ഹിന്ദുത്വ ഭീകരതയുടെ കഥ- അധ്യായം: 6
ഡെൽഹിയുടെ ഹൃദയത്തിൽ ഹിന്ദുത്വത്തിൻ്റെ കത്തിമുന
1947 വരെ തലസ്ഥാന നഗരിയായ ഡെൽഹിയിൽ ലഹളകൾ കാര്യമായി പൊട്ടിപ്പുറപ്പെട്ടിരുന്നില്ല. കൊൽക്കൊത്തയും നവഖലിയും ബീഹാറും പഞ്ചാബും ലഹളകളിലമർന്നപ്പോഴും ഡെൽഹി താരതമ്യേന ശാന്തമായിരുന്നു. 1947 ആഗസ്റ്റിൽ വിഭജനം നടന്നു. 20 ലക്ഷത്തോളം വരുന്ന മനുഷ്യർ ജനിച്ച മണ്ണിൽ നിന്നും കുടിയിറക്കപ്പെട്ടു – അവരിൽ മുസ്ലീങ്ങളും ഹിന്ദുക്കളും സിക്കുകാരുമുണ്ടായിരുന്നു. തങ്ങളുടേതല്ലാത്ത കാരണത്താൽ ഒരു ദിവസം ജീവിതത്തിൻ്റെ അനിശ്ചിതാവസ്ഥയിലേയ്ക്ക് വലിച്ചെറിയപ്പെട്ടവർ അനുഭവിക്കേണ്ടി വരുന്ന എല്ലാ കഷ്ടതകളും അവർ അനുഭവിച്ചു. 10 ലക്ഷത്തിൽപ്പരം ആളുകളെങ്കിലും അക്ഷരാർത്ഥത്തിൽ ഭവനരഹിതരായി. പടിഞ്ഞാറൻ പഞ്ചാബിൽ ഹിന്ദുക്കളുടേയും സിക്കുകാരുടേയും 2. 7 ലക്ഷം ഹെക്ടർ ഭൂമി അന്യാധീനപ്പെട്ടു. കിഴക്കൻ പഞ്ചാബിൽ മുസ്ലീങ്ങളുടെ 1. 9 ലക്ഷം ഹെക്ടർ ഭൂമിയും.
മനുഷ്യർ ശരീരത്തിലും മനസ്സിലും സഹിച്ചത് വിവരണാതീതമായിരുന്നു. 50,000 മുസ്ലീം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി, തട്ടിക്കൊണ്ടുപോകപ്പെട്ട ഹിന്ദു, സിക്ക് വനിതകളുടെ എണ്ണം 33,000-ത്തോളമായിരുന്നു. മരണസംഖ്യ ഒരു ലക്ഷത്തിനും രണ്ടുലക്ഷത്തിനുമിടയിൽ.
ഇന്ത്യൻ വിഭജനത്തിൻ്റെ ഇരുണ്ട ഉള്ളറിയാൻ, സാദത്ത് ഹസ്സൻ മാണ്ടോയുടെ കഥകൾ വായിച്ചാൽ മതി. 1948-ൽ, വിഭജനത്തിൻ്റെ മുറിവുണങ്ങാത്ത മണ്ണിൽ നിന്നാണ് മാണ്ടോ ”ഖോൽ ദോ” ( തുറക്കൂ ) എന്ന
കഥ എഴുതിയത്. ലാഹോറിലെ അഭയാർത്ഥി ക്യാമ്പിൽ കണ്ണുതുറക്കുന്ന സിറാജുദ്ദീനിൽ നിന്നാണ് കഥ തുടങ്ങുന്നത്. അദ്ദേഹത്തിന് ബോധം തെളിയുമ്പോൾ, വിഭജനത്തെ തുടർന്നുള്ള ലഹളയിൽ ലാഹോറിലേയ്ക്ക് ഓടിപ്പോന്നപ്പോൾ കൂടെയുണ്ടായിരുന്ന മകൾ സക്കീന ഇപ്പോൾ അടുത്തില്ല എന്ന് മനസ്സിലാക്കുന്നു. സക്കീനയുടെ ഉമ്മ ലഹളയിൽ കൊല്ലപ്പെട്ടതാണ് എന്ന സൂചന കഥ തരുന്നുണ്ട്. ഏക മകളായ സക്കീനയെയും കൊണ്ട് ഓടുന്നതാണ് സിറാജുദ്ദീൻ്റെ അവസാനത്തെ ഓർമ്മ, ആ ഓട്ടത്തിൽ അവളുടെ ദുപ്പട്ട നിലത്തു വീഴുന്നു. അതും എടുത്തുകൊണ്ടാണ് അയാൾ ഓടുന്നത്. ട്രെയിനിൽ കയറിയപ്പോൾ സക്കീന കൂടെയുണ്ടായിരുന്നോ എന്ന് അയാൾക്ക് ഓർക്കാൻ കഴിയുന്നില്ല. കൊലപാതകങ്ങളും ക്രൂരതകളും ട്രെയിനിലും അരങ്ങേറിയിരുന്നു. അങ്ങനെ ദുരന്തങ്ങൾ നീന്തിക്കടന്നാണ് അയാൾ ലാഹോറിൽ എത്തിയത്.
ആ ദുപ്പട്ടയും പിടിച്ച് അഭയാർത്ഥിക്യാമ്പിലെ മനുഷ്യമഹാസമുദ്രത്തിലൂടെ ”സക്കീനാ, സക്കീനാ” എന്നു വിളിച്ച് സിറാജുദ്ദീൻ അലയുകയാണ്. ആ കൂട്ടത്തിലെ ഓരോരുത്തരും തിരച്ചിലിലായിരുന്നു. ഭാര്യയെ, ഭർത്താവിനെ, ഉമ്മയെ, ബാപ്പയെ, മക്കളെ തിരഞ്ഞു നടക്കുന്ന മനുഷ്യർ. ആ ക്യാമ്പിലെ സന്നദ്ധ പ്രവർത്തകരായ എട്ടുപേർ അമൃത്സറിൽ പോയി സക്കീനയെ കണ്ടു പിടിക്കാനുള്ള ദൗത്യം ഏറ്റെടുക്കുന്നു.
പതിനേഴുകാരിയായ, സുന്ദരിയായ സക്കീനയെ അമൃത് സറിലെ തെരുവിൽ നിന്നും അവർ കണ്ടെത്തുന്നു, തങ്ങളുടെ ട്രക്കിൽ കയറ്റി ലാഹോറിലേയ്ക്ക് പുറപ്പെടുന്നു. എന്നാൽ ലാഹോറിലെത്തുന്നത് സക്കീനയുടെ ജഡമാണ്. അവരോ, മറ്റാരെങ്കിലുമോ ക്രൂരമായി ബലാത്സംഗം ചെയ്തിട്ടാണ് അവൾ മരിച്ചതെന്ന സൂചന കഥ തരുന്നുണ്ട്.
ആശുപത്രിയിൽ ഇരുണ്ട മുറിയിൽ വെച്ച്, സക്കീനയുടെ ജഡം സിറാജുദ്ദീൻ കാണുകയാണ്. സിറാജുദ്ദീൻ്റെ പാരവശ്യം കാണുന്ന ഡോക്ടർ, ഇരുണ്ട മുറിയിലേയ്ക്ക് വെളിച്ചം കടന്നു വരാൻ വേണ്ടി “കിട്ക്കി ഖോൽദോ” (ജനാല തുറക്കൂ ‘) എന്ന് പറയുന്നു. കഥ അവസാനിക്കുന്നത് ഭ്രമാത്മകമായ അന്തരീക്ഷത്തിലാണ്. ഖോൽദോ (തുറക്കൂ ) എന്ന ആജ്ഞ കേൾക്കുമ്പോൾ, സക്കീനയുടെ ജഡം തൻ്റെ സാൽവാർ വലിച്ചു താഴ്ത്തുന്നു. ആ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ഓരോരുത്തരും ആജ്ഞാപിച്ചിരുന്നത് ”ഖോൽദോ” എന്നാണെന്ന് നാം തിരിച്ചറിയും വിധം.
സക്കീനമാരുടേയും സിറാജുദ്ദീൻമാരുടേയും കഥയായിരുന്നു, ഇന്ത്യാവിഭജനം. ലോകചരിത്രത്തിൽ തന്നെ അപൂർവ്വമായ ദുരിതപ്പെയ്ത്ത്, മതരാഷ്ട്രീയത്തിൻ്റെ ആത്യന്തിക ഫലം എന്താണെന്ന്, എക്കാലത്തേയ്ക്കും നമുക്ക് കാണിച്ചു തരുന്നു. എണ്ണിയാലൊടുങ്ങാത്ത മനുഷ്യർ അവരുടേതല്ലാത്ത കുറ്റത്തിന് മരിച്ചു വീണു. വായുവിൽ അലിഞ്ഞു പോയ കണക്ക്, ലക്ഷക്കണക്കിന് പേരെ കാണാതായി. പല ശരീരങ്ങളിലും പലവിധ ആക്രമണങ്ങൾ നടന്നു. ആവാസവ്യവസ്ഥ നഷ്ടപ്പെട്ട ജന്തുജന്മങ്ങളെപ്പോലെ മനുഷ്യർ ചിതറിത്തെറിച്ചു.
ലാഹോറിൽ നിന്നും കറാച്ചിയിൽ നിന്നും സിക്കുകാരും ഹിന്ദുക്കളും അഭയാർത്ഥികളായെത്തിയത് കൂടുതലും ഡെൽഹിയിലേയ്ക്കായിരുന്നു. സ്വാതന്ത്ര്യം ലഭിച്ചെങ്കിലും, ഡെൽഹിയിൽ അവ്യവസ്ഥയായിരുന്നു നിലവിലിരുന്നത്. ബ്രിട്ടീഷുകാർ പോയതോടെ, താത്കാലികമായ സർക്കാർ ആയിരുന്നു ഡെൽഹിയിൽ. ജവഹർലാൽ നെഹ്റുവിൻ്റെ നേതൃത്വത്തിലുള്ള സർവ്വകക്ഷി മന്ത്രിസഭയിൽ കോൺഗ്രസ്സുകാരനായ സർദാർ പട്ടേലായിരുന്നു ആഭ്യന്തരമന്ത്രി. അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളെ പ്രതിനിധീകരിച്ച് ഡോ. ബി. ആർ, അംബേദ്ക്കറും ഹിന്ദുമഹാസഭയുടെ പ്രതിനിധിയായി ഡോ. ശ്യാമപ്രസാദ് മുഖർജിയും പാന്തിക് പാർട്ടി പ്രതിനിധിയായി ബൽദേവ് സിംഗും ആ മന്ത്രിസഭയിൽ അംഗങ്ങളായിരുന്നു. വിഭജനത്തോടെ പോലീസും പട്ടാളവും ഉദ്യോഗസ്ഥ സംവിധാനവും നെടുകെ പിളർക്കപ്പെട്ടിരുന്നു. താത്ക്കാലിക നിയമനങ്ങളുടെ മറവിൽ സേനകളിൽ ആർ എസ് എസ് കേഡറുകൾ കടന്നു കൂടിയിരുന്നു.
ഇങ്ങനെ അവ്യവസ്ഥമായ ഒരു സാമൂഹ്യാവസ്ഥയിലേയ്ക്കാണ് അഭയാർത്ഥികൾ വന്നെത്തിയത്. വിഭജനത്തിൻ്റെ മുറിവ് അവരെ സുസ്ഥിതിയിൽ നിന്ന് ആട്ടിയകറ്റിയിരുന്നു. മുറിവേറ്റ മനസ്സുമായി ഡെൽഹിയിലെത്തിയ അവർക്ക് താമസിക്കാനായി സുസ്ഥിരമായ ഇടമോ, ഭക്ഷണമോ, ചികിത്സയോ ലഭിച്ചിരുന്നില്ല. അത് അവരുടെ അസംതൃപ്തിയെ ഇരട്ടിപ്പിച്ചു.
ഇങ്ങനെ അസ്വസ്ഥതയുടെ കൊടുമുടിയിൽ നിൽക്കുന്ന ഹിന്ദു, സിക്ക് അഭയാർത്ഥികളെ ഉപയോഗിച്ച് ഹിന്ദുരാഷ്ട്രസംസ്ഥാപനത്തിന് മുതിരുക എന്ന കുടിലതന്ത്രമാണ് ഹിന്ദു വംശീയ വാദികൾ പയറ്റിയത്. ഇസ്ലാമിക രാഷ്ട്രമായ പാകിസ്ഥാൻ സ്ഥാപിതമായതോടെ, ഇന്ത്യയെ ഹിന്ദുസ്ഥാനാക്കി മാറ്റാം എന്നവർ കരുതി. രണ്ടു തടസ്സങ്ങളായിരുന്നു അവർക്ക് മുന്നിൽ നിലനിന്നിരുന്നത്. ഒന്ന്, പാകിസ്ഥാൻ എന്ന ഇസ്ളാമിക രാജ്യം ഉണ്ടായിട്ടും അവിടേയ്ക്ക് പോകാതെ ഇന്ത്യയിൽ തന്നെ നിലയുറപ്പിച്ച മുസ്ലീം ഭൂരിപക്ഷം. രണ്ട്, ഇന്ത്യയെ ബഹുസ്വരരാഷ്ട്രമാക്കി നിലനിർത്താൻ പ്രതിജ്ഞാബദ്ധത കാണിച്ച ഗാന്ധിയെപ്പോലുള്ള നേതാക്കൾ. ബീഹാറിലെ വംശഹത്യയെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലേയ്ക്ക് പടരാതിരിക്കാനും, വംശഹത്യയുടെ തീയണക്കാനും ഗാന്ധി നടത്തിയ പരിശ്രമം അവർ നേരിൽ അറിഞ്ഞതാണ്. അതുകൊണ്ട് ഗാന്ധിയെപ്പോലുള്ളവരെ നീക്കം ചെയ്യുക എന്നത് ഹിന്ദു വംശീയവാദികളുടെ രാഷ്ട്രീയലക്ഷ്യമായി മാറി. അതോടൊപ്പം തന്നെ ഡെൽഹിയിലെ മുസ്ലീങ്ങൾക്ക് മേൽ ഹിംസ അഴിച്ചു വിട്ടാൽ, അവർ പാകിസ്ഥാനിലേയ്ക്ക് പോകാൻ നിർബന്ധിതരാകുമെന്നും, അതുവഴി ഹിന്ദുരാഷ്ട്ര സംസ്ഥാപനത്തിന് കളമൊരുക്കുമെന്നും അവർ കരുതി. അതിന്, അസംതൃപ്തരായ അഭയാർത്ഥികളെ ഉപയോഗിക്കാമെന്നും.
ഹിന്ദുത്വവാദികളുടെ സമർത്ഥമായ ഈ കണക്കുകൂട്ടൽ അറിയണമെങ്കിൽ, ഡെൽഹിയിലെ അക്കാലത്തെ ജനസംഖ്യാ കണക്കിലേയ്ക്ക് ഒന്നു നോക്കിയാൽ മതി. 1941 ലെ കാനേഷുമാരി അനുസരിച്ച് ഡെൽഹിയിലെ ജനസംഖ്യ 9. 18 ലക്ഷം ആയിരുന്നു. അങ്ങനെ നോക്കുമ്പോൾ ഡെൽഹിയിൽ 1947 ൽ 9. 5 ലക്ഷം പേർ നിവസിക്കുന്നുണ്ട് എന്ന് കരുതാം. അതിൽ 3. 3 ലക്ഷം മുസ്ലീങ്ങൾ, വിഭജനത്തെ തുടർന്ന് പാകിസ്ഥാനിലേയ്ക്ക് പോയി. എന്നാൽ വിഭജനത്തെ തുടർന്ന് ഡെൽഹിയിലേയ്ക്കെത്തിയ ഹിന്ദു, സിക്ക് അഭയാർത്ഥികളുടെ സംഖ്യ 5 ലക്ഷം ആയിരുന്നു. അതായത് ഡെൽഹിയിലെ ജനസംഖ്യയിൽ അഭയാർത്ഥികളുടെ വരവ് പെട്ടെന്ന് ഒരു വർദ്ധനവ് ഉണ്ടാക്കിയെന്ന് മാത്രമല്ല, ആകെ ജനസംഖ്യയുടെ 28% -ത്തിലധികം അവരായി, നാലിലൊന്നിലധികം വരുന്ന ഈ വലിയ ജനക്കൂട്ടത്തിൻ്റെ അസംതൃപ്തി മുതലെടുത്ത് ഡെൽഹിയിലെ ബാക്കി വന്ന മുസ്ലീങ്ങളെ, പാകിസ്ഥാനിലേയ്ക്ക് പോകാതെ ഇന്ത്യയിൽ ഉറച്ചു നിന്ന മുസ്ലീങ്ങളെ, വംശഹത്യ ചെയ്യാനായിരുന്നു ഹിന്ദു വംശീയവാദികളുടെ ശ്രമം.
1947 സെപ്തംബർ 4-നാണ് അത് പ്രവൃത്തി പഥത്തിലെത്തിക്കാനുള്ള നടപടികൾ ഹിന്ദു വംശീയ വാദികൾ തുടങ്ങിവെയ്ക്കുന്നത്. പഴയ ദില്ലിയിലെ ചാന്ദ്നി ചൗക്കിൽ പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ഫത്തേപൂരി മസ്ജിദിൽ ബോംബു സ്ഫോടനം നടന്നു, ദി ന്യൂസ് ക്രോണിക്കിൾ, 1947 സെപ്തംബർ 6-ന് റിപ്പോർട്ട് ചെയ്തതനുസരിച്ച്, സെപ്തംബർ 4-ന് കരോൾബാഗിലെ ഒരു ഹൈസ്കൂളിൽ ഒരു ആൾക്കൂട്ടം പ്രവേശിച്ച് മുസ്ലീം കുട്ടികളെ തെരഞ്ഞുപിടിച്ച് കൊന്നു. അന്നേ ദിവസം തന്നെ മുസ്ലീം പ്രവിശ്യയിലെ റെയിൽവേ സ്റ്റേഷനിൽ, അവരെ ഭയപ്പെടുത്താനായി ബോംബ് സ്ഫോടനം നടത്തി. 1947 സെപ്തംബർ 7-ന് കൊണാട്ട് പ്ലേസ്, ന്യൂ ഡെൽഹിയിലെ സെൻട്രൽ മാർക്കറ്റ് പ്ലാസ തുടങ്ങി നിരവധി ഇടങ്ങളിൽ ബോംബു സ്ഫോടനങ്ങൾ നടന്നു. മുസ്ലീങ്ങളുടെ നിരവധി കടകൾ കൊള്ളയടിക്കപ്പെട്ടു.
1947 സെപ്തംബർ 8-നും മുസ്ലീം ജനസാമാന്യത്തിന് നേരെ ആക്രമണങ്ങൾ നടന്നു. താരതമ്യേന സുരക്ഷിതം എന്ന് കരുതിയ ഇടങ്ങളിലെ മുസ്ലീം ജീവിതങ്ങൾ പോലും ഇതോടെ താറുമാറായി. 400-ൽ അധികം വരുന്ന സുസംഘടിതരായ ഹിന്ദുവംശീയ വാദികൾ വില്ലിങ്ങ്ടൺ എയറോഡ്രോം വളഞ്ഞ് മുസ്ലീം ജീവനക്കാരെ ആക്രമിച്ചു. കോണാട്ട് പ്ലേസിൽ ഓഡിയോൺ സിനിമാ തിയ്യേറ്ററിനടുത്ത് അക്രമികൾ കൂട്ടം കൂടി നിൽക്കുമ്പോൾ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ കാർ ആ വഴി വരാനിടയായി. അക്രമപ്രവർത്തനങ്ങൾ കണ്ട് സഹിക്കാനാകാതെ, കാറിൽ നിന്നിറങ്ങിയ നെഹ്റു, സമീപത്തെ പോലീസുകാരനിൽ നിന്നും ലാത്തി പിടിച്ചു വാങ്ങി ജനക്കൂട്ടത്തെ ഓടിച്ചുവിടുന്ന സംഭവം വരെയുണ്ടായി, റീഗൽ സിനിമാ തിയ്യേറ്ററിന് സമീപം രണ്ട് മുസ്ലീം സേവകർ വാളിനിരയാക്കപ്പെട്ടു. റോമൻ കത്തീഡ്രലിന് മുന്നിൽ 5 മുസ്ലീങ്ങൾ കൊല്ലപ്പെട്ടു. ഏതാണ്ട് ആ സമയത്ത് തന്നെ വില്ലിങ്ങ്ടൺ എയർപോർട്ടിന് മുന്നിൽ ഒരു കാറിൽ സഞ്ചരിച്ചിരുന്ന മുസ്ലീങ്ങൾ കൊല്ലപ്പെട്ടു, 1947 സെപ്തംബർ 8-ന് കലാപ ബാധിതപ്രദേശത്ത് ചുറ്റിയടിക്കുമ്പോൾ പഴയ ഡെൽഹിയിലെ, കലാപം അങ്ങേയറ്റം ഏശിയ സ്ഥലത്തു നിന്നും രണ്ട് മുസ്ലീം പെൺകുട്ടികളെ നെഹ്റു രക്ഷപ്പെടുത്തുകയും അവർക്ക് തൻ്റെ സ്വന്തം ഭവനത്തിൽ അഭയം നൽകുകയും ചെയ്തു.
ഈ അക്രമകാരികളായ ഹിന്ദു വംശീയ വാദികൾ ഹിന്ദുക്കളേയും വെറുതെ വിട്ടില്ല. മൊഹല്ല ജതനിലും പഹാരി ധീരജിലും സദർബസാറിലും തോട്ടിപ്പണി ചെയ്യുന്ന മുസ്ലീങ്ങളേയും മറ്റ് താഴ്ന്ന വിഭാഗങ്ങളിലെ മുസ്ലീങ്ങളേയും സംരക്ഷിക്കുന്ന ഹിന്ദുക്കളെ അവർ ഭീഷണിപ്പെടുത്തി. മുസ്ലീം അഭയാർത്ഥിക്യാമ്പുകളിൽ സന്നദ്ധപ്രവർത്തനം നടത്തിയിരുന്ന ഹിന്ദുക്കളും സമാനമായ ഭീഷണി ഏറ്റുവാങ്ങി.
പേടിച്ചരണ്ട ഡെൽഹി മുസ്ലീങ്ങളുടെ സ്ഥിതി അറിയണമെങ്കിൽ, ഡെൽഹി യൂണിവേഴ്സിറ്റിയിലെ ചരിത്രാദ്ധ്യാപകനായിരുന്ന ഇഷ്ത്തിയാക്ക് ഹുസൈൻ ഖുറേഷിയെപ്പോലുള്ളവരുടെ സ്മരണകൾ വായിച്ചാൽ മതിയാകും. ഡെൽഹി സർവ്വകലാശാല ക്യാംപസിൽ താമസിച്ചിരുന്ന അദ്ദേഹത്തിൻ്റെ കുടുംബത്തിലെ സ്ത്രീകൾ രക്ഷപ്പെട്ടത് ഹിന്ദുസ്ത്രീക്കളെപ്പോലെ വസ്ത്രധാരണം ചെയ്തും നെറ്റിയിൽ കുറി വരച്ചുമാണ്. ആംഗ്ലോ – അറബിക് കോളേജിലെ അദ്ധ്യാപികയായിരുന്ന ഇബാദത്ത് ബാറൽവിയും മുസ്ലീങ്ങൾക്ക് നേരെ നടന്ന അതിക്രൂരമായ ആക്രമണങ്ങളെ അനുസ്മരിച്ചിട്ടുണ്ട്. അവരുടെ കോളേജിൽ നിന്നും ഒന്നര മൈൽ അകലെയുള്ള കരോൾബാഗിൽ അക്രമസംഭവങ്ങൾ നടക്കുന്നു എന്നറിഞ്ഞ് അവരും വിദ്യാർത്ഥികളും 1947 സെപ്തംബർ 4-ന് കോളേജിൽ തന്നെ തങ്ങി. അവസാനം 1947 സെപ്തംബർ 7-നോ 8-നോ അവർ എങ്ങനെയൊക്കെയോ പാകിസ്ഥാനി ഹൈക്കമ്മീഷണറുടെ വസതിയിൽ എത്തിച്ചേർന്നു. പിറ്റേ ദിവസം കുഴപ്പങ്ങൾ ഉച്ചസ്ഥായിയിലെത്തി. ഡെൽഹി സർവ്വകലാശാല ഹിന്ദു വംശീയവാദികൾ ആക്രമിച്ചു. മാനവിക വിഷയ വിഭാഗത്തിൻ്റെ ‘ ഡീൻ ഡോ. ഇസ്തിയാക്ക് ഹുസൈൻ ഖുറേഷിയും രജിസ്ട്രാർ ‘അക്തർ ഹുസൈനും കീറിപ്പറഞ്ഞ വസ്ത്രങ്ങളുമായി ഹൈക്കമ്മീഷണറുടെ വസതിയിലെത്തി.
ഡോ. ഇസ്തിയാക്ക് ഹുസൈൻ ഖുറേഷിയും ആ ദിവസങ്ങളെ ഓർമ്മിക്കുന്നുണ്ട്. 1960-ൽ അദ്ദേഹം കുറിച്ചിട്ട ഓർമ്മക്കുറിപ്പുകളിൽ മൊഹല്ലകൾ കുരുതിക്കളമായത് വിവരിക്കുന്നുണ്ട്. “രാത്രിയിൽ വീടിൻ്റെ മേൽക്കൂരകൾ ആയുധമണിഞ്ഞവരെക്കൊണ്ട് ശബ്ദായമാനമായി”, ഖുറേഷി താമസിച്ചിരുന്നത് ഡെൽഹി സർവ്വകലാശാലാ വളപ്പിലായിരുന്നു. “ഞാൻ താമസിച്ചിരുന്നത് സർവ്വകലാശാലാ വളപ്പിലായിരുന്നു. അതിന് തൊട്ടടുത്തുള്ള ജവഹർ നഗർ ആർ എസ് എസിൻ്റെ ശക്തികേന്ദ്രമായിരുന്നു. ഹിന്ദുക്കളുടേയും സിക്കുകാരുടേയും അഭയാർത്ഥി ക്യാമ്പും അടുത്തുണ്ടായിരുന്നു”. ‘ഖുറേഷി തുടരുന്നു, “അഭയാർത്ഥികളായ വിദ്യാർത്ഥികളെ അധിവസിപ്പിക്കാനും അവരെ സംരക്ഷിക്കാനും ഞാൻ എനിക്ക് പറ്റുന്നിടത്തോളം ശ്രമിച്ചു. മനുഷ്യസഹനങ്ങളെ അവഗണിക്കുന്നത് മനുഷ്യത്വവിരുദ്ധപ്രവൃത്തിയാണല്ലോ, …. എൻ്റെ ചലനങ്ങൾ രാത്രിയും പകലും നിരീക്ഷിക്കപ്പെട്ടു. എന്നെ കാണാൻ വരുന്നവരെ നിരീക്ഷിക്കാനായി ചിലയിടങ്ങളിൽ ആർ എസുഎസുകാർ ആളുകളെ നിയോഗിച്ചു. ആർ എസ് എസ് അംഗമാണെന്ന് എനിക്കറിയാവുന്ന ഒരു വിദ്യാർത്ഥി ഇടയ്ക്കിടെ എന്നെ കാണാൻ വന്നുകൊണ്ടിരുന്നു. എൻ്റെ ചില മുസ്ലീം സുഹൃത്തുക്കൾ ഞാൻ അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാണിച്ചുവെങ്കിലും എനിക്കൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. ഞാൻ അവിടം വിടുകയാണെങ്കിൽ സർവ്വകലാശാലാ വളപ്പിൽ താമസിക്കുന്ന മറ്റ് മുസ്ലീങ്ങളുടെ ധൈര്യം തകർന്നു പോകും, അധികം താമസിയാതെ ആയുധധാരികളായ സിക്കുകാർ സർവ്വകലാശാല വളഞ്ഞു, സംഭവിക്കാനുള്ളത് സംഭവിച്ചു”, സർവ്വകലാശാലയ്ക്കടുത്തെ തിമാർപൂറിലെ മുസ്ലീം നിവാസികൾ ആക്രമിപ്പിക്കപ്പെട്ടു. അക്രമം ഭയന്ന് അവിടെ നിന്നും പാഞ്ഞെത്തിയ മുസ്ലീങ്ങൾ സർവ്വകലാശാലാ വളപ്പിൽ അഭയം തേടി. തിമാർപൂറിൽ ഒരു പാട് കൊലപാതകങ്ങൾ നടന്നു. ”ആ രാത്രി ഞങ്ങൾക്ക് ഭീകര രാത്രിയായിരുന്നു. ചുറ്റുമുള്ള ഭവനങ്ങളിൽ കൊല്ലപ്പെടുന്ന മുസ്ലീം പുരുഷന്മാരുടേയും സ്ത്രീകളുടേയും കുട്ടികളുടേയും കരച്ചിൽ ഞങ്ങൾക്ക് കേൾക്കാമായിരുന്നു. അടുത്ത പ്രഭാതത്തിൽ സർവ്വകലാശാല ആക്രമിക്കപ്പെട്ടു. ആരും കൊലയ്ക്കിരയായില്ലെങ്കിൽ പോലും എല്ലാ മുസ്ലീം വീടുകളും ഒന്നൊന്നായി കൊള്ള ചെയ്യപ്പെട്ടു. ഞങ്ങൾ ഞങ്ങളുടെ കാറിൽ കയറി രക്ഷപ്പെട്ടു. മുസ്ലീം സ്ത്രീകൾ ഹിന്ദുവേഷമണിഞ്ഞും നെറ്റിയിൽ കുറി വരച്ചുമാണ് രക്ഷപ്പെട്ടത്. ഞങ്ങൾ അവരെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെത്തിച്ചു, തെരുവുകൾ ശവങ്ങളാൽ നിറഞ്ഞിരുന്നു. എൻ്റെ ഒമ്പതു വയസ്സുള്ള മകൻ അതെല്ലാം കണ്ട് ലളിതമായി എന്നോട് ചോദിച്ചു. ”ബാപ്പാ, നിങ്ങൾക്ക് പേടിയുണ്ടോ?, ഞാൻ സത്യസന്ധമായി പറഞ്ഞു. ”ഇല്ല”, ആ സമയത്ത് ഞാൻ നിർവികാരനായിരുന്നു. അതിന് ശേഷം ഞങ്ങളുടെ വീട് കൊള്ളയടിക്കപ്പെട്ടു”.
കലാപത്തിന് മുന്നോടിയായി വിതരണം ചെയ്യപ്പെട്ട ലഘുലേഖകളെപ്പറ്റി 1947 ആഗസ്റ്റ് 29- ലെ ദി ഡെയ്ലി മെയിലിൽ വിവരിക്കുന്നുണ്ട്. പടിഞ്ഞാറൻ പഞ്ചാബിലെ അക്രമികളുടെ അതേ മതത്തിൽ പെട്ട ഡെൽഹി നിവാസികളെ ആക്രമിക്കാൻ ആഹ്വാനം ചെയ്ത ആയിരക്കണക്കിന് ലഘുലേഖകൾ ഡെൽഹിയിൽ ഹിന്ദു വംശീയവാദികൾ വിതരണം ചെയ്തു. അക്രമം ആഹ്വാനം ചെയ്തു കൊണ്ടുള്ള പോസ്റ്ററുകൾ ഡെൽഹിയിലെ മതിലുകളിൽ നിറഞ്ഞു. 1947 ആഗസ്റ്റ് 30 പുലരുന്നത് സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള എല്ലാ മുസ്ലീങ്ങളേയും കൊന്നൊടുക്കിയാകണം എന്നാണ് ലഘുലേഖകൾ ആഹ്വാനം ചെയ്തിരുന്നത്.
കോൺഗ്രസ്സ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന റാഫി അഹ്മദ് കിദ്വായിയുടെ സഹോദരൻ ഷാഫി അഹ്മദ് കിദ്വായിയുടെ പങ്കാളിയായിരുന്ന ബീഗം അനീസ് കിദ്വായ് ആ ദിനങ്ങളെപ്പറ്റി എഴുതിയിട്ടുണ്ട്. ഷാഫി അഹ്മദ് കിദ്വായ് മുസ്സൂറിയിൽ വെച്ച് കൊല്ലപ്പെടുകയായിരുന്നു. അതെ തുടർന്ന് അവർ ഡെൽഹിയിലെത്തുകയും ഗാന്ധിയുടെ നിർദ്ദേശമനുസരിച്ച് മുസ്ലീം അഭയാർത്ഥി ക്യാമ്പുകളിൽ പ്രവർത്തിക്കുകയും ചെയ്തു.
അനീസ് കിദ്വായി തൻ്റെ സ്മരണകൾക്ക് നൽകിയത്, ഇബാദത്ത് ബാറെൽവി തൻ്റെ സ്മരണകൾക്ക് കൊടുത്ത അതേ പേരു തന്നെയായിരുന്നു. ആസാദി കി ഛായോം മേം, സ്വാതന്ത്ര്യത്തിൻ്റെ നിഴലിൽ, അത് തുടങ്ങുന്നത് ”സെപ്തംബർ കടന്നുവന്നത് അനേകം കുഴപ്പങ്ങളും ദൗർഭാഗ്യങ്ങളുമേന്തിയാണ്” എന്ന വാചകത്തോടെയാണ്. ഡെൽഹിയിൽ ഹിന്ദുരാഷ്ട്ര സംസ്ഥാപനത്തിന് വേണ്ടിയുള്ള ഹിന്ദുവംശീയവാദികളുടെ ”കൊലയന്ത്രം” പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ, ഇന്ത്യയിലെ ഗവർണ്ണർ ജനറലായിരുന്ന മൗണ്ട് ബാറ്റൺ പ്രഭു, ഷിംലയിലായിരുന്നു. ഡെൽഹിയിലേയും പഞ്ചാബിലേയും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അടിയന്തിര മീറ്റിങ്ങുകളിലൊന്നിൽ മൗണ്ട് ബാറ്റൺ നടത്തിയ പ്രസ്താവനകളിലൊന്ന് ഡെൽഹിയിൽ ഉണ്ടായ സംഭവങ്ങളുടെ ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തുന്നതാണ്, ”ഡെൽഹിയിൽ പോയാൽ, അതോടെ നമ്മൾ തീരും” എന്നാണദ്ദേഹം പറഞ്ഞത്. അവിടേയ്ക്കാണ് അനീസ് കിദ്വായ് ചെന്നത്. ”ഞാനെൻ്റെ ഹൃദയത്തിൻ്റെ ചിതറിയ ഭാഗങ്ങൾ കൂട്ടിവെയ്ക്കാൻ ശ്രമിക്കുകയാണ്”, ഓരോ ദിവസവും ഡെൽഹിയിൽ ഒഴുകുന്ന ചോരപ്പുഴയുടെ കരയിലിരുന്ന് അവർ എഴുതി. “ഈ അക്രമങ്ങളിൽ മുങ്ങിക്കിടക്കുമ്പോൾ ഇന്ത്യ സ്വതന്ത്രമായി എന്നെങ്ങനെ പറയാൻ കഴിയും ?” എന്നും അവർ ചോദിച്ചു.
ഈ അക്രമങ്ങളുടെ അവസാനം, പാകിസ്ഥാനിലേയ്ക്ക് പോകാതെ ഇന്ത്യയിൽ നിൽക്കാൻ നിശ്ചയിച്ച ഡെൽഹിയിലെ മുസ്ലീങ്ങൾ ഇത്തിരി സുരക്ഷിതത്വമുണ്ടെന്ന് തോന്നുന്ന ഇടങ്ങളിൽ തമ്പടിക്കാൻ തുടങ്ങി. പാക് ട്രാൻസ്ഫർ ഓഫീസിലെ അഭയാർത്ഥികളുടെ എണ്ണം 12,000 ആയി ഉയർന്നു. ജുമാമസ്ജിദ്, മുസ്ലീം ശ്മശാനങ്ങൾ, മുഗൾ ഭരണത്തിലെ കെട്ടിടാവശിഷ്ടങ്ങൾ, കേന്ദ്രമന്ത്രിമാരായ മൗലാന അബുൾ കലാം ആസാദിൻ്റേയും റാഫി അഹ്മദ് കിദ്വായിയുടേയും വസതികൾ, ആ വളപ്പുകൾ, തുടങ്ങിയ ഇടങ്ങളിൽ അവർ അഭിമാനം നഷ്ടപ്പെട്ട മനുഷ്യരായി ഒളിച്ചു പാർത്തു. അവിടേയും ഒതുങ്ങാതായപ്പോൾ ആ അഭയാർത്ഥികൾ പുരാണ കിലയിലും ഹുമയൂൺ ശവകുടീരത്തിലും പ്രവർത്തിക്കുന്ന സർക്കാർ ക്യാമ്പുകളിൽ എത്തിച്ചേർന്നു. അവർക്ക് ഡെൽഹിയിൽ വസതികൾ ഉണ്ടായിരുന്നു. കച്ചവട കേന്ദ്രങ്ങൾ ഉണ്ടായിരുന്നു. ആരാധനാലയങ്ങൾ ഉണ്ടായിരുന്നു. പാകിസ്ഥാനിൽ നിന്നും ഓടിപ്പോന്ന സിക്കുകാരേയും ഹിന്ദുക്കളേയും മുൻനിർത്തി ഹിന്ദു വംശീയ വാദികൾ എല്ലാം പിടിച്ചെടുത്തു. അവരിൽ പലരും ഈ അക്രമപ്രവർത്തനങ്ങളുടെ ഫലമായി പാകിസ്ഥാനിലേയ്ക്ക് മനസ്സില്ലാമനസ്സോടെ ചേക്കേറി. നേരത്തെ നാം കണ്ട ഖുറേഷിയുടെ കഥ ഉത്തമ ഉദാഹരണമാണ്. അദ്ദേഹവും കുടുംബവും കുറേക്കാലം പുരാണ കിലാ ക്യാമ്പിൽ കഴിഞ്ഞു. പിന്നീട് പാകിസ്ഥാനിലേയ്ക്ക് കുടിയേറി. അതായിരുന്നു ഹിന്ദു വംശീയവാദികളുടെ ആഗ്രഹവും. അക്രമപ്രവർത്തനങ്ങൾ അഴിച്ചു വിട്ടാൽ, മുസ്ലീങ്ങൾ പാകിസ്ഥാനിലേയ്ക്ക് ഓടിപ്പോകും. ഇന്ത്യ, ഹിന്ദുസ്ഥാനായി മാറും. ഇൻ്റലിജൻസ് ഉദ്യോഗസ്ഥരുടെ നിഗമനം അത് ശരിവെയ്ക്കുന്നു: വിഭജനവും ഹിന്ദു, സിക്ക് അഭയാർത്ഥികളുടെ വർദ്ധിച്ചു വരുന്ന അസഹിഷ്ണുതയും ആർ എസ് എസുകാർക്ക് ഡെൽഹിയിലേയും പരിസര പ്രദേശങ്ങളിലേയും മുസ്ലീങ്ങളെ മുഴുവനായി ഇല്ലാതാക്കുക വഴി അനിശ്ചിതാവസ്ഥ സൃഷ്ടിക്കാനും മുഴുവൻ ന്യൂനപക്ഷങ്ങളേയും പാകിസ്ഥാനിലേയ്ക്ക് പറഞ്ഞയക്കാനുമുള്ള അസുലഭാവസരം സംജാതമാക്കി. എന്നിട്ടും 1. 5 ലക്ഷം മുസ്ലീങ്ങൾ ഡെൽഹിയിൽ തന്നെ ദുരന്തങ്ങളെ നേരിടാൻ നിലയുറപ്പിച്ചു. ഹിന്ദു വംശീയവാദികൾക്ക് തിരിച്ചടി നൽകിക്കൊണ്ട്.
ക്യാമ്പുകൾക്ക് പുറത്ത് അപ്പോഴും ഹിന്ദു വംശീയവാദികൾ അഴിഞ്ഞാടുകയായിരുന്നു. നിരവധി ആക്രമണങ്ങൾക്ക് വിധേയമായ സബ്സി മണ്ടിയിൽ 1947 സെപ്തംബർ 8-ന് സൈന്യവും അക്രമകാരികളും ഏറ്റുമുട്ടി. റോഡിൽ ശവങ്ങൾ നിറഞ്ഞു. സബ്സി മണ്ടി മുഴുവനായും എരിഞ്ഞു തീർന്നു. ഡെയ്ലി മിററിൽ 1947 സെപ്റ്റംബർ 9-ന് വന്ന റിപ്പോർട്ടനുസരിച്ച് കൊണാട്ട് പ്ലേസിനടുത്തുള്ള പഹർഗഞ്ച് ”കത്തിക്കരിയുന്ന വീടുകളാലും അഭയാർത്ഥിക്കൂട്ടങ്ങളാലും കുതിരകളുടേയും കന്നുകാലികളുടേയും ജഡങ്ങളാലും ആകാശത്ത് മുഴങ്ങുന്ന യന്ത്രത്തോക്കിൻ്റെ ശബ്ദങ്ങളാലും യുദ്ധക്കളത്തെ ഓർമ്മിപ്പിച്ചു”, 1947 ഒക്ടോബർ 10-ന് പഴയ ദില്ലിയുടെ വടക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ബാരാ ഹിന്ദു റാവുവിൽ 5,000 മുസ്ലീങ്ങളെ കുടിയൊഴിപ്പിച്ചു.
1947 ഒക്ടോബർ 19-ന് ഗോൾവാൾക്കർ ഡെൽഹിയിലെ ആർ എസ് എസ് ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി. അതിൽ വെച്ച് അദ്ദേഹം സബ്സി മണ്ടിയിലേയും പഹർഗഞ്ചിലേയും കരോൾ ബാഗിലേയും ഹിന്ദുക്കളെ അഭിനന്ദിക്കുന്നതോടൊപ്പം മറ്റുള്ള ഹിന്ദുക്കൾ അവരുടെ മാർഗ്ഗം പിന്തുടരണമെന്നും ആഹ്വാനം ചെയ്തു. ഓർക്കണം, ഏറ്റവും കൂടുതൽ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്തതും കൊള്ളയടിച്ചതും ഈ പ്രദേശങ്ങളിലാണ്, ഇക്കാര്യം റിപ്പോർട്ട് ചെയ്ത ഇൻ്റലിജൻസ് റിപ്പോർട്ട് ഇങ്ങനെ തുടരുന്നു.
“അദ്ദേഹം (ഗോൾവാൾക്കർ ) അവരെ ആശിർവദിക്കുകയും ഭാവിയിലും ഹിന്ദുമതത്തെ ഇതേപടി സേവിക്കണമെന്നും അതുവഴി അവരുടെ ശക്തി വർദ്ധിപ്പിക്കണമെന്നും പറയുകയുണ്ടായി. എപ്പോഴും ജാഗ്രത്തായിരിക്കണമെന്നും മുസ്ലീങ്ങളെ ഒരിക്കലും വിശ്വസിക്കരുതെന്നും അവരെ അദ്ദേഹം താക്കീതു ചെയ്തു. ഡെൽഹിയിൽ നിന്നും മുസ്ലീങ്ങളെ പുറം തള്ളാൻ ഒരിക്കൽ കൂടി പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപ്പോൾ ഡെൽഹിയെ ‘ഹിന്ദുസ്ഥാൻ’ എന്ന് വിളിക്കാൻ കഴിയും.”
1947 ഒക്ടോബർ 24-ൻ്റെ പോലീസ് റിപ്പോർട്ടും ആർ എസ് എസിൻ്റെ ലക്ഷ്യം വെളിവാക്കുന്നു. ”സംഘ് സന്നദ്ധ പ്രവർത്തകരെ ഉദ്ധരിക്കുകയാണെങ്കിൽ ആർ എസ് എസ് എസ് നിലകൊള്ളുന്നത് ഹിന്ദുക്കളെ ശാരീരികമായി ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയിൽ ഹിന്ദുഭരണം സ്ഥാപിക്കുന്നതിനുമാണ്, അവരുടെ രണ്ടാമത്തെ ലക്ഷ്യം സ്ഥാപിക്കുന്നതിന് വേണ്ടി അവർക്ക് യുദ്ധസമ്പ്രദായത്തെ വരെ ആശ്രയിക്കേണ്ടി വരും. പക്ഷെ, ഇപ്പോൾ മുസ്ലീങ്ങൾക്കെതിരെ തുറന്ന യുദ്ധത്തിലേയ്ക്ക് നീങ്ങാൻ അവർക്ക് അനുമതിയില്ല. അതിനാൽ സംഘപ്രവർത്തകർ ഡെൽഹിയിൽ നടത്തുന്നത് അവരവരുടെ കഴിവ് അനുസരിച്ചുള്ള ഗറില്ലാ യുദ്ധമാണ്.
അന്നത്തെ ഡെൽഹിയിലെ പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ആയിരുന്ന എം എസ് രൺധാവ, ഹിന്ദു വംശീയ വാദികളെ രഹസ്യമായി പിന്തുണച്ചതായി പറയപ്പെടുന്നുണ്ട്. കപൂർ കമ്മീഷന് മുന്നിൽ വന്ന സാക്ഷിമൊഴികളിൽ ഇക്കാര്യം പരാമർശ വിധേയമായിട്ടുണ്ട്. രൺധാവ ഒരു ദിവസം ഒരു ഗ്രാമം സന്ദർശിക്കുകയാണെങ്കിൽ പിറ്റേന്ന് അവിടുത്തെ മുസ്ലീം സമൂഹത്തെ ഹിന്ദുവംശീയ വാദികൾ കുടിയൊഴിപ്പിക്കുന്ന ഒരു നില ഡെൽഹി കലാപത്തിലുടനീളം കാണാൻ കഴിയുമെന്ന് ഖുറേഷിയുടെ സ്മരണയിൽ നമുക്ക് വായിക്കാവുന്നതാണ്. ഖുറേഷിക്ക് രൺധാവയെ നേരത്തേ പരിചയമുണ്ടായിരുന്നു. ഖുറേഷിയുടെ കൈയ്യിലുണ്ടായിരുന്ന മുഗൾ മിനിയേച്ചർ പെയിൻ്റിംഗുകളുടെ ശേഖരം കണ്ട് രൺധാവ, അദ്ദേഹത്തെ അനുമോദിച്ചിരുന്നു. ഖുറേഷിയുടെ വീട് കൊള്ള ചെയ്ത ശേഷം, ആ പെയിൻ്റിംഗുകളുമായി ലഹളക്കാർ രൺധാവയുടെ വസതിയിലേയ്ക്കാണ് പോയതെന്ന് കിംവദന്തി പ്രചരിച്ചിരുന്നു.
ഹിന്ദുവംശീയവാദികൾ സർക്കാരിനെ അട്ടിമറിക്കാനുള്ള പ്രവർത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് തുടക്കത്തിലേ മനസ്സിലാക്കിയ ഒരു നേതാവ് ജവഹർലാൽ നെഹ്റു ആയിരുന്നു. ചീഫ് പോലീസ് കമ്മീഷണർ ഖുർഷിദ് അഹ്മദുമായും ഡെപ്യൂട്ടി കമ്മീഷണർ രൺധാവയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം അത് വിശദമാക്കുന്നുണ്ട്. രൺധാവ പറഞ്ഞത് ഇത് സ്വമേധയാ പൊട്ടിപ്പുറപ്പെട്ട ലഹളയാണെന്നാണ്. ഒരു ഗൂഢാലോചനയും ഇതിൻ്റെ പുറകിലില്ലെന്നും, എന്നാൽ നെഹ്റു അത് വിശ്വസിച്ചില്ല. അദ്ദേഹം ആഭ്യന്തരമന്ത്രി പട്ടേലിനെഴുതിയ കത്തിൽ അത് വിശദമാക്കുന്നുണ്ട്. ”ഇക്കാര്യത്തിന് പിന്നിൽ നിരവധി സംഘടനകൾ പ്രവർത്തിക്കുന്നു എന്നത് ഉറപ്പാണ്, മാത്രമല്ല, ഇത് തുടങ്ങി വെച്ചത് ഇത്തരം അസ്വസ്ഥതകൾ സംഘടിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിൽ കേൾവി കേട്ട ചില ഡെൽഹിക്കാരാണ്, “, രൺധാവയുടെ പ്രവർത്തനത്തിൽ നെഹ്റു അതൃപ്തി രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ആർ എസ് എസിന് ബന്ധമുള്ള ആളുകൾ പോലീസിലും നീതിന്യായസംവിധാനത്തിലും നുഴഞ്ഞുകയറിയതിനെപ്പറ്റിയും അദ്ദേഹം ബോധവാനാകുന്നുണ്ട്. ഡെൽഹിയുടെ ക്രമസമാധാനച്ചുമതല പട്ടേലിനായത് കൊണ്ട് നെഹ്റുവിന് ഇക്കാര്യങ്ങളിൽ നേരിട്ട് ഇടപെടുന്നതിന് പരിമിതികൾ ഉണ്ടായിരുന്നു. ഏകപക്ഷീയ ആക്രമണമാണ് ഡെൽഹിയിൽ നടന്നതെന്നും, അക്രമകാരികൾ ഹിന്ദുക്കളും സിക്കുകാരുമാണെന്നും പട്ടേലും തിരിച്ചറിയുന്നുണ്ട്, കോൺഗ്രസ്സിൻ്റെ ഡെൽഹി യൂണിറ്റും അവരുടേതായ നിലയിൽ അന്വേഷിച്ച് ഒരു റിപ്പോർട്ട് കൊടുക്കുന്നുണ്ട്. ഈ ലഹള നയിച്ചവരായി ആ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചത് താഴെപ്പറയുന്ന 6 ശക്തികളെയാണ്.
1. ഡെൽഹിക്ക് ചുറ്റുമുള്ള ജാട്ട് ഭൂപ്രഭുക്കളും രാജാക്കളും.
2. പഞ്ചാബിലെ അകാലികളും സിക്ക് പ്രമുഖരും.
3. അധികാരം പിടിച്ച് ഹിന്ദു ഗവണ്മെൻ്റിനെ അവരോധിക്കാൻ ആഗ്രഹിക്കുന്ന ഹിന്ദു സഭയും ആർ എസ് എസും.
4. മറാത്താ ശക്തികളുടെ ആധിപത്യത്തിന് ശ്രമിക്കുന്ന, ചില മറാത്താ മുഖ്യന്മാരുമായി ഒത്തൊരുമിച്ച് പ്രവർത്തിക്കുന്ന ആർ എസ് എസിൻ്റെ ഉന്നതതല സമിതി.
5. കെ. എം മുൻഷിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന, ആൾവാർ മഹാരാജാവിനാൽ നയിക്കപ്പെടുന്ന, ഒരു കൂട്ടം രജപുത്ര രാജാക്കൾ.
6. ആർ എസ് എസും അകാലി പാർട്ടിയുമായി ഒത്തൊരുമിച്ച് പ്രവർത്തിച്ച്, സർക്കാരിൻ്റെ സമാധാന നടപടികളെ അട്ടിമറിക്കാൻ ശ്രമിക്കുന്ന സർക്കാർ സർവ്വീസിലേയും പട്ടാളത്തിലേയും ഒരു വിഭാഗം.
ഈ ഘടകങ്ങളോട് യുദ്ധം പ്രഖ്യാപിക്കാതെ ഇന്ത്യൻ യൂണിയന് സമാധാനത്തിലേയ്ക്കുള്ള പാത വെട്ടാൻ കഴിയില്ലെന്നും ഈ റിപ്പോർട്ട് പറഞ്ഞു.
ഇതിനിടയിൽ ഷിംലയിൽ നിന്നും മൗണ്ട് ബാറ്റൺ ഡെൽഹിയിലെത്തി. മൗണ്ട് ബാറ്റണും നെഹ്റുവും പട്ടേലുമടങ്ങുന്ന അടിയന്തിര കമ്മറ്റിക്ക് രൂപം നൽകി. ഈ അടിയന്തിര കമ്മറ്റിയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് ഡെൽഹിയിലെ കലാപങ്ങളെ പരിമിതപ്പെടുത്താൻ സഹായിച്ചു. പ്രത്യേകിച്ച് സിക്കുകാരുടെ കൃപാൺ അടക്കമുള്ള സംഗതികളെ ആയുധമാക്കി നിർവ്വചിച്ച് ആയുധ നിരോധന നിയമം നടപ്പിലാക്കാൻ കമ്മറ്റിക്ക് കഴിഞ്ഞു. ഡെൽഹിയെ അപകടകരമാം വിധം അസ്വസ്ഥതയുള്ള പ്രദേശമായി കമ്മറ്റി പ്രഖ്യാപിച്ചു.
1947 സെപ്തംബർ 8-ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു, ഓൾ ഇന്ത്യാ റേഡിയോയിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു.
“കഴിഞ്ഞ മൂന്നാഴ്ച്ചക്കാലം ഞാൻ പഞ്ചാബിലൂടെ – പടിഞ്ഞാറൻ പഞ്ചാബിലൂടെയും കിഴക്കൻ പഞ്ചാബിലൂടെയും – ചുറ്റിയടിക്കുകയുണ്ടായി. ഞാൻ കണ്ടതും കേട്ടതുമായ ഭീകരമായ കാര്യങ്ങൾ എൻ്റെ ഹൃദയത്തിൽ തിങ്ങി. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പഞ്ചാബിലും ഡെൽഹിയിലുമായി നടക്കുന്ന കാര്യങ്ങളാണ് ഞാൻ ഭക്ഷിക്കുന്നത്. അതാണ് ഇപ്പോൾ നമുക്കായി അവശേഷിച്ചിട്ടുള്ള തീറ്റ, ഞാൻ ദുരന്തങ്ങൾ അനവധി കണ്ടു. മനുഷ്യർ മരിച്ചു വീഴുന്നത് കണ്ടു. ഇപ്പോഴല്ലെങ്കിൽ മറ്റൊരു ദിവസം എല്ലാ മനുഷ്യരും മരിച്ചുപോകും. പക്ഷെ, മരണത്തേക്കാളും ഭീകരമായ ചില സംഗതികൾ സംഭവിച്ചിരിക്കുന്നു. എൻ്റെ ജനങ്ങൾ ചെയ്ത പ്രവൃത്തികളോർത്ത് ഞാൻ ലജ്ജിക്കുന്നു. അതിൻ്റെ അപമാനവും തിന്മയുടെ പ്രതിഫലനങ്ങളും നമ്മോടൊപ്പം കുറെക്കാലം കൂടി നിലകൊള്ളുമെന്ന് ഞാൻ ഭയക്കുന്നു. കാരണം തിന്മ തിന്മയാൽ അവസാനിക്കുന്നില്ല. കൊലയ്ക്ക്, കൊലയെ അവസാനിപ്പിക്കാനാകില്ല. അതിനാൽ ഇക്കാര്യത്തെ ഗൗരവമായി കൈകാര്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. നാമെങ്ങോട്ടാണ് പോകുന്നതെന്നും നമ്മുടെ കുഞ്ഞുങ്ങൾക്ക് ജീവിക്കാനായി ഏതുതരം ഇന്ത്യയേയാണ് അവശേഷിപ്പിക്കാൻ പോകുന്നതെന്നും നാം പരിഗണിക്കണം, ഇത്തരം കാര്യങ്ങൾ തുടർന്നാൽ, നിങ്ങൾക്ക് അത് മനസ്സിലാക്കാൻ കഴിഞ്ഞാൽ, ഈ മോശം അവസ്ഥയെ അവസാനിപ്പിക്കണമെങ്കിൽ, അതീവ ശക്തിയോടെ നമുക്കതിനെ നേരിടാൻ കഴിയണം. യുദ്ധസമാനമായ ഈ അന്തരീക്ഷത്തെ യുദ്ധസമാനമായി തന്നെ നാം നേരിടാൻ പോകുന്നു. അക്ഷരാർത്ഥത്തിൽ തന്നെ. ”
ഈ ഡെൽഹിയിലാണ് 1947 സെപ്തംബർ 9-ന് ഗാന്ധിയെത്തുന്നത്. കൊൽക്കൊത്തയിലെ നിരാഹാരസത്യഗ്രഹത്തിൻ്റെ ക്ഷീണം മാറുന്നതിന് മുൻപ്. റെയിൽവേ സ്റ്റേഷനിൽ പട്ടേൽ കാത്തുനിന്നിരുന്നു. പ്യാരേലാൽ എഴുതുന്നു, “ഞങ്ങളെത്തുമ്പോൾ ഡെൽഹി ഒരു മൃതനഗരമായി മാറിക്കഴിഞ്ഞിരുന്നു”.
——-
തുടരും.
———
ഹിന്ദുത്വ ഭീകരതയുടെ കഥ – ഇതുവരെയുള്ള ഭാഗങ്ങൾ ഇവിടെ വായിക്കുക.







Be the first to write a comment.