“The distributed device within your brain and central nervous system, which I have, annoyingly, only recently become aware of, will have recorded its own memories of this encounter and would be able to transmit them to your own biological brain. I strongly suspect it has already transmitted our conversation so far… else where. Perhaps to the drone you arrived with and the ship you arrived on. That is very unusual. Unique, even. Also, most irritating.”

“What are you talking about? Do you mean a neural lace?”

(From Look to Windward, 6th book in the Culture science fiction series written by Iain M. Banks.)

സ്കോട്ടിഷ് എഴുത്തുകാരനായ ഇയാൻ എം. ബാങ്ക്സിന്‍റെ ‘കൾച്ചർ’ എന്ന സയൻസ് ഫിക്ഷൻ പരമ്പര വായനക്കാരെ ഏറെയാകർഷിച്ച ഒന്നായിരുന്നു. 1987 ൽ പ്രസിദ്ധീകരിച്ച ‘കൺസിഡർ ഫ്ലെബാസ്’ (Consider Phlebas) എന്ന ആദ്യ നോവൽ തൊട്ട്, 2013 ൽ അന്തരിക്കുന്നതിന് ഒരു വർഷം മുൻപെഴുതിയ ‘ദി ഹൈഡ്രജൻ സോനറ്റ’ (The Hydrogen Sonata) വരെയുള്ള പത്തോളം നോവലുകളിലൂടെ അതിവിദൂരമായ ഒരു ഭാവിയിൽ മനുഷ്യരും നിർമ്മിതബുദ്ധികളും കൃത്രിമചേതനകളും ഒന്നുചേരുന്ന ഒരു ഉട്ടോപിയയുടെ കഥകൾ പറഞ്ഞു, ബാങ്ക്സ്.

ആ നോവലുകളിൽ ആവർത്തിച്ച് പരാമർശിക്കപ്പെടുന്ന ഒരു ഉപകരണമുണ്ട്. പേര് ന്യൂറൽ ലേസ്. മനുഷ്യന്‍റെ മസ്തിഷ്ക്കത്തിലും നാഡീവ്യൂഹത്തിലുമായി പടർന്നു കിടക്കുന്ന ന്യൂറൽ ലേസിന്, ചിന്തകളേയും ഓർമ്മകളേയും നിയന്ത്രിക്കാനും രൂപപ്പെടുത്താനും പുറത്തേക്ക് വിനിമയം ചെയ്യാനുമാകും. യന്ത്രലോകവുമായി മനുഷ്യന്‍റെ ശരീരത്തിന്റേയും ബുദ്ധിയുടേയും മനസ്സിന്റേയും ആയാസരഹിതമായ സംയോജനം സാധ്യമാക്കുന്ന ഒരു സാങ്കേതികവിദ്യ.

ശാസ്ത്രകഥാകൃത്തിന്‍റെ ഭാവനകളും യാഥാർഥ്യവും തമ്മിലുള്ള അകലം ഏറെയാണെന്ന് തോന്നിച്ചിരുന്ന കാലം കഴിയുകയാണല്ലോ. സയൻസ് ഫിക്ഷൻ തല്‍പരരുടെ കേവലകൗതുകത്തിനപ്പുറത്ത് പത്രമാസികകൾ ചർച്ച ചെയ്യുന്ന ഒരാശയമായി ന്യൂറൽ ലേസ് മാറാൻ അധികം സമയമെടുത്തില്ല. ടെസ്‌ല, സ്പേസ് എക്സ് തുടങ്ങിയ ടെക്നോളജി കമ്പനികളുടെ സ്ഥാപകനും ലോകത്തെ അതിസമ്പന്നരില്‍ ഒരാളുമായ എലോൺ മസ്‌ക് ആയിരുന്നു ന്യൂറൽ ലേസിന് സമാനമായ സാങ്കേതികവിദ്യ യഥാർത്ഥ ജീവിതത്തിൽ പ്രായോഗികമാക്കാൻ മുന്നിട്ടിറങ്ങിയത്. ഇതിനായി അദ്ദേഹം 2016 ൽ സ്ഥാപിച്ച കമ്പനിയാണ് ന്യൂറാലിങ്ക്. അവർ വികസിപ്പിച്ചെടുത്തു കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയുടെ വിശദാംശങ്ങൾ ഈയിടെ പത്രവാർത്തകളില്‍ ഇടം തേടിയിരുന്നു.

ഒന്നോർത്താൽ, പുതിയ സാങ്കേതികവിദ്യകളുടെ അനിവാര്യമായ പരിണതിയാണ് മനുഷ്യശരീരത്തിന്റേയും യന്ത്രശരീരത്തിന്റേയും ഉദ്ഗ്രഥനം. ഇരുപത്തൊന്നാം നൂറ്റാണ്ട് കൊണ്ടുവന്ന വലിയ സാങ്കേതികവിപ്ലവങ്ങളില്‍ ഒന്ന് ഡിജിറ്റൽ കംപ്യൂട്ടിങ്ങ് കംപ്യൂട്ടറുകളിൽ ഒതുങ്ങിനിൽക്കുന്ന ഒന്നല്ലാതായി മാറിയെന്നതാണ്. നമ്മുടെ ദൈനംദിന ജീവിതത്തിന്‍റെ എല്ലാ തുറകളിലും ഇന്നതിന്‍റെ സാന്നിധ്യമുണ്ട്. മൊബൈൽ ഫോണുകൾ ഇതിന് ഏറ്റവും പ്രകടമായ ഉദാഹരണങ്ങളിലൊന്നാണ്. എന്നാൽ അങ്ങിനെയുള്ള ഉപകരണങ്ങളിൽ ഒതുങ്ങിനിൽക്കുന്ന ഒന്നല്ല ഈ പ്രതിഭാസം. ഒരു കാലത്ത് കംപ്യൂട്ടറുകളുമായി എന്തെങ്കിലും ബന്ധം സങ്കൽപ്പിക്കുക പോലും അസാധ്യമായിരുന്ന ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ തുടങ്ങിയ ഗൃഹോപകരണങ്ങൾ പോലും ഇന്‍റർനെറ്റ് സാങ്കേതികവിദ്യകളുടെ സഹായത്തോടെ നിയന്ത്രിക്കാമെന്ന നിലയായിരിക്കുകയാണ്.

ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ ഈ സർവ്വവ്യാപകത്വത്തിന് കമ്പ്യൂട്ടർ സയന്റിസ്റ്റുകൾ കൊടുക്കുന്ന പേര് ubiquitous computing എന്നാണ്. വാഹനങ്ങൾ, കെട്ടിടങ്ങൾ, യന്ത്രസാമഗ്രികൾ, വിവിധ ഉപകരണങ്ങൾ എന്നിങ്ങനെ നമ്മള്‍ ഉപയോഗിക്കുന്ന വസ്തുക്കളെല്ലാം തന്നെ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ കമ്പ്യൂട്ടർ ശൃംഖലകളുടെ കണ്ണികളായി തീരുന്നുവെന്നതിനെ എടുത്തുകാട്ടി ഇതേ പ്രതിഭാസത്തെ internet of things എന്നും വിളിച്ച് വരുന്നുണ്ട്.

അപ്പോൾ മനുഷ്യശരീരത്തെ മാത്രം എന്തിന് ഈ കമ്പ്യൂട്ടർ ശൃംഖലകളിൽ നിന്ന് മാറ്റി നിർത്തണം എന്ന ചോദ്യം ഉയരുക സ്വാഭാവികമാണല്ലോ. ഹൃദയമിടിപ്പും രക്തസമ്മർദവും പോലുള്ള ഒരു വ്യക്തിയുടെ ആരോഗ്യവും ഫിറ്റ്നസ്സും നിർണ്ണയിക്കാന്‍ ഉതകുന്ന വിവരങ്ങൾ തത്സമയം ശേഖരിച്ച് മൊബൈൽഫോണിലേക്കോ കംപ്യൂട്ടറിലേക്കോ എത്തിക്കാൻ കഴിയുന്ന ശരീരത്തിൽ ധരിക്കാവുന്ന ഉപകരണങ്ങൾ ഇപ്പോൾ തന്നെ വിപണിയിൽ വ്യാപകമായുണ്ട്. അതിനും അപ്പുറത്തേക്ക് പോയി ശരീരവും യന്ത്രങ്ങളുടെ ലോകവും തമ്മിലുള്ള അതിർവരമ്പുകൾ എന്തുകൊണ്ട് പാടേ ഇല്ലാതാക്കികൂടാ? നമ്മുടെ ശരീരങ്ങൾകൂടി പങ്കാളികളായ ഒരു ഇന്‍റർനെറ്റ്. ന്യൂറൽ ലേസിനാൽ, അല്ലെങ്കിൽ അതുപോലുള്ള മറ്റേതെങ്കിലും സാങ്കേതികവിദ്യയാൽ നമ്മുടെ ശരീരവും മനസ്സും നിയന്ത്രിക്കപ്പെടുന്ന ഭ്രമാത്മകലോകം!

അങ്ങിനെയൊരു കാലം അസംഭാവ്യമല്ലെന്നാണ് ഈ രംഗത്തെ ഗവേഷണങ്ങളേയും പുതിയ സംരംഭങ്ങളേയും കുറിച്ചുള്ള വാർത്തകൾ സൂചിപ്പിക്കുന്നത്.

ത്വക്കിനടിയിലെ ചിപ്പുകൾ

Related image

കുറച്ചു ദിവസം മുൻപ്, യു. എ. ഇയിലെ പ്രധാന ടെലികോം കമ്പനികളിലൊന്നായ എത്തിസലാത്ത് സ്വീഡനിലെ ബയോഹാക്സ് (Biohax) എന്ന കമ്പനിയുമായി ചേർന്ന് ശരീരത്തിൽ കുത്തിവെക്കാൻ സാധിക്കുന്ന മൈക്രോചിപ് വിപണിയില്‍ ഇറക്കാൻ പോകുന്നുവെന്ന വാർത്തയുണ്ടായിരുന്നു. ഐഡി കാർഡുകള്‍ ഉൾപ്പെടെ നിത്യേന ഉപയോഗിക്കുന്ന പല ആവശ്യങ്ങൾക്കുള്ള കാർഡുകൾ, ഇലക്ട്രോണിക് താക്കോലുകൾ തുടങ്ങി നമ്മളെപ്പോഴും പഴ്സിൽ കരുതാൻ നിർബന്ധിതരാകുന്ന നിരവധി സാധനങ്ങളിൽ അടക്കം ചെയ്തിട്ടുള്ള ഡിജിറ്റൽ ഡാറ്റ മുഴുവനും ഈ ഒരൊറ്റ ചിപ്പിലൊതുക്കാനാകും. വ്യാപകമമായി പ്രചാരത്തിൽ വന്നു കഴിഞ്ഞാൽ ഇങ്ങനെയുള്ള നിരവധി കാര്യങ്ങൾക്ക് പകരം വെക്കാൻ ത്വക്കിനടിയിൽ ഒളിച്ചുവെക്കാന്‍ ഒക്കുന്ന ഈ ചിപ്പ് മതിയാകും എന്നർത്ഥം. തള്ളവിരലിനും ചൂണ്ടുവിരലിനും ഇടക്കുള്ള ചർമ്മത്തിനടിയിൽ ഒരു വാക്‌സിൻ എടുക്കുന്നപോലെ വേദനയില്ലാതെ അരിമണിയോളം പോരുന്ന ഈ ഉപകരണം കുത്തിവെക്കാന്‍ ആകുമത്രേ.

ശരീരത്തിനുള്ളിൽ വിവിധ ആവശ്യങ്ങൾക്കായി ചെറിയ ഉപകരണങ്ങൾ സ്ഥാപിക്കുന്നത് പുതിയ കാര്യമല്ല. ഉദാഹരണത്തിന് ഹൃദ്രോഗ ചികിത്സക്ക് ഉപയോഗിക്കുന്ന പേസ്‌മേക്കർ. എന്നാൽ ഈ പുതിയ സാങ്കേതികവിദ്യകൾ ഇങ്ങനെയുള്ള ഉപകരണങ്ങളുടെ സ്വഭാവത്തിൽ അടിസ്ഥാനപരമായ ഒരു മാറ്റം കൊണ്ടുവരുന്നു – ശരീരത്തിന് പുറത്തുള്ള ഉപകരണങ്ങളുമായി വിവരവിനിമയം നടത്താനുള്ള കഴിവ്.

വളരെയടുത്ത് കൊണ്ടുവരുന്ന രണ്ട് ഇലക്ട്രോണിക് ഉപകരണങ്ങൾക്കിടയിൽ ഡാറ്റ കൈമാറ്റം ചെയ്യാൻ ഉപയോഗിക്കുന്ന NFC (Near-field communication) എന്ന സാങ്കേതികവിദ്യയാണ് ബയോഹാക്സിന്‍റെ ചിപ്പ് ഉപയോഗിക്കുന്നത്. സ്‍മാർട്ട്കാർഡുകളിലും ടാഗുകളിലുമൊക്കെ വ്യാപകമായി ഉപയോഗപ്പെടുത്തിവരുന്ന RFID സാങ്കേതികവിദ്യയും ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഈ ഉപകരണങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങൾ റേഡിയോ തരംഗങ്ങളിലൂടെ വായിച്ചെടുക്കാൻ ഇതിനുവേണ്ടി പ്രത്യേകമായി നിർമ്മിച്ച RFID റീഡറുകൾക്കാകും.

നിത്യജീവിതത്തെ ആയാസരഹിതമാക്കാൻ പുതിയ സാങ്കേതികവിദ്യകൾ എങ്ങിനെ സഹായിക്കും എന്നതിന്‍റെ മികച്ച ഉദാഹരണങ്ങളില്‍ ഒന്നായിട്ടാണ് ഇതിനെ പ്രണേതാക്കൾ അവതരിപ്പിക്കുന്നത്. മേൽ സൂചിപ്പിച്ച ഉപയോഗങ്ങളിൽ ഒതുങ്ങി നിൽക്കുന്ന ഒന്നല്ല ശരീരത്തിനകത്ത് സന്നിവേശിപ്പിക്കാൻ കഴിയുന്ന ചിപ്പുകളുടെ സാധ്യതകളെന്ന് കാണാൻ വിഷമമില്ല. അതുകൊണ്ടുതന്നെ ശരീരത്തിനകത്ത് കുത്തിവെക്കാൻ പറ്റുന്ന ഇത്തരം മൈക്രോചിപ്പുകൾ ഇപ്പോഴും ശൈശവദശ പിന്നിട്ടില്ലെങ്കിലും, ഇതിനായുള്ള ഗവേഷണങ്ങൾ കുറേകാലമായി നടന്നുവരുന്നുണ്ട്. ബില്യൺ ഡോളർ വിപണിയാണ് ഈ സാങ്കതികവിദ്യകളെ കാത്തിരിക്കുന്നുണ്ട് എന്ന് പഠനങ്ങൾ പറയുന്നു.

2016ൽ ഒരു ബയോഹാക്കർ ആയ ജൊവാൻ ഓസ്റ്റർലുണ്ട് (Jowan Österlund) സ്വീഡനിൽ സ്ഥാപിച്ച ബയോഹാക്സ് ഈ വിപണി ലക്ഷ്യമാക്കുന്ന മുൻനിര കമ്പനികളിൽ ഒന്നാണ്. സ്വീഡനിലും യൂറോപ്പിന്‍റെ മറ്റു പല ഭാഗങ്ങളിലുമായി നാലായിരത്തോളം പേർ ബയോഹാക്സിന്‍റെ ചിപ്പ് ഉപയോഗിക്കുന്നുണ്ടത്രേ. പക്ഷെ, ഇങ്ങനെയൊരു സാങ്കേതികവിദ്യയെ ആവേശപൂർവ്വം സർവാത്മനാ സ്വീകരിക്കുന്നവരല്ല എല്ലാവരും. ഏത് നൂതന സാങ്കേതികവിദ്യയേയും പോലെ ഇതിനെയും ഭയപ്പാടോടെയും സംശയത്തോടെയും നോക്കി കാണുന്നവരും ഏറെയാണ്.

ബൈബിളിലെ വെളിപാട് പുസ്തകത്തിൽ സൂചിപ്പിക്കപ്പെടുന്ന മുദ്രയാണ് ഇത്തരം ചിപ്പുകളെന്ന് ഭയപ്പെടുന്നവർ പോലുമുണ്ട്: “അത് ചെറിയവരും വലിയവരും സമ്പന്നന്മാരും സാധുക്കളും സ്വതന്ത്രന്മാരും അടിമകളുമായ എല്ലാവരെയും വലങ്കൈമേലോ നെറ്റിയിലോ ഒരു മുദ്ര സ്വീകരിക്കുവാനും; മുദ്രയോ, മൃഗത്തിന്‍റെ പേരോ, പേരിന്‍റെ സംഖ്യയോ ഇല്ലാത്ത ആർക്കും തന്നെ വാങ്ങുവാനോ വില്‍ക്കുവാനോ അനുവദിക്കാതിരിക്കുകയും ചെയ്യുന്നു”. (വെളിപാട് 13:16-17)

മനസ്സറിയും യന്ത്രങ്ങൾ

Image result for brain computer interface

ബയോഹാക്സിന്റേത് പോലുള്ള ശരീരത്തിൽ കുത്തിവെക്കാൻ പറ്റുന്ന മൈക്രോചിപ്പുകൾ പുറത്തുള്ള കമ്പ്യൂട്ടർ ശൃംഖലകളിൽ പങ്കാളികള്‍ ആകാനൊക്കുന്ന കൊച്ചു കമ്പ്യൂട്ടറുകൾ തന്നെയാണ്. ഇവിടെ ശരീരവും യന്ത്രവും തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതാകുന്നു. പക്ഷെ ഇത്തരം ത്വക്കിനടിയിലെ ചിപ്പുകൾ ശരീരവും യന്ത്രവും തമ്മിലുള്ള സംയോജനത്തിന്‍റെ ആദ്യപടിയേ ആകുന്നുള്ളൂ. ആ ഉദ്ഗ്രഥനം പരിപൂർണ്ണമാകുക യന്ത്രങ്ങൾക്ക് നമ്മുടെ വികാരവിചാരങ്ങളെ വായിച്ചെടുക്കാനൊക്കുമ്പോൾ മാത്രമാണ്. കംപ്യൂട്ടർ സയൻസിൽ ഇതിന് brain computer interface (BCI) എന്ന് പറയും.

തലച്ചോറിലെ വിവിധമേഖലകളിലായി പടർന്നു കിടക്കുന്ന കോടികണക്കിന് ന്യൂറോണുകളുടെ വലക്കണ്ണികൾ. അവക്കിടയിൽ ആശയവിനിമയം സാധ്യമാക്കുന്ന വൈദ്യുത സ്പന്ദങ്ങൾ. മനുഷ്യമനസ്സിലെ വികാര വിചാരങ്ങളെ നിർണ്ണയിക്കുന്നതും നിയന്ത്രിക്കുന്നതും ഈ അതിസങ്കീർണ്ണ ഘടനയിലെ ഉദ്ദീപനങ്ങളാണ്. ഓരോ വിചാരവും വികാരവും തലച്ചോറില്‍ ഉണർത്തുന്ന സവിശഷമായ ഉദ്ദീപനങ്ങളെ തിരിച്ചറിയാനും ഒരു കപ്യൂട്ടര്‍ ഉപയോഗിച്ച് അത് വിശകലനം ചെയ്യാനും ഉള്ള കഴിവാണ് brain computer interface-ന്‍റെ അടിസ്ഥാനം. തലച്ചോറിന് അകത്തേക്ക് കടന്നു ചെല്ലാതെ ഈ ഉദ്ദീപനങ്ങളെ വായിച്ചെടുക്കാൻ ഇലക്ട്രോഎൻസെഫലോഗ്രാം (EEG), ഫങ്ക്ഷണൽ മാഗ്നെറ്റിക് റെസൊണൻസ് ഇമേജിങ് (fMRI) തുടങ്ങിയ സാങ്കേതികവിദ്യകളാണ് ഉപയോഗിച്ചുവരുന്നത്.

രോഗനിർണയത്തിന്, ചലനശേഷിയില്ലാത്ത രോഗികൾക്ക് വീൽചെയർപോലുള്ള ഉപകരണങ്ങളെ നിയന്ത്രിക്കാൻ, ഇന്ദിയങ്ങള്‍ ഉപയോഗിക്കാതെ മസ്തിഷ്‌കം വഴി ആശയവിനിമയം നടത്താൻ ഒക്കെ സഹായിക്കും ഈ സാങ്കേതികവിദ്യകൾ. അറുപതുകളിൽ പുറത്തിറങ്ങിയ സ്റ്റാർ ട്രെക്ക് സീരിയലിൽ റേഡിയേഷൻ ബാധയാൽ ശരീരത്തിന്‍റെ ചലനശേഷി നഷ്ടപ്പെട്ട ക്യാപ്റ്റൻ പൈക് തന്‍റെ വീൽചെയർ ചലിപ്പിക്കുന്നത് ബ്രെയിൻ വേവുകൾ ഉപയോഗിച്ചായിരുന്നു. അതു പോലെ. സാംസങ്, സ്വിറ്റ്സർലാന്റിലെ ഒരു യൂണിവേഴ്സിറ്റിയുമായി ചേർന്ന്, തങ്ങളുടെ ടെലിവിഷനുകൾ ‘മനസ്സുകൊണ്ട്’ നിയന്ത്രിക്കാൻ കഴിയുന്ന സാങ്കതിക വിദ്യകൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് ഈയിടെ ഒരു വാർത്തയുണ്ടായിരുന്നു.

Related image

മറ്റുള്ളവരുടെ മനസ്സ് വായിക്കാൻ കഴിയുന്ന ഒരു യന്ത്രം വീണു കിട്ടിയ ഒരു കുട്ടിയുടെ കഥ ബാലസാഹിത്യകാരനായിരുന്ന പി. നരേന്ദ്രനാഥ് എഴുതിയത് ചെറുതായിരുന്നപ്പോൾ വായിച്ചിട്ടുണ്ട്. വേറൊരാളുടെ മനസ്സിലിരിപ്പ് അറിയാൻ കഴിയുന്ന യന്ത്രമെന്ന ആശയം ഒരു കൗതുകമായി കുറേനാൾ കൂടെ കൊണ്ടുനടന്നിരുന്നു. ഇപ്പോൾ ഈ മേഖലയിൽ നടക്കുന്ന ഗവേഷണങ്ങളെ കുറിച്ച് വായിക്കുമ്പോഴൊക്കെ നരേന്ദ്രനാഥിന്‍റെ മനസ്സറിയും യന്ത്രം ഓർക്കും. ഇങ്ങനെയൊരു സാങ്കേതികവിദ്യയുടെ ആദ്യരൂപം അവതരിപ്പിക്കുന്ന ഒരു ഗവേഷണപ്രബന്ധം കുറച്ച് മാസങ്ങൾക്ക് മുൻപ് ‘നേച്ചർ’ മാസികയിൽ പ്രസിദ്ധീകരിച്ചിരുന്നു. അമേരിക്കയിലെ വാഷിങ്ടൺ സർവ്വകലാശാലയിലേയും കാർനെഗി മെലോൺ സർവ്വകലാശാലയിലേയും ഒരു സംഘം ശാസ്ത്രജ്ഞരാണ് ഇതിന് പിറകിലുള്ളത്. ബ്രെയിൻനെറ്റ് എന്നാണ് ഒന്നിൽ കൂടുതൽ വ്യക്തികളുടെ മസ്തിഷ്ക്കങ്ങൾക്ക് നേരിട്ട് ഇന്ദ്രിയങ്ങളുടെ സഹായമില്ലാതെ ആശയവിനിമയം സാധ്യമാക്കുന്ന ഈ സാങ്കേതികവിദ്യയെ അവർ വിളിക്കുന്നത്.

ഒരു വ്യക്തിയുടെ തലച്ചോറിനകത്തെ ഉദ്ദീപനങ്ങളെ EEG ഉപയോഗിച്ച് വായിച്ചെടുത്ത്, മറ്റൊരു വ്യക്തിയുടെ തലയിൽ ഘടിപ്പിച്ചിരിക്കുന്ന transcranial magnetic stimulation (TMS) എന്ന ഉപകരണം വഴി സ്വീകരിക്കുകയാണ് ബ്രെയിൻനെറ്റ് ചെയ്യുന്നത്. ഇത് TMS-ൽ ഉളവാക്കുന്ന കാന്തികതരംഗങ്ങൾ ആ വ്യക്തിയുടെ മസ്തിഷ്ക്കത്തിൽ പ്രതികരണങ്ങൾ ഉണ്ടാക്കുകയും അങ്ങിനെ ആശയ വിനിമയം സാധ്യമാകുകയും ചെയ്യുന്നു. നേരിട്ട് കാണാതെയും സംസാരിക്കാതെയും ഇരിക്കുന്ന മൂന്നുപേരെ കൊണ്ട് ടെട്രിസ് പോലുള്ള ഒരു വീഡിയോ ഗെയിം ഒരുമിച്ച് കളിപ്പിച്ചാണ് ഈ സാങ്കേതികവിദ്യ പ്രവർത്തനക്ഷമമാണെന്ന് ശാസ്ത്രജ്ഞർ കാട്ടിയത്. ‘Internet of brains’ എന്നാണ് ടെലിപ്പതി യാഥാർഥ്യമാക്കുന്ന ഈ സാങ്കേതികവിദ്യയെ സയന്റിഫിക് അമേരിക്കന്‍റെ ലേഖകൻ വിശേഷിപ്പിച്ചത്.

കൂടുതൽ സങ്കീർണമായ ആശയവിനിമയങ്ങൾ ഇത്തരം സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നടത്താൻ നിർമ്മിതബുദ്ധി (artificial intelligence) ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ചുള്ള ഗവേഷണങ്ങളും നടന്നു വരുന്നുണ്ട്. ഒരാൾ ഒരു ചിത്രം കാണുമ്പോൾ തലച്ചോറില്‍ ഉളവാകുന്ന ഉദ്ദീപനങ്ങളെ fMRI വഴി വായിച്ച് കംപ്യൂട്ടറിലേക്ക് അയക്കുകയും അവിടെവെച്ച് സങ്കീർണമായ അൽഗോരിതങ്ങളുടെ സഹായത്തോടെ ആ ചിത്രത്തെ പുനഃസൃഷ്ടിക്കുകയും ചെയ്യുന്നതിൽ ജപ്പാനിലെ ATR കംപ്യൂട്ടേഷണൽ ന്യൂറോസയൻസ് ലാബ്സ് എന്ന സ്ഥാപനത്തിലെ ശാസ്ത്രജ്ഞർ വിജയം കണ്ടെത്തിയത് അടുത്ത കാലത്താണ്.

നേരത്തെ സൂചിപ്പിച്ച എലോൺ മസ്കിന്‍റെ ന്യൂറാലിങ്ക് എന്ന കമ്പനി ലക്ഷ്യമാക്കുന്നത് BCI സാങ്കേതികവിദ്യകളെ തലച്ചോറിനകത്തേക്ക് സന്നിവേശിപ്പിക്കാനാണ്. ഇതിനായി വളരെ നേർത്ത പ്രത്യേക നൂലിഴകളുടെ അറ്റത്ത് പിടിപ്പിച്ച 4 മി.മീ/4 മി.മീ മാത്രം വലിപ്പമുള്ള ചെറുചിപ്പുകൾ തലച്ചോറിന്‍റെ വിവിധഭാഗങ്ങളിലേക്ക് കടത്തിവിടുന്ന ശസ്ത്രക്രിയാരീതി കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ടത്രെ. ഇത് കണ്ണുകളിൽ നടത്തുന്ന ലാസിക് ശസ്ത്രക്രിയ പോലെ ലളിതമായിരിക്കും എന്നാണ് മസ്കിന്‍റെ അവകാശവാദം.

വെല്ലുവിളികൾ, ആശങ്കകൾ

ഈ സാങ്കേതിവിദ്യകളിൽ നിരവധി സംഭാവനകൾ ചെയ്തിട്ടുള്ള ശാസ്ത്രജ്ഞനാണ് ഇംഗ്ലണ്ടിലെ റീഡിങ്ങ് സർവ്വകലാശാലയിലെ മാർക്ക് ഗാസോൺ (Mark Gasson). 2010 ൽ ഗാസോൺ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിന്‍റെ പ്രകോപനപരമായ ശീർഷകം ‘Human Enhancement: Could you become infected with a computer virus?’ എന്നായിരുന്നു. കമ്പ്യൂട്ടർ വൈറസ് എന്ന് കേട്ട് അത് ജലദോഷവും പനിക്കും കാരണമാകുന്ന കീടാണുക്കൾ പോലെ എന്തോ ആണെന്ന് കരുതുന്ന ചില ധാരണക്കാരെങ്കിലുമുണ്ട്. യന്ത്രങ്ങളുടെ നിർമ്മിതലോകത്തെ പ്രതിഭാസങ്ങളെ വിശദീകരിക്കുവാൻ ജൈവലോകത്തെ പദാവലികൾ കടമെടുക്കുമ്പോൾ ഉണ്ടാകാവുന്ന ആശയക്കുഴപ്പമാണത്. യന്ത്രസാക്ഷരത കുറഞ്ഞ സാധാരണ മനുഷ്യന്‍റെ നിഷ്കളങ്കത. പക്ഷെ, ത്വക്കിനടിയിലെ ചിപ്പുകളും മനസ്സറിയും യന്ത്രങ്ങളുമൊക്കെ വ്യാപകമാകുമ്പോൾ ഈ അസംഭാവ്യത സംഭാവ്യമാകാനിടയുണ്ട് എന്ന് കാട്ടി തരികയായിരുന്നു ഗാസോണിന്‍റെ ലക്‌ഷ്യം.

വളരെ ചെറിയ ഒരു ഗ്ളാസ്സ് സിലിണ്ടറിനകത്ത് അടക്കം ചെയ്ത ഒരു RFID ഉപകരണം സ്വന്തം കൈയിലെ ത്വക്കിനടിയിൽ സന്നിവേശിപ്പിച്ചായിരുന്നു ഗാസോണിന്‍റെ പരീക്ഷണം. ‘ത്വക്കിനടിയിലെ ചിപ്പി’ലേക്ക് ഒരു കമ്പ്യൂട്ടർ വൈറസിനെ കടത്തിവിടുക മാത്രമല്ല, വൈറസ് ബാധിച്ച ആ ഉപകരണത്തിൽ നിന്ന് വൈറസിനെ പുറമേയുള്ള മറ്റ് കംപ്യൂട്ടറുകളിലേക്ക് സംക്രമിപ്പിക്കാനാകുമെന്നും ഗാസോൺ കാണിച്ചു. ഇങ്ങനെയുള്ള ഉപകരണങ്ങളെ അവയുടെ യഥാർത്ഥ ഉദ്ദേശ്യം മറികടന്ന് ആപൽക്കരമായ കാര്യങ്ങൾക്കായി ഉപയോഗപ്പെടുത്താൻ ഹാക്കർമാർക്ക് സാധിച്ചേക്കാമെന്ന് ഈ പരീക്ഷണങ്ങൾ വെളിവാക്കുന്നു.

അവ ഉപയോഗിക്കുന്ന വ്യക്തികളുടെ സുരക്ഷയെകുറിച്ചുള്ള ഉൽക്കണ്ഠകളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല ഈ സാങ്കേതികവിദ്യകളെ കുറിച്ചുള്ള ആശങ്കകൾ. അതിനും അപ്പുറം വ്യക്‌തിയുടെ സ്വകാര്യതയേയും സ്വാതന്ത്ര്യത്തേയും കുറിച്ചുള്ള നിരവധി സന്ദേഹങ്ങളുണ്ട്. നൈതികവും നിയമപരവുമായ ചോദ്യങ്ങളുണ്ട്. സാമൂഹികവും രാഷ്രീയവും തത്ത്വചിന്താപരവുമായ മാനങ്ങളുള്ള വെല്ലുവിളികളാണ് അവയൊക്കെയും.

തൊണ്ണൂറുകളുടെ ആദ്യം തിയേറ്ററുകളില്‍ എത്തിയ ഡിമോളിഷൻ മാൻ എന്ന സിനിമയിൽ പൗരന്മാരെ നിരന്തരനിരീക്ഷണത്തിന് വിധേയമാക്കാൻ ഗവണ്മെന്റ് ശരീരത്തിനകത്ത് കുത്തിവെച്ച RFID ചിപ്പുകൾ ഉപയോഗിക്കുന്നുണ്ട്. സമഗ്രാധിപത്യങ്ങൾ പനോപ്റ്റികോണുകൾ തീർക്കുന്ന ഈ കാലത്ത്, ഇങ്ങനെയുള്ള സാങ്കേതിക വിദ്യകൾ പൗരന്മാരെ നിരന്തരനിരീക്ഷണത്തിന് (surveillance) വിധേയമാക്കാനായി ഭരണകൂടങ്ങൾ ഒളിഞ്ഞും തെളിഞ്ഞും ഉപയോഗിക്കാനിടയുണ്ടെന്ന് ആരെങ്കിലും കരുതിയാൽ അവരെ കുറ്റംപറയാനാകുമോ?

ഭരണകൂടങ്ങൾക്ക് മാത്രമല്ല, വലിയ കോർപറേറ്റുകൾക്കും ഈ സാങ്കേതികവിദ്യകൾക്ക് നൽകാൻ കഴിയുന്ന ഡാറ്റയിൽ താല്പര്യമുണ്ടാകാം. മൂലധനത്തിന്‍റെ ആദിമസഞ്ചയനം (primitive accumulation of capital) ആദ്യകാല മുതലാളിത്തത്തെ എങ്ങിനെ രൂപപ്പെടുത്തിയിരുന്നോ അതുപോലെയാണ് ഡാറ്റയുടെ ആദിമസഞ്ചയനം (primitive accumulation of data) സമകാലീനമുതലാളിത്തത്തെ സഹായിക്കുന്നത്. നമ്മുടെ ഇഷ്ടാനിഷ്ടങ്ങളും ആഗ്രഹങ്ങളും കാഴ്ചപ്പാടുകളും അടക്കം നമ്മെ കുറിച്ചുള്ള എല്ലാ വിവരങ്ങളും കൈക്കലാക്കിയാണല്ലൊ ഗൂഗിൾ പോലുള്ള കമ്പനികൾ ലാഭം കൊയ്യുന്നത്. സാധാരണ വിപണനവസ്തുക്കളുടെ കൊടുക്കൽ വാങ്ങലുകൾക്കപ്പുറം, വ്യക്തിയുടെ സ്വഭാവങ്ങളേയും ആഗ്രഹങ്ങളേയും തങ്ങൾക്കൊത്തവണ്ണം നവീകരിക്കാനും മനുഷ്യന്‍റെ അനുഭൂതികളേയും അനുഭവങ്ങളേയും വരെ വിനിമയമൂലമുള്ള ചരക്കുകളാക്കി മാറ്റാനുമൊക്കെ ശ്രമിക്കുന്നുണ്ട് ഈ മുതലാളിത്തത്തിന്‍റെ ഈ പുതുരൂപങ്ങൾ. ശോഷാന സൂബോഫിനെ (Shoshana Zuboff) പോലുള്ള ചിന്തകർ സർവെയിലൻസ് ക്യാപിറ്റലിസം എന്നാണ് ഇതിനെ വിളിക്കുന്നത്.

ഡാറ്റയുടെ അമൂല്യമായ അക്ഷയഖനികൾ ആയിരിക്കില്ലേ ശരീരങ്ങളുടെ കമ്പ്യൂട്ടർ ശൃംഖലകൾ ഈ സർവെയിലൻസ് ക്യാപിറ്റലിസത്തിന് തുറന്നു കൊടുക്കുക? ഏത് ഡൈസ്റ്റോപിയൻ പേടിസ്വപ്നത്തിന്റെ തീരങ്ങളിലേക്കായിരിക്കും ഈ വലക്കണ്ണികൾ നമ്മെ വരിഞ്ഞുമുറുക്കിയെത്തിക്കുക?

Comments

comments