ഹിന്ദുരാഷ്ട്രത്തിൻ്റെ മുന്നൊരുക്കങ്ങൾ
1940 ജൂൺ 21 നാണ് ആർ എസ് എസിൻ്റെ ആദ്യ സർ സംഘ് ചാലക് ആയ ഡോ. ഹെഡ്ഗേവാർ അന്തരിക്കുന്നത്. അതേ തുടർന്ന് 1940 ജൂലൈ 3 ന് സദാശിവ് മാധവ് ഗോൾവാൾക്കർ ആ പദവി ഏറ്റെടുക്കുകയുണ്ടായി. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ, 1940 ആഗസ്റ്റ് 5 ന്, രണ്ടാം ലോകയുദ്ധസാഹചര്യത്തിൽ ഇന്ത്യയിലെ സംഘടനകളുടെ കായികപരിശീലന പദ്ധതികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള നിയമം ബ്രിട്ടൻ കൊണ്ടുവരികയുണ്ടായി. ഡിഫൻസ് ഓഫ് ഇന്ത്യാ ആക്റ്റ് എന്ന് പേരിട്ട നിയമം, ആർ എസ് എസിൻ്റെ ശാഖാ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. നിയമം ഏതെങ്കിലും സംഘടനകളെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും, ആർ എസ് എസിന് പ്രവർത്തിക്കുക സാധ്യമായിരുന്നില്ല. കാരണം പട്ടാളത്തേയോ പോലീസിനെയോ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള യൂണിഫോം ധരിക്കൽ, പട്ടാളക്കാരുടെ പരേഡിനെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള പരിശീലനങ്ങൾ ഇവയ്ക്കെല്ലാം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
ഗോൾവാൾക്കർ ആദ്യം കരുതിയത് ഈ നിരോധനത്തിൽ നിന്നും ആർ എസ് എസിന് മാറി നിൽക്കാം എന്നായിരുന്നു. ആർ എസ് എസിന് പ്രത്യക്ഷമായ രാഷ്ട്രീയ സ്വഭാവം ഇല്ലാത്തത് കൊണ്ട് അത് സാധ്യമാകും എന്ന് അദ്ദേഹം കരുതി. ഡെൽഹിയിൽ ആർ എസ് എസിന്റെ അവസാന വാക്കായിരുന്ന വസന്ത്റാവു ഓക്കിന്, ഗോൾവാൾക്കർ എഴുതിയ കത്തിൽ ഇക്കാര്യം പങ്കുവെയ്ക്കുന്നുണ്ട്. എന്നാൽ ഗോൾവാൾക്കർ ആഗ്രഹിച്ച പോലെയല്ല സംഭവിച്ചത്. പൂനെയിലെ അക്കാലത്തെ ആർ എസ് എസ് നേതാവായിരുന്ന എസ് എച്ച് ദേശ്പാണ്ഡേ, പഞ്ചാബിലെ അക്കാലത്തെ ആർ എസ് എസ് നേതാവ് രാം രഖാ മാൽ എന്നിവരുടെ കത്തിടപാടുകളിൽ നിന്നും തങ്ങളുടെ പ്രദേശങ്ങളിലെ ശാഖാപ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുന്നതായി പരാമർശിക്കുന്നുണ്ട്. ബ്രിട്ടീഷ് ഇൻ്റലിജൻസ് റിപ്പോർട്ടുകളിലും നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന ആർ എസ് എസ് ശാഖാ അധികൃതർക്കെതിരെ നടപടി നിർദ്ദേശിക്കുന്നുണ്ട്.
തങ്ങൾക്ക് രാഷ്ട്രീയപ്രവർത്തനവുമായി ബന്ധമില്ല എന്ന നിലപാട് ഓരോ പ്രതിസന്ധി ഘട്ടത്തിലും ആർ എസ് എസ് എടുത്തു പ്രയോഗിക്കാറുണ്ട്. ഡോ. ഹെഡ്ഗേവാർ ആണ് അത് തുടങ്ങിവെച്ചത്. 1932-ൽ അന്നത്തെ സെൻട്രൽ പ്രോവിൻസ് (ഇന്നത്തെ മദ്ധ്യപ്രദേശ്. പിൽക്കാലത്ത് മഹാരാഷ്ട്രയുടെ ഭാഗമായിത്തീർന്ന നാഗ്പൂർ ഉൾപ്പെടുന്ന പ്രദേശങ്ങൾ അന്ന് സെൻട്രൽ പ്രോവിൻസിൻ്റെ ഭാഗമായിരുന്നു. ആർ എസ് എസിൻ്റെ ആസ്ഥാനം നാഗ്പൂർ ആയിരുന്നു എന്നും ഓർക്കുക) ഗവണ്മെൻ്റ് ആർ എസ് എസിനെ വർഗ്ഗീയ രാഷ്രീയ കക്ഷിയായി കണക്കാക്കി സർക്കാർ ജീവനക്കാർക്ക് അതിൽ ചേരുന്നതിന് വിലക്ക് ഏർപ്പെടുത്തിയപ്പോൾ, ഹെഡ്ഗേവാർ അതിനെ പ്രതിരോധിച്ചത് ആർ എസ് എസ്, രാഷ്ട്രീയ രഹിത സംഘടനയായി പ്രദർശിപ്പിച്ചാണ്. എന്നാൽ, ആർ എസ് എസിൻ്റെ രൂപീകരണത്തിന് വഴി തെളിച്ച ഹിന്ദുത്വ എന്ന പുസ്തകത്തിൻ്റെ രചയിതാവായ വിനായക് ദാമോദർ സവർക്കർ ആയാലും അതിൻ്റെ തലതൊട്ടപ്പൻമാരായ ബാബാറാവു സവർക്കർ എന്ന ഗണേഷ് ദാമോദർ സവർക്കർ ആയാലും ബി എസ് മുഞ്ജേ ആയാലും ആദ്യ സർ സംഘ് ചാലകരായ ഹെഡ്ഗേവാർ, ഗോൾവാൾക്കർ തുടങ്ങിയവരായാലും ഫാസിസത്തിൻ്റെ ആരാധകരും ഹിന്ദുവംശീയതയുടെ പ്രയോക്താക്കളും ഹിന്ദുരാഷ്ട്രവാദികളും ആയിരുന്നു. പക്ഷെ, ആർ എസ് എസിൻ്റെ കാര്യം പറയുമ്പോൾ, അതിനെ സാംസ്കാരിക സംഘടന എന്ന മട്ടിൽ പ്രദർശിപ്പിക്കുകയാണ് പതിവ്.
ആർ എസ് എസിൻ്റെ ആദ്യകാല രാഷ്ട്രീയ ബാന്ധവം ഹിന്ദുമഹാസഭയായിട്ടായിരുന്നു എന്നത് സുവിദിതമാണല്ലോ. നാഗ്പൂരിലെ സംഘ് ചാലക് ആയിരുന്ന എം എൻ ഘട്ടാട്ടേ പോലുള്ളവർ അതേ സമയത്തു തന്നെ ഹിന്ദുമഹാസഭയുടെ ഖജാൻജി ആയി പ്രവർത്തിച്ചിരുന്നു. ഗാന്ധിവധത്തിൻ്റെ ഗൂഢാലോചന അന്വേഷിച്ച കപൂർ കമ്മീഷന് മുന്നിൽ ഹാജരാക്കിയ തെളിവുസാമഗ്രികളും സാക്ഷിമൊഴികളും നോക്കിയാൽ ആർ എസ് എസും ഹിന്ദുമഹാസഭയും തമ്മിലുള്ള അടുത്ത ബന്ധത്തിന് ധാരാളം തെളിവുകൾ കിട്ടും. എസ് എച്ച് ദേശ്പാണ്ഡെയെപ്പോലുള്ളവരുടെ സ്മരണകളിൽ, ആർ എസ് എസ് കേഡർമാർക്ക്, ഹിന്ദുമഹാസഭാ നേതാവ് സവർക്കറുമായുള്ള ബന്ധം എത്ര തീവ്രമായിരുന്നു എന്നു പറയുന്നുണ്ട്. അതു കൊണ്ടു തന്നെ, താത്കാലിക നിരോധനം അതിജീവിക്കാൻ “ഹിന്ദു രാഷ്ട്ര ദൾ“ പോലുള്ള പുതിയ സംഘടനകൾ, ഈ സമയത്ത് ആർ എസ് എസും ഹിന്ദുമഹാസഭയും ചേർന്ന് ഉണ്ടാക്കുന്നുണ്ട്. ഈ ലേഖകൻ്റെ തന്നെ “ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ“ യിൽ അത്തരം കാര്യങ്ങൾ വിശദമായി പ്രതിപാദിച്ചിട്ടുള്ളത് കൊണ്ട് ഇവിടെ അതിന് തുനിയുന്നില്ല. ഇങ്ങനെ വിവിധ സംഘടനകളുടെ ലേബലിൽ വിശാലമായ ഒരു ഹിന്ദു വംശീയപ്രസ്ഥാനം, ഗോൾവാൾക്കർ, ആർ എസ് എസിന്റെ സർ സംഘ് ചാലക് ആയതോടെ രൂപം കൊള്ളുന്നുണ്ട്. ബീഹാറിലെ വംശഹത്യയ്ക്ക് ചുക്കാൻ പിടിച്ചത് ഈ ഹിന്ദു വംശീയ മുന്നണിയാണ്.
കൃത്യമായി പറഞ്ഞാൽ ബീഹാറിലെ വംശഹത്യ നടപ്പാക്കിയത് ഈ ഹിന്ദു വംശീയ മുന്നണിയുടെ പ്രാദേശിക നേതൃത്വമാണ്. എന്നാൽ അതോടൊപ്പം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഐക്യസംസ്ഥാനത്തും (യുണെറ്റഡ് പ്രൊവിൻസ് – ഇന്നത്തെ ഉത്തർ പ്രദേശും ഉത്തരാഖണ്ഡും ഉൾക്കൊള്ളുന്ന പ്രദേശം) ബോംബെ പ്രോവിൻസിലും (ഇന്നത്തെ മഹാരാഷ്ട്രയും ഗുജറാത്തും ഉൾക്കൊള്ളുന്ന പ്രദേശം) ഡെൽഹിയിലും മറ്റും ഹിന്ദു രാഷ്ട്ര സംസ്ഥാപനം സാധ്യമാക്കാൻ ഭീകരതകൾ അഴിച്ചു വിട്ടത് ആർ എസ് എസ് മുന്നിൽ നിന്നുകൊണ്ടാണ് . ജിന്നയുടെ മുസ്ലീം ലീഗ്, പാക്കിസ്ഥാന് വേണ്ടി 1940 കൾ മുതൽ ആവശ്യം ഉന്നയിച്ചത്, ഹിന്ദു വംശീയവാദികളുടെ ഹിന്ദുരാഷ്ട്ര സ്വപ്നത്തെ പൊലിപ്പിച്ചു. ബോംബെ പ്രോവിൻസിൽ കാശിനാഥ് ഭാസ്ക്കർ ലിമായേയും ഡെൽഹിയിൽ വസന്ത് റാവു ഓക്കും ജമ്മു കശ്മീരിൽ ബാബാസാഹേബ് ആപ്തേയും ഗോൾവാൾക്കറുടെ പ്രേഷിതപ്രവർത്തകരായി പ്രവർത്തിച്ചുകൊണ്ട് ആർ എസ് എസിൻ്റെ ശൃംഖല വികസിപ്പിച്ചിരുന്നു. അതോടൊപ്പം തന്നെ ഹിന്ദു നാട്ടുരാജ്യങ്ങളുമായി വളരെ അടുത്ത ബന്ധം ഗോൾവാൾക്കർ വികസിപ്പിച്ചെടുക്കുകയുണ്ടായി. 1940 വരെ ആർ എസ് എസിൻ്റെ ഓ ടി സി (ഓഫീസേഴ്സ് ട്രെയിനിങ്ങ് ക്യാമ്പ്) നാഗ്പൂരിലും പൂനെയിലും മാത്രമാണ് നടന്നിരുന്നതെങ്കിൽ, ഗോൾവാൾക്കർ, സർ സംഘ് ചാലക് ആയതോടെ മറ്റുസ്ഥലങ്ങളിലും ഇത് നടത്താൻ തുടങ്ങി. മാത്രമല്ല, ഇത്തരം ക്യാമ്പുകൾ മുസ്ലീം വിരോധം പച്ചയ്ക്ക് പ്രചരിപ്പിക്കുന്ന ഇടങ്ങളായി മാറി. ഉദാഹരണത്തിന് 1942 ഏപ്രിൽ – മെയ് മാസങ്ങളിൽ പൂനെയിൽ നടന്ന ക്യാമ്പിൽ ഗോൾവാൾക്കർ നടത്തിയ പ്രസംഗം ബ്രിട്ടീഷ് ഇൻ്റലിജൻസ് ബ്യൂറോയുടെ ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയത് നോക്കാം.
“ഈ രാജ്യം അതിന് വേണ്ടി ചോര തുപ്പിയ പിതാമഹന്മാരുടെ പിൻഗാമികളായ ഹിന്ദുക്കൾക്ക് അവകാശപ്പെട്ടതാണ്. സംഘ്, മുഴുവൻ ഇന്ത്യയ്ക്കും വേണ്ടിയുള്ളതാകയാലാണ് അതിനെ ദേശീയം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. അതേ സമയം ഹിന്ദുക്കൾ മാത്രമാണ് ഈ കാലമത്രയും ഈ രാജ്യത്തോടുള്ള കൂറ് തെളിയിച്ചിട്ടുള്ളത്. അതിനാൽ അവർക്ക് മാത്രമേ സംഘത്തിൽ ചേരാൻ അർഹതയുള്ളൂ. തൻ്റെ പാരമ്പര്യത്തെ മറന്നുകൊണ്ട് ശത്രുവുമായി കൈകോർക്കുന്നവൻ, തങ്ങളുടെ സഹോദരൻ തന്നെയാണെങ്കിലും, വധ്യനാണ്. കാരണം തങ്ങളുടെ തത്വങ്ങൾ മുറുകെപ്പിടിക്കുകയും പിന്തുടരുകയും ചെയ്യുന്ന ഒരാള മാത്രമേ, തങ്ങളുടെ സഹോദരനായി അംഗീകരിക്കപ്പെടുകയുള്ളൂ. ഹിന്ദുവിൻ്റെ മാനസികമായ ആർദ്രത മാറ്റപ്പെടേണ്ടതാണ്. പകരം, ഉന്നത പദവി നേടിയെടുത്തമറ്റു മതങ്ങളിലെ മനുഷ്യരെ വെറുക്കുന്ന വൈകാരിക നില അവരിൽ വാർത്തെടുക്കേണ്ടതാണ്. സംഘ് ഇതാണ് ചെയ്യുന്നത് “
അതോടൊപ്പം നാസിസത്തേയും ഫാസിസത്തേയും പുൽകാൻ ആവശ്യപ്പെടുന്ന തരം പ്രബോധനങ്ങളും ഇത്തരം ക്യാമ്പുകളിൽ ഉണ്ടായി. യാദവ് റാവു ജോഷി, പി. ജി. സഹസ്രബുദ്ധേ തുടങ്ങിയവർ ആയിരുന്നു അത്തരം ക്ലാസ്സുകൾ നയിച്ചിരുന്നത്. പൂനെയിൽ ആർ എസ് എസിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച എൻ എം വി സ്കൂളിൽ മറാത്തിഭാഷയും സാഹിത്യവും പഠിപ്പിച്ചിരുന്ന അദ്ധ്യാപകനായിരുന്നു സഹസ്രബുദ്ധേ. ബ്രിട്ടീഷ് ഇന്റലിജൻസ് റിപ്പോർട്ടിൽ സഹസ്രബുദ്ധേ ഓ ടി സി ക്ലാസ്സുകളിൽ പ്രചരിപ്പിച്ചിരുന്ന ആശയങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ട്. ഉദാഹരണമായി 1942 മെയ് 4 ന് സഹസ്രബുദ്ധേ ഒരു ഓ ടി സി ക്ലാസ്സിൽ സംസാരിച്ചത് റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇങ്ങനെയാണ്
“സംഘ്, സ്വേച്ഛാധിപത്യ തത്വത്തെയാണ് പിൻതുടരുന്നത്. ജനാധിപത്യ സർക്കാരിനെ സംതൃപ്തിജനകമല്ലാത്ത ഒരു സർക്കാർ വ്യവസ്ഥയായി തള്ളിക്കളഞ്ഞ അദ്ദേഹം ഫ്രാൻസിനെ ചീത്ത ഉദാഹരണമായി വിവരിച്ചു. അതേ സമയം സ്വേച്ഛാധിപത്യത്തെ പുകഴ്ത്താൻ ജപ്പാൻ, റഷ്യ, ജർമ്മനി തുടങ്ങിയവയെ വാഴ്ത്തി. ജർമ്മനിയിലെ ഫ്യൂറർ തത്വത്തെയാണ് അദ്ദേഹം പ്രത്യേകം പുകഴ്ത്തിയത്. പ്രചരണത്തിൻ്റെ മേന്മയെക്കുറിച്ച് റഷ്യയേയും ജർമ്മനിയേയും ഉദാഹരണമായെടുത്ത് അദ്ദേഹം സംസാരിച്ചു. നേതൃത്വ തത്വത്തെക്കുറിച്ച് ഫ്യൂറർ എന്ന നിലയിൽ മുസ്സോളിനിയുടെ വിജയത്തെ മുൻനിർത്തി പുകഴ്ത്തി സംസാരിക്കുകയുണ്ടായി“
ആ സമയത്ത് ആർ എസ് എസ് കേഡർമാരോട് സവർക്കർ, ഹെഡ്ഗേവാർ, മറാത്താ സാമ്രാട്ട് ശിവജി, ഗോൾവാൾക്കർ എന്നിവരുടെ എഴുത്തുകൾക്ക് പുറമേ ഹിറ്റ്ലറുടേയും മുസ്സോളിനിയുടേയും ജീവചരിത്രങ്ങൾ കൂടി വായിക്കാൻ നിർബന്ധിച്ചതായി ഇൻ്റലിജൻസ് റിപ്പോർട്ട് പറയുന്നുണ്ട് . ഗോൾവാൾക്കറുടെ “ നാം അഥവാ നമ്മുടെ നിർവ്വചിക്കപ്പെട്ട ദേശീയത“, സാവിത്രിദേവിയുടെ “ഹിന്ദുക്കൾക്ക് ഒരു മുന്നറിയിപ്പ്“ എന്നിവയായിരുന്നു പഠിക്കാൻ നിർദ്ദേശിച്ചിട്ടുള്ള പുസ്തകങ്ങൾ.
1942 ൽ പ്രചാരകുകളെ ഗോൾവാൾക്കർ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിയോഗിച്ചു. ഇന്ത്യയിൽ കൊടുമ്പിരി കൊള്ളുന്ന സ്വാതന്ത്ര്യസമരത്തിനൊപ്പം വളർന്നു വരുന്ന ജനാധിപത്യ, മതേതര സങ്കല്പങ്ങളെ അടിത്തട്ടിൽ നിന്നും അട്ടിമറിക്കുന്നതിനായാണ് പ്രചാരകുമാരെ നിയോഗിച്ചതെന്ന് സൂക്ഷ്മമായി നോക്കിയാൽ മനസ്സിലാക്കാം. ഹിന്ദു നാമധാരികൾക്കുള്ളിൽ മതാധിഷ്ഠിതമായ ഫാസിസ്റ്റ് രാഷട്രീയം അടിത്തട്ടിൽ വളർത്തിയെടുത്താൽ ഇത് സാധിതപ്രായമാക്കാം എന്നായിരിക്കണം ഗോൾവാൾക്കർ കരുതിയത്. ഏതാണ്ട് ഈ സമയത്താണ് പിൽക്കാലത്ത് ബി ജെ പിയുടെ ഉന്നതനേതാക്കളായി തീർന്ന ഏ ബി വാജ്പേയിയും എൽ കെ അദ്വാനിയും ആർ എസ് എസിൻ്റെ മടക്കുകളിലേയ്ക്ക് ചേക്കേറുന്നത്. കൃത്യമായി പറയുകയാണെങ്കിൽ ഏ ബി വാജ്പേയി ആർ എസ് എസിലെത്തുന്നത് ഡോ. ഹെഡ്ഗേവാറിൻ്റെ സർ സംഘ് ചാലക് പദവിയുടെ അവസാന വർഷങ്ങളിലൊന്നായ 1939 ലാണ്. വാജ്പേയിയുടെ നഗരമായ ഗ്വാളിയറിൽ സംഘപ്രവർത്തനവുമായി എത്തിയ നാരായൺറാവു താർത്തേ എന്ന ആർ എസ് എസ് പ്രവർത്തകനാണ് അദ്ദേഹത്തെ ആർ എസ് എസിൽ ചേർക്കുന്നത്. അദ്വാനി, ആർ എസ് എസിൽ ചേരുന്നത്, ഗോൾവാൾക്കർ സർ സംഘ് ചാലക് ആയിത്തീർന്നതിന് ശേഷം 1942 ൽ ഇപ്പോൾ പാകിസ്ഥാൻ്റെ ഭാഗമായിത്തീർന്ന സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദിൽ വെച്ചാണ് .
ഇങ്ങനെ ആർ എസ് എസിൻ്റെ ആഭ്യന്തരശൃംഖലയെ ശക്തിപ്പെടുത്തി ഹിന്ദുരാഷ്ട്രസംസ്ഥാപനം എന്ന ലക്ഷ്യം വെച്ച് മുന്നോട്ട് പോകുമ്പോഴും ബ്രിട്ടീഷ് സർക്കാരുമായി നല്ല ബന്ധം സൂക്ഷിക്കാനാണ് ഗോൾവാൾക്കർ ശ്രമിച്ചത്. ആർ എസ് എസിൻ്റെ ഫാസിസ്റ്റ് പ്രവർത്തനങ്ങളെക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ കൈയ്യിലിരിക്കുമ്പോഴും അതിനെതിരെ വലിയ നടപടികളൊന്നും തന്നെ എടുക്കാൻ ബ്രിട്ടീഷ് ഗവണ്മെൻ്റ് മുതിർന്നില്ല. യുദ്ധം പോലെ അതീവ ഗുരുതരമായ പരിസ്ഥിതിയിൽ ആയുധപരിശീലനം പോലുള്ള നടപടികൾ തടഞ്ഞെങ്കിലും ആർ എസ് എസ് പ്രസ്ഥാനത്തിനെതിരേയോ നേതാക്കൾക്കെതിരെയോ നിലകൊള്ളുന്ന സ്ഥിതി ബ്രിട്ടീഷ് ഗവണ്മെൻ്റ് കൈക്കൊണ്ടില്ല. അതിൻ്റെ പ്രധാനപ്പെട്ട കാരണം, സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊള്ളുമ്പോൾ, വലിയൊരു വിഭാഗം ജനങ്ങളെ അതിൽ നിന്നകറ്റി നിർത്തി, ബ്രിട്ടീഷുകാരെ ഹിന്ദു വംശീയ വാദികൾ സഹായിച്ചത് കൊണ്ടാകും എന്ന് കരുതാവുന്നതാണ്. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് സവർക്കറും ഹിന്ദുമഹാസഭയും ബ്രിട്ടീഷുകാർക്ക് പിന്തുണ പ്രഖ്യാപിച്ചു. “ജയിൽ നിറക്കുന്ന വിഡ്ഢിപ്രസ്ഥാന“ മായാണ് സവർക്കർ ക്വിറ്റ് ഇന്ത്യാ സമരത്തെ കണ്ടത്. ഹിന്ദുക്കളോട് ക്വിറ്റ് ഇന്ത്യാ സമരം ബഹിഷ്ക്കരിക്കാനും സവർക്കർ ആഹ്വാനം ചെയ്തു.
പൂനെയിൽ ആർ എസ് എസിൻ്റെ സജീവ പ്രവർത്തകനായിരുന്ന എസ് എച്ച് ദേശ് പാണ്ഡേ, 1975 ൽ ക്വസ്റ്റ് മാഗസിൻ്റെ ജൂലൈ – ആഗസ്റ്റ് ലക്കത്തിൽ എഴുതിയ “ആർ എസ് എസിൽ എൻ്റെ ദിനങ്ങൾ“ എന്ന ലേഖനത്തിൽ ആർ എസ് എസ്, ക്വിറ്റിന്ത്യാ സമരത്തിൽ നിന്നും മാറി നിന്നതിനെപ്പറ്റി പരാമർശിക്കുന്നുണ്ട്. ക്വിറ്റിന്ത്യാ സമരത്തിൽ ചിന്തപ്പെടുന്ന ചോര പാഴായിപ്പോകുമെന്നാണ് പഠനക്ലാസ്സുകളിൽ ആർ എസ് എസ് നേതാക്കൾ അന്ന് തങ്ങളെ പഠിപ്പിച്ചതെന്ന് അന്ന് വിദ്യാർത്ഥിയായിരുന്ന ദേശ്പാണ്ഡേ ഓർമ്മിക്കുന്നു. അതെ തുടർന്ന് നഗരത്തിലെ മറ്റ് വിദ്യാലയങ്ങളിൽ നിന്നും ക്വിറ്റ് ഇന്ത്യാ സമരത്തിനോട് അനുഭാവം പ്രകടിപ്പിക്കുന്ന വിദ്യാർത്ഥിപ്പട, ആർ എസ് എസിന് മുൻതൂക്കമുള്ള പൂനെയിലെ എൻ എം വി ഹൈസ്കൂളിലെ പഠനം തടസ്സപ്പെടുത്താനായെത്തുമ്പോൾ, താനടക്കമുള്ള ആർ എസ് എസ് പ്രവർത്തകരും അനുഭാവികളുമായ വിദ്യാർത്ഥികൾ അതിനെ തടഞ്ഞ കാര്യവും ദേശ്പാണ്ഡേ പ്രസ്തുത ലേഖനത്തിൽ ഓർമ്മിക്കുന്നുണ്ട്.
അങ്ങനെ ബ്രിട്ടീഷ് സർക്കാരിനോട് ചേർന്നു നിന്നും ഇന്ത്യയിലെ മുസ്ലീങ്ങൾക്കെതിരായി ഹിന്ദുക്കളെ സംഘടിപ്പിച്ചും ബ്രാഹ്മണ രാഷ്ട്രീയത്തെ അദൃശ്യമാക്കി നിർത്തി ഹിന്ദുവംശീയ സിദ്ധാന്തം മുന്നോട്ടു വെച്ചുമാണ് ഗോൾവാൾക്കർ, ആർ എസ് എസിനെ നയിച്ചത്. “ഞാനൊരു സ്വയം സേവകനായിരുന്നു“ എന്ന ഗ്രന്ഥം രചിച്ച രാം ലാൽ ദൂരിയ അക്കാലത്തെ സ്വയം സേവകരിൽ പ്രതിഫലിച്ച രാഷ്ട്രീയത്തെ, ആ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. “ആർ എസ് എസ് എന്നെ പഠിപ്പിച്ചതും പരിശീലിപ്പിച്ചതും ഓരോ മുസ്ലീമിനേയും നോക്കേണ്ടത് ഒരിക്കൽ തല്ലിക്കൊല്ലേണ്ടി വരുന്ന സർപ്പം കണക്കെയാണ്“ . രാം ലാൽ ദൂരിയ, ഇപ്പോൾ പാകിസ്ഥാനിലുള്ള മോണ്ട് ഗോമറി ജില്ലാ നിവാസിയായിരുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുക്കാത്തതിനെ സംബന്ധിച്ച് 1943 ൽ ആർ എസ് എസ് നേതാവ് ബാബാസാഹേബ് ആപ്തേ, അലഹബാദിൽ കൂടിയ ആർ എസ് എസ് ക്യാമ്പിൽ ഇങ്ങനെ സംസാരിച്ചു. രണ്ടാം ലോകയുദ്ധത്തിന് ശേഷം ഹിന്ദുക്കൾക്ക്, മുസ്ലീങ്ങളോട് പൊരുതേണ്ടി വരും. അതിനായി കരുത്തും ആവേശവും ആർ എസ് എസ് സന്നദ്ധപ്രവർത്തകർക്ക് നൽകുക പ്രധാനപ്പെട്ടതാണ് .
ഹിന്ദുരാഷ്ട്രം അധികം താമസിയാതെ സ്ഥാപിക്കാനാകും എന്ന കാര്യത്തിൽ ഗോൾവാൾക്കർ ഉറച്ചു വിശ്വസിച്ചതായി കരുതാനാകും. അതിൻ്റെ ഫ്യൂറർ താനാകുമെന്നും. അത് പക്ഷെ, ഉറക്കെ പ്രഖ്യാപിക്കാൻ അദ്ദേഹം ആ ഘട്ടത്തിൽ ഉദ്ദേശിച്ചിരുന്നില്ല. പഞ്ചാബിലെ ആർ എസ് എസ് പ്രമുഖനായിരുന്ന രാം രഖാ മാൽ ഇൻ്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനോട് 1943-ൽ ഇങ്ങനെ വെളിപ്പെടുത്തുന്നുണ്ട്. “ആർ എസ് എസ് എസ് ശ്രമിക്കുന്നത് ഇന്ത്യയുടെ എല്ലാ ഹിന്ദുക്കളേയും ഒരു സമഗ്രാധിപതിക്ക് (ഗുരുജി) കീഴിൽ കൊണ്ടുവരാനാണ്. തങ്ങളുടെ സംഘടനയെ ശാക്തീകരിച്ച് രാഷ്ട്രീയാധികാരം പിടിക്കുക എന്ന അന്തിമ ലക്ഷ്യം നിറവേറ്റുന്നതിനായി. അച്ചടക്കത്തിൻ്റെ ആവേശവും പടയാളി സ്വഭാവവും ആരോഗ്യമുള്ള ശരീരവും വികസിപ്പിച്ചെടുക്കുക വഴി ഹിന്ദുരാഷ്ട്രം എന്നത് ഇന്ത്യയിൽ അതിൻ്റെ ഭൂരിപക്ഷത്താൽ സമാനതകളില്ലാത്ത ഒന്നാണ് എന്നാണ് ആർ എസ് എസ് നിരന്തരം ഉദ്ബോധിപ്പിക്കുന്നത്“. 1940-ൽ “നാം അഥവാ നമ്മുടെ നിർവ്വചിക്കപ്പെട്ട ദേശീയാസ്തിത്വം“ എന്ന ഗോൾവാൾക്കറുടെ പുസ്തകം, ചുരുങ്ങിയത് 4 പ്രാവശ്യമെങ്കിലും പുന:പ്രസിദ്ധീകരിക്കപ്പെട്ടു.
ഗാന്ധിയുടെ കൊലപാതകത്തിന് ശേഷം ആർ എസ് എസിൻ്റെ ആസ്ഥാന കാര്യാലയത്തിൽ നിന്നും പിടിച്ചെടുത്ത ഡയറിയിൽ 1945 സെപ്തംബർ 9 ന് നടത്തിയ ഒരു മീറ്റിങ്ങിൻ്റെ വിവരങ്ങൾ സർക്കാരിന് ലഭിക്കാനിടയായി. ഗോൾവാൾക്കറിന് പുറമേ ആ മീറ്റിങ്ങിൽ ബാലാസാഹേബ് ദേവരസ്, പി വി സവർക്കർ, ദത്ത വൈദ്യ, അണ്ണാ പാന്ത് ഹരിപാണ്ഡേ, ബാബുറാവു സവർക്കർ, നന്ദ് ലാൽ വർമ്മ, നാനാ നരാലേ, പാണ്ഡുരംഗ് ക്ഷീരസാഗർ, മധുകർ ഓക്ക്, താത്യാറാവു തേലങ്ങ് എന്നിവരാണ് പങ്കെടുത്തിരുന്നത്. ആർ എസ് എസിൻ്റെ ഹിന്ദുരാഷ്ട്ര സംസ്ഥാപനത്തിൻ്റെ പദ്ധതി താഴെത്തട്ട് വരെ എത്തിക്കാനുള്ള പദ്ധതിയാണ് ആ മീറ്റിങ്ങിൽ ചർച്ച ചെയ്തിരുന്നത് . അതിൽ ദേവറസ് പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുള്ളത് ഇങ്ങനെയാണ്. “നമുക്ക് രാഷ്ട്രീയരംഗവുമായി യാതൊരു ബന്ധവും ഇല്ല എന്ന് പറയാൻ സാധിക്കുകയില്ല. ഇപ്പോൾ നമ്മുടെ പദ്ധതി രാഷ്ട്രീയ സ്വയം സേവക് സംഘ് വഴി ഇന്ത്യയെമ്പാടും വേരുകളുള്ള ശക്തിമത്തായ ഒരു സംഘടന കെട്ടിപ്പടുക്കുകയാണ്. ശരിയായ സമയത്ത് നമ്മുടെ നേതാവിൽ നിന്ന് ഒരു കല്പന ലഭിച്ചാൽ അധികാരം പിടിച്ചെടുക്കാൻ കെല്പുള്ള ഒരു സംഘടന . തീർച്ചയായും, ഈ കരുത്ത് നേടണമെങ്കിൽ മറ്റൊരിടത്തേയ്ക്കും നമ്മുടെ ശ്രദ്ധ ചിതറാതെ നോക്കണം“. സകലരേയും ഞെട്ടിപ്പിച്ച് കൊണ്ടാകും ആർ എസ് എസ് അവരുടെ പദ്ധതി നടപ്പിലാക്കുകയെന്നും ദേവറസ് പറഞ്ഞതായി ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
1946 ഏപ്രിൽ 13 ന് ഡെൽഹി പോലീസിലെ ഇൻ്റലിജൻസ് റിപ്പോർട്ടും ഇതോട് ചേർന്നു പോകുന്നതാണ്. “ഹിന്ദുക്കളെ സംഘടിപ്പിക്കാനും ഐക്യപ്പെടുത്താനും സംഘ് പരസ്യമായി പ്രഖ്യാപിക്കുന്നുണ്ട്. അവരുടെ ആത്യന്തിക ലക്ഷ്യം, അനിശ്ചിതാവസ്ഥ നിലനിൽക്കുകയാണെങ്കിൽ ഇന്ത്യയുടെ അധികാരം പിടിച്ചെടുക്കുക എന്നതാണ് “ . 1946 മെയ് 19 ന് റോഹ്ത്തക്കിൽ ആർ എസ് എസിൻ്റെ രഹസ്യ സമ്മേളനം നടന്നതായും അതിൽ സംസാരിച്ച നാഗ്പൂരിൽ നിന്നുള്ള ഒരു ദാദാബായ് “സംഘിൻ്റെ പോരാട്ടം ബ്രിട്ടീഷുകാരോടല്ല, മറിച്ച് മുസ്ലീങ്ങളോടാണ് എന്നും സമയമാകുമ്പോൾ ഓരോ ഹിന്ദുവും ഇതിൽ പങ്കുചേരാൻ തയ്യാറായിരിക്കണമെന്നും“ സംസാരിച്ചതായി പോലീസ് റിപ്പോർട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
ഹിന്ദുരാഷ്ട്രം എന്ന ലക്ഷ്യം കൈയ്യെത്തുന്ന ദൂരത്താണ് എന്ന് ഓരോ സംഘവിശ്വാസിയേയും ഉജ്ജ്വലിപ്പിച്ച ചില സംഭവങ്ങൾ 1946ൽ നടക്കുകയുണ്ടായി. ആദ്യത്തേത് 1946 ആഗസ്റ്റ് 16ന് ജിന്നയുടെ മുസ്ലീംലീഗ് “നേർപ്രയോഗ ദിനം“ പ്രഖ്യാപിച്ചതാണ്. യുദ്ധക്കളമായി മാറിയ കൊൽക്കൊത്തയുടെ തെരുവുകളിൽ മൂന്ന് ദിവസം കൊണ്ട് 4000 മുതൽ 5000 വരെ മനുഷ്യർ മരിച്ചു വീണു. ജിന്നയുടെ മുസ്ലീം ലീഗും ഹിന്ദു വംശീയ വാദികളും അരയും തലയും മുറുക്കി വർഗ്ഗീയതയെ, നവോത്ഥാന നഗരമെന്ന് കേൾവി കേട്ടിരുന്ന കൊൽക്കൊത്തയുടെ മുഖ്യ അരങ്ങിലെത്തിച്ചു. 1946 സെപ്തംബറിൽ, പട്ടാള പരിശീലനത്തിന് തുല്യമായ പരിശീലനം നടത്തുന്ന സേനകൾക്ക് മേൽ ഉണ്ടായിരുന്ന നിരോധനം ബ്രിട്ടീഷ് ഗവണ്മെൻ്റ് പിൻവലിച്ചു. അതോടെ പാത്തും പതുങ്ങിയും നിന്നിരുന്ന ആർ എസ് എസ് കേഡറുകൾ അണപൊട്ടിയൊഴുകി. അവർക്ക് രാഷ്ട്രീയമായി ഭുജിക്കാൻ പാകത്തിൽ മതത്തിൻ്റെ അടിസ്ഥാനത്തിലുള്ള വിഭജനം ഇന്ത്യൻ ജീവിതമണ്ഡലത്തിലെ പ്രധാനപ്പെട്ട വിഷയമായി മാറുകയും ചെയ്തു. കൊൽക്കൊത്താ തെരുവുകളിൽ നിന്നും ലഹള, ബംഗാളിൻ്റെ ഉൾപ്രദേശങ്ങളിലേയ്ക്കും അസ്സമിലേയ്ക്കും ഐക്യസംസ്ഥാനങ്ങളിലേയ്ക്കും പഞ്ചാബിലേയ്ക്കും വടക്കുപടിഞ്ഞാറൻ അതിർത്തി സംസ്ഥാനത്തേയ്ക്കും വ്യാപിച്ചു. അതിനിടയിൽ ബീഹാർ, ഹിന്ദു വംശീയ വാദികളുടെ ഹിംസയുടെ ഉത്സവസ്ഥലിയായി. അവസാനം രാജ്യം രണ്ടായിപ്പിളർന്നു.
ഹിന്ദുനാമധാരീ സമൂഹത്തിലേയ്ക്ക് മാത്രമല്ല, ആർ എസ് എസ് ഈ സമയത്ത് ആഴ്ന്നിറങ്ങിയത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥവൃന്ദത്തിലേയ്ക്കും റെയിൽവേ തൊഴിലുകളിലേയ്ക്കും പോലീസ് സേനയിലേയ്ക്കും അത് നുഴഞ്ഞുകയറ്റം നടത്തി. ഐക്യസംസ്ഥാനങ്ങളിലും ഡെൽഹിയിലും പഞ്ചാബിലുമാണ് ഈ നുഴഞ്ഞുകയറ്റം സാരമായി നടന്നത്.
ആർ എസ് എസിൻ്റെ വളർച്ചാനിരക്കിൻ്റെ കുതിച്ചു ചാട്ടം, പലയിടത്തും ബ്രിട്ടീഷ് ഇൻ്റലിജൻസ് വൃത്തങ്ങൾ രേഖപ്പെടുത്തിയിരുന്നു. ഉദാഹരണമായി ഐക്യസംസ്ഥാനങ്ങളിൽ മീററ്റിൽ 1200 അംഗങ്ങളെ ഉൾക്കൊള്ളിച്ച് ഒരു പരസ്യക്യാമ്പ് ആർ എസ് എസ് നടത്തുകയുണ്ടായി. ബനാറസിൽ 1000 ഓഫീസർമാരെ വാർത്തെടുക്കുന്ന ഓ ടി സി ക്യാമ്പും, അവർ നടത്തുകയുണ്ടായി. അലിഗർ ജില്ലയിലെ ഹർദുവാർ ഗഞ്ചിൽ പുതിയൊരു ശാഖ തുടങ്ങുകയും മഥുരയിൽ നിരവധി പേരെ ആർ എസ് എസിൽ ചേർക്കുകയും ചെയ്തു. 1946 ആഗസ്റ്റ് 18 ന് അലിഗറിൽ വലിയൊരു റാലി ആർ എസ് എസ് നടത്തുകയുണ്ടായി. ഐക്യസംസ്ഥാനങ്ങളുടെ മദ്ധ്യഭാഗത്തും കിഴക്കൻ ഭാഗത്തും നിരവധി ശാഖകൾ പൊടുന്നനേ തുറക്കപ്പെട്ടു.
ബീഹാർ വംശഹത്യയുടെ ചെറു പതിപ്പ് ഗർമുക്തേശ്വർ എന്ന ചെറുകിട കമ്പോള പട്ടണത്തിൽ ആവർത്തിക്കപ്പെട്ടു. ഗർമുക്തേശ്വർ മേള പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്നും കിഴക്കൻ പഞ്ചാബിൽ നിന്നും ധാരാളം ആളുകൾ പങ്കെടുക്കുന്ന ആഘോഷമാണ്. ഏതാണ്ട് ഏഴ് ലക്ഷം മുതൽ 8 ലക്ഷം വരെ ആളുകൾ തിങ്ങിക്കൂട്ടുന്ന ഈ മേളയുടെ അവസരത്തിൽ, 1946 നവംബർ 6 ന്, മേളയിലെ മുസ്ലീം കച്ചവടക്കാർക്കെതിരെ ഹിന്ദു വംശീയ വാദികൾ അക്രമണം അഴിച്ചു വിട്ടു. 46 മുസ്ലീങ്ങൾ കൊല്ലപ്പെടുകയും 39 പേർക്ക് പരിക്കേല്ക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം മേള നടക്കുന്ന സ്ഥലത്തു നിന്നും മൂന്ന് മൈൽ അകലെ സ്ഥിതി ചെയ്യുന്ന ഗർമുക്തേശ്വർ പട്ടണത്തിലേയ്ക്ക് സുസംഘടിതരായ ഹിന്ദുവംശീയ വാദികൾ ചെല്ലുകയും മുസ്ലീങ്ങൾ താമസിക്കുന്ന പ്രവിശ്യയിൽ വമ്പിച്ച നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. രേഖകൾ അനുസരിച്ച് അവിടെ കുട്ടികൾ ഉൾപ്പെടെയുള്ള മുസ്ലീം ജനസാമാന്യത്തെ കൊന്നൊടുക്കുകയും അവരുടെ വാസസ്ഥലങ്ങൾ തീയ്യിടുകയും ചെയ്തു . 394 പേരാണ് ആകെ മരിച്ചത് . പഞ്ചാബിൽ ഗോൾവാൾക്കറുടെ അടുത്ത ആളായ മാധവ്റാവു മുലേ ആയിരുന്നു, പ്രാന്തപ്രചാരക് . അദ്ദേഹം നേരിട്ട് ആയുധങ്ങൾ സംഭരിക്കാനാരംഭിച്ചു. ഇപ്പോൾ പാകിസ്ഥാനിലുള്ള, അന്ന് പഞ്ചാബിൻ്റെ ഭാഗമായിരുന്ന മോണ്ട്ഗോമറിയിലെ ആർ എസ് എസ് പ്രവർത്തകനായിരുന്ന ബൽവീർ ശർമ്മ ഒരു അഭിമുഖത്തിൽ, മാധവ്റാവു മുലേ രണ്ടുകാര്യങ്ങൾ തന്നെ ഏല്പിച്ചതായി പറയുന്നുണ്ട്. ഒന്ന്, ബിക്കാനീറിൽ നിന്നും ആയുധങ്ങൾ സംഭരിച്ച് അബോഹർ വഴി, ലാഹോറിൽ എത്തിക്കുക. രണ്ട്, അത് ഉപയോഗിക്കാൻ പ്രവർത്തകരെ പരിശീലിപ്പിക്കുക . ഹൻസ് രാജ് കാംബോജ് എന്ന ആർ എസ് എസ് പ്രവർത്തകൻ, തോക്കുപയോഗിക്കാൻ പരിശീലിക്കുമ്പോൾ അബദ്ധത്തിൽ കൊല്ലപ്പെട്ട വിവരവും ശർമ്മ വിവരിക്കുന്നുണ്ട്. “ ഹൻസ് രാജ് ഒന്നിന് പുറകേ ഒന്നായി ലക്ഷ്യത്തിലേയ്ക്ക് ഉണ്ടകൾ പായിക്കുകയായിരുന്നു. മൂന്ന് പ്രാവശ്യവും അവ ലക്ഷ്യത്തിലെത്തി. നാലാമത് കാഞ്ചി വലിച്ചപ്പോൾ തോക്കിൽ നിന്നും ഒരു സ്ഫുലിംഗം തൊട്ടടുത്ത് വെച്ചിരുന്ന വെടിമരുന്നിൻ്റെ ചാക്കിൽ പതിച്ചു. വലിയൊരു ശബ്ദത്തോടെ വെടിമരുന്ന് പൊട്ടിത്തെറിച്ചു. ഹൻസ് രാജിൻ്റെ വസ്ത്രത്തിൽ തീ പടരുകയും അയാൾക്ക് ഗുരുതരമായ പൊള്ളലേല്ക്കുകയും ചെയ്തു. തൻ്റെ അന്ത്യമൊഴിയായി ഗ്യാസ് വിളക്ക് പൊട്ടിത്തെറിച്ചാണ് പൊള്ളലേറ്റതെന്ന് അയാൾ പോലീസിനോട് പറഞ്ഞു. അതിനാൽ മറ്റന്വേഷണങ്ങളിലേയ്ക്ക് നീളാതെ അക്കാര്യം അവിടെ അവസാനിച്ചു. “ . ലാഹോറിലെ പ്രമുഖ ആർ എസ് എസ് പ്രവർത്തകനായിരുന്ന ഓം പ്രകാശ് ദത്ത് വൈദ്യയും ആയുധപരിശീലനത്തെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. വൈദ്യ പറയുന്നത് പഞ്ചാബിൽ ആർ എസ് എസിന് പ്രത്യേകം ഇൻ്റലിജൻസ് വിഭാഗം പ്രവർത്തിച്ചിരുന്നു എന്നാണ്. അവരിൽ ചിലർ മുസ്ലീങ്ങൾക്കിടയിലേയ്ക്ക് നുഴഞ്ഞു കയറിയതായും സംശയമില്ലാതിരിക്കാൻ അവർ സുന്നത്ത് കഴിപ്പിച്ചതായും വൈദ്യ പറയുന്നു. മുസ്ലീംലീഗ് പ്രവർത്തകരായി ഭാവിച്ച് അവർ ലീഗ് നേതാക്കളുടെ രഹസ്യങ്ങൾ ചോർത്തിയെടുത്തു.
1947 ജനുവരിയിൽ പഞ്ചാബിലെ പ്രവിശ്യാ ഗവണ്മെൻ്റ് ആർ എസ് എസിനെ നിരോധിക്കുകയുണ്ടായി. ആയുധങ്ങൾ ധാരാളമായി സ്വരുക്കൂട്ടുന്നത് ചൂണ്ടിക്കാട്ടിയാണ് നിരോധനം നടപ്പാക്കിയത്. പക്ഷേ, നിരോധനം നീണ്ടുനിന്നില്ല. ആർ എസ് എസും അനുഭാവികളും തഴച്ചു. വിട്ട പ്രതിഷേധത്തിൽ സർക്കാർ ഭയന്നതുകൊണ്ടാണ് നിരോധനം പിൻവലിച്ചത് .
ഡെൽഹിയിൽ വസന്തറാവു ഓക്ക്, 1946 നവംബർ 23ന് ഡെൽഹിയിൽ ഇരുനൂറിൽപ്പരം പ്രമുഖ ആർ എസ് എസ് പ്രവർത്തകരുടെ സമ്മേളനം വിളിച്ചു കൂട്ടുകയുണ്ടായി. ഹിന്ദുക്കൾക്ക് ഭൂരിപക്ഷമുള്ള പരിസരപ്രദേശങ്ങളിലെ മുസ്ലീം നിവാസികളുടെ കണക്കെടുക്കാനാണ് ഓക്ക് അവരെ വിളിച്ചുകൂട്ടിയത്. അതോടൊപ്പം ഒരു വർഗ്ഗീയ ലഹള സൃഷ്ടിക്കുകയാണെങ്കിൽ പങ്കുചേരാൻ സാധ്യതയുള്ള മുസ്ലീങ്ങളുടെ എണ്ണം എടുക്കാനും ഓക്ക് ആവശ്യപ്പെട്ടു. ഡെൽഹിയിലും പരിസരപ്രദേശങ്ങളിലുമുള്ള ഹിന്ദുക്കളോട് ആയുധസംഭരണം നടത്താൻ നിർദ്ദേശിക്കാനും യോഗം തീരുമാനിച്ചു. അവർക്ക് കത്തികളും കഠാരകളും വിതരണം ചെയ്യാനും തീരുമാനമെടുത്തു. കൃപാണങ്ങൾ സൂക്ഷിക്കാൻ സിക്കുകാരോടും പ്രാദേശിക ക്ഷേത്രങ്ങളിൽ സ്ഫോടകവസ്തുക്കൾ സൂക്ഷിക്കാനും ആവശ്യപ്പെട്ട യോഗം അടിയന്തരാവസ്ഥയ്ക്ക് തയ്യാറായിരുന്നുകൊള്ളാൻ ഇരുകൂട്ടരോടും ആവശ്യപ്പെട്ടു.
പഞ്ചാബിൽ ഉണ്ടായ ഹിന്ദുവംശീയ വാദികളുടേയും തീവ്രവാദി സിക്കുകളുടേയും സഖ്യം ഡെൽഹിയിലേയ്ക്കും വ്യാപിക്കുകയായിരുന്നു. 1947 ൻ്റെ തുടക്കത്തിൽ ആർ എസ് എസ് അനുഭാവിയായിരുന്ന വ്യവസായപ്രമുഖൻ ജുഗൽ കിഷോർ ബിർള ധാരാളം ഹെൽമറ്റുകൾ വാങ്ങി ഡെൽഹിയിലെ ആർ എസ് എസുകാർക്കിടയിൽ വിതരണം ചെയ്തതായി പോലീസ് റിപ്പോർട്ട് പറയുന്നുണ്ട് 23. 1947 ജനുവരി 25 മുതൽ 27 വരെ 40000 പേരെ പങ്കെടുപ്പിച്ചു കൊണ്ട് ഒരു റാലി ഡെൽഹിയിൽ ആർ എസ് എസ് നടത്താൻ തീരുമാനിക്കുകയുണ്ടായി. അതിൽ ജനുവരി 27 ന് പൊതുജനങ്ങളേയും റാലിയിൽ പങ്കെടുപ്പിക്കാൻ അവർ തീരുമാനിച്ചിരുന്നു. അതിന് വേണ്ടി ഡെൽഹിയിലെ ധർമ്മശാലകൾ മുഴുവൻ ആർ എസ് എസ് ബുക്കു ചെയ്തു. 125 കുതിരകളേയും റാലിയിൽ പങ്കെടുപ്പിക്കാൻ കരുതിയിരുന്നു. പക്ഷെ, 1947 ജനുവരി 20 ന് ഡെൽഹി പോലീസ് റാലി നിരോധിച്ചു. അതിൽ പ്രതിഷേധിച്ചു കൊണ്ട് ഹിന്ദുമഹാസഭയും ആർ എസ് എസും 1947 ജനുവരി 25 ന് ബന്ദാചരിച്ചു. അന്ന് വൈകുന്നേരം നടത്തിയ സമ്മേളനത്തിൽ 23000 പേർ പങ്കെടുത്തു .
ഇത്തരം പോലീസ് റിപ്പോർട്ടുകൾ ധാരാളമായുണ്ടെങ്കിലും, ബ്രിട്ടീഷ് അധികൃതർ ആർ എസ് എസിനെതിരേ കടുത്ത നടപടിയിലേയ്ക്ക് പോകാഞ്ഞത് നാം നേരത്തേ പറഞ്ഞ സൗഹൃദം, സാമ്രാജ്യത്തവും ആർ എസ് എസും തമ്മിൽ നിലനിൽക്കുന്നത് കൊണ്ടായിരുന്നു എന്ന് വേണം വിചാരിക്കാൻ. സാമൂഹ്യജീവിതത്തെ അസ്ഥിരപ്പെടുത്താനുതകുന്ന തരത്തിൽ പദ്ധതികൾ ആവിഷ്ക്കരിക്കുകയും അതിനായുള്ള ആയുധസംഭരണം നടത്തുകയും ചെയ്യുന്നത് അത്രമേൽ സർക്കാരിന് വ്യക്തമായിരുന്നിട്ടും ചെറുവിരൽ അനക്കാൻ അവർ തുനിഞ്ഞില്ല. പ്രത്യക്ഷമായ കുറ്റകൃത്യങ്ങളിൽ പോലും ഉദാസീനമായ നിലപാട് തുടരുകയാണ് അവർ ചെയ്തത്. ഉദാഹരണത്തിന് ഡെൽഹിയിലെ നാംഗ്ലോയ് പ്രവിശ്യയിൽ ഒരു മുസ്ലീം വിശുദ്ധൻ്റെ ശവക്കല്ലറ തകർത്തതിന് 1946 നവംബർ 4, 5 തീയ്യതികളിൽ ഒമ്പത് ആർ എസ് എസുകാർ പിടിയിലായി. പക്ഷെ, അധികൃതർ ശക്തമായ നടപടികൾ ഒന്നും എടുത്തില്ല. അരുണാ ആസഫ് അലിയെപ്പോലുള്ള കോൺഗ്രസ്സ് സോഷ്യലിസ്റ്റ് നേതാക്കൾ ഇക്കാര്യം പൊതുമണ്ഡലത്തിൽ തന്നെ ഉന്നയിക്കാൻ മുതിരുന്നുണ്ട്. ഡെൽഹി ഇൻ്റലിജൻസ് തന്നെ “ഇന്ത്യയിലെ വർത്തമാന അസ്വാസ്ഥ്യങ്ങൾ മുസ്ലീംലീഗ്, ഹിന്ദുമഹാസഭ, ആർ എസ് എസ് തുടങ്ങിയ പുരോഗമനവിരുദ്ധപാർട്ടികളുമായി ചേർന്ന് ബ്രിട്ടീഷ് സർക്കാർ ആസൂത്രണം ചെയ്യുന്നതാണ് എന്ന് മിസ്സിസ്സ് ആസഫ് അലി പ്രഖ്യാപിച്ചു “ എന്ന് റിപ്പോർട്ട് ചെയ്യുന്നുണ്ട്. കോൺഗ്രസ്സിനെ താറടിക്കുന്നതിനും ഇന്ത്യക്കാർക്ക് സ്വയം ഭരിക്കുക എത്ര പ്രയാസമാണെന്ന് പുറം ലോകത്തെ അറിയിക്കുന്നതിനും ഉള്ള സാമ്രാജ്യത്ത തന്ത്രമാണ് ഇതെന്നും അരുണ, 1946 നവംബർ 11 ന് നടന്ന കോൺഗ്രസ്സ് പ്രവർത്തകരുടെ സമ്മേളനത്തിൽ പറഞ്ഞു എന്നാണ് ഈ റിപ്പോർട്ടിൽ തുടർന്ന് രേഖപ്പെടുത്തിയിരിക്കുന്നത് .
ആർ എസ് എസ് അക്കാലത്ത് ധാരാളം പണവും സംഭരിക്കുന്നതായി ഇൻ്റലിജൻസ് റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഡെൽഹിയിലെ ആർ എസ് എസ് ആദ്യകാലങ്ങളിൽ പ്രവർത്തകരിൽ നിന്നും ‘ഗുരുദക്ഷിണ’യായി പിരിച്ചെടുക്കുന്ന പണം ഉപയോഗിച്ചാണ് ദൈനംദിന കാര്യങ്ങൾ നിവർത്തിച്ചിരുന്നത്. വിശേഷാവസരങ്ങളിൽ ഡെൽഹിയിലെ ഹിന്ദു കച്ചവടക്കാരിൽ നിന്നും ചെറു ചെറു സംഭാവനകൾ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇക്കാലമാകുമ്പോഴേയ്ക്കും ഡെൽഹിയിലെ വമ്പൻ കച്ചവടക്കാരിൽ നിന്നും വ്യവസായികളിൽ നിന്നും വൻതോതിലുള്ള പണം ആർ എസ് എസിലേയ്ക്ക് ഒഴുകിയിരുന്നു. ഡെൽഹിയിൽ അത്തരം സംഭാവനകൾ നൽകിയിരുന്ന ആറു വൻകിടക്കാരെക്കുറിച്ച് ഇൻ്റലിജൻസ് റിപ്പോർട്ട് പരാമർശിക്കുന്നുണ്ട്. സേത്ത് ലക്ഷ്മി നാരായൺ ഗഡോഡിയ എന്ന വൻകിട ബിസിനസ്സുകാരൻ, ലാലാ ഹൻസ് രാജ് ഗുപ്ത, ഘാസി റാം ലോഹ്യ, പ്രതാപ് സിംഗ് ലോഹ്യ, ചിമൻലാൽ ലോഹ്യ എന്നീ ഇരുമ്പുകച്ചവടക്കാർ, വൻകിട വ്യവസായിയായ ജുഗൽ കിഷോർ ബിർള എന്നിവരാണ് ഈ ആറുപേർ . ഹിന്ദു നാട്ടുരാജ്യങ്ങൾ ആർ എസ് എസിനെ സഹായിച്ചിരുന്നു എന്നും നാം കണ്ടു. പല വിധത്തിലായിരുന്നു, അവരുടെ സഹായം . ചില ഹിന്ദു നാട്ടുരാജ്യങ്ങൾ യാതൊരു വിധ തടസ്സവുമില്ലാതെ അവയുടെ വാതിലുകൾ സംഘത്തിന് മുന്നിൽ തുറന്നിട്ടു കൊടുത്തു. വരാൻ പോകുന്ന ഹിന്ദുരാജ്യത്തിൽ തങ്ങളുടെ നില ഭദ്രമായിരിക്കും എന്ന തോന്നലായിരിക്കും അവരെ പ്രചോദിപ്പിച്ചത്. ഒരു ജനാധിപത്യ രാജ്യമാണ് വരുന്നതെങ്കിൽ തങ്ങളുടെ അധികാരങ്ങളും മുൻഗണനകളും എന്നന്നേക്കുമായി അവസാനിക്കുമെന്നും അവർ ഭയന്നിരുന്നു.
ഡെൽഹിക്കടുത്ത് ആർ എസ് എസിനെ കൈയ്യയഞ്ഞ് സഹായിച്ചിരുന്ന രണ്ട് നാട്ടുരാജ്യങ്ങൾ ആൾവാറും ഭരത്പൂരുമായിരുന്നു. ആൾവാറിലെ മഹാരാജാവായ തേജ്സിംഗ് അത്രയും അടുത്ത ബന്ധമായിരുന്നു ആർ എസ് എസുമായി പുലർത്തിയിരുന്നത്. 1946 ൽ ഡെൽഹിയിൽ നടന്ന ആർ എസ് എസിൻ്റെ സമ്മേളനത്തിൽ മഹാരാജാവ് നേരിട്ട് പങ്കെടുക്കുകയുണ്ടായി. ഹിന്ദുമഹാസഭയുടെ നേതാവായ എൻ ബി ഖരേ ആൾവാറിലെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തതോടെ ആൾവാർ രാജകുടുംബവും ഭരണവ്യവസ്ഥയും ആർ എസ് എസുമായി മുമ്പില്ലാത്ത വിധം അടുപ്പത്തിലായി. നാഗ്പൂർ സ്വദേശിയായ ഖരേ, ഗോൾവാൾക്കറിൻ്റെ ഉറ്റ സുഹൃത്തു കൂടിയായിരുന്നു. ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ആർ എസ് എസിൻ്റെ ആസന്ന ശ്രമത്തിൻ്റെ സ്വന്തം നിലമായി ആൾവാറിനെ, ഖരേ മാറ്റി. നിരവധി പരിശീലനങ്ങൾ ആൾവാറിൽ ഈ സമയത്ത് ഖരേയുടെ സംരക്ഷണയിൽ ആർ എസ് എസ് നടത്തുന്നുണ്ട്. മഹാവീർ പ്രസാദ് ശർമ്മ എന്ന സ്വയം സേവകൻ ഇക്കാര്യങ്ങൾ ഓർമ്മിക്കുന്നുണ്ട് . “ ആൾവാറിലെ ക്യാമ്പിൽ (1947 മെയിൽ നടന്നത്) 1300 സ്വയം സേവകർ പങ്കെടുത്തിരുന്നു. ശ്രീ ഗുരുജി (ഗോൾവാൾക്കർ) അത് സന്ദർശിക്കുകയും അതിൻ്റെ സമാപനസമ്മേളനത്തിൽ സംസാരിക്കുകയും ചെയ്തു. അന്നത്തെ പ്രധാനമന്ത്രി ഡോ. എൻ ബി ഖരേയും അദ്ദേഹത്തിൻ്റെ മുഴുവൻ മന്ത്രിസഭയും ആ ചടങ്ങിൽ പങ്കെടുത്തിരുന്നു “ .
1947 ജൂലൈ 8 തീയ്യതി പതിച്ച ആൾവാർ രാജാവായ തേജ്സിംഗിൻ്റെ കത്ത് ഹിന്ദു നേതാക്കൾക്കും ഹിന്ദു നാട്ടുരാജ്യങ്ങളിലെ ചില രാജാക്കന്മാർക്കും ലഭിക്കുകയുണ്ടായി. ഖരേ മുൻകൈയ്യെടുത്താണ് അത്തരമൊരു കത്ത് രാജാവിനെ കൊണ്ട് അയപ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ഡെൽഹിയിൽ നടക്കാനിരിക്കുന്ന ഹിന്ദുക്കളുടെ അഖിലേന്ത്യാ കൺവെൻഷനിൽ പങ്കെടുക്കാനുള്ള ക്ഷണക്കത്തായിരുന്നു അത്. 1947 ആഗസ്റ്റ് 9 – 10 തീയ്യതികളിലാണ്, സ്വാതന്ത്ര്യദിനത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പുമാത്രം, ഈ കൺവെൻഷൻ ഡെൽഹിയിൽ നടത്താനുദ്ദേശിച്ചിരുന്നത്. ഹിന്ദുരാഷ്ട്ര സംസ്ഥാപനത്തിനായാണ് കൺവെൻഷൻ വിളിച്ചത്. ഹിന്ദു രാഷ്ടത്തിൻ്റെ പേര് ഹിന്ദുസ്ഥാൻ എന്നാകണമെന്നും ഔദ്യോഗിക ഭാഷ ദേവനാഗരി ലിപിയിലെഴുതുന്ന ഹിന്ദി ആകണമെന്നും അതിൻ്റെ കൊടി കാവിപ്പതാകയാണെമെന്നും ദേശീയഗാനം “ വന്ദേമാതരം “ ആകണമെന്നും അവർ തീരുമാനിച്ചിരുന്നു .
ഇൻ്റലിജൻസ് ബ്യൂറോ അസിസ്റ്റൻറ് ഡയറക്ടറും ആൾവാർ സംസ്ഥാനത്തിലെ ആർ എസ് എസിനെ സശ്രദ്ധം നിരീക്ഷിച്ചിരുന്ന വ്യക്തിയുമായ എം എം എൽ ഹൂജ പറയുന്നത്, ഏത് സമയത്തും എവിടെയും യുദ്ധം തുടങ്ങിവെയ്ക്കാൻ കഴിയും വിധം ഒരു ഹിന്ദുസേനയെ വളർത്തിയെടുക്കാൻ ആർ എസ് എസിനെ ആൾവാർ രാജ്യം സഹായിച്ചുവെന്നാണ്. 1947 മെയ് – ജൂൺ മാസങ്ങളിൽ ആർ എസ് എസിന് പരിശീലന ക്യാമ്പ് നടത്താനും റാലി നടത്താനുമുള്ള മുഴുവൻ സഹായവും നൽകാൻ പ്രധാനമന്ത്രി ഖരേയും ആഭ്യന്തരമന്ത്രി രഘുവീർ സിംഗും നേരിട്ട് നൽകുകയുണ്ടായി. മഹാരാജാവിൻ്റെ അറിവോടെയായിരുന്നു ഇതെല്ലാം.
ഡെൽഹിയിലേയും ഐക്യസംസ്ഥാനങ്ങളിലേയും മറ്റിടങ്ങളിലേയും മൂന്നു ബാച്ച് സ്വയംസേവകർക്ക് ആൾവാറിൽ പട്ടാള പരിശീലനം നൽകുകയുണ്ടായി എന്നും ഹൂജ രേഖപ്പെടുത്തിയിട്ടുണ്ട്. കായിക പരിശീലനവും ബയണറ്റ് പരിശീലനവും പരേഡും തോക്കുകളുടെ പരിശീലനവും അവിടെ നടന്നു. റൈഫിളും റിവോൾവറും ഉപയോഗിച്ചുള്ള പരിശീലനം തെരഞ്ഞെടുക്കപ്പെട്ടവർക്ക് നൽകി. അതിനുള്ള പണം ആൾവാർ രാജ്യത്തിൻ്റെ രഹസ്യഫണ്ടിൽ നിന്നാണ് കൊടുത്തത്. കപൂർ കമ്മീഷൻ റിപ്പോർട്ടിൽ ഹൂജയുടെ മൊഴിയുടെ വിശദ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ഭരത്പൂർ രാജ്യത്തിൻ്റെ കഥ കുറേക്കൂടി ശ്രദ്ധേയമാണ്. പിന്നാക്ക വിഭാഗക്കാരായ ജാട്ടുകളാണ് അവിടെ ജനസംഖ്യയിൽ മുന്നിട്ടു നിന്നിരുന്നത്. ബ്രിട്ടീഷുകാർ പോകുമ്പോൾ, ഭരത്പൂറും സമീപത്തെ ജാട്ട് മേധാവിത്തമുള്ള സ്ഥലങ്ങളും ഡെൽഹിയും കൂട്ടിച്ചേർത്ത് ‘ജാട്ടിസ്ഥാൻ’ രാജ്യം രൂപീകരിക്കാനാണ് രാജാവായ ബ്രിജേന്ദ്ര സിംഗ് ആലോചിച്ചിരുന്നത്. ആ രാജ്യത്തിൻ്റെ ഭൂപടം വരെ അവർ തയ്യാറാക്കിയിരുന്നു. ഹിന്ദുത്വ ശക്തികൾ അതിന് വേണ്ടി സഹായിക്കും എന്ന് രാജാവ് വിശ്വസിച്ചിരുന്നു. തങ്ങളുടെ ബ്രാഹ്മണിസത്തെ ഹിന്ദുത്വ വംശീയതയായി വികസിപ്പിച്ചെടുത്തതിൻ്റെ വിജയം കൂടിയായാണ്, ഭരത്പൂരിൻ്റെ പിന്തുണയെ ഹിന്ദുത്വ ശക്തികൾ കണ്ടിരുന്നത്. ബ്രിജേന്ദ്ര സിംഗിൻ്റെ സഹോദരനായ ‘ബച്ചു സിംഗ്, ആർ എസ് എസുമായി വളരെയധികം അടുപ്പം പുലർത്തിയിരുന്നു. രാജ്യം കടന്നുപോകുന്ന സാംക്രമിക ചരിത്രഘട്ടത്തിൽ, ഭരത്പൂരിനെ ഒരു “കൊച്ചു ഹിന്ദു രാഷ്ട്ര“ മാക്കി വികസിപ്പിച്ചെടുക്കാനുള്ള പരിശ്രമമാണ്, ബച്ചു സിംഗ് നടത്തിയത്. രാജാവും അനുജനും കൂടി ഈ ലക്ഷ്യം മുൻനിർത്തി ഭരത്പൂരിലെ മുസ്ലീങ്ങൾക്ക് നേരെ കൊടിയ ആക്രമണം നടത്തിയതായും അവരുടെ വസ്തുവകകൾ തട്ടിയെടുത്തതായും പറയപ്പെടുന്നു.
ഭരത്പൂർ ഭരണകൂടത്തിൻ്റെ കീഴിലുള്ള കെട്ടിടങ്ങളും മൈതാനങ്ങളും ആർ എസ് എസ് സ്വന്തമെന്ന വണ്ണം ഉപയോഗിച്ചിരുന്നു. ഭരത്പൂരിൽ 1947 ജൂലൈയിൽ നടന്ന ആർ എസ് എസ് ക്യാമ്പിൽ ഗോൾവാൾക്കർ പങ്കെടുത്തിരുന്നു. വെടിക്കോപ്പുകളും ആയുധങ്ങളും നിർമ്മിക്കുന്ന ഒരു ഫാക്ടറി തന്നെ രാജാവ് നിർമ്മിച്ചിരുന്നു. അവിടെ നിർമ്മിക്കുന്ന മാരകായുധങ്ങളിൽ വലിയൊരു ഭാഗം, ആർ എസ് എസുമായി ചേർന്ന് പ്രവർത്തിക്കുന്ന കൂട്ടങ്ങളിലാണ് എത്തിച്ചേർന്നിരുന്നത്.
ഹിന്ദുരാഷ്ട്ര നിർമ്മിതിക്കാവശ്യമായ ആയുധബലവും സാമ്പത്തിക ബലവും ഇങ്ങനെ ഇക്കാലത്ത് ഹിന്ദുത്വ ശക്തികൾ ആർജ്ജിച്ചതായി നമുക്ക് മനസ്സിലാക്കാം. അതിനപ്പുറം “ ധാർമ്മിക “ ബലവും ആ പ്രസ്ഥാനം ആർജ്ജിക്കുന്നുണ്ട്. ഹിന്ദുമത സവർണ്ണ ഘടനയിൽ പ്രാധാന്യമുള്ള ഒരു കൂട്ടരാണ് സന്യാസികൾ. ആർ എസ് എസിൻ്റെ “ രാജഗുരുക്ക “ ളായി പ്രധാനമായും വിരാജിച്ചിരുന്നത് രജ്പുത്താനയിലെ സ്വാമി മാധവാനന്ദും ജമ്മു – കശ്മീരിലെ സ്വാമി സന്ത് ദേവുമായിരുന്നു. സ്വാമി മാധവാനന്ദ്, രജ്പുത്താന നാട്ടുരാജ്യത്തിലെ ഹിന്ദുമഹാസഭാ പ്രസിഡൻ്റ് ആയിരുന്നു. ജോധ്പൂരിലെ യുവരാജാവിൻ്റെ ഗുരുവായിരുന്നു, അദ്ദേഹം. . ജോധ്പൂർ സംസ്ഥാനത്ത് അസാമാന്യമായ സ്വാധീനം അദ്ദേഹം ആർജ്ജിച്ചെടുത്തിരുന്നു. അവിടെ അദ്ദേഹത്തിന് ഒരു കൊട്ടാരം, തന്നെ നിർമ്മിച്ചു കൊടുത്തിരുന്നു. ആയിരക്കണക്കിന് വരുന്ന ഭക്തർക്ക് അദ്ദേഹം “ ശ്രീ ഭഗവാൻ “ ആയിരുന്നു. “ രാജസ്ഥാൻ ക്ഷത്രിയ സഭ “ എന്ന സംഘടനയ്ക്ക് കീഴിൽ രജപുത്രരെ സംഘടിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. രജ്പുത്താന സംസ്ഥാനങ്ങളിൽ തൻ്റെ സന്ന്യാസ പരിവേഷം ഉപയോഗിച്ച് അദ്ദേഹം, ആർ എസ് എസിന് വലിയ വേരോട്ടമുണ്ടാക്കിക്കൊടുത്തു .
ജമ്മു കശ്മീർ ഭരണാധികാരികളുടെ ഗുരുവായിരുന്നു സ്വാമി സന്ത് ദേവ്. 1940 കളിൽ തന്നെ ജമ്മു നഗരത്തിലും മറ്റ് പ്രവിശ്യകളിലും ആർ എസ് എസ് ശാഖകൾ സ്ഥാപിക്കുന്നതിന് സ്വാമി മുൻകൈയ്യെടുത്തു. ഉദ്ധംപൂർ, മിർപൂർ, റിയാസി, കത്വ ജില്ലകളിൽ സംഘ് വ്യാപിച്ചു. വിഭജനത്തോടനുബന്ധിച്ച് രാജാവും ആർ എസ് എസും കൂടുതലടുക്കുന്നതിനും സ്വാമിയുടെ സാന്നിദ്ധ്യം സഹായിച്ചു. പഞ്ചാബിൽ നിന്നും ഏതാണ്ട് 2000 സ്വയം സേവകർ ഇക്കാലത്ത് കശ്മീരിലെത്തി.
വിഭജനം ഉണ്ടാക്കിയ അവ്യവസ്ഥകൾക്കും അനിശ്ചിതത്വങ്ങൾക്കുമിടയിലൂടെ ഒരു ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കാൻ ഗോൾവാൾക്കറും ആർ എസ് എസും ശ്രമിച്ചതിൻ്റെ മുന്നൊക്കങ്ങളാണ് നാം ഇതു വരെ ചർച്ച ചെയ്തത്. അത് എത്രമാത്രം ആർ എസ് എസ് നേതാക്കളെ ആവേശിച്ചിരുന്നു എന്നതിൻ്റെ തെളിവാണ് 1947 ജൂലൈ 3 ഗുരുപൂജാദിനത്തിൽ വസന്ത് റാവു ഓക്ക് നടത്തിയ പ്രസംഗം. “അടുത്ത കൊല്ലം ഗുരുപൂജ നടത്തുമ്പോൾ നമ്മൾ സ്വതന്ത്രരായിരിക്കും . പുതിയ ജീവനോട് കൂടി നാം നിവർന്നു നില്ക്കുമെന്നും ഹിന്ദുരാഷ്ട്രം അതിൻ്റെ കാവിക്കൊടി പാറിക്കുമെന്നും എന്ന സത്തയെ ഉള്ളിൽ വഹിക്കുകയാണെങ്കിൽ, ഹിന്ദുക്കൾ ഒരിക്കലും മോശപ്പെട്ട തരത്തിൽ ആയിപ്പോവുകയില്ല. ഹിന്ദുക്കൾക്ക് മാറാനും ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനും ഇപ്പോഴും സമയമുണ്ട്. ഇന്ത്യയിലെമ്പാടും കാവിക്കൊടി പാറിപ്പറക്കുന്ന ദിവസം അകലെയല്ല”
——-
ഹിന്ദുത്വ ഭീകരതയുടെ കഥ – ഇതുവരെയുള്ള ഭാഗങ്ങൾ ഇവിടെ വായിക്കുക.







Be the first to write a comment.