ബുക്ക്റാക്ക് – 3 : ടി. ടി.  ശ്രീകുമാര്‍


O. V. Vijayan: The Critical Insider

Editors: E. V. Ramakrishnan, C. Muraleedharan
Routledge, South Asia Edition

ആദ്യമേതന്നെ സൂചിപ്പിക്കട്ടെ, ഈ പുസ്തകത്തിന്റെ വിശകലനപരമായ വിശദമായൊരു റിവ്യൂ ഞാന്‍ ഇംഗ്ലീഷില്‍ എഴുതിയിട്ടുണ്ട് –  “Beyond Ideologies: The Intellectual Rebellions of OV Vijayan” (T.T. Sreekumar, The Book Review, Volume 49 Number 7 JULY 2025) https://www.thebookreviewindia.org/beyond-ideologies-the-intellectual-rebellions-of-ov-vijayan/. താല്പര്യമുള്ളവര്‍ക്ക് അതും വായിക്കാവുന്നതാണ്. വിജയന്റെ സാഹിത്യകൃതികൾ, രാഷ്ട്രീയ ചിന്തയിലേക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ, ഒരു കാർട്ടൂണിസ്റ്റ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഇടപെടലുകൾ, ഒരു വിവർത്തകൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പങ്ക് എന്നിവയുൾപ്പെടെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ വിവിധ വശങ്ങളെ അഭിസംബോധന ചെയ്യുന്ന ഇംഗ്ലീഷ് ഭാഷയിലെ ആദ്യത്തെ സമാഹാരമാണ് ഈ പുസ്തകം. ആമുഖ അധ്യായത്തിൽ, വിജയന്റെ ബഹുമുഖ വ്യക്തിത്വത്തിലേക്ക് ഇ.വി. രാമകൃഷ്ണൻ ആഴ്ന്നിറങ്ങുന്നു. പോസ്റ്റ് കൊളോണിയൽ ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ, സാംസ്കാരിക സന്ദർഭങ്ങളിൽ എഴുത്തുകാരനെ ഒരു ‘ക്രിട്ടിക്കൽ ഇൻസൈഡർ’ ആയി എങ്ങനെ നിർവചിക്കുന്നുവെന്ന് അദ്ദേഹം വിശകലനം ചെയ്യുന്നു. വിജയന്റെ നോവലുകളിൽനിന്നും ചെറുകഥകളിൽ നിന്നും ശ്രദ്ധാപൂർവ്വം ക്യൂറേറ്റ് ചെയ്ത ചില ഭാഗങ്ങളാണ് പുസ്തകത്തിന്റെ തുടക്കത്തില്‍ കൊടുത്തിള്ളത്. മലയാള നിരൂപകര്‍ വിജയന്റെ സെമിനൽ കൃതികളെ എങ്ങനെ വിലയിരുത്തി എന്നതാണ് രണ്ടാം ഭാഗത്തിലെ ഉള്ളടക്കം. കെ.ടി. ദിനേശ് വിവർത്തനം ചെയ്ത കെ. പി. അപ്പന്റെ ഉപന്യാസം, കെ. രാമചന്ദ്രൻ വിവർത്തനം ചെയ്ത ആഷാ മേനോന്റെ  പഠനം, അരുൺലാൽ മൊകേരി വിവർത്തനം ചെയ്ത പി. കെ. രാജശേഖരന്റെ ലേഖനം, ധനേഷ് മാങ്കുളം വിവർത്തനം ചെയ്ത ഇ. വി. രാമകൃഷ്ണന്റെ പഠനം എന്നിവയാണ് ഈ ഭാഗത്തിലുള്ളത്. തുടര്‍ന്ന്, കെ. സച്ചിദാനന്ദൻ, ഡേവിഡ് സെൽബോൺ, പി. പി. രവീന്ദ്രൻ, വി. രാജകൃഷ്ണൻ, തോമസ് മാത്യു, ഇ. വി. രാമകൃഷ്ണൻ എന്നിവർ വിജയന്‍റെ രചനകളുടെ വ്യത്യസ്ത തലങ്ങള്‍ വിലയിരുത്തുന്നു. ‘Vijayan in the Twenty-First Century’ എന്ന ഭാഗത്തില്‍ വിജയന്റെ സാഹിത്യപരവും ബൗദ്ധികവുമായ സംഭാവനകളെക്കുറിച്ച് പി. പവിത്രന്‍ (വിവർത്തനം കെ സി മുരളീധരൻ), ജി ഉഷാകുമാരി (വിവർത്തനം ഇ. വി. രാമകൃഷ്ണൻ), വി. സി. ശ്രീജന്‍ (വിവർത്തനം കെ. സി. മുരളീധരൻ), അജയ് പി. മങ്ങാട്ട്‌ (വിവർത്തനം കെ. രാമചന്ദ്രൻ,  ഇ. വി. രാമകൃഷ്ണന്‍) എന്നിവരുടെ പഠനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ‘Vijayan in Translation’ എന്ന വിഭാഗത്തിൽ ചിത്ര പണിക്കര്‍, സഞ്ജു തോമസ്, ദീപൻ ശിവരാമന്‍ തുടങ്ങിയവരുടെ പഠനങ്ങള്‍ ചേര്‍ത്തിരിക്കുന്നു. ‘Vjayan the Cartoonist’ എന്ന വിഭാഗത്തിൽ, പി.എൻ. വേണുഗോപാൽ വിവർത്തനം ചെയ്ത ഒ.വി. വിജയന്റെ ഉപന്യാസം, ഇ. പി. ഉണ്ണിയുടെ ലേഖനം, ബ്രൂസ് പെറ്റിയുടെ ‘ദി ട്രാജിക് ഇഡിയം’ എന്ന പുസ്തകത്തിലെ ആമുഖം എന്നിവ ഉൾപ്പെടുന്നു. ‘Vijayan as seen by his contemporaries’ എന്ന സെക്ഷനില്‍ എം. മുകുന്ദൻ, ഒ. വി. ഉഷ, മാധവിക്കുട്ടി [കമല സുരയ്യ] (വിവർത്തനം ഷൈമ പി) പി. ഗോവിന്ദപ്പിള്ള, ആനന്ദ് തുടങ്ങിയവർ എഴുതുന്നു. ‘സംഭാഷണത്തിലെ വിജയൻ’ എന്ന ഭാഗം അക്ബർ കക്കട്ടിൽ, രാജീവ് ശ്രീനിവാസൻ, ഒ. വി. ഉഷ (വിവർത്തനം ഇ. വി. രാമകൃഷ്ണൻ), പ്രസന്നരാജൻ എന്നിവരുമായുള്ള അഭിമുഖങ്ങളും സംഭാഷണങ്ങളും അവതരിപ്പിക്കുന്നതാണ്. 1981 ൽ ആരംഭിച്ച ഒ. വി. വിജയനും ആനന്ദി രാമചന്ദ്രനും തമ്മിലുള്ള കത്തിടപാടുകളും ഈ പുസ്തകത്തിൽ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇത്രയും വിശദമായും സര്‍ഗ്ഗാത്മകമായും ഈ പുസ്തകം സംവിധാനം ചെയ്തതിന് എഡിറ്റർമാരായ ഇ. വി. രാമകൃഷ്ണനെയും കെ.സി. മുരളീധരനെയും എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

ഹിന്ദുത്വ രാഷ്ടീയത്തിന്റെ 100 വര്‍ഷം

എഡിറ്റര്‍ ഐ. ഗോപിനാഥ്
ദി ക്രിട്ടിക്ക് ബുക്സ്, തൃശൂര്‍

‘ആർ‌എസ്‌എസ്: ഹിന്ദുത്വ രാഷ്ടീയത്തിന്റെ 100 വര്‍ഷം’ എന്ന ഈ പ്രഭാഷണ സമാഹാരം ശ്രദ്ധേയമായ രാഷ്ട്രീയ – സാംസ്കാരിക പ്രാധാന്യമുള്ളതാണ്. ദി ക്രിട്ടിക് യൂട്യൂബ് ചാനലിൽ ആദ്യം സംപ്രേഷണം ചെയ്ത പതിനാറ് പ്രഭാഷണങ്ങളാണ് ഇതിൽ സമാഹരിച്ചിട്ടുള്ളത്. കെ. വേണു, കെ. സച്ചിദാനന്ദൻ, കൽപ്പറ്റ നാരായണൻ, കെ. മുരളി, കെ. അരവിന്ദാക്ഷൻ, സണ്ണി എം. കപിക്കാട്, കെ. ഇ. എൻ. കുഞ്ഞഹമ്മദ്, സുനിൽ പി. ഇളയിടം, മാളവിക ബിന്നി, ജെ. രഘു, പി. എൻ. ഗോപീകൃഷ്ണൻ, ടി. എസ്. ശ്യാംകുമാർ, സജീവൻ അന്തിക്കാട്, ടി. മുഹമ്മദ്, വേളോം, സോയ ജോസഫ് എന്നിവരുടെ പ്രഭാഷണങ്ങള്‍  രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർ‌. എസ്‌. എസ്) വിഭാഗീയ പ്രത്യയശാസ്ത്രത്തെയും ഭൂരിപക്ഷ മതരാഷ്ട്രീയത്തെയും സൂക്ഷ്മമായി വിശകലനം ചെയ്യുന്നു. 1925-ൽ സ്ഥാപിതമായ ആർ‌. എസ്‌. എസ്, ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമായി പുനർനിർമ്മിക്കാൻ ശ്രമിക്കുകയും ബിജെപി, വിഎച്ച്പി തുടങ്ങിയ അനുബന്ധ സംഘടനകളിലൂടെ രാജ്യത്തിന്റെ രാഷ്ട്രീയ സംസ്കാരത്തെ സ്വാധീനിക്കുകയും ചെയ്തുകൊണ്ട് ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്ര കേന്ദ്രമായി പ്രവർത്തിച്ചുകൊണ്ടാണ് ഇപ്പോള്‍ അധികാരത്തില്‍ എത്തിയിരിക്കുന്നത്. ദേശീയത, സംസ്കാരം, മതം എന്നിവയെക്കുറിച്ചുള്ള സംഘടനയുടെ നിലപാടുകള്‍ ഭരണഘടനാപരമായ ജനാധിപത്യം, ബഹുസ്വരത, മതേതരത്വം എന്നിവയെ എങ്ങനെ ദുർബലപ്പെടുത്തുന്നുവെന്നും, സ്വേച്ഛാധിപത്യ ജനകീയതയുടെ ഒരു പുതിയ രൂപത്തിന് വഴിയൊരുക്കുന്നതെങ്ങനെയെന്നും ഈ പ്രഭാഷണങ്ങള്‍ തുറന്നുകാട്ടുന്നു.  ഈ 15 പ്രഭാഷണങ്ങള്‍ക്ക് അനുബന്ധമായി “ഇന്ത്യയിലും ആഗോളതലത്തിലും ജനാധിപത്യത്തിന്റെ ഭാവി” എന്ന വിഷയത്തിലുള്ള എന്റെ പ്രഭാഷണവും ഈ സമാഹരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിന് നന്ദി പറയുന്നു. ചർച്ചയെ അന്തർദേശീയ സ്വേച്ഛാധിപത്യ പ്രവണതകളിലേക്ക് വ്യാപിപ്പിക്കാനുള്ള എളിയ ശ്രമമാണ് ഞാന്‍ നടത്തിയത്. പുസ്തകത്തിന്റെ ഒരു സവിശേഷത, പ്രഭാഷണങ്ങള്‍ കേള്‍ക്കാനുള്ള QR കോഡ് കൂടി നല്‍കിയിട്ടുണ്ട് എന്നതാണ്. നന്നായി ക്യൂറേറ്റ് ചെയ്തതും ആഴത്തിൽ പ്രസക്തവുമായ പ്രഭാഷണങ്ങള്‍ അടങ്ങുന്നതുമായ ഈ പുസ്തകം സമകാലിക ഇന്ത്യയിലെ ഫാസിസ്റ്റ് ഏകീകരണത്തിനെതിരായ അടിയന്തര രാഷ്ട്രീയ – ബൗദ്ധിക ഇടപെടലായി നിലകൊള്ളുന്നു. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഈ പ്രഭാഷണങ്ങളില്‍ കടന്നുവരുന്നുണ്ടെങ്കിലും സമകാലിക ഫാസിസ്റ്റ് പ്രവണതകള്‍ക്കെതിരായ ജനാധിപത്യരാഷ്ട്രീയത്തോടുള്ള വിശാലമായ ഒരു ഐക ദാർഢ്യമാണ് ഭിന്നതകളെക്കാള്‍ ശക്തമായി ഉറക്കെ പ്രഖ്യാപിക്കപ്പെടുന്നത്. ഐ. ഗോപിനാഥിനെ എനിക്ക് വര്‍ഷങ്ങളായി അറിയാം. അദ്ദേഹത്തിന്‍റെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളും, ഇപ്പോള്‍ ഈ ചാനലിലൂടെയുള്ള ഇടപെടലുകളും അങ്ങേയറ്റം സാര്‍ഥകമായ പ്രതിബദ്ധതയുടെ പ്രതീകങ്ങളാവുന്നു എന്നതില്‍ ദീര്‍ഘകാല സുഹൃത്ത്‌ എന്നനിലയില്‍ വ്യക്തിപരമായും എനിക്ക് സന്തോഷമുണ്ട്.

സംസ്കൃതം സംസ്കാരം ബഹുസ്വരത
ടി. എസ്. ശ്യാംകുമാർ
ചിന്ത പബ്ലിഷേഴ്സ്‌

സംസ്കൃതഭാഷയെയും അതിന്റെ സംസ്കാരിക – രാഷ്ട്രീയ – ചരിത്ര പാരമ്പര്യങ്ങളെയും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഏകപാർശ്വികമായ വ്യാഖ്യാന മാതൃകയില്‍നിന്ന് തിരിച്ചുപിടിക്കുന്ന പ്രധാനമായൊരു ബൗദ്ധിക ഇടപെടലാണ് ടി. എസ്. ശ്യാംകുമാര്‍ എഡിറ്റ് ചെയ്ത ഈ സമാഹാരം. ടി. ടി. ശ്രീകുമാർ, കെ. എസ്. മാധവൻ, കെ. മുത്തുലക്ഷ്മി, പി. കെ. പോക്കർ, പി. വി. രാമൻകുട്ടി, സി. എം. നീലകണ്ഠൻ, വി. ആർ. മുരളീധരൻ, കെ. എം. സാംഗമേശൻ, പി. കെ. ശ്രീദേവി, ടി. എസ്. ശ്യാംകുമാർ, അജിതൻ പി. ഐ, അജയ് ശേഖർ എന്നിവരുടെ ലേഖനങ്ങൾ അടങ്ങിയിരിക്കുന്ന ഈ പുസ്തകം സംസ്കൃതത്തെ മതവിശ്വാസത്തിന്റെ ബന്ധനത്തില്‍നിന്ന് മാറ്റി സമൂഹത്തിന്റെ, ചരിത്രത്തിന്റെ, പൊതു ബൗദ്ധികതയുടെ ഭാഷയായി തിരിച്ചറിയാൻ ശ്രമിക്കുന്നു. ഗ്രന്ഥത്തിലെ ലേഖനങ്ങൾ സംസ്കൃതത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ നിലപാടുകളെയും, അതിന്റെ പണ്ഡിത പാരമ്പര്യങ്ങളെയും, ദേശഭാഷകളുമായുള്ള ആശയവിനിമയങ്ങളെയും വിശദമായി വിലയിരുത്തുന്നു. സംസ്കൃതത്തെ “ശുദ്ധഹിന്ദു” പാരമ്പര്യത്തിന്റെ പ്രതീകമെന്ന ഹിന്ദുത്വ അവകാശവാദത്തെ ചോദ്യം ചെയ്ത്, ഈ ഗ്രന്ഥം ഭാഷയെ ഒരു ജീവൻ നിറഞ്ഞ, ബഹുസ്വരമായ, സാംസ്കാരിക സംവാദത്തിന്റെ മേഖലയായി കണ്ടെത്തുകയാണ് ചെയ്യുന്നത്. സംസ്കൃത ഭാഷാചരിത്രത്തിന്‍റെ രാഷ്ട്രീയഭാവനകള്‍ എന്ന എന്റെ ലേഖനം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിച്ചശേഷം ശ്യാംകുമാര്‍ എന്നെ വിളിക്കുകയും ഇങ്ങനെ ഒരു പുസ്തകം എഡിറ്റ് ചെയ്യാന്‍ താല്പര്യമുണ്ടെന്നു അറിയിക്കുകയുമായിരുന്നു. എനിക്കതില്‍ പൂര്‍ണ്ണ സമ്മതമായിരുന്നെങ്കിലും മലയാളത്തില്‍ അധികം ചര്‍ച്ചചെയ്യപ്പെടാത്ത വിഷയമാണല്ലോ, ഒരു സമാഹാരത്തിനു സാധ്യതയുണ്ടോ എന്ന സംശയം അപ്പോൾ എന്‍റെ മനസ്സിലൂടെ കടന്നുപോയിരുന്നു. എന്നാല്‍ എന്‍റെ പ്രതീക്ഷകള്‍ക്കുപരിയായി അദ്ദേഹം ഈ സമാഹാരം അതീവ കൃത്യതയോടെയും കയ്യടക്കത്തോടെയും വായനക്കാരോട് നീതിപുലര്‍ത്തുന്ന ഉള്ളടക്കത്തോടെയും ക്യുറെറ്റ് ചെയ്തു എന്നതില്‍ അതിയായ ആഹ്ളാദമുണ്ട്. ഇതിലെ ലേഖകർ സ്വീകരിക്കുന്ന സമീപനങ്ങൾ വ്യത്യസ്തമാണെങ്കിലും, അവയെല്ലാം ചേർന്ന് ഒരു പ്രധാനമായ വിമർശനാത്മക നിലപാടില്‍ ഒരുമിക്കുന്നുണ്ട് എന്നതാണ് പ്രധാനമായി തോന്നുന്നത്. ഭാഷയുടെ ചരിത്രത്തെ രാഷ്ട്രീയമായി വായിക്കുക, സംസ്കൃതത്തിന്റെ ആധിപത്യത്തിന് പിന്നിലെ ജാതി, മത, അധികാരബന്ധങ്ങൾ അനാവരണം ചെയ്യുക, പാശ്ചാത്യ ഫിലോളജിയുടെയും കോളനിസഭ്യഭാവത്തിന്റെയും ഭാഗമായ സംസ്കൃതപഠനത്തിന്റെ ഗ്ലോബൽ രാഷ്ട്രീയം അന്വേഷിക്കുക എന്നിവയിലൂടെയാണ് ഈ സംവാദം മുന്നോട്ടുപോകുന്നത്. ‘സംസ്കൃതം സംസ്കാരം ബഹുസ്വരത’ അതിനാൽ, ഭാഷയെ മതമൂല്യങ്ങളുടെ ചട്ടക്കൂടിലടക്കുന്ന പ്രവണതയ്‌ക്കെതിരെ നിലകൊള്ളുന്ന, സമൂഹത്തിന്റെ വൈവിധ്യവും ജനാധിപത്യബോധവും പ്രതിഫലിപ്പിക്കുന്ന ഒരു ബൗദ്ധിക പ്രതിരോധപ്രഖ്യാപനമായി മാറുന്നു. ഇന്ത്യയിലെ ഭാഷാപരവും സാംസ്കാരികവുമായ ചര്‍ച്ചകളിൽ ഈ ഗ്രന്ഥം പുതിയ ദിശാബോധം നൽകുന്ന കൃതിയാണെന്ന് നിസ്സംശയം പറയാന്‍ കഴിയും.

അറബി മലയാളം: ഭാഷ സാഹിത്യം സംഗീതം
എഡിറ്റേഴ്സ്: കെ. അബൂബക്കർ, ഇഹ്സാനുൽ ഇഹ്തിസാം
ബുക്ക്പ്ലസ് പബ്ലിഷേഴ്സ്‌

‘അറബി മലയാളം: ഭാഷ, സാഹിത്യം, സംഗീതം’ എന്ന പുസ്തകം അറബി മലയാളത്തിന്റെ ബഹുമുഖ പാരമ്പര്യങ്ങളെ ആഴത്തിൽ അനാവരണം ചെയ്യുന്ന പ്രധാനമായൊരു സമാഹാരമാണ്. ബുക്പ്ലസ് മാപ്പിള പഠന പരമ്പരയിലെ ആദ്യ പുസ്തകമാണിത്. ഇതിന്‍റെ എഡിറ്റര്‍മാരിലൊരാളായ കെ. അബൂബക്കർ വളരെ വര്‍ഷങ്ങളായി എന്റെ അടുത്ത സുഹൃത്താണ്‌. അദ്ദേഹത്തിന്‍റെ പല സംരംഭങ്ങളിലും ഞാന്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ട്. അബൂബക്കറും അബ്ദുറഹ്മാന്‍ മങ്ങാടും ചേര്‍ന്ന് എഡിറ്റ് ചെയ്ത “ഇശല്‍ പൂത്ത മലയാളം” എന്ന പുസ്തകത്തില്‍ മുയ്ഹുദ്ദീന്‍മാലയെക്കുറിച്ചു ഞാന്‍ ഒരു ലേഖനം എഴുതിയിരുന്നു. ഈ പുസ്തകവുമായി ബന്ധപ്പെട്ടെ ഒന്നുരണ്ടു പരിപാടികളില്‍ പങ്കെടുക്കാന്‍ അദ്ദേഹം ക്ഷണിച്ചിരുന്നെങ്കിലും പോകാന്‍ കഴിഞ്ഞിരുന്നില്ല. അറബി മലയാളം പഠനത്തിന്‍റെ സാംസ്കാരികരാഷ്ട്രീയം ശക്തമായി മുന്നോട്ടുവക്കുന്ന സമാഹാരമാണിത് എന്നതിനാല്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത് വ്യക്തിപരമായ നഷ്ടമായി കണക്കാക്കുന്നു, പതിനൊന്ന് പ്രബന്ധങ്ങളാണ് 330 പേജുള്ള ഈ സമാഹാരത്തിത്തിലുള്ളത്. കക്കാട് പി. അബ്ദുല്ല മൗലവി, ഒഫീറ ഗംലിയേൽ, പി. ടി. അബ്ദുൽ അസീസ്, ഇഹ്സാനുൽ ഇഹ്തിസാം, മനോജ് കുറൂർ, സിമി കെ. സലിം, അബ്ദുറഹ്മാൻ മങ്ങാട്, ബാവ കെ. പാലുകുന്ന്, മോയിൻ മലയമ്മ, എൻ. കെ. ശമീർ കരിപ്പൂർ തുടങ്ങിയവർ ഈ ഗ്രന്ഥത്തിൽ സംഭാവനചെയ്യുന്ന ലേഖനങ്ങൾ ഭാഷയുടെ സാമൂഹ്യചരിത്രം, സാഹിത്യപരമായ വ്യാഖ്യാനങ്ങൾ, സംഗീതപരമ്പരകൾ, മതപഠനങ്ങൾ തുടങ്ങിയ വിവിധ തലങ്ങളിൽ അറബി മലയാളത്തിന്റെ സവിശേഷതകളെ അന്വേഷിക്കുന്നു. അറബി മലയാളം കേരളഭാഷാചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട  അധ്യായങ്ങളിലൊന്നാണ്. അറബിയും മലയാളവും സംവദിച്ച സാംസ്കാരിക ഭാഷ, മതവിദ്യാഭ്യാസത്തിന്റെയും പ്രാദേശിക സാഹിത്യസൃഷ്ടികളുടെയും മുഖ്യവാഹിനിയായിരുന്നു എന്നത് ഇപ്പോള്‍ വിസ്മരിക്കപ്പെട്ടിരിക്കുന്നു. അറബി മലയാളത്തില്‍ രചിക്കപ്പെട്ട മുഹ്‌യദ്ദീൻ മാല (1607–ൽ ഖാസി മുഹമ്മദ് രചിച്ചത്) ഉൾപ്പെടുന്ന അറബി-മലയാളം കവിതകളും ഭക്തിഗീതങ്ങളും ഭക്തിപരമായ സന്ധർഭങ്ങളിൽ പാരായണം ചെയ്യപ്പെടുന്നവ ആയിരുന്നെങ്കിലും കേരളത്തിലെ ഭക്തിപ്രസ്ഥാനങ്ങളുടെ ചരിത്രം രചിച്ചവര്‍ ഇത് പരാമര്‍ശിക്കുകപോലും ചെയ്യാത്ത കാര്യം ഞാന്‍ നേരത്തെ സൂചിപ്പിച്ച കുറിപ്പില്‍ എഴുതിയിട്ടുണ്ട്. ജ്ഞാനപ്പാന പോലുള്ള കൃതിയുടെ അതേ സന്ദര്‍ഭവും വിമര്‍ശനവും ഉള്ളടക്കമായിട്ടും മുഹ്‌യദ്ദീൻ മാലക്ക് കേരളത്തിന്‍റെ ഭക്തിപ്രസ്ഥാന ആഖ്യാനങ്ങളില്‍ സ്ഥാനമില്ല. ഈ ഭാഷയുടെ അക്കാദമിക് തിരസ്കാരവും ശൂദ്ര – നമ്പൂതിരി ഭാഷാശൈലിയുടെ അധീശത്വവും കേരളത്തിന്റെ സാമൂഹ്യചരിത്രത്തിൽ ഏകകാലികമായ പ്രക്രിയകളായിരുന്നു. അതിനാൽ, ഈ പുസ്തകം, ഭാഷാചരിത്രത്തെ പുനർവായിക്കാൻ ശ്രമിക്കുന്ന ഒരു ബഹുസ്വരപ്രതീകമെന്ന നിലയിലും ശ്രദ്ധേയമാകുന്നു. ഇതിലെ ലേഖനങ്ങൾ അറബി മലയാളത്തെ മതഭാഷയെന്നതിലുപരി സാമൂഹ്യരൂപാന്തരങ്ങളുടെ പ്രതിഫലനമായി മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. ശൂദ്ര – നമ്പൂതിരി ഡയലക്റ്റ് അമിതാധികാരത്തില്‍ നിലകൊള്ളുന്ന ആധുനിക കേരളത്തിന്റെ ഭാഷാരാഷ്ട്രീയത്തിനും സംസ്കാരചിന്തനത്തിനും ഈ ഗ്രന്ഥം ആവശ്യമായൊരു പ്രതിബലമാണ് നല്‍കുന്നത്. ഈ സമാഹാരത്തിന്റെ മറ്റൊരു സവിശേഷത, ഇതുവരെയുള്ള അറബിമലയാളം കൃതികളുടെയും രചയിതാക്കളുടെയും വിവരങ്ങള്‍ (അജ്ഞാതനാമാക്കളുടേതടക്കം) ഏതാണ്ട് 30 പേജുകളിലായി നല്കിയിട്ടുണ്ട് എന്നതാണ്. ഈ ഗ്രന്ഥം അതിനാൽ ഗവേഷകരെ സംബന്ധിച്ചെടത്തോളം, ചരിത്രത്തെയും ഭാഷയെയും പുനർവിചാരണചെയ്യാന്‍കൂടി സഹായകമാവുന്ന ഗംഭീര പരിശ്രമമാണ്. സുപ്രഭാതം ദിനപ്പത്രത്തിലെ (2025 ജൂലൈ 20) “പുസ്തകപ്പാത” എന്ന തന്‍റെ പംക്തിയില്‍ “അറബി മലയാളത്തിന്റെ പൊരുൾ” എന്ന പേരില്‍ വി. മുസഫർ അഹമ്മദ് ഈ പുസ്തകത്തിന്‍റെ വിശദമായ ഒരു പഠനം എഴുതിയിരുന്നു.

റോബര്‍ട്ട് വാള്‍സര്‍: അലസയാത്രകള്‍
വിവര്‍ത്തനം: വി. രവികുമാര്‍
ഐറിസ് ബുക്സ്, തൃശൂര്‍

രവികുമാർ വിദേശഭാഷാസാഹിത്യത്തിന്റെ ആത്മാവിനെ മലയാളത്തിലേക്ക് മാറ്റുന്ന കൃത്യതയാർന്ന സര്‍ഗാത്മക വിവർത്തകനെന്ന നിലയില്‍ ശ്രദ്ധേയനാണ്.  ഈ പംക്തിയില്‍ത്തന്നെ, അദ്ദേഹത്തിന്റെ മാഹ്മൂദ് ദർവീഷിന്റെ കവിതയുടെ വിവർത്തനങ്ങൾ പരിചയപ്പെടുത്തിയിരുന്നു. ജർമ്മൻ കഥാകാരൻ റോബർട്ട് വാൽസറിന്റെ (1878–1956) കഥകളുടെ മലയാള വിവർത്തന സമാഹാരമാണ് ‘അലസയാത്രകള്‍’. രവികുമാർ ചെയ്ത മനോഹരമായ പരിഭാഷയിലൂടെ മലയാള വായനക്കാർക്ക് വാൽസറിന്റെ കഥാ  ലോകം പരിചിതമാകുന്നു. വാൽസർ ജർമ്മൻ സാഹിത്യത്തിലെ അതുല്യനായ എഴുത്തുകാരനാണ്‌; ചെറുകഥകളുടെയും ലഘുനോവലുകളുടെയും രചനകളിലൂടെ അദ്ദേഹം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലെ നഗരജീവിതം, ആത്മവിചാരം, ഏകാന്തത, കലയും ഭ്രാന്തും തമ്മിലുള്ള അതിർത്തികൾ എന്നിവയെ സൗമ്യതയുടെ ഭാഷയില്‍ അവതരിപ്പിച്ചു. കാഫ്ക, ബെഞ്ചമിൻ, സെബാൾഡ് എന്നിവർ അദ്ദേഹത്തിന്റെ ശൈലിയെ ആഴത്തിൽ സ്വാധീനിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. വാൽസറിന്റെ എഴുത്തിൽ കാണപ്പെടുന്ന വിനയഭാവം, പൊള്ളരാഷ്ട്രീയത്തോടുള്ള സൂക്ഷ്മമായ വിമർശനം, കുറുദാര്‍ശനിക ചിന്തകള്‍ എന്നിവ പരക്കെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്..ഈ സമാഹാരത്തിൽ ഉൾപ്പെട്ടിരിക്കുന്ന 27 കഥകൾ വാൽസറിന്റെ വ്യത്യസ്ത ശൈലികളും ഭാവങ്ങളുമാണ് പ്രതിനിധീകരിക്കുന്നത്. അതോടൊപ്പം വാൽസറിനെക്കുറിച്ചുള്ള രണ്ടു പ്രധാന ലേഖനങ്ങളും—വാൾട്ടർ ബെന്യാമിൻ എഴുതിയതും, ഡബ്ല്യു. ജി. സെബാൾഡ് എഴുതിയതും—ഇതില്‍ വിവര്‍ത്തനം ചെയ്തു ചേര്‍ത്തിട്ടുണ്ട് പുസ്തകത്തെ കൂടുതൽ സമഗ്രമാക്കുന്നു. വാള്‍ട്ടര്‍ ബെന്യാമിൻ വാൽസറിനെ നിസ്സാരതയുടെ മാഹാത്മ്യം തിരിച്ചറിയുന്ന എഴുത്തുകാരനെന്ന് വിശേഷിപ്പിച്ചപ്പോൾ, സെബാൾഡ് അദ്ദേഹത്തിന്റെ ജീവിതത്തിലെ മായികതയും ആത്മീയതയും പുനർവായിക്കുന്നു. ഗംഭീരമായൊരു വായനാനുഭവം തന്നെയാണ് ഈ പുസ്തകം.

ബി.ആര്‍.പി. പ്രതിരോധത്തിന്റെ കാതല്‍
എഡിറ്റേഴ്സ്‌: സിവിക് ചന്ദ്രന്‍, വിജയരാഘവന്‍ ചേലിയ
ബുക്ക്പ്ലസ് പബ്ലിഷേഴ്സ്‌

ബി.ആര്‍.പി ഭാസ്കര്‍ക്ക് നവമലയാളിയുമായി അങ്ങേയറ്റത്തെ  അടുപ്പമുണ്ടായിരുന്നു. നവമലയാളിവേദികളില്‍ അദ്ദേഹം സ്ഥിരസാന്നിദ്ധ്യവുമായിരുന്നു. 2019-ൽ നവമലയാളി പുരസ്കാരം സച്ചിദാനന്ദന് കൈമാറിയതും ബി. ആര്‍.പി തന്നെയായിരുന്നു. മാനുഷികമുഖവും ഉയര്‍ന്നമൂല്യങ്ങളുമുള്ള പത്രപ്രവർത്തനത്തിന്റെ ഉദാത്തമാതൃകയായിരുന്നു ബി.ആര്‍.പി സംസ്കാരത്തിന്റെയും സാമൂഹ്യനീതിയുടെയും ബന്ധങ്ങള്‍ സിവില്‍സമൂഹരാഷ്ട്രീയത്തില്‍ നിര്‍വചിച്ച പ്രമുഖരില്‍ അദ്ദേഹവുമുണ്ടായിരുന്നു. “ബി.ആര്‍.പി പ്രതിരോധത്തിന്റെ കാതല്‍” എന്ന ഓര്‍മ്മപ്പുസ്തകം ഒരു വ്യക്തിയെന്ന നിലയിലുള്ള ബി.ആര്‍.പി സ്മരണ മാത്രമല്ല, കേരളത്തിലെ ജനാധിപത്യ – മനുഷ്യാവകാശ രാഷ്ട്രീയത്തില്‍ ഏറ്റവും സാര്‍ത്ഥകമായി ഇടപെടിരുന്ന ഒരു സമുന്നത വ്യക്തിത്വത്തെക്കുറിച്ചുള്ള ചരിത്രരേഖ കൂടിയാണ്. കേരളത്തിലെ സിവിൽ സൊസൈറ്റി രാഷ്ട്രീയത്തിനും ജനാധിപത്യബോധത്തിനും ബി.ആര്‍.പി നൽകിയ സംഭാവനകള്‍ അനന്യമാണ് എന്നത് അനുസ്മരിക്കുന്നതാണ് ഈ സ്മാരകസമാഹാരം. അനീതിക്കും അടിച്ചമർത്തലിനും എതിരെ സ്വരമുയർത്തിയ ധീരസ്വരമായിരുന്നു അദ്ദേഹം. സാമൂഹികമായി പിന്നാക്കപ്പെട്ടവരുടെയും അവഗണിക്കപ്പെട്ടവരുടെയും പക്ഷത്ത് അദ്ദേഹം എപ്പോഴും നിലകൊണ്ടു. ഈ സമാഹാരത്തിൽ എം. പി. നാരായണപിള്ള, സക്കറിയ തുടങ്ങിയ 25 പേർ ബി.ആര്‍.പിയുമായി ജീവിതത്തിലും പത്രപ്രവർത്തനത്തിലും പങ്കുവെച്ച അനുഭവങ്ങൾ രേഖപ്പെടുത്തുന്നു. സക്കറിയയുടെ വാക്കുകളിൽ, ഗാന്ധിയും ഗുരുവും ഒരുമിച്ചെത്തിയ വ്യക്തിത്വമായിരുന്നു ബി.ആര്‍.പി –  സത്യത്തിന്റെ ആത്മബോധവും കരുണയുടെ രാഷ്ട്രീയവും അദ്ദേഹത്തെ നിർവ്വചിച്ചിരുന്നു. പത്രപ്രവർത്തനത്തെ അദ്ദേഹം പൊതുജീവിതത്തിന്റെ നൈതികമായ ഇടപെടലായി കണ്ടു. ഈ പുസ്തകത്തില്‍ ചേര്‍ത്തിട്ടുള്ള എന്റെ കുറിപ്പ്, അദ്ദേഹം വിടപറയുന്നതിന് മുന്‍പുതന്നെ എഴുതിയതാണ്. വിഭാഗീയമായ കാഴ്ചപ്പാടുകളില്‍ അദ്ദേഹം ആക്രമിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ സംഭാവനകള്‍  ആ കുറിപ്പില്‍ ഞാന്‍ വ്യക്തമാക്കാന്‍ ശ്രമിച്ചിരുന്നു. ആ ചെറിയ കുറിപ്പുകൂടി ഇതില്‍ ഉള്‍പ്പെടുത്തിയതിന് നന്ദി പറയുന്നു.

മുസ്ലീമായിപ്പോയി അതിനാല്‍
ഹര്‍ഷ് മന്ദര്‍
വിവര്‍ത്തനം: എ. പി. കുഞ്ഞാമു
ഐ.പി.ബി ബുക്സ്

സമകാലിക ഇന്ത്യയുടെ നൈതിക പ്രതിസന്ധികളെക്കുറിച്ചുള്ള വികാരഭരിതവും രാഷ്ട്രീയമായി പ്രാധാന്യമുള്ളതുമായ പ്രതിഫലനമാണ് ഹർഷ് മന്ദറിന്റെ ലുക്കിംഗ് എവേ (Looking Away: Inequality, Prejudice and Indifference in New India).  എ.പി.കുഞ്ഞാമുവാണ് “മുസ്ലിം ആയിപ്പോയി അതിനാല്‍” എന്ന അല്പം വ്യത്യസ്തമായ, എന്നാല്‍ ഔചിത്യഭംഗമില്ലാത്ത, പേരില്‍ ഇതിന്‍റെ മലയാളം വിവര്‍ത്തനം നടത്തിയിരിക്കുന്നത്. ഇതിന്‍റെ പ്രകാശനം, മുഹമ്മദ് ആമിർ ഖാനും നന്ദിത ഹക്‌സറും ചേർന്ന് രചിച്ച Framed as a Terrorist: My 14-Year Struggle to Prove My Innocence (2016) എന്ന പുസ്തകത്തിനൊപ്പം, പാലക്കാട് നടന്ന എസ്.എസ്.എഫിന്‍റെ സാഹിത്യോല്സവത്തില്‍ വച്ച് ഞാന്‍ നിര്‍വഹിച്ചിരുന്നു. അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങളുമായുള്ള ദീർഘകാല ഇടപെടലിൽനിന്ന് എടുത്ത ഓര്‍മ്മളിലൂടെ, ദരിദ്രരുടെയും കുടിയിറക്കപ്പെട്ടവരുടെയും പീഡിപ്പിക്കപ്പെട്ടവരുടെയും കഷ്ടപ്പാടുകളോടുള്ള ഇന്ത്യയിലെ മധ്യവർഗത്തിന്‍റെയും വരേണ്യവിഭാഗങ്ങളുടെയും വർദ്ധിച്ചുവരുന്ന നിസ്സംഗതയെ മന്ദർ തുറന്നുകാട്ടുന്നു. ഇന്ത്യയുടെ കേവലമായ സാമ്പത്തിക വളർച്ചയ്‌ക്കൊപ്പം, പാര്‍ശ്വവല്‍കൃതരോടുള്ള അനുകമ്പയിലും ഐക്യദാർഢ്യത്തിലും അസ്വസ്ഥതയുണ്ടാക്കുന്ന തരത്തിലുള്ള  ഇടിവുണ്ടായിട്ടുണ്ടെന്നും, വികസനത്തിന്റെയും ദേശീയതയുടെയും മുഖച്ഛായയ്ക്ക് പിന്നിൽ അസമത്വവും മുൻവിധിയും വളരുന്ന ഒരു “പുതിയ ഇന്ത്യ” രൂപംകൊള്ളുന്നുവെന്നും ഹര്‍ഷ് മന്ദർ ഓര്‍മ്മിപ്പിക്കുന്നു. വ്യക്തിപരമായ പ്രതിഫലനങ്ങളും വിശകലന ലേഖനങ്ങളും അടങ്ങുന്ന മൂലകൃതിയില്‍നിന്ന് പതിനൊന്ന് ലേഖനങ്ങളാണ് കുഞ്ഞാമു വിവര്‍ത്തനം ചെയ്യാന്‍ തെരഞ്ഞെടുത്തത്. മന്ദറിന്റെ ഗദ്യം, സൗമ്യവും എന്നാൽ തുളച്ചുകയറുന്നതുമാണ്. അതിനോട് നീതിപുലര്‍ത്തുന്നതാണ് കുഞ്ഞാമുവിന്‍റെ പരിഭാഷ. മനുഷ്യാവകാശങ്ങൾ, മതേതരത്വം, സാമൂഹിക നീതി എന്നിവയ്ക്കുവേണ്ടി അക്ഷീണം വാദിക്കുന്ന എഴുത്തുകാരനും, സാമൂഹിക പ്രവർത്തകനും, മുൻ സിവിൽ സർവീസ് ഉഗ്യോഗസ്ഥനുമാണ്  ഹർഷ് മന്ദർ. സമകാലിക ഇന്ത്യയിലെ മനഃസാക്ഷി ശബ്ദമായി മാറിയ അപൂര്‍വ്വം ചിന്തകരില്‍ ഒരാളാണ് അദ്ദേഹം. പട്ടിണി, സാമുദായിക ഐക്യം, ഭവനരാഹിത്യം എന്നിങ്ങനെ നഗര—ഗ്രാമീണ പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങളുമായി അടുത്ത് പ്രവർത്തിക്കുന്ന. സെന്റർ ഫോർ ഇക്വിറ്റി സ്റ്റഡീസിന്റെ സ്ഥാപകനും സമാധാനത്തിനും ഐക്യദാർഢ്യത്തിനും വേണ്ടിയുള്ള കർവാൻ-ഇ-മൊഹബത്ത് പ്രസ്ഥാനത്തിന് പിന്നിലെ ഒരു പ്രമുഖ ബൌദ്ധികശക്തിയുമാണ് മന്ദർ. “ലുക്കിംഗ് അവേ” കൂടാതെ, ‘Ash in the Belly: India’s Unfinished Battle Against Hunger’, Partitions of the Heart: Unmaking the Idea of India’ ‘Fatal Accidents of Birth: Stories of Suffering, Oppression and Resistance’ തുടങ്ങി നിരവധി  പുസ്തകങ്ങളിലൂടെയും, ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്ന ധാർമ്മികനിസ്സംഗതയെയും വിഭജനരാഷ്ട്രീയത്തെയും അദ്ദേഹം ചോദ്യം ചെയ്തിട്ടുണ്ട്. ഇസ്ലാമോഫോബിയയുടെയും മുസ്ലീം അരികുവല്‍ക്കരണത്തിന്റെയും സമകാലികാവസ്ഥയില്‍ ജനാധിപത്യ വിശ്വാസികള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു വിവര്‍ത്തനമാണിത് എന്നതില്‍ സംശയമില്ല.

ശിവകുമാർ അമ്പലപ്പുഴയുടെ കവിതകൾ
ശിവകുമാർ അമ്പലപ്പുഴ
ലോഗോസ് ബുക്സ്

ശിവകുമാർ അമ്പലപ്പുഴയുടെ കവിതകളുടെ ഈ സമ്പൂര്‍ണ്ണ സമാഹാരം എന്റെ കയ്യില്‍ എത്തിച്ചേര്‍ന്നിട്ട്‌ ഏതാനും ആഴ്ചകളേ ആയുള്ളൂവെങ്കിലും ഇപ്പോള്‍ ഈ പംക്തിയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞത് ഞാന്‍ ആ കവിതകള്‍ എല്ലാം തന്നെ പല അവസരങ്ങളിലായി വായിച്ചിട്ടുണ്ട് എന്നതിനാലാണ്. മറ്റൊരു അമ്പലപ്പുഴക്കാരന്‍ എന്ന സൌഭ്രാത്രവും അദ്ദേഹവുമായി എനിക്കെന്നും ഉണ്ടായിരുന്നു. ഈ കവിതകള്‍ ശിവയുടെ ഭാവന, സ്വരം, ഭാഷാഘടന, രൂപകാത്മകത എന്നിങ്ങനെ നിരവധി സവിശേഷതകള്‍ അവയുടെ വൈവിദ്ധ്യത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നവയാണ്.  ശിവയുടെ കവിതകൾ അപൂർവമായ സംവേദനക്ഷമതയോടെ ഓർമ്മ, മിത്ത്, സമകാലിക അനുഭവം എന്നിവയുടെ പരിചിത ഭൂമികകളില്‍ വളരെപ്പെട്ടെന്ന് വിസ്മയ വൈചിത്ര്യങ്ങള്‍ കൊണ്ടുവരുന്നവയാണ്. ഓരോ കവിതയും അദ്ദേഹത്തിന്‍റെ വ്യതിരിക്തമായ പദപ്രയോഗ സാധ്യതകളെ  വെളിപ്പെടുത്തുന്നു – ഭാഷയുടെ അമൂര്‍ത്തമായ താളങ്ങളിൽ വേരൂന്നിയതും എന്നാൽ സാധാരണതയെ മെറ്റാഫിസിക്കലാക്കി മാറ്റുന്ന ഒരു പരീക്ഷണാത്മകപ്പുതുമ സന്നിവേശിപ്പിച്ചതുമാണ് ഈ കവിതകള്‍ എന്ന് കാണുവാന്‍ കഴിയും. ശിവകുമാറിന്റെ ട്രോപ്പുകൾ പലപ്പോഴും ഇന്ദ്രിയാനുഭവങ്ങളെ ദാർശനികതയുമായി ലയിപ്പിക്കുന്നു, പ്രകൃതിയെയും ശരീരത്തെയും സമയത്തെയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ശക്തികളായി ആവാഹിക്കുന്നു. തീരദേശ വായുവിന്‍റെ ഗന്ധവും, ചരിത്രത്തിന്റെ വേദനയും, മനുഷ്യന്റെ ദുർബലതയുടെ സ്പന്ദനവും ഈ കവിതകളിൽ ഉള്ളില്‍ വഹിക്കുന്നു. ഒരേസമയം, നമുക്ക് സ്വകാര്യമായി അടുപ്പമുള്ളതും എന്നാല്‍ സാർവത്രികവുമായ ആംബിയന്‍സ് സൃഷ്ടിക്കുന്നു. എൻ. ജി. ഉണ്ണികൃഷ്ണൻ, പി. രാമൻ, ആർ. പി. ശിവകുമാർ, പി. എൻ. ഗോപികൃഷ്ണൻ എന്നിവരുടെ ഉൾക്കാഴ്ചയുള്ള വിമർശനാത്മക ലേഖനങ്ങളും ഈ വാല്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോരുത്തരും ശിവകുമാറിന്റെ കാവ്യലോകത്തിന്റെ വ്യത്യസ്ത വശങ്ങൾ വിശകലനം ചെയ്യുന്നു. രണ്ട് സംഭാഷണങ്ങളും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. ജിഷ്ണു കെ. എസ്., ശ്രീകുമാർ കരിയാട് എന്നിവർ നടത്തിയതും സുജീഷ് നടത്തിയതുമായ ഈ രണ്ട് അഭിമുഖങ്ങളും കവിയുടെ സൃഷ്ടിപരമായ പ്രക്രിയയെയും ലോകവീക്ഷണത്തെയും കുറിച്ചുള്ള ഊന്നലുകള്‍ നൽകുന്നവയാണ്‌. പ്രിയ സുഹൃത്തിന് കൂടുതല്‍ കവിതകള്‍ എഴുതാനും വായിക്കപ്പെടാനും സ്നേഹഭരിതമായ ആശംസകള്‍.

ഭൂട്ടാൻ: വിശുദ്ധ ഭ്രാന്തൻ്റെ വഴിത്താരകൾ
നന്ദിനി മേനോന്‍
മാതൃഭുമി ബുക്സ്

ഞാൻ ഭൂട്ടാനിൽ ഒരിക്കലും യാത്ര ചെയ്തിട്ടില്ലെങ്കിലും, ആ രാജ്യത്തിന്റെ സാമൂഹിക-രാഷ്ട്രീയ ഭൂപ്രകൃതിയെക്കുറിച്ചുള്ള എന്റെ ധാരണ ജി. ബാലചന്ദ്രന്റെ രചനകളിൽ നിന്നും, അവിടെ ജോലി ചെയ്തിരുന്ന സുഹൃത്തുക്കള്‍ പറഞ്ഞിട്ടുള്ള കഥകളിൽനിന്നും, പിന്നീട് സ്വാഭാവികമായും എന്‍റെ അക്കാദമിക് അന്വേഷണങ്ങളില്‍ നിന്നുമാണ്. നന്ദിനി മേനോന്റെ ഈ യാത്രാവിവരണം ഞാൻ പ്രതീക്ഷിക്കാത്ത വിധത്തിൽ ആശ്ചര്യപ്പെടുത്തുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്നതായിരുന്നു. തുടക്കം മുതൽ തന്നെ, നന്ദിനിയുടെ ആഖ്യാനം വായനക്കാരെ സ്വപ്നതുല്യമായ ഭൂപ്രകൃതികളുടെയും, സാംസ്കാരിക മേഖലകളുടെയും, അപരിചിതമായ ജീവിതലോകങ്ങളുടെയും അസാമാന്യമായ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നു. അവർ ഉണർത്തുന്ന ഭൂട്ടാൻ, ഭൂപടത്തിലെ ഒരു സ്ഥലമല്ല, മറിച്ച് പുരാണത്തിന്റെയും ചരിത്രത്തിന്റെയും നിഗൂഢതയുടെയും ഒരു മേഖലയാണ്. അവിടെ നമുക്കറിയാവുന്ന, എന്നാല്‍ അറിയാത്ത, മൂടൽമഞ്ഞിൽ തിളങ്ങുന്ന പർവതങ്ങളും, പുരാതന മന്ത്രങ്ങളുടെ മർമ്മരത്താൽ സജീവമായ പാരമ്പര്യങ്ങളും, ഇതിഹാസത്തിന്റെ മിന്നിമറയുന്ന മൂടുപടങ്ങളിൽ ഉയർന്നുവരുന്ന “യതി” പോലുള്ള കല്പനകളും നമുക്ക് അനുഭവിക്കാന്‍ കഴിയും. നന്ദിനിയുടെ ഭാഷ മാന്ത്രികവും സഹാനുഭൂതി നിറഞ്ഞതുമാണ്: ക്ഷേത്രങ്ങളുടെയും കാഴ്ചകളുടെയും ഒരു ടൂറിസ്റ്റ് ചെക്ക്‌ലിസ്റ്റായി ഭൂട്ടാനെ അവർ അവതരിപ്പിക്കുന്നില്ല, മറിച്ച് വായനക്കാരെ നിഗൂഡമായ ഇടങ്ങളുമായും അപൂര്‍വ വ്യക്തികളുമായും ശാന്തതയും അടുപ്പവും അനുഭവിപ്പിക്കുന്ന സംഭാഷണത്തിലേക്ക് ക്ഷണിക്കുന്നു. ഒരു ശാന്തമായ താഴ്‌വരയിൽ പ്രതിധ്വനിക്കുന്ന, വനപാതയിലെ മഞ്ഞുവീഴ്ചയുടെ മറഞ്ഞുപോയ ഓര്‍മ്മപോലെയാണ് നന്ദിനി എഴുതുന്നത്‌. ഇതിലെ സൂക്ഷ്മമായ വിശദാംശങ്ങൾ എന്നിൽ നൊസ്റ്റാൾജിയയുടെ ഒരു തോന്നല്‍  സൃഷ്ടിക്കുന്നു – ഞാന്‍ അവിടെ പോയിട്ടില്ലെങ്കിലും.  ഈ പ്രദേശത്ത് ഞാൻ ഏറ്റവും കൂടുതൽ സന്ദർശിച്ചിട്ടുള്ളത് നേപ്പാള്‍, അസം, പശ്ചിമബംഗാൾ, ബംഗ്ലാദേശ് എന്നീ സ്ഥലങ്ങളാണ്. ഇത് ഒരു വിചിത്രമായ തരം ഭൂതാതുരതയാണ്, ഞാൻ ഒരിക്കലും പോയിട്ടില്ലാത്ത ഒരു സ്ഥലത്തെക്കുറിച്ചുള്ള അസംബന്ധമായ നോസ്റ്റാള്‍ജിയ.

ഈ പുസ്തകത്തില്‍ നന്ദിനി ചെയ്യുന്നത് യാത്രാവിവരണ  സാഹിത്യത്തില്‍ ഒരു വലിയ ചുവടുവയ്പ്പാണ്. സന്തുഷ്ടിയുടെ നാട് എന്നൊക്കെ ക്ലീഷേകള്‍ ഉണ്ടെങ്കിലും മൌലികമായ ഒരു സന്ദര്‍ശനാനുഭവമാണ് നന്ദിനി നല്‍കുന്നത്. ഭൂട്ടാന്‍റെ അടച്ചിട്ട ചില ജാലകങ്ങൾ നന്ദിനി തുറക്കുന്നു. അവിടുത്തെ സാമൂഹിക – രാഷ്ട്രീയ വ്യവസ്ഥയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നു. സംഗീതാത്മകമായ ഒരു ഭാഷ ഉപയോഗിക്കുന്നു. തീവ്രമായി അവിടുത്തെ മനുഷ്യരെയും ഭൂപ്രകൃതിയും വായനക്കാര്‍ക്കായി കാട്ടിത്തരുന്നു. നന്ദിനി ഇനിയും ധാരാളം യാത്രകള്‍ ചെയ്യുകയും എഴുതുകയും ചെയ്യട്ടെ.

അമ്പലപ്പുഴ ഗോപകുമാർ: സൗമ്യം, ശാന്തം, സനാതനം
എഡിറ്റര്‍: ദേവനാരായണന്‍ ഗോപകുമാര്‍
ബോധി ബുക്സ്

ആലപ്പുഴയിലെ സനാതന ധർമ്മ കോളേജിലെ പ്രശസ്ത മലയാള പ്രൊഫസറും ജനങ്ങള്‍ക്കിടയില്‍ വേരോട്ടമുണ്ടായിരുന്ന പ്രിയപ്പെട്ട സാംസ്കാരിക വ്യക്തിത്വങ്ങളിൽ ഒരാളുമായ പ്രൊഫ. ഗോപകുമാറിന്റെ ജീവിതത്തെയും സംഭാവനകളെയും അനുസ്മരിക്കുന്ന പുസ്തകമാണിത്. അദ്ദേഹത്തിന്റെ മകൻ ദേവനാരായണൻ ഗോപകുമാർ എഡിറ്റ് ചെയ്ത ഈ പുസ്തകം, സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും വിദ്യാർത്ഥികളുടെയും ഓർമ്മക്കുറിപ്പുകൾ, പ്രമുഖ എഴുത്തുകാർ അദ്ദേഹത്തിന് അയച്ച കത്തുകൾ, സുഗതകുമാരി, അക്കിത്തം, കെ. പി. അപ്പൻ, ഡോ. കെ. രാഘവൻ പിള്ള, ചെമ്മനം ചാക്കോ, ഡോ. എം. ലീലാവതി, സി. രാധാകൃഷ്ണൻ, ഡോ. എൻ. മുകുന്ദൻ തുടങ്ങിയവര്‍ അദ്ദേഹത്തിന്‍റെ വിവിധ കൃതികള്‍ക്ക് എഴുതിയ അവതാരികകള്‍,  പ്രൊഫ. എസ്. കൃഷ്ണകുമാർ എഡിറ്റ് ചെയ്ത് അവതരിപ്പിച്ച അദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത കവിതകളുടെ ശേഖരം എന്നിവ ഉള്‍പ്പെടുന്നതാണ്. എന്റെ ഒരു ഓര്‍മ്മക്കുറിപ്പും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. പ്രൊഫ. ഗോപകുമാറുമായുള്ള എന്റെ പരിചയം എനിക്ക് അഞ്ചോ ആറോ വയസ്സുള്ളപ്പോൾ ആരംഭിച്ചു, കാരണം അദ്ദേഹം എന്റെ പിതാവിന്റെ അടുത്ത സുഹൃത്തായിരുന്നു. പിന്നീട്, അദ്ദേഹത്തിന്റെ വിദ്യാർത്ഥി എന്നനിലയിൽ, ചുറ്റുമുള്ള എല്ലാവര്‍ക്കും അദ്ദേഹം സ്വാഭാവികമായി നൽകിയ ഊഷ്മളതയും വാത്സല്യവും പ്രോത്സാഹനവും ഞാനും നേരിട്ട് അനുഭവിച്ചിട്ടുണ്ട്. എന്നോട് അദ്ദേഹത്തിന് സവിശേഷമായ വാത്സല്യമുണ്ടായിരുന്നു.

അക്കാദമിക് മേഖലയ്ക്ക് അപ്പുറം, ഗോപകുമാർ സര്‍ ആലപ്പുഴയിലെ ഊർജ്ജസ്വലമായ സാംസ്കാരിക സാന്നിധ്യമായിരുന്നു. അമ്പലപ്പുഴയിലെ ശ്രീകൃഷ്ണ ക്ഷേത്രവുമായുള്ള ബന്ധത്തിലൂടെ തുള്ളൽ പോലുള്ള പരമ്പരാഗത കലാരൂപങ്ങളുടെയും പള്ളിപ്പാനപോലുള്ള ദളിത്‌ അനുഷ്ഠാനങ്ങളുടേയും പുനരുജ്ജീവനത്തിൽ അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നു. ഓർമ്മകളും ആദരാഞ്ജലികളും കൊണ്ട് സമ്പന്നമായ ഈ വാല്യം, ഒരു ജീവചരിത്രം മാത്രമല്ല, കൃപയോടും സാമൂഹികബോധ്യത്തോടും കൂടി ജീവിച്ച ഒരു ജീവിതത്തിന്റെ ധാർമ്മികവും സാംസ്കാരികവുമായ ധന്യതയെ ആഘോഷിക്കുന്നതാണ്.

ഈ പുസ്തകത്തിന്‍റെ ആമുഖത്തില്‍ ദേവന്‍ പറയുന്ന ഒരു കാര്യം ഇതുമായി എനിക്കുള്ള ആത്മബന്ധത്തിന് നിദര്‍ശനമാണ്. അദ്ദേഹത്തിന്റെ വേര്‍പാടിന്റെ തൊട്ടടുത്ത ദിവസം സാമൂഹിക മാധ്യമത്തില്‍ ഞാന്‍ പങ്കുവച്ച കുറിപ്പാണ്, ഇങ്ങനെ ഒരു പുസ്തകമെന്ന ആശയത്തിലേക്ക് ദേവനെ എത്തിക്കുന്നത്.അതില്‍ എനിക്ക് അതിയായ ചാരിതാര്‍ത്ഥ്യമുണ്ട്. അമ്പലപ്പുഴയില്‍ ഈ അടുത്ത സമയത്ത് നടന്ന അനുസ്മരണ സമ്മേളനത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. അന്നവിടെ സംസാരിച്ച സിപിഐ എം നേതാവ് ജി. സുധാകരന്‍, പൊതുവേ മുഖ്യധാര രാഷ്ട്രീയത്തോട് ആഭിമുഖ്യം കാട്ടാത്ത ഗോപകുമാര്‍ സര്‍ തന്‍റെ തെരഞ്ഞെടുപ്പു പ്രചാരണത്തി സജീവമായി പങ്കെടുത്തുവെന്ന് ഓര്‍മ്മിച്ചത്  എനിക്കും ഒരു പുതിയ അറിവായിരുന്നു. അദ്ദേഹത്തെ അറിയുന്നവർക്കും അദ്ദേഹത്തെ പുതുതായി കണ്ടെത്തുന്നവർക്കും, ഈ പുസ്തകം വികാരഭരിതമായ ഒരു സാംസ്കാരിക രേഖയാണ്. ഇത് ഭംഗിയായി തയ്യാറാക്കിയ അദ്ദേഹത്തിന്‍റെ പ്രിയപുത്രന്‍ ദേവനാരായണന്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

Comments

comments