കാലവാഹിനി
(ഇംഗ്ലണ്ട് യാത്രാക്കുറിപ്പുകൾ: ഭാഗം 2, അധ്യായം- 6)
മഹാനദികൾക്കു മുന്നിൽ നിൽക്കുമ്പോഴെല്ലാം പഴയൊരു കവിത മനസ്സിൽ വരും. വിദ്യാർത്ഥിജീവിതകാലത്ത് ചൊല്ലിപ്പഠിച്ചതാണ്. കടമ്മനിട്ടയുടെ ‘നദിയൊഴുകുന്നു’ എന്ന കവിത. അക്കാലത്ത് കവിത ചൊല്ലൽ ഒരു ശീലമായിരുന്നു. പൊള്ളയായ വാക്കുകൾക്കു മുകളിൽ സംഗീതം കെട്ടിക്കയറ്റി ആളുകളെ മയക്കുന്ന ഏർപ്പാടായി കവിതചൊല്ലൽ അന്നു മാറിയിട്ടില്ലായിരുന്നു. കടമ്മനിട്ടയും ബാലചന്ദ്രൻ ചുള്ളിക്കാടും വിനയചന്ദ്രനും മുതൽ അയ്യപ്പപ്പണിക്കർ വരെയുള്ളവരുടെ കവിതകൾ ചൊൽവടിവിൽ ഞങ്ങളുടെ മുന്നിലെത്തി. ചൊല്ലലിൽ തെളിയുന്ന നാദസ്വരങ്ങൾ. ചൊല്ലലിൽ പടരുന്ന അർത്ഥപ്പെരുക്കങ്ങൾ. ‘നദിയൊഴുകുന്നു’ എന്ന കവിതയും മനസ്സിൽ പതിഞ്ഞത് അങ്ങനെയാണ്. ഏതു നദീതീരത്തു നിൽക്കുമ്പോഴും അത് മനസ്സിലേക്ക് ഇരമ്പിയെത്തും.
‘നദിയൊഴുകുന്നു!
ആദിബോധമുണർന്നു; സ്‌നേഹമുറന്നു
ജീവിതഗാഥയായൊരു നദിയൊഴുകുന്നു’

മനുഷ്യവംശചരിത്രത്തിന്റെ ഏതോ പ്രാക്തനസ്ഥലിയിൽ നിന്നും ഉറവപൊട്ടിയൊഴുകുന്ന ശബ്ദമാണ് കടമ്മനിട്ടയുടേത്. ക്ഷുഭിതമായും കാതരമായും ആർദ്രമായും അലമാലയായും ഉയർന്നു താഴുന്ന നാദവൈഖരി. അനുഭവത്തിന്റെ ഏതടരിലേക്കും പടരുന്ന നാദപ്രവാഹം. ജലപ്രവാഗങ്ങളുടെ ചരിത്രാതീതമായ മുഴക്കത്തോടൊപ്പമാണ് അതും മനസ്സിൽക്കയറിയത്. പിന്നീടതൊരിക്കലും പിൻവാങ്ങിയതുമില്ല. നദീമുഖങ്ങളിലെ ജലപ്രവാഹത്തിന്റെ പ്രകമ്പനങ്ങൾക്കൊപ്പം പ്രാചീനശ്രുതി കലർന്ന ആ ശബ്ദവും ഞങ്ങളെ തേടിയെത്തി.
തെംസിന്റെ തീരത്തു നിൽക്കുമ്പോഴും കടമ്മനിട്ടയുടെ പ്രവാഹവേഗം മനസ്സിലുണ്ടായിരുന്നു. ഇംഗ്ലണ്ട് യാത്രയിലെ ആദ്യദിനങ്ങളിലൊന്നിലാണ് തെംസിലൂടെയുള്ള ബോട്ട് യാത്രയ്ക്കായി തെംസിന്റെ തീരത്തെത്തിയത്. മുരളിയേട്ടനോടൊപ്പം കുറെ നടന്നാണ് അവിടേക്ക് എത്തിപ്പെട്ടത്. നദീതീരത്ത് തെംസിന്റെ ജലസമൃദ്ധിയിലേക്കു നോക്കി കുറെനേരം നിന്നു. ഓർമ്മയിലൂടെ കടമ്മനിട്ട നിറഞ്ഞൊഴുകി.
‘ആവി നീറിയമർന്നു; മണ്ണുകുളിർന്നു, മലകൾ കിളർന്നു
മലയിൻ മനസ്സിൽ നിന്നൊരു നദിയൊഴുകുന്നു
എന്റെ മനസ്സിൻ മലയിൽ നിന്നൊരു
നദിയൊഴുകുന്നു!’
തെംസിന്റെ മഹാവിസ്തൃതി വാക്കുകളെ വലുതാക്കുന്നത് എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. ‘കാലുവേച്ചിടയ്ക്കു ചിരിച്ചുകൊണ്ടും കുഞ്ഞുപോലെ’യും ‘കാട്ടുകന്നിപ്പെണ്ണിലെ പ്രണയാർദ്രവിസ്മയ ചിന്ത പോലെ’യും അതെന്നെ വലയം ചെയ്തു. ഞാൻ ഓളപ്പരപ്പിലേക്ക് നോക്കിനിന്നു. ‘ഒരു കുടന്ന വെളിച്ചമായി നൽവരവുചൊല്ലുമുഷസ്സുപോലെ’ നദിയൊഴുകിക്കൊണ്ടിരുന്നു!
ഒന്ന്
നദിയായിരുന്നു തുടക്കം. ലോകചരിത്രത്തിലേക്ക് കണ്ണയച്ചാൽ നാഗരികതകളുടെയെല്ലാം പിറവിക്കു പിന്നിൽ മഹാനദികളെ കാണാനാകും. സുമേറിയൻ, ബാബിലോണിയൻ, മെസപ്പെട്ടോമിയൻ നാഗരികതകൾക്ക് യൂഫ്രട്ടീസും ടൈഗ്രീസും, ഹരപ്പൻ നാഗരികതയ്ക്ക് സിന്ധു, ഈജീപ്ഷ്യൻ നാഗരികതയ്ക്ക് നൈൽ, ചൈനയ്ക്ക് യാങ്റ്റിസി, വൈദിക നാഗരികതയ്ക്ക് ഗംഗയും യമുനയും, തമിഴകത്തിന് കാവേരി….. നദീതടങ്ങളിൽ മനുഷ്യർ തങ്ങളുടെ വിധി മാറ്റിയെഴുതാൻ തുടങ്ങി. വേട്ടയാടിയും കായ്കനികൾ പറിച്ചുതിന്നും കാലംകഴിച്ച പെറുക്കിത്തീനികളിൽ (food gatherers) നിന്ന് ഭക്ഷ്യോത്പദകരിലേക്കുള്ള (food producers) മാറ്റം മനുഷ്യവംശത്തിന്റെ ഗതി തിരിച്ചുവിട്ടു. നാഗരികതകൾക്കു പിറവിയെടുക്കാൻ പാകത്തിൽ നദീതടങ്ങളിൽ കൃഷി വളർന്നു. കൃഷി മനുഷ്യർക്ക് മിച്ചം നൽകി. സംസ്‌ക്കാരം മിച്ചം വന്ന ചോറായി!
മഹാനഗരങ്ങളും നദീതീരങ്ങളിലായിരുന്നു. ലണ്ടന് തെംസ്, പാരീസിന് സീൻ, കൊൽക്കത്തയ്ക്ക് ഹൂഗ്ലി, ദില്ലിക്ക് യമുന, ഡബ്ലിന് ലീഫി, ബർലിന് റൈൻ, അലക്‌സാണ്ഡ്രിയയ്ക്ക് നൈൽ…. ലോകത്തെ ഏതു മഹാനഗരവും ഏതെങ്കിലുമൊരു നദിയോടു കെട്ടുപിണഞ്ഞാണ് പിറവിയെടുത്തത്. ആ നഗരിയുടെ വളർച്ചയുടെ എല്ലാ പടവിലും നദിയുണ്ടായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ മോട്ടോർ ഗതാഗതവും റെയിൽവെയും വന്നെത്തും വരെ നദിയായിരുന്നു സഞ്ചാരത്തിന്റെയും വാണിജ്യത്തിന്റെയും വഴി. നദീമുഖങ്ങൾ തുറമുഖങ്ങളായി. പണവും പടയും പടക്കോപ്പും അവിടെ തമ്പടിച്ചു.
വെസ്റ്റ്മിനിസ്റ്റർപിയറിൽ തെംസിലേക്കു കണ്ണുനട്ടുനിൽക്കുമ്പോൾ ഞാനതെല്ലാം ഓർത്തു. ലണ്ടൻ നഗരത്തിനു കുറുകെയാണ് തെംസ് ഒഴുകുന്നത്. അതിന്റെ ചരിത്രത്തിനു കുറുകെയും. വലിപ്പം കൊണ്ട് ലോകത്തെ മഹനദികളിലൊന്നായി തെംസിനെ കാണാനാകുമോ എന്നു സംശയമാണ്. മുന്നൂറ്റിയൻപത് കിലോമീറ്ററോളം ദൈർഘ്യമുള്ള തെംസ് കെംബിൾ എന്ന ഗ്രാമത്തിൽ തുടങ്ങി ഓക്‌സ്ഫഡും ലണ്ടനും വിൻഡ്‌സറും പിന്നിട്ട് സമുദ്രത്തിലേക്കു കടക്കുന്നു. മഹാക്ഷോഭങ്ങളെയോ വമ്പൻ കുത്തൊഴുക്കുകളെയോ പേറാതെ ഒട്ടൊക്കെ സ്വച്ഛമായാണ് തെംസ് ഒഴുകുന്നത്. തെംസിന്റെ സ്വഭാവനിർവ്വചനം തന്നെയാണ് ബ്രിട്ടാനിക്ക അതിനു നൽകുന്ന വിശേഷണവും. അജപാലകവും അനാടകീയവും! (pastoral and undramatic!) ഓക്‌സ്ഫഡിൽ അൻപതു മീറ്റർ വീതിയിലൊഴുകുന്ന തെംസ് ലണ്ടൻ ബ്രിഡ്ജിനടുത്ത് ഇരുന്നൂറ് മീറ്റർ വീതിയും ഗ്രേവ്‌സെൻഡിൽ അറുന്നൂറു മീറ്റർ വീതിയും കൈവരിച്ച് ഒടുവിൽ ഒൻപതു കിലോമീറ്ററോളം പരന്നുപടർന്നാണ് കടലിൽ ചേരുന്നത്. ഈ വിപുലസഞ്ചാരത്തിനിടയിലും അത് നൈലും ആമസോണും ബ്രഹ്മപുത്രയും പോലെ പ്രക്ഷുബ്ധമല്ല.
തെംസിന്റെ ഇരുപുറങ്ങളിലുമായി ബ്രിട്ടീഷ് ചരിത്രത്തിന്റെ മുദ്രകൾ പേറി പല സൗധങ്ങളും നിലകൊള്ളുന്നുണ്ട്. ഗ്ലോബ് തീയേറ്റർ, ടെറ്റ് ഗ്യാലറി, ലണ്ടൻ പാലം, ലണ്ടൻ ഐ എന്നറിയപ്പെടുന്ന ഭീമാകാരമായ ചക്രം, ക്യൂ ഗാർഡൻ, പാർലമെന്റ് മന്ദിരം, ലണ്ടൻ ടവർ, ടവർ ബ്രിഡ്ജ്, സെന്റ് പോൾസ് കത്തീഡ്രൽ, തെംസിനു കുറുകെ ഏറ്റവവുമൊടുവിൽ പണിത നടപ്പാലമായ മില്ലേനിയം ബ്രിഡ്ജ്….. തെംസിനെ ലണ്ടന്റെ ഹൃദയഭൂമികയാക്കി മാറ്റിക്കൊണ്ട് എണ്ണിയാൽ തീരാത്തത്രയും കെട്ടിടങ്ങൾ അതിന്റെ ഇരുപുറങ്ങളിലും തലയുയർത്തി നിൽക്കുന്നു. തെംസിനെ അറിയാതെ നമുക്ക് ലണ്ടനെ അറിയാനാവില്ലെന്നു പറയുന്നതും മറ്റൊന്നുകൊണ്ടല്ല.
ലണ്ടനിലേക്കുള്ള യാത്ര ആലോചനയിലെത്തിയപ്പോൾ തെംസിലൂടെ സഞ്ചാരവും അതിനൊപ്പം വന്നിരുന്നു. ഭാഗ്യവശാൽ രണ്ടു തവണത്തെ ലണ്ടൻ യാത്രയിലും എനിക്ക് തെംസിലൂടെ സഞ്ചരിക്കാൻ കഴിഞ്ഞു. ആദ്യയാത്രയിൽ ലണ്ടനിൽ നിന്നും ഗ്രീനിച്ചിലേക്ക്. രണ്ടാം വട്ടവും ഗ്രീനിച്ചിലേക്ക് തന്നെ. മഴയും കാറ്റും മൂലം രണ്ടാം തവണ ഗ്രീനിച്ചിൽ ഇറങ്ങിനടപ്പ് സാധ്യമായില്ല. രണ്ടു യാത്രയിലും തെംസ് രണ്ടുതരം അനുഭവമായിരുന്നു. ലണ്ടൻ എന്ന മഹാനഗരത്തിന്റെ ഹൃദയത്തിലൂടെയുള്ള യാത്രയാണ്. വെസ്റ്റ് മിനിസ്റ്റർ പിയർ (Westminister Pier) എന്നറിയപ്പെടുന്ന നങ്കൂരപ്പലകയിലേക്ക് മുരളിയേട്ടനൊപ്പം നടന്നിറങ്ങി. പാർലമെന്റ് മന്ദിരത്തിനടുത്തുള്ള വിശാലമായ നങ്കൂരപ്പലകയിൽ സന്ദർശകരെ കാത്തുകിടക്കുന്ന അനവധി യാത്രാബോട്ടുകൾ. അവ സന്ദർശകരേയും പേറി തെംസിലൂടെ ഗ്രീനിച്ചിലേക്ക് പതിയെ നീങ്ങും. തെംസ് നദിയുടെ ഇരുകരകളിലുമായി ലണ്ടൻ നഗരത്തിന്റെ വ്യാവസായികവും കലാപരവും രാജകീയവുമായ ചരിത്രത്തിന്റെ മുദ്രപതിഞ്ഞ എത്രയെങ്കിലും സ്ഥാപനങ്ങൾ. ഗ്ലോബ് തീയേറ്ററും ടെറ്റ് ഗ്യലറിയും മുതൽ പലപല എടുപ്പുകൾ. ബാങ്കുകൾ, കോർപ്പറേറ്റ് ഓഫീസുകൾ, മധ്യകാലത്തിന്റെ പ്രൗഢി പേറിനിൽക്കുന്ന വാസ്തുപ്രതാപങ്ങൾ, ജയിലറകൾ….. ചരിത്രത്തിന്റെ അടരുകളെ ഒന്നൊന്നായി പിന്നിട്ട്, നിറഞ്ഞൊഴുകുന്ന നദിയിലൂടെയുള്ള യാത്ര.
തെംസിനു കുറുകേ പല കാലങ്ങളിലായി പണിതീർത്ത പാലങ്ങളുണ്ട്. പാർലമെന്റ് ഹൗസിനടുത്തു നിന്നും പുറപ്പെട്ട് പത്തുപതിനഞ്ച് മിനിട്ടിനകം ബോട്ട് ലണ്ടൻ ബ്രിഡ്ജിനടുത്തെത്തും. സൂര്യനസ്തമിക്കാത്ത സാമ്രാജ്യപ്രതാപത്തിന്റെ പ്രൗഢിയത്രയും ഏറ്റുവാങ്ങി നിലകൊള്ളുന്ന പാലം. എലിയറ്റ് പടിഞ്ഞാറൻ നാഗരികതയുടെ തളർച്ചയുടെ അടയാളമായി എഴുതിചേർത്തതും അതിനെയാണ്. ‘London Bridge is falling down!’ ലണ്ടൻ പാലം നിലംപൊത്തുന്നു! ലോകാവസാനം വരെയും ഉലയാതെ നിൽക്കുമെന്നു പ്രതീക്ഷിക്കപ്പെട്ട നാഗരികപ്രതാപത്തിന്റെ അടയാളവാക്കായിരുന്നു ലണ്ടൻ ബ്രിഡ്ജ്. പിൽക്കാലത്ത് ലണ്ടൻ ബ്രിഡ്ജിനു സമാന്തരമായി തെംസിനു കുറുകെ നിരവധി പാലങ്ങൾ വന്നു. എങ്കിലും ചരിത്രത്തിന്റെ മുഴക്കവും കാലത്തിന്റെ ആടയാഭരണങ്ങളും ലണ്ടൻ പാലത്തെ ഇപ്പോഴും ചൂഴ്ന്നുനിൽക്കുന്നു.
പാർലമെന്റ് മന്ദിരത്തിനടുത്തുള്ള ബോട്ട്‌ജെട്ടിയിൽ നിന്നുമാണ് രണ്ടു തവണയും ഗ്രീനിച്ചിലേക്കു പോയത്. ഒരു മണിക്കൂറിലധികം സമയം കൊണ്ടാണ് ബോട്ട് ഗ്രീനിച്ചിലെത്തുക. അവിടെയിറങ്ങി സമയമാപനത്തിന്റെ ആഗോളമാനദണ്ഡമായി മാറിയ ഗ്രീനിച്ച് ഒബ്‌സർവേറ്ററിയും മറ്റും കണ്ടു മടങ്ങാം. പോകുന്ന അതേ ബോട്ടിൽ തന്നെ മടങ്ങണമെന്നില്ലാത്തതുകൊണ്ട് ഗ്രീനിച്ചിൽ എത്രയെങ്കിലും സമയം ചെലവഴിക്കാം എന്ന സൗകര്യമുണ്ട്. ഗ്രീനിച്ചിലേക്കുള്ള യാത്രയുടെ എതിർദിശയിലാണ് മടക്കയാത്ര. ബോട്ടിൽ ഒരേ സീറ്റിലിരുന്നാൽ തെംസിന്റെ ഇരുപുറങ്ങളും വിശാലമായി കണ്ടറിയാം. ഒപ്പം ഗ്രീനിച്ചിന്റെ അകംലോകവും.
രണ്ടു തവണയും മുരളിയേട്ടനോടൊപ്പമാണ് ഗ്രീനിച്ചിലേക്കു പോയത്. ഈസ്റ്റ് ഫിഞ്ച്‌ലിയിലെ വീട്ടിൽ നിന്നു രാവിലെ തന്നെ ഞങ്ങൾ പുറപ്പെട്ടു. പാർലമെന്റ് സ്‌ക്വയറിനടുത്ത് ട്യൂബിൽ വന്നിറങ്ങി അവിടേക്ക് നടന്നു. പാർലമെന്റ് സ്‌ക്വയർ അത്ര വലുതല്ലാത്ത ഒരു മൈതാനമാണ്. വിൽസ്റ്റൺ ചർച്ചിൽ മുതൽ മഹാത്മാഗാന്ധിയും നെൽസൺ മണ്ഡേലയും വരെയുള്ളവരുടെ പ്രതിമകൾ മൈതാനത്തിന്റെ പല ഭാഗങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. സാമ്രാജ്യാധികാരത്തിന്റെ പ്രതാപവും ധാർഷ്ട്യവും എഴുന്നുനിൽക്കുന്ന ഒന്നായാണ് ചർച്ചിലിന്റെ പ്രതിമ ആദ്യകാഴ്ചയിൽ എനിക്കനുഭവപ്പെട്ടത്. ഒരു നൂറ്റാണ്ടിനിടയിൽ ആ പ്രതാപത്തെയപ്പാടെ കടപുഴക്കിയ മനുഷ്യർ – ഗാന്ധിയും മണ്ടേലയും – അതിനു പിന്നിൽ വിനീതരായി നിൽക്കുന്നുണ്ടായിരുന്നു. പാർലമെന്റ് സ്‌ക്വയർ കുറെ നേരമെടുത്ത് നടന്നുകണ്ടതിനു ശേഷം ഞങ്ങൾ വെസ്റ്റ്മിനിസ്റ്റർ പിയറിലെ ബോട്ടുകൾക്കരികിലേക്ക് നടന്നു. പടികളിറങ്ങി താഴേക്കു ചെന്ന് ക്യൂവിൽ നിന്ന് ടിക്കറ്റ് വാങ്ങി. പുറപ്പെടാൻ ഒരുങ്ങിനിൽക്കുന്ന ഒരു ബോട്ടിലേക്കു കയറി.
ആദ്യയാത്രയുടെ വേളയിൽ കാലാവസ്ഥ പ്രസന്നമായിരുന്നു. ചെറിയ തണുപ്പ്. മഴയോ കാറ്റോ ഇല്ല. ബോട്ടിൽ കയറി താഴെ ജനലരികിനോടു ചേർന്ന് ഒരു സീറ്റിലിരുന്നു. ബോട്ട് പുറപ്പെട്ടത് മുതൽ തെംസിന്റെ വിസ്മയകരമായ ഭംഗിയിലും ചരിത്രം അലയടിക്കുന്ന തീരങ്ങളിലും കണ്ണുനട്ട് ഞാനിരുന്നു. മുരളിയേട്ടൻ തീരത്തെ കെട്ടിടങ്ങളേയും അവയുടെ പ്രാധാന്യത്തെയും കുറിച്ച് ചിലപ്പോഴെല്ലാം പറഞ്ഞു. ചിലപ്പോൾ ഞങ്ങൾ നിശബ്ദരായി പുഴയിലേക്കു നോക്കിയിരുന്നു. സഞ്ചാരികൾക്കായുള്ള വിവരണം ബോട്ടിലെ ലൗഡ് സ്പീക്കറിലൂടെ കേൾക്കാം. താരതമ്യേന നല്ല വിവരണമാണ്. വസ്തുതാപരവും അതിശയോക്തികളില്ലാത്തതും. ഇന്ത്യയിലെ മഹാനഗരങ്ങളിലും ചരിത്രസ്മാരകങ്ങളിലും ടൂറിസ്റ്റ് ഗൈഡുകളായി വരുന്നവരുടെ വിവരണങ്ങളിൽ നിന്നും ഏറെ വ്യത്യസ്തം. ഐതിഹ്യങ്ങളും കെട്ടുകഥകളും മുതൽ മതവൈരം വരെ കുത്തിനിറച്ച വിവരണങ്ങളാണ് ഇന്ത്യയിലെ സഞ്ചാരകേന്ദ്രങ്ങളിൽ പലപ്പോഴും ലഭിക്കുക. കഴിയുന്നതും അതിൽ നിന്നും അകന്നുനടക്കുന്നതാണ് എന്റെ ശീലം. നിവൃത്തിയില്ലാതെ പെട്ടുപോയ അപൂർവ്വം സന്ദർഭങ്ങൾ അങ്ങേയറ്റം ചെടിപ്പിക്കുന്നവയായിരുന്നു. ഒന്നുരണ്ടു തവണ ടൂറിസ്റ്റ് ഗൈഡുകളോട് മുഷിഞ്ഞുസംസാരിക്കേണ്ടി വന്നിട്ടുമുണ്ട്. തെംസ് യാത്രയിൽ കേട്ട വിവരണത്തിൽ അതൊന്നുമുണ്ടായിരുന്നില്ല. ചെറിയ ഫലിതങ്ങൾ. അടിസ്ഥാനവിവരങ്ങൾ. ഇടതൂർന്ന പറച്ചിലില്ല. ഓരോ കെട്ടിടത്തെക്കുറിച്ചും സ്ഥാപനത്തെക്കുറിച്ചുമുളള വിരണത്തിനു ശേഷം നിശബ്ദതയുടെ ചെറിയ ഇടവേളകൾ. കാഴ്ചയെ കൂടുതൽ സാന്ദ്രമാക്കാൻ അതു സഹായകരമായി. കേൾവിയെ കാഴ്ചയിലേക്കു പരിഭാഷപ്പെടുത്തി ഞാൻ തെംസിലേക്കും തീരത്തേക്കും നോക്കിയിരുന്നു.
രണ്ട്
ഒരു മണിക്കൂറോളം എടുത്താവണം ബോട്ട് ഗ്രീനിച്ചിലെത്തിയത്. ലണ്ടനിൽ നിന്നും ഒൻപതു കിലേമീറ്ററോളമേ ദൂരമുള്ളൂ. എങ്കിലും നദിയിലൂടെ പതുക്കെ നീങ്ങുന്നതുമൂലം ഒരു മണിക്കൂറോളം കഴിഞ്ഞാണ് ബോട്ട് ഗ്രീനിച്ചിലെത്തുക. തീരത്തെ കാഴ്ചകളുടെ സമൃദ്ധിയിൽ കണ്ണുനട്ടും, വിവരങ്ങൾക്ക് കാതോർത്തും ഞാൻ ഒരരുകിൽ ഇരുന്നു. കുറച്ചുനേരം കഴിഞ്ഞ് ബോട്ടിന്റെ പിന്നിലെ തുറന്ന ഇടത്തിൽപോയി അല്പനേരം നിന്നു. ഇരമ്പിമറിയുന്ന ജലപ്രവാഹം. പ്രവാഹകാളിയായ നദി. കുറെനേരം അതിലേക്കു നോക്കി അവിടെ തന്നെ നിന്നു. എത്രയോ സഹസ്രാബ്ദങ്ങൾ പിന്നിട്ട ഒഴുക്കാണ്! പർവ്വതങ്ങളെപ്പോലെ നദികളും മാനുഷികമായ ക്ഷണികതയേയും നിസ്സാരതയെയും കുറിച്ച് നമ്മോടു പറഞ്ഞുകൊണ്ടിരിക്കും. കേൾക്കാൻ ചെവിയുണ്ടാകണമെന്നു മാത്രം!
ഗ്രീനിച്ചിലെത്തിയപ്പോൾ സമയം ഉച്ചതിരിഞ്ഞു തുടങ്ങിയിരുന്നു. പുറപ്പെട്ടിടത്തു നിന്നും തീർത്തും വ്യത്യസ്തമായ ഒരിടം. ലണ്ടൻ നഗരത്തിന്റെ തിരക്കോ പ്രൗഢിയോ ഗ്രീനിച്ചിനില്ല. പ്രശാന്തവും സ്വച്ഛവുമായ ഒരപരലോകം. ബോട്ടിൽ നിന്നിറങ്ങി ഞങ്ങൾ പുതുക്കെ നടന്നു. ചില കഫെകൾ തുറന്നിരിക്കുന്നുണ്ട്. ചുരുക്കം സ്ഥലങ്ങളിൽ ആളുകൾ തെരുവിൽ നടക്കുന്നുണ്ട്. തെരുവുകൾ പൊതുവെ ശാന്തമാണ്. ലണ്ടൻ നഗരത്തിൽ നിന്നും അകലെയാണ് ഗ്രീനിച്ച് നഗരം. ദൂരം കൊണ്ടെന്നപോലെ പ്രകൃതം കൊണ്ടും. റോയൽ നേവൽ കോളേജും ഗ്രീനിച്ച് യൂണിവേഴ്‌സിറ്റിയുമെല്ലാം ഉണ്ടെങ്കിലും തിരക്കൊഴിഞ്ഞ ഒരു പഴയ ചെറുപട്ടണത്തിന്റെ പ്രതീതിയേ ആ നഗരം നമ്മിലുളവാക്കൂ. ബോട്ടിറങ്ങി നഗരത്തിലൂടെ കുറെ നടന്നതിനുശേഷം ഞങ്ങൾ വഴിയരികിൽ തുറന്നിരിക്കുന്ന ഒരു കഫെയിൽ കയറി. സമയം അപ്പോഴേക്കും ഉച്ചതിരിഞ്ഞിരുന്നു. വിശപ്പുപിടിച്ചിരുന്നു. സാൻഡ്‌വിച്ചും കാപ്പിയും ഓർഡർ ചെയ്ത് ഞങ്ങൾ കാത്തിരുന്നു. കഫെയിൽ വലിയ തിരക്കില്ല. ഗ്രീനിച്ച് കാണാൻ പലയിടങ്ങളിൽ നിന്നായി എത്തിയ മനുഷ്യർ അവിടവിടങ്ങളിലായി ഇരിക്കുന്നു. പുറത്തെന്നപോലെ കഫെയുടെ ഉള്ളിലും ശബ്ദകോലാഹലമില്ല. ലണ്ടനിൽ നിന്നും ഒരു ബോട്ടിൽ കയറി ഇവിടെയെത്തിയാൽ മറ്റൊരു ലോകത്തെത്തിയതുപോലെ തോന്നും.
അരമണിക്കൂറോളം കഴിഞ്ഞാണ് ഞങ്ങൾ പുറത്തിറങ്ങിയത്. ചരിത്രമുറങ്ങുന്ന നഗരമാണ് ഗ്രീനിച്ച്. സ്‌കൂൾ കാലം മുതൽക്കേ കേട്ടുപഠിച്ച ഗ്രീനിച്ച് മെറിഡിയനും (രേഖാംശം 0) ഗ്രീൻവിച്ച് മീൻടൈമും (GMT) എല്ലാം എന്റെ മനസ്സിലെത്തി. കിഴക്കും പടിഞ്ഞാറും അർദ്ധഗോളങ്ങളായി ഭൂമിയെ പകുക്കുന്ന സാങ്കൽപ്പിക രേഖ ഗ്രീൻവിച്ചിലൂടെയാണ് കടന്നുപോകുന്നത്. ഗ്രീൻവിച്ച് റോയൽ ഒബ്‌സർവേറ്ററി ആ സാങ്കൽപ്പിക രേഖ അടയാളപ്പെടുത്തിയിട്ടുമുണ്ട്. ഗ്രീനിച്ചിലെത്തുന്നവരെല്ലാം അവിടെ ചെന്നു നിൽക്കും. ബഷീർ എഴുതിയതുപോലെ ഇതാകുന്നു ലോകത്തിന്റെ നടുമധ്യം! ഞങ്ങളും അവിടെ ചെന്നു നിന്നു. മൊബൈലിൽ ആ നില്പിന്റെ ചിത്രങ്ങൾ പകർത്തി. ഗ്രീനിച്ച് മെറിഡിയനും ഗ്രീനിച്ച് മീൻടൈമും എന്നപോലെ ബ്രിട്ടന്റെ സമുദ്രചരിത്രവുമായി ആഴത്തിൽ കെട്ടുപിണഞ്ഞ പ്രദേശമാണ് ഗ്രീനിച്ച്. ബ്രിട്ടന്റെ നാവികചരിത്രത്തിന് അവിടെ വലിയ വേരുകളുണ്ട്. റോയൽ നേവൽ കോളേജ് ഉൾപ്പെടെ. ഗ്രീനിച്ച് റോയൽ ഒബ്‌സർവേറ്ററിയാണ് സമയമാപനത്തിന്റെ കേന്ദ്രം.

അരദിവസത്തെ സമയം കൊണ്ട് നഗരം മുഴുവൻ കണ്ടുതീർക്കുക സാധ്യമായിരുന്നില്ല. പറ്റുന്ന ഇടങ്ങളിലെല്ലാം പോകാം എന്നു തീരുമാനിച്ച് ഞങ്ങൾ നഗരമധ്യത്തിലൂടെ നടപ്പു തുടങ്ങി. റോയൽ ഒബ്‌സർവേറ്ററിയും പരിസരങ്ങളുമെല്ലാം കണ്ടുനടക്കുമ്പോഴാണ് ഒബ്‌സർവേറ്ററിയുടെ കവാടത്തിൽ താരതമ്യേന വലിയൊരു ക്ലോക്ക് കണ്ടത്. ഗ്രീനിച്ച് സമയം രേഖപ്പെടുത്തുന്ന ഘടികാരമാണ്. ഗ്രീനിച്ചിലെത്തുന്ന സന്ദർശകരുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ് റോയൽ ഒബ്‌സർവേറ്ററിയും അവിടത്തെ രേഖാംശരേഖയും. അതെല്ലാം നോക്കിക്കണ്ട് നഗരത്തിൽ അല്പം നേരം കൂടി കറങ്ങിത്തിരിഞ്ഞപ്പോഴേക്കും സമയം നാലുമണിയോടടുത്തു. മ്യൂസിയവും പാർക്കുമുൾപ്പെടെ ധാരാളം ഇടങ്ങൾ കാണാൻ ബാക്കിയുണ്ട്. അവയെല്ലാം അന്നുതന്നെ കണ്ടുതീർക്കുക സാധ്യമല്ലെന്നു മനസ്സിലായതോടെ ഞങ്ങൾ മടങ്ങാമെന്നു തീരുമാനിച്ചു. മടക്കയാത്രയ്ക്കായി ബോട്ടിൽ കയറുന്നതിനു മുൻപ് പഴയ റോയൽ നേവൽ കോളേജും ഗ്രീനിച്ച് സർവ്വകലാശാലയും സമയമെടുത്ത് നടന്നുകണ്ടു. തെംസ് നദിയിലേക്ക് തുറന്നുകിടക്കുന്ന പ്രൗഢവും വിശാലവുമായ എടുപ്പുകൾ. അതിവിസ്തൃതമായ അങ്കണം. നദിക്കക്കരെ പ്രകാശം മങ്ങിത്തുടങ്ങിയതോടെ ആ ദൃശ്യത്തിന് മായികമായ ചാരുത കൈവന്നു. കാലം പിൻവാങ്ങിനിൽക്കുന്ന മഹാഗോപുരങ്ങളെപ്പോലെ നദീമഖത്തേക്ക് ഉയർന്നുനിൽക്കുന്ന മിനാരസദൃശ്യമായ അഗ്രഭാഗങ്ങൾ. കുറെയേറെനേരം ആ ദൃശ്യത്തിന്റെ മായികഭംഗിയിൽ മുഴുകി ഞങ്ങൾ അവിടെ ചെലവഴിച്ചു. അഞ്ചുമണി പിന്നിട്ടപ്പോൾ മടക്കയാത്രയ്ക്കായി ബോട്ടിലേക്കു നടന്നു. അസ്തമന വെളിച്ചം വീഴുന്ന തെംസിന്റെ ഓളപ്പരപ്പിലൂടെയുള്ള മടക്കം മറ്റൊരു അനുഭവമാണ്. നട്ടുച്ചയിൽ വെട്ടിത്തിളങ്ങുന്ന വെള്ളിത്തളികപോലെ വിശാലവിസ്തൃതമായി ഒഴുകുന്ന നദി. അരണ്ട മഞ്ഞവെളിച്ചം വീണ ഓളപ്പരപ്പ്. കറുപ്പുകലർന്ന സ്വർണ്ണരാശിയിൽ ഒഴുകുന്ന ജലപ്രവാഹം. നുരകുത്തി മറിയുന്ന ജലപ്രവാഹത്തിലേക്ക് നോക്കി ബോട്ടിനു പിന്നിൽ നിന്നു. തെംസ് കാലഭൂപടം പോലെ ഇരുണ്ടുതുടങ്ങി. ‘പ്രവാഹകാളിയായ കാലം’ എന്ന് കെ.പി. അപ്പൻ എഴുതിയത് എന്തുകൊണ്ടോ വീണ്ടും മനസ്സിലെത്തി.
ബോട്ടിറങ്ങി ഞങ്ങൾ തെംസിന്റെ തീരത്തോടു ചേർന്നുള്ള നടപ്പാതയിലൂടെ കുറെനേരം നടന്നു. ഭംഗിയായി വിരിച്ച കൽപ്പാളികൾ. നദീതീരത്തെ വൻമരങ്ങൾ. സന്ധ്യയുടെ വെളിച്ചം. റോഡിന്റെ മറുപുറത്ത് ലണ്ടൻ നഗരത്തിന്റെ ചരിത്രവും വർത്തമാനവും കൈകോർത്തുനിൽക്കുന്ന കെട്ടിടങ്ങൾ. സ്‌കോട്ട്‌ലന്റ് യാർഡിന്റെ ആസ്ഥാനം മുതൽ മധ്യകാലപ്രതാപം നിറഞ്ഞ പ്രൗഢമന്ദിരങ്ങൾ വരെയായി പലതും നിരനിരയായി നിൽക്കുന്നു. നടപ്പിനിടയിൽ മുരളിയേട്ടൻ അവയെക്കുറിച്ച് പറഞ്ഞു. ഇംഗ്ലണ്ടിലെ ജീവിതവും ചരിത്രവും ഇടകലർന്ന വാങ്മയം. മുരളിയേട്ടന്റെ സംഭാഷണം പെട്ടെന്ന് വഴിതിരിയും. എവിടെനിന്നും എവിടേക്കും വഴുതിമാറാവുന്ന ഒരു സ്വാച്ഛന്ദ്യം അതിനുണ്ട്. ബോധധാരാ നോവലുകളിലെ ഭാഷാപ്രവാഹം പോലെയാണത്. വില്യം ജയിംസ് നിർദ്ദേശിച്ച ആശയങ്ങളുടെ സ്വതന്ത്ര സംയോജനത്തിന്റെ (free association of ideas) കല നേരിട്ടനുഭവിക്കാൻ കഴിയുന്ന ഒരിടമാണ് മുരളിയേട്ടന്റെ സംസാരം. ട്രാഫൽഗർ സ്‌ക്വയറിന്റെ ചരിത്രത്തിൽ നിന്നും ഇരിങ്ങാലക്കുടയിലെ നാട്ടിടവഴികളിലേക്ക് അത് അനായാസം വഴുതിനീങ്ങും. അതിൽ മുഴുകി തെംസിന്റെ കരയിലൂടെ നടക്കുമ്പോൾ സ്ഥലവും കാലവും കലങ്ങിമറിയുന്ന ഒരനുഭവത്തിലായിരുന്നു ഞാൻ. തെംസിലെ മഞ്ഞവെളിച്ചം അതിനെ വന്നു പൊതിഞ്ഞു.
ലണ്ടനിലേക്കുള്ള രണ്ടാംവട്ട യാത്രയിലും തെംസിലൂടെയുള്ള യാത്ര മുടക്കിയില്ല. ആദ്യയാത്ര അത്രമേൽ വർണ്ണാഭവും വ്യാമുഗ്ധവുമായ ഓർമ്മയായി കൂടെയുണ്ടായിരുന്നു. അതുകൊണ്ട് മുരളിയേട്ടനോടു പറഞ്ഞ് സമയം കണ്ടെത്തിയാണ് രണ്ടാംവട്ടവും തെംസിലൂടെ സഞ്ചരിച്ചത്. അന്ന് മീനയും കൂടെയുണ്ടായിരുന്നു. കൈരളി യു.കെ. യുടെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ദീപാനിശാന്തും ആ യാത്രയിൽ ഞങ്ങൾക്കൊപ്പം ചേർന്നു. ആദ്യയാത്രയിലെന്നപോലെ പാർലമെന്റ് സ്വകയർ കണ്ടതിനു ശേഷമാണ് അന്നും ബോട്ടിലേക്കു കയറിയത്. ദീപ എത്തിച്ചേരാൻ വേണ്ടി കാത്തു നിൽക്കുന്നതിനിടയിൽ പാർലമെന്റ് സ്‌ക്വയറിലും പാലത്തിലും ചുറ്റുവട്ടത്തും കുറച്ചുനേരം കറങ്ങിത്തിരിയാനും അന്ന് അവസരം കിട്ടി. ഇംഗ്ലണ്ടിലെ തെരുവജീവിതത്തിന്റെ ഇരമ്പൽ അനുഭവിച്ചറിയാൻ പറ്റിയ ഇടമാണത്. ലോകത്തിന്റെ പല കോണുകളിൽ നിന്നെത്തിയ മനുഷ്യർ. വഴിയോരത്തെ ചെറുകച്ചവടക്കാർ, കലങ്ങിമറിയുന്ന ജീവിതം. പാലത്തിനു താഴെ കാലപ്രവാഹം പോലെ നിറഞ്ഞൊഴുകുന്ന നദി.
കുറെ നേരം അതെല്ലാം കണ്ടു നടന്നപ്പോഴേക്കും ദീപ എത്തിച്ചേർന്നു. ബോട്ടിൽ കയറി ഞങ്ങൾ ഗ്രീനിച്ചിലേക്ക് പുറപ്പെട്ടു. ആദ്യയാത്രയിൽ നിന്നും വ്യത്യസ്തമായ ദിവസമായിരുന്നു അത്. ചാറ്റൽ മഴയും തണുത്ത കാറ്റും. ബോട്ടിനു പുറത്തുനിന്ന് കാഴ്ചകൾ കാണാൻ പറ്റാത്ത വിധത്തിൽ മഴയും തണുപ്പും കാറ്റും. ഗ്രീനിച്ചിലെത്തിയപ്പോഴും അതിനു മാറ്റമുണ്ടായില്ല. അതുകൊണ്ട് ഗ്രീനിച്ച് ഒരിക്കൽക്കൂടി നടന്നുകാണാമെന്ന മോഹം ഫലിച്ചില്ല. പോയ ബോട്ടിൽ തന്നെ ഞങ്ങൾ തിരികെ മടങ്ങി. തെംസിന്റെ പ്രൗഢഗതിയിൽ കണ്ണുനട്ടിരിക്കുമ്പോൾ മുരളിയേട്ടനും ദീപയും ചേർന്ന് ചിരിക്ക് തീ കൊളുത്തിയിരുന്നു. അലയലയായി പടരുന്ന ചിരിയിൽ മുങ്ങി തെംസിന്റെ തരംഗങ്ങളിൽ നോക്കി ഞാനിരുന്നു. മനസ്സിൽ കടമ്മനിട്ട ഇരമ്പിയൊഴുകി.
”കാലചക്രഗതിക്രമങ്ങൾ
ലോലവിഹ്വലരാഗ രീതികൾ
കാലവാഹിനി നദിയൊഴുകുന്നു!”
——
തുടരും..
———————
ഇംഗ്ലണ്ട് യാത്രാക്കുറിപ്പുകൾ, ഇതുവരെയുള്ള അധ്യായങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.







Be the first to write a comment.