നോർവീജിയൻ എഴുത്തുകാരനായ ജോസ്റ്റീൻ ഗാർഡറുടെ, സോഫി അമുൺഡ്സെൻ എന്ന കൗമാരക്കാരിയുടെ കഥ പറയുന്ന, ശ്രദ്ധേയമായ നോവലാണ് ‘സോഫീസ് വേൾഡ് ‘. അതിൽ “ഹിൽഡെ മോളർ ക്നാഗ്” എന്ന ഒരാൾക്കായി അയക്കപ്പെട്ട രണ്ട് നിഗൂഢ സന്ദേശങ്ങളും ഒരു പോസ്റ്റ്കാർഡും സോഫിയ്ക്ക് തന്റെ തപാൽപെട്ടിയിൽ നിന്നും ലഭിക്കുന്നുണ്ട്. ഒരു പഴയ, അജ്ഞാത തത്ത്വചിന്തകനായ ആൽബെർട്ടോ നോക്സ് അയച്ച ആ സന്ദേശങ്ങളിൽ, “നിങ്ങൾ ആരാണ്?”, “ഈ ലോകം എവിടെ നിന്ന് വന്നു?” എന്നിങ്ങനെ രണ്ട് ചോദ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. താമസിയാതെ തത്ത്വചിന്തയെക്കുറിച്ചുള്ള ഒരു കോഴ്‌സിൻ്റെ ആദ്യഭാഗങ്ങൾ അടങ്ങിയ ഒരു കൂട്ടം പേപ്പറുകൾ കൂടി അവൾക്ക് ലഭിക്കുന്നു. തുടർന്ന് സോഫി നോക്സിൻ്റെ വിദ്യാർത്ഥിയാകുകയും, തുടർച്ചയായ കത്തുകളിലൂടെ സോക്രട്ടീസ് മുതൽ സാർതൃ വരെയുള്ള തത്ത്വചിന്തയുടെ ചരിത്രത്തെക്കുറിച്ച് വ്യക്തമായ ഒരു ആമുഖം അവൾക്ക് ലഭിക്കുകയും ചെയ്യുന്നു. ഇതിനിടെ സോഫിക്കും നോക്സിനും അബദ്ധത്തിൽ, ആൽബർട്ട് ക്നാഗ് എന്ന ഒരാളിൽ നിന്ന് ആദ്യം പറഞ്ഞ ഹിൽഡെക്കായി അഭിസംബോധന ചെയ്ത പോസ്റ്റ്കാർഡുകൾ പലപ്പോഴായി ലഭിക്കുന്നു. നോവൽ പുരോഗമിക്കുമ്പോൾ, ആൽബർട്ട് ക്നാഗ് തൻ്റെ മകൾ ഹിൽഡെക്ക് അവളുടെ 15-ാം ജന്മദിനത്തിന് സമ്മാനമായി എഴുതിയ ഒരു പുസ്തകത്തിലെ സാങ്കൽപ്പിക കഥാപാത്രങ്ങളാണ് തങ്ങളെന്ന് സോഫിയും ആൽബർട്ടോയും കണ്ടെത്തുന്നു. തങ്ങളുടെ പ്രതിസന്ധിയെ നേരിടാൻ ശ്രമിക്കുന്നതിനിടയിൽ, അവരുടെ കഥ എഴുതപ്പെട്ടിരിക്കുന്ന “യഥാർത്ഥ ലോകം” തന്നെ സാങ്കൽപ്പികമാണോ എന്ന് അവർ അത്ഭുതപ്പെടുന്നു. ആൽബർട്ടിൻ്റെ ഭാവനയിൽ നിന്ന് രക്ഷപ്പെട്ട് യഥാർത്ഥ ലോകത്തേക്ക് കടക്കാൻ അവർ ഒരു പദ്ധതി ആവിഷ്കരിക്കുന്നു, എന്നാൽ അവരുടെ കഠിന ശ്രമങ്ങൾക്കിടയിലും അവർ പരാജയപ്പെടുന്നു – യഥാർത്ഥവും സാങ്കൽപ്പികവുമായ ലോകങ്ങളെ ബന്ധിപ്പിക്കുക അസാധ്യമാണ്. ഒരു തടാകത്തിലേയ്ക്ക് തുഴവഞ്ചിയിൽ യാത്ര ചെയ്യുന്ന സോഫിയെയും നോക്സിനെയുമാണ് നോവൽ അവസാനിക്കുമ്പോൾ നാം കാണുന്നത്. ഒരു തരത്തിൽ അവർക്ക് മരണമില്ല, എന്നാൽ മറ്റൊരു തരത്തിൽ അവർ ജീവനില്ലാത്തവരുമാണ്.
ഒരു നോവലിന്റെ രൂപത്തിൽ തത്ത്വചിന്തയുടെ ചരിത്രം പറയുന്ന ‘സോഫീസ് വേൾഡ്’ ഒട്ടുമേ വിരസമായ ഒരു കൃതിയല്ല. പാശ്ചാത്യ തത്ത്വചിന്തയിലെ വിവിധ ചിന്താധാരകളെയും തത്ത്വചിന്തകരെയും കുറിച്ച് വളരെ ആകർഷകവും ചരിത്രപരവുമായ ഒരു വിവരണം നൽകുന്നതിന് പുറമേ, എന്താണ് യാഥാർത്ഥ്യം, എന്താണ് ഫിക്ഷൻ എന്നിങ്ങനെയുള്ള ചോദ്യങ്ങളും നോവൽ അവതരിപ്പിക്കുന്നു. തങ്ങൾക്ക് നിയന്ത്രിക്കാനോ സ്വാധീനിക്കാനോ കഴിയാത്ത ഒരു എഴുത്തുകാരൻ എഴുതുന്ന പുസ്തകത്തിന്റെ താളുകളിൽ കുടുങ്ങിക്കിടക്കുന്ന, സോഫി, നോക്സ്, ക്നാഗ്, ഹിൽഡെ എന്നിങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന കഥാപാത്രങ്ങളിലൂടെ വായനക്കാരെ ആകർഷിച്ചു നിർത്തുന്ന ഒരു ആഖ്യാനതന്ത്രം ആ കൃതിയിലുണ്ട്. കഥാപാത്രങ്ങളുടെ നിസ്സഹായത വായനക്കാരിൽ സഹാനുഭൂതി ഉണർത്തുന്നു. തങ്ങൾ “ഒരു സങ്കൽപ്പമാണ്, ഒരു ഫിക്ഷനാണ്, ഒരു ഫിഷനിലാണ് ജീവിക്കുന്നത്” എന്ന് തിരിച്ചറിഞ്ഞിട്ടും അതിൽ നിന്ന് പുറത്തുകടക്കാൻ അവർക്ക് കഴിയുന്നില്ല എന്നതാണ് അവരുടെ ദുരവസ്ഥയെ കൂടുതൽ വേദനാജനകമാക്കുന്നത്. സഹൃദയരായ വായനക്കാരെ ഇത് ദുഃഖത്തിലും നിസ്സഹായതയിലും ആഴ്ത്തിക്കളയുമെന്നതിൽ സംശയമില്ല.
ഗുഹയുടെ പ്രവേശന കവാടത്തിന് പുറംതിരിഞ്ഞ് ചങ്ങലക്കിടപ്പെട്ട തടവുകാർ ഗുഹയുടെ ഭിത്തിയിലെ നിഴലുകൾ മാത്രം കണ്ട് അവയെ യാഥാർത്ഥ്യമായി തെറ്റിദ്ധരിക്കുന്ന പ്ലേറ്റോയുടെ രചന – Allegory of the Cave- ഇതോടൊപ്പം ഓർക്കാവുന്നതാണ്. ഇവിടെ നിഴലുകൾ, പരിമിതമായ ഇന്ദ്രിയാനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള മിഥ്യാബോധത്തിൻ്റെ ഒരു രൂപകമാണ്. ഗുഹയിൽ നിന്ന് രക്ഷപ്പെട്ട് യഥാർത്ഥ ലോകത്തെയും, പ്രത്യേകിച്ച് സൂര്യവെളിച്ചത്തെയും കണ്ടുമുട്ടുന്നത്, യുക്തിയിലൂടെയും തത്ത്വചിന്തയിലൂടെയും പ്രബുദ്ധതയിലേക്കും യഥാർത്ഥ രൂപങ്ങളെ മനസ്സിലാക്കുന്നതിലേക്കും ഉള്ള യാത്രയുടെ പ്രതീകമാണ്. സോഫിയുടെയും നോക്സിന്റെയും ദുരന്തമെന്നത് തങ്ങൾ ഒരു മിഥ്യാ ഗുഹയിലാണെന്ന് തിരിച്ചറിഞ്ഞിട്ടും അതിൽ നിന്ന് പുറത്തുകടക്കാൻ അവർക്ക് കഴിയുന്നില്ല എന്നതാണ്. സ്വന്തം തടവറയെക്കുറിച്ചുള്ള അറിവ് അവരുടെ ജീവിതത്തെ കൂടുതൽ ഭീകരമാക്കുന്നു.തങ്ങളെന്താണെന്ന് അറിവുണ്ടായിട്ടും ആ അറിവിനനുസരിച്ച് പ്രവർത്തിക്കാൻ കഴിയാത്തതിലുള്ള ദുരിതമാണ് അവർ അനുഭവിക്കുന്നത്.
ലോകം ഒരു മിഥ്യാബോധമാണെന്നും അതിൽ ഒരാൾ മറ്റൊരു വ്യക്തിയുടെ ഇഷ്ടങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ നിർബന്ധിതനാകുമെന്നുമുള്ള ആശയം പ്ലേറ്റോയിൽ മാത്രം ഒതുങ്ങുന്നില്ല. ലോകം ഒരു നാടകശാലയാണെന്ന ഷേക്സ്പിയർ വാചകം പ്രസിദ്ധമാണ്. ‘ആസ് യു ലൈക് ഇറ്റ്’ എന്ന കൃതിയിൽ അദ്ദേഹം പ്രഖ്യാപിക്കുന്നു:
“ഈ ലോകം ഒരു രംഗവേദി,
എല്ലാ സ്ത്രീകളും പുരുഷന്മാരും വെറും അഭിനേതാക്കളും;
അവർക്ക് പുറത്തേയ്ക്കുള്ള വഴികളും പ്രവേശന കവാടങ്ങളും ഉണ്ട്;
ഒരു മനുഷ്യൻ തൻ്റെ ജീവിതകാലത്ത് നിരവധി വേഷങ്ങൾ കെട്ടിയാടുന്നു…”
ജെയിംസ് തർബറിൻ്റെ പ്രശസ്ത കഥാപാത്രമായ വാൾട്ടർ മിറ്റിയും ഇവിടെ പ്രസ്താവ്യമാണ്. തൻ്റെ വിരസമായ മധ്യവർഗ്ഗ ജീവിതത്തിനിടയിൽ, ഇടയ്ക്കിടെ മിറ്റി ആവേശകരമായ വ്യത്യസ്ത ഫാന്റസി ലോകങ്ങളിലേക്ക് പറന്നുയരുന്നു. ചെന്നെത്തുന്ന ഓരോ ലോകത്തിലും അയാൾ ഒരു നായകനും അവിടെയുള്ള ആളുകളുടെ പ്രിയപ്പെട്ടവനുമാണ്. ഒരു യുദ്ധകാല പൈലറ്റായും, ഒരു എമർജൻസി റൂം സർജനായും, ധീരനായ ഒരു കൊലയാളിയായും മറ്റും മാറുന്നതായി അയാൾ ദിവാസ്വപ്നം കാണുന്നു. എന്നാൽ, ഒരോതവണയും, കല്പനയുടെ മൂർദ്ധന്യങ്ങളിൽ നില്ക്കെ ഭാര്യയുടെ കടുത്ത ശാസനകൾ അയാളെ കഠിനമായ യാഥാർത്ഥ്യത്തിലേക്ക് തിരികെ കൊണ്ടുവരുന്നു.
കഥകൾ മാറ്റിനിർത്തിയാൽ, നമ്മിലോരോരുത്തരിലും ഒരു സോഫി അമുൺഡ്സനും ഒരു വാൾട്ടർ മിറ്റിയും ഉണ്ട്. കാര്യങ്ങൾ താങ്ങാനാവാത്തതാകുമ്പോൾ, അല്ലെങ്കിൽ ജീവിതത്തിലെ കഠിനമായ യാഥാർത്ഥ്യങ്ങളിൽ നിന്ന് രഹസ്യമായി രക്ഷപ്പെടാനുള്ള മാർഗ്ഗമെന്ന നിലയിൽ, ലോകം എന്നത് അടിച്ചമർത്തിയ ഒരു മിഥ്യാബോധമാണെന്ന ചിന്തയിൽ നാം അഭയം തേടുന്നു. അല്ലെങ്കിൽ കാര്യങ്ങൾ നമുക്കിഷ്ടമുള്ളതുപോലെ നടക്കുന്ന സാങ്കൽപ്പിക ലോകങ്ങൾ നാം സൃഷ്ടിച്ചെടുക്കുന്നു. എന്നിരുന്നാലും, ഒരാൾ യഥാർത്ഥ ജീവിതത്തിൽ തുടർച്ചയായി ഒരു മിഥ്യാബോധത്തിൽ ജീവിക്കാൻ തീരുമാനിക്കുകയും, നായകനായി അഭിനയിക്കാൻ കഴിയുന്ന സാങ്കൽപ്പിക ലോകങ്ങൾ മെനഞ്ഞെടുക്കാൻ തിരഞ്ഞെടുക്കുകയും ചെയ്യുമ്പോൾ, അത് ഒരു ഭ്രമാത്മകമായ രോഗാവസ്ഥയായി മാറുന്നു, അതിന് തീർച്ചയായും വിദഗ്ദ്ധ വൈദ്യസഹായം ആവശ്യമാണ്.
ഇന്നത്തെ പല പ്രബലമായ രാഷ്ട്രീയ ആഖ്യാനങ്ങളുടെയും വലിയ വിരോധാഭാസം അവ ഇത്തരത്തിൽ സാങ്കൽപ്പികമായ, ഫിക്ഷനോളമെത്തുന്ന ഒരു വഴി സ്വീകരിക്കുന്നു എന്നതാണ്. പല “ആഗോള നേതാക്കളും” വസ്തുതകൾക്കോ, സ്ഥിരീകരിക്കാൻ കഴിയുന്ന യാഥാർത്ഥ്യത്തിനോ വിരുദ്ധമായ, ഭ്രമാത്മകമായ ആഖ്യാനങ്ങളോ സമാന്തര യാഥാർത്ഥ്യങ്ങളോ ജീവിക്കുകയാണെന്ന് തോന്നും. വിവിധ രാജ്യങ്ങളിലെ വലിയ വിഭാഗം ജനങ്ങളും ഇത്തരം കെട്ടുകഥകൾ പൂർണ്ണമായും വിശ്വസിക്കുകയും അവയാൽ ആകർഷിക്കപ്പെടുകയും ഈ നേതാക്കളുടെ തീവ്രതയേറിയ, ചിലപ്പോൾ ആക്രമണകാരികളായ, അനുയായികളായി മാറുകയും ചെയ്യുന്നു എന്ന വസ്തുത ഈ വിരോധാഭാസത്തെ കൂടുതൽ ആഴമുള്ളതാക്കുന്നു.
ഈ സമകാലീന പ്രതിഭാസത്തിൻ്റെ എറ്റവും പുതിയ ഒരു ഉദാഹരണമായിരുന്നു ഡൊണാൾഡ് ട്രംപിനെ “സത്യം, നീതി, അമേരിക്കൻ രീതി”(“Truth, Justice and the American way”) എന്നിവയെ പ്രതിനിധീകരിക്കുന്ന സൂപ്പർമാനായി ചിത്രീകരിക്കുന്ന, ട്രമ്പിന്റെ പ്രസിഡൻഷ്യൽ സ്ഥാനലബ്ദ്ധി ആഘോഷിക്കുകയും ചെയ്യുന്ന ഒരു പോസ്റ്റർ. നിശ്ചയദാർഢ്യമുള്ള മുഖവും, മുഷ്ടി ചുരുട്ടിയ കൈകളും, നിവർന്ന ശരീരനിലയോടും കൂടി, സൂപ്പർമാൻ എന്ന സാങ്കല്പിക നായകന്റെ മുഴുവൻ ദൃശ്യബിംബങ്ങളും അതിൽ ലജ്ജയില്ലാതെ ഉപയോഗിച്ചിരിക്കുന്നു. പ്രശസ്തമായ ഇറുകിയ നീലയും ചുവപ്പും ചേർന്ന വസ്ത്രം, ബെൽറ്റ്, നെഞ്ചിൽ പതിപ്പിച്ച മുദ്ര, പാറിപ്പറക്കുന്ന മേലങ്കി എന്നിവയോടു കൂടി, അയാൾ ആകാശത്തേക്ക് പറന്നുയരുന്നതായി തോന്നുന്നു. ഇതിലും ശ്രദ്ധേയം, ഈ പോസ്റ്റർ വൈറ്റ്ഹൌസിന്റെയും POTUS-ൻ്റെയും (പ്രസിഡന്റ് ഓഫ് ദി യുണൈറ്റഡ് സ്റ്റേറ്റ്സ്) ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകൾ പങ്കുവെച്ചു എന്നതാണ്. ട്രംപ് ഭരണകൂടം അദ്ദേഹത്തെ ഔദ്യോഗികമായി ഇങ്ങനെ കാണാനും ചിത്രീകരിക്കാനും ആഗ്രഹിക്കുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു. യഥാർത്ഥത്തിൽ എങ്ങനെയിരിക്കുന്നോ അതുമായി യാതൊരു ബന്ധവുമില്ലാത്ത, മധ്യകാലഘട്ടത്തിലെ കിഴവരായ രാജാക്കന്മാരുടെ മുഖസ്തുതി നിറഞ്ഞ ഔദ്യോഗിക വർണ്ണഛായാചിത്രങ്ങളെ ഇത് ഓർമ്മിപ്പിക്കുന്നു.
അതേസമയം ഡൊണാൾഡ് ട്രമ്പും അനുയായികളും അദ്ദേഹത്തിൻ്റെ പ്രസിഡൻ്റ് സ്ഥാനത്തെ എങ്ങനെ കാണുന്നു എന്നതിൻ്റെ ഒരു സൂചനയും കൂടിയാണിത്. ഭരണകൂടത്തിൻ്റെ സ്വയംബോധത്തിൻ്റെ ഒരു പ്രസ്താവനയാണ് ആ പോസ്റ്റർ. ട്രംപ് സൂപ്പർമാനും അമേരിക്ക അദ്ദേഹത്തിൻ്റെ മെട്രോപൊലിറ്റൻ നഗരവുമാണ്. തന്നെയും തൻ്റെ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ’ എന്ന വീക്ഷണത്തെയും എതിർക്കുന്ന എല്ലാ ദുഷ്ടശക്തികൾക്കെതിരെയും അദ്ദേഹം ഒരു വിശുദ്ധയുദ്ധം നടത്തുന്നു. ഗോഥം സിറ്റി ഒരു അദൃശ്യ സാന്നിധ്യമായി ആ ചിത്രത്തിന് പുറത്ത് ഒളിഞ്ഞിരിക്കുന്നു. ലിബറലുകൾ, ഡെമോക്രാറ്റുകൾ, കുടിയേറ്റക്കാർ, അക്കാദമിക് വിദഗ്ദ്ധർ, ബുദ്ധിജീവികൾ, അഭിനേതാക്കൾ, കലാകാരന്മാർ എന്നിങ്ങനെയുള്ള ദുഷ്ടരുടെ കൂട്ടങ്ങളാൽ അത് നിറഞ്ഞിരിക്കുന്നു. ചുരുക്കത്തിൽ, ട്രംപിനൊപ്പം നിൽക്കാൻ വിസമ്മതിക്കുന്ന എല്ലാവരും അതിലുണ്ട്. ഈ വൃത്തത്തിന് പുറത്ത്, ഇതുവരെ “അമേരിക്കയെ മുതലെടുത്ത” മറ്റ് എല്ലാ രാജ്യങ്ങളുടെയും ആഗോള ശത്രുക്കളുടെയും വലയമുണ്ട്. അവർക്ക് നല്കിയിരുന്ന സഹായങ്ങൾ പിൻവലിച്ചും, താരിഫുകൾ ചുമത്തിയും, ഭീഷണികൾ മുഴക്കിയും, അദ്ദേഹത്തിൻ്റെ മനസ്സിൽ തോന്നുന്ന മറ്റ് കാര്യങ്ങൾ ചെയ്തും അദ്ദേഹം പ്രതികാരം ചെയ്യും. ഈ ചിത്രം ഒരു കോമിക് സ്ട്രിപ്പിന്റെയും, ഭാവനകളെ ശിശുസഹജമാക്കുന്ന ഒരു ഫാന്റസി ചലച്ചിത്ര പരമ്പരയുടെയും പാരഡിയാണ് എന്നത് ട്രംപിനെയോ അദ്ദേഹത്തിൻ്റെ അനുയായികളെയോ ഒട്ടും അലട്ടുന്നില്ല; വാസ്തവത്തിൽ ആ ചിത്രം സൃഷ്ടിക്കാൻ പ്രേരിപ്പിച്ചത് തന്നെ ഈ യുക്തിയാണെന്ന് ഒരാൾ സംശയിച്ചേക്കാം.
ഈ പോസ്റ്ററും, ട്രംപിൽ നിന്നും കൂട്ടാളികളിൽ നിന്നും വരുന്ന തുടർച്ചയായ വിദ്വേഷവും അധിക്ഷേപങ്ങളും – അദ്ദേഹത്തിൻ്റെ വാക്കുകളിലെ ചുരുങ്ങിവന്നുകൊണ്ടേയിരിക്കുന്ന പദസമ്പത്തും, വർധിച്ചുവരുന്ന അസംബന്ധവും – എല്ലാം ശൈശവഭാവനയേറിയ ഒരു ലില്ലിപ്പുട്ടിയൻ ലോകത്തെയാണ് സൃഷ്ടിക്കുന്നത്. ഇവിടെ എല്ലാ കാര്യങ്ങളെയും ശരി-തെറ്റ്, കറുപ്പ്-വെളുപ്പ് എന്നിങ്ങനെ വിപരീത ദ്വന്ദ്വങ്ങളായി മാത്രം കാണുകയും, ആ ശരിതെറ്റുകളുടെ ആത്യന്തിക ജഡ്ജിയായി ട്രംപ് സ്വയം പ്രഖ്യാപിക്കുകയും ചെയ്യുന്നു (“No one knows it better than I do !”). ശുഷ്കമായ യുക്തിയിലും ബുദ്ധിയിലും വിവേകത്തിലും നെയ്ത ഒരു ഫാന്റസിയിൽ ഹൈഡ്രയെപ്പോലെ പല മുഖങ്ങളുള്ള ഒരു ശത്രുവിനെ അത് അവതരിപ്പിക്കുന്നു. പൊതുവിൽ നിലനില്ക്കുന്ന പൌര-സാമൂഹ്യബോധങ്ങൾക്ക് കടവിരുദ്ധമായ ഒരുതരം ആശയപരിസരമാണ് അതിന്റെ തറ. വിമർശനങ്ങളും എതിർപ്പുകളും ഉയരുന്തോറും ശക്തിയേറുന്ന, ട്രംപിനെ നായകനായി അവതരിപ്പിക്കുന്ന തരം മിശിഹൈക ആരാധനാക്രമം, ഒരുതരം മതം തന്നെ ഇത് സൃഷ്ടിക്കുന്നു. 2020-ൽ ട്രംപ് പരാജയപ്പെട്ടപ്പോൾ നാം കണ്ടതുപോലെ, വിദ്വേഷത്തിൻ്റെയും അക്രമത്തിൻ്റെയും പാതയിലേയ്ക്ക് ഏത് നിമിഷവും അണിനിരത്താൻ കഴിയുന്ന ബുദ്ധിശൂന്യരായ ഒരു സൈന്യമാണ് ആ കൂട്ടം. ട്രംപിന്റെ ആളുകൾ സെനറ്റ് ഹിയറിംഗുകളിൽ ധിക്കാരപൂർവ്വം നുണകൾ പറയുകയോ കൃത്യമായ ഉത്തരം നൽകാൻ വിസമ്മതിക്കുകയും ചെയ്യുന്നു. അവർ വസിക്കുന്ന ദുഷിച്ച ഒരു ലോകമാണിത് – അതിൽ അവർ മാത്രമേ ശരിയുള്ളൂ, മറ്റെല്ലാവരും തെറ്റാണ്.
ഇന്ത്യയുടെ കാര്യമെടുത്താൽ, നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ബിംബനിർമ്മാണം ഒരു പാരഡിയും ശൈശവഭാവനയിൽ അധിഷ്ഠിതവുമായിരിക്കെത്തന്നെ കുറേക്കൂടി വിചിത്രവും വിശാലവുമാണ്. കോമിക് സ്ട്രിപ്പുകൾക്ക് പകരം, മോദിയുടെ പ്രൊപ്പഗാൻഡ നിർമ്മാണം അമ്പരപ്പിക്കുന്ന വിധം വ്യതസ്തമായ വേഷങ്ങളിലും ഭാവങ്ങളിലും അദ്ദേഹത്തെ ചിത്രീകരിക്കുന്ന ഫോട്ടോഗ്രാഫുകളെയാണ് ആശ്രയിക്കുന്നത്. അവയിലെ വൈവിധ്യങ്ങളുടെ ആധിക്യം തന്നെ അവയുടെ വിശ്വസനീയതയെ തകർക്കുന്നു. മോദിക്ക് ക്യാമറയോടുള്ള താൽപ്പര്യം കുപ്രസിദ്ധമാണ്. ഓരോ അവസരവും, അനവസരങ്ങൾ പോലും, എങ്ങനെ തനിക്ക് വേണ്ടി മാത്രമായുള്ള ഒരു ഫോട്ടോ ഷൂട്ട് ആക്കി അദ്ദേഹം മാറ്റുന്നു എന്നതിന് ദൃശ്യ തെളിവുകൾ ധാരാളമാണ്. വിവിധങ്ങളായ വേഷങ്ങൾ കെട്ടുന്നതിലും അവയുടെ കെട്ടുകാഴ്ചകളിലും അദ്ദേഹത്തിന് ഒരുതരം അഭിനിവേശമുള്ളതായി തോന്നും. അന്താരാഷ്ട്ര വേദികളിൽ പ്രധാനമന്ത്രിയുടെ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നതിന് പുറമേ, ഫോട്ടോഗ്രാഫർമാരുമായി ചേർന്ന് അദ്ദേഹം പല അവതാരവേഷങ്ങൾ കെട്ടുന്നു. സൈനികൻ, പൈലറ്റ്, ബഹിരാകാശയാത്രികൻ, പുസ്തകവായനക്കാരൻ, പക്ഷിപ്രേമി, സഫാരിക്കാരൻ, സിംഹപരിശീലകൻ, ഗോൾഫ് കളിക്കാരൻ, സ്കൂബാ ഡൈവർ, അധ്യാപകൻ, ചെസ്സ് കളിക്കാരൻ, യോഗാ പരിശീലകൻ, പർവതാരോഹകൻ, അനുസരണയുള്ള മകൻ, താളവാദ്യക്കാരൻ… ഈ പട്ടിക ഏതാണ്ട് അവസാനമില്ലാത്തതാണ്. അദ്ദേഹം പല വേഷങ്ങൾ ചെയ്യുന്നു, പക്ഷേ അവയ്‌ക്കെല്ലാം ഒരൊറ്റ ലക്ഷ്യമേയുള്ളൂ: വിവിധ മേഖലകളിൽ കഴിവുകളും പ്രതിഭയുമുള്ള ഒരു ബഹുമുഖ പ്രതിഭയായി സ്വയം ചിത്രീകരിക്കുക. 
ഹൈ-സ്പീഡ് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ചെയ്യുന്നതു മുതൽ ചന്ദ്രയാൻ വിക്ഷേപണം വരെയും, പുതിയ പാലങ്ങൾ മുതൽ ക്ഷേമപദ്ധതികൾ വരെയും, കായിക രംഗത്തെ വിജയങ്ങൾ മുതൽ ശാസ്ത്ര രംഗത്തെ നേട്ടങ്ങൾ വരെയും, രാജ്യത്തിന്റെ ഓരോ വിജയവും അദ്ദേഹത്തിൻ്റെതാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. അത്തരത്തിലുള്ള ഓരോ വാർത്തകൾക്കൊപ്പവും മോദിയുടെ മുൻപറഞ്ഞ മാതൃകകളിലുള്ള ചിരിക്കുന്ന ചിത്രങ്ങളും കാണാം. പെട്രോൾ പമ്പുകളിലെ പരസ്യ ബോർഡുകളിലും, സർക്കാർ ഓഫീസുകളിലെ പോസ്റ്ററുകളിലും, സ്കൂളുകളിലെ നോട്ടീസ് ബോർഡുകളിലും ഇത് ഒരു സാധാരണ സാന്നിധ്യമായി മാറിയിരിക്കുന്നു. അദ്ദേഹത്തിൻ്റെ ചിത്രം ലക്ഷക്കണക്കിന് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിലും പ്രത്യക്ഷപ്പെട്ടു. വാക്സിൻ എടുത്ത ആളല്ലാത്ത ഒരാളുടെ ചിത്രം സർട്ടിഫിക്കറ്റിൽ അച്ചടിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാൻ കഴിയാത്ത മറ്റ് രാജ്യങ്ങളിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് ഇത് ആശയക്കുഴപ്പമുണ്ടാക്കി. അടുത്തിടെ ഉദ്ഘാടനം ചെയ്ത ഒരു തുരങ്കത്തിൻ്റെ ഇരുട്ടിലൂടെയും ഏകാന്തതയിലൂടെയും കാറിൽ പോകുമ്പോൾ അദ്ദേഹം ഒരു വലിയ ജനക്കൂട്ടത്തിനു നേരെ കൈ വീശുന്നതായി ചിത്രീകരിച്ച ഒരു ഫോട്ടോ, ഈ ചിത്രങ്ങളുടെ പൊള്ളയായ ആഡംബരത്തിന് ഏറ്റവും വലിയ തെളിവാണ്. യഥാർത്ഥത്തിൽ അവിടെ ഒരു കാഴ്ച്ചക്കാരൻ പോലും ഉണ്ടായിരുന്നില്ല.
ഈ ചിത്രങ്ങൾ ക്യാമറയ്ക്ക് വേണ്ടി മാത്രം നിർമ്മിച്ചവയാണെന്നും, അവ പൂർണ്ണമായും സാങ്കൽപ്പികമാണെന്നും ഇത് തെളിയിക്കുന്നു. ഒരു കൂട്ടം ഫോട്ടോഗ്രാഫർമാർ, ഫോട്ടോഗ്രാഫിയിൽ ഏർപ്പെട്ടിരിക്കുന്ന ഫോട്ടോഗ്രാഫറായ മോദിയെ ക്യാമറയിൽ പകർത്തുന്ന ഒരു ചിത്രം ഈ പ്രകടനത്തിൻ്റെ ഉച്ചകോടിയിലെത്തി. ഉത്തരാധുനിക സിദ്ധാന്തങ്ങളുടെ വക്താക്കൾക്ക്, ഇത് ആഖ്യാനപരമായ ആത്മപ്രതിഫലനത്തിൻ്റെയോ “പ്രക്രിയ തന്നെ ഉൽപ്പന്നമായി മാറുന്നതിൻ്റെയോ” ഒരു ഉദാഹരണമായിരിക്കാം, എന്നാൽ സാധാരണ ബോധത്തിൽ ഇത് “ബഹുമുഖ പ്രതിഭയായ മോദിയുടെ” കെട്ടുകഥയ്ക്ക് കൂടുതൽ ശക്തി നൽകുന്നു.
ഒരുപക്ഷേ ഈ ചിത്രങ്ങളിൽ ഏറ്റവും പ്രതീകാത്മകമായത് കേദാർനാഥിനടുത്തുള്ള ഒരു ഗുഹയിൽ കാവി വസ്ത്രമണിഞ്ഞ്, കണ്ണടച്ച്, സന്യാസിയെപ്പോലെ ധ്യാനിക്കുന്ന മോദിയുടെ ചിത്രമാണ്. ട്രംപിൻ്റെ സൂപ്പർമാൻ ചിത്രത്തിലെന്നപോലെ, ഫ്രെയിമിനുള്ളിലുള്ളത് പുറത്തുള്ളതിനെ നിഷേധിക്കുന്നു; ഫ്രെയിമിലെ ഗുഹയുടെയും മോദിയുടെയും നിശ്ചലതയും നിശ്ശബ്ദതയും ഏകാന്തതയും സാധ്യമാക്കിയത് അതിന് പുറത്തുള്ള ഫോട്ടോഗ്രാഫർമാരുടെയും പ്രചാരകരുടെയും അനുസരണയുള്ള മാധ്യമപ്രവർത്തകരുടെയും നിറസാന്നിധ്യമാണ്. “ദൈവം എന്നെ തിരഞ്ഞെടുത്ത് ഒരു ലക്ഷ്യത്തിന് വേണ്ടി അയച്ചതാണ്” എന്നും, ദൈവം തന്നിലൂടെ കാര്യങ്ങൾ ചെയ്യിക്കുന്നു എന്നും മോദിക്ക് അവകാശപ്പെടാൻ വലിയ ദൂരമില്ല എന്ന് ഈ ചിത്രം കാണുന്ന ആർക്കും തോന്നുന്നതായിരുന്നു. അതുപോലെതന്നെ സംഭവിച്ചു. 2024-ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അദ്ദേഹം ഇതേ കാര്യം തന്നെ പ്രസ്താവിച്ചു. അങ്ങനെ നായകനായ മനുഷ്യൻ എന്നതിൽ നിന്നും ഒരു ദൈവം എന്നതിലേയ്ക്ക് അദ്ദേഹം രൂപാന്തരപ്പെടുന്നു.
മില്ലൻ കുന്ദേരയെ ഓർത്താൽ, ഇത് “ഇമേജോളജി”യുടെ (imagology) ഏറ്റവും മികച്ച രൂപമാണ്. കുന്ദേരയുടെ ‘Immortality’ എന്ന നോവലിൽ “ഇമേജോളജി” എന്ന പദം, ആധുനിക ലോകത്തിന് ചിത്രങ്ങളോടും രൂപങ്ങളോടും ഉള്ള ഭ്രമം വിവരിക്കുന്നു. പലപ്പോഴും അവയെ യാഥാർത്ഥ്യത്തിനും സത്തയ്ക്കും മുകളിൽ പ്രാധാന്യത്തോടെ കാണുന്നു. വ്യക്തികൾ അവർ പ്രൊജക്റ്റ് ചെയ്യുന്ന ചിത്രങ്ങളാലും മറ്റുള്ളവർ അവരെ എങ്ങനെ കാണുന്നു എന്നതിനാലും രൂപീകരിക്കപ്പെടുകയും നിർവചിക്കപ്പെടുകയും ചെയ്യുന്ന ഒരു സംസ്കാരത്തെയാണ് ഇത് വിമർശബുദ്ധ്യാ നോക്കിക്കാണുന്നത്. കുന്ദേര “ഇമേജോളജി”യെ “പ്രത്യയശാസ്ത്രങ്ങളുടെ അന്ത്യം” (end of ideology) എന്നതുമായി ബന്ധപ്പെടുത്തുന്നു. ചിത്രങ്ങൾക്ക് വാക്കുകളേക്കാൾ മുൻഗണന ലഭിക്കുന്ന, അധികാരത്തെയും ആധിപത്യത്തെയും കുറിച്ചുള്ള ആശയങ്ങൾ അതുവഴി അബോധപൂർവ്വം പ്രചരിപ്പിക്കുന്ന, യാഥാർത്ഥ്യത്തിന്റെ നിഷ്പക്ഷവും വസ്തുനിഷ്ഠവുമായ പ്രതിനിധാനമായി ഈ പുതിയ പ്രത്യയശാസ്ത്രം കടന്നുവരുന്നു. കുന്ദേരയുടെ കാഴ്ചപ്പാടിൽ, “ഇമേജോളജി” സമൂഹത്തിലെ ഒരു പ്രബല ശക്തിയായി, പ്രചരണതന്ത്രമായി മാറുകയും അത് പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിലും എന്താണ് “യഥാർത്ഥം” എന്നതിന് പുതിയ നിർവചനങ്ങൾ നൽകുന്നതിലും ഒരു അധീശപ്രത്യയശാസ്ത്രം കൂടിയായി മാറുന്നു.
“ഇമേജോളജി”യുടെ പശ്ചാത്തലത്തിൽ കുന്ദേര ഹിറ്റ്ലറെക്കുറിച്ച് വ്യക്തമായി പറയുന്നില്ല. എങ്കിലും,’അമരത്വം'(Immortality) എന്ന നോവലിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായ ആഗ്നസിന്റെ കുട്ടിക്കാലത്തെ ഓർമ്മകളുമായി ബന്ധപ്പെട്ട് ഹിറ്റ്ലറുടെ ഛായാചിത്രങ്ങളെക്കുറിച്ചുള്ള അവളുടെ ചിന്തകളുടെ പരാമർശം, നാസികളുടെ ദൃശ്യബിംബങ്ങളുടെ സ്വാധീനശേഷിയെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ തിരിച്ചറിവുകൾ ഇത്തരത്തിലൊരു ആശയം രൂപീകരിക്കുന്നതിൽ ഒരു പങ്ക് വഹിച്ചിരിക്കാമെന്ന് സൂചിപ്പിക്കുന്നുണ്ട്. ഒരർത്ഥത്തിൽ, ട്രംപിനും മോദിക്കും മുൻപ് തൻ്റെ സാങ്കൽപ്പിക ആഖ്യാനങ്ങൾ അവതരിപ്പിക്കാൻ സിനിമകളും ചിത്രങ്ങളും ഉപയോഗിച്ചതിലൂടെ ഹിറ്റ്ലർ അവരുടെയെല്ലാം മുൻഗാമിയായിരുന്നു. ഇതിൽ ഏറ്റവും അറിയപ്പെടുന്നതാണ് ലെനി റീഫെൻസ്റ്റാൾ സംവിധാനം ചെയ്ത് നിർമ്മിച്ച 1935-ലെ നാസി പ്രചരണ സിനിമയായ “ട്രിംഫ് ഓഫ് ദ വിൽ” (Triumph of the Will). ഈ വിഭാഗത്തിലെ ഒരു “ക്ലാസിക്” ആയി ഇത് കണക്കാക്കപ്പെടുന്നു, ഇത് ചാപ്ലിനെ “ഗ്രേറ്റ് ഡിക്റ്റേറ്റർ” എന്ന സിനിമ നിർമ്മിക്കാൻ പ്രേരിപ്പിച്ചു. ഹിറ്റ്ലർ റീഫെൻസ്റ്റാൾ സിനിമയ്ക്ക് നിർദ്ദേശം നൽകുകയും ഒരു അനൗദ്യോഗിക എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി പ്രവർത്തിക്കുകയും ചെയ്തു; അദ്ദേഹത്തിൻ്റെ പേര് സിനിമയുടെ ആരംഭത്തിൽ തന്നെ കാണിക്കുന്നുണ്ട്. ‘A Symphony of the Will to Fight’, ‘The Victory of Faith’, ‘Day of Freedom: Our Armed Forces’, ‘Festive Nuremberg’, ‘The Campaign in Poland’, ‘The March to the Führer’ എന്നിങ്ങനെ അത്രയൊന്നും അറിയപ്പെടാത്ത നിരവധി സിനിമകളും ഉണ്ടായിരുന്നു. ഈ സിനിമകളിലും അദ്ദേഹത്തിൻ്റെ മിക്ക ഫോട്ടോകളിലും, ഹിറ്റ്ലർ പൊതുസ്ഥലത്ത് ഒരു പ്രസംഗം നടത്തുമ്പോഴോ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുമ്പോഴോ അതീവ ഉന്മേഷത്തിൽ, കണ്ണുകൾ തീക്ഷ്ണമായി ജ്വലിച്ചുകൊണ്ട് ആവേശത്തോടെ കൈകൾ കൊണ്ട് ആംഗ്യം കാണിക്കുന്നതായി കാണിക്കുന്നു. എന്നിരുന്നാലും, അദ്ദേഹത്തിൻ്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ മറ്റൊരു കൂട്ടം ചിത്രങ്ങൾ അദ്ദേഹത്തെ ഒരു കുലീനനായ ഗ്രാമീണനായും, നായകളോടൊപ്പം കളിക്കുന്ന,ഭക്ഷണശേഷം മലമ്പ്രദേശത്തെ തൻ്റെ എസ്റ്റേറ്റിന് പുറത്തേയ്ക്ക് സായാഹ്നസവാരിക്കിറങ്ങുന്ന മികച്ച അഭിരുചികളുള്ള ഒരു മനുഷ്യനായുമെല്ലാം ചിത്രീകരിക്കുന്നു. 
തൻ്റെ “ഹിറ്റ്ലർ അറ്റ് ഹോം” (Hitler at Home) എന്ന പുസ്തകത്തിൽ, വാസ്തുവിദ്യാ ചരിത്രകാരിയായ ഡെസ്പിന സ്ട്രാറ്റിഗാകോസ് (Despina Stratigakos), രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പ് അഡോൾഫ് ഹിറ്റ്ലറുടെ പ്രചാരകർ – ഡിസൈനർമാരുടെയും പബ്ലിസിസ്റ്റുകളുടെയും ഒരു ചെറിയ സംഘം – അദ്ദേഹത്തിൻ്റെ പൊതു പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനായി എങ്ങനെ അദ്ദേഹത്തിൻ്റെ സ്വകാര്യ ഇടങ്ങളെ ശ്രദ്ധാപൂർവ്വം നിർമ്മിച്ചുവെന്ന് വിവരിക്കുന്നു. “അവർക്ക് ഹിറ്റ്ലറുടെ പൊതുവ്യക്തിത്വത്തെ (public persona) പൂർണ്ണമായും മാറ്റിമറിക്കാൻ കഴിഞ്ഞു,” സ്ട്രാറ്റിഗാകോസ് പറയുന്നു. ഈ രൂപമാറ്റം അദ്ദേഹത്തിൻ്റെ മൂന്ന് വീടുകളുടെ വലിയ പുനരുദ്ധാരണങ്ങളുമായി ബന്ധപ്പെട്ടാണ് നടന്നത് – ബെർലിനിലെ പഴയ ചാൻസലർ ഗൃഹം, മ്യൂണിക്കിലെ അദ്ദേഹത്തിൻ്റെ അപ്പാർട്ട്മെന്റ്, മലമ്പ്രദേശത്തെ അദ്ദേഹത്തിൻ്റെ അവധിക്കാലവസതി. ഇവ ഓരോന്നും ഒരുക്കുന്നതിലും അവയുടെ ഇൻ്റീരിയറുകളും ബാഹ്യപ്രകൃതിയും ഒരുക്കുന്നതിലും ഹിറ്റ്ലർ തൻ്റെ ഡിസൈനറായ ഗെർഡി ട്രൂസ്റ്റുമായി ചേർന്ന് നേരിട്ട് പ്രവർത്തിച്ചു. ഈ സംഘം വാസ്തുവിദ്യയെ ഒരു കൗശലമാക്കി; സിനിമയിലെ സെറ്റുകൾ പോലെ, പ്രേക്ഷകരിൽ കൃത്യമായ വികാരഭാവങ്ങൾ ഉണർത്താൻ പോന്ന ഇടങ്ങൾ അവർ നിർമ്മിച്ചു. അതിനുശേഷം, റിപ്പോർട്ടർമാരെ അവിടങ്ങളിലേയ്ക്ക് ടൂറിനായി ക്ഷണിച്ചു, അവിടെ അവർ ഹിറ്റ്ലറെ സ്നേഹോഷ്മളനായ ഒരു കുടുംബസ്ഥനെ എന്നവണ്ണം ചിത്രീകരിച്ചു. പല ചരിത്രകാരന്മാരും ഹിറ്റ്ലറുടെ സ്വകാര്യ ജീവിതം അപ്രസക്തമാണെന്ന് തള്ളിക്കളഞ്ഞപ്പോൾ, അദ്ദേഹത്തിൻ്റെ സ്വകാര്യ വ്യക്തിത്വത്തിൻ്റെ (private persona) ചിത്രങ്ങൾ, അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ശ്രദ്ധാപൂർവ്വം നിർമ്മിച്ചവയായിരുന്നു എന്ന് സ്ട്രാറ്റിഗാകോസ് നിരീക്ഷിക്കുന്നു.

ഈ ആസൂത്രിത പ്രചാരണത്തിനു സമാന്തരമായിത്തന്നെ ഹിറ്റ്ലറെ “കുട്ടികളുടെ സുഹൃത്തായി” കാണിക്കുന്ന ഫോട്ടോകളുടെ പരമ്പരയും ഉണ്ടായിരുന്നു. 1933 ജനുവരിയിൽ നാസികൾ അധികാരം പിടിച്ചെടുത്ത ശേഷം ഹെൻറിച്ച് ഹോഫ്മാൻ തയ്യാറാക്കിയ അഡോൾഫ് ഹിറ്റ്ലറുടെ ഫോട്ടോകളുടെ ആദ്യ വോളിയത്തിന് Jugend um Hitler – “Young People around Hitler” എന്നായിരുന്നു പേരിട്ടത്. കുട്ടികളോടുള്ള അദ്ദേഹത്തിൻ്റെ വലിയ സ്നേഹം കാണിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു അത്. പലപ്പോഴും പുരുഷന്മാരിലും പുരുഷത്വത്തിൻ്റെ ശക്തിയിലും ശ്രദ്ധ കേന്ദ്രീകരിച്ച നാസി പ്രചാരണതന്ത്രത്തിനു വിപരീതമായി, ഈ ഫോട്ടോ പുസ്തകത്തിൽ ആൺകുട്ടികളെപ്പോലെ തന്നെ പെൺകുട്ടികളെയും കാണിക്കുന്നു- തീർച്ചയായും ഈ കുട്ടികളെല്ലാം തന്നെ നാസികളുടെ വംശീയ ആദർശങ്ങൾക്ക് അനുസൃതമായിരുന്നു. കുട്ടികളില്ലാത്ത, ഔദ്യോഗികമായി വിഭാര്യനായിരുന്ന, മാതൃരാജ്യത്തെ സേവിക്കുന്നതിനായി എല്ലാ സ്വകാര്യ ജീവിതവും ഉപേക്ഷിച്ച ഹിറ്റ്ലറെ രാഷ്ട്രമെന്ന കുടുംബത്തിൻ്റെ തലവനായ ഒരു “paterfamilias” (കുടുംബനാഥൻ) ആയി ചിത്രീകരിക്കുവാനുള്ള ബുദ്ധിമുട്ടിനെയാണ് കുട്ടികളുമൊത്തുള്ള നിരവധിയായ ഈ ചിത്രങ്ങൾ വഴി മറികടക്കാൻ ശ്രമിച്ചത്. ഹോഫ്മാൻ്റെ മാധ്യമ സ്ഥാപനം ഹിറ്റ്ലറും കുട്ടികളുമൊത്തുള്ള നിരവധി പോസ്റ്റ്കാർഡുകളും നിർമ്മിച്ചു, അതിൽ ജോസഫ് ഗീബൽസിൻ്റെ കുട്ടികൾ ഹിറ്റ്ലർക്ക് ജന്മദിനാശംസകൾ നേരുന്നതും സമാനമായ നിരവധി രംഗങ്ങളും ഉൾപ്പെടുന്നു.ദയാവായ്പേറിയ, കുട്ടികളോട് വാൽസല്യവുമുള്ള ഒരു പിതൃരൂപമായി അദ്ദേഹത്തെ അവതരിപ്പിക്കുകയും, അദ്ദേഹത്തോട് കുട്ടികൾക്കും യുവജനങ്ങൾക്കുമുള്ള ആവേശം “രേഖപ്പെടുത്തുകയും” ചെയ്തുകൊണ്ട് പ്രസിദ്ധീകരിച്ച ഈ ചിത്രങ്ങൾ എങ്ങനെയാണ് പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിൽ ചിത്രങ്ങൾ കൊണ്ടുള്ള പ്രചരണതന്ത്രത്തിൻ്റെ പ്രാധാന്യം എടുത്തുകാണിക്കുന്നുണ്ട്.
ഹിറ്റ്ലറുടെ കാലത്തുനിന്നും നാം മാധ്യമങ്ങളുടെ വ്യാപനത്തിലും, ദൃശ്യ സാങ്കേതിക വിദ്യയുടെ വികാസത്തിലുമെല്ലാം വളരെ മുന്നോട്ട് പോയിട്ടുണ്ട് എന്നതിൽ സംശയമില്ല. എന്നാൽ ഉദ്ദേശങ്ങളും രൂപകൽപ്പനകളും അടിസ്ഥാനപരമായി ഒന്നുതന്നെയാണ്: ആളുകളുടെ ഭാവനകളെ നിയന്ത്രിക്കാനും അവരുടെ മനസ്സുകളെ കോളനിവത്കരിക്കാനും ലക്ഷ്യമിട്ടുള്ള വ്യാജ ആഖ്യാനങ്ങൾ സൃഷ്ടിക്കുക. ഈ കെട്ടുകഥകൾക്ക് സത്യവുമായി ഒരു ബന്ധവുമില്ലെന്നും, ഇവ കേവലവും ഏകപക്ഷീയവുമായ അധികാരം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ബോധപൂർവ്വം കെട്ടിച്ചമച്ചവയാണെന്നും, നുണകളും കൂടുതൽ നുണകളും ഈ “നായകന്മാരുടെ” ഭാഷയെ നിർവചിക്കുന്നുവെന്നും ഇതെല്ലാം നടന്നുകൊണ്ടിരിക്കെ എല്ലാവർക്കും വ്യക്തമാകണമെന്നില്ല. ഒരു ചെറിയ ന്യൂനപക്ഷം മാത്രം ഇതിനെ എതിർക്കാൻ സാധ്യതയുണ്ട്, എന്നാൽ ഭൂരിഭാഗം ആളുകളും ഇതിന് വഴങ്ങിക്കൊടുക്കുകയോ നിശ്ശബ്ദരായിരിക്കുകയോ ചെയ്യും. ഇത്തരം കെട്ടുകഥകളുടെ മറവിൽ സ്വത്തുവകകൾ കവർന്നെടുക്കപ്പെടും. ഒഴിപ്പിക്കലുകളും അക്രമങ്ങളും വിദ്വേഷപ്രചരണങ്ങളും യുദ്ധങ്ങളും, വംശഹത്യകളും തടസ്സമില്ലാതെ നടക്കും. പൗരാവകാശങ്ങൾ ഹനിക്കപ്പെടും. മനുഷ്യത്വമില്ലായ്മ പുതിയമേച്ചിൽപ്പുറങ്ങൾ തേടും. എന്നാൽ, ഒരു തെറ്റും ചെയ്യാത്ത ഉത്തമനായ നായകനോടുള്ള ആരാധനയുടെ ആഘോഷങ്ങളാൽ ഇവയെല്ലാം മൂടിവെക്കപ്പെടും. ദുഃഖകരമായ ഭാഗം എന്തെന്നാൽ, ചരിത്രം വീണ്ടും വീണ്ടും നമ്മെ പഠിപ്പിച്ചതുപോലെ, ഈ ആഖ്യാനനിർമ്മിതിയെ വിശ്വസിക്കുകയും ഇതിനെ പിന്തുണക്കുകയും ചെയ്യുന്ന അനുയായികളും ഒടുവിൽ ഇതിന് ഇരയാകും എന്നതാണ്. ഈ കൊല്ലുയന്ത്രത്തിലെ ഒടുവിലെ തീറ്റയായി സ്വയം മാറുമ്പോൾ മാത്രമേ തങ്ങൾ എന്തിലാണ് അകപ്പെട്ടതെന്ന് അവർക്ക് മനസ്സിലാകൂ. എന്നാൽ അപ്പോഴേക്കും അത് വളരെ വൈകിയിരിക്കും.
പക്ഷേ, എല്ലാ കുമിളകളും ഒന്നല്ലെങ്കിൽ മറ്റൊരു സമയത്ത് പൊട്ടാൻ ബാധ്യസ്ഥമാണ്. ഇതും അങ്ങനെ തന്നെ. അവ പൊട്ടുമ്പോൾ, അതിൻ്റെ തിരിച്ചടി വേഗമേറിയതായിരിക്കും, ഭീകരമായിരിക്കും. അപ്പോഴും ആ പഴയ ചോദ്യം അവശേഷിക്കും- നമ്മൾ എന്നെങ്കിലും പഠിക്കുമോ?
——–







Be the first to write a comment.