അദ്ധ്യായം 3: ബീഹാറിലെ വംശഹത്യ

2002 ൽ ഗുജറാത്തിൽ കലാപമുണ്ടായപ്പോൾ അതിനെ വംശഹത്യയായിട്ടാണ് പൊതുവേ വിശേഷിപ്പിക്കപ്പെട്ടത്. എന്നാൽ 1946 ലെ ബീഹാറിലെ കലാപത്തെ അവ്വിധമല്ല,  അന്ന് കണ്ടത്. അക്കാലത്തുയർന്ന ദ്വിരാഷ്ട്രവാദത്തിൻ്റെ പശ്ചാത്തലത്തിലുണ്ടായ ഹിന്ദു – മുസ്ലീം ലഹളയുടെ തുടർച്ചയായിട്ടാണ് ബീഹാർ കലാപം ഇതുവരെയും വായിക്കപ്പെട്ടത്. എന്നാൽ സൂക്ഷ്മമായി നോക്കിയാൽ, ഇന്നത്തെ തിരിച്ചറിവുകളുടെ വെളിച്ചത്തിൽ,  മുസ്ലീം വംശഹത്യാ ശ്രമമാണ് ബീഹാറിൽ അരങ്ങേറിയതെന്ന് മനസ്സിലാക്കാം.

വംശഹത്യ എന്ന നിയമസംജ്ഞ കൊണ്ട് ഉദ്ദേശിക്കുന്നത് ദേശീയമോ ഗോത്രപരമോ വംശീയപരമോ മതപരമോ ആയ ഒരു കൂട്ടത്തെ പൂർണ്ണമായോ ഭാഗികമായോ നശിപ്പിക്കാനുദ്ദേശിച്ച് ചെയ്യുന്ന പ്രവൃത്തികളെയാണ്. 1948-ൽ ചേർന്ന വംശഹത്യാ കുറ്റകൃത്യ നിരോധന കൺവെൻഷൻ പ്രകാരം വംശഹത്യയെന്നത് അന്താരാഷ്ട്ര കുറ്റകൃത്യമാണ്. വംശഹത്യാ പ്രവർത്തനങ്ങൾ അഞ്ചു തരത്തിൽ പെട്ടതാണെന്ന് അന്താരാഷ്ട്രസമൂഹം വിലയിരുത്തിയിട്ടുണ്ട്.

  1. മേൽപ്പറഞ്ഞ ഏതെങ്കിലും കൂട്ടത്തിലെ അംഗങ്ങളെ കൊന്നൊടുക്കുക
  2. കൂട്ടത്തിലെ അംഗങ്ങൾക്ക് ശാരീരികമായോ മാനസികമായോ വമ്പൻ പരിക്കുകൾ ഏല്പിക്കുക
  3. മുഴുവനായോ ഭാഗികമായോ നശിപ്പിക്കാനുദ്ദേശിച്ച് കൂട്ടത്തിൻ്റെ ജീവിതത്തിൽ കരുതിക്കൂട്ടി വിപരീതമായി ഇടപെടുക
  4. കൂട്ടത്തിൽ കുഞ്ഞുങ്ങൾ ജനിക്കുന്നത് തടയാനായി നിയന്ത്രണങ്ങൾ കൊണ്ടുവരിക
  5. കൂട്ടത്തിലെ കുഞ്ഞുങ്ങളെ മറ്റൊരു കൂട്ടത്തിലേയ്ക്ക് നിർബന്ധമായി മാറ്റുക.

ഇതിൽ ആദ്യത്തെ മൂന്നും ബീഹാർ കലാപത്തിൻ്റെ സവിശേഷതകൾ ആയിരുന്നു. 1948-ൽ നിലവിൽ വന്ന നിർവ്വചനത്തെ 1946-ലേയ്ക്ക് മുൻകാല പ്രാബല്യം നൽകിയാൽ, ബീഹാർ വർഗ്ഗീയ കലാപം എന്ന് നാം വിളിക്കുന്നത് തീർച്ചയായും വംശഹത്യയിൽ പെടുത്താവുന്നതാണ്.

ജിന്ന
ജിന്ന

ഇവിടെ ഉയരുന്ന ഒരു പ്രധാനപ്പെട്ട ചോദ്യം, ബീഹാർ കലാപം ഉണ്ടാകുന്നത് ജിന്നയുടെ മുസ്ലീം ലീഗ് തുടങ്ങിവെച്ച കലാപത്തിനോടുള്ള പ്രതികരണം ആയിട്ടല്ലേ എന്നതാണ്. 1946 ആഗസ്റ്റ് 16 നാണ്  “നേർ പ്രയോഗദിന” ത്തിന് (direct action day) ജിന്നയുടെ മുസ്ലീം ലീഗ് ആഹ്വാനം ചെയ്യുന്നത്. പാകിസ്ഥാന് വേണ്ടിയുള്ള രാഷ്ട്രീയ സമരം ഭരണഘടനാതീത സമരമായിത്തീരുന്നത് അതോടുകൂടിയാണ്. അത് തീർച്ചയായും ഏറ്റവും ചുരുങ്ങിയത് കൊൽക്കത്തയെയെങ്കിലും രക്തക്കളമാക്കി. രാഷ്ട്രീയമായ ആവശ്യത്തിന് വേണ്ടി നടത്തിയ അക്രമസമരമായിരുന്നു അത്. വർഗ്ഗീയത കുത്തിയിളക്കിയ ഒന്ന്. പിന്നീടത് നവഖലി,  ടിപ്പേറ ജില്ലകളിലേയ്ക്കും വ്യാപിക്കുകയുണ്ടായി. വർഗ്ഗീയ കലാപം ഇളക്കിവിട്ട് പാകിസ്ഥാൻ സമ്പാദിച്ചെടുക്കുക എന്നതാണ് ജിന്ന ഉദ്ദേശിച്ചിരുന്നത്. അതിനാൽ വംശഹത്യ എന്നതിനേക്കാൾ അതൊരു വർഗ്ഗീയ കലാപം ആയിരുന്നു. കൊൽക്കൊത്തയിൽ ഇരു കൂട്ടരും പരസ്പരം കൊന്നു. നവഖലി,  ടിപ്പേറ ജില്ലകളിൽ കൊല ഏകപക്ഷീയമായിരുന്നുവെങ്കിലും, ബീഹാറുമായി താരതമ്യപ്പെടുത്തുമ്പോൾ മരിച്ചവരുടെ എണ്ണം വളരെക്കുറവായിരുന്നു. മാത്രമല്ല,  ” നേർ പ്രയോഗദിന” ത്തിനായുള്ള ജിന്നയുടെ ആഹ്വാനം അന്നത്തെ ഇന്ത്യയിലെ ബഹുഭൂരിപക്ഷം മുസ്ലീങ്ങളും തള്ളിക്കളയുകയാണുണ്ടായത്. ജിന്നയുടെ മുസ്ലീംലീഗ് ഭരണത്തിലിരുന്നിരുന്ന ബംഗാളിൽ മാത്രമാണ് അതെന്തെങ്കിലും ചലനമുണ്ടാക്കിയിരുന്നത്. അന്നത്തെ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന, ‘ ജിന്നയുടെ മുസ്ലീം ലീഗുകാരനായ, ഷഹീദ് സുഹ്രവർദ്ദി കുറച്ചൊരു കാലത്തേയ്ക്ക് കലാപത്തെ പരോക്ഷമായി പ്രോത്സാഹിപ്പിച്ചെങ്കിലും പിന്നീട് ഗാന്ധിയോടൊപ്പം പ്രവർത്തിക്കാൻ തുടങ്ങി. സ്വാതന്ത്ര്യത്തിൻ്റെയും വിഭജനത്തിൻ്റേയും പശ്ചാത്തലത്തിൽ അദ്ദേഹം, കലാപങ്ങൾ ഒഴിവാക്കാനായി ഗാന്ധിയോടൊപ്പം ആത്മാർത്ഥമായി പങ്കു ചേർന്നു. 1947-ൽ സ്വാതന്ത്ര്യദിന കാലയളവിൽ കൊൽക്കൊത്തയിൽ, ബലിയാഘട്ടയിലുള്ള ഹൈദരി മൻസിൽ എന്ന കെട്ടിടത്തിൽ ഒപ്പം താമസിച്ച് വർഗ്ഗീയ കലാപം ശമിപ്പിക്കാനുള്ള ഗാന്ധിയൻ പരീക്ഷണത്തിൽ സുഹ്രവർദ്ദി ഒപ്പമുണ്ടായിരുന്നു. വിഭജനത്തോടനുബന്ധിച്ച് ഇന്ത്യയും പാകിസ്ഥാനുമായുള്ള  പടിഞ്ഞാറൻ അതിർത്തിയിൽ പ്രശ്നങ്ങൾ ഒഴിവാക്കാനായി  മൗണ്ട് ബാറ്റൺ 55000 പട്ടാളക്കാരെ വിന്യസിച്ചിരുന്നു. എന്നാൽ 55000 പട്ടാളക്കാർക്ക് ചെയ്യാൻ കഴിഞ്ഞതിലുമധികം ഗാന്ധിയും അദ്ദേഹത്തിൻ്റെ രണ്ടാം ലെഫ്റ്റനൻ്റ് ആയ സുഹ്രവർദ്ദിയും കൂടി കിഴക്കൻ അതിർത്തിയിൽ ചെയ്തു എന്ന് ഗാന്ധിക്കെഴുതിയ കത്തിൽ മൗണ്ട് ബാറ്റൺ ആദരവ് ചൊരിയുന്നുണ്ട്.

ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ പാകിസ്ഥാന് വേണ്ടിയുള്ള രാഷ്ട്രീയനീക്കത്തിന്റെ ഉപോത്പന്നങ്ങളായി വന്ന അക്രമങ്ങളാണ് 1946 ൽ  കൊൽക്കൊത്തയിലും നവഖാലി, ടിപ്പേറ ജില്ലകളിലും നടന്നത്. അപലപിക്കപ്പെടേണ്ട അക്രമപ്രവൃത്തികളാണ് അതിൻ്റെ ഫലമായി ഉണ്ടായതെങ്കിലും അതിനെ വർഗ്ഗീയ കലാപം എന്ന ഗണത്തിലാണ് പെടുത്തേണ്ടത്. വംശഹത്യാശ്രമങ്ങൾ എന്ന മട്ടിലല്ല.

എന്നാൽ ബീഹാർ കലാപം അങ്ങനെയായിരുന്നില്ല. മുസ്ലീം സമുദായത്തെ ഇല്ലാതാക്കുന്ന സംഘടിത ശ്രമമാണ് അവിടെ നടന്നതെന്ന് ഓരോ സംഭവങ്ങളും വെളിവാക്കുന്നു. വിനായക് ദാമോദർ സവർക്കർ മുന്നോട്ടുവെച്ച ഹിന്ദുത്വരാഷ്ട്രീയത്തിൻ്റെ ഫാസിസ്റ്റ് മുഖം പൂർണ്ണമായ രീതിയിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ വെളിവാകുന്നത് ബീഹാറിലാണ്. പൊടുന്നനെയുണ്ടായ പ്രകോപനം എന്നതിനേക്കാൾ സംഘടിത ശ്രമം ആയിരുന്നു അത് എന്നതിന് തെളിവുകൾ ധാരാളം.

ഉദാഹരണമായി കലാപത്തിന് മുന്നോടിയായി പ്രാദേശിക ഹിന്ദുമഹാസഭ “ബീഹാറിലെ ഹിന്ദുക്കളുടെ വർത്തമാനകാല വൈഷമ്യങ്ങൾ ” എന്ന തലക്കെട്ടിൽ ഒരു ലഘുലേഖ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. അതിൽ ഉന്നയിച്ചിരുന്ന പ്രധാനപ്പെട്ട കാര്യങ്ങളിൽ ആദ്യത്തേത്,  ബീഹാറിലെ മുസ്ലീങ്ങൾ ഹിന്ദുക്കൾക്ക് മേൽ സംഘടിത ആക്രമണത്തിന് തയ്യാറെടുക്കുന്നു എന്ന വ്യാജ ആരോപണമാണ്. ജാഗ്രത പുലർത്തിയില്ലെങ്കിൽ ഹിന്ദുക്കൾ  കൊൽക്കൊത്തയിലും നവഖലിയിലുമെന്ന പോലെ, ബീഹാറിലും അറവുമൃഗങ്ങളാക്കപ്പെടും എന്ന് ലഘുലേഖ ഉദ്ബോധിപ്പിച്ചു. ഹിന്ദുക്കൾ ഉണർന്നെണീറ്റ് അതിനെ മുൻകൂട്ടി ചെറുക്കേണ്ടതാണ്. ദേശീയതയിൽ ഊന്നിക്കൊണ്ട് ഹിന്ദുക്കൾ ചെയ്യേണ്ടിയിരിക്കുന്ന  ബുദ്ധിപരവും ധൈര്യം നിറഞ്ഞതുമായ പ്രവൃത്തികളെ,  പിറകോട്ട് വലിക്കുകയാണ്  ബീഹാറിലെ കോൺഗ്രസ്സ് ഭരണകൂടമെന്നും ലഘുലേഖയിൽ കുറ്റപ്പെടുത്തി.

ബോംബെ പ്രവിശ്യയിൽ തിലകും കൂട്ടരും വികസിപ്പിച്ചെടുത്ത നവബ്രാഹ്മണ്യത്തെ, ഹിന്ദു വംശീയതയായി പരിണമിപ്പിക്കുകയാണ്, ഹിന്ദുത്വ എന്ന പ്രത്യയശാസ്ത്ര പുസ്തകത്തിലൂടെ വിനായക് ദാമോദർ സവർക്കർ ചെയ്തത്. 1937-ൽ ഹിന്ദുമഹാസഭയുടെ പ്രസിഡണ്ട് ആയി സ്ഥാനമേൽക്കുമ്പോൾ സവർക്കർ ചെയ്ത പ്രസംഗമാണ്, ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ദ്വിരാഷ്ട്രവാദം എന്ന ആശയത്തിൻ്റെ വിത്ത് ആദ്യമായി വിതയ്ക്കുന്നത്. ഇന്ത്യ എന്ന രാജ്യത്തിനുള്ളിൽ, രണ്ട് രാഷ്ട്രങ്ങൾ അടങ്ങിയിരിക്കുന്നു, ഹിന്ദുരാഷ്ട്രവും മുസ്ലീം രാഷ്ട്രവും എന്നായിരുന്നു സവർക്കർ പ്രസംഗിച്ചത്. 1940 ൽ ജിന്ന ഈ വാദത്തെ ഏറ്റെടുക്കുകയും പാകിസ്ഥാൻ എന്ന ആശയത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്തു. സവർക്കറുടെ ഹിന്ദുമഹാസഭയോ,  സവർക്കറുടെ “ഹിന്ദുത്വ ” യെ ആസ്പദിച്ചുണ്ടായ ആർ എസ് എസോ, സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തില്ലെന്ന് മാത്രമല്ല, ബ്രിട്ടീഷുകാർക്ക് സഹായകരമായ നിലപാടാണ് പലപ്പോഴും സ്വീകരിച്ചിരുന്നത്. മുസ്ലീങ്ങളെ നിരന്തരം അപരവല്ക്കരിക്കാനുള്ള അവരുടെ ശ്രമങ്ങൾ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് നയത്തെ ഇത് ശാക്തീകരിച്ചു. എന്നാൽ അധികാരത്തിനുള്ള ഒരു പഴുത് ലഭിച്ചാൽ അതിലൂടെ നുഴഞ്ഞു കയറി അധികാരം പിടിച്ചു പറ്റുക എന്നതായിരുന്നു, അവരുടെ നയം.

രണ്ടാം ലോകയുദ്ധത്തിൽ ബ്രിട്ടീഷ് നയങ്ങളിൽ പ്രതിഷേധിച്ച് ഭൂരിഭാഗം  പ്രവിശ്യകളും  ഭരിച്ചിരുന്ന കോൺഗ്രസ്സ് ഗവണ്മെൻ്റുകളും രാജിവെയ്ക്കുകയുണ്ടായി. ആ തക്കം നോക്കി, ബ്രിട്ടീഷുകാർക്ക് പ്രതിസന്ധി ഒഴിവാക്കാൻ സഹായഹസ്തവുമായി ഓടിയെത്തിയത് രണ്ട് ധ്രുവങ്ങളിൽ നില്ക്കുന്ന ഹിന്ദുമഹാസഭയും ജിന്നയുടെ മുസ്ലീംലീഗുമായിരുന്നു. അധികാരത്തിലേയ്ക്കുള്ള കുറുക്കുവഴിയായിട്ടാണ് അവർ അതിനെ കണ്ടത്. മുസ്ലീം വിരുദ്ധത പ്രമാണമായെടുത്ത സവർക്കറും കൂട്ടരും ബംഗാൾ, സിന്ധ്, നോർത്ത് വെസ്റ്റ് ഫ്രോണ്ടിയർ പ്രോവിൻസ് എന്നീ സംസ്ഥാനങ്ങൾ, ജിന്നയുടെ മുസ്ലീംലീഗോ, ജിന്നയുടെ മുസ്ലീംലീഗിൽ നിന്നും പിരിഞ്ഞു പോന്ന ഫസ്ലുൽ ഹക്കിൻ്റെ കൃഷക് സമാജ് പാർട്ടി പോലുള്ള പാർട്ടികളോ, ആയി കൂട്ടുചേർന്ന് ഭരിക്കുക പോലും ചെയ്തു.ബംഗാളിൽ ഹിന്ദുമഹാസഭാ നേതാവ് ശ്യാമപ്രസാദ് മുഖർജി ഉപമുഖ്യന്ത്രിയായി. സവർക്കർ ഇതിനെ ന്യായീകരിച്ചത് ഹിന്ദു മഹാസഭയ്ക്ക് വേണ്ടത്ര ശക്തിയില്ലാത്ത ഇടങ്ങളിൽ അധികാരത്തിലെത്തുന്നതിന് ഏത് വഴിയും സ്വീകരിക്കാം എന്ന് പറഞ്ഞുകൊണ്ടാണ്.സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാതെയോ, തെരഞ്ഞെടുപ്പിൽ വിജയിക്കാതെയോ അങ്ങനെ ഹിന്ദു വംശീയവാദികൾ, സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ അധികാരത്തിൻ്റെ രുചി നുകരാൻ തുടങ്ങി.

ആ രുചിയുടെ സുഖത്തിൽ, സ്വാതന്ത്ര്യത്തെ തുടർന്ന് വിഭജനവും പാകിസ്ഥാൻ എന്ന മുസ്ലീം രാജ്യത്തിൻ്റെ പിറവിയും സംജാതമായതിനെ തുടർന്ന് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റി അധികാരത്തിലെത്താൻ ഹിന്ദു വംശീയവാദികൾ കൊണ്ടു പിടിച്ച്  പരിശ്രമിച്ചു എന്ന് വേണം വിചാരിക്കാൻ. ആ ലക്ഷ്യത്തിലേയ്ക്കുള്ള ആദ്യ ഹിംസാത്മക ചുവടുവെയ്പായിരുന്നു,  ബീഹാർ വംശഹത്യ.

ഒരിക്കലും വംശീയമായി സംഘടിപ്പിക്കാൻ കഴിയാത്ത ഹിന്ദുക്കളെ അത്തരത്തിൽ ഒരുമിപ്പിക്കാനുള്ള ശ്രമം, മുസ്ലീം അപരത്വത്തെ സൃഷ്ടിച്ചു കൊണ്ടു സാധ്യമാക്കാൻ സവർക്കറും തുടർന്ന് ആർ എസ് എസിൻ്റെ രണ്ടാം സർ സംഘ് ചാലക് ആയ ഗോൾവാൾക്കറും ശ്രമിച്ചു കൊണ്ടിരുന്നു. സവർക്കറുടെ ഹിന്ദുത്വയിൽ സിന്ധുനദി മുതൽ ഇന്ത്യൻ മഹാസമുദ്രം വരെയുള്ള പ്രദേശം ഹിന്ദുരാഷ്ട്രത്തിൻ്റെ സ്ഥലപരിധിയായും, ആ ദേശം ഒരേ സമയം പിതൃദേശവും പുണ്യദേശവുമായിട്ടുള്ളവരാണ് അവിടത്തെ പൗരരെന്നും ചരിത്രപരമായി അസാധുവായ നിർവ്വചനം കൊണ്ടുവരാൻ ശ്രമിച്ചത്, മുസ്ലീങ്ങൾ ഇന്ത്യയിൽ അധികപ്പറ്റാണ് എന്ന് കാണിക്കാനായിരുന്നു. ഗോൾവാൾക്കറുടെ ” നാം അഥവാ നമ്മുടെ നിർവ്വചിക്കപ്പെട്ട രാഷ്ട്രീയ സ്വത്വം” എന്ന ഗ്രന്ഥത്തിൽ മുസ്ലീങ്ങളെ രണ്ടാംകിട പൗരരായി തന്നെ, ഹിറ്റ്ലറെ പിൻപറ്റി,  നിർവ്വചിക്കുകയുണ്ടായി. ഇത്തരം ആശയങ്ങളുടെ പ്രയോഗമാണ് ബീഹാറിൽ നടന്നത്. ബീഹാർ കലാപത്തിന് ശേഷം, ബീഹാറിൽ പര്യടനം നടത്തിയ ഓൾ ഇന്ത്യാ ഹിന്ദുമഹാസഭാ പ്രസിഡണ്ട് ബി എസ് മുഞ്ജേയും ബീഹാർ പ്രവിശ്യാ ഹിന്ദുമഹാസഭാ പ്രസിഡണ്ട് ഗംഗാനന്ദ് സിൻഹയും ചേർന്ന് സംയുക്ത പ്രസ്താവന ഇറക്കുകയുണ്ടായി. ആ പ്രസ്താവന ഹിന്ദു വംശീയവാദികളുടെ ഹീനമായ പ്രവൃത്തികളെ അങ്ങേയറ്റം ശ്ലാഘിക്കുന്നതും അവർ നടത്തിയ കൂട്ടക്കൊലയിൽ നിഗൂഢമായ ആഹ്ളാദം അനുഭവിക്കുന്നതുമായിരുന്നു. ബംഗാളിലെ ഹിന്ദുയുവതികൾക്ക് മേൽ നടത്തിയ മൃഗീയകൃത്യങ്ങൾക്കെതിരേ ഹിന്ദുമനസ്സിൻ്റെ തിളച്ചുപൊങ്ങലാണ് ബീഹാറിൽ നടന്നതെന്ന് അവർ പ്രസ്താവനയിൽ പറയുകയുണ്ടായി. “ബംഗാളിൽ നടന്നത് ഇന്ത്യയെ വിഭജിക്കാനുള്ള ആസൂത്രിതവും കണക്കുകൂട്ടിയുമുള്ള നീക്കമായിരുന്നെങ്കിൽ ബീഹാറിൽ നടന്നത് ശുദ്ധമായ സ്വയംപ്രതിരോധമാണ്. അത് തുറന്നതും ആണത്തമുള്ളതും ആയിരുന്നു. പിറകിൽ നിന്നുള്ള കുത്തായിരുന്നില്ല അത്. ഭീരുത്വത്തിൻ്റെ തരിമ്പുപോലുമില്ലാതെ, മുസ്ലീങ്ങൾക്ക് നൽകേണ്ടത് മുഴുവൻ തിരിച്ചു നൽകി. ഹിന്ദുക്കൾ സ്ത്രീകളെയും കുട്ടികളേയും ഉപദ്രവിച്ചില്ല. രോഷത്താൽ അവിടെയുമിവിടെയും ചിലരെ കൊന്നെന്നിരിക്കിലും” അവരുടെ പ്രസ്താവന പറയുന്നു.

ആസൂത്രിതമായി നടത്തിയ അക്രമമായിരുന്നു ബീഹാർ കലാപം എന്നതിന് യാതൊരു തെളിവും ഇല്ലെന്നും തൻ്റെ പ്രസ്താവനയിൽ മുഞ്ജേ കൂട്ടിച്ചേർത്തു.  ”സ്ത്രീകൾക്കും കുട്ടികൾക്കും മേൽ യാതൊരു പൈശാചിക സമീപനവും സ്വീകരിക്കാത്തത് ഹിന്ദുമതത്തിൻ്റേയും സംസ്കാരത്തിൻ്റേയും ഉന്നതനിലയെ കാണിക്കുന്നു. ഒരു നേതാവിൻ്റേയും മാർഗ്ഗനിർദ്ദേശമില്ലാതെ, സ്വയമേവയാണ് ഹിന്ദു ജനക്കൂട്ടം പ്രവർത്തിച്ചത് എന്നതാണ് ആ പ്രവൃത്തിയുടെ സൗന്ദര്യം “.

താൻ പ്രത്യേകം ശ്രദ്ധിച്ച ഒരു കാര്യമായി പ്രസ്താവനയിൽ മുഞ്ജേ രേഖപ്പെടുത്തിയത് മുസ്ലീങ്ങൾക്കിടയിൽ മരിക്കാനുള്ള പേടി കൂടുതലാണെന്നാണ്. അത് ബീഹാർ സന്ദർശനത്തിൽ തെളിഞ്ഞ ഒരു കാര്യമാണ്. ചില മുസ്ലീങ്ങൾ തന്നെ തൊഴുകൈയോടെ സമീപിച്ച് ” യജമാനനേ,  ഞങ്ങൾ ഹിന്ദുക്കളാകാൻ ആഗ്രഹിക്കുന്നു ” എന്ന് പറയുകയുണ്ടായെന്നും  തൻ്റെ ജീവിതത്തിലെ ആദ്യാനുഭവമാണ് അതെന്നും മുഞ്ജേ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. “അങ്ങനെയാണ് ജനങ്ങൾ പരിവർത്തനപ്പെടുക.മനസ്സാക്ഷിയുടെ സ്വാതന്ത്ര്യമെന്നും മറ്റും പ്രചരിപ്പിക്കുന്നത് ഭോഷ്ക്കാണ്. ഹിന്ദുക്കളോട് നിയമപരമോ അല്ലാത്തതോ ആയ മാർഗ്ഗങ്ങളിലൂടെ സ്ഫോടകവസ്തുക്കൾ ശേഖരിക്കാനും അതുവഴി ഹിന്ദുമതത്തെ  കൊല്ലുന്ന കോൺഗ്രസ്സിൻ്റെ നിലപാട് ചൂഷണം ചെയ്ത് ഇനിയും കലാപങ്ങൾക്ക് കോപ്പുകൂട്ടുന്ന മുസ്ലീങ്ങൾക്കെതിരെ പൊരുതാനും ” മുഞ്ജേ തൻ്റെ പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തു.

മുഞ്ജേയുടെ ഈ പ്രസ്താവന ശ്രദ്ധിച്ചു നോക്കുകയാണെങ്കിൽ, ബീഹാറിൽ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യുകയും അവരെ പലായിതരാക്കുകയും ചെയ്തതിൽ അദ്ദേഹം അനുഭവിക്കുന്ന നിഗൂഢാഹ്ലാദത്തിൻ്റെ അലകൾ വ്യക്തമാകും. “ആണത്ത’മുള്ള ഹിന്ദു എന്ന, ഹിന്ദു വംശീയവാദത്തിന്റെ കേന്ദ്രസ്വരൂപം ബീഹാർ കലാപത്തിലൂടെ പ്രതിഷ്ഠിക്കപ്പെട്ടു എന്നതാണ് അതിൻ്റെ ഒരു കാരണം. രണ്ടാമതായി,  ഹിന്ദു വംശീയ സ്വത്വം ഈ കൂട്ടക്കൊലയ്ക്കുള്ളിലൂടെ ഉറപ്പിക്കപ്പെട്ടു എന്നതാണ്. യാഥാസ്ഥിതിക ബ്രാഹ്മണ്യത്തിൻ്റെ ജാതിമേൽക്കോയ്മയ്ക്കപ്പുറം ബ്രാഹ്മണ്യത്തെ മതപരമായ ഒരു പ്രത്യയശാസ്ത്രമായി വ്യത്യസ്ത ജാതികളെക്കൊണ്ട് അംഗീകരിപ്പിക്കാൻ കഴിയും വിധം വ്യാജമായ ഹിന്ദു വംശീയത സൃഷ്ടിക്കാൻ മാത്രമല്ല, അതിനെ ഹിംസാശക്തിയായി പരിവർത്തിപ്പിക്കാനും ബീഹാർ കലാപത്തിന് കഴിഞ്ഞു. സ്ത്രീകൾക്കെതിരെയും കുട്ടികൾക്കെതിരെയും ആ ഹിന്ദു ആണത്ത സംഘം ചെയ്തു കൂട്ടിയ നിഷ്ഠുരതകൾ മറച്ചു വെയ്ക്കുക മാത്രമല്ല, മുസ്സോളിനിയെ സന്ദർശിക്കുകയും ഫാസിസത്തിൻ്റെ പ്രബോധനരീതി നേരിട്ടു കണ്ടറിയുകയും ചെയ്ത മുഞ്ജേ ചെയ്തത്. ബീഹാറിലെ വംശഹത്യയുടെ ഉത്തരവാദിത്വം ദൂരെ ദൂരെയുള്ള ബംഗാളിലെ ജിന്നാ പക്ഷക്കാരായ മുസ്ലീങ്ങൾക്ക് മേൽ ആരോപിക്കുക കൂടിയാണ്. കൊൽക്കൊത്തയിൽ വർഗ്ഗീയ ലഹളയ്ക്ക് ആദ്യ വെടി പൊട്ടിച്ചത് ജിന്നയുടെ മുസ്ലീം ലീഗ് ആണെങ്കിലും അവിടെ നടന്നത് ഹിന്ദുവംശീയവാദികളുടേയും ജിന്നയുടെ മുസ്ലീം ലീഗ് അണികളുടേയും ഏറ്റുമുട്ടലും അതിനെ തുടർന്നുള്ള വർഗ്ഗീയ ലഹളയുമാണ്. രണ്ടുപക്ഷത്തെ ആളുകൾക്കും അവിടെ ദുരിതങ്ങൾ നേരിടേണ്ടി വന്നു. എന്നാൽ ബീഹാറിൽ ഏകപക്ഷീയമായ വംശഹത്യയാണ് അരങ്ങേറിയത്. ആ കലാപത്തിൽ നാമമാത്രമായി  ഹിന്ദുക്കൾ മരിച്ചത്,  പോലീസ് വെടിവെയ്പ് പോലുള്ള ക്രമസമാധാനപാലനത്തിൻ്റെ നടപടികളുടെ ഫലമായിട്ടാണ്. അല്ലാതെ മുസ്ലീങ്ങളുടെ സംഘടിത ആക്രമണങ്ങളുടെ ഫലമായിട്ടല്ല.

ബീഹാറിൽ നടന്ന ഈ വംശഹത്യ യഥാർത്ഥത്തിൽ പാകിസ്ഥാൻ സാധ്യമാക്കുന്നതിൽ ജിന്നയെ സഹായിക്കുകയാണ് ചെയ്തത്. കോൺഗ്രസ്സ് ഭരിക്കുന്ന ബീഹാറിൽ 30, 000 മുസ്ലീങ്ങൾ (ജിന്നയുടെ കണക്കനുസരിച്ച്) കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടി,  സ്വതന്ത്ര ഇന്ത്യയിൽ കോൺഗ്രസ്സ് ഭരണം വരികയാണെങ്കിൽ മുസ്ലീങ്ങൾക്ക് സുരക്ഷിതത്വം ഉണ്ടായിരിക്കില്ല എന്ന പ്രചരണമാണ് ജിന്ന നടത്തിയത്. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ അത് ഗണനീയമായി സ്വീകരിക്കപ്പെട്ടു. പാകിസ്ഥാൻ വാദത്തിന് അവിടങ്ങളിൽ പിന്തുണയേറി.

ഈ വംശഹത്യയ്ക്ക് സഹായകമായത്, ബീഹാറിലെ ആർ എസ് എസ് സാന്നിദ്ധ്യമായിരുന്നു എന്ന് ഗവേഷകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബീഹാറിലെ ഒരു വിഭാഗം കച്ചവടക്കാർ ആർ എസ് എസിനെ കൈയയഞ്ഞു സഹായിച്ചിരുന്നു. അതിൻ്റെ ഫലമായി ബീഹാറിലെമ്പാടും ശാഖകൾ സ്ഥാപിക്കാൻ ആർ എസ് എസിന് കഴിഞ്ഞു. ഹിന്ദു വംശീയവാദികളുടെ പ്രവർത്തനവും ജിന്നയുടെ മുസ്ലീം ലീഗിൻ്റെ പാകിസ്ഥാൻ വാദവും കോൺഗ്രസ്സിലെ ഒരു കൂട്ടം  ഹിന്ദുക്കളെപ്പോലും മുസ്ലീം വിരുദ്ധരാക്കി.

നവഖലിയിലായിരുന്ന ഗാന്ധി,  ബീഹാറിലെ സംഭവഗതികൾ അറിഞ്ഞ് അങ്ങേയറ്റം വേദനിച്ചു. നിരാഹാര സത്യഗ്രഹത്തോട് അടുത്തു നിൽക്കും വിധം,  പ്രതിരോധസമരം എന്നവണ്ണം അദ്ദേഹം ആഹാരം അങ്ങേയറ്റം കുറച്ചു. 1946 നവംബർ 2 ന് അദ്ദേഹം ഒരു പ്രസ്താവന പുറപ്പെടുവിക്കുകയുണ്ടായി. ബീഹാറിലെ ജനസമൂഹത്തെ അഭിസംബോധന ചെയ്യുന്ന ആ പ്രസ്താവന ഇങ്ങനെയായിരുന്നു.

“എൻ്റെ  സ്വപ്നങ്ങളിലെ ബീഹാർ അതിനെത്തന്നെ നുണയാക്കി മാറ്റുന്നതായി  തോന്നുന്നു. മുൻവിധികളോട്  കൂടിയോ  ഊതിവീർപ്പിച്ചതോ ആയേക്കാവുന്ന റിപ്പോർട്ടുകളെ ഞാൻ ആശ്രയിക്കുന്നില്ല. മുഖ്യമന്ത്രിയും അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരും നിരന്തരമായി, ബീഹാറിൻ്റെ ദുരന്തത്തെപ്പറ്റി , വാക്ചാതുര്യത്തോടെ പറഞ്ഞുകൊണ്ടിരിക്കുന്നത്,  ബംഗാളിലെ മുസ്ലീംലീഗ് ഗവണ്മെൻ്റിൻ്റെ കീഴിൽ കാര്യങ്ങൾ വളരെ മോശപ്പെട്ടതല്ലെങ്കിൽ കൂടി,  അതത്ര നല്ലതല്ലാത്തതിനാൽ തിരിച്ചടിക്കുക എളുപ്പമാണെന്നും  ബീഹാർ ആ തിരിച്ചടിയുടെ ഫലമാണെന്നുമാണ്. ഒരു കൂട്ടരുടെ ചീത്ത പ്രവൃത്തി, എതിർ നില്ക്കുന്ന പാർട്ടിയുടെ അതേ പ്രവൃത്തിക്കുള്ള ന്യായീകരണമല്ല. പ്രത്യേകിച്ചും എതിർനില്ക്കുന്ന കക്ഷി  (കോൺഗ്രസ്സ്)  അതിൻ്റെ  ദീർഘവും വിപുലവുമായ രാഷ്ട്രീയ  നേട്ടങ്ങളിൽ അഭിമാനിക്കുന്ന ഒന്നാകുമ്പോൾ. ഒരാഴ്ചയിൽ കൂടുതൽ കൊൽക്കൊത്തയിലുണ്ടായിട്ടു പോലും  എനിക്ക്  ഇപ്പോഴും ബംഗാൾദുരന്തത്തിൻ്റെ വ്യാപ്തിയറിയാൻ കഴിഞ്ഞില്ല എന്നതിൽ ഞാൻ തീർച്ചയായും പശ്ചാത്തപിക്കേണ്ടതാണ്. ബീഹാർ എന്നെ വിളിക്കുന്നുണ്ടെങ്കിലും ഞാൻ എൻ്റെ നവഖലിയിലെ ദൗത്യത്തെ തടസ്സപ്പെടുത്താൻ പാടുള്ളതല്ല.മാത്രമല്ല, കോൺഗ്രസ്സുകാർ മുസ്ലീംലീഗിനെ പഴിക്കുമ്പോൾ ഓർക്കേണ്ടത് തിരിച്ചുള്ള വർഗ്ഗീയത, വർഗ്ഗീയതയ്ക്ക് ഉത്തരമാണോ എന്ന വസ്തുതയാണ്. ബീഹാറിലെ 14% വരുന്ന മുസ്ലീം ജനതയെ തച്ചുതകർക്കുന്ന പ്രാകൃതത്വമാണോ ദേശീയതാവാദം അന്വേഷിച്ചുകൊണ്ടിരിക്കുന്നത്?

ഏതാനും ബീഹാറികൾ ചെയ്ത പാപങ്ങളുടെ ഫലമായി മുഴുവൻ ബീഹാറിനേയും അപലപിക്കാൻ പാടുള്ളതല്ല എന്ന കാര്യം എനിക്കാരും പറഞ്ഞു തരേണ്ടതില്ല. പക്ഷെ, ഒരു ബ്രജ് കിഷോർ പ്രസാദിനേയോ ഒരു രാജേന്ദ്രപ്രസാദിനേയോ ഉയർത്തിക്കാട്ടി നേട്ടം കൊയ്യാൻ ബീഹാറിനാകുമോ?ബീഹാറിലെ ദുഷ്പെരുമാറ്റം  തുടരുകയാണെങ്കിൽ ഇന്ത്യയിലെ മുഴുവൻ ഹിന്ദുക്കളെയും ലോകം പഴിക്കും. അതാണതിൻ്റെ രീതി. ആ രീതി തെറ്റായ രീതിയെന്ന് പറയാനുമാകില്ല. ബീഹാർ ഹിന്ദുവിൻ്റെ ദുഷ്ചെയ്തികൾ കോൺഗ്രസ്സ്  വീമ്പടിക്കുന്ന പോലെ കുറച്ച് സിക്കുകാരും മുസ്ലീങ്ങളും ക്രിസ്ത്യാനികളും പാഴ്സികളും മറ്റുള്ളവരും അതിൻ്റെ ഔദ്യോഗിക സ്ഥാനങ്ങളിൽ ഉണ്ടെങ്കിലും,  അത് ആത്യന്തികമായി ഒരു ഹിന്ദു സംഘടനയാണെന്നുള്ള  ക്വയ്ദ് – എ – അസ്സം ജിന്നയുടെ പ്രലപനം നീതിമത്ക്കരിക്കപ്പെടും. ഭൂരിഭാഗം മുസ്ലീങ്ങളേയും തങ്ങളുടെ സഹോദരങ്ങളായി കണ്ടുകൊണ്ട്,  വലിയ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾക്ക് സമാനമായ വിധത്തിൽ,  സംരക്ഷണം ആവശ്യമുള്ളവരാണ് അവരെന്ന് ആദരവ് നൽകാൻ ബീഹാറി ഹിന്ദുക്കൾ ബാധ്യസ്ഥരാണ്.  കോൺഗ്രസ്സിൻ്റെ യശസ്സ് ഗണനീയമാം വിധം ഉയർത്തിയ അതേ ബീഹാറിനെ, അതിൻ്റെ ശവക്കുഴിയൊരുക്കുന്നതിൽ മുന്നിൽ നിൽക്കാൻ അനുവദിച്ചു കൂടാ.

ഞാനൊരിക്കലും എൻ്റെ അഹിംസയെ ചൊല്ലി ലജ്ജിക്കില്ല. ഞാൻ ബംഗാളിൽ വന്നത് ഇത്രയും കാലം കഴിഞ്ഞ്  എന്നിലൂടെ പ്രകാശിക്കാൻ മാത്രം എൻ്റെ അഹിംസ  എത്രമാത്രം കരുത്തുറ്റതാണ് എന്ന് അറിയാൻ കൂടിയാണ്. പക്ഷെ,  ഈ കത്തിലൂടെ നിങ്ങളോട് അഹിംസയെക്കുറിച്ച് സംസാരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ ഉദ്ദേശിക്കുന്നത് നിങ്ങൾ ചെയ്തതായി റിപ്പോർട്ട് ചെയ്ത കാര്യങ്ങൾ ഒരിക്കലും ധീരതയുടെ പ്രകടനമായി കരുതുക വയ്യ എന്നതാണ്.ഏതാനും ആയിരങ്ങൾ നൂറുകണക്കിന് പേരെ കൊല്ലുന്നത് ധീരതയല്ല. അത് ഭീരുത്വത്തിലും വൃത്തികെട്ടതാണ്. ദേശീയതയെ സംബന്ധിച്ചായാലും മതത്തെ സംബന്ധിച്ചായാലും അത് നിർമൂല്യമാണ്. അടിക്ക് പകരമായാണ് നിങ്ങൾ അടി നൽകിയതെങ്കിൽ നിങ്ങൾക്ക് നേരെ വിരൽ ചൂണ്ടാൻ ഒരാളും തുനിയില്ലായിരുന്നു. പക്ഷെ, നിങ്ങളെത്തന്നെ വിലകുറയ്ക്കുന്നതും ഇന്ത്യയെ അപമാനിക്കുന്നതുമായ ഒന്നാണ് നിങ്ങൾ ചെയ്തത്.

നിങ്ങൾ നിങ്ങളുടെ  മനുഷ്യത്വരാഹിത്യത്തിൽ പശ്ചാത്തപിക്കുന്നുവെങ്കിൽ, പണ്ഡിറ്റ് ജവഹർലാൽ നെഹ്റുജിയോടും നിഷ്താർ സാഹേബിനോടും ഡോ. രാജേന്ദ്രപ്രസാദിനോടും (അവർ മൂന്നുപേരുമാണ് കലാപകലുഷിതമായ ബീഹാറിൽ ആദ്യമെത്തിയത്. ഒപ്പം കലാപത്തെ നേരിടാൻ പട്ടാളം ഇറങ്ങുകയും ചെയ്തിരുന്നു) അവരുടെ പട്ടാളത്തോടൊപ്പം തിരിച്ചു പോകാൻ പറയുകയും മുസ്ലീങ്ങളെ സ്വന്തം സഹോദരരായി കരുതി ശ്രദ്ധയും കരുതലും അവർക്ക് നൽകുകയും ചെയ്യുക.

ഓരോ മുസ്ലീം അഭയാർത്ഥിയും അവരവരുടെ വസതികളിൽ തിരിച്ചെത്തും വരെ നിങ്ങൾ വിശ്രമിക്കാൻ പാടുള്ളതല്ല. പുനർനിർമ്മാണം നിങ്ങളേറ്റെടുക്കുകയും നിങ്ങളുടെ മന്ത്രിമാരോട് അതിനായി ആവശ്യപ്പെടുകയും ചെയ്യുക. നിങ്ങളുടെ മന്ത്രിമാരെക്കുറിച്ച്, വിമർശകർ എന്നോടെന്താണ് പറഞ്ഞതെന്ന് നിങ്ങൾക്കറിഞ്ഞുകൂടാ.

ഞാനെന്നെത്തന്നെ നിങ്ങളുടെ ഒരു ഭാഗമായി കാണുന്നു. നിങ്ങളുടെ സ്നേഹം അത്തരം ഒരു വിധേയത്വത്തെ എന്നിൽ ഉണ്ടാക്കിയിരിക്കുന്നു. ബീഹാറി ഹിന്ദുക്കൾ എന്ത് ചെയ്യും എന്ന് കാണിച്ചു തന്ന സ്ഥിതിക്ക്,  അതിൻ്റെ ഉത്തരവാദിത്വം നിങ്ങളെക്കാൾ കൂടുതൽ ഏറ്റെടുത്ത്,  തപശ്ചര്യയുടേതായ എന്തെങ്കിലും കാര്യങ്ങൾ ചെയ്യാതിരിക്കും വരെ എനിക്ക് വിശ്രമമില്ല. കൊൽക്കൊത്തയിൽ എത്തിയതിന് ശേഷം പ്രധാനമായും ആരോഗ്യകാരണങ്ങളാൽ, ഏറ്റവും കുറഞ്ഞ അളവിലുള്ള ആഹാരമാണ്  ഞാൻ കഴിക്കുന്നത്. ബീഹാർ ദുരന്തം അറിഞ്ഞതോടെ ആ ചെറിയ അളവിലുള്ള ആഹാരം ഒരു തപശ്ചര്യയെന്നവണ്ണം തുടർന്നുകൊണ്ടിരിക്കുകയാണ്. തെറ്റു ചെയ്തുകൊണ്ടിരിക്കുന്ന ബീഹാറികൾ അതിനെ പുതിയൊരു താളിലേയ്ക്ക് മറിക്കുന്നില്ലെങ്കിൽ, ആ ലഘുവായ ഭക്ഷണക്രമത്തെ നിരാഹാര സത്യഗ്രഹമാക്കി തീർക്കേണ്ടി വരും.

എൻ്റെ പ്രവൃത്തിയെ, വിശുദ്ധമായ ഉത്തരവാദിത്വത്തിന് വേണ്ടിയുള്ള സമ്പൂർണ്ണ തപശ്ചര്യയല്ലാതെ മറ്റെന്തെങ്കിലുമായി തെറ്റിദ്ധരിക്കുന്നത് വഴി ബീഹാറിന്  യാതൊരു അപകടവും ഉണ്ടാകുന്നതല്ല.

ഒരു സുഹൃത്തും സഹായിക്കാനോ  സഹതാപം കാണിക്കാനോ എൻ്റെ അടുത്തേയ്ക്ക് ഓടിയെത്തേണ്ടതില്ല. ഞാൻ സ്നേഹമുള്ള സുഹൃത്തുക്കളാൽ വലയം ചെയ്യപ്പെട്ടിരിക്കുകയാണ്. എന്നെ ആരെങ്കിലും അനുകരിക്കുക എന്നത് അപ്രസക്തവും അങ്ങേയറ്റത്തെ തെറ്റും ആയിരിക്കും. സഹതാപ നിരാഹാരവും അർദ്ധനിരാഹാരവും ആരാലും ആഹ്വാനം ചെയ്യപ്പെട്ടിട്ടില്ല. അത്തരം പ്രവൃത്തികൾക്ക് ദോഷമേ ചെയ്യാൻ കഴിയൂ.എന്നെ അറിയുന്നവരിലും എൻ്റെ  പ്രവൃത്തികളിൽ നിർവ്യാജമായി വിശ്വസിക്കുന്നവരിലും ഉള്ള മനഃസാക്ഷിയെ പെട്ടെന്നുണർത്തുന്നതിനായാണ്  എൻ്റെ തപശ്ചര്യ പരിശ്രമിക്കുന്നത്. ആരും എന്നെ ചൊല്ലി ആശങ്കപ്പെടേണ്ടതില്ല. എല്ലാവരേയും പോലെ ഞാനും ദൈവത്തിൻ്റെ കാവലിലാണ്. ഇന്നത്തെ കലങ്ങിമറിയലിനിടയിൽ എന്റെ സേവനം ദൈവം ആഗ്രഹിക്കുന്നുണ്ടെങ്കിൽ എനിക്ക് ഒന്നും തന്നെ സംഭവിക്കില്ല.”

കലാപബാധിതമായ ബീഹാറിൽ ആദ്യം എത്തിച്ചേർന്ന ദേശീയ നേതാക്കൾ ജവഹർലാൽ നെഹ്റു,  ഡോ. രാജേന്ദ്രപ്രസാദ് എന്നിവരാണ്. ബീഹാറിലെ ജനതയോടുള്ള അഭ്യർത്ഥന പുറപ്പെടുവിക്കുന്നതിന് മുമ്പു തന്നെ, തലേന്ന് 1946 നവംബർ 5 ന് ഗാന്ധി, നെഹ്റുവിനെഴുതി.

” ബീഹാറിൽ നിന്നുള്ള വാർത്തകൾ എന്നെ പിടിച്ചു കുലുക്കുന്നു. എൻ്റെ കടമ എന്തെന്നള്ളത് എനിക്ക് വ്യക്തമാണ്. ഒരു നിരാഹാര സത്യഗ്രഹത്തിനുള്ള ശക്തി എനിക്കില്ലെങ്കിലും,  ഞാനതിന് മടിക്കില്ല. എൻ്റെ അന്ത:ശബ്ദം എന്നോട് ഇങ്ങനെ പറയുന്നു. “ഇത്തരം വിവേകം തൊട്ടുതീണ്ടാത്ത കൊലകൾക്ക് സാക്ഷിയായി നീ ജീവിക്കേണ്ടതില്ല. പകൽവെളിച്ചം പോലെ വ്യക്തമായ ഒന്നിനെ കാണാൻ ജനങ്ങൾ കൂട്ടാക്കുന്നില്ലെങ്കിൽ, നിങ്ങൾ പറയുന്നത് അവർ കേൾക്കുന്നില്ലെങ്കിൽ,  നിങ്ങളുടെ ദിനങ്ങൾ അവസാനിച്ചു എന്നല്ലേ അതിൻ്റെ അർത്ഥം? ഈ  വാദത്തിൻ്റെ  യുക്തി എന്നെ നിരാഹാര സത്യഗ്രഹത്തിലേയ്ക്ക് യാതൊരു തടസ്സവും കൂടാതെ നയിക്കുന്നു. അതിനാൽ,  ഈ ഭ്രാന്തമായ ഉന്മാദം അവസാനിക്കും വരെ, ഞാൻ മരണംവരെയുള്ള ഉപവാസം ആരംഭിക്കും എന്ന പ്രസ്താവന പുറപ്പെടുവിക്കാൻ പോകുന്നു. ”

നവഖലിയിലെ വർഗ്ഗീയ ഭ്രാന്ത് ശമിപ്പിക്കാൻ ഗാന്ധി നഗ്നപാദനായി ഗ്രാമങ്ങളിൽ റോന്തുചുറ്റുന്ന കാലത്താണ് ബീഹാറിൽ വംശഹത്യാശ്രമങ്ങൾ അരങ്ങേറുന്നത്. മേൽ പ്രസ്താവനകൾ സൂചിപ്പിക്കും പോലെ ആദ്യമാദ്യം ഗാന്ധി വിശ്വസിച്ചിരുന്നത് ഊതി വീർപ്പിക്കപ്പെട്ട വാർത്തകളാണ് ബീഹാറിൽ നിന്നു വരുന്നത് എന്നാണ്. എന്നാൽ അതിനപ്പുറം ഹിന്ദുക്കൾ അഹിതമായ ഒന്ന് മുസ്ലീങ്ങൾക്ക് നേരെ ബിഹാറിൽ പ്രവർത്തിച്ചു എന്ന കാര്യത്തിൽ അദ്ദേഹത്തിന് സംശയമൊന്നുമില്ല. എങ്കിൽ പോലും ഈ ഘട്ടത്തിൽ ഹിന്ദു വംശീയ വാദികളുടെ കുടിലതയാണ് ബീഹാർ കലാപത്തെ സൃഷ്ടിച്ചതെന്ന യാഥാർത്ഥ്യത്തിലേയ്ക്ക് അദ്ദേഹം പൂർണ്ണമായി എത്തിയിരുന്നില്ല. ഹിന്ദുക്കളെ ഹിംസാത്മകമായി ചലിപ്പിച്ചതിന് പിന്നിൽ ഹിന്ദു വംശീയവാദത്തിന്റെ വിവിധ സംഘടനാ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമതയുണ്ടെന്ന കാര്യം അദ്ദേഹത്തിനപ്പോൾ മുഴുവനായും മനസ്സിലായിരുന്നില്ല. അതേ സമയം ഏകപക്ഷീയ ആക്രമണം ഹിന്ദുക്കളിൽ നിന്ന് ബീഹാർ മുസ്ലീങ്ങൾക്ക്,  കോൺഗ്രസ്സ്  ഭരിക്കുന്ന സംസ്ഥാനത്ത് സംഭവിച്ചു എന്ന വസ്തുത, നിരാഹാര സത്യഗ്രഹം പോലുള്ള സമരമാർഗ്ഗത്തിലേയ്ക്ക് അദ്ദേഹത്തെ നയിക്കുന്നുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ തൻ്റെ പ്രധാനപ്പെട്ട സമരമുറ പുറത്തെടുക്കേണ്ടി വരും എന്ന് ആദ്യമായി അദ്ദേഹത്തെ മനസ്സിലാക്കിപ്പിച്ചത് ബീഹാർ കലാപമാണ്. കൊൽക്കൊത്തയിലെ സ്ഥിതിഗതികളിൽ പ്രതിഷേധിച്ചാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ നിരാഹാര സമരം ഗാന്ധി നടത്തുന്നതെങ്കിലും, ബീഹാർ സംഭവങ്ങളിൽ പ്രതിഷേധിച്ച് അദ്ദേഹം ആരംഭിച്ച അർദ്ധനിരാഹാര ക്രമത്തെ,  ഹിന്ദു വർഗ്ഗീയതയ്ക്കെതിരെയുള്ള ആദ്യ സമരശ്രമമായി നമുക്ക് കാണാൻ കഴിയും. ആ ഘട്ടത്തിൽ ക്രമസമാധാനം പാലിക്കുന്നതിൽ ഗവണ്മെൻ്റിനുണ്ടായ വീഴ്ചയ്ക്കാണ് അദ്ദേഹം മുൻഗണന നൽകുന്നതെങ്കിൽ പോലും.

ബംഗാൾ മുഖ്യമന്ത്രിയായിരുന്ന എച്ച്. സുഹ്രവർദ്ദി 1946 ഡിസംബർ 25 ന്, ഗാന്ധിക്കെഴുതിയ കത്തിലാണ് ബീഹാർ കലാപത്തിൻ്റെ നീളവും വീതിയും കനവും യഥാർത്ഥത്തിൽ എത്രയുണ്ടെന്ന് വിവരിക്കുന്നത്. ബീഹാർ കലാപത്തെക്കുറിച്ചുള്ള ഗാന്ധിയുടെ പത്രക്കുറിപ്പ് വായിച്ച സുഹ്രവർദ്ദിക്ക്,  ആ കലാപത്തിൻ്റെ യഥാർത്ഥ രൂക്ഷത ഗാന്ധി അറിഞ്ഞിട്ടില്ലെന്ന് തോന്നിയതിനാലാണ് ആ കത്തെഴുതുന്നത്. ഹോളോകാസ്റ്റ് എന്ന വാക്കാണ് ബീഹാറിലെ കൂട്ടക്കൊലയെ വിശേഷിപ്പിക്കാൻ സുഹ്രവർദ്ദി  ഉപയോഗിക്കുന്നത്. ഈ കത്തിന് അനുബന്ധമായി താനറിഞ്ഞ ഒരു കാര്യം സുഹ്രവർദ്ദി വിവരിക്കുന്നത് ഇങ്ങനെയാണ്. ” പാറ്റ്നയിൽ നിന്നും വന്ന എൻ്റെ ചില സുഹൃത്തുക്കളുടെ അനുഭവത്തിൻ്റെ സ്വഭാവം അവരിൽ നിന്നും കേട്ടറിയാൻ താങ്കൾക്ക് കഴിയുകയാണെങ്കിൽ ബീഹാറിൽ നടന്ന സംഭവങ്ങളേയും  ബീഹാർ ഗവണ്മെൻ്റിനേയും കുറിച്ചുള്ള താങ്കളുടെ സന്ദേഹങ്ങൾ നീങ്ങിക്കിട്ടും.. അതിലൊന്ന് മാത്രം ഞാൻ പറയാം. ഗയ ജില്ലയിൽ, ജെഹനാബാദ് സബ് ഡിവിഷനിൽ ഘോസി എന്നൊരു പ്രവിശ്യയുണ്ട്. ഈ പ്രവിശ്യയിലെ ഒരൊറ്റ മുസ്ലീം ഗ്രാമം പോലും ലഹളക്കാർ ഒഴിവാക്കിയില്ല. പുരുഷന്മാരും സ്ത്രീകളും കുട്ടികളും കണ്ണിൽ ചോരയില്ലാതെ കൊല്ലപ്പെട്ടു. ചില സ്ത്രീകൾക്കും  കുട്ടികൾക്കും  ഘോസി പ്രവിശ്യയിലെ സബ് ഇൻസ്പെക്ടറാൽ, ആകസ്മികമായി അത് ഫഹിമുദ്ദീൻ എന്ന് പേരുള്ള മുസ്ലീം ആയിപ്പോയി, രക്ഷ നൽകപ്പെട്ടു. അദ്ദേഹം ചിലർക്ക് പോലീസ് സ്‌റ്റേഷനിലും മറ്റു ചിലർക്ക് സ്വന്തം വീട്ടിലും അഭയം കൊടുത്തു. പോലീസ് ഇൻസ്പെക്ടറായ ബസന്ത് സിങ്ങ്,  അദ്ദേഹത്തിൻ്റെ അടുത്തുചെല്ലുകയും അവരെയെല്ലാം ഇറക്കിവിടാൻ ഫഹിമുദ്ദീനോട് ആവശ്യപ്പെടുകയും ചെയ്തു. പുറത്ത് മഴ പെയ്തുകൊണ്ടിരിക്കുകയാണെന്ന ന്യായത്തിൽ,  അവരെ പുറത്തിറക്കി വിട്ടാൽ അവർ ഹിന്ദുക്കളാൽ കൊല്ലപ്പെട്ടേക്കും എന്ന് പറഞ്ഞ് ഫഹിമുദ്ദീൻ അതിനെ എതിർത്തു. പുറത്താക്കപ്പെടേണ്ടവരെയെല്ലാം പുറത്താക്കണമെന്ന് ബസന്ത് സിങ്ങ് ശഠിച്ചു. പാറ്റ്നയിൽ തമ്പടിച്ചിരുന്ന, കൊൽക്കൊത്തയിൽ നിന്നുള്ള മുസ്ലീംലീഗ് വളണ്ടിയർമാരാണ് അവരെ പിന്നീട് രക്ഷിച്ചത്. തൻ്റെ കൈയ്യിലുള്ള തോക്ക് സമർപ്പിക്കാൻ ഫഹിമുദ്ദീനോട്, ബസന്ത് സിംഗ് ആവശ്യപ്പെടുക പോലും ചെയ്തു. എന്നാൽ ഫഹിമുദ്ദീൻ അതിന് വിസമ്മതിച്ചു. ബീഹാർ ധനമന്ത്രിയായിരുന്ന അനുഗ്രഹ നാരായൺ സിംഗിൻ്റെ ബന്ധുവായിരുന്ന ബസന്ത് സിംഗ് നേരത്തെ തന്നെ ഫഹിമുദ്ദീനെ സംബന്ധിച്ച് പരാതി പറഞ്ഞിരുന്നു. ഫഹിമുദ്ദീൻ്റെ സെർവ്വീസ് റെക്കോർഡിൽ വിപരീതമായ പരാമർശങ്ങൾ ബസന്ത് സിംഗ് നടത്തിയതിനെ തുടർന്ന് അദ്ദേഹത്തെ ഔറംഗാബാദിലേയ്ക്ക് സ്ഥലം മാറ്റി. വെറും വർഗ്ഗീയതയുടെ അടിസ്ഥാനത്തിലാണിത് നടന്നത്. ”

ഗാന്ധി ഈ കത്ത് ബീഹാർ ഗവണ്മെൻ്റിന് അയച്ചുകൊടുത്തു. ഗവണ്മെൻ്റ് ഉദ്യോഗസ്ഥർ ഇതിൽപ്പറഞ്ഞ എല്ലാ ആരോപണങ്ങളും നിഷേധിക്കുകയാണ് ചെയ്തത്.

നവഖലിയിൽ റാംപൂറിൽ ക്യാമ്പ് ചെയ്യുന്ന അവസരത്തിൽ ഗാന്ധിക്ക്, 1947 ജനുവരി 7-ന് മറ്റൊരു കത്ത് ലഭിക്കുകയുണ്ടായി. ബീഹാറിലെ മോൺഗിർ ജില്ലയിലെ മുസ്ലീംലീഗ് പ്രസിഡണ്ട് ആയിരുന്ന എസ് എം സൊഹൈൽ ആണ് ആ കത്ത് എഴുതിയിരുന്നത്.അതിൽ നിരവധി ആരോപണങ്ങൾ ഗവണ്മെൻ്റിൻ്റെ നേരെ ഉന്നയിച്ചിരുന്നു. അതിൽ പ്രധാനപ്പെട്ടത് 1946 നവംബർ 11 വരെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മുസ്ലീംലീഗ് പ്രവർത്തകരെ അനുവദിച്ചില്ല എന്നതാണ്. വീടുവിട്ടോടിയ മുസ്ലീങ്ങളെ തീവണ്ടിയിൽ വെച്ച് കൊലപ്പെടുത്തുകയും ബസ്സുകളിൽ വെച്ച് ഉപദ്രവിക്കുകയും ചെയ്യുന്ന സംഭവങ്ങൾ നടന്നതോടെ മുസ്ലീങ്ങൾക്ക് റോഡുവഴിയോ റെയിലു വഴിയോ സഞ്ചരിക്കാൻ കഴിയാതെയായെന്നും സൊഹൈൽ ആരോപിച്ചു. അഭയാർത്ഥി ക്യാമ്പുകളിൽ,  തടവറയേക്കാൾ മോശമായ സ്ഥിതിയിലാണ് മുസ്ലീങ്ങൾ കഴിയുന്നതെന്നും  അവരോട് സംസാരിക്കാൻ ലീഗ് പ്രവർത്തകരെ അനുവദിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. അഭയാർത്ഥികളിൽ പലർക്കും ആവശ്യത്തിന് വസ്ത്രങ്ങൾ ലഭിക്കുന്നില്ലെന്നും,  അവരിൽ പലരേയും നിർബന്ധിതമായി യാതൊരു സുരക്ഷിതത്വവും പ്രദാനം ചെയ്യാതെ സ്വഗൃഹങ്ങളിലേയ്ക്ക് തന്നെ പറഞ്ഞു വിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇതും ഗാന്ധി, ബീഹാർ ഗവണ്മെൻ്റിന് അയച്ചു കൊടുത്തു., മോൺഗീറിലെ ജില്ലാ മജിസ്ട്രേട്ട് മേൽ ആരോപണങ്ങളെ നിഷേധിച്ചു കൊണ്ടുള്ള മറുപടിയാണ് തന്നത്.

കലാപം നടന്ന ഉടനെത്തന്നെ ജാമിയത്ത് – ഉൽ – ഉലമ – ഏ – ഹിന്ദിൻ്റെ സെക്രട്ടറി മൗലാന മൊഹമ്മദ് മിയാനും ബീഹാർ പ്രവിശ്യാ സെക്രട്ടറി  മൗലാന ഹക്കിം നൂറുള്ളായും ലുധിയാനയിലെ മുഫ്ത്തി മൊഹമ്മദ് സിയാവുൾ ഹസ്സനും കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. അതിന് ശേഷം അവർ പത്രങ്ങൾക്ക് ഒരു വാർത്താക്കുറിപ്പ് നൽകിയിരുന്നു.

“ഈയ്യിടെ ബീഹാറിൽ ലഹള പൊട്ടിപ്പുറപ്പെട്ട സ്ഥലങ്ങൾ വെറുതെ സന്ദർശിച്ചാൽപ്പോലും ഒരാൾക്ക് അയാളുടെ അഗാധമായ ദു:ഖത്തിൽ നിന്ന് ഉടലെടുക്കുന്ന വികാരം അടക്കുക  അസാധ്യമാണ്. നിഷ്ക്കളങ്കരായ മനുഷ്യരുടെ മേൽ,  പ്രത്യേകിച്ച് വൃദ്ധരുടേയും സ്ത്രീകളുടേയും കുട്ടികളുടേയും മേൽ നടത്തിയ രക്തം തണുത്തുറപ്പിക്കുന്ന കൂട്ടക്കൊലകൾ,  താറുമാറാക്കിയ ഗ്രാമങ്ങൾ,  കൊള്ള, വീടുകൾക്കും വസ്തുവകകൾക്കും മേൽ നടന്ന കൊള്ളിവെയ്പ് തുടങ്ങിയവ,  ഹൃദയം കല്ലിച്ച മനുഷ്യർ ഭീതി വിതച്ചു നടത്തിയ കൃത്യങ്ങളിലെ പൊതു ഘടകങ്ങൾ ആയിരുന്നു. നഷ്ടപ്പെട്ട ജീവൻ്റെയും വസ്തുവകകളുടെയും കണക്കെടുപ്പ്  ഇപ്പോൾ വിഷമകരമാണെങ്കിലും, പതിനായിരം പേരെങ്കിലും കൊല്ലപ്പെട്ടെന്ന് ഒരാൾക്ക് വളരെ എളുപ്പത്തിൽ കണക്കാക്കാൻ സാധിക്കും. അത് ഒരു ഊതിപ്പെരുപ്പിച്ച കണക്കല്ല. മുഴുവൻ ദുരന്തത്തിൻ്റേയും ഏറ്റവും ലജ്ജാകരമായ ഘടകം,  ദുരിതബാധിതരിൽ മിക്കവരും നിസ്സഹായരായ സ്ത്രീകളും കുട്ടികളും ആയിരുന്നുവെന്നാണ്. നിയുക്തസംഘത്തിലെ അംഗങ്ങൾ എത്തിയ നിഗമനം നിഷ്ക്കളങ്ക മനുഷ്യരെ ആക്രമിച്ച ആയിരങ്ങളുടെ സംഘത്തെ, കാലേകൂട്ടി കണ്ടെത്തുകയും ബുദ്ധിപരമായി ലഹള ആസൂത്രണം ചെയ്യുകയും ചെയ്തു എന്നാണ്. ഗുണ്ടായിസത്തിൻ്റെ ഫലമായാണ് ഈ കൂട്ടക്കൊല നടന്നതെന്നത് ഈ നിർഭാഗ്യരാജ്യത്തിന് മേൽ ചൊരിഞ്ഞ അസംബന്ധ പ്രവൃത്തിയാണ്. “

കോൺഗ്രസ്സുകാരിൽ ചിലരെങ്കിലും ഈ കലാപത്തിൽ പങ്കെടുത്തതായി ജാമിയത്ത് – ഉൽ- ഉലമയുടെ നിയുക്ത സംഘം ആരോപിച്ചു. എന്നാൽ ലഹളയെത്തുടർന്ന് ബീഹാറിൽ ഓടിയെത്തിയ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു നടത്തിയ അസാമാന്യ പ്രവർത്തനത്തെ നിയുക്തസംഘം ശ്ലാഘിച്ചു.

“ബീഹാർ സന്ദർശിക്കുകയും ദു:ഖാർത്ഥരായ മനുഷ്യരുടെ അങ്ങേയറ്റം ചകിതമായ വികാരങ്ങളെ ശമിപ്പിക്കുവാനായി ഉൾപ്രദേശങ്ങളിൽ സഞ്ചരിക്കാൻ തൻ്റെ വിലപ്പെട്ട സമയം വിനിയോഗിക്കുകയും ചെയ്ത പണ്ഡിറ്റ് ജവഹർലാൽ നെഹ്റു സംശയാതീതമായി, രാജ്യത്തിന് വേണ്ടി, അത്ഭുതകരമായ സേവനമാണ് കാഴ്ചവെച്ചത്. ബീഹാറിലെ ആ നിർഭാഗ്യം നിറഞ്ഞ പ്രവിശ്യയിൽ ജീവിച്ചിരുന്ന ബാക്കി മുസ്ലീങ്ങൾക്ക് ജീവൻ നഷ്ടപ്പെടാതെ പോയതിൻ്റെ മേന്മ തീർച്ചയായും അദ്ദേഹത്തിനുള്ളതാണ്. “  അതേ സമയം അദ്ദേഹത്തിൻ്റെ വ്യക്തിപരമായ പരിശ്രമങ്ങൾ കൊണ്ടുമാത്രം തടഞ്ഞുനിർത്താവുന്നതായിരുന്നില്ല കലാപത്തിൻ്റെ വ്യാപ്തിയെന്നും നിയുക്ത സംഘം അഭിപ്രായപ്പെടുന്നു. റിപ്പോർട്ട് ഇങ്ങനെ തുടരുന്നു.

” ബീഹാറിൽ നടന്ന സംഭവങ്ങൾ മനുഷ്യത്വത്തിൻ്റെ ഓരോ വൈകാരിക കണത്തിനും നാണക്കേടുണ്ടാക്കുന്നവയാണ്. ചെയ്തതെല്ലാം ചെയ്യപ്പെട്ടവയാണ്. അവയൊന്നും തിരിച്ചെടുക്കാനാകില്ല. അതേ സമയം ഓരോരുത്തരും അതിനെ അപലപിക്കണം. നാഗരികതയുടെ ആധുനികവിവേകത്തിനോ  മുഴുവൻ മനുഷ്യരാശിയ്ക്കോ അസഹനീയമാണത്. ആർക്കും അതിനെ ന്യായീകരിക്കാനാകില്ല. മുസ്ലീങ്ങളും ഹിന്ദുക്കളും ഒന്നിച്ചു ജീവിക്കുന്നത് ബീഹാറിൽ മാത്രമല്ല. ഈ രാജ്യത്തിൻ്റെ ഓരേ മുക്കിലും മൂലയിലും അവർ ഒന്നിച്ചാണ് ജീവിക്കുന്നതെങ്കിലും മറ്റൊരിടത്തും ന്യൂ നപക്ഷത്തെ ആരും തുടച്ചു നീക്കിയില്ല. ആത്യന്തികമായി നമുക്കെല്ലാവർക്കും ജീവിക്കണം. മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കുകയും വേണം. ആവശ്യമില്ലാത്തതും നീതിമത്ക്കരിക്കപ്പെടാത്തതുമായ പ്രവൃത്തിയിലേർപ്പെടുന്ന ഭൂരിപക്ഷ സമുദായം അതിൻ്റെ തന്നെ സാംഗത്യത്തേയാണ് ആത്യന്തികമായി ചോദ്യം ചെയ്യുന്നത്.”

ഇതിനിടയിൽ ജവഹർലാൽ നെഹ്റു നവഖലിയിലെത്തി ഗാന്ധിയെക്കണ്ട് ബീഹാറിലെ സ്ഥിതിഗതികൾ ധരിപ്പിച്ചു.

തുടർന്ന് ഗാന്ധിയോട് ബീഹാർ സന്ദർശിക്കാനായി നിരവധി വ്യക്തികളും സംഘടനകളും ആവശ്യപ്പെടുകയുണ്ടായി. ഈ കത്തുകളും ഗവണ്മെൻ്റ് ഉദ്യോഗസ്ഥരുടെ മറുപടികളും ഗാന്ധി കൂലങ്കഷമായി പരിശോധിച്ചു. 1947 ഫെബ്രുവരി 28-ന് ബീഹാറിലെ മന്ത്രിയായ സെയ്ദ് മഹ്മൂദിൻ്റെ സെക്രട്ടറിയായിരുന്ന സെയ്ദ് മുജ്തബ ഗാന്ധിയെ കാണുകയും ഗാന്ധിയെ ബീഹാർ സന്ദർശിക്കാൻ ഗാന്ധിയെ പ്രേരിപ്പിക്കുന്ന മന്ത്രിയുടെ കത്ത് വായിച്ചു കേൾപ്പിക്കുകയും ചെയ്തു. അതെ തുടർന്ന് 1947 മാർച്ച് 2 ന് ഗാന്ധി,  നവഖലിയിലെ ചാന്ദ്പൂരിൽ നിന്നും ബീഹാറിലേയ്ക്ക് പുറപ്പെട്ടു. പ്രൊഫസർ നിർമ്മൽ കുമാർ ബോസ്,  മനു ഗാന്ധി, സെയ്ദ് അഹ്മദ് ഹുനാർ, ദേവ് പ്രകാശ് നയ്യാർ (പ്യാരേലാലിൻ്റേയും സുശീല നയ്യാറുടേയും സഹോദരൻ), സെയ്ദ് മുജ്തബ തുടങ്ങിയവർ ഗാന്ധിയെ അനുഗമിച്ചു.
———
തുടരും…
——————————
“ഹിന്ദുത്വ ഭീകരതയുടെ കഥ” എന്ന പരമ്പരയിൽ ഇതുവരെ  പ്രസിദ്ധീകരിച്ചവ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments

comments