ഹിന്ദുത്വ v/s ഗാന്ധി @ കൊൽക്കത്ത
ഹിന്ദുത്വ ഭീകരതയുടെ കഥ- അധ്യായം: 7
1947 ആഗസ്റ്റ് 15 പൊട്ടിവിടരുന്ന മുഹൂർത്തത്തിൽ, ഡെൽഹിയിൽ സ്വാതന്ത്ര്യപ്പതാക ഉയരുമ്പോൾ, സമരം നയിച്ച പടനായകരിൽ പ്രമുഖൻ പക്ഷെ, അവിടെയുണ്ടായിരുന്നില്ല. ഗാന്ധി അന്ന് കൊൽക്കൊത്തയിലായിരുന്നു. അവസാന വർഷങ്ങളിൽ ഗാന്ധിക്കൊപ്പം നിഴലായി നടന്ന പ്യാരേലാലിൻ്റെ കുറിപ്പനുസരിച്ച്, അന്ന് വെളുപ്പിന് 2 മണിക്ക് ഗാന്ധി എണീറ്റു. പ്യാരേലാലിന് മുമ്പ്, ആ സ്ഥാനം വഹിച്ചിരുന്ന മഹാദേവ് ദേശായിയുടെ ചരമദിനം കൂടിയായിരുന്നു, അന്ന്. അതിനാൽ ഗാന്ധി ഉപവാസത്തിലായിരുന്നു.
1946-ൽ വർഗ്ഗീയ കലാപം തുടങ്ങിവെച്ചത് കൊൽക്കൊത്തയുടെ തെരുവുകളായിരുന്നു. തന്റെ രണ്ടാം ഗൃഹം എന്നറിയപ്പെടുന്ന ബംഗാളിൻ്റെ ദു:സ്ഥിതി തീർക്കാൻ ഏതാണ്ട് ആ സമയം മുതൽ കൊൽക്കൊത്തയിൽ, കിഴക്കൻ ബംഗാളിലെ നവഖലി, ടിപ്പേറ ജില്ലകളിൽ തുടർച്ചയായി പ്രവർത്തിച്ചു വരികയായിരുന്നു ഗാന്ധി. അതിൻ്റെ പ്രതിഫലനം ആഗസ്റ്റ് 15-ന് കൊൽക്കൊത്തയിലെ തെരുവുകളിൽ പ്രതിഫലിച്ചു. ഹിന്ദുക്കളും മുസ്ലീങ്ങളും ട്രക്കുകളിൽ കൊൽക്കൊത്ത മുഴുവൻ ചുറ്റിയടിച്ച് ”ഹിന്ദു മുസ്ലീം ഏക് ഹോ” എന്നും ”ഹിന്ദു – മുസ്ലീം ഭായി, ഭായി” എന്നും ഉറക്കെ വിളിച്ചു കൊണ്ടിരുന്നു. സൂര്യൻ ഉദിക്കാത്ത നേരത്തും ”ഹിന്ദുക്കളും മുസ്ലീങ്ങളും സംഘടിക്കുക” എന്നും ജയ്ഹിന്ദ് എന്നും അവർ വിളിച്ചു കൊണ്ടിരുന്നു.
വിഭജനം ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങളിലൊന്ന് ബംഗാൾ ആയിട്ടുപോലും, വിഭജനത്തിൻ്റെ നാളുകളിൽ, ബംഗാളിനെ ശാന്തമായി സൂക്ഷിക്കാൻ ജനങ്ങൾ തയ്യാറായതിൽ ഗാന്ധിയുടെ സാന്നിദ്ധ്യം വളരെ സഹായിച്ചു. വിഭജനം ഏറെ ബാധിച്ച പഞ്ചാബിൽ ചോരപ്പുഴയൊഴുകുന്ന സമയത്താണ്, സമാനസ്ഥിതിയിൽ കഴിയുന്ന ബംഗാൾ ശാന്തമായി വർത്തിച്ചത് എന്നോർക്കണം. ബംഗാൾ മുൻ മുഖ്യമന്ത്രിയായിരുന്ന ജിന്നയുടെ മുസ്ലീംലീഗിലെ സുഹ്രവർദ്ദിയും ആ നാളുകളിൽ ഗാന്ധിക്കൊപ്പം നിലകൊണ്ടു. നേർപ്രയോഗദിന കാലത്തെ സുഹ്രവർദ്ദിയിൽ നിന്നും വളരെ മാറിയ ഒരു സുഹ്രവർദ്ദി ആയിരുന്നു അത്. സ്വാതന്ത്ര്യദിനത്തിൽ ഗാന്ധിക്കൊപ്പം സുഹ്രവർദ്ദിയും ഉപവസിച്ചു. അന്നേ ദിവസം പ്രാർത്ഥനാ സമ്മേളനത്തിൽ 30, 000-ത്തോളം വരുന്ന ജനക്കൂട്ടത്തെയാണ് ഗാന്ധി അഭിമുഖീകരിച്ചത്. ഒരുമ വീണ്ടും തിരിച്ചു കൊണ്ടുവന്നതിൽ കൊൽക്കൊത്തയിലെ ജനങ്ങളെ ഗാന്ധി അഭിനന്ദിച്ചു. “ഈ സാഹോദര്യം ആനുഷംഗികമല്ലെങ്കിൽ, ആഴത്തിലുള്ളതാണെങ്കിൽ, ഖിലാഫത്ത് ദിനങ്ങളേക്കാളും മെച്ചപ്പെട്ട ഒന്നാണിത്. ” ലാഹോറിൽ ഇപ്പോഴും നിലനിൽക്കുന്ന ഭ്രാന്ത് എല്ലാറ്റിനുമുപരിയായി തന്നെ കൊളുത്തിവലിക്കുന്നു എന്ന് ഗാന്ധി പ്രഖ്യാപിച്ചു. “കൊൽക്കൊത്തയുടെ വിശുദ്ധമായ ഉദാഹരണം, അത് ആത്മാർത്ഥമായ ഒന്നാണെങ്കിൽ, അത് പഞ്ചാബിനെ മാത്രമല്ല, മുഴുവൻ ഇന്ത്യയേയും സ്വാധീനിക്കും. നിങ്ങൾ ഇപ്പോൾ സ്വതന്ത്രരാണ്. പക്ഷെ, ആ സ്വാതന്ത്ര്യത്തെ വിവേകത്തോടെ സൂക്ഷിക്കണം. ”
സുഹ്രവർദ്ദിയും ജനക്കൂട്ടത്തെ അഭിമുഖീകരിച്ച് സംസാരിച്ചു. ”ചിലർ വിചാരിച്ചത് ഹിന്ദു – മുസ്ലീം ഐക്യം തിരിച്ചു വരില്ലെന്നാണ്. എന്നാൽ ദൈവത്തിൻ്റെ കരുണ കൊണ്ടും മഹാത്മജിയുടെ കൃപകൊണ്ടും, മൂന്നോ നാലോ ദിവസം മുൻപ് അസാധ്യം എന്ന് കരുതിയിരുന്ന കാര്യം, യാഥാർത്ഥ്യമായിരിക്കുകയാണ്. ”
അക്കാലത്ത് ഗാന്ധിയും സുഹ്രവർദ്ദിയും ഒന്നിച്ച് ബലിയാഘട്ടയിലുള്ള ഹൈദരിമൻസിലിൽ ഒന്നിച്ചാണ് താമസിച്ചിരുന്നത്. അത് ജനങ്ങളിൽ വലിയ വിശ്വാസം ജനിപ്പിക്കാൻ കാരണമായിത്തീർന്നു. പഞ്ചാബിൽ ചോരപ്പുഴയൊഴുകുമ്പോൾ കൊൽക്കൊത്തയിൽ ഗാന്ധിയുടെ പ്രാർത്ഥനാ സമ്മേളനത്തിൽ ഒരു ഭാഗത്ത് ഇന്ത്യൻ പതാകയും മറുഭാഗത്ത് പാകിസ്ഥാൻ പതാകയും യാതൊരു പ്രശ്നങ്ങളും ഇല്ലാതെ ഉയരുന്ന തരത്തിൽ മൈത്രി ഉളവായി. വിഭജനം എന്ന ക്രൂര യാഥാർത്ഥ്യം സംഭവിച്ച നിലക്ക് ഇന്ത്യയും പാകിസ്ഥാനും സഹോദര രാഷ്ട്രങ്ങളായി, സഹവർത്തിത്വത്തോടെ കഴിയുന്ന സാഹചര്യം ഉണ്ടാക്കാനാണ് ഗാന്ധി ശ്രമിച്ചത്. താനും സുഹ്രവർദ്ദിയും ഒന്നിച്ചു കഴിഞ്ഞ അക്കാലത്തെ കുറിച്ച് ഗാന്ധി, ഹരിജനിൽ, അത്ഭുതമോ ആകസ്മികതയോ എന്ന തലക്കെട്ടിൽ ഒരു കുറിപ്പെഴുതിയിരുന്നു.
“ഷഹീദ് സുഹ്രവർദ്ദിയും ഞാനും ബലിയാഘട്ടയിൽ, മുസ്ലീങ്ങൾക്ക് ദുരിതങ്ങൾ നേരിടേണ്ടി വന്നു എന്ന് പറയപ്പെടുന്ന സ്ഥലത്ത്, ഒന്നിച്ച് കഴിയുകയാണ്. ഞങ്ങൾ ഒരു മുസ്ലീം ഭവനത്തിൽ, ഞങ്ങളുടെ കാര്യങ്ങൾ അങ്ങേ അറ്റത്തെ ശുഷ്കാന്തിയോടെ നിർവ്വഹിക്കുന്ന, മുസ്ലീം സന്നദ്ധപ്രവർത്തകർക്കൊപ്പമാണ് കഴിയുന്നത്. ഈ വളപ്പിൽ എണ്ണമറ്റ ഹിന്ദുക്കളും മുസ്ലീങ്ങളും ഒന്നിച്ചു ചേർന്ന് ഇഷ്ടമുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടിരിക്കുകയാണ്. സാഹോദര്യത്തിൻ്റെ ആനന്ദം മണിക്കൂറുകളിൽ നിന്ന് മണിക്കൂറുകളിലേയ്ക്ക് കരേറിക്കൊണ്ടിരിക്കുന്നു, എന്ന് ഒരാൾക്ക് പറയാൻ കഴിയും വിധം”.
ഗാന്ധി തൻ്റെ അവസാന രണ്ടുവർഷങ്ങളിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച നിമിഷങ്ങളായിരിക്കും അത്. ഗാന്ധിയും സുഹ്രവർദ്ദിയും, ഒരു ഹിന്ദുവും മുസ്ലീമും, ഒരു സസ്യാഹാരിയും ഒരു മിശ്രഭുക്കും, ഒരു ഇന്ത്യാക്കാരനും പാകിസ്ഥാൻകാരനായി മാറിയ ഒരാളും, ഒരു കോൺഗ്രസ്സുകാരനും ഒരു (ജിന്നയുടെ ) മുസ്ലീംലീഗുകാരനും, ഒരു അർദ്ധനഗ്ന വസ്ത്രധാരിയും, ഒരു പൂർണ്ണ വസ്ത്രധാരിയും ഒന്നിച്ച് പരിശ്രമിച്ചുണ്ടാക്കിയ കൊൽക്കത്തയിലെ അത്ഭുതം എന്ന് പിൽക്കാലത്ത് ചരിത്രം വിശേഷിപ്പിച്ച മതേതരത്വത്തിൻ്റെ ആ ഉത്സവമുഹൂർത്തത്തെ ലോർഡ് മൗണ്ട് ബാറ്റൺ, ഗാന്ധിയ്ക്ക് എഴുതിയ കത്തിലൂടെ പ്രകീർത്തിച്ചു.
“പഞ്ചാബിൽ ഞങ്ങൾക്ക് 55,000 പട്ടാളക്കാരുണ്ടായിരുന്നു. എന്നിട്ടും വൻകിട കലാപങ്ങളാണ് കൈമുതലായി കിട്ടിയത്. ബംഗാളിൽ ഞങ്ങൾക്കുണ്ടായിരുന്ന സൈന്യം ഒരാൾ മാത്രമായിരുന്നു. പക്ഷെ അവിടെ കലാപമുണ്ടായില്ല. സേവകനായ ഒരു ഓഫീസർ എന്ന നിലയ്ക്കും ഭരണാധികാരി എന്ന നിലയ്ക്കും ആ ഒറ്റയാൾ അതിർത്തിപ്പട്ടാളത്തിന് അഭിവാദ്യം അർപ്പിക്കാൻ എന്നെ അനുവദിക്കുക. അദ്ദേഹത്തിൻ്റെ രണ്ടാം സേനാനി, സുഹ്രവർദ്ദിയേയും ഞാൻ മറക്കുന്നില്ല. ആഗസ്റ്റ് 15-ന് ഭരണഘടനാ അസംബ്ലിയിൽ താങ്കളുടെ നാമം പരാമർശിച്ചപ്പോഴുണ്ടായ ആവേശം നിറഞ്ഞ കൈയ്യടി, ഞങ്ങളെല്ലാവരും താങ്കളെക്കുറിച്ച് അത്രയധികം ചിന്തിച്ചപ്പോഴുണ്ടായ കൈയ്യടി, താങ്കൾ കേൾക്കേണ്ടതായിരുന്നു.”
കൊൽക്കത്ത ശാന്തമായത് ഹിന്ദുവംശീയ വാദികളെ പ്രകോപിച്ചു എന്ന് വേണം മനസ്സിലാക്കാൻ. പ്രത്യേകിച്ചും ബംഗാൾ വിഭജിക്കപ്പെട്ട സാഹചര്യത്തിൽ. ബീഹാറിൽ അവർ കൊളുത്തിയ തീ പടർന്നെങ്കിലും ഗാന്ധിയുടെ നേതൃത്വം അഗ്നിശമനയന്ത്രം പോലെ പ്രവർത്തിച്ചത് അവർ കണ്ടു. ബംഗാളിൽ അത് കുറേക്കൂടി സഫലമാകുന്നത് അവർക്ക് സഹിച്ചില്ല. ശാന്തമായ കൊൽക്കൊത്തയെ പിടിച്ചു കുലുക്കാൻ അവർ ശ്രമിച്ചു. ഇത്തവണയും മുസ്ലീങ്ങൾക്ക് നേരെ ആക്രമണം അഴിച്ചുവിടാനാണ് അവർ മുതിർന്നത്. അതിന് വേണ്ടി അവർ വ്യാജമായ കഥകളും വ്യാജമായ സംഭവങ്ങളും നിർമ്മിച്ചു. ഗാന്ധിയും സുഹ്രവർദ്ദിയും താമസിക്കുന്ന ഹൈദരിമൻസിലിന് മുന്നിലാണ് അത്തരം ഒരു സംഭവം അരങ്ങേറിയത്. ഗാന്ധിയുടെ ജീവൻ എടുക്കുന്നതിൽ നിന്ന് തലനാരിഴയ്ക്ക് തെന്നിപ്പോയ ആ സംഭവം പ്യാരേലാൽ എഴുതിയിട്ടുണ്ട്. 1947 ആഗസ്റ്റ് 31 നാണ് അത് നടക്കുന്നത്. ചാരു ചൗധരിയും പ്യാരേലാലും കൊൽക്കത്ത നഗരത്തിൽ നിന്നും എന്തോ ആവശ്യത്തിന് പോയി ഹൈദരി മാൻഷനിൽ മടങ്ങിയെത്തുമ്പോൾ രാത്രി 10 മണി കഴിഞ്ഞിരുന്നു. എല്ലാവരും ഉറങ്ങിക്കഴിഞ്ഞിരിക്കും എന്ന് കരുതിയാണ് അവരെത്തിയത്. എന്നാൽ കെട്ടിടത്തിന് മുന്നിൽ പ്രകാശമുണ്ടായിരുന്നു. അതിന് മുന്നിൽ നിന്നിരുന്ന ചെറുപ്പക്കാർ ഗേറ്റിൽ അവരെ തടഞ്ഞു നിർത്തി ചോദിച്ചു : ”നിങ്ങളാരാണ്? ഹിന്ദുക്കളോ അതോ മുസ്ലീങ്ങളോ?”
ചാരു ചൗധരി നേരിട്ടുള്ള മറുപടിയല്ല, പറഞ്ഞത്. ”നവഖലിയിൽ ഞങ്ങളുടെ ആൺകുട്ടികൾ കുറേക്കൂടി പക്വത കാണിച്ചിരുന്നു. ഗാന്ധിയുടെ ക്യാമ്പിൽ ഞങ്ങൾ കർശനമായ അച്ചടക്കമാണ് നിർദ്ദേശിച്ചിട്ടുള്ളത്”. അവർ ചാരു ചൗധരിയെയും പ്യാരേലാലിനേയും വളഞ്ഞു. ഒരു വിധത്തിൽ അവരെ വകഞ്ഞു മാറ്റി രണ്ടു പേരും ഉള്ളിലേയ്ക്ക് കയറി. ഹൈദരി മൻസിലിന് ചുറ്റും ഒരാൾക്കൂട്ടം തന്നെ നില്പുണ്ടായിരുന്നു. അതിനകത്തും തെമ്മാടികൾ കയറിപ്പറ്റിയിരുന്നു.
പിറ്റേന്നാണ്, തലേന്ന് സംഭവിച്ചതെന്തെന്ന് പ്യാരേലാലിന് പൂർണ്ണമായും മനസ്സിലായത്. ദേഹമാസകലം ബാൻഡേജ് ചുറ്റിയ ഒരു ചെറുപ്പക്കാരനെ കുറേപ്പേർ ജാഥയായി ഹൈദരി മൻസിലിലേയ്ക്ക് രാത്രി 10 മണിക്ക് മുമ്പായി, പ്യാരേലാൽ പുറത്തുപോയിരുന്ന സമയത്ത്, കൊണ്ടുവരികയുണ്ടായി. എന്തുപറ്റി എന്ന അന്വേഷണത്തിന് പലവിധ മറുപടികളാണ് ലഭിച്ചത്. ഒന്ന്, ആ ചെറുപ്പക്കാരൻ ട്രാമിൽ നിന്നും വീണ് പരിക്കുപറ്റി എന്നതായിരുന്നു. മറ്റൊന്ന്, തെരുവിൽ ആ ചെറുപ്പക്കാരനെ ഒരു കുടിയൻ തടുത്തു നിർത്തി ”പാകിസ്ഥാൻ സിന്ദാബാദ്” എന്നു വിളിക്കാൻ നിർബന്ധിച്ചു എന്നതായിരുന്നു. ചെറുപ്പക്കാരൻ വിസമ്മതം പ്രകടിപ്പിച്ചപ്പോൾ, തല്ലി പരിക്കേല്പിച്ചു എന്നും അവർ പറഞ്ഞു. മുസ്ലീം ഭൂരിപക്ഷ പ്രദേശത്തുകൂടി പോകുമ്പോൾ ആ ചെറുപ്പക്കാരനെ, ഒരു മുസ്ലീം കുത്തിപ്പരിക്കേല്പിച്ചു എന്നായിരുന്നു, മറ്റൊരു വിശദീകരണം.
ഗാന്ധി ഈ സമയത്ത് ഉറങ്ങാൻ പോയിരുന്നു. ഗാന്ധിയുടെ തന്നെ വിവരണമനുസരിച്ച് ”അപ്പോൾ സമയം ഏതാണ്ട് പത്തു മണിയായിരുന്നു (കൽക്കത്തയിലെ സമയം ). അവർ അവരുടെ ഏറ്റവും ഉച്ചത്തിലുള്ള ഒച്ചയിൽ അട്ടഹസിക്കാൻ തുടങ്ങി. എന്റെ ഉറക്കം മുറിയുകയും, എന്താണ് സംഭവിക്കുന്നതെന്നറിയാതെ, ഞാൻ ശാന്തമായി കിടക്കാൻ ശ്രമിക്കുകയും ചെയ്തു. ജനാലച്ചില്ലുകൾ തകരുന്ന ശബ്ദം ഞാൻ കേട്ടു. എൻ്റെ രണ്ടു വശങ്ങളിലായി കിടന്നുറങ്ങിയ രണ്ട് ധീരരായ പെൺകുട്ടികൾ (മനുവും ആഭയും ), കണ്ണുകളടച്ച് ഞാൻ കിടന്നിരുന്നതിനാൽ ഞാനുറക്കത്തിലാണെന്ന് കരുതി, എണീറ്റ് ആൾക്കൂട്ടത്തിലേയ്ക്ക് പോകുകയും അവരെ സമാധാനിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ദൈവത്തിന് നന്ദി. ആ ആൾക്കൂട്ടം അവരെ ഉപദ്രവിച്ചില്ല”.
ആ രണ്ടു പെൺകുട്ടികളുടെ സാന്നിദ്ധ്യം തെമ്മാടി ആൾക്കൂട്ടത്തെ ശമിപ്പിച്ചില്ല. അവർ ഹോക്കിവടികളും കല്ലുകളും കൊണ്ട് അവിടുത്തെ മരസാമാനങ്ങളും ഫോട്ടോകളും തൂക്കുവിളക്കുകളും തല്ലിത്തകർക്കാൻ തുടങ്ങി. ഗാന്ധിസംഘത്തിലെ ഒരാൾ പൈജാമ ധരിച്ചിരുന്നു. അയാൾ മുസ്ലീമാണെന്ന് ധരിച്ച് തെമ്മാടിക്കൂട്ടം അയാൾക്ക് നേരെ തിരിഞ്ഞു.
ഗാന്ധിയുടെ വിവരണം തുടരുന്നു. ”ആ വീട്ടിലെ, എല്ലാവരും സ്നേഹത്തോടെ ബീയമ്മ എന്ന് വിളിക്കുന്ന, ഏറ്റവും പ്രായം ചെന്ന മുസ്ലീം സ്ത്രീയും ഒരു ചെറുപ്പക്കാരനായ മുസ്ലീമും എൻ്റെ കിടക്കക്കരികിൽ വന്നു നിന്നു. എനിക്ക് സംരക്ഷണമൊരുക്കാനാണ് അത് ചെയ്തതെന്ന് ഞാൻ വിചാരിക്കുന്നു. ബഹളം തുടർന്നു കൊണ്ടിരുന്നു. നടുവിലെ ഹാളിലേയ്ക്ക് ചിലർ പ്രവേശിക്കുകയും പല വാതിലുകളിലും മുട്ടി വിളിക്കുകയും ചെയ്തിരുന്നു. എണീറ്റ് രോഷാകുലമായ ആ ആൾക്കൂട്ടത്തെ അഭിമുഖീകരിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നി. ഒരു വാതിലിൻ്റെ മുന്നിലായി ഞാൻ നിന്നു. എനിക്ക് പരിചയമുള്ള മുഖങ്ങൾ എന്നെ വളയുകയും മുന്നോട്ടു നീങ്ങുന്നതിൽ നിന്ന് എന്നെ തടയുകയും ചെയ്തു”.
ഗാന്ധി യഥാർത്ഥത്തിൽ അന്ന് ആഴ്ചയിലൊരിക്കൽ ആചരിക്കുന്ന മൗനവ്രതത്തിലായിരുന്നു. എന്നാൽ തെമ്മാടികൾക്ക് നേരെ മുഖാമുഖം നിൽക്കുമ്പോൾ അദ്ദേഹം അത് മാറ്റിവെച്ചു. ശാന്തനായി അദ്ദേഹം അവരോട് ചോദിച്ചു. ”എന്ത് ഭ്രാന്താണിത്? എന്തുകൊണ്ടാണ് നിങ്ങൾ എന്നെ ആക്രമിക്കാത്തത്? ഞാനിതാ, നിങ്ങളുടെ ആക്രമണത്തിന് എന്നെത്തന്നെ വിട്ടുതരുന്നു”. ഗാന്ധി അതേ വാചകങ്ങൾ മൂന്നു പ്രാവശ്യം ആവർത്തിച്ചു. ബംഗാളി അറിയുന്ന ആഭയോട്, ഈ വാചകങ്ങൾ ബംഗാളിയിലേയ്ക്ക് തർജ്ജമ ചെയ്ത് അവരോട് പറയാനും ആവശ്യപ്പെട്ടു. അവരൊന്നും മിണ്ടിയില്ല. ഗാന്ധിയുടെ തന്നെ വാചകങ്ങളിൽ ”ഒന്നും നടന്നില്ല. അവരുടെ ചെവികൾ യുക്തിക്ക് നേരെ കൊട്ടിയടച്ചിരുന്നു. ഞാൻ ഹിന്ദു രീതിയിൽ രണ്ടുകൈകളും അവർക്ക് നേരെ കൂപ്പി. ഒന്നും സംഭവിച്ചില്ല. കൂടുതൽ ജനാലച്ചില്ലുകൾ തകരാൻ തുടങ്ങി”.
” എവിടെ ആ തെമ്മാടി സുഹ്രവർദ്ദി?” ആരോ ജനക്കൂട്ടത്തിനിടയിൽ നിന്നും അട്ടഹസിച്ചു. “അവർ സുഹ്രവർദ്ദിയെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നു എന്നത് പോലെയായിരുന്നു ആ അട്ടഹാസം. ഭാഗ്യത്തിന് അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. എന്നോടൊപ്പം നവഖലി യാത്ര തുടങ്ങുന്നതിന് തയ്യാറാകാനായി അദ്ദേഹം സ്വവസതിയിൽ പോയിരിക്കുകയായിരുന്നു. അദ്ദേഹത്തെ കാണാതായപ്പോൾ അവർ അവരുടെ ദേഷ്യം എൻ്റെ നേരെ തിരിച്ചു വെച്ചു. കാര്യങ്ങൾ ആകെ താറുമാറായി”.
ഗാന്ധിക്കൊപ്പം താമസിക്കുന്ന രണ്ട് മുസ്ലീം യുവാക്കൾ അവരെ തടയാനായി പുറത്തേയ്ക്ക് വന്നു. അവരെ ആൾക്കൂട്ടം മർദ്ദിച്ചു. ഒരാൾ മുറിഞ്ഞ് ചോരയൊലിച്ചു. അദ്ദേഹം പിൻവലിഞ്ഞ് ഗാന്ധിയുടെ പിന്നിൽ അഭയം തേടി. അദ്ദേഹത്തിന് നേരേ ഒരാൾ ഭാരമുള്ള ഒരു ഇഷ്ടികക്കഷണം വലിച്ചെറിഞ്ഞു. അവിടെ നിന്നിരുന്ന ഒരു മുസ്ലീമിൻ്റെ ശരീരത്തിലാണ് അത് കൊണ്ടത്. കനമുള്ള ഒരു മരക്കൊമ്പ് ഗാന്ധിയുടെ ശിരസ്സിൽ കൊണ്ടു, കൊണ്ടില്ല എന്ന മട്ടിൽ പിറകുവശത്തെ ചുമരിൽ ചെന്ന് ഇടിച്ചു വീണു. ഗാന്ധിയുടെ തലയിൽ അത് കൊള്ളുകയായിരുന്നെങ്കിൽ, ഒരു സംശയവുമില്ല, അന്ത്യം സംഭവിക്കുമായിരുന്നു.
കുറച്ചു സമയത്തിന് ശേഷം അവിടെയെത്തിയ പോലീസ് മേധാവിയും സംഘവും അവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയും ആൾക്കൂട്ടത്തെ പിരിച്ചു വിടുകയും ചെയ്തു. അധികം താമസിയാതെ അവിടെയെത്തിയ ബംഗാൾ മുഖ്യമന്ത്രി ഡോ. പ്രഫുല്ല ഘോഷ്, കുത്തേറ്റു എന്ന് പറഞ്ഞ ചെറുപ്പക്കാരൻ്റെ പരിക്കുകൾ പരിശോധിക്കാനുള്ള ഏർപ്പാടുകൾ ചെയ്തു. പരിശോധനയിൽ കത്തിയേറ്റതിൻ്റെ ലാഞ്ഛന പോലും ആ ചെറുപ്പക്കാരൻ്റെ ശരീരത്തിലുണ്ടായിരുന്നില്ല എന്ന് തെളിഞ്ഞു. ഹിന്ദുമഹാസഭയാണ് ഗാന്ധിക്ക് നേരെ നടത്തിയ ആക്രമണത്തിനും കൊൽക്കൊത്തയിലെ സമാധാനസ്ഥിതി തകർക്കുന്നതിനും പിന്നിൽ എന്ന് മനസ്സിലാക്കിയ ഡോ. പ്രഫുല്ല ഘോഷ്, അവരുടെ നേതാക്കളെ അറസ്റ്റു ചെയ്യട്ടെ എന്ന് ഗാന്ധിയോടാരാഞ്ഞു. അത്തരം അറസ്റ്റ് നടന്നാൽ അതിനെ മുൻ നിർത്തി വ്യാപകമായ തോതിൽ അവർ മുസ്ലീംഹത്യ നടത്തും എന്ന ബോധ്യത്തിലാകും, ഗാന്ധി അത് തടഞ്ഞു. ”സമാധാനം നിലനിർത്തേണ്ട ഭാരവും ബാധ്യതയും അവരുടെ ചുമലിൽ ഏല്പിക്കുകയാണ് വേണ്ടത്” ഗാന്ധി പറഞ്ഞു. ”സമാധാനമാണോ സംഘട്ടനമാണോ ആഗ്രഹിക്കുന്നതെന്ന് അവരോട് ചോദിക്കൂ”.
ഗാന്ധി ഉറങ്ങാൻ പോയപ്പോൾ രാത്രി 12.30 മണി കഴിഞ്ഞിട്ടുണ്ടായിരുന്നു. കൊൽക്കൊത്തയിൽ തൻ്റെ ദൗത്യം അവസാനിച്ചിട്ടില്ല എന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടിരിക്കണം. ബഹളത്തിനിടയിൽ ഗാന്ധി തന്നോട് ഇടറിയ ശബ്ദത്തിൽ പറഞ്ഞത് പ്യാരേലാൽ ഓർക്കുന്നുണ്ട്. ”എൻ്റെ ദൈവം എന്നോട് ചോദിക്കുന്നു. എവിടെയാണ് നീ നിൽക്കുന്നത് ? ആഗസ്റ്റ് 15-ന് സ്ഥാപിക്കപ്പെട്ട സമാധാനത്തിൻ്റെ നിജസ്ഥിതി ഇതാണോ?”
കൊൽക്കൊത്ത, ഹിന്ദു വംശീയവാദികളുടെ നേതൃസ്ഥാനീയർ പാർക്കുന്ന ഇടം കൂടിയായിരുന്നു. അവരെക്കൊണ്ടു തന്നെ ലഹള പിൻവലിപ്പിക്കാൻ സാധിക്കുമോ എന്ന ഗാന്ധിഹിതം നടപ്പിലാക്കാനായി പ്യാരേലാലും മറ്റും, സവർക്കർ കഴിഞ്ഞാൽ ഹിന്ദുമഹാസഭയുടെ പ്രധാനപ്പെട്ട നേതാവും കേന്ദ്രമന്ത്രിയുമായ ശ്യാമപ്രസാദ് മുഖർജിയെ കാണാനിറങ്ങി. ലഹളയിൽ നിന്ന് ഹിന്ദുക്കളോട് പിൻതിരിഞ്ഞു നിൽക്കാനുള്ള സന്ദേശം അദ്ദേഹത്തിൽ നിന്നും കൈപ്പറ്റി. മറ്റൊരു നേതാവായ എൻ സി ചാറ്റർജിയെ കാണാനുള്ള ശ്രമം, അദ്ദേഹം സ്ഥലത്തില്ലാത്തത് കൊണ്ട് സാധ്യമായില്ല. ചാറ്റർജിയെ താൻ കാര്യങ്ങൾ ധരിപ്പിക്കാമെന്ന് ശ്യാമപ്രസാദ് മുഖർജി ഉറപ്പുനൽകിയതിനെ തുടർന്ന് അവർ മടങ്ങിപ്പോന്നു.
എന്നാൽ ഹിന്ദു വംശീയവാദികൾക്ക് കൃത്യമായ ഒളിച്ചു വെച്ച അജണ്ട ഉണ്ടായിരുന്നു. പഞ്ചാബു പോലെ ബംഗാളും കുരുതിക്കളമാക്കുന്നത്, ഇന്ത്യയിലെ ഹിന്ദുരാഷ്ട്ര സംസ്ഥാപനം എന്ന ലക്ഷ്യത്തിലേയ്ക്ക് അവരെ കൂടുതൽ അടുപ്പിക്കും. 1947 സെപ്തംബർ 1 സായാഹ്നമാകുമ്പോഴേയ്ക്കും കൊൽക്കൊത്തയിലെ വിവിധഭാഗങ്ങളിൽ നിന്നും രക്തരൂക്ഷിതമായ ലഹളകളുടെ വിവരങ്ങൾ വരാൻ തുടങ്ങി. ഓരോ പത്തുമിനിറ്റിലും പുതിയ പുതിയ വാർത്തകൾ രക്തത്തിലെഴുതിയ കഥകളെ ഗാന്ധിയുടെ അടുത്തെത്തിച്ചു. സായാഹ്നത്തിൽ അദ്ദേഹം കുടിക്കാറുണ്ടായിരുന്ന പഴച്ചാറ്, ആരോ കൊണ്ടു കൊടുത്തപ്പോൾ അദ്ദേഹം അത് നിരാകരിച്ചു.
ബലിയാഘട്ടയിൽ നിന്ന് ഹിന്ദുത്വവാദികളുടെ ആക്രമണം മൂലം ഒഴിഞ്ഞുപോയിരുന്ന മുസ്ലീങ്ങൾ, ഗാന്ധിയും സുഹ്രവർദ്ദിയും അവിടെ താമസിക്കാൻ തുടങ്ങിയ ബലത്തിൽ, ഓരോരുത്തരായി തിരിച്ചെത്താൻ തുടങ്ങിയിരുന്നു. അവരോട് തങ്ങളുടെ വാസസ്ഥാനങ്ങളിലേയ്ക്ക് തിരിച്ചു വരാനായി ഗാന്ധി അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഒരു തുറന്ന ട്രക്കിൽ അങ്ങനെ തിരിച്ചു വരികയായിരുന്ന ഒരു കൂട്ടം മുസ്ലീങ്ങളുടെ നേർക്ക്, ഗാന്ധി താമസിച്ചിരുന്ന ഹൈദരിമൻസിലിന് അരികെയുള്ള ഖബറിസ്ഥാനിനടുത്തുവെച്ച്, അടുത്തുള്ള ഒരു കെട്ടിടത്തിൻ്റെ മുകളിൽ നിന്നും കൈബോംബെറിഞ്ഞു. രണ്ടു മുസ്ലീങ്ങൾ തൽക്ഷണം മരിച്ചു. വിവരമറിഞ്ഞ് ഗാന്ധി അവിടെയെത്തി. പ്യാരേലാൽ ആ ദൃശ്യം രേഖപ്പെടുത്തിയിട്ടുണ്ട്. ”അത് ദയനീയമായൊരു കാഴ്ചയായിരുന്നു. മരിച്ച മനുഷ്യർ ഒരു രക്തക്കുളത്തിലാണ് കിടന്നിരുന്നത്. അവരുടെ കണ്ണുകൾ മേലോട്ട് തുറന്നിരുന്നു. അവരുടെ മുറിവുകൾക്ക് മേൽ ഒരു കൂട്ടം ഈച്ചകൾ ഒച്ച വെച്ച് പറന്നിരുന്നു. പാവപ്പെട്ട ദൈനംദിനത്തൊഴിലാളികൾ ആയിരുന്നിരിക്കണം അവർ. അവരിൽ ഒരാൾ കീറിപ്പറഞ്ഞ മുണ്ട് ചുറ്റിയിരുന്നു. അതിൻ്റെ കോന്തലയ്ക്കൽ ചുറ്റിവെച്ചിരുന്ന നാലണ, അഴിഞ്ഞ് വീണ് ആ ശവശരീരത്തിനരികെ കിടന്നിരുന്നു. നിഷ്ക്കളങ്കരായ ആ മനുഷ്യരുടെ മേൽ നടത്തിയ കണ്ണിൽച്ചോരയില്ലാത്ത അറവു കണ്ട് ഗാന്ധി കുറേ നേരം സ്തംഭിച്ചു നിന്നു.”
അന്നേരമായിരിക്കണം, തൻ്റെ കൈയ്യിലെ ഏറ്റവും പ്രധാനപ്പെട്ട സമരായുധം, ബ്രിട്ടീഷുകാരെ ദുർബലപ്പെടുത്താൻ പല തവണ പ്രയോഗിച്ച സമരായുധം, വെറി പൂണ്ട ഹിന്ദുത്വ വാദികൾക്കെതിരെയും പ്രയോഗിക്കാൻ ഗാന്ധി തീരുമാനിച്ചിട്ടുണ്ടാകുക. ദശകങ്ങൾ താൻ നയിച്ച സമരത്തിനൊടുവിൽ സ്വാതന്ത്ര്യം ലഭിച്ചിട്ട് രണ്ടാഴ്ച ആയിട്ടേ ഉള്ളൂ. സ്വാതന്ത്ര്യം പൂർത്തിയാക്കാൻ ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ പുതിയ വേഷമണിഞ്ഞു വരുന്ന നവ ബ്രാഹ്മണവാദികളെ കൂടി അതേ അളവിൽ നേരിടേണ്ടി വരുമെന്ന് ഗാന്ധിക്ക് മനസ്സിലായി. ആ ശവശരീരങ്ങൾ കണ്ട് മടങ്ങുമ്പോൾ അദ്ദേഹം ഒരു സഹപ്രവർത്തകനോട് ഇങ്ങനെ മൊഴിഞ്ഞു. ”ഞാൻ വെളിച്ചത്തിനായി പ്രാർത്ഥിക്കുകയാണ്. രാത്രിയിൽ ഒരു പക്ഷേ, വ്യക്തമായ സൂചന എനിക്ക് കിട്ടിയേക്കും”.
ആ സായാഹ്നത്തിൽ ഗാന്ധിയുടെ ഉദരം അങ്ങേയറ്റം പ്രശ്നത്തിലായി. ഒരു ഗ്ലാസ്സ് ചൂടുവെള്ളവും ഗ്ലൂക്കോസും കഴിച്ച ശേഷം അന്നു രാത്രി 8.15-ന്, 1947 സെപ്തംബർ 1-ന്, ഗാന്ധി നിരാഹാരസത്യഗ്രഹം ആരംഭിച്ചു. രാത്രി 10 മണിക്ക് രാജാജി ഗാന്ധിയെ സന്ദർശിച്ച് അതിൽ നിന്നും അദ്ദേഹത്തെ പിൻതിരിപ്പിക്കാൻ ശ്രമിച്ചു. തെമ്മാടികൾക്കെതിരെ നിരാഹാരസത്യഗ്രഹം നടത്തിയാൽ മരിച്ചു പോവുകയല്ലാതെ മറ്റൊന്നും സംഭവിക്കില്ലെന്ന് വരെ രാജാജി പറയാൻ ശ്രമിച്ചു. ഗാന്ധി മരിക്കുകയാണെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്നും. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ അനിശ്ചിതാവസ്ഥയിൽ ഇടരുതെന്നും, അവർക്ക് കവചമൊരുക്കുന്നതിൽ എന്തെങ്കിലും ചെയ്യാൻ സാധിച്ചാൽ, തൻ്റെ നിരാഹാരസത്യഗ്രഹത്തിന് അർത്ഥമുണ്ടാകുമെന്നും ഗാന്ധി പറഞ്ഞു. അഥവാ താൻ മരിക്കുകയാണെങ്കിൽ, വർദ്ധിതമായ ലഹളയുടെ സാക്ഷിയാകുന്നതിൽ നിന്നും താൻ വിമോചിതമാകും. ”ഞാനെൻ്റെ കർത്തവ്യം അനുഷ്ഠിക്കുകയാണ്. ഒരു മനുഷ്യന് അതിൽ കൂടുതൽ ചെയ്യാൻ ഒന്നും തന്നെയില്ല”.
1947 ആഗസ്റ്റ് 31-ന് ഹൈദരി മാൻഷനിൽ നടന്ന സംഭവങ്ങളെ അനുസ്മരിച്ചു കൊണ്ടാണ് തൻ്റെ നിരാഹാരസത്യഗ്രഹത്തെ സംബന്ധിച്ച പ്രസ്താവന, ഗാന്ധി, രാജാജിയെക്കൊണ്ട് തയ്യാറാക്കിപ്പിച്ചത്. അതിൽ ഇങ്ങനെ പറയുന്നു. ”അങ്ങേയറ്റം ദരിദ്രരായ രണ്ട് മുസ്ലീങ്ങളുടെ ശവശരീരങ്ങൾ ഞാൻ കണ്ടു. അറപ്പും വെറുപ്പും തോന്നിപ്പിക്കുന്ന അവസ്ഥയിൽ ഒരു വണ്ടിയിൽ സുരക്ഷിതസ്ഥാനത്തേയ്ക്ക് മാറ്റുന്ന മുസ്ലീങ്ങളേയും ഞാൻ കണ്ടു. മേൽ വിവരിച്ച തരത്തിൽ ഇന്നലെ രാത്രിയിൽ നടന്ന സംഭവങ്ങളും ഞാൻ കാണുകയുണ്ടായി. ഇത് ആളിപ്പടരും മുമ്പേ ഒന്നുമില്ലായ്മയിലേയ്ക്ക് അതിനെ കെടുത്തണം”. എല്ലാവരും തന്നെ പഞ്ചാബിലേയ്ക്ക് വിളിക്കുന്നുണ്ടെന്നും, ബംഗാളിലെ തീ കെടുത്താതെ പഞ്ചാബിൽ പോയാൽ, അതിനെന്ത് വിലയുണ്ടാകുമെന്നും ഗാന്ധി പ്രസ്താവനയിൽ ചോദിക്കുന്നുണ്ട്. കൊൽക്കൊത്തയുടെ വിശുദ്ധി തിരിച്ചുപിടിക്കും വരെയായിരിക്കും തൻ്റെ നിരാഹാരമെന്നും ഗാന്ധി പ്രസ്താവനയിൽ പറഞ്ഞു.
പിറ്റേന്ന് തൻ്റെ നിലപാടുകൾ വിശദീകരിച്ച് ഗാന്ധി, സർദാർ പട്ടേലിനും, ജവഹർലാൽ നെഹ്റുവിനും കത്തുകളെഴുതി. ഡോ. ദിൻഷാ മേത്ത, ഗാന്ധിയെ പരിശോധിച്ചു. 19 സെക്കൻ്റിനുള്ളിൽ 4 ഹൃദയസ്പന്ദനങ്ങൾ നഷ്ടപ്പെടുന്നതായി ഡോക്ടർ കണ്ടു.
അന്ന് കൊൽക്കൊത്തയിൽ കൊടും മഴയായിരുന്നു. എന്നിട്ടും അക്രമങ്ങൾ തുടർന്നുകൊണ്ടിരുന്നു. സക്കറിയത്തെരുവിൽ കൊള്ള നിർബാധം തുടരുന്നുവെന്ന് ഒരു സഹപ്രവർത്തകൻ അറിയിച്ചു. ബീഹാറിൽ നിന്നും പഞ്ചാബിൽ നിന്നും എത്തിയ ഹിന്ദു വംശീയവാദികളും സിക്ക് തീവ്രവാദികളുമാണ് ലഹളയ്ക്ക് പിന്നിൽ എന്ന് ഹൈദരി മാൻഷനിൽ എത്തിയ പ്രൊഫസർ നിർമ്മൽ കുമാർ ബോസ് അറിയിച്ചു. ബംഗാളികളും അവരുടെ കൂടെ ചേർന്നിരിക്കുന്നു. സിയാൽദ റെയിൽവേ സ്റ്റേഷനടുത്ത് ഒരു മുസ്ളീം ഹോട്ടലിന് തീയ്യിട്ടതായും പ്രൊഫസർ ‘അറിയിച്ചു.
സുഭാഷ് ചന്ദ്ര ബോസിൻ്റെ സഹോദരനായ ശരത് ബോസ്, അധികം താമസിയാതെ ഗാന്ധിയെ കാണാനെത്തി. സുഭാഷ് ചന്ദ്ര ബോസ് സ്ഥാപിച്ച ഫോർവേർഡ് ബ്ലോക്ക് ആണ് ലഹളയ്ക്ക് പിന്നിൽ എന്ന് ഹിന്ദുമഹാസഭ പ്രചരിപ്പിക്കുന്നുണ്ടെന്നും ഹിന്ദുമഹാസഭയാണ് കലാപത്തിന് പിന്നിൽ എന്നും ശരത് ബോസ് വിശദീകരിച്ചു.
നിരാഹാരത്തിൻ്റെ രണ്ടാം ദിവസം, 1947 സെപ്തംബർ 3 ആയതോടെ, അത് ഫലം ചെയ്തുതുടങ്ങി. കലാപങ്ങൾ അടങ്ങി. കൊൽക്കത്താ തെരുവുകളിൽ സമാധാന ജാഥകൾ പ്രത്യക്ഷപ്പെട്ടു. സെപ്തംബർ 4 ആയതോടെ ഗാന്ധി കുറേക്കൂടി ക്ഷീണിതനായി. ശബ്ദം, മന്ത്രണം പോലെയായി. നാഡീമിടിപ്പ് താണു. തല ചുറ്റൽ ഇടയ്ക്കിടെ വന്നു. ചെവിയിൽ ഒരു മൂളക്കം സദാസമയവും തങ്ങി നിന്നു.
പിറ്റേ മാസം, എഴുപത്തെട്ട് വയസ്സ് തികയേണ്ട വൃദ്ധ ഗാന്ധിയാണ് കൊൽക്കൊത്തയിൽ ഹിന്ദുത്വ ഭീകരതയ്ക്കെതിരെ ഒറ്റയാൾ പട്ടാളം കണക്കെ നിരാഹാരസത്യഗ്രഹം അനുഷ്ഠിച്ചത്. അന്നത്തെ ഇന്ത്യൻ പുരുഷന്റെ ശരാശരി ആയുസ്സ് 31 വയസ്സായിരുന്നു എന്നോർക്കണം.
എന്തായാലും, കൊൽക്കൊത്തയിൽ, അത്ഭുതം ഒരിക്കൽ കൂടി ആവർത്തിച്ചു. ലഹളകൾ നിലക്കാൻ തുടങ്ങി. ഉച്ചയോടു കൂടി മദ്ധ്യ കൊൽക്കൊത്തയിൽ നിന്നും ഇരുപത്തേഴു പേരടങ്ങുന്ന സംഘം ഗാന്ധിയെ കാണാൻ വന്നു. പ്രതിരോധ സംഘം എന്ന് പേരുള്ള അവർ ഹിന്ദു വംശീയവാദികളുടെ ഗുണ്ടകളായി പ്രവർത്തിച്ചു വരികയായിരുന്നു. കൊൽക്കൊത്തയിൽ പലയിടങ്ങളിലും അരങ്ങേറിയുന്ന ലഹളയ്ക്ക് പിന്നിൽ പ്രവർത്തിച്ചത് അവരായിരുന്നു എന്നവർ പറയുകയുണ്ടായി. ഗാന്ധിക്ക് നേരേ കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ കനത്ത കമ്പ് വലിച്ചെറിഞ്ഞ ആളും കൂട്ടത്തിലുണ്ടായിരുന്നു. ഗാന്ധിയോട് അങ്ങനെ ചെയ്തതിൽ അയാൾ മാപ്പുചോദിച്ചു. തങ്ങളുടെ കീഴിലുള്ളവർ നടത്തുന്ന ലഹളകൾ ഉടനടി നിർത്താമെന്ന് അവർ ഗാന്ധിക്ക് സത്യവാങ്ങ്മൂലം നൽകി. നിരാഹാരം ഉടൻ പിൻവലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
നിരന്തര സമാധാനം ഉറപ്പായാൽ മാത്രമേ, നിരാഹാര സമരത്തിൽ നിന്നും പിന്മാറൂ എന്ന് ഗാന്ധി ഉറപ്പിച്ചു പറഞ്ഞു. തുടർന്ന് വന്നത് മുസ്ലീം സംഘമാണ്. ഇപ്പോൾ അവർക്ക് സുരക്ഷിതത്വം അനുഭപ്പെടുന്നുണ്ടെന്നും അതിനാൽ നിരാഹാരം പിൻവലിക്കണമെന്നും അവർ ഗാന്ധിയോട് അഭ്യർത്ഥിച്ചു. മൂന്നാമത് ഒരു സംഘം ഗുണ്ടകൾ സായാഹ്നത്തിൽ ഗാന്ധിയുടെ അടുത്തെത്തി. ഹൈദരിമൻസിലിലെ ആക്രമണത്തിന് നേതൃത്വം വഹിച്ചവർ അവരായിരുന്നു. തങ്ങളുടെ ആയുധങ്ങൾ അവർ ഗാന്ധിക്ക് മുന്നിൽ സമർപ്പിച്ചു. എന്ത് ശിക്ഷ തന്നാലും ഏറ്റെടുക്കാൻ തയ്യാറാണെന്ന് അവർ പറഞ്ഞു. മുസ്ലീങ്ങളുടെ അടുത്ത് പോയി അവരുടെ സുരക്ഷ ഉറപ്പാക്കലാണ് അവർക്ക് വിധിക്കുന്ന ശിക്ഷ എന്ന് ഗാന്ധി പറഞ്ഞു. ബംഗാൾ ശാന്തമായ ശേഷം പഞ്ചാബി ലേയ്ക്ക് പോകണമെന്നും ആ യാത്ര നിങ്ങളാണ് ഉറപ്പാക്കി തരേണ്ടതെന്നും ഗാന്ധി അവരോട് പറഞ്ഞു.
വൈകീട്ട് 5.30 ആയപ്പോൾ രാജാജി, കൊൽക്കൊത്ത പൂർണ്ണമായും ശാന്തമായതായി ഗാന്ധിയെ അറിയിച്ചു. ഏതാണ്ട് 6 മണിയോടെ കൊൽക്കത്തയിലെ ജനസമൂഹത്തെ പ്രതിനിധീകരിക്കുന്ന ഒരു സംഘം ഗാന്ധിയെ കാണാനെത്തി. സുഹ്രവർദ്ദി, ഹിന്ദുമഹാസഭയെ പ്രതിനിധീകരിച്ച് എൻ സി ചാറ്റർജി, സിക്കുകാരുടെ പ്രതിനിധിയായി സർദ്ദാർ നിരഞ്ജൻ സിംഗ് താലിബ് എന്നിവർ ആ സംഘത്തിലുണ്ടായിരുന്നു. നഗരം ശാന്തമായതായി അവർ അറിയിച്ചു. ആ വിവരം ശരിയല്ലെങ്കിൽ താൻ ഇനിയും മരണം വരെ നിരാഹാരമിരിക്കും എന്നും തൻ്റെ മരണത്തിൻ്റെ ഉത്തരവാദിത്വം അവർക്കായിരിക്കും എന്നും ഗാന്ധി വികാരാധീനനായി സംസാരിച്ചു. ചർച്ചയുടെ അവസാനം നിരാഹാരം അവസാനിപ്പിക്കാനുള്ള പ്രതിജ്ഞ തയ്യാറാക്കപ്പെട്ടു. അതിൽ ഹിന്ദുമഹാസഭയെ പ്രതിനിധീകരിച്ച് എൻ സി ചാറ്റർജിയും ഡി എൻ മുഖർജിയും ഒപ്പിട്ടു. (ജിന്നയുടെ ) മുസ്ലീംലീഗിനെ പ്രതിനിധീകരിച്ച് ഒപ്പിട്ടത് സുഹ്രവർദ്ദിയാണ്. പഞ്ചാബികളെ പ്രതിനിധീകരിച്ച് ആർ കെ ജെയ്ഡ്കയും സിക്കുകാരെ പ്രതിനിധീകരിച്ച് നിരഞ്ജൻ സിംഗ് താലിബും അതിൽ ഒപ്പുവെച്ചു.
അങ്ങനെ സ്വതന്ത്ര ഇന്ത്യയിൽ ഗാന്ധി നടത്തിയ 73 മണിക്കൂർ നീണ്ടുനിന്ന ആദ്യ നിരാഹാരം 1947 സെപ്തംബർ 4 ന് രാത്രി 9. 15-ന് അവസാനിച്ചു. ഒരിക്കൽ കൂടി ഹിന്ദു വംശീയവാദികളുടെ ഹിംസാത്മക രാഷ്ട്രീയം ഗാന്ധിയിൽ തട്ടിത്തകർന്നു. ഷഹീദ് സുഹ്രവർദ്ദിയാണ് നിരാഹാരം അവസാനിപ്പിക്കാനുള്ള നാരങ്ങനീർ ഗാന്ധിക്ക് കൈമാറിയത്.
1947 സെപ്തംബർ 6-ന് രാത്രി 9 മണിക്ക് ബേലൂരിൽ നിന്നും ഡെൽഹിയിലേയ്ക്ക് ഗാന്ധി ട്രെയിൻ കയറി. ഡെൽഹിയിലെത്തിയ ശേഷം അവിടെ നിന്നും രക്തം ചിന്തിക്കൊണ്ടിരിക്കുന്ന പഞ്ചാബിലേയ്ക്ക് പോകാനാണ് ഗാന്ധി കരുതിയിരുന്നത്. ചരിത്രം പക്ഷെ, മറ്റൊരു സമരമുഖമാണ് ഗാന്ധിക്കായി ഡെൽഹിയിൽ ഒരുക്കി വെച്ചിരുന്നത്. ഗാന്ധിയെ തീവണ്ടി കേറ്റാനായി, ബേലൂർ സ്റ്റേഷനിൽ മുഖ്യമന്ത്രി ഡോ. പ്രഫുല്ല ഘോഷും മന്ത്രിസഭാംഗങ്ങളും എത്തിയിരുന്നു. ഒപ്പം സുഹ്രവർദ്ദിയും. തീവണ്ടി നീങ്ങിയപ്പോൾ സുഹ്രവർദ്ദിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. 1946-ൽ നേർപ്രയോഗദിനത്തെ തുടർന്നുള്ള വർഗ്ഗീയ കലാപം കൊൽക്കൊത്തയിലും പിന്നീട് നവഖലിയിലും വ്യാപിച്ചപ്പോൾ, അവിടേയ്ക്ക് വന്ന ഗാന്ധിയെ ഒട്ടും സൗഹൃദത്തോടല്ലായിരുന്നു സുഹ്രവർദ്ദി സ്വീകരിച്ചിരുന്നത്. മുസ്ലീങ്ങളെ കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്താനുമുള്ള വരവായാണ് അതിനെ സുഹ്രവർദ്ദി വീക്ഷിച്ചത്. പക്ഷേ, നിരന്തരമായ സഹവാസം, അദ്ദേഹത്തെ അടിമുടി മാറ്റിത്തീർത്തു. കൊൽക്കൊത്തയിലെ അത്ഭുതം സാധ്യമാക്കുന്നതിൽ ഗാന്ധിയുടെ വലംകൈയ്യായി നിന്ന് പ്രവർത്തിച്ചത് അദ്ദേഹമാണ്.
ബീഹാറിന് ശേഷം ബംഗാളിലും തങ്ങളുടെ പദ്ധതികൾ പരാജയപ്പെട്ടത് ഹിന്ദു വംശീയവാദികളെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്.
————-
തുടരും.
———
ഹിന്ദുത്വ ഭീകരതയുടെ കഥ – ഇതുവരെയുള്ള ഭാഗങ്ങൾ ഇവിടെ വായിക്കുക.







Be the first to write a comment.