വിചിത്രദൈവങ്ങളുടെ നാട്ടിലേയ്ക്ക്
 ഞാൻ ഒരു തീർത്ഥയാത്ര നടത്തി
 കുന്നുകളുടെ മുകളിൽ പണിഞ്ഞ
 അവരുടെ അമ്പലങ്ങളൊക്കെ
 തൂണും തുരുമ്പുമായിക്കഴിഞ്ഞിരുന്നു
 വഴിപാടുകളും മൃഗബലികളും
 ഉത്സവങ്ങൾ പോലും എന്നോ നിലച്ചിരുന്നു
 പേരുകേട്ട വെളിച്ചപ്പാടുകൾ
 ഭാവി അറിയാതെ ഉറഞ്ഞു നടന്നു
 ദൈവങ്ങളാകട്ടെ
 അടുത്തുള്ള കാഴ്ചബംഗ്ളാവിൽ
 കുടിയേറിയിരുന്നു
 ത്രിശ്ശൂലം മണ്ണിൽ കുത്തി നീരുറവ തീർത്തിരുന്ന ഒരാൾ
 കൈയ്യൊടിഞ്ഞ് മുക്കിലിരുപ്പുണ്ട്
 വിജയികളുടെ മുകളിൽ മാത്രം പറന്നിരുന്ന ദൈവത്തിന്റെ
 ചിറകുകൾ അരിഞ്ഞിരിക്കുന്നു
 സമാധാനത്തിന്റെ ദേവത ഉണങ്ങിയ ഒരു ഒലിവുമരത്തിന്‍റെ കീഴെ
 ഭ്രാന്തു പറഞ്ഞുകൊണ്ടിരിക്കുന്നു
 പകുതി മൃഗവും പകുതി മനുഷ്യനും ആയ ഉടലുള്ള ഒരാൾ
 രണ്ടുംകെട്ടിരിക്കുന്നു
 വിചിത്രദൈവങ്ങളുടെ അച്ഛനായ വൃദ്ധദൈവം
 താടി തടവിക്കൊണ്ട് എന്നോടു ചോദിച്ചു
 നിങ്ങളുടെ നാട്ടിലെ ദൈവങ്ങൾക്കൊക്കെ സുഖം തന്നെയല്ലേ
 ഞങ്ങളുടെ നാട്ടിലെ വിചിത്ര ദൈവങ്ങള്
 സ്വർണ്ണം പൂശിയ ശ്രീകോവിലില്
 ദിവസവും പായസം കുടിച്ചിരിക്കുന്നു
 ആചാരങ്ങൾ കൊണ്ട് അവർ ഞങ്ങളെ കെട്ടിവരിഞ്ഞിരിക്കുന്നു
 ഉത്സവങ്ങൾ കൊണ്ട് ഞങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്നു
 ഞങ്ങൾക്കും ഉണ്ടായിരുന്നു
 ഇതിഹാസങ്ങളും പുരാണങ്ങളും നായകന്മാരും
 വിശ്വോത്തരചിന്തകന്മാരും
 കവികളും ശാസ്ത്രജ്ഞരും
 കാലിൽ അമ്പേറ്റു മരിച്ചവനും
 പാറ മലമുകളിൽ കയറ്റിയവനും
 അമ്മയെ പ്രാപിച്ചവനും
 തന്മുഖം പ്രണയിച്ചവനും
 പക്ഷേ മനുഷ്യരെ സ്നേഹിച്ചവൻ വന്നപ്പോൾ
 ഞങ്ങൾ വഴിമാറിക്കൊടുത്തു
 ഞങ്ങൾക്ക് പിഴച്ചുവോ ?
 അല്ല, അങ്ങനെയല്ല
 ഞങ്ങളുടെ ദൈവങ്ങൾ
 അന്യനാട്ടിൽ നിന്നു വന്ന ദൈവങ്ങളുടെ ആലയങ്ങൾ
 ചുറ്റികകൊണ്ട് തകർത്തു
 സേവിക്കുവാൻ വന്നവരെ ചുട്ടുകൊന്നു
 ചോദ്യങ്ങൾ ചോദിച്ച രാജകുമാരനെ
 നിഷ്കരുണം രാജ്യത്തു നിന്ന് പുറത്താക്കി
 അവർക്കിപ്പോൾ പരമസുഖം
 ഞങ്ങൾ അവർക്കു വോട്ടു ചെയ്യുന്നു
 എന്തെന്നാൽ ഞങ്ങൾ ഇപ്പോഴും പ്രാകൃതരല്ലോ
 ഞങ്ങളുടെ ദൈവങ്ങളും 

Comments

comments