1. സ്വയംസഹായ-പ്രോത്സാഹന ഭരണകൂടം
ആഗോളീകരണ സാഹചര്യങ്ങൾ ഉയർത്തിയ സാമൂഹ്യപുനരുത്പാദന വെല്ലുവിളികൾ മലയാളികളിലെ താണ-ഇടത്തരക്കാരെയും ദരിദ്രരയെയും ബാധിച്ചു തുടങ്ങിയ ദശകമായിരുന്നു 1990-കൾ. അതുകൊണ്ടുതന്നെ കേരളത്തിൽ ആ ദശകത്തിൽ നടപ്പിലാക്കപ്പെട്ട തദ്ദേശീയ സ്വയംസഹായ ജനക്ഷേമപരിപാടികളോട് ഇവിടുത്തെ ജനങ്ങൾ, പ്രത്യേകിച്ചു സ്ത്രീകൾ, ഗുണാത്മകമായി പ്രതികരിച്ചത് വെറുതേയല്ലെന്നു പറയാം. ഈ സമയത്ത് കേരളം ഒരു പ്രവാസാശ്രിതസമൂഹമായിക്കഴിഞ്ഞിരുന്നു – പ്രധാനമായും പ്രവാസത്തിലൂടെ ജോലിയും വരുമാനവും തേടുന്നവരുടെ സമൂഹം. മാത്രമല്ല, അപ്പോഴേയ്ക്കും സാമ്പത്തികവും ആത്മീയവുമായ ചരക്കുകളുടെ ഉപഭോഗത്തിലൂടെ സാമൂഹ്യ ഉയർച്ച തേടുന്ന സാധ്യതയും വ്യാപകമായിത്തുടങ്ങി.
ഇത്തരം പ്രവണതകൾ മൂലം മലയാളികുടുംബങ്ങളിലെ സാമൂഹ്യ പുനരുത്പാദനത്തിൻറെ സ്വഭാവം തന്നെ മാറിത്തുടങ്ങി. ഇരുപതാം നൂറ്റാണ്ടിൻറെ അവസാന ദശകങ്ങളിൽ വർഗ-ജാതിവ്യത്യാസങ്ങൾക്കുപരിയായി മലയാളി കുടുംബങ്ങൾ ആഗോളവിപണിയിൽ ആവശ്യമായിവന്ന തൊഴിൽശക്തിയുടെ ഉത്പാദനകേന്ദ്രങ്ങളായി മാറിക്കൊണ്ടിരുന്നു. അപ്പോഴേയ്ക്കും മലയാളികുടുംബങ്ങളിൽ കുട്ടികളുടെ എണ്ണം കാര്യമായി കുറഞ്ഞു കഴിഞ്ഞിരുന്നു. ഒന്നോ രണ്ടോ മാത്രം കുട്ടികളിൽ കാര്യമായ മുതൽമുടക്കാതെ സാമൂഹ്യമേൽഗതി അസാധ്യമായിത്തുടങ്ങിയിരുന്നു. പ്രവാസിതൊഴിലാളികൾ അംഗങ്ങളായി ഇല്ലാത്ത ദരിദ്രകുടുംബങ്ങൾക്ക് സാമൂഹ്യ പുനരുത്പാദനത്തിൻറെ ഭാരങ്ങളും ചെലവും ഏറിത്തുടങ്ങി.
1990-കളുടെ രണ്ടാം പകുതിയിൽ കേരളത്തിൽ കാർഷികരംഗത്തിൻറെ തളർച്ച രൂക്ഷമായി. വൻതോതിലുള്ള തൊഴിലില്ലായ്മയും കൂടി. വാടക, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം (വിശേഷിച്ച് ഉന്നതവിദ്യാഭ്യാസം), ഗതാഗതം എന്നിവയ്ക്ക് ചെലവേറിയെന്നും ഇത് പ്രവാസിതൊഴിലാളികൾ ഇല്ലാത്ത കുടുംബങ്ങളെയാണ് ഏറെ ബാധിച്ചതെന്നും ആൽവിൻ പ്രകാശിനെപ്പോലുള്ള സാമ്പത്തികശാസ്ത്രജ്ഞർ ചൂണ്ടിക്കാണിച്ചിട്ടുണ്ട് (1998). 1990-കളുടെ തുടക്കത്തിൽ തന്നെ കാർഷികരംഗത്തെ സ്ത്രീസാന്നിദ്ധ്യം നന്നേ കുറഞ്ഞുകഴിഞ്ഞിരുന്നു. കർഷകസ്ത്രീകളുടെ സാന്നിദ്ധ്യം 1961-ൽ 16.3 ആയിരുന്നത് 1991-ൽ 5.2 ആയി കുറഞ്ഞു. കർഷകത്തൊഴിലാളികളായ സ്ത്രീകളുടെ സാന്നിദ്ധ്യം 1981-ൽ 44.1 ആയിരുന്നത് 1991-ൽ 36.1 ആയി ചുരുങ്ങിയിരുന്നു. സാമ്പത്തിക രംഗത്തിൻറെ പരമ്പരാഗത മേഖലകളിൽ പ്രവർത്തിച്ചവർക്കാണ് പുതിയ കുടുംബപുനരുത്പാദന ഭാരങ്ങൾ അധികമാകാൻ തുടങ്ങിയത്.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ സ്വത്തിൻറെ – ഭൂമിയുടെ — പുനർവിതരണത്തെ കേന്ദ്രീകരിച്ചു മുന്നോട്ടുവച്ചിരുന്ന സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിൽ നിന്ന് സ്വയം പിൻമാറിക്കൊണ്ടിരുന്ന സമയവും, കേരളം പ്രവാസജീവിതത്തെ കൂടുതൽക്കൂടുതൽ ആശ്രയിച്ചു തുടങ്ങിയ സമയവും കൂടിച്ചേർന്ന വിശാലസാഹചര്യങ്ങളിൽ ഇവിടുത്തെ താണ-ഇടത്തരം, ദരിദ്ര കുടുംബങ്ങളിൽ സാമൂഹ്യ പുനരുത്പാദനത്തിൻറെ വെല്ലുവിളികൾ കാര്യമായി ഉയർന്നുതുടങ്ങിയെന്ന് ചുരുക്കം. സ്ത്രീകൾക്ക് ഇത് സവിശേഷവെല്ലുവിളികൾ ഉയർത്തുകയും ചെയ്തു. ആഗോളവിപണിക്കാവശ്യമായ കഴിവുകൾ ഉള്ളവരായി മക്കളെ വളർത്തിയെടുക്കുന്ന അദ്ധ്വാനം സവിശേഷം തന്നെയാണ്. പലതരം കഴിവുകൾ (പഠനത്തിൽ തന്നെ പലവിധ കഴിവുകൾ), പുതിയ ജോലിസ്ഥലങ്ങളിൽ ശോഭിക്കാൻ ആവശ്യമായ അച്ചടക്കം, മുതലായവ കുട്ടികളെ പരിശീലിപ്പിക്കാൻ കുടുംബത്തിൽ നടക്കുന്ന സാധാരണ പരിചരണങ്ങൾ കൂടാതെ വന്നു. കാര്യമായ വൈകാരിക അദ്ധ്വാനവും അമ്മമാരിൽ നിന്നു പ്രതീക്ഷിക്കപ്പെട്ടു തുടങ്ങി. മുൻപ് ഇവയിൽ പലതും സ്ക്കൂൾ അധികാരികളിൽ നിന്നാണ് പ്രതീക്ഷിച്ചിരുന്നത്. അഭ്യസ്തവിദ്യകളായ സ്ത്രീകളുടെ എണ്ണം കൂടിയതും 1980-കളിലും ശേഷവും ഈ പ്രതീക്ഷ കുടുംബ-ഇടത്തിലേക്കു കൂടുതലായി മാറ്റിസ്ഥാപിക്കപ്പെടാനുള്ള ഒരു കാരണമായി. വർഗ-ജാതിഭേദമന്യേ 2000-ങ്ങളിൽ മലയാളികുടുംബിനികൾ ഇത്തരം സമ്മർദ്ദങ്ങൾക്ക് വിധേയരായിത്തുടങ്ങിയെന്ന് തെളിയിക്കുന്ന സാമൂഹ്യശാസ്ത്രപഠനങ്ങൾ അനവധിയുണ്ട്.
ഇതിൻറെയർത്ഥം കേരളത്തിൽ ദാരിദ്ര്യം വർദ്ധിച്ചു എന്നല്ല. നേരെമറിച്ച്, 1990-കളിൽ കേരളം പുതിയൊരു വളർച്ചാഘട്ടത്തിലെത്തിയതായും ദാരിദ്ര്യം പൊതുവെ കുറഞ്ഞതായും സാമ്പത്തികശാസ്ത്രജ്ഞർ നിരീക്ഷിച്ചിട്ടുണ്ട്. ഗൾഫ് പണമായിരുന്നു ഇത്തരം ഗുണാത്മക മാറ്റങ്ങൾക്കു പിന്നിൽ എന്നും സാമൂഹ്യശാസ്ത്രപരമായ തെളിവുകളുണ്ട്. പക്ഷേ ഇതിൽ കുടുംബിനികൾ നിർവഹിച്ച പങ്ക് – അവരുടെ വൈകാരിക അദ്ധ്വാനം – അംഗീകരിക്കപ്പെട്ടിട്ടില്ല — ലീലാ ഗുലാത്തിയെ പോലുള്ള ചുരുക്കം ചിലരുടെ എഴുത്തുകളിലല്ലാതെ ഈ വശം പരാമർശിക്കപ്പെട്ടിട്ടില്ല. 1993-ൽ പ്രസിദ്ധീകരിച്ച തൻറെ ലേഖനത്തിൽ ലീലാ ഗുലാത്തി അഭിപ്രായപ്പെടുന്നു – പശ്ചിമേഷ്യയിലേക്കുള്ള കുടിയേറ്റം കേരളത്തിൻറെ ഏറ്റവും വലിയ വ്യവസായമായി മാറിക്കൊണ്ടിരിക്കുന്നു. കുടുംബങ്ങളിൽ അമ്മമാരുടെ ഉത്തരവാദിത്വങ്ങളും അദ്ധ്വാനവും മാറിക്കൊണ്ടിരിക്കുന്നു — ശാരീരിക പരിചരണം കൂടാതെ കുട്ടികളുടെ പഠനത്തിൽ ശ്രദ്ധ ചെലുത്തുക മുതലായ പുതിയ ഘടകങ്ങൾ മാതൃ-അദ്ധ്വാനത്തിൻറെ ഭാഗമാകുന്നു (1993: 13).
1990-കളിലെ സ്വയംസഹായജനക്ഷേമം താണ-ഇടത്തരം, ദരിദ്ര കുടുംബങ്ങളുടെ പുനരുത്പാദനത്തെ മലയാളിസ്ത്രീകളുടെ ചുമലുകളിൽ വയ്ക്കുകയാണുണ്ടായത്. വീട്ടമ്മമാർക്ക് ധാരാളം ‘ഒഴിവുസമയം’ ഉണ്ടെന്ന (ഫെമിനിസ്റ്റ്-പൂർവ)ധാരണയ്ക്ക് കേരളത്തിൽ 1940-കൾ മുതലെങ്കിലും പ്രചാരമുണ്ടായിരുന്നു. ആ ധാരണയാണ് സ്ത്രീകളുടെ സ്വയംസഹായ സാമ്പത്തികപ്രവർത്തനത്തെ ന്യായീകരിക്കാൻ അക്കാലത്ത് വ്യാപകമായി ഉപയോഗിക്കപ്പെട്ടത്. കുടുംബിനിയുടെ അദ്ധ്വാനത്തെ പുനർനിർമ്മിക്കാൻ അവശ്യംവേണ്ട രണ്ടു ഘടകങ്ങളെ – വിനോദം, വിശ്രമം എന്നിവയെ – ആണ് ‘ഒഴിവുസമയ’മായി സ്വയംസഹായജനക്ഷേമ വ്യവഹാരം തിരിച്ചറിഞ്ഞത്. സ്ത്രീകൾക്കു വേണ്ടി വിനോദ-വിശ്രമസമയങ്ങൾ ആവശ്യപ്പെടുന്ന വ്യവഹാരങ്ങൾ ഉണ്ടായില്ല. പകരം ഈ സമയത്തിനു പകരം അവർക്ക് ശാക്തീകരണം (empowerment) ആണ് വാഗ്ദാനം ചെയ്യപ്പെട്ടത്.
1990-കളിൽ മലയാളികുടുംബിനികൾക്ക് ധാരാളം ഒഴിവുസമയം ഉണ്ടായിരുന്നോ ഇല്ലയോ എന്നത് തർക്കവിഷയമായിരിക്കാം. എന്നാൽ തൊഴിലാളി-താണ-ഇടത്തരം കുടുംബങ്ങളിലെ കുടുംബിനിമാർക്ക് ഒഴിവുസമയം ഉണ്ടായിരുന്നെങ്കിൽ, അത് അവർക്ക് സ്വാഭാവികമായി, അവകാശമായി, ലഭിച്ചതല്ലെന്നും, നേരെ മറിച്ച്, സ്ത്രീധനത്തുകകൾ കൊണ്ട് ‘വാങ്ങിക്കൊടുക്ക’പ്പെട്ടതാണെന്നും, വാദിക്കാനുള്ള തെളിവുകൾ ചില പഠനങ്ങളിലുണ്ട്. കേരളത്തിലെ കശുവണ്ടിത്തൊഴിലാളിസ്ത്രീകളെ പറ്റി ചരിത്രകാരി അന്നാ ലിൻറ്ബർഗ് നടത്തിയ പഠനത്തിൽ 1980-കളോടെ തൊഴിലാളിസ്ത്രീകൾ തങ്ങളുടെ പെൺമക്കളെ കുറഞ്ഞകൂലി മാത്രം കിട്ടുന്ന ഫാക്ടറിതൊഴിലിൻറെ കർക്കശലോകത്തു നിന്നും രക്ഷപ്പെടുത്താൻ സ്ത്രീധനവിവാഹങ്ങൾക്കു മുതിർന്നതായി പറയുന്നുണ്ട്. തങ്ങളുടെ അമ്മമാർ സ്വന്തം സമ്പാദ്യങ്ങളെ സ്ത്രീധനത്തുകയായി നൽകി നേടിക്കൊടുത്ത ‘ഒഴിവുസമയ’ത്തെ സ്വയംസഹായപ്രവർത്തനങ്ങൾക്കായി ചെലവഴിക്കാനാണ് ഭരണകൂടം ആഹ്വാനം ചെയ്ത്. ഒഴിവുസമയം യഥാർത്ഥത്തിൽ ഉണ്ടായിരുന്നെങ്കിലും ഇല്ലെങ്കിലും സ്ത്രീകൾ ആ ആഹ്വാനത്തിന് ചെവികൊടുത്തു – കാരണം കുടുംബ-ബന്ധു-സമുദായവൃത്തങ്ങളിൽ ഒതുങ്ങിയ വീട്ടമ്മജീവിതത്തിനു പകരം വാർഡ്, പഞ്ചായത്ത് പരിധികളിൽ, ഒരുപക്ഷേ അതിനപ്പുറത്തേയ്ക്കും വളരാൻ സാധ്യതയുള്ള വിശാലമായ ജീവിതപരിസരത്തിൻറെ സാധ്യത കൂടി അതിലുണ്ടായിരുന്നു. കുടുംബശ്രീ, പഞ്ചായത്തുകൾ എന്നിവയിലെ പങ്കാളിത്തത്തെപ്പറ്റി സ്ത്രീകളുടെ തിരിച്ചറിവുകളെക്കുറിച്ചുണ്ടായ പഠനങ്ങളിൽ ഇത് വ്യക്തമായും കാണാം.
സ്വയംസഹായജനക്ഷേമത്തിൻറെ ഭാഗമായി അയൽക്കൂട്ടങ്ങളിലൂടെ ചെലവുകുറഞ്ഞ ചെറുവായ്പകൾ സർക്കാരിൻറെ ഉറപ്പോടെ, മുൻകൈയോടെ, പ്രവഹിക്കാൻ തുടങ്ങി. അന്നുവരെ ഔപചാരികധനകാര്യസ്ഥാപനങ്ങൾ നൽകുന്ന വായ്പകൾ ലഭ്യമല്ലായിരുന്ന ജനവിഭാഗങ്ങളെ ഭരണകൂടത്തിൻറെ നോട്ടപരിധിയിലെത്തിക്കാൻ ഇത് ഏറെ സഹായിച്ചു. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ സ്വകാര്യസാമ്പത്തികസ്ഥാപനങ്ങൾ ഉദാരവത്ക്കരണം മൂലം ദരിദ്രരനുഭവിച്ച സാമ്പത്തികബുദ്ധിമുട്ടുകളെ മുതലെടുത്ത് ഉയർന്ന പലിശയുള്ള ചെറുവായ്പകൾ നൽകിയ സമയത്തായിരുന്നു ഇത് – കേരളമാകട്ടെ, മുൻപു പറഞ്ഞതുപോലെ, നവലിബറിലിസത്തെ പാതിവഴിക്ക് നേരിടാനാണ് ശ്രമിച്ചത്. ജനക്ഷേമം വിഭവപുനർവിതരണത്തിൽ നിന്ന് സ്വയംസഹായ പ്രോത്സാഹനമായി മാറി. ജനക്ഷേമ ഉപഭോക്താക്കൾ സ്വന്തം നൽവാഴ്വ് സ്വയം കണ്ടെത്തേണ്ട ഉത്തരവാദിത്വമുള്ളവരായി കണക്കാക്കപ്പെട്ടു. പക്ഷേ സ്ത്രീകളെ ശാക്തീകരിച്ചതുകൊണ്ട്, വായ്പകളുടെ പലിശയെ കുറച്ചും നിയന്ത്രിച്ചും നിർത്തിയതുകൊണ്ട്, ഭരണകൂടത്തിന് ‘ധാർമ്മികകടപ്പാട്’ അവകാശപ്പെടാനും സാധ്യത ഉണർന്നു. അതായത്, ഉയർന്ന പലിശ ആവശ്യപ്പെട്ട അനൌപചാരിക ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് (പരിമിത)പരിരക്ഷ നൽകിയതിനു പകരം, ഗുണഭോക്താക്കളായ സ്ത്രീകൾ ഭരണകൂടത്തോട് ‘നന്ദിയുള്ളവർ’, ധാർമ്മികമായി ‘കടപ്പെട്ടവർ’ ആയി. അങ്ങനെ നോക്കുമ്പോൾ ധനകാര്യത്തിൽ കടക്കാരും കടം കൊടുക്കുന്നവരും തമ്മിലുള്ള ബന്ധത്തെ കൂടുതൽ തുല്യമാക്കാൻ സഹായിച്ചെങ്കിലും രാഷ്ട്രീയ അർത്ഥത്തിൽ ഭരണകൂടം ഋണദായകസ്ഥാപനമായി. ഇതുകൂടാതെ മറ്റൊന്നുകൂടിയുണ്ടായിരുന്നു — പരിചരണ മൂല്യങ്ങളിൽ (care values) അടിയുറച്ച നൈതികമായ ധനകാര്യമെന്ന ഫെമിനിസ്റ്റ് ആദർശത്തോട് അത്ര കാര്യമായ അടുപ്പമൊന്നും സർക്കാർ മുൻകൈയിൽ വളർന്ന സ്വയംസഹായ ധനകാര്യത്തിന് ഉണ്ടായിരുന്നില്ല.
അപ്പോൾ, സർക്കാർ നൽകുന്ന പലിശ കുറഞ്ഞ വായ്പകളുടെ ഗുണഭോക്കാക്കളെന്ന നിലയ്ക്കും, സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള സ്വയംസഹായ ശാക്തീകരണത്തിൻറെ ഗുണഭോക്താക്കൾ എന്ന നിലയ്ക്കും സ്ത്രീകൾ ഭരണകൂടത്തോട് കടപ്പെട്ടവരായി. ജനക്ഷേമത്തിൻറെ ചെലവു കുറഞ്ഞെന്നു മാത്രമല്ല, ഈ സ്ത്രീകളുടെ സമയം, ഊർജം, കഴിവുകൾ മുതലായവയെ തദ്ദേശതല ഭരണത്തിനാവശ്യമായ ചെലവുകുറഞ്ഞ അദ്ധ്വാനമാക്കി മാറ്റാനുള്ള ധാർമ്മികാധികാരവും ഭരണകൂടത്തിന് കൈവന്നു. 2000-ങ്ങളിൽ ഈ പരസ്പരബന്ധം പൂർവാധികം ഉറപ്പിക്കപ്പെട്ടു. ആ ദശകത്തിൻറെ ആദ്യവർഷങ്ങളിൽ കുടുംബശ്രീ സംസ്ഥാനമൊട്ടുക്ക് വ്യാപിച്ചു. 2005 മുതൽ തൊഴിലുറപ്പ് പരിപാടി കുടുംബശ്രീ ഏറ്റു നടപ്പാക്കിയതോടെ ആയിരക്കണക്കിനു സ്ത്രീകൾക്ക് കൂലിയുള്ള, സർക്കാർ പരിപാടിയുടെ മാന്യത അവകാശപ്പെടാവുന്ന, തൊഴിലും ഉണ്ടാതോടെ, ഇത് തീവ്രമായി.
ഈ പുതിയ ബന്ധത്തെയാണ് ഈ ലേഖനം പരിശോധിക്കുന്നത് – കേരളത്തിൽ ഭരണകൂടവും സമൂഹത്തിൻറെ കീഴ്ത്തട്ടുകളിലെ സ്ത്രീകളും തമ്മിൽ രൂപമെടുത്ത, പാർട്ട്നർഷിപ്പ് എന്ന് വിളിക്കപ്പെട്ട, ഈ ബന്ധത്തിൻറെ അധികാരവിവക്ഷകളെയാണ് ഈ ലേഖനം പിൻതുടരുന്നത്. ഇതു കൂടാതെ മൂന്നാമത്തെ പ്രബലശക്തിയായി വിശേഷിപ്പിക്കപ്പെടാവുന്നത്, ഉയർന്ന പലിശ വാങ്ങുകയും ഹിംസാപരമായ രീതിയിൽ തിരിച്ചടവ് ഉറപ്പാക്കുകയും ചെയ്യുന്ന, ധനകാര്യവിപണിയിലോ സമുദാസംഘടനകളിലോ വേരുള്ള, സ്വകാര്യ ധനസ്ഥാപനങ്ങളാണ്.
ദരിദ്രർ എന്ന വിഭാഗത്തെ ഏകശിലാപരമായി കാണുന്നുത് ശരിയല്ലെന്ന് തുടക്കത്തിലേ ചൂണ്ടിക്കാട്ടാൻ ആഗ്രഹിക്കുന്നു. 2006 മുതൽ 2020 വരെ പലപ്പോഴായി ചെയ്ത ഞങ്ങളുടെ ഫീൽഡ് പഠന ഡേറ്റയും ഇത്തരം ഏകീകരണം അനുവദിക്കുന്നില്ല. മേലാളരല്ലാത്ത എല്ലാ സ്ത്രീകളും ഒരുപോലെ കടക്കാരായിട്ടില്ല – കടക്കെണിയിൽ അകപ്പെട്ടു പോയവരുടെ ആന്തരികലോകം എല്ലാ ദരിദ്രസ്ത്രീകളും ഒരുപോലെ പങ്കിടുന്നില്ല. ഇക്കൂട്ടരിൽ ചിലർക്ക് പല സ്രോതസ്സുകളിൽ നിന്നുള്ള കടം അങ്ങോട്ടുമിങ്ങോട്ടും മറിച്ച് കടത്തിന് പൂർണമായും കീഴ്പെടാതെ നിൽക്കാനാവുന്നെങ്കിൽ, മറ്റു പലരും പലിശക്കാരുടെ സമർദ്ദങ്ങൾ മൂലം കടം ഉണ്ടാക്കുന്ന കടുത്ത കുറ്റബോധവും ആത്മനിന്ദയും നിറഞ്ഞ മാനസികാവസ്ഥയിൽ അകപ്പെട്ടുപോകുന്നു. കടത്തിനോടും കടപ്പാടിനോടും സ്ത്രീകളുടെ ചെറുത്തുനിൽപ്പും പരാജയവും ഏതുതരം സാഹചര്യങ്ങളിലാണ് നടക്കുന്നതെന്ന ഈ ലേഖനം പരിശോധിക്കുന്നു.
അതായത്, ലോകത്തിൻറെ മറ്റു പല ഭാഗത്ത് – വിശേഷിച്ച് മൂന്നാം ലോകം എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന രാജ്യങ്ങളിൽ — നവലിബറൽ വ്യവസ്ഥകൾ സൃഷ്ടിച്ച ഫലങ്ങളിലേക്ക് കേരളത്തിൻറെ ചരിത്രാനുഭവത്തെ യാന്ത്രികമായ ചുരുക്കാൻ ഞങ്ങൾ ശ്രമിക്കുന്നില്ല. ലാറ്റിൻ അമേരിക്കയിലും മറ്റു പ്രദേശങ്ങളിലും ഭരണകൂടത്തിൻറെ കാര്യമായ പിൻമാറ്റം ദരിദ്രരെ ഇരപിടിയൻ ധനകാര്യസ്ഥാപനങ്ങളുടെ ചൂഷണത്തിനു വിട്ടുകൊടുത്തു. കേരളത്തിൽ ഭരണകൂടം മാദ്ധ്യസ്ഥ്യനില കൈക്കൊണ്ട് കടംകൊടുക്കുന്നവരും കടമെടുക്കുന്നവരും തമ്മിലുള്ള ബന്ധത്തെ സമതുലിതാവസ്ഥയിൽ നിർത്താൻ ശ്രമിച്ചു. ഇത് അപൂർവമായ മാതൃകയാണ്. തിരിച്ചടവ് സുഗമമാക്കാനാവശ്യമായ സ്ഥാപനപരമായ ഏർപ്പാടുകൾ ചെയ്തുകൊണ്ട് കടംകൊടുക്കുന്ന ബാങ്കുകൾക്ക് സഹായമാവുകയും, ഒപ്പം പലിശാനിരക്ക് കുറച്ചും ലിങ്കേജ് ലോണിന് അർഹരാകുന്ന സ്വയംസഹായസംഘങ്ങൾക്ക് മാച്ചിങ് ഗ്രാൻറ് നൽകിയും ഭരണകൂടം അയൽക്കൂട്ടങ്ങൾക്ക് സാമ്പത്തികമായ കൈത്താങ്ങായി.
പക്ഷേ ഇത്, മുകളിൽ സൂചിപ്പിച്ചതു പോലെ, വളരെ സവിശേഷമായ ഒരു കടം, കടപ്പാട്, സൃഷ്ടിക്കുന്നുമുണ്ട്. കേരളത്തിൽ രൂപീകരിക്കപ്പെട്ട സ്ത്രീകളുടെ സ്വയംസഹായസംഘ ശൃംഖല സർക്കാർ മുൻകൈയിൽ, നിർമ്മിക്കപ്പെട്ട ഭരണകൂട കേന്ദ്രിത വികസന സിവിൽസമൂഹമാണ്. ഈ സിവിൽ സമൂഹവും ഭരണകൂടവും തമ്മിലുള്ള ബന്ധത്തിലെ കൊടുക്കൽവാങ്ങലുകൾ പ്രായോഗികതലത്തിൽ നന്ദിയുടെയും കടപ്പാടിൻറെയും ഭാഷയിലാകുമ്പോൾ അത് ഭരണകാര്യങ്ങൾക്കായി സ്ത്രീകളുടെ സമയത്തെ, കഴിവുകളെ, അദ്ധ്വാനത്തെ, വളരെ വലിയ അളവുകളിൽ ചൂഷണം ചെയ്യാൻ ഭരണകൂടത്തിനുള്ള ന്യായീകരണമാകുന്നു. പൌരത്വത്തിൻറെയും അവകാശങ്ങളുടെയും ഭാഷയുടെ അടിവേരറുക്കാൻ കടപ്പാടിൻറെ ഭാഷയ്ക്കു കഴിയും. കുടുംബശ്രീവനിതകളുടെ ജീവിതങ്ങളിൽ വ്യക്തികളുടെ സ്വന്തം ജീവിതവും തൊഴിൽജീവിതവും വേർപിരിക്കാൻ ബുദ്ധിമുട്ടായവിധം കെട്ടുപിണഞ്ഞാണ് കിടക്കുന്നതെന്ന് സമീപകാല ഗവേഷണം സൂചിപ്പിക്കുന്നു – അതുപോലെ അവരുടെ പ്രവർത്തനങ്ങളിൽ വിമോചകസ്വഭാവമുള്ള ഘടകങ്ങളെയും അങ്ങനെയല്ലാത്തവയെയും വേർതിരിക്കാൻ എളുപ്പമല്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പൊതുരംഗത്തെ ഈ ഉത്തരവാദിത്വങ്ങളും അദ്ധ്വാനവും സ്ത്രീകളുടെ ഗാർഹിക ഉത്തരവാദിത്വങ്ങളെയും അദ്ധ്വാനത്തെയും അനുകരിക്കുന്നതുപോലെ തോന്നിയേക്കാം.
ഇതുകൂടാതെ, ഈ ലേഖനത്തിലൂടെ കുടുംബശ്രീ എന്ന വികസന സിവിൽസമൂഹത്തിന് ഒരു പുറംലോകം ഉണ്ടെന്ന് എടുത്തുപറയാനും ഞങ്ങൾ ആഗ്രഹിക്കുന്നു. മലയാളിസമൂഹത്തിലെ ഏറ്റവും ദുർബലരായവർ അധിവസിക്കുന്ന ലോകമാണിത്. 2020-21 വർഷങ്ങളിൽ ഞങ്ങളുടെ ഗവേഷണ അഭിമുഖങ്ങൾ മിക്കവയും അനൌപചാരിക- അസംഘടിത മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളിസ്ത്രീകളുടേതായിരുന്നു. കടത്തിൽ അകപ്പെട്ടു പോയ വിഷയി അനുഭവിക്കുന്ന മുഴുവൻ ചൂഷണവും അപമാനവും കുറ്റബോധവും അരക്ഷിതാവസ്ഥയും തീരാസങ്കടവും ആശങ്കകളുമാണ് ആ അഭിമുഖങ്ങളിൽ നിഴലിച്ചത്. വേണ്ടത്ര ശ്രദ്ധയോടെ സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്യാൻ കൂട്ടാക്കാത്ത വിഷയികളായി സർക്കാർ ഇവരെ കണ്ടേക്കാം. എന്നാൽ തങ്ങളുടെ കായികമൂലധനം, അദ്ധ്വാനശേഷി എന്നിവയ്ക്ക് നൽകാനാവുന്നതിന് എത്രയോ അധികം അവരിൽ നിന്ന് ഇരപിടിയൻ ധനകാര്യസ്ഥാപനങ്ങൾ ചൂഷണംചെയ്യുന്നുണ്ട്. ഇങ്ങനെ അകപ്പെട്ടു പോയവർ പേറുന്ന മാനസികനിലയുടെ പ്രത്യാഘാതങ്ങളെ പരിശോധിക്കാനും ഈ ലേഖനം ശ്രമിക്കുന്നു.
തീർച്ചയായും 1990-കളിലെ ജനക്ഷേമഗുണഭോക്താക്കൾ പഴയകാല ആശ്രിതരെപ്പോലെയല്ല. അതായത്, തമ്പുരാക്കന്മാരുടെ ഔദാര്യത്തെ സ്വീകരിച്ച് നിഷ്ക്രിയനിലയിൽ തുടരുന്ന ആശ്രിതരല്ല ഇന്നത്തെ സർക്കാർ ജനക്ഷേമത്തിൻറെ ഗുണഭോക്താക്കൾ. അനുസരണയുടെ അംശം എല്ലാത്തരം നന്ദിബന്ധങ്ങളിലും ഉണ്ടാകുമെന്നത് സത്യമാണ്, പക്ഷേ ഇവിടെ ചർച ചെയ്യുന്ന ബന്ധത്തിൽ സഹായം സ്വീകരിക്കുന്നവർ നിഷ്ക്രിയരല്ല – അവർ തിരിച്ചുകൊടുത്ത് ആ ബന്ധത്തിൽ തുല്യത നിലനിർത്താൻ ശ്രമിക്കുന്നവരാണ്. മുൻകാല ഋണബന്ധങ്ങളിൽ നിന്നു വ്യത്യസ്തമായി ഇവിടെ പരിശോധിക്കുന്ന പുതിയ ഋണബന്ധത്തിൽ പലപ്പോഴും ആ ബന്ധത്തിൻറെ സമ്മർദ്ദങ്ങളിൽ നിന്ന് വഴുതിമാറാനോ ഒഴിഞ്ഞുനിൽക്കാനോ കടബാധ്യത വഹിക്കുന്നവർ ശ്രമിക്കുന്നു. ഞങ്ങളുടെ ഫീൽഡ് പഠനങ്ങളിൽ തങ്ങളുടെ ഗുണഭോക്തൃനിലയെ പരിഷ്ക്കരിക്കാനും സാമ്പത്തികകടവും ധാർമ്മികകടപ്പാടും ഉണ്ടാക്കുന്ന നിശ്ചലാവസ്ഥയിൽ നിന്നു രക്ഷപ്പെടാനും പല വിഭാഗക്കാരായ സ്ത്രീകൾ നടത്തുന്ന ശ്രമങ്ങളുടെ നിരവധി ഉദാഹരണങ്ങളുണ്ട്. ഒരു കടത്തെ മറ്റൊരു കടം കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും പരിഹരിക്കുന്ന റോളിങ് തന്ത്രങ്ങൾ മുതൽ സർക്കാരിനെതിരെയുള്ള തുറന്ന പ്രതിഷേധം വരെയുള്ള തന്ത്രങ്ങൾ ഉണ്ട്, ഇവയിൽ — കൂടാതെ, ഉടമ്പടിസ്വഭാവമുള്ള സ്വത്വത്തിനു പകരം കൂറുബന്ധങ്ങളിൽ അധിഷ്ഠിതമായ സ്വത്വത്തെ മുറുക്കെ പിടിക്കുന്നതിലൂടെ ഉണ്ടാകുന്ന ചെറുത്തുനിൽപ്പും.
<strong>2. കുടുംബശ്രീ – ഒരു രാഷ്ട്രീയ ആമുഖം</strong>
1990കളിൽ കേരളത്തിലെ പല ദരിദ്ര-പിന്നോക്ക ഇടങ്ങളിലും നടന്ന സ്ത്രീകേന്ദ്രീകൃത സ്വയംസഹായ പരീക്ഷണങ്ങളുടെ ഒടുവിൽ 1998 മുതൽ കേരളത്തിലങ്ങോളമിങ്ങോളം സർക്കാർ മേൽനോട്ടത്തിൽ കുടുംബശ്രീ സ്ത്രീ സ്വയം സഹായ ശൃംഖല സാർവ്വത്രിക സാന്നിദ്ധ്യമായി. 1950കൾ മുതൽ ഇവിടെ നിലവിലുണ്ടായിരുന്ന ജനക്ഷേമവ്യവസ്ഥയെ അത് മാറ്റിയെഴുതി. 1940കൾ മുതൽ 1980കൾ വരെ ശക്തമായ തൊഴിലാളിസമരങ്ങളും സാമൂഹ്യ ജനാധിപത്യത്തെ ഊന്നിയ രാഷ്ട്രീയപ്രസ്ഥാനങ്ങളും ചെലുത്തിയ പൊതുസമ്മർദ്ദം മൂലം ജനക്ഷേമവിഭവങ്ങൾ — വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, അടിസ്ഥാന സാമൂഹ്യസുരക്ഷ – മിനിമം അളവിൽ എങ്കിലും ജനങ്ങൾക്കു നൽകാൻ ഇവിടുത്തെ ഭരണകൂടം നിർബന്ധിക്കപ്പെട്ടു. എന്നാൽ കുടുംബശ്രീയുടെ വരവോടെ ഈ ജനക്ഷേമവ്യവസ്ഥ ഇല്ലാതായില്ല — പെൻഷനുകളും മറ്റു വിഭവവിതരണവും തുടരുക തന്നെ ചെയ്തു.
എങ്കിലും 1990കളോടെ ഭരണകൂടത്തിൻറെയും രാഷ്ട്രീയ ഇടതുപക്ഷത്തിൻറെയും ജനക്ഷേമ ഭാവനയിൽ സ്വയംസഹായ സംസ്കാരം ചേക്കേറി. മുൻപുണ്ടായിരുന്ന ജനക്ഷേമ വ്യവസ്ഥയുടെ കേന്ദ്രവിഷയി സംഘടിത തൊഴിലാളിവർഗപുരുഷനായിരുന്നെങ്കിൽ, സ്വയംസഹായ ജനക്ഷേമ വ്യവസ്ഥയിൽ ആ സ്ഥാനം താണ-ഇടത്തരം, ദരിദ്ര കുടുംബങ്ങളിലെ വീട്ടമ്മയ്ക്കായി. തൊഴിലാളിവർഗ പുരുഷന് ക്ഷേമവിഭവങ്ങൾ അവകാശമായി നേരിട്ടു ലഭിച്ചവയായിരുന്നു – ഇടതുരാഷ്ട്രീയം ഭരണകൂടത്തിൽ നിന്ന് പിടിച്ചെടുത്തവ, തൊഴിലാളി അദ്ധ്വാനം പകരം കൊടുക്കേണ്ടാത്തവ, പേരിനു മാത്രം വില നൽകേണ്ടിയിരുന്നവ. എന്നാൽ കുടുംബശ്രീയിലൂടെ വീട്ടമ്മമാർക്കു ലഭിച്ച ജനക്ഷേമവിഭവങ്ങൾ സ്വയംസഹായത്തിലൂടെ – വിപണിയിലേക്കുള്ള പ്രവേശനത്തിലൂടെ – സ്വന്തം ക്ഷേമം സ്വയം സൃഷ്ടിക്കാനുള്ള സഹായം മാത്രമായിരുന്നു. 1998ൽ ആരംഭിച്ച കുടുംബശ്രീ ശൃംഖല 2002ഓടെ കേരളത്തിൽ മിക്ക സ്ഥലങ്ങളിലും നിലവിൽവന്നു.
നവലിബറൽ വികസനവീക്ഷണങ്ങളിൽ പ്രമുഖസ്ഥാനമുളള സാമൂഹ്യമുതൽമുടക്ക് (social investment) മാതൃകയോടാണ് കുടുംബശ്രീയ്ക്ക് അടുപ്പം. അതുപ്രകാരം സാമ്പത്തിക സ്വയം സഹായമാണ് സ്ത്രീവിമോചനത്തിൻറെ നാരായവേര്. കേരള സംസ്ഥാന ആസൂത്രണ ബോർഡ് പ്രസിദ്ധീകരണമായ ഇക്കണോമിക് റിവ്യുവിൽ (2002) സാമൂഹ്യ മുതൽമുടക്ക് വ്യവഹാരത്തിൽ സ്ത്രീശാക്തീകരണം സാധ്യമാകുന്നതെങ്ങനെ എന്നു വിശദീകരിക്കുന്ന ഒരു ഫ്ലോ ചാർട്ട് ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വയംസഹായ വിഷയികൾ സ്വാഭാവികമായി ലിബറൽ സ്വാതന്ത്ര്യങ്ങളിലേക്ക് ഉയരുന്നതെങ്ങനെ എന്ന് കാണിക്കാൻ ശ്രമിക്കുന്ന ഉള്ളടക്കമാണ് അതിൻറേത്. സർക്കാർ പദ്ധതികളെക്കുറിച്ചും ദരിദ്രർക്ക് സർക്കാർ നൽകുന്ന സേവനങ്ങളെക്കുറിച്ചും മെച്ചപ്പെട്ട അവബോധം കുടുംബശ്രീവനിതകൾക്കിടയിൽ സൃഷ്ടിക്കുന്നതാണ് തുടക്കം. ഈ സേവനങ്ങൾ കൂടുതൽ ഉപയോഗിക്കാൻ ഇതിലൂടെ സ്ത്രീകൾ പ്രേരിപ്പിക്കപ്പെടുന്നു. ഇത് കൂടുതൽ സമ്പാദ്യത്തിലേക്ക് അവരെ നയിക്കുമെന്നും, സ്ത്രീകൾ അവരുടെ സമ്പാദ്യത്തെ കൂട്ടിച്ചേർക്കുമെന്നും, അവരുടെ കുടുംബങ്ങൾ സാമ്പത്തികപ്രതിസന്ധികളോ ഉപഭോഗ ആവശ്യങ്ങളോ നേരിടുംമ്പോൾ ഈ കൂട്ടുസമ്പാദ്യം പ്രയോജനപ്പെടുത്തുമെന്നുമാണ് അടുത്ത അവകാശവാദം. ഇങ്ങനെ വിഭവങ്ങൾ സ്വയം സൃഷ്ടിക്കുകയും വിനിയോഗിക്കുകയും ചെയ്യുന്നത് ക്രമേണ സ്വയംസഹായ സാമ്പത്തിക പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുമെന്നും. ഇതാകട്ടെ, തദ്ദേശതലത്തിൽ അടിസ്ഥാന ആവശ്യങ്ങൾ, അടിസ്ഥാന പശ്ചാത്തല സൌകര്യങ്ങൾ, മൈക്രോ സാമ്പത്തിക സംരംഭങ്ങൾ, ഇവയുടെ ആസൂത്രണത്തിൽ സ്ത്രീകൾ പങ്കാളികളാകുന്നതിലേക്കു നയിക്കും. മുൻപു തന്നെ നിലവിലുണ്ടായിരുന്ന സ്ത്രീകളുടെ സാമ്പത്തിക സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കുന്ന ഫലം ഇതു ചെയ്യും – ഇതു മൂലം ബാങ്കുകളിൽ നിന്നുള്ള കടങ്ങൾ കൂടുതൽ ആവശ്യമാകും. ഇതിലൂടെ സ്ത്രീകൾ കൂടുതൽ കരുത്താർജിക്കുകയും അടിസ്ഥാന ജനക്ഷേമവിഭവങ്ങൾക്കുപരിയായി മെച്ചപ്പെട്ട പൊതുസേവനങ്ങൾ, സർക്കാർ സഹായങ്ങൾ, സ്ത്രീകൾ സ്വയം കൈകാര്യം ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്ന പൊതുസ്വത്തുക്കൾ (ജലവിതരണ ശൃംഖല പോലെ) – ഇവ ആവശ്യപ്പെടുകയും ചെയ്യും. മാത്രമല്ല, മദ്യാസക്തി പോലുള്ള സാമൂഹ്യതിന്മകളെ ഇല്ലാതാക്കാനുള്ള പൊതുപ്രതിഷേധങ്ങളിലേക്ക് ഇത് അവരെ നയിക്കും. അവസാനമായി, പൊതു-രാഷ്ട്രീയ ഇടത്തിൽ വികസനനയങ്ങളെ സ്വാധീനിക്കുംവിധം ദരിദ്രസ്ത്രീകൾ വളരും.
ചുരുക്കിപ്പറഞ്ഞാൽ, മാറ്റങ്ങളുടെ ക്രമം ഇപ്രകാരമാണ് – സർക്കാർ വിഭവങ്ങൾ, സേവനങ്ങൾ മുതലായവ ഉപയോഗിച്ചും, സ്വയം സമ്പാദിച്ചും സ്ത്രീകൾ ആദ്യം കുടുംബങ്ങളുടെ സാമ്പത്തികസ്ഥിരത ഉറപ്പിക്കുന്നു. പിന്നെ അവർ കൂടുതൽ വിഭവങ്ങൾ ആവശ്യപ്പെടുന്നു, മദ്യാസക്തി പോലുള്ള സാമൂഹ്യതിന്മകളെ ഇല്ലാതാക്കുന്നു, ഒടുവിൽ വികസന നയ രൂപീകരണത്തിൽ ഇടപെടുന്ന പൂർണ പൌരകളായി അവർ ഉയരുന്നു. ഇതാണ് താണ-ഇടത്തരം, ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകളുടെ സമയം, ഊർജം, കഴിവുകൾ എന്നിവയ്ക്കു പകരം സർക്കാർസഹായത്തോടെ സൃഷ്ടിക്കപ്പെടുമെന്ന് ഉറപ്പുനൽകപ്പെട്ട സ്ത്രീശാക്തീകരണം (women’s empowerment) -ഫലത്തിൽ.
കുടുംബശ്രീയുടെ പ്രവർത്തനത്തെ പറ്റി സാമാന്യം വലുതായ ഗവേഷണസാഹിത്യം ഇന്ന് ലഭ്യമാണ്. കേരളത്തിലെ താണ-ഇടത്തരം കുടുംബങ്ങളിലെ വീട്ടമ്മമാർക്ക് കുടുംബ-സമുദായ വൃത്തങ്ങൾക്കപ്പുറം കടക്കാൻ സാമൂഹ്യ അംഗീകാരമുള്ള ഒരു കവാടമായി അതു മാറിയെന്നും, അതിലൂടെ ഇവരിൽ പലർക്കും തങ്ങളുടെ ആത്മവിശ്വാസം, സർക്കാർ സംവിധാനത്തെയും പരിപാടികളെയും പറ്റിയുള്ള അറിവുകൾ, സാമൂഹ്യബന്ധങ്ങൾ, തദ്ദേശതലസ്വാധീനം മുതലായ കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചുവെന്നും ഈ പഠനങ്ങൾ ഏറെക്കുറേ ഏകകണ്ഠേന അംഗീകരിക്കുന്നുണ്ട്. അതേ സമയം കുടുംബശ്രീ സംവിധാനം സ്ത്രീകളെ സമൂഹത്തിൻറെ സദാചാരചുഴിഞ്ഞുനോട്ടത്തിൽ നിന്നോ സാമൂഹ്യനിയന്ത്രണത്തിൽ നിന്നോ കാര്യമായി മോചിപ്പിച്ചില്ലെന്നും, കുടുംബശ്രീ ചെറുസംരംഭങ്ങളിൽ നിന്നുള്ള വരുമാനം വളരെ കുറവാണെന്നും, സ്ത്രീകൾ സപ്ലിമെൻററി തൊഴിലാളികളായി സമ്പാദിച്ചതിൽ നിന്ന് അധികമൊന്നും അവർക്കു കിട്ടുന്നില്ലെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നുണ്ട് — മാത്രമല്ല, കുടുംബശ്രീ സംരംഭങ്ങൾ പലപ്പോഴും പ്രച്ഛന്ന കൂലിവേലയെ ആണ് സൃഷ്ടിക്കുന്നതെന്നും (ഉദാഹരണത്തിന്, പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ കെ പി കണ്ണൻ — Kannan and Raveendran 2023). താരതമ്യേന വിജയം കണ്ട സംരംഭങ്ങൾ ഒന്നുകിൽ സർക്കാർ സഹായങ്ങൾ, അല്ലെങ്കിൽ സർക്കാർ ഉറപ്പാക്കുന്ന വിപണി, ഇവയുടെ ബലത്തിൽ നിലനിൽക്കുന്നവയോ, സ്ത്രീയുടെ വീട്ടുത്തരവാദിത്വങ്ങളെയും വരുമാനം നേടാനുള്ള പ്രവർത്തനങ്ങളെയും വിജയകരമായി സമതുലിതാവസ്ഥയിൽ നിർത്തുന്നവയോ ആണെന്നും ഗവേഷകർ പറയുന്നു.
സ്ത്രീകൾക്ക് സ്വയംസഹായസംഘങ്ങൾ വഴി കിട്ടുന്ന ചെറുവായ്പകൾ അവരുടെ വീട്ടിനുള്ളിലെ പേശൽസാധ്യതയെ കൂട്ടുന്നുവെന്ന് പൊതുവെ മൈക്രോഫൈനാൻസിനെ പറ്റിയുള്ള ചർച്ചകൾ ചൂണ്ടിക്കാണിക്കാറുണ്ട്. ഇത് കേരളത്തിലും നടക്കുന്നുണ്ടെന്ന് കേരള സംസ്ഥാന പ്ലാനിങ് ബോർഡിൻറെ വാർഷിക പ്രസിദ്ധീകരണമായ ഇക്കണോമിക്ക് റിവ്യൂ പല വർഷങ്ങളിലും തുടർച്ചയായി അവകാശപ്പെട്ടിട്ടുണ്ട്. എന്നാൽ പണകാര്യങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ ആശ്രിക്കുന്ന കുടുംബങ്ങളിൽ കുടുംബ കടങ്ങളുടെ ഉത്തരവാദിത്വം സ്ത്രീയുടെ ചുമലിലേക്കു നീങ്ങുകയും, എന്നാൽ പുരുഷനോടുള്ള ആശ്രിതത്വം കുറയാതിരിക്കുകയും ചെയ്യുന്ന അവസ്ഥയും അതിസാധാരണമായിരിക്കുന്നുവെന്ന് പല ഗവേഷണപഠനങ്ങളും കാണിക്കുന്നു. അതായത്, മുമ്പുതന്നെ നിലവിലുള്ള കുടുംബത്തിനുള്ളിലെ ലിംഗപരമായ ആശ്രിതത്വങ്ങളെ കുടുംബശ്രീ ചെറുവായ്പാലഭ്യത കുറയ്ക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്ന് ഈ പഠനങ്ങൾ സൂചിപ്പിക്കുന്നു. മാത്രമല്ല, ദരിദ്രകുടുംബങ്ങളിൽ അവ സ്വയംസഹായത്തിനല്ല പലപ്പോഴും ഉതകുന്നത് – അദ്ധ്വാനശേഷിനഷ്ടത്തിനെതിരെയുള്ള അല്പമായ പരിരക്ഷയാണ് ഈ ചെലവു കുറഞ്ഞ വായ്പകൾ. സ്ത്രീകളുടെ വില കുടുംബത്തിനുള്ളിൽ അവ മൂലം ഉയർന്നേക്കാം, പക്ഷേ കടത്തിൻറെ ഭാരം മുഴുവൻ അവരുടെ തോളിൽ തന്നെയാണ്.
ഞങ്ങളുടെ ഫീൽഡ് പഠനങ്ങളിൽ ഇതിൻറെ രൂക്ഷത എത്രയോ പ്രത്യക്ഷമായിരുന്നു. ചെലവു കുറഞ്ഞ സർക്കാർ വായ്പകൾ ചെലവു കൂടിയ സ്വകാര്യ ധനസ്ഥാപനവായ്പകളുടെ തിരിച്ചടവിനായി ഉപയോഗിക്കപ്പെടുമ്പോൾ സർക്കാർ സബ്സിഡി ശരിക്കും സുഗമമാക്കുന്നത് സ്വകാര്യ പണിമാടുസ്ഥാപനങ്ങളുടെ കടംകൊടുപ്പിനെയാണ്.
എന്നാൽ സാമ്പത്തിക സ്വയംസഹായം നേടുക എന്നതിലുപരി, സർക്കാരിന് ഭരണപരമായ ആവശ്യങ്ങൾ നിർവ്വഹിക്കാൻ നിയോഗിക്കാവുന്ന, പെട്ടെന്നു വിളിച്ചു ചേർക്കാവുന്ന ഒരു അദ്ധ്വാനസേന കൂടിയാണ് കുടുംബശ്രീവനിതകൾ, ഇന്ന്. സർക്കാരിനു വേണ്ടി വിവരശേഖരണം നടത്താൻ, മുകളിൽ നിന്ന് പ്രഖ്യാപിക്കപ്പെടുന്ന ക്ഷേമസേവനങ്ങൾ നടപ്പിലാക്കാൻ, ദുരന്ത-പ്രതിസന്ധിഘട്ടങ്ങളിൽ പ്രവർത്തിക്കാൻ, വളരെ ചെറിയ കൂലിക്കോ, കൂലിയില്ലാതെയോ, തയ്യാറായ വലിയ തൊഴിൽസേനയായി അവർ കണക്കാക്കപ്പെടാറുണ്ട്. അങ്ങനെയുള്ള അവസരങ്ങളിൽ അവർക്ക് വിപണിയുടെ ലാഭയുക്തിയെ ഒഴിവാക്കേണ്ടിവരുന്നു. 2000ങ്ങളിൽ നാം അനുഭവിച്ചു തുടങ്ങിയ പകർച്ചവ്യാധികളിലും 2018ലെ വെള്ളപ്പൊക്കത്തിലും, 2020ലെ മഹാമാരിക്കാലത്തും കേരളസർക്കാർ കുടുംബശ്രീവനിതകളുടെ അദ്ധ്വാനശേഷിയെ കാര്യമായി പ്രയോജനപ്പെടുത്തി. നിരാശ്രയർക്കായി സർക്കാർ പഞ്ചായത്തുകൾ വഴി നടത്തുന്ന പരിചരണപരിപാടികൾ, സാമൂഹ്യ അസ്പൃശ്യത ഇപ്പോഴും നിലവിലുള്ള ചില തൊഴിലുകൾ (ഉദാഹരണത്തിന്, ചവർ നിർമാർജനം), ലാഭകരമല്ലാത്തതുകൊണ്ട് പുരുഷന്മാർ ഉപേക്ഷിച്ചു പോയ തൊഴിലുകൾ (കൃഷി) എന്നിവയിലും കുടുംബശ്രീവനിതകളുടെ അദ്ധ്വാനമാണ് വിനിയോഗിക്കപ്പെട്ടത്.
ഈ തൊഴിലുകളിൽ ചിലത്, ചിലർക്ക്, ലാഭകരമായി എന്നത് ഒരു കാര്യം. എന്നാൽ സർക്കാർ നിർവ്വഹിക്കേണ്ടതായ പല ഉത്തരവാദിത്വങ്ങളെയും സ്വയംസഹായമാക്കി മാറ്റി ചെലവു കുറച്ചതിൻറെ ഭാരം ഈ സ്ത്രീകൾ തന്നെയാണ് വഹിക്കുന്നതെന്ന് നിസ്സംശയം പറയാം. ചുരുക്കിപ്പറഞ്ഞാൽ, കേരളത്തിലെ താണ-ഇടത്തരം, ദരിദ്രകുടുംബങ്ങളിലെ വീട്ടമ്മമാർ സ്വയംസഹായസാമ്പത്തികപ്രവർത്തനത്തിലൂടെ സ്വന്തം കുടുംബത്തിൻറെ നിലനിൽപിന് സഹായകമായ വരുമാനം ഉണ്ടാക്കുന്നവർ എന്നതിനപ്പുറം തദ്ദേശതല ക്ഷേമ-പരിചരണപ്രവർത്തനങ്ങൾക്കും സർക്കാരിനറെ ഭരണപരമായ ആവശ്യങ്ങൾക്കും വേണ്ട അദ്ധ്വാനം കാഴ്ചയ്ക്കുന്നവരായി. പരിചരണ അദ്ധ്വാനത്തിൻറെ സ്രോതസ്സുകളായി സ്ത്രീകളെ കാണുന്ന രീതി കുടുംബത്തിനു പുറത്ത് വീണ്ടും ഉറപ്പിക്കപ്പെട്ടു.
കേരളത്തിലെ ഭരണകൂടത്തിൻറെ ജനക്ഷേമമുഖച്ഛായയെ കേടുകൂടാതെ കാക്കാൻ ഇവിടുത്തെ ഇടതും വലതും രാഷ്ട്രീയകക്ഷികൾ ശ്രമിച്ചിട്ടുണ്ട്. 1993 മുതലുള്ള ഇക്കണോമിക് റിവ്യൂ ലക്കങ്ങളിൽ നിന്ന് മനസ്സിലാക്കാവുന്ന ഒരു കാര്യം, കേരളത്തെ മുതൽമുടക്കാൻ തയ്യാറുള്ളവരോട് സൌഹാർദ്ദപരമായ സമീപനമുള്ള സ്ഥലമായി സ്ഥാപിക്കാനുള്ള വ്യഗ്രതയാണ്. പശ്ചാത്തലസൌകര്യവികസനത്തെ ഊന്നുന്ന വികസനഭാവന പതുക്കെ ഈ പ്രസിദ്ധീകരണത്തിൻറെ താളുകളിൽ വളരുന്നതും കാണാം. 2000ങ്ങളിലും ശേഷവും ഇത് പൂർവ്വാധികം ശക്തമായി. ഈ സാഹചര്യത്തിൽ, കേരളത്തിലെ ഭരണകൂടം സാമൂഹ്യജനാധിപത്യസ്വഭാവമുള്ള ജനക്ഷേമത്തോട് മാറ്റമില്ലാത്തവിധം പ്രതിബദ്ധത പുലർത്തുന്നവെന്ന പ്രതീതി സജീവമാക്കി നിർത്തിയതിൽ കുടുംബശ്രീ വനിതകളുടെ കൂലി കുറഞ്ഞതോ കൂലിയില്ലാത്തതോ ആയ പരിചരണ- തദ്ദേശതലഭരണ അദ്ധ്വാനങ്ങൾക്ക് വലിയ പങ്കുതന്നെ ഉണ്ടായിരുന്നു.
കുടുംബശ്രീയുടെ വരവ് സ്ത്രീകൾക്ക് കഷ്ടകാലം വരുത്തി എന്നല്ല പറഞ്ഞുവരുന്നത്. മുൻപത്തെ അപേക്ഷിച്ച് കുടുംബശ്രീയിലൂടെ സ്ത്രീകൾ കൂലിയുള്ള ജോലികൾ കൂടുതലായ സ്വീകരിച്ചുവെന്നത് തീർച്ചതന്നെ. പ്രത്യേകിച്ച് തൊഴിലുറപ്പു പണികൾ ഗ്രാമപ്രദേശങ്ങളിൽ ലഭ്യമായതോടെ. തൊഴിലുറപ്പു ജോലിയിൽ സ്ത്രീതൊഴിലാളികൾക്ക് കൂലിക്കൂടുതൽ കിട്ടിയത് മൂലം പുറത്തുള്ള ജോലിയിലും അവരുടെ വേതനം വർദ്ധിച്ചതായി പഠനങ്ങൾ കാണിക്കുന്നുണ്ട്. മാത്രമല്ല, പാർപ്പിടം മുതലായ ക്ഷേമവിഭവങ്ങളും താണ-ഇടത്തരം വിഭാഗക്കാരിലേക്കെങ്കിലും ഫലപ്രദമായി എത്തുന്നുണ്ടെന്നും പറയാം.
എന്നാൽ ഇത് ആശ്വാസകരമല്ല. കാരണം, മാറ്റമുണ്ടെങ്കിലും, സാമ്പത്തിക സ്ഥിരത കുറഞ്ഞ കുടുംബങ്ങൾക്ക് ക്ഷതസാധ്യതകളിൽ നിന്ന് കരകയറാനുള്ളത്ര മാറ്റം ഉണ്ടായിട്ടില്ലെന്നു തന്നെ ഗവേഷകർ ഓർമ്മിപ്പികുന്നു. തന്നെയുമല്ല, കുടുംബശ്രീ വനിതകൾ വഹിക്കുന്ന അദ്ധ്വാനഭാരം അവരുടെ കുടുംബാംഗങ്ങളുടേതിനെ അപേക്ഷിച്ച് എത്രയോ അധികമാണെന്ന് ഗവേഷകർ നിരീക്ഷിക്കുന്നു. അവരുടെ കായിക മൂലധനത്തെ, അദ്ധ്വാനശേഷിയെ, പരിരക്ഷിക്കാനുള്ള കാര്യമായ ശ്രമങ്ങളൊന്നും തന്നെ സർക്കാർപക്ഷത്തു നിന്നും ഉണ്ടാകുന്നില്ലെന്നും ചൂണ്ടിക്കാണിക്കുന്നു (Kannan and Raveendran 2023).
പല നേട്ടങ്ങൾക്കും കാരണമായിട്ടുണ്ടെങ്കിലും, കുടുംബശ്രീയെ കാല്പനികവത്ക്കരിക്കുന്നത് ഗുണകരമല്ലെന്നാണ് ലഭ്യമായ ഗവേഷണപഠനങ്ങൾ നൽകുന്ന സൂചന. അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും അത് നൽകുന്ന പരിരക്ഷയ്ക്ക് കാര്യമായ പരിമിതികളുണ്ട്. എന്തായാലും കടത്തിൽ നിന്ന് കാര്യമായ രക്ഷയൊന്നും അത് നൽകുന്നുമില്ല.
<strong>3. ‘പങ്കാളിത്ത ഭരണീയത’യും (Participatory Governmentality) ലിംഗവത്കൃതമായ ‘കടപ്പാടുസംസ്കാര’വും</strong>
പുതിയ നൂറ്റാണ്ടിൻറെ ആദ്യവർഷങ്ങളിൽ കേരളത്തിൽ അങ്ങോളമിങ്ങോളം സ്ത്രീകളുടെ സ്വയംസഹായസംഘങ്ങൾ രൂപീകരിച്ച സമയത്ത് മലയാളി ഇടതുരാഷ്ട്രീയത്തിൻറെ ഹൃദയഭാഗത്തു തന്നെ നിലനിന്നിരുന്ന ‘പൊതുജനം’ (People) എന്ന സങ്കല്പത്തിന് മാറ്റം സംഭവിച്ചുതുടങ്ങി. സമരോത്സുക സോഷ്യലിസ്റ്റ് പുനർവിതരണത്തിൻറെ വിഷയിയായിരുന്ന ‘പൊതുജന’ത്തിനു പകരം സർക്കാർ അളവുകോലുകൾ പ്രകാരം അളക്കാവുന്ന, തരംതിരിക്കാവുന്ന, വർഗീകരിക്കാവുന്ന, പരിശോധനയിലൂടെ സ്ഥിരീകരിക്കാവുന്ന, ഭരണവിധേയരായ, വിഭവരഹിതർ വിഭവവിതരണ രാഷ്ട്രീയത്തിൻറെ കേന്ദ്രത്തിലേക്കുയർന്നു. ജനങ്ങളുടെ അവകാശമായി ജനക്ഷേമത്തെ വീക്ഷിക്കുന്ന രീതിയ്ക്കു പകരം ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്ക് മുകളിൽ നിന്ന് താഴേയ്ക്ക് (തദ്ദേശഭരണസ്ഥാപനങ്ങൾ വഴിയാണെങ്കിലും) ഒഴുകിയെത്തുന്ന സേവന-സഹായങ്ങളായി ക്ഷേമവിഭവങ്ങളെ കാണുന്ന രീതി പരിചയമായിത്തുടങ്ങി.
ഈ പുതുവ്യവസ്ഥയ്ക്ക് രണ്ടു ഘടകങ്ങളാണ് ഉണ്ടായിരുന്നത്. ആദ്യത്തേത് പങ്കാളിത്ത ഭരണീയ വ്യവസ്ഥ, രണ്ടാമത്തേത് പൊതു-പരിചരണ-സേവനവ്യവസ്ഥ. രണ്ടിലും സ്വയംസഹായസംഘാംഗങ്ങളായ സ്ത്രീകളുടെ അദ്ധ്വാനം വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചു. 2002ൽ, കുടുംബശ്രീ കേരളമൊട്ടുക്ക് വ്യാപിച്ചതോടെ, തദ്ദേശഭരണസ്ഥാപനങ്ങൾ ദരിദ്രരിൽ ദരിദ്രരെ – സർക്കാർ സ്ഥാപനങ്ങൾക്ക് ഇനിയും സമീപിക്കാൻ കഴിഞ്ഞിട്ടില്ലാത്തവരെ – ഉന്നം വയ്ക്കുന്ന ദാരിദ്ര്യ-നിർമ്മാർജന മൈക്രോ-പരിപാടികൾ ആസൂത്രണം ചെയ്തു. 2003ൽ പ്രസിദ്ധീകരിച്ച ഇക്കണോമിക് റിവ്യൂ ഇവയെ മുകളിൽ നിന്നു വരുന്നതെങ്കിലും തദ്ദേശതലത്തിൽ നടപ്പാക്കപ്പെടുന്ന സുപ്രധാന സാമൂഹ്യസുരക്ഷാപരിപാടികളായി വിശേഷിപ്പിച്ചു. അയൽക്കൂട്ടങ്ങൾക്ക് പരിശോധനയുടെയും കണ്ടെത്തലിൻറെയും ഉത്തരവാദിത്വം നൽകപ്പെട്ടു. സംസ്ഥാന ദാരിദ്ര്യ നിർമ്മാർജന മിഷൻ മുന്നോട്ടുവച്ച ഒൻപതു പോയിൻറ് സൂചികയെ സൃഷ്ടിച്ചതും ന്യായീകരിച്ചതും ആയൽക്കൂട്ടങ്ങൾ (ഫലത്തിൽ അവയിലെ സ്ത്രീസ്വയംസഹായസംഘങ്ങൾ) ആയിരുന്നെങ്കിലും, കുടുംബശ്രീ സിഡിഎസ് സംവിധാനത്തിൻറെ പ്രതിനിധികൾ, അക്കാദമിക വിദഗ്ദ്ധർ, തദ്ദേശതല ഭരണ പ്രതിനിധികൾ, സിവിൽ സമൂഹ പ്രവർത്തകർ, ഉദ്യോഗസ്ഥർ മുതലായവർ അതിനെ വിലയിരുത്തിയെന്നും, തർക്കമറ്റതും സുതാര്യവുമായ രീതിയിൽ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള എല്ലാ കുടുംബങ്ങളെയും കണ്ടെത്തി ഗ്രാമസഭയുടെ സമ്മതം നേടുകയാണ് ലക്ഷ്യമെന്ന് ഇക്കണോമിക് റിവ്യൂ (2003) പറഞ്ഞു.
ഈ പ്രവർത്തനങ്ങളിലെല്ലാം സ്ത്രീകളുടെ അദ്ധ്വാനമാണ് കാര്യമായി വിനിയോഗിക്കപ്പെട്ടത്. 2003ലെ ഇക്കണോമിക് റിവ്യൂ അഗതികളെ ഉന്നം വച്ചുകൊണ്ട് പഞ്ചായത്തുകൾ നടപ്പാക്കുന്ന ആശ്രയ പദ്ധതിയെപ്പറ്റി വാചാലമായി. നീണ്ട പ്രക്രിയകളിലൂടെയാണ് അത് ചുരുളഴിഞ്ഞത്. ആദ്യം തിരിച്ചറിയൽ, പിന്നെ അഗതി-അവസ്ഥയുടെ വിവിധവശങ്ങളുടെ ഡോക്യുമെൻറേഷൻ. ശേഷം, പ്രത്യേക പരിശീലനം നേടിയ സന്നദ്ധപ്രവർത്തകർ അഗതി കുടുംബങ്ങളോട് നേരിട്ട് ഇടപഴകി മൈക്രോ പദ്ധതികൾ തയ്യാറാക്കും. സർക്കാർ ഇവർക്കായി തീരുമാനിച്ച പ്രത്യേക ക്ഷേമപാകേജ് ഈ കുടുംബങ്ങൾക്കു ലഭ്യമാക്കാൻ ഇവരെ നിരന്തരം കൈപിടിച്ചു നടത്തുന്ന ഒരു സംവിധാനം നിലവിൽ വരും, ഇവർ അഗതി-അവസ്ഥയെ മറികടക്കും വരെ ഒപ്പം നിൽക്കും. അഗതി-അവസ്ഥയ്ക്കു പുറത്തേക്കുള്ള നീക്കത്തെ ട്രാക്ക് ചെയ്യുന്ന സംവിധാനം വരും.
സർക്കാർദൃഷ്ടിയ്ക്കുള്ളിൽ തരംതിരിക്കപ്പെട്ട, വിവരശേഖരണത്തിനു വിധേയരായ, പുരോഗതി അളക്കലിന് സമ്മതിക്കേണ്ടവരായ, ദയാപൂർവ്വം പരിചരിക്കപ്പെട്ട, നിഷ്ക്രിയ ഗുണഭോക്താക്കളായി (മുൻകാല സോഷ്യലിസ്റ്റ് സമരങ്ങളിലെ, ജനാധിപത്യ വ്യവഹാരങ്ങളിലെ) ദരിദ്രർ മാറുന്ന പ്രക്രിയയാണ് ഇതിൽ നിന്നു വ്യക്തമാകുന്നത്. ഇങ്ങനെയുള്ള കുടുംബങ്ങളെ സർക്കാർ മാനദണ്ഡപ്രകാരം തിരിച്ചറിയുക, അവരുടെ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക, അവയുടെ സത്യാവസ്ഥ ഉറപ്പുവരുത്തുക, സർക്കാർ ഏൽപിക്കുന്ന പരിചരണം അവർക്കു വേണ്ടി ചെയ്തു കൊടുക്കുക – ഇതെല്ലാം സ്വയംസഹായസംഘങ്ങളിലെ സ്ത്രീകളുടെ ഉത്തരവാദിത്വങ്ങളായി. ദരിദ്രർ അതിദരിദ്രരെ സഹായിക്കാൻ ബാധ്യസ്ഥരായി — ആശ്രയ പദ്ധതി നടപ്പാക്കിയ സ്ത്രീകളെ കുറിച്ച് സാമ്പത്തിക ശാസ്ത്രജ്ഞനായ കെ പി കണ്ണൻ അഭിപ്രായപ്പെട്ടു (2023).
2005 ഓടെ മിക്ക ഭരണകൂടപരിചണപ്രവർത്തനങ്ങളുടെയും പ്രധാനപ്പെട്ട നിർവഹണ ഉത്തരവാദിത്വം കുടുംബശ്രീയ്ക്കായി. ദരിദ്രർക്ക് അടിസ്ഥാന വിഭവങ്ങൾ എത്തിക്കുന്നതിനു പുറമെ കുട്ടികളുടെ വികസനം, വൃദ്ധപരിചരണം, മാനസികവെല്ലുവിളികളുള്ളവരുടെ പഠനവും പരിചരണവും, കൌമാരപ്രായക്കാരുടെ പരിചരണം, സ്ത്രീശാക്തീകരണം, ചെറുസംരംഭ വികസനം, തൊഴിൽ പ്രോത്സാഹനം – ഇതെല്ലാം വളർത്താൻ കുടുംബശ്രീ മിഷൻ പുതിയ മാതൃക സൃഷ്ടിക്കുന്നതായി 2005ൽ പുറത്തിറങ്ങിയ ഇക്കണോമിക് റിവ്യു പ്രഖ്യാപിച്ചു. ഇതെല്ലാം സ്ത്രീകളുടെ അദ്ധ്വാനത്തിലൂടെയാണ് സാധ്യമായത്. ഭരണകൂടം സ്ത്രീകളെ വികസന അദ്ധ്വാനത്തിൻറെ സ്രോതസ്സായി മാറ്റിയതിൽ അത്ഭുതപ്പെടാനില്ലെന്ന് കെ പി കണ്ണൻ ചൂണ്ടിക്കാണിക്കുന്നു. 1996 മുതൽ വിഭാവനം ചെയ്യപ്പെട്ട വികസനവ്യാപനം അധികവും സ്ത്രീകളുടെ അദ്ധ്വാനത്തെയാണ് ആശ്രയിച്ചത് – സ്ത്രീകളുടെ വില കുറഞ്ഞ അദ്ധ്വാനം സർക്കാരിന് ലഭ്യമായതുകൊണ്ടു മാത്രമാണ് ഇതു സാധ്യമായത്. അവരില്ലാതെ ഈ വിപുലീകരണത്തിൻറെ ചെലവ് സർക്കാരിന് താങ്ങാൻ കഴിയുമായിരുന്നില്ല.
ഏതാണ്ടിതേ സമയത്തു തന്നെ കുടുംബശ്രീ സ്വയംസഹായസംഘങ്ങളുടെ കൃത്യമായ ചെറുവായ്പാതിരിച്ചടവും ശ്രദ്ധിക്കപ്പെട്ടു. 1990കളിൽ കേരളത്തിലെ ചില ജില്ലകളിലെ തെരെഞ്ഞെടുത്ത ദരിദ്ര അയൽവക്കങ്ങളിൽ സ്ത്രീകളുടെ ചെറുവായ്പാ തിരിച്ചടവ് കുറ്റമറ്റതാണെന്നു കണ്ടതു കൊണ്ടുകൂടിയാണ് സംസ്ഥാനവ്യാപകമായി കുടുംബശ്രീ സംഘങ്ങളുണ്ടാക്കാൻ സർക്കാർ തുനിഞ്ഞത്. താണ-ഇടത്തരം, ദരിദ്ര അയൽക്കൂട്ടങ്ങളിലെ സ്ത്രീകളുടെ സാമൂഹികതകളിൽ ഇത് അനിവാര്യമായ മാറ്റമുണ്ടാക്കി. മുൻപ് സ്ത്രീകളെ കഷ്ടകാലങ്ങളിൽ പരസ്പരം സഹായിക്കാൻ പ്രേരിപ്പിച്ചിരുന്ന, വർഷങ്ങൾ നീണ്ട ഇടപെടലിലൂടെ അവർ സ്വയം ഉണ്ടാക്കിയെടുത്ത, ചിട്ടി പോലുള്ള ചെറുസമ്പാദ്യപരിപാടികൾ സ്വയം നടത്താൻ സ്ത്രീകൾക്ക് ഇടമുണ്ടാക്കിയിരുന്ന, അയൽവക്ക സാമൂഹികത പുറത്തു നിന്ന് ഒഴുകിയെത്തിയ ചെറുകടങ്ങളുടെ കൃത്യമായ തിരിച്ചടവിനാവശ്യമായവിധം പാകപ്പെട്ടു. എത്ര തന്നെ ചെലവു കുറഞ്ഞതായിരുന്നുവെങ്കിലും, പുറത്തു നിന്ന് ഒഴുകിയെത്തിയ കടം കൃത്യമായി തിരിച്ചടയ്ക്കാനുള്ള സമ്മർദ്ദം അയൽക്കാർ അയൽക്കാരുടെ മേൽ ചെലുത്തുന്ന, അയൽക്കാർ അയൽക്കാരെ നാണംകെടുത്തുന്ന, സാധ്യതയെ വളർത്തി.
സർക്കാർ നിർവഹിക്കേണ്ടതും, സാമൂഹ്യമായ അറപ്പുളവാക്കുന്നതുമായ ചില ഉത്തരവാദിത്വങ്ങളെ സ്വയംസഹായപ്രവർത്തനങ്ങളായി മാറ്റാനുള്ള ശ്രമമാണ് ഇതേ സമയത്ത് ആരംഭിച്ച മറ്റൊരു പ്രവണത. നഗരങ്ങളിലെ ചവറുനിർമ്മാർജനത്തിനായി ക്ളീൻ കേരള ബിസിനസ് എന്ന പേരിൽ സ്ത്രീസംഘങ്ങൾ നിയോഗിക്കപ്പെട്ടു. നഗരസഭകൾക്ക് പ്രത്യേക ചെലവൊന്നും കൂടാതെ മാലിന്യനിർമാർജനം നടക്കുന്നുവെന്നതാണ് ഭരണകൂടത്തിന് ഇതുകൊണ്ടുള്ള ഗുണം. ഇത്തരം ശ്രമങ്ങൾ കഴിഞ്ഞ 20 വർഷത്തിനിടയിൽ പല തവണ പുതുക്കപ്പെട്ടിട്ടുണ്ട്. ഇന്ന് ഹരിത കർമ്മ സേനയുടെ മാലിന്യനിർമാർജന ശ്രമങ്ങളിൽ അതെത്തിയിരിക്കുന്നു. ഇന്നും ന്യായമായ കൂലി ഭൂരിപക്ഷം തൊഴിലാളികൾക്കും ലഭിക്കാത്ത, സാമൂഹ്യ ഭ്രഷ്ട് കല്പിക്കപ്പെട്ട, ജോലിഭാരം വളരെക്കൂടുതലായ, തൊഴിൽ തന്നെയാണത്, തൊഴിലാളികളെ സംബന്ധിച്ചിടത്തോളം. എന്നാൽ നഗരസഭകൾക്ക് ലാഭമാണുതാനും. 2021ലെ കണക്കുകൾ പ്രകാരം ശരാരശി 10343 രൂപയാണ് മുനിസിപ്പാലിറ്റിയിലെ ഹരിത കർമ സേനാംഗങ്ങൾ സമ്പാദിച്ചത് – ഇത് ഞങ്ങളുടെ ഗവേഷണ സാംബിളിൽ ഉൾപ്പെട്ട (നഗരപ്രദേശങ്ങളിലെ) ഗാർഹികത്തൊഴിലാളികളുടെ ശരാശരി വരുമാനത്തോട് അടുത്തുനിൽക്കുന്നു.
അതേസമയം, 2006-08ലും 2013ൽ മുതലുള്ള വർഷങ്ങളിലും കേരളത്തിലെ ഏഴു ജില്ലകളിൽ നടത്തിയ ഗവേഷണ അഭിമുഖങ്ങളിൽ പഞ്ചായത്തുകളിൽ സിഡിഎസ് ചെയർപേഴ്സണുകളായി പ്രവർത്തിച്ച സ്ത്രീകൾ കടപ്പാടിൻറെ വിഷയികളായി മാറുന്നതിൻറെ ലക്ഷണങ്ങൾ സുവ്യക്തമായിരുന്നു. പൊതുജീവിതം നേടിയതിൽ ഏറെ സന്തോഷിച്ചെങ്കിലും, സ്വാതന്ത്ര്യം എന്ന വിളിക്കാവുന്ന ചില അവസ്ഥകൾ അനുഭവിക്കുന്നതായി പറഞ്ഞെങ്കിലും ഞങ്ങളുടെ അഭിമുഖങ്ങളിൽ പങ്കെടുത്ത കുടുംബശ്രീ സിഡിഎസ് അദ്ധ്യക്ഷകളുടെ വാക്കുകളിൽ ഒന്നിലധികം തദ്ദേശ അധികാരികളോടു കടപ്പാടിൻറെ ബന്ധമായി പ്രത്യക്ഷപ്പെട്ട പ്രത്യേകതരം വിധേയത്വം പ്രകടമായിരുന്നു. പഞ്ചായത്ത് അധികാരികൾ, കുടുംബശ്രീ ഉദ്യോഗസ്ഥർ, തദ്ദേശതല രാഷ്ട്രീയക്കാർ – മിക്കവാറും മുതിർന്ന പുരുഷന്മാർ — ഈ മൂന്ന് അധികാരികൾക്കും കുടുബശ്രീ വനിതകളുടെ സമയവും ഊർജവും അവകാശപ്പെടാനാവും വിധമുള്ള കടപ്പാടിലായിരുന്നു അവർ. വഹിക്കേണ്ടി വന്ന ജോലിഭാരത്തെയും പ്രതിഫലത്തിൻറെ കുറവിനെയും സദാ വിമർശിച്ചെങ്കിലും തങ്ങൾക്ക് ഇപ്പറഞ്ഞ മൂന്നു തരം അധികാരികളോടുള്ള കടപ്പാടിനെപ്പറ്റി മിക്ക അഭിമുഖങ്ങളിലും കുടുംബശ്രീ സിഡിഎസ് അദ്ധ്യക്ഷകൾ എടുത്തുപറഞ്ഞു. ഉദാഹരണത്തിന്, ആലപ്പുഴ ജില്ലയിൽ 2007-ലെ ചിക്കൻഗുനിയ പകർച്ചവ്യാധിസമയത്ത് പ്രതിരോധപ്രവർത്തനങ്ങളിൽ ഉപയോഗിക്കപ്പെട്ടത് ഏർപ്പെട്ട സ്വയംസഹായസംഘങ്ങളിലെ താണ-ഇടത്തരം, ദരിദ്ര വനിതകളുടെ ഏകദേശം കൂലിയില്ലാത്ത അദ്ധ്വാനത്തെയാണ്. ഇവരിൽ വളരെപ്പേർക്ക് രോഗം വന്നെങ്കിലും സർക്കാർ സഹായമൊന്നും അവർക്ക് ലഭിച്ചിരുന്നില്ല. എന്നാൽ കുടുംബശ്രീ അംഗങ്ങൾക്കും നേതാക്കൾക്കും പാർട്ടിയോടും പഞ്ചായത്തിനോടുമുള്ള കടപ്പാടിനെപ്പറ്റിയാണ് പറയാനുണ്ടായിരുന്നത്. അലിഖിതവും അദൃശ്യവുമായ ഈ അധികാരബന്ധം പല തരത്തിൽ പ്രത്യക്ഷമാകുന്നതും ഞങ്ങൾ കണ്ടു. കടപ്പാട് നന്നായി വീട്ടുന്നുണ്ടെന്നതിനു പകരം അവർ ആവശ്യപ്പെട്ടത് അധികാരികളിൽ നിന്നുള്ള ധാർമ്മികമായ അംഗീകാരമാണ് – കടംവീട്ടുന്നതിൽ അവർ കാട്ടിയ സത്യസന്ധതയുടെ പരസ്യ അംഗീകാരം.
മിക്കപ്പോഴും ഈ അധികാരബന്ധം അദൃശ്യമായിരുന്നു. പക്ഷേ ചില പ്രതിസന്ധഘട്ടങ്ങളിൽ അത് ശരിക്കും മറനീക്കി പുറത്തുവന്നു. ഞങ്ങളുടെ ഫീൽഡ് പഠനസമയത്ത് അങ്ങനെയുള്ള ചില സംഭവങ്ങൾ ഉണ്ടാവുകയും ചെയ്തു. ഇത്തരം അവസരങ്ങളിൽ അധികാരികൾ സ്ത്രീകൾ അർഹിച്ച പരിഗണന നിഷേധിച്ചത് അവരെ വളരെ ദുഃഖിതരാക്കി. ഭരണകൂടത്തിന് ഈ സ്ത്രീകളെക്കുറിച്ചുള്ള പ്രതീക്ഷകൾ വളരെയധികമായിരുന്നു. സ്വന്തം അയൽവക്കവുമായി അവർക്കുള്ള ഇഴയടുപ്പങ്ങളിൽ നിന്നു തന്നെ സ്ത്രീകളെ പറിച്ചെടുത്തുകൊണ്ടും അവരെ ഭരണകൂടത്തിൻറെ കണ്ണുകളാക്കാമെന്ന് ചില കുടുംബശ്രീ ഉദ്യോഗസ്ഥർ കരുതിയിരുന്നുവെന്ന് ഈ ഉദ്യോഗസ്ഥരുമായുള്ള അഭിമുഖങ്ങൾ വ്യക്തമാക്കി. 2007ലെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളെ തിരിച്ചറിയാൻ സർവേ കുടുംബശ്രീവനിതകളെയാണ് സർക്കാർ ഏൽപ്പിച്ചത്. സ്വയംസഹായസംഘങ്ങളിലെ സ്ത്രീകൾക്ക് അവരുടെ അയൽക്കാരുടെ സകല രഹസ്യങ്ങളും അറിയാമെന്നും അവർ അത് ഭരണകൂടത്തെ അറിയിക്കുമെന്നും ചില ഉദ്യോഗസ്ഥർ ഞങ്ങളോടു പറഞ്ഞു.
തങ്ങൾക്ക് ലഭിച്ച ഈ അവസരത്തെ സ്ത്രീകൾ ഏറെ ഉത്സാഹത്തോടെയാണ് സ്വീകരിച്ചതെങ്കിലും അവർ സർവേയിലൂടെ പുതുക്കിയ ബിപിഎൽ ലിസ്റ്റ് വലിയ വിവാദത്തിനിടവരുത്തി. സർവേ നടത്തിയ സ്ത്രീകളാണ് ഏറ്റവുമധികം കുറ്റപ്പെടുത്തൽ നേരിട്ടത്. ലിസ്റ്റിൽ നിന്നു പുറത്തായവർ, പ്രതിപക്ഷരാഷ്ട്രീക്കാർ തുടങ്ങിയവർ മാത്രമല്ല, സ്വന്തം പാർട്ടികളിലെയും കുടുംബങ്ങളിലെയും ആണുങ്ങൾ പോലും അവരെ കുറ്റപ്പെടുത്തി. പക്ഷേ പഞ്ചായത്ത് അധികാരികൾ അവരെ രക്ഷിക്കാൻ കൂട്ടാക്കാത്തതാണ് അവരെ ഏറ്റവും വേദനിപ്പിച്ചത്. പഞ്ചായത്തധികാരികളോട് തങ്ങളൾക്കുള്ള കടപ്പാട് തങ്ങൾ ഒരിക്കലും അവഗണിച്ചിട്ടില്ലെന്നും, തങ്ങളുടെ കഠിനാദ്ധ്വാനം പഞ്ചായത്തിന് എപ്പോഴും ലഭ്യമായിരുന്നെന്നും, എന്നാൽ പഞ്ചായത്ത് അധികാരികൾ കാട്ടേണ്ടിയിരുന്ന സ്നേഹം, പരിഗണന, ഒന്നും അവർ കാട്ടിയില്ലെന്നതായിരുന്നു പല അഭിമുഖങ്ങളിലും മുഴങ്ങിയ പരാതി.
കുടുംബശ്രീവനിതകളുടെ ജീവിതത്തിൽ അദ്ധ്വാനവും സ്വകാര്യജീവിതവും തമ്മിലുള്ള അതിർവരമ്പ് നിർണയിക്കാൻ പ്രായസമാണെന്ന് നേരത്തെ പറഞ്ഞുവല്ലോ. എന്നാൽ മേൽവിവരിച്ചതു പോലുള്ള പ്രതിസന്ധികളിൽ ആ അതിർവരമ്പ് കൃത്യമായും തെളിഞ്ഞുകാണാമായിരുന്നു. സ്ത്രീകൾ തങ്ങൾ നേരിട്ട അവഗണനയോട് പലപ്പോഴും പ്രതികരിക്കുകയും ചെയ്തിരുന്നു. ബിപിഎൽ സർവേ ഉണ്ടാക്കിയ ജോലിഭാരം, വേതനക്കുറവ് എന്നിവയെ ചൂണ്ടിക്കാട്ടുകയും അന്നത്തെ ഒരു പ്രമുഖ ടി വി ചാനലിനു വേണ്ടി ത്രീഡീ കണ്ണടകൾ വിറ്റയിനത്തിൽ ഉണ്ടായ ചീത്തപ്പേരിന് തങ്ങൾ ഉത്തരവാദികളല്ലെന്ന് വാദിച്ചും സിഡിഎസ് അദ്ധ്യക്ഷകൾ കുടുംബശ്രീ ജില്ലാ മിഷൻ മീറ്റിങിൽ പരാതിപ്പെട്ടതിനെപ്പറ്റിയായിരുന്നു ഒരു ജില്ലയിൽ ഞങ്ങൾ അഭിമുഖം നടത്തിയ മിക്ക കുടുംബശ്രീ നേതാക്കൾക്കും പറയാനുണ്ടായിരുന്നത്. പ്രതിഫലത്തെപ്പറ്റി പരാതി പറയാൻ അവർക്ക് അവകാശമില്ല എന്നും, തന്നെയുമല്ല, വനിതാഘടക പദ്ധതിയാണ് പഞ്ചായത്തിനു വേണ്ടി സ്ത്രീകൾ ചെലവഴിക്കുന്ന സമയത്തിനും അദ്ധ്വാനത്തിനും സർക്കാർ നൽകുന്ന പ്രതിഫലം എന്നും ഒരു പഞ്ചായത്ത് പ്രസിഡൻറെ പ്രതികരിച്ചത് അവർ സങ്കടത്തോടെ ഓർത്തു. വനിതാ ഘടക പദ്ധതി സ്ത്രീകളുടെ അവകാശമല്ല, മറിച്ച് ഭരണകൂടം മുകളിൽ നിന്ന് താഴേയ്ക്ക് നൽകിയ ഔദാര്യമായണെന്ന വിവക്ഷയായിരുന്നു ഈ പുരുഷാധികാരിയുടെ വാക്കുകളിൽ. ഇത് കുടുംബശ്രീവനിതകളെ ആ ഔദാര്യം നന്ദിപൂർവം സ്വീകരിക്കേണ്ടവരായ, നിഷ്ക്രിയനിലയിൽ നിൽക്കേണ്ടവരായ ഗുണഭോക്താക്കളുടെ നിലയിൽ തളയ്ക്കുംവിധമായിരുന്നു.
ഈ അവസ്ഥയിൽ നിന്ന് ചെറുതെങ്കിലും പ്രധാനപ്പെട്ടതായ ഒരു മാറ്റം 2008നു ശേഷം ഇതേ ജില്ലകളിൽ നടത്തിയ ഫീൽഡ് പഠനങ്ങളിൽ കണ്ടു. 2008നു ശേഷം കുടുംബശ്രീ സിഡിഎസ്സുകളുടെ പുതിയ നേതൃത്വം തങ്ങളുടെ കടപ്പാട് പൊതുവെ ജനാധിപത്യത്തോടാണെന്നും, തങ്ങൾ അനുഭവിക്കുന്ന അധികാരവും സ്വാതന്ത്ര്യങ്ങളും, തങ്ങൾക്ക് കിട്ടുന്ന വിഭവങ്ങളും പഞ്ചായത്ത് അധികൃതരുടെയോ തദ്ദേശതല രാഷ്ട്രീയക്കാരുടെയോ ഔദാര്യം അല്ലെന്നും പറയാൻ കൂടുതൽ തയ്യാറാകുന്നുവെന്ന് സിഡിഎസ് അദ്ധ്യക്ഷമാരുമായി 2009ൽ നടത്തിയ രണ്ടാം ഘട്ട ഫീൽഡ് പഠനത്തിൽ നിന്നും, 2013-16 കാലത്തെ ഫീൽഡ് പഠനങ്ങളിൽ നിന്നും വ്യക്തമായി. 2008ലെ പുതിയ കുടുംബശ്രീ ബൈ-ലോ വരുത്തിയ ചില പ്രധാനപ്പെട്ട മാറ്റങ്ങളുടെ പ്രതിഫലനമായിരുന്നു ഇത്. പുതിയ ബൈ-ലോ പ്രകാരം സിഡിഎസ്സ് നേതൃത്വത്തെ ആന്തരിക തെരെഞ്ഞെടുപ്പിലൂടെ കണ്ടെത്തുന്ന രീതി നിലവിൽ വന്നു. തെരെഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ നേതാക്കൾക്ക് തങ്ങൾ പഞ്ചായത്തിലെ വനിതകളുടെ പ്രതിനിധികളാണെന്ന അവബോധം ഉണ്ടാക്കുംവിധമുള്ള പരിശീലനങ്ങൾ നൽകിയ ആത്മവിശ്വാസത്തിനു പുറമെ, തെരെഞ്ഞെടുക്കപ്പെട്ടവർ എന്ന നില തന്നെ അവരുടെ ആത്മബോധത്തെ കാര്യമായി മാറ്റിയതായി തോന്നി. തെരെഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് കമ്മിറ്റിക്ക് മുകളിലോ താഴെയോ അല്ല തങ്ങളെന്നും, പഞ്ചായത്ത് സമിതിയുടെ ഒപ്പം, തുല്യനിലയിൽ പ്രവർത്തിക്കേണ്ടവരാണ് തങ്ങളെന്നും പുതിയ കുടുംബശ്രീ നേതാക്കൾ മിക്കവരും അഭിമുഖങ്ങളിൽ തറപ്പിച്ചു പറഞ്ഞു. മുമ്പ് സിഡിഎസ്സുകളുടെ മെമ്പർ സെക്രട്ടറിമാരായായി പ്രവർത്തിച്ചിരുന്ന കീഴ്തല സർക്കാർ ഉദ്യോഗസ്ഥർ വളരെ കാര്യമായ അധികാരം കുടുംബശ്രീ നേതാക്കളുടെ മേൽ ചെലുത്തിയിരുന്നു. അദ്ദേഹത്തിൻറെ സഹായത്തെ ഔദാര്യമായിക്കണ്ടിരുന്നതുകൊണ്ട് അതിനെ കടപ്പാടിൻറെ, ചിലപ്പോൾ ഭയത്തിൻറെ തന്നെ, ഭാഷയിൽ അവർ വിവരിച്ചിരുന്നു. പക്ഷേ 2008നു ശേഷം ഇതിൽ കാര്യമായ മാറ്റം ഞങ്ങൾ കണ്ടു. മെമ്പർ സെക്രട്ടറിയുമായി സിഡിഎസ് ചെയർപേഴ്സണിനുള്ള ബന്ധം, പഞ്ചായത്ത് പ്രസിഡൻറും പഞ്ചായത്ത് സെക്രട്ടറിയും തമ്മിലുള്ളതിനു സമാനമാണെന്നും അവർ അഭിമുഖങ്ങളിൽ പറഞ്ഞു. മുമ്പ് വരവുചെലവു കണക്കുകൾ കൈകാര്യം ചെയ്യുന്നതിലും മറ്റും നേതാക്കൾ ഈ ഉദ്യോഗസ്ഥരെ കാര്യമായി ആശ്രയിച്ചിരുന്നു. ആ ആശ്രിതത്വവും ഈ വർഷങ്ങളിൽ ആന്തരിക അക്കൌണ്ടിങ് സംവിധാനത്തിലൂടെ ഒരളവു വരെ പരിഹരിക്കപ്പെട്ടു.
എന്നാൽ ഈ മാറ്റങ്ങൾ കേരളം മുഴുവൻ ഒരുപോലെയല്ല ഉണ്ടായതെന്നും ഞങ്ങൾ കണ്ടു. കേരളത്തിൽ പലയിടത്തും പഴയ കടപ്പാടുസംസ്കാരം കുടുംബശ്രീ-പഞ്ചയാത്ത് ബന്ധങ്ങളിൽ തുടർന്നു എന്നു മാത്രമല്ല, പഞ്ചായത്തിനോട് തുല്യനില അവകാശപ്പെടുക, ജനങ്ങളോടും ജനാധിപത്യത്തോടുമുള്ള തങ്ങളുടെ കടപ്പാട് ഉറക്കെ പ്രഖ്യാപിക്കുക എന്നിവകൊണ്ടു മാത്രം സ്ത്രീകളുടെ അദ്ധ്വാനം ചൂഷണം ചെയ്യപ്പെടുന്നതിൽ കുറവുണ്ടാകില്ലെന്നും വ്യക്തമായി. 2013-17 കാലത്ത് തിരുവനന്തപുരം നഗരത്തിൽ ദരിദ്രർ താമസിക്കുന്ന ഒരു അയൽവക്കത്തിലും (ചേരി എന്നു വിളിയ്ക്കപ്പെടാറുള്ളത്), തിരുവനന്തപുരം ജില്ലയുടെ തീരപ്രദേശത്തു സ്ഥിതിചെയ്യുന്ന ഒരു മത്സ്യത്തൊഴിലാളിഗ്രാമത്തിലും നടത്തിയ ഗവേഷണത്തിൽ സ്ഥലപരമായ സാഹചര്യങ്ങളുടെ പ്രാധാന്യം അവഗണിക്കാനാകാത്ത വിധം കാണാനുണ്ടായിരുന്നു. മത്സ്യത്തൊഴിലാളിഗ്രാമത്തിൽ കുടുംബശ്രീ നേതാക്കൾ തങ്ങളിലൊരാൾ പഞ്ചായത്തംഗമാകുമ്പോൾ കുടുംബശ്രീയോടുള്ള അവരുടെ ബന്ധം മാറിപ്പോകുന്നതിനെപ്പറ്റി സങ്കടത്തോടെ പറഞ്ഞു. പഞ്ചായത്തംഗങ്ങളെക്കാൾ ജനബന്ധം ഏഡിഎസ് അംഗങ്ങൾക്ക് വാർഡുതലത്തിൽ ഉണ്ടെന്നും, അതുകൊണ്ട് ഇവർ തമ്മിൽ മത്സരം ഉണ്ടാകുന്നുവെന്നും അവർ അവകാശപ്പെട്ടു. ഇതു പറയാൻ അവർ ഉപയോഗിച്ച ഭാഷയുടെ പ്രത്യേകത ശ്രദ്ധേയമാണ്. ജനങ്ങൾക്കു വേണ്ടി എന്തെങ്കിലും ചെയ്താൽ അതിന് അപ്പോൾത്തന്നെ ‘ക്രെഡിറ്റ്’ ആവശ്യപ്പെടുന്ന രീതിയാണ് പഞ്ചായത്തംഗങ്ങളുടേത്, അവർ പറഞ്ഞു. എന്നാൽ ഞങ്ങൾ അങ്ങനെയല്ല – ഞങ്ങൾ നാട്ടുകാരെ കടപ്പാടിൽ പെടുത്താറില്ല.
കുടുംബശ്രീയുടെ ഏതെങ്കിലും ഒറ്റപ്പെട്ട ഘടകത്തിൽ കേട്ട ആകസ്മികപരാമർശമായി മാത്രം ഇതിനെ കാണാനാവില്ല – കുടുംബശ്രീയുടേതായ ആന്തരിക സംസ്കാരത്തിൻറെ ഭാഗം തന്നെയാണീ നിഷ്ക്കാമകർമവാദം. 2018ലെ പ്രളയകാലത്തും 2020ലെ മഹാമാരിക്കാലത്തും കുടുംബശ്രീയുടെ പ്രവർത്തനങ്ങളിൽ ഇത് നിഴലിക്കുകയും ചെയ്തു. അത് പഠിച്ച ഗവേഷകരുടെ അഭിപ്രായത്തിൽ, കുടുംബശ്രീവനിതകൾ അദ്ധ്വാനം കൊണ്ടും ധനസമാഹരണം കൊണ്ടും സർക്കാർ ദുരന്തനിവാരണ ശ്രമങ്ങളെ വളരെ വലിയ തോതിൽ താങ്ങിയെന്നത് നിസ്സംശയമാണ്. പക്ഷേ സമൂഹത്തിൽ ഇല്ലായ്മ അനുഭവിക്കുന്ന, ജീവിതത്തിൽ സാമ്പത്തികപ്രതിസന്ധികളുടെ ക്ഷതസാധ്യത വളരെയധികമായ, ഒരു ജനവിഭാഗം സർക്കാരിൻറെ ഉത്തരവദിത്വനിർവഹണത്തിൽ കണക്കിലധികം ഉപയോഗിക്കപ്പെടുന്നത് ശരിയല്ല — അത് അസമത്വനിലയെ ആണ് സൂചിപ്പിക്കുന്നത് (Kannan and Raveendran 2023). അതായത്, പഞ്ചായത്ത് അധികാരികൾക്ക് ഒപ്പം നിൽക്കാൻ മുമ്പിലുമധികം സമയം, ഊർജം, വിഭവങ്ങൾ മുതലായവ സ്ത്രീകൾ നൽകേണ്ടിരുന്നുവെന്നർത്ഥം.
പ്രയോഗതലത്തിൽ ഈ അസമത്വങ്ങളെ കുറയ്ക്കാൻ ഞങ്ങളോടു സംസാരിച്ച കുടുംബശ്രീ നേതാക്കൾ ശ്രമിച്ചിരുന്നുവെന്നതും ശ്രദ്ധേയമാണ്. എന്നാൽ അതാതു തദ്ദേശപരിസരങ്ങളിലെ ചരിത്രപരവും സാമൂഹികവും സാംസ്കാരികവുമായ മുൻ-അവസ്ഥകൾ ഇവ ഫലപ്രദമാകുന്നിലും അല്ലാതാകുന്നതിലും നിർണാകസ്വാധീനം ചെലുതുന്നതായും ഞങ്ങൾ കണ്ടു. പല സ്ഥലങ്ങളിലും ഇതു പ്രകടമായെങ്കിലും ഇവിടെ ഉദാഹരണങ്ങളായി മൂന്നു സവിശേഷ സ്ഥലങ്ങളെ എടുത്തുപറയാം – മേൽസൂചിപ്പിച്ച തിരുവനന്തപുരം ജില്ലയിലെ രണ്ട് നഗര-ഗ്രാമീണ ഇടങ്ങളും, കാസറഗോഡു ജില്ലയിൽ ഇടതു രാഷ്ട്രീയകക്ഷിയുടെ സ്വാധീനം പൊതു-ഗാർഹിക ഇടങ്ങളിലേക്ക് ഏതാണ്ട് പൂർണമായും കിനിഞ്ഞിറങ്ങിയ ഗ്രാമീണ സ്ഥലവും.
ഇവയിൽ ആദ്യത്തെ രണ്ടു സ്ഥലങ്ങളിലും കുടുംബശ്രീയുടെ ബൈ-ലോ വഴി ഉണ്ടായ മാറ്റങ്ങൾ ഗുണഭോക്തകളെന്ന നിലയ്ക്ക് സ്ത്രീകളെക്കുറിച്ചുള്ള സാമാന്യബോധത്തെ കുറേയൊക്കെ മാറ്റിയെന്ന് അഭിമുഖങ്ങളിൽ കാണാമായിരുന്നു. ഇവിടുത്തെ പുരുഷന്മാരുമായുള്ള അഭിമുഖങ്ങളിൽ പുതിയ ബൈ-ലോ സ്ത്രീകളെ ‘അഹങ്കാരി’കളും ‘അനുസരണയില്ലാത്തവരു’മാക്കിയെന്ന അഭിപ്രായം പല തവണ ഉയർന്നു – അതായത്, സ്ത്രീകൾ അധികാരികളോടുള്ള നിരന്തരകടപ്പാടുസംസ്കാരത്തെ തള്ളിക്കളയാൻ തുടങ്ങുന്നുവെന്ന പേടി പ്രകടമായി — ബൈ-ലോപ്രകാരമുള്ള മാറ്റങ്ങൾ ഇവിടെ പറഞ്ഞ നഗര-സ്ഥലത്ത് എത്തിയത് താരതമ്യേനെ വൈകിയാണെങ്കിലും. നഗര-സ്ഥലത്ത് കുടുംബശ്രീ സ്ത്രീകൾക്കുണ്ടായതായി ആരോപിക്കപ്പെട്ട ‘അഹങ്കാര’ത്തെ തദ്ദേശരാഷ്ട്രീയത്തിലും ഭരണത്തിലും അവർക്കു ലഭിച്ച പ്രാധാന്യത്തിൽ നിന്നുളവാകുന്നതായാണ് പുരുഷന്മാർ വിലയിരുത്തിയത്. ഗ്രാമീണ-സ്ഥലത്താകട്ടെ, സ്ത്രീകളിൽ കാണുന്നതായി പറയപ്പെട്ട ‘അഹങ്കാരം’ വീട്ടുചെലവടക്കമുള്ള കാര്യങ്ങളിൽ അവർക്ക് പുരുഷന്മാരോടുള്ള ആശ്രിതത്വം കുറഞ്ഞതുകൊണ്ടും, കത്തോലിക്കാ പള്ളി പോലുളള സാമൂഹ്യ-വിശ്വാസസ്ഥാപനങ്ങളിൽ അവരുടെ സാന്നിദ്ധ്യത്തിനും അദ്ധ്വാനത്തിനും വിലയേറിയതുകൊണ്ടുമാണെന്നാണ് പുരുഷന്മാർ പറഞ്ഞത്. പക്ഷേ നഗര-സ്ഥലത്തിൽ ‘അഹങ്കാരികളാ’യി വിലയിരുന്നപ്പെട്ടെങ്കിലും ബൈ-ലോ പരിഷ്കാരം കൊണ്ട് കുടുംബശ്രീ നേതാക്കൾക്ക് അവിടുത്തെ രാഷ്ട്രീയനേതക്കളോടും നഗരസഭാ ഉദ്യോഗസ്ഥരോടും മറ്റുമുള്ള കടപ്പാട് കുറഞ്ഞതായി ഞങ്ങൾക്ക് കണ്ടെത്താനായില്ല. എന്നാൽ ഗ്രാമീണ- കടലോര –ഇടത്തിൽ പഞ്ചായത്തിനോടും പുരുഷന്മാരായ രാഷ്ട്രീയക്കാരോടും പള്ളിഅധികാരികളോടുമുള്ള വിധേയത്വത്തെ ഒരളവു വരെയെങ്കിലും കുറയ്ക്കാൻ അവിടുത്തെ കുടുംബശ്രീ നേതൃത്വത്തിനു കഴിഞ്ഞു.
പക്ഷേ ബൈ-ലോ പരിഷ്ക്കരണം കുടുംഭശ്രീവനിതകളുടെ കടബാധ്യതകളെ കുറച്ചില്ല. രണ്ടിടത്തും അത് രൂക്ഷമായിരുന്നെങ്കിലും നഗര-സ്ഥലത്ത് സ്ത്രീകൾ (കുടുംബശ്രീ നേതാക്കൾ ഉൾപ്പെടെ) സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളുടെ കടക്കെണിയിൽ വല്ലാതെ പെട്ടുപോയി. തീരദേശ-സ്ഥലത്താകട്ടെ, അവർ ഒരു സ്രോതസ്സിൽ നിന്ന് മറ്റൊരു സ്രോതസ്സിലേക്ക് പണം റോൾ ചെയ്തു പിടിച്ചുനിൽക്കുന്ന ആഭ്യാസങ്ങളിൽ പ്രാവീണ്യം നേടിയതുപോലെ തോന്നിച്ചു. പക്ഷേ 2017 മുതൽ ഈ അഭ്യാസം അവരെ രക്ഷിക്കില്ലെന്നു വ്യക്തമായി (അഡാനിയുടെ തുറമുഖം, ഓഖി കൊടുങ്കാറ്റ് എന്നീ അത്യാപത്തുകൾക്കു ശേഷം).
1950കളിൽ അവിടുത്തെ മാടമ്പിവ്യവസ്ഥയെ വിജയകരമായി വെല്ലുവിളിച്ച പ്രസ്ഥാനമെന്ന നിലയക്ക് ഇടതു രാഷ്ട്രീയകക്ഷിക്ക് മൂന്നാമത്തെ ഗവേഷണ-സ്ഥലത്തിൽ അതിതീവ്രമായ സ്വാധീനമാണുണ്ടായിരുന്നത്. അതായത്, പാർട്ടിയോടുള്ള കടപ്പാടിൻറെ ഭാഷയ്ക്ക് വലിയൊരു പൂർവകാലചരിത്രമുണ്ടായിരുന്നു ഇവിടെ. ഇത് കുടുംബശ്രീ നേതൃത്വത്തിൻറെ രൂപീകരണത്തിലും നിഴലിച്ചു. പാർട്ടി കുടുംബങ്ങളിൽ നിന്നു വരുന്നവരായ സ്ത്രീകളാണ് അതിനായി മത്സരിച്ചതുതന്നെ. പുതിയ നേതൃത്വത്തിന് കുടുംബശ്രീ മിഷൻ നൽകിയ പരിശീലനത്തിലുപരിയായി അവർ പഞ്ചായത്തിനോടു കീഴ്നില പാലിക്കാൻ ഇതു കാരണമായി. സ്വതന്ത്രനിലപാടുകൾ കുടുംബശ്രീ നേതാക്കൾ സ്വീകരിച്ചാൽ അവർ തടയപ്പെട്ടു –‘പാർട്ടിസമുദായ’ത്തിനു വിധേയമായാണ് അവർ പ്രവർത്തിച്ചത്. എന്നാൽ ഇവിടെ പോലും സ്ത്രീകൾക്കു പൊതുപ്രവർത്തനത്തിനുള്ള ഇടങ്ങൾ കുടുംബശ്രീയിലൂടെ ഉണ്ടായി എന്നത് തർക്കമറ്റ വസ്തുതയാണ്.
ആദ്യത്തെ രണ്ടു ഗവേഷണ-ഇടങ്ങളിലും സ്ത്രീകൾ മുൻകാലങ്ങൾ മുതൽ ചെയ്തിരുന്ന വരുമാനദായകമായ തൊഴിലുകളുണ്ടാക്കിയ സവിശേഷ സാമൂഹികതകൾ കുടുംബശ്രീയുടെ സാധ്യതകളെ ഗണ്യമായി നിർണയിച്ചുവെന്ന് ഞങ്ങൾ കണ്ടു. അതുപോലെ, അതാത് സ്ഥലങ്ങളെ രൂപപ്പെടുത്തിയ വിശാല സാമൂഹ്യ-സാമ്പത്തിക ബന്ധങ്ങളുടെ ദീർഘകാല ചരിത്രത്തിനും വലിയ പ്രാധാന്യമുണ്ട് ഇക്കാര്യത്തിൽ എന്ന് വ്യക്തമായി. നഗരപ്രദേശത്തെ ദരിദ്ര-സ്ഥലം 1940കൾ വരെ ആൾത്താമസമില്ലാത്ത ഒഴിഞ്ഞുകിടന്ന പുറമ്പോക്കായിരുന്നു. മർദ്ദിതജാതിക്കാരായ നഗരശുചീകരണത്തൊഴിലാളികളും അതിദരിദ്രരായ മറ്റു മനുഷ്യരും 1940കൾ മുതൽ അവിടെ ചേക്കേറിത്തുടങ്ങി. മലയാളിസമൂഹത്തിൻറെ ജാതി-ലിംഗമുഖ്യധാരയിൽ നിന്നുള്ള അഭയാർത്ഥികൾ എന്നു വേണമെങ്കിൽ ഈ ജനതയെ വിശേഷിപ്പിക്കാം. അതായത്, സമൂഹത്തിൻറെ ഓരങ്ങളിൽ അകപ്പെട്ടവരോ സമൂഹം പുറന്തള്ളിയവരോ ആയ മനുഷ്യർ വന്നുകൂടിയ സ്ഥലം. ഇവർ തമ്മിലുള്ള ബന്ധങ്ങൾ സമുദായ-മതവഴികളിലല്ല രൂപപ്പെട്ടത്. അവിടെ രൂപപ്പെട്ട വിവാഹങ്ങൾ ജാതി-മതപരിഗണനകൾ കൂടാതെയായിരുന്നു. സ്വത്തിൻറെയോ സമുദായത്തിൻറെയോ പിൻബലമില്ലാത്ത അവ പലപ്പോഴും ദുർബലങ്ങളായതും സ്ത്രീകൾ നയിക്കുന്ന കുടുംബങ്ങളുടെ എണ്ണം അവിടെ വളരെക്കൂടുതലായതും ആകസ്മികമായല്ല – കുടുംബസ്ഥിരത ഉറപ്പാക്കാനുള്ള വിഭവങ്ങൾ അവർക്കുണ്ടായിരുന്നില്ല. 1940കൾ മുതൽ വന്നു കൂടിയ കുടുംബങ്ങൾക്ക് പരസ്പരമുള്ള ബന്ധം പലപ്പോഴും ഉണ്ടാക്കിയത് കുടികിടപ്പുകാർ എന്ന തന്മയ്ക്കു ചുറ്റും രൂപപ്പെട്ട രാഷ്ട്രീയ-തൊഴിലാളിപ്രവർത്തനങ്ങളാണ്. ചുരുക്കിപ്പറഞ്ഞാൽ, മറ്റു സ്ഥലങ്ങളിലെന്നപോലെ ഒന്നിച്ചു ജീവിച്ചതിൻറെ കാലദൈർഘ്യം കൊണ്ടോ, സമുദായ-മതവിശ്വാസബന്ധങ്ങൾ കൊണ്ടോ ഉണ്ടാകുന്ന ഉറച്ച സാമൂഹികത ഇവിടെ കാണാനായില്ല, പ്രത്യേകിച്ചും സ്ത്രീകൾക്കിടയിൽ. സമൂഹത്തിൻറെ പുറന്തള്ളൽ സൃഷ്ടിക്കുന്ന ഹിംസയാണിത്.
മാത്രമല്ല, അവിടെ സ്ത്രീകൾ ചെയ്തുവന്ന വരുമാനദായകപ്രവർത്തനങ്ങൾ അവരെ കൂട്ടിയോജിപ്പിക്കുന്ന തരം സാമൂഹിതകയ്ക്ക് വളം വച്ചുമില്ല. അവിടെ പാർത്തിരുന്ന നഗരശുചീകരണ തൊഴിലാളികൾക്ക് തങ്ങൾ ചെയ്തിരുന്ന ശുചീകരണ ജോലി (വീടുകളിൽ നിന്ന് മനുഷ്യ മലമടക്കം നീക്കുന്നതുൾപ്പെടെയുള്ള ജോലി) നന്നായി മദ്യപിക്കാതെ ചെയ്യാനാവുമായിരുന്നില്ല. ആ മദ്യം – നാടൻ മദ്യം – നിർമ്മിക്കുന്ന ജോലി അവിടുത്തെ സ്ത്രീകൾ തന്നെയാണ് ചെയ്തിരുന്നത്. ക്രമേണ ഈ മദ്യത്തിന് പുറമേ നിന്നും ആവശ്യക്കാരുമുണ്ടായി. 1995ൽ ചാരായനിരോധനം വരുംവരെ വളരെ കുറഞ്ഞ വിഭവങ്ങൾ മാത്രം വേണ്ട, വീടുപരിസരങ്ങളിൽ പെട്ടെന്ന് തുടങ്ങാനും അവസാനിപ്പിക്കാനും കഴിയുന്നതുമായ, എന്നാൽ ധാരാളം വരുമാനസാധ്യതയുള്ളതുമായ വാറ്റ് ഇവിടുത്തെ സ്ത്രീകളുടെ മുഖ്യവരുമാനസ്രോതസ്സുകളിലൊന്നായി. അതിൽ നിന്നുളള വരുമാനം കൊണ്ട് പശു, ആട് മുതലായവയെ വാങ്ങിയവർ, മക്കളെ വിവാഹം കഴിപ്പിച്ചയച്ചവർ, തുടങ്ങിയ പലതരം മുതിർന്നതലമുറക്കാരികളായ സ്ത്രീകളും അവിടെയുണ്ടായിരുന്നു (രാവിലെ പശുവിൻപാലും രാത്രി ചാരായവും വിറ്റിരുന്ന കഥകൾ പങ്കുവയ്ച്ചവർ). എന്നാൽ ഈ വ്യവസായം സ്ത്രീകൾ തമ്മിൽ ഒരുമയോ സ്നേഹമോ അല്ല വളർത്തിയത് – കടുത്ത മത്സരങ്ങളാണ് വാറ്റുകാരികളായ സ്ത്രീകൾ തമ്മിൽ ഉണ്ടായത്.
ഈ ചരിത്രത്തിൻറെ നിഴൽ ഇവിടുത്തെ കുടുംബശ്രീ പ്രവർത്തനങ്ങൾക്കു മേൽ വീണു കിടക്കുന്നതെങ്ങനെ എന്ന് തെളിയിക്കുന്ന അനവധി സംഭവങ്ങൾക്ക് ഞങ്ങൾ സാക്ഷിയായി. പൊതുവെ സ്ത്രീസ്വയംസഹായസംഘങ്ങളിൽ അനിവാര്യമായെന്നോണം അവിശ്വാസം ഉരുണ്ടുകൂടി. സാമ്പത്തികസഹായം, അല്ലെങ്കിൽ കുടുംബശ്രീ വഴിയുള്ള ചെലവു കുറഞ്ഞ കടം, കിട്ടാൻ സാധ്യതയുണ്ടെങ്കിൽ മാത്രമാണ് അവിടുത്തെ സ്ത്രീകൾ പ്രവർത്തനത്തിൽ പങ്കെടുക്കാറുള്ളതെന്ന് കുടുംബശ്രീ നേതാക്കൾ പരാതിപറഞ്ഞു. അവിടുത്തെ സ്ത്രീകൾക്ക് പല ആനുകൂല്യങ്ങളും നേടിക്കൊടുത്തെങ്കിലും അവർ തങ്ങളെ ഉറപ്പായും പിൻതാങ്ങും എന്ന വിശ്വാസം കുടുംബശ്രീ നേതാക്കൾക്കും ഉണ്ടായിരുന്നില്ല. സ്വാഭാവികമായും അവർ തദ്ദേശതല രാഷ്ട്രീയനേതാക്കളോടു കടപ്പെട്ട വിശ്വസ്തരായി തുടർന്നു. എന്നാൽ കുടുംബശ്രീ അംഗങ്ങൾക്ക് കുടുംബശ്രീ നേതാക്കളുമായുള്ള ബന്ധം ഇതിന് ഏതാണ്ട് നേർവിപരീതവുമായിരുന്നു – അവർ തങ്ങളുടെ സ്ത്രീനേതാക്കളോട് കടപ്പാടിനെ പ്രതിരോധിക്കുംപോലെ പെരുമാറി. ഭൌതികനേട്ടങ്ങൾക്കായിയാണ് തങ്ങൾ കുടുംബശ്രീയിൽ അംഗമായതെന്ന് പറയാൻ അവരിൽ മിക്കവരും തെല്ലും മടിച്ചില്ല. ഒരുമയോടെ പ്രവർത്തിക്കാനുള്ള സാമൂഹ്യബന്ധങ്ങൾ അവരുടെ ജീവിതപരിസരങ്ങൾ അവർക്കനുവദിച്ചിരുന്നില്ല. കൂട്ടുസംരംഭങ്ങൾ ഒന്നും വിജയിച്ചില്ലെന്നു മാത്രമല്ല, അവ പലപ്പോഴും പണസംബന്ധമായ തർക്കങ്ങളിലും കലഹങ്ങളിലും അവസാനിച്ചു. നിലനില്പിനായി ദിനംതോറും പൊരുതേണ്ടിവരുന്നവർ തമ്മിൽ അവ വിജയിക്കാനാവശ്യമായ അടുപ്പവും വിശ്വാസവും ഇല്ലായിരുന്നു അവിടെ. കാര്യമായ സ്വത്തുക്കളൊന്നുംതന്നെ ഇല്ലായിരുന്ന ഈ കുടുബങ്ങളിലെ സ്ത്രീകൾ പൊതുവെ വളരെ ഉയർന്ന കടങ്ങളുടെ ഭാരവും ചുമക്കുന്നവരായിരുന്നു.
ഇതിൽ നിന്ന് ശ്രദ്ധേയമാം വിധം വ്യത്യസ്തമായി തീരദേശത്തെ ഗവേഷണസ്ഥലം. അതിദരിദ്രകുടുംബങ്ങളായിരുന്നു ഇവിടെയും, പക്ഷേ അവരുടെ ആദ്യതലമുറ അവിടെ താമസം തുടങ്ങിയിട്ട് നൂറിലധികം വർഷമായിക്കഴിഞ്ഞിരുന്നു. ഈ കുടുംബങ്ങളെല്ലാം ഒരേ ജാതിയിലും മതവിശ്വാസത്തിലും ഉൾപ്പെട്ടവരായിരുന്നു – ലാറ്റിൻ കാത്തലിക് പള്ളിയുടെ സ്ഥാപനങ്ങൾ പരസ്പരം കൂട്ടിയിണക്കിയവർ, പലപ്പോഴും വിവാഹം വഴിയും വിദൂരരക്തബന്ധങ്ങൾ വഴിയും ബന്ധുക്കളായവർ. വളരെ മുമ്പേ തന്നെ ഗ്രാമവാസികൾ പരസ്പരം ചെറിയ പലിശയ്ക്കോ പലിശയില്ലാതെയോ പണം കടംകൊടുക്കുന്ന പരമ്പരാഗത രീതികൾ നിലവിലുള്ള സ്ഥലമായിരുന്നു ഇത്. തന്നെയുമല്ല, 1970കളിലെ ശക്തമായ മത്സ്യത്തൊഴിലാളിസമരങ്ങളിലൂടെയും ഇവർ കൂട്ടിയോജിപ്പിക്കപ്പെട്ടിരുന്നു. 1980കളുടെ അവസാനവർഷങ്ങളിൽ കത്തോലിക് സഭയുടെ പരിഷ്കാരങ്ങളുടെ ഭാഗമായി സ്ത്രീകൾ പള്ളിയുടെ തദ്ദേശതല സമിതികളിൽ അംഗങ്ങളാക്കപ്പെട്ടു. സമീപകാലങ്ങളിൽ മാത്രം അപ്രത്യക്ഷമായ പല പങ്കിടൽ സംവിധാനങ്ങളും പരമ്പരാഗത മത്സ്യബന്ധന സമൂഹത്തിൽ ഉണ്ടായിരുന്നതും ഇവിടുത്തെ സാമൂഹികതയെ, അത് എത്ര തന്നെ യാഥാസ്ഥിതികമായിരുന്നെങ്കിലും, ഇഴയടുപ്പമുള്ളതാക്കി.
ഇവിടുത്തെ സ്ത്രീകളുടെ വരുമാനദായക പ്രയത്നങ്ങളും പരമ്പരാഗതമായി സ്ത്രീകളെ പരസ്പരം അടുപ്പിക്കുന്നവയായിരുന്നു. മത്സ്യവിപണനത്തിലാണ് ഇവിടുത്തെ മുൻതലമുറക്കാരായ മിക്ക സ്ത്രീകളും, ഈ തലമുറയിൽ പെട്ട ഒരു വിഭാഗവും കാര്യമായി ഏർപ്പെട്ടിരുന്നത്. ഈ തൊഴിലിൽ ചെറുപ്പക്കാരികളെ പരിശീലിപ്പിച്ചതും, തലചുമടായി കൊണ്ടുനടന്ന് മത്സ്യം വിൽക്കാനുള്ള പരിചയശൃംഖല ഉണ്ടാക്കാൻ അവരെ സഹായിച്ചിരുന്നതും അവരുടെ മുതിർന്ന ബന്ധുക്കളോ അയൽവാസികളോ ആയ സ്ത്രീകളായിരുന്നു. ഇവർ തമ്മിൽ പലിശയില്ലാത്തതോ പലിശ കുറഞ്ഞതോ ആയ കടം സഹായമായി കൊടുക്കുന്ന രീതിയും മുൻപ് സാധാരണമായി ഉണ്ടായിരുന്നു. സ്ത്രീകൾ തമ്മിൽ കൂടുതൽ ഐക്യപ്പെടാനുള്ള സാഹചര്യം വ്യക്തമായും ഇവിടെ മുൻപേ തന്നെ ഉണ്ടായിരുന്നു എന്നർത്ഥം.
അതുകൊണ്ടുതന്നെ ഇവിടുത്തെ കുടുംബശ്രീനേതാക്കൾക്ക് സ്ത്രീകളുടെ പിൻതുണ ലഭിക്കുമെന്ന വിശ്വാസം കൂടുതലായി കണ്ടു – പഞ്ചായത്ത് അധികാരികളോടുള്ള കടപ്പാടിൻറെ ബന്ധത്തിൽ നിന്ന് അല്പമെങ്കിലും വിമുക്തി നേടാൻ അവർക്കു കഴിഞ്ഞതായി ഞങ്ങൾ നിരീക്ഷിച്ചു. മാത്രമല്ല തൊഴിലുറപ്പു പദ്ധതിയുടെ വരവ് ഇവിടെ കുടുംബങ്ങളിൽ നിന്ന് ഒരകലത്തിൽ നിൽക്കുന്ന പുതിയ തരം സാമൂഹികത സ്ത്രീകൾക്കിടയിൽ വളർത്തുന്നുമുണ്ടായിരുന്നു. ഇത് മതാധികാരികളിൽ ആശങ്ക ഉണർത്തുകയുംചെയ്തു. പരസ്പരസഹകരണത്തിലൂടെയുള്ള സാമ്പത്തികപ്രവർത്തനത്തിൻറെ മുൻകാല അനുഭവം ഇവിടുത്തെ സ്ത്രീകളുടെ കൂട്ടുസംരംഭങ്ങളെ കൂടുതൽ വിജയകരമാക്കുകയും ചെയ്തു. സ്ത്രീകൾ തമ്മിൽ നിലനിൽക്കുന്ന സാമൂഹികത പഞ്ചായത്തിനു മുന്നിൽ അവരുടേതായ അഭിപ്രായങ്ങളെ രൂപീകരിക്കാനും സ്വന്തം അഭിപ്രായങ്ങളിൽ ഉറച്ചുനിൽക്കാനും പ്രേരണയായെന്നു തോന്നുന്നു. സ്വയംസഹായസംരംഭങ്ങൾ എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നതിൽ പഞ്ചായത്ത് അംഗങ്ങളുടെ ഭാവനയല്ല, സ്ത്രീകളുടെ കൂട്ടായ ഭാവന – അവരുടെ ജീവിതങ്ങളോടും ആവശ്യങ്ങളോടും ഇണങ്ങുന്ന ഭാവന – തന്നെ അംഗീകരിക്കപ്പെടാൻ അവർ കിണഞ്ഞു ശ്രമിക്കുകയും, വലിയൊരളവിൽ വിജയിക്കുകയും ചെയ്തു. മാത്രമല്ല, കുടുംബശ്രീ നേതാക്കൾ അംഗങ്ങൾക്കു വേണ്ടി സർക്കാർ നിബന്ധനകൾ പാലിക്കാതെയിരുന്നില്ലെങ്കിലും, അവയെ അല്പമൊന്നു വളയ്ക്കാൻ അവർ പലപ്പോഴും തയ്യാറായി. ഈ നിബന്ധനങ്ങൾ കടലോര സമൂഹങ്ങൾക്ക് തീരെ ചേർന്നവയല്ലെന്നു ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഇത്. അതുപോലെ, പല സ്രോതസ്സുകളിൽ നിന്നു ലഭിക്കുന്ന കടങ്ങളെ റോൾ ചെയ്ത് ആവശ്യങ്ങൾ നിവർത്തിക്കാൻ ഇവിടുത്തെ സ്ത്രീകൾ പരസ്പരം സഹായിക്കുന്നതും ശ്രദ്ധേയമായിരുന്നു.
ഭരണാധികാരികളോടുള്ള കടപ്പാടുസംസ്കാരത്തിൻറെ കാര്യത്തിൽ കാര്യമായ വ്യത്യാസം ഇവിടങ്ങൾ തമ്മിൽ കണ്ടെങ്കിലും രണ്ടു ഗവേഷണ-സ്ഥലങ്ങളിലും സ്ത്രീകൾ വഹിച്ച കടഭാരത്തിൻറെ അളവ് ഒരുപോലെ വലുതായിരുന്നു. ദുർബലമായ സാമൂഹികത നിലവിലുണ്ടായിരുന്ന നഗര-സ്ഥലത്തിൽ ആ ദൌർബല്യത്തെ ഇരട്ടിപ്പിക്കുംവിധമായിരുന്നു അത്. മുമ്പ് ചാരായം വാറ്റിയിരുന്ന സ്ത്രീകളുടെ സമ്പാദ്യങ്ങൾ പലപ്പോഴും കഴുത്തറുപ്പൻ പലിശ വാങ്ങുന്ന കടങ്ങളായി അവിടെത്തന്നെ ഒഴുകി. കടക്കാരികൾ പലപ്പോഴും അവിടുത്തെ പ്രായംകുറഞ്ഞവരായ വീട്ടമ്മാർ തന്നെയായിരുന്നു. അവിടെ കുടുംബശ്രീ നേതൃത്വത്തിലെത്തുക എന്നത് സാമൂഹ്യപുറന്തള്ളലിൽ നിന്നു കരകയറാനുള്ള വഴിയായിരുന്നു. എന്നാൽ അപകടകരമായ (ശാരീരിമായിത്തന്നെ ആക്രമിക്കപ്പെടാവുന്ന) കടക്കെണിയിൽ പെടുമ്പോൾ അപമാനം മൂലം ആ സാധ്യത പോലും അണയുന്നതായി അവിടുത്തെ പല കുടുംബശ്രീ നേതാക്കൾ പറഞ്ഞു. തീരദേശ-സ്ഥലത്തിലാകട്ടെ, ഓഖി കൊടുങ്കാറ്റിനു ശേഷവും അഡാനി തുറമുഖനിർമ്മാണം തുടങ്ങിയതിനു ശേഷവും മത്സ്യബന്ധനത്തിൽ നിന്നുള്ള വരുമാനം ചുരുങ്ങിയതും, തൊഴിലുറപ്പു ജോലികൾ അസ്ഥിരമായതും കാര്യമായ ആഘാതമാണ് സൃഷ്ടിച്ചത്. വിദേശത്തു പോകാനുള്ള ശ്രമങ്ങളിൽ ഏർപ്പെടുന്ന സ്ത്രീപുരുഷന്മാർ തങ്ങളുടെ കുടുംബങ്ങൾക്ക് വലിയ കടബാധ്യതകൾ ഉണ്ടാക്കുന്നു, ഇപ്പോൾ. പല വായ്പാസ്രോതസ്സുകളിൽ നിന്നുള്ള പണത്തെ സമർത്ഥമായി ഉപയോഗിക്കാനുള്ള സാധ്യതകളും കുറഞ്ഞിരിക്കുന്നു. 2022ൽ തിരുവനന്തപുരം നഗരത്തിലെ തീരദേശവാർഡുകളിൽ കടൽക്ഷോഭം മൂലം സ്ഥലം ക്യാംപുകളിൽ ദീർഘകാലം താമസിക്കേണ്ടിവന്നവരായ തീരദേശവനിതകളുടെ അവസ്ഥയാണ് ഏറ്റവും നീതിരഹിതം.
<strong>4. സിവിൽ സമൂഹത്തിനു പുറത്തു നിൽക്കുന്നവർ</strong>
ദരിദ്രകുടുംബങ്ങളിൽ നിന്നുള്ള സ്ത്രീകൾക്കെല്ലാം ഒരു പോലെ കുടുംബശ്രീയെ ഗുണപരമായി പ്രയോജനപ്പെടുത്താൻ പറ്റിയിട്ടുമില്ല എന്നതും പ്രത്യേകം പരിശോധിക്കേണ്ട കാര്യമാണ്. 2006-8ലെ ഗവേഷണത്തിൽ അത്തരക്കാരികളെപ്പറ്റി കുടുംബശ്രീ നേതാക്കൾ പറഞ്ഞിരുന്നു – കൃത്യമായ തിരിച്ചടവ് പ്രയാസമായവർ. അവർ എണ്ണത്തിൽ അധികമല്ലെന്നായിരുന്നു അവരുടെ അഭിപ്രായം. പക്ഷേ താണ-ഇടത്തരക്കാരായവർക്കിടയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീസംഘങ്ങളുടെ പ്രതിനിധികളായിരുന്നു ഈ നേതാക്കളിൽ ബഹുഭൂരിപക്ഷവും. എന്നാൽ 2013-17ലെ ഫീൽഡ് പഠനങ്ങളിൽ കൂടുതൽ കുടുംബങ്ങൾ തിരിച്ചടവ് കൃത്യമാക്കാൻ പണിപ്പെടുന്നതായി കാണാനിടവന്നു. സ്വാകാര്യപണിമിടപാടു സ്ഥാപനങ്ങളിൽ നിന്നു കൂടി കടമെടുത്തു കഴിയുമ്പോൾ, പ്രത്യേകിച്ചും, ഈ ബുദ്ധിമുട്ട് ഏറി.
2022-23 വർഷങ്ങളിൽ കൊച്ചിനഗരത്തിൻറെ പ്രാന്തപ്രദേശങ്ങളിൽ നിന്ന് നഗരത്തിൽ ഗാർഹികജോലിക്കാരായി എത്തുന്ന സ്ത്രീകൾ, തിരുവനന്തരപുരത്ത് മത്സ്യവിപണനം നടത്തുന്ന തീരദേശവനിതകൾ എന്നീ വിഭാഗക്കാർക്കിടയിൽ ഞങ്ങൾ നടത്തിയ ഗവേഷണം കടത്തിൽ മുങ്ങിത്താണ സ്ത്രീകൾ നേരിടുന്ന കടുത്ത വെല്ലുവിളികളിലേക്ക് വെളിച്ചം വീശി. കുടുംബശ്രീ എന്ന വികസന സിവിൽസമൂഹത്തിനു പുറത്തു നിൽക്കേണ്ടിവരുന്നവരുടെ പ്രയാസങ്ങൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാറേയില്ല. കൊച്ചിയുടെ പ്രാന്തപ്രദേശത്തു നിന്നു നഗരത്തിലേക്കു തൊഴിലിനായി ദിവസവും സഞ്ചരിക്കുന്ന സ്ത്രീകൾക്ക് കുടുംബശ്രീപ്രവർത്തനങ്ങളിലെ പങ്കാളിത്തവും അയൽക്കൂട്ട അംഗത്വം തന്നെയും പ്രയാസമാണെന്ന് വ്യക്തമായി. കേരളസർക്കാരിൻറെ നയരേഖകളിൽ പലപ്പോഴും സ്ത്രീകളെ ഉന്നം വയ്ക്കുന്ന ക്ഷേമസഹായങ്ങളിൽ ഈ തൊഴിലാളികളുടെ പ്രത്യേക ആവശ്യങ്ങളെ പരിഗണിക്കേണ്ടതാണെന്ന് പറയുന്നുണ്ട്. പക്ഷേ അവർ ഇപ്പോഴും കാര്യമായി പരിഗണിക്കപ്പെടുന്നില്ലെന്നാണ് ലഭ്യമായ ഗവേഷണപഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ വീട്ടുജോലി പോലുള്ള അസംഘടിത-അനൌപചാരിക മേഖലകളിലെ സ്ത്രീതൊഴിലാളികൾക്ക് വേതനം നന്നേ കുറവും ജോലിഭാരം പലപ്പോഴും അധികവുമാണെന്ന് വ്യക്തമാണ്. കേരള സംസ്ഥാന ആസൂത്രണ ബോർഡിൻറെ പതിനാലാം പഞ്ചവത്സര പദ്ധതി ചർച്ചകൾക്കായി തയ്യാറാക്കപ്പെട്ട അനൌപചാരിക മേഖലാ തൊഴിലാളികളെ സംബന്ധിച്ചുള്ള വർക്കിങ് ഗ്രൂപ്പിൻറെ റിപ്പോർട്ട് ഇതിനെ ഒരു ലിംഗാസമത്വ പ്രശ്നമായിത്തന്നെ എണ്ണുന്നുണ്ട്.
കുമ്പളങ്ങി, ചെല്ലാനം മുതലായ സ്ഥലങ്ങളിൽ നിന്നുള്ള സ്ത്രീതൊഴിലാളികളുമായുള്ള അഭിമുഖങ്ങളിലൂടെ ഞങ്ങൾ ശേഖരിച്ച തൊഴിൽചരിത്രങ്ങളിൽ കൃഷി, മത്സ്യബന്ധനം, മത്സ്യസംസ്കരണം മുതലായ മേഖലകളിൽ നിന്നു പുറത്തായ ശേഷം യൂണിയനുകളുടെ സഹായമോ സംഘബലമോ ഇല്ലാത്ത തൊഴിൽമേഖലകളിലേക്കു സ്ത്രീതൊഴിലാളികളുടെ ‘സ്ഥാന-ഇറക്ക’ത്തിൻറെ കഥകളാണ് കേൾക്കാനുള്ളത്. ചെമ്മീൻ-മീൻ കമ്പനികളിലെ കർക്കശമായ തൊഴിൽ സാഹചര്യവും കൂലിക്കുറവും സഹിക്കവയ്യാതെയാണ് അവരിൽ വലിയൊരു വിഭാഗം കൊച്ചിനഗരത്തിൽ വീട്ടുജോലി തിരക്കിയത്. കൊച്ചിയുടെ പ്രാന്ത സ്ഥലങ്ങളിൽ കൃഷി, മത്സ്യബന്ധനം മുതലായ തൊഴിലുകൾ ചുരുങ്ങിയ കാലത്താണ് കൊച്ചിലെ നഗരവത്ക്കരണപ്രക്രിയയും വേഗതയാർജിച്ചത്. ഈ സ്ത്രീതൊഴിലാളികളിൽ ഭൂരിഭാഗത്തിനും കുട്ടിക്കാലത്തു സഹിച്ച ഇല്ലായ്മയുടെ കഥകൾ പറയാനുണ്ടായിരുന്നു. ഭർത്താക്കന്മാർക്ക് ജോലിയില്ലാതെയായതുകൊണ്ടും അവർ പലപ്പോഴും മദ്യപാനികളായിപ്പോയതുകൊണ്ടും, ചിലർ നേരത്തെ മരിച്ചുപോയതുകൊണ്ടും വിവാഹത്തിനു ശേഷവും കാര്യമായ കഷ്ടപ്പാടു സഹിച്ചവരായിരുന്നു അവർ.
താമസസ്ഥലത്തു നിന്നും എന്നും പുറത്തു പോയി ജോലിചെയ്ത് വൈകി മാത്രം മടങ്ങുന്നവരും ആയതുകൊണ്ട് അയൽക്കൂട്ട പ്രവർത്തനങ്ങളിലോ സ്വയംസഹായസംഘത്തിൻറെ മീറ്റിങിലോ പങ്കെടുക്കാൻ കഴിയാതെ വരുന്നതുകൊണ്ട് കുടുംബശ്രീയിൽ നിന്നുള്ള ക്ഷേമവിഭവങ്ങളെ പൂർണമായും അനുഭവിക്കാൻ ഇവർക്കു കഴിഞ്ഞിരുന്നില്ല. അതായത്, സ്വയംസഹായ-പ്രോത്സാഹന ഭരണകൂടത്തിൻറെ ക്ഷേമവിഭവവിതരണത്തിൻറെ ചുറ്റളവിൽ നിന്ന് ഇവർ പലപ്പോഴും പുറത്തായിരുന്നു. മാത്രമല്ല, സമീപകാലത്തുണ്ടായ ഒരു ബൈ-ലോ മാറ്റവും ഇവരെ പ്രതികൂലമായി ബാധിച്ചു. ഇതു പ്രകാരം സ്വയംസഹായമീറ്റിങ്ങുകളിൽ അംഗങ്ങളുടെ ഹാജർ കുറഞ്ഞത് എഴുപത്തിയഞ്ചു ശതമാനമെങ്കിലും ആയിരിക്കണം. പക്ഷേ മൂർത്ത സാഹചര്യത്തിൽ നൂറു ശതമാനം ഹാജരാണ് പ്രതീക്ഷിച്ചിരുന്നത്. ഇവരുടെ പരിസരങ്ങളിലെ കുടുംബശ്രീ സംഘങ്ങളിൽ എഴുപത്തിയഞ്ച് ശതമാനം ഹാജർ കുറഞ്ഞ അംഗങ്ങൾക്ക് ഫൈൻ അടയ്ക്കേണ്ടി വന്നിരുന്നു – സ്വയംസഹായസംഘം തന്നെയാണ് ഫൈനിൻറെ തുക നിശ്ചയിച്ചതും. ജോലിസമയങ്ങളിലെ വ്യതിയാനം, യാത്ര, ഇവ മൂലം കൃത്യസമയത്ത് മടങ്ങിയെത്താൻ കഴിയാതെ വരുന്നതുകൊണ്ടും, മീറ്റിങുകളുടെ സമയം പൊതുവെ സംഘത്തിലെ ഭൂരിപക്ഷമായ വീട്ടമ്മമാരുടെ സൌകര്യപ്രകാരം തീരുമാനിക്കുന്നതുകൊണ്ടും തങ്ങൾക്ക് ഇവയുടെ ഭാഗമായി തുടരാൻ കഴിഞ്ഞിട്ടില്ലെന്നാണ് തൊഴിലാളിസ്ത്രീകൾ പറഞ്ഞത്. ഞായറാഴ്ചകളിൽ പോലും ആ ആഴ്ചയിലെ മുഴുവൻ കുമിഞ്ഞുകൂടിയ വീട്ടുജോലികൾ ചെയ്യേണ്ടിവരുന്നതുകൊണ്ട് ആ ദിവസം പോലും മീറ്റിങിലെ പങ്കാളിത്തം മുടങ്ങാറുണ്ടെന്നും.
മഹാമാരിക്കാലത്ത് ഈ തൊഴിലാളികളുടെ വരുമാനം കാര്യമായി കുറഞ്ഞു. ഞങ്ങളുടെ ഗവേഷണത്തിൽ പങ്കാളികളായ മിക്ക തൊഴിലാളികളുടെയും ഭർത്താക്കന്മാർക്ക് ജോലിയും വരുമാനവും ഇല്ലാതായി. ഈ പ്രതിസന്ധിയിൽ കുടുംബശ്രീയിൽ അംഗങ്ങളായി തുടർന്നിരുന്ന തൊഴിലാളികൾക്ക് കേരളസർക്കാർ നൽകിയ വായ്പ സഹായമായി. എന്നാൽ ഞങ്ങൾ പഠിച്ച അതിദരിദ്രരായ സ്ത്രീതൊഴിലാളികളിൽ വലിയൊരു ശതമാനം (43 ശതമാനം) പേർ സ്വയംസഹായസംഘങ്ങളിൽ അംഗങ്ങളല്ലായിരുന്നു. ഇവരുടെ സാമ്പത്തിക അവസ്ഥ വല്ലാതെ മോശമായിരുന്നു. കുടുംബശ്രീയെക്കാൾ വളരെ വലിയ പലിശ ഈടാക്കുന്ന സ്വകാര്യ പണമിടപാടുകാരോട് കൂടിയ പലിശയ്ക്ക് കടമെടുത്തതിൻറെ കഷ്ടങ്ങൾ അവർ നിരന്തരം സഹിച്ചു. വീടു പണി, വീട് പുതുക്കിപ്പണിയൽ, മകളുടെ വിവാഹച്ചെലവ്. സ്ത്രീധനം മുതലായവയ്ക്കായി വലിയ തുകകൾ കടമെടുത്തവരായിരുന്നു ഇവർ.
ഇവരുടെ മാനസികാവസ്ഥകളിൽ ഋണമുതലാളിത്തചൂഷണത്തിൻറെ സവിശേഷ ആഘാതങ്ങൾ പ്രകടമായിരുന്നു. വായ്പയും പലിശയും കടമെടുക്കുന്നവരുടെ ഭാവി-കാലത്തെ, ജിവിത-സമയത്തെത്തന്നെയാണ് കീഴ്പ്പെടുത്തുന്നത്. കടമടയ്ക്കാനുള്ള സമ്മർദ്ദം മൂലം ഏതുതരം ജോലിയും സ്വീകാര്യമാകുന്ന അവസ്ഥയിൽ അവർ അകപ്പെട്ടുപോകുന്നു. കടക്കെണിയെപ്പറ്റി ഞങ്ങളോടു സംസാരിച്ചവർ ഈ കടങ്ങൾ അടച്ചുതീർക്കാൻ തങ്ങൾക്ക് കഴിയില്ലെന്നു സമ്മതിക്കുകയും, ഈ കടം മക്കളുടെ തലയിലാകുമെന്ന് വേവലാതിപ്പെടുകയും, തങ്ങളുടെ കടബാധ്യതയെപ്പറ്റി മറ്റുള്ളവർ അറിയുമ്പോൾ സഹിക്കേണ്ടിവരുന്ന സ്വത്വച്ചുരുക്കത്തെപ്പറ്റി സങ്കടപ്പെടുകയും ചെയ്തു. പണമിടപാടു സംഘങ്ങളുടെ സമ്മർദ്ദതന്ത്രങ്ങളുടെ അസാമാന്യഹിംസ അവരുടെ മനസ്സിനെയും ശരീരത്തെയും ഒരുപോലെ ബാധിച്ചതായി ഞങ്ങൾ കണ്ടു. ആഗോളതലത്തിൽ ഋണമുതലാളിത്തത്തിൻറെ ആഘാതങ്ങളെപ്പറ്റിയുള്ള വ്യാപകമായ ഗവേഷണം കടക്കാരെ ഋണബാദ്ധ്യത പൌരത്വത്തിൽ നിന്നുതന്നെ ഫലത്തിൽ പുറത്താക്കുന്നതെങ്ങനെ എന്നു കാട്ടിത്തരുന്നു. കടബാധ്യതയുള്ളവരെ സമൂഹം പുറത്താക്കുന്നു – നിയമം അവരെ കുറ്റവാളികളാക്കുന്നു – ഈവിധത്തിൽ നിയമവും സാമൂഹ്യസദാചാരവും പരസ്പരം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇത് കടബാധിതരുടെ ശാരീരികവും മാനസികവുമായ ശക്തികളെ ക്ഷയിപ്പിക്കുമെന്നതിനുള്ള ഗവേഷണത്തെളിവുകൾ ലോകത്ത് പലയിടത്തും നടത്തിയ ഗവേഷണപഠനങ്ങളിൽ ധാരാളം ഉണ്ട്. കൊച്ചിയിൽ ഞങ്ങൾ അഭിമുഖം നടത്തിയ 33 പേരിൽ 27 പേരും കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായി പറഞ്ഞു. മുട്ടുവേദന മാത്രമല്ല, ഡയബറ്റിസ്, രക്തസമ്മർദ്ദം, നടുവേദന മുതലായ കലശലാണെങ്കിലും അവയ്ക്ക് കാര്യമായ ചികിത്സയൊന്നും അവരിൽ പലരും തേടിയിരുന്നില്ല – കടം, പലിശ എന്നിവയ്ക്കായാണ് അവരുടെ വരുമാനം അധികവും ചെലവായത്. ചിലരുടെ വാക്കുകളിലെങ്കിലും കടക്കെണിയിൽ അകപ്പെട്ടതിന് സ്വയം ശിക്ഷിക്കാനുള്ള പ്രവണത കാണാനുണ്ടായിരുന്നു.
വല്ലാത്തൊരു ദൂഷിതവലയത്തിൽ ഈ സ്ത്രീകൾ അകപ്പെട്ടുപോയതു പോലെ – കടക്കെണിയിൽ പെട്ടത് വൈകാരികമായ ശോഷണത്തിലേക്കു നയിക്കുന്നു. ഇത് ഉള്ളിലേക്കു ചുരുങ്ങാൻ അവരെ പ്രേരിപ്പിക്കുന്നു. ഈ ചുരുക്കം ക്ഷേമവിഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനും അധികാരികളെ സമീപിച്ച് അവ നേടിയെടുക്കാനുള്ള ഉത്സാഹത്തെ പാടെ കെടുത്തുകയും ചെയ്യുന്നു. ഇത് കടക്കെണിയെ കൂടുതൽ മുറുക്കുന്നു. തങ്ങൾക്ക് നിലവിലുള്ള ക്ഷേമപദ്ധതികളെപ്പറ്റി അറിവില്ലെന്നും അവയെപ്പറ്റി ചോദിച്ചറിഞ്ഞ് നേടിയെടുക്കാനുള്ള ഊർജം തങ്ങൾക്കില്ലെന്നും ഞങ്ങളോടു സംസാരിച്ച പല സ്ത്രീകളും പറഞ്ഞു. വൈകാരികമായ അടുപ്പവും ഊർജവും സ്വന്തം കുടുംബങ്ങളിൽ നിന്ന് ഈ സ്ത്രീകൾക്ക് അപൂർവമായി മാത്രമേ ലഭിച്ചിരുന്നുള്ളൂ. വിഭവദാരിദ്ര്യം അനുഭവിക്കുന്ന മിക്ക കുടുംബങ്ങളിലും അംഗങ്ങൾ സ്വന്തം താത്പര്യങ്ങൾ നേടിയെടുക്കാൻ മത്സരിക്കുന്നത് പ്രതീക്ഷിതമാണ് – എന്നാൽ ഇത് കുടുംബത്തിൻറെ സാമ്പത്തികഭാരം അധികവും താങ്ങുന്ന സ്ത്രീകളുടെ വൈകാരികാവസ്ഥയെ വളരെ പ്രതികൂലമായാണ് ബാധിക്കുന്നത്. അയൽവക്കത്തു നിന്നു എന്നും മറ്റൊരു സ്ഥലത്തേയ്ക്കു സഞ്ചരിച്ച് ജോലി ചെയ്യുന്ന സ്ത്രീകൾക്ക് മയമുള്ള അയൽബന്ധങ്ങൾ ഉണ്ടാക്കാനും ബുദ്ധിമുട്ടുണ്ടെന്ന് ഫീൽഡ് പഠനങ്ങൾ കാണിച്ചുതന്നു. മാത്രമല്ല, കടക്കെണിയിൽ അകപ്പെടുന്ന അവസ്ഥ ഉണ്ടാക്കുന്ന നാണക്കേട് അവരെ സ്ത്രീകളുടെ അയൽക്കൂട്ട സാമൂഹികതയ്ക്കു പുറത്തുനിർത്താറുമുണ്ട്. ഇതു കാരണം ഈ സ്ത്രീകളിൽ പലരും തങ്ങളുടെ തൊഴിൽദാതാക്കളുമായാണ് ആർദ്രവൈകാരികബന്ധങ്ങൾ ഉണ്ടാക്കുന്നത്. ഇതാകട്ടെ, സ്നേഹപൂർണമായ പെരുമാറ്റത്തിനും മയമുള്ള വാക്കുകൾക്കും പകരം കുറഞ്ഞ കൂലി കൊണ്ട് തൃപ്തിപ്പെടാനും, വളരെ വലിയ ജോലിഭാരങ്ങൾ ഏൽക്കാനും അവരെ പ്രേരിപ്പിക്കുന്നു.
കുടുംബശ്രീയിൽ വേരുറപ്പിക്കാനാവാത്ത സ്ത്രീകൾ പലപ്പോഴും വിധവകളോ ഒറ്റയ്ക്കു കുടുംബം പുലർത്തുന്നവരോ ആയത് വെറുതേയല്ല. കടത്തിൻറെ ഔപചാരിക വൃത്തങ്ങൾക്ക് ആദ്യമേതന്നെ പുറത്തായിരുന്ന ഇവർ ‘വീട്ടമ്മവിത്ക്കരിക്ക’പ്പെട്ടിരുന്നില്ല – അതായത്, തൊഴിൽലോകങ്ങളിൽ നിന്ന് പിൻമാറി വീടുകളിലേക്ക് ചേക്കേറിയിരുന്നില്ല. വീട്ടമ്മമാർക്കായി സൃഷ്ടിക്കപ്പെട്ട സ്വയംസഹായസംഘങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് മാറിയ സ്ത്രീകളുടെ അയൽവക്ക സാമൂഹികതയിലേക്ക് സ്വയം ചുരുങ്ങാൻ ഇവർക്ക് കഴിയുമായിരുന്നില്ല. മാത്രമല്ല, അവരുടെ ആവശ്യങ്ങളെ നവലിബറൽ ജനക്ഷേമസംബന്ധമായ ധാരണകളിലേക്ക് ചുരുക്കാനും പ്രയാസമായിരുന്നു (കടമെടുത്ത് സംരംഭങ്ങൾ സ്വയം തുടങ്ങി അവയെ വിജയത്തിലെത്തിക്കാനുള്ള കഴിവോ ശേഷികളോ സാമ്പത്തിക അടിത്തറയോ അവർക്ക് താണ ഇടത്തരം കുടുംബങ്ങളോളം പോലും ഉണ്ടായിരുന്നില്ല).
ദരിദ്രർക്ക് സാമൂഹ്യവും സാമ്പത്തികവുമായ മേൽഗതി ഏതാണ്ട് അസാധ്യമാക്കിത്തീർക്കുന്ന ശക്തിയായാണ് കടം ഇന്ന് കേരളത്തിൽ പ്രവർത്തിക്കുന്നത്. വീടുനിർമ്മാണമാണ് പല സ്ത്രീതൊഴിലാളികളെയും കടത്തിലകപ്പെടുത്തിയതെന്ന് ഫീൽഡ് പഠനങ്ങൾ വ്യക്തമായ സൂചന നൽകുന്നു . ഇന്ന് കേരളത്തിൽ സമൂഹമാന്യതയുടെ മുഖ്യമായ ഒരു അളവുകോൽ സ്വന്തം വീടുണ്ടാവുക എന്നതാണ് – സ്വന്തം പെൺമക്കൾക്ക് വരന്മാരെ കിട്ടാൻ അത് അത്യാവശ്യമാണെന്ന് പല സ്ത്രീതൊഴിലാളികളും ഞങ്ങളോട് ഉറപ്പിച്ചു പറഞ്ഞു. കൂടാതെ, പണപ്പെരുപ്പം അധികം ബാധിക്കാത്ത സ്വത്തെന്ന നിലയ്ക്കും വീട് ദരിദ്രർക്ക് വളരെ വിലപ്പെട്ടതാണ്. അതുകൊണ്ടുതന്നെ വീടുപണിക്കു കിട്ടുന്ന സർക്കാർസഹായവും വൻപലിഷക്കടവും കൂട്ടിച്ചേർത്തുകൊണ്ട് അവരിൽ പലരും കേലവം പാർപ്പിടത്തിനപ്പുറം വിലയുള്ള സ്വത്തായ വീടു പണിയാനാണ് ശ്രമിക്കുന്നത്. ലൈഫ് പദ്ധതിയുടെ ചട്ടപ്രകാരം കോൺക്രീറ്റ് വാർത്തവീടു തന്നെ വേണം – ഇതിന് ചെലവേറും. മാത്രമല്ല, ദരിദ്രരുടെ കൈവശമുള്ള ചെറുതുണ്ടു ഭൂമി പലപ്പോഴും ദുർബലമാണ് – കാലാവസ്ഥാവ്യതിയാനം മൂലം കെട്ടുപോകാൻ ഏറെ സാധ്യതയുള്ളത്. അങ്ങനെയുള്ള ഭൂമിയിൽ വീടു പണിയാനും ചെലവ് ഏറും. ഇതു കാരണം കടബാധ്യതകളും വീടുപണിയ്ക്കൊപ്പം ദരിദ്രരെ കീഴ്പ്പെടുത്താറുണ്ട്. കാലാവസ്ഥാവ്യതിയാനം മലയാളികൾക്കിടയിലെ അസമത്വങ്ങളെ വളർത്തുന്ന, ദരിദ്രരെ ഋണമുതലാളിത്തത്തിൽ കടുത്ത ചൂഷണത്തിലേക്കു തള്ളിയിടുന്ന, ശക്തിയാകുന്ന പല വഴികളിൽ ഒന്നാണിത്.
എന്നാൽ അതിദരിദ്രസ്ത്രീകളുടെ ഇടയിൽ ചില വിഭാഗങ്ങൾ ഈ ദുരിതവഴിയിൽ നിന്ന് അല്പമെങ്കിലും രക്ഷ നേടിയിട്ടുണ്ടെന്നും ഞങ്ങളുടെ ഗവേഷണം വെളിപ്പെടുത്തി. തിരുവന്തപുരം നഗരത്തിൻറെ പ്രാന്തപ്രദേശമായി മുപ്പതു വർഷം മുമ്പ് എണ്ണപ്പെട്ടിരുന്ന, ഇന്ന് നഗരഹൃദയമായി കണക്കാക്കപ്പെടുന്ന, ഒരു വാർഡിൽ 1980കളിലെയും 90കളിലെയും തദ്ദേശവികസന പരീക്ഷണങ്ങളുടെ ഭാഗമായി സൃഷ്ടിക്കപ്പെട്ട സ്ത്രീതൊഴിലാളി കൂട്ടായ്മയുടെ അനുഭവത്തിലാണ് ഞങ്ങൾ ഇത് പ്രധാനമായും കണ്ടത്. പ്രബല ഇടതുപക്ഷ രാഷ്ട്രീയപാർട്ടിയുടെ പിൻബലം ഇവർക്കുണ്ടായിരുന്നു – ഈ കൂട്ടായ്മയുടെ സംഘാടനത്തിലെ പരിപൂർണ മേൽക്കൈ അവിടുത്തെ പുരുഷന്മാരായ രാഷ്ട്രീപ്രവർത്തകർക്കായിരുന്നു. 1980കളിൽ അവർ ആ വാർഡിലെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലെ ശുചീകരണ ജോലികൾ ഈ കൂട്ടായ്മയിലെ അംഗങ്ങളായ സ്ത്രീകൾക്കായി നേടിയെടുത്തു. അപ്പോൾ മുതൽ ഇപ്പോൾ വരെയും അവർ ഈ ജോലികളിൽ തുടരുകയും ചെയ്യുന്നു.
കൊച്ചിയിൽ ഞങ്ങൾ പഠിച്ച സ്ത്രീതൊഴിലാളികളും ഇവരും തമ്മിൽ കാര്യമായ സാമ്യങ്ങൾ പലതുമുണ്ടായിരുന്നു. ഇരുകൂട്ടരും 1980കളിലും ശേഷവും പരമ്പരാഗതതൊഴിലുകളുടെ തകർച്ചയിൽ നിന്ന് അസംഘടിതമേഖലയിൽ (ഗാർഹിക-ശുചീകരണ ജോലികളിൽ) പ്രവേശിച്ചവരാണ്. ഇരുകൂട്ടരും മർദ്ദിതജാതികളിൽ ജനിച്ചവരും സ്വത്തുടമകളല്ലാത്തവരോ, വളരെ തുച്ഛമായ സ്വത്തുകൾ കൈവശമുള്ളവരോ ആണ്. ഇരുകൂട്ടരിലും വളരെപ്പേർ സ്വന്തം കുടുംബങ്ങളുടെ ഏറിയ ഭാരവും വഹിക്കുന്നവരാണ്, ഭർത്താക്കന്മാരുടെ അഭാവമോ ഹിംസയോ സഹിക്കുന്നവരാണ്.
എന്നാൽ ഇവർ തമ്മിലുള്ള സാമ്യം ഇവിടെ തീരുന്നു. മഹാമാരിക്കാലത്ത് കൊച്ചിയിലെ ഗാർഹിക തൊഴിലാളികൾ വലിയ കഷ്ടനഷ്ടങ്ങൾ അനുഭവിച്ചെങ്കിൽ, തിരുവന്തപുരത്തെ കൂട്ടായ്മാ അംഗങ്ങൾ വളരെയേറെ ക്ഷേമഫലങ്ങൾ തങ്ങളുടെ രാഷ്ട്രീയബന്ധങ്ങൾ വഴി നേടിയെടുത്തെന്ന് വ്യക്തമാണ്. തൊഴിലെടുത്തിരുന്ന സ്ഥാപനങ്ങളിലും കൂടുതൽ ഫലപ്രദമായ പേശൽ തങ്ങളുടെ കൂട്ടായ്മയുടെ പുരുഷനേതൃത്വം വഴി അവർക്കു സാധ്യമായി. സ്ഥിരതയുള്ള ജോലിയും കൂട്ടുത്തരവാദിത്വങ്ങളും സ്ത്രീകൾ തമ്മിൽ കൂടുതൽ ആർദ്രതയാർന്ന സൌഹൃദങ്ങളും സാമൂഹികതയും സൃഷ്ടിച്ചു. അവർ തമ്മിലുള്ള പണമിടപാടുകളിലും സാമ്പത്തികതാത്പര്യങ്ങൾപ്പുറം സൌഹാർദ്ദപൂർണമായി, പലപ്പോഴും. അതുപോലെ, കൊച്ചിയിലെ ഗാർഹികത്തൊഴിലാളികൾക്ക് അവരുടെ തൊഴിൽദാതാക്കളുമായുള്ള ബന്ധം എല്ലായ്പ്പോഴും നല്ലതായി അനുഭവപ്പെട്ടിരുന്നില്ല – എന്നാൽ തിരുവനന്തപുരത്തെ കൂടുതൽ സംഘടിതരായ സ്ത്രീതൊഴിലാളികൾക്ക് ആ ബന്ധങ്ങൾ പലപ്പോഴും ശാക്തീകരണഫലമാണ് സൃഷ്ടിച്ചത്.
എന്നാൽ ഈ ഗുണാത്മക ഘടകങ്ങൾക്കു പകരമെന്നോണം, ഒരു കാര്യത്തിൽ തിരുവനന്തപുരത്തെ സ്ത്രീതൊഴിലാളികൾ കനത്ത വില കൊടുക്കുന്നുണ്ട് – കൂലിയുടെ കാര്യത്തിൽ. 1990കളിൽ ഉയർന്ന കൂലിയും ആനുകൂല്യങ്ങളും തങ്ങൾക്ക് കിട്ടിയിരുന്നെന്ന് ഇവർ ഓർമ്മിക്കുന്നു. എന്നാൽ 2012നു ശേഷം കാര്യങ്ങൾ വഷളായിത്തുടങ്ങി. സ്ഥാപനങ്ങളിലെ ശുചീകരണജോലികളിൽ ടെൻററിങ് നിർബന്ധമായി തുടങ്ങിയതോടെ, ജിഎസ്ടിയും മറ്റും ബാധകമായതൊടെ, കൂലി വല്ലാതെ കുറഞ്ഞു, ഓരോ വർഷവും അസ്വീകാര്യമായ തോതിൽ കുറഞ്ഞുതന്നെ വരുന്നു. എന്നാൽ, ഇതിൽ നിന്നു വ്യത്യസ്തമായി, പല കാര്യങ്ങളിലും തീർത്തും മോശപ്പെട്ട അവസ്ഥയിലാണെങ്കിലും, സംഘടിതശക്തികളുടെ യാതൊരു സഹായവുമില്ലാത്ത കൊച്ചിയിലെ ഗാർഹികത്തൊഴിലാളികൾ ഇവരെക്കാൾ കൂടുതൽ ശമ്പളം നേടുന്നു.
ഇതെങ്ങനെ എന്നു ചോദിച്ചാൽ, തിരുവനന്തപുരത്തെ സ്ത്രീതൊഴിലാളികൂട്ടായ്മയുടെ സംഘാടകരായ പുരുഷന്മാർ സ്ത്രീതൊഴിലാളികളെ അവരുടെ വീടുകളിൽ രണ്ടാം വരുമാനം മാത്രമുണ്ടാക്കുന്ന സ്ത്രീകളായ കാണുന്നു എന്നു ചൂണ്ടിക്കാട്ടേണ്ടിവരും. തങ്ങളുടെ കുടുംബങ്ങളിലേക്ക് ഒരു വരുമാനം കൂടിച്ചേർത്ത് അവയെ സ്ഥിരതയുള്ളവയാക്കാൻ ശ്രമിക്കുന്ന സ്ത്രീകളെ ആണ് അംഗങ്ങളാക്കാൻ അവർ താത്പര്യപ്പെട്ടത്. ‘മാന്യമായ ജോലി’ – കൂലി രണ്ടാം പരിഗണന മാത്രം, എന്നർത്ഥം. ‘മാന്യത’ മാത്രമല്ല, ഏതൊരു തൊഴിലാളിയേയും പോലെ മതിയായ കൂലിയും ആനുകൂല്യങ്ങളും മറ്റ് അവകാശങ്ങളും അർഹിക്കുന്നവരായിയല്ല ഈ സ്ത്രീതൊഴിലാളികൾ എണ്ണപ്പെടുന്നത് – രണ്ടാം വരുമാനം കുടുംബത്തിലെത്തിക്കുന്ന വീട്ടമ്മമാരായിയാണ് അവരെ സംഘാടകർ തിരിച്ചറിയുന്നത്. സ്ത്രീതൊഴിലാളികളും തങ്ങളുടെ കൂട്ടായ്മയെ തൊഴിലാളിസംഘടനയായല്ല, ക്ഷേമവിതരണസ്ഥാപനമായാണ് തിരിച്ചറിയുന്നതെന്നതും ശ്രദ്ധേയമാണ്. അവരുടെ ‘നാണക്കേടു’ണ്ടാക്കുന്ന വീട്ടുജോലിക്കും മറ്റും, കടുത്ത സാഹചര്യങ്ങളിലല്ലാതെ, പോകാൻ തയ്യാറുമല്ല – മഹാമാരിക്കാലത്ത് നല്ല വേതനം ലഭിച്ച സർക്കാർ പണികൾ പോലും അവർ നിഷേധിച്ചു, ‘മാന്യതക്കുറവി’ൻറെ പേരിൽ.
ചുരുക്കിപ്പറഞ്ഞാൽ അതിദരിദ്രസ്ത്രീതൊഴിലാളികൾ സംരക്ഷിക്കപ്പെടുന്ന (അപൂർവ) അവസരങ്ങളിൽ അവർ തൊഴിലാളികളായല്ല, ‘തൊഴിൽമാന്യത’ മുഖ്യപരിഗണനയായ വീട്ടമ്മമാരായിയാണ് കണക്കാക്കപ്പെടുന്നത്. കുടുംബശ്രീ വഴിയാണെങ്കിലും, ഇവിടെ ചർച്ചചെയ്ത കുടുംബശ്രീ-പൂർവ സ്ത്രീതൊഴിലാളിസംഘാടന മാതൃകയിലാണെങ്കിലും ഇതുതന്നെയാണ് നാം കാണുന്നത്. വീട്ടുജോലി പോലെയുള്ള അസംഘടിത-അനൌപചാരികമേഖലാ തൊഴിലുകളുടെ ‘മാന്യത’യെ നീതിപൂർവമായ കൂലിയിലൂടെ, ബ്രാഹ്മണികവും ലിംഗവത്കൃതവുമായ തൊഴിൽമൂല്യങ്ങളെ തുറന്നെതിർക്കുന്നതിലൂടെ ഉയർത്താൻ വ്യവസ്ഥാപിതതൊഴിലാളിസംഘടനകളോ ഇടതുപക്ഷമോ ആത്മാർത്ഥശ്രമങ്ങൾ നടത്തുന്നില്ലെന്നും ഇതു കാണിക്കുന്നു.
<strong>5. ഉപസംഹാരം</strong>
കേരളത്തിൽ തുച്ഛമായ സ്വത്തുക്കൾ ഉള്ളവരും താണ-ഇടത്തരം നിലയിൽ ക്ഷതസാധ്യതകളെ വെല്ലുവിളിച്ചു കുടുംബം പുലർത്തുന്നവരോ, സ്വത്തില്ലാത്ത, സ്വന്തം ശാരീരിക അദ്ധ്വാനത്തെ പ്രധാനമായും ആശ്രയിച്ചു കുടുംബജീവിതം നയിക്കുന്നവരോ വിഭാഗക്കാരോ ആയ സ്ത്രീകളുമായി ഞങ്ങൾ ദീർഘകാലത്തിൽ നടത്തിയ ഗവേഷണ അഭിമുഖങ്ങളെയാണ് ഈ ലേഖനം പ്രധാനമായും ആശ്രയിക്കുന്നത്. സർക്കാർ ക്ഷേമത്തെ നേടിയെടുക്കുന്ന കാര്യത്തിൽ, കടത്തിൻറെ ഭാഷയെ (പൌരത്വനിലയെത്തന്നെ ചുരുക്കിക്കളയുന്ന ഭാഷയെ) ചെറുക്കുന്ന കാര്യത്തിൽ, സാമ്പത്തികകടം സൃഷ്ടിക്കുന്ന വിഷയിത്വത്തെ (അദ്ധ്വാനിക്കാനുള്ള ശാരീരികശേഷിയെ, ആത്മാഭിമാനത്തിൻറെ വൈകാരിക അടിത്തറയെ, സ്വന്തം സമയത്തിനു മേലുള്ള നിയന്ത്രാണിധികാരത്തെ ശോഷിപ്പിക്കുന്ന ആന്തരികനിലയെ) നേരിടുന്നതിൽ — ഈ മൂന്നു കാര്യങ്ങളിലും ഇരുവിഭാഗങ്ങൾ തമ്മിൽ കാര്യമായ വ്യത്യാസം കാണാനുണ്ട്.
ഇവിടെ നാം ചർച ചെയ്ത രണ്ടു വിഭാഗക്കാരെ – കൊച്ചീ പ്രാന്തപ്രദേശത്തു നിന്നു വരുന്ന സ്ത്രീതൊഴിലാളികൾ, തിരുവനന്തപുരത്തെ തീരദേശ ഗവേഷണസ്ഥലത്തെ സ്ത്രീകൾ, ഇവരെ – കാലാവസ്ഥാവ്യതിയാനത്തിൻറെയും നവലിബറൽ ഇരപിടിയൻ മുതലാളിത്തിൻറെയും ശക്തികൾ കീഴ്പ്പെടുത്തിയവരാണ്. കേരളത്തിലെ തീരദേശജീവിതത്തെത്തന്നെ ഇവ മാറ്റിമറിച്ചു കൊണ്ടിരിക്കുന്നു. കുമ്പളങ്ങി-ചെല്ലാനം ഭാഗങ്ങളിലെ പ്രകൃതിനാശത്തിൻറെ ഇരകളുടെ അവസ്ഥ തുടക്കത്തിലേ മോശമായിരുന്നെങ്കിലും, തിരുവനന്തപുരത്തെ തീരദേശഗ്രാമത്തിലെ സ്ത്രീകൾ ഏറെ നാൾ ചെറുത്തുനിന്നവരാണ്. അവരുടെ സാമ്പത്തികവും ഉപജീവനപരവുമായ പരീക്ഷണങ്ങൾ വെളിവാക്കുംപോലെ, അവർ ചെറുവായ്പാകേന്ദ്രിത ജനക്ഷേമത്തെ കടക്കെണിയിൽ അകപ്പെടാതെതങ്ങളാൽ കഴിയുംവിധം ഉപജീവനത്തിനായി ഉപയോഗിക്കാൻ ശ്രമിച്ചു. എന്നാൽ അവർ പടുത്തുയർത്തിയ ദുർബലപ്രതിരോധം അഡാനി തുറമുഖ നിർമ്മാണം സൃഷ്ടിച്ച പ്രതിസന്ധിയെയും ഓഖി കൊടുങ്കാറ്റിൻറെയും ആഘാതത്തെയും നേരിടാൻ അപര്യാപ്തമായിരുന്നു. അതായത്, 2013ൽ, ഫീൽഡ് വർക്കിൻറെ അരംഭദിനങ്ങൾ ഈ തീരദേശസമൂഹം ഏറെ ക്ഷതസാധ്യതയുള്ള സ്ഥലമാണെന്നു കണ്ടെങ്കിലും, അവിടുത്തെ സ്ത്രീകളുടെ ബുദ്ധിപൂർവമായ നീക്കങ്ങളും സ്ഥിരോത്സാഹവും കഠിനാദ്ധ്വാനവും പരസ്പരസഹായത്തിൽ ഊന്നിയ സാമൂഹികതയും ആ സമൂഹത്തെ താങ്ങിനിർത്തുന്നതായി ഞങ്ങൾ നിരീക്ഷിച്ചു. ആ നേട്ടങ്ങൾ ഭരണകൂട അഭിനന്ദനത്തെ നേടാൻ പ്രാപ്തവുമായി. പക്ഷേ 2020ൽ, മഹാമാരിയുടെ സമയത്ത്, ഇതേ സമൂഹത്തെ ഒറ്റപ്പെടുത്താനും തീരദേശവാസികളെ മൊത്തത്തിൽ കുഴപ്പക്കാരായ മുദ്രകുത്താനും ഇതേ ഭരണകൂടം മടിച്ചില്ല. അപ്പോഴേയ്ക്കും രൂക്ഷമായ കാലാവസ്ഥാവ്യതിയാന ദുരന്തങ്ങളും തുറമുഖനിർമ്മാണം മൂലം ശോഷിച്ചുപോയ ജീവിതമാർഗങ്ങളും ഉണ്ടാക്കിയ ആഘാതത്തെ മയപ്പെടുത്താൻ പോലും തീരദേശസ്ത്രീകളുടെ കഠിനയത്നങ്ങൾ പ്രയോജനരഹിതങ്ങളായിത്തീർന്നിരുന്നു.
ഇവരുടെ ജീവിതങ്ങൾ ഞങ്ങൾക്കു വെളിപ്പെടുത്തിയത്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കേരളത്തിൽ രൂപമെടുത്ത സാമ്പത്തിക അസമത്വത്തിൻറെ മൂർത്തരൂപത്തെയാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരമായാണ് സാമ്പത്തിക അസമത്വം പ്രകടമായത്. ഇല്ലാത്തവർക്ക് ലിബറൽ ജനാധിപത്യത്തിലൂടെ ഭരണകൂടത്തോട് വിഭവങ്ങൾ അവകാശമായിത്തന്നെ ചോദിക്കാമായിരുന്ന സമരോത്സുക രാഷ്ട്രീയമാണ് നിലവിലുണ്ടായിരുന്നത്. എന്നാലിന്ന് സാമ്പത്തിക അസമത്വം പ്രകടമാകുന്നത് ധനിക വിഭാഗവും ക്ഷതസാധ്യതകളധികം വഹിക്കുന്ന വിഭാഗവും തമ്മിലുള്ള അന്തരത്തിലാണ്. ഇതിൽ രണ്ടാമത്തെ കൂട്ടർ നവലിബറൽ ജനാധിപത്യത്തിൽ സർക്കാരിനോടുള്ള തീരാ കടപ്പാടു ബന്ധത്തിൽ അകപ്പെട്ടു നിൽക്കുന്നു. സർക്കാർ തങ്ങൾക്കു നൽകുന്ന ക്ഷേമവിഭവങ്ങൾക്കു പകരം ‘തീരാപലിശ’യായി തങ്ങളുടെ സമയത്തെ, ഊർജത്തെ, ഭരണപരമായ അദ്ധ്വാനത്തെ, കൊടുത്തുകൊണ്ടേയിരിക്കുന്നു. ഇതിൽ കടം കൊടുത്തവർ അധികവും പുരുഷന്മാരായ സർക്കാർ-അധികാരികളും, കടപ്പെട്ടവർ താണ ഇടത്തരം, ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകളും ആയതിൻറെ രാഷ്ട്രീയഫലങ്ങൾ നിസ്സാരങ്ങളല്ല. കാരണം, അത് കടക്കാരികളുടെ പൌരത്വത്തെത്തന്നെ ചുരുക്കിക്കളയുന്നു. അവരുടെ അദ്ധ്വാനത്തിനും സമയത്തിനും മേൽ സ്ഥിരമായ അവകാശവാദം ഭരണകൂടത്തിന് ലഭിക്കുന്നു.
2008ലെ പുതിയ ബൈ-ലോ ചില സാദ്ധ്യതകൾ ഉയർത്തിയെങ്കിലും, അതിൻറെ ഫലങ്ങൾ പലയിടത്തും പലവിധത്തിലാണ് വിളഞ്ഞതെന്നും ഈ ലേഖനം വാദിക്കുന്നു. എന്തായാലും, രൂക്ഷമാകുന്ന ഇരപിടിയൻ മുതലാളിത്തവും കാലാവസ്ഥാവ്യതിയാനദുരന്തങ്ങളും ഈ ഫലങ്ങൾ കുറച്ചെല്ലാം കണ്ട ഒരു സ്ഥലത്തെ സ്ത്രീകളുടെ പ്രതിരോധത്തെ നിഷ്ഫലമാക്കിയതും, അവരെ ഋണമുതലാളിത്തത്തിൻറെ ഇരകളാക്കിയതും ഇതിൽ ചർചചെയ്തു കഴിഞ്ഞല്ലോ. അതായത്, ക്ഷതസാധ്യത സർക്കാർസഹായം കൊണ്ട് പ്രതിരോധിക്കാവുന്നതിലും അധികമാകുമ്പോൾ താണ-ഇടത്തരക്കാരികളായ സ്ത്രീകൾ വളരെ വേഗത്തിൽ ദരിദ്രരായി മാറിയേക്കാം. എന്നാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കേരളത്തിൽ മേൽസൂചിപ്പിച്ച ധനിക- ക്ഷതസാധ്യതയേറിയ വിഭാഗക്കാരെക്കൂടാതെ അതിദരിദ്രർ എന്ന വിഭാഗവും ഉണ്ടെന്നും ഈ ലേഖനം വാദിക്കുന്നു. സർക്കാർ ജനക്ഷേമദൃഷ്ടിക്കു പുറത്താണിവർ. പൊതുമണ്ഡലചർചകളുടെ പോലും അദൃശ്യ ഓരങ്ങളിൽ മാത്രമായി അവരുടെ ലോകങ്ങൾ ചുരുളഴിയുന്നു – സമാന്തര പ്രപഞ്ചങ്ങളിലെന്നപോലെ. എന്നാൽ ഇങ്ങനെ തീവ്രമായ പുറന്തള്ളൽ അനുഭവിക്കുന്ന വിഭാഗത്തിനും ഒന്നിലധികം അടരുകൾ ഉണ്ട്. ഉദാഹരണത്തിന് കേരളത്തിലെ ട്രാൻസ് ജനങ്ങൾ. 2010കളിൽ ട്രാൻസ് ജനങ്ങളെ ഉന്നംവയ്ക്കുന്ന ക്ഷേമപദ്ധതികളും അവ നടപ്പാക്കാനുള്ള ഉദ്യോഗസ്ഥസംവിധാനവും വന്നതിനു ശേഷം സർക്കാരിൻറെ പുരോഗമന അവകാശവാദങ്ങളെ ആസ്പദമാക്കിയുള്ള പ്രതിച്ഛായയെ നിലനിർത്തുന്ന അദ്ധ്വാനം ട്രാൻസ് ജനങ്ങൾ, പ്രത്യേകിച്ച് ട്രാൻസ് സ്ത്രീകൾ ചെയ്യുന്നുണ്ട്. ഒപ്പം, അവർ സ്വന്തം കുടുംബങ്ങളുടെ – സ്വയം തെരെഞ്ഞെടുത്ത കുടുംബങ്ങളുടെയും ജനിച്ച കുടുംബങ്ങളുടെയും — സാമൂഹ്യപുനരുത്പാദനത്തിനു വേണ്ടിയും അദ്ധ്വാനിക്കുന്നുണ്ട്. സമൂഹവും ഭരണകൂടവും മാനിക്കാത്ത ലൈംഗിക അദ്ധ്വാനത്തിലൂടെയാണ് പലപ്പോഴും അവർക്കിത് സാധിക്കാറ്. ട്രാൻസ് ജനങ്ങൾ പലപ്പോഴും ജനിച്ച കുടുംബങ്ങൾ പുറന്തള്ളിയവരാണെന്ന കാര്യത്തെ അംഗീകരിക്കാൻ അവർക്കായി സൃഷ്ടിക്കപ്പെട്ട സർക്കാർ ക്ഷേമസംവിധാനത്തിന് കാണാൻ കഴിയുന്നില്ല. കുടുംബാംഗത്വത്തെ മുൻവ്യവസ്ഥയായി കണക്കാക്കുന്ന സ്വയംസഹായ ക്ഷേമത്തിലേക്ക് ഉൾച്ചേരാൻ അവർക്ക് എളുപ്പമല്ല. ലൈംഗികത്തൊഴിൽ കുടുംബജീവിതത്തെ തകർക്കുന്നുവെന്ന ധാരണ മൂലം അവരെ സംശയത്തോടെ സമൂഹം കാണുന്നു , പക്ഷേ തൊഴിൽരംഗത്തേയ്ക്ക് അവരെ സ്വയംസഹായത്തിലൂടെ കടത്താനുള്ള ശ്രമം പലപ്പോഴും അവരെ കടുത്ത തൊഴിൽപരമായ ചൂഷണത്തിലേക്കാണ് തള്ളിയിടുന്നത്. സാമൂഹ്യമായ പുറന്തള്ളലിൻറെ ഫലങ്ങൾ ഇപ്പോഴും സമൂഹത്തിൻറെ ദൈനംദിന ഇടങ്ങളിൽ ശക്തമായി തുടരുന്നതുകൊണ്ടു തന്നെ ഇക്കൂട്ടരിൽ വലിയ വിഭാഗം ഇപ്പോഴും ഭ്രഷ്ടനില തന്നെ അനുഭവിക്കുന്നു.
ഇരുപതാം നൂറ്റാണ്ടിൽ ദരിദ്രരുടെ സംഘാടനം ലിബറൽ ജനാധിപത്യത്തിനുള്ളിൽ രാഷ്ട്രീയപ്രസ്ഥാനങ്ങളാണ് ഏറ്റെടുത്തിരുന്നതെങ്കിൽ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നവലിബറൽ വ്യവസ്ഥയുടെയുള്ളിൽ ദരിദ്രരുടെ സംഘാടനം ഭരണകൂടം വഴിയോ സമുദായസംഘടനകൾ വഴിയോ ആയി മാറിയിരിക്കുന്നു. ഇതാകട്ടെ, അവരെ വിമോചിപ്പിക്കാനല്ലെന്ന് വ്യക്തമാണ്. ഇത് മുന്നോട്ടുവയ്ക്കുന്ന ഏറ്റവും നല്ലതായ സാധ്യത സ്വയംസഹായത്തിലൂടെയുള്ള സാമ്പത്തികനേട്ടമാണ്. ഏറ്റവും മോശമായത് കടക്കയത്തിൽ താണുതാണു പോകുന്നതും. ദരിദ്രരെ സംബന്ധിച്ചിടത്തോളം ആദ്യത്തെ സാധ്യത യാഥാർത്ഥ്യമാകാനുള്ള ഘടനാപരമായ അവസ്ഥകൾ തീരെ കുറവാണ്. നേരെ മറിച്ച്, രണ്ടാമത്തെ സാധ്യത അവർക്കു മുന്നിൽ വാ പിളർന്നു നിൽക്കുന്നുമുണ്ട്. താണ-ഇടത്തരം, ദരിദ്രകുടുംബങ്ങൾ കാര്യമായ സ്ഥിരത അനുഭവിക്കുന്നുമില്ല. വീട്ടമ്മമാരുടെ ചുമലിൽ അവയുടെ സാമൂഹ്യ പുനരുത്പാദനഭാരത്തിൻറെ വലിയ പങ്ക് കയറുന്നതിലേക്കാണിത് കാര്യങ്ങൾ പോയിരിക്കുന്നക്കുന്നത്. തന്നെയുമല്ല, കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങൾ, പരിസ്ഥിതിചൂഷണം സൃഷ്ടിക്കുന്ന അപായങ്ങൾ മുതലായവയുടെ ഫലങ്ങൾ മതി, അവയെ അതിദരിദ്രരും സാമ്പത്തിക-സാമൂഹിക ഭ്രഷ്ടനുഭവിക്കുന്നവരുടെ കൂട്ടത്തിലേക്കു വീഴ്ത്താൻ. ഈ വീഴ്ചയിൽ നിന്ന് പാർട്ടിബന്ധങ്ങളാൽ സംരക്ഷിക്കപ്പെട്ട ചെറുവിഭാഗം അതിദരിദ്രസ്ത്രീകളാകട്ടെ, ലിംഗനീതിയെത്തന്നെയാണ് ആ സുരക്ഷയ്ക്കുള്ള വിലയായി കൊടുക്കുന്നത് – അവർക്ക് തൊഴിലാളിനിലയല്ല, വീട്ടമ്മ നില മാത്രമേ അവകാശപ്പെടാനാവൂ.
മൊത്തത്തിൽ നോക്കിയാൽ, കേരളത്തിലെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മുതലാളിത്തത്തെപ്പറ്റി നമുക്കുള്ള ധാരണകളെത്തന്നെ മാറ്റിയെഴുതേണ്ടത് എത്ര അത്യാവശ്യമാണെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു. സമകാലികകേരളത്തിലെ മുതലാളിത്തം സാങ്കേതികാധികാരവും വളർച്ചയ്ക്ക് അനിവാര്യമായി കരുതപ്പെടുന്ന പശ്ചാത്തലസൌകര്യങ്ങളും പണിതുയർത്തുന്നതിനെ ചുറ്റിപ്പറ്റിയുള്ള ഭാവനയിൽ നിന്ന് ഉരുത്തിരിഞ്ഞു വന്ന സംവിധാനമാണെന്ന് നാം വിശ്വസിക്കുന്നു. എന്നാൽ ഈ നൂറ്റാണ്ടിലെ മലയാളി മുതലാളിത്തത്തിന് ഒന്നിലധികം അടരുകളുണ്ടെന്നാണ് ഈ ലേഖനം സൂചിപ്പിക്കുന്നത്.
ഋണമുതലാളിത്തത്തെ നാം മുതലാളിത്തമായി തിരിച്ചറിയാൻ ഇത്ര വൈകുന്നതെന്തുകൊണ്ടാണ്? ഇതിനുള്ള ഒരു കാരണം വ്യക്തമാണ് – ഋണമുതലാളിത്തത്തെപ്പറ്റി ആഗോളതലത്തിൽ നടക്കുന്ന ഫെമിനിസ്റ്റ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. അതായത്, ഋണമുതലാളിത്തം സ്ത്രീകളെയാണ് ഉന്നംവയ്ക്കുന്നത്, പ്രധാനമായും, വീട്ടമ്മമാരെ, സാമ്പത്തികലോകത്തു നിന്നു അകന്നുനിൽക്കുന്നവരായി വ്യവസ്ഥാപിത ലിംഗബോധം തിരിച്ചറിയുന്നവരെ. കേരളത്തിൻറെ സവിശേഷസാഹചര്യങ്ങളെ പരിഗണിക്കുമ്പോൾ മറ്റു ചിലതുമുണ്ട്. ഋണമുതലാളിത്തം ഇന്ന് സാർവത്രികസാന്നിദ്ധ്യമാണ്, വായു പോലെ. മലയാളി നവോത്ഥാനത്തിൻറെ വാഹകരായിരുന്ന സമുദായ സംഘടനകളിൽ പലതും ഋണമുതലാളിത്തത്തിൽ പങ്കാളികളാണ്. അവർ ഉയർന്ന പലിശ വാങ്ങി സമുദായാംഗങ്ങളായ സ്ത്രീകൾക്ക് ചെറുവായ്പകൾ നൽകുന്നു. അവർ ഇന്ന് സമുദായ കോർപ്പറേറ്റുകളായി മാറിയിരിക്കുന്നു. പക്ഷേ ഇപ്പോഴും സാമൂഹ്യപ്രതിഭാസങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുന്നതുകൊണ്ട് അവയുടെ സാമ്പത്തിക സ്വഭാവം അദൃശ്യമായി തുടരുന്നു.
മാത്രമല്ല, ഇരുപതാം നൂറ്റാണ്ടിൽ വിഭവങ്ങൾ കൈക്കലാക്കി സ്വന്തം സമുദായശക്തിയെ ഉറപ്പാക്കിയ വിഭാഗക്കാരിലെ സ്വത്തുടമവർഗാംഗങ്ങളൊഴിച്ചാൽ, ഇന്ന് കേരളത്തിൽ ബാക്കിയുള്ള താണ-ഇടത്തരം, ദരിദ്രകുടുംബങ്ങളിലെ വലിയൊരു വിഭാഗത്തിൻറെ കുടുംബജീവിതത്തിലെ ദൈനംദിനപ്രതിസന്ധികളെ അയവുള്ളതാക്കുന്നത് കടത്തിൻറെ ലഭ്യതയാണ് – തുരുമ്പെടുത്ത ജോയിൻറുകളിൽ എണ്ണ പോലെ. ഇന്ന് സ്വയംസഹായ സാമ്പത്തികപ്രവർത്തനത്തിനായി സർക്കാർ കുടുംബശ്രീ വഴി ഒഴുക്കിക്കൊടുക്കുന്ന വിഭവങ്ങളിൽ വലിയൊരളവ് സ്വകാര്യപണിമിടപാടുകാർക്കും സമുദായ ചെറുവായ്പാ സംഘങ്ങൾക്കും പലിശയും മുതലുമായി പോകുന്നുണ്ട്. അതായത്, ഋണമുതലാളിത്തത്തിനു സബ്സിഡിയായി ക്ഷേമവിഭവങ്ങൾ നഷ്ടമാകുന്നുണ്ട്. അങ്ങനെ ഋണമുതലാളിത്തം കുടുംബജീവിത പ്രതിസന്ധികളെ നേരിടാൻ അവശ്യം വേണ്ടെതന്ന് അംഗീകരിക്കപ്പെടുന്നതുപോലും സാധാരണമാണ്. അതുകൊണ്ടു തന്നെയാണ് തീവ്രമായ ദണ്ഡന സ്വഭാവമുള്ള SARFAESI Act പോലുള്ള നിയമങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങൾ തികച്ചും പ്രസക്തവും ആവശ്യവുമായിട്ടു പോലും ജനശ്രദ്ധയെ വേണ്ടവിധം ആകർഷിക്കാത്തത്.
ഗ്രന്ഥസൂചി
Gulati, Leela. 1993. In the absence of their men: The impact of male migration on women, Thiruvananthapuram: CDS.
Kerala State Economic Review (many issues, from 1993)
Kannan K. P and G. Raveendran. 2023. Poverty, Women and Capability – A Study of the Impact of Kerala’s Kudumbashree System on its Members and their Families, Thiruvananthapuram : Laurie Baker Centre for Habitat Studies.
Lindberg, A., 2001. Experience and identity: A historical account of class, caste, and gender among the cashew workers of Kerala, 1930–2000. Lund University.
Prakash B A. 1998. ‘Gulf Migration and Its Economic Impact: The Kerala Experience, EPW 33, 50, 3209-3213.
*ഈ ലേഖനം ലേഖകർ ഇംഗ്ളീഷിൽ പ്രസിദ്ധീകരിക്കാനിരിക്കുന്ന ഗവേഷണപഠനത്തിലെ ഒരു അദ്ധ്യായത്തിൻറെ ചുരുക്കമാണ്. പൂർണമായ റഫറൻസുകളും കുറിപ്പുകളും അതിൽ ലഭ്യമാക്കിയിട്ടുണ്ട്.







Be the first to write a comment.