ഗാന്ധി v/s ഹിന്ദുത്വ @ഡൽഹി
ഹിന്ദുത്വ ഭീകരതയുടെ കഥ- അധ്യായം: 8
1947 സെപ്തംബർ 9 ന് ഡെൽഹിയിൽ തീവണ്ടിയിറങ്ങുമ്പോൾ ഗാന്ധിയെക്കാത്ത് സർദാർ പട്ടേൽ റെയിൽവേ സ്‌റ്റേഷനിൽ കാത്തുനിൽപ്പുണ്ടായിരുന്നു. പട്ടേൽ അദ്ദേഹത്തെ ബിർള ഹൗസി’ലേയ്ക്കാണ് കൂട്ടിക്കൊണ്ടുപോയത്. സാധാരണ ഡെൽഹിയിൽ ഗാന്ധിയുടെ താമസം ഭാംഗികോളനിയിൽ ആയിരുന്നു. പക്ഷെ, പാകിസ്ഥാനിൽ നിന്നെത്തിയ അഭയാർത്ഥികൾ ഭാംഗി കോളനി കൈയ്യേറി താമസിക്കുകയായിരുന്നു.
ഡെൽഹി കത്തിയെരിയുകയായിരുന്നു. കലാപത്തെ നേരിടാൻ ഗവണ്മെൻ്റ് 24 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. സൈന്യം ഡെൽഹി യുടെ നിരത്തിൽ കവാത്തു നടത്തുന്നുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിൻ്റെ ആഹ്ളാദം ഒരിടത്തും കാണാൻ കഴിഞ്ഞില്ല. പകരം ദു:ഖവും കണ്ണീരും ഭീകരതയും മാത്രം. ഗാന്ധി, ബിർളാ ഹൗസിൽ എത്തിയപ്പോഴേയ്ക്കും നെഹ്റു അവിടെ എത്തിച്ചേർന്നിരുന്നു. ഡെൽഹിയിലെ സംഭവവികാസങ്ങൾ ഗാന്ധിക്ക് വിവരിച്ചു നൽകുമ്പോൾ നെഹ്റുവിൻ്റെ മുഖം കോപ, താപങ്ങളാൽ വിവർണ്ണമായിരുന്നു. എന്തിനാണ് ദേഷ്യപ്പെടുന്നത് എന്ന് ചോദിച്ചപ്പോൾ ”ഞാനെന്നോട് തന്നെയാണ് ദേഷ്യപ്പെടുന്നത്” എന്നായിരുന്നു നെഹ്റു വിൻ്റെ മറുപടി. ഹിന്ദു വംശീയവാദികൾ റേഷൻ കടകൾ വരെ കൊള്ളയടിച്ചിരുന്നു. ഭക്ഷ്യക്ഷാമം നഗരത്തെ പിടികൂടിയിരുന്നു. പഴങ്ങളും പച്ചക്കറികളും പലചരക്കു സാധനങ്ങളും കിട്ടാതായി.
ഡെൽഹിയിൽ ഹിന്ദു വംശീയ വാദികൾ നടത്തിയ അഴിഞ്ഞാട്ടത്തെക്കുറിച്ച്, അവിടേയ്ക്ക് തിരിക്കുമ്പോൾ ഗാന്ധിക്ക് വേണ്ടത്ര ധാരണയുണ്ടായിരുന്നില്ല. ഇവിടെ വന്ന ശേഷം അതെ സംബന്ധിച്ച് കൃത്യമായൊരു രൂപം അദ്ദേഹത്തിന് കിട്ടി. ആദ്യം തന്നെ ഒരു പത്രപ്രസ്താവനയാണ് അദ്ദേഹം പുറപ്പെടുവിച്ചത്.
“മനുഷ്യർ നിർദ്ദേശിക്കുന്നു, ദൈവം അലസിപ്പിക്കുന്നു എന്നത് ഒരു പക്ഷെ, മറ്റെല്ലാവരുടേയും ജീവിതത്തിൽ എന്ന പോലെ എൻ്റെ കാര്യത്തിലും പലപ്പോഴും ശരിയായി ഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച കൊൽക്കൊത്ത വിടുമ്പോൾ ഡെൽഹിയിലെ ദു:സ്ഥിതിയെക്കുറിച്ച് എനിക്കറിയാമായിരുന്നില്ല. പക്ഷെ, തലസ്ഥാന നഗരിയിൽ ഞാനെത്തിയത് മുതൽ, ഒരു മുഴുവൻ ദിവസവും ഞാൻ കേട്ടത് ശത്രുതയുടെ കഥയാണ്. അതാണിന്ന് ഡെൽഹി. നിരവധി മുസ്ലീം സുഹൃത്തുക്കളെ ഞാൻ കാണുകയുണ്ടായി. അവർ അവരുടെ ദയനീയ കഥകൾ എന്നോട് പറയുകയും ചെയ്തു. ഡെൽഹി ശാന്തമാകും വരെ പഞ്ചാബിലേയ്ക്ക് പോകേണ്ടതില്ല, എന്ന് ഞാനെന്നെത്തന്നെ ധരിപ്പിക്കുന്നത്ര ഞാൻ കേട്ടു.
ഈ ചൂടു പിടിച്ച അന്തരീക്ഷം ശമിപ്പിക്കാൻ എന്റേതായ നിലയിൽ ചെറുതായെന്തെങ്കിലും ചെയ്തേ പറ്റൂ. തലസ്ഥാന നഗരിയിൽ ഞാൻ എൻ്റെ പഴയ സമവാക്യം – ” ചെയ്യുക അല്ലെങ്കിൽ ചാകുക” – പ്രയോഗിക്കേണ്ടിയിരിക്കുന്നു.”
അന്നുച്ചയ്ക്ക് കിങ്ങ്സ് വേ ക്യാമ്പിലെ ഹിന്ദു, സിക്ക് അഭയാർത്ഥികൾ, അതിനെതിരെ സ്ഥിതി ചെയ്യുന്ന ക്ഷയരോഗാശുപത്രിയിൽ അതിക്രമിച്ച് കടന്ന് മുസ്ലീം രോഗികളെ ആക്രമിക്കുകയും കൊള്ള ചെയ്യുകയും ചെയ്തു. ഗാന്ധി, സുശീല നയ്യാരെ കാര്യങ്ങൾ അന്വേഷിച്ചു വരാൻ അങ്ങോട്ടയച്ചു. പോകും വഴി സെക്രട്ടറിയറ്റിൽ കയറി ജവഹർലാൽ നെഹ്റുവിനേയും സർദാർ പട്ടേലിനെയും വിവരങ്ങൾ ധരിപ്പിക്കുവാനും പറഞ്ഞു. പോകും വഴി ഒരു പള്ളി നിന്ന് കത്തുന്നത് സുശീല നയ്യാർ കണ്ടു. ഉള്ളിൽ ആരെങ്കിലും ഉണ്ടോ എന്നറിയാൻ സുശീല കയറി നോക്കി. കത്തുന്ന തീ കൂടുതൽ പ്രവേശിക്കുന്നതിൽ നിന്നും അവരെ തടഞ്ഞു. അവർ അവിടെ നിൽക്കുമ്പോൾ പുറത്തുള്ള ഒരു കെട്ടിടത്തിൽ നിന്നും വെടിയുണ്ടകൾ തുരുതുരെ പാഞ്ഞു വന്നു. ആ സ്ഥലം ആർ എസ് എസിന് ശക്തമായ അടിത്തറയുള്ള ഇടമായിരുന്നു. പള്ളിയെ സമീപിക്കുന്ന മുസ്ലീങ്ങളേയും അവരോട് സഹതാപം പ്രകടിപ്പിക്കുന്നവരേയും ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നു, അത്.
ക്ഷയരോഗാശുപത്രിയിലെത്തിയപ്പോൾ മുസ്ലീം രോഗികളെ തൊട്ടടുത്തുള്ള ജുമ പള്ളിയിലേയ്ക്ക്, ലേഡി മൗണ്ട്ബാറ്റൻ്റെ മുൻകൈയ്യിൽ ഒഴിപ്പിച്ചിരുന്നു. കൊള്ളയടിച്ച വസ്തുക്കളുമായി കിങ്ങ്സ് വേ ക്യാമ്പിനെ ലക്ഷ്യമാക്കി നീങ്ങുന്ന കുറേപ്പേരെ സുശീല കണ്ടു. തൊട്ടടുത്ത് അത് നോക്കി നിൽക്കുന്ന പോലീസുകാരനെ, ഇടപെടാത്തതിന് സുശീല വഴക്കു പറഞ്ഞു. ”എന്നെക്കാളും വലിയവർക്ക് പോലും ഇത് തടയാൻ കഴിഞ്ഞില്ല. എനിക്കെന്ത് ചെയ്യാൻ കഴിയും” എന്നയാൾ മറുപടി പറഞ്ഞു. അപ്പോൾ തന്നെ ജവഹർലാൽ നെഹ്റു അവിടെയെത്തി. സുശീല, തനിച്ച് പ്രശ്നബാധിതസ്ഥലത്തേയ്ക്ക് പോയതിൽ ഉത്കണ്ഠാകുലനായി എത്തിയതായിരുന്നു, നെഹ്റു. മുസ്ലീങ്ങളെ പകൽക്കൊള്ള ചെയ്യുന്നത് വെറുതെ നോക്കി നിൽക്കുന്ന പോലീസുകാരെ കണ്ട് സഹിക്കാനാകാതെ നെഹ്റു ക്യാമ്പിനുള്ളിലേയ്ക്ക് കടന്നു ചെന്നു. അതിനുള്ളിൽ കൊള്ളസാധനങ്ങളുമായി നിൽക്കുന്ന അഭയാർത്ഥികളെക്കണ്ട് അദ്ദേഹത്തിന് സഹിച്ചില്ല.” ഞാൻ കരുതിയത് ഞങ്ങൾ അഭയമൊരുക്കിയത് ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്കാണെന്നാണ്. ഞാനറിഞ്ഞിരുന്നില്ല, കള്ളന്മാർക്കും കൊള്ളക്കാർക്കുമാണ് അഭയം നൽകിയതെന്ന് “. അത് കേട്ടതോടെ അഭയാർത്ഥികൾ നെഹ്റുവിന് ചുറ്റും കൂടി. ഒരു ചെറുപ്പക്കാരൻ മുന്നോട്ട് വന്ന് നെഹ്റുവിനെ വെല്ലുവിളിക്കും മട്ടിൽ സംസാരിച്ചു. ക്ഷോഭം തീരാതെ നിൽക്കുന്ന നെഹ്റു വികാരത്തള്ളിച്ചയിൽ ആ ചെറുപ്പക്കാരൻ്റെ കോളറിൽ കയറിപ്പിടിച്ചു. ചെറുപ്പക്കാരനും അടങ്ങിയില്ല. ”പണ്ഡിറ്റ് ജീ, മുന്നോട്ട് പോകൂ. താങ്കളുടെ കൈകളാൽ മരിക്കുന്നതിനേക്കാളും ഭാഗ്യം മറ്റെന്തിൽ നിന്നാണ് ലഭിക്കുക?“ അയാളുടെ ചോദ്യം നെഹ്റുവിനെ തളർത്തി. ”നിങ്ങളെയോർത്ത് ഞാൻ എത്ര മാത്രം ദു:ഖിക്കുന്നു എന്ന് പറയേണ്ട സമയം അല്ലിത്. എത്ര മാത്രം എൻ്റെ ഹൃദയം വേദനിക്കുന്നുണ്ടെന്നും. പക്ഷെ, ഞാൻ നിങ്ങളോട് പറയുന്നത് ഇത്രയുമാണ്. ഈ മുസ്ലീങ്ങൾ നിങ്ങളോട് എന്തെങ്കിലും തെറ്റ് ചെയ്തോ? ഇല്ലെങ്കിൽ, നിങ്ങൾ അവരെ ദ്രോഹിക്കാൻ പാടില്ല. നമ്മൾ നീതിമാന്മാരായിരിക്കണം.”
പാവപ്പെട്ടവരും നിസ്സഹായരുമായ അഭയാർത്ഥികളെ, ഹിന്ദു വംശീയ വാദികൾ കാര്യസാധ്യത്തിനായി ഉപയോഗിക്കുന്നത് നെഹ്റുവിന് നന്നായറിയാമായിരുന്നു. ”നീതി നടപ്പാക്കുന്നതിന് അവശ്യമെങ്കിൽ, അത് ഒഴിവാക്കാനാകാത്ത അത്യാവശ്യമെങ്കിൽ, പാകിസ്ഥാനെതിരെ യുദ്ധം ചെയ്യുക പോലുമാകാം. പക്ഷെ, ഇത്തരം കാര്യങ്ങൾ തരം താഴ്ന്നതും ഭീരുത്വവുമാണ്”.
അതോടെ അവർ നിശ്ശബ്ദരായി. കുറച്ചുനേരത്തിന് ശേഷം എല്ലാവരും ചേർന്ന് ജവഹർലാൽ നെഹ്റു സിന്ദാബാദ് എന്ന് കൂട്ടായി വിളിച്ചു.
എഴുപത്തിമൂന്ന് മണിക്കൂർ നിരാഹാര സത്യഗ്രഹം തൻ്റെ ശരീരത്തിലേല്പിച്ച പരിക്കുകളെപ്പറ്റി ചിന്തിക്കാതെ 1947 സെപ്തംബർ 10 ന് തന്നെ ഗാന്ധി ക്യാമ്പുകൾ സന്ദർശിക്കാനിറങ്ങി.രണ്ടുതരം ക്യാമ്പുകളാണ് ഡെൽഹിയിലുണ്ടായിരുന്നത്. പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേയ്ക്ക് അഭയാർത്ഥികളായി എത്തിയ ഹിന്ദു – സിക്ക് ക്യാമ്പുകൾ, ഹിന്ദു വംശീയവാദികളുടെ ആക്രമണം മൂലം വീട് വിട്ടോടേണ്ടി വന്ന മുസ്ലീങ്ങളുടെ ക്യാമ്പുകൾ. അതോടൊപ്പം പാകിസ്ഥാനിലേയ്ക്കുള്ള മാറ്റം പ്രതീക്ഷിച്ചിരിക്കുന്ന മുസ്ലീങ്ങളും ക്യാമ്പുകളിൽ ഉണ്ടായിരുന്നു. ഹുമയൂണിൻ്റെ ശവകുടീരത്തിനടുത്തുള്ള അറബ് – കി – സറായ് ക്യാമ്പാണ് ഗാന്ധി ആദ്യം സന്ദർശിച്ചത്. ആൾവാർ, ഭരത്പൂർ നാട്ടുരാജ്യങ്ങളിലെ മിയാ മുസ്ലീങ്ങൾ പാകിസ്ഥാനിലേയ്ക്കുള്ള സ്ഥാനമാറ്റത്തിനായി ഈ ക്യാമ്പുകളിൽ ഉണ്ടായിരുന്നു. അവർ ഒന്നടങ്കം ഇന്ത്യ വിടേണ്ട എന്ന് ഗാന്ധിയോടാവശ്യപ്പെട്ടു. എന്ത് ചെയ്യാൻ കഴിയുമെന്ന് പരിശോധിക്കാമെന്ന് ഗാന്ധി ഉറപ്പു കൊടുത്തു.
രണ്ടാമത്, ജാമിയ മിലിയ ഇസ്ലാമിയ യാണ് ഗാന്ധി സന്ദർശിച്ചത്. ഓക്ലയിൽ സ്ഥിതി ചെയ്യുന്ന ഈ സർവ്വകലാശാലയിലാണ് ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്ന് ഹിന്ദുവംശീയവാദികൾ ആട്ടിയോടിച്ച മുസ്ളീങ്ങൾ അഭയം തേടിയിരുന്നത്. അക്കാലത്ത് ആ സർവ്വകലാശാലയുടെ വൈസ് ചാൻസലർ ഡോ. സക്കീർ ഹുസൈൻ ആയിരുന്നു. അല്പനാളുകൾക്ക് മുമ്പ്, പഞ്ചാബിൽ നിന്നും മടങ്ങി വരുന്ന വഴി ജലന്ധറിൽ വെച്ച് ഏതാനും ഹിന്ദുവംശീയ ഭീകരവാദികൾ അദ്ദേഹത്തെ വളഞ്ഞിരുന്നു. അദ്ദേഹത്തെ അറിയാമായിരുന്ന ഒരു സിക്ക് ക്യാപ്റ്റനും ഹിന്ദു സുഹൃത്തുമാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. ഈ വിവരം ഡോ. സക്കീർ ഹുസൈൻ, ഗാന്ധിയോട് വിവരിച്ചത് ഒട്ടും തന്നെ പ്രതികാരവാഞ്ഛയോടെ ആയിരുന്നില്ല. മറിച്ച് വിഷാദത്തോടെയായിരുന്നു. അദ്ദേഹത്തെപ്പോലുള്ള പ്രമുഖ വ്യക്തിയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ സ്ഥിതി എന്തായിരിക്കുമെന്ന് ഗാന്ധി ഒരു നിമിഷം ചിന്തിച്ചു. കലാപത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട രണ്ടുമാസം പ്രായമുള്ള ഒരു കുഞ്ഞിനെയും പേറി ഒരു മുസ്ലീം അഭയാർത്ഥി സ്ത്രീ വന്നു. അനാഥമാക്കപ്പെട്ട ഇന്ത്യൻ സ്വാതന്ത്ര്യത്തെ ആ കുഞ്ഞിൽ ഗാന്ധി കണ്ടിരിക്കണം.
ദിവാൻ ഹാൾ ഹിന്ദു ക്യാമ്പിൽ ഹിന്ദുവംശീയ വാദികൾ കുത്തിവെച്ച ഹിംസാത്മകത, ഹിന്ദു, സിക്ക് അഭയാർത്ഥികൾ ഗാന്ധിക്ക് നേരെ ചൊരിഞ്ഞു. പലരും ഗാന്ധിയുടെ ഹൃദയ കാഠിന്യത്തെ, മുസ്ലീങ്ങളോട് കൂടുതൽ സഹതപിക്കുന്ന സമീപനത്തെ, ഭർത്സിച്ചു സംസാരിക്കുകയുണ്ടായി. അസാമാന്യമായ വിഷാദത്താൽ ആ മുഖം കനത്തു. പിന്നീട് വേവൽ കാന്റീൻ ട്രാൻസിറ്റ് ക്യാമ്പ്, കിങ്ങ്സ് വേ ക്യാമ്പ് തുടങ്ങിയ സ്ഥലങ്ങൾ കൂടി അദ്ദേഹം സന്ദർശിച്ചു. ആകെ 41 മൈൽ അദ്ദേഹം ആ ദിവസം പിന്നിട്ടു.
സെപ്തംബർ 11 ന് രാജകുമാരി അമൃത് കൗറും സുശീല നയ്യാറുമൊത്ത് ഗാന്ധി, ഇർവിൻ ആശുപത്രി സന്ദർശിച്ചു. അത്രയധികം പരിക്കേറ്റ മുസ്ലീങ്ങളെ അവിടെ പ്രവേശിപ്പിച്ചിരുന്നു. ഓപ്പറേഷൻ തിയ്യേറ്റർ സദാ സമയവും പ്രവർത്തിച്ചുകൊണ്ടിരുന്നു. തുടർച്ചയായി ജോലി ചെയ്യേണ്ടി വന്നത് മൂലം ജീവനക്കാർ തളർന്നിരുന്നു. അവിടെ വെച്ച് വെടിയുണ്ടയേറ്റ ഒരു നാലു വയസ്സുകാരനെ ഗാന്ധി കാണുകയുണ്ടായി. സുശീല, ഡോക്ടറായതിനാൽ അവിടെ തന്നെ നിന്നു. ഗാന്ധി, തൻ്റെ ആതുരശുശ്രൂഷയുമായി ബന്ധമുള്ള സുഹൃത്തുക്കളെ ബന്ധപ്പെടാൻ ശ്രമിക്കുകയും അവരോട് ചികിത്സയിൽ സഹായിക്കാനായി ഇർവിൻ ആശുപത്രിയിൽ എത്തിച്ചേരാൻ നിർദ്ദേശിക്കുകയും ചെയ്തു. പിറ്റേന്ന് ഗാന്ധി, ജുമാ മസ്ജിദ് സന്ദർശിച്ചു. 5,000 മുസ്ലീങ്ങളെങ്കിലും അവിടെ തമ്പടിച്ചിരുന്നു. അതിന് ശേഷം നിസാമിൻ്റെ ഉടമസ്ഥതയിലുള്ള ഹൈദരാബാദ് ഹൗസും സന്ദർശിച്ചു.
പതിവുപോലെ, പ്രാർത്ഥനാ സമ്മേളനങ്ങളും ഗാന്ധി തുടങ്ങിവെയ്ക്കുകയുണ്ടായി. ആയുധങ്ങൾ ഗവണ്മെൻ്റിന് മുന്നിൽ സമർപ്പിക്കാൻ ഗാന്ധി ആവശ്യപ്പെട്ടു. അന്ന്, 1947 സെപ്തംബർ 12 ന് ആർ എസ് എസ് സർ സംഘ് ചാലക് ഗോൾവാൾക്കർ, ഗാന്ധിയെ സന്ദർശിച്ചു. സർദാർ പട്ടേലിൻ്റെ മകൾ മണിബെൻ പട്ടേൽ രേഖപ്പെടുത്തിയതനുസരിച്ച് അന്ന് രാവിലെ രണ്ടു വട്ടം ബിർളാ ഹൗസിൽ ഗോൾവാൾക്കർ എത്തിയിരുന്നു 9. രാവിലെ 8 മണിക്ക് ഡോ. ശ്യാമപ്രസാദ് മുഖർജിയും മറ്റൊരു ആർ എസ് എസ് പ്രവർത്തകനുമൊത്താണ് ഗോൾവാൾക്കർ എത്തിയത്. പക്ഷെ, എന്തുകൊണ്ടോ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച അപ്പോൾ നടന്നില്ല. ഗാന്ധി ആവശ്യപ്പെട്ടതനുസരിച്ച് പിന്നീട് രാവിലെ 10.30 ന് ഗോൾവാൾക്കർ വീണ്ടും ബിർളാ ഹൗസിൽ എത്തി. ഇത്തവണ ശ്യാമപ്രസാദ് മുഖർജി കൂടെയുണ്ടായിരുന്നില്ല. ”ആർ എസ് എസിൻ്റെ കൈകൾ രക്തത്തിൽ ആഴ്ന്നിരിക്കുക” യാണെന്ന് ഗാന്ധി, ഗോൾവാൾക്കറുടെ മുഖത്ത് നോക്കിപ്പറഞ്ഞു. ഗോൾവാൾക്കർ അത് നിഷേധിച്ചു. ”ആർ എസ് എസിന് ആരും ശത്രുവല്ല. മുസ്ലീങ്ങളെ കൊല്ലുന്നതിന് വേണ്ടിയല്ല അത് നിലകൊള്ളുന്നത്. അതിൻ്റെ കഴിവിനനുസരിച്ച് ഹിന്ദുസ്ഥാനെ സംരക്ഷിക്കുന്നതിനാണ് അത് ശ്രമിക്കുന്നത്”, ഗോൾവാൾക്കർ പറഞ്ഞു. സവർക്കർക്ക് ശേഷം, മുസ്ലീങ്ങളെ രണ്ടാംകിട പൗരരായി മാത്രമേ കാണാൻ പാടുള്ളൂ എന്നും ഭൂരിപക്ഷത്തിൻ്റെ ഹിതത്തിൽ മാത്രമാണ് ന്യൂനപക്ഷത്തിൻ്റെ സ്വാതന്ത്ര്യം നിലനിൽക്കുന്നതെന്നും ”നാം അഥവാ നമ്മുടെ നിർവ്വചിക്കപ്പെട്ട ദേശീയാസ്തിത്വം” എന്ന പുസ്തകമെഴുതിയ അതേ ഗോൾവാൾക്കർ ആണ് ഗാന്ധിയോട് ഈ വാചകങ്ങൾ പറയുന്നത് എന്നോർക്കണം. ആ കൂടിക്കാഴ്ചയെക്കുറിച്ച് രേഖപ്പെടുത്തിയ പ്യാരേലാൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ളത് ”നഗരത്തിലെയും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേയും കൂട്ടക്കൊലയ്ക്ക് പിന്നിൽ ആർ എസ് എസ് എന്ന ചുരുക്കപ്പേരിൽ വിളിക്കപ്പെടുന്ന സംഘടനയാണ് പ്രവർത്തിക്കുന്നതെന്ന് സുവിദിതമായിരുന്നു” എന്നാണ്. ഗാന്ധി, ബീഹാറിലും ബംഗാളിലും അനുവർത്തിച്ച അതേ രീതി തന്നെയാണ് ഇവിടെയും അനുവർത്തിച്ചത്. കടിച്ച പാമ്പിനെക്കൊണ്ടു തന്നെ വിഷമിറപ്പിക്കുന്ന രീതി. നിങ്ങൾ അത് ചെയ്തില്ല എന്ന് അവകാശവാദം ഉന്നയിക്കുന്നുവെങ്കിൽ അത് പരസ്യപ്രസ്താവനയാക്കി ഇറക്കുക. ഗോൾവാൾക്കറിനോട് മുസ്ലീങ്ങളെ കൊലചെയ്യുന്നതും അവരെ ഉപദ്രവിക്കുന്നതും ആയ സംഗതികളെ പരസ്യമായി അപലപിക്കാൻ ഗാന്ധി ആവശ്യപ്പെട്ടു. എന്നാൽ ഗോൾവാൾക്കർ അതിൽ നിന്നും ഒഴിഞ്ഞുമാറി. തങ്ങൾ ഗാന്ധിയോട് പറഞ്ഞ കാര്യങ്ങൾ, തങ്ങൾ മുസ്ലീങ്ങൾക്ക് എതിരെ നില്ക്കുന്ന സംഘടനയല്ലെന്ന് അഭിപ്രായപ്പെട്ടത്, ഗാന്ധിയുടെ തന്നെ പ്രസ്താവനയായി വരുന്നതിൽ തങ്ങൾക്കെതിർപ്പില്ല എന്നാണ് ഗോൾവാൾക്കർ പറഞ്ഞത്. നിങ്ങളുടെ അഭിപ്രായം ആത്മാർത്ഥമാണെങ്കിൽ താനത് പറയുമെന്നും, എങ്കിലും അതിനേക്കാൾ നല്ലത് താങ്കളുടെ തന്നെ വായിൽ നിന്നും അത് വരുന്നതാണെന്നും ഗാന്ധി പ്രതിവചിച്ചു.
അവർ പോയ ശേഷമായിരിക്കണം, ഗാന്ധിയുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ ആർ എസ് എസി നെ പുകഴ്ത്തി സംസാരിക്കാൻ തുടങ്ങി. പഞ്ചാബിലെ വാഹ് ക്യാമ്പിൽ അവർ അനുഷ്ഠിച്ച സേവനം മഹത്തരമായിരുന്നു എന്നയാൾ പറഞ്ഞു. അവർ എപ്പോഴും അച്ചടക്കവും ധൈര്യവും പ്രവർത്തനക്ഷമതയും ഉള്ളവരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ”പക്ഷെ, മറക്കരുത്” ഗാന്ധി അയാളോട് പറഞ്ഞു, ”ഹിറ്റ്ലറുടെ നാത്സികളും മുസ്സോളിനിയുടെ കീഴിലെ ഫാസിസ്റ്റുകളും അത്തരത്തിലുള്ളവർ തന്നെയായിരുന്നു”. ഗാന്ധി, ആർ എസ് എസിനെ കണ്ടിരുന്നത് സ്വേച്ഛാധിപത്യ കാഴ്ചപ്പാടുള്ള വർഗ്ഗീയ സംഘടനയായാണ്.
എങ്കിലും, കൊടിയ ഹിംസയുടെ കാലത്ത്, നാം നേരത്തെ കണ്ടപോലെ, കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കുന്ന രീതി പരീക്ഷിക്കാനായി വീണ്ടും ഗാന്ധി, ആർ എസ് എസു കാരെ കാണുന്നുണ്ട്. ഡെൽഹിയിലെത്തുമ്പോൾ ഗാന്ധി താമസിക്കാറുണ്ടായിരുന്ന ഭാംഗി കോളനിയിലെ ആർ എസ് എസ് ശാഖാ കാര്യാലയത്തിലേയ്ക്കാണ് ഗാന്ധി പോയത്. ഡെൽഹിയിൽ ഗോൾവാൾക്കറുടെ വലംകൈയ്യായിരുന്ന വസന്ത് റാവു ഓക്ക് ആണ് ഗാന്ധിയെ കൂട്ടിക്കൊണ്ടുപോയത്. അവരുടെ ഹിംസാത്മകത ബീഹാറിൽ നിന്നും ബംഗാളിൽ നിന്നും നേരിട്ടറിഞ്ഞതിന് പുറമേ, അവരുടെ ചില സിദ്ധാന്തങ്ങൾ ഗാന്ധി മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. അതിലൊന്ന് ഹിന്ദുക്കൾ എന്നാൽ ഇന്ത്യയിലെ യഥാർത്ഥ നിവാസികളാണ് എന്ന് സമർത്ഥിക്കുന്നതായിരുന്നു. സവർക്കർ പോലും ആര്യന്മാർ പുറത്ത് നിന്ന് വന്നവരാണ് എന്ന സിദ്ധാന്തത്തെ അംഗീകരിച്ചിരുന്നു. സവർക്കർക്ക് മുമ്പ് ബ്രാഹ്മണിസത്തെ പുതിയ സാഹചര്യങ്ങളിലേയ്ക്ക് വികസിപ്പിക്കാൻ ശ്രമിച്ച ബാൽ ഗംഗാധർ തിലക്, എഴുതിയത് ആര്യന്മാർ, ഉത്തരധ്രുവത്തിൽ നിന്നാണ് വന്നതെന്നാണ്. എന്നാൽ ഗോൾവാൾക്കർ അതിനെ വളച്ചൊടിച്ച് ആര്യർ, ഇന്ത്യയ്ക്കുള്ളിൽ തന്നെയുള്ളവരാണെന്ന സിദ്ധാന്തമാണ് അവതരിപ്പിച്ചത്. ”നാം അഥവാ നമ്മുടെ നിർവ്വചിക്കപ്പെട്ട ദേശീയാസ്തിത്വം” എന്ന അദ്ദേഹത്തിൻ്റെ പുസ്തകത്തിൽ ആ വളച്ചൊടിച്ച വാദങ്ങൾ കാണാം. ഗോൾവാൾക്കർ, തിലകിനെ നിരാകരിച്ചില്ല. പകരം, ആര്യാധിനിവേശത്തിൻ്റെ സമയത്ത് ഉത്തരധ്രുവം എന്നത് ഇന്ത്യയ്ക്കുള്ളിലായിരുന്നു എന്ന വിചിത്ര സിദ്ധാന്തമാണ് അവതരിപ്പിച്ചത്. വേദങ്ങളുടെ കാലത്ത് ഉത്തരധ്രുവം എന്നത് ഇന്നത്തെ ബീഹാറും ഒറീസ്സയും ഉൾക്കൊള്ളുന്ന പ്രദേശമായിരുന്നു എന്ന് സമർത്ഥിക്കുകയാണ് ഗോൾവാൾക്കർ ചെയ്തത്. ഇത് അക്കാലത്ത് മുഴുവൻ ആർ എസ് എസുകാരും ഏറ്റുപറഞ്ഞിരുന്നു.
തങ്ങളുടെ റാലിയിലെത്തിയ ഗാന്ധി യെ ”ഹിന്ദുമതം ഉല്പാദിപ്പിച്ച ഒരു മഹദ് വ്യക്തി” യായാണ് ആർ എസ് എസ് നേതാവ് വസന്ത് റാവു ഓക്ക് വിശേഷിപ്പിച്ചത്. മറുപടി പറയവേ, ഹിന്ദുവെന്ന നിലയിൽ താൻ അഭിമാനം കൊള്ളുന്നുവെന്ന് ഗാന്ധി പറഞ്ഞു. എല്ലായിടത്തുമുള്ള നല്ലതുകളെ ആവാഹിക്കാനുള്ള കഴിവാണ് ഹിന്ദുമതത്തെ മനോഹരമാക്കുന്നത്. തൻ്റെ ഹിന്ദുമതം അസഹിഷ്ണുതയോ പുറംതള്ളലോ അല്ല. ഇത്രയും പറഞ്ഞ ശേഷം, ആർ എസ് എസിൻ്റെ വേദപുസ്തകം എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഗോൾവാൾക്കറുടെ ”നാം അഥവാ നമ്മുടെ നിർവ്വചിക്കപ്പെട്ട ദേശീയാസ്തിത്വം” എന്ന പുസ്തകത്തിലെ ആശയങ്ങളെ വിമർശിക്കാനാണ് ഗാന്ധി തുനിഞ്ഞത്. ഗോൾവാൾക്കറുടെ പുസ്തകം ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്ലീങ്ങളെ, രണ്ടാംകിട പൗരരായി മാത്രം കണക്കാക്കുന്ന ഒരു ഹിന്ദു രാഷ്ട്ര സങ്കല്പമാണ് മുന്നോട്ട് വെച്ചത് എന്നത് നാം കണ്ടു കഴിഞ്ഞു. അതിനെ രൂക്ഷമായി വിമർശിച്ചു കൊണ്ട്, ഇന്ത്യയിൽ ഹൈന്ദവേതരർക്ക് തത്തുല്ല്യവും അന്തസ്സും നിലനിർത്തിക്കൊണ്ടുള്ള സ്ഥാനം ഇല്ല എന്നും, മുസ്ലീങ്ങൾ ഇന്ത്യയിൽ ജീവിക്കാനാഗ്രഹിക്കുകയാണെങ്കിൽ അവർക്ക് അധമപദവി കൊണ്ട് തൃപ്തരാകേണ്ടി വരുമെന്നും, ഹിന്ദുക്കൾ ചിന്തിക്കുകയാണെങ്കിൽ, അതിൻ്റെ അർത്ഥം ഹിന്ദുമതം ഗ്രഹണത്തിലാണെന്നുമാണ്. ഇസ്ലാമിനോടുള്ള ശത്രുതയല്ല നിങ്ങളുടെ നയമെങ്കിൽ അത് നല്ലത് തന്നെ. മറിച്ച് മുസ്ലീം ഹത്യയ്ക്ക് പിന്നിൽ പ്രവർത്തിച്ചത് നിങ്ങളുടെ സംഘടനയെങ്കിൽ, അത് ചീത്ത അന്ത്യത്തിലേയ്ക്കാണ് നയിക്കുക.
കിങ്ങ്സ് വേ ക്യാമ്പിലാണ് അന്ന് ഗാന്ധി യുടെ പ്രാർത്ഥനാ സമ്മേളനം നടന്നത്. ഖുർ ആനിൽ നിന്നുള്ള സൂക്തങ്ങൾ വായിക്കാനാരംഭിച്ചപ്പോൾ തടിച്ചു കൂടിയ ജനങ്ങളിൽ നിന്ന് ഒരാൾ വിളിച്ചു പറഞ്ഞു. ”ഇത്തരം സൂക്തങ്ങൾ ആലപിച്ചാണ് ഞങ്ങളുടെ അമ്മമാരും സഹോദരിമാരും അപമാനിക്കപ്പെട്ടത്. ഞങ്ങളുടെ പ്രിയപ്പെട്ടവർ കൊല്ലപ്പെട്ടത്. ഈ സൂക്തങ്ങൾ ഇവിടെ ആലപിക്കാൻ ഞങ്ങൾ സമ്മതിക്കില്ല”. ചിലർ ഗാന്ധിക്ക് മൂർദ്ദാബാദ് വിളിച്ചു. പ്രാർത്ഥനാ സമ്മേളനം അലങ്കോലപ്പെട്ടു. ഗാന്ധിയുടെ കാറിന് നേരെ കല്ലേറുണ്ടായി. ഒഴിഞ്ഞ സോഡാക്കുപ്പികൾ ഗാന്ധിയെ ആക്രമിക്കാനായി അഭയാർത്ഥികൾ കരുതി വെച്ചിരുന്നതായി പിന്നീട് വെളിപ്പെട്ടു. ഗാന്ധിക്ക് നേരെ അത്രമാത്രം ശത്രുത അവരിൽ ഹിന്ദു വംശീയവാദികൾ നിറച്ചിരുന്നു. ഗാന്ധി എന്നിട്ടും പ്രാർത്ഥനാ സമ്മേളനങ്ങൾ തുടർന്നു. ഖുർ ആൻ സൂക്തങ്ങൾ പ്രാർത്ഥനാ സമ്മേളനങ്ങളുടെ ഭാഗമായി ആലപിക്കപ്പെട്ടു. ആരെങ്കിലും എതിർപ്പ് പ്രകടിപ്പിച്ചാൽ പ്രാർത്ഥനാ സമ്മേളനങ്ങൾ നിർത്തിവെയ്ക്കുമായിരുന്നു. എല്ലാവരുടേയും പിന്തുണയോട് കൂടി മാത്രമേ പ്രാർത്ഥനാ സമ്മേളനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹം ആഗ്രഹിച്ചുള്ളൂ. ആത്മശുദ്ധീകരണം, സാമൂഹ്യമാറ്റത്തിനായുള്ള ശാരീരിക ക്രമമാണ് എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.
പുരാണ കിലാ ക്യാമ്പിൽ 75,000 മുസ്ലീങ്ങൾ പാകിസ്ഥാനിലേയ്ക്ക് പോകാൻ തയ്യാറായി നിൽപ്പുണ്ടായിരുന്നു. അവരിൽ പലരും ഇഷ്ടത്തോടെയല്ല പാകിസ്ഥാൻ തെരഞ്ഞെടുത്തത്. പക്ഷെ, ഡെൽഹിയിൽ ഹിന്ദു വംശീയവാദികൾ നടത്തിയ അഴിഞ്ഞാട്ടം അവരെ അതിന് നിർബന്ധിക്കുകയായിരുന്നു. അതു കൊണ്ടു തന്നെ ഗാന്ധിയോട് അവർ അനുഭാവപൂർണ്ണമായല്ല പെരുമാറിയത്. പ്രകോപിതരായ ജനക്കൂട്ടത്തിൻ്റെ മദ്ധ്യത്തിൽ നിന്ന് ഗാന്ധി ആകാവുന്നത്ര ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. ”എന്നെ സംബന്ധിച്ചിടത്തോളം ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ, സിക്ക് എന്നിങ്ങനെ യാതൊരു വ്യത്യാസങ്ങളും ഇല്ല. അവരെല്ലാവരും എനിക്ക് ഒന്നാണ്”. 1947 സെപ്തംബർ 13 ആയിരുന്നു അന്ന്. ”ഇന്ത്യയിലേയും പാകിസ്ഥാനിലേയും ഗവണ്മെൻ്റുകളോട് ഞാൻ അഭ്യർത്ഥിക്കുന്നത് അതാത് രാജ്യങ്ങളിലെ ഭൂരിപക്ഷ സമുദായം ചെയ്ത തെറ്റുകൾ അവരേറ്റ് പറയണമെന്നാണ്. അവിടവിടങ്ങളിലെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഓരോ രാജ്യങ്ങളുടേയും കടമയാണ്”.
ഡെൽഹിയിൽ ഗാന്ധിക്ക് നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളി അതായിരുന്നു. സുഹ്രവർദ്ദിയെപ്പോലെ ന്യൂനപക്ഷത്തുനിന്ന് ഒരാളെ തൻ്റെ കൂടെ ഉറച്ചു നിൽക്കാൻ ആരും ഡെൽഹിയിൽ ഉണ്ടായിരുന്നില്ല. പാകിസ്ഥാനിൽ നിന്നും വന്ന ഹിന്ദു – സിക്ക് അഭയാർത്ഥികളുടെ ദയനീയ അവസ്ഥയെ മുതലെടുത്ത് അവരെ ഏറെക്കുറെ തങ്ങളുടെ വരുതിയിലാക്കാൻ ഹിന്ദു വംശീയ വാദികൾക്ക് കഴിഞ്ഞിരുന്നു. മുസ്ലീങ്ങളാകട്ടെ ഡെൽഹിയിൽ സ്വന്തം വീടുകളിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട അവസ്ഥയിലും. അവരുടെ പള്ളികളും കച്ചവടസ്ഥാപനങ്ങളും, ഹിന്ദു വംശീയവാദികളുടെ പ്രേരണയിൽ, അഭയാർത്ഥികൾ കൈയ്യടിക്കിയിരുന്നു. അതുമല്ലെങ്കിൽ ഹിന്ദു വംശീയ വാദികളുടെ നേരിട്ടുള്ള ആക്രമണത്താൽ, അതെല്ലാം അവർക്ക് നഷ്ടപ്പെട്ടിരുന്നു. ഇങ്ങനെ കായികമായും സാമ്പത്തികമായും സാംസ്കാരികമായും എല്ലാം നഷ്ടപ്പെട്ട മുസ്ലീങ്ങൾ, ഗാന്ധിയോടെന്നല്ല, ആരോടും നന്നായ് പെരുമാറാവുന്ന അവസ്ഥയിൽ ആയിരുന്നില്ല.
എന്നാൽ, നിസ്സഹായാവസ്ഥയിലും ആഴത്തിലെ ധാർമ്മികതയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പ്രവർത്തിക്കാനുള്ള ഗാന്ധിയുടെ ഊർജ്ജത്തെക്കുറിച്ച് ഗോൾവാൾക്കറിന് നന്നായറിയാമായിരുന്നു. അതിനാൽ ബീഹാറിലും ബംഗാളിലും ഗാന്ധിയുടെ പ്രതിരോധത്തിൽ തട്ടിത്തകർന്ന ഹിന്ദുത്വ ഭീകരതയെ തത്കാലം ഡെൽഹിയിൽ അതേപടി പ്രവർത്തിപ്പിക്കാൻ അദ്ദേഹം തുനിഞ്ഞില്ല. അതിൻ്റെ ഭാഗമായിട്ടാണ് ഗാന്ധിയെ അദ്ദേഹം നേരിട്ടു വന്ന് കണ്ടതും വസന്ത് റാവു ഓക്കിനെക്കൊണ്ട് ഗാന്ധിയെ ആർ എസ് എസ് ശാഖയിലേയ്ക്ക് ക്ഷണിച്ചതും. ഗാന്ധിയുടെ മുന്നിൽ സമാധാനത്തിൻ്റെ മുഖംമൂടി ധരിച്ചു നിൽക്കാനാണ് ഈ സമയത്ത് ആർ എസ് എസ് ശ്രമിക്കുന്നത്. അതിൻ്റെ കാരണം സുവിദിതമായിരുന്നു. ഡെൽഹിയിൽ വംശഹത്യാ പ്രവണതകൾ തുടർന്നാൽ ഗാന്ധി മറ്റെല്ലാ പരിപാടികളും നിർത്തിവെച്ച് അവിടെ തുടരും. അതേ സമയം ഡെൽഹി ശാന്തതയുടെ മുഖംമൂടി വ്യാജമായണിഞ്ഞാൽ, തൻ്റെ മുൻ പരിപാടി അനുസരിച്ച് ഗാന്ധി, പഞ്ചാബിലേയ്ക്ക് പോകും. ഗാന്ധി മാറി നിൽക്കുന്ന തഞ്ചത്തിൽ ഡെൽഹിയിലെ മുസ്ലീങ്ങൾക്ക് നേരെ ആഞ്ഞടിച്ചാൽ, അവർ കൂട്ടത്തോടെ പാകിസ്ഥാനിലേയ്ക്ക് പലായനം ചെയ്യാൻ നിർബന്ധിതരാകും. അതോടെ ഇന്ത്യയുടെ ഭാവി നിർണ്ണയിക്കുന്ന ഭരണഘടനാ അസംബ്ലിയുടേയും മറ്റും പ്രവർത്തനം നിഷ്പ്രഭമാക്കിക്കൊണ്ട് കാവിപ്പതാകയ്ക്ക് കീഴിൽ ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാം. ഇതായിരുന്നു ആർ എസ് എസിന്റേയും തന്ത്രം. അതുകൊണ്ട് ഗാന്ധി, ഡെൽഹിയിൽ തങ്ങുന്നിടത്തോളം കാലം സമാധാനസ്ഥിതി നിലനിർത്താൻ ആർ എസ് എസ് തീരുമാനിക്കുന്നുണ്ട്. പോലീസ് ഇൻ്റലിജൻസ് റിപ്പോർട്ടുകൾ അത് പ്രകടമായിത്തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
“പഹർഗഞ്ച്, സബ്ജിമണ്ഡി, കരോൾബാഗ് തുടങ്ങിയ സ്ഥലങ്ങളിൽ മുസ്ലീങ്ങളെ പുനരധിവസിപ്പിക്കുന്നത് യാതൊരു കാരണവശാലും അനുവദിക്കാൻ പാടുള്ളതല്ല എന്ന് വിവിധ ആർ എസ് എസ് എസ് ശാഖകൾക്ക് മുകളിൽ നിന്നും നിർദ്ദേശം ലഭിച്ചിട്ടുണ്ട്. എങ്കിലും ഇപ്പോൾ മുസ്ലീങ്ങൾ അവരവരുടെ പ്രവിശ്യയിലേയ്ക്ക് മടങ്ങി വരുന്നത് തടയാൻ പാടില്ല. മിസ്റ്റർ ഗാന്ധി ഡെൽഹിയിലുള്ള കാലം വരെ സമാധാനം നിലനിർത്തേണ്ടതാണ്. അഭയാർത്ഥികൾക്ക് ഡെൽഹിയിലെ റോഡുകളും നിരത്തുകളും നന്നായി പരിചയപ്പെടുത്തി കൊടുക്കേണ്ടതും അവർക്ക് മുസ്ലീങ്ങളുടെ വാസസ്ഥലങ്ങൾ ചൂണ്ടിക്കാണിച്ചു കൊടുക്കേണ്ടതുമാണ്. അധികാരികൾ (ആർ എസ് എസ് ഭാരവാഹികൾ ) അവരവരുടെ പ്രവർത്തന മേഖലകൾ ഇടയ്ക്കിടെ മാറേണ്ടതാണ്. സന്നദ്ധ പ്രവർത്തകർ അവരവരുടെ മേഖലകളിൽ സ്ഥിരമായി തങ്ങേണ്ടതും നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനായി സദാ സന്നദ്ധരായി വർത്തിക്കേണ്ടതുമാണ് “.
എത്രമാത്രം ആസൂത്രിതമായിരുന്നു മുസ്ലീങ്ങൾക്കെതിരെയുള്ള ആക്രമണം എന്ന് ഈ റിപ്പോർട്ട് തെളിയിക്കുന്നു. അതോടൊപ്പം മുസ്ലീങ്ങളെ മുഴുവനായും ഡെൽഹിയിൽ നിന്നും പുറത്താക്കും വരെ ആക്രമണം തുടരാനുള്ള പദ്ധതിയും. ഗാന്ധിയുടെ പ്രവർത്തനങ്ങൾ തങ്ങളുടെ ലക്ഷ്യത്തിന് വിഘാതമാകും എന്ന് ബീഹാറിൽ നിന്നും ബംഗാളിൽ നിന്നും പഠിച്ച പാഠങ്ങളുടെ അടിസ്ഥാനത്തിൽ അവർക്ക് വ്യക്തമായിരുന്നു എന്നും ഇതിൽ നിന്നും വായിച്ചെടുക്കാം.
1947 ഒക്ടോബർ 12 ന് ഗോൾവാൾക്കർ ഡെൽഹിയിൽ ആർ എസ് എസ് ഭാരവാഹികളുടെ സമ്മേളനം വിളിച്ചു കൂട്ടിയത് ഇതിൻ്റെ തുടർച്ചയായി വായിക്കേണ്ടതുണ്ട്. മുസ്ലീങ്ങളെ പുറത്താക്കാനുള്ള ശ്രമങ്ങൾ ഒരു വട്ടം കൂടി നടത്തേണ്ട ആവശ്യകത അതിൽ വെച്ച് അദ്ദേഹം ഊന്നിപ്പറയുന്നുണ്ട്. ഒപ്പം അത്തരം പ്രവൃത്തി നടപ്പിലാക്കേണ്ടത് അങ്ങേയറ്റത്തെ കരുതലോടെയാകണമെന്നും. അതിൽ ഗോൾവാൾക്കർ ഇത്രയും കൂടി പറയുകയുണ്ടായി. “മഹാത്മാ ഗാന്ധി മുസ്ലീങ്ങളെ ഇന്ത്യയിൽ പിടിച്ചു നിർത്താൻ ആഗ്രഹിക്കുന്നത് തെരഞ്ഞെടുപ്പു സമ്പ്രദായം നിലവിൽ വരുമ്പോൾ അവരുടെ വോട്ടു കൊണ്ട് കോൺഗ്രസ്സിന് നേട്ടമുണ്ടാക്കാനാണ്”.
1947 ഒക്ടോബർ 24 ലെ മറ്റൊരു ഇൻ്റലിജൻസ് റിപ്പോർട്ട് ഇന്ത്യയിൽ നിന്നുള്ള മുസ്ലീം ഉച്ചാടനമാണ് ആർ എസ് എസ് ലക്ഷ്യമിട്ടിരുന്നത് എന്നത് വെളിവാക്കുന്നു. ”കുറച്ചു നാളുകൾക്ക് മുമ്പ് ഡെൽഹിയിൽ നടപ്പിലാക്കിയതിന് സമാനമായി മുസ്ലീം ഉച്ചാടനത്തിനായി മറ്റൊരു പ്രസ്ഥാനം തുടങ്ങിവെച്ചാൽ മാത്രമേ മുസ്ലീങ്ങൾ ഇന്ത്യ വിടൂ എന്നാണ് സംഘ് സന്നദ്ധപ്രവർത്തകർ കരുതുന്നത്” റിപ്പോർട്ട് പറയുന്നു. ” മഹാത്മാഗാന്ധി ഡെൽഹി വിടുന്നതും കാത്ത് ഇരിക്കുകയാണവർ. മഹാത്മാ ഡെൽഹിയിലുള്ളിടത്തോളം കാലം തങ്ങളുടെ പദ്ധതികൾ പ്രവൃത്തിപഥത്തിലേയ്ക്ക് കൊണ്ടുവരിക അസാധ്യമാണെന്നാണ് അവർ കരുതുന്നത് “.
ഗാന്ധി അവരെ സംബന്ധിച്ചിടത്തോളം എത്രമാത്രം വലിപ്പമുള്ള എതിരാളിയായിരുന്നു എന്നത് ഇതിൽ നിന്നും വായിച്ചെടുക്കാം. തങ്ങൾക്കും ഹിന്ദുരാഷ്ട്രത്തിനുമിടയ്ക്കുള്ള മനുഷ്യ ഹിമാലയമായാണ് അവർ കണ്ടത്. ഡെൽഹിയിൽ അവർ കളിക്കുന്നത് ഹിന്ദു രാഷ്ട്രത്തിനായുള്ള ഫൈനൽ ആണെന്ന് അവർക്ക് നിശ്ചയമുണ്ടായിരുന്നു. അതിനാൽ അവർ അക്കാര്യത്തിൽ അങ്ങേയറ്റം തന്ത്രപരമായാണ് നീങ്ങിയിരുന്നത്. അഭയാർത്ഥികളെ അങ്ങേയറ്റം പ്രകോപിപ്പിക്കാനായി, പടിഞ്ഞാറൻ പഞ്ചാബിൽ ഹിന്ദുയുവതികൾ അനുഭവിക്കുന്നത് എന്ന മട്ടിൽ നഗ്നരായ വനിതകളുടെ ചിത്രങ്ങൾ വ്യാജമായി നിർമ്മിച്ച് അവർക്കിടയിൽ വിതരണം ചെയ്യുകയുണ്ടായി. പിൽക്കാലത്ത് ബി ജെ പിയുടെ എം പി യായിരുന്ന പ്രഫുൽ ഗൊറാഡിയ ഒരു അഭിമുഖ സംഭാഷണത്തിൽ അന്ന് എന്തായിരുന്നു അവരുടെ ലക്ഷ്യമെന്ന് തുറന്നു പറയുന്നുണ്ട്. ”ഞങ്ങളിൽ മിക്കവരും കരുതിയത് വിഭജനത്തോട് കൂടി നമുക്ക് വ്യക്തമായ ഒരു ഹിന്ദു ഭൂരിപക്ഷം ഉണ്ടാകുമെന്നാണ്. ആ ഹിന്ദു ഭൂരിപക്ഷം, വിഭജനത്തിൻ്റെ അക്രമസംഭവങ്ങൾക്കൊപ്പം ഹിന്ദുക്കളുടെ വിഷമസ്ഥിതി മനസ്സിലാക്കുമ്പോൾ, അവരോട് വളരെ വലിയസഹതാപം ചൊരിയുമെന്നും. ഇന്ത്യൻ ജനത, ഹിന്ദുത്വത്തെ സ്വീകരിക്കാൻ തക്ക വിധം പാകപ്പെട്ട ഒരു മുഹൂർത്തമായാണ് ആ സമയം കാണപ്പെട്ടത്”.
ആ ‘പാകപ്പെട്ട മുഹൂർത്തത്തെ’ നിലനിർത്തുന്നതിനായി ആർ എസ് എസ് നിരവധി പ്രചരണ പരിപാടികൾ ആവിഷ്ക്കരിച്ചു. ഡെൽഹിയിലെ പ്രസിദ്ധമായ ലാറ്റിഫി പ്രസ്സ് അവർ വിലയ്ക്ക് വാങ്ങിച്ചു. ജിന്നയുടെ മുസ്ലീം ലീഗുകാർ അവരുടെ മുഖപത്രമായ ഡോൺ ആ പ്രസ്സിൽ നിന്നായിരുന്നു അച്ചടിച്ചിരുന്നത്. ഡെൽഹി കലാപമുഖരിതമായ ആദ്യ ഘട്ടത്തിൽ തന്നെ അത് ഭാഗികമായി തകർന്നിരുന്നു. ഇൻ്റലിജൻസ് റിപ്പോർട്ട് പ്രകാരം 5 ലക്ഷം രൂപയ്ക്കാണ് ആർ എസ് എസ്, ലാറ്റിഫി പ്രസ്സ് വാങ്ങിയത്. അവർ അതിൻ്റെ പേര് ഭാരത് പ്രകാശൻ ലിമിറ്റഡ് എന്നാക്കി മാറ്റുകയും ചെയ്തു. രാജാറാം എന്ന ആളെയാണ് അവിടെ മാനേജർ ആയി നിയമിച്ചത്. മുമ്പുണ്ടായിരുന്ന മുസ്ലീം ജീവനക്കാരെ മുഴുവൻ പുറത്താക്കി പുതിയ ജീവനക്കാരെ നിയമിച്ചതായും റിപ്പോർട്ട് പറയുന്നു. ആർ എസ് എസിൻ്റെ മുഖമാസികയായ ഓർഗനൈസറും അവരുടെ ഹിന്ദി പ്രസിദ്ധീകരണമായ ഉത്ഥാനും അവിടെ നിന്ന് അച്ചടിക്കാൻ തുടങ്ങി. തിലകിൻ്റെ കാലം മുതൽ “ഗുട്ടൻബർഗ് പ്രപഞ്ച”ത്തെ ആർ എസ് എസ് തങ്ങളുടെ പ്രത്യയശാസ്ത്ര പ്രസരണത്തിന് സഫലമായി ഉപയോഗിച്ചിരുന്നു. നിരവധി പ്രാദേശിക ഭാഷകളിലും ഹിന്ദിയിലും ഇംഗ്ലീഷിലും അവർ ഇക്കാലത്ത് പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചിരുന്നു. ലക്നോവിൽ നിന്ന് അവർ തുടങ്ങിയ ഹിന്ദി മാസികയായിരുന്നു, രാഷ്ട്രധർമ്മ. അതിൻ്റെ സഹപത്രാധിപരായി പ്രവർത്തിക്കാൻ നിയോഗിക്കപ്പെട്ട ചെറുപ്പക്കാരനായിരുന്നു, ഗ്വാളിയറിൽ ജനിച്ച അടൽ ബിഹാരി വാജ്പേയി. കുറച്ചു മാസങ്ങൾക്ക് ശേഷം അദ്ദേഹം പാഞ്ചജന്യ എന്ന, ആർ എസ് എസ് നടത്തിയിരുന്ന ഹിന്ദി വാരികയുടെ പത്രാധിപർ ആയി. ആ സമയത്ത് ആർ എസ് എസിൻ്റെ മൂന്ന് ഓ ടി സി ക്യാമ്പുകൾ വിജയകരമായി പൂർത്തീകരിച്ച ശേഷം ഐക്യസംസ്ഥാനങ്ങളിലെ സീതാപൂർ എന്ന സ്ഥലത്ത് ആർ എസ് എസ് പ്രചാരകനായി പ്രവർത്തിക്കുകയായിരുന്നു. സംഘിൻ്റെ സാമ്പത്തിക സ്രോതസ്സുകൾ ഈ സമയമാകുമ്പോഴേയ്ക്കും വലിയ തരത്തിൽ വിപുലപ്പെട്ടു എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഗോൾവാൾക്കർ ഇക്കാലമാകുമ്പോഴേയ്ക്കും നിതാന്തമായ വിമാന സഞ്ചാരി ആയി തീർന്നിരുന്നു. പഞ്ചാബിലെ തൻ്റെ വലംകൈയ്യായിരുന്ന മാധവ് റാവു മുലേയോട് തൻ്റെ സഞ്ചാര സമയത്തിന് അനുയോജ്യമായ സമയത്ത് വിമാനസർവ്വീസ് ലഭ്യമായില്ലെങ്കിൽ പ്രത്യേക വിമാനം ഏർപ്പെടുത്താൻ ആവശ്യപ്പെടും വിധം ഗോൾവാൾക്കറിൻ്റേയും ആർ എസ് എസിൻ്റേയും സാമ്പത്തിക സൗകര്യങ്ങൾ വലുതായതായി കാണാം. സവർക്കറും ഇക്കാലമാകുമ്പോഴേയ്ക്ക് വിമാന സഞ്ചാരി ആയി മാറിയിരുന്നു. ഇവർ മുഖ്യ എതിരാളിയായിക്കണ്ട ഗാന്ധി തന്റെ യാത്രകൾക്ക് തീവണ്ടിയിലെ മൂന്നാം ക്ലാസ്സ് ആണ് മിക്കപ്പോഴും ഉപയോഗിച്ചിരുന്നത്.
—
തുടരും..
——-
ഹിന്ദുത്വ ഭീകരതയുടെ കഥ – ഇതുവരെയുള്ള ഭാഗങ്ങൾ ഇവിടെ വായിക്കുക.







Be the first to write a comment.