ആഗോളതലതിലുള്ള ഒരു ഇടതുപക്ഷ കാഴ്ചപ്പാടില്‍നിന്ന് നോക്കുമ്പോൾ, ജനാധിപത്യം എന്നത് കേവലം തിരഞ്ഞെടുപ്പുകളുടെ ആനുകാലിക ആചാരമോ അവകാശങ്ങളുടെ ഔപചാരികമായ ഉറപ്പോ അല്ല, മറിച്ച് ഭൗതിക സമത്വം, സാമൂഹിക നീതി, കൂട്ടായ പങ്കാളിത്തം എന്നിവയിൽ വേരൂന്നിയ ഒരു ജൈവിക പ്രക്രിയയാണ്. വ്യക്തിഗത അവകാശങ്ങളിലും ഔപചാരികമായ നീതിന്യായത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ലിബറൽ ജനാധിപത്യം, മുതലാളിത്തം സൃഷ്ടിക്കുന്ന ആഴത്തിലുള്ള ഘടനാപരമായ അസമത്വങ്ങൾ മറച്ചുവെക്കുന്നതിന് ശ്രമിക്കുന്നു എന്നത് എക്കാലവും ആഗോള ഇടതുപക്ഷത്തിന്‍റെ വിമര്‍ശനമാണ്. സമൂഹത്തിന്‍റെ സാമ്പത്തിക അടിത്തറ ജനാധിപത്യവൽക്കരിക്കപ്പെടുമ്പോൾ മാത്രമേ യഥാർത്ഥ ജനാധിപത്യം അഭിവൃദ്ധി പ്രാപിക്കൂ എന്ന് മാർക്സിസ്റ്റ്, സോഷ്യലിസ്റ്റ് പാരമ്പര്യങ്ങൾ വാദിക്കുന്നു – അതായത്, സമ്പത്ത്, വിഭവങ്ങൾ, ഉൽപാദനശക്തി എന്നിവ ചുരുക്കം ചിലരുടെ കൈകളിൽ കേന്ദ്രീകരിക്കാതെ ജനസംഖ്യയിലുടനീളം പങ്കിടപ്പെടുമ്പോൾ മാത്രമേ ജനാധിപത്യം രാഷ്ട്രീയമേഖലയ്ക്കപ്പുറം ജോലിസ്ഥലത്തേക്കും സമ്പദ്‌വ്യവസ്ഥയിലേക്കും ദൈനംദിന ജീവിതത്തിലേക്കും വ്യാപിക്കുകയുള്ളു. ഇത് വ്യക്തികളെ അവരുടെ നിലനിൽപ്പിനെ രൂപപ്പെടുത്തുന്ന സാഹചര്യങ്ങളുടെമേൽ നിയന്ത്രണം പ്രയോഗിക്കാൻ പ്രാപ്തരാക്കുന്നു. വർഗസമരത്തെ ജനാധിപത്യ പ്രയോഗത്തിന്‍റെ കേന്ദ്രമായി അംഗീകരിക്കുന്നതിനും, ജീവിതിത്തിന്‍റെ നിയോലിബറല്‍ ചരക്കുവൽക്കരണത്തെ ചെറുക്കുന്നതിനും, ഭരണവർഗങ്ങൾ ആധിപത്യം നിലനിർത്താൻ വിപണിസ്ഥാപനങ്ങളെ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് തുറന്നുകാട്ടുന്നതിനും ഈ വീക്ഷണം അനിവാര്യമാണ്. എന്നാല്‍ ആത്യന്തികമായി, ജനാധിപത്യത്തിന്‍റെ മാര്‍ക്സിസ്റ്റ് സിദ്ധാന്തം അതിനെ സമൂലമായി പങ്കാളിത്തമുള്ളതും, പാർശ്വവൽക്കരിക്കപ്പെട്ട ശബ്ദങ്ങളെ ഉൾക്കൊള്ളുന്നതും, ചുരുക്കം ചിലരുടെ പ്രത്യേകാവകാശങ്ങളേക്കാൾ പൊതുതാൽപ്പര്യങ്ങൾക്കായി സമൂഹത്തിന്‍റെ പരിവർത്തനത്തെ ലക്ഷ്യംവച്ചുള്ളതുമായി വിഭാവനം ചെയ്യുന്നതാണെങ്കിലും അതിനായുള്ള വിപ്ലവങ്ങളുടെ ചരിത്രം ഇതിന്‍റെ പ്രായോഗികതയെക്കുറിച്ച് ഉയര്‍ത്തിയിട്ടുള്ള സംശയങ്ങള്‍ പ്രസക്തിയുള്ളതാണ്.

ഗ്രാംഷി, ലെനിൻ

മുതലാളിത്തത്തിന് കീഴിലുള്ള ജനാധിപത്യത്തിന്‍റെ പരിമിതികളെക്കുറിച്ചുള്ള ഈ വിമർശനത്തെ ക്ലാസിക്കൽ ഇടതുപക്ഷ സൈദ്ധാന്തികർ കൂടുതൽ ആഴപ്പെടുത്തിയിട്ടുണ്ട്. ഭൗതിക അസമത്വം പരിഹരിക്കാതെ രാഷ്ട്രീയ സമത്വം വാഗ്ദാനം ചെയ്തുകൊണ്ട് ബൂർഷ്വാ ജനാധിപത്യം എങ്ങനെയാണ് വര്‍ഗ്ഗാധിപത്യത്തെ മറയ്ക്കുന്നതെന്ന് കാൾ മാർക്സ് വിശദമാക്കിയിരുന്നു എന്ന് നമുക്ക് അറിയാം. പ്രാതിനിധ്യ ജനാധിപത്യം പ്രധാനമായും ഭരണവർഗ താൽപ്പര്യങ്ങളെ സേവിക്കുന്നുവെന്ന് ലെനിനും വാദിച്ചു. കൂടുതൽ ആധികാരികമായ ജനാധിപത്യശക്തിയായി തൊഴിലാളി കൗൺസിലുകൾ (സോവിയറ്റുകൾ) എന്ന ആശയം അദ്ദേഹം മുന്നോട്ടുവച്ചു. അന്റോണിയോ ഗ്രാംഷി സാംസ്കാരികവും പ്രത്യയശാസ്ത്രപരവുമായ മാനങ്ങളിലേക്ക് ശ്രദ്ധതിരിക്കുകയും, ഭരണവർഗങ്ങൾ സമ്മതത്തിലൂടെയും മേധാവിത്വത്തിലൂടെയും അധീശത്വം നിലനിർത്തുന്നത് എങ്ങനെയെന്ന് കാണിച്ചുതരുകയും ചെയ്തു. സമകാലിക കാലഘട്ടത്തിൽ, സംഘർഷത്തെ അംഗീകരിക്കുന്നതിലൂടെയും ചർച്ചയിലൂടെയും ജനാധിപത്യ ജീവിതം നിലനിർത്തണമെന്ന് വാദിക്കുന്ന ഓട്ടോണൊമിസ്റ്റ് മാര്‍ക്സിസ്റ്റ്‌ ചിന്താധാര സജീവമാണ്. എന്നാല്‍ വ്യവസ്ഥാപരമായ അസമത്വങ്ങൾ ആഴത്തിലാകുമ്പോൾ, സാരമായ രാഷ്ട്രീയ ഏജൻസിയിൽനിന്ന് ശൂന്യമാക്കപ്പെട്ടതും ഉപഭോക്തൃ തിരഞ്ഞെടുപ്പുകളിലേക്ക് ചുരുങ്ങുന്നതുമായി നവലിബറൽ ജനാധിപത്യത്തെ വിമർശിക്കുമ്പോള്‍ത്തന്നെ ആഗോളതലത്തില്‍ ഫാസിസംപോലുള്ള ശക്തികള്‍ വേരുറപ്പിക്കുമ്പോള്‍ കേവലമായ പ്രാതിനിധ്യ ലിബറല്‍ ജനാധിപത്യ വിമര്‍ശനം അര്‍ത്ഥശൂന്യമാവുന്നു. സാമ്പത്തിക ജീവിതത്തെ ജനാധിപത്യവൽക്കരിക്കുന്നതിനും, അരികുവൽക്കരിക്കപ്പെട്ട ശബ്ദങ്ങളെ ശാക്തീകരിക്കുന്നതിനും, മൂലധനത്തിന്‍റെ ആധിപത്യത്തെ വെല്ലുവിളിക്കുന്ന പരിവർത്തന പോരാട്ടങ്ങൾ പ്രാപ്തമാക്കുന്നതിനും, വോട്ടിംഗിന്‍റെ ഔപചാരിക ആചാരങ്ങൾക്കപ്പുറം ജനാധിപത്യം നീങ്ങണമെന്നത് അനിവാര്യമാണെങ്കിലും പരിമിതമായ ജനാധിപത്യംതന്നെ ഫാസിസത്തിന്‍റെ കാല്‍ക്കീഴില്‍ അമരുമ്പോള്‍ അര്‍ത്ഥവത്തായ ജനാധിപത്യ ഐക്യമുന്നണികള്‍ എങ്ങനെ രൂപപ്പെടുത്താം എന്ന രാഷ്ട്രീയവിചാരത്തിലേക്കാണ് ഇടതുപക്ഷവും മാര്‍ക്സിസ്റ്റ്‌ സൈദ്ധാന്തിക പ്രയോഗവും തിരിയേണ്ടത്‌.

സമീപ ദശകങ്ങളിൽ വലതുപക്ഷ പ്രത്യയശാസ്ത്രങ്ങളുടെയും ഫാസിസ്റ്റ്, നവ-ഫാസിസ്റ്റ് പ്രവണതകളുടെയും ഉയർച്ച ആഗോള ജനാധിപത്യത്തിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. സ്വേച്ഛാധിപത്യ നേതൃത്വം, അതിദേശീയത, സാംസ്കാരിക ഭൂരിപക്ഷവാദം, ന്യൂനപക്ഷങ്ങളെ അധിക്ഷേപിക്കൽ തുടങ്ങിയ സ്വഭാവ സവിശേഷതകളുള്ള ഈ പ്രസ്ഥാനങ്ങൾ അധികാരം ഉറപ്പിക്കുന്നതിനായി സാമ്പത്തിക ഉത്കണ്ഠകളെയും സാമൂഹിക വിഭജനങ്ങളെയും ചൂഷണം ചെയ്യുന്നു. യൂറോപ്പിൽ, വിക്ടർ ഓർബന്‍റെ കീഴിലുള്ള ഹംഗറിയിലെ ‘ഫിഡെ’സും പോളണ്ടിലെ ‘ലോ ആൻഡ് ജസ്റ്റിസ് പാർട്ടി’യുംപോലുള്ള സംഘടനകള്‍ വംശീയ ദേശീയതയെ പ്രോത്സാഹിപ്പിക്കുമ്പോൾ ജുഡീഷ്യൽ സ്വാതന്ത്ര്യത്തെയും മാധ്യമ സ്വാതന്ത്ര്യങ്ങളെയും ക്രമാനുഗതമായി ഇല്ലാതാക്കിക്കൊണ്ടാണ് ഇതിനു ശ്രമിക്കുന്നത് എന്ന കാര്യം ഓര്‍മ്മിക്കേണ്ടതുണ്ട്‌. യുണൈറ്റഡ് സ്റ്റേറ്റ്സിൽ, ഡൊണാൾഡ് ട്രംപിന്‍റെ പ്രസിഡന്റ് സ്ഥാനം വൈറ്റ്‌ മേധാവിത്വ ഗ്രൂപ്പുകളെ നിരത്തിലിറക്കിയാണ് സ്വയം സാധൂകരണം തേടുന്നത്. ജനാധിപത്യ മാനദണ്ഡങ്ങളെ കാറ്റില്‍പറത്തിക്കൊണ്ടാണ് ജനുവരി 6 ന് കാപ്പിറ്റോളിനെതിരായ ആക്രമണത്തിൽ ഈ ആള്‍ക്കൂട്ടം പങ്കെടുത്തത്. തിരഞ്ഞെടുപ്പിന്‍റെ നിയമസാധുതയ്‌ക്കെതിരായ അഭൂതപൂർവമായ ആക്രമണമായിരുന്നു അത്. ഇന്ത്യയിൽ, ബിജെപിയുടെ കീഴിലുള്ള ഹിന്ദുത്വ രാഷ്ട്രീയം മതദേശീയതയെ സ്വേച്ഛാധിപത്യ ഭരണവുമായി സംയോജിപ്പിച്ചിരിക്കുന്നു എന്നത് ഇനി കൂടുതല്‍ വിശദീകരിക്കേണ്ട വിഷയമല്ല. വലതുപക്ഷ പോപ്പുലിസം പലപ്പോഴും ഫാസിസ്റ്റ് തന്ത്രങ്ങൾ എങ്ങനെ തന്ത്രപരമായി ഉപയോഗിക്കുന്നുവെന്ന് ഈ ഉദാഹരണങ്ങൾ തെളിയിക്കുന്നു. അത്തരം പ്രസ്ഥാനങ്ങൾ നിയന്ത്രിക്കപ്പെട്ടില്ലെങ്കിൽ, തിരഞ്ഞെടുപ്പുകൾ നാമമാത്രമായിമാത്രം നിലനിൽക്കുന്നതും എന്നാൽ ബഹുസ്വരത, മനുഷ്യാവകാശങ്ങൾ, സമത്വം എന്നിവ വ്യവസ്ഥാപിതമായി ദുർബലപ്പെടുത്തുന്നതുമായ ഒരു പൊള്ളയായ രൂപത്തിലേക്ക് ജനാധിപത്യം പരിവർത്തനംചെയ്യപ്പെടുകയാവും അതിന്‍റെ ആത്യന്തിക ഫാം. പ്രത്യശാസ്ത്രപരമായി ലോകം വലത്തോട്ട്‌ തിരിക്കാന്‍ ഫാസിസം ശ്രമിക്കുമ്പോള്‍ അതിനെ പ്രായോഗികമായി പ്രതിരോധിക്കുക എന്നതാണ് ജാനാധിപത്യ വിശ്വാസികളുടെ പ്രാധമികമായ കടമ.

ഇന്ത്യന്‍ ഭരണഘടന ഒരു മതേതരവും സമത്വപരവുമായ രാഷ്ട്രീയം വിഭാവനം ചെയ്തിട്ടുണ്ടെങ്കിലും, ആഗോള മൂലധനത്തിന്‍റെ നവലിബറൽ പരിഷ്കാരങ്ങൾ ഇന്ത്യയിലും സാമ്പത്തിക അസമത്വങ്ങളെ ആഴത്തിലാക്കുകയും, കോർപ്പറേറ്റ്, വരേണ്യ താൽപ്പര്യങ്ങൾ നയരൂപീകരണത്തിൽ ആധിപത്യം പുലർത്തുന്ന ഒരു ഇടമാക്കി ജനാധിപത്യത്തെ മാറ്റുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഹിന്ദുത്വം ഇതിനെ സ്വീകരിക്കുന്ന, മറയില്ലാതെ നടപ്പിലാക്കുന്ന ഒരു ആധിപത്യശക്തിയായി ഉയർന്നുവന്നിട്ടുണ്ട്. സാംസ്കാരിക ദേശീയതയെ ജനകീയ ക്ഷേമവും സ്വേച്ഛാധിപത്യ കേന്ദ്രീകരണവുമായി സംയോജിപ്പിച്ച് ബഹുജന സമ്മതി നേടിയെടുക്കുന്ന തന്ത്രമാണ് ഹിന്ദുത്വ പരീക്ഷിക്കുന്നത്. ഈ ഇരട്ട പ്രക്രിയ – നവലിബറൽ സാമ്പത്തിക ഭരണവും ഭൂരിപക്ഷ സാംസ്കാരിക നിയന്ത്രണവും – ജനാധിപത്യത്തിന് കടുത്ത ഭീഷണിയാകുന്നു. എങ്കിലും ഇതിനെതിരെ ഉയര്‍ന്നുവരുന്ന സി‌എ‌എ വിരുദ്ധ പ്രതിഷേധങ്ങളും കർഷക പ്രസ്ഥാനമോപോലുള്ള ബഹുജന സമരങ്ങളും ജനാധിപത്യ ഊർജ്ജങ്ങളുടെ രാഷ്ടീയ സാധ്യതയെ പ്രതിഫലിപ്പിക്കുന്നവയാണ്‌ എന്നതും തിരിച്ചരിയപ്പെടെണ്ടതുണ്ട്. ഒരു മാർക്സിസ്റ്റ് കാഴ്ചപ്പാടിൽ, ഈ പ്രസ്ഥാനങ്ങൾ ഔപചാരിക അവകാശങ്ങൾക്കും അടിസ്ഥാന സമത്വത്തിനും ഇടയിലുള്ള വൈരുദ്ധ്യത്തെ തുറന്നുകാട്ടുകയും, ജനാധിപത്യം സ്വത്വാധിഷ്ഠിത സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുമ്പോള്‍, ഭൂമി, ഉപജീവനമാർഗ്ഗം, നീതി എന്നിവയുടെ ചോദ്യങ്ങൾ അഭിസംബോധന ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. അങ്ങനെ, കൂടുതൽ പങ്കാളിത്തപരവും, എല്ലാവരെയും ഉൾക്കൊള്ളുന്നതും, ഭൗതികമായി നീതി പുലർത്തുന്നതുമായ ഒരു ക്രമത്തിലേക്ക് മുന്നേറുന്നതിനൊപ്പം, സമത്വത്തിന്‍റെയും മതേതരത്വത്തിന്‍റെയും ഭരണഘടനാ വാഗ്ദാനം വീണ്ടെടുക്കാൻ പ്രത്യാധിപത്യ പ്രസ്ഥാനങ്ങൾക്ക് കഴിയുമോ എന്നതിനെ ആശ്രയിച്ചാണ് ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ഭാവി നിലകൊള്ളുന്നത്.

മതഭൂരിപക്ഷവാദത്തെ അടിസ്ഥാനമാക്കി പൊതുമണ്ഡലത്തെ പുനർനിർവചിക്കുന്ന പ്രബലമായ രാഷ്ട്രീയ, സാംസ്കാരിക ശക്തിയായി ഹിന്ദുത്വം സമകാലിക ഇന്ത്യയില്‍ ഉയർന്നുവന്നിട്ട്‌ നാല് ദശകങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇതിനിടയില്‍ കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിലധികമായി അവര്‍ അധികാരത്തിലുമുണ്ട്. ഇന്ത്യ അതിന്‍റെ കൊളോണിയല്‍ വിരുദ്ധ സമരത്തില്‍നിന്ന് വളര്‍ത്തിയെടുത്ത ജനാധിപത്യ മൂല്യങ്ങള്‍ നിസസരവല്‍ക്കരിക്കപ്പെടുന്ന സാഹചര്യവും സന്ദര്‍ഭവും ഒരുമിച്ചുചേര്‍ന്നിരിക്കുന്നു.

മതേതര ദേശീയതയിൽനിന്ന് വ്യത്യസ്തമായി, ഇന്ത്യൻ പൗരത്വത്തിന്‍റെ സത്തയായി ഹിന്ദുസ്വത്വത്തിന് സവിശേഷാവകാശം നൽകുന്നതിൽ ഉറച്ചുനിൽക്കുന്ന പ്രത്യയശാസ്ത്രമാണ് ഹിന്ദുത്വം. മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും വിയോജിപ്പുള്ള ഹിന്ദുക്കളെയുംപോലും അരികുവൽക്കരിക്കുന്നതിലൂടെ ഈ പ്രത്യയശാസ്ത്ര പദ്ധതി ഇന്ത്യ എന്ന ബഹുസ്വര സമൂഹത്തിൽ ആഴത്തിലുള്ള വിള്ളലുകൾ സൃഷ്ടിക്കുന്നത്തിലൂടെയാണ് നിലനില്‍ക്കുന്നത്. നിയന്ത്രിക്കപ്പെട്ടില്ലെങ്കിൽ, വിയോജിപ്പും വൈവിധ്യവും നിയമവിരുദ്ധമാക്കപ്പെടുന്ന ഭൂരിപക്ഷ സ്വേച്ഛാധിപത്യമായി ജനാധിപത്യത്തെ പരിവർത്തനം ചെയ്യുമെന്ന ഭീഷണി ഹിന്ദുത്വത്തിന് ഫലപ്രദമായി ഉയര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഈ പ്രത്യയശാസ്ത്ര വേലിയേറ്റത്തിനെതിരെ സ്വന്തം മതേതരവും സാമൂഹികനീതിപരവുമായ ഭരണഘടനാ ധാർമ്മികത എങ്ങനെ സംരക്ഷിക്കാം കഴിയും എന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്‍റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

ജനാധിപത്യം, സമത്വം, മതേതരത്വം, സാമൂഹിക നീതി എന്നിവയുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ ജനാധിപത്യ—റിപ്പബ്ലിക്കന്‍ മാതൃകയായ ഇന്ത്യൻ ഭരണഘടന അഭൂതപൂർവമായ സമ്മർദ്ദത്തിലാണ്. അധികാരം കേന്ദ്രീകരിക്കുകയും സ്ഥാപനപരമായ നിയന്ത്രണങ്ങൾ ദുർബലപ്പെടുത്തുകയും ചെയ്യുന്ന രീതിയിൽ ഭരണഘടനാ വ്യവസ്ഥകളെ പുനർവ്യാഖ്യാനിക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങൾ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. എക്സിക്യൂട്ടീവ് സമ്മർദ്ദത്തെ ചെറുക്കുന്നതിൽ ജുഡീഷ്യറിയുടെ സമ്മിശ്ര റെക്കോർഡ് ആശങ്കകൾ വർദ്ധിപ്പിക്കുന്നു. ഭരണഘടനാ മൂല്യങ്ങൾ—പ്രത്യേകിച്ച് മൗലികാവകാശങ്ങളും ഫെഡറൽ സന്തുലിതാവസ്ഥയും—സംരക്ഷിക്കുന്നത് നിർണായകമാണ്. ജാഗ്രതയോടെയുള്ള സംരക്ഷണം ഇല്ലെങ്കിൽ, ഭരണഘടന ഒരു ഔപചാരിക പുറംതോടിലേക്ക് ചുരുങ്ങുകയും അടിസ്ഥാന ജനാധിപത്യം ഇല്ലാതാകുകയും ചെയ്യും. ഐറോണിക്കല്‍ എന്ന് പറയാവുന്ന കാര്യം. നമ്മെ സംരക്ഷിക്കും എന്ന് നാം വിശ്വസിക്കുന്ന ഭരണഘടനയെ സംരക്ഷിക്കാന്‍ നാം മുതിരേണ്ടിവരുന്നു എന്നതാണ്. ജനാധിപത്യം പ്രതിസന്ധിയിലാണ് എന്ന കാര്യം വ്യക്തമാവാന്‍ മറ്റൊരു ഉദാഹരണം ആവശ്യമില്ല.

ഇന്ത്യയുടെ രാഷ്ട്രീയ സംസ്കാരത്തിൽ നിർണായകമായ നിഷേധാത്മക മാറ്റങ്ങള്‍ക്ക് ഒന്നാം മോദി സർക്കാർ തുടക്കം കുറിച്ചിരുന്നു. ബിജെപിയിലെ പരമ്പരാഗത നേതൃത്വത്തെ ഒഴിവാക്കിക്കൊണ്ട് ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്ന മോദിയെ ശക്തനായ നേതാവാക്കി ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി അധികാരത്തിലെത്തിയത്. പ്രതിപക്ഷ പാർട്ടികളുടെ അനൈക്യവും തകർച്ചയും വിയ ഭൂരിപക്ഷം നേടാന്‍ ബിജെപിയെ സഹായിച്ചു. അതാവട്ടെ പാർലമെന്ററി ചർച്ചകളെയും സമവായ രാഷ്ട്രീയത്തെയും തീര്‍ത്തും ദുർബലപ്പെടുത്താനാണ് ബിജെപി ഉപയോഗിച്ചത്. നോട്ട് നിരോധനം, ജിഎസ്ടി, തുടങ്ങി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ അസ്ഥിവാരം തകര്‍ത്ത ഇടപെടലുകള്‍ ധീരമായ പരിഷ്കാരങ്ങളായി അവതരിപ്പിക്കപ്പെട്ടു. വേണ്ടത്ര കൂടിയാലോചനകളില്ലാതെ എന്നല്ല. കൂടിയാലോചനകളും സംവാദങ്ങളും ചര്‍ച്ചകളുംപോലും ഒഴിവാക്കി ഏറ്റവും സ്വേച്ഛാധിപത്യപരമായ തീരുമാനമെടുക്കൽ പ്രക്രിയക്ക് ആ സര്‍ക്കാര്‍ രൂപംകൊടുത്തു. ഈ കാലഘട്ടം ബിജെപിയുടെ ഹിന്ദുത്വ ആഖ്യാനത്തിന്‍റെ ഏകീകരണത്തിന് സാക്ഷ്യംവഹിച്ചുകൊണ്ട് എതിര്‍ ശബ്ദങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഗില്ലറ്റിനായി ഔഗ്യോഗിക പോലീസ്, രഹസ്യാനേഷണ ഏജന്‍സികളെ മാറ്റിത്തീര്‍ത്തു. ദേശീയതതന്നെ മോദിയോടുള്ള വിശ്വസ്തതയ്ക്കും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനും തുല്യമാക്കിക്കൊണ്ട്, പ്രതിപക്ഷത്തിന്‍റെ സര്‍ക്കാര്‍ നയങ്ങളോടുള്ള മൃദുവിമര്‍ശനംപോലും രാജ്യദ്രോഹമാകുന്ന സ്ഥിതി സംജാതമായി.

എങ്കിലും ഇക്കാലത്ത് പാര്‍ലിമെന്റിനു അകത്തും പുറത്തും പ്രതിപക്ഷം നടത്തിയ പോരാട്ടങ്ങളുടെ പ്രതിഫലനമെന്നോണം മോദിയുടെ രണ്ടാം സർക്കാർ രൂപീകരണം വളരെക്കുറഞ്ഞ ഭൂരിപക്ഷം നേടിക്കൊണ്ടായിരുന്നു. എന്നാല്‍ ദൂരവ്യാപകമായ ജനാധിപത്യ പ്രത്യാഘാതങ്ങളുള്ള പ്രധാന ഘടനാപരമായ ഇടപെടലുകൾ ത്വരിതപ്പെടുത്താനാണ് ഈ പരിമിത ഭൂരിപക്ഷവും ഇപ്പോള്‍ മോദി സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിക്കൊണ്ട് ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞു. തികച്ചും ഭരണഘടനാവിരുദ്ധമായി, പ്രാദേശിക സമ്മതമില്ലാതെയാണ് ഇത് നടപ്പിലാക്കിയത്. ഇപ്പോള്‍ ലഡാക്കില്‍ നടക്കുന്ന പ്രക്ഷോഭം ഇതിന്‍റെകൂടി നീക്കിയിരുപ്പാണ്‌ എന്ന വസ്തുത നമ്മുടെ മുന്നിലുണ്ട്. പൗരത്വ ഭേദഗതി നിയമം (സിഎഎ) പൗരത്വ മാനദണ്ഡങ്ങളിൽ മതത്തെ വ്യക്തമായി ഉൾപ്പെടുത്തികൊണ്ടായിരുന്നു. ഇത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അവകാശനിഷേധത്തെക്കുറിച്ചുള്ള ആശങ്കകളും ഭീതിയും ഉയർതുകയാനുണ്ടായത്. അതിനെതിരെയുള്ള സമരം ജനാധിപത്യ വിശ്വാസികളുടെ ഒഇന്തുനയൊദെയാനു നടന്നത്. ഇവയ്‌ക്കൊപ്പം, പുതിയ കാർഷിക നിയമങ്ങളും (പിന്നീട് കര്‍ഷകപ്രക്ഷോഭത്തെത്തുടര്‍ന്ന് റദ്ദാക്കിയെങ്കിലും) തൊഴിൽ കോഡ് മാറ്റങ്ങളും മുകളിൽ നിന്നുള്ള പരിഷ്കാരങ്ങളുടെ ജനാധിപത്യ വിരുദ്ധ താല്പര്യങ്ങള്‍ തുറന്നു കാട്ടുകയായിരുന്നു. ഇത് കര്‍ഷക—ബഹുജന പ്രതിഷേധങ്ങൾക്ക് കാരണമായി. ഈ ഇടപെടലുകൾ സംവാദവും സമവായവും ഒഴിവാക്കി ജനാധിപത്യ വ്യവഹാരങ്ങൾക്ക് മുകളിൽ എക്സിക്യൂട്ടീവിന് പ്രത്യേകാവകാശം നൽകുന്ന ഫാസിസ്റ്റ് ഭരണശൈലി സാധാരണവല്‍ക്കരിക്കുന്നതായിരുന്നു.

ഭരണകൂട നയങ്ങളിലൂടെയും ആള്‍ക്കൂട്ട ആക്രമണങ്ങളിലൂടെയും മുസ്ലീങ്ങളും ദലിതരും മറ്റ് അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങളും നേരിടുന്ന അരക്ഷിതാവസ്ഥക്കെതിരെ പോരാട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. ആൾക്കൂട്ട കൊലപാതകങ്ങൾ, മതപരിവർത്തന വിരുദ്ധ നിയമങ്ങൾ, ബുൾഡോസർ ഉപയോഗിച്ച് കിടപ്പാടം പൊളിക്കൽ, ന്യൂനപക്ഷ ആഘോഷങ്ങളെ ലക്ഷ്യമാക്കിയുമുള്ള വിഭാഗീയ ഉത്തരവുകള്‍ എന്നിവ ഭയത്തിന്‍റെ അന്തരീക്ഷം സൃഷ്ടിക്കുന്നു. അതേസമയം, പൗരസ്വാതന്ത്ര്യത്തിന്‍റെ മണ്ഡലം ചുരുങ്ങുകയാണ്. സര്‍ക്കാര്‍ നയങ്ങളോട് വിയോജിപ്പുള്ളവരും ന്യൂനപക്ഷങ്ങളും പൗരരല്ല, കേവലം ഭരണകൂടം നിരന്തരം സംശയിക്കുന്നവരായി മാറുമ്പോൾ സമത്വത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും ഭരണഘടനാ വാഗ്ദാനമാണ് അപകടത്തിലാവുന്നത്.

അതിലെല്ലാമുപരി ഒരുകാലത്ത് പക്ഷപാത രാഹിത്യത്തിനും കാര്യക്ഷമതക്കും പേരുകേട്ട ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനം ഇപ്പോൾ സംശയത്തിന്‍റെ നിഴലിലായിരിക്കുന്നു. “വോട്ട് ചോരി”—വോട്ട് മോഷണം—, വലിയ ആരോപണമായി പ്രതിപക്ഷ നേതാവുതന്നെ ഉയര്‍ത്തുമ്പോള്‍ ഉത്തരംപറയാന്‍ കഴിയാതെ ഇലക്ഷന്‍ കമ്മീഷന്‍ ഒളിച്ചുകളിക്കുന്നു. മാധ്യമ മാനിപ്പുലേഷന്‍, ഭരണകൂട യന്ത്രങ്ങളുടെ ദുരുപയോഗം, തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ദുർബലപ്പെടുത്തൽ തുടങ്ങിയ ആരോപണങ്ങൾ ജനാധിപത്യ സംവിധാനത്തിന്‍റെ ഭാവിയെക്കുറിച്ച് ഉയര്‍ത്തുന്ന ആശങ്കകള്‍ ചെറുതല്ല. ജനകീയ പരമാധികാരം എന്ന ആശയം സംരക്ഷിക്കുന്നതിന് തിരഞ്ഞെടുപ്പുകളിൽ വിശ്വാസം പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്.

എന്നാല്‍ നമുക്ക് മുന്നിലുള്ള വെള്ളിരേഖ, കടുത്ത ഭരണകൂട അടിച്ചമർത്തലുകൾക്കിടയിലും, ഇന്ത്യ വലിയ ജനകീയ പ്രതിരോധത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട് എന്നതാണ്. സിഎഎ വിരുദ്ധ പ്രതിഷേധങ്ങൾ, കർഷക പ്രസ്ഥാനം, വിദ്യാർത്ഥികളുടെയും തൊഴിലാളികളുടെയും തുടർച്ചയായ പോരാട്ടങ്ങൾ തുടങ്ങിയവ ഏറ്റവും പ്രത്യക്ഷമായ ഉദാഹരണങ്ങളാണ്. ജനാധിപത്യം തിരഞ്ഞെടുപ്പുകളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല, മറിച്ച് ബഹുജന സമാഹരണം, തെരുവ് രാഷ്ട്രീയം, പൊതുചർച്ചകൾ എന്നിവയിലൂടെയാണ് അതിജീവിക്കുന്നതെന്ന് ഈ സമരങ്ങള്‍ കാട്ടിത്തരുന്നു. അത്തരം അടിത്തട്ടിലുള്ള പ്രസ്ഥാനങ്ങൾ പ്രതിപക്ഷവുമായി കൂടിച്ചേര്‍ന്ന് സ്വേച്ഛാധിപത്യ പ്രവണതകൾക്കെതിരെ അധികാര സന്തുലിതാവസ്ഥയെ എങ്ങനെ പുനർനിർമ്മിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ഭാവി.

ഇന്ത്യൻ ജനാധിപത്യം ഒരു വഴിത്തിരിവിലാണ് എന്ന കാര്യത്തില്‍ സംശയമില്ല. തിരഞ്ഞെടുപ്പ് വിജയത്തിന്‍റെ മറവിൽ മതഭൂരിപക്ഷ സ്വേച്ഛാധിപത്യത്തിന്‍റെ ദൃഡീകരണത്തിനുള്ള ശ്രമം നടക്കുന്നു എന്നത് നിസ്സാരമായ കാര്യമല്ല. സിവിൽ സമൂഹ സമാഹരണം, ജുഡീഷ്യൽ സ്വാതന്ത്ര്യം, രാഷ്ട്രീയ ബഹുസ്വരത എന്നിവയിലൂടെ ഭരണഘടനാ മൂല്യങ്ങളുടെ പുനഃസ്ഥാപനത്തിന് ശ്രമിക്കുക എന്നതാണ് ഈ വെല്ലുവിളി നേരിടാനുള്ള പ്രാധാന മാര്‍ഗ്ഗം. ഹിന്ദുത്വയുടെ സാംസ്കാരിക മേധാവിത്വം, ദുർബലമൊ ദുരുപയോഗം ചെയ്യപ്പെടുന്നതോ ആയ ഭരണകൂട സ്ഥാപനങ്ങൾ, ഫാസിസ്റ്റ് ആള്‍ക്കൂട്ടങ്ങളെ അഴിച്ചു വിടുന്ന സാംസ്കാരിക ദേശീയത, കൂടുതല്‍ കേന്ദ്രീകൃതമാവുന്ന എക്സിക്യൂട്ടീവ് അമിതാധികാരം—പ്രതിപക്ഷത്തിനും ജനാധിപത്യ—മനുഷ്യാവകാശ വിശ്വാസികള്‍ക്കും നേരിടാനുള്ള വെല്ലുവിളികള്‍ കടുത്തതാണ്. സ്വേച്ഛാധിപത്യ ദേശീയതയുടെ സമ്മർദ്ദങ്ങൾക്കെതിരെ പൗരർക്കും സ്ഥാപനങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും ഭരണഘടനയുടെ ആത്മാവ് വീണ്ടെടുക്കാൻ ഒന്നിക്കാന്‍ കഴിയുമോ എന്നതിനെ ആശ്രയിച്ചിരിക്കും ജനാധിപത്യത്തിന്‍റെ ആത്യന്തികമായ വിജയം.

ഈ സന്ദര്‍ഭത്തിന്‍റെ രാഷ്ട്രീയ ഗൌരവം ഉള്‍ക്കൊണ്ടുകൊണ്ടാണ് “ജനാധിപത്യത്തിന്‍റെ ഭാവി” എന്ന വിഷയത്തില്‍ ‘നവമലയാളി’ ഒരു ചര്‍ച്ച സംഘടിപ്പിക്കുന്നത്. സാഹിത്യ – സാംസ്കാരിക – രാഷ്ട്രീയ മേഖലകളിലുള്ള നിരവധിപേര്‍ പല ലക്കങ്ങളിലായി പങ്കെടുക്കുന്ന സംവാദമാണിത്. ഏവരെയും ഈ ചർച്ചയിലേക്ക് സ്വാഗതം ചെയ്യുന്നു.
———
ജനാധിപത്യത്തിൻ്റെ ഭാവി – നവമലയാളി സിമ്പോസിയത്തിൽ ഇതുവരെയുള്ള കുറിപ്പുകൾ ഇവിടെ വായിക്കുക

Comments

comments