈ കഥ നടക്കുന്നത്. ബുദ്ധിമാനായ എഴുത്തുകാരൻ വിഡ്ഢി ഒരു താഴ്ന്ന ജാതിയിൽപ്പെട്ട ഒരാളാണെന്ന് വിചാരിക്കുന്നു. താഴ്ന്ന ജാതിയിൽപ്പെട്ടതാണെന്നറിഞ്ഞിട്ടും കളിയാക്കി കൊണ്ടുള്ള സംസാരം തുടരുന്നു. എഴുത്തുകാരന് സമൂഹത്തിൽ ഉന്നതമായ പദവിയുണ്ടെന്ന (സവർണ്ണ എഴുത്തുകാരൻ) ചിന്തയാണ് ഇവിടെ പ്രവർത്തിക്കുന്നത്. എഴുത്തുകാരനെ എഴുത്തുകാരനാക്കുന്ന വായനക്കാരനെ ഇവിടെ പരിഗണിക്കുന്നില്ല. എഴുത്തും വായനയും തമ്മിലുള്ള സംവാദാത്മക ബന്ധമാണ് കഥ പ്രശ്‌നവൽക്കരിക്കുന്നതെന്ന് പറയാം. വായനക്കാരെ കീഴാളരായി കാണുന്ന എഴുത്തധികാരത്തിന്റെ ബലതന്ത്രങ്ങളെയാണ് ‘വായനക്കാരന്റെ ജാതി’ പരിഹസിക്കുന്നത്. എഴുത്തുകാരനെക്കാൾ വായനക്കാരൻ വലുതാകുന്ന ഒരു ലോകത്തെയാണ് ഈ കഥ സ്വപ്നംകാണുന്നതെന്ന് വേണമെങ്കിൽ പറയാം. ബുദ്ധിമാനായ എഴുത്തുകാരൻ കഴുതപ്പുറത്ത് സഞ്ചരിക്കുമ്പോൾ വായനക്കാരൻ ഇതെല്ലാം നോക്കി കാലത്തിനപ്പുറത്തേക്ക് സഞ്ചരിക്കുകയായിരുന്നു. വായനക്കാരന്റെ വായനയാണ് എഴുത്തിനെ സാഹിത്യമാക്കുന്നതെന്ന ‘തിരിച്ചിടൽ’ ഇവിടെ കാണാം വായനയിലൂടെയാണ് എഴുത്തുകാരൻ ജനിക്കുന്നത്. വായനക്കാരൻ ചെറുതല്ലായെന്ന് ബുദ്ധിമാനായ എഴുത്തുകാരൻ തിരിച്ചറിയുന്നു. എഴുത്ത് സാഹിത്യമാകുന്നത് വായനക്കാരനിലൂടെയാണെന്ന തത്വമാണ് ഈ കഥ സൂക്ഷ്മാർത്ഥത്തിൽ സൂചിപ്പിക്കുന്നതെന്ന് വാദിക്കാവുന്നതാണ്.

സ്വവർഗ്ഗ രതിയുടെ ആഖ്യാനങ്ങൾ മലയാള ചെറുകഥകളിൽ ഇന്ന് ധാരാളമായി കടന്നുവരുന്നുണ്ട്. ‘അപ്പനും ഗെയ് ഞാനും ഗെയ്’ എന്ന കഥ സ്വവർഗികളായ അപ്പന്റെയും മകന്റെയും ജീവിതമാണ് ആവിഷ്‌കരിക്കുന്നത്. ”അമ്മച്ചിയുടെ സൗന്ദര്യം കാണിച്ചു കൊടുത്തുപോലും അപ്പൻ പല തരത്തിലുള്ള പുരുഷ ഇരകളെ വേട്ടയാടിയിട്ടുണ്ടെന്ന്” മകൻ സംശയിക്കുന്നുണ്ട്. വിമോചന സമരം, മിച്ചഭൂമി സമരം എന്നീ കേരള ചരിത്ര സന്ദർഭങ്ങളിലൂടെ അപ്പന്റെ സ്വവർഗ്ഗരതിയെ മകൻ ഓർത്തെടുക്കുന്നുണ്ട്. ഇത്തരം സമരങ്ങളെ മകൻ തന്റെ അപ്പന്റെ ജീവിതാനുഭവങ്ങളുമായി ബന്ധപ്പെടുത്തികൂടിയാണ് ഇവിടെ മനസ്സിലാക്കുന്നത് ”ഹിറ്റ്‌ലറേയും മുസോളിനിയേയും ഒരു രാത്രി അപ്പന്റെ കൈയ്യിൽ കിട്ടുമായിരുന്നെങ്കിൽ ചരിത്രത്തിന്റെ ഗതി തന്നെ മാറ്റിമറിക്കാൻ കഴിയുമായിരുന്നെന്നാണ് അപ്പൻ വാദിക്കുന്നത്. അത് ശരിയോ തെറ്റോ എന്നെനിക്കിപ്പോൾ വ്യാഖ്യാനിക്കാൻ കഴിയില്ല.” മകന്റെ ഈ ചിന്തയിൽ അടങ്ങിയിരിക്കുന്നത് അപ്പന്റെ സ്വവർഗ സൗന്ദര്യശാസ്ത്രത്തിന്റെ കഴിവിനെയാണ്, ആരെയും തന്നിലേക്ക് വശീകരിക്കുവാൻ കഴിയുന്ന തന്ത്രത്തെയാണ്. ഗെയ്കൾക്ക് മറ്റൊരു പ്രാപഞ്ചിക സൗന്ദര്യബോധമാണുള്ളതെന്ന അപ്പന്റെ നിലപാടുകൾ ആധുനികതയുടെ കുടുംബ, രാഷ്ട്ര സദാചാര നിയമങ്ങൾക്ക് എതിരെയാണ്.

ഇന്ത്യയിൽ തൊഴിലില്ലായ്മയും ദാരിദ്യവും കൂടികൊണ്ടിരിക്കുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ ഴാങ് ദ്രസ് നൊബേൽ ജേതാവ് അമർത്യസെന്നിനൊപ്പം ഇന്ത്യയുടെ വിശപ്പ്, ദാരിദ്ര നിർമ്മാർജനം, സാമ്പത്തിക അവസരങ്ങൾ, ഇന്ത്യയുടെ ഭാവി എന്നിവയെ കുറിച്ച് അഞ്ച് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഇന്ത്യയിൽ നടപ്പിലാക്കിയ സാമൂഹിക സാമ്പത്തിക അവകാശ പദ്ധതികളിലെ ഭക്ഷ്യസുരക്ഷ, തൊഴിൽ അവകാശം എന്നിവയിലെ പാളിച്ചകളാണ് യാചകന്മാരുടെ ഒരു സമൂഹത്തെ വളർത്തുന്നതിന് പ്രധാന കാരണമായിട്ടുള്ളത്. മുടന്തനായ ഒരു യാചകനും യാചകരെ കുറിച്ച് ഗവേഷണം നടത്തിയ ഒരാളും തമ്മിലുള്ള സംഭാഷണമാണ് ‘യാചകന്റെ സുവിശേഷം’ എന്ന കഥ. കഥയിൽ പ്രത്യക്ഷപ്പെടുന്ന അമേരിക്കൻ യാചകൻ, അയാളുടെ പൃഷ്ടം താങ്ങി നിൽക്കുന്ന ഇന്ത്യയിലെ കോർപ്പറേറ്റ് പിച്ചക്കാർ, നാണയത്തിന്റെ ഇരുപുറങ്ങളിലായി കാണുന്ന മാർക്‌സ്, ഗാന്ധി എന്നിവയൊക്കെ നിരവധി അർത്ഥസൂചനകൾ ഉൾക്കൊള്ളുന്നു. യാചകനിലൂടെ ഇന്ത്യൻ സാമ്പത്തിക രാഷ്ട്രീയത്തിലെ അസമത്വങ്ങളെയാണ് പ്രശാന്തൻ കാക്കശ്ശേരി വിമർശനവിധേയമാക്കുന്നത്.

ജാതിപരമായും തൊഴിൽപരമായും കീഴാളത്തം അനുഭവിക്കുന്ന ജനതയുടെ പക്ഷത്തുനിന്നുകൊണ്ട് വായിക്കാവുന്ന ഒരു കഥയാണ് ‘ഹെൽപ്പർ’ ഏതോ നഗരത്തിന്റെ അമ്പത് നിലയുള്ള കെട്ടിടം പണതുകൊണ്ടിരിക്കുന്ന തൊഴിലാളികളിൽ ഹെൽപ്പറായി ജോലി ചെയ്യുന്ന ഒരുവന്റെ കഥയാണിത്. ഹെൽപ്പർക്ക് സ്വന്തമായ ചിന്തയോ ആനന്ദമോ പാടില്ലെന്ന് വിധിക്കുന്ന ഒരു സമൂഹമാണ് അയാൾക്ക് ചുറ്റും. അയാളുടെ സ്വപ്നങ്ങൾക്ക് പോലും അവിടെ യാതൊരു സ്ഥാനവുമില്ല. സ്വപ്നങ്ങൾ പോലും റദ്ദ് ചെയ്യുന്ന ജാതി – കോർപ്പറേറ്റ് അധികാരങ്ങളാണ് ഇന്ന് ഭരിക്കുന്നത്. ശവങ്ങൾ കൂനകളായി കിടക്കുന്ന നഗരം, ആശാന്റെ കവിത, റാഷമോൺ, അബ്ദുൾ മാധവൻ എന്നിവയൊക്കെ കഥയിൽ സൂഷ്മമായ ബിംബങ്ങളായി പ്രവർത്തിക്കുന്നു.

”നെല്ലിൻ ചുവട്ടിൽ മുളക്കും
കാട്ടുപുല്ലല്ല സാധു പുലയൻ”
എന്ന കവിതാ ഭാഗം ഹെൽപ്പറുടെ അധഃസ്ഥിതമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. മുതലാളിത്തത്തിന് കെട്ടിടങ്ങൾ കെട്ടിപ്പൊക്കുവാൻ മതേതരത്വമൊന്നും ആവശ്യമില്ലെന്നും പണിയെടുക്കുന്ന ചിന്തിക്കാത്ത സ്വപ്നം കാണാത്ത തൊഴിലാളികളെയാണ് വേണ്ടതെന്നും കഥ സൂചിപ്പിക്കുന്നു. എൻജിനീയർ ഹെൽപ്പറോട് പറയുന്ന വാചകം നോക്കുക. ”നീ ഒരു ഹെൽപ്പറായിട്ടാണ് ജനിച്ചിരിക്കുന്നത്. ഹെൽപ്പർക്ക് ഒരിക്കലും മെയിൻ പണിക്കാരനാകാൻ കഴിയില്ല. ഹെൽപ്പർ എന്നും ഹെൽപ്പർ മാത്രമാണ്.”

പ്രശാന്തൻ കാക്കശ്ശേരിയുടെ ചെറുകഥകൾ ഇത്തരത്തിൽ സമൂഹത്തിലെ വളരെ വ്യത്യസ്തരായവരുടെ ജീവിതാവസ്ഥകളെയാണ് ആവിഷ്‌കരിക്കുന്നത്. സാഹിത്യകാരന്റെ ഗുണഗണങ്ങളില്ലാത്ത സത്യവ്രതൻ (ഇന്റർവ്യൂ), ഭ്രാന്തമായ ജീവിതാവസ്ഥകളിലടെ കടന്നുപോകുന്ന കൃഷ്ണൻകുട്ടി, അശോകൻ, സാഹിറ എന്നിവർ കുടുംബഘടനയെ തകർക്കുന്ന ലൈഗികതയുടെ ബിംബമായ കണ്ടാറുവിന്റെ ചവിട്ടുകാള എന്നിവയൊക്കെ മലയാള ചെറുകഥാ സാഹിത്യത്തിലെ അസാധാരണ മനുഷ്യരാണ്. ഒരു കാരണവുമില്ലാതെ മത ഭരണകൂട അധികാരശക്തികൾ ലോകത്ത് മനുഷ്യരെ കൊന്നുകൊണ്ടിരിക്കുകയാണെന്ന് വിമർശിക്കുന്ന കഥയാണ് കുള്ളന്റെ ആത്മകഥയിലെ എഴുതപ്പെടാത്ത ഭാഗങ്ങൾ. ലോകം അതിഭീകരമായ അസമത്വങ്ങളിലേക്കും ദാരിദ്ര്യത്തിലേക്കും കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണെന്ന് വിമർശിക്കുകയാണ് സ്‌ത്രൈണം വിതയ്ക്കുന്നപാടം. അടിസ്ഥാന ജനതയുടെ നിലവിളിയെ സൂക്ഷ്മമായി കേൾക്കുന്ന തവളജന്മം ഡിജിറ്റൽ ടെക്‌നോളജിയെ പ്രതിരോധിക്കുന്ന പ്രാദേശികതകൾ, വായനക്കാരന്റെ ജനാധിപത്യത്തിനും വിമർശനത്തിനും വഴിതെളിയിക്കുന്ന ഒരു ഭാവികാലം സ്വപ്നം കാണുന്ന വായനക്കാരന്റെ ജാതിയും വളരെ സൂക്ഷ്മമായ രാഷ്ട്രീയം മുന്നോട്ടു വെയ്ക്കുന്നു. ആധുനിക ദേശ-രാഷ്ട്ര-കുടുംബ-ലൈംഗിക-ജീവിതത്തിന്റെ യുക്തികളെ പരിശോധിക്കുന്ന, കോർപ്പറേറ്റ് ഭരണകൂടത്തെ ചോദ്യം ചെയ്യുന്ന, അധഃസ്ഥിതന്റെ സ്വപ്നത്തെ റദ്ദ് ചെയ്യുന്ന സാമൂഹ്യ സാഹചര്യങ്ങളിലൂടെയാണ് പ്രശാന്തൻ കാക്കശ്ശേരിയുടെ കഥകൾ സഞ്ചരിക്കുന്നത്.

ഡോ. രാജേഷ് എം.ആർ.
അസി. പ്രൊഫസർ,
ശ്രീ കേരളവർമ്മ കോളേജ്, തൃശ്ശൂർ

Comments

comments