ഒരാൾ ഏതു ദേശത്ത്, ഏതു മതത്തിൽ, വംശത്തിൽ ജനിക്കുന്നു എന്നത് ആ വൃക്തിയുടെ തെരഞ്ഞെടുപ്പല്ല. പിറന്നു വീണ സംസ്കാരത്തിൽ അവൻ/അവൾ വളരുന്നു. ഒരു നാൾ ദേശരാഷ്ട്രത്തിൻ്റെ കാർക്കശ്യമുള്ള നിയമം  ജന്മം നോക്കി അവകാശങ്ങളില്ലാത്ത  രണ്ടാംതരം പൗരനോ അഭയാർത്ഥിയോ ആക്കി അവനെ / അവളെ ചാപ്പകുത്തുന്നു. ആ വ്യക്തിയാണോ രാഷ്ട്രമാണോ അപ്പോൾ പ്രതിപ്പട്ടികയിലാവേണ്ടത്? വാസ്തവത്തിൽ ഒരു ദേശരാഷ്ട്രം പൗരത്വത്തിനു നിശ്ചയിക്കുന്ന മാനദണ്ഡം വിലയിരുത്തി  ആ രാജ്യം എന്താണെന്നു മനസ്സിലാക്കാം എന്നു രാഷ്ട്രീയ അവബോധമുള്ളവർ തിരിച്ചറിയുന്നുണ്ട്. അവകാശങ്ങൾക്കുള്ള അവകാശം നൽകുന്നത് പൗരത്വമാണല്ലോ.

Hannah Arendt
1948-ലെ യു.എൻ. മനുഷ്യാവകാശ പ്രഖ്യാപനം ഇറങ്ങിയ വേളയിൽ പ്രമുഖ സോഷ്യൽ സയൻറിസ്റ്റ് അന്നാ ഹാരൻ്റ് അതിൻ്റെ അപ്രായോഗികതയെ സൂചിപ്പിക്കാൻ ലോകമെങ്ങും ചിതറിക്കിടക്കുന്ന പൗരത്വമില്ലാത്ത മനുഷ്യരെയാണ് ചൂണ്ടിക്കാണിച്ചത്. Right to ask for rights എന്ന പ്രയോഗം ആദ്യമായി അവർ കൊണ്ടുവന്നതും അപ്പോഴാണ്. അവകാശങ്ങൾ ചോദിക്കാൻ അവർക്കെന്തവകാശം? അഥവാ ആരാണവർക്ക് അവകാശങ്ങൾ അനുവദിക്കേണ്ടത്? അവർ അഭയാർത്ഥികൾ മാത്രമല്ലേ!

ലോകത്തിൻ്റെ പല ഭാഗങ്ങളിൽ പല കാലങ്ങളിലായി അഭയം തേടുന്നവർ ചിതറുന്നു. പീഡനങ്ങളനുഭവിക്കുന്നു. പൗരത്വമുണ്ടായാലും രണ്ടാം തരം പൗരരായി അവഗണിതരായി കഴിയേണ്ടി വരുന്നവരുമേറെ. തുർക്കിയിൽ മുസ്ലിങ്ങൾ തന്നെയായ അലവികൾ, സിറിയയിൽ  കുർദുകൾ, ഇസ്രായേലിൽ പാതി പൗരത്വം മാത്രമുള്ള തദ്ദേശമുസ്ലിങ്ങൾ, മ്യാൻമറിൽ റോഹിങ്ക്യൻ മുസ്ലിങ്ങൾ… എന്തിന് പാശ്ചാത്യ ജനാധിപതൃരാഷ്ട്രമായ അമേരിക്കയിൽ മെയ് കറുത്ത ആഫ്രോ അമേരിക്കക്കാർ, മെക്സിക്കൻ വംശജർ! ഇന്നത്തെ ഇന്ത്യാ-പാക് സംഘർഷാന്തരീക്ഷത്തിൽ അതിർത്തിയിൽ അരങ്ങേറുന്ന ഹൃദയ ദ്രവീകരണരംഗങ്ങൾ, ഉമ്മയെ പിരിയേണ്ടി വരുന്ന കുഞ്ഞുമോൻ്റെ കണ്ണുനീർ, മുതിർന്ന സഹോദരനെ കെട്ടിപ്പിടിച്ചു യാത്രയാക്കുന്ന സഹോദരിയുടെ വിങ്ങൽ, ഭാര്യയെയും കുഞ്ഞുമക്കളെയും അതിർത്തിക്കപ്പുറത്തേക്ക് വിടചൊല്ലിയക്കുമ്പോഴത്തെ ചെറുപ്പക്കാരൻ്റെ മുഖത്തെ നിസ്സഹായത…. സാംസ്കാരികമായും ജനിതകമായും കലർന്നു കിടക്കുന്ന ഒരു ജനതയെ പൗരത്വവും രാജ്യാതിർത്തികളും എങ്ങനെ കീറി മുറിക്കുന്നു എന്ന് ഇവയൊക്കെ ഓർമ്മിപ്പിക്കുന്നു. അനുഗ്രഹീതമലയാള സിനിമാ സംവിധായകൻ പി. ടി. കുഞ്ഞിമുഹമ്മദിൻ്റെ  ‘പരദേശി’യുടെ പ്രസക്തിയെപ്പറ്റി വീണ്ടും ആലോചിച്ചു പോവുന്നു.

മോഹൻലാൽ, പരദേശി എന്ന ചലച്ചിത്രത്തിൽ

ബ്രിട്ടീഷിന്ത്യൻ പട്ടാളത്തിൽ ഗൂർഖാപട്ടാളക്കാർ ധീരതയുടെ ആൾരൂപങ്ങളായിരുന്നു. നേപ്പാളി ജനിതകമുള്ള അവരിൽ പലരും ഇന്ന് കേരളത്തിലെ ചെറു നഗരങ്ങളിൽ വരെ സെക്യുരിറ്റിയായും നൈറ്റ് വാച്ചർമാരായും കഴിയുന്നത് അവരുടെ ധീരതയുടെ ലക്ഷണമായല്ല, നിവൃത്തികേടിൻ്റെ സൂചനയായിത്തന്നെ മനസ്സിലാക്കേണ്ടതുണ്ട്. നേപ്പാളിൽ കഴിയാതെ അവരെന്തിനാണിന്നും ഇന്ത്യാരാജ്യത്ത് അലഞ്ഞു തിരിയുന്നത്? ഒരു പക്ഷേ അയൽ രാജ്യമായ ഭൂട്ടാനിൽ നിന്ന് നിഷ്കാസിതരായവരിൽപ്പെട്ടതായിരിക്കില്ലേ അവരിലൊരു വിഭാഗമെങ്കിലും എന്നു ചിന്തിപ്പിക്കുന്നുണ്ട് ആ നാടിൻ്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ലാമിഡാറ എന്ന പുതിയ മലയാളം നോവൽ. ഭൂട്ടാനിൽ ദീർഘകാലം അധ്യാപകനായി ജോലി ചെയ്ത ബാലകൃഷ്ണൻ ചെർക്കളയാണ് നോവലിസ്ററ്.

തിബററിൽ നിന്ന് പിന്നീട് ഭൂട്ടാൻ ആയിത്തീർന്ന  ഹിമാലയൻ   അയൽപ്രദേശങ്ങളിലേയ്ക്ക്  നൂററാണ്ടുകൾക്കു മുമ്പ് കുടിയേറിയവരാണ് ഡ്രുക് പകളെന്ന മംഗോളിയൻ വംശജർ.അവരെല്ലാം ബുദ്ധമത വിശ്വാസികൾ. പിന്നാലെ, അതായത് ഏകദേശം രണ്ടു നൂറ്റാണ്ടു മുമ്പ് , ദക്ഷിണഭൂട്ടാൻ മലമ്പ്രദേശങ്ങളിലേക്ക് മരം വെട്ടിക്കടത്തുന്നവരുടെ കൂലിക്കാരായി വന്നുചേർന്ന് തൊഴിൽ പോയിട്ടും തിരിച്ചു പോകാതെ മൊട്ടയായിത്തീർന്ന ആ മലകളിൽ ബണ്ടുകൾ കെട്ടി കൃഷി ചെയ്തു ജീവിക്കാൻ തുടങ്ങിയവരാണ് നേപ്പാളി വേരുകളുള്ള ഗൂർഖാ ഗോത്ര മനുഷ്യർ. തനതായ സംസ്കാരങ്ങളും വിശ്വാസവും കലകളും ജീവിത രീതികളുമുള്ളവർ.ഭൂരിപക്ഷക്കാർ ഡ്രുക്പകൾ. പരമ്പരാഗതമായി ഭരണാധികാരികളായിരുന്നവരും അവർ. 20-ാം നൂറ്റാണ്ടിൻ്റെ ഉത്തരാർദ്ധത്തോടെ ഡ്രുക്പകളുടെ ഭാഷ, സംസ്കാരം, ധർമ്മം  (ബുദ്ധമതം) മാത്രമല്ല, വേഷമുൾപ്പെടെ ദേശീയതയുടെ ഭാഗമായി എല്ലാവരിലും അടിച്ചേൽപ്പിക്കുന്ന അസ്വസ്ഥ ജനകമായ അവസ്ഥ വന്നു ചേരുകയാണ്. സ്കൂളുകളിൽ വരെ അധ്യാപകരായ ലാമകളെ നിയോഗിച്ച് സാംസ്കാരികാധിനിവേശം പ്രാവർത്തികമാക്കുന്നു. എതിർത്ത ഗൂർഖാവംശജർ രാജ്യവിരുദ്ധരായി, പൗരത്വ നിഷേധം അനുഭവിക്കേണ്ടി വന്നവരായി, പിന്നീട് ഒളിപ്പോരാളികളും രക്തസാക്ഷികളും നിഷ്കാസിതരായി അലയുന്നവരും ഒക്കെയായി.നേപ്പാളിലേക്ക് തിരിച്ചു പോയവരും അവിടെ അസ്വീകാര്യരായി. 50,000 ത്തോളം പേർ 80കളിൽ നടന്ന കലാപത്തോടെ അഭയാർത്ഥികളായതായി നോവലിലൂടെ നാമറിയുന്നു.മാസാദ്യം നഗരവാസികളായ നമ്മുടെ വീട്ടുമുറ്റത്തു  വന്ന് സല്യൂട്ട് ചെയ്ത് മാസപ്പടിക്ക് കാത്തുനിൽക്കുന്നവരെ ഇന്ത്യൻ പൗരത്വക്കുപ്പായമിട്ട്  ഇനിയെങ്കിലും പുച്ഛത്തോടെ നമുക്കു നോക്കാതിരിക്കാം. പാതിരാവിലൊരിക്കലും നിങ്ങളെ കണ്ടില്ലല്ലോ, ശബ്ദം കേട്ടില്ലല്ലോ എന്നു വിചാരണ ചെയ്യാതിരിക്കാം. കാരണം അവരുടെ ഉള്ളിലൊരു അഭയാർത്ഥി സങ്കടക്കടലുണ്ടാവാം.
2008-ൽ ജനാധിപത്യ രാജ്യമായെങ്കിലും ഭൂട്ടാന് ഇന്നും ഔദ്യോഗിക മതമുണ്ട്. അവിടെ ആരാധനാ സ്വാതന്ത്രൃം നിഷേധിക്കപ്പെടുന്ന ന്യൂനാൽ ന്യൂനപക്ഷമായ ക്രിസ്തുമതസ്ഥരെപ്പറ്റി 2019-ലെ ഇന്ത്യൻ പൗരത്വഭേദഗതി ചർച്ചകളുടെ കൂട്ടത്തിൽ പലരും പ്രതിപാദിച്ചു കണ്ടിരുന്നു. ഏററവും വലിയ ന്യൂനപക്ഷമായ ഗൂർഖകളുടെ ചെറുത്തു നിൽപ്പിൻ്റെയും രക്തസാക്ഷിത്വങ്ങളുടെയും ആവേശോജ്ജ്വലമായ കഥ ലാമി ഡാറയിലൂടെയാണ് പക്ഷേ, ആദ്യമായി കേട്ടത്. ദാരിദ്യത്തേക്കാൾ ഭീകരം ഒരു വംശത്തിൻ്റെ ആത്മാഭിമാനക്ഷതമെന്നു കരുതിയ ധീരമനുഷ്യരുടെ കഥ.
മൂന്നുവട്ടം പുതുക്കുന്നുണ്ട് ഭൂട്ടാനിലെ പൗരത്വ നിയമങ്ങൾ. സെൻസസ് എടുക്കാൻ വരുമ്പോൾ വീട്ടിലില്ലാത്തവർക്കു  പൗരത്വം നിഷേധിച്ചും തെക്കനതിർത്തിയിൽ കൃഷി ചെയ്തു കഴിഞ്ഞിരുന്നവരെ പരിസ്ഥിതി സംരക്ഷണമെന്ന പേരിൽ വനംവെച്ചുപിടിപ്പിക്കാനുള്ള നിയമമുണ്ടാക്കി ഒഴിപ്പിച്ചും അഭയാർത്ഥികളുടെ എണ്ണം കൂട്ടുന്നുണ്ട്  ആ ഹിമാലയൻ ഡ്രാഗൺ രാഷ്ട്രം. വളരെ ചെറിയ ഈ രാജ്യത്തിൻ്റെ ചെയ്തികളെ അനുകരിക്കുകയാണോ ഇന്ത്യാമഹാരാജ്യത്തിൻ്റെ ഇന്നത്തെ ഭരണാധികാരികളും? സാംസ്കാരിക വൈവിധ്യങ്ങളുടെ അനന്ത സമ്പന്നതയെ ഏകശിലാത്മക മത രാഷ്ട്രമാക്കാൻ ശ്രമിക്കുന്നതിൻ്റെ അപ്രായോഗികതയെത്ര ! അശാന്തിയെത്ര !
ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പരിണമിപ്പിക്കാൻ തന്ത്രങ്ങൾ മെനഞ്ഞു കൊണ്ടിരിക്കുന്ന ഹിന്ദു മഹാസഭയുടെ ആചാര്യനായ എം .എസ്.ഗോൾവാർക്കർ 1939-ൽ ത്തന്നെ എഴുതിവെച്ചത് ഇങ്ങനെയാണെന്നതും ഓർമ്മിക്കാം. ‘….വ്യത്യസ്തരെന്ന ചിന്തകൾ ഉപേക്ഷിച്ച് ഹിന്ദു മതത്തെ ആശ്ലേഷിക്കാതെ, ഇവിടുത്തെ സംസ്കാരവും ഭാഷയും സ്വീകരിച്ച് പൂർണമായും ദേശീയ സ്വത്വത്തിൽ ലയിക്കാതെ, തങ്ങളുടെ മതവും സംസ്കാര വും വംശവും നിലനിർത്താൻ ശ്രമിക്കുന്നവർ ഹിന്ദു രാഷ്ട്രത്തിൽ വിദേശികളായിത്തന്നെ കരുതപ്പെടും, രാഷ്ട്രവുമായി സൗഹൃദത്തിലുള്ളവരോ അല്ലെങ്കിൽ ശത്രുതയുള്ളവരോ ആയിത്തന്നെ! ‘(We or Our Nationhood defined).
2022-ൽ ആർ.എസ്.എസ്.സർസംഘചാലക്, മോഹൻ ഭാഗവത്, ഇന്ത്യയിലെ എല്ലാ മനുഷ്യരും ഹിന്ദുക്കൾ തന്നെയാണ് എന്നു പറയുമ്പോൾ ചിലർക്കെങ്കിലും ഉൾപ്പുളകമുണ്ടാവുന്നുണ്ട്. മതപരമായ അന്തരങ്ങളെ മറന്ന് മറ്റു മതസ്ഥരെ കൂടി ചേർത്ത് നമ്മളെല്ലാം ഒന്ന് എന്നു പറയുന്നതായി പെട്ടെന്ന് തെറ്റിദ്ധരിക്കപ്പെട്ടേക്കാം. ഗോൾവാർക്കർ പറഞ്ഞതിൽ നിന്ന് ഇതൊട്ടും വിഭിന്നമല്ല  എന്നും കുറച്ചു കൂടി വഞ്ചനാപരമായി അതേ കാര്യം  തന്നെയാണ് ഇദ്ദേഹവും  പറയുന്നത് എന്നും പിന്നാലെ വരുന്ന വിശദീകരണം തെളിയിക്കുന്നുണ്ട്. പ്രിൻ്റ് മാഗസിനിൽ ഭാഗവത് ഇങ്ങനെ എഴുതുന്നു – ‘ഇനി മുതൽ അഹിന്ദു എന്ന പദം ആർ.എസ്.എസ്.ഉപയോഗിക്കില്ല.പകരം ഇന്ത്യൻ ജനതയെ അഭിമാനിഹിന്ദു, വിമുഖ ഹിന്ദു, വിരോധി ഹിന്ദു ,അജ്ഞഹിന്ദു എന്നിങ്ങനെ നാലായി തരം തിരിക്കും’. ‘ഇന്ത്യയിലെ മുസ്ലിങ്ങളുടെയും ഹിന്ദുക്കളുടെയും ഡി.എൻ.എ. ഒന്നാണ്’ എന്ന് മുസ്ലിങ്ങൾ ഉൾപ്പെട്ട ഒരു പൊതുചടങ്ങിൽ അടുത്ത നാൾ തന്നെ പറയുകയും ചെയ്തു. എല്ലാവരെയും ഒന്നായി ഉൾക്കൊള്ളുന്നു എന്ന പ്രതീതിയുണ്ടാക്കി അവർക്കിടയിലെ അനുസരണക്കേട് കാണിക്കുന്നവരെ വിമുഖരോ വിരോധികളോ അജ്ഞരോ ആയിക്കണ്ട് നടപടികൾ സ്വീകരിക്കാനുള്ള സ്വാതന്ത്രൃം ഈ നയപ്രഖ്യാപനത്തിലുണ്ട്. അത് പൗരത്വ നിഷേധം വരെയാവാം. ഹിന്ദുവായി ജനിച്ചിട്ടും നയങ്ങളെ വിമർശിക്കുന്നവരെയും അതിലുൾപ്പെടുത്താം. പുതിയൊരു തരം ജാതി സമ്പ്രദായം. പീഡിപ്പിക്കാൻ മാത്രമല്ല, പുറത്താക്കാനും പ്രത്യേക വിശദീകരണം വേണ്ട. ഹിന്ദുത്വയുടെ തലച്ചോറ് പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് എളുപ്പം തിരിച്ചറിയാനാവില്ല!
ഇന്ത്യയുടെ പൗരത്വ നിയമങ്ങളുടെയും ഭേദഗതികളുടെയും ചരിത്രം പരിശോധിച്ചാൽ ഈ രാജ്യത്തിൻ്റെ നയപരമായ യാത്ര ഏതു ദിശയിലേയ്ക്കാണെന്നു തിരിച്ചറിയാനാവും. ഭരണഘടനാ നിർമ്മാണ വേളയിലോ 1955-ലെ പൗരത്വനിയമനിർമ്മാണ ഘട്ടത്തിലോ ആദ്യ നിയമ ഭേദഗതികളിലോ മതത്തിലുപരി ഈ മണ്ണുമായുള്ള ബന്ധത്തെയാണ് പരിഗണിച്ചതും നിർവചിച്ചതും. പിന്നെപ്പിന്നെ വരുന്ന ഭേദഗതികളിൽ മതം, അയൽപ്പക്ക മതരാഷ്ട്രങ്ങൾ ഒക്കെ കടന്നു വരുന്നു. നമ്മുടെ ഭരണഘടനയിൽ പൗരത്വമെന്തെന്നു ഒറ്റ വാക്കിൽ നിർവചിച്ചിട്ടില്ല. വിഭജനത്തിൻ്റെയും പലായനങ്ങളുടെയും പുതുതായി രൂപീകരിച്ച ദേശ രാഷ്ട്രത്തിലേക്കുള്ള ആധിപിടിച്ച പിൻമടക്കങ്ങളുടെയും പശ്ചാത്തലത്തിൽ അത് സാധ്യവുമല്ലായിരുന്നു. എങ്കിലും ഒരു പൗരത്വ നിയമമുണ്ടാക്കാനുള്ള വിധത്തിൽ ഭരണഘടനയുടെ രണ്ടാം ഭാഗത്തിൽ 5 മുതൽ 11 വരെയുള്ള അനുച്ഛേദങ്ങൾ ചേർക്കുകയും ചെയ്തിരുന്നു. പൗരത്വം ലഭിക്കാനെന്ന പോലെ നഷ്ടപ്പെടാനുള്ള ഉപാധികൾ കൂടി (ഉദാ: മറ്റൊരു രാജ്യത്തിൻ്റെ പൗരത്വം സ്വീകരിച്ചാൽ) ഉൾക്കൊള്ളുന്നവയായിരുന്നു അവ. അങ്ങനെ 1955-ൽ ആദ്യത്തെ പൗരത്വ നിയമം പാർലമെൻറിൽ പാസ്സായി.  ഇന്ത്യയുടെ മണ്ണിൽ  ജനിച്ചവരെയും മാതാവോ, പിതാവോ ഇവിടെ ജനിച്ചവരായവരെയും അഞ്ചിൽ കുറയാത്ത വർഷങ്ങളായി ഈ ഭൗമഅതിർത്തിക്കുള്ളിൽ സ്ഥിരതാമസക്കാരായിരുന്ന വരെയും, പാക്കിസ്ഥാൻ പ്രവിശ്യകളിൽ നിന്ന് പലായനം ചെയ്തെത്തിയവരെയും മതാതീതമായി, ഈ മണ്ണിനോടുള്ള ബന്ധത്തിൻ്റെ പേരിൽ മാത്രം ഉൾക്കൊള്ളുന്നതായിരുന്നു അത്.
1986-ലെ ഭേദഗതിയിൽ  1950 ജനുവരി 26 ( റിപ്പബ്ലിക് ആയ തീയതി)-ന് ശേഷമാണ് ജനനമെങ്കിൽ മാതാവോ പിതാവോ, ആരെങ്കിലും ഒരാൾ, ഇന്ത്യൻ പൗരത്വമുള്ള ആളായിരിക്കണം എന്ന നിബന്ധന കൊണ്ടുവരുന്നു. 1971-ലെ പാക്കിസ്ഥാൻ  വിഭജനശേഷമുണ്ടായ അഭയാർ ത്ഥി പ്രവാഹത്തിൻ്റെ സ്വാധീനം ഈ ഭേദഗതി തീരുമാനത്തിലുണ്ടായിരുന്നു.
ബംഗ്ലാദേശിൽ നിന്നുമുണ്ടായ അഭയാർത്ഥി പ്രവാഹവും തൽഫലമായി ആസ്സാം സംസ്ഥാനത്ത് ഉയർന്നു വന്ന സ്വത്വപ്രതിസന്ധി വാദങ്ങളും മുസ്ലിംകൂട്ടക്കൊലയിൽ വരെ ചെന്നെത്തിയ AASU(All India Assam Students Union) പ്രക്ഷോഭങ്ങളും  ആസ്സാമിനു മാത്രമായി ഒരു കരാർ അഥവാ അസ്സാം ധാരണ, ഉണ്ടാക്കുന്നതിനും നിമിത്തമായി. ഇതനുസരിച്ച് 1971-ന് ശേഷം അവിടെയെത്തിയവരെല്ലാം അനധികൃത കുടിയേററക്കാരാണ്. 1966 മുതൽ 71 വരെയുള്ളവർ വിദേശികളായി കണക്കാക്കി രജിസ്ട്രേഷൻ വഴി പൗരത്വം നേടാവുന്നവരും.
ഒന്നാം ബി.ജെ.പി (വാജ്പേയ് ) സർക്കാർ  കൊണ്ടുവന്ന ഭേദഗതി പ്രകാരം 2003-നു ശേഷം ജനിക്കുന്നവരുടെ മാതാവും പിതാവും ഇന്ത്യൻ പൗരത്വമുള്ളവരാകണം. അതേ സമയം, ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങൾക്കു മാത്രമായി തികച്ചും മത വിവേചനപരമായ നിയമങ്ങളും അനുവദിക്കപ്പെടുന്നു. 1992-ലെ ബാബ്രി മസ്ജിദ് ധ്വംസനം പാക്കിസ്ഥാനിലും ബംഗ്ലാദേശിലും പ്രതിഫലനങ്ങൾ ഉണ്ടാക്കുകയും അവിടങ്ങളിലെ കലാപങ്ങൾ മൂലം ധാരാളം ഹിന്ദുക്കൾക്ക് ഇന്ത്യയിലേക്ക് പലായനം ചെയ്തെത്തേണ്ടി വരികയും ചെയ്തിരുന്നു. പാക്കിസ്ഥാനിൽ നിന്ന് ഈ രണ്ട് പടിഞ്ഞാറൻ സംസ്ഥാനങ്ങളിലെത്തിയ പാക്കിസ്ഥാൻ പൗരർക്ക് ഇന്ത്യൻ പൗരത്വം കൊടുക്കാനായിട്ടായിരുന്നു മതം പറഞ്ഞുള്ള ഭേദഗതി ആദ്യമായി ഉണ്ടാവുന്നത്. ഈ ഭേദഗതിയനുസരിച്ച്, 5 വർഷമായി ഈ രണ്ടു സംസ്ഥാനങ്ങളിൽ താമസിച്ചു പോന്ന ഹിന്ദുക്കളായ പാക്കിസ്ഥാൻ പൗരർക്ക് ജില്ലാ കളക്ടർമാർ നടത്തുന്ന ക്യാമ്പുകളിൽ പങ്കെടുത്ത് അവരിൽ നിന്നു തന്നെ ഇന്ത്യൻ പൗരത്വസർട്ടിഫിക്കററ് കൈപ്പറ്റാമെന്നായി.
2003-ലെ ഭേദഗതിയുടെ കൂടുതൽ മതാത്മകമായ പരിഷ്കരണമാണ് 2019-ലെ വിവാദമുയർത്തിയ പൗരത്വ ഭേദഗതി നിയമം അഥവാ, ഇന്ന നമ്മളറിയുന്ന Citizens Amendment Act(CAA). പാക്കിസ്ഥാനിൽ നിന്നുള്ള ഹിന്ദുക്കളെന്ന 2003-ലെ നിയമത്തിനു പകരം പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ ജനവിഭാഗങ്ങൾക്ക്, പാസ്പോർട്ടോ യാത്രാരേഖകളോ ഇല്ലെങ്കിൽപ്പോലും പൗരത്വത്തിനപേക്ഷിക്കാം എന്ന അത്യന്തം വിവേചനപരമായ  ഭേദഗതിയാണിത്. വലിയ വൈരുധ്യം എന്തെന്നാൽ നിയമ വിധേയ കുടിയേറ്റക്കാർക്ക് പതിനൊന്നു വർഷം കഴിഞ്ഞാലേ ഇന്ത്യയിലെ പൗരത്വത്തിനപേക്ഷിക്കാൻ ഇപ്പോൾ അർഹതയുള്ളു എങ്കിൽ പുതിയ നിയമത്തിൽ അനധികൃത കുടിയേറ്റക്കാരന് 5 വർഷം മതിയാവും. അവർ ഇപ്പറഞ്ഞ എതെങ്കിലും മതത്തിൽ പെട്ടവരും നേരത്തേ പറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ളവരുമാണെങ്കിൽ! രാജ്യങ്ങളുടെ സെലക്ഷനിൽ വരുന്ന അസാധാരണത്വവും അതിർത്തികൾ പങ്കിടുന്ന ബർമ്മ (മ്യാൻമർ), നേപ്പാൾ,  ഭൂട്ടാൻ, കടൽ വഴി ഏററവുമധികം അഭയാർത്ഥികളെത്തുന്ന ശ്രീലങ്ക എന്നീ രാജ്യങ്ങളെ ഒഴിവാക്കിയ രീതിയും നിയമഭേദഗതി തികച്ചും കമ്യൂണലും ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ഒഴിവാക്കൽ ലക്ഷ്യം വെച്ചു കൊണ്ടുള്ളതും ആണെന്ന് തെളിയിക്കുന്നു. അഭയാർത്ഥിത്വത്തിന് മതം മാത്രമല്ല, രാഷ്ട്രീയവും വംശീയതയുമുൾപ്പെടെ പല കാരണങ്ങളുമുണ്ടാകാമെന്ന സത്യത്തെ നിരാകരിക്കുകയുമാണിത്.
പൗരത്വത്തെപ്പറ്റി സംസാരിക്കുമ്പോഴൊക്കെ മനസ്സിലെത്തുന്ന രണ്ടു ഓർമ്മകളുണ്ട്. ഒന്ന് ഒരു നോവൽ വായിച്ച അനുഭവമാണ്. തസ്ലീമാ നസ്റീൻ്റെ ‘ വീണ്ടും ലജ്ജിക്കുന്നു’. രണ്ടാമത്തേത് ആസാമിൻ്റെ സ്വന്തം പൗരത്വാനുഭവങ്ങൾ, ഒരു ആസാമീസ് കവിയായ ഹാഫിസ് അഹമ്മദിലൂടെ കേട്ടത്. ബാബ് രീ മസ്ജിദ് ധ്വംസന ശേഷമുണ്ടായ ബംഗ്ലാദേശ് കലാപത്തിൽ സ്വൈരജീവിതവും ആത്മാഭിമാനവും നഷ്ടപ്പെട്ട ഒരു ഹിന്ദുകുടുംബത്തിൻ്റെ കഥ, അഭയം തേടിയെത്തിയ കൽക്കത്തയിലെ അവരുടെ അനുഭവങ്ങൾ, ഹിന്ദുക്കൾ അരക്ഷിതരായിരുന്നിടത്തു നിന്ന് മുസ്ലിങ്ങൾ അപരവൽക്കരിക്കപ്പെടുന്നയിടത്തെത്തിപ്പെട്ട കലാ ഹൃദയമുള്ളവനും  മതേതരനും ആയിരുന്ന സുരഞ്ജൻ എന്ന ചെറുപ്പക്കാരൻ്റെ സ്വത്വത്തിനേൽക്കുന്ന പരിക്കുകൾ,   തുഴയററ തോണിപോലെയായിത്തീർന്ന അവൻ്റെ ജീവിതം… കുടുംബം… അവനൊരിക്കൽ കൽക്കത്തയിൽ തങ്ങളുടെ കുടുംബത്തിനു താങ്ങായി വർത്തിച്ച മുസ്ലിം കുടുംബത്തിലെ സൊബ്ഹാനോട് കണ്ണീരോടെ ഇങ്ങനെ പറയുന്നുണ്ട്- ‘സൊബ്ഹാൻ, ഇതു നിങ്ങളുടെ നാടാണ്. പതിനൊന്നു തലമുറകളായെങ്കിലും നിങ്ങൾ ജീവിച്ച നാട്… ഞാൻ നിങ്ങളുടെ രാജ്യക്കാരനല്ല. എൻ്റെ വേരുകൾ ഇവിടെയല്ല. നിങ്ങളുടെ രാജ്യത്തെ അനധികൃതമായി സ്വന്തമാക്കാൻ വന്നവൻ മാത്രമാണ് ഈ ഞാൻ’. മതിയായ രേഖകളില്ലാത്തതിനാൽ മാത്രം പൗരത്വം നിഷേധിക്കപ്പെടാനിരിക്കുന്ന ഇന്ത്യൻ മുസ്ലിമിനോട്, നിസ്സഹായത കൊണ്ടാണെങ്കിലും അന്യായപരമായ പൗരത്വ നിയമത്തിൻ്റെ ആനുകൂല്യം കാത്തിരിക്കുന്ന ഹിന്ദുവിൻ്റെ ക്ഷമാപണമാണത്. കുററബോധം കലർന്ന ഏറ്റു പറച്ചിലാണത്.
ഹാഫിസ് മുഹമ്മദിന് പറയാനുണ്ടായിരുന്നത് ബ്രഹ്മപുത്ര നദിക്കരയിലും കൊച്ചു ദ്വീപസമൂഹങ്ങളിലുമായി തലമുറകളായി ജീവിക്കുന്ന ചാർ ചപോരികൾ എന്ന, കൃഷിയും മീ ൻപിടുത്തവുമായി കഴിയുന്ന നിസ്വജനവിഭാഗത്തെപ്പറ്റിയാണ്. ആ വിഭാഗത്തിൽ നിന്നു തന്നെ വിദ്യാഭ്യാസം ലഭിച്ച് ഉയരങ്ങളിലെത്തിയ അപൂർവം വൃക്തികളിലൊരാളാണദ്ദേഹം. ഗുവാഹത്തി സർവകലാശാലയിൽ ഇംഗ്ലീഷ് ഭാഷാധ്യാപകൻ. കവി. ചാർച പോരികൾ ഇന്ന് മുസ്ലിം മത വിശ്വാസികളെങ്കിലും സംസ്കാരത്തിലും ആചാരങ്ങളിലും കാർഷികോത്സവങ്ങളിലും ബംഗാളി ഹിന്ദു – ഗോത്ര മുദ്രകൾ പേറുന്നവർ. ബ്രഹ്മപുത്രയിലെ വെള്ളപ്പൊക്കം വർഷാവർഷം വന്ന് അവരുടെ സ്ഥാവരജംഗമ വസ്തുക്കളൊക്കെ ഒഴുക്കിക്കൊണ്ടു പോകുന്നതിനാൽത്തന്നെ ആസ്സാമിലെ പൗരത്വ രജിസ്റ്റർ നടപടികൾ വന്നപ്പോൾ അവരിലേറെപ്പേർ രേഖകൾ കാണിക്കാനില്ലാതെ നിസ്സഹായരാവുന്നു. ആ ജനവിഭാഗത്തിൻ്റെ  തനിമയാർന്ന സംസ്കാരവും സാഹിത്യവും സംരക്ഷിക്കാൻ ചാർചപോരി സാഹിത്യ സംഘടനയുണ്ടാക്കി പ്രവർത്തിച്ചു വന്നിരുന്ന കവി, പൗരത്വനിയമ കാർക്കശ്യത്തിനു മുമ്പിൽ നിസ്സഹായരാവുന്ന സ്വന്തം ജനതയുടെ ജീവിത യാഥാർത്ഥ്യങ്ങൾക്കു മുമ്പിൽ പകച്ചു നിന്നു പോവുന്നു! മാനവികതയ്ക്കും സർഗപരതയ്ക്കും മേൽ കാരുണ്യമില്ലാതെ അതിർത്തികൾ കെട്ടുകയാണ് ദേശ രാഷ്ട്ര നിയമകാർക്കശ്യം.
 സ്വന്തം തെറ്റുകൊണ്ടല്ലാതെ വേരുകൾ മുറിഞ്ഞു പോയ സുരഞ്ജൻ്റെ കുടുംബത്തിന് സ്വന്തമായൊരു നാടും പൗരത്വത്തിൻ്റെ സംരക്ഷണവുമെങ്കിലും തീർച്ചയായും ലഭിക്കേണ്ടതുണ്ട്. പക്ഷേ അത് സൊബ്ഹാൻ്റെയോ ഹാഫിസ് അഹമ്മദിൻ്റെ ജനതയുടെയോ സങ്കടങ്ങളുടെ മുകളിൽ പണിത പൗരത്വഗൃഹം ആകാനും പാടില്ല. ആത്മവിചാരണ അധികാരികൾക്ക് ശീലമല്ലെങ്കിലും സാധാരണ മനുഷ്യർക്ക് അത് എടുത്താൽ പൊന്താത്ത ഭാരമാവില്ലേ? റോഹിങ്ക്യൻ മുസ്ലിമും ശ്രീലങ്കൻ തമിഴ് വംശജരും എന്തിന്, ഇവിടെത്തന്നെ വേരുകളുള്ള, രേഖകൾ കാണിക്കാനില്ലാത്ത മുസ്ലിമും അവകാശങ്ങളില്ലാതെ വലയുന്ന നാട്ടിൽ തങ്ങളുടെ വരുംതലമുറ സ്വസ്ഥതയോടെ എങ്ങനെ ജീവിക്കുമെന്ന ആശങ്കയെങ്കിലും അവരെ വേട്ടയാടാം. മതാത്മക പൗരത്വ ഭേദഗതിയുടെ ബാക്കിയിരിപ്പുകൾ ഇവയൊക്കെയായിരിക്കും.
_______________________________
References:
1. പൗരത്വവും ഇന്ത്യൻ ഭരണഘടനയും – അഡ്വ.വി. എൻ. ഹരിദാസ്.
2. പൗരത്വ ഭേദഗതി നിയമത്തിൻ്റെയും പൗരത്വ രജിസ്റ്ററിൻ്റെയും ജനസംഖ്യാ രജിസ്റ്ററിൻ്റെയും അപകടങ്ങൾ – അഡ്വ. ഷദാൻ ഫറാസാത് .
——-
ജനാധിപത്യത്തിൻ്റെ ഭാവി – നവമലയാളി സിമ്പോസിയത്തിൽ ഇതുവരെയുള്ള കുറിപ്പുകൾ ഇവിടെ വായിക്കുക

Comments

comments