ബുക്ക്റാക്ക്
ടി. ടി. ശ്രീകുമാര്‍


മനുഷ്യകഥാനുഗാനം
വിജു നായരങ്ങാടി
നൈതല്‍ ബുക്സ്

രോഗസമയത്തെ മനുഷ്യന്‍റെ ചിതറുന്ന അഹംബോധങ്ങളില്‍, ലോകം കരുണയുടെ ഒരു ആതുരാരലയമാകുന്നതുപോലെ ജീവിതത്തെ അനുഭവിപ്പിക്കുന്ന എഴുത്താണ് ‘മനുഷ്യകഥാനുഗാനം’ എന്ന ഈ പുസ്തകത്തിലുള്ളതെന്ന് ഞാന്‍ മുന്‍പ് വിജുവിനോടുതന്നെ പറഞ്ഞിരുന്നു. ഇതിലെ പ്രതിപാദ്യം വിജു പല ഘട്ടങ്ങളിലായി സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ചതാണ്. കൂടാതെ വിജുവുമായി എനിക്കുള്ള ദീര്‍ഘകാലബന്ധംകൊണ്ട് പലതും നേരിട്ട് അറിയുന്നതുമാണ്. ഓര്‍മ്മ ഒരു മഹത്തായ ശമനക്രിയയായി മാറുന്ന അനുഭവമാണ് വിജുവിന്‍റെ എഴുത്തില്‍ തെളിയുന്നത്. സ്മരണയുടെ ഏറ്റവും നൈതികവും മനുഷ്യബദ്ധവുമായ മുഖം വിജു കാട്ടിത്തരുന്നു. ആര്‍ദ്രവും സാന്ദ്രവുമാണ് അദ്ദേഹത്തിന്‍റെ ഭാഷ. ഞാന്‍ പത്തു ദിവസത്തോളം അങ്ങോട്ടോ ഇങ്ങോട്ടോ എന്ന് നിശ്ചയമില്ലാതെ കോവിഡ് കാലത്ത് ഐസിയുവില്‍ കിടന്നപ്പോള്‍ മനസ്സിലൂടെ കടന്നുപോയ അവ്യക്തമായ ചില ചിന്തകള്‍ വിജുവിന്‍റെ പുസ്തകം വായിച്ചപ്പോള്‍ കൂടുതല്‍ തെളിവോടെ എന്‍റെ ഓര്‍മ്മയിലെത്തി. ഈ പുസ്തകത്തിന്‍റെ അവസാനം, ‘ഇഷ്ടഭക്ഷണം’ എന്ന നമ്മുടെ പ്രജ്ഞയുടെ ചോദനയിലേക്ക് രോഗാവസ്ഥയില്‍ വിജു തിരിഞ്ഞുനോക്കുന്ന ഒരാഖ്യാനമുണ്ട്. അന്നം എന്നത് വീട്ടില്‍ പാചകം ചെയ്ത ഒരു ഉരുള ചോറായി നാം സങ്കല്‍പ്പിക്കുന്ന ഒരു നിമിഷം എന്‍റെ മനസ്സിലേക്കും കടന്നുവന്നു. അരുചികളുടെ ആസ്പത്രിക്കിടക്കയില്‍ കിടന്ന് വീട്ടില്‍നിന്നും കഞ്ഞിയും ചമ്മന്തിയും കൊണ്ടുവന്നു കഴിച്ചാല്‍ കോവിഡ് മാറുമെന്നു ആ അര്‍ദ്ധബോധാവസ്ഥയില്‍ ഞാന്‍ വിചാരിച്ചിരുന്നു. ഒരു ഡോക്ടറോട് ഞാന്‍ അങ്ങനെ പറഞ്ഞോ എന്നുപോലും സംശയമുണ്ട്‌. വിജുവിന്‍റെ ഓര്‍മയില്‍ തെളിയുന്ന ബാല്യകൌമാരങ്ങള്‍, യൌവനം, ഔദ്യോഗിക ജീവിതം—എല്ലാം പലതരം സൌഹൃദങ്ങളുടെ, കൂട്ടായ്മകളുടെ, സാംസ്കാരിക സാക്ഷരതകളുടെ തലങ്ങളിലാണ് ഇതില്‍ നിറയുന്നത്. ചരിത്രത്തിന്‍റെ ഒരു ഭാഗംകൂടി എഴുത്തില്‍ വിജു കൂടെക്കരുതുന്നു. നിസ്സഹായത എന്ന മനുഷ്യാവസ്ഥയെ, നിസ്സാരത എന്ന അത്യന്തികതയെ, നാം പ്രത്യാശകൊണ്ട്, സ്ഥിതപ്രജ്ഞതകൊണ്ട് എങ്ങനെ നേരിടുന്നു എന്ന മനുഷ്യകഥാനുഗാനമായി ഈ പുസ്തകം എനിക്ക് പ്രിയപ്പെട്ടതാകുന്നു.

സ്വാതന്ത്ര്യത്തിന്‍റെ മാനിഫെസ്റ്റോ
സമാഹരണം: ഉണ്ണി ആര്‍, ബെന്യാമിന്‍
ഇന്‍സൈറ്റ് പബ്ലിക്ക

കുറച്ചുമാസങ്ങള്‍ക്ക് മുന്‍പ്, കഥാകൃത്തായ പ്രിയ സുഹൃത്ത്‌ ഉണ്ണി ആര്‍ എന്നെ വിളിച്ച് താനും ബെന്യാമിനുംകൂടി എഡിറ്റ് ചെയ്യുന്നൊരു സമാഹാരത്തെക്കുറിച്ച് സൂചിപ്പിച്ച് അതിലേക്കു ഒരു കുറിപ്പ് ചോദിച്ചപ്പോള്‍ ഉണ്ണിയുടെ മനസ്സില്‍ പുസ്തകത്തെക്കുറിച്ച് ഉണ്ടായിരുന്ന സങ്കല്പവും പങ്കുവക്കുകയുണ്ടായി. ഇന്ത്യ നേരിടുന്ന, ചരിത്രത്തില്‍ സമാനതയില്ലാത്ത രാഷ്ട്രീയാനുഭവത്തെയാണ് ചിതറിയ ചിന്തകളിലൂടെ ഈ പുസ്തകം അവതരിപ്പിക്കുക എന്നദ്ദേഹം പറഞ്ഞു. കവിതകളായി, നുറുങ്ങുകളായി ലേഖനങ്ങളായി, പഠനങ്ങളായി, ചിത്രങ്ങളായി അസ്വസ്ഥമായ ദേശം അമൂര്‍ത്തമായി ഇതില്‍ അവിഷ്കരിക്കപ്പെടും എന്നദ്ദേഹം പറഞ്ഞതില്‍നിന്നും ഞാന്‍ കേട്ടെടുത്തു. പുസ്തകം പ്രസ്സിലേക്ക് പോകുന്നതിനും ഒരുദിവസം മുന്‍പ് മാത്രമേ എനിക്കൊരു കുറിപ്പുനല്കാന്‍ കഴിഞ്ഞുള്ളൂ. ഉണ്ണിയോടും ബെന്യാമിനോടും പ്രസധകരോടും ആ കാത്തിരിപ്പിന് ഞാന്‍ നന്ദിപറയുന്നു. കാരണം, ഈ പുസ്തകത്തിന്‍റെ ഭാഗമാവാന്‍ കഴിഞ്ഞത് ചാരിതാര്‍ത്ഥ്യജനകമായ ഒരു കാര്യമായി ഇതിന്‍റെ ഉള്ളടക്കത്തിലൂടെ കടന്നുപോയപ്പോള്‍ എനിക്ക് മനസ്സിലായി. ഒരു രാഷ്ട്രം സാംസ്കാരികമായും രാഷ്ട്രീയമായും ജീര്‍ണ്ണിക്കുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ സര്‍ഗ്ഗാത്മകരായ എഴുത്തുകാര്‍ തങ്ങളുടെ സൌഖ്യമേഖലകള്‍ക്ക് പുറത്തേക്ക് കടന്നുവന്ന് അനവധിപേരെ ഒരുമിച്ചുള്ള സംരംഭങ്ങളിലേക്ക് ക്ഷണിക്കുന്നു, വേദിനല്‍കുന്നു, അതിനെക്കുറിച്ച് സംസാരിക്കുന്നു, പ്രചോദിപ്പിക്കുന്നു എന്നത് പ്രതീക്ഷയുണര്‍ത്തുന്ന കാര്യമാണ്. മലയാളി എഴുത്തുകാരുടെ സംഭാവനകളോടൊപ്പം അന്നാ അഖ്മതോവ, ഓസിപ് മന്ദേല്‍സ്റ്റാം, ഡബ്ല്യു.എച്ച്. ഓഡന്‍, വിസ്ലാവ സിംബോര്സ്കാ, ഏലി വീസല്‍, ബോറിസ് പാസ്റ്റര്‍നാക്ക്, യോന്‍ ഫോസേ, ഷെനെ, ഷോര്‍ഷ് പെരെക്, കാള്‍ ഊവെ ക് നൌഷ്ഗാര്‍ദ്ദ്, ദനീല്‍ ഖാര്‍മ്സ്, ബെര്‍ത്തോള്‍ഡ് ബ്രെഹ്റ്റ്, യഹൂദ അമിഹായ്, നിക്കനോര്‍ പാര്‍റ തുടങ്ങിയവരുടെ രചനകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്തുകൊണ്ടോ സഹസംസ്ഥാനങ്ങളിലെ ഇന്ത്യന്‍ എഴുത്തുകാരുടെ രചനകള്‍ അധികമായി കണ്ടില്ല. കൂടുതലും ഇതൊരു സുഹൃദ് സമ്മേളനമാണ്‌. വിപുലമായി എല്ലവരേയും ഉള്‍കൊള്ളിക്കുക എന്നതല്ല, സുഹൃത്തുക്കളുടെ വിചാരങ്ങള്‍, തങ്ങളെ ആകര്‍ഷിച്ച വിദേശ എഴുത്തുകാരുടെ രചനകള്‍ക്കൊപ്പം പങ്കുവയ്ക്കുക എന്ന രീതിയിലാണ് പുസ്തകം സംവിധാനം ചെയ്തിട്ടുള്ളത്. ഒരു സ്വകാര്യ വിദൂരസൌഹൃദ സര്‍ഗ്ഗാത്മക ചങ്ങാത്തത്തിന് പറയാനുള്ളത് എന്ന് ഈ പുസ്തകത്തെ വിശേഷിപ്പിക്കാം. സ്വാതന്ത്ര്യത്തിന് ഇന്ന് ഒരൊറ്റ മാനിഫെസ്റ്റോ അല്ല ഉള്ളതെന്ന ഒരു സന്ദേശം ഇതില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. ഇന്ത്യയെ, 1920-ല്‍ റോബര്‍ട്ട് വാള്‍സര്‍ ചൈനയെക്കുറിച്ച് പറഞ്ഞതുപോലെ “സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും രാജ്യമായി ഞങ്ങള്‍ സങ്കല്‍പ്പിക്കുന്നു” എന്ന് രണ്ട് ഖണ്ഡികകളില്‍, അരപ്പുറത്തില്‍, ഒതുങ്ങുന്ന തങ്ങളുടെ ചെറിയ ആമുഖത്തില്‍ ഉണ്ണിയും ബെന്യാമിനും പറയുന്നുണ്ട്. ഒരു പക്ഷെ നാമിങ്ങനെ ചില കൂട്ടായ്മകളെ കൂടുതലായി സങ്കല്‍പ്പിക്കുകയും നമ്മുടെ സൌഖ്യമേഖലകള്‍ വിട്ട് കൈകോര്‍ക്കുകയും ചെയ്യുന്നതിലൂടെയുണ്ടാവുന്ന സാംസ്കാരിക പ്രതിരോധം രാഷ്ട്രം കാതോര്‍ക്കുന്നുണ്ട്. ഉണ്ണിക്കും ബെന്യാമിനും ഈ ചിന്തയുടെ രാഷ്ട്രീയ മൌലികതക്ക് അഭിനന്ദനങ്ങള്‍.

അസഹിഷ്ണുതയുടെ റിപ്പബ്ലിക്
പി. സോമന്‍
ചിന്ത പബ്ലിഷേര്‍സ്

ഇന്ത്യയിലെ ഹിന്ദുത്വഫാസിസത്തെക്കുറിച്ചുള്ള ശക്തവും വിട്ടുവീഴ്ചയില്ലാത്തതുമായ വിമർശനമാണ് ഡോ.സോമന്‍റെ ഈ പുതിയ പുസ്തകം. ഹിന്ദുത്വത്തിന്‍റെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ സ്വഭാവങ്ങളെ ശ്രദ്ധേയമായ വ്യക്തതയോടെ ഇതില്‍ അദ്ദേഹം കണ്ടെത്തുന്നു. ആദ്യ ഭാഗം സമകാലിക ഇന്ത്യൻ ഫാസിസത്തിന്‍റെ സവിശേതകള്‍ അപഗ്രഥിക്കുന്നതാണ്. അതിന്‍റെ ദൈനംദിന ആവിഷ്കാരങ്ങൾ, പ്രത്യയശാസ്ത്ര അടിത്തറകൾ, അതിന്‍റെ ഉയർച്ചയ്ക്ക് കാരണമായ ഘടനാപരമായ മാറ്റങ്ങൾ എന്നിവ അദ്ദേഹം പല ലേഖനങ്ങളിലായി സൂക്ഷ്മമായി വിശകലനം ചെയ്യുന്നു. രണ്ടാം ഭാഗം പോസ്റ്റ്-ഫാസിസം, ഡിജിറ്റൽ ഫാസിസം, ക്രിസ്റ്റോ-ഫാസിസം, ലൈംഗിക ഫാസിസം, യൂറോ-അമേരിക്കൻ വലതുപക്ഷ യാഥാസ്ഥിതികതയുടെ വിവിധ ഇഴകൾ എന്നിവയുൾപ്പെടെ വിശാലമായ സൈദ്ധാന്തികവും ആഗോളപ്രധാനവുമായ ചോദ്യങ്ങളെ അഭിസംബോധന ചെയ്യുന്നു. സമകാലിക മനഃശാസ്ത്രം, മാർക്സിസ്റ്റ് വിമർശനം, രാഷ്ട്രീയ തത്ത്വചിന്ത, മാധ്യമ സിദ്ധാന്തം എന്നിവയിൽ നിന്നുള്ള ഉൾക്കാഴ്ചകൾ ഒരുമിച്ചുചേർത്ത് നമ്മുടെ കാലഘട്ടത്തിലെ സ്വേച്ഛാധിപത്യത്തിന്‍റെ അന്തരാര്‍ത്ഥങ്ങള്‍ മനസ്സിലാക്കുന്നതിനുള്ള സൂക്ഷ്മമായ ഒരു വിചാരമാതൃക വികസിപ്പിക്കാനുള്ള കഴിവാണ് ഈ കൃതിയെ കൂടുതല്‍ പ്രാധാന്യമുള്ളതാക്കുന്നത്. ഇത് ഒരു പണ്ഡിതസംഭാവനയും അടിയന്തിര രാഷ്ട്രീയ ഇടപെടലുമാണ്.

ഡോ. സോമനുമായുള്ള എന്‍റെ ബന്ധം ഏകദേശം മൂന്ന് പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ്, ഞാൻ കാര്യവട്ടത്ത് മാസ്റ്റേഴ്സ് വിദ്യാർത്ഥിയായിരുന്നപ്പോഴും പിന്നീട് സിഡിഎസിൽ പഠിച്ചിരുന്നപ്പോഴും തിരുവനന്തപുരത്തെ വിമന്‍സ് കോളേജിൽ പഠിപ്പിച്ചിരുന്ന ഡോ. സോമനുമായി നിരന്തരം സംവദിച്ചിരുന്നു. എന്‍റെ ബൌദ്ധിക രൂപീകരണ കാലമായിരുന്നു അത്: ഞങ്ങൾ പലപ്പോഴും യൂണിവേഴ്സിറ്റി ലൈബ്രറിക്കും പബ്ലിക് ലൈബ്രറിക്കും സമീപം കണ്ടുമുട്ടുകയും മണിക്കൂറുകളോളം, സമകാലിക സംവാദങ്ങൾ, ഉയർന്നുവരുന്ന സൈദ്ധാന്തിക പ്രവാഹങ്ങൾ, മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ കാലാവസ്ഥ എന്നിവയെക്കുറിച്ച് ചർച്ചചെയ്യുകയും ചെയ്യുമായിരുന്നു. അദ്ദേഹം അന്നു പങ്കിട്ട ബൗദ്ധികോർജ്ജം വർത്തമാനകാലത്തേക്ക് കടന്നുവന്നത്, അടുത്തിടെ സാഹിത്യസംഘം മാസികയുടെ പതിമൂന്ന് ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച ഞങ്ങളുടെ വിപുലമായ സംഭാഷണത്തിൽ അത് കലാശിച്ചപ്പോഴാണ്. മുപ്പതുവര്‍ഷം മുന്‍പ് പാളയത്ത് വഴിയരുകില്‍ നിര്‍ത്തിയിടത്തുനിന്ന് സംഭാഷണം പുനരാരംഭിച്ചത് പോലെയാണ് എനിക്കാ അഭിമുഖം അനുഭവപ്പെട്ടത്. ഡിജിറ്റൽ മുതലാളിത്തത്തിന്‍റെയും നിര്‍മ്മിതബുദ്ധിയുടെയും പല മാനങ്ങളും ആ ചര്‍ച്ചയില്‍ കടന്നുവന്നിട്ടുണ്ടെന്ന് അത് പിന്തുടരുന്ന സുഹൃത്തുക്കള്‍ക്ക് ഓര്‍മ്മയുണ്ടാവും. ഡോ. സോമന്‍റെ രാഷ്ട്രീയവും ബൗദ്ധികവുമായ തുടർച്ചയിൽ, ഈ പുതിയ പുസ്തകം ഒരു വഴിത്തിരിവാണ്. രാഷ്ട്രീയമായി ഹിന്ദുത്വവിരുദ്ധചര്‍ച്ചകളെ മുന്നോട്ടുനയിക്കാനുള്ള ദാര്‍ശനികോര്‍ജ്ജം ഇതിനുണ്ട്. ഭൂതകാലത്തെയും വർത്തമാനകാലത്തെയും ഫാസിസ്റ്റ് രൂപീകരണങ്ങളെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തെ അത് ആഴത്തിലാക്കുക മാത്രമല്ല, നമ്മുടെ കാലഘട്ടത്തിലെ സ്വേച്ഛാധിപത്യ വഴിത്തിരിവുകളെ നേരിടുന്നതിനുള്ള നിർണായക ആശയങ്ങളും വാഗ്ദാനം ചെയ്യുന്നു. ഈ പുസ്തകം അയച്ചുതന്നതിനു അദ്ദേഹത്തിന് നന്ദി.

എങ്കിലും എന്‍റെ നിഴലെവിടെ
ഷീബ രജികുമാര്‍
പായല്‍ ബുക്സ്

ടി.കെ. വിനോദൻ ആരംഭിച്ച ‘കാവ്യകേളി’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ അദ്ദേഹംതന്നെ പലപ്പോഴും ഇംഗ്ലീഷിലുള്ള വിദേശ/മറുഭാരതീയഭാഷാ കവിതകൾ പോസ്റ്റ് ചെയ്തുകൊണ്ട് ഗ്രൂപ്പംഗങ്ങളെ ഇവയുടെ മലയാള വിവർത്തനങ്ങൾ പരീക്ഷിക്കാൻ ക്ഷണിക്കാറുണ്ട്. പ്രശസ്ത കവയിത്രിയും ‘ആല്‍ബിനോകളുടെ സൂര്യൻ’ എന്ന കാവ്യസമാഹാരത്തിന്‍റെ രചയിതാവുമായ ഷീബ രജികുമാര്‍ ഈ രസകരമായ വെല്ലുവിളിയോട് ആവേശത്തോടെയാണ് പ്രതികരിച്ചിരുന്നത്. ഈ കവിതാ വിവര്‍ത്തന സമാഹാരത്തിന്‍റെ ഒരു തുടക്കം അവിടെനിന്നുമാണ്‌ എന്ന് എനിക്കുറപ്പുണ്ട്. ഷീബ അവിടെ കവിതകൾ വിവർത്തനം ചെയ്യാൻ തുടങ്ങിയതോടെ, ഏതാണ്ട് അക്ഷരാർത്ഥത്തിൽ ഈ പുസ്തകം അതില്‍നിന്നുകൂടി ഊര്‍ജ്ജം ഉള്‍ക്കൊണ്ട് രൂപംകൊള്ളുന്നത് എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയും. സ്വതസിദ്ധമായ ഇടപെടലുകളുടെ ഒരു പരമ്പരയായി ആരംഭിച്ച വിവര്‍ത്തന സംരംഭം വളരെവേഗം ബൗദ്ധികവും കലാപരവുമായ പരിശീലനമായി പരിണമിക്കുകയായിരുന്നു. ആ കാവ്യകേളി വ്യായാമത്തിൽ നിന്ന് ശ്രദ്ധേയമായ ഈ വിവർത്തന ശേഖരം ഉയർന്നുവന്നത് കവിതാ കുതുകികള്‍ക്ക് സന്തോഷം നല്‍കുന്ന കാര്യമാണ്. തുടര്‍ന്ന് ഷീബ ആഗോളകവികളുടെ – തോമസ് ട്രാൻസ്ട്രോമർ, റിൽക്കെ, മായ ആഞ്ചലോ, ടാഗോർ, ഫൈസ് അഹമ്മദ് ഫൈസ്, ഒക്ടാവിയോ പാസ്, ബുക്കോവ്സ്കി, അഖ്മതോവ, മഹ്മൂദ് ഡാർവിഷ്, യെവ്തുഷെങ്കോ, എമിലി ഡിക്കിൻസൺ, നെരൂദ, എഡ്ഗർ അലൻ പോ, സിൽവിയ പ്ലാത്ത്, ലോർക്ക, ഡൊറോത്തി പാർക്കർ, യീറ്റ്സ്, പോൾ സെലാൻ, ബ്രെക്റ്റ്, സിംബോർസ്ക, നിക്കാനോർ പാര, പുഷ്കിൻ, ഡെറക് വാൽക്കോട്ട്, വിക്രം സേത്ത്, ബെൻ ഒക്രി, ബ്രോഡ്സ്കി, കെൻ സാരോ-വിവ, ഡബ്ല്യു. എച്ച്. ഓഡൻ, എലിയറ്റ്, സുകാന്ത ഭട്ടാചാര്യ തുടങ്ങി നിരവധി പേരുടെ കവിതകൾ വിവർത്തനം ചെയ്യുക എന്ന ശ്രമകരമായ ദൗത്യം ഏറ്റെടുത്തു. ഷീബ തെരഞ്ഞെടുത്ത കവികളുടെ ശ്രേണിതന്നെ ഷീബയുടെ പ്രതിബദ്ധതയുടെ ഗൗരവത്തെയും സാഹിത്യ സംവേദനക്ഷമതയുടെ വിശാലതയെയും സാക്ഷ്യപ്പെടുത്തുന്നതാണ്.

ഷീബയുടെ വിവർത്തനങ്ങൾ കവിതയുടെ വൈകാരികവും ആശയപരവുമായ ഹൃദയത്തിലേക്ക് ആഴത്തിൽ എത്തുന്നവയാണ്‌. സോഷ്യൽ മീഡിയയിൽ അവർ പോസ്റ്റ് ചെയ്യുകയും പരിഷ്കരിക്കുകയും ചെയ്തപ്പോൾ അവയിൽ പലതും ഞാൻ വായിച്ചിട്ടുണ്ട്, ഓരോ വിവർത്തനവും മൂലകൃതിയോടുള്ള വിശ്വസ്തത മാത്രമല്ല, അതിന്‍റെ ആന്തരിക താളം, ഇമേജറി, ദാർശനിക അനുരണനം എന്നിവയെക്കുറിച്ചുള്ള അവബോധജന്യമായ ഗ്രാഹ്യവും പ്രതിഫലിപ്പിച്ചിരുന്നു. വിവർത്തനം, പ്രത്യേകിച്ച് കവിതയുടെ, ഒരിക്കലും ഒരു യാന്ത്രിക പ്രവൃത്തിയല്ല – അതിന് സഹാനുഭൂതി, ഭാവന, അവയില്‍ ഉൾപ്പെട്ടിരിക്കുന്ന രണ്ട് സംസ്കാരങ്ങളുമായുള്ള പൊരുത്തപ്പെടുത്തൽ എന്നിവ ആവശ്യമാണ്. ഷീബയുടെ വിവര്‍ത്തനം, ഇതെല്ലാം പ്രശംസനീയമായ വ്യക്തതയോടെ പ്രകടമാക്കുന്നു. ഈ സമാഹാരം വിവർത്തന കവിതകളുടെ ഒരു ശേഖരം മാത്രമല്ല; ഇത് സുസ്ഥിരമായ ഇടപെടലിന്‍റെയും, സൃഷ്ടിപരമായ അധ്വാനത്തിന്‍റെയും, സാംസ്കാരിക മധ്യസ്ഥതയുടെയും ഫലമാണ്. ശ്രദ്ധയോടെയും സംവേദനക്ഷമതയോടെയും ഇത്രയധികം വൈവിധ്യമാർന്ന ലോക കവിതാ ശ്രേണി നമ്മുടെ ഭാഷയിലേക്ക് കൊണ്ടുവന്നതിന് മലയാളി വായനക്കാരുടെ ഊഷ്മളമായ അഭിനന്ദനം ഷീബ അർഹിക്കുന്നു. പുസ്തകം എനിക്ക് അയച്ചതിന് ഷീബയോട് നന്ദി പറയുന്നു.

നവസംസ്കാരപഠനങ്ങള്‍
ഷാജി ജേക്കബ്
ആത്മ ബുക്സ്

നോവലുകൾ, ചെറുകഥകൾ, ബൗദ്ധിക കൃതികൾ, യാത്രാരചനകൾ, ആത്മകഥകള്‍, പത്രപ്രവർത്തന ശേഖരങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ഡോ. ഷാജി ജേക്കബ് സ്ഥിരമായി പുസ്തക അവലോകനങ്ങൾ പ്രസിദ്ധീകരിച്ചുവരുന്നു. അദ്ദേഹത്തിന്‍റെ മൌലികമായ പഠനങ്ങള്‍ക്ക് പുറമെയാണ് ഇതിനദ്ദേഹം സമയം കണ്ടെത്തുന്നത്. ഓരോ കൃതിയെയും സമീപിക്കുന്ന സൈദ്ധാന്തിക ഉൾക്കാഴ്ചയുടെയും വിശകലന വ്യക്തതയുടെയും തെളിമയില്‍നിന്ന് അദ്ദേഹത്തിന്‍റെ രചനാവൈദഗ്ദ്ധ്യവും ജ്ഞാനവൈപുല്യവും മനസ്ഷ്യക്കുവാന്‍ കഴിയും. അദ്ദേഹത്തിന്‍റെ അവലോകനം ലഭിക്കാൻ ഭാഗ്യംലഭിച്ച എഴുത്തുകാര്‍ തന്‍റെ വിലയിരുത്തലുകളിൽ അദ്ദേഹം നിക്ഷേപിക്കുന്ന ശ്രദ്ധേയമായ ബൗദ്ധികാധ്വാനം എക്കാലവും ഓർമ്മിക്കും. ഷാജി ജേക്കബ് ഏതാണ്ട് 400-ല്‍ അധികം പുസ്തകാവലോകനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ നിന്ന് 100 അവലോകനങ്ങൾ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്ത് ഏഴ് വാല്യങ്ങളായി പ്രസിദ്ധീകരിക്കുന്നതിലെ മൂന്നാംഭാഗമാണു ഈ പുസ്തകം.

സാംസ്കാരിക വിമർശനത്തിലെ പഠനങ്ങൾ ഉള്‍ക്കൊള്ളിച്ച ഈ പുതിയ പുസ്തകത്തില്‍ എനിക്കൊരു വിസ്മയം ഉണ്ടായിരുന്നു—അദ്ദേഹം പലപ്പോഴായി റിവ്യൂചെയ്ത എന്‍റെ നാല് പുസ്തകങ്ങഉടെ പഠനങ്ങള്‍ ഈ വോള്യത്തില്‍ ഇടം നേടിയിരിക്കുന്നു. ഈ ഉദാരതക്ക് നന്ദി പറയാന്‍ വാക്കുകളില്ല. വാസ്തവത്തിൽ, ഈ സമാഹാരത്തിലെ പതിനാറ് ഉപന്യാസങ്ങളിൽ നാലെണ്ണം, ‘പുനര്‍വായനകളിലെ മാര്‍ക്സിസം’, ‘സ്വാതന്ത്യത്തിന്‍റെ സൂക്ഷ്മരാഷ്ട്രീയം’, ‘പോസ്റ്റ് ഹ്യൂമൻ വിചാരലോകങ്ങള്‍’, ‘പലായനങ്ങള്‍’ എന്നിവയുടെ വിശകലനങ്ങളാണ്. ജെ. ദേവികയുടെ ‘കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ?’, ടോണി ജോസഫിന്‍റെ ‘ആദിമ ഇന്ത്യാക്കാര്‍’, കെ. സേതുരാമന്‍റെ ‘മലയാളി – ഒരു ജനിതക വായന’, എബി കോശിയുടെ ‘ജീവിതേച്ഛകളുടെ ആഘോഷം’, ജി. മധുസൂദനന്‍റെ ‘മുതലാളിത്ത വളര്‍ച്ച- സര്‍വനാശത്തിന്‍റെ വഴി’, അദ്ദേഹത്തിന്‍റെതന്നെ ‘നഷ്ടമാകുന്ന നമ്മുടെ സ്വപ്നഭൂമി’, എം.വി. നാരായണന്‍റെ ‘ഓര്‍മ്മകളുടെ ഉത്ഭവം’, കവിത ബാലകൃഷ്ണന്‍റെ ‘വായനാമനുഷ്യന്‍റെ കലാചരിത്രം’, സി.എസ്. വെങ്കിടേശ്വരന്‍റെ ‘മലയാളിയുടെ നവമാധ്യമജീവിതം’, പി. പവിത്രന്‍റെ ‘ഭൂപടം തലതിരിക്കുമ്പോള്‍’, സുനില്‍.പി. ഇളയിടത്തിന്‍റെ ‘മഹാഭാരതം- സാംസ്കാരിക ചരിത്രം’, കെ.സി. നാരായണന്‍റെ ‘മഹാഭാരതം ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍’ എന്നീ പുസ്തകങ്ങളും നേരത്തെ പറഞ്ഞ എന്‍റെ നാല് പുസ്തകങ്ങളും, ‘പുസ്തക ചരിതവും സാംസ്കാരിക പഠനങ്ങളും’ എന്ന ഷാജിയുടെ അനുബന്ധലേഖനവും അടങ്ങുന്നതാണ് ഈ പുസ്തകം. ഷാജിയുടെ റിവ്യൂ കോളത്തിന്‍റെ ഒരു പ്രത്യേക സവിശേഷത സമകാലിക മലയാള സാഹിത്യത്തിലെ അദ്ദേഹത്തിന്‍റെ ഉൾക്കാഴ്ചയുള്ളതും സമയബന്ധിതവുമായ ഇടപെടലുകളാണ്. ഈ പരമ്പരയിലെ ഏഴ് പുസ്തകങ്ങൾ സമീപകാലത്തെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യനിരൂപണശേഖരങ്ങളിലൊന്ന് വാഗ്ദാനംചെയ്യുന്നു. ആദ്യ രണ്ട് വാല്യങ്ങളായ വനിതാ നോവൽ വായനകളും ജീവിത രചനകളും ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഷാജിയുടെ രചനകളെ വ്യത്യസ്തമാക്കുന്നത് അവയുടെ വ്യക്തതയും സൂക്ഷ്മതയും മാത്രമല്ല, അവയുടെ വലിയ ചരിത്ര, സാംസ്കാരിക, രാഷ്ട്രീയസന്ദർഭങ്ങളിൽ അദ്ദേഹം ഗ്രന്ഥങ്ങളെ സമീപിക്കുന്ന വിശകലന മാതൃകയുമാണ്. അദ്ദേഹത്തിന്‍റെ വായനകൾ മൂർച്ചയുള്ളതും വിമർശനാത്മകവും അതേസമയം അനുഭൂതിബദ്ധവുമാണ്., ശ്രദ്ധേയവും ധീരവുമായ ഈ പുസ്തക പരമ്പര മലയാളത്തിലെ വിമർശനാത്മക സാഹിത്യവ്യവഹാരം ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും നിസ്സംശയമായും സംഭാവന ചെയ്യുന്നതാണ്.

കണ്ണാടിയും കുമ്പസാരവും
ഡോ. കെ.എം. അനില്‍
ഇന്‍സൈറ്റ് പബ്ലിക്ക

ഗഫൂര്‍ അനുസ്മരണ സമിതി സംഘടിപ്പിച്ച സമ്മേളനത്തില്‍ ആദ്യ അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കാന്‍ ഡോ. കെ എം അനിലിന്‍റെ ക്ഷണം സ്വീകരിച്ചു ചെന്നപ്പോള്‍ അദ്ദേഹം നേരിട്ട് നല്‍കിയതാണ് ഈ പുസ്തകം. നവമലയാളിയുടെ 2018-ലെ മാര്‍ക്സ് പതിപ്പില്‍ ഡോ. കെ എം അനില്‍ “മൂലധനം – സാംസ്‌ക്കാരിക വിവക്ഷകൾ എന്നൊരു പ്രധാന ലേഖനം എഴുതിയിരുന്നു. ഡോ. അനിലിന്‍റെ പുതിയ പുസ്തകമായ കണ്ണാടിയും കുമ്പസാരവും, സമകാലിക സൈദ്ധാന്തിക മുന്നേറ്റങ്ങള്‍ പ്രതിഫലിക്കുന്നതും സങ്കീർണ്ണമായ ഒരു രീതിശാസ്ത്ര ചട്ടക്കൂടുകള്‍ അനായാസമായി പ്രയോഗിക്കുന്നതുമായ വിമർശനാത്മക ഇടപെടലാണ്. ചെറുകാട്, താരിഖ് അലി, എം. സുകുമാരൻ, എം. മുകുന്ദൻ, എം. ടി. വാസുദേവൻ നായർ, പി. കുഞ്ഞിരാമൻ നായർ എന്നിങ്ങനെ വൈവിധ്യമാർന്ന എഴുത്തുകാരുടെ രചനകളെ ഈ കൃതി വ്യത്യസ്തമായ വിശകലനലോചനത്തിനുമുന്നില്‍ കൊണ്ടുവരുന്നു. ചെറുകാടിനെക്കുറിച്ചുള്ള പഠനങ്ങളും മുകുന്ദനെക്കുറിച്ചുള്ള രണ്ട് ഉപന്യാസങ്ങളും, ഭാവിയിൽ അനിലിൽനിന്ന് ഈ വിഷയങ്ങളില്‍ രണ്ട് മുഴുനീള മോണോഗ്രാഫുകൾ ലഭിക്കാനുള്ള സാധ്യതയെ സൂചിപ്പിക്കുന്ന ആഴത്തിലുള്ള വിശകലനങ്ങളാണ്. പുസ്തകത്തിലെ ഏറ്റവും ശ്രദ്ധേയമായ അധ്യായങ്ങളിലൊന്ന് താരിഖ് അലിയുടെ ‘ഫിയർ ഓഫ് മിറേഴ്സ്’ എന്ന നോവലിന്‍റെ വായനയാണ്. കമ്മ്യൂണിസത്തിന്‍റെ തകർച്ചയെയും തലമുറകളിലൂടെ അതിന്‍റെ നിലനിൽക്കുന്ന പ്രത്യാഘാതങ്ങളെയും കുറിച്ചുള്ള ഒരു വേദനാജനകമായ ധ്യാനമാണ് ആ നോവൽ. ഏകീകൃത ജർമ്മനിയിലെ ഒരു മുൻ വിമതന്‍റെ ജീവിതത്തെയാണ് ഇത് പിന്തുടരുന്നത്—ഒരു പഴയ പ്രത്യയശാസ്ത്രലോകത്തിന്‍റെ അവശിഷ്ടമായി സ്വയം കണ്ടെത്തുന്ന ഒരു മനുഷ്യൻ. ഈ ആഖ്യാനത്തിലൂടെ, വഞ്ചിക്കപ്പെട്ട ആദർശങ്ങൾ, രാഷ്ട്രീയ വിട്ടുവീഴ്ചയുടെ ഭാരം, ചരിത്രം അട്ടിമറിച്ചതായി തോന്നുന്ന ഒരു രാഷ്ട്രീയദർശനത്തോട് വിശ്വസ്തതയോടെ ജീവിക്കുന്നതിന്‍റെ അസ്തിത്വപരമായ അനന്തരഫലങ്ങൾ എന്നിവ താരിഖ് അലി അന്വേഷിക്കുന്നു. നോവലിനെക്കുറിച്ചുള്ള അനിലിന്‍റെ പഠനം അസാധാരണമാംവിധം ശക്തമാണ്: സൈദ്ധാന്തികമായി ആഴമുള്ളതും, രാഷ്ട്രീയമായി മൂർച്ചയുള്ളതും, പാഠത്തിന്‍റെ ചരിത്രപരവും വൈകാരികവുമായ ഘടനകളെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതുമാണ്. താരീഖ് അലിയുടെ നോവലിനെ കുറിച്ച് മലയാളത്തില്‍ മറ്റൊരു പഠനം കണ്ടതായി ഞാന്‍ ഓര്‍ക്കുന്നില്ല. പുസ്തകത്തിലുടനീളം, അനുഭവവാദം, ഓറിയന്റലിസം, പോസ്റ്റ് കൊളോണിയലിസം തുടങ്ങി രാഷ്ട്രീയ, സാംസ്കാരികഭാവനയുടെ മാറിക്കൊണ്ടിരിക്കുന്ന വിചാരമാതൃകകളെ അനിൽ ആഴത്തില്‍ പരിശോധിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ വിശകലന വ്യക്തതയും രാഷ്ട്രീയ പ്രതിബദ്ധതയും പ്രകടമാക്കുന്ന വായനകളാണ് ഇതിലുള്ളത്. സാഹിത്യ വിശകലനം, സൈദ്ധാന്തിക പ്രതിഫലനം, ചരിത്രബോധം എന്നിവ ഒരുമിച്ചുചേര്‍ന്ന്, കണ്ണാടിയും കുമ്പസാരവും മലയാള സാഹിത്യ നിരൂപണത്തിന് ഒരു പ്രധാന ബൗദ്ധികസംഭാവനയായി മാറുന്നു.

പുത്തന്‍ പുതുമ : സിദ്ധാന്തം, സിദ്ധാന്തീകരണം, സാമൂഹ്യവിമര്‍ശം
എഡിറ്റര്‍: കെ.വി. ശശി
ആത്മ ബുക്സ്

തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയിലെ അദ്ധ്യാപകനായ ഡോ. കെ. വി. ശശി, വിമർശനാത്മക സാമൂഹിക വിജ്ഞാനം, സാംസ്കാരിക വിശകലനം, ബൗദ്ധിക ചരിത്രം എന്നിവയെക്കുറിച്ചുള്ള സുപ്രധാന രചനകൾ ഒരുമിച്ച് കൊണ്ടുവരുന്ന വാല്യങ്ങൾ നിരന്തരം ക്യൂറേറ്റ് ചെയ്തുവരുന്നുണ്ട്. അദ്ദേഹത്തിന്‍റെ എഡിറ്റോറിയൽ പ്രവർത്തനം ഒരു പ്രധാന ആർക്കൈവൽ ധർമ്മം നിർവ്വഹിക്കുന്നു: വ്യത്യസ്ത ദശകങ്ങളിലായി മലയാളത്തില്‍ എഴുതപ്പെട്ട ധൈഷണിക ഉപന്യാസങ്ങൾ ശേഖരിക്കുന്നതിലൂടെ, ചിതറിക്കിടക്കുന്നതോ, അപ്രാപ്യമായതോ, വിസ്മരിക്കപ്പെടുന്നതോ ആയ ആശയങ്ങളുടെ ഒരു വംശാവലി അദ്ദേഹം സംരക്ഷിക്കുന്നു. അദ്ദേഹം എഡിറ്റ്‌ ചെയ്ത നിരവധി അത്തരം സമാഹാരങ്ങളിൽ എന്‍റെ പഴയ ലേഖനങ്ങല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നത് വ്യക്തിപരമായ ഒരു സന്തോഷമാണ്. ബൗദ്ധിക സംരക്ഷണത്തിനും നവീകരണത്തിനുമുള്ള അതേ പ്രതിബദ്ധതയാണ് ഈ പുതിയ പുസ്തകവും പിന്തുടരുന്നത്. മലയാളത്തിൽ സാംസ്കാരിക വിമർശനത്തിനും സൈദ്ധാന്തിക പ്രതിഫലനത്തിനും സംഭാവനകള്‍ നൽകിയ എഴുത്തുകാരുടെ ഒരു കൂട്ടം ലേഖനങ്ങൾ ഡോ. ശശി ഒരുമിച്ച് കൊണ്ടുവരുന്നു: പി. പി. രവീന്ദ്രൻ, വി. സി. ശ്രീജൻ, പി. പവിത്രൻ, ദിലീപ് രാജ്, സുനിൽ പി. ഇളയിടം, കെ. വി. ശശി എന്നിവരാണ് എന്നെക്കൂടാതെ ഇതില്‍ എഴുതിയിട്ടുള്ളത്. എന്‍റെ ആദ്യകാല ഉപന്യാസങ്ങളിലൊന്നാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്താൻ ഡോ. ശശി തിരഞ്ഞെടുത്തത് – രസകരമെന്നു പറയട്ടെ, 1992-ൽ ഞാൻ ജയകേരളം മാസികയില്‍ എഴുതിയ ജാക്വസ് ലകാനെക്കുറിച്ചുള്ള ലേഖനം. ഇതുകൂടാതെ, ഈ പുസ്തകത്തില്‍ 2000-ത്തിന് മുമ്പുള്ള കാലഘട്ടത്തിലെ ഒരേയൊരു ഉപന്യാസം വി.സി. ശ്രീജന് 1997-ൽ എഴുതിയ പോസ്റ്റ് കൊളോണിയലിസത്തെക്കുറിച്ചുള്ള ലേഖനമാണ്.

സമാഹാരത്തിലെ പ്രമേയങ്ങളുടെ വ്യാപ്തി മലയാള വിമർശനാത്മക വ്യവഹാരത്തിന്‍റെ ബൗദ്ധിക വ്യാപ്തിയെ പ്രതിഫലിപ്പിക്കുന്നു: രവീന്ദ്രൻ പോസ്റ്റ് കൊളോണിയൽ സാഹിത്യവിമർശനത്തെക്കുറിച്ച് എഴുതുന്നു, പവിത്രൻ, പോസ്റ്റ് കൊളോണിയൽ സിദ്ധാന്തക്കുറിച്ച് എഴുതുന്നു, ദിലീപ് രാജ് ശാസ്ത്രതത്ത്വചിന്തകളെക്കുറിച്ച് എഴുതുന്നു, സുനിൽ, സ്പിനോസ, തോമസ് കുൻ, ഗ്രാംഷി എന്നിവരെക്കുറിച്ച് മൂന്ന് വ്യത്യസ്ത’ ഉപന്യാസങ്ങളിലായി എഴുതുന്നു, ശശി ചരിത്രവാദത്തെക്കുറിച്ച് എഴുതുന്നു. ഈ സമാഹാരത്തെ പ്രധാനമാക്കുന്നത് അത് ഉൾക്കൊള്ളുന്ന വിഷയങ്ങളുടെ വൈവിധ്യം മാത്രമല്ല, അത് ഒരു ബൗദ്ധിക ശേഖരമായി പ്രവർത്തിക്കുന്ന രീതിയുമാണ്. ലകാൻ, സ്പിനോസ, വിഗ്ഗന്‍സ്റ്റൈന്‍, കുഹ്ൻ തുടങ്ങിയവര്‍ മുതൽ പോസ്റ്റ് കൊളോണിയൽ സൈദ്ധാന്തികരും, മാർക്സിസ്റ്റ് തത്ത്വചിന്തകരുംവരെയുള്ള പരിവർത്തനാത്മക ആഗോളചിന്തകരുമായി കേരളത്തിലെ അര്‍ദ്ധ-അക്കാദമിക് ധൈഷണികത എങ്ങനെ ഇടപഴകിയെന്നത്തിന്‍റെ ഒരു ചെറിയ പരിച്ഛേദം ഇത് രേഖപ്പെടുത്തുന്നു. ഇന്ത്യൻ അക്കാദമിക് രംഗത്ത് ഇത്തരം ചർച്ചകൾ മുഖ്യധാരയായ സന്ദര്‍ഭത്തില്‍ അതിന്‍റെ അനുരണനങ്ങള്‍ കേരളത്തിലും ഭാഗികമായി പ്രതിഫലിച്ചതിന്‍റെ എളിയ രൂപരേഖകളാണ് ഈ പഠനങ്ങള്‍. ആ അർത്ഥത്തിൽ, ഈ സമാഹാരം ഒരു ചരിത്രരേഖയും ഭൂതകാല വ്യാഖ്യാനഭൂപടവുമാണ്. സൈദ്ധാന്തിക ജിജ്ഞാസയുടെ മുൻകാല നിമിഷങ്ങൾ പകർത്തുവാനുള്ള ഡോ. ശശിയുടെ ശ്രമം ഇവിടെ ഒരു സമാഹാരമായി മാത്രമല്ല, വിമർശനാത്മകചിന്തയുടെ തുടർച്ചയെ സ്ഥിരീകരിക്കുന്ന മലയാളസന്ദര്‍ഭങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു വിനീതമായ സംരംഭമായിക്കൂടി മാറുന്നു.

നീലാകാശവും സൈപ്രസ്സുകളും – ഇറ്റാലിയന്‍ ഡയറി
മിത്ര സതീഷ്‌
സാഹിത്യ പ്രവര്‍ത്തക കോഓപ്പറെറ്റീവ് സൊസൈറ്റി

നീലാകാശവും സൈപ്രസ്സുകളും – ഇറ്റാലിയൻ ഡയറി എന്ന പുസ്തകം നാട്ടുകാരിയും സുഹൃത്തുമായ മിത്ര സതീഷ് അയച്ചുതന്നപ്പോള്‍ ആ തലക്കെട്ട് വായിച്ച് സൈപ്രസ് മരങ്ങളെക്കുറിച്ചല്ല, എന്‍റെ ഇറ്റാലിയന്‍ യാത്രകള്‍ എപ്പോഴും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടവ ആയിരുന്നല്ലോ എന്ന ഓര്‍മ്മയാണ് മനസ്സില്‍ എത്തിയത്. ഇറ്റലി ഞാൻ രണ്ടുതവണ സന്ദർശിച്ച ഒരു രാജ്യമാണ്, പക്ഷേ ഓരോ തവണയും എനിക്ക് എങ്ങനെയോ റോം നഷ്ടമായി. എന്നെ വീണ്ടും വീണ്ടും വിളിക്കുന്ന ഒരു രാജ്യമാണ് ഇറ്റലി. മിത്ര തന്‍റെ ഇറ്റാലിയൻ യാത്ര ആരംഭിക്കുന്നത് എനിക്ക് പരിചിതമായ ടൂറിനിൽ നിന്നാണ്. മിത്രയുടെ യാത്രാവിവരണങ്ങൾ ചടുലവും, നര്‍മ്മം നിറഞ്ഞതും, മാനുഷികവുമാണ്. വായനക്കാരെ കൂടെക്കൊണ്ടുപോകുന്ന രചനാരീതിയാണ്. നർമ്മം, കൗതുകങ്ങൾ, ദുർബലതകൾ എന്നിവയിലൂടെ ലോകത്തെ പുതുതായി അനുഭവിക്കാൻ പ്രേരിപ്പിക്കുന്നതാണ്. പുസ്തകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗങ്ങളിലൊന്ന് എട്രൂസ്കൻ സംസ്കാരത്തെക്കുറിച്ചുള്ള വിവരണമാണ്. അവരുടെ പുരാതന ആചാരങ്ങൾ, പുഞ്ചിരിക്കുന്ന മനുഷ്യരൂപങ്ങളുള്ള അവരുടെ ടെറാക്കോട്ട സാർക്കോഫാഗി, അവരുടെ പരിഷ്കൃത ലോഹപ്പണികൾ, ദൈനംദിന ജീവിതത്തെ ഉജ്ജ്വലമായ നിറങ്ങളിൽ ചിത്രീകരിക്കുന്ന നിഗൂഢമായ ഫ്രെസ്കോകൾ എന്നിവയെക്കുറിച്ച് നമുക്കറിയാം. റോമിന്‍റെ ഉദയത്തിന് വളരെ മുമ്പുതന്നെ എട്രൂസ്കന്മാർ ഇറ്റാലിയൻ ഉപദ്വീപിന്‍റെ സാംസ്കാരികവും കലാപരവുമായ അടിത്തറയെ എങ്ങനെ രൂപപ്പെടുത്തിയെന്ന് ഈ വിവരണങ്ങളും എടുത്തുകാണിക്കുന്നു. നിശബ്ദതയിലും ചരിത്രത്തിലും മുങ്ങിക്കുളിച്ച ആ പുരാതന നെക്രോപോളിസുകളിലേക്ക് വായനക്കാരനെ ക്ഷണികമായി കൊണ്ടുപോകാൻ തക്കവണ്ണം വിവരണങ്ങൾ ഉജ്ജ്വലമാണ്. കോവിഡിനു ശേഷമുള്ള കാലഘട്ടത്തിൽ മാത്രമാണ് അവർ ഗൗരവമേറിയ ലോകയാത്ര ആരംഭിച്ചത്, എന്നിട്ടും അവർ ഇതിനകം അറുപതിലധികം രാജ്യങ്ങൾ സഞ്ചരിച്ചിട്ടുണ്ട്, ഇനിയും പലതും കാണാനുള്ള പദ്ധതികളോടെ. ഈ സഞ്ചാരരചനകളെ സവിശേഷമാക്കുന്നത് സ്ത്രീ കാഴ്ചപ്പാടുകളുടെ വ്യതിരിക്തതയാണ്: സ്ത്രീ യാത്രക്കാർ പലപ്പോഴും ദൈനംദിന ജീവിതത്തിലെ സൂക്ഷ്മതകൾ, വൈകാരിക ഘടനകൾ, പുരുഷ യാത്രക്കാർ ചിലപ്പോൾ അവഗണിക്കുകയോ വ്യത്യസ്തമായി വ്യാഖ്യാനിക്കുകയോ ചെയ്യുന്ന സാമൂഹിക സൂക്ഷ്മതകൾ എന്നിവ ശ്രദ്ധിക്കുന്നു. ലളിതവും ആകർഷകവും പലപ്പോഴും സൗമ്യവുമായ നർമ്മം നിറഞ്ഞ ആഖ്യാനങ്ങൾ മലയാളത്തിലെ സ്ത്രീകളുടെ യാത്രാ എഴുത്തെന്ന പുതിയ ശാഖയുടെ ഭാവിയെ സൂചിപ്പിക്കുന്നു. ഈ പംക്തിയുടെ ഒരു മുന്‍ ലക്കത്തില്‍ നന്ദിനി മേനോന്‍റെ ഭൂട്ടാന്‍ യാത്രയെക്കുറിച്ച് ഞാന്‍ എഴുതിയിരുന്നു. സമകാലിക യാത്രാസാഹിത്യത്തിന് അർത്ഥവത്തായ സംഭാവന നൽകുന്ന സ്ത്രീകളുടെ ശബ്ദം പുതുമയുള്ളതും, നിരീക്ഷണാത്മകവും, സഹാനുഭൂതി നിറഞ്ഞതുമാണ്. ഈ ഇറ്റാലിയൻ ഡയറി, യാത്രക്കാരി സന്ദർശിച്ച സ്ഥലങ്ങളുടെ ഒരു രേഖ മാത്രമല്ല, സംസ്കാരത്തിന്‍റെയും ഓർമ്മയുടെയും മനുഷ്യാനുഭവത്തിന്‍റെയും അടരുകളുള്ള ആഖ്യാനസമൃദ്ധികൊണ്ട് ശ്രദ്ധേയമായതുമാണ്.

അര്‍ത്ഥം ഭാഷരഹിതം
അരുണിമ എ. വാസുദേവന്‍‌
സപര്യ ബുക്സ്

ഞാന്‍ പഠിപ്പിക്കുന്ന ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റിയിലെ പിഎച്ച്ഡി സ്കോളര്‍ അരുണിമ വാസുദേവന്‍‌, തന്‍റെ ആദ്യ കവിതാ സമാഹാരത്തിന് ഒരു ആമുഖം എഴുതാൻ എന്നെ സമീപിച്ചപ്പോള്‍ ആദ്യം, ഞാൻ അത് ഏറ്റെടുക്കണോ വേണ്ടയോ എന്ന് സംശയിച്ചിരുന്നു, എഴുതാം എന്ന് ഞാന്‍ ഉറപ്പു പറഞ്ഞതുമില്ല. എന്നാൽ കവിതകൾ വായിക്കാൻ തുടങ്ങിയപ്പോൾ, പ്രതികരിക്കാൻ ഞാൻ നിർബന്ധിതനായി. അരുണിമയുടെ ആദ്യസമാഹാരം ചിന്തനീയമായ വാക്കുകള്‍ അർഹിക്കുന്നതായി എനിക്ക് തോന്നി. “അർത്ഥം ഭാഷാരഹിതം’ എന്നത് അതിന്‍റെ ഈ പ്രകോപനപരമായ ശീര്‍ഷകമടക്കം, ആകർഷകവും ധീരവുമായ ഒരു സമാഹാരമാണ്. ഇത് ഒരു കവിയെന്ന നിലയിൽ വളരാനുള്ള അരുണിമയുടെ സാധ്യത വെളിപ്പെടുത്തുന്നതാണ്. വികാരങ്ങളുടെയും രൂപകങ്ങളുടെയും ഭാഷാപരമായ പരസ്പരബന്ധം ഈ കവിതകൾ വെളിപ്പെടുത്തുന്നു, വായിച്ചതിനുശേഷം മനസ്സിൽ തങ്ങിനിൽക്കുന്ന ദാർശനിക വിവരണങ്ങൾ സൃഷ്ടിക്കുന്നു. കവിതകളിലുടനീളം, അരുണിമ ആത്മനിഷ്ഠ, സാമൂഹിക, അനുഭവ യാഥാർത്ഥ്യങ്ങളുടെ അർത്ഥങ്ങൾ നിരന്തരം പരിശോധിക്കുന്നുണ്ട്. ഒരു പതിഞ്ഞ ഭാഷയാണ് അരുണിമയുടേത് എന്നത് അതിനു മറ്റൊരു ദാര്‍ശനിക മാനം നല്‍കുന്നു. ഭാഷയ്ക്കും അനുഭവത്തിനും ഇടയിലുള്ള സംഘർഷങ്ങൾ, ആവിഷ്കാരത്തിനും നിശബ്ദതയ്ക്കും ഇടയിലുള്ള പിരിമുറുക്കങ്ങൾ എന്നിവയിലൂടെ അരുണിമ അർത്ഥത്തിന്‍റെ സ്ഥിരതയെ ചോദ്യംചെയ്യുന്നു. ഇവിടെ നിർഭയമായ ഒരു കാവ്യബുദ്ധി പ്രവർത്തിക്കുന്നു – ഭാഷയുടെ പരിമിതികൾക്കെതിരെ പോരാടാൻ ശ്രമിക്കുമ്പോഴും, രൂപകം, താളം, ആത്മപരിശോധന എന്നിവയിലൂടെ ജീവിതത്തെ അമൂര്‍ത്തമായി ആവിഷ്കരിക്കാനുള്ള സന്നദ്ധത. അരുണിമയുടെ ശബ്ദം പുതുമയുള്ളതും വിമർശനാത്മകവുമാണ്. ഈ കവിതകൾ വായനക്കാർക്ക് പരിചയപ്പെടുത്തുന്നതിൽ എനിക്ക് സന്തോഷവും അഭിമാനനവുമുണ്ട്. തന്‍റെ കാവ്യയാത്ര തുടരുവാന്‍ അരുണിമക്ക് എന്‍റെ ആശംസകൾ.

Dream Machine: AI and the Real Word
Laurent Daudetand Appupen
Westland Books
ഈ ഗ്രാഫിക് നോവൽ എനിക്ക് സമ്മാനമായി നല്‍കിയ്ത് ഒരു മുൻ പിഎച്ച്ഡി വിദ്യാർത്ഥിനിയാണ്. ഞാൻ ആ വിദ്യാര്‍ഥിനിയുടെ എക്സ്റ്റേണല്‍ പരിശോധകന്‍ ആയിരുന്നുവെന്നും എന്‍റെ നിര്‍ദ്ദേശങ്ങള്‍ പ്രയോജനപ്പെട്ടുവെന്നും പറഞ്ഞുകൊണ്ട് ബാംഗ്ലൂരില്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയില്‍ ഒരു പ്രഭാഷണത്തിനെത്തിയ എന്നെ അവിടെ കവാടത്തില്‍ കാത്തുനിന്ന് ഈ പുസ്തകം നല്‍കി മടങ്ങിപ്പോവുക ആയിരുന്നു. ഞാന്‍ ആവുന്നതും നിരുത്സാഹപ്പെടുത്തിയെങ്കിലും അവര്‍ പിന്‍വാങ്ങിയില്ല. എങ്കിലും അമ്പരപ്പോടെയാണ് ഞാന്‍ അത് വാങ്ങിയത്. മറ്റൊരു സര്‍വകലാശാലയില്‍ അദ്ധ്യാപിക ആയിക്കഴിഞ്ഞിരുന്നു അപ്പോള്‍ ആ വിദ്യാര്‍ത്ഥിനി. അവിടേക്ക് വേഗം തിരിച്ചുപോവുകയം ചെയ്തു. ഡ്രീം മെഷീൻ നിര്‍മ്മിതബുദ്ധിയുടെ സാധ്യതകളെയും അപകടങ്ങളെയുംകുറിച്ചുള്ള ധീരവും സമയോചിതവുമായ അന്വേഷണമാണ്. ലാർജ് ലാംഗ്വേജ് മോഡൽ (എൽഎൽഎം) സാങ്കേതികവിദ്യയിൽ സ്റ്റാർട്ടപ്പ് ഡിജിറ്റൽ ഭീമനായ റിയലുമായി ഒരു പരിവർത്തന കരാറിന്‍റെ വക്കില്‍ നിൽക്കുന്ന പാരീസിലെ സംരംഭകനായ ഹ്യൂഗോയെ കേന്ദ്രീകരിച്ചാണ് ഈ ഗ്രാഫിക് കഥ വികസിക്കുന്നത്. പ്രതീക്ഷ നൽകുന്നതായി തോന്നുന്ന ഒരു സംരംഭമായി ആരംഭിച്ച് AI യുടെ ഇരുണ്ട രൂപരേഖകൾ അത് ക്രമേണ വെളിപ്പെടുത്തുന്നു: അധികാരത്തിന്‍റെ കേന്ദ്രീകരണം, കോർപ്പറേറ്റ് അതാര്യത, പ്രത്യയശാസ്ത്ര പ്രതിസന്ധികള്‍, സാമൂഹിക നിയന്ത്രണം എന്നീ ദാര്‍ശനിക—രാഷ്ട്രീയ പ്രശ്നങ്ങളുടെ നൂലാമാലകള്‍ നാമവിടെ കണ്ടെത്തുന്നു. ഭൗതികശാസ്ത്ര പ്രൊഫസറും വിവര സിദ്ധാന്തത്തിലും തരംഗ ഭൗതികശാസ്ത്രത്തിലും വിദഗ്ദ്ധനുമായ ഡൗഡെറ്റ്, വൈകാരികമോ ധാർമ്മികമോ ആയ മാനങ്ങള്‍ വിട്ടുകളയാതെ ആഖ്യാനത്തിന് അപൂർവ ശാസ്ത്രീയപ്പൊരുത്തം സൃഷ്ടിക്കുന്നതില്‍ വിജയിക്കുന്നു. വിഷ്വൽ പങ്കാളിയായ അപ്പുപെൻ ഈ ആശയങ്ങളെ സുഗമവും ആക്സസ് ചെയ്യാവുന്നതുമായ ഗ്രാഫിക് രൂപത്തിൽ രൂപപ്പെടുയിട്ടുമുണ്ട്. ഓരോ തിരിവിലും നോവൽ ചോദിക്കുന്നത് നിര്‍മ്മിതബുദ്ധിയുടെ മണ്ഡലത്തില്‍ നാം സന്ധിക്കുന്നത് സാങ്കേതിക വിമോചനത്തിന്‍റെ യുട്ടോപ്പിയയാണോ അതോ അനിയന്ത്രിതമായ സാങ്കേതികശക്തിയുടെ പേടിസ്വപ്നമാണോ എന്ന ചോദ്യമാണ്. 200-ൽ താഴെ പേജുകളുള്ള ഈ പുസ്തകം സമകാലിക സംസ്കാരം, പ്രത്യയശാസ്ത്രം, സാങ്കേതികവിദ്യയുടെ രാഷ്ട്രീയം എന്നിവയെക്കുറിച്ച് സമ്പന്നമായ ഒരു വ്യാഖ്യാനമാണ് നൽകുന്നത്. ഞാൻ കണ്ടിട്ടുള്ളതിൽ ബൗദ്ധികമായി ഏറ്റവും തൃപ്തികരമായ ഗ്രാഫിക് നോവലുകളിൽ ഒന്നാണിതെന്ന് നിസ്സംശയം പറയാം. ശാസ്ത്രം, സമൂഹം, ദൃശ്യകഥാപ്രവചനം എന്നിവയില്‍ താൽപ്പര്യമുള്ള ആർക്കും വായിക്കാൻ ഡ്രീം മെഷീൻ ഞാന്‍ ശുപാർശചെയ്യുന്നു.

Comments

comments