ബുക്ക്റാക്ക് – ടി. ടി. ശ്രീകുമാര്‍
——————————————

ഗാന്ധിത്തൊടല്‍മാല
അന്‍വര്‍ അലി
ഡി.സി. ബുക്സ്

അന്‍വര്‍ അലിയുടെ പുതിയ കാവ്യസമാഹാരമാണ് ‘ഗാന്ധിത്തൊടല്‍മാല’. മാലപ്പാട്ടുകളുടെ ഓര്‍മ്മയുണര്‍ത്തുന്ന ഗംഭീര കവിതകളുടെ അന്തോളജി. അന്‍വര്‍ അലിയുടെ സിനിമാഗാനങ്ങളുടെ കാവ്യഭംഗിയും നാട്ടുവഴക്കവും അദ്ദേഹത്തിന്‍റെ കവിതകളില്‍നിന്നുകൂടി ഊര്‍ന്നിറങ്ങുന്നതാണ്. ‘സോറാബ്ദ്ദീന്‍ കൊലമാല’, അടച്ചിരിപ്പുകാലം, ‘ഗാന്ധിത്തൊടല്‍മാല’ എന്നിങ്ങനെ മൂന്നു ഭാഗങ്ങളായാണ് കവിതകള്‍ തിരിച്ചിട്ടുള്ളത്. അസാമാന്യമായ കവിത്വസിദ്ധിയും അര്‍ത്ഥശക്തിയും രൂപകസമൃദ്ധിയും തുളുമ്പുന്ന രാഷ്ട്രീയ—ദാര്‍ശനിക കവിതകളാണ് ഓരോന്നും. അന്‍വര്‍ അലി ഒരേ സമയം മലയാള കവിയും പാന്‍ ഇന്ത്യന്‍ കവിയുമാണ്. സമകാലിക ഇന്ത്യ ആ കവിതകളിലെ ആഴമുള്ള വ്യാകുലതയാണ്. ‘മേയ്ദിന ഗാന’ത്തിലൂടെയും  മറ്റനേകം കവിതകളിലൂടെയും അദ്ദേഹം മനുഷ്യ സംസ്കൃതിയുടെതന്നെ ഖേദങ്ങളും വ്യാധികളും പ്രതീക്ഷകളും ഒപ്പിയെടുക്കുന്നു. വൈക്കം മുഹമ്മദ് ബഷീര്‍ കുട്ടിക്കാലത്ത് ഗാന്ധിയെ വൈക്കത്തുവച്ച് കണ്ടതും താന്‍ ഗാന്ധിയെ തൊട്ടുവെന്ന് ഉന്മാദിയായതും ‘ഗാന്ധിത്തൊടല്‍മാല’ എന്ന കവിതയായി മാറിയിരിക്കുന്നു. കേവലാസ്വാദനവും ബൌദ്ധികസമീക്ഷയും ഒരുപോലെ സാധ്യമാക്കുന്ന മലയാള കവിതാ പാരമ്പര്യത്തില്‍ നിലകൊള്ളുന്നവയാണ്‌ ഈ കവിതകള്‍. ‘സ്റ്റാന്‍സ്വാമിമൊഴി’ എന്ന കവിത അദ്ദേഹത്തിന്‍റെ ആത്മഗതമാണ്,  രൂപപരമായി. ഉള്ളടക്കം കവിയുടെ ഭാവനയാണ്. പക്ഷെ അദ്ദേഹത്തിന്‍റെ രാഷ്ട്രീയത്തെ, ജീവിതത്തെ, തടവിനെ, മരണത്തെ ആ കവിത രക്തം കിനിയുന്ന ഒരു ഹൃദയമായി നമ്മുടെ മുന്നില്‍ വയ്ക്കുന്നു:

“വിറവാതം ബാധിച്ച ജനാധിപത്യത്തിന്‍റെ നേടുംതൂണേ
എന്‍റെ ജീവനീമ്പിക്കുടിച്ച വ്യാളമുഖമേ
തൊണ്ടയില്‍ വെള്ളമിറ്റാന്‍
ഒരു കച്ചിത്തുരുമ്പല്ലേ ചോദിച്ചുള്ളൂ?
മിച്ചം വന്ന ഗോത്രജന്തു
എച്ചിലല്ലെന്നല്ലേ പറഞ്ഞുള്ളൂ?

അതിന്,
ചാവാറായ എന്നെ
വെയില്‍ത്തറയില്‍ പച്ചമീനെനപോലെ
ജയിലറയില്‍ ഉണക്കാനിട്ടു
അല്ലെ യുവര്‍ ഓണര്‍?”

എന്ത് കൂടുതല്‍ പറയാനാണ്, ഇന്ത്യന്‍ മനസാക്ഷിയെ ഞടുക്കിയ ഭരണകൂട ഭീകരതയെക്കുറിച്ച് ഇനി? നവമലയാളി തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ വച്ച് സംഘടിപ്പിച്ച എന്‍റെ പുസ്തകത്തിന്‍റെ (പരികല്‍പനകളുടെ സാംസ്കാരികരാഷ്ട്രീയം) പ്രകാശനവേളയില്‍ സൗഹൃദം പങ്കുവക്കുമ്പോള്‍ ഈ പുസ്തകത്തിന്‍റെ കോപ്പി സ്നേഹപൂര്‍വ്വം എനിക്ക്  നല്‍കിക്കൊണ്ട് അദ്ദേഹം പറഞ്ഞത് ഈ പുസ്തകം ഇറങ്ങിയതുതന്നെ പലരും ഇതുവരെ അറിഞ്ഞിട്ടില്ല എന്നാണ്. ഏറ്റവും ഗണനീയനായ സമകാലിക കവിയുടെ കവിതകള്‍ പരക്കെ വായിക്കപ്പെടട്ടെ.
————————

പക്ഷികളുടെ ജന്മം
ബാബു തളിയത്ത്
ഡി.സി. ബുക്സ്


പ്രമുഖ ദാര്‍ശനികനും ജര്‍മ്മന്‍ ഭാഷാവിദഗ്ദ്ധനുമായ ബാബു തളിയത്തിന്‍റെ പ്രഥമ കവിതാസമാഹാരമാണ് ‘പക്ഷികളുടെ ജന്മം’. അദ്ദേഹം സ്ഥിരമായി കവിതകള്‍ എഴുതാറില്ല. പക്ഷെ എഴുതുന്ന കവിതകളില്‍ മനുഷ്യാനുഭവങ്ങളുടെയും സ്വപ്നാടകത്വത്തിന്‍റെയും ആഴമുള്ള മുദ്രകള്‍ നമുക്ക് കണ്ടെത്താനാവും. ഈ സമാഹാരം ഒരു പാലം ഇട്ടിട്ടുണ്ട്. അദ്ദേഹത്തിന്‍റെ യൌവ്വനകാല കവിതകളും ഏറെക്കാലത്തെ നിശബ്ദതക്കു ശേഷമുള്ള സമകാലിക കവിതകളും തമ്മില്‍. “തിരികെ കവിതയിലേക്ക്, വീട്ടിലേക്ക്” എന്നാണ് ഈ സമാഹാരതിനുള്ള തന്‍റെ അവതാരികയ്ക്ക് അന്‍വര്‍ അലി തലക്കെട്ട്‌ നല്‍കിയിട്ടുള്ളത്. ആ പാലം തെല്ലും ദുര്‍ബ്ബലമല്ല. ആഴത്തില്‍ മനസ്സിന്‍റെ അബോധത്തില്‍ കവിത എന്നും ഉണ്ടായിരുന്നു. അബോധത്തിന്‍റെ ആ പാലത്തിലൂടെ കവിത ബാബുവിലേക്ക് വീണ്ടും ഇറങ്ങിവന്നു. മൂന്നു ദശാബ്ദത്തിന്‍റെ കടുത്ത ഇടവേളയെ അനുഭവിപ്പിക്കാത്ത  കാവ്യനൈരന്തര്യം ഈ കവിതകളിലുണ്ട്. കവിത പ്രസിദ്ധീകരിക്കുന്ന വിവരവും കവിതയുടെ മാനുസ്കിപ്റ്റും അയച്ചു തന്നുകൊണ്ട് ബാബു എഴുതിയിരുന്നു: “നാലുപതിറ്റാണ്ട് (1983 – 2002) കാലയളവിൽ എഴുതിയ എന്‍റെ ഇരുപത്തിയാറു കവിതകളുടെ സമാഹാരം കഴിഞ്ഞയാഴ്ച ഡിസി ബുക്ക്സ് പ്രസിദ്ധീകരിച്ചു. എൺപതുകളിൽ എഴുതിയ ഒൻപതു കവിതകളും 2011-ലും പിന്നെ കഴിഞ്ഞ ലോക്ക്ഡൌൺ കാലത്തും (2020 – 2022) എഴുതാൻ കഴിഞ്ഞ പതിനേഴു കവിതകളും ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അൻവർ അലിയാണ് അവതാരിക എഴുതിയത്. കവർച്ചിത്രം വരച്ചത് എൺപതുകൾ തൊട്ടേ അടുത്തറിയുന്ന സുഹൃത്തും പ്രശസ്ത ചിത്രകാരനുമായ ടി. കലാധരനും. ” അന്‍വറും ബാബുവും കലാലയ ജീവിത കാലം മുതല്‍ ഞാന്‍ അറിയുന്നവരാണ്. അച്ചടിച്ച രൂപത്തിലും ബാബു പുസ്തകം എത്തിച്ചപ്പോള്‍ അതിന്‍റെ ആനന്ദം ഞാന്‍ വേറിട്ടും അനുഭവിക്കുന്നു.

ഫോര്‍ട്ട്‌ കൊച്ചി എന്ന 2020-ല്‍ എഴുതിയ കവിതയിലെ വരികള്‍

“ഒരു വിസ്മൃതനെപ്പോലെ
എനിക്കിവിടെ തങ്ങാനാവില്ല
അടങ്ങാത്ത ആഗ്രഹങ്ങളുടെ
വിദൂരങ്ങള്‍ തേടി
പലായനം ചെയ്യാനുമാവില്ല
ചരിത്ര വിശ്വാസങ്ങള്‍ക്കും കടലിനുമിടക്കായി
ഞാന്‍ എന്നും
ഒറ്റപ്പെട്ടുകൊണ്ടേയിരിക്കും”

1986-ല്‍ എഴുതിയ ജൂണ്‍ എന്ന കവിതയിലെ

“പറഞ്ഞു തീരുമ്പോഴേക്ക്
മണിയൊച്ചയും നിലച്ചുപോകുന്നു
സമയമായി
അതെ
സമയമായി
അളന്നു മുറിച്ചവര്‍ക്ക്
ഈ ജീവനില്‍ നിന്നും
ഒന്നും കിട്ടാനില്ല”

എന്ന വരികളുടെ ആത്മീയമായ വളര്‍ച്ചയാണ്. എഴുതാതിരിക്കുമ്പോഴും ബാബു എഴുതുക ആയിരുന്നു!
—————————

യുവത്വം ജ്വലിച്ചുയര്‍ന്ന കാലം
ഭാസുരേന്ദ്ര ബാബു
പുസ്തക പ്രസാധക സംഘം

കുട്ടിക്കാലം മുതല്‍ ഞാന്‍ അടുത്തറിയുന്ന വ്യക്തിത്വമാണ് ഭാസുരേന്ദ്ര ബാബു. എന്‍റെ വീടിന്‍റെ അടുത്തുള്ള വായനശാലയുടെ മുന്നില്‍ “ജോണിയെ പുറത്താക്കി” എന്ന സിപിഐ (എംഎല്‍) പോസ്റ്റര്‍ ഞാന്‍ ഒരിക്കലും മറക്കില്ല. കാരണം “ജോണി” ബാബു ആണെന്നു എനിക്കറിയാമായിരുന്നു. ധിഷണയും ആക്ടിവിസ്റ്റ് ഭാവനയും ഒരുപോലെ ബാബുബില്‍ തിളങ്ങി നിന്നിരുന്നു. കേരളത്തെയാണ് ബാബു മനസ്സില്‍ കൊണ്ടുനടന്നിരുന്നത്. മാര്‍ക്സിസ്റ്റ്‌ മണ്ഡലത്തില്‍ ഇങ്ങനെ പറയുന്നതിന് ഒരു പ്രാധാന്യമുണ്ട്. അത് മറൊന്നുമല്ല. ഒരു മാര്‍ക്സിസ്റ്റ്‌ ആക്ടിവിസ്റ്റ് മനസ്സില്‍ കൊണ്ട് നടക്കുന്നത് തനിക്ക് മാറ്റിത്തീര്‍ക്കാന്‍ ബാധ്യതയുണ്ട് എന്ന് കരുതുന്ന ഒരു പ്രദേശത്തെയാണ്. ജാതിയാണെങ്കിലും വര്‍ഗമാണെങ്കിലും മറ്റേത് പരികല്പനയാണെങ്കിലും അവയില്‍ ഇടപെടുന്നതിലൂടെ ബാബു മാറ്റാന്‍ ആഗ്രഹിച്ചത്‌ കേരള സമൂഹത്തെയാണ്. ഇതില്‍ വിജയമുണ്ടായോ എന്നതല്ല. ബാബുവിനോടു യോജിച്ചോ വിയോജിച്ചോ അരമണിക്കൂര്‍ സംസാരിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആ ഉദ്വേഗം മനസ്സിലാകും. സിദ്ധാന്തവും പ്രയോഗവും കേരളം എന്ന തന്‍റെ ആകാംക്ഷയിലും പ്രത്യാശയിലുമാണ് ബാബു ഘടിപ്പിച്ചിരുന്നത്. പാന്‍ ഇന്ത്യന്‍ ചിന്തകളോ ആഗോള കമ്യൂണിസത്തിന്‍റെ ചലനങ്ങളെക്കുറിച്ചുള്ള ആശങ്കകളോ ബാബുവിന് ഉണ്ടായിരുന്നില്ല എന്നല്ല ഇതിനര്‍ത്ഥം. ലെനിനും മാവോയ്ക്കും അതുണ്ടായിരുന്നല്ലോ. പക്ഷെ സമൂര്‍ത്തമായ ഒരു പ്രയോഗം സന്തം ദേശത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടാണ് അവര്‍ വികസിപ്പിച്ചത്. ബാബുവിന്‍റെ ആ മനസ്സ് ഈ പുസ്തകത്തിലും നിങ്ങള്‍ക്ക് കാണുവാന്‍ കഴിയും. നക്സല്‍ പ്രസ്ഥാനത്തിന്‍റെ ചരിത്രം ബാബുവിന്‍റെ വീക്ഷണത്തില്‍ ഇതില്‍ അദ്ദേഹം നല്‍കുന്നുണ്ട്. വിശദാംശങ്ങളിലും പലപ്പോഴും പൊതുനിലപാടുകളിലും അദ്ദേഹത്തോട് യോജിക്കാന്‍ കഴിഞ്ഞു എന്ന് വരില്ല. പക്ഷെ ബാബുവല്ലാതെ ആരും ഇത് ഇത്രയും ആത്മാര്‍ത്ഥയോടെ ചെയ്യുമായിരുന്നില്ല. നമ്മെ പിരിഞ്ഞു പോകുന്നതിനു മുന്‍പ് ഈ നിയോഗം അദേഹം ഏറ്റെടുത്തു എന്നതിന് നാം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. എഴുപതുകളിലെ ജനകീയ സാംസ്കാരികവേദി ഇനിയും ഗവേഷണങ്ങള്‍ നടക്കേണ്ട ചരിത്രാനുഭവമാണ്.  അതിനുള്ള ഗംഭീരമായ തുടക്കമാണ് ഈ കൃതി എന്നത് നിസ്സംശയമായ വസ്തുതയാണ്. ഈ പുസ്തകം അയച്ചുതന്നതിന് പ്രിയ സുഹൃത്ത്‌ ജോസിക്ക് നന്ദി പറയുന്നു.
——————————

നോവല്‍: കലയും പ്രത്യയശാസ്ത്രവും
ഷാജി ജേക്കബ്
ആത്മ ബുക്സ്

മലയാള നോവല്‍ സാഹിത്യത്തെ ആഴത്തില്‍ പഠിക്കുകയും എഴുതുകയും ചെയ്യുന്ന അപൂര്‍വ്വം നിരൂപകരില്‍ ഒരാളാണ് പ്രിയ സുഹൃത്തായ ഡോ. ഷാജി ജേക്കബ്. അദ്ദേഹം ഇതിനകം എഴുതിയിട്ടുള്ള നാനൂറില്‍ അധികം പുസ്തക നിരൂപണങ്ങളില്‍ ഏറിയകൂറും നോവലുകളെക്കുറിച്ചുള്ള പഠനങ്ങളാണ്. ഏഴോ എട്ടോ കൃതികള്‍ നോവലുമായി ബന്ധപ്പെട്ട് അദ്ദേഹം രചിച്ചിട്ടുണ്ട്. ഇത്രയും സമീപസ്ഥമായി മലയാള നോവല്‍ സാഹിത്യത്തെ സൂക്ഷ്മമായി നിരന്തരം പിന്തുടരുന്ന മറ്റൊരു എഴുത്തുകാരനില്ല. ഈ അടുത്തകാലത്ത് അദ്ദേഹം എഴുതിയ പുസ്തക പരമ്പര ശ്രദ്ധിച്ചാല്‍ ഇക്കാര്യം ബോദ്ധ്യപ്പെടും. എഴു പുസ്തകങ്ങളാണ് ഈ സീരീസില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അതില്‍ മൂന്നെണ്ണം—’സ്ത്രീ നോവൽ വായനകൾ’, ‘നോവൽ പഠനങ്ങൾ’ (വാല്യം 1 & 2) – നോവല്‍ പഠനങ്ങളായിരുന്നു. ഷാജി ജേക്കബിന്‍റെ പഠനങ്ങളിൽ വ്യക്തതയും കരുതലും മാത്രമല്ല, രചനയെ രൂപപ്പെടുത്തുന്ന സന്ദർഭങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള വിശകലനവും ഉൾപ്പെടുന്നു. അദ്ദേഹത്തിന്‍റെ വായനകൾ മൂർച്ചയുള്ളതും വിമർശനാത്മകവും അത്രതന്നെ ക്രിയാത്മകവുമാണ്. ആത്മ ബുക്സ് പ്രസിദ്ധീകരിച്ച “നോവല്‍: കലയും പ്രത്യയശാസ്ത്രവും” എന്ന ഈ പുസ്തകം, സൈദ്ധന്തികമായും സാമൂഹികമായും രാഷ്ട്രീയമായും നോവലിനെ നോക്കികാണുന്ന സജീവമായ സാഹിത്യസമീക്ഷയാണ്. ചില അദ്ധ്യായങ്ങളുടെ തലക്കെട്ടുകള്‍ പരിശോധിച്ചാല്‍തന്നെ ഈ പുസ്തകത്തിന്‍റെ സ്കോപ്പ് എന്താണ് എന്നൊരു ചിത്രം നമുക്ക് ലഭിക്കും: ‘നോവലും പൊതുമണ്ഡലവും’, ‘നോവലും സമൂഹവും’, ‘നോവലും രൂപവും’, ‘നോവലും യാത്രയും’, ‘നോവലും അധികാരവും’, ‘നോവലും ജനപ്രിയതയും’, ‘നോവലും രാഷ്ട്രീയവും’, ‘നോവലും വിവര്‍ത്തനവും’ തുടങ്ങി നോവല്‍ എന്ന കലയുടെ സമഗ്രമായ വിലയിരുത്തലായി ഈ പുസ്തകം മാറിയിരിക്കുന്നു. ഷാജിയുടെ പ്രധാനപ്പെട്ട  നോവല്‍ പഠനങ്ങളിലൊന്ന് – ‘ആധുനികാനന്തര മലയാള നോവല്‍’ – സീരിയലൈസ് ചെയ്തത് നവമലയാളിയിലാണ്. ഇനിയും കൂടതല്‍ ഈടുറ്റ ഇത്തരം നിരൂപണ ഗ്രന്ഥങ്ങള്‍ ഷാജിയില്‍നിന്ന് ഉണ്ടാവട്ടെ.
————-

 ഇടശ്ശേരിക്കാറ്
കെ.പി. രാമനുണ്ണി
മാതൃഭൂമി ബുക്സ്

രാമനുണ്ണിയുടെ ഈ കഥാസമാഹാരം അദ്ദേഹത്തിന്‍റെ കയ്യോപ്പോടെ ലഭിച്ചപ്പോള്‍ ഞാന്‍ ആലോചിച്ചത് സാങ്കേതികവിദ്യമായി ബന്ധപ്പെട്ട പ്രമേയങ്ങള്‍ അദ്ദേഹത്തിന്‍റെ കഥകളില്‍ നിരന്തരം കടന്നുവരുന്നതിനെക്കുറിച്ച് സവിശേഷമായി പഠിക്കേണ്ടതുണ്ട് എന്നാണ്. ഈ സമാഹാരത്തിലും ആ പ്രമേയത്തിന്‍റെ ശക്തമായ സാന്നിധ്യം കാണുവാന്‍ കഴിയുന്നുണ്ട്. അദ്ദേഹത്തിന്‍റെ മിക്ക സമാഹാരങ്ങളും എന്‍റെ കയ്യിലുണ്ട്. ‘ജീവിതത്തിന്‍റെ പുസ്തകം’ എന്ന നോവലിനെക്കുറിച്ച് ഞാന്‍ എഴുതിയ പഠനം, ആദ്യം നവമലയാളിയിലും പിന്നീട് പല എഡിറ്റഡ് ആന്തോളജികളിലും പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഇതിലെ ഞെട്ടിപ്പിക്കുന്ന ഒരു കഥയാണ് “ഇവാക്വേറ്റ് ഇവാക്വേറ്റ് ഇവാക്വേറ്റ്”. ഒരു പക്ഷെ ബ്രൂണോ ലത്തൂറിനെക്കുറിച്ചുള്ള ഇതിലെ ഗൌരവകരമായ പരാമര്‍ശം കഥയില്‍ എത്ര അനായാസമായി അലിഞ്ഞുചേര്‍ന്നിരിക്കുന്നു എന്നത് രാമനുണ്ണിയുടെ അത്ഭുതകരമായ ക്രാഫ്റ്റിനും അതീവ ഹൃദ്യമായ ഭാഷക്കും മകുടം ചാര്‍ത്തുന്നു. കഥകളിലൂടെ രാമനുണ്ണി നടത്തുന്ന കഥാര്‍സിസ് സംസ്കൃതിയുടെതാണ്. ആധുനിക—ഉത്തരാധുനിക—പോസ്റ്റ്‌ഹ്യുമന്‍ ജീവിതങ്ങളെ ഇത്രയും കൃത്യതയോടെ വായിക്കാന്‍ ശ്രമിക്കുന്ന മറ്റൊരു കഥാകാരന്‍ ഇല്ലെന്നു പറയാം. എന്‍റെ ‘പോസ്റ്റ്‌ഹ്യുമന്‍ വിചാരലോകങ്ങള്‍’ എന്ന പുസ്തകം പസിദ്ധീകരിക്കപ്പെട്ടപ്പോള്‍ താന്‍ അതിനു റിവ്യൂ എഴുതാന്‍ പോകുന്നു എന്ന് വിളിച്ചുപറയുകയും ഒടുവില്‍ മലയാളത്തിലും മറ്റൊരു മാസികയിലുമായി രണ്ട് റിവ്യൂകള്‍ രാമനുണ്ണി എഴുതുകയും ചെയ്തു. ആ പ്രമേയം അദ്ദേഹത്തിന്‍റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു കിടക്കുന്നതിന്‍റെ പ്രതിഫലനമായിരുന്നു അത്. ഞാന്‍ തൊണ്ണൂറുകള്‍ മുതല്‍ അദ്ദേഹത്തിന്‍റെ കഥകളും നോവലുകളും വായിക്കുന്നുണ്ട്. ഇടശ്ശേരിക്കാറും പ്രമേയപരമായും ആഖ്യാനപരമായും വായനക്കാര്‍ക്ക് ഗൌരവപൂര്‍വ്വം സമീപിക്കാവുന്ന കഥകളുടെ സമാഹാരമാണ്.
———————-

തൈമയും കൊളംബസ്സും
കെ.വി. പ്രവീണ്‍
മാതൃഭുമി ബുക്സ്

കെ.വി. പ്രവീണ്‍ അവിചാരിതമായി എന്നെ ഫോണില്‍ ബന്ധപ്പെടുന്നത് 2009 ലാണ് – ഒന്നര ദശാബ്ദം മുന്‍പ്. അദ്ദേഹത്തിന്‍റെ ആദ്യ നോവലായ ഡിജാന്‍ ലി-ക്ക് അവതാരിക എഴുതുന്നതിനായിരുന്നു അത്. ആ കഥ അതിന്‍റെ ബഹുവിധമായ സവിശേഷതകള്‍ കൊണ്ട് എന്നെ പ്രവീണിന്‍റെ രചനാലോകത്തേക്ക് ആകര്‍ഷിച്ചു. ആ നോവലിനെ കുറിച്ച് എഴുതുക എന്നത് ഒരു വെല്ലുവിളി ആയിരുന്നു, കാരണം അത്രക്ക് പുതുമയുള്ള ഒരു പ്രമേയമായിരുന്നു അദ്ദേഹം അതില്‍ ആവിഷ്കരിച്ചിരുന്നത്. അദ്ദേഹത്തിന്‍റെ നിരവധി കഥകള്‍ – “ഭൂമിയില്‍ നിഷ്കളങ്കതക്കു മാത്രമായി ഒരിടമില്ല” (മാതൃഭൂമി) , “ഓര്‍മ്മചെപ്പ്” (ഡി സി ബുക്സ്) എന്നീ സമാഹാരങ്ങള്‍ – അവ പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ തന്നെ ഞാന്‍ വായിക്കാറുണ്ട്. ഈ നോവല്‍ മലയാളിയുടെ കോസ്മോപോളിട്ടന്‍ പാരമ്പര്യത്തെയും അമേരിക്കന്‍ ആദിമ ജനതയുടെ കൊളോണിയല്‍ അധിനിവേശത്തെയും കൂട്ടിയിണക്കുന്നു. കൊളംബസ് എന്ന നാവികന്‍റെയോ അയാള്‍ ഉന്മൂലനം ചെയ്ത ഗോത്ര ജനതകളുടെയോ കഥ എന്ന് ഇതിനെ ചുരുക്കി കാണാന്‍ കഴിയില്ല. ആധുനികത എങ്ങനെ ദുര്‍ബ്ബലരായ മനുഷ്യരുടെ ചോരയില്‍ പണിതുയര്‍ത്തപ്പെട്ടുവന്നതിന്‍റെ അതീവ തീക്ഷ്ണതയുള്ള ആഖ്യാനമാണിത്. തൈമ എന്ന ഗോത്ര യുവതിയുടെയും എബ്രഹാം എന്ന മലയാളിയുടെയും കഥകള്‍ ഒന്നുചേരുമ്പോള്‍ നൂതനവും ഉദ്വേഗജനകവുമായ ഒരു വായനാനുഭവം തന്നെയാണ് ഉണ്ടാവുന്നത്. ഒരു നോവലിസ്റ്റ് എന്ന നിലയിലും കഥാകാരന്‍ എന്ന നിലയിലും കെ. വി പ്രവീണ്‍ ലബ്ധപ്രതിഷ്ഠനായിക്കഴിഞ്ഞു. എന്താണ് പ്രവീണിനെ കഥാലോകത്ത് വേര്‍തിരിച്ചു നിര്‍ത്തുന്ന ഘടകം എന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം ഇതാണ്: കഥക്കായാലും നോവലിനായാലും അദ്ദേഹം തെരഞ്ഞെടുക്കുന്ന പ്രമേയങ്ങള്‍ നൂതനങ്ങളായിരിക്കും. ദാര്‍ശനികവും ചരിത്രപരവുമായ ഒരു അന്തര്‍ധാര അവയില്‍ ഉണ്ടായിരിക്കും. അതില്‍ നിലീനമായ ഒരു സൂക്ഷ്മ രാഷ്ട്രീയ ബോദ്ധ്യം ഉണ്ടായിരിക്കും. സാങ്കേതികവിദ്യ മുതല്‍ ചരിത്രവും മന:ശാസ്ത്രവും അദ്ദേഹം അനായാസം കഥയുടെ രംഗവേദികയില്‍ കൊണ്ടുവരും. അദ്ദേഹത്തെ തീര്‍ച്ചയായും കൂടുതല്‍ വായനക്കാര്‍ അറിയേണ്ടതുണ്ട്, വായിക്കേണ്ടതുണ്ട്.
——————————

ചട്ടമ്പിസ്വാമികളുടെ ജ്ഞാനനവോത്ഥാനം
ശ്രീനാഥന്‍. എം
കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട്

ശ്രീനാഥൻ എഴുതിയ ‘ചട്ടമ്പി സ്വാമികളുടെ ജ്ഞാനനവോത്ഥാനം’ എന്ന പുസ്തകം ചട്ടമ്പിസ്വാമിയെക്കുറിച്ചുള്ള ബൗദ്ധികവും ആത്മീയവുമായ പ്രവാഹങ്ങളെക്കുറിച്ച് പുതിയ ഉൾക്കാഴ്ചകൾ നൽകുന്ന ചിന്തോദ്ദീപകമായ ഒരു കൃതിയാണ്. എന്നാല്‍ ഈ പുസ്തകം, ചട്ടമ്പി സ്വാമിയെയും അദ്ദേഹത്തിന്‍റെ പാരമ്പര്യത്തെയും കുറിച്ചുള്ള എന്‍റെ സ്വന്തം വിലയിരുത്തലുമായി പൂർണ്ണമായും യോജിക്കുന്നില്ലെന്ന് എടുത്തുപറയേണ്ടതുണ്ട്. എന്നിരുന്നാലും, ഈ രാഷ്ട്രീയ ഭിന്നത, ശ്രീനാഥൻ ഈ വിഷയത്തെ സമീപിച്ചതിന്‍റെ ഗൗരവത്തെയും ആഴത്തെയും കുറിച്ചുള്ള എന്‍റെ മതിപ്പിനെ കുറയ്ക്കുന്നില്ല. ഞങ്ങളുടെ സൗഹൃദം കോളേജ് കാലഘട്ടത്തിലേതാണ്, വർഷങ്ങളായി ഞങ്ങൾ പൊതുവായ കാഴ്ചപ്പാടുകൾ മാത്രമല്ല, നിരവധി വിശ്വാസവ്യത്യാസങ്ങളും പങ്കിട്ടുപോന്നിട്ടുണ്ട്.  അഭിപ്രായ വ്യത്യാസങ്ങള്‍ ഞങ്ങളുടെ ബന്ധത്തിന്‍റെ ഊഷ്മളതയെയോ, സ്നേഹത്തെയോ ഒരിക്കലും ബാധിച്ചിട്ടില്ല. ഒരു മലയാളി ലിംഗ്വിസ്റ്റ് എന്ന നിലയിൽ, ശ്രീനാഥന്‍റെ സംഭാവനകൾ വളരെ വലുതാണ്. അദ്ദേഹത്തിന്‍റെ പാണ്ഡിത്യം ഭാഷാശാസ്ത്ര പഠന മേഖലയിൽ കൃത്യമായ ഒരു മുദ്ര പതിപ്പിച്ചിട്ടുണ്ട്. കേരളീയ നവോത്ഥാനത്തിന്‍റെ ചരിത്രത്തിലുള്ള അദ്ദേഹത്തിന്‍റെ താല്‍പ്പര്യം അതേ ആത്മാര്‍ത്ഥതയും ബൌദ്ധികശക്തിയും  തെളിയുന്നതാണ് അദ്ദേഹത്തിന്‍റെ നിലപാടുകളോട് പൂർണ്ണമായും യോജിക്കുന്നില്ലെങ്കിൽ പോലും, ശക്തവും ഉത്തേജകവുമായ ഒരു സമീപനം അദ്ദേഹത്തില്‍ നമുക്ക് കണ്ടെത്താനാവും. അതുകൊണ്ടുതന്നെ ഈ പുസ്തകം അദ്ദേഹത്തിന്‍റെ പണ്ഡിതോചിതമായ പ്രതിബദ്ധതയും പുതിയ മേഖലകളിലേക്ക് കടക്കാനുള്ള ധീരതയും പ്രതിഫലിപ്പിക്കുന്നതാണ്. കേരളത്തിന്‍റെ പരിഷ്കരണ പാരമ്പര്യങ്ങളെക്കുറിച്ചുള്ള സമകാലിക സംവാദങ്ങൾക്ക് ഒരു പ്രധാന സംഭാവനയായി ഈ പുസ്തകം മാറുന്നു.

സ്ത്രീ, സ്വത്വം, സ്വാതന്ത്ര്യം
രതീദേവി
ഡി സി ബുക്സ്

രതീദേവി അയച്ചു തന്നത് വ്യത്യസ്തമായ ഒരു പുസ്തകമാണ്. ഒലാംപ് ഡ ഗൂഷിന്‍റെ ജീവിതത്തെയും രാഷ്ട്രീയ സിദ്ധാന്തത്തെയും വിലയിരുത്തുന്ന പഠനമാണിത്. ഒരു ഫ്രഞ്ച് നാടകകൃത്തും, രാഷ്ട്രീയ ചിന്തകയും, ആദ്യകാല ഫെമിനിസ്റ്റുമായിരുന്നു. മേരി ഗൗസ് എന്ന പേരിൽ മൊണ്ടൗബാനിൽ ജനിച്ച അവർ പാരീസിലേക്ക് താമസം മാറി സാഹിത്യ, രാഷ്ട്രീയ മേഖലകളിൽ സജീവമായി. സ്ത്രീകൾക്ക് അവകാശങ്ങൾ നല്‍കുന്നതിൽ ഫ്രഞ്ച് വിപ്ലവം പരാജയപ്പെട്ടു എന്ന ബോദ്ധ്യത്തിന്‍റെ അടിസ്ഥാനത്തില്‍, സ്ത്രീകളുടെയും സ്ത്രീകളുടെയും അവകാശ പ്രഖ്യാപനം (1791) എഴുതിയതിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. അടിമത്തം, അസമത്വം, വധശിക്ഷ എന്നിവയ്‌ക്കെതിരെ അവര്‍  സംസാരിച്ചു. വിപ്ലവ നേതാക്കളോടുള്ള അവരുടെ തുറന്ന വിമർശനം അവരുടെ അറസ്റ്റിലേക്ക് നയിച്ചു. 1793-ൽ ഗില്ലറ്റിൻ ഉപയോഗിച്ച് അവർ വധിക്കപ്പെട്ടു. അവരുടെ പാരമ്പര്യം വിപ്ലവാത്മക ചിന്തക്ക് എക്കാലത്തും പ്രചോദനം നല്‍കുന്നതാണ്. രതീദേവി വളരെക്കാലമായി ഒരു പ്രിയ സുഹൃത്താണ്. ചെറുപ്പകാലം മുതല്‍ രതിക്ക് എന്നെയും അറിയാം. രതിയുടെ ‘മഗ്ദലീനയുടെ (എന്‍റെയും) പെണ്‍സുവിശേഷം’ എന്ന നോവലിന്‍റെ പ്രകാശനത്തില്‍ പങ്കെടുത്തു ഞാന്‍ സംസാരിച്ചിരുന്നു. “The Gospel of Mary Magdalene and Me” എന്ന പേരില്‍ ഇംഗ്ലീഷിലും ഈ നോവല്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. വലിയ പഠനവും മനനവും ആ നോവലിന്‍റെ രചനക്ക് പിന്നിലുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ ദീര്‍ഘമായ പാരമ്പര്യമുള്ള നിയമബിരുദധാരിയായ രതീദേവിയുടെ ഈ പുതിയ പുസ്തകവും അതിന്‍റെ രാഷ്ട്രീയ സവിശേഷതകള്‍ കൊണ്ട് ശ്രദ്ധേയമാണ്.
———————————

ഉല
കെ.വി. മോഹന്‍കുമാര്‍
മാതൃഭൂമി ബുക്സ്

കെ. വി. മോഹൻ കുമാറിന്‍റെ നോവൽ ‘ഉല’ ദമിതമാക്കപ്പെട്ട ഒരു ചരിത്രത്തിന്‍റെ – ബ്രാഹ്മണാധിപത്യത്തിന്‍റെ വേലിയേറ്റത്തിൽ കേരളത്തിൽ ബുദ്ധമതം ഇല്ലാതാകുന്നത്തിന്‍റെ – ധീരവും സാങ്കൽപ്പികവുമായ പുനർവിചിന്തനമാണ് അവതരിപ്പിക്കുന്നത്. 9 മുതൽ 10 വരെ നൂറ്റാണ്ടുകളിലെ ഒരു ഭാവനാത്മക ചരിത്രപശ്ചാത്തലത്തിൽ, ബദൽ മതപാരമ്പര്യങ്ങളെ ശുദ്ധീകരിക്കാൻ വരുന്ന ബ്രാഹ്മണസൈന്യത്താൽ കരപ്പുറത്തെ (ഇന്നത്തെ ആലപ്പുഴ) ബുദ്ധമത ജീവിതത്തിന്‍റെ അവസാനത്തെ സാംസ്കാരിക ഭൂമിക നശിപ്പിക്കപ്പെടുന്ന ഒരു സാങ്കല്‍പ്പിക യുദ്ധത്തെയാണ് നോവൽ പുനര്‍നിർമ്മിക്കുന്നത്. ഈ ഉന്മൂലനം രാഷ്ട്രീയമോ സൈനികമോ മാത്രമായിരുന്നില്ല – അത് അതിന്‍റെ വിഹ്വലമായ ആഴങ്ങളില്‍ ഭാഷാപരവും സാംസ്കാരികവും ജ്ഞാനശാസ്ത്രപരവുമാണ്. ഉലയുടെ പ്രസക്തി അതിന്‍റെ ഇതിവൃത്തത്തിന്‍റെ ചരിത്രപരമായ കൃത്യതയിലല്ല, മറിച്ച് രണ്ട് ജീവിതരീതികൾ തമ്മിലുള്ള സംഘർഷത്തിന്‍റെ പ്രതീകാത്മകമായ ചിത്രീകരണത്തിലാണ്. ഒന്ന് കരുണ, ബഹുസ്വരത, ഉൾക്കൊള്ളലിന്‍റെ നൈതികത, അഹിംസ എന്നിവയിൽ നങ്കൂരമിട്ടിരിക്കുന്നു. മറ്റൊന്ന് ശ്രേണി, കീഴടക്കൽ, പാഠഭേദാധിഷ്ഠിത ആചാരങ്ങള്‍ അധികാരം, ഹിംസ എന്നിവയിൽ അധിഷ്ഠിതമായിരിക്കുന്നു. ഈ നോവലിന്‍റെ രണ്ട് കേന്ദ്രമാനങ്ങൾ സാംസ്കാരിക പ്രതിരോധത്തിന്‍റെയും മായ്ക്കലിന്‍റെയും സ്ഥലമെന്ന നിലയിൽ ഭാഷാപരമായ ഇമേജറിയുടെ പങ്കും, ദക്ഷിണേഷ്യൻ സാഹിത്യത്തിലെ മറ്റ് പ്രാദേശിക ചരിത്ര യാഥാര്‍ത്ഥ്യങ്ങളുമായി ആഖ്യാനത്തിനുള്ള അനുരണനവുമാണ്. ഈ നോവലിനെ കുറിച്ചുള്ള വിശദമായ ഒരു കുറിപ്പ് “അപ്രത്യക്ഷമാകുന്ന നാവുകളും പരാജയപ്പെട്ട ശരീരങ്ങളും: ‘ഉല‘യിലെ ഭാഷയും ചരിത്രാനുഭവവും” എന്ന പേരില്‍ ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട് പുറത്തിറക്കുന്ന ഡോ. റോയ് തോമസ്‌ എഡിറ്റ്‌ ചെയ്യുന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിന്‍റെ തുടക്കമാണ് ഞാന്‍ മുകളില്‍ എഴുതിയത്.
————————————

ഒരു പുഴ ദാഹിച്ചു മരിക്കുന്നു
മഹ്മൂദ് ദര്‍വീശ്
വിവര്‍ത്തനം: രവികുമാര്‍; ബിനി തോമസ്‌
ഐറിസ് ബുക്സ്

“A great poet is one who makes me small when I write, and great when I read,” എന്ന് മഹ്മൂദ് ദർവിശ് ഒരിക്കൽ അഭിപ്രായപ്പെട്ടത് അദ്ദേഹത്തിന്‍റെതന്നെ കലയുടെ ശക്തിയെ പ്രതിഫലിപ്പിക്കുന്ന വാക്യമാണ്. 2008-ൽ മരിക്കുന്നതിന് എട്ട് മാസം മുമ്പ് അറബിയിൽ പുറത്തിറങ്ങിയ ദർവിശിന്‍റെ രചനകളുടെ അവസാന വാല്യം ആയ A River Dies of Thirst, ഈ അസാധാരണ കവിയുടെ കൃതികള്‍ക്കൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന വായനക്കാർക്ക് അതിന്‍റെ ഭാവതീവ്രത കൊണ്ടും രാഷ്ട്രീയ ഗൌരവം കൊണ്ടും ഒരു വിലപ്പെട്ട സമ്മാനമായിരുന്നു. കവിതകൾ, ചിന്തകൾ, ജേണൽ ശകലങ്ങൾ എന്നിവയിൽനിന്ന് നെയ്തെടുത്ത ഈ ശേഖരം, അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട പലസ്തീനെ ദുഃഖഭരിതമായ മിഴിയിലെ ഒരിറ്റു കണ്ണീരിനൊപ്പം നോക്കുന്നതും സ്നേഹം, സമയം, ഓർമ്മ, എന്നിവയുടെ ഭാവശക്തിയില്‍ നിലീനവും എല്ലാറ്റിനുമുപരി, കവിതയുടെ ഉള്‍വിളികളെക്കുറിച്ച് ധ്യാനിക്കുന്നതുമായ രചനകളുടെ സമാഹാരവുമാണ്. രവികുമാറും ബിനി തോമസും ചേർന്ന് നിര്‍വഹിച്ച ഈ കൃതിയുടെ മലയാള വിവർത്തനം മാതൃകാപരമാണ്. “കാവ്യകേളി” എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് ഞാൻ ആദ്യമായി രവികുമാറിനെക്കുറിച്ച് അറിയുന്നത്, അവിടെ അദ്ദേഹത്തിന്‍റെ കവിതാ വിവർത്തനങ്ങൾക്ക് വ്യാപകമായ പ്രശംസ ലഭിച്ചിരുന്നു. സാമൂഹിക മാധ്യമത്തിലൂടെ ഞങ്ങള്‍ പരിചയപ്പെടുകയും അദ്ദേഹത്തിന്‍റെ പല പുസ്തകങ്ങളും എനിക്ക് അയച്ചുതരികയും ചെയ്തിട്ടുണ്ട് (ലോര്‍ക്ക വിവര്‍ത്തനം, നെരൂദ വിവര്‍ത്തനം…). പ്രിയ സുഹൃത്ത്‌ സി.പി.എം സെക്രട്ടറി എം.എ. ബേബി ഒരിക്കല്‍ എനിക്ക് പിറന്നാള്‍ സമ്മാനമായി നല്‍കിയത് രവികുമാറിന്‍റെ ബോദ്ലേര്‍ വിവര്‍ത്തനമായിരുന്നു. ഇംഗ്ലീഷിനും മലയാളത്തിനും ഇടയിൽ സഞ്ചരിക്കാനുള്ള അദ്ദേഹത്തിന്‍റെ അനായാസമായ കഴിവ് ദർവിശിന്‍റെ തിളക്കമുള്ള വരികളോട് പൂർണ്ണ നീതി പുലർത്താൻ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്.
———————————-

Information: Rethinking Intelligence, AI and the God Bit
Jose T. Thomas and Prof. Leena Jose T
Muziris Times in association with Viewspaper

ജോസ് ടി. തോമസും ലീന ജോസ് ടി.യും ചേർന്ന് രചിച്ച “ In-Form-At-Ion: From Primordial Light to Intelligent Life ” എന്നത് ശാസ്ത്രം, തത്ത്വചിന്ത, ജ്ഞാന പാരമ്പര്യങ്ങൾ എന്നിവയുടെ ധീരമായ സമന്വയത്തിന് ശ്രമിക്കുന്ന ഒരു ശ്രദ്ധേയമായ കൃതിയാണ്. മൂന്ന് ഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ഈ പുസ്തകം, ഭൗതികശാസ്ത്രം, ജീവശാസ്ത്രം, ആത്മീയത എന്നിവയുടെ പ്രമേയങ്ങൾ ഒരുമിച്ച് ചേർത്ത്, പ്രപഞ്ചോൽഭവത്തിൽ നിന്ന് മനുഷ്യചരിത്രത്തിലേക്കുള്ള വിവരങ്ങൾ, ബുദ്ധി, ബോധം എന്നിവയുടെ പരിണാമത്തെ വിശകലനം ചെയ്യുന്നു. ജോൺ ആർക്കിബാൾഡ് വീലറുടെ “ഇറ്റ് ഫ്രം ബിറ്റ്”, ടെയിൽഹാർഡ് ഡി ചാർഡിന്‍റെ ഒമേഗ പോയിന്റിനെക്കുറിച്ചുള്ള ദർശനം, ശ്രീ നാരായണ ഗുരുവിന്‍റെ അദ്വൈതം എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, വിവരവും ബുദ്ധിയും നിഷ്പക്ഷ പ്രക്രിയകളായി മാത്രമല്ല, കാരുണ്യബുദ്ധിയുടെ കോസ്മിക് ഫീൽഡിന്‍റെ ഭാഗമായി വികസിക്കുന്ന ഒരു ചട്ടക്കൂടാണെന്ന് രചയിതാക്കൾ നിർദ്ദേശിക്കുന്നുണ്ട്. പുസ്തകത്തിന്‍റെ കേന്ദ്ര രൂപകമായ “ദി ഗോഡ് ബിറ്റ്”, പ്രപഞ്ചശാസ്ത്രത്തെ ethical and relational intelligence ന്‍റെ അടിസ്ഥാനത്തിൽ പുനർനിർമ്മിക്കുന്നത്തിനുള്ള ശ്രമമാണ്. നിര്‍മ്മിത ബുദ്ധിയുടെയും പൊതുവില്‍ സാങ്കേതികവിദ്യയുടെയും യഥാർത്ഥ സാധ്യത ആധിപത്യത്തിലല്ല, മറിച്ച് കരുണയോടുകൂടിയ സഹ – പരിണാമത്തിലാണെന്ന് ഈ കൃതി ഊന്നിപ്പറയുന്നു. കെനോസിസ്, ധാർമ്മിക സംഭാഷണം, മനുഷ്യന്‍റെ വിധി എന്നിവയെക്കുറിച്ചുള്ള പ്രതിഫലനങ്ങളിലൂടെ സഞ്ചരിക്കുന്നതിലൂടെ, ഈ ഗ്രന്ഥം AI, വിവര സിദ്ധാന്തം, പ്രപഞ്ചശാസ്ത്രം എന്നിവയെ വിശാലമായ ഒരു ആത്മീയ ചക്രവാളത്തിനുള്ളിൽ സ്ഥാപിക്കുന്നു. ശാസ്ത്രത്തെയും തത്ത്വമീമാംസയെയും ബന്ധിപ്പിക്കുന്ന ഈ സമീപനം, വിശ്വാസത്തിലും യുക്തിയിലും അധിഷ്ഠിതമായ ഒരു മതേതരവും ആത്മീയവുമായ പരിവർത്തനത്തിന് ആഹ്വാനം ചെയ്യുന്നതാണ്. ദർശനാത്മകമായ രചന, അറിവ്, ബോധം, പ്രപഞ്ചം എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പുനർവിചിന്തനം നടത്താൻ വായനക്കാരെ ക്ഷണിക്കുന്നതാണ്. ഏറെക്കുറെ മാര്‍ക്സിസ്റ്റ്‌ ആയ എന്‍റെ സമീപനത്തിന്‍റെ രീതിയല്ല ഈ രചയിതാക്കളുടേത് എന്ന് ഈ വിഷയത്തിലുള്ള എന്‍റെ ലേഖനങ്ങള്‍ വായിച്ചിട്ടുള്ളവര്‍ക്ക് അറിയുമെന്ന് ഞാന്‍ കരുതുന്നു. പക്ഷെ ഇതൊരു സംവാദ മണ്ഡലം കൂടിയാണ്. മികച്ച ഒരു ക്രിസ്ത്യന്‍ ദൈവവിജ്ഞാനീയ വിശാരദന്‍ കൂടിയായ ജോസ് ടി. തോമസ്‌ എന്‍റെ പ്രിയപ്പെട്ട സുഹൃത്താണ്. ഇത്തരം കാര്യങ്ങളില്‍ നിരന്തരം എന്നോട് കൂടിക്കാഴ്ചകളിലും സാമൂഹിക മാധ്യമത്തിലും സംവദിക്കുന്ന വ്യക്തിയാണ്. ബൈബിളിന്‍റെയും ക്രിസ്തുവിന്‍റെയും സ്നേഹപൂർണ്ണമായ ഒരു പുനര്‍വായനയായിട്ടാണ് പത്രപ്രവർത്തകനും ചരിത്രകാരനുമായ ജോസ് ടി തോമസിന്‍റെ പരക്കെ വായിക്കപ്പെട്ട “കുരിശും യുദ്ധവും സമാധാനവും” എന്ന പുസ്തകത്തെ ഞാന്‍ വിലയിരുത്തിയിട്ടുള്ളത്.  “ഒരു ഭൗതികവാദിയോ ആത്മീയവാദിയോ അല്ലാതിരിക്കുമ്പോഴും എനിക്ക് ഈ പുസ്തകം പ്രിയപ്പെട്ടതാണ്” എന്നാണ് ജോസ് ടി. തോമസ്‌  ‘ട്രൂകോപ്പിതിങ്ക് മീഡിയ’യിൽ  ‘നവോത്ഥാന ചരിത്രദര്‍ശനം’ എന്ന എന്‍റെ പുസ്തകത്തെക്കുറിച്ച് എഴുതിയത്. വിരുദ്ധമായ കാഴ്ച്ചപ്പാടുകളല്ല പ്രശ്നം, അവ എങ്ങനെ ജനാധിപത്യപരമായി അവതരിപ്പിക്കാം, സംവദിക്കാം എന്നതാണ്. ജോസിന്‍റെയും ലീന ജോസിന്‍റെയും ഈ പുസ്തകത്തെ ഞാന്‍ കാണുന്നതും ആ വിശാലമായ വിചാരമാതൃകയുടെ അടിസ്ഥാനത്തിലാണ്.
———————————-

Comments

comments