തിരിഞ്ഞുനോട്ടം:

1947 ഒക്ടോബറിൽ ഭൂമിയിൽ ഗാന്ധിയുടെ എഴുപത്തെട്ടുവർഷങ്ങൾ പൂർത്തീകരിച്ചിരുന്നു. ഒരു തരത്തിൽ അത് ഒരു അത്ഭുതമായിരുന്നു. കാരണം ഇന്ത്യയിൽ അന്ന് ശരാശരി ആയുർദൈർഘ്യം പുരുഷന്  31 വയസ്സും സ്ത്രീയ്ക്ക് 34 വയസ്സും ആയിരുന്നു. അതിൻ്റെ ഇരട്ടി വർഷങ്ങൾ ഗാന്ധി പിന്നിട്ടിരുന്നു. ഒരു പക്ഷെ, തൻ്റെ മുൻഗാമികളായ രാഷ്ട്രീയ നേതാക്കളേക്കാൾ വളരെയധികം. ഗാന്ധിയുടെ രാഷ്ട്രീയ ഗുരുനാഥനായ ഗോപാൽ കൃഷ്ണ ഗോഖലേ 49 വയസ്സിൽ മരിച്ചു. ഗോഖലെയെ ആഴത്തിൽ സ്വാധീനിച്ചിരുന്ന ഗോപാൽ ഗണേഷ് അഗാർക്കർ വെറും 39 വയസ്സിൽ അന്തരിച്ചു. ഗാന്ധിക്ക് മുമ്പ് വൈദേശിക ഭരണത്തോട് പൊരുതിയിരുന്ന ലാൽ, ബാൽ, പാൽ ത്രയത്തിലെ ലാൽ, ലാലാ ലജ്പത് റായ്, 63 വയസ്സിലും പാൽ, ബിപിൻ ചന്ദ്ര പാൽ, 74 വയസ്സിലും ബാൽ, ബാൽ ഗംഗാധർ തിലക്, 64 വയസ്സിലും മരിച്ചു പോയി.

എന്നാൽ താൻ 125 വയസ്സുവരെ ജീവിച്ചിരിക്കും എന്ന് ഗാന്ധി വിശ്വസിച്ചിരുന്നു. 1942 ആഗസ്റ്റ് എട്ടാം തീയ്യതി, ക്വിറ്റ് ഇന്ത്യ സമരത്തലേന്ന്, ബോംബെയിൽ വെച്ചു നടന്ന ഏ ഐ സി സി സമ്മേളനത്തിൽ വെച്ച് ഗാന്ധി സംസാരിച്ചത് ഇങ്ങനെയാണ്.  ” എൻ്റെ പൂർണ്ണ ജീവിതം ജീവിച്ചു തീർക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എൻ്റെ നോട്ടപ്രകാരം പൂർണ്ണ ജീവിതമെന്നാൽ 125 കൊല്ലമാണ്. അക്കാലയളവിൽ ഇന്ത്യ മാത്രമല്ല സ്വതന്ത്രമാകുക, മുഴുവൻ ലോകവും സ്വതന്ത്രമാകും. ഇന്ന് ഇംഗ്ലീഷുകാർ സ്വതന്ത്രരാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അമേരിക്കക്കാർ സ്വതന്ത്രരാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അവർ എന്ത് ചെയ്യാനാണ് സ്വതന്ത്രരായിരിക്കുന്നത് ? മനുഷ്യരാശിയുടെ  മറ്റു വിഭാഗങ്ങളെ അടിമത്തത്തിൽ പിടിച്ചു വെയ്ക്കുന്നതിനോ? കറുത്തവരെ, ആഫ്രിക്കൻ വംശജരെ, ആഫ്രിക്കക്കാരെ അവർ അടിമത്തത്തിൽ പിടിച്ചു വെച്ചിരിക്കുന്നു. അവർ (ബ്രിട്ടീഷുകാരും അമേരിക്കക്കാരും) അവരുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതുന്നുണ്ടോ? യഥാർത്ഥ സ്വാതന്ത്ര്യം എന്തെന്നറിയാൻ അവർ ഇന്ത്യയിലേയ്ക്ക് വരേണ്ടി വരും ”

ഇത് ഗാന്ധി സമരാവേശത്തിൽ പറഞ്ഞതല്ല എന്ന് പിൽക്കാല രേഖകൾ  തെളിവു തരുന്നു. അഭിനിവേശങ്ങളിൽ നിന്നും കാമനകളിൽ നിന്നും മുക്തനായാൽ 125 വയസ്സുവരെ ജീവിക്കാനാകും എന്ന് ഗാന്ധി ആത്മനിഷ്ഠമായി വിശ്വസിച്ചിരുന്നു. 1946 ഫെബ്രുവരി 11 ന് ഹരിജൻബന്ധുവിലെഴുതിയ ലേഖനത്തിൽ ഇക്കാര്യം ഗാന്ധി ആവർത്തിക്കുന്നുണ്ട്. തനിക്ക് മാത്രമല്ല, ഫലത്തിൽ ശ്രദ്ധിക്കാതെ കർമ്മം ചെയ്യാൻ തുടങ്ങുന്ന ഓരോരുത്തർക്കും 125 വർഷത്തെ ജീവിതം അവകാശമാണെന്നും പ്രസ്തുത ലേഖനത്തിൽ ഗാന്ധി സൂചിപ്പിക്കുന്നു. “അത്തരം ജീവിതം ആത്മാർത്ഥമായ പൂർണ്ണതയോടെ സേവനത്തിൽ അർപ്പിതമായതായിരിക്കും. ആ സേവനത്തിന് വേണ്ടിയുള്ള നിർമ്മമത്വം അവാച്യമായ അനുഭൂതി നൽകുന്നതും ഒന്നിലും നഷ്ടപ്പെടുന്നതും ആയിരിക്കില്ല. കാരണം, ഉള്ളിൽ നിന്നും പൊട്ടിപ്പുറപ്പെടുന്ന രഹസ്യനീർച്ചാലുകളാണ് അപ്പോൾ ജീവനെ നിലനിർത്തുന്നത്. അപ്പോൾ അക്ഷമ മൂലമുള്ള ദു:ഖങ്ങൾ അവിടെയുണ്ടായിരിക്കില്ല.  ഈ ആനന്ദത്തെക്കൂടാതെ ദീർഘജീവിതം എന്നത് അസാധ്യമാണ്. സാധ്യമാണെങ്കിൽ തന്നെയും അത്തരം ജീവിതം മൂല്യവത്തായ ഒന്നായിരിക്കില്ല ”

1948 ജനുവരി 30 ന് മരിച്ചുവീഴുമ്പോൾ രണ്ടുവർഷം മുമ്പുവരെ, തൻ്റെ ആയുർദൈർഘ്യത്തെക്കുറിച്ച് താൻ തന്നെ കൊണ്ടു നടന്നിരുന്ന ആലോചനകൾ, ഗാന്ധിയുടെ മനസ്സിൽ ഉണ്ടാകാൻ സാധ്യതയുണ്ടായിരിക്കില്ല. കാരണം, ആ രണ്ടു വർഷങ്ങൾ വേദനയുടേയും യാതനയുടേതുമായിരുന്നു. ദക്ഷിണാഫ്രിക്കയിൽ തുടങ്ങിവെച്ച് ഇന്ത്യയിൽ വികസിക്കുകയും ഒരു പരിധിവരെ വിജയിക്കുകയും ചെയ്ത സാമ്രാജ്യത്ത വിരുദ്ധപോരാട്ടം ആയിരുന്നില്ല കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഗാന്ധിക്ക് ഏറ്റെടുക്കേണ്ടി വന്നത്. സ്വന്തം ജനതയ്ക്കുള്ളിൽ നിന്ന് ഉറവെടുത്ത വെറുപ്പിൻ്റെ, ഹിംസയുടെ അഗ്നിക്കെതിരെയായിരുന്നു, ആ പോരാട്ടം. ദീർഘകാലം നീണ്ടു നിന്ന സമരവീര്യത്തിൻ്റേയും ത്യാഗസന്നദ്ധതയുടേയും ഫലമായി കൈവന്ന സ്വാതന്ത്ര്യത്തെ, അത്തരം വെറുപ്പും ഹിംസയും ഇരുട്ടിൽ മുക്കി. രാജ്യം രണ്ടായിത്തീർന്നു. സ്വാതന്ത്ര്യം ആസ്വദിക്കേണ്ട ജനത പിളർക്കപ്പെട്ടു. ബാക്കിയായ ഇന്ത്യയെ പിടിച്ചെടുക്കാൻ ഹിന്ദുവംശീയതയുടെ അതാര്യ രാഷ്ട്രീയം വെമ്പിക്കൊണ്ടിരുന്നു.

നിർമൽ കുമാർ ബോസ്
നിർമൽ കുമാർ ബോസ്

നവഖലിയിൽ, ബീഹാറിൽ, കൊൽക്കൊത്തയിൽ, ഡെൽഹിയിൽ, കശ്മീരിൽ, റാവൽപിണ്ടിയിൽ, മനുഷ്യക്കുരുതിക്കിടയിലൂടെ നടത്തിയ യാത്രകൾ, നൂറ്റിരുപത്തഞ്ചു കൊല്ലത്തെ പൂർണ്ണ ജീവിത സ്വപ്നത്തെ ഗാന്ധിയിൽ നിന്ന് എടുത്തു മാറ്റിയിരുന്നു. കായികമായി വിലയിരുത്തിയാൽ ഗാന്ധി തളർന്നിട്ടും തളർച്ചയെ മറികടന്നു എന്ന് പറയാം. 1946 നവംബർ 6 ന് തുടങ്ങിവെച്ച നവഖലി ഉദ്യമം, ഒരു രാത്രി ഒരു ഗ്രാമത്തിൽ എന്ന ദൗത്യം, 1947 മാർച്ച് 2 ന് പൂർത്തിയാക്കുമ്പോൾ ഏഴാഴ്ച കൊണ്ട് 116 മൈൽ ദൂരം 47 ഗ്രാമങ്ങളിലൂടെ, അദ്ദേഹം നഗ്നപാദനായി കാൽനട ചെയ്തിരുന്നു. എഴുപത്തി ഏഴ് വയസ്സിൽ അത് ഒരു അത്ഭുതമായിരുന്നു. അദ്ദേഹത്തിൻ്റെ ആരോഗ്യനില പരിതാപകരമായിരുന്നു. എങ്കിലും ചരിത്രം തന്നിലർപ്പിച്ച ഒരു കടമയെ അതിന്റെ മുഴുവൻ ഭാരത്തോടും കൂടി ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറായി. അതേ കുറിച്ച് വിശദമായ അന്ന് കൂടെയുണ്ടായിരുന്ന പ്രൊഫസർ  നിർമ്മൽ കുമാർ ബോസ് നൽകുന്നുണ്ട്.

നിർമ്മൽ കുമാർ ബോസ്, ഗാന്ധിഭക്തനായിരുന്നില്ല. അദ്ദേഹം തന്നെ എഴുതിയിട്ടുള്ള പോലെ “ജീവിതത്തിൽ എന്റെ പ്രഥമ താത്പര്യം എപ്പോഴും ശാസ്ത്രത്തോടായിരുന്നു. പക്ഷെ, രാഷ്ട്രീയത്തിലെ  വൈരുദ്ധ്യങ്ങൾ എപ്പോഴും എന്നെ ആകർഷിച്ചിരുന്നു. പ്രത്യേകിച്ച് നിർബന്ധിത സാഹചര്യങ്ങൾ ഇല്ലെങ്കിൽ പോലും”. ഗാന്ധി എന്ന വ്യക്തിയോടുള്ള താത്പര്യത്തേക്കാൾ, സത്യഗ്രഹം പോലുള്ള രാഷ്ട്രീയ പരിപാടികളോടുള്ള കൗതുകമാണ് അദ്ദേഹത്തെ ഗാന്ധിക്ക് അടുത്ത് എത്തിക്കുന്നത്. 1945 ഡിസംബറിൽ ഗാന്ധിയുമായി കൊൽക്കത്തയ്ക്ക് അടുത്തുള്ള ശോധ്പൂർ ആശ്രമത്തിലെ തെക്കേ വരാന്തയിലുള്ള ഗാന്ധിയുടെ മുറിയിൽ വെച്ച് അദ്ദേഹം ഗാന്ധിയുമായി അഭിമുഖസംഭാഷണം നടത്തുകയുണ്ടായി. അദ്ദേഹം ഗാന്ധിയുമായി നടത്തിയ രണ്ടാമത്തെ അഭിമുഖ സംഭാഷണമായിരുന്നു അത്. ആ അരമണിക്കൂർ സംഭാഷണം ഗാന്ധി എന്ന വ്യക്തിയോട് അദ്ദേഹത്തെ കുറേക്കൂടി അടുപ്പിക്കുകയുണ്ടായി. അതിനെപ്പറ്റി പിന്നീട് അദ്ദേഹം എഴുതിയത് ഇങ്ങനെയാണ്. “സ്വന്തം ജീവിതത്തെപ്പറ്റി, അദ്ദേഹത്തിൻ്റെ ആഗ്രഹങ്ങളേയും നേട്ടങ്ങളേയും പറ്റി, ഗാന്ധി പുലർത്തിയ നിർമമതയാണ് സംഭാഷണവേളയിൽ എന്നെ മഥിച്ചത്. തനിക്ക് അറിയാത്ത ആരെയോ പോലെയാണ് ഗാന്ധി തന്നെത്തന്നെ കരുതിയത് ” കൊൽക്കൊത്തയിലെ സർവ്വകലാശാലയിൽ ശാസ്ത്രാദ്ധ്യാപകനായി ജോലി ചെയ്യുകയായിരുന്നു നിർമ്മൽ കുമാർ ബോസ്. നവഖലിയിൽ ഹിന്ദു മുസ്ലീം കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഗാന്ധി അവിടെ പര്യടനം നടത്തുന്നതിനായി പുറപ്പെടുമ്പോൾ തൻ്റെ സംഘത്തിൽ നിർമ്മൽ കുമാർ ബോസിനേയും ഉൾപ്പെടുത്തി. അന്നത്തെ കിഴക്കൻ ബംഗാളിലാണ് (ഇന്നത്തെ ബംഗ്ലാദേശ് ) നവഖലി സ്ഥിതി ചെയ്യുന്നത് എന്നതിനാൽ അവിടുത്തെ ജനങ്ങളുമായി സംവദിക്കാൻ ബംഗാളി നന്നായി അറിയുന്ന ഒരാളെ ഗാന്ധിക്ക് അത്യാവശ്യമായിരുന്നു. അതിന് വേണ്ടിയാണ് പ്രധാനമായും നിർമ്മൽ കുമാർ ബോസിനെ ഗാന്ധി പര്യടന സംഘത്തിൽ അംഗമാക്കുന്നത്. ഗാന്ധിയുടെ സെക്രട്ടറിയും ബംഗാളി പരിഭാഷകനുമായാണ് നവഖലി യാത്രയിൽ പ്രൊഫസർ നിർമ്മൽ കുമാർ ബോസ് പ്രവർത്തിച്ചത്. ഗാന്ധിയുടെ പ്രാർത്ഥനാ സമ്മേളനം പോലുള്ള പ്രവർത്തനങ്ങളിൽ വ്യക്തിപരമായി തനിക്ക് താത്പര്യമില്ലെന്നും അത്തരം കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനുള്ള സ്വാതന്ത്ര്യം തനിക്ക് തരണമെന്നും ഈ ശാസ്ത്രപ്രേമി ആദ്യമേ തന്നെ ഗാന്ധിയോട് അഭ്യർത്ഥിക്കുകയും ഗാന്ധി അത് അനുവദിച്ചു കൊടുക്കുകയും ചെയ്തിരുന്നു.

നവഖലിയിൽ ശ്രീറാംപൂരിലാണ് ഗാന്ധിയുടെ ക്യാമ്പ് പ്രവർത്തിച്ചിരുന്നത്. പാട്ട കൊണ്ട് ചുമരു കെട്ടിയ ഒരു മരക്കുടിലിലായിരുന്നു ഗാന്ധിയുടെ വാസം. കളിമണ്ണുകൊണ്ടുള്ള തറ. ചുറ്റും തെങ്ങും കവുങ്ങും. എന്താണ് ചെയ്യേണ്ടത് എന്നതിനെപ്പറ്റി ഗാന്ധിക്ക് ധാരണയുണ്ടായിരുന്നില്ല. പ്രാർത്ഥനാ സമ്മേളനങ്ങൾ നടത്തിപ്പോന്നിരുന്നു. ഗവണ്മെൻ്റിലേയും ഗ്രാമങ്ങളിലേയും മുഖ്യരോട് സംസാരിച്ചിരുന്നു. പക്ഷെ, കലാപം ഉണ്ടാക്കിയ ദുരന്തവും രോഷവും ഹിംസയും നവഖലിയിലെമ്പാടും തളം കെട്ടി നിന്നിരുന്നു. പഴയ ജീവിതത്തിൻ്റെ സാമൂഹ്യസുരക്ഷിതത്വം പാടേ തകർന്നിരുന്നു. നവഖലി സംഭവങ്ങൾക്ക് മുമ്പേ തന്നെ കസ്തൂർബാ വിട പറഞ്ഞിരുന്നു. സെക്രട്ടറിയും മന:സാക്ഷി സൂക്ഷിപ്പുകാരനുമായ മഹാദേവ് ദേശായിയും വിട പറഞ്ഞിരുന്നു. കോൺഗ്രസ്സിലെ സഹപ്രവർത്തകർ എല്ലാം തന്നെ ഭരണക്കൈമാറ്റത്തിൻ്റെ പ്രശ്നങ്ങളുമായി മല്ലിട്ട് ഡെൽഹിയിലായിരുന്നു. അങ്ങനെ ഒരർത്ഥത്തിൽ ഏകാന്തത അദ്ദേഹത്തെ വേട്ടയാടിയിരുന്നു.

1946 ഡിസംബറിൽ ശ്രീറാംപൂരിൽ ഗാന്ധി താമസിക്കുന്ന ഇടത്തേയ്ക്ക് ഡോ. സുശീല നയ്യാർ എത്തിച്ചേർന്നിരുന്നു. ഗാന്ധിയുടെ സെക്രട്ടറി പ്യാരേലാലിൻ്റെ സഹോദരിയും ഗാന്ധിയുടെ ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധിക്കുന്ന ഭിഷഗ്വരയും ആയിരുന്നു അവർ. 1946 ഡിസംബർ 17-ന് രാവിലെ 3.20 ന് ഗാന്ധി തൻ്റെ കുടിലിനുള്ളിൽ സുശീല നയ്യാരോട് ഉറക്കെയുറക്കെ സംസാരിക്കുന്നത് പ്രൊഫസർ നിർമ്മൽ കുമാർ ബോസ് കേട്ടു. നിർമ്മൽ കുമാർ ബോസും മറ്റുള്ളവരും താമസിച്ചിരുന്നത് തൊട്ടടുത്തെ സമാനങ്ങളായ മറ്റ് കുടിലുകളിലായിരുന്നു. ഗാന്ധിയുടെ ശബ്ദം ആകുലമായിരുന്നു. ശബ്ദം കേട്ട് മറ്റുള്ളവരിൽ ചിലരും ബോസിൻ്റെ അടുത്ത് എത്തിച്ചേർന്നു. പെട്ടെന്ന് ദാരുണമായ ഒരു കരച്ചിൽ അവർ ഗാന്ധിയുടെ മുറിക്കുള്ളിൽ നിന്നും കേട്ടു. ഗാന്ധിയുടെ തന്നെ ശബ്ദത്തിൽ. തുടർന്ന് ഒരു മനുഷ്യ ശരീരത്തിൽ കൈ കൊണ്ട് ആഞ്ഞടിക്കുന്ന തരത്തിൽ രണ്ടടികളുടെ ശബ്ദവും അവർ കേട്ടു. തുടർന്ന് ഗാന്ധിയുടെ കരച്ചിൽ കനത്ത ഒരു തേങ്ങലായി മാറി. നിർമ്മൽ കുമാർ ബോസ് ഉടൻ തന്നെ ഗാന്ധിയുടെ കുടിലിലേയ്ക്ക് ഓടിച്ചെന്നു. പടിവാതിൽക്കൽ വെച്ചു തന്നെ ചുമരും ചാരി കട്ടിലിലിരിക്കുന്ന ഗാന്ധിയെ അദ്ദേഹം കണ്ടു. കണ്ണുകൾ അടച്ചു കൊണ്ടാണ് ഗാന്ധി ഇരുന്നിരുന്നത്. ഇരു കവിളിലൂടെയും കണ്ണുനീർ തുരുതുരാ ഒഴുകുന്നുണ്ടായിരുന്നു. അടുത്ത് സുശീല നയ്യാർ നില്പുണ്ടായിരുന്നു. അവരുടെ മുഖവും കണ്ണീരിൽ കുതിർന്നിരുന്നു. അവരെന്തോ പറയാനായി ഗാന്ധിയുടെ മുഖത്തേയ്ക്ക് തൻ്റെ മുഖം കുനിക്കുന്നുണ്ടായിരുന്നു. ഗാന്ധി അനിഷ്ടത്തോടെ അവരുടെ മുഖം കൈകൾ കൊണ്ട് തള്ളിമാറ്റിക്കൊണ്ടിരുന്നു. രണ്ടോ മൂന്നോ പ്രാവശ്യം ഇതാവർത്തിച്ചു. മുറിക്കുള്ളിലേയ്ക്ക് കടക്കാതെ നിർമ്മൽ കുമാർ ബോസ് മടങ്ങി

രാവിലെ ഗാന്ധി പതിവുപോലെ കാര്യങ്ങളിലേയ്ക്ക് മടങ്ങി.1946 ഡിസംബർ 19-ന് കുളിച്ചു കൊണ്ടിരിക്കുമ്പോൾ ഗാന്ധി, നിർമ്മൽ കുമാർ ബോസിനോട് പതിനേഴാം തീയ്യതിയിൽ നടന്ന സംഭവങ്ങളെ കുറിച്ച് സംസാരിക്കാൻ തുടങ്ങി. “നഗ്നപാദനായി (നവഖലിയിൽ ) കാൽനടയാത്ര നടത്താനുള്ള എൻ്റെ തീരുമാനത്തിന്, എൻ്റെ ഇന്നത്തെ ആരോഗ്യനില പരിഗണിച്ച് അവർ എതിരായിരുന്നു. എൻ്റെ ആരോഗ്യനിലയെ കുറിച്ചുള്ള കാര്യങ്ങൾ കൃത്യമായി അറിയുന്ന ഏതെങ്കിലും മുൻ സുഹൃത്ത് നിർബന്ധമായും കൂടെയുണ്ടാകണം എന്നവർ ശഠിച്ചു ”

പിറ്റേന്ന് ഗാന്ധി കുളിച്ചു കൊണ്ടിരിക്കുന്ന സമയത്ത് നിർമ്മൽ കുമാർ ബോസ്, ഗാന്ധിയോട് വീണ്ടും സംസാരിച്ചു. ” താങ്കൾ എന്നെ താങ്കളുടെ സംഘത്തിൽ ചേർക്കുകയും എനിക്ക് നിരവധി സ്വാതന്ത്ര്യങ്ങൾ അനുവദിച്ചു തരികയും ചെയ്തു.  ക്ഷമിക്കണം, ഞാൻ താങ്കളോട്  ഒരു ചോദ്യം ചോദിക്കട്ടെ. ആ ദിവസം താങ്കൾ സുശീലയെ അടിച്ചോ? “. അന്ന് ഗാന്ധിയുടെ കുടിലിന് പുറത്ത് കാതോർത്ത് നിൽക്കുമ്പോൾ കേട്ട അടിയുടെ ശബ്ദമായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ. അത് കേട്ടതും ഗാന്ധിയുടെ മുഖത്ത് ദു:ഖഭരിതമായൊരു പുഞ്ചിരി വിടർന്നു. അദ്ദേഹം പറഞ്ഞു ” ഇല്ല, ഞാനവളെ അടിച്ചില്ല. ഞാനെൻ്റെ സ്വന്തം നെറ്റിയിലാണ് അടിച്ചത്. എനിക്ക് ഇരുപത്തഞ്ച് വയസ്സ് പ്രായമുള്ള സമയത്ത് ഞാനൊരിക്കൽ എൻ്റെ മകനെ അടിക്കുകയുണ്ടായി. പക്ഷെ, അത് അവസാനത്തേതായിരുന്നു ”

സുശീല നയ്യാർ, ഗാന്ധി
സുശീല നയ്യാർ, ഗാന്ധി

ഗാന്ധി തുടർന്നു “സുശീല ഒരു അത്ഭുതക്കുട്ടിയാണ്. എനിക്ക് നിരവധി സേവനങ്ങൾ ചെയ്യുന്നുമുണ്ട്. എൻ്റെ നിയുക്ത കാൽനടയാത്രയെക്കുറിച്ചറിഞ്ഞപ്പോൾ അവൾ അതിനെതിരെ വാദിക്കാൻ തുടങ്ങി. രാത്രി 2.30 മുതൽ ഞങ്ങൾ സംസാരിക്കാൻ തുടങ്ങിയതാണ്. മുസ്ലീം ഗ്രാമങ്ങളിൽ കൂടിയുള്ള ഏകാന്ത സഞ്ചാര യജ്ഞത്തെക്കുറിച്ച് ഞാൻ അവളോട് വിശദീകരിക്കുകയുണ്ടായി ”

ഗാന്ധിയുടെ ആരോഗ്യനില മുൻനിർത്തി സുശീല നയ്യാർ അത് തടയാൻ ശ്രമിച്ചപ്പോഴാണ് താൻ തന്റെ നെറ്റിയിൽ  ആഞ്ഞടിച്ചത് എന്ന് ഗാന്ധി, നിർമ്മൽ കുമാർ ബോസിനോട് വെളിപ്പെടുത്തി.

അത്രയും താഴ്ന്ന തൻ്റെ ആരോഗ്യ നിലയും വെച്ചാണ് ഗാന്ധി, നവഖലി ദൗത്യം നടത്തിയത്. ആ സമയത്ത് ബീഹാറിൽ പാറ്റ്ന, ഗയ തുടങ്ങിയ ജില്ലകളിൽ ഹിന്ദു വംശീയ വാദികൾ മുസ്ലീങ്ങൾക്കെതിരെ അഴിഞ്ഞാടാൻ തുടങ്ങിയിരുന്നു. മുസഫർപൂർ ജില്ലയിലെ ബെനിബാദ് എന്ന ഗ്രാമത്തിലാണ് ആദ്യതീപ്പൊരി വീണത്. ഒരു പ്രാദേശിക മുസ്ലീം കൊൽക്കൊത്തയിൽ നിന്ന് ഒരു ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുവന്ന് പാർപ്പിക്കുന്നു എന്നൊരു ശ്രുതി പരന്നു.

1946 സെപ്തംബർ 17 നാണ്  ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിസ്ട്രിക്ട് മജിസ്ട്രേട്ടിന് മുന്നിൽ കേസ് ഫയൽ ചെയ്യുന്നത്. സ്വാഭാവികമായും ബെനിബാദ് ഗ്രാമത്തിൻ്റെ ചുമതലയുള്ള ഇൻസ്പെക്ടർ ജെ ബി ഝാ, കേസ് അന്വേഷിക്കുകയുണ്ടായി. 1946 സെപ്തംബർ 20 നാണ് ഇക്കാര്യം പോലീസ് രജിസ്റ്ററിൽ രേഖപ്പെടുത്തുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ പെൺകുട്ടിയെ സ്റ്റേഷനിൽ ഹാജരാക്കാമെന്ന് അവിടെ താമസിക്കുന്ന മുസ്ലീങ്ങൾ പോലീസിനെ അറിയിക്കുകയുണ്ടായി. എന്നാൽ അന്നു തന്നെ കുബേർ സിംഗ് എന്നു പേരുള്ള ആര്യസമാജത്തിൻ്റെ നേതാവ് രണ്ടു ബംഗാളികളേയും ഒരു കൂട്ടം ഹിന്ദുക്കളേയും കൂട്ടി ബെനിബാദിൽ എത്തിച്ചേർന്നു. തസ്ലീം ബാബു എന്നയാളുടെ വീട്ടിലാണ് അവർ എത്തിയത്. കൊൽക്കത്ത കലാപങ്ങളുടെ പശ്ചാത്തലത്തിൽ തങ്ങളുടെ ഒരു അകന്ന സഹോദരിയെ അലി ഹസ്സൻ എന്നൊരാൾ തട്ടിക്കൊണ്ടുപോയി ബെനിബാദിൽ താമസിപ്പിക്കുന്നുണ്ട് എന്ന് കൂട്ടത്തിലെ ബംഗാളികൾ പറഞ്ഞു. അവളെ ബലം പ്രയോഗിച്ച് മതം മാറ്റിയതായും അവർ പറഞ്ഞു.

എന്നാൽ ഔദ്യോഗിക രേഖകൾ കാണിക്കുന്നത്, ബംഗാളികൾ പറയുന്ന പോലെയായിരുന്നില്ല. മറിച്ച് അതൊരു പ്രേമകഥയായിരുന്നു. ജെസ്സോറിലെ പി സി ഡേയുടെ മകളായ ഏതാണ്ട് 20 വയസ്സ് പ്രായമുള്ള കല്യാണി ഡേ, നഖോഡ മുസ്ലീംപള്ളിയിലെ ഇമാമിൻ്റെ അടുത്തു ചെന്ന് തനിക്ക് ഇസ്ലാമിലേയ്ക്ക് മതം മാറണമെന്ന് ആവശ്യപ്പെടുകയുണ്ടായി. തൻ്റെ ഒരു പ്രസ്താവനയും കല്യാണി ഡേ, ഇമാമിനെ ഏല്പിച്ചിരുന്നു. അതിൽ ഇങ്ങനെയായിരുന്നു കുറിച്ചിരുന്നത്. “കല്യാണി ഡേ എന്ന ഞാൻ ആരെങ്കിലും ശക്തിചെലുത്തിയിട്ടോ സ്വാധീനം ചെലുത്തിയിട്ടോ നിർബന്ധിച്ചിട്ടോ പ്രേരിപ്പിച്ചിട്ടോ അല്ല, മറിച്ച് ഇസ്ലാമിക പ്രബോധനങ്ങളിൽ മനസ്സാ ആകൃഷ്ടയായിട്ടാണ്, പഴയ വിശ്വാസം വെടിഞ്ഞ് ഇസ്ലാം മതം സ്വീകരിക്കുന്നത് എന്ന് സത്യപ്രതിജ്ഞ ചെയ്യുന്നു”. അതോടൊപ്പം അലി ഹസ്സൻ പോലീസിൽ കൊൽക്കൊത്ത പോലീസിൽ കൊടുത്ത മൊഴിയിലും അവരുടെ വിവാഹത്തെക്കുറിച്ച് പറയുന്നുണ്ട്. “ബെനിബാദിൻ്റെ അയൽ ഗ്രാമങ്ങളിലൊന്നിൻ്റെ ജമീന്ദാർ ആയ ഒരു ലോക്കി മിശ്ര, കൊൽക്കൊത്തയിൽ വെച്ച് നടന്ന ഞങ്ങളുടെ വിവാഹത്തെക്കുറിച്ച് അറിയുകയും അതെ തുടർന്ന്, ഞാൻ കല്യാണി ഡേയെ തട്ടിയെടുത്ത് നൂർജഹാൻ ബീഗം എന്ന മുസ്ലീം പേര് കൊടുക്കുകയും 5 ലക്ഷം രൂപ (കൊൽക്കത്തയിൽ നിന്നും കലാപത്തിൻ്റെ ഭാഗമായി ) കൊള്ളയടിച്ചെടുക്കുകയും ചെയ്തെന്ന കള്ള വാർത്ത പ്രചരിപ്പിക്കുകയുണ്ടായി “.

നൂർജഹാൻ ബീഗം എന്ന കല്യാണി ഡേയെ പോലീസ് സ്‌റ്റേഷനിൽ ഹാജരാക്കാമെന്ന് മുസ്ലീങ്ങൾ പറഞ്ഞ 1946 സെപ്തംബർ 27 ന് മുമ്പുതന്നെ, ബെനിബാദിലെ മുസ്ലീങ്ങളെ ഹിന്ദു വംശീയ വാദികൾ ആക്രമിക്കുകയുണ്ടായി. 1946 സെപ്തംബർ 24 ന് എഴുനൂറോളം വരുന്ന ആര്യസമാജികളുടെ കൂട്ടമാണ് ഈ ക്രൂരകൃത്യം ചെയ്തത്. 11 മുസ്ലീങ്ങൾ അവിടെ കൊല്ലപ്പെട്ടു. നിരവധി വീടുകൾ നശിപ്പിക്കപ്പെടുകയും കൊള്ള ചെയ്യപ്പെടുകയുമുണ്ടായി. ബെനിബാദിൽ  ഭീതി പരത്തിയ ഈ ലഹള അന്നുകൊണ്ട് തീർന്നില്ല.രേഖകൾ പ്രകാരം 14 പേർ കൊല്ലപ്പെട്ടു. അതിൽത്തന്നെ 13 ശവശരീരങ്ങൾ മാത്രമാണ് കണ്ടെടുക്കപ്പെട്ടത്. 6 പേർക്ക് പരിക്കേറ്റു. 200 വീടുകൾ കത്തിച്ചു.

ഇതൊരു തുടക്കം മാത്രമായിരുന്നു. 1946 ഒക്ടോബർ 24-ന് സരൺ ജില്ലയിലെ ചപ്രയിൽ, കിഴക്കൻ ബംഗാളിലെ ഹിന്ദു പീഡനങ്ങളിൽ പ്രതിഷേധിച്ച് ഹിന്ദു വംശീയവാദികൾ ഹർത്താൽ പ്രഖ്യാപിച്ചു. അന്ന് ചപ്രയിലെ കരീംചൗക്കിൽ ഉച്ചതിരിഞ്ഞ്  3.30 ഓടെ ലഹള പൊട്ടിപ്പുറപ്പെട്ടു. 4 പേർ അവിടെ കൊല്ലപ്പെട്ടു.  പാറ്റ്നയിൽ പിറ്റേന്ന്  “നവഖാലി വിരുദ്ധദിനം ” മുൻ നിർത്തി ബന്ദ് പ്രഖ്യാപിച്ചു. അന്ന് ചപ്രയുടെ വടക്കൻ ഗ്രാമങ്ങളിൽ നിന്നും വരുന്ന ഹിന്ദുക്കൾ മുസ്ലീങ്ങളെ ആക്രമിച്ച് 20 പേരെ കൊന്നു.  വീടുകൾ തീയിടപ്പെട്ടു. അക്രമം തടയാൻ പോലീസ് നടത്തിയ വെടിവെപ്പിൽ 2 പേർ കൊല്ലപ്പെട്ടു.  അടുത്ത ദിവസങ്ങളിൽ ലഹള ഗയ, മുൻഗർ, ഭഗൽപൂർ,സന്താൾ പർഗാനാസ് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കും വ്യാപിച്ചു. ബീഹാറിലെ 16 ജില്ലകളിൽ 7 ഉം കലാപബാധിതമായി.

ചപ്രയിൽ 1946 ഒക്ടോബർ 27 ന് മാത്രം 55 പേർ കൊല്ലപ്പെട്ടു. 65 പേർക്ക് പരിക്കേറ്റു.

ഒക്ടോബർ 28-ന് ബീഹാർ മുഖ്യമന്ത്രി ശ്രീകൃഷ്ണ സിൻഹ മന്ത്രിസഭയിലെ സഹപ്രവർത്തകനായിരുന്ന ഡോ. സെയ്ദ് മഹ്മൂദിനൊപ്പം ചപ്ര സന്ദർശിച്ചു. ഡോ. സെയ്ദ് മെഹ്മൂദ് ആ അനുഭവം എഴുതിയിട്ടുണ്ട്. ” ഞങ്ങൾ (1946) ഒക്ടോബർ 28 ന് യാത്ര തുടങ്ങി. അന്നു രാത്രി തന്നെ ചപ്രയിൽ എത്തിച്ചേർന്നു. ഏതാണ്ട് നൂറ് (മുസ്ലീങ്ങളുടെ ) വീടുകളെങ്കിലും നഗരത്തിൽ  കത്തിച്ചാമ്പലായി. 6000 പേരെങ്കിലും (മുസ്ലീങ്ങൾ)  അഭയാർത്ഥികളായി ജില്ലാ സ്കൂളിൽ അങ്ങേയറ്റം ദുരിതാവസ്ഥയിൽ കഴിയുന്നുണ്ടായിരുന്നു. അടുത്ത ദിവസം ( ഒക്ടോബർ 29 ) ഞങ്ങൾ  പൈഗംപൂരിലേയ്ക്ക് പോയി അതൊരു വലിയ ഗ്രാമമാണ്. അവിടെ അമ്പത് ( മുസ്ലീം) വീടുകളെങ്കിലും അഗ്നിക്കിരയായിരുന്നു. അത്രയും തന്നെ (മുസ്ലീം) പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഈ വീടുകൾക്കുള്ളിൽ കൊല ചെയ്യപ്പെടുകയും കത്തിത്തീരുകയും ചെയ്തു. അവിടെ പോലീസുകാർ ഉണ്ടായിരുന്നു.. സ്ഥലത്തെ സബ് ഇൻസ്പെക്ടർ ലഹളക്കാർക്കൊപ്പം ചേർന്നുവെന്ന്  മുസ്ലീങ്ങൾ പറഞ്ഞു.

ചപ്രയിൽ എത്തിയ ഉടനെ ഞങ്ങൾ മൂന്നോ നാലോ കോൺഗ്രസ്സ് പ്രവർത്തകരെ (പൈഗംപൂരിലേയ്ക്ക് )അയച്ചു – അവർ വൈകീട്ട് 3 മണിയോടെ പൈഗംപൂരിൽ എത്തിച്ചേർന്നു. എന്നിട്ടും അവർ മൂന്നു പേരെ (മുസ്ലീങ്ങളെ) തീയ്യിൽ നിന്നും വിമുക്തരാക്കി അവരുടെ ജീവൻ രക്ഷിച്ചു. പോലീസ് ആ സമയത്ത്  അവിടെ ഉണ്ടായിരുന്നില്ല. ശ്രീ ബാബുവും (ശ്രീകൃഷ്ണ സിൻഹ ) ഞാനും അവിടെ (പൈഗം പൂരിൽ ) ചെന്നപ്പോൾ പേടിച്ചരണ്ട ചില (മുസ്ലീം) സ്ത്രീകൾ ഒരു മരത്തിനടിയിലിരുന്ന് കരയുന്നത് കണ്ടു. ഇടവഴികളിലൂടെ നടക്കുമ്പോൾ ഞങ്ങളുടെ കാലിനടിയിൽ തലയോട്ടികളും എല്ലുകളും തടഞ്ഞു. ഒരു വീട്ടിൽ ഒരു മനുഷ്യൻ കത്തിക്കരിഞ്ഞ് ഇരിക്കുന്ന നിലയിൽ കാണപ്പെട്ടു. മറ്റൊരു വീട്ടിൽ തീ അപ്പോഴും കത്തിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. വാതിൽ പുറത്തുനിന്നും പൂട്ടിയിട്ടുണ്ടായിരുന്നു. ഒരു സ്ത്രീ ഞങ്ങളുടെ കാൽ പിടിച്ച് പൊട്ടിക്കരയാൻ തുടങ്ങി. ഗ്രാമ കാവൽക്കാരൻ അവളുടെ കുഞ്ഞിനെ അവളുടെ മടിയിൽ നിന്നും തട്ടിയെടുത്ത് രണ്ടാക്കി മുറിച്ചു കളഞ്ഞെന്ന് അവൾ പറഞ്ഞു. ശ്രീ ബാബുവിന് കണ്ണീർ അടക്കാനായില്ല. മുസഫർപൂരിൽ പിറ്റേന്ന് നടത്തിയ പ്രഭാഷണത്തിൽ അദ്ദേഹം അക്കാര്യം പരാമർശിക്കുകയുണ്ടായി. മറ്റൊരു സ്ത്രീ ഏതാനും ആയിരങ്ങൾ വരുന്ന അവളുടെ സമ്പാദ്യം മുഴുവൻ, തൻ്റെ രണ്ട് കുഞ്ഞുങ്ങളെ വെറുതെ വിടാൻ അഭ്യർത്ഥിച്ച്, ലഹളക്കാർക്ക് നൽകി. അവരാകട്ടെ ആ പണം എടുക്കുകയും അവളുടെ കൺമുമ്പിൽ വെച്ച് ആ രണ്ട് കുഞ്ഞുങ്ങളേയും വധിക്കുകയും ചെയ്തു. പൈഗംപൂരിലെ മുസ്ലീങ്ങൾ മിക്കവരും മദ്ധ്യവർഗ്ഗികൾ ആയിരുന്നു. അവരിൽ ചിലർ ചപ്രയിലെ ഹിന്ദു കളക്ടർ ലഹളയിൽ പ്രധാനപ്പെട്ട ഒരു പങ്കാളിത്തം വഹിക്കുകയുണ്ടായി എന്ന് പറഞ്ഞു. അദ്ദേഹം ചെയ്തതായി പറയപ്പെടുന്ന ചിലത് വിവരണങ്ങൾക്കതീതമാണ്  ”

1946 ഒക്ടോബർ 31 ന് അവർ പാറ്റ്നയിൽ മടങ്ങിയെത്തി. അപ്പോഴേയ്ക്കും പാറ്റ്ന ജില്ലയിൽ അസ്വസ്ഥതകൾ നടമാടാൻ തുടങ്ങിയിരുന്നു. ” മിലിട്ടറി ബ്രിഗേഡിയറോട് സൈന്യത്തിൻ്റെ സഹായം അഭ്യർത്ഥിച്ച് ഞങ്ങൾ പോയി. അതാവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. വൈകുന്നേരമായപ്പോൾ ഒരു വാർത്തയെത്തി. വൃദ്ധരും സ്ത്രീകളും കുട്ടികളും ഉൾക്കൊള്ളുന്ന ഒരു കൂട്ടം പരിക്കുകളേറ്റ  മുസ്ലീങ്ങൾ പാറ്റ്ന റെയിൽവേ സ്റ്റേഷനിലും തരേഗ്ന റെയിൽവേ സ്റ്റേഷനിലും എത്തിച്ചേർന്നിരിക്കുന്നു. മുറിവേറ്റ രണ്ടു സ്ത്രീകൾ ഗർഭിണികൾ ആയിരുന്നു……. ഏതാണ്ട് 50 ശവശരീരങ്ങളെങ്കിലും തരേഗ്ന സ്റ്റേഷനിൽ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞും കിടന്നിരുന്നു. ”

കലാപസ്ഥലത്തു നിന്നും ഓടിരക്ഷപ്പെടാൻ ശ്രമിച്ച മുസ്ലീങ്ങളെ തരേഗ്ന സ്റ്റേഷനിൽ വെച്ച് ഹിന്ദു വംശീയ വാദികൾ കൂട്ടക്കൊല ചെയ്യുകയായിരുന്നു എന്നതാണ് ഈ വിവരണത്തിൽ നിന്ന് അറിയാൻ കഴിയുന്നത്.

പര്യടനങ്ങൾ മാത്രമല്ല, ആകാശക്കാഴ്ചകൾ കൂടി അക്രമസംഭവങ്ങളുടെ വ്യാപ്തി വെളിപ്പെടുത്തുന്നുണ്ട്. റാഞ്ചിയിലെ മിലിട്ടറി ജനറലിനെ കാണാൻ വിമാനത്തിൽ പോകുമ്പോൾ കണ്ട കാഴ്ച ഡോ. സെയ്ദ് മെഹ്മൂദ് രേഖപ്പെടുത്തിയിട്ടുണ്ട്. അവർ നോക്കുമ്പോൾ താഴെ ഒരു ഗ്രാമം കത്തിയെരിയുകയാണ്. “ജനങ്ങൾ അവരവരുടെ വീടുകളിൽ അക്ഷരാർത്ഥത്തിൽ തടവിലാക്കപ്പെട്ടിരുന്നു. സ്ത്രീകളും കുട്ടികളും പുല്ലുമേഞ്ഞ മേൽക്കൂരകൾക്ക് കീഴെ നിന്ന് കരളലിയും വിധം കരയുന്നുണ്ടായിരുന്നു. ഞങ്ങളുടെ വിമാനം തലയ്ക്ക് മുകളിലൂടെ കടന്നുപോകുമ്പോൾ, ഞങ്ങളുടെ ശ്രദ്ധ ആകർഷിക്കാൻ അവർ ഭ്രാന്തമായി കൈകൾ വീശി. ശ്രീബാബുവിന് പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല. അദ്ദേഹം കരയാൻ തുടങ്ങി “. 1946 നവംബർ 2 ന് മിലിട്ടറി ജനറലിനെ കണ്ട് മടങ്ങുമ്പോഴും നിരവധി ഗ്രാമങ്ങൾ കത്തുന്നതും നിരവധി സംഘങ്ങൾ കൊള്ള നടത്തുന്നതും അവർ കണ്ടു. പല ഗ്രാമങ്ങളും വിജനമായിരുന്നു.

ഡോ.മെഹ്മൂദ്, ഗാന്ധിക്ക് സമർപ്പിച്ച, മേൽ സംഭവങ്ങൾ വിവരിച്ച റിപ്പോർട്ടിൽ ജില്ലാ ഭരണാധികാരികളെയാണ് കുറ്റപ്പെടുത്തുന്നത്. അക്രമ സംഭവങ്ങൾ നടക്കുന്ന കാലയളവിൽ, ഗാന്ധി, നവഖലി പര്യടനത്തിലായിരുന്നത് കൊണ്ട്, ബീഹാറിലേയ്ക്ക് ഗാന്ധിയുടെ നിർദ്ദേശമനുസരിച്ച് ആദ്യം പോയ നേതാക്കളിലൊരാൾ ജവഹർലാൽ നെഹ്റു ആയിരുന്നു. അക്രമം തടയാൻ കഴിയാതെ പോയ ജില്ലാ ഭരണാധികാരികളെപ്പറ്റി നെഹ്റു പറഞ്ഞത്  ” നടന്നു പോവുകയാണെങ്കിൽ കൂടിയും അവർക്ക് സമയത്തിനെത്തി അക്രമം തടയാൻ കഴിയുമായിരുന്നു ” എന്നാണ്.

ഡോ. സെയ്ദ്  മഹ്മൂദ്, ഗാന്ധിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്, ഏതാണ്ട് മൂന്നര ലക്ഷം മുസ്ലീങ്ങളെങ്കിലും  തങ്ങളുടെ വസ്തുവകകൾ നിസ്സാരവില കൈപ്പറ്റി വിറ്റഴിച്ച് ബീഹാറിൽ നിന്നോടിപ്പോയി എന്നാണ്. അദ്ദേഹം എഴുതുന്നു- ” തിൽഹാരി ഗ്രാമത്തിൽ മാത്രം ശവശരീരങ്ങൾ കൊണ്ടു നിറഞ്ഞ അഞ്ചു കിണറുകൾ ഞാൻ കണ്ടു. ദർള ഗ്രാമത്തിലും പത്തുമുതൽ പന്ത്രണ്ടു വരെ കിണറുകൾ സമാനമായി ശവശരീരങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു. അവിടെ ഗ്രാമത്തിലൂടെ ഒഴുകുന്ന നദിയിലേയ്ക്ക് ശവശരീരങ്ങൾ വലിച്ചെറിഞ്ഞിരുന്നു. എത്ര ശവശരീരങ്ങളാണ് അങ്ങനെ വലിച്ചെറിയപ്പെട്ടതെന്ന് യാതൊരു തിട്ടവുമില്ല. മുറിവേറ്റ് ആശുപത്രിയിൽ കിടക്കുന്നവരിൽ ഒരു പാട് കൈക്കുഞ്ഞുങ്ങൾ ഉണ്ട്. ചില സ്ത്രീകൾ എന്നോട് അവരുടെ കുഞ്ഞുങ്ങൾ അവരുടെ മടിയിൽ വെച്ച് എങ്ങനെയാണ് വധിക്കപ്പെട്ടതെന്ന് വിവരിച്ചു തന്നു. ”

അതോടൊപ്പം മനുഷ്യരുടെ നന്മയെക്കുറിച്ചും ഡോ. സെയ്ദ് മെഹ്മൂദ് വിവരിക്കുന്നുണ്ട്. ഫത്വ സ്റ്റേഷനിൽ നിന്നും മുറിവേറ്റവരെ കൊണ്ടുവരാനുള്ള പ്രത്യേക തീവണ്ടിയിൽ സഞ്ചരിക്കുകയായിരുന്നു അദ്ദേഹം. ” പാതിരായ്ക്ക് 2 മണിയായിക്കാണും. മുസ്ലീം അഭയാർത്ഥികൾ അവരുടെ ഭാണ്ഡക്കെട്ടുകളും പെട്ടികളുമായി ട്രെയിൻ കയറാൻ നിൽക്കുകയായിരുന്നു. അവരുടെ ഹിന്ദു സഹോദരർ, മുസ്ലീങ്ങളുടെ ഭാണ്ഡക്കെട്ടുകൾ തലയിലേന്തി കൂടെ നിൽക്കുന്നുണ്ടായിരുന്നു. വേർപിരിയുന്ന സമയത്ത് അവരിൽ പലരും പൊട്ടിക്കരയുകയും മുസ്ലീങ്ങൾക്കൊപ്പം തീവണ്ടിയിൽ കയറിപ്പറ്റാൻ ശ്രമിക്കുകയും ചെയ്തു. എന്താണ് കാര്യം എന്നന്വേഷിച്ചപ്പോൾ അവർ പറഞ്ഞു. ” അവർ തീവണ്ടിയിറങ്ങുമ്പോൾ ഈ ഭാരങ്ങൾ ഇറക്കി വെയ്ക്കാൻ ആരാണവരെ സഹായിക്കുക ? ” ഞാൻ തൊട്ടടുത്ത് നിൽക്കുന്നുണ്ടായിരുന്നു. കൂട്ടക്കൊലയുടേയും പൈശാചികതയുടേയും നടുവിൽ മാനുഷികതയുടെ എന്തൊരു വെളിപ്പെടലായിരുന്നു അത്. നിശ്ചയമായും മനുഷ്യരെന്നത് മൃഗത്തിൻ്റേയും മാലാഖയുടേയും വിചിത്രമായ ഒരു മിശ്രിതമാണ്.. ശ്രീ ബാബു പറഞ്ഞ പോലെ, ഇത് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ ആയിരുന്നില്ല. മറിച്ച് പ്രാകൃതത്വവും മനുഷ്യത്വവും തമ്മിലുള്ള ഏറ്റുമുട്ടലാണ്  ”

1946 ഒക്ടോബർ 31 ന് കാഞ്ചൻപൂർ ഗ്രാമത്തിനരികെ ഒരു വലിയ കൂട്ടം ജനങ്ങൾ “ജയ് മഹാബീർ ” എന്ന് അട്ടഹസിച്ച് പ്രകടനം നടത്തുകയുണ്ടായി. കാഞ്ചൻപൂർ ഗ്രാമത്തിലെ വിവേകികളായ ഹിന്ദുക്കൾ അവരെ തടയുകയുണ്ടായി. ബേർഗാവിൽ ഹിന്ദുക്കൾ കൊല്ലപ്പെട്ടു എന്ന കിംവദന്തിയാണ് പ്രകടനത്തിന് കാരണം. എന്നാൽ അത് പൂർണ്ണവിരാമമായിരുന്നില്ല. പിറ്റേന്ന് പടിഞ്ഞാറൻ കാഞ്ചൻപൂരിലെ ഒരു കൂട്ടം മനുഷ്യർ തൊട്ടടുത്ത ഗ്രാമമായ കുണ്ട്ളിയിലെ മുസ്ലീം വസതികളെ തീയിൽ കുളിപ്പിച്ചു. മുസ്ലീങ്ങൾ എലികളെപ്പോലെ തീ പിടിച്ച വസതികളിൽ നിന്ന് പുറത്തേക്കോടി കാഞ്ചൻപൂരിൽ എത്തി. അവിടെയും കൊലയാളിക്കൂട്ടമെത്തി കുറേപ്പേരെ കൊന്നു. ആ വർഷത്തെ ബക്രീദ് രക്തത്തിൽ കുളിച്ച ഒന്നായിത്തീർന്നു ”

തെക്കൻ മോൺഗീറിലെ ഒരു ഗ്രാമത്തിൽ മാത്രം 300 പേരെ ഹിന്ദുവംശീയവാദികൾ കശാപ്പുചെയ്തു. അതിൽ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. ബലാത്സംഗം സാധാരണയായിരുന്നു. ഭഗൽപ്പൂർ ജില്ലയിൽ തെക്കൻ പ്രദേശമായ ബാങ്കയിലും ജഹാനാബാദിലും സ്ഥിതിഗതികൾ രൂക്ഷമായിരുന്നു. പാറ്റ്ന നഗരം പൊതുവേ ശാന്തമായിരുന്നുവെങ്കിലും തെക്ക് പടിഞ്ഞാറൻ ഭാഗത്ത് പാറ്റ്നാ നഗരത്തെ തൊട്ടു കിടക്കുന്ന ഗ്രാമങ്ങൾ അശാന്തമായിരുന്നു. സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ പോലീസ് വെടിവെയ്പ് നടത്തിയപ്പോൾ ഏഴു പേർ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരിക്കേറ്റു. ബിഹാർ ഷെറീഫിൽ കത്തിക്കുത്തേറ്റ് 4 പേർ മരിച്ചു. 1946 നവംബർ 3 ചോര കൊണ്ടെഴുതിയ ദിനമായിരുന്നു. തെൽഹാരാ കാങ്കർസരായ് ഗ്രാമത്തിൽ 150 പേർ കൊല്ലപ്പെട്ടു. ലഹള തടയാനെത്തിയ ഒരു പോലീസ് ഓഫീസർ അടക്കം. 5 കോൺസ്റ്റബിൾമാരെ കാണാതായി. ആ പ്രവിശ്യയിൽ തന്നെയുള്ള നിനാ ഗ്രാമത്തിൽ 25 പേർ കൊല്ലപ്പെട്ടു.

ബീഹാർ കലാപത്തിലെ അത്യാഹിതങ്ങൾ പലതരത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പോലീസ് കണക്കനുസരിച്ച് മരണപ്പട്ടികയിൽ 2000 പേർ എന്നാണ് പറഞ്ഞിരുന്നത്. ജിന്ന സ്വഭാവികമായും പെരുപ്പിച്ച കണക്കാണ് നൽകിയത്. 30,000 പേർ. ക്വാജാ നസിമുദ്ദീൻ്റെ കണക്കനുസരിച്ച് 10,000 മുതൽ 20,000 വരെയുള്ള മനുഷ്യർ മരിച്ചുവീണു. ഔദ്യോഗിക കണക്കുകൾ പറയുന്നത് മരണം 5000 ത്തിനും 10,000 ത്തിനും ഇടയിൽ എവിടെയോ ആണെന്നാണ്. ക്യാബിനറ്റ് മിഷനിലെ അംഗവും ബ്രിട്ടീഷ് പാർലിമെൻ്റ് അംഗമായിരുന്ന പെത്തിക്ക് ലോറൻസിൻ്റെ കണക്കും അതു തന്നെ.

എന്തായാലും ബീഹാറിലെ മുസ്ലീം സമൂഹത്തിന് മേൽ വന്നു വീണ ഇടിത്തീയായിരുന്നു, കലാപം. 1946 ഡിസംബറോടെ  60,000 മുസ്ലീങ്ങളെങ്കിലും ജിന്നയുടെ മുസ്ലീംലീഗ് ഭരിക്കുന്ന ബംഗാളിലേയ്ക്ക് ബീഹാറിൽ നിന്നോടിപ്പോയി. ഒരു ലക്ഷം മുസ്ലീങ്ങളെങ്കിലും ഭവനരഹിതരായി. ഔദ്യോഗിമായി രേഖപ്പെടുത്തിയ ബീഹാർ കലാപത്തിൻ്റെ ബാക്കി പത്രം താഴെ കൊടുക്കുന്നു. എന്നാൽ ഫ്രൻ്റ്സ് സെർവ്വീസ് സൊസൈറ്റിയും മറ്റും നൽകുന്ന വ്യക്തമായ കണക്കനുസരിച്ച് 10,000 പേരാണ് കൊല്ലപ്പെട്ടത്.


———
തുടരും…
——————————
“ഹിന്ദുത്വ ഭീകരതയുടെ കഥ” എന്ന പരമ്പരയിൽ ഇതുവരെ  പ്രസിദ്ധീകരിച്ചവ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments

comments