യാത്രകൾ സ്ഥലങ്ങളിലേക്കു മാത്രമല്ല; മനുഷ്യരിലേക്കുമാണ്. എല്ലാ ഭൂപ്രദേശങ്ങളിലും അപരിചിതരായ മനുഷ്യരുണ്ട് എന്നതുപോലെ എല്ലാ മനുഷ്യരിലും അപരിചിതമായ ഭൂപ്രദേശങ്ങളുമുണ്ടാകും. അവർക്കും നമുക്കും ഒരുപോലെ അപരിചിതമായ അനുഭവസ്ഥലികൾ! ജീവിതയാത്രയുടെ ഏതോ പടവുകളിൽ വച്ചാണ് അതെല്ലാം തെളിഞ്ഞുവരുക. ഓരോരോ മനുഷ്യരുമായുള്ള ബന്ധങ്ങളിലൂടെ മാത്രമാവും അതു സംഭവിക്കുക. അതിനു വഴിതുറക്കുന്ന മട്ടിൽ ഓരോ യാത്രയും പുതിയതായി ചില മനുഷ്യരുമായി നമ്മെ കൂട്ടിയിണക്കും. അവരുമായുള്ള ആഴമേറിയ സൗഹൃദം മനുഷ്യാവസ്ഥയുടെ പുതിയൊരു പ്രകാരത്തിലേക്ക് നമ്മെ കൊണ്ടുപോവുകയും ചെയ്യും. ഓരോ മനുഷ്യനിലും അനന്യതയുടെ പ്രകാശം പരന്നിരിക്കുന്നതുകൊണ്ട് പുതിയ പരിചയങ്ങളെല്ലാം നമ്മെയും പുതുക്കിപ്പണിയും. മനുഷ്യാനുഭവത്തിന്റെ കടലിരമ്പങ്ങൾക്കു നടുവിൽ നാമോരുത്തരും ജീവിതയാത്രയുടെ പുതിയൊരു വഴി കൂടി കണ്ടെത്തും.
ന്യൂ കാസിലിലേക്കുള്ള ട്രെയിനിൽ ഇരിക്കുമ്പോൾ പഴയ ഓർമ്മകൾ കൂടെയുണ്ടായിരുന്നു. 2019-ലെ ആദ്യ യു.കെ. യാത്രയിലും ന്യൂകാസിലിലേക്ക് പോയി. അന്ന് മുരളിയേട്ടനൊപ്പമായിരുന്നു യാത്ര. തൃശ്ശൂർ സ്വദേശിയായ മധുവും സുഹൃത്തുക്കളും ചേർന്നു സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കാൻ വേണ്ടിയായിരുന്നു ആ യാത്ര. തൃശ്ശൂർ എഞ്ചിനീയറിങ്ങ് കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കി യു.കെ.യിലെത്തിയ ആളാണ് മധു എന്നു മാത്രം ഞങ്ങൾ ചുരുക്കത്തിൽ വിളിക്കുന്ന മധു ഷൺമുഖൻ. മധുവിന്റെ യു.കെ. ജീവിതം ഇപ്പോൾ രണ്ടു പതിറ്റാണ്ടോളമായിരിക്കുന്നു. മധുവിന്റെ വീട്ടിൽ രണ്ടു ദിവസം താമസിച്ച് ചുറ്റുപാടുകളെല്ലാം കണ്ടാണ് അന്ന് മടങ്ങിയത്. സ്‌കോട്‌ലാന്റിലേക്കും എഡിൻബറോ കൊട്ടാരത്തിലേക്കും മറ്റുമുള്ള യാത്രയും അവിടെ നിന്നായിരുന്നു. മധുവിന്റെയും നാഷണൽ ഹെൽത്ത് സർവ്വീസിൽ ജോലിചെയ്യുന്ന മധുവിന്റെ ജീവിതപങ്കാളി ഡോ. യമുനയുടെയും ഹൃദ്യവും സ്‌നോഹോദാരവുമായ ആതിഥ്യത്തിന്റെ ഓർമ്മകൾ അഞ്ചുവർഷത്തിനിപ്പുറവും ഒട്ടും മങ്ങലേൽക്കാതെ അപ്പോഴും കൂടെയുണ്ടായിരുന്നു. ഡോ. സീനദേവകിയും ഡോ. അർച്ചനയും ഉൾപ്പെടെ ചില സുഹൃത്തുക്കളെയും ആ യാത്ര സമ്മാനിച്ചു.
2024 മെയിലായിരുന്നു യു.കെ.യിലേക്കുള്ള രണ്ടാം യാത്ര. ന്യൂകാസിലിലേക്കും. മീനയോടൊപ്പമായിരുന്നു ഇത്തവണ യു.കെ.യിലും അയർലണ്ടിലുമെല്ലാം സഞ്ചരിച്ചത്. ലണ്ടനിലുള്ള പുറത്തുള്ള യാത്രകൾ ഇത്തവണ ഞങ്ങൾ തനിച്ചായിരുന്നു. ഇംഗ്ലണ്ടിൽ നിന്ന് ഡബ്ലിനിലേക്കും ബെൽഫാസ്റ്റിൽ നിന്നും മാഞ്ചസ്റ്ററിൽ നിന്നും ഷെഫീൽഡിൽ നിന്നും ഇംഗ്ലണ്ടിലേക്കുമുള്ള യാത്രകൾ. പ്രദേശങ്ങളുടെ അപരിചിതത്വവും ഐറിഷ് ഉച്ചാരണത്തിന്റെ പ്രത്യേകതയും ചിലയിടങ്ങളിൽ അല്പം ചില പ്രയാസങ്ങൾ ഉളവാക്കിയെന്നതൊഴിച്ചാൽ ആ യാത്രകളെല്ലാം സുഗമമായിരുന്നു.
ന്യൂകാസിലിൽ ചെന്നിറങ്ങുമ്പോൾ മധുവും സുഹൃത്തുക്കളും റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്നു. സെന്റ് പാൻക്രാസിൽ നിന്നും മൂന്നുമണിക്കൂറോളം ദൈർഘ്യമുള്ള യാത്ര. ഈസ്റ്റ് ഫിഞ്ച്‌ലിയിലെ വീട്ടിൽ നിന്നും സ്റ്റേഷൻ വരെ മുരളിയേട്ടൻ കൂടെ വന്നിരുന്നു. സുഖകരമായ സീറ്റും യാത്രാസംവിധാനങ്ങളും. ഓടിമറയുന്ന കാഴ്ചകളിൽ കണ്ണുനട്ട് വണ്ടിയിലിരുന്നു. ‘നദികൾ, തുരങ്കങ്ങൾ, നാടുകൾ, നഗരങ്ങൾ…’ എന്ന് കവി എഴുതിയതോർത്തു. കുറെ കഴിഞ്ഞ് ഞാനല്പം മയങ്ങി… അതു നൽകിയ ഉണർവോടെയാണ് ന്യൂകാസിലിൽ എത്തിയത്. കൗണ്ടറിൽ ടിക്കറ്റ് കാണിച്ചപ്പോഴുണ്ടായ ചില പ്രയാസങ്ങൾ മധു വേഗമെത്തി പരിഹരിച്ചു. മധുവിന്റെ സുഹൃത്തുക്കളോടു കുശലം പറഞ്ഞ് മധുവിനോടൊപ്പം അദ്ദേഹത്തിന്റെ വീട്ടിലേക്കു നീങ്ങി.
ആദ്യയാത്രയിൽ നിന്നും വ്യത്യസ്തമായിരുന്നു ന്യൂകാസിലിലേക്കുള്ള രണ്ടാം വട്ട യാത്ര. ഇത്തവണ അവിടെ അധികം സമയം തങ്ങുന്നുണ്ടായിരുന്നില്ല. എത്തിയ ദിവസം വൈകുന്നേരം യോഗം. പിറ്റേന്ന് രാവിലെ മാഞ്ചസ്റ്ററിലേക്ക്. വൈകുന്നേരം അവിടത്തെ യോഗത്തിൽ സംസാരം. തിരക്കുപിടിച്ച ക്രമീകരണമായതുകൊണ്ട് രണ്ടിടങ്ങളും നന്നായി ചുറ്റിക്കാണാൻ സമയമുണ്ടായിരുന്നില്ല. പ്രത്യേകിച്ചും മാഞ്ചസ്റ്ററിൽ. അതുകൊണ്ട് മധുവിന്റെ വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ് ഏറെ വൈകാതെ ഞങ്ങൾ പുറത്തിറങ്ങി. വൈകുന്നേരമുള്ള മീറ്റിംഗിനു മുൻപ് ഒരു പഴയ ലൈബ്രറി കാണാമെന്ന് മധു പറഞ്ഞിരുന്നു. അവിടത്തെ ലൈബ്രേറിയനോട് സംസാരിച്ച് അക്കാര്യങ്ങൾ മധു ക്രമീകരിക്കുകയും ചെയ്തിരുന്നു.
ന്യൂകാസിലിലെ ലിറ്ററേച്ചർ ആന്റ് ഫിലോസഫി ലൈബ്രറിക്ക് രണ്ടു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. 1793-ൽ ഒരു സംഭാഷണവേദിയായി (conversation club) തുടങ്ങിയ കൂട്ടായ്മയാണ് പിന്നീട് ലിറ്റ് ആന്റ് ഫിൽ (Lit & Phil) എന്നറിയപ്പെടുന്ന സ്ഥാപനമായും ഗ്രന്ഥാലയമായും ലണ്ടൻ ലൈബ്രറി നിലവിൽ വരുന്നതിനും അരനൂറ്റാണ്ടു മുൻപേ അത് സ്ഥാപിതമായി. രാഷ്ട്രീയവും മതവും ഒഴികെയുള്ള ഏതു വിഷയവും അവിടെ ചർച്ചയ്ക്ക് എടുക്കാമായിരുന്നു! പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, യൂറോപ്പ് സ്ത്രീകൾക്ക് വോട്ടവകാശം നൽകുന്നതിനും എത്രയോ മുൻപ്, 1804 മുതൽ തന്നെ ലിറ്റ് ആന്റ് ഫിൽ ലൈബ്രറി സ്ത്രീകൾക്കും അംഗത്വം അനുവദിച്ചു. ഇംഗ്ലീഷ്, ജർമ്മൻ, ഫ്രഞ്ച്, ലാറ്റിൻ, സ്പാനിഷ് എന്നീ ഭാഷകളിലായി രണ്ടു നൂറ്റാണ്ടുകൾ കൊണ്ട് വളർന്നു ഒരു ബൃഹദ് ഗ്രന്ഥശേഖരം ഇന്ന് അവിടെയുണ്ട്. അതോടൊപ്പം പൗരാണികമൂല്യം കൈവന്ന വസ്തുക്കളും ആദ്യകാലത്തെ അച്ചടിപ്പതിപ്പുകളും. ഇവയെല്ലാം ചേർന്ന് ഒരു ഗ്രന്ഥാലയത്തിനപ്പുറം ഒരു മ്യൂസിയത്തിന്റെ പ്രതീതിയാണ് ലിറ്റ് ആന്റ് ഫിൽ ലൈബ്രറി നമ്മിലുളവാക്കുക.
മധുവിനോടൊപ്പം ലൈബ്രറിയുടെ വാതിൽക്കലെത്തിയപ്പോൾ അതൊരു ഗ്രന്ഥാലയത്തിലേക്കുള്ള വഴിയായി തോന്നിയില്ല. പ്രാചീനത മുറ്റിത്തഴച്ച പ്രൗഢ മന്ദിരങ്ങൾ ഇരുവശവും തലയുയർത്തി നിൽക്കുന്ന ഒരു റോഡിനരുകിലായിരുന്നു ലൈബ്രറി കെട്ടിടം. വാതിൽ പിന്നിട്ട് അകത്തു കടന്ന് കോണിപ്പടികളിലൂടെ മുകളിലേക്ക് കയറി. ഒന്നാം നിലയിലാണ് ഗ്രന്ഥാലയത്തിന്റെ പ്രധാന മുറികളും പുസ്തകശേഖരവും. ഇരുപുറങ്ങളിലുമായി മുകളിലേക്കു പോകുന്ന കോണിപ്പടികളിൽ നൂറ്റാണ്ടുകളുടെ പ്രതാപം പ്രകടമായിരുന്നു. ചുറ്റുമുള്ള ചുമരുകളിൽ ലിറ്റ് ആന്റ് ഫിൽ സൊസൈറ്റിയെ നയിച്ച പണ്ഡിതന്മാരുടെ ചിത്രങ്ങൾ. കോണികൾ ആരംഭിക്കുന്ന നടുത്തളത്തിന്റെ മധ്യഭാഗത്തായി ഒരു അർദ്ധകായ പ്രതിമയും. മധുവിന്റെ സുഹൃത്തുക്കളും ന്യൂകാസിലിലെ വിദ്യാർത്ഥികളുമായ രേഷ്മ മണികണ്ഠൻ, ആഷിഖ് മുഹമ്മദ് ലൈബ്രറിയും പരിസരങ്ങളും ക്യാമറയിൽ പകർത്തുന്നുണ്ടായിരുന്നു. ഒപ്പം ഞങ്ങളേയും. പഠനവും പിന്നാലെ തൊഴിലും എല്ലാമായി ഇരുവരും ന്യൂകാസിലിലെ താമസക്കാരാണ്. ലൈബ്രറിയുടെ ഉള്ളിലേക്ക് കടന്നപ്പോഴേക്കും ലൈബ്രേറിയനായ പോൾ ഗാലിലുനസ് (Paul Galilunas) പുറത്തേക്കു വന്നു. പല പതിറ്റാണ്ടുകളായി ആ സ്ഥാപനത്തെ നയിക്കുന്ന ആളാണ്. ഞങ്ങളുടെ വരവ് അദ്ദേഹത്തെ മുൻകൂട്ടി അറിയിച്ചിരുന്നതാവണം. ഞങ്ങൾക്കൊപ്പം വന്ന് ലൈബ്രറിയുടെ സവിശേഷതകളെല്ലാം അദ്ദേഹം വിവരിച്ചുതന്നു. ചുമരിലെ ചിത്രങ്ങളിൽ കാണുന്ന പ്രപിതാമഹൻമാരുടെ ചരിത്രത്തിലൂടെ അദ്ദേഹം ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി.
ഗ്രന്ഥാലയത്തിലെ അപൂർവ ഗ്രന്ഥങ്ങളും കയ്യെഴുത്തു പ്രതികളും സൂക്ഷിക്കുന്നത് കീഴ്ത്തളത്തിലാണ്. വലിയ സുരക്ഷാസന്നാഹങ്ങളോടെയാണ് പ്രാചീന ഗ്രന്ഥങ്ങളും കയ്യെഴുത്തു പ്രതികളും മറ്റും അവിടെ സൂക്ഷിക്കുന്നത്. മുൻപൊരിക്കൽ നടത്തിയ സ്വിസ് യാത്രയിൽ സൂറിച്ചിലെയും വിയന്നയിലെയും മറ്റും പഴയ പള്ളികൾ സന്ദർശിച്ചപ്പോൾ അവിടങ്ങളിലും ഇത്തരം പ്രാചീന ഗ്രന്ഥങ്ങൾ സൂക്ഷിക്കാനായുള്ള സുരക്ഷാസംവിധാനങ്ങൾ കാണാൻ കഴിഞ്ഞിരുന്നു. വമ്പിച്ച തോതിൽ പണം ചെലവഴിച്ചാണ് അവയെല്ലാം അപ്രകാരം സംരക്ഷിക്കുന്നത്. അന്തഃരീക്ഷ ഊഷ്മാവിന്റെ ക്രമീകരണം മുതൽ മോഷണം തടയുന്നതിനുള്ള അത്യാധുനികമായ സുരക്ഷാസജ്ജീകരണങ്ങൾ വരെ അതിന്റെ ഭാഗമാണ്. സൂറിച്ചിൽ ആദ്യമായതു കണ്ടപ്പോൾ അതിലൊരു വിസ്മയം തോന്നിയിരുന്നു. പിന്നീട് അത് യൂറോപ്പിന്റെ പൊതുരീതിയാണെന്ന് മനസ്സിലാക്കാനായി. പ്രാചീന ഗ്രന്ഥങ്ങൾക്കും കയ്യെഴുത്തു പ്രതികൾക്കും യൂറോപ്യൻ മാർക്കറ്റിലുള്ള വിലയും മൂല്യവും മനസ്സിലാക്കിയാൽ അതിൽ അദ്ഭുതം തോന്നുകയുമില്ല. ലിറ്റ് ആന്റ് ഫിൽ ലൈബ്രറിയിൽ നിന്നുതന്നെ മോഷണം പോയതും പിൽക്കാലത്ത് തിരികെ കിട്ടിയതുമായ പ്രാചീന ഗ്രന്ഥങ്ങളെക്കുറിച്ച് അവിടെ വിതരണം ചെയ്യുന്ന ലഘുലേഖകളിലൊന്നിൽ പറയുന്നുണ്ട്. ജോൺ ഗൗൾഡിന്റെ ഹിമാലയത്തിലെ പക്ഷികളെക്കുറിച്ചുള്ള ഗ്രന്ഥവും (A Centuary of Birds from Himalayan Mountain-1831) ആസ്‌ട്രേലിയയിലെ പക്ഷികളെക്കുറിച്ചുള്ള ഗ്രന്ഥവും (Birds of Australia) മറ്റും അങ്ങനെയുള്ളതാണത്രെ! ഹിമാലയൻ പക്ഷികളെക്കുറിച്ചുള്ള പുസ്തകത്തിൽ നിന്നുള്ള ചിത്രങ്ങൾ ആ കൈപ്പുസ്തകത്തിൽ ചേർത്തിട്ടുള്ളത് നമ്മെ വിസ്മയിപ്പിക്കും. ഏതു ഫോട്ടോഗ്രാഫർ പകർത്തുന്നതിനെക്കാളും സൂക്ഷ്മതയോടെയും വർണ്ണഭംഗിയോടെയും വരയ്ക്കപ്പെട്ട ചിത്രങ്ങൾ! പ്രകൃതി ഒരുക്കുന്ന അത്ഭുതത്തിന്റെ കലവറപോലെയാണ് ആ പക്ഷിച്ചിത്രങ്ങൾ എനിക്കനുഭവപ്പെട്ടത്. പത്തൊമ്പതാം ശതകത്തിന്റെ ആദ്യപാദങ്ങളിൽ തന്നെ അത്രയും കണിശമായി അവ പകർത്തിവച്ചവരുടെ രചനാവൈഭവത്തെ രണ്ടു നൂറ്റാണ്ടിനിപ്പുറത്തിരിക്കുമ്പോഴും നമുക്ക് അഭിവാദ്യം ചെയ്യാതിരിക്കാനാവില്ല.
ഒന്നാം നിലയിലെ നടുത്തളം അതിവിസ്തൃതമാണ്. മുപ്പത് അടിയിലധികം ഉയരം വരുന്ന വിശാലമായ ഒരു ഹാളാണത്. മേൽത്തട്ടിലും കീഴ്ത്തട്ടിലുമായി ചുമരോടു ചേർന്ന ചില്ലലമാരകളിൽ അടുക്കടുക്കായി വച്ച ഗ്രന്ഥങ്ങൾ. ഒരു നിലയുടെ ഉയരത്തിൽ പുസ്തകഷെൽഫുകളോട് ചേർന്ന് ഹാൻഡ്‌റെയിലുകൾ പിടിപ്പിച്ച നാലടിയോളം വീതിയുള്ള നടപ്പാത. മുകളിലത്തെ തട്ടിലാണ് പ്രാചീന ഗ്രന്ഥങ്ങളേറെയും. താഴെത്തെ തളത്തിൽ വായനാമുറി. ചില അമൂല്യഗ്രന്ഥങ്ങൾ അവിടെ പ്രദർശനത്തിനായി സജ്ജീകരിച്ചിട്ടുമുണ്ട്. അതിലൊരു ഗ്രന്ഥം (The Whetstone of Witte) ഏറെ കൗതുകം പകർന്ന ഒന്നായിരുന്നു. പൊതുവർഷം (CE) 1557-ൽ റോബർട്ട് റെക്കോർഡ് രചിച്ച ഒരു ഗണിതശാസ്ത്ര ഗ്രന്ഥമാണത്. ലോകത്ത് ആദ്യമായി സമചിഹ്നം ഉപയോഗിച്ചത് ഈ ഗ്രന്ഥത്തിലായിരുന്നുവത്രെ! തുല്യനീളമുള്ള രണ്ടു ചെറുവരകളേക്കാൾ (=) നന്നായി സമമൂല്യത്തെ (equals sign) പ്രകാശിപ്പിക്കാൻ മറ്റൊന്നിനും കഴിയില്ല എന്നാണ് റോബർട്ട് റെക്കോർഡ് എഴുതുന്നത്. നാം ഇപ്പോൾ ഉപയോഗിക്കുന്നതിനേക്കാൾ ദൈർഘ്യമുള്ള ഇരട്ടവരകളാണ് അദ്ദേഹം പുസ്തകത്തിൽ കൊടുത്തിരിക്കുന്നത്. എന്തായാലും ആ ചിഹ്നം അദ്ദേഹത്തിന്റെ സങ്കല്പങ്ങളെയെല്ലാം മറികടന്ന് ലോകം കീഴടക്കി. റോബർട്ട് റെക്കോർഡിനെ ഓർക്കുന്നവർ കുറവായിരിക്കുമെങ്കിലും സമചിഹ്നം ഉപയോഗിക്കാത്ത ഒരു ദിവസം പോലും കഴിഞ്ഞ നാലഞ്ചു നൂറ്റാണ്ടുകാലത്തെ മനുഷ്യവംശത്തിന്റെ ചരിത്രത്തിൽ ഉണ്ടാവാനിടയില്ല. സ്രഷ്ടാവ് കാലപ്രവാഹത്തിൽ മാഞ്ഞുപോയെങ്കിലും ആ ചിഹ്നം അതിന്റെ നിത്യജീവിതം തുടരുന്നു!
രണ്ടു മണിക്കൂറോളം ഗ്രന്ഥാലയത്തിൽ ചെലവഴിച്ച് അവിടെ നിന്നും പുറത്തിറങ്ങി. എല്ലാം വിശദമായി കാണിച്ചു തന്ന ലൈബ്രേറിയനെ പ്രത്യേകം കണ്ട് നന്ദി പറഞ്ഞാണ് പുറത്തുകടന്നത്. ഓരോ വാക്കിലും അതുല്യമായ സമർപ്പണഭാവം പുലർത്തിയ ഒരു മനുഷ്യൻ! അദ്ദേഹത്തോടൊപ്പം ഞങ്ങൾ ചില ചിത്രങ്ങളും എടുത്തു. അപ്പോഴേക്കും വൈകുന്നേരമായിട്ടുണ്ടായിരുന്നു. ലൈബ്രറിയിൽ നിന്നും പുറത്തിറങ്ങി ന്യൂകാസിലിലെ യോഗസ്ഥലത്തേക്കു പോയി. പരിചിതരും അല്ലാത്തവരുമായി കുറെയേറെപ്പേർ മീറ്റിംഗിനെത്തിയിരുന്നു. ചെറുതെങ്കിലും ഹൃദ്യമായ ചടങ്ങ്. രണ്ടു മണിക്കൂറോളം അതിന് ചെലവഴിച്ചു കാണണം. രാത്രി ഒൻപതു മണിയോടെ മധുവിന്റെ വീട്ടിലേക്കു മടങ്ങി. ഭക്ഷണവും സംഭാഷണങ്ങളും എല്ലാമായി ഹൃദ്യമായ ഒരു അത്താഴവേള. കിടക്കയിലേക്ക് നീങ്ങുമ്പോൾ പന്ത്രണ്ടോടടുത്തിരുന്നു. ഒരു മുഴുദിനയാത്രയുടെ ക്ഷീണവും കൂടെയുണ്ടായിരുന്നു.
രണ്ട്
രാവിലെ തന്നെ മാഞ്ചസ്റ്ററിലേക്ക് തിരിക്കണം എന്നു കരുതിയാണ് കിടന്നതെങ്കിലും പുറപ്പെട്ടപ്പോൾ ഒൻപതു മണിയോടടുത്തിരുന്നു. മധുവിന്റെ വസതിയിൽ നിന്നു പുറപ്പെടുന്നതിനു മുൻപ് രണ്ട് വിശിഷ്ട സമ്മാനങ്ങൾ ലഭിച്ചു. ഗാന്ധിയുടെ ജീവിതവുമായി ബന്ധപ്പെട്ട രണ്ടു പുസ്തകങ്ങൾ! ഗാന്ധിയുടെ അപൂർവചിത്രങ്ങളുടെ ബൃഹദ്‌ശേഖരത്തോടൊപ്പമുള്ള അദ്ദേഹത്തിന്റെ സംഗ്രഹിത ജീവചരിത്രമാണ് ഒന്ന്. ലണ്ടനിൽ നിന്നും മികവുറ്റ കലാപഠനങ്ങളും മറ്റും ഉന്നതനിലവാരമുള്ള ഫോട്ടോഗ്രാഫുകളോടെ പ്രസിദ്ധീകരിക്കുന്ന ഒരു പ്രസാധനശാലയായ Phaidon പുറത്തുകൊണ്ടുവന്നതാണ് ആ ഗ്രന്ഥം. പല ഫോട്ടോകളും മുൻപേ കണ്ടിട്ടുള്ളവയാണെങ്കിലും ചിത്രങ്ങളുടെ മനോഹരവിന്യാസവും ഗുണനിലവാരവും ആ ഗ്രന്ഥത്തെ അനന്യമാക്കിയിരുന്നു. ഗാന്ധിയുടെ ജീവിതത്തിലും ആശയങ്ങളിലും എനിക്കുള്ള താത്പര്യം അറിയാവുന്ന മധു ‘മാഷിത് വച്ചോളൂ’ എന്നു പറഞ്ഞ് സ്‌നേഹപൂർവം എനിക്കത് സമ്മാനിച്ചു. മറ്റൊന്ന് ഗാന്ധിസിനിമയുടെ നിർമ്മാണചരിത്രം വിവരിച്ചുകൊണ്ട് അതിന്റെ സംവിധായകനായ റിച്ചാർഡ് അറ്റൻ ബറോ എഴുതിയ ഗ്രന്ഥമാണ് (In Search of Gandhi). ലണ്ടനിൽ നിന്നും അത്ര പരിചിതമല്ലാത്ത ഒരു പ്രസാധനശാല പുറത്തിറക്കിയതാണ്. ഇന്ത്യയിൽ അവരുടെ ഗ്രന്ഥങ്ങൾ അത്ര സാധാരണമാണെന്നു തോന്നുന്നില്ല. ഇക്കാലം വരെ ആ പുസ്തകം എന്റെ കയ്യിൽ തടഞ്ഞിട്ടുമില്ല. അറ്റൻ ബറോവിന്റെ സിനിമ വന്നതിനു ശേഷമാണ് ഗാന്ധി ലോകപ്രശസ്തനായതെന്ന വിശ്വഗുരുവിന്റെ വിടുവായത്തം ഉണ്ടാക്കിയ കോലാഹലങ്ങൾ അക്കാലത്ത് അന്തരീക്ഷത്തിലുണ്ടായിരുന്നു. അതുകൊണ്ടുകൂടി എനിക്കാ പുസ്തകം കൂടുതൽ ആകർഷകമായി തോന്നി. മധുവിന്റെ പുസ്തകശേഖരത്തിൽ അങ്ങനെയൊന്ന് കണ്ടപ്പോൾ അത് ഞാൻ ചോദിച്ചുവാങ്ങുകയായിരുന്നു. മധു സന്തോഷപൂർവം അതും തന്നു. ഇത്തവണത്തെ ന്യൂകാസിൽയാത്രയുടെ വലിയ സമ്പാദ്യങ്ങളായിരുന്നു ആ രണ്ടു പുസ്തകങ്ങളും.
ഒൻപതുമണിയോടെ മധുവിന്റെ വസതിയിൽ നിന്നും ഞങ്ങൾ പുറപ്പെട്ടു. തലേന്ന് ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന ആഷിഖ് ആ യാത്രയിലും പങ്കുചേർന്നിരുന്നു. രേഷ്മയ്ക്ക് ജോലിത്തിരക്കുകൾ മൂലം വരാനായില്ല. ന്യൂകാസിലിൽ നിന്ന് മാഞ്ചസ്റ്ററിലേക്ക് പോകും വഴി ഹദ്രിയന്റെ മതിൽ (Hadrian’s Wall) എന്ന പ്രസിദ്ധമായ ചരിത്രാവശിഷ്ടം കണ്ടുപോകാമെന്ന് മധു പറഞ്ഞിരുന്നു. പൊതുവർഷം രണ്ടാം നൂറ്റാണ്ടിൽ റോമാസാമ്രാജ്യം ഭരിച്ചിരുന്ന ചക്രവർത്തിയാണ് ഹദ്രിയൻ. ഇരുപത്തിയൊന്ന് (CE 117-138) വർഷക്കാലം അദ്ദേഹം റോം ഭരിച്ചു. റോമാസാമ്രാജ്യത്തിന്റെ ഭരണരീതിയിൽ ചില അടിസ്ഥാനപരിവർത്തനങ്ങൾ കൊണ്ടുവരുകയും ചെയ്തു. സാമ്രാജ്യത്തിന്റെ വിദൂരമേഖലകളിൽ പോലും ചക്രവർത്തിയുടെ കേന്ദ്രാധികാരത്തിന് കൂടുതൽ പ്രാധാന്യം കൈവരും വിധം ഹദ്രിയൻ തന്റെ ഭരണം സുഘടിതമാക്കി. അതോടൊപ്പം സാമ്രാജ്യത്തിന്റെ അതിരുകളെല്ലാം തിട്ടപ്പെടുത്തി സുരക്ഷിതമാക്കുകയും ചെയ്തു. ഈ പ്രവർത്തനങ്ങളുടെ ഭാഗമായാണ് റോമാസാമ്രാജ്യത്തിന്റെ വടക്കൻ അതിർത്തിയിൽ വലിയ മതിലും കോട്ടകളും ഹദ്രിയൻ പണിതുയർത്തിയത്. പൊതുവർഷം 122-ലായിരുന്നു അതിന്റെ നിർമ്മാണം. രണ്ടു പതിറ്റാണ്ടിനു ശേഷം പൊതുവർഷം 142-ൽ മധ്യസ്‌കോട്‌ലാന്റിൽ മറ്റൊരു അതിർത്തിമതിൽ (Anatonine Wall) പണിതീർക്കപ്പെട്ടു. ഹദ്രിയാൻമതിലിന് 117 കിലോമീറ്റർ ദൈർഘ്യമുണ്ടായിരുന്നു. രണ്ടാമത്തേത് 67 കിലോമീറ്ററും. ബ്രിട്ടാനിയ എന്നറിയപ്പെട്ടിരുന്ന, റോമാസാമ്രാജ്യത്തിന്റെ ഭാഗമായ ഇംഗ്ലണ്ടിന്റെ അതിർവരമ്പായി അവ ദീർഘകാലം നിലകൊണ്ടു. പിന്നീട് എല്ലാ സാമ്രാജ്യപ്രതാപങ്ങളെയും പോലെ കാലപ്രവാഹത്തിൽ നിലംപൊത്തി!
ന്യൂകാസിലിലെ മധുവിന്റെ വസതിയിൽ നിന്നും ഒരുമണിക്കൂറോളം യാത്രചെയ്താണ് മതിലിന്റെ അവശിഷ്ടങ്ങൾക്ക് അരികിലെത്തിയത്. രണ്ടായിരത്തോളം വർഷങ്ങൾക്കപ്പുറത്ത് (CE 122) പണിതീർക്കപ്പെട്ട ആ മതിലിന്റെ അവശേഷിക്കുന്ന അവശിഷ്ടഭാഗങ്ങൾ അതിന്റെ പൂർവപ്രതാപത്തെക്കുറിച്ച് ഇപ്പോഴും നമ്മെ ഓർമ്മിപ്പിക്കും. ബ്രിട്ടന്റെ കിഴക്കും പടിഞ്ഞാറും കടൽത്തീരങ്ങൾക്കു കുറുകെ, കിഴക്കുഭാഗത്ത് വാൾസെൻഡിനും (Wallsend) പടിഞ്ഞാറുഭാഗത്ത് ബൗനെസ്സിനും (Bowness) ഇടയിലായി 117 കിലോമീറ്ററിൽ ഇടമുറിയാതെ നിലകൊണ്ട ആ അധികാരദുർഗ്ഗം റോമാസാമ്രാജ്യത്തിന്റെ സമ്പത്തിന്റെയും അധികാരത്തിന്റെയും ലോകത്തിലേക്കും നന്നായി വെളിച്ചം വീശുന്നുണ്ട്. ഇംഗ്ലണ്ടിന്റെ ഉൾനാടൻ ഗ്രാമങ്ങളും കൃഷിഭൂമികളും നിറഞ്ഞ ഭൂപ്രദേശങ്ങളിലൂടെ കുറെ ദൂരം സഞ്ചരിച്ചാണ് ഞങ്ങൾ അവിടെയെത്തിയത്. ആ ഉൾനാടൻ ഗ്രാമങ്ങൾ കോൺസ്റ്റബിളിന്റെയും മറ്റും ചിത്രങ്ങളിൽ കണ്ട പ്രകൃതിദൃശ്യങ്ങളെ ഏതോ നിലയിൽ അത് ഇപ്പോഴും ഓർമ്മയിൽ കൊണ്ടുവരുന്നുണ്ട്. പ്രധാന പാതയിലൂടെ കുറെ ദൂരം ഓടിക്കഴിഞ്ഞപ്പോൾ വഴി ചെറുതായി. നാട്ടിലെ ഒരു ഉൾനാടൻ ഇടവഴിപോലെ. അവസാനഭാഗത്ത് കല്ലുകൾ വിരിച്ചിട്ടുണ്ടെങ്കിലും ടാർ ചെയ്തിട്ടില്ല. അല്പം കൂടി കഴിഞ്ഞ് ഒരു പാർക്കിംഗ് ഏരിയ കണ്ടു. മുന്നോട്ടുള്ള വഴി തുടർന്നും കണ്ടതിനാൽ ഞങ്ങൾ കുറച്ചു കൂടി മുന്നോട്ടു പോയി. പക്ഷേ വഴി തുടരുന്നുണ്ടായിരുന്നില്ല. അരകിലോമീറ്ററിനപ്പുറം മതിലിനടുത്ത് അതവസാനിച്ചു. ഞങ്ങൾ അവിടെ ഇറങ്ങി. വണ്ടി പാർക്ക് ചെയ്ത് തിരിച്ചുവരാം എന്നു പറഞ്ഞ് മധു തിരിച്ചുപോയി.
പാർക്കിംഗ് ഏരിയയിൽ നിന്നാണ് മതിൽ കാണാനെത്തുന്നവർക്കുള്ള ശരിയായ വഴി. ഞങ്ങൾ ചെന്നുകയറിയത് മതിലിന്റെ മറുപുറത്തെ വിശാലമായ പുൽമൈതാനത്തേക്ക് ആടുകൾ മേയാനെത്തുകയും മടങ്ങുകയും ചെയ്യുന്ന വഴിയിലാണ്. ചെളിനിറഞ്ഞ് കുഴഞ്ഞു കിടക്കുന്ന പാത. അതിനരികിലൂടെ ഒരടി മാത്രം വീതിയിൽ ഒരു ഒറ്റയടിപ്പാത. ശ്രദ്ധാപൂർവം അതിലൂടെ നടന്ന് ഹദ്രിയൻ മതിലിനടുത്തെത്തി. മരം കൊണ്ടു പണിത ഒരു ചെറിയ ഗേറ്റ്. അതിനരികിലൂടെ ഒരാൾക്ക് മാത്രം കടക്കാൻ കഴിയുന്ന വിധത്തിൽ ഒരു കുടുക്കുവഴി. അതിലൂടെയാണ് ഞങ്ങൾ അകത്തേക്കു കടന്നത്. ഇംഗ്ലീഷ് പുൽമൈതാനങ്ങളുടെ വിസ്തൃതിയും സമൃദ്ധിയും പല ചിത്രങ്ങളിലും കണ്ടിട്ടുണ്ടെങ്കിലും അതിന്റെ വിശാലവന്യതയിൽ നേരിട്ട് മുങ്ങുന്നത് ആദ്യമായാണ്. പുൽമൈതാനത്തിന്റെ അരികെന്നപോലെ ഇരുഭാഗത്തേക്കും നീണ്ടുപോകുന്ന പ്രാചീനമായ മതിലിന്റെ അവശിഷ്ടങ്ങൾ. അതിനുതന്നെ മൂന്നടിയോളം വീതിയും അത്രതന്നെ ഉയരവുമുണ്ട്. രണ്ടായിരം കൊല്ലം മുൻപ് അതിന്റെ വലിപ്പവും പ്രൗഢിയും എന്തായിരുന്നിരിക്കും എന്ന് മനസ്സിലോർത്തു. എട്ടു മീറ്റർ ഉയരത്തിലാണ് അത് പണിതീർത്തതെന്ന് ചില വിവരണങ്ങളിൽ കണ്ടിരുന്നു. മതിലിനോട് ചേർന്ന് ചെറിയ കോട്ടകൾ പോലെ നിലകൊണ്ടിരുന്ന നിരീക്ഷണനിലയങ്ങളുടെയും അവശിഷ്ടങ്ങൾ ഉണ്ട്. കോട്ടയുടെയും മതിലിന്റെയും വിശദമായ പ്ലാൻ യു.കെ.യിലെ പുരാവസ്തുവിഭാഗക്കാർ വലിയൊരു ഫലകത്തിൽ രേഖപ്പെടുത്തി വച്ചിട്ടുണ്ട്. അതെല്ലാം വായിച്ചതിനുശേഷം ഞങ്ങൾ മതിലിന്റെ അവശിഷ്ടങ്ങൾക്കരികിലൂള്ള ചെറിയ വഴിയിലൂടെ നടന്നു. അല്പം കഴിഞ്ഞ് അതിനു മുകളിലൂടെയും. ഒരു ദിശയിലേക്ക് കുറെ നടന്നു. പിന്നീട് മറുഭാഗത്തേക്ക് നടപ്പുതുടങ്ങി.
ന്യൂകാസിലിൽ ഹദ്രിയൻ മതിൽ മുറിയുന്നുണ്ട്. പിൽക്കാലത്ത് നിലവിൽ വന്ന ഒരു കരിങ്കൽ ക്വാറി മതിൽ കടന്നു പോകുന്ന മലയെ പിളർത്തിയിരിക്കുന്നു. മുകളിലേക്ക് ഉയരുന്ന മല പൊടുന്നനെ നിലയ്ക്കുന്നു. പിന്നെ ചെങ്കുത്തായ താഴ്ചയാണ്. അപകടകരമായ ആഴമുണ്ട് അതിന്. ഞങ്ങൾ അതിലൂടെ കയറി മലയുടെ മുകളിലെത്തി. ഒരുഭാഗത്ത് കുത്തനെയുള്ള വൻതാഴ്ചയും കരിങ്കല്ലെടുത്ത് രൂപപ്പെട്ട ചെറുതടാകവും. മറുപുറത്ത് പച്ചപ്പിന്റെ അതിസമൃദ്ധമായ പരപ്പ്. മുകളിൽ നീലപടർന്ന ആകാശം. പ്രകൃതി പകരുന്ന അപാരമായ വിശാലതയും ഏകാന്തതയും അവിടെയെത്തുന്ന ആരെയും വലയം ചെയ്യും. ആ അപാരത നമ്മെ ഏതോ നിലയിൽ വിനീതരാക്കും.
കാർ പാർക്ക് ചെയ്ത് മധു വന്ന വഴിയിലൂടെയാണ് ഞങ്ങൾ തിരികെ നടന്നത്. വൃത്തിയായി ഒരുക്കിയിട്ട നടപ്പാത. ഒരരികിൽ മുകളിൽ നിന്നു കണ്ട ചെറുതടാകം. ആകാശത്തിലെ നീലപ്പരപ്പിനെ പകർത്തിക്കൊണ്ട് അത് വിസ്തൃതിയിൽ തുറന്നുകിടന്നു. മുകളിലും താഴെയും പടർന്ന നീലപ്പരപ്പ്. പാതയുടെ മറുഭാഗം ചെറിയ കാടുപോലെ വൃക്ഷനിബിഡമായിരുന്നു. അതിനിടയിലൂടെ തിരികെ നടന്ന് ഞങ്ങൾ പാർക്കിംഗ് ഏരിയയിൽ എത്തി. സഞ്ചാരികൾക്ക് വിശ്രമിക്കാനുള്ള ചെറിയ ബഞ്ചുകളല്ലാതെ മറ്റു കെട്ടിടങ്ങൾ ഒന്നും അവിടെയില്ല. കുറച്ചു നേരം അവിടെയിരുന്നതിനു ശേഷം ഞങ്ങൾ മടങ്ങി. ഒരു കിലോമീറ്ററോളം ദൂരത്തിനിപ്പുറം വഴിയോരത്ത് ഒരു ചെറിയ കഫേ. മൂന്നു ദിശകളിലേക്കും വഴിതിരിയുന്ന ഒരിടത്ത് വഴിയോട് ചേർന്നുള്ള ഏറെ പഴയ വീടാണ്. നൂറ്റാണ്ടുകൾക്കപ്പുറത്തെ ഒരു കാലസന്ധിയിലാണ് ഞങ്ങൾ എന്നു തോന്നി. മുറ്റത്ത് മരപ്പലക വിരിച്ച ബഞ്ചുകൾ. അകത്തു കയറി ചായയും ലഘുഭക്ഷണവും ഓർഡർ ചെയ്ത് ഞങ്ങൾ പുറത്തെ ബഞ്ചിൽ വന്നിരുന്നു. മുന്നിലൂടെ വഴിയിലൂടെ വല്ലപ്പോഴും ചില വണ്ടികൾ പോകുന്നുണ്ട്. അതിനപ്പുറം പച്ചപ്പിന്റെ പരപ്പ്. അരമണിക്കൂറോളം ഞങ്ങൾ അവിടെ ചെലവഴിച്ചു കാണണം. കാപ്പികുടിയും ചെറിയ വിശ്രമവും കഴിഞ്ഞ് ഉച്ചയ്ക്ക് മുൻപായി ഞങ്ങൾ പുറപ്പെട്ടു.
മൂന്ന്
മാഞ്ചസ്റ്റർ മനസ്സിൽ പതിഞ്ഞത് എംഗൽസ് വഴിയാണ്. മാർക്‌സിനെയും അദ്ദേഹത്തിന്റെ ജീവിതത്തെയും കുറിച്ച് വായിച്ചുതുടങ്ങുന്ന ആരും എംഗൽസ് നൽകിയ മഹിതോദാരമായ പിന്തുണയെക്കുറിച്ചറിയാതെ പോവില്ലല്ലോ. സ്വയമേവ മാർക്‌സിന്റെ അനുയായിയായാണ് എംഗൽസ് തന്നെ കണ്ടിരുന്നത്. ‘ഞങ്ങൾ ചെയ്തതെല്ലാം ഞങ്ങളില്ലാതെയും മാർക്‌സിന് ചെയ്യാനാവുമായിരുന്നു; എന്നാൽ മാർക്‌സില്ലാതെ അദ്ദേഹം ചെയ്തതൊന്നും ഞങ്ങൾക്ക് പൂർത്തീകരിക്കാനാവുമായിരുന്നില്ല’ എന്ന് എംഗൽസ് അതേക്കുറിച്ച് പറയുന്നുണ്ട്. ഇങ്ങനെ സ്വയം പിൻവാങ്ങി നിന്ന ഒരാളായിരുന്നുവെങ്കിലും എംഗൽസ് മാർക്‌സിനൊപ്പം നിൽക്കാൻ കെല്പുള്ള ഒരു പണ്ഡിതനും ബുദ്ധിജീവിയും പോരാളിയുമായിരുന്നു. മാർക്‌സിന്റെ അനുയായിയും നിഴലും മാത്രമായി സ്വയം പ്രതിഷ്ഠിച്ചതുകൊണ്ട് പലരും എംഗൽസിന്റെ ചിന്താപരമായ വലിപ്പം തിരിച്ചറിയാതെ പോയി എന്നതാണ് യാഥാർത്ഥ്യം. തത്ത്വശാസ്ത്രപരമായ ഊന്നലുകളിൽ നിന്ന് മാർക്‌സിന്റെ ചിന്തയെ സാമ്പത്തികപഠനത്തിലേക്ക് വഴിതിരിച്ചുവിട്ടതിന് പിന്നിലെ പ്രധാന പ്രേരണതന്നെ എംഗൽസായിരുന്നു. 1844-ൽ അദ്ദേഹം എഴുതിയ ഒരു പ്രബന്ധം (Outlines of the Critiques of Political Economy) എന്ന പ്രബന്ധം മാർക്‌സ് ശ്രദ്ധാപൂർവം വായിച്ചിരുന്നു. റെയ്‌നിഷെ സെയ്തുങ് എന്ന തന്റെ പത്രത്തിൽ മാർക്‌സ് അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. അതുവഴിയാരംഭിച്ച സൗഹൃദം മനുഷ്യവംശത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മഹിമയുറ്റ സാഹോദര്യത്തിന്റെ ആവിഷ്‌കാരമായി. വിപ്ലവപരമായ സാഹോദര്യം (camaradcrie) എന്നതിന് ഇതിനേക്കാൾ മഹിമയുള്ള ഉദാഹരണങ്ങൾ സാധ്യമല്ലാത്തവിധം അത് മാനവചരിത്രത്തിൽ തലയയുയർത്തി നിൽക്കുന്നു. സംശയരഹിതമായും എംഗൽസായിരുന്നു അതിന്റെ യഥാർഥമായ അടിസ്ഥാനം.
1842-ലാണ് എംഗൽസ് മാഞ്ചസ്റ്ററിലെത്തിയത്. തന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ‘എംഗൽസ് ആന്റ് ബർമൻ’ എന്ന കമ്പനിയുടെ മാനേജർ ആയി. ജർമ്മനിയിലെ വിപ്ലവപ്രവർത്തനങ്ങളിൽ നിന്ന് മകനെ അകറ്റിനിർത്താനാണ് അച്ഛൻ എംഗൽസിനെ മാഞ്ചസ്റ്ററിലേക്ക് അയച്ചത്. പിതാവിന്റെ ആ മോഹം സഫലമായില്ല എന്നു മാത്രം! മാഞ്ചസ്റ്റർ അന്ന് ഇരമ്പിമറിയുന്ന വ്യവസായനഗരമാണ്. ‘ആകാശചംബികളഴുക്കിന്റെ ചേരികൾ’ എന്നു കവിയെഴുതിയതിന്റെ തുടർച്ചയിൽ ആകാശചുംബികളില്ലെങ്കിലും അഴുക്കിന്റെ ചേരികൾ മാഞ്ചസ്റ്ററിൽ അന്ന് എത്രയെങ്കിലും ഉണ്ടായിരുന്നു. വ്യാവസായിക മുതലാളിത്തത്തിന്റെ പ്രതിനിധികളിലൊരാളായിരുന്നുവെങ്കിലും എംഗൽസ് സ്വജീവിതം സമർപ്പിച്ചത് മാഞ്ചസ്റ്ററിലെ തൊഴിലാളികൾക്കിടയിലാണ്. അവരുടെ ജീവിതയാതനകളെ അടുത്തറിഞ്ഞ അദ്ദേഹം അതേക്കുറിച്ച് വിപുലമായ വിവരശേഖരണം നടത്തി. പിന്നാലെ, അവയെല്ലാം ക്രോഡീകരിച്ച് തന്റെ ഇരുപത്തിനാലാം വയസ്സിൽ ഒരു ഗ്രന്ഥം രചിക്കുകയും ചെയ്തു. ഇംഗ്ലണ്ടിലെ തൊഴിലാളിവർഗ്ഗത്തിന്റെ സ്ഥിതി (The Condition of English Working Class) എന്ന ആ ഗ്രന്ഥം ആധുനിക ലോകത്തിന്റെ ചിന്താചരിത്രത്തിലെ ഒരു ക്ലാസിക് ആയി മാറി. മാർക്‌സിസ്റ്റ് ചരിത്രരചനയുടെ മാതൃകാപാഠം മുതൽ സാമൂഹികാരോഗ്യം എന്ന ആശയം വരെ അതിൽ നിന്ന് പിറവിയെടുത്തു.
1842 മുതൽ മൂന്നു പതിറ്റാണ്ടോളം (1870 വരെ) എംഗൽസ് മാഞ്ചസ്റ്ററിലായിരുന്നു. ഇക്കാലത്ത് മാർക്‌സിന്റെയും കുടുംബത്തിന്റെയും അഭയമായി അദ്ദേഹം മാറി. ലോകതൊഴിലാളിപ്രസ്ഥാനം പടുത്തുയർത്തുന്നതിൽ മാർക്‌സിനൊപ്പം നിർണ്ണായകമായ പങ്കു വഹിച്ചു. കഴിയുമ്പോഴെല്ലാം ലണ്ടനിലെത്തി മാർക്‌സിനെ കണ്ടു. എണ്ണമറ്റ ലേഖനങ്ങളും ഗ്രന്ഥങ്ങളും എഴുതി. അവയിൽ വലിയൊരു പങ്കും മാർക്‌സിന്റെ പേരിലായിരുന്നു. കുടുംബസ്വത്തിൽ തന്റെ പങ്ക് ലഭിച്ചതോടെ മാഞ്ചസ്റ്ററിലെ ജീവിതം അവസാനിപ്പിച്ച് എംഗൽസ് ഇംഗ്ലണ്ടിലേക്ക് നീങ്ങി. മാർക്‌സിന്റെ വസതിക്ക് തൊട്ടടുത്തായി താമസം തുടങ്ങി. അസാധാരണവും അനുപമവുമായ ആ വിപ്ലവസാഹോദര്യത്തിന് അതോടെ ദൈനംദിനബന്ധത്തിന്റെ ഇഴയടുപ്പം കൂടി കൈവന്നു. പിന്നീട് മാർക്‌സിന്റെ മരണം വരെയും അതിനുശേഷവും എംഗൽസ് ആ കുടുംബത്തിന്റെ തണലായിരുന്നു. മരണവേളയിൽ തന്റെ സ്വത്ത് മാർക്‌സിന്റെ മകളായ എലിനോറിനും ജർമ്മനിയിലെ തൊഴിലാളിപ്രസ്ഥാനത്തിനുമായി എംഗൽസ് എഴുതിവച്ചു. മരണാനന്തരചടങ്ങുകൾ നടത്തരുതെന്നും, സംസ്‌കാരസ്ഥലത്ത് സ്മാരകം ഉയരാതിരിക്കാൻ തന്നെ ദഹിപ്പിക്കുകയാണ് വേണ്ടതെന്നും എഴുതിവച്ച് എംഗൽസ് യാത്രയായത്
മാഞ്ചസ്റ്ററിലേക്കുള്ള യാത്രയ്ക്കിടയിൽ ഇതെല്ലാം മനസ്സിലുണ്ടായിരുന്നു. സ്മാരകങ്ങൾ പാടില്ലെന്ന എംഗൽസിന്റെ നിർദ്ദേശം കൊണ്ടുകൂടിയാവും, തൊഴിലാളിപ്രസ്ഥാനത്തിന്റെ വലിയ കേന്ദ്രങ്ങളിലൊന്നായിരുന്നിട്ടും മൂന്നുപതിറ്റാണ്ടോളം അദ്ദേഹം ജീവിച്ച മാഞ്ചസ്റ്ററിൽ എംഗൽസിനെ ഓർമ്മയിൽ കൊണ്ടുവരുന്ന ഒന്നുമുണ്ടായിരുന്നില്ല. സമീപകാലത്താണ് അതിനൊരു മാറ്റമുണ്ടായത്; 2017-ൽ. 1970-കളിൽ മധ്യ ഉക്രൈനിലെ ഉൾനാടൻ പ്രവശ്യകളിലൊന്നായ പൊൾട്ടാവയിൽ സ്ഥാപിച്ച എംഗൽസിന്റെ പ്രതിമ ആ വർഷമാണ് മാഞ്ചസ്റ്ററിലേക്ക് കൊണ്ടുവന്ന് സ്ഥാപിച്ചത്. സോവിയറ്റ് ബിംബങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ബിൽ ഉക്രൈൻ പാർലമെന്റ് 2015-ൽ പാസ്സാക്കിയിരുന്നു. ഇതേത്തുടർന്ന് പൊൾട്ടാവയിൽ നിന്നും നീക്കം ചെയ്ത പ്രതിമയാണ് പിന്നീട് മാഞ്ചസ്റ്ററിലേക്ക് കൊണ്ടുവന്നത്. ഇംഗ്ലീഷ് കലാകാരനായ ഫിൽകോളിൻസാണ് ആ സംരംഭം സാക്ഷാത്കരിച്ചത്. മാഞ്ചസ്റ്ററിൽ എംഗൽസിന്റെ ഒരു പ്രതിമ സ്ഥാപിക്കണമെന്ന താത്പര്യത്തോടെ അതു തേടിനടന്ന ഫിൽ കോളിൻസ് രണ്ടു വർഷം നീണ്ട ചർച്ചകൾക്കും മറ്റും ശേഷമാണത്രെ ആ ഉക്രൈൻ ശില്പം വാങ്ങിയത്. ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിൽ പ്രദർശിപ്പിച്ചതിനുശേഷം അന്തിമമായി അത് മാഞ്ചസ്റ്ററിലെ ടോണിവിൽസൺ പ്ലെയ്‌സിൽ സ്ഥാപിച്ചു. 2017-ലെ മാഞ്ചസ്റ്റർ ഇന്റർനാഷണൽ ഫെസ്റ്റിവലിന്റെ സമാപനദിവസമായിരുന്നു പ്രതിമയുടെ അനാച്ഛാദനം. അതോടെ മാഞ്ചസ്റ്ററിൽ ലോകതൊഴിലാളിവർഗ്ഗത്തിന്റെ നിത്യനായകരിലൊരാൾക്ക് സ്മാരകമായി. അതദ്ദേഹത്തിന് ഇഷ്ടമുള്ള കാര്യമായിരുന്നില്ലെങ്കിലും!
ഇംഗ്ലണ്ട് യാത്രയ്ക്കിടയിൽ മാഞ്ചസ്റ്ററിലും ഞാനൊരു പരിപാടിയിൽ സംബന്ധിക്കേണ്ടതുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ തന്നെ എംഗൽസ് പ്രതിമ കാണണമെന്ന് ഞാൻ മനസ്സിൽ കരുതിയിരുന്നു. ന്യൂകാസിലിലെ മീറ്റിംഗ് കഴിഞ്ഞാലുള്ള അടുത്ത പരിപാടിയായി സങ്കൽപ്പിച്ചിരുന്നതും അതാണ്. മാഞ്ചസ്റ്ററിലേക്കുള്ള വഴിയിൽ അല്പം തിരിഞ്ഞാൽ ഹദ്രിയൻ മതിലും കണ്ടുപോകാം എന്ന മധുവിന്റെ മാർഗനിർദ്ദേശത്തിലാണ് രണ്ടു സഹസ്രാബ്ദങ്ങൾക്കപ്പുറത്തെ റോമൻസാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ തേടി രാവിലെ യാത്ര പുറപ്പെട്ടത്. അവിടെനിന്ന് ഉച്ചയോടെ തിരിച്ച ഞങ്ങൾ മൂന്നു മണിയോടെ മാഞ്ചസ്റ്റർ നഗരത്തിലെത്തി. ജീ.പി.എസ്. തരുന്ന നിർദ്ദേശങ്ങൾ പിൻപറ്റി ടോണി വിൽസൺ പ്ലെയ്‌സ് ലക്ഷ്യമാക്കിയാണ് കാർ നീങ്ങിയത്. ഒരു വലിയ നഗരകേന്ദ്രത്തിന്റെ നടുവിലെത്തിയപ്പോൾ കാർ പാർക്കിംഗിനുള്ള സ്ഥലം കണ്ടു. കൂടുതൽ അലഞ്ഞുതിരിയേണ്ടെന്നു കരുതി അവിടെത്തന്നെ കാർ പാർക്ക് ചെയ്ത് ഞങ്ങൾ പുറത്തുകടന്നു. അടുത്തുതന്നെയാണ് പ്രതിമയുള്ളതെന്ന് മധു പറയുന്നുണ്ടായിരുന്നു. ലിഫ്റ്റിൽ നിന്ന് പുറത്തുകടന്ന് ലൊക്കേഷൻ മാപ്പ് നോക്കി നടന്ന് ഒരു കെട്ടിടസമുച്ചയത്തിന് മുന്നിലേക്കെത്തി. ഏറെ അകലെയല്ലാതെ തലയുയർത്തി നിൽക്കുന്ന എംഗൽസ് പ്രതിമ! പലതവണ ചിത്രങ്ങളിൽ കണ്ടു പരിചയമുള്ളതുകൊണ്ട് എനിക്ക് അകലെനിന്ന് ഒറ്റക്കാഴ്ചയിൽ തന്നെ അത് തിരിച്ചറിയാൻ പറ്റി. മനസ്സിൽ സന്തോഷം തിരയടിച്ചുകൊണ്ടിരുന്നു.
തിരക്കേറിയ ഒരു വ്യാപാരസമുച്ചയത്തിനു മുന്നിലാണ് എംഗൽസ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഹൈഗേറ്റിലെ മാർക്‌സിന്റെ അർദ്ധശില്പം നിലകൊള്ളുന്നതു പോലെയുള്ള പ്രൗഢവും ഏകാന്തവുമായ ഒരു പരിസരമല്ല. നഗരകേന്ദ്രത്തിലെ വാണിജ്യത്തെരുവിന്റെ ഒരു അരിക്. ചുറ്റും മനുഷ്യർ തിരക്കിട്ട് നടക്കുന്നുണ്ട്. എംഗൽസ് പ്രതിമ ഏറെപ്പെരൊന്നും തിരിച്ചറിയുന്നതായി തോന്നിയില്ല. നിത്യപരിചയം കൊണ്ടുമാവാമെന്ന് മനസ്സിലോർത്തു. പ്രതിമയ്ക്കു മുന്നിൽ കുറച്ച് ഒഴിഞ്ഞ ഇടമുണ്ട്. അതിനു പിന്നിൽ ചെറിയ ചില മരങ്ങൾ. ചുവടെ സിമന്റിൽ തീർത്ത ബഞ്ചുകൾ. അവ പ്രതിമയ്ക്കു മുന്നിലെ ഇരിപ്പിടങ്ങൾ എന്നതിനെക്കാൾ ആ വാണിജ്യകേന്ദ്രത്തിന്റെ ഭാഗമായി പണിതതാണെന്നാണ് തോന്നിയത്. ഉക്രൈയ്‌നിൽ ആ പ്രതിമ നിലനിന്നിരുന്നത് വിശാലമായ ഒരു മൈതാനത്തിനു നടുവിലായിരുന്നുവെന്ന് ചിത്രങ്ങളിൽ നിന്ന് മനസ്സിലാക്കിയിട്ടുണ്ട്. ആ പ്രതിമയുടെ ബൃഹദ്‌രൂപം അത്രയും തുറസ്സ് ആവശ്യപ്പെടുന്നുണ്ട്. പക്ഷേ, മാഞ്ചസ്റ്റർ പോലൊരു നഗരത്തിൽ, പ്രത്യേകിച്ചും എംഗൽസിനെപോലെ ഒരാൾക്കുവേണ്ടി, അത്രയും ഇടം കണ്ടെത്തൽ എളുപ്പമല്ലല്ലോ.
എംഗൽസിന്റെ പ്രതിമയ്ക്കു മുന്നിൽ നിന്ന് ഞങ്ങൾ കുറെ ചിത്രങ്ങൾ എടുത്തു. ഒറ്റയ്ക്കും കൂട്ടായും. പന്ത്രണ്ട് അടി ഉയരമുള്ള പ്രതിമ ഒരാൾപ്പൊക്കമുള്ള സ്തംഭപീഠത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. അതിന്റെ ബൃഹദാകാരത്തിനു മുന്നിൽ നമ്മൾ ചെറുതാകും. എംഗൽസിന്റെ ജീവിതവും ചിന്തയും അടുത്തറിഞ്ഞവർക്ക് ആ വലിപ്പം അസാധാരണമായി തോന്നില്ലെന്ന് എനിക്കപ്പോൾ തോന്നി.
പ്രതിമയ്ക്കരുകിലെ ബഞ്ചിൽ കുറെ നേരം ഞങ്ങൾ ഇരുന്നു. നാലുമണിയോടെയാണ് ഭക്ഷണത്തിനായി കയറിയത്. ആ ചത്വരത്തിന് തൊട്ടടുത്ത് തന്നെ ഒരു ദക്ഷിണേന്ത്യൻ ഹോട്ടൽ. തമിഴ്‌നാട്ടുകാർ നടത്തുന്നതാണ്. ജോലിക്കാർ മിക്കവരും മലയാളികൾ. ചിലരൊക്കെ പരിചയം കാണിച്ചു. മാഞ്ചസ്റ്ററിൽ ധാരാളം ഇന്ത്യക്കാരും മലയാളികളും ഉള്ളതുകൊണ്ടാകണം അങ്ങനെയൊന്ന് അവിടെ വന്നത്. ഹോട്ടലിലെ ചില്ലുപാകിയ മതിലിനോടു ചേർന്ന ഒരു ഇരിപ്പിടത്തിലാണ് ഭക്ഷണത്തിനായി ഇരുന്നത്. നടപ്പാതയിലെ ചെറുമരങ്ങൾ കാറ്റിലിളകുന്നുണ്ട്. അതിനുമപ്പുറം തലയുയർത്തി നിൽക്കുന്ന എംഗൽസിന്റെ അധൃഷ്യത! ചരിത്രത്തിന്റെ രണ്ടറ്റങ്ങളിലേക്ക് ഒരു ദിവസത്തിന്റെ രണ്ടറ്റങ്ങളിലായി എത്തിപ്പെട്ടതിലെ കൗതുകം ഞാനപ്പോൾ മനസ്സിലോർത്തു. ഒരു ഭാഗത്ത് സാമ്രാജ്യാധികാരത്തിന്റെ നെടുംകോടുകളിലൊന്ന്. മറുഭാഗത്ത് എല്ലാ സാമ്രാജ്യാധികാരങ്ങൾക്കുമെതിരായ സമരത്തിന്റെ നിത്യനായകത്വങ്ങളിലൊന്നും. ഇതിനിടയിൽ കാലത്തിന്റെ കളിക്കളത്തിൽ മനുശ്യവംശത്തിന്റെ ജീവിതപ്രയാണങ്ങൾ!
ഭക്ഷണവുമായി വന്നത് മലയാളിയായ ഒരു ചെറുപ്പക്കാരനാണ്. പരിചയഭാവത്തിൽ അയാൾ പുഞ്ചിരിച്ചു. അദൃശ്യമായ ഒരു സ്‌നേഹഭാവം അയാളിലുമുണ്ടായിരുന്നു.







Be the first to write a comment.